ഒരു ഉരുള ചോറ്


ഇ ഹരികുമാര്‍

ആശുപത്രിയിൽ രണ്ടാം നിലയിൽ വയസ്സൻ മരണത്തോട് മല്ലിടുകയായിരുന്നു. രണ്ടുദിവസം ഇന്റർസീവ് കെയർ യൂനിറ്റിൽ, പിന്നെ രണ്ടാം നിലയിൽത്തന്നെയുള്ള മുറിയിൽ. മല്ലിടുക എന്നു പറയുന്നത് വാസ്തവമാവില്ല. അതിനുള്ള ശേഷിയൊന്നും ആ മെലിഞ്ഞു ക്ഷീണിച്ച ദേഹത്തിനുണ്ടായിരുന്നില്ല. ആ സാധു മനുഷ്യൻ മരണത്തോട് നിശ്ശബ്ദമായി യാചിച്ചു. ദയവു ചെയ്ത് പോവൂ. എനിക്ക് വരാറായിട്ടില്ല.

മകന്റെ കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ. അവർ ഒപ്പം താമസിക്കുകയാണ്. നല്ല കുട്ടി. അവൾ വന്നതിനു ശേഷം സുഭദ്രക്ക് അല്പം സ്വസ്ഥത കിട്ടിയിരിക്കുന്നു. അടുക്കള മുഴുവൻ അവൾ ഏറ്റെടുത്തു. ഭർത്താവിനും അച്ഛനും അമ്മയ്ക്കും വേണ്ടതെല്ലാം അവൾ അതാതുസമയത്തു ചെയ്തു കൊടുത്തു. ആർക്കും ആവലാതിപ്പെടേണ്ടി വന്നിട്ടില്ല. ഒതുക്കമുള്ള കുട്ടി.

മകൾ ബോംബെയിലാണ്. അവൾ ഭർത്താവും മകളുമായി കൊല്ലത്തിലൊരിക്കൽ നാട്ടിൽ വരും. ഇരുപത്താറു ദിവസം അവിടെ ഒരു കൊച്ചുസ്വർഗ്ഗമുണ്ടാകും, പിന്നെ വീട് ഇരുട്ടാക്കിക്കൊണ്ട് തിരിച്ചുപോവുകയും ചെയ്യും. ആ ഇരുപത്താറു ദിവസങ്ങൾ പിന്നീടുള്ള പതിനൊന്നുമാസം ജീവിക്കാനുള്ള ഉത്തേജനം തരുന്നു.

കിടക്കക്കരുകിലിട്ട സ്റ്റൂളിൽ ഇരുന്ന് രാഘവൻ അമ്മായിയപ്പനെ നോക്കി. അഞ്ചുമിനിറ്റ് മമ്പ് രാജിയെപ്പറ്റി ചോദിച്ചതേയുള്ളൂ.

മോള് എപ്പഴാ വര്വാ?

അഞ്ചുമണിക്ക്.

ഇപ്പൊ സമയം എത്ര്യായി?

നാലര.

അരമണിക്കൂറിനുള്ളിൽ പേരക്കുട്ടിയെ കാണാനാവുമെന്ന ആശ്വാസത്തിലാണ് മുത്തച്ഛൻ. രാഘവൻ തന്നെ ഉറ്റുനോക്കിയിരിക്കയാണെന്നറിഞ്ഞപ്പോൾ വയസ്സൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

എന്തേ?

അപ്പോഴാണ് രാഘവൻ കണ്ടത്. പ്രതീക്ഷാനിർഭരമായ ആ ക്ഷീണിച്ച മുഖത്ത് കുണ്ടിലാഴ്ന്നിറങ്ങിയ കണ്ണുകളിൽ പ്രതീക്ഷയുടെ മാധുര്യത്തിൽ നിഴൽ വീഴ്ത്തിയ ഭയത്തെ.

എന്തിനാണ് മരണത്തെ ഇത്രയും ഭയപ്പെടുന്നത്? രാഘവൻ ചിരിച്ചുകൊണ്ട് ചോദിച്ചു. എന്തായാലും ഒരു ദിവസം പോണം.

