പഴയൊരു ഭീഷണിക്കാരി


ഇ ഹരികുമാര്‍

ഇരുപതു കൊല്ലത്തിനുശേഷം കാണുകയായിരുന്ന പ്രതിയോഗിയെ നിർമ്മല വൈരം കലർന്ന കൗതുകത്തോടെ നോക്കിപ്പഠിച്ചു. തടിച്ച പ്രകൃതം തന്നെ. ബ്ലൗസിനു താഴെ വെളുത്ത വയർ അല്പം ചാടിയിരിക്കുന്നു. വാസന്തിക്ക് ഇത്ര നിറമുണ്ടായിരുന്നോ? ഓർമ്മയിൽ നിറം കുറഞ്ഞ് തടിച്ച് ഭംഗിയില്ലാത്ത ഒരു കുട്ടിയായിരുന്നു. തന്നേക്കാൾ രണ്ടു വയസ്സു കൂടും. വലിയച്ഛന്റെ മകൾ. ഇപ്പോൾ വട്ട മുഖവും ചിരിയ്ക്കുന്ന കണ്ണുകളുമായി അവൾ ഒരു സുന്ദരിയായിരിക്കുന്നു. വയസ്സു കൂടുതൽ കാണിക്കുമെന്നുമാത്രം. മുപ്പതിനു പകരം മുപ്പത്തഞ്ച്, അല്ലെങ്കിൽ മുപ്പത്തെട്ട്. അതവളുടെ തടി കാരണമാണ്.

വാസന്തിയാണ് ആദ്യം സംസാരിച്ചത്

എന്താ നിമ്മു ഒന്നും മിണ്ടാതെ ഇരിക്കണത്?

നിമ്മു എന്ന വിളിപോലും അവൾ മറന്നിട്ടില്ല. വേറെ ആരും നിർമ്മലയെ ആ പേരിൽ വിളിക്കാറില്ല.

അവൾ ചുറ്റും നോക്കുകയായിരുന്നു. മുറിയ്ക്ക് മാറ്റമൊന്നുമില്ല. ഇരുപതു കൊല്ലമായി മാറ്റമൊന്നുമില്ലാതെ പഴമയുടെ ഗന്ധവുമേറ്റ് താമസിക്കാൻ പറ്റുക! എന്തൊരു ഭാഗ്യമാണ്. താനാകട്ടെ ഇത്രയും കാലം ഊരുചുറ്റുകയായിരുന്നു. ഒരു ജിപ്‌സിയെപ്പോലെ. ആദ്യം അമ്മയുടെയും അച്ഛന്റെയും ഒപ്പം ദില്ലിയിലും ബോംബെയിലും മറ്റും. ഇപ്പോൾ ഭർത്താവിന്റെ ഒപ്പം മദ്രാസിലും ബാംഗ്ലൂരിലും. സൂട്ട്‌കേസെല്ലാം ഒരുക്കി എപ്പോഴും ഒരു യാത്രക്കു തയ്യാറായ പോലെയാണ് ജീവിതം. ഓർമ്മയിൽ തീവണ്ടിയുടെ ഇരട്ടത്താളവും റെയിൽവേസ്റ്റേഷനുകളുടെ ദുർഗന്ധവും നിലനിൽക്കുന്നു. നഗര വീഥികളിലൂടെ ടാക്‌സിയിൽ പോകുമ്പോൾ പിൻതള്ളപ്പെടുന്ന ഉയർന്ന കെട്ടിടങ്ങൾ. കോൺക്രീറ്റ് ചുമരുകളിൽ തട്ടിത്തെറിക്കുന്ന ചൂടേറ്റ് വാടുന്ന ദിവസങ്ങൾ.

നീ ഇപ്പോഴും ഒരു തടിച്ചിയാണ്.

നിർമ്മല പറഞ്ഞു. ഒരിക്കലും ഉടയ്ക്കാൻ പറ്റില്ലെന്നു തോന്നിയിരുന്ന നിശ്ശബ്ദത തകർന്നതിൽ അവൾ സന്തോഷിച്ചു. ഒപ്പംതന്നെ തനിയ്ക്ക് വാസന്തിയോടുണ്ടായിരുന്ന അടുപ്പം വീണ്ടും പ്രകടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും ആശ്വാസവും. ഇത്രകാലവും വാസന്തിയെപ്പറ്റി ഓർക്കുമ്പോഴെല്ലാം തോന്നും ഇനി അവളെ സ്‌നേഹിക്കാൻ പറ്റില്ലെന്ന്. തനിക്ക് അവൾ ഉണ്ടാക്കിയ അളവറ്റ കുറ്റബോധമാണോ ഒന്നുരണ്ടു സന്ദർഭങ്ങളിൽ വാസന്തിയെ കാണാനുള്ള അവസരമുണ്ടായിട്ടും അതിനായി ശ്രമിക്കാതിരുന്നത്?

കടഞ്ഞെടുത്ത കാലുകളുള്ള ഈ കട്ടിൽ അവൾക്കോർമ്മയുണ്ട്. അതുപോലെത്തന്നെ മുറിയിലെ മറ്റു വീട്ടുസാമാനങ്ങളും. മറ്റുള്ള മുറികളിലും മാറ്റമൊന്നുമില്ല. അടുക്കളയിൽ മാത്രം അല്പസ്വല്പം നവീനത വരുത്തിയിട്ടുണ്ട്. ഒരു പ്ലാറ്റ്‌ഫോം വാർത്തിട്ടുണ്ട്. അതിന്മേൽ ഗ്യാസ് സ്സ്റ്റൗ. ഒരരുകിൽ വെള്ളനിറത്തിലുള്ള ഫ്രിഡ്ജ്.

