സുൽത്താന്റെ മകൾ


ഇ ഹരികുമാര്‍

സുൽത്താൻ ഷാഹുൽ അൽ റഷീദിന്റെ പുതിയ കൊട്ടാരത്തിന്റെ മിനാരങ്ങൾ നിലാവിൽ തിളങ്ങി. മിനാരങ്ങൾ മേഞ്ഞിരുന്നത് ചെമ്പിന്റെയും സ്വർണ്ണത്തിന്റെയും തകിടുകൊണ്ടായിരുന്നു. പകുതിയിലധികം ചെമ്പു തകിടാണ്. മുഴുവൻ ചെമ്പുതകിടു കൊണ്ട് മേയണമെന്നായിരുന്നു സുൽത്താന്റെ ആഗ്രഹം. പക്ഷേ പകുതി മേഞ്ഞപ്പോഴേയ്ക്ക് രാജ്യത്തുള്ള ചെമ്പു മുഴുവൻ തീർന്നുപോയി. പിന്നെ പ്രജകളുടെ വീടുകളിലുള്ള ചെമ്പു മുഴുവൻ ഭണ്ഡാരത്തിലേയ്ക്ക് സമർപ്പണം ചെയ്യാനുള്ള കല്പനയുണ്ടായി. പകരം എല്ലാവർക്കും സ്വർണ്ണം കൊടുത്തു. സ്വർണ്ണംകൊണ്ട് പാത്രങ്ങളുണ്ടാക്കുമ്പോഴുള്ള വിഷമം പരിഹരിക്കാൻ അല്പസ്വല്പം ചെമ്പ് ചേർക്കാമെന്ന് സുൽത്താന്റെ കല്പനയുണ്ടായി. അതിനായി കണ്ടുകെട്ടിയ ചെമ്പിൽനിന്ന് അല്പ സ്വല്പം തിരിച്ചുകൊടുക്കാനും ഉത്തരവായി.

കണ്ടുകെട്ടിയ ചെമ്പുകൊണ്ടും മിനാരങ്ങൾ മുഴുവൻ മേയാൻ മാത്രം തികഞ്ഞില്ല. അതിനാൽ കുറച്ചു ഭാഗം സ്വർണ്ണംകൊണ്ടു തന്നെ മേയേണ്ടിവന്നു.

നിലാവുള്ള രാവുകളിൽ യാത്ര കഴിഞ്ഞ് ഒട്ടകപ്പുറത്ത് തിരിച്ചുവരുമ്പോൾ സുൽത്താൻ നോക്കും, ചെമ്പിനു പകരം വെച്ച സ്വർണ്ണം മനസ്സിലാകുന്നുണ്ടോ, തന്റെ സ്വർണ്ണം പുറത്താവുമോ എന്ന്. ഈ വിചാരം സുൽത്താന്റെ പല രാത്രികളിലെ നിദ്ര അപഹരിച്ചു.

മിനാരങ്ങളിലൊന്നിന്റെ താഴെ രണ്ടാം നിലയിലായിരുന്നു രാജകുമാരിയുടെ പള്ളിയറ. തന്റെ സർവ്വസ്വമായ രാജകുമാരിയുടെ സുഖസൗകര്യങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ പിതാവായ സുൽത്താൻ ഷാഹുൽ അൽ റഷീദിന് വളരെ വിഷമം തോന്നാറുണ്ട്. കൊട്ടാരം പണിയിച്ചത് അക്കാലത്തെ ഏറ്റവും പേരുകേട്ട ശില്പിയായ മുഹമ്മദ് ബിൻ ആലം ആയിരുന്നു. എന്നിട്ടും രാജകുമാരിയുടെ സൗകര്യങ്ങൾ മുഴുവൻ ശ്രദ്ധിക്കുവാനായില്ല.

കൊട്ടാരം മൂന്നുനില കെട്ടിടമായിരുന്നു. ഏറ്റവും മുകളിൽ മിനാരങ്ങൾക്കു തൊട്ടു താഴെയായിരുന്നു സുൽത്താന്റെ താമസം. നൂറ്റൊന്ന് സൗന്ദര്യതിടമ്പുകൾ അലങ്കരിക്കുന്ന സുൽത്താന്റെ അന്തപുരം തെക്കു പടിഞ്ഞാറുള്ള മിനാരത്തിന്റെ താഴെയായിരുന്നു. അതിനു താഴെയുള്ള നിലയിലായിരുന്നു രാജകുമാരി നസ്‌റീനിന്റെ താമസം. അതിനും താഴെ അടുത്ത ബന്ധുക്കളും അന്തരിച്ച രാജ്ഞിയുടെ വിധവയായ അനുജത്തിയും മറ്റും. രാജകുമാരിയുടെ എല്ലാ സൗകര്യങ്ങളും മുൻനിർത്തിത്തന്നെയാണ് കൊട്ടാരം നിർമ്മിക്കാനുദ്ദേശിച്ചത്. പള്ളിയറ, സ്‌നാനഗൃഹം, വേഷഭൂഷാദികൾക്കായി ഒരു മുറി, കളിക്കാനും കളികൾ കാണാനും ഒരു ഹാൾ തുടങ്ങിയവ. ഈ മുറികളെല്ലാം തന്നെ ഓരോ മൈതാനം പോലെ വിശാലമായിരുന്നു. മുറികളിലെല്ലാം ചുമരുതൊട്ട് ചുമരുവരെ ഏറ്റവും വിലപിടിച്ച പേർഷ്യൻ പരവതാനികൾ വിരിച്ചിരുന്നു. ഈ നാലു മുറികളും കൊട്ടാരത്തിന്റെ നാലു മൂലയിലായിരുന്നു. ഒരു മുറിയിൽ നിന്ന് മറ്റെ മുറിയിലേക്ക് പോകാൻ വളരെ വിശാലമായ ഇടനാഴികൾ പണിതീർത്തിരുന്നു. ഇടനാഴികളിൽ കശ്മീരിൽനിന്നു കൊണ്ടുവന്ന വിശേഷപ്പെട്ട പരവതാനികളായിരുന്നു വിരിച്ചിരുന്നത്.

സ്‌നാനഗൃഹത്തിൽ വലിയ നീന്തൽ പൊയ്കയിൽ മരുപ്പച്ചകളിലെ കിണറുകളിൽ നിന്ന് കോരിയെടുത്ത് ഒട്ടകപ്പുറത്തേറ്റി കൊണ്ടുവന്നു നിറച്ച കണ്ണാടിപോലത്തെ ശീതളജലം സുഗന്ധദ്രവ്യങ്ങൾ കലർത്തി നിറച്ചിരുന്നു. പലതരം ലേപനവസ്തുക്കൾ ഉയരം കുറഞ്ഞ മാർബ്ൾ മേശമേൽ വിചിത്രാകൃതിയിലുള്ള സ്ഫടികഭരണികളിൽ നിറച്ചുവെച്ചിരുന്നു.

സ്‌നാനഗൃഹത്തിന്റെ ചുമരുകൾ കട്ടിയുള്ള ബൊഹേമിയൻ കണ്ണാടി കൊണ്ടായിരുന്നു. ഈജിപ്തിൽ നിന്നു വന്ന പതിനൊന്ന് സുന്ദരികളായ അടിമപ്പെൺകുട്ടികളാണ് രാജകുമാരിയെ നീരാടിച്ചിരുന്നത്. എല്ലാ തിങ്കളും വെള്ളിയും പിന്നെ പുതുചന്ദ്രനെ കണ്ടതിന്റെ പിറ്റേന്നും രാജകുമാരിക്ക് നീരാട്ടുണ്ടായിരുന്നു. പുതുചന്ദ്രനെ കണ്ടത് ഞായറാഴ്ചയോ വ്യാഴാഴ്ചയോ ആണെങ്കിൽ പിറ്റെ ദിവസത്തെ പതിവു സ്‌നാനം വിശേഷമായിത്തന്നെ നടത്തപ്പെട്ടു.