വൃദ്ധൻ ചിരിച്ചു. വല്ലാത്തൊരു ചിരി. താൻ അതു പറയേണ്ടിയിരുന്നില്ലെന്ന് രാഘവനു തോന്നി. രാവിലെ ഏഴു മണിക്കാണ് അച്ഛൻ ആശുപത്രിയിലാണെന്ന് ഫോൺ വന്നത്. അപ്പോൾത്തന്നെ പുറപ്പെട്ടു. മാനേജരെ ഫോൺ വഴി അറിയിച്ചു. ലീവ് ലെറ്റർ ഓഫീസിൽ എത്തിക്കാൻ ഏല്പിച്ചു. ബസ്സിലും തീവണ്ടിയിലുമായി പിറ്റേന്ന് വൈകുന്നേരം വീട്ടിലെത്തി. നളിനി വല്ലാതെ പരിഭ്രമിച്ചിരുന്നു അച്ഛനെ ജീവനോടെ കാണുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല. അതങ്ങിനെയാണ്. മരിച്ചു കഴിഞ്ഞാലും ദൂരത്തുള്ളവരെ അറിയിക്കുമ്പോൾ 'സീരിയസ്' എന്നേ പറയൂ. വന്നു കണ്ടപ്പോൾ അച്ഛൻ ജീവനോടെയുണ്ടെന്നു കണ്ടപ്പോൾ അവൾക്കു സമാധാനമായി.

രാഘവൻ അയാളുടെ നെഞ്ചിൽ പതുക്കെ തലോടിക്കൊണ്ടു പറഞ്ഞു.

അച്ഛൻ അടുത്തൊന്നും മരിക്കാൻ പോണില്ല്യ. സമാധാനായിട്ട് കിടന്നോളു. രാജീടെ കല്ല്യാണം ഒക്കെ കഴിഞ്ഞിട്ടേ അതൊക്കെണ്ടാവൂ.

വൃദ്ധൻ വീണ്ടും ചിരിച്ചു. രാജി മോളുടെ കല്ല്യാണം. ഇപ്പോൾ രണ്ടു വയസ്സാണ്. ഇനിയും പത്തുപതിനെട്ടു കൊല്ലം. ആശയ്ക്കു വഴിയില്ലെന്നു കണ്ട ആ മനുഷ്യൻ ദീർഘശ്വാസമിട്ടുകൊണ്ടു പറഞ്ഞു.

അത്രയൊന്നും വേണ്ട. ഒരു നാലഞ്ചുകൊല്ലംകൂടി........

നളിനിയുടെ കൈ പിടിച്ചുകൊണ്ട് രാജി വന്നു. അവൾ ഓടി കട്ടിലിന്നടുത്തു വന്നു.

മുത്തച്ഛാ മുത്തച്ഛന്റെ സൂക്കേട് മാറീല്ലേ?

മാറി മോളെ. അയാൾ അവളുടെ കവിളിലും തലയിലും തടവികൊണ്ട് പറഞ്ഞു. മാറിട്ടോ. ഇനി നമുക്ക് വീട്ടില് പോണം.

ഇന്ന് പോവാ?

ഇന്ന് പറ്റില്ല മോളെ. ഡോക്ടറമ്മാവൻ വന്നാൽ ചോദിക്കണം എന്നാ പോവാൻ പറ്റ്വാന്ന്.

അച്ഛൻ അധികം സംസാരിക്കണ്ട. നളിനി പറഞ്ഞു.

എന്റെ അസുഖമൊക്കെ മാറി മോളെ.

അയാൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. ഇനി വീട്ടിൽ പോയാൽ ഒക്കെ ശരിയാവും. വളരെ ഉന്മേഷവാനായിരുന്നു. രക്ഷപ്പെട്ടതിലുള്ള ആശ്വാസം. രാഘവൻ ഓർത്തു. ആശുപത്രിയിൽനിന്ന് അച്ഛനെ വീൽചെയറിൽ പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ടാക്‌സിക്കാരൻ ഗെയ്റ്റ് കടന്ന് ഉള്ളിലേക്കു വരികയാണ്. വീൽ ചെയർ വരാന്തയിൽ നിർത്താൻ പറഞ്ഞ് താൻ ടാക്‌സിക്കാരനോട് അടുത്തുവരാൻ പറയാൻ മുറ്റത്തേക്കു നടന്നു. നളിനി അച്ഛന്റെ അടുത്തുതന്നെ നിന്നു. ടാക്‌സിക്കാരനോട് വരാൻ ആംഗ്യം കാണിച്ച് നിൽക്കുമ്പോഴാണ് ഒരു സ്‌ട്രെച്ചർ ആശുപത്രിയിൽനിന്ന് പുറത്തേക്ക് വന്നത്. അതിൽ മൂടിപ്പുതപ്പിച്ച ദേഹം. മുറ്റത്തു പാർക്കുചെയ്ത തുറന്ന ആംബുലൻസിന്റെ വാതിലിനുള്ളിലേക്ക് സ്‌ട്രെച്ചർ കടത്തി വെച്ചു. തിരിച്ചു നടക്കുന്ന വാർഡ്‌ബോയിയോട് രാഘവൻ ചോദിച്ചു.

എന്തുപറ്റി?

ഹാർട്ട് അറ്റാക്ക്. അയാൾ മറുപടി പറഞ്ഞു. ഇന്നലെ രാത്രി അഡ്മിറ്റ് ചെയ്തതാ. രാവിലത്തോടെ പണി കഴിഞ്ഞു.

മരിച്ച ആളുകളുടെ ബന്ധുക്കൾ ചുറ്റും നിന്നിരുന്നു. അവർ ഓരോരുത്തരായി ആംബുലൻസിൽ കയറുകയാണ്.

വീൽചെയറിൽനിന്ന് ടാക്‌സിയിലേക്ക് കയറാൻ അയാൾ അച്ഛനെ സഹായിച്ചു. ഒരു വശത്ത് അയാളും മറുവശത്ത് നളിനിയും ഇരുന്നു. ടാക്‌സി നീങ്ങിയപ്പോൾ വൃദ്ധൻ ചോദിച്ചു.

എന്തായിരുന്നു അയാൾക്കസുഖം?

ഹാർട്ട് അറ്റാക്ക്. രാഘവൻ പറഞ്ഞു.

പണികഴിഞ്ഞു എന്തായാലും. വൃദ്ധൻ പറഞ്ഞു.

രാഘവൻ ഞെട്ടി. ആ വാക്കുകളിലെ കാർക്കശ്യം, ആഹ്ലാദം കലർന്ന ഒരു ആശ്വാസം. അത് രാഘവനെ അത്ഭുതപ്പെടുത്തി. അയാൾ അച്ഛനെ നോക്കി. മുഖത്ത് ഒരാഴ്ചത്തെ വളർച്ചയുള്ള നരകയറിയ കുറ്റിരോമങ്ങൾ. കണ്ണുകളിൽ കണ്ടില്ലേ, ഞാൻ ജീവിച്ചിരിക്കുന്നു എന്ന ഭാവം. അയാൾ എന്തുകൊണ്ടോ തന്റെ ശ്വശുരനെ ആ നിമിഷത്തിൽ വെറുത്തു.

വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുന്ന മെലിഞ്ഞ രൂപം നോക്കിനിന്നപ്പോൾ രാഘവൻ ഓർത്തു. എന്തിനാണ് മനുഷ്യൻ ജീവിതത്തോട് ഇങ്ങനെ അള്ളിപ്പിടിച്ചു നിൽക്കുന്നത്? നളിനിയുടെ അച്ഛന് അറുപത്തെട്ടു വയസ്സായി. ഒരു മുഴുവൻ ജീവിതവും ജീവിച്ചു എന്നു പറയാം. മക്കൾ രണ്ടുപേരും ഓരോ വഴിക്കായി. മകന് നാട്ടിൽത്തന്നെ നാലായിരം രൂപ ശമ്പളത്തിൽ ജോലി. കല്ല്യാണം കഴിഞ്ഞു. മകളെ കല്ല്യാണം കഴിച്ചത് ബോംബെയിലെ ഒരു വലിയ ഉദ്യോഗസ്ഥൻ. സ്വന്തം ഭാര്യക്ക് ആര്യോഗ്യമുണ്ട്. അവരാകട്ടെ മകന്റെ അടുത്ത് സുരക്ഷിതയുമാണ്. എന്നിട്ടും.....

