ഭാഗ്യത്തിന്റെ വഴികൾ


ഇ ഹരികുമാര്‍

അയാൾ അവിടെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി എന്നറിയില്ല. ഞാൻ വാതിൽ തുറന്ന് പുറത്തു കടന്നപ്പോൾ അവിടെയുണ്ട്. മതിലിന്നപ്പുറത്ത് വഴിയിൽ. എനിയ്ക്കയാളുടെ തല മാത്രമേ കാണാനുള്ളു. വിവശതയാർന്ന മുഖവും. എന്നെ കണ്ടപ്പോൾ അയാൾ കയ്യിലുള്ള ലോട്ടറി ടിക്കറ്റുകൾ ഉയർത്തിക്കാട്ടി.

സാർ, ഒരു ടിക്കറ്റെടുക്കൂ.

പരീക്ഷീണമെങ്കിലും പ്രതീക്ഷാ നിർഭരമായ ശബ്ദം. ഞാൻ ലോട്ടറി ടിക്കറ്റെടുക്കാറില്ല. അതുകൊണ്ട് പറഞ്ഞു.

എനിക്ക് വേണ്ട.

സാർ ഒരു ടിക്കറ്റെടുക്കൂ. അഞ്ചുറുപ്പികയെ ഉള്ളൂ. കിട്ടിയാൽ ഒമ്പതു ലക്ഷമാ സാർ.

ഇരുപത്തിനാലു മണിക്കൂറും കഠിനാദ്ധ്വാനം ചെയ്ത് രണ്ടുനേരം കഞ്ഞികുടിക്കാനാണ് ഞാൻ വിധിക്കപ്പെട്ടിട്ടുള്ളത്. നീ ആ ടിക്കറ്റ് കൊണ്ടുപോയി വേറെ വല്ല ഭാഗ്യവാന്മാർക്കും കൊടുക്ക്.

അല്ല സാർ, ഭാഗ്യം വരണത് എപ്പഴാന്നറിയില്ല്യ. സാർ ഒരു ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ചു നോക്കു.

എനിക്കു വേണ്ട.

സാർ.........

എനിക്കു വേണ്ടെന്നു പറഞ്ഞില്ലേ, താൻ പോകുന്നുണ്ടോ?

മതിലിന്നപ്പുറത്തെ മുഖം മങ്ങി. ടിക്കറ്റ് ഉയർത്തിപ്പിടിച്ച കൈ താഴ്ത്തി, അയാൾ പോകാനൊരുങ്ങി. അപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. അയാൾ ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. മതിലിന്നപ്പുറത്തൂകൂടെ അയാളുടെ തല താഴ്ന്നും പൊങ്ങിയും പോകുന്നത് ഞാൻ നോക്കി. ഗെയ്റ്റിന്റെ അടുത്ത് എത്തിയപ്പോഴാണ് ശരിക്ക് കണ്ടത്. അയാൾക്ക് ഒരു കാലില്ലായിരുന്നു. വലത്തെ കാൽ മുട്ടിനു താഴെയില്ല.

ഇതറിഞ്ഞില്ല. ഒരു ടിക്കറ്റെടുക്കാമായിരുന്നു. ഇപ്പോഴും വേണമെങ്കിലതു ചെയ്യാം. ഒന്ന് കൈകൊട്ടി വിളിച്ചാൽ അയാൾ നിൽക്കും. പക്ഷേ ഞാനതിനു തുനിഞ്ഞില്ല. എന്റെ സ്വന്തം ഭാഗ്യദോഷങ്ങളുടെ നിരന്തര സഹവാസം മനസ്സിനെ നിർവ്വികാരമാക്കിയിരുന്നു. മനസ്സിലെ ആർദ്രതയുടെ ഉറവകളെല്ലാം വറ്റി വരണ്ടിരുന്നു. ബാക്കിയുള്ളത് നിസ്സംഗതയുടെ മണൽത്തരികൾ മാത്രം.