നീരാട്ടു കഴിഞ്ഞ് സുഗന്ധലേപനങ്ങളാൽ അഭിഷിക്തയായ രാജകുമാരി വസ്ത്രധാരണത്തിനായി ഒരുക്കിയ മുറിയിലേക്ക് നടന്നുപോകുന്നു.

ഇവിടെയാണ് കുഴപ്പം. കാരണം സ്‌നാനഗൃഹത്തിനും നേപഥ്യഗൃഹത്തിനുമിടയിൽ വളരെ നീണ്ട വിശാലമായ ഇടനാഴികയാണ്. പച്ചയുടെ പശ്ചാത്തലത്തിൽ ചുവപ്പും മഞ്ഞയും പൂക്കളുള്ള പരവതാനി വിരിച്ച ഇടനാഴിക. ഇതിലൂടെ കടന്നു വേണം രാജകുമാരിയ്ക്ക് വസ്ത്രങ്ങളുള്ള മുറിയിലേയ്ക്കെത്താൻ. സ്‌നാനഗൃഹത്തിൽ വസ്ത്രങ്ങൾ വെയ്ക്കാൻ ഏർപ്പാടില്ലാത്തതിനാലും സ്‌നാനത്തിനു മുമ്പുള്ള വസ്ത്രങ്ങൾ, രാജകുമാരി കുളത്തിൽ ചാടുമ്പോൾ അഴിച്ചു വെയ്ക്കുന്നതോടെ അവിടെ നിന്ന് കാപ്പിരി അടിമപ്പെണ്ണുങ്ങൾ എടുത്തു മാറ്റും എന്ന കാരണത്താലും രാജകുമാരിക്ക് സാനാനഗൃഹത്തിൽ നിന്ന് നേപഥ്യഗൃഹത്തിലേക്ക് ചുവപ്പും മഞ്ഞയും പൂക്കളുള്ള പരവതാനികൾ വിരിച്ച വിശാലമായ ഇടനാഴിയിലൂടെ നഗ്നയായി നടക്കേണ്ടിവന്നു. ഈ ഇടനാഴിയാകട്ടെ ശതം മുഖമണ്ഡപങ്ങളുടെയും കുടില മാർഗ്ഗങ്ങളുടെയും സ്വകാര്യ അറകളുടെയും വാതിലുകളാൽ ബന്ധിക്കപ്പെട്ടതാണു താനും. ഇവിടെയാണ് പ്രശ്‌നം ഉദിച്ചത്. രാജകുമാരി സ്‌നാനഗൃഹത്തിൽനിന്ന് വസ്ത്രങ്ങളുടെ സുരക്ഷിതത്തിലേക്ക് മറ്റുള്ളവരുടെ ഒളിഞ്ഞുനോട്ടങ്ങൾ ഏൽക്കാതെ എങ്ങിനെ എത്തിപ്പെടും.

പ്രശ്‌നം സുൽത്താൻ ഷാഹുൽ അൽ റഷീദിന്റെ (കരുണാമയനായ ദൈവം അദ്ദേഹത്തോടൊപ്പമുണ്ടാവട്ടെ) തിരുസഭയിൽ ആനയിക്കപ്പെട്ടു. സുൽത്താന്റെ തിരുസഭയിൽ പല വിഭാഗത്തിൽപ്പെട്ട പ്രമുഖർ ആസനസ്ഥരാണ്. അവരിൽ കവികൾ, കലാകാരന്മാർ, വ്യവസായികൾ, യന്ത്രപ്പണിക്കാർ, നെയ്ത്തുപണിക്കാർ, അലക്കുകാർ, ഭിഷഗ്വരർ തുടങ്ങി സമുദായത്തിന്റെ എല്ലാ തുറകളിൽനിന്നും പ്രാവീണ്യം നേടിയവർ സന്നിഹിതരാണ്.

ആ തിരുസഭയുടെ സന്നിധാനത്തിലാണ് രാജകുമാരിയുടെ മുഖ്യ അടിമയായ സുന്ദരി നാലു തോഴികളോടൊപ്പം ഹാജരായത്. കുമ്പിട്ടുകൊണ്ട് അവൾ മുമ്പിലും നാലു തോഴിമാർ പിന്നിലുമായി അവർ സുൽത്താന്റെ മുമ്പിലെത്തി വണങ്ങി. പിന്നീട് മുഖ്യ അടിമയായ സുന്ദരി സുൽത്താന് മാത്രം കാണത്തക്കവിധത്തിൽ പർദയുടെ മുഖപടം അല്പം മാറ്റി കുനിഞ്ഞുകൊണ്ടു തന്നെ പറഞ്ഞു.

അങ്ങയുടെ ഓമനയായ പ്രിയപുത്രി നസ്‌റീൻ രാജകുമാരി അങ്ങേയ്ക്കു നൽകാൻ ചുംബനങ്ങൾ അയക്കുന്നു.

ഇതൊരു ഭംഗിവാക്കായിരുന്നു. രാജകുമാരി ഇങ്ങനെയൊരു സന്ദേശം കൊടുത്തയക്കുകയുണ്ടായിട്ടില്ല. മാത്രമല്ല ഇനി പറയാൻ പോകുന്ന കാര്യത്തെപ്പറ്റി, അതായത് സ്‌നാനഗൃഹത്തിൽനിന്നുള്ള യാത്രയെപ്പറ്റി അവൾക്കൊട്ടും ഉൽക്കണ്ഠയുണ്ടായിരുന്നുമില്ല.

സ്‌നാനഗൃഹത്തിൽനിന്ന് രാജകുമാരിക്ക് ഇടനാഴിയിലൂടെ നഗ്നയായി യാത്ര ചെയ്യേണ്ടിവന്നേക്കുമെന്ന പ്രശ്‌നം ഉന്നയിച്ചപ്പോൾ സദസ്സിൽനിന്ന് പല വിധത്തിലുള്ള അശ്ചര്യവചനങ്ങളും കഷ്ടം കഷ്ടമെന്ന പ്രയോഗങ്ങളും മുഴങ്ങി. ഒരാൾമാത്രം തന്റെ മുഖം കൈകൊണ്ടു മൂടി തലതാഴ്ത്തി ഇരുന്നു. അത് രാജശില്പിയായിരുന്നു.

ഞാൻ എന്തെങ്കിലും വഴിയുണ്ടാക്കാം. സുൽത്താൻ പറഞ്ഞു. അടുത്ത സ്‌നാനത്തിന് ഇനി എത്ര ദിവസങ്ങൾ ഉണ്ട്?

രണ്ടു തിരുദിവസങ്ങൾ.

ശരി നിങ്ങൾ പൊയ്‌ക്കോളു.

മുഖ്യ അടിമസുന്ദരി മുഖപടം മാറ്റാതെ കുനിഞ്ഞുകൊണ്ട് പിന്നോക്കം നടന്നു. അപ്രത്യക്ഷയായി. ഒപ്പം തോഴിമാരും.