രാത്രി ഊണു കഴിക്കാൻ നേരത്ത് അമ്മ ഭക്ഷണവുമായി അച്ഛൻ കിടക്കുന്നിടത്തേക്കു ചെന്നു. ആശുപത്രിയിൽ ചെയ്യാറുള്ള മാതിരി കിടക്കയിൽ ഇരുന്നു കൊണ്ട് ഭക്ഷണം കൊടുക്കാമെന്നു കരുതിയതാണ്. അച്ഛൻ പറഞ്ഞു.

എനിയ്‌ക്കെല്ലാം ഭേദായി. ഞാനങ്ങോട്ടു വരാം.

നല്ല കാര്യം. രാഘവൻ പറഞ്ഞു. അയാൾ അച്ഛന്റെ കൈ പിടിച്ച് ഊൺ മുറിയിലേയ്ക്കു നയിച്ചു. വൃദ്ധൻ നല്ല രുചിയോടെ ഭക്ഷിച്ചു. എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞു. അപ്പോഴാണ് രാഘവൻ ശ്രദ്ധിച്ചത്. അച്ഛന്റെ പ്ലേയ്റ്റിൽ കുറച്ച് മീൻകറിയും ചോറും ബാക്കി.

ഇതെന്താണ് ബാക്കിയിട്ടിരിക്കുന്നത്? രാഘവൻ ചോദിച്ചു. രുചിയില്ലേ?

അത് കുഞ്ചുവിനാണ്. നളിനി ഒഴികെ എല്ലാവരും ഒന്നിച്ചു പറഞ്ഞു.

എവിടെനിന്നോ അഭയാർത്ഥിയായി വന്ന തെണ്ടിനായയായിരുന്നു കുഞ്ചു. ആ പേരിട്ടത് അച്ഛൻ തന്നെയാണ്. എന്നും ഊണു കഴിഞ്ഞാൽ ഒരു ഉരുള കയ്യിൽ കൊണ്ടുപോകും. അവൻ പിന്നാലെ മുറ്റത്ത് തയ്യാറായി നിൽക്കുന്നുണ്ടാകും. ഇനി അവിടെ ഇല്ലെങ്കിൽത്തന്നെ അച്ഛൻ കണ്ഠശുദ്ധി വരുത്തുന്ന ശബ്ദം കേട്ടാൽ അത് എവിടെയായാലും ഓടിവരും. കഴിഞ്ഞ ആറുമാസമായുള്ള പതിവാണത്.

രാത്രി അവൻ മുറ്റത്ത് ചുരുണ്ടുകൂടിക്കൊള്ളും. അച്ഛൻ പറഞ്ഞു. ആരും അത്ര പെട്ടെന്ന് കക്കാൻ വരില്ല.

അച്ഛനെ കണ്ടപ്പോൾ കുഞ്ചു കുരച്ചു, വാലാട്ടി. കുറെ ദിവസമായി കാണാതിരുന്നതിലുള്ള ആർത്തി അവൻ പ്രദർശിപ്പിച്ചു. പക്ഷേ എല്ലാ മുറ്റത്തുനിന്നു കൊണ്ടു തന്നെ.

എന്താടാ കുഞ്ചു? അച്ഛൻ ചോദിച്ചു.

അവൻ വീണ്ടും കുരച്ചു, വാലാട്ടി. പിന്നെ അച്ഛൻ താഴേക്കിട്ടുകൊടുത്ത ഉരുള കപ്പിത്തിന്നുവാൻ തുടങ്ങി.