ഓഫീസും ഗോഡൗണും ഒന്നു തന്നെയാണ്. ഗോഡൗണിന്റെ ഒരു മൂലയിൽ ഹാർഡ്‌ബോർഡ് കൊണ്ട് മറച്ച ഒരു ചെറിയ കാബിനാണ് ഓഫീസ്. അതിൽ പൊടിപിടിച്ച മേശയ്ക്കു മുമ്പിൽ കടലാസ്സു കൂമ്പാരത്തിന്റെ നടുവിൽ ഞാൻ ഇരുന്നു. സഹായത്തിന് ഒരു പ്യൂൺ മാത്രം. ബോംബെയിലെ ഒരു ട്രാൻസ് പോർട്ട് കമ്പനിയുടെ മാനേജരായി എന്നെ എറണാകുളത്തേക്ക് മാറ്റിയപ്പോൾ ഉള്ള കരാറാണത്. ശമ്പളത്തിൽ മാറ്റമില്ല. സ്റ്റാഫിനെയൊന്നും നിയമിക്കില്ല. ബിസിനസ്സ് എങ്ങിനെയുണ്ടെന്ന് നോക്കിയശേഷം കൂട്ടാം. ഒരു സ്‌കൂട്ടർ വാങ്ങിത്തരാം. പിന്നെ ഒന്നുരണ്ടു ജോലിക്കാരേയും വെച്ചുതരാം. തൽക്കാലം അവിടെ പോയി ജോയിൻ ചെയ്യണം. ബീഹാറിലെ ആ ചെറിയ പട്ടണത്തിൽ കടലപ്പൊടി വറുത്തത് കുഴച്ചത് പച്ചമുളകു കൂട്ടിത്തിന്നുകയായിരുന്ന ഞാൻ പെട്ടെന്ന് സമ്മതിച്ചു. ഒന്നുമില്ലെങ്കിലും പിറന്ന നാട്ടിലാണല്ലോ. ബിസിനസ്സ് പിടിക്കാനും വലിയ വിഷമം കാണില്ല. ഒരു കൊല്ലംകൊണ്ട് ഒരു മാതിരി നല്ല ബിസിനസ്സ് ഉണ്ടാക്കിയാൽ ഒരു ചെറിയ വീട് വാടകക്കെടുക്കാം, വൈകിയെങ്കിലും ഒരു കല്ല്യാണം കഴിച്ച് കൂടാം എന്നൊക്കെയായിരുന്നു എന്റെ കണക്കുകൂട്ടൽ.

കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്ന് ആറുമാസത്തിനുള്ളിൽ മനസ്സിലായി. ഇങ്ങിനെയൊരു കരാറിലാണ് മാറ്റം കിട്ടിയതെന്ന് കേട്ടവർ മൂക്കത്തു വിരൽ വെച്ചു. ഇവിടെയുള്ള ട്രാൻസ്‌പോർട്ട് കമ്പനികളുടെ ബ്രാഞ്ചുകൾ കൂടി പൂട്ടാൻ പോവുകയാണ്. വലിയ ബിസിനസ്സ്‌കള് ഓരോന്നോരാന്നായി കേരളത്തിൽനിന്ന് പുറത്തുപോവുകയാണ്. ചായപ്പൊടി ബിസിനസ്സ് കണ്ടില്ലേ? ഇവിട്യാണെങ്കിൽ പുതിയ ഫാക്ടറിയൊന്നും വരിണില്ല്യ. കൊറച്ച് ബിസിനസ്സ്ണ്ട്. അതിനുവേണ്ടി എല്ലാ ട്രാൻസ്‌പോർട്ട് കമ്പനിക്കാരും കൂടി കടിപിട്യാണ്. പിന്ന്യൊക്കെ തടിമിടുക്ക് പോല്യാണ്. പിന്നാലെ നടന്നാൽ കുറച്ച് ബിസിനസ്സ് കിട്ടും. അതൊക്കെ മത്യോ?

