വാളെടുത്തവൻ


ഇ ഹരികുമാര്‍

ഉറങ്ങിക്കൊണ്ടിരുന്ന രാജ്യത്തേക്ക് ശത്രുസൈന്യം ഇരച്ചുകയറി. കവചിത വാഹനങ്ങളിൽ, വിമാനങ്ങളിൽ. അന്തരീക്ഷത്തിൽ സ്‌ഫോടനങ്ങളുടെ ശബ്ദവും വെടിമരുന്നിന്റെ രൂക്ഷമണവും, ഭൂമിയിൽ നാശവും വിതറികൊണ്ട് അവർ മുന്നേറി. ചെറുതായിരുന്ന ആ രാജ്യത്ത് താമസിച്ചിരുന്നവർ സമാധാനപ്രിയരായിരുന്നു. അതുകൊണ്ടാണ് ശത്രുവിന്റെ ഭീഷണി പലവുരു ഉണ്ടായിട്ടും അവർ യുദ്ധത്തിനൊരുങ്ങാതെ സമ്പൽ സമൃദ്ധിയിലേക്കുള്ള പാതയിലൂടെ ചരിച്ചത്. ഭൂഗർഭത്തിൽ പ്രകൃതി കനിഞ്ഞുനൽകിയ ധാതുക്കളുടെ ധാരാളിത്തം അതു സുഗമമാക്കി. അതു പുറത്തെടുക്കുക മാത്രമേ വേണ്ടിയിരുന്നുള്ളു. കറുത്ത പൊന്ന് വാങ്ങാൻ കാത്തുനിൽക്കുന്ന കപ്പലുകളാൽ തുറമുഖം നിറഞ്ഞു.

എട്ടുകൊല്ലമായി കിഴക്കുള്ള രാജ്യവുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന മേബസ് തെക്കോട്ട് വന്ന് തന്റെ ചെറിയ രാജ്യം ആക്രമിക്കില്ലെന്ന ധാരണ രാജാവിന്നുണ്ടായിരുന്നു. എന്തിനെന്നറിയാത്ത നീണ്ട യുദ്ധമായിരുന്നു അത്. രണ്ടു രാജ്യങ്ങളിലും താമസിച്ചിരുന്നവർ ഒരേ മതസ്ഥരായിരുന്നു. ഒരേ മതത്തിന്റെ രണ്ടുൾപിരിവുകൾ മാത്രം. മതം മാത്രമാണ് സാഹോദര്യത്തിന്റെ മാനദണ്ഡമെന്ന് കരുതിയാലും അത് ഭ്രാതൃഹത്യയാണ്. ഭ്രാതൃഹത്യയെ വിപ്ലവത്തിന്റെ പരിവേഷം ചാർത്തി ന്യായീകരിക്കാമോ?

കിഴക്കൻ രാജ്യവുമായി യുദ്ധം നടന്നു കൊണ്ടിരിക്കെ തെക്കോട്ടൊരു യുദ്ധനിര തുറക്കാൻ മേബസിന് താൽപര്യമുണ്ടാവില്ലെന്ന് രാജാവു കരുതി. അദ്ദേഹം പ്രജകളുടെ ക്ഷേമത്തിൽ തൽപരനായിരുന്നു. ഒന്നുകിൽ പ്രജകളുടെ ഉൽക്കർഷം അല്ലെങ്കിൽ യുദ്ധസന്നാഹം. ഇതു രണ്ടും കൂടി നടത്താൻ തന്റെ രാജ്യത്തിന് കഴിയില്ലെന്നദ്ദേഹം വിശ്വസിച്ചു.

രാത്രി, രാജ്യം ശാന്തമായുറങ്ങുമ്പോൾ ശത്രു ഇരച്ചുകയറി. നഗരങ്ങൾ ബലാൽസംഗം ചെയ്യപ്പെട്ടു. രാജ്യം ബലാൽസംഗം ചെയ്യപ്പെട്ടു. സമ്പന്നരായി സമാധാനപ്രിയരായി ജീവിച്ചിരുന്ന ജനത ഒരു രാത്രി കൊണ്ട് അഭയാർത്ഥികളായി മാറി. ജനങ്ങളോടൊപ്പം രാജാവിനും അയൽരാജ്യത്തേക്ക് പലായനം ചെയ്യേണ്ടിവന്നു. ഒരു ദിവസം തിരിച്ചുവരാമെന്ന പ്രത്യാശയോടെ.

രാജാവിനെ കിട്ടിയില്ലെന്നു കണ്ടപ്പോൾ ശത്രു രാജസഹോദരനെ ദാരുണമായി വധിച്ചു.

ഒരാഴ്ചത്തെ യാത്രയുടെ അന്ത്യത്തിൽ നാട്ടിൽ തിരിച്ചെത്തിയപ്പോൾ മധുസൂദനൻ ആലോചിച്ചു. തനിയ്‌ക്കെല്ലാം നഷ്ടപ്പെട്ടു. രണ്ടുകൊല്ലമായി സമ്പാദിച്ചതെല്ലാം ഇട്ടെറിഞ്ഞ് ഓടേണ്ടിവന്നു. രാവിലെത്തന്നെ ബാങ്കുകൾ മുദ്രവെച്ചിരുന്നു. വൈകുന്നേരമായപ്പോഴേയ്ക്ക് തീർച്ചയായി, ഓടുകയാണ് നല്ലതെന്ന്. എവിടെയും ശത്രുവിന്റെ കവചിത വാഹനങ്ങൾ മാത്രം. കയ്യിൽ കിട്ടിയ സാധനങ്ങളെല്ലാം കാറിൽ നിറച്ച് യാത്രയായി. നിരത്തുകൾ പലതും അടച്ചിട്ടിരിക്കയാണ്. അടയ്ക്കാത്ത വഴികൾ അന്വേഷിച്ച് അയാൾ കാറിൽ ചുറ്റി. ദിശകൾക്ക് അർത്ഥമില്ലാതായി. ഒരു കവലയിൽ വെച്ച് ശത്രുഭടന്മാരാൽ താൻ കൊള്ളയടിക്കപ്പെട്ടു. കാറും അതിലുണ്ടായിരുന്ന വില പിടിച്ച സാധനങ്ങളും നഷ്ടപ്പെട്ടു. പിന്നെ വെറും കയ്യോടെ ഓട്ടം തന്നെ. രാജ്യത്തിന്റെ അതിർത്തി കടന്നപ്പോഴാണ് ഓട്ടം നിർത്തിയത്. പാന്റിന്റെ കീശയിലുള്ള പേഴ്‌സിൽ കുറെ കറൻസി നോട്ടുകൾ മാത്രം. വിലയില്ലാത്ത ആ നോട്ടുകൾ ശത്രുഭടന്മാർക്ക് ആവശ്യമില്ലായിരുന്നു. ഇലക്‌ട്രോണിക് സാധനങ്ങൾ കയ്യാളുമ്പോൾ അവരുടെ മുഖത്തുയർന്ന ആർത്തികലർന്ന സന്തോഷം മധുസൂദനൻ ഇപ്പോഴുമോർത്തു.