രാഘവന് എന്തോ വിഷമം തോന്നി. സാധാരണ ഒരു നായയും യജമാനനും തമ്മിലുള്ള ബന്ധമായിരുന്നില്ല ഇത്. ഒരു തെണ്ടിപ്പട്ടിയും സമ്പന്നനായ യജമാനനും തമ്മിലുള്ള ബന്ധം. യജമാനൻ ഭക്ഷണം കൊടുക്കുന്നു, അതിനുള്ള കൂറ് അവൻ കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അവൻ അധ:കൃതനാണെന്ന് അവനുതന്നെ അറിയാം. അതുകൊണ്ട് അവൻ കോലായിലേക്കു കയറുകയോ യജമാനന്റെ മേൽ പാഞ്ഞു കയറുകയോ കാൽ നക്കി സ്‌നേഹം കാണിക്കുകയോ ചെയ്യുന്നില്ല. അവനറിയാം, എവിടെയാണ് നിൽക്കേണ്ടതെന്ന്. ആ ദൃശ്യം ഹൃദയസ്പർശിയായിരുന്നു.

വീണ്ടും ദിവസങ്ങൾ പഴയ മട്ടിലായി. രാഘവൻ തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ശനിയാഴ്ചക്ക്. തിങ്കളാഴ്ച രാവിലെ ബോംബയിലെത്തും. അന്നു തന്നെ ഓഫീസിൽ ചേരാമല്ലോ.

വെള്ളിയാഴ്ച രാത്രിയാണതുണ്ടായത്. എട്ടരമണിയോടെ ഊണു കഴിക്കാനുള്ള ശ്രമങ്ങൾ നടത്തി. അച്ഛന് രാത്രി കഞ്ഞി മതിയെന്ന് വൈകുന്നേരമേ പറഞ്ഞിരുന്നു.

നല്ല സുഖം തോന്നുന്നില്ല. അച്ഛൻ പറഞ്ഞു. രാത്രി കഞ്ഞി ആയ്‌ക്കോട്ടെ.

രാത്രി മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവരെ വലയം ചെയ്ത മൂകത രാഘവൻ ശ്രദ്ധിച്ചു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽത്തന്നെ ആ ശബ്ദം അതിന്റെ ഉത്ഭവ സ്ഥാനത്തു തന്നെ പ്രതികരണമില്ലാതെ കെട്ടടങ്ങി. എല്ലാവരും വിഷമിച്ചു കണ്ടു. അമ്മ ഇടയ്ക്കിടെ ചോദിച്ചു.

ഇപ്പൊ വെഷമൊന്നുംല്ല്യല്ലോ.

ഇല്ലെന്ന് അച്ഛൻ തലയാട്ടി.

അല്പസമയം കഴിഞ്ഞാൽ വീണ്ടും അമ്മ ചോദിക്കും.

നെഞ്ഞുവേദനയൊന്നും ഇല്ലല്ലോ.

ഇല്ല, ക്ഷീണം മാത്രം.

ഭക്ഷണം കഴിച്ചു കൈ കഴുകാൻ വാഷ്‌ബോസിന്റെ അടുത്ത് നിൽക്കുമ്പോൾ രാഘവൻ ഓർത്തു. കുഞ്ചുവിനെ കാണാനില്ലല്ലോ. ഇന്ന് യജമാനന്റെ ഊണു കിട്ടില്ലെന്ന് ഏതോ അത്ഭുതകരമായ അതീന്ദ്രിയജ്ഞാനത്തിലൂടെ അവൻ മനസ്സിലാക്കിയിട്ടുണ്ടാകണം.

രാത്രി അമ്മയുടെ വിളികേട്ടാണ് രാഘവൻ ഉണർന്നത്. അവർ കോണിയുടെ താഴെനിന്ന് വിളിക്കുകയാണ്. വല്ലാതെ പരിഭ്രമിച്ചിട്ടുള്ള വിളി. രാഘവൻ നളിനിയെ വിളിച്ചുണർത്തി. അടുത്ത മുറിയിൽ കിടന്നുറങ്ങന്ന അളിയനേയും വിളിച്ചുണർത്തി.