ഗോഡൗണിന്റെ വാടക, ടെലിഫോൺ, രണ്ടു ജോലിക്കാരുടെ ശമ്പളം, യാത്രാച്ചെലവ് ഒക്കെക്കൂടി മാസം ഏഴായിരം ഉറുപ്പിയിലധികം ചെലവ് വരുന്നുണ്ട്. മാസം ഒരു ലക്ഷത്തിന്റെ ബിസിനസ്സ് കിട്ടിയാലേ ചക്രം തിരിയൂ.

മറ്റു ജോലിക്കാരില്ലാത്തതു കൊണ്ട് ബുക്കിംഗ് തൊട്ട് അട്ടിമറിവരെയുള്ള എല്ലാ കാര്യങ്ങളും ഞാൻ തന്നെ ശ്രദ്ധിക്കണം. ഇപ്പോൾ പ്യൂണിനെ ബുക്കിംഗ് പഠിപ്പിച്ചു. അതുകൊണ്ട് കുറച്ചൊരാശ്വാസമുണ്ട്. ആ സമയത്ത് ആരെയെങ്കിലും കണ്ട് ബിസിനസ്സ് പിടിക്കാൻ ശ്രമിക്കാം. ലോറികൾ വരിക മിയ്ക്കവാറും രാത്രിയായിരിക്കും. ചിലപ്പോൾ അപ്പോൾ തന്നെ ഇറക്കുകയും വേണം. ആ രാത്രി ഉറക്കമില്ലെന്നർത്ഥം.

ഇതൊക്കെയാണ് എന്റെ ഭാഗ്യ വിശേഷങ്ങൾ. അതിനിടക്കാണ് ലോട്ടറിക്കാരൻ വന്ന് ഭാഗ്യക്കുറി ടിക്കറ്റ് പിടിപ്പിക്കാൻ നോക്കുന്നത്. പക്ഷേ ഒരു കാലില്ലാത്ത ആ മനുഷ്യന്റെ ദയനീയമുഖം എന്നെ തളർത്തുന്നു. അയാളും ഭാഗ്യദേവതയുടെ മടിയിലല്ല ഇരിക്കുന്നതെന്ന കാര്യം എനിക്കു മനസ്സിലാവുന്നു. അയാളുടെ ദൗർഭാഗ്യം എത്രത്തോളം മോശമാണെന്നത് പക്ഷേ അയാൾ പറഞ്ഞപ്പോഴേ എനിയ്ക്കു മനസ്സിലായുള്ളു. എന്റെ ഭാഗ്യദോഷം അയാളുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ സൗഭാഗ്യമാണെന്നുവേണം പറയാൻ.

അയാൾ വീണ്ടും വന്നു. ബുധനാഴ്ച രാവിലെ ഞാൻ ഓഫീസിൽ പോകാനായി വാതിൽ തുറന്നതാണ്. അയാൾ മതിലിന്നപ്പുറത്ത് കാത്തു നിൽക്കുന്നു. എന്നെ കണ്ടപ്പോൾ അയാൾ ചിരിച്ചു. ദയനീയമായ ഒരു ചിരി. സന്തോഷം കൊണ്ടുള്ള ചിരിയല്ല. വെറും പ്രത്യാശയുടെ തിളക്കം മാത്രം.

സർ ഒരു ടിക്കറ്റെടുക്കൂ. നാളെയാണ് നറുക്കെടുപ്പ്. കഴിഞ്ഞ ആഴ്ച ഞാൻ ആട്ടി പറഞ്ഞയച്ചതിന്റെ കറ അയാൾ സൂക്ഷിക്കുന്നില്ല.

അഞ്ചുറുപ്പിക കൊടുത്ത് അയാളെ സഹായിക്കാമെന്നു കരുതിയതാണ്. പക്ഷേ പറഞ്ഞത് മറിച്ചായിരുന്നു. പരുഷമായിത്തന്നെ.

എനിക്ക് ടിക്കറ്റ് വേണ്ടെന്നു പറഞ്ഞില്ലേ?

അയാളുടെ മുഖം മങ്ങി.

സർ ഒരു ടിക്കറ്റെടുത്ത് സഹായിക്കണം. സാറമ്മാരോടല്ലാതെ ആരോടാ ഞാൻ പറയ്വാ.