നാട്ടിൽ, ഒരാഴ്ചയായി സംഭ്രമത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പ്രക്ഷുബ്ധതയിൽ കാത്തിരുന്ന പെൺകുട്ടി തന്നെ കണ്ടപ്പോൾ വിതുമ്പിക്കരഞ്ഞു. കല്യാണം കഴിഞ്ഞ് ഒരാഴ്ചയേ അവർ ഒപ്പമുണ്ടായിരുന്നുള്ളൂ. പിന്നെ അയാൾ, പിറന്ന നാട്ടിനു തരാൻ കഴിയാത്ത ജീവിതമാർഗ്ഗം തേടി മരുഭൂമികളുടെ നാട്ടിലേക്കു പോയി. രാത്രി ഭാര്യയുടെ ഇളം ശരീരം അരുമയോടെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ അയാൾ രണ്ടുകൊല്ലം മുമ്പ് തനിക്ക് അഭയം തന്ന നഗരത്തെ ഓർത്തു. ചൈതന്യവും സൗന്ദര്യവും സൗഭാഗ്യവും ഒത്തിണങ്ങിയ നഗരം.

ഇന്നവൾ ബലാൽസംഗം ചെയ്യപ്പെട്ടിരിക്കുന്നു. നമുക്ക് പോയതെല്ലാം പോട്ടെ. നളിനി അയാളെ ആശ്വസിപ്പിക്കാനായി പറഞ്ഞു. ഇനി നിങ്ങൾ എങ്ങോട്ടും പോകേണ്ട. ഇവിടെ എത്ര ആളുകൾ ജീവിക്കുന്നു. പണമില്ലെങ്കിൽ അതിന്റെ തരംപോലെ ജീവിക്കാം. മനസ്സമാധാനമാണ് വലുത്.

അയാൾ അവളുടെ നഗ്നമായ മാറിൽ ചേർന്നുകിടക്കുന്ന ചെറിയ താലിചെയിൻ നോക്കി. ആറു മധുവിധു രാവുകളിൽ അവളുടെ നിറഞ്ഞ മാറിൽ കെട്ടുപിണഞ്ഞുകിടന്ന സ്വർണ്ണമാലകൾ അയാൾക്കോർമ്മവന്നു. ഇന്ന് അവയൊന്നുമില്ല.

ജോലി തേടിപ്പോകാനായി കടം വാങ്ങിയതെല്ലാം അയാൾക്ക് തിരിച്ചു കൊടുക്കാമായിരുന്നു. പക്ഷേ അയാൾ ആദ്യം ശ്രമിച്ചത് നളിനിയെ കൊണ്ടു പോകാനായിരുന്നു. ഒപ്പം താമസിപ്പിക്കാൻ അവിടെ ഒരുക്കം കൂട്ടുകയായിരുന്നു. പറ്റിയില്ലെങ്കിൽ പിന്നെ പണമുണ്ടായിട്ടെന്തു കാര്യം?

ഒഴിഞ്ഞു കിടക്കുന്ന കഴുത്തും കൈകളും പല നെറ്റികൾ ചുളിപ്പിക്കുന്നതിനെപ്പറ്റി നളിനി എഴുതിയപ്പോൾ അയാൾ തിരിച്ചെഴുതി. നീ വരാൻ പോകുന്നത് സ്വർണ്ണം വിളയുന്ന നാട്ടിലേക്കാണ്. നിനക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടും.

'ഏഴു കടലിനും ഏഴു കരക്കും അപ്പുറത്തുനിന്ന് സഹായഹസ്തം നീളും.

അവർ വന്ന് വായുവിലും ഭൂമിയിലും ജലത്തിലും സ്ഥാനമുറപ്പിക്കും.

അവരുടെ തോക്കിന്റെ ഗർജ്ജനം ശത്രുനിരകളെ ഭയപ്പെടുത്തും.'

ശത്രുവിൽ നിന്നു പാലായനം ചെയ്ത രാജാവ് തെക്കൻ രാജ്യത്ത് അഭയം തേടി. മരുഭൂമികൾ നിറഞ്ഞ ആ രാജ്യവും കറുത്ത പൊന്നിനാൽ സമൃദ്ധമായിരുന്നു. വടക്കുനിന്നുള്ള ആക്രമണത്തിന്റെ കഥ ആ രാജാവും അറിഞ്ഞിരുന്നു. ശത്രുവിന്റെ ലക്ഷ്യം തന്റെ രാജ്യവും പിന്നീട് തൊട്ടു തെക്കും കിഴക്കുമുള്ള രാജ്യങ്ങളും ആണെന്നും അദ്ദേഹം അറിഞ്ഞിരുന്നു. പടിഞ്ഞാറ് ചെങ്കടൽ വരേയും, തെക്ക് അറബിക്കടൽവരേയും, വടക്ക് കരിങ്കടൽ വരേയും ഉള്ള ഭൂനിര. പൊന്നുവിളയുന്ന ഈ ഭൂനിരമേലുള്ള അത്യാർത്തി കാരണം മേബസ് കഴിഞ്ഞ എട്ടുകൊല്ലമായി കിഴക്കൻ രാജ്യവുമായി നടത്തിവന്ന യുദ്ധം നിർത്തലാക്കുകയും സമാധാനത്തിനുള്ള ഉടമ്പടി കിഴക്കൻ രാജ്യത്തിനനുകൂലവും ഉദാരവുമായ വ്യവസ്ഥയിൽ ഉണ്ടാക്കുകയും ചെയ്തത് രാജാവറിഞ്ഞു.

