ആരോ ഒരാൾ പിന്നിൽ


ഇ ഹരികുമാര്‍

ആനന്ദൻ എന്തിനെയോ പേടിക്കുന്നുണ്ട്. അത് കല്ല്യാണിക്കുട്ടിക്ക് മനസ്സിലായത് കഴിഞ്ഞ രണ്ടു മണിക്കൂറായി അവൻ തന്റെ പിന്നിൽ നിന്നൊഴിയാതെ നടന്നപ്പോഴാണ്. അടുക്കളയിൽ നിന്ന് തളത്തിലേക്കും, തളത്തിൽ നിന്ന് ഉമ്മറത്തേക്ക്, ഉമ്മറത്തുനിന്ന് വീണ്ടും തളത്തിലേക്ക് എവിടെ പോവുമ്പോഴും ആനന്ദൻ തന്റെ പിന്നിലുണ്ട്.

എന്താ മോനെ നിനക്ക് വേണ്ടത്?
കല്ല്യാണിക്കുട്ടി ചോദിച്ചു.

ഊ ഉം. അവന്റെ മറുപടി ഒരു മൂളൽ മാത്രം.

നീയെന്റെ കാലിന്റെ എടേൽ കിടന്ന് കളിക്കാതെ മാറിനിൽക്ക്. ഞാൻ തടഞ്ഞുവീഴും. സാമ്പാറിന്റെ പാത്രം അടുപ്പത്തു നിന്നിറക്കിവെച്ചുകൊണ്ട് അവൾ പറഞ്ഞു.

ഇന്നെന്തേ നീ കളിക്കാനൊന്നും പോയില്ലേ?

ഊ ഉം.

അടുത്ത വീട്ടിൽ വീഡിയോയിൽ സിനിമ കണ്ടുവന്ന ശേഷം അവന് ചായയും പലഹാരവും കൊടുത്തതാണ്. സാധാരണ അവൻ ചായ കുടിച്ചു കഴിഞ്ഞ് കളിക്കാൻ പോകും. ആറു മണിയോടെ തിരിച്ചുവന്നാൽ കുളിക്കും. കുറച്ചു നേരം പഠിച്ചെന്നു വരുത്തും. ഇന്ന് അതൊന്നുമുണ്ടായില്ല.

നീയെന്താ ഇന്ന് എന്റെ മൂട്ടില് കുടീരിക്കണത്? ഒന്നും ചെയ്യാനില്ലെങ്കില് കുളിച്ച് വല്ലതും പഠിക്കാൻ നോക്കിക്കൂടേ?

കുളിക്കുന്ന കാര്യം പറഞ്ഞപ്പോൾ അവൻ അമ്മയോട് കൂടുതൽ ചേർന്നു നിന്നു.

എന്താ നെനക്ക് വേണ്ടത്? കല്ല്യാണിക്കുട്ടി അക്ഷമയായി ചോദിച്ചു.

എനിക്ക്..... എനിക്ക്, അവൻ വിക്കിക്കൊണ്ട് പറഞ്ഞു. എനിക്ക് പേടിയാവുന്നു.

പെട്ടന്നവരുടെ സ്വരം ആർദ്രമായി.

എന്തിനാ മോനെ നീ പേടിക്കണെ?

ഞാനിന്ന് രാജിച്ചേച്ചിടവിടെ ഒരു സിനിമ കണ്ടു. അതില് പേടിപ്പിക്കണ സാധനൊക്കെണ്ട്.

സിനിമ കണ്ടിട്ടൊക്കെ ആരെങ്കിലും പേടിച്ചിരിക്യോ?

കല്ല്യാണിക്കുട്ടിക്ക് സമാധാനമായി. ഒരു സിനിമ കണ്ടിട്ടുള്ള പേടിയല്ലേ. സാരമില്ല. അദൃശ്യരായി നമുക്കു ചുറ്റും എപ്പോഴും സഞ്ചരിക്കുന്ന അരൂപികൾ പലപ്പോഴും രൂപം ധരിച്ച് നമ്മെ പേടിപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് കുട്ടികളെ. അങ്ങിനെയുള്ള പേടി ഭയപ്പെടേണ്ടതാണ്. അത് കൂടുതൽ ആപത്തുകൾ വരുത്തിവെക്കുന്നത് കല്ല്യാണിക്കുട്ടി കണ്ടിട്ടുള്ളതാണ്.

എന്തിനാ ഈ കുട്ടികള് ഇങ്ങനെ പേടിപ്പിക്കണ ചിത്രൊക്കെ എടുത്തു കൊണ്ടു വരണത്?

അവർ അയൽവീട്ടിലെ കുട്ടികളെ മനസ്സിൽ ചീത്തപറഞ്ഞു. ഒന്നുകിൽ കുട്ടികളും മക്കളുമായി കാണാൻ പറ്റാത്ത വൃത്തികെട്ട ചിത്രങ്ങൾ, അല്ലെങ്കിൽ പേടിപ്പിക്കുന്ന ചിത്രങ്ങൾ. ഇതല്ലാതെ ഒന്നുംല്ല്യ.