താഴെ അച്ഛന്റെ സ്ഥിതി വളരെ മോശമായിരുന്നു. അദ്ദേഹം ശ്വാസം കിട്ടാൻ വിഷമമുള്ളതുപോലെ കനത്തു ശ്വസിച്ചു. നെഞ്ചുവേദനയുണ്ടായിരുന്നു. കാണെകാണെ സ്ഥിതി വഷളാവുകയായിരുന്നു. അളിയൻ വാതിൽ തുറന്ന് ഡോക്ടറെ വിളിക്കാൻ പോയി. രാഘവൻ കട്ടിലിലിരുന്ന് അച്ഛന്റെ നെഞ്ചിൽ തലോടി.

സാരമില്ല. അയാൾ പറഞ്ഞു. എല്ലാം ശരിയാവും.

ഡോക്ടർ വന്ന് ഇഞ്ചക്ഷൻ കൊടുത്തു. വലിയ വ്യത്യാസമൊന്നുമുള്ളതായി തോന്നിയില്ല. ആ മനുഷ്യൻ മരിക്കാൻ പോകുകയാണെന്ന് രാഘവന് തോന്നി. ശ്വാസം കഴിക്കാൻ അപ്പോഴും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

നമുക്ക് ആശുപത്രിയിൽ കൊണ്ടു പോകാം. ഡോക്ടർ പറഞ്ഞു. എന്റെ കാറിൽ കൊണ്ടുപോകാം. ആംബുലൻസ് വരുത്താനൊന്നും സമയമില്ല.

രാഘവനും അളിയനും ഡോക്ടറും കൂടി അച്ഛനെ താങ്ങിപ്പിടിച്ച് കാറിന്റെ പിൻസീറ്റിൽ കിടത്തി. ഓരോരുത്തരായി ധൃതിയിൽ കയറി.

നളിനി പറഞ്ഞു. നിങ്ങൾ ഇവിടെ നിൽക്കു. മോൾ ഉറങ്ങ്വാണ്. എനിക്കാണെങ്കിൽ ഒറ്റയ്ക്ക് ഇവിടെ ഇരിക്കാനും പറ്റില്ല.

ശരി പൊയ്‌ക്കോളൂ. രാഘവൻ പറഞ്ഞു.

കാർ പോയിക്കഴിഞ്ഞു ഗെയ്റ്റടച്ച് അകത്തു കടന്നു വാതിലടച്ചു. ക്ലോക്കിൽ സമയം രണ്ടുമണി. അയാൾ വിളക്കണച്ച് കോണി കയറി. രാജി നല്ല ഉറക്കമാണ്. അയാൾക്ക് കിടക്കാൻ തോന്നിയില്ല. അച്ഛന്റെ അസുഖം മാത്രമായിരുന്നില്ല കാരണം. അതിനുമുപരിയായി എന്തോ ഒന്ന് അയാളെ അലോസരപ്പെടുത്തിയിരുന്നു; അസ്വസ്ഥനാക്കിയിരുന്നു. അയാൾ ജനലിന്നടുത്തേക്കു നടന്നു. പുറത്തെ ഇരുട്ടിൽ നിന്ന് തണുത്ത കാറ്റ് അകത്തേക്കു കടക്കുന്നുണ്ട്. പെട്ടെന്നാണയാൾ ശ്രദ്ധിച്ചത്. വേദനയുടെ സ്വരം. അത് അലകളായി എവിടെനിന്നോ ഒഴുകി വരുന്നു. താൻ അത് കുറച്ചു നേരമായി കേൾക്കുകയായിരുന്നെന്ന് അയാൾ ഓർത്തു. ബഹളത്തിനിടയിൽ ശ്രദ്ധിച്ചില്ലെന്നു മാത്രം. ഒരു നായയുടെ രോദനം. വേദനയുടെ ആ സ്വരം ഒരു ശ്രുതിയായി, താളനിബഡമായി ഒഴുകി വരുന്നതയാൾ കുറെനേരം ശ്രദ്ധിച്ചു. രാത്രിയുടെ നിശ്ശബ്ദതയിൽ എവിടെയോ ആ സ്വരം നഷ്ടപ്പെടുന്ന വരെ.

രാഘവൻ കിടന്നു.