എട്ടുകൊല്ലമായി നടന്ന മഹായുദ്ധത്തിൽ ഇരുരാജ്യക്കാർക്കും കനത്ത ആൾനാശവും സ്വത്തുനാശവുമുണ്ടായതായും, തെരുവുകളിൽ കബന്ധങ്ങൾ ചീഞ്ഞു നാറുന്നതായും, വായുവിൽ വിഷവാതകത്തിന്റെ നീറലുള്ളതായും അതു ശ്വസിച്ച് പാവങ്ങൾ പ്രാണവേദനയോടെ പിടഞ്ഞ് ജീവൻ വെടിയുന്നതായും ഉള്ള കഥകൾ വടക്കുനിന്നും കിഴക്കുനിന്നും വന്ന സാർത്ഥവാഹക സംഘങ്ങൾ അതാതുകാലം അറിയിച്ചിരുന്നു. മേബസിനെ സൂക്ഷിക്കണമെന്ന താക്കീതും രാജാവിന്നു കാലാകാലങ്ങളിൽ ലഭിച്ചിരുന്നു.

ശരണം തേടിയ രാജാവും നൽകിയ രാജാവും ചുറ്റും ഭീഷണിയ്ക്കിരയായ രാജക്കന്മാരോടു കൂടിയാലോചിച്ചു. ശത്രു അപകടകാരിയാണ്. നമുക്കുള്ള വിഭവങ്ങൾ കൊണ്ടവനെ തടുക്കാൻ കഴിയില്ല. ശത്രു നിഷ്ഠൂരനാണെന്നുമാത്രമല്ല മനുഷ്യജീവിതത്തിന് തീരെ വില കൽപ്പിക്കാത്തവനുമാണ്. ഒരിഞ്ചു മണ്ണിനുവേണ്ടി പതിനായിരം ജീവൻ ഒടുക്കുവാനും മടിയ്ക്കാത്തവൻ.

കരുത്തനെ തേടിയുള്ള യാത്രയിൽ അവർ എത്തിയത് ഭൂമിയുടെ മറുവശത്തുള്ള രാജ്യത്തായിരുന്നു. നക്ഷത്രങ്ങളുടെ രാജ്യം. ശത്രുവിന്റെ സാമ്രാജ്യതൃഷ്ണക്ക് ഒരേ ഒരു മരുന്ന് ഈ രാജ്യമാണെന്നവർക്കറിയാമായിരുന്നു.

ദിവസങ്ങൾക്കുള്ളിൽ അത്യാധുനിക യുദ്ധോപകരണങ്ങൾ അതിർത്തിയിൽ നിരത്തപ്പെട്ടു. ശത്രുവിന്റെ മുന്നേറ്റം തടയപ്പെട്ടു.

വാടകയ്‌ക്കെടുത്ത ചായ്‌വിൽ പുറത്ത് ഒരു ചെറിയ ബോർഡ് വെച്ചിട്ടുണ്ട്.

'ബാനറുകളും സൈൻബോർഡുകളും വരച്ചുകൊടുക്കും.'

മുമ്പിൽ നിവർത്തിവെച്ച കോറത്തുണിയിൽ ബാനർ വരക്കുമ്പോൾ മധുസൂദനൻ ആലോചിച്ചു. ഇനി പണമുണ്ടാക്കാൻ പറ്റുമോ? നഷ്ടപെട്ടതെല്ലാം തിരിച്ചുകൊടുക്കാൻ? ബിസിനസ്സ് തുടങ്ങിയിട്ട് മൂന്നു മാസമായി. ഇപ്പോൾ കിട്ടുന്ന വരുമാനംകൊണ്ട് കഷ്ടിച്ച് രണ്ടു നേരം ഭക്ഷണം കഴിക്കാമെന്നായിട്ടുണ്ട്.

എന്നും ജോലിയുണ്ടാവില്ല. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും യൂനിയന്റെ സംസ്ഥാന സമ്മേളനങ്ങൾ, ഇവ കൂടുമ്പോൾ ഒരു മാതിരി ജോലിയുണ്ടാവും. അല്ലാത്തപ്പോൾ വല്ല പീടികയുടെയും പേർ എഴുതാനുള്ള ജോലിയേ കിട്ടൂ. ഇതുവരെ ഭാര്യയെ പട്ടിണിക്കിടേണ്ടി വന്നിട്ടില്ല.

ശത്രുരാജ്യത്തിന്നെതിരെയുള്ള ബോംബാക്രമണം ടിവിയിൽ കണ്ടപ്പോൾ അയാൾ സന്തോഷിച്ചു. തനിയ്ക്കഭയം തന്ന രാജ്യം വിമോചിക്കപ്പെടുകയാണ്. രാത്രി ടിവിയിൽ വാർത്തകൾ കേൾക്കുമ്പോൾ അയാൾ നളിനിയോടു പറയും.

ഒരു കൊല്ലത്തിനകം തിരിച്ചുപോകാൻ പറ്റിയാൽ മതിയായിരുന്നു.

നളിനി ഒന്നും പറയില്ല. യുദ്ധത്തിന്റെ ഭീകരത അവളുടെ കണ്ണിലുണ്ടാവും. ഇരച്ചു പറക്കുന്ന ബോംബറുകൾ. പറന്നു ചെന്ന് കണിശമായി ലക്ഷ്യം തകർക്കുന്ന മിസൈലുകൾ. എത്രയെത്ര നിരപരാധികളാണ് ചത്തൊടുങ്ങുന്നത്. എല്ലാം ഒരു മനുഷ്യന്റെ തെറ്റു കാരണം. അതിമോഹം കാരണം. മനുഷ്യത്വത്തെ ധിക്കരിക്കുന്ന, തൃണവൽക്കരിക്കുന്ന ഒരു നരാധമൻ കാരണം.

ഇനി നിങ്ങൾ തിരിച്ചുപോകുന്നില്ല. നളിനി പറഞ്ഞു. ഇവിടെ കിട്ടുന്നതുകൊണ്ട് നമുക്ക് കഴിയാം.

മധുസൂദനൻ ഒന്നും പറയാതെ ആലോചിച്ചിരിക്കും. താൻ ഭക്ഷണം തേടിയെത്തിയ നഗരത്തെപ്പറ്റി. തനിയ്ക്ക് അരുമയോടെ അഭയം തന്ന നഗരത്തെപ്പറ്റി. താൻ സ്‌നേഹിച്ചിരുന്ന നഗരത്തെപ്പറ്റി.

ഇന്നവൾ അനാഥയാണ്.