അച്ഛൻ ഓഫീസിൽനിന്നു വന്നപ്പോഴും അനന്ദന്റെ പേടി മാറിയിരുന്നില്ല. അച്ഛനെ കണ്ടപ്പോൾ അവന് ആശ്വാസമായി എന്നുമാത്രം.

കാര്യം കേട്ടപ്പോൾ കേശവൻ ഉറക്കെ ചിരിച്ചു ഇത്രല്ലെള്ളു. ഇതിനൊക്കെ പേടിച്ചാലോ! ആട്ടെ സിനിമേല് എന്തു കണ്ടിട്ടാ നീ പേടിച്ചത്?

അവന്റെ മുഖത്ത് ഭയം നിറഞ്ഞു. അവൻ ചുറ്റും നോക്കി അച്ഛനോട് ചേർന്നിരുന്നു.

സിനിമേല് പേടീണ്ടാക്കണ പലതുംണ്ട്. പൈപ്പ് തുറക്കുമ്പോൾ ടാപ്പിൽ നിന്ന് വെള്ളത്തിനു പകരം ചോര വര്വാ.

ടാപ്പിൽ നിന്നോ, ചോരയോ?

അതെ. പിന്നെ ആൾക്കാർക്ക് ഒരു സൂക്കെട് വര്വാണ്. കയ്യിന്റെ വെരലൊക്കെല്ല്യെ; അതൊക്കെ മെഴുകുതിരി മാതിരി ഉരുക്വാ. ഉരുകു ഉരുകി വിരലില്ലാതാവും. പിന്നെ കൈ. അതുപോലെ മൂക്ക്, ചെവി ഇതൊക്കെ ഉരുകി കുറച്ചു കഴിഞ്ഞാൽ ആൾ ഉരുകി ഇല്ല്യാതാവും. ശരിക്കും അങ്ങനെ ഒരു സൂക്കേടുണ്ടത്രെ...... രാജിച്ചേച്ചി പറഞ്ഞതാ.

അയാൾ ഒന്നും പറഞ്ഞില്ല. അയാൾ ആലോചിക്കുകയായിരുന്നു. താൻ കൊണ്ടുവന്ന ബ്രീഫ്‌കേസിലെ പണം കല്ല്യാണിക്കുട്ടി ഭദ്രമായി വെച്ചിട്ടുണ്ടാവില്ലേ? വന്ന ഉടനെ ബ്രീഫ്‌കേസ് കൊടുക്കുമ്പോൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതാണ്. അതിനകത്തുണ്ടെന്ന്.

പെട്ടന്നയാൾ വിയർക്കാൻ തുടങ്ങി. എപ്പോഴും അങ്ങിനെയാണ്. ഓഫീസിൽ നിന്ന് കള്ള വൗച്ചർ ഒപ്പിട്ട് മറ്റുള്ള കടലാസ്സുകളെല്ലാം ശരിയാക്കിയ ശേഷമാണ് പതിനായിരം എടുക്കുന്നത്. എല്ലാ കടലാസും ശരിയാണ്. ഓഡിറ്റർ മാർക്കുകൂടി അതു കണ്ടുപിടിക്കാനാവില്ല. ഒരു ദിവസത്തെ കലക്ഷൻ നോക്കുമ്പോൾ പതിനായിരം അത്ര വലിയ തുകയൊന്നുമല്ല.

കല്ല്യാണിക്കുട്ടി കൊണ്ടുവന്നു കൊടുത്ത ചായ മൊത്തിക്കുടിച്ചുകൊണ്ടയാൾ ഓർത്തു, ഇനിയും ഒരു കൊല്ലം കൂടി. പിന്നെ ഭാര്യയും മകനുമായി ഇവിടം വിടണം. കോയമ്പത്തൂരോ മദ്രാസോ പോയി വീടെടുക്കണം. ആരും അറിയില്ല.

ഉവ്വോ അച്ഛാ, അങ്ങിനത്തെ രോഗംണ്ടാവ്വോ? ആനന്ദൻ ചോദിച്ചു.

അയാൾ കൈലർത്തി. ഞാൻ കേട്ടിട്ടില്ല. അതൊക്കെ സിനിമക്കാര് ആൾക്കാരെ പേടിപ്പിക്കാൻ വേണ്ടി ഓരോന്ന് കാട്ടിക്കൂട്ടണതാണ്.

ഈ കുട്ടികളെ പേടിപ്പിക്കാൻ വേണ്ടി ഓരോ സിനിമകള്. കല്ല്യാണിക്കുട്ടി പറഞ്ഞു. എത്ര നല്ല സിനിമകള്ണ്ട്. ന്നാ അതേതെങ്കിലും എടുത്താ മതി. ഈ കുട്ടികള് അത് ചെയ്യില്ല്യ.

ആരാ ഈ ടൈപ്പ് സിനിമയൊക്കെ എടുക്കുന്നത്? കേശവൻ ചോദിച്ചു.

ആ രാജീം സുധേം. അല്ലാതാരാ?