നളിനി വന്നപ്പോൾ ഏഴരമണിയായിരുന്നു. അവൾ ഗെയ്റ്റ് കടന്നുവരുന്നതു കണ്ടപ്പോൾ രാഘവന് ആശ്വാസമായി. കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.

വളരെ കൂടുതലായി അച്ഛന്. നളിനി പറഞ്ഞു. ഇപ്രാവശ്യം പോയീന്ന് തന്നെ കരുതി. രണ്ടുപ്രാവശ്യം ഹൃദയം നിന്നൂത്രെ.

ഇപ്പൊ എങ്ങിനെണ്ട്?

ഇപ്പോഴും സീരിയസ്സ് തന്ന്യാത്രെ. ഈ ഒരു ദിവസം കടന്നുകിട്ടിയാലേ രക്ഷയുള്ളൂന്ന്.

അച്ഛനെ കാണാൻ പറ്റുമോ?

ഇല്ല. ഇന്റൻസീവ് കെയർ യൂണിറ്റിലാണ്. നിങ്ങൾ ചായ കുടിച്ചുവോ?

കുടിച്ചു. ഞാൻ വേണമെങ്കിൽ നിനക്കുണ്ടാക്കിത്തരാം.

ശരി.

രാഘവൻ അടുക്കളയിൽ കടന്ന് ചായക്കു വെള്ളംവെച്ചു.

പിന്നിലെ വരാന്തയിൽ നിന്ന് നളിനിയുടെ വിളി കേട്ടു.

ഒന്ന്ങ്ങ്ട്ടു വരു.

വിളിയിൽ കുറച്ചൊരു ധൃതിയുണ്ടായിരുന്നു. രാഘൻ ചെന്നു. നളിനി മുറ്റത്തേക്കു നോക്കി നിൽക്കുകയാണ്. അവിടെ കുഞ്ചു ഒരുവശം ചെരിഞ്ഞ് വെറങ്ങലിച്ച് കിടന്നിരുന്നു. ഭക്ഷണം കാത്ത് യജമാനന്റെ കാലൊച്ചക്കായി കാതോർത്ത് കിടന്നിരുന്ന അതേ സ്ഥലത്ത് ഒരുരുള ചോറ് എന്നതിനുപരിയായി സ്‌നേഹത്തിന്റെ മടിശ്ശീല തുറന്നിട്ടില്ലാത്ത യജമാനനു വേണ്ടി ഒരു നായക്കുമാത്രം ചെയ്യാൻ കഴിയാവുന്ന ത്യാഗം ആ സാധു മൃഗം അനുഷ്ഠിച്ചു.

ഒരാഴ്ച കഴിഞ്ഞ് അച്ഛൻ വീട്ടിലെത്തിയപ്പോൾ എല്ലാവരും പറഞ്ഞു. ഇത് രണ്ടാം ജന്മമാണ്. രക്ഷപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. ഡോക്ടർമാർ പോലും.

തിരിച്ച് ബോംബെയ്ക്ക് പോകുന്നതിനു മുമ്പ് രാഘവൻ അച്ഛനോട് പറഞ്ഞു.

ഞാൻ പറഞ്ഞില്ലേ, അച്ഛന്റെ വിളക്കിൽ ഇനിയും എണ്ണയുണ്ടെന്ന്. രാജി മോൾക്ക് ഒരു ചെക്കനെ അന്വേഷിച്ചു തുടങ്ങിക്കോളൂ. പത്തുപതിനെട്ടുകൊല്ലം ഇതാന്ന് പറയുമ്പോഴേക്ക് കഴിയും.

അച്ഛൻ ചിരിച്ചു.

ഞങ്ങൾ ഇനി ഓണത്തിന് വരാം.

അപ്പോഴേയ്ക്ക് ഞാൻ ബാക്കിയാവുമോ എന്ന് കണ്ടറിയണം.

സെപ്റ്റംബറിൽ ലീവിൽ വന്നപ്പോൾ അച്ഛൻ ബാക്കിയുണ്ടായിരുന്നെന്നു മാത്രമല്ല നല്ല ഉന്മേഷവാനു മായിരുന്നു. ആര്യോഗ്യനില നന്നായിരുന്നു.