തലകുനിച്ചു നിൽക്കുന്ന രാജശില്പിയോട് തന്നെ വൈകുന്നേരം വന്ന് കാണണമെന്ന് സുൽത്താൻ ആജ്ഞാപിച്ചു. (സൂര്യനസ്തമിക്കുന്നതിനു മുമ്പ് യാതൊരു ആചാരക്രമവുമില്ലാതെത്തന്നെ അയാളുടെ തലവെട്ടുകയും ചെയ്തു.) പിന്നെ സദസ്സിനോടായി അഭിപ്രായങ്ങൾ ആരാഞ്ഞു.

അതിലോലമായ ഒരു കാര്യമാണിതെന്നും അതിന്റെ മറുപടി സൂക്ഷിച്ചു വേണമെന്നും അറിയാവുന്ന സാമാജികർ മൗനം പാലിച്ചു. അവസാനം നെയ്ത്തു പ്രമാണി എഴുന്നേറ്റു നിന്നു.

അടിയൻ വളരെ നേരിയ, എന്നാൽ സുതാര്യമല്ലാത്ത ഒരു പർദ നിർമ്മിക്കാം. അതുടുത്ത് രാജകുമാരിക്ക് ഇടനാഴിയിലൂടെ വസ്ത്രങ്ങളുള്ള മുറിവരെ നടക്കാമല്ലൊ. അടിയന് ഇരുപത്തിനാലുമണിക്കൂറേ അങ്ങിനെ ഒരു വസ്ത്രമുണ്ടാക്കാൻ സമയമാവശ്യമുള്ളു. വേണമെങ്കിൽ ബാഗ്ദാദിൽ നിന്ന് പ്രത്യേകം നെയ്ത്തുകാരെ കൊണ്ടുവന്ന് രണ്ടാഴ്ചക്കുള്ളിൽ ഇതിലും വിശിഷ്ടമായ ഒരു വസ്ത്രം പിന്നീടുണ്ടാക്കുകയും ചെയ്യാം.

അതൊരു നല്ല കാര്യമാണെന്നു തോന്നി. സുൽത്താൻ അങ്ങിനെയാവട്ടെ എന്ന് കൽപ്പിക്കുകയും ചെയ്തു.

പ്രശ്‌നം ഭംഗിയായി പരിഹരിക്കപ്പെട്ടു എന്നറിഞ്ഞ് സാമാജികർ ആശ്വസിക്കുകയും നെയ്ത്തു പ്രമാണിയുടെ ബുദ്ധിയെ പ്രശംസിക്കുകയും ചെയ്തു.

പ്രശ്‌നം പക്ഷേ അവിടം കൊണ്ടവസാനിച്ചില്ല. രാജകുമാരി പുതിയ വസ്ത്രം ഇടാൻ സമ്മതിച്ചില്ല.

നീരാട്ടു കഴിഞ്ഞ് സുഗന്ധലേപനങ്ങളാൽ അഭിഷിക്തയായ രാജകുമാരിയെ പുതിയ തിരുവസ്ത്രം ധരിപ്പിക്കാൻ തോഴികൾ ശ്രമിച്ചു. കുളിച്ചു കഴിഞ്ഞാൽ രാജകീയ വസ്ത്രങ്ങൾ ഉടുക്കുന്നതിനു മുമ്പുള്ള താൽക്കാലിക വസ്ത്രം അവൾക്കിഷ്ടപ്പെട്ടില്ല. അവൾ അതെടുത്ത് പൊയ്കയിലെ വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് വാതിൽ കടന്ന് ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങി.

ഇത് സ്വാഭാവികമായും തോഴികൾക്കിടയിൽ സംഭ്രാന്തി പരത്തി. അവർ നഗ്നരായിത്തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടി, രാജകുമാരിക്കു ചുറ്റും ഒരു വലയം സൃഷ്ടിച്ചു. ഒരു വിധം രാജകുമാരിയെ നേപഥ്യഗൃഹത്തിലെത്തിച്ചു.

ഈ ബഹളം കേട്ട് നോക്കിയവർ ഒരു നോക്കുനോക്കി കണ്ണുപൊത്തി. കാരണം തല ഉടലിൽ തന്നെ വേണമെന്നവർക്ക് നിർബ്ബന്ധമായിരുന്നു.

സുൽത്താൻ വൈകുന്നേരം തന്റെ പൊന്നോമനയെ ഗുണദോഷിച്ചു. നീ ഇപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല. പതിനാറു വയസ്സിൽ ഒരു പെൺകുട്ടിക്ക് ഇങ്ങിനെയൊന്നും നടക്കാൻ പാടില്ല.

പ്രതികരണം ഒരു പൊട്ടിക്കരച്ചിലായിരുന്നു. അതിന്റെ അന്ത്യത്തിൽ സുൽത്താൻ പറഞ്ഞു.

ശരി, ശരി. ഞാൻ വേറെ എന്തെങ്കിലും വഴിയുണ്ടാക്കാം.

വീണ്ടും സുൽത്താൻ ഷാഹുൽ അൽ റഷീദിന്റെ തിരുസഭ വിളിയ്ക്കപ്പെട്ടു. പ്രശ്‌നം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി അവതരിപ്പിക്കപ്പെട്ടു.

ഒരു കനത്ത നിശ്ശബ്ദത സഭയെ വലയം ചെയ്തു. അസ്വസ്ഥജനകമായ ആ നിശ്ശബ്ദത അവസാനിപ്പിച്ചത് നെയ്ത്തു പ്രമാണി തന്നെയായിരുന്നു.

അടിയന്റെ പഴമനസ്സിൽ ഒരു ഉപായം തോന്നുന്നു.

ഉണർത്തിച്ചുകൊള്ളു. സുൽത്താൻ കേൾക്കാൻ തയ്യാറാണ്.

സുൽത്താന്റെ വലംകയ്യായ സിദ്ധിക്ക് തന്റെ ഊശാംതാടി ഉഴിഞ്ഞുകൊണ്ട് അനുമതി കൊടുത്തു.

അടിയൻ കട്ടിയുള്ള കറുപ്പുതുണി കൊണ്ട് കണ്ണുമൂടിക്കെട്ടാൻ ഒരു തിരസ്‌കരണി നിർമ്മിക്കാം. അത് കൊട്ടാരത്തിലെ അന്തേവാസികളും, കൊട്ടാരം സന്ദർശകരും നിർബ്ബന്ധമായി ഒപ്പം കൊണ്ടുനടക്കണം. രാജകുമാരി സ്‌നാനഗൃഹത്തിൽനിന്ന് പുറത്തു കടക്കുന്നതിനു മുമ്പ് ഒരു മണി മുട്ടണം. അതിന്റെ ഘനശബ്ദം കേട്ടാൽ എല്ലാവരും ഈ തിരസ്‌കരണി ധരിയ്ക്കണം, വീണ്ടും ഒരു മണിയൊച്ച കേൾക്കുന്നതുവരെ. ഈ തിരസ്‌കരണിയിൽ കണ്ണുകളുടെ സ്ഥാനത്ത് ഇരട്ടശീല വെച്ചു പിടിപ്പിക്കുന്നതിനാൽ ഒന്നും കാണാൻ പറ്റുകയില്ല. എന്റെ ഇരുപത്തഞ്ചു തയ്യൽക്കാർ രണ്ടുദിവസം ജോലി ചെയ്താൽ കൊട്ടാരത്തിലെ അഞ്ഞൂറിൽ പരം വരുന്ന അന്തേവാസികൾക്കും ഇരുന്നൂറിൽ പരം വരുന്ന സന്ദർശകർക്കും ആവശ്യത്തിനുള്ള തിരസ്‌കരണി ഉണ്ടാക്കാൻ പറ്റും.