'ആകാശത്തിൽഅഗ്നിവർഷമുണ്ടാവും. പകലും രാവും ഒന്നാവും.

ഭൂമി കുലുങ്ങുകയും കെട്ടിടങ്ങൾ ഒന്നായി നിലം പതിക്കുകയും ചെയ്യും.'

രാജാവ് ഉറക്കമില്ലാത്ത രാവുകൾ കഴിച്ചുകൂട്ടി. അനാഥനായ തന്റെ രാജ്യം, അടിമത്തം അടിച്ചേൽപ്പിക്കപ്പെട്ട തന്റെ പ്രജകൾ. ഓടിപ്പോകാൻ മടിച്ചവരെ ശത്രുസൈന്യം പീഡിപ്പിക്കുന്ന വാർത്തകൾ.

മേബസ് തന്റെ നില ഉറപ്പിക്കുകയാണ്. പിടിച്ചടക്കിയ രാജ്യം വിട്ടുകൊടുക്കാനുള്ള ആവശ്യം ഓരോ രാജ്യത്തുനിന്നും വന്നു. ക്രമേണ ലോകത്തെ എല്ലാ രാജ്യങ്ങളും ശത്രുവിനെതിരായി. അയാൾ കുലുങ്ങിയില്ല. ജനസംഖ്യയുടെ പത്തിലൊന്നു വരുന്ന പട്ടാളം അതിർത്തികളിൽ കാവൽ നിന്നു. രാസായുധങ്ങൾ പണിയുന്ന ശാലകൾ വീണ്ടും സജീവമായി. മാരകമായ വാതകങ്ങൾ അമർത്തി പേടകങ്ങളിലടയ്ക്കപ്പെട്ടു. മാരകരോഗ ങ്ങളുടെ ബീജങ്ങൾ കൃത്രിമമായി നിർമ്മിയ്ക്കപ്പെട്ടു. അവയും ശത്രുനിരകളിലേയ്‌ക്കെറിയാൻ പാകത്തിൽ പേടകങ്ങളിൽ നിറയ്ക്കപ്പെട്ടു. അകലങ്ങളിൽ പോയി തീ ചൊരിയുന്ന വാണങ്ങൾ തൊടുക്കാൻ പാകത്തിൽ ഒരുക്കിനിർത്തി. കിഴക്കൻ രാജ്യവുമായുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് ആ രാജ്യവുമായുണ്ടായിരുന്ന യുദ്ധം നിർത്തുകയും അവിടെയുണ്ടായിരുന്ന സൈന്യത്തെ മുഴുവൻ പിൻവലിച്ച് തെക്കൻ അതിർത്തിയിൽ കൊണ്ടുവരികയും ചെയ്തു.

പിടിച്ചടക്കപ്പെട്ട രാജ്യം തിരിച്ചു നൽകാൻ മേബസിന് നാൽപത്തഞ്ചു രാവുകളും നാൽപത്തഞ്ചു പകലുകളും സമയം നൽകപ്പെട്ടു. അനുനയത്തിന്റെ ശബ്ദം അയാൾ ചെവിക്കൊണ്ടില്ല.

നാൽപത്തഞ്ചു രാവുകളും നാൽപത്തഞ്ചു പകലുകളും കഴിഞ്ഞതിന്റെ പിറ്റേന്ന് രാത്രി ആകാശത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് വിമാനങ്ങൾ ശത്രുരാജ്യത്തേക്ക് കുതിച്ചുയർന്നു. മാരകമായ ബോംബുകൾ വർഷിക്കപ്പെട്ടു. നഗരങ്ങൾ ചാമ്പലായിത്തുടങ്ങി.

മേബസ് കുലുങ്ങിയില്ല. അവന്റെ അഹന്ത അവന്റെ രാജ്യത്തോളം വലുതായിരുന്നു, അവന്റെ കൂറ്റൻ യുദ്ധസന്നാഹത്തോളം വലുതായിരുന്നു. അവന്റെ ബുദ്ധിശൂന്യതയോളം വലുതായിരുന്നു. ആത്മഹത്യാപരമായ ആ യുദ്ധത്തിൽ നിന്ന് അയാൾ പിന്മാറിയില്ല.

രാവിലെ ഒമ്പതുമണിക്കുതന്നെ മധുസൂദനൻ കട തുറന്നു. ഒരു ബാനർ പകുതിയായിട്ടുണ്ട്. അതുംകൂടി ചെയ്തുകഴിഞ്ഞാൽ കയ്യിലുള്ള ജോലിയെല്ലാം തീർന്നു. വാടകയും സഹായിയായ പയ്യന് ശമ്പളവും കൊടുക്കേണ്ട സമയമായിരിക്കുന്നു. രണ്ടുമാസം ഒരു മാതിരി ഒപ്പിച്ചു. ഈ മാസം ഇങ്ങിനെ പോയാൽ വാടകയ്ക്കുള്ള കാശ് ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മരുഭൂമിയുടെ നാട്ടിലെ യുദ്ധം ഇവിടെയും ക്ഷാമമുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. ആരുടെ കയ്യിലും പണമില്ല. തെരഞ്ഞെടുപ്പിന്റെ ജോലിയെല്ലാം തന്നേക്കാൾ മുമ്പ് രംഗത്തെത്തിയവർ തട്ടിയെടുത്തു. ചെറിയൊരോഹരി മാത്രം കിട്ടി. ഇപ്പോൾ അതും കഴിഞ്ഞു. ഇനി ഒന്നും പ്രതീക്ഷിക്കാനില്ല.

അപ്പോഴാണ് ആ മനുഷ്യൻ കയറിവന്നത്. ഒരു ജൂബ്ബയും മുണ്ടും വേഷം. മധുസൂദനൻ തിരിഞ്ഞുനോക്കിയപ്പോൾ അയാൾ അവിടെ നിന്നുകൊണ്ട് ചുറ്റും നീരീക്ഷിക്കുകയായിരുന്നു.

ജോലി കുറവാണല്ലേ?

കണ്ടുപിടുത്തം ശരിയാണെങ്കിലും അത് മധുസൂദന് ഇഷ്ടപ്പെട്ടില്ല. അയാൾ ചോദിച്ചു. എന്താണ് വേണ്ടത്?

എന്റെ പേര് ചിത്രനെന്നാണ്. ഞാൻ തിരുവനന്തപുരത്തുനിന്ന് വര്വാണ്. കുറച്ചു ജോലിണ്ടായിരുന്നു.