വേറാളുടെ വീട്ടിപോയി സിനിമ കാണുമ്പോ അവര് എട്ക്കണ സിനിമ കാണാനല്ലേ പറ്റൂ. നമുക്കിപ്പൊ ടി.വീം വീഡിയോം ഒന്നും വാങ്ങാൻ പറ്റില്ല. പറ്റും. കേശവൻ മനസ്സിൽ കരുതി. പക്ഷേ അതു ചെയ്യാതിരിക്കയാണ് നല്ലത്. ആയിരത്തഞ്ഞൂറ് ഉറുപ്പിക ശമ്പളമുള്ള ഒരാൾക്ക് വാങ്ങാൻ കഴിയുന്നതൊന്നുമല്ല ടിവിയും വീഡിയോയും.

പിന്നെ അച്ഛാ ടാപ്പീന്ന് എങ്ങിന്യാ ചോര വര്വാ?

നീയൊന്നു മിണ്ടാതിരിക്ക് ടാപ്പീന്ന് ചോര വര്വാ?

അതെയച്ഛാ, ഒരു വീട്ടില് ഈ സൂക്കേട്ണ്ടന്ന് മനസ്സിലാവാ ടാപ്പില് ചോര വന്നു തുടങ്ങുമ്പോഴാണ്. അപ്പൊ മനസ്സിലാക്കാം വീട്ടിൽ ആർക്കെങ്കിലും ഈ സൂക്കേട് പിടിപെട്ടിട്ടുണ്ടന്ന്.

വിഡ്ഢിത്തം പറയല്ലെ. കേശവൻ പറഞ്ഞു. നീ പോയി കുളിച്ച് വല്ലതും പഠിക്കാൻ നോക്ക്.

എനിക്ക് പേടിയാവുന്നു.

ഉറങ്ങുന്നതിനുമുമ്പ് എന്നും അയാൾ അരിപ്പെട്ടിയുടെ അടിയിൽ തപ്പി നോക്കി. അരിയിലൂടെ കൈകളിട്ട് അയാൾ അടിയിൽ അട്ടിയാക്കിവെച്ച കടലാസുപൊതികൾ തപ്പിനോക്കി. ഇന്നത്തെ പൊതിയടക്കം പന്ത്രണ്ട്. അയാൾ അരിപ്പെട്ടിയിൽനിന്നു കയ്യെടുത്തു.

ആനന്ദൻ ഉറക്കമായിരുന്നു. അവനെ പുതപ്പിച്ചുകൊണ്ട് അയാൾ അടുത്തു കിടന്നു. കല്ല്യാണിക്കുട്ടി അടുക്കളയിൽ പാത്രം കഴുകുകയാണ്. ടാപ്പിൽ വെള്ളം വീഴുന്ന ശബ്ദം, പാത്രങ്ങളുടെ ശബ്ദം. പിന്നെ ഈർക്കിൽ ചൂലുകൊണ്ട് കൊട്ടത്തളം അടിച്ചുവാരുന്ന ശബ്ദം. അയാൾ കല്ല്യാണിക്കുട്ടി വരുന്നതും കാത്തു കിടന്നു. ഇനി അടുക്കളയുടെ വാതിൽ അടച്ച് അവൾ വരും.

എന്തുകൊണ്ടോ അയാൾ ടാപ്പിൽ നിന്ന് ചോര വരുന്നതിനെപ്പറ്റിയോർത്തു. ആനന്ദൻ ശരിക്കും പേടിച്ചിട്ടുണ്ടാകും. മൂത്രമൊഴിക്കാൻ കുളിമുറിയിൽ കടക്കാൻ കൂടി താൻ ഒപ്പം പോകേണ്ടിവന്നു. ഊണു കഴിച്ച് കൈ കഴുകിയത് ചെമ്പിൽ പിടിച്ചുവെച്ച വെള്ളം മുക്കിയെടുത്തിട്ടാണ്. ടാപ്പ് അവന് പേടിയായിരിക്കുന്നു. പെട്ടെന്ന് കേശവൻ ഞെട്ടി.

വാതിൽക്കൽ ആരോ ബെല്ലടിച്ചു. ബെല്ലിന്റെ പരുഷമായ ശബ്ദം കേട്ടതും അടുക്കളയിൽ ചൂലിന്റെ ശബ്ദം നിന്നു. കല്ല്യാണിക്കുട്ടിയും ഇപ്പോൾ പകച്ചിരിക്കുകയായിരിക്കും. ആരായിരിക്കും അത്? രാത്രി പത്തുമണിക്ക്. അയാൾ എഴുന്നേറ്റ് വാതിൽ തുറക്കാൻ പോയി.

കല്ല്യാണിക്കുട്ടിയും അടുക്കള വാതിൽക്കൽ വന്നുനിന്നു.

ആരാണ് ഈ നേരത്ത്?

അവൾ നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചു.

അയാൾ വാതിൽ തുറക്കണോ എന്ന് സംശയിച്ചു നിന്നപ്പോൾ വീണ്ടും ഒരു ബല്ല്. അയാൾ വാതിൽ തുറന്നു. അയൽക്കാരൻ. ഒരു മുണ്ടും തോര്‍ത്തും വേഷം. നിങ്ങൾ കെടന്നിട്ടില്ലല്ലൊ. ഉമ്മറത്ത് വെളിച്ചം കണ്ടപ്പൊ ഒറങ്ങീട്ട്ണ്ടാവില്ല്യാന്ന് തോന്നി. അതോണ്ട് വിളിച്ചതാ.