സാമാജികരുടെ അടക്കിയ സ്വരത്തിലുള്ള അഭിപ്രായപ്രകടനങ്ങളിൽനിന്നും സുൽത്താന്റെ മുഖത്തുണ്ടായ ഭാവഭേദത്തിൽനിന്നും ഈ നിർദ്ദേശം പരക്കെ അംഗീകരിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞു.

പെട്ടെന്നാണ് വൃദ്ധനായ മന്ത്രി ആലം ഫക്കീറുദ്ദീൻ തന്റെ ചുവന്ന ചായം തേച്ച നീണ്ട താടി ഉഴിഞ്ഞുകൊണ്ടു പറഞ്ഞത്.

കാര്യമൊക്കെ ശരിതന്നെ. സുൽത്താന്റെ ആജ്ഞ എല്ലാവരും പാലിക്കുക തന്നെ ചെയ്യും. പക്ഷേ ഈ കനത്ത ശീലയ്ക്കു പിറകിലെ കണ്ണുകൾ തുറന്നുതന്നെയിരിക്കുന്നതിനാൽ അല്പം കുബുദ്ധികൾ തിരസ്‌കരണിയിൽ നോക്കിയാൽ മനസ്സിലാവാത്ത വിധത്തിൽ സൂചികൊണ്ട് ഒരു ദ്വാരം ഉണ്ടാക്കിയാൽ നിഷേധിക്കപ്പെട്ട കാഴ്ച ശിക്ഷാഭയമില്ലാതെത്തന്നെ കാണാൻ പറ്റും.

ആംങ് ........... ഒറ്റക്കെട്ടായി സാമാജികർ പറഞ്ഞു. ശരിയാണത്.

ഇതിനേക്കാൾ നല്ല വഴി അടിയന്റെ എളിയ മനസ്സിൽ ഇപ്പോൾ ഈ നിമിഷത്തിൽ ഉദിച്ചിട്ടുണ്ട്.

ഉണർത്തിച്ചുകൊള്ളു. സിദ്ധിക്ക് താടി ഉഴിഞ്ഞുകൊണ്ടു പറഞ്ഞു. സുൽത്താൻ കേൾക്കാൻ തയ്യാറാണ്.

തന്റെ മനസ്സിൽ രൂപം കൊണ്ട സംവിധാനം ആലം ഫക്കീറുദ്ദീൻ തിരുമുമ്പിൽ ഉണർത്തിച്ചു. അതിന്റെ ഏക ദേശ രൂപം ഇതാകുന്നു.

രാജകുമാരി സ്‌നാനഗൃഹത്തിൽനിന്ന് പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു കാപ്പിരി അടിമപ്പെണ്ണ് ഒരു ചേങ്ങല മുട്ടിക്കൊണ്ട് ഇടനാഴിയിൽക്കൂടി നേപഥ്യഗൃഹം വരെ നടക്കുക അപ്പോൾ ഇടനാഴിയിലുവർ അവിടെ നിന്ന് ഒഴിഞ്ഞുമാറണം. രാജകുമാരി പുറത്തിറങ്ങുമ്പോൾ പതിനൊന്ന് ഈജിപ്റ്റ് അടിമസുന്ദരികൾ ഒപ്പം നടക്കണം. മുമ്പിൽ നടക്കുന്ന അടിമ സുന്ദരി ഒരു ചേങ്ങല മുട്ടിക്കൊണ്ടിരിക്കണം. അവൾക്കു പിന്നിൽ അഞ്ച് അടിമ സുന്ദരികളും. ഈ രണ്ടു വരികൾക്കുമിടയിൽ രാജകുമാരി നടക്കണം.

ആദ്യത്തെ ചേങ്ങല ശബ്ദം കേട്ടിട്ടും സ്ഥലം വിടാൻ അവസരം കിട്ടാതിരുന്നവരോ. അല്ലെങ്കിൽ ആകസ്മികമായി ഇടനാഴിയിൽ ആ സമയത്ത് എത്തപ്പെട്ടവരോ ചേങ്ങല ശബ്ദം കേട്ടാൽ കണ്ണടച്ച് നിലത്ത് കമിഴ്ന്നു കിടക്കണം, വീണ്ടും ഒരു കാപ്പിരി അടിമപ്പെണ്ണ് ഇരട്ടച്ചേങ്ങല ശബ്ദം കേൾപ്പിക്കും വരെ.

ഈ സംവിധാനം പെട്ടെന്നുതന്നെ അംഗീകരിക്കപ്പെട്ടു. കൊട്ടാരം മൂശാരിക്ക് ലതാദികളിൽ ആലേഖനം ചെയ്ത മൂന്ന് വെള്ളോട് ചേങ്ങലയുണ്ടാക്കാൻ കരാർ നൽകപ്പെട്ടു. വെള്ളോടിൽ ചേർക്കാൻ ചെമ്പ് കിട്ടാനില്ലാത്തതുകൊണ്ട് സുൽത്താൻ തന്റെ പഴയ നാണയങ്ങളുടെ അമൂല്യ ശേഖരത്തിൽനിന്ന് മൂന്നു ചെമ്പു നാണയങ്ങൾ എടുത്തു കൊടുത്തു. ആ ചെമ്പു നാണയങ്ങൾ സൂക്ഷ്മമായും വെള്ളോട് ഉണ്ടാക്കാൻ ഉപയോഗിക്കുന്നില്ലേ എന്ന് നോക്കാൻ പാറാവുകാരനേയും ഏർപ്പെടുത്തി. മതിയാവാത്ത ഭാഗം സ്വർണ്ണം ലോഭമെന്യേ കൂട്ടിച്ചേർത്തു. അതുകൊണ്ട് ചേങ്ങലയുടെ ശബ്ദം വളരെ സ്‌ത്രൈണമായി. ഓരോ പ്രാവശ്യം ചേങ്ങലയുടെ പതിഞ്ഞ സ്‌ത്രൈണശബ്ദം കേൾക്കുമ്പോഴും സുൽത്താൻ തന്റെ രാജ്യത്തെ ചെമ്പുദാരിദ്ര്യത്തെ ഓർത്ത് നെടുവീർപ്പിടും.

പെരുമ്പറയും കൊട്ടി പട്ടാളക്കാർ തെരുവീഥികളിൽ സുൽത്താന്റെ സന്ദേശവുമായി കറങ്ങി. ചേങ്ങലയുടെ ശബ്ദം കേട്ടാൽ കണ്ണടച്ച് കമിഴ്ന്ന് കിടക്കണമെന്നും, അങ്ങിനെ കിടന്നില്ലെങ്കിൽ പിന്നീടൊരിക്കൽ കിടക്കാൻ അവസരം കിട്ടാത്ത വിധത്തിൽ തല ദേഹത്തുനിന്ന് തെറിക്കുമെന്നും അസന്നിഗ്ദ്ധമായി വിളംബരം ചെയ്യപ്പെട്ടു.