നീ മോളെ കൊണ്ടുവരാഞ്ഞത് നന്നായില്ല.

വാസന്തി പറഞ്ഞു.

ഇത്ര അടുത്ത് വന്നിട്ട് ഞങ്ങളെയൊക്കെ കാണിക്കാതെ അവളെ തിരിച്ചു കൊണ്ടു പോവാണോ?

എന്താന്നറിയോ? നിർമ്മല പറഞ്ഞു. ഞങ്ങളൊരു കല്യാണത്തിന് വന്നതാന്ന് പറഞ്ഞില്ല്യെ. ചടങ്ങ് കഴിഞ്ഞ ഉടനെ ഞാൻ രവിയേട്ടനോട് പറഞ്ഞു വാസന്തിയെ കണ്ടു വരാമെന്ന്. എനിയ്ക്ക് കല്യാണ സദ്യ ഉണ്ണാൻ ഇഷ്ടല്ല. എനിയ്ക്ക് വഴി അറിയോ എന്നൊക്കെ ചോദിച്ചു. കുട്ടിക്കാലത്തെ ഓർമ്മയില് നടന്നു. ഹാളിന്റെ മുമ്പിൽക്കൂടെ നമ്മള് എത്രപ്രാവശ്യം നടന്നിട്ടുണ്ട്. ചുറ്റുപാടും ആകെ മാറിയിരിക്കുന്നു. ഈ വീട് മാത്രം മാറിയിട്ടില്ല.

ഞങ്ങളും മാറിയിട്ടില്ല. വാസന്തി പറഞ്ഞു. ഞങ്ങളിപ്പോഴും പഴയ ആൾക്കാർ തന്നെ.

മോള് അച്ഛൻ കുട്ട്യാണ്. അച്ഛന്റെ ഒപ്പം ഇരുന്ന് സദ്യ ഉണ്ണണംന്ന് പറഞ്ഞിരിക്ക്യാണ്.

നിന്റെപോലെത്തന്നെ. നീയും അച്ഛൻ കുട്ട്യായിരുന്നു. ഓർമ്മണ്ടോ? ഞാൻ ചെറിയച്ഛന്റെ അടുത്ത് വരുമ്പോഴേക്കും നീ ഓടിവന്ന് മടിയിൽ കേറിയിരിക്കാറുള്ളത്.

നിർമ്മലയ്ക്ക് ഓർമ്മയുണ്ട്. തന്നെ ചൊടിപ്പിക്കാനായി പലപ്പോഴും വാസന്തി അച്ഛന്റെ മടിയിൽ കയറുകയും കൊഞ്ചുകയും ചെയ്യാറുണ്ട്. വാസന്തിയെ ഇഷ്ടമില്ലാതിരിക്കാനുള്ള കാരണം അതായിരിക്കണം.

നീ ഒരസത്തായിരുന്നു. നിർമ്മല പറഞ്ഞു.

ആ അഭിപ്രായം വാസന്തി ഒരു പൂച്ചെണ്ടുപോലെ സ്വീകരിക്കുന്നത് നിർമ്മല കണ്ടു.

രാധിക ഇപ്പോൾ അച്ഛന്റെ ഒപ്പമിരുന്ന് ഉണ്ണുന്നുണ്ടാവും. ഇലയിലെ ഓരോ വിഭവങ്ങളും സ്വാദു നോക്കി അവൾ ഭംഗിയായി ഊണുകഴിക്കും. വീട്ടിൽ പക്ഷേ ഊൺമേശക്കു മുമ്പിൽ വൃത്തിയായി ഊണു കഴിക്കാൻ അവളെ ശാസിക്കേണ്ടിവരാറുണ്ട്. ഊണു കഴിയുന്നതുവരെ കാത്താൽ അവളെ കൊണ്ടു വരാമായിരുന്നു. കല്യാണപ്പാർട്ടിയെ കൊണ്ടു വന്ന ബസ്സ് തിരിച്ചുപോകുന്നത് മൂന്നുമണിക്കാണ്. ഊണു കഴിഞ്ഞാലും ഇവിടെ വന്നുപോകാൻ സമയമുണ്ടാകുമായിരുന്നു. പിന്നെ എന്തേ താൻ അവളെ കൊണ്ടു വരാതിരുന്നത്? തനിയ്ക്ക് തന്നെ അറിയാത്ത ഒരു ഭയം.

നീ പോയി രാധികയെയും രവിയേട്ടനേയും വിളിച്ചുകൊണ്ടുവാ. അപ്പോഴേക്കേ ഇവിടെ ഊണ് തയ്യാറാകു. മീൻ കിട്ടിയിട്ടുണ്ട്. അയില. വറുത്തുവെക്കാം.

സമയണ്ടാവില്ല വാസന്തി. ബസ്സ് മൂന്നുമണിക്കുതന്നെപോകും. അവസാന നിമിഷത്തിൽ പോയാൽ ബസ്സിൽ ഇരിക്കാൻ സ്ഥലം കിട്ടിയില്ലെന്നുവരും. മോൾക്കാണെങ്കിൽ ഒരു സൈഡ്‌സീറ്റു തന്നെ വേണം താനും.