എന്താ വിശേഷം? കേശവന്റെ ശബ്ദത്തിൽ കുറച്ച് അസഹ്യതയുണ്ടായിരുന്നു.

ഇന്നുച്ചക്ക് ഒരു മൂന്നുമണി സമയത്ത് ഒരാള് നിങ്ങടെ പടിക്കല് ചുറ്റിപ്പറ്റി നിക്കണത് കണ്ടൂത്രെ മാലതി. ഒന്നു രണ്ടു പ്രാവശ്യം ഗേയ്റ്റിന്റെ ഉള്ളിൽ കടന്ന് നിങ്ങടെ വാതിൽവരെ വന്നൂത്രെ. പക്ഷെ ബെല്ലടിക്കാതെ തിരിച്ചു പോയി. ഒരരമണിക്കൂറങ്ങിനെ നിന്നിട്ട് തിരിച്ചു പോയത്രെ.

ആരായിരിക്കും അത്? കേശവൻ ആലോചിച്ചു.

ഞാൻ ഇപ്പൊ വന്നിട്ടേയുള്ളു കടേൽന്ന്. അപ്പൊ നിങ്ങളോട് പറയാച്ചിട്ട് വന്നതാ. ഇക്കാലത്ത് ആരീം വിശ്വസിക്കാൻ വയ്യല്ലൊ.

നന്നായി പറഞ്ഞത്. കേശവൻ പറഞ്ഞു. ആരാന്ന് മനസ്സിലായില്ല.

ഞാൻ പോട്ടെ.

ശരി. നേരത്തെ മുഖം കറുപ്പിച്ചതിന് പ്രായശ്ചിത്തമായി കേശവൻ സ്വരം ആവുന്നത്ര മയപ്പെടുത്തി.

കേശവന് ഉറക്കം വന്നില്ല. സാധാരണ കിടന്നാൽ കല്ല്യാണിക്കുട്ടി അടുക്കള വാതിലടച്ച് കുളിമുറിയിൽ പോയി അടുത്തുവന്ന് കിടക്കുമ്പോഴേക്ക് മയക്കമായിട്ടുണ്ടാവും. കുളിമുറിയിൽ നിന്നവൾ നഗ്നയായിട്ടാണ് വരുക. തന്റെ അരികിൽ വന്നു കിടക്കുമ്പോൾ അയാൾ ഉണരും. ജനലിലൂടെ വരുന്ന നേരിയ വെളിച്ചത്തിൽ അയാൾ കല്യാണിക്കുട്ടിയുടെ ദേഹം നോക്കിക്കിടക്കും. ചെലവു ചുരുക്കൽ പരിപാടിയിൽ തുടങ്ങിയതാണ് നഗ്നയായി കിടക്കുക എന്നത്. രാത്രി മേൽ കഴുകിയാൽ മുഷിഞ്ഞ സാരിയും ബ്ലൗസും ഇടാൻ തോന്നില്ല അപ്പോൾ ഗൗൺ ഇടണം. ഒരു ഗൗണിന് മുപ്പത് നാല്പത് ഉറുപ്പികയാവും. പിന്നെ അതു തിരുമ്പാനുള്ള ചെലവും. അതിലും അത്യാവശ്യകാര്യങ്ങൾക്കുള്ള പണമില്ലാതിരുന്ന ഒരു കാലമായിരുന്നു അത്. ഇന്ന് നൈറ്റ്ഗൗണിന്റെ വിലയോ തിരുമ്പാനുള്ള ചെലവോ പ്രശ്‌നമില്ല. പക്ഷേ അന്നു തുടങ്ങിയ ശീലം ഇന്നും തുടരുന്നു.

അവൾ ഒന്നും പറയാതെ കിടക്കുകയാണ്. കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം അവൾ ചോദിച്ചു.

നിങ്ങൾ ഉറങ്ങ്യോ?

ഊ ഉം.

ആരായിരിക്കും മൂന്ന് മണിക്ക് വന്നത്?

ഒരു നിമിഷം കഴിഞ്ഞ് അയാൾ പറഞ്ഞു.

അറിയില്ല.

അയാളും അത്രയും സമയം അതു തന്നെയായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്. അയാൾക്ക് അടുത്ത കാലത്ത് വളരെ പെട്ടെന്ന് പേടിപിടിച്ചിരുന്നു. വാതിൽക്കൽ ഒരു മുട്ട്, പരിചയമില്ലാത്ത ഒരാളുടെ നോട്ടം, കമ്പനിയുടമയുടെ വിളി. എല്ലാം അയാളെ ഞെട്ടിച്ചു.

വല്ലോരും എന്നെ കാണാൻ വന്നതാവും. ഉറങ്ങ്വാവും വിളിക്കണ്ടാച്ച്ട്ട് പോയതാവും.

ഭാര്യയ്ക്ക് ധൈര്യം പകരേണ്ടത് താനാണെന്നും അതുകൊണ്ട് ധൈര്യം നടിക്കുകയാണ് നല്ലതെന്നും അയാൾക്കറിയാം.