വെള്ളിയാഴ്ച രാജകുമാരിയുടെ നീരാട്ടു ദിവസമായിരുന്നു. ദൂരെയുള്ള മരുപ്പച്ചകളിലെ ആഴമുള്ള കിണറുകളിൽ നിന്ന് തണുത്ത ജലം ഒട്ടകപ്പുറത്ത് കൊണ്ടുവന്ന് നീന്തൽ പൊയ്ക നിറച്ചു. ആ സ്ഫടികജലത്തിൽ സുഗന്ധ ദ്രവ്യങ്ങൾ വിചിത്രമായ കുപ്പികളിൽ നിന്ന് ഒഴിച്ച് മിശ്രണം ചെയ്യപ്പെട്ടു. ആഘോഷങ്ങൾക്കും ആഹ്ലാദത്തിമർപ്പുകൾക്കും ഇടയിൽ നീരാട്ടു കഴിഞ്ഞു. രാജകുമാരിയുടെ പൂപോലെയുള്ള ദേഹത്ത് സുഗന്ധദ്രവ്യങ്ങൾ ലേപനം ചെയ്യപ്പെട്ടു. സ്‌നാനഗൃഹം വിടാൻ സമയമായപ്പോൾ ഒരു കാപ്പിരി അടിമപ്പെണ്ണ് ഒന്നാം ചേങ്ങല മുട്ടിക്കൊണ്ട് ഇടനാഴിയിലെ പരവതാനിയിലൂടെ നടന്നു.

കൊട്ടാരം അന്തേവാസികൾക്കും സന്ദർശകർക്കും അതൊരു മുന്നറിയിപ്പായി. അവർ ഇടനാഴി ഒഴിവാക്കി അവരവരുടെ മുറികളിലോ, കൊട്ടാരത്തിനു പുറത്തു തന്നെയോ കാത്തു നിന്നു.

രണ്ടാമത്തെ ചേങ്ങല മുട്ടിക്കൊണ്ട് ഈജിപ്റ്റ് അടിമസുന്ദരി നഗ്നയായി മുന്നിലും പിന്നിൽ നഗ്നകളായ അഞ്ച് അടിമസുന്ദരികളുടെ രണ്ടു നിരയുടെ നടുവിലായി രാജകുമാരിയും നഗ്നയായി നടന്നു. ഇടനാഴി വിടാൻ സമയം കിട്ടിയിട്ടില്ലാത്തവർ കണ്ണടച്ച് കമിഴ്ന്നു കിടന്നു. ഘോഷയാത്ര ഇടനാഴിയിലെ ചുവപ്പും മഞ്ഞയും പൂക്കളുള്ള പരവതാനിയിലൂടെ പുരോഗമിച്ചു. അപ്പോഴാണ് ആ അത്യാഹിതമുണ്ടായത്.

കൊട്ടാരത്തിൽ വിരുന്നുകാരനായ ചെറുപ്പക്കാരനായ പേർഷ്യൻ കവി അബ്ദുൾ ബിൻ സയ്യദ് താമസിക്കുന്ന മുറിയുടെ വാതിൽ തുറന്നുകിടന്നിരുന്നു. ആ വാതിലിലൂടെ കവി ഇടനാഴിയിലേക്കു വന്നതും നഗ്നസുന്ദരികളുടെ ഘോഷയാത്ര അവിടെ എത്തിയതും ഒന്നിച്ചായിരുന്നു. കാഴ്ച ശ്വാസം പിടിച്ചു നിർത്തുന്നതായിരുന്നു. ഒരു നിമിഷം ഘോഷയാത്ര കവിയുടെ ധാർഷ്ട്യത്തിനു മുമ്പിൽ അനങ്ങാതെ നിന്നു. രാജകുമാരിയാവട്ടെ ഒന്നും സംഭവിക്കാത്ത മട്ടിൽ കവിയെ നോക്കി പുഞ്ചിരിക്കുകയും യാത്ര തുടരുകയും ചെയ്തു.

കവിയുടെ പ്രതികരണം നിമിഷകവിതയായി പുറത്തേയ്‌ക്കൊഴുകി.

'ഞാൻ എന്താണ് കാണുന്നത്
ആയിരം ആമ്പൽപ്പൂക്കൾക്കിടയിൽ ഒരു താമരയോ
അല്ലാ യാത്രയിൽ ഒരു തിരിവിൽ കണ്ട
കാട്ടുപൂക്കളോ എന്റെ മുമ്പിൽ
അതോ പറുദീസയിൽ നിന്ന്
ഭൂമിയിലേക്കിറങ്ങിവന്ന ഹൂറികളോ'
പിന്നെ രാജകുമാരിയെ നോക്കി അയാൾ തുടർന്നു.
'ഞാൻ ഇത്രയും കാലം എന്തിനെ തേടിയോ
അതിന്റെ സാക്ഷാത്കാരമാണു നീ
നിന്റെ മനോജ്ഞമായ മിഴിയിണകൾ
എന്നെ തോല്പിച്ചടിമയാക്കുന്നു
നിന്റെ മാറിലെ മുകുളങ്ങൾ
എന്റെ വിരിയാൻ വെമ്പുന്ന സായൂജ്യമാണ്
നിന്റെ അഴകാർന്ന നിതംബം
ആരുടെ തഴുകലിനായി കാത്തുനിൽക്കുന്നു?'

രാജഭടന്മാർ കവിയെ ബന്ധിച്ചു കൊണ്ടു പോകുമ്പോഴും കവി പാടുകയായിരുന്നു. സഖിമാരാൽ വസ്ത്രഭൂഷാദികൾ അണിയിക്കപ്പെട്ടിരുന്ന രാജകുമാരി കവിയുടെ കവിതകൾ കേട്ടു കോൾമയിർ കൊണ്ടു. അവൾ ചോദിച്ചു. ആരാണയാൾ?

ഒരു കവിയാണയാൾ. ഒരു അടിമസുന്ദരി പറഞ്ഞു.

അടുത്തുതന്നെ അദ്ദേഹം ഒരു കവിയായിരുന്നു എന്നു പറയേണ്ടി വരും.

വേറൊരു അടിമസുന്ദരി പറഞ്ഞു.

അതെന്താണ് കാരണം? രാജകുമാരി തന്റെ സ്വതസ്സിദ്ധമായ സാരള്യത്തോടെ ചോദിച്ചു.

കാരണം അയാളുടെ തലപോകും. അതുതന്നെ.

പാവം.

രാജകുമാരി പറഞ്ഞു. അവൾക്കു വ്യസനമായി. പക്ഷേ നിഷ്‌കളങ്കയായ രാജകുമാരിക്ക് വ്യസനവും സന്തോഷംപോലെത്തന്നെ ക്ഷണഭംഗുരമാണ്. അവൾ വീണ്ടും തന്റെ അടിമ സുന്ദരികളായ തോഴിമാരുടെ ശ്രദ്ധകളിൽ മുഴുകി.

വെള്ളിയാഴ്ച സുൽത്താൻ ഒരു വിധ ശിക്ഷാനടപടികളും എടുക്കാറില്ല. അതുകൊണ്ട് പിറ്റേന്ന് രാവിലെവരെ കവിയെ കൽത്തുറുങ്കിൽ അടച്ചു.

രാത്രി നിസ്‌കാരം കഴിഞ്ഞ് പള്ളിക്കുറുപ്പിന് എഴുന്നള്ളിയ സുൽത്താന് ഉറക്കമുണ്ടായില്ല. ആരോ മനോഹരങ്ങളായ കവിതകൾ ഉറക്കെ ചൊല്ലുന്നു. തന്റെ പ്രാണപ്രേയസിയുടെ വിയോഗത്തിനുശേഷം സുൽത്താൻ കൊട്ടാരത്തിൽ കവിതവായന നിരോധിച്ചിരുന്നു. ആരാണ് ഇപ്പോൾ രാത്രിയുടെ ശാന്തത തകർക്കാൻ പാടുന്നത്.