എന്തു ജോലി?

യുദ്ധം നടന്നുകൊണ്ടിരിക്കയാണ്. അയാൾ പറഞ്ഞു. അധാർമ്മികമായ യുദ്ധമാണിത്. നമുക്ക് നമ്മൾ ഏതു പക്ഷത്താണെന്ന് പറയേണ്ടിയിരിക്കുന്നു.

എവിടെയോ കേട്ടു മറന്ന വാക്കുകൾ. ആരോ ആരോടോ പറഞ്ഞ വാക്കുകൾ. കാറ്റിൽ കുറെക്കാലം തങ്ങി നിന്ന് ഇപ്പോൾ കാതിൽ പതിക്കുകയാണ്. ഒരു പ്രകോപനവുമില്ലാതെ ആ മനുഷ്യൻ തുടങ്ങിയത് മധുസൂദനൻ ഇഷ്ടപ്പെട്ടില്ല. അയാൾ അല്പം പരിഹാസത്തോടെ ചോദിച്ചു.

നമ്മൾ ഏതു പക്ഷത്താണ്?

നമ്മൾ എക്കാലവും സാമ്രാജ്യവാദികൾക്കും കുത്തകമുതലാളികൾക്കും എതിരാണ്.

ഉപയോഗിച്ചു തേഞ്ഞ പ്രാചീനമായ വാക്കുകൾ, അതു പുറപ്പെടുവിച്ച മനുഷ്യന്റെ പാപ്പരായ വ്യക്തിത്വം അറിയിച്ചു. മധുസൂദനന് അറപ്പു തോന്നി. ഇനി ഒരു നൂറ്റാണ്ടു കഴിഞ്ഞാലും ഇവർ ഇതേ വാക്കുകൾ തന്നെയാണ് ഉപയോഗിക്കുക. റിപ്‌വാൻ വിങ്ക്ൾമാർ.

മറ്റു പല മതസ്ഥരേയും നമ്മുടെ അണികളിൽ എത്തിക്കാൻ ഒരു പുതിയ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒരനുഗ്രഹീത കലാകാരനായ നിങ്ങൾ ഈ പദ്ധതി ഏറ്റെടുത്തു നടത്തണ മെന്നാണ് ഞങ്ങൾക്കു പറയാനുള്ളത്.

ഒരു കടലാസുചുരുൾ എടുത്ത് നിവർത്തികൊണ്ട് അയാൾ പറഞ്ഞു. ഇതാണ് പദ്ധതിയുടെ കരടുരേഖ. ഇത് ഇവിടെ നടപ്പാക്കുന്നതിന് നിങ്ങൾ ചുമതല ഏറ്റെടുക്കണം. രണ്ടു ലക്ഷം രൂപയാണ് ഉദ്ദേശിച്ചിട്ടുള്ളത്. പണം രണ്ടു ഗഡുക്കളായി ഒരാഴ്ചയ്ക്കകം എത്തിക്കാം.

'അവൻ ശത്രുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കും

അപരിചിതൻ കൊണ്ടുവരുന്ന സന്ദേശം സത്യം മറച്ചുവെക്കും.'

മേബസ് ചൂതാടുകയായിരുന്നു. മരുഭൂമിയുടെ മക്കൾക്ക് ജൂതന്മാരോടുള്ള വിദ്വേഷം ചൂഷണം ചെയ്താൽ തനിക്കെതിരെയുള്ള അണികളിൽ ഭിന്നിപ്പുണ്ടാക്കാൻ പറ്റുമെന്നയാൾ കരുതി. ജൂതന്മാർക്കെതിരെ വാണങ്ങൾ തൊടുക്കാൻ തുടങ്ങിയത് ആ ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ടാണ് തിരിച്ചടി ഉടനെയുണ്ടാകുമെന്നും, ആ തിരിച്ചടി മരുഭൂമിയുടെ മക്കളെയെല്ലാം തനിക്കു കീഴിൽ അണി നിരക്കാൻ പര്യാപ്തമാക്കുമെന്നും ശത്രു ഉറപ്പിച്ചു.

ജൂതർ പക്ഷേ തല കൊണ്ടല്ലാതെ ഹൃദയം കൊണ്ടു ചിന്തിക്കാറില്ല. ശത്രു തൊടുത്തുവിട്ട പ്രാചീനങ്ങളായ വാണങ്ങൾക്ക് സൂക്ഷ്മത കുറവായിരുന്നു. അവ യാതൊരു പോറലുമേൽപ്പിക്കാതെ പലയിടത്തും വീണു പൊട്ടിത്തെറിച്ചു. ശത്രുവിന്നെതിരായി നിരന്ന രാജ്യങ്ങൾ ജൂതന്മാർക്ക് വാണവിധ്വംസിനികൾ കൊടുത്തു. അവരുടെ അതിർത്തികളിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആധുനിക വാണങ്ങൾ ശത്രുവിന്റെ പൗരാണിക വാണങ്ങളെ നിഷ്പ്രയാസം നശിപ്പിച്ചു വീഴ്ത്തി. മേബസിന്റെ ആഗ്രഹം ഫലിച്ചില്ല.

അപ്പോഴാണയാൾ പണം ചെലവഴിക്കാൻ തുടങ്ങിയത്. മറ്റു രാജ്യങ്ങളിൽ കലാപത്തിന്റെ വിത്തുകൾ എറിയാൻ കറുത്ത പൊന്ന് വിറ്റുണ്ടാക്കിയ പണം ധാരാളിത്തത്തോടെ ചെലവാക്കിത്തുടങ്ങി.

മധുസൂദനൻ കടലാസു ചുരുളെടുത്തു നിവർത്തി. കടലാസിന്റെയും അച്ചടിയുടെയും ഭാഷയുടെയും പ്രത്യേകത കൊണ്ട് ആ രൂപരേഖ വിദേശത്തുനിന്നു വന്നതാണെന്നു വ്യക്തം. കടലാസിന് അത്തറിന്റെ മണമുണ്ടായിരുന്നു. അയാൾ വായിക്കാൻ തുടങ്ങി. വായിക്കുംതോറും അയാളുടെ മനസ്സിൽ വിദ്വേഷവും പ്രതികാരവും പതഞ്ഞുപൊങ്ങി. ആദ്യ പേജുകളിൽ ശത്രുവിന്റെ അപദാനങ്ങളായിരുന്നു. ശത്രു എങ്ങിനെ വിപ്ലവനേതാവായെന്ന്, ശത്രുവിന്റെ കീഴിൽ അണിനിരന്ന് സാമ്രാജ്യവാദികളെയും അവരുടെ പരിചാരകരേയും എങ്ങിനെ തകർക്കണമെന്ന്. മധുസൂദനൻ പല്ലു ഞെരിച്ചു. ഒരു പേജിൽ നിറയെ യുദ്ധത്തിന്നെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു.