എടോ എനിയ്ക്ക് ഭാഗ്യം തീരെയില്ല. ഒന്നും കിട്ടില്ല്യാന്ന് അറിഞ്ഞു കൊണ്ട് എന്തിനാ അഞ്ചുറുപ്പിക കളയണത്?

ഭാഗ്യം എപ്പഴാ നമ്മടെ വഴീല് വര്വാന്ന് അറിയില്ല സാറെ. ഒരു ടിക്കറ്റെടുത്തു നോക്കു. മിനി ബംബറാണ്. പത്തുലക്ഷം ഉറുപ്പികീം മാരുതികാറും.......

എനിക്കു വേണ്ട മാഷെ.

സാറെ, ഇതോണ്ടൊക്ക്യാണ് കഴീണത്. സാറൊന്നു സഹായിക്കണം. പത്തു ടിക്കറ്റും കൂടിയേ ഉള്ളൂ.

ഞാൻ പുതിയൊരു കസ്റ്റമറെ കാണാൻ പുറപ്പെട്ടതാണ്. കിട്ടുകയാണെങ്കിൽ തരക്കേടില്ലാത്ത ബിസിനസ്സാണ്. നല്ലൊരു കാര്യത്തിന് പുറപ്പെടുമ്പോൾ..... എന്നിലെ ഉറങ്ങിക്കിടന്ന വിശ്വാസങ്ങൾ ഉണർന്നെഴുന്നേറ്റു. കീശയിൽ നിന്ന് ഒരഞ്ചുറുപ്പികയുടെ നോട്ടെടുത്ത് അയാൾക്കു നീട്ടി. അതു വാങ്ങി നെറ്റിമേൽ ചേർത്തുപിടിച്ച് അയാൾ കണ്ണടച്ചു. പിന്നെ നോട്ട് കീശയിലിട്ടശേഷം ഒരു ടിക്കറ്റെടുത്ത്എന്റെ നേരെ നീട്ടി.

ഇതിൽ ഏതെങ്കിലും ഒരു സമ്മാനം അടിക്കും സാറെ.

അയാൾ ഞൊണ്ടിക്കൊണ്ട് നടന്നുപോയി.

പുതിയ കസ്റ്റമർ വളരെ പ്രതീക്ഷകൾ നൽകി. ഞാൻ എന്റെ ബ്രീഫ്‌കേസും നിലത്തുവെച്ച് ഓഫീസിന്റെ സ്വീകരണമുറിയിൽ സോഫയിൽ ഇരുന്നു. എന്റെ കാർഡ് റിസപ്ഷനിസ്റ്റിന്റെ കയ്യിൽ കൊടുത്തിരുന്നു. കമേഴ്‌സ്യൽ മാനേജരെ കാണണമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ എന്നെ വിളിപ്പിച്ചത് മാനേജിംഗ് ഡയറക്ടർ തന്നെയായിരുന്നു. അതും രണ്ടു മിനിറ്റിനുള്ളിൽ.

ഇന്ന് അത്ഭതങ്ങളുടെ ദിവസമാണെന്നു തോന്നുന്നു.സാധാരണ ഈ മാതിരി വലിയ കമ്പനികളിൽ പോയാൽ ഒരു ക്ലാർക്കിനെ കാണാൻ പോലും മണിക്കൂർ കാത്തു നിൽക്കേണ്ടി വരാറുണ്ട്.

എനിക്കൊരു പ്രശ്‌നമുണ്ട്. മാനേജിംഗ് ഡയറക്ടർ പറഞ്ഞു. അതിനുള്ള ഉത്തരം നിങ്ങളുടെ കയ്യിലാണ്.

എയർകണ്ടീഷൻ ചെയ്ത മുറിയിൽ ചുമർതൊട്ട് ചുമർവരെ കാർപ്പെറ്റുണ്ട്.

ദിവസേന മൂന്ന് ലോഡ് ബോംബെയ്ക്കു പോകണം, ഡയറക്റ്റ്. നോ ട്രാൻഷിപ്പ്‌മെന്റ്. കെമിക്കൽസാണ്. എന്തൊക്കെയാണ് നിങ്ങളുടെ ടേംസ്?