പാറാവുകാരൻ വിളിക്കപ്പെട്ടു.

ആരാണ് രാത്രി ഉറങ്ങേണ്ട സമയത്ത് ഉറക്കെ പാടുന്നത്?

അടിയൻ, അത് ഇന്ന് തടവറയിലാക്കിയ കവിയാണ്. രാജകുമാരിയുടെ നീരാട്ടു ഘോഷയാത്രയുടെ സമയത്ത് കണ്ണടച്ചു കമിഴ്ന്നു കിടക്കാതെ നോക്കിനിൽക്കുക വഴി രാജകല്പന ലംഘിച്ച കശ്മലനാണ് അത്. ഇന്ന് വെള്ളിയാഴ്ച തിരുമനസ്സു കൊണ്ട് ആരെയും ശിക്ഷിക്കുകയോ, നീതിപാലനത്തിൽ ഇടപെടുകയോ ചെയ്യാത്തതുകാരണം അയാളെ തടവറയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ സൂര്യൻ ഉദിച്ചു കഴിഞ്ഞാൽ ഒരു മുഹൂർത്തത്തിൽ അയാളെ വിചാരണക്കായി അവിടുത്തെ സമക്ഷത്തിൽ കൊണ്ടുവരും.

ശരി.

പാറാവുകാരൻ പോയപ്പോൾ സുൽത്താൻ വിശാലമായ വാതായനം കടന്ന് മിനാരത്തിനു താഴെയുള്ള മട്ടുപ്പാവിലേക്കു നടന്നു. സുൽത്താനെ പനിനീർ തളിച്ച വിശറികൊണ്ട് വീശിയിരുന്ന രണ്ട് അടിമസുന്ദരികൾ അദ്ദേഹത്തെ പിൻതുടർന്നു. നിലാവിൽ കൊട്ടാരത്തിനു മുമ്പിലുള്ള പൂന്തോട്ടം തിളങ്ങിയിരുന്നു. ഏറ്റവും താഴെ തുറുങ്കിന്റെ വാതായനം മാത്രമേ ഭൂമിയുടെ നിരപ്പിനു മുകളിലുള്ളൂ. അതിലൂടെയാണ് കവിയുടെ പാട്ടിന്റെ അലകൾ പുറത്തേയ്ക്കെത്തുന്നത്. സുൽത്താന് ഇങ്ങിനെ ഒരു സംവിധാനമുണ്ടാക്കിയതിൽ രാജശില്പിയോട് നീരസം തോന്നി. മകളുടെ ശയനാഗാരം തന്റെ പള്ളിയറയുടെ താഴെയാണെന്നും ഈ പ്രേമകവിതകൾ നിഷ്‌കളങ്കയായ അവളും കേൾക്കുന്നുണ്ടാകുമെന്നും അദ്ദേഹമോർത്തു. അതദ്ദേഹത്തെ ചൊടിപ്പിച്ചു. രാജശില്പിക്ക് ഒരു തലകൂടിയുണ്ടെങ്കിൽ വീണ്ടും വെട്ടിക്കളയാമായിരുന്നു. അല്ലെങ്കിൽ ഈ വക അപകടങ്ങൾ ആരും മുൻകൂട്ടി ഗണിച്ചുണ്ടാക്കാറില്ലല്ലോ.

കവി പാടിക്കൊണ്ടിരുന്നു. പെട്ടെന്നാണ് സുൽത്താന് രഹസ്യം പിടികിട്ടിയത്. അയാൾ പാടുന്നത് തന്റെ ഓമനമകളെപ്പറ്റിയാണ്. അവളുടെ സൗന്ദര്യത്തെപ്പറ്റിയാണ്. ഒരു കവിയുടെ ഭാവന ഇളക്കി വിടാൻ മാത്രം വലുതായി, സുന്ദരിയായി തന്റെ മകൾ എന്ന ചിന്ത അദ്ദേഹത്തിന് ഒരേ സമയം സന്തോഷവും സന്താപവും ഉളവാക്കി.

പിറ്റേന്ന് കുറ്റവാളി സുൽത്താനു മുമ്പിൽ ഹാജരാക്കപ്പെട്ടു.

രാജകുമാരി നീരാട്ടുകഴിഞ്ഞ് നേപഥ്യ ഗൃഹത്തിലേക്കു പോകുമ്പോൾ നീ നോക്കിയിരുന്നു. എന്നു പറയുന്നതു സത്യമാണോ?

അതെ.

ചേങ്ങലയുടെ ശബ്ദം കേട്ടാൽ കണ്ണടച്ച് കമിഴ്ന്നു കിടക്കണമെന്ന രാജശാസന നീ കേട്ടില്ലേ?

ചേങ്ങലയെപ്പറ്റി എന്തോ അറിയിപ്പ് ഞാൻ കേട്ടു, ശ്രദ്ധിച്ചില്ല. ഞാൻ കവിത എഴുതുന്ന തിരക്കിലായിരുന്നു.

ആ അറിയിപ്പ് ശ്രദ്ധിച്ചിരുന്നെങ്കിൽ നീ ഈ കുറ്റകൃത്യം ചെയ്യുമായിരുന്നുവോ?

കവി ആലോചിച്ചു. പിന്നെ സാവധാനത്തിൽ പറഞ്ഞു.

ഇതൊരു കുറ്റകൃത്യമാണെന്ന് ഞാൻ കരുതുന്നില്ല. അനാച്ഛാദിത സൗന്ദര്യം നിങ്ങൾക്ക് ഒരു കവിയുടെ കണ്ണിൽ നിന്നു മറയ്ക്കാൻ കഴിയുകയില്ല. അവൻ ഉൾക്കണ്ണുകൊണ്ടെങ്കിലും അതു കാണും.

നീ ചെയ്ത കാര്യത്തിൽ നിനക്ക് പശ്ചാത്താപമുണ്ടോ?

ഇല്ല. മറിച്ച് കണ്ണടച്ചിരുന്നെങ്കിൽ ഞാൻ എനിയ്ക്ക് ഒരിക്കലും മാപ്പു കൊടുക്കില്ലായിരുന്നു.

അതും പറഞ്ഞ് കവി വീണ്ടും ഒരു ഇളം ശരീരത്തെപ്പറ്റി കവിത പാടാൻ തുടങ്ങി.

ഇവന്റെ തല കൊയ്യൂ.

സുൽത്താൻ ഉത്തരവിട്ടു. പട്ടാളക്കാർ കവിയെ ബന്ധിച്ചു കൊണ്ടുപോകാൻ ഒരുങ്ങി.

നിൽക്കൂ. സുൽത്താൻ പറഞ്ഞു.

കവി അക്ഷോഭ്യനായി തിരിഞ്ഞുനിന്നു. അയാളുടെ മുഖം സുന്ദരമായിരുന്നു. വളർന്ന താടിയും തലമുടിയും ഒതുക്കമില്ലാതെ കിടന്നിരുന്നു.

മരിക്കുന്നതിനുമുമ്പ് നിനക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ പറയൂ.

നിവൃത്തിച്ചുതരുമെന്ന് ഉറപ്പു തന്നാൽ പറയാം.

സുൽത്താൻ ഷാഹുൽ അൽറഷീദ് സ്വന്തം വാക്കുകൾ പാഴാക്കാറില്ല.