മക്കൾ വരാൻ മൂന്നര നാലുമണിയാവും. വാസന്തി പറഞ്ഞു.

താൻ വാസന്തിയുടെ മക്കളെപ്പറ്റിയൊന്നും അന്വേഷിച്ചില്ലെന്നവൾ വല്ലായ്മയോടെ ഓർത്തു.

അവർ ഏതു ക്ലാസിലാണ് പഠിക്കുന്നത്?

വിനോദ് ആറിൽ, ശാന്തി മൂന്നിലും.

രാധികയും മൂന്നിലാണ്.

നീ ഒരു കാര്യം ചെയ്യ്. പോയി അവരേയും കൂട്ടിക്കൊണ്ടുവാ. ഒരാഴ്ച ഇവിടെ താമസിച്ചിട്ടുപോകാം. ദാസേട്ടന് റെയിൽവേയിലൊക്കെ പിടിപാടുണ്ട്. ടിക്കറ്റൊക്കെ ശരിയാക്കിത്തരും.

നിർമ്മലയുടെ ഉള്ളിൽ ഭയം പെരുകാൻ തുടങ്ങി. ചുറ്റുമുള്ള പഴമയെ അവൾ ഭയന്നു. കൊത്തുപണിയുള്ള വാതിലുകൾ, പിച്ചളയുടെ കട്ടിയുള്ള ഓടാമ്പലുകൾ, വാർണിഷ് ഇട്ട തട്ട്, കാവി സിമന്റിട്ട വീതിയുള്ള ഇരുത്തി. നഗരത്തിന്റെ ഒത്ത നടുവിൽ ഈ വീട് ഒരു ആഡംബരമായിരുന്നു. അവൾക്കീ പൗരാണികത ഇഷ്ടമായിരുന്നു. പക്ഷേ അതേ സമയം അവൾ അതിനെ ഭയപ്പെടുകയും ചെയ്തു. ഈ പൗരാണികത കുട്ടിക്കാലത്തുണ്ടാക്കിയ കുറ്റബോധത്തിൽ നിന്നവൾ ഇത്രയും കാലം ഒളിച്ചോടിപ്പോവുകയായിരുന്നു.

ഇനി ഒരിക്കൽ ഞങ്ങൾ വരാം. നിർമ്മല പറഞ്ഞു. ഇപ്പോൾ രവിയേട്ടന് എന്തൊക്കെയോ അത്യാവശ്യ കാര്യങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു.

നിനക്ക് ലക്ഷമിആന്റിയെ കാണണ്ടെ?

നിർമ്മല ശരിക്കും ഞെട്ടി. ഇവിടെ വന്നതുമുതൽ അവളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഞാനൊരു വിഡ്ഢിയാണ്. അവൾ സ്വയം പറഞ്ഞു. ഇരുപതു കൊല്ലം ഒരു സ്ത്രീ അതൊക്കെ ഓർത്തിരിക്കയാണോ? ഒന്നാമത് അവർ അത് അറിഞ്ഞിരിക്കാനേ ഇടയില്ല.

ലക്ഷ്മിആന്റി എപ്പോഴും നിന്റെ കാര്യം അന്വേഷിക്കും. ഞാനെന്തു പറയാനാ എനിക്ക് ബോംബെയിലും മദ്രാസിലും ഒന്നും വന്ന് നിന്നെ കാണാൻ കഴിയില്ല. നീ വല്ലപ്പോഴും നാട്ടിൽ വരുന്നത് ഞാൻ അറിയാറുമില്ല. മറ്റുള്ളോരിൽനിന്നാ പിന്നീം വിവരങ്ങള് കിട്ടണത്. നീ പിന്നെ ഇവിടെയൊന്നും വരാറില്ലല്ലോ.

താൻ കുറെക്കാലം തന്റെ സ്‌നേഹത്തിന്റെ നീരുറവ് വാസന്തിയിലേക്കൊഴുകുന്നത് തടഞ്ഞുവെച്ചുവെന്നത് അവൾക്ക് സംതൃപ്തി നൽകി. ആ പഴയ ഭീഷണിക്കാരി അതർഹിക്കുന്നുണ്ട്.

ലക്ഷ്മി ആന്റി ഇപ്പോഴും മുകളിൽത്തന്ന്യാണോ?

അതെ. പാവം അവർ എങ്ങോട്ട് പോകാനാണ്?

പണിക്കർ അങ്കിളോ?

കുഴപ്പമൊന്നുമില്ല. പിന്നെ വയസ്സായില്ലെ? പകലൊക്കെ ലൈബ്രറിയിൽ പോകും.

മുകളിലേയ്ക്കുള്ള കോണി പുറത്തായിരുന്നു. കോണി കയറുമ്പോൾ വാസന്തി ചോദിച്ചു. ഈ കോണിത്തണ്ടിലൂടെ ഉരസിയിറങ്ങാറുള്ളത് നിനക്കോർമ്മയുണ്ടോ?

നിർമ്മല തലയാട്ടി. ലക്ഷ്മിആന്റിയുടെ വീട്ടിൽനിന്ന് താഴേക്കിറങ്ങുമ്പോൾ ഒരിക്കൽപ്പോലും കോണിപ്പടികൾ ഉപയോഗിച്ചിട്ടില്ല.