എനിയ്ക്കു പേട്യാവുണു. കല്ല്യാണിക്കുട്ടി പറഞ്ഞു. നമ്മള് ഈ ചെയ്യണതൊക്കെ എന്നെങ്കിലും കണ്ടുപിടിച്ചാൽ.

അതൊന്നും ആരും കണ്ടുപിടിക്കാൻ പോണില്ല. ഇനി ഒരു കൊല്ലം കൂടി മതി. അതു കഴിഞ്ഞാൽ നമ്മള് പോവായി.

അപ്പോഴേക്ക് എത്ര്യാവും?

ഏകദേശം മൂന്നുലക്ഷം. മൂന്നെങ്കിലും ആയാലേ എന്തെങ്കിലും ചെയ്യാൻ പറ്റൂ.

കുറച്ചു നേരം അവൾ ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ പറഞ്ഞു.

ശരിക്കും പറഞ്ഞാൽ നമ്മള് കക്ക്വല്ലെ ചെയ്യണത്.

അയാൾ ഒന്നും പറഞ്ഞില്ല. അതൊന്നും അയാൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്. അങ്ങിനെയുള്ള സന്ദർഭങ്ങളിൽ അയാൾ കയ്യിൽ കാൽക്കാശില്ലാതെ കഷ്ടപ്പെട്ട ദിവസങ്ങൾ ഓർക്കും.

മോൻ കുട്ടിയായിരിക്കുമ്പോൾ പാൽ കൊടുക്കാനില്ലാതെ കഷ്ടപ്പെട്ടത് ഓർമ്മണ്ടോ നിനക്ക്?

അയാൾ ചോദിച്ചു.

അന്ന് എഴുന്നൂറുറുപ്പികയാണ് കാഷിയർ എന്ന നിലയിൽ അയാളുടെ ശമ്പളം. കയ്യിൽ കിട്ടിയിരുന്നത് അറുനൂറുറുപ്പികയും. അതുകൊണ്ട് എങ്ങിനെ ജീവിക്കും. പാൽ നിർത്തിയപ്പോൾ പാൽക്കാരൻ വഴക്കു പറഞ്ഞു. വേറെ ആരുടെയെങ്കിലും അടുത്തുനിന്ന് പാൽ വാങ്ങാനാണ് അവന്റെ പാൽ നിർത്തിയതെന്നായിരുന്നു പാൽക്കാരൻ ധരിച്ചത്. സത്യം, പറയാൻ കൊള്ളാത്തവിധം വിരൂപമായിരുന്നു.

നമ്മള് കഷ്ടപ്പെട്ടതൊന്നും പറയാതിരിക്ക്യാ നല്ലത്. കല്ല്യാണിക്കുട്ടി പറഞ്ഞു.

എന്തെങ്കിലും പ്രചോദനം ഇല്ലെങ്കിൽ ഇന്നത്തെ ഉറക്കം നശിച്ചതുതന്നെ. അയാൾ ചോദിച്ചു.

കുപ്പീല് വല്ലതും ബാക്കീണ്ടൊ.

ണ്ടാവും. അവൾ പറഞ്ഞു. എന്തിനാ കുടിക്കണത്? ഇനി അതൊരു ശീലാവും.

ആദ്യത്തെ ദിവസം പതിനായിരത്തിന്റെ കെട്ട് വീട്ടിലേക്ക് കൊണ്ടുവന്ന അന്നാണ് ആദ്യമായി കുടിച്ചത്. ഉറക്കം കിട്ടാൻ. പിന്നെ അത് ഇടയ്ക്കിടയ്ക്കായി. കുടിച്ചു കഴിഞ്ഞാൽ ധൈര്യം കിട്ടുന്നു. കല്ല്യാണിക്കുട്ടിയുമായി ഇണ ചേരാൻ ഉത്തേജനം കിട്ടുന്നു. അതു കഴിഞ്ഞാൽ പെട്ടെന്ന് ഉറക്കവും കിട്ടുന്നു.

നീ ഒരു ഗ്ലാസ് എടുക്ക്.

കല്ല്യാണിക്കുട്ടി എഴുന്നേറ്റു. അടുക്കളയിൽ പോയി ഒരു ഗ്ലാസും വെള്ളവും കൊണ്ടുവന്നു. ചുവരലമാരി തുറന്ന് കുപ്പിയെടുക്കുമ്പോൾ അവളുടെ നഗ്നമായ പിൻഭാഗം ജനലിലൂടെ വന്ന വെളിച്ചം പ്രകാശമയമാക്കുന്നത് കേശവൻ നോക്കി. വിസ്‌കി ഗ്ലാസിൽ എടുത്ത് വെള്ളം ചേർത്ത് അയാൾ കട്ടിലിന്റെ തലയ്ക്കൽ ചാരിയിരുന്നു. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറായി കല്ല്യാണിക്കുട്ടി അടുത്തുവന്നിരുന്നു.