ഞാൻ വിവരിക്കുകയായിരുന്നു. അതൊക്കെ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്ന അദ്ദേഹം ഒന്നും കുറിച്ചുവെച്ചില്ല. പക്ഷേ എല്ലാം മനസ്സിൽ പതിഞ്ഞിട്ടുണ്ടെന്നതിന്റെ സൂചന സംഭാഷണത്തിൽ വന്നു. അയാൾ സംതൃപ്തനായിരുന്നു.

എന്റെ ഭാഗ്യം തെളിയുകയാണോ? ദിവസേന മൂന്ന് ട്രക്ക് ലോഡ് നല്ല ബിസിനസ്സാണ്. അതും ബോംബെയ്ക്ക്. തിരിച്ചും ലോഡുണ്ടാക്കുക കാരണം നല്ല ലാഭകരമാണത്. ഞാൻ, എന്തോ, ആ ലോട്ടറിക്കാരനെ ഓർമ്മിച്ചു; അയാളാണോ എനിയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്.

വെള്ളിയാഴ്ച പേപ്പർ കിട്ടിയപ്പോൾ ആദ്യം നോക്കിയത് ലോട്ടറി ഫലമാണ്. ഇല്ല. സമ്മാനമൊന്നുമില്ല അഞ്ചുറുപ്പികപോലും.

ബുധനാഴ്ച അയാൾ വീണ്ടും വന്നു. മതിലിന്നപ്പുറത്ത് അതേ സ്ഥാനത്ത് നിന്നു.

സാർ ഒരു ടിക്കറ്റെടുക്കൂ.

വേണ്ട മാഷെ. കഴിഞ്ഞ തവണ അഞ്ചുറുപ്പികയുടെ സമ്മാനം പോലും കിട്ടിയില്ല.

സാറെ ഇപ്രാവശ്യം കിട്ടും.

പരിക്ഷീണമായ സ്വരം.

വേണ്ട എന്നു പറയാൻ ഒരുങ്ങിയതാണ്. അപ്പോഴാണ് അന്ന് പുതിയ കസ്റ്റമറെ വീണ്ടും കാണേണ്ട ദിവസമാണെന്നോർത്തത്.

പുതിയ കസ്റ്റമറുടെ ഓർഡർ കയ്യിൽ കിട്ടിയപ്പോൾ ഞാൻ ആലോചിച്ചു. ഭാഗ്യം നന്നാവുക തന്നെയാണ്. എത്ര എളുപ്പമാണ് കാര്യങ്ങൾ നടന്നുകിട്ടിയത്. നിസ്സാരമായ ഓർഡറുകളുടെ പിന്നാലെ ദിവസങ്ങളും മാസങ്ങളും പാഴാക്കി നിരാശനാവേണ്ടി വന്നിട്ടുണ്ട്. ഇവിടെ ഇതാ നല്ലൊരു ബിസിനസ്സ് രണ്ടേ രണ്ടു സന്ദർശനത്തിൽത്തന്നെ തരമായിരിക്കുന്നു.

ലോട്ടറി റിസൽട്ടിൽ എന്റെ നമ്പറില്ലായിരുന്നു. ഭാഗ്യക്കുറി എനിയ്ക്കു വിധിച്ചതല്ല എന്നു തോന്നുന്നു. പക്ഷേ ലോട്ടറിക്കാരന്റെ വരവ് എനിക്കു ഭാഗ്യം കൊണ്ടുവരുന്നുണ്ടെന്ന തോന്നൽ. പൗരാണിക നാവികന്റെ ആൽബട്രോസ് പക്ഷിപോലെ അയാൾ എനിക്ക് ഭാഗ്യം കൊണ്ടു വരികയാണോ? ഞാൻ ഓരോ ആഴ്ചയും ടിക്കറ്റെടുത്തു. സമയം കിട്ടുമ്പോൾ അയാൾ എന്നോട് സംസാരിക്കും. മതിലിന്നപ്പുറത്തു നിന്നുകൊണ്ടയാൾ അയാളുടെ കഥ എന്നെ കേൾപ്പിക്കും. പതുക്കെപ്പതുക്കെ ആ മനുഷ്യന്റെ ദൗർഭാഗ്യത്തിന്റെ കഥകൾ ഓരോന്നായി എന്നെ ദുഃഖിതനാക്കിക്കൊണ്ട് പുറത്തുവന്നു.