ആ രണ്ട് അറ്റാക്കില് നല്ല പേടി പിടിച്ചിട്ടുണ്ട്. അമ്മ പറഞ്ഞു. ഇപ്പൊ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങും. ബീഡിവലി തീരെ നിർത്തി. അനാവശ്യമായി ചായ കുടിയില്ല.

അതു നന്നായി. രാഘവൻ പറഞ്ഞു. ഒരു ചിട്ടയുണ്ടാകുന്നത് നല്ലതാണ്.

ഉച്ചഭക്ഷണം ഗംഭീരമായിരുന്നു. ഓണസ്സദ്യ നാലുദിവസം മുമ്പേ തുടങ്ങിയെന്നു തോന്നുന്നു. അല്ലെങ്കിൽ മകളും ഭർത്താവും പേരക്കുട്ടിയും വന്ന ആഘോഷമായിരിക്കും. അച്ഛൻ ഭക്ഷണം കുറച്ചിട്ടുണ്ടെന്നു മനസ്സിലായി. പാവം, പായസം ഒന്നു സ്വാദു നോക്കിയതേയുള്ളൂ. ഇലയുടെ അറ്റത്ത് കുറച്ച് ചോറ് ബാക്കിയിട്ടിരുന്നു. ഭക്ഷണം ചുരുക്കിയതു തന്നെയാണ്. പക്ഷേ അമ്മയ്ക്ക് അത്ര കുറച്ച് വിളമ്പിയാൽ മതിയായിരുന്നില്ലേ? ഭക്ഷണം കളയുന്നത് രാഘവന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഓരോ ഉരുള കളയുന്നത് കാണുമ്പോഴും, അയാൾ ഒട്ടിയ കവിളും മെലിഞ്ഞ കാലുകളുമായി റെയിൽവെ കമ്പാർട്ടുമെന്റുകളിൽ ഭക്ഷണത്തിനായി ഇരന്നു നടക്കുന്ന കുട്ടികളെ ഓർക്കും. നമ്മൾ കളയുന്ന ഓരോ ഉരുളയും അവർക്കൊരു സദ്യയായിരിക്കും. രാഘവൻ എഴുന്നേറ്റു.

വാഷ്‌ബേസനിൽ കൈകഴുകി തിരിഞ്ഞപ്പോൾ കണ്ടു, അച്ഛന്റെ കയ്യിൽ ഒരുരുള. അച്ഛൻ മുരടനക്കി. അപ്പോൾ എവിടെനിന്നോ എന്നറിഞ്ഞില്ല ഒരു നായ ഓടിവന്നു. തവിട്ടു നിറത്തിൽ വെള്ള പാണ്ടുകളുള്ള നായ. കുഞ്ചുവിന്റെ അതേ ഛായ.

അച്ഛൻ ഉരുള താഴേക്കിട്ടുകൊടുത്തു.

രാഘവന് ഒരു നിമിഷം സംശയമായി. ഇനി കുഞ്ചു മരിച്ചിട്ടില്ലെന്നുണ്ടോ? അതോ താൻ കണ്ട സ്വപ്നം മാത്രമായിരുന്നോ അത്?

അവ്യക്തതകളുടെ പ്രഭാതമായിരുന്നു അത്. രാത്രി മുഴുവൻ വേദനയുടെ ശബ്ദം കേട്ടുകൊണ്ട് ഉറങ്ങാതിരിക്കയായിരുന്നു. അയാൾക്ക് തീർച്ചയാക്കാൻ പറ്റിയില്ല. രാഘവൻ ചോദ്യപൂർവ്വം അച്ഛനെ നോക്കി.

കുഞ്ചുവിന്റെ മകനാണ്. കുഞ്ചു ചത്തതിനുശേഷം ഒരു ദിവസം വന്നതാണ്.

രാഘവൻ അർത്ഥഗർഭമായി അച്ഛനെ നോക്കി. അച്ഛനതു മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹം മുഖം തിരിച്ചു.

ചില്ല - നാലാം പിറന്നാള്‍പ്പതിപ്പ് - 1992