അപരിചിതൻ പിന്നെയും വന്നു. മൂന്നുമണി നേരത്തുതന്നെ. കല്ല്യാണിക്കുട്ടി ജനലിന്റെ വിടവിലൂടെ നോക്കി നിന്നു. തലേദിവസത്തെ സംഭവങ്ങൾ അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇന്നും ഉച്ചയ്ക്ക് ജോലിയെല്ലാം കഴിഞ്ഞ് അവൾ കിടന്നതായിരുന്നു. നാലരക്കേ ആനന്ദൻ വരികയുള്ളൂ. നാലുമണിവരെ കിടക്കും. കിടന്നിട്ടും ഉറക്കം വരുന്നില്ല. കുറച്ചുകഴിഞ്ഞ് വെറുതെ ജനല്‍പ്പൊളികള്‍ക്കിടയിലൂടെ പുറത്തേക്കു നോക്കിയതാണ്. അപ്പോഴാണ് അയാൾ പടിക്കൽ നിൽക്കുന്നത് കണ്ടത്. വെളുത്ത ഷർട്ടും മുണ്ടും. കുറ്റിരോമങ്ങൾ ഒരു ബീഡിയും വലിച്ച് അയാൾ അവിടെ നിൽക്കുന്നു. ഇടയ്ക്കിടയ്ക്ക് തങ്ങളുടെ വാതിൽക്കലേക്ക് നോക്കുന്നുമുണ്ടായിരുന്നു. അര മണിക്കൂറോളം അയാൾ അവിടെ ചുറ്റിപ്പറ്റി നിന്നു, പിന്നെ നടന്ന് അപ്രത്യക്ഷനായി.

അവളുടെ നെഞ്ച് ശക്തിയായി മിടിച്ചു. ആരാണയാൾ? എന്താണയാളുടെ ഉദ്ദേശം?

വൈകുന്നേരം കേശവൻ വന്നപ്പോഴേക്കും അവൾ വല്ലാതെ പരിഭ്രമിച്ചിരുന്നു.

നമുക്ക് വേഗം തന്നെ പോകാം എങ്ങോട്ടെങ്കിലും. അവൾ പറഞ്ഞു. ഇനി പണമൊന്നും വേണ്ട. ഉള്ളതുമതി.

നീയെന്തിനാണിങ്ങനെ പേടിക്കുന്നത്? കേശവൻ ചോദിച്ചു. അയാൾക്ക് എന്തെങ്കിലും കാര്യമുണ്ടാവും. ഓഫീസിലെ കാര്യവും അയാളുമായി ഒരു ബന്ധുംണ്ടാവാൻ വഴീല്ല്യ. ഒരു കൊല്ലത്തിനു മുമ്പൊന്നും പോകാൻ പറ്റില്ല്യ നമുക്ക്.

ഭാര്യയെ സമാധാനിപ്പിച്ചുവെങ്കിലും ഭയം അയാളിൽ സൂര്യവെളിച്ചത്തിൽ പായൽ പോലെ വളരുന്നുണ്ടായിരുന്നു. അറിയപ്പെടാത്ത ഒരു മനുഷ്യനും താനും വിധിയുടെ ഏതോ ഏടാകൂടത്തിൽ പെട്ട് ഒരു ഏറ്റുമുട്ടലിനായി തയ്യാറെടുക്കുകയാണെന്നയാൾക്കു തോന്നി.

രാത്രി ഗ്ലാസ്സ് കൊണ്ടുവരാൻ പറഞ്ഞപ്പോൾ കല്ല്യാണിക്കുട്ടി സമ്മതിച്ചില്ല. അവൾ പറഞ്ഞു. ഇന്നിനി കുടിക്കണ്ട.

മദ്യപാനവും അതിനുശേഷമുള്ള സംഭോഗവും അയാളിലെ പ്രക്ഷുബ്ധാവസ്ഥ അയയ്ക്കുന്നുണ്ടെന്നും അയാൾക്ക് സുഖമായി ഉറക്കം കിട്ടുന്നുണ്ടെന്നും അവൾക്കറിയാം. താനാവട്ടെ മനസ്സിലാവാത്ത ഭയങ്ങളുടെ അടിമയായി കണ്ണും തുറന്ന് കിടക്കുകയും പകലെങ്കിലും ഉറങ്ങാമായിരുന്നു. ഇപ്പോൾ ആ ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു.

ആനന്ദൻ സ്‌കൂളിൽനിന്നു വരുന്നത് പുതിയ അറിവുകളുമായാണ്. ആ അറിവുകളാവട്ടെ അവനെ കൂടുതൽ ഭയപ്പെടുത്തുകയും ചെയ്തു. കൈവിരൽത്തുമ്പ് തൊട്ട് ഉരുകിയൊലിച്ചു പോകുന്ന അസുഖം ശരിക്കുമുള്ളതാണെന്നവൻ കണ്ടുപിടിച്ചു. ക്ലാസിലെ പല കുട്ടികൾക്കും സ്വന്തം വീട്ടിൽ അങ്ങിനത്തെ അനുഭവമുള്ളതായി സാക്ഷ്യപ്പെടുത്തി. ടാപ്പിൽ നിന്ന് ചോര വരുന്നത്. ടാപ്പ് പോട്ടെ കിണറ്റിലെ വെള്ളം മുഴുവൻ ചുവന്ന ചോരയായത് നേരിട്ടു കണ്ട ഒരുത്തൻ ക്ലാസിലുണ്ട്. അപ്പോൾ ഇതൊന്നും കെട്ടുകഥകളല്ലെന്നർത്ഥം.