പിന്നീടുള്ള പേജുകളിൽ സമരത്തിനുള്ള ആഹ്വാനമാണ്. അതിന്റെ വിശദാംശങ്ങൾ. ശത്രുവിന്റെ ഒരു ലക്ഷം ചിത്രങ്ങൾ എങ്ങിനെ വിതരണം ചെയ്യണമെന്ന്. പ്രകടനങ്ങളിൽ അവ ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന്. ബാനറുകളിൽ എഴുതേണ്ട മുദ്രാവാക്യങ്ങൾ. ഭീമമായ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിനെ പ്പറ്റിയുള്ള വിശദാംശങ്ങൾ, ഇതെല്ലാം ഒരു ജില്ലയിൽ സംഘടിപ്പിക്കാൻ രണ്ടുലക്ഷം രൂപ. കേരളത്തിൽ എല്ലാ ജില്ലയിലും കൂടി ചെലവെന്തുവരും? മധുസൂദനന്റെ കണ്ണു തള്ളി.

ഒരു കുറ്റവാളിയുടെ മേലുള്ള രക്തക്കറ മായ്ക്കാൻ ലക്ഷങ്ങൾ, കോടികൾ. ടിവിയിൽ ദിനംപ്രതി കാണുന്ന പ്രകടനങ്ങൾ മധുസൂദനൻ ഓർത്തു. ശത്രുവിന്റെ വലിയ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് ടി.വി.ക്യാമറക്കു മുമ്പിൽ തുള്ളുന്ന പ്രകടനക്കാർ. അതു മുഴുവൻ പരാപേക്ഷ കൂടാതെയുള്ളതാണെന്ന് കരുതുവാൻ അയാൾക്കു കഴിഞ്ഞില്ല. എല്ലാം ഒരേ പാറ്റേണിൽ ആണ് നടന്നിരുന്നത്.

ശത്രുവിന്റെ ചിത്രങ്ങൾ പതിനായിരക്കണക്കിന് വിതരണം ചെയ്ത പ്രകടനങ്ങൾ ഒരുക്കിയ കുറ്റത്തിന് പല രാജ്യങ്ങൾക്കും അയാളുടെ നയതന്ത്ര പ്രതിനിധികളെ രാജ്യത്തുനിന്നും പുറത്താക്കേണ്ടിവന്നു. ആ പ്രകടനങ്ങൾ മാത്രം വീണ്ടും വീണ്ടും മതിവരാത്ത മട്ടിൽ ടിവിയിൽ കാണിക്കുകയും, ശത്രുവിന്റെ നയതന്ത്ര പ്രതിനിധികളുടെ അട്ടിമറികളെപ്പറ്റി പറയാതിരിക്കുകയും ചെയ്യുക വഴി പ്രേക്ഷകർക്ക് അപൂർണ്ണമായ ചിത്രമാണ് ടിവി നൽകിയിരുന്നത്.

ആരു ചോദിക്കാൻ? യുദ്ധം തുടങ്ങിയ ശേഷം അയാൾ തന്റെ പഴയ റേഡിയോ ശരിയാക്കിയെടുത്തു. കുറെക്കൂടി നേരും നെറിയും ഉള്ള വാർത്തകൾ തരുന്ന ആകാശവാണിയും ബിബിസിയും കേൾക്കാൻ തുടങ്ങി.

മധുസൂദനൻ കടലാസുചുരുൾ തിരിച്ചുകൊടുത്തു.

ഈ മനുഷ്യൻ എട്ടുകൊല്ലം തന്റെ ഒരു അയൽരാജ്യവുമായി നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു. അറിയാമോ?

ചിത്രൻ തലയാട്ടി.

രണ്ടു ലക്ഷത്തിലധികം സ്വന്തം സൈന്യങ്ങളെയാണ് കുരുതികൊടുത്തത്. അംഗഭംഗം വന്നവർ വേറെ രണ്ടുലക്ഷം വരും. അത്രത്തോളം ആൾനാശം അയൽ രാജ്യത്തുമുണ്ടായി. വിഷവാതകങ്ങളും മാരകങ്ങളായ രോഗങ്ങളുടെ വൈറസുകളും യുദ്ധത്തിൽ ഉപയോഗിച്ചു. അന്നു നിങ്ങളെല്ലാം എവിടെയായിരുന്നു? യുദ്ധത്തിനെതിരെ ഇന്ത്യയിലെവിടെയും പ്രകടനം നടത്തിക്കണ്ടില്ലല്ലോ.

രണ്ടുലക്ഷം പേർ മരിക്കുക എന്നതിനർത്ഥം രണ്ടുലക്ഷം കുടുംബങ്ങൾ അനാഥമാവുക എന്നതാണ്. അത്രയും കുടുംബങ്ങൾ അയൽരാജ്യത്തും അനാഥമാവുകയായിരുന്നു.

എന്തേ പ്രതിഷേധമുയർത്താതിരുന്നത്?

എന്നിട്ടെന്തുണ്ടായി? പിടിച്ചെടുത്ത സ്ഥലമെല്ലാം അവസാനം തിരിച്ചുകൊടുക്കേണ്ടി വന്നു. അപ്പോൾ എട്ടു കൊല്ലത്തെ യുദ്ധത്തിൽ അയാൾ നേടിയതെന്താണ്? കുറെ കബന്ധങ്ങൾ മാത്രം. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ദുരിതം മാത്രം.

രാജ്യത്തിന്റെ അതിർത്തിയിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന വിപ്ലവകാരികളെ അടിച്ചമർത്താൻ വർഷങ്ങളായി ശ്രമിച്ചു തോറ്റപ്പോൾ നിങ്ങളുടെ വിപ്ലവ നേതാവ് ആ പാവപ്പെട്ട വിപ്ലവകാരികളുടെ ഗ്രാമങ്ങളിൽ വിഷവാതകം വർഷിച്ച് അവരുടെ കുടുംബങ്ങളെ കൊന്നൊടുക്കിയില്ലേ? സ്ത്രീകളും കുട്ടികളുമടക്കം അയ്യായിരത്തിലധികം പേർ അന്ന് ചത്തൊടുങ്ങി.