എങ്കിൽ, കവി പറഞ്ഞു. എനിയ്ക്ക് മരിക്കുന്നതിനു മുമ്പ് ഒരിക്കൽക്കൂടി രാജകുമാരിയെ നഗ്നയായി കാണണം.

സുൽത്താൻ ഞെട്ടി. പട്ടാളക്കാർ ഞെട്ടി. സഭാവാസികൾ ഞെട്ടി.

ഇയാളെ ഞാൻ പറയുന്നതുവരെ കൽത്തുറങ്കിൽ ഇട്ടടയ്ക്കൂ. സുൽത്താൻ അലറി.

പിന്നെ അയാളുടെ വാതായനങ്ങൾ കല്ലുവെച്ചു മൂടുകയും ചെയ്യൂ. ശബ്ദം പുറത്തു കടക്കരുത്.

സുൽത്താൻ ആകെ ഉലഞ്ഞിരുന്നു. ഒന്നുകിൽ താൻ വാക്കുകൾക്ക് വില കൽപിക്കുന്നില്ലെന്ന് സമ്മതിക്കേണ്ടി വരും അല്ലെങ്കിൽ? സുൽത്താൻ മന്ത്രി അലം ഫക്കീറുദ്ദീനേയും ഇഷ്ടതോഴനായ സിദ്ദിക്കിനേയും വിളിപ്പിച്ചു.

എന്താണൊരു മാർഗ്ഗം?

മൂന്നു തലച്ചോറുകൾ മണിക്കൂറുകളും ദിവസങ്ങളും കഠിനമായി പ്രവർത്തിച്ചു. എവിടെയും എത്തിയില്ല. കവിയുടെ ശിരസ്സ് കഴുത്തിൽത്തന്നെ നിൽക്കുക മാത്രമല്ല അവിടെ നിന്ന് കവിത അനർഗ്ഗളം പ്രവഹിക്കുകയും ചെയ്തു. വാതായനം മൂടിയ കൽച്ചുമരിന്റെ സൂക്ഷ്മസുഷിരങ്ങളിലൂടെ ആ ശബ്ദം പുറത്തേക്കൊഴുകുക തന്നെ ചെയ്തു.

രാത്രി വൈകുംവരെ മട്ടുപ്പാവിലിരുന്ന് നസ്‌റീൻ രാജകുമാരി ആ കവിതകൾ ശ്രദ്ധിച്ചു.

'എന്റെ ജീവിതമാകുന്ന കാരവാൻ തകർന്നു
എന്റെ ഒട്ടകങ്ങൾ ചത്തൊടുങ്ങി
നശിക്കാത്തവ ഓടിപ്പോയി
ഞാൻ മാത്രം
ഈ മണലാരണ്യത്തിൽ ഏകനായി
നിന്നോടുള്ള പ്രേമം മാത്രം
മുറുകെപ്പിടിച്ച് നിന്നെക്കാണുവാനായ്
നഗ്നപാദനായ്........'

സുൽത്താൻ ദിനംപ്രതി ക്ഷീണിച്ചു വന്നു. അദ്ദേഹത്തിന് ഊണും ഉറക്കവുമില്ലാതായി. നസ്‌റീൻ പിതാവിന്റെ ആധിയെപ്പറ്റി അന്വേഷിച്ചതിന് തൃപ്തികരമായ മറുപടിയുണ്ടായില്ല.

ഇഷ്ടതോഴിയായ റസിയോടന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്.

ഇത്രയേ ഉള്ളൂ?

അവൾ സുൽത്താന്റെ പള്ളിയറയിലേക്കു പോയി. അവിടെ സുൽത്താൻ മനോഹരമായ പരവതാനിക്കു നടുവിൽ വിരിച്ചിട്ട മെത്തമേൽ ചുറ്റുമുള്ള ഉരുളൻ തലയിണകൾക്കു നടുവിൽ ക്ഷീണിച്ചു കിടപ്പായിരുന്നു. തൊട്ടടുത്തുള്ള കൊത്തു പണികളുള്ള കുറിയ മേശമേൽ വെച്ച വെള്ളിക്കപ്പിൽ നിറച്ച മുന്തിരിച്ചാറിൽ ഈച്ചകൾ വീണിരുന്നു.

അവൾ കൈ കൊട്ടിയപ്പോൾ ഒരു പാറാവുകാരൻ പ്രത്യക്ഷപ്പെട്ട് താണു വണങ്ങി നിന്നു.

മുന്തിരിച്ചാറുള്ള കപ്പ് ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.

ഇതു മാറ്റി നല്ല മുന്തിരിച്ചാറും ഭക്ഷണവും കൊണ്ടുവരാൻ പറയൂ.

ശരി. പാറാവുകാരൻ തല കുനിച്ചു കൊണ്ട് പിൻവാങ്ങി.

നിമിഷങ്ങൾക്കകം നാലു സുന്ദരികൾ താലത്തിൽ മുന്തിരിച്ചാറും ഭക്ഷണവുമായി എത്തി. സുൽത്താൻ ഒരു പരിതപ്ത നിമിഷത്തിൽ എല്ലാ സുന്ദരികളേയും തന്റെ അറയിൽ നിന്ന് പുറത്താക്കിയതായിരുന്നു.

സാധനങ്ങൾ മാർബ്ൾ മേശമേൽ നിരത്തിയശേഷം അവരോട് പൊയ്‌ക്കൊള്ളാൻ നസ്‌റീൻ ആവശ്യപ്പെട്ടു. അവൾ തന്നെ മുന്തിരിച്ചാറ് വെള്ളിക്കപ്പിലാക്കി പിതാവിന് കൊടുത്തു. അദ്ദേഹം അതു വാങ്ങി കുടിച്ചു. സാവകാശത്തിൽ അദ്ദേഹത്തെക്കൊണ്ട് കുറച്ച് ഭക്ഷണം കഴിപ്പിക്കാനും അവൾക്കു പറ്റി.

പെട്ടെന്ന് കവിയുടെ കവിതാശകലങ്ങൾ വളരെ ദൂരെയെന്നവണ്ണം കേൾക്കാൻ തുടങ്ങി.

'അവർ പറയുന്നു
എന്റെ മരണമടുത്തെന്ന്
പക്ഷേ അതിലെന്തിരിക്കുന്നു
എന്റെ പ്രേമം അനശ്വരമാണ്
എന്റെ ആത്മാവ്
ഏതെങ്കിലും മരുപ്പച്ചയുടെ
ശീതളഛായയിൽ
നിന്റെ ആത്മാവിനേയും കാത്ത്
കയാമത്ത് നാൾവരെയിരിക്കും
ഋതുക്കളും വർഷങ്ങളും കൊഴിഞ്ഞു വീഴുന്ന
കാലത്തിന്റെ രാജവീഥിയിൽ
ഈ ദൂരം എത്ര ചെറുതാണ്.'

നസ്‌റീൻ പിതാവിനെ നോക്കി മന്ദഹസിച്ചു. അദ്ദേഹം ചിന്താകുലനായി.

പിതാവ് ഞാൻ പറഞ്ഞാൽ കേൾക്കുമോ?

എന്റെ പൊന്നോമന പറഞ്ഞതല്ലാതെ ഞാൻ എന്താണ് കേൾക്കുക?

കവിക്ക് മരിക്കുന്നതിനു മുമ്പ് എന്നെ പിറന്നപടി കാണണമെങ്കിൽ കണ്ടോട്ടെ. ഏതായാലും അയാൾ മരിക്കാൻ വിധിക്കപ്പെട്ട ആളാണ്. പിന്നെ എന്താണ് കുഴപ്പം?