എനിയ്ക്ക് എന്റേതായിട്ടുള്ള ഭയങ്ങളുണ്ട്. കേശവൻ പറഞ്ഞു. അതിന്റെ കൂടെയാണ് ഇനി ഇവന്റേതും.

ഓഫീസിൽ കേശവൻ വളരെ സൂക്ഷിച്ച് പെരുമാറി. മുതലാളിയുടെ ഓരോ ചലനവും അയാൾ സംശയത്തോടെ വീക്ഷിച്ചു. മുതലാളിക്ക് തന്റെ പേരിൽ സംശയമുണ്ടായിട്ടുണ്ടെന്നും, അത് തന്നെ അറിയിക്കാതെ വളരെ വിദഗ്ദമായി മൂടിവെക്കുകയാണെന്നും അയാൾക്കു തോന്നി. ഉച്ചയ്ക്ക് വീട്ടിൽ വരുന്ന ആൾ മുതലാളിയുടെ ആളായിരിക്കുമെന്നു വരെ കേശവൻ വിശ്വസിച്ചു. അയാളുടെ ഉറക്കം നഷ്ടപ്പെട്ടു. മദ്യമോ കല്ല്യാണിക്കുട്ടിയുടെ ദേഹമോ അയാളിൽ താല്പര്യമുണർത്തിയില്ല. ഉറക്കമില്ലാത്ത രാത്രികളിൽ അയാൾ എഴുന്നേറ്റ് ജനലിലൂടെ പുറത്തുള്ള നാട്ടുവെളിച്ചത്തിൽ അവ്യക്തരൂപങ്ങൾക്കുവേണ്ടി പരതും. രാത്രി മുറികളിൽ ഇരുട്ടത്ത് നടക്കുമ്പോൾ ആരെങ്കിലും തന്നെ പെട്ടെന്ന് പിടികൂടുമെന്നയാൾ ഭയപ്പെട്ടു. മുമ്പിലുണ്ടായേക്കാവുന്ന പ്രതിയോഗിയെ ഇടിക്കാൻ അയാൾ കയ്യോങ്ങി.

അതിനിടയ്ക്ക് ആനന്ദൻ രാത്രിയിൽ ഉണർന്ന് കരയുക ഒരു ശീലമാക്കിയിരിക്കുന്നു. പെട്ടെന്നുണർന്ന് അവൻ ഭയത്തോടെ കരയും.

ടാപ്പിൽ ചോര. അവൻ പറയും. എന്റെ കൈയ്യ് നോക്കു ഉരുകിപ്പോണു.

വിളക്കു കത്തിച്ച് അവന്റെ കൈകൾക്കൊന്നും പറ്റിയിട്ടില്ലെന്ന് അവനെ ബോദ്ധ്യപ്പെടുത്തും.

ബുധനാഴ്ച മുതലാളി ടൂറിനു പോകും. പിന്നെ വെള്ളിയാഴ്ചയേ വരൂ. മൂന്നു ദിവസം വേറൊരു പതിനായിരം കടത്തേണ്ട അവസരമാണ്. വേണോ വേണ്ടേ? അയാൾക്ക് തീരുമാനിക്കാൻ പറ്റിയില്ല. സമയം തന്നെ പിന്നിലാക്കി ഓടുകയാണെന്നും നഷ്ടപ്പെട്ട ഓരോ അവസരവും നഷ്ടപ്പെട്ടതു തന്നെയെന്നും അയാൾക്കറിയാം. ഒരു കൊല്ലം ഇനി പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അപ്പോൾ ഈ അവസരം എന്തായാലും കളയാൻ വയ്യ.

വൈകുന്നേരം ബ്രീഫ്‌കേസുമെടുത്ത് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കേശവന് അസാധാരണമായൊന്നും തോന്നിയില്ല. പക്ഷേ ബസ്സ് സ്റ്റോപ്പിലേക്കുള്ള നടത്തത്തിനിടയിലാണ് താൻ പിന്തുടപ്പെടുന്നുണ്ടെന്ന തോന്നലുണ്ടായത്. കേശവൻ തിരിഞ്ഞു നോക്കി. ദൈവമേ, അയാൾ സ്വയം പറഞ്ഞു. ഒരാൾ തന്നെ പിൻതുടരുക തന്നെയാണ് അയാൾ ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുന്ന വഴി മാറി നടന്നു. അയാളും പിന്നിൽ തന്നെയുണ്ട്. ഇന്നെന്തായാലും ആരുമായും ഒരു ഏറ്റുമുട്ടൽ പറ്റില്ല. ബ്രീഫ്‌കേസിനുള്ളിലെ കെട്ട് വിലപിടിച്ചതാണ്. കേശവൻ ഒഴിഞ്ഞു വരുന്ന ഓട്ടോറിക്ഷ കൈകാട്ടി നിർത്തി. ഓട്ടോ പുറപ്പെട്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കി. വെളുത്ത ഷർട്ടും മുണ്ടും ധരിച്ച ആൾ വെറുതെ നോക്കി നിന്നുകൊണ്ട് കീശയിൽ നിന്ന് ഒരു ബീഡിയെടത്ത് ചുണ്ടത്തുവെച്ച് തീപ്പെട്ടി ഉരസി കത്തിക്കുകയാണ്. പടിക്കൽ ഓട്ടോനിർത്തി വാടക കൊടുത്തശേഷം അയാൾ ഒരുവിധം ഗേയ്റ്റ് കടന്ന് ഓടി വരികയാണ് ചെയ്തത്. ബെല്ലടിക്കുന്നതിനുമുമ്പ് അയാൾ നിന്നു. രണ്ടു കാര്യത്തിനായി. ഒന്ന് അയാൾ തന്നെ പിൻതുടരുന്നുണ്ടോ എന്ന് നോക്കണം. പിന്നെ കല്ല്യാണിക്കുട്ടി കാണുമ്പോഴേക്ക് തന്റെ കിതപ്പ് മാറ്റണം.