വിപ്ലവത്തിന്റെ തീപ്പൊരി പ്രസംഗവുമായി നടക്കുന്ന നിങ്ങളെല്ലാം അന്നെവിടെയായിരുന്നു?

മസ്റ്റാർഡ് ഗ്യാസ് എങ്ങിനെയാണ് പ്രവർത്തിക്കുക എന്നറിയാമോ? ദേഹത്തായാൽ മേലാസകലം പൊള്ളൽ പൊന്തും. ഭയങ്കര വേദനയായിരിക്കും. ശ്വസിച്ചാൽ നിങ്ങളുടെ ശ്വാസകോശത്തിലും ഹൃദയത്തിലും പൊള്ളൽ പൊന്തും. അപ്പോഴുണ്ടാകുന്ന വേദന നോക്കുമ്പോൾ പുറത്തുണ്ടാകുന്ന വേദന നിസ്സാരമാണ്. പിന്നെ പിടഞ്ഞു മരിക്കലാണ്. അങ്ങിനെ പതിനായിരക്കണക്കിന് പാവപ്പെട്ട നിർദ്ദോഷികൾ. നിങ്ങൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലേ?

ആ മഹാൻതന്നെ ആറുമാസം മുമ്പ് സമാധാനപ്രിയരായ ഒരു ജനതയെ ആക്രമിച്ചു കീഴടക്കിയപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ പ്രതികരണ ശേഷി? അവിടെയുണ്ടായിരുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് എല്ലാം ഇട്ടെറിഞ്ഞ് ജീവനുംകൊണ്ട് ഓടേണ്ടി വന്നു. ഇപ്പോൾ ആ രാജ്യം വീണ്ടു കിട്ടാനായി, ആ കുറ്റവാളിയെ നിലയ്ക്കു നിർത്താനായി ലോകം മുഴുവൻ ശ്രമിക്കുമ്പോൾ നിങ്ങൾ പ്രതിഷേധിക്കുന്നു. ഇതെന്തൊരു പെർവെർഷനാണ്.

ചിത്രൻ ഒന്നും പറയാതെ ഇരിയ്ക്കയാണ്. ഒരു വിമാനാക്രമണമുണ്ടായ പോലെ. കനത്ത ബോംബാക്രമണം. ഒട്ടു ശമനമുണ്ടായപ്പോൾ അയാൾ പറഞ്ഞു.

മധുസൂദനൻ, ഇതൊക്കെ ഒരു കളിയല്ലേ?

നിങ്ങൾക്ക് ഇതൊരു കളിയായിരിക്കാം. പൊതുജനങ്ങളെ വഞ്ചിച്ചുകൊണ്ടുള്ള ഈ കളിക്ക് ഞാനില്ല. നിങ്ങൾക്ക് ഒരു കൊലപാതകിയെ ഹീറോ ആക്കണമെന്നുണ്ടെങ്കിൽ ആക്കിക്കൊള്ളു. എന്നെ ഒഴിവാക്കൂ. എനിക്കീ പണം വേണ്ട.

നിങ്ങൾ ആകെ ഇളകിമറിഞ്ഞിരിക്കയാണ്. ചിത്രൻ പറഞ്ഞു. നിങ്ങളുടെ നീതി ബോധമായിരിക്കണം അതിനു കാരണം. പക്ഷേ നീതിബോധത്തിനും അതീതമായി പലതുമുണ്ടെന്നോർക്കണം. അതുപോലെ പൊതുജനങ്ങൾക്ക് നീതിബോധമല്ല ആവശ്യമെന്നും. നിങ്ങൾ പെട്ടെന്ന് ഒരു തീരുമാനമെടുക്കേണ്ട. ഞാൻ നാളെവരാം. അപ്പോഴേയ്ക്ക് ശാന്തമായി ആലോചിച്ച് ഒരു തീരുമാനമെടുക്കൂ. ഞങ്ങളോടൊപ്പമിരിക്കയാണ് നല്ലത്. അല്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെടും.

ചിത്രൻ പോയിക്കഴിഞ്ഞു.

'ആകാശത്തിൽ കൊള്ളിമീനുകൾ പറക്കും.

ലോഹപ്പക്ഷികളുടെ ഉദരത്തിൽ നിന്ന് അഗ്നി വർഷിക്കപ്പെടും.

നിരപരാധികളുടെ ചോര ന്യായത്തിനു വേണ്ടി കേഴും.'

യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. മേബസിന്നെതിരായ കൂട്ടുകെട്ട് അജയ്യമായിരുന്നു. അവർ ആകാശം പിടിച്ചെടുത്തു. ശത്രുവിമാനങ്ങൾ വെടിവെച്ചു വീഴ്ത്തപ്പെട്ടു. കടലുകളിൽ അവന്റെ യുദ്ധക്കപ്പലുകൾ മുക്കി. ശത്രുവിന് നിലത്തു മാത്രം നിലനിൽപ്പായി. അപ്പോഴും അയാൾ തോൽവി സമ്മതിക്കാതെ ജൂതരാജ്യത്തേക്ക് തന്റെ പ്രാചീനമായ സൂക്ഷ്മതയില്ലാത്ത വാണങ്ങൾ തൊടുത്തുകൊണ്ടിരുന്നു. അതിർത്തിയിൽ വെച്ച് നശിപ്പിക്കപ്പെട്ടുവെങ്കിലും, ജൂതരാജ്യത്തെ ആക്രമിക്കുക എന്ന പ്രതീകാത്മക ക്രിയ കൊണ്ടുതന്നെ മേബസിന് പലയിടത്തും പ്രോത്സാഹനങ്ങൾ കിട്ടി. ക്രമേണ അതും കെട്ടടങ്ങി. വന്ധ്യമായ ആ വാണങ്ങൾ ഒട്ടേറെ പരിഹാസത്തിനു കാരണമായി.

ശത്രു സമ്മതിച്ചില്ലെങ്കിലും സാവധാനത്തിൽ തോൽവി അറിയുകയായിരുന്നു.

രാത്രി ഊണുകഴിച്ചുകൊണ്ടിരിക്കെ മധുസൂദനൻ തനിക്കു കിട്ടിയതും നിരസിച്ചതുമായ ബിസിനസ്സിന്റെ കാര്യം പറഞ്ഞു.