ചില്ലലമാരികളും പാവക്കുട്ടികളും ഇല്ലാതെ ലക്ഷ്മി ആന്റിയെ ഓർക്കാൻ കഴിയുന്നില്ല. പലതരം പാവകൾ ഈ ചില്ലലമാരിക്കുള്ളിൽ അഭയം കണ്ടെത്തി. ലക്ഷ്മി ആന്റി ഒഴിവുസമയങ്ങളിൽ പാവക്കുട്ടികളെ ഉണ്ടാക്കിക്കൊണ്ടിരുന്നു. അതിനവർ കയ്യിൽ കിട്ടിയ ഏതുസാധനവും ഉപയോഗിച്ചു. കളിമണ്ണ്, പഞ്ഞി, തുണി, മരം, തെർമോകോൾ എന്തും. ഒരു ചില്ലലമാരിയിലെ ജനസംഖ്യ അസാമാന്യമായി പെരുകുകയാണെങ്കിൽ പണിക്കരങ്കിൾ പുതിയൊരു അലമാരി പണിയിക്കും. തിരക്കേറിയ അലമാരിയിൽനിന്ന് ചിലവ പുതിയ വീട്ടിലേക്ക് താമസം മാറ്റും. വീണ്ടും അവ പെറ്റുപെരുകും.

ഇവരാണെന്റെ മക്കൾ. ലക്ഷ്മി ആന്റി എപ്പോഴും പറയും. നിങ്ങൾ എന്റെ മരുമക്കളാണ്.

വാസന്തി വാതിലിന്റെ വലതുവശത്തുള്ള ബട്ടണമർത്തി ബെല്ലടിക്കുന്നത് നിർമ്മല കൗതുകത്തോടെ നോക്കി. കുട്ടികളായിരിക്കുമ്പോൾ അവർക്ക് ആ ബെൽ അടിക്കാൻ എത്തിയിരുന്നില്ല. വാതിൽക്കൽ മുട്ടുകയാണ് പതിവ്. നിർമ്മല ഉള്ളിൽ കടന്ന ഉടനെ ചില്ലലമാരകളുടെ മുമ്പിൽ പോയി നിന്നു. വളരെയധികം പാവകൾ. പലതും താൻ കണ്ടിട്ടില്ലാത്തവയാണ്.

ലക്ഷ്മി ആന്റി പകച്ചു നിൽക്കുകയാണ്. കൂസലില്ലാതെ തന്റെ വീടിനുള്ളിൽ കയറി പരിശോധിക്കുന്ന ചെറുപ്പക്കാരി ആരാണെന്ന് അവർ വാസന്തിയോട് ആംഗ്യത്തിൽ ചോദിക്കുന്നത് നിർമ്മല കൺകോണിലൂടെ കണ്ടു. വാസന്തി പറയുന്നില്ല. ചെറിയൊരു സസ്‌പെൻസ് കുറച്ചുനേരം നിലനിർത്താൻ തന്നെയാണ് അവളുടെ ഉദ്ദേശ്യം.

നിർമ്മല ഓരോ ചില്ലലമാരിയുടെയും മുമ്പിൽ കുറച്ചുനേരം നോക്കിനിൽക്കും. പിന്നെ അടുത്തതിലേയ്ക്കു നടക്കും. അവൾ ഒരു പ്രത്യേക പാവക്കുട്ടിക്കു വേണ്ടി തിരയുകയായിരുന്നു. ആ മുറിയിലുള്ള അലമാരിയിലൊന്നും അതു കണ്ടില്ല. അവൾ അടുത്ത മുറിയിലേക്കു നടന്നു.

ഓർമ്മയിലെവിടെയോ തങ്ങി നിന്ന ആ പഴയ സുപരിചിതത്വം അവളെ ഒറ്റിക്കൊടുത്തു.

ആ ഇത് നിർമ്മലമോളല്ലേ?

ലക്ഷ്മിആന്റി ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.

എന്റെ മോളേ.

പിന്നെ തിരിഞ്ഞ് വാസന്തിയോട് പരിഭവസ്വരത്തിൽ പറഞ്ഞു.

നിർമ്മല വരുന്നുണ്ടെന്ന് എന്തേ എന്നോട് പറയാതിരുന്നത്?

ഞാൻ അറിഞ്ഞിട്ടുവേണ്ടേ? പന്ത്രണ്ടു മണിക്കുണ്ട് ഒരാൾ വാതിൽക്കൽ ചിരിച്ചു കൊണ്ടു നിൽക്കുണു. എനിക്കുതന്നെ മനസ്സിലായില്ല. സ്വന്തം പരിചയപ്പെടുത്ത്വേ ചെയ്തത്.

ആട്ടെ നിന്റെ മോളെവിടെ?

ഒന്നും പറയണ്ട ആന്റി. വാസന്തി പറഞ്ഞു. അവൾ തൊട്ടടുത്തു തന്നെയാണ്. എന്നിട്ടും ഇവൾ കൊണ്ടു വന്നില്ല.