സുൽത്താൻ ഞെട്ടി. തന്റെ പ്രിയപുത്രിക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നത് ഒരു ജാള്യതയോടെ അദ്ദേഹം മനസ്സിലാക്കി.

നീണ്ട സംവാദങ്ങൾക്കുശേഷം സുൽത്താനെ ബോദ്ധ്യപ്പെടുത്താൻ നസ്‌റീനു കഴിഞ്ഞു.

ഇങ്ങിനെയാണ് തീർച്ചയാക്കിയത്. അടുത്ത വെള്ളിയാഴ്ച (കാരണം തിങ്കളാഴ്ചക്കുളി ഇന്നലെ കഴിഞ്ഞു, അത്യാഹിതങ്ങളൊന്നുമില്ലാതെ തന്നെ.) കുളി കഴിഞ്ഞുള്ള ഘോഷയാത്രക്കിടയിൽ കവിക്ക് തന്നെ ഒരുനോക്കു കാണാൻ അവസരം കൊടുക്കാം.

വെള്ളിയാഴ്ചത്തെ നീരാട്ടു കഴിഞ്ഞ് സുഗന്ധ ദ്രവ്യങ്ങളാൽ ആലേപനം ചെയ്ത രാജകുമാരി തന്റെ അടിമ സുന്ദരികളായ സഖികളാൽ വലയം ചെയ്യപ്പെട്ട് ചുവപ്പും മഞ്ഞയും പൂക്കളുള്ള പതുത്ത പരവതാനിയിട്ട ഇടനാഴിയിലൂടെ നേപഥ്യഗൃഹത്തിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു.

ചേങ്ങല മുട്ടി മുമ്പിൽ നടന്ന നഗ്നയായ പെൺകുട്ടിക്കും പിന്നിൽ ഒരു വരിയിൽ അഞ്ചു നഗ്നസുന്ദരികൾക്കും അതിനു പിന്നിലെ വരിയിലെ അഞ്ചു നഗ്നസുന്ദരികൾക്കും ഇടയിൽ സുന്ദരിയായ നസ്‌റീൻ രാജകുമാരി നഗ്നയായി, നഗ്നപാദയായി നടന്നു. അവൾ ഒരു ഭ്രാന്തൻ കവിയുടെ കണ്ണുകൾ അന്വേഷിച്ച് ചുറ്റും നോക്കി. ഇടനാഴിയുടെ പകുതി ദൂരം പിന്നിട്ടപ്പോഴാണ് അവൾ കവിയെ കണ്ടത്. കവിയുടെ ഒപ്പമുള്ള മൂന്ന് പട്ടാളക്കാർ കമിഴ്ന്നു കിടക്കുകയായിരുന്നു.

പെട്ടെന്ന് നസ്‌റീൻ ഉറക്കെ പൊട്ടിച്ചിരിച്ചു. കാരണം കവിയും നഗ്നനായിരുന്നു. നഗ്നയായ രാജകുമാരിയെ കാണാൻ പോകുമ്പോൾ താനും സ്വയം നഗ്നനാവുന്നതാണ് ഔചിത്യമെന്ന് കവി കരുതി. അതുകൊണ്ട് പട്ടാളക്കാർ കമിഴ്ന്നു കിടന്നപ്പോൾ അദ്ദേഹം സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റി. ഈ ഔചിത്യബോധമാണ് അദ്ദേഹത്തെ മികച്ച കവിയാക്കിയത് എന്ന് പിന്നീട് പലരും പറയുകയുണ്ടായിട്ടുണ്ട്.

രാജകുമാരി നിന്നുകൊണ്ട് അയാളുടെ നഗ്നത നോക്കി ഉറക്കെ ചിരിച്ചു. മൂക്കിനു നേരെ മുന്നോട്ടു നടന്നിരുന്ന തോഴിമാർ ഒരു വശത്ത് അപകടം പതിയിരുന്നത് കണ്ടില്ല. രാജകുമാരിയുടെ ചിരിയുടെ കാരണം കണ്ടുപിടിക്കാൻ ശ്രമിച്ച ആ നഗ്ന സുന്ദരികൾ ബോധം കെട്ടുവീണു. ബോധംകെടാൻ മാത്രം ഭാഗ്യം ചെയ്തിട്ടില്ലാത്തവർ കണ്ണു പൊത്തി കുമ്പിട്ടിരിക്കയും സർവ്വശക്തനായ ദൈവത്തിന്റെ പേർ വിളിക്കുകയും ചെയ്തു.

രാജകുമാരി ഇതുവരെ ഒരു പുരുഷന്റെ നഗ്നത കണ്ടിട്ടുണ്ടായിരുന്നില്ല. കൊട്ടാരത്തിലെ കർക്കശമായ സദാചാരമുറകൾ രാജകുമാരിയെ ഭോഗാസക്തമായ ചിന്തകളിൽ നിന്നും അറിവുകളിൽനിന്നും രക്ഷിച്ചിരുന്നു. കവിയുടെ പൗരുഷം കൺകുളിർക്കെ കണ്ട നസ്‌റീൻ വളരെ ഉല്ലാസവതിയായി. അപ്പോഴേക്കും ബോധം പകുതിയെങ്കിലും തിരിച്ചുകിട്ടിയ തോഴിമാരോടൊപ്പം നടന്നുനീങ്ങി.

അവൾക്കു വസ്ത്രം ധരിക്കാൻ ധൃതിയുണ്ടായിരുന്നു. അതിനു മുമ്പുതന്നെ അവൾ അവളുടെ ഇഷ്ടതോഴിയായ റസിയ എന്ന അടിമ സുന്ദരിയെ പിതാവിന്റെ അടുത്തേയ്ക്കു വിട്ടു, ഒരടിയന്തിര കാര്യം പറയാൻ താൻ വരുന്നുണ്ടെന്നു പറഞ്ഞയച്ചു.

വളരെ ഉല്ലാസവതിയായ മകളെ കണ്ട് സുൽത്താൻ അത്ഭുതപ്പെട്ടു. നസ്‌റീൻ അപമാനിതയായി വിവർണ്ണയായി കാണപ്പെടുമെന്നാണ് സുൽത്താൻ കരുതിയത്.

എന്റെ പൊന്നുമോൾക്ക് എന്തു വേണം?

നസ്‌റീൻ സുൽത്താന്റെ അടുത്തു ചെന്ന്, അദ്ദേഹത്തിന്റെ കഴുത്തിലൂടെ കയ്യിട്ടു കൊണ്ടു പറഞ്ഞു.

പിതാവേ, ഞാൻ ഒരു കാര്യം ചോദിച്ചാൽ അതു ചെയ്തുതരാമെന്ന വാഗ്ദാനം ചെയ്യൂ.

എന്റെ കിളിക്കുഞ്ഞിനല്ലാതെ വേറെ ആർക്കാണ് ഞാൻ വാഗ്ദാനം ചെയ്യുക?

അദ്ദേഹം നസ്‌റീനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു. അവളുടെ സമൃദ്ധമായ കേശഭാരം അദ്ദേഹം വാത്സല്യത്തോടെ തടവി.

ഒരു കള്ളച്ചിരിയോടെ നസ്‌റീൻ രാജകുമാരി പറഞ്ഞു.

എങ്കിൽ എനിക്ക് ആ ഭ്രാന്തൻകവിയെ കൊണ്ടുവന്നു തരൂ. എനിക്കയാളെ ഇഷ്ടായി.

കലാകൗമുദി - 1989