നളിനിക്കു വിഷമമായി. അവൾ പറഞ്ഞു.

അതു സ്വീകരിക്കാമായിരുന്നില്ലെ? നമ്മുടെ എല്ലാം നഷ്ടപ്പെട്ട് ഇരിക്ക്യല്ലെ? അതും അയാൾ കാരണം തന്നെ. അതിൽ കുറച്ചെങ്കിലും തിരിച്ചുകിട്ടാൻ പറ്റിയ അവസരമല്ലെ ഇത്.

നളിനിയുടെ കഴുത്തിലും കൈകളിലും നോക്കിയപ്പോൾ അയാൾക്ക് കുറ്റബോധം തോന്നി. കഴുത്തിൽ ചെറിയൊരു താലിമാല മാത്രം. കയ്യിൽ കുപ്പിവളകൾ.

ഈ പ്രകടനങ്ങളില്ലേ, ശത്രുവിന്റെ വലിയ ചിത്രവും ഉയർത്തിപ്പിടിച്ച് തുള്ളിക്കൊണ്ടുള്ള പ്രഹസനങ്ങൾ. അവ ആൾക്കാരിൽ എത്ര തെറ്റിദ്ധാരണകളാണുണ്ടാക്കുന്നതെന്നറിയാമോ? അതുപോലെത്തന്നെ അവ ഓരോ രാജ്യത്തേയും ഗവണ്മെണ്ടുകൾക്ക് എത്ര തലവേദനയുണ്ടാക്കുന്നുവെന്നും, ആരും യുദ്ധത്തിന് അനുകൂലിയൊന്നുമല്ല. നമുക്ക് നമ്മുടേതായ പ്രശ്‌നങ്ങളുണ്ട്. പഞ്ചാബിൽ, കശ്മീരിൽ, ആസ്സാമിൽ. അതൊന്നും കണ്ടില്ലെന്നു നടിച്ച് അർഹിക്കാത്ത ഒരുത്തനുവേണ്ടി നമ്മൾ പ്രകടനങ്ങൾ നടത്തുന്നു.

ഈ പ്രകടനങ്ങൾക്കൊക്കെ ധാരാളം പണം വേണം. ആരാണതു ചെലവാക്കുന്നത്? ആരോ ഒരാൾ അല്ലേ?

ശരിയാണ്. നളിനി പറഞ്ഞു. പക്ഷേ നമ്മൾ ഈ ജോലി ഏറ്റെടുത്തില്ലെങ്കിൽ മറ്റാരെങ്കിലും ചെയ്തു കൊടുക്കും. ആർക്കാണ് പണം വേണ്ടാത്തത്? പ്രകടനങ്ങൾ എന്തായാലും ഉണ്ടാവും. നമ്മുടെ ടി.വി. അതു കവർചെയ്ത് പത്തു തവണയെങ്കിലും കാണിക്കുകയും ചെയ്യും. ഭേദം നമ്മൾ കുറച്ച് പണമുണ്ടാക്കുകയല്ലേ?

ഞാൻ ചെയ്യില്ല. മധുസൂദനൻ പറഞ്ഞു. എന്റെ സമ്പാദ്യം മുഴുവൻ കൊള്ളയടിച്ചത് അയാളാണ്. എന്റെ നാട്ടുകാരെ കൊള്ളയടിച്ചത്, ലക്ഷക്കണക്കിന് പാവപ്പെട്ട നമ്മുടെ നാട്ടുകാരെ. ഉപജീവനത്തിനായി മണൽക്കാട്ടിൽ കൂലിവേലയെടുക്കാൻ പോയ പാവം നാട്ടുകാരുടെ കഞ്ഞിയിൽ പൂഴി വാരിയിട്ടത് ആ മനുഷ്യനാണ്. അയാളുടെ അപദാനങ്ങൾ പാടാൻ ഞാൻ തയ്യാറില്ല. നമ്മുടെ നാട്ടുകാരും അതു ചെയ്യുന്നത് ശരിയല്ല. ധാർമ്മികമല്ല.

'വിഷക്കാറ്റ് ആഞ്ഞടിക്കും. മാരകരോഗങ്ങളുടെ ഉറങ്ങിക്കിടന്ന ബീജങ്ങൾ

ഉണർന്നെഴുന്നേൽക്കും. മഹാമാരി നടന്ന വഴിയിൽ

നാശത്തിന്റെ ആഴമുള്ള പാടുകൾ വീഴ്ത്തും.'

മുന്നോട്ടും പിന്നോട്ടും പോകാൻ പറ്റാത്ത ഒരു പരുവത്തിലായിരുന്നു മേബസ്. മറുപക്ഷത്തിന്റെ ശക്തി താൻ കണക്കാക്കിയതിലും വലുതാണ്. അജയ്യമാണ്. മുന്നോട്ടുപോയാൽ താൻ വധിക്കപ്പെടും. പിന്നോട്ടുപോയാൽ തന്റെ നാട്ടുകാരുടെ അവജ്ഞക്കു പാത്രമാവും. ഒരു പക്ഷേ സ്വന്തം സൈന്യത്താൽ തന്നെ വധിക്കപ്പെടുകയും ചെയ്യും. അവഹേളനത്തിനു പാത്രമായി, ഭീരുവായി മുദ്രകുത്തി നിന്ദ്യമായ മരണം പിന്നിൽ കാത്തു നിൽക്കുന്നുണ്ട്. മുമ്പിൽ രക്തസാക്ഷിത്വവും.

വിഷവാതകങ്ങളോ മാരകവ്യാധികളുടെ ബീജങ്ങളോ യുദ്ധത്തിലുപയോഗിക്കാൻ അയാൾ ഭയപ്പെട്ടു. മറുഭാഗത്ത് ഇതും ഇതിലപ്പുറമുള്ള മാരകായുധങ്ങളുണ്ട്. താൻ ആദ്യം അതു പ്രയോഗിച്ചാൽ മറുഭാഗത്തു നിന്നതുപയോഗിക്കാൻ തക്ക ന്യായവുമായി. തിരിച്ചടി ആകസ്മികവും സംഹാരകവുമായിരിക്കും.

തകർന്ന നഷ്ടശിഷ്ടങ്ങൾക്കിടയിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ അയാൾ പകച്ചുനിന്നു.

കലാകൗമുദി വാരിക - മാര്‍ച്ച് 31, 1991