നിൽക്കു. അവർ കണ്ണടച്ചു കൊണ്ട് ധ്യാനിച്ചു. എനിക്കവളെ കൺമുമ്പിൽ കാണുന്നുണ്ട്. വെളുത്തു മെലിഞ്ഞ ഒരു കൊച്ചു സുന്ദരി. തലമുടി പോണിടെയ്ൽ ആയി കെട്ടിയിരിക്കയാണ്. ഞെറികളുള്ള ഉടുപ്പാണ് ഇട്ടിരിക്കുന്നത്. കാലിൽ വെള്ളിയുടെ പാദസ്വരം.

അവൾ വലിയ നിറമൊന്നുമില്ല. ആന്റി. നിർമ്മല പറഞ്ഞു. അച്ഛന്റെ നെറാണ് കിട്ടിയിരിക്കണത്.

ഞാൻ താഴത്തു പോകട്ടെ ആന്റി. വാസന്തി പറഞ്ഞു. കൂട്ടാന്റെ പണി കുറച്ചു ബാക്കിയുണ്ട്. പിന്നെ മത്സ്യം വറുക്കണം. ഈ മണ്ടി നല്ലൊരു സദ്യ ഒഴിവാക്കി വന്നിരിക്ക്യാണ്.

വാസന്തി പോയി. നിർമ്മലയും ലക്ഷ്മിആന്റിയും മാത്രമായി. കുറച്ചുനേരത്തേക്ക് രണ്ടുപേരും ഒന്നും സംസാരിക്കാതെ ഓർമ്മകളിൽ മുഴുകി. ചുറ്റും പാവകളായിരുന്നു. കുട്ടിയായിരിക്കുമ്പോൾ അവൾ ഈ ചില്ലലമാരികൾക്കു മുമ്പിൽ മണിക്കൂറുകളോളം ഇരിക്കാറുണ്ട്, ഓരോ പാവയുടെയും വിശദാംശങ്ങൾ ശ്രദ്ധിച്ചു പഠിച്ചുകൊണ്ട്. ഒരു പാവയും മറ്റൊരു പാവയെപ്പോലെയായിരുന്നില്ല. വേഷവിധാനത്തിലും മുഖഭാവങ്ങളിലും വൈരുദ്ധ്യവും വ്യത്യസ്തതയും പുലർത്തിയിരുന്ന ആ പാവകൾ അവൾക്കെന്നും അത്ഭുതമായിരുന്നു. പാവകൾക്ക് അവരുടേതായ ഒരു ലോകമുണ്ടെന്നും താൻ നോക്കാതിരിക്കുമ്പോൾ അവർ തമ്മിൽ തമ്മിൽ സംസാരിക്കാറുണ്ടെന്നും അവൾ കരുതി. സന്ധ്യാ നേരത്ത് പ്രത്യേകിച്ചും നിഴലും വെളിച്ചവും തമ്മിൽ വേർതിരിച്ചറിയാനാവാത്ത ആ സമയത്ത് പാവകൾ ഉണർന്നെഴുന്നേറ്റ് അന്യോന്യം കലമ്പുന്നതു പോലെ തോന്നും. പിന്നെ ലക്ഷ്മി ആന്റി കത്തിച്ചു വെച്ച നിലവിളക്കിന്റെ നാളം അവയുടെ മുഖം ദീപ്തമാക്കുകയും മുഖഭാവങ്ങൾ സജീവമാക്കുകയും ചെയ്യുമ്പോൾ അവൾ അനങ്ങാതെ അവരുടെ അത്ഭുതലോകത്തിൽ ഇടപെടാതിരിക്കാനായി ശബ്ദമുണ്ടാക്കാതെ ഇരിക്കും.

പാവകളെ എടുക്കുന്നതും തൊടുന്നതുപോലും ലക്ഷ്മി ആന്റിക്കിഷ്ടമായിരുന്നില്ല. പുറത്തുനിന്ന് എത്രവേണമെങ്കിൽ നോക്കിക്കൊള്ളു, ഒന്നും തൊടരുത്. എന്റെ മക്കളാണവർ. പാവകളുടെ കാര്യത്തിലുള്ള കാർക്കശ്യം മയപ്പെടുത്താനായി അവർ അവൾക്കും വാസന്തിക്കും പല തരം പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുത്തു.

ഒരിക്കൽ ലക്ഷ്മി ആന്റി ഒരു പാവക്കുട്ടിയുടെ മുഖം ചായം തേച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിച്ചു.

ആന്റിക്ക് ഈ പാവക്കുട്ടികളെയൊക്കെ വിറ്റുകൂടെ?

എന്തിനാ വിൽക്കണത് മോളെ?

ധാരാളം പണം കിട്ടില്ലെ?

പണംണ്ടാക്കാൻ വേണ്ടി ആരെങ്കിലും മക്കളെ വിൽക്ക്വോ?

അവൾ പെട്ടെന്ന് വല്ലാതായി. ലക്ഷ്മി ആന്റിയും പണിക്കരങ്കിളും പലപ്പോഴും ഒന്നും സംസാരിക്കാതെ ഒരേ മുറിയിൽ ഇരിക്കാറുള്ളതവൾക്ക് ഓർമ്മ വന്നു. രണ്ടുപേരും അവരവരുടെ ലോകത്താവും. രണ്ടു പേരെയും ബന്ധിക്കാൻ ഒരു കണ്ണി ആ വീട്ടിലില്ലെന്ന് അവൾ മനസ്സിലാക്കും. അവൾ ദുഖിക്കും. പാവകളെ വിൽക്കുന്നതിനെപ്പറ്റി അവൾ പിന്നീട് സംസാരിച്ചിട്ടില്ല.