വാതിൽ തുറന്ന ഭാര്യയുടെ കയ്യിൽ അയാൾ ബ്രീഫ്‌കേയ്‌സ് വെച്ചുകൊടുത്തു.

ഉള്ളിലുണ്ട്, എടുത്തുവെക്കു. അയാൾ പറഞ്ഞു. പിന്നെ കുറച്ചു തണുത്ത വെള്ളം കുടിക്കാൻ തരൂ.

മൺകൂജയിൽനിന്നെടുത്ത തണുത്ത വെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാൾ കണ്ടത്. ആനന്ദൻ ഒരു കസേരയിൽ കൂനിയിരിക്കുന്നു. ആകെ പേടിച്ചു വശായിരിക്കുന്നു.

എന്താ മോനെ നീ പിണങ്ങിയിരിക്കണത്?

അച്ഛാ എനിക്കു പേട്യാവുന്നു.

എന്തിന്?

എനിക്കും ആ സൂക്കേട് വരാൻ പൂവാ തോന്നണു. നോക്കു എന്റെ വിരലൊക്കെ നനഞ്ഞോണ്ടിരിക്കുന്നു.

നീ വിഡ്ഢിത്തം പറയല്ലെ. അയാൾ ശാസിച്ചു. അങ്ങിനത്തെ ഒരു സൂക്കേടൊന്നുംല്ല്യ ലോകത്തില്. സിനിമക്കാര് ഓരോന്ന്ണ്ടാക്കിവെക്കും.

അയാൾ വാതിൽക്കൽ ശ്രദ്ധിക്കുകയായിരുന്നു. കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ടോ?

അച്ഛാ എനിക്ക് തോന്നണത് ടാപ്പില് ചോരണ്ടാവുംന്നാ. ഈ സൂക്കേട് വരുമ്പൊക്കെ ടാപ്പിന്ന് ചോര വരാറുണ്ടത്രെ.

ടാപ്പിൽ നിന്ന് ചോരയോ?

അയാൾ എഴുന്നേറ്റു. ഇങ്ങട് വരൂ. ഞാൻ കാണിച്ചുതരാം.

അയ്യോ അച്ഛാ ടാപ്പ് തൊറക്കല്ലെ. ആനന്ദൻ കെഞ്ചി. എനിക്ക് പേടിയാവുന്നു.

കല്ല്യാണിക്കുട്ടി അടുക്കളയിൽ നിന്നു വന്നു. അയാൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു.

വെച്ചുവെന്ന് അവൾ മറുപടി നൽകി.

അയാൾ ആനന്ദനേയും കൂട്ടി ടാപ്പിനടുത്തേക്ക് നടന്നു. പെട്ടെന്നാണ് ഡോർ ബെല്ലടിച്ചത്. അയാൾ ഞെട്ടിത്തെറിച്ചു. മേലാകെ പെട്ടെന്ന് ശൈത്യം ബാധിച്ചു. അയാളുടെ കൈകൾ വിയർത്തു. അയാളുടെ കൈ ടാപ്പിന്മേലായിരുന്നു. കല്ല്യാണിക്കുട്ടി പോയി താക്കോൽപ്പഴുതിലൂടെ നോക്കുന്നതും തിരിച്ചുവന്ന് തന്നോട് പറയുന്നതും അയാൾ മറ്റേതോ ലോകത്തിൽ നിന്നെന്നപോലെ കണ്ടു.

അതയാളാണ്. മൂന്നുമണിക്ക് വരാറില്ലേ?

അയാൾ ടാപ്പു തിരിച്ചു.

വെള്ളത്തിനു പകരം ചുവന്നു കൊഴുത്ത ദ്രാവകം ഒഴുകാൻ തുടങ്ങി. അയാൾ കണ്ണടച്ചു. തന്റെ വിരലുകളിലെ നനവ് അയാൾക്കനുഭവപ്പെട്ടു. തന്റെ വിരലുകൾ എണ്ണ പോലുള്ള ഒരു ദ്രാവകം വന്ന് അന്യോന്യം ഒട്ടുന്നത് അയാൾ അറിഞ്ഞു. കണ്ണു തുറന്ന് നോക്കാൻ ധൈര്യമില്ലാതെ അനങ്ങാനാവാതെ അയാൾ നിന്നു.

കുങ്കുമം വാരിക - 17 സെപ്റ്റംബർ 1989