കുട്ടിക്കാലത്ത് ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടു. അനാഥാലയത്തിൽ കുറച്ചുകാലം കഴിച്ചുകൂട്ടി. അതിലും ഭോദം പുറത്തെ ലോകമാണെന്നു തോന്നിയപ്പോൾ അവിടെ നിന്നു രക്ഷപ്പെട്ടു. പട്ടിണിയുടെ നാളുകൾ. സ്വതന്ത്രനാണെന്ന ആശ്വാസം മാത്രം. അവസാനം ഒരു ഫാക്ടറിയിൽ ചെറിയൊരു ജോലി കിട്ടുന്നു. ഒന്ന് പച്ചപിടിച്ചുവെന്നു കരുതുമ്പോഴേയ്ക്ക് ഒരപകടം. ഒരു കാൽ നഷ്ടപ്പെട്ടു. പിന്നെ ചെയ്യാൻ പറ്റിയത് ഇരക്കൽ മാത്രം. നഷ്ടപ്പെട്ട കാലിന്റെ പകുതി കാണിച്ച് ജനങ്ങളുടെ അനുകമ്പ സമ്പാദിക്കുക. കിട്ടുന്ന നാണയങ്ങൾ പെറുക്കിക്കൂട്ടുക. അങ്ങിനെയിരിക്കുമ്പോഴാണ് ലോട്ടറി ടിക്കറ്റ് വിൽക്കുക എന്ന ആശയം മനസ്സിൽ വന്നത്. അഞ്ചുറുപ്പികയുടെ ഒരു ടിക്കറ്റ് വിറ്റാൽ ഒരു രൂപ കമ്മീഷൻ കിട്ടും. ഒരു പത്തു ടിക്കറ്റു വിറ്റാൽ അന്നത്തേക്കു വേണ്ട ചെലവിനായി.

സാറെ കഴിഞ്ഞ ആഴ്ച ആറു മാസമായി പട്ടിണി അറിഞ്ഞിട്ടില്ല. ഇങ്ങിനെ പോയാൽ ഒരു രണ്ടു കൊല്ലം കൊണ്ട് ഒരു മുച്ചക്ര സൈക്കിൾ വാങ്ങാം. കൈകൊണ്ട് തിരിക്കണ സൈക്കിള്. അപ്പൊ ഈ നടത്തം ഒഴിവാക്കാം. ബാങ്ക്കാര് പണം കടം തരാംന്ന് പറഞ്ഞിട്ടുണ്ട്. എന്റെ വകയായിട്ട് അഞ്ഞൂറു രൂപയെങ്കിലും വേണമത്രെ.

നന്നാവട്ടെ. ഞാൻ പറഞ്ഞു. ഒരു ടിക്കറ്റ് വാങ്ങുകയും ചെയ്തു. സമ്മാനമൊന്നും കിട്ടില്ലെന്ന അറിവോടെത്തന്നെ.

എന്റെ പ്രൊമോഷൻ മിയ്ക്കവാറും തീർച്ചയായിക്കഴിഞ്ഞിരുന്നു. ബിസിനസ്സ് നല്ലവണ്ണം കൂടിയിട്ടുണ്ട്. വീട്ടുവാടക തരാമെന്ന് കമ്പനി ഏറ്റിട്ടുണ്ട് ഒരു വീട് കണ്ടു പിടിക്കണം. ഈ ഒറ്റമുറിയിൽനിന്ന് മാറണം. ഞാനും ലോട്ടറിക്കാരന്റെ പോലെ പച്ചപിടിച്ചു വരികയാണ്.