ദുരന്തമുണ്ടായ അന്ന് ലക്ഷ്മിആന്റി അടുക്കളയിൽ അവർക്കുവേണ്ടി റവക്കേസരിയുണ്ടാക്കുകയായിരുന്നു. വാസന്തി താഴെ അവളുടെ വീട്ടിലായിരുന്നു. നിർമ്മല പാവകളുടെ ലോകത്തും. നോക്കിക്കൊണ്ടിരിക്കെ ഒരു പാവ അവളുടെ കണ്ണിൽപ്പെട്ടു. പട്ടുതുണി കൊണ്ടുണ്ടാക്കിയ കടുംപച്ചബ്ലൗസും നീണ്ട പാവാടയും ആണ് വേഷം. പാവാടയ്ക്കും ബ്ലൗസിന്റെ കയ്യിനും കറുത്ത ബോർഡർ ഉണ്ട്. നിർമ്മലയ്ക്ക് ഏറ്റവും ഇഷ്ടമായത് അവളുടെ കണ്ണുകളാണ്. കുങ്കുമഛവിയുള്ള കവിളുകൾ, കറുത്തു നീണ്ട തലമുടി. ആ പാവയെ അവൾ മുമ്പും കണ്ടിട്ടുണ്ട്. പക്ഷേ അന്നെന്തോ അതിനൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. അതവളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ വിജയിച്ചിരുന്നു.

അവൾ അലമാര തുറന്നു. ലക്ഷ്മി ആന്റി അടുക്കളയിലാണ്. അവൾക്ക് ആ പാവക്കുട്ടിയെ ഒന്നുതൊടണം. അവൾ കൈ നീട്ടി. ആ കൊച്ചുസുന്ദരിയുടെ കവിളിൽ തൊട്ടു. നല്ല മിനുസമുണ്ട്. അമ്മയോട് എടുക്കാൻ ആവശ്യപ്പെടുന്ന ഒരു കുട്ടിയെപ്പോലെ ആ പാവക്കുട്ടി അവളെ പ്രലോഭിപ്പിച്ചു. അവളിലെ മാതൃഭാവം ഉണർന്നു. വീണ്ടുവിചാരമില്ലാതെ അവൾ ആ പാവക്കുട്ടിയെ വാരിയെടുത്ത് ഉമ്മവെച്ചു.

ആരോ കോണികയറിവരുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി. വേഗം പാവക്കുട്ടിയെ തിരിച്ചുവെക്കാൻ നോക്കി. അപ്പോഴാണതുണ്ടായത്. അലമാരിയുടെ ചില്ലിന്മേൽ തട്ടി പാവക്കുട്ടി നിലത്തു വീണു.

ആ നിമിഷത്തിലാണ് വാസന്തി തുറന്നിട്ട വാതിലിലൂടെ മുറിയിലേക്ക് വന്നത്. അവൾ ഓടിവന്നുനോക്കി. പാവക്കുട്ടി നിലത്തുവീണുകിടക്കുന്നു. മലർന്നാണ് കിടപ്പ്. ഒരു കാൽ മുറിഞ്ഞ് വേറിട്ട് കിടക്കുന്നു. ഭയംകൊണ്ട് അനങ്ങാൻ വയ്യാതെ നിർമ്മല തരിച്ചു നിന്നു. ഒരു നിമിഷംകൊണ്ട് വാസന്തി സംഗതികൾ മുഴുവൻ മനസ്സിലാക്കി. അവൾ ചൂണ്ടാണിവിരൽ ഒരു പ്രത്യേക രീതിയിൽ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ ഇളക്കിക്കൊണ്ട് പറഞ്ഞു.

നന്നായിട്ടുണ്ട്. ലക്ഷ്മിആന്റി കണ്ടാൽ ശരിയായി. ഞാൻ പറഞ്ഞു കൊടുക്കും.

നിർമ്മല കരച്ചിലടക്കാൻ പാടുപെട്ടു കൊണ്ട് അവളെ തടഞ്ഞു. ഭയവും അമർത്തിപ്പിടിച്ച തേങ്ങലും കാരണം അവളുടെ നെഞ്ഞിനുള്ളിൽ വേദനിക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് വാസന്തിയിലെ ഭീഷണിക്കാരിയുടെ ബുദ്ധി അതിവേഗം പ്രവർത്തിക്കാൻ തുടങ്ങി. അവൾ പറഞ്ഞു.

നീ ഒരു കാര്യം ചെയ്താൽ ഞാൻ പറഞ്ഞുകൊടുക്കില്ല. നീ ചെയ്യ്വോ?

താൻ ചെയ്ത കുറ്റകൃത്യം പുറത്തു വരാതിരിക്കാൻ അവൾ ആ നിമിഷത്തിൽ എന്തിനും തയ്യാറായിരുന്നു.

ശരി.

എന്നാൽ നാളെ നിങ്ങള് കണ്ണൂരിലേക്ക് തിരിച്ചുപോവുമ്പോ എന്നെയും കാറിൽ കൊണ്ടുപോണം

നിർമ്മല തളർന്നു. അവൾക്കതു തീരെ സമ്മതമില്ലാത്ത കാര്യമായിരുന്നു. ഒരാഴ്ചമുമ്പ് അവൾ അച്ഛനും അമ്മയുമൊപ്പം തിരുവനന്തപുരത്ത് വന്ന അന്നു തൊട്ട് വാസന്തി പറയുന്നതാണത്. നിർമ്മല വാശിപിടിച്ചാലേ വാസന്തിയെ വല്ല്യച്ഛൻ പറഞ്ഞയയ്ക്കൂ. വാസന്തിയെ അവൾക്കിഷ്ടമാണ്. ഒപ്പം കളിക്കാനും ഇഷ്ടമാണ്. പക്ഷേ അവൾ അച്ഛന്റെ അടുത്ത് കൊഞ്ചാൻ വരുന്നത് മാത്രം നിർമ്മലക്കിഷ്ടമല്ല. അമ്മയുടെ അടുത്ത് ആയിക്കോട്ടെ. അച്ഛനെ അവൾ ആരുമായും പങ്കിടാൻ പോകുന്നില്ല, വാസന്തിയോടും കൂടി.

വേഗം പറഞ്ഞോ. വാസന്തി ഭീഷണി സ്വരത്തിൽ പറഞ്ഞു. അല്ലെങ്കിൽ ഞാൻ ലക്ഷ്മിആന്റിയെ വിളിക്കും. എന്നാൽ നന്നാവും.

നിർമ്മലയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു. അവൾ പറഞ്ഞു.

ശരി കൊണ്ടുപോകാം.

വാസന്തി ഉടനെ പാവക്കുട്ടിയെ എടുത്ത് അതിന്റെ കാൽ മുറിഞ്ഞത് അറിയാത്ത വിധത്തിൽ അലമാരിയുടെ ഉള്ളിൽ ഒരു മൂലയിൽ ചാരിവെച്ചു. ശബ്ദമുണ്ടാക്കാതെ അലമാരിയുടെ വാതിൽ അടച്ചതും ലക്ഷ്മി ആന്റി മുന്തിരങ്ങയും അണ്ടിപ്പരിപ്പും നിറയെ ഇട്ട റവകേസരി രണ്ടു പ്ലേയ്റ്റുകളിലാക്കി കൊണ്ടുവന്നതും ഒപ്പമായിരുന്നു. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ! ആ സംഭവത്തിനുശേഷം അവൾ തിരുവനന്തപുരത്തേയ്ക്ക് വന്നതേയില്ല. നാലു മാസത്തിനുള്ളിൽ അച്ഛന് ദില്ലിയിലേക്ക് മാറ്റമായി. പോകുന്നതിനുമുമ്പ് ഏട്ടനെ കാണാൻ പോകണമെന്നുണ്ടായിരുന്നു അച്ഛന്. അവൾ വരില്ലെന്നു വാശിപിടിച്ച കാരണം അച്ഛൻ ഒറ്റയ്ക്കു പോയി വന്നു. പിന്നെ ഓട്ടമായിരുന്നു. ദില്ലി, ബോംബെ, അഹമ്മദാബാദ്. അവളെ സംബന്ധിച്ചിടത്തോളം ഒരു കുറ്റകൃത്യത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇപ്പോൾ ഇവിടെ ലക്ഷ്മി ആന്റിയുടെ നരച്ച തലമുടിയും, ചുളിഞ്ഞുതുടങ്ങിയ പ്രശാന്തമായ മുഖവും നോക്കിയിരിക്കെ കഴിഞ്ഞതെല്ലാം എത്ര നിസ്സാരമായിരുന്നെന്ന് നിർമ്മലക്കു തോന്നി.

രണ്ടുപേരും അവരവരുടെതായ വഴിയിലൂടെ ഒരേ സമയത്ത് തിരിച്ചെത്തി. ഒരു ദീർഘയാത്ര കഴിഞ്ഞപോലെ ലക്ഷ്മി ആന്റി നിശ്വസിച്ചു.

ഞാൻ നിങ്ങൾ രണ്ടുപേരും ഇവിടെ വന്ന് കളിക്കാറുള്ളതൊക്കെ ഓർക്ക്വായിരുന്നു.

നിർമ്മല ചിരിച്ചു.

ആന്റി ഇതുവരെയുണ്ടാക്കിയ പാവക്കുട്ടികളൊക്കെ ഇവിടെ ഇല്ലേ?

എല്ലാം ഉണ്ട്. എന്റെ മക്കൾ എല്ലാം ഉണ്ട്. ഒരു മോള് മാത്രെ കുറച്ചു കാലായിട്ട് കാണാത്യായിട്ടുള്ളു. ഇന്ന് അവളീം കിട്ടി.

നിർമ്മലയുടെ വയറ് കാളി. പെട്ടെന്ന് ആന്റി പറയുന്നത് താൻ കേടുവരുത്തിയ പാവക്കുട്ടിയെപ്പറ്റിയാണെന്നവൾക്കു തോന്നി. അതല്ല അവർ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാൻ അവൾ കുറച്ചു സമയമെടുത്തു.

ഞാൻ പോയി കുറച്ചു നാരാങ്ങാ വെള്ളം എടുക്കട്ടെ.

ലക്ഷ്മി ആന്റി എഴുന്നേറ്റു.

ഞാൻ ആന്റിയുടെ മക്കളെ ഒക്കെ ഒന്നു കാണട്ടെ.

നിർമ്മലയ്ക്ക് ആ പാവക്കുട്ടിയെ കണ്ടു പിടിക്കണം. ആന്റി ഇടയ്ക്കിടയ്ക്ക് പാവകളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാറുള്ളതുകൊണ്ട് ആ ജോലി അത്ര എളുപ്പമായിരുന്നില്ല. അവൾ ഓരോരോ അലമാരിയായി നോക്കിത്തുടങ്ങി. നോക്കിക്കൊണ്ടിരിക്കെ അവൾക്ക് അവയുടെ സ്രഷ്ടാവിലെ അനുഗ്രഹീത കലാകാരിയെ മനസാ അഭിനന്ദിക്കാതിരിക്കാനായില്ല. പക്ഷേ ആ പാവകൾ അവളോട് സംസാരിച്ചില്ല. മുമ്പ് കുട്ടിയായിരുന്നപ്പോൾ ആ പാവകൾ ഓരോന്നും അതിന്റേതായ വഴിയിൽ അവളോട് ആശയ വിനിമയം നടത്തിയിരുന്നു. ഇപ്പോൾ പ്രായത്തിൽ വന്നമാറ്റമാവാം അല്ലെങ്കിൽ ഉച്ച വെയിൽ മുറിയെ ദീപ്തമാക്കുന്നതുകൊണ്ട് പാവകൾക്ക് അവയുടെ മുഖത്തെ ഭാവം നഷ്ടപ്പെട്ടതുകൊണ്ടാവാം, അവ ഊമകളെപ്പോലെ വലിയ കണ്ണുകളുംകൊണ്ട് അവളെ നോക്കുക മാത്രം ചെയ്തു.

പെട്ടെന്ന് അവളുടെ ഹൃദയം ശക്തിയായി മിടിച്ചു. വാസന്തി ഭീഷണിപ്പെടുത്തിയപ്പോഴുണ്ടായ നെഞ്ചു വേദന അവൾക്ക് അനുഭവപ്പെട്ടു. ആ സുന്ദരിപ്പാവ നിത്യയൗവ്വനവുമായി ഒരു അലമാരിയുടെ നടുവിൽത്തന്നെ നിൽക്കുന്നു. രണ്ടു കാലിൽത്തന്നെ.

അവൾ അലമാരിയുടെ വാതിൽതുറന്ന് ആ പാവയെ കയ്യിലെടുത്തു. തന്റെ ജീവിതം മുഴുവൻ കുറ്റബോധം കൊണ്ട് നിറച്ച സുന്ദരി. വിറയ്ക്കുന്ന കൈകളോടെ അവൾ ആ പാവയുടെ നീണ്ട പട്ടുപാവാട പൊക്കി നോക്കി. വലത്തേ കാൽ മുറിഞ്ഞേടത്ത് ഭംഗിയായി ഒട്ടിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ അത് പൊട്ടിയതാണെന്നറിയില്ല.

അവൾ ദീർഘമായി നിശ്വസിച്ചു.

ആ നിമിഷത്തിലാണ് വാസന്തി വാതിൽ കടന്നുവന്നത്. അവൾ പെട്ടെന്നു നിന്നു. ആ പഴയ ഭീഷണിക്കാരിയുടെ മുഖത്ത് ഓർമ്മയുടെ സ്ഫുലിംഗം മിന്നിമറയുന്നത് അവൾ കണ്ടു.

പാവയുടെ ഉയർത്തിയ പാവാട താഴ്ത്താൻ കൂടി വയ്യാതെ നിർമ്മല നിന്നു. അകത്തുനിന്ന് ലക്ഷ്മി ആന്റി ഒരു ഗ്ലാസിൽ നാരങ്ങ വെള്ളവുമായി വന്നു. അവൾ നിർമ്മലയുടെ കയ്യിലെ പാവക്കുട്ടിയെ നോക്കി.

ഒരു പഴയ ദുരന്തത്തിന്റെ ഓർമ്മ അവരുടെ മുഖത്ത് നിഴൽ വീശിയോ?

ലക്ഷ്മിആന്റിയുടെ മുഖത്ത് നിർമ്മല വല്ലായ്മയോടെ നോക്കി. വല്ലാത്തൊരു സംഘട്ടനം. ഇരുപതു കൊല്ലം ശിക്ഷയിൽ നിന്നോടി രക്ഷപ്പെട്ട കുറ്റവാളി കീഴടങ്ങിയിരിക്കുന്നു. നിയമം അതിന്റെ വഴിക്ക് നടക്കട്ടെ. ശിക്ഷ സ്വീകരിക്കാൻ തയ്യാറായി നിർമ്മല നിന്നു.

ഗ്ലാസ് ടീപോയ്‌മേൽവെച്ച് ലക്ഷ്മി ആന്റി നിർമ്മലയുടെ അടുത്തു വന്നു. പതുക്കെ അവളെ അരക്കെട്ടിലൂടെ വരിഞ്ഞ് കവിളിൽ ചുംബിച്ചു.

താൻ കരയുകയായിരുന്നെന്ന്, അമ്പരപ്പോടെ ആശ്വാസത്തോടെ അവൾ മനസ്സിലാക്കി.

മാതൃഭൂമി ഓണപ്പതിപ്പ് - 1990