കേരളത്തിന്റേതല്ലാത്ത ലോട്ടറിടിക്കറ്റുകൾ കേരളത്തിൽ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത് പെട്ടെന്നൊരു ദിവസമാണ്. റിപ്പോർട്ട് വായിച്ചപ്പോൾ ഞാൻ അറിയാതെ ഓർത്തു. അയാളെ ഈ നിരോധം ബാധിക്കുമെന്നത് തീർച്ചയാണ്. അവന്റെ കയ്യിൽ എല്ലാ സംസ്ഥാനങ്ങളുടെയും ടിക്കറ്റുണ്ടാവാറുണ്ട്. ഞാൻ അവയൊന്നും എടുക്കാറില്ലെന്നേയുള്ളു. അവനെ സഹായിക്കാനും, നിഗൂഢമായി, അവൻ വഴി എന്റെ ജോലി സ്ഥലത്ത് ഭാഗ്യം വരുന്നുണ്ടെന്ന അന്ധവിശ്വാസം കാരണമായും ആണ് ഞാൻ കേരളലോട്ടറിയുടെ ഒരു ടിക്കറ്റെടുക്കുന്നത്. മറ്റു ടിക്കറ്റുകൾ പക്ഷേ ധാരാളം ചെലവാവുന്നുണ്ടെന്നാണ് അവൻ പറയുന്നത്. അപ്പോൾ അതെല്ലാം നിരോധിച്ചാൽ അവന്റെ സ്ഥിതി എന്താവും. അവനെപ്പോലുള്ള പതിനായിരങ്ങളുടെ സ്ഥിതി? ലോട്ടറി പ്രചാരത്തിൽ വന്നശേഷം ഒരു ഗുണമുണ്ടായിട്ടുണ്ട്, യാചകരുടെ എണ്ണം വളരെ കുറിഞ്ഞിട്ടുണ്ട്. ട്രെയിനിലും ബസ് സ്റ്റാൻഡിലും മറ്റും ഇരന്നു നടന്നിരുന്നവർ ഇപ്പോൾ ലോട്ടറിടിക്കറ്റ് വിറ്റു നടക്കുകയാണ്. ഒരു ടിക്കറ്റു വിറ്റാൽ ഒരു രൂപയുണ്ടാക്കാം. മാന്യമായ തൊഴിലാണുതാനും. മറിച്ച് ഒരു രൂപയുണ്ടാക്കാൻ എത്ര ആൾക്കാരുടെ മുമ്പിൽ ഇരക്കണം?

അലി സാധാരണത്തേതിലും നേർത്തെ വന്നു. മതിലിനപ്പുറത്ത് അവൻ ക്ഷമയോടെ കാത്തു നിന്നു.

സാർ ഒരു ടിക്കറ്റ് തരട്ടെ?

ഈ ആഴ്ച നേർത്തെയാണല്ലൊ, അലി?

അതെ സാർ. സാർ പേപ്പറ് വായിച്ചില്ലെ? ഇപ്രാവശ്യം ടിക്കറ്റുകൾ ഒന്നും ചെലവാവ്ണില്ല്യ.

അവൻ കൈ ഉയർത്തിയപ്പോൾ നിറയെ വിൽക്കാൻ ടിക്കറ്റുകൾ. പല സംസ്ഥാനങ്ങളിലെ ടിക്കറ്റുകൾ ഉണ്ട്.

ആരും വാങ്ങിണില്ല്യ സാറെ. ഒക്കെ കള്ളടിക്കറ്റുകളാന്ന് പറഞ്ഞ് ഒഴിവാക്ക്വാണ്. കേരളത്തിന്റെ ടിക്കറ്റുകൂടി ആരും എടുക്കിണില്ല്യ. ഇതിലൊരൊറ്റ എണ്ണം കള്ള ടിക്കറ്റില്ല സാർ. എല്ലാം ഓരോ സംസ്ഥാനഗവർമ്മെണ്ട് നടത്തണ ടിക്കറ്റാണ്.

ഈ ടിക്കറ്റൊക്കെ നീ എന്താണ് ചെയ്യാൻ പോകുന്നത്?

വിൽക്കാൻ നോക്ക്വാണ് സർ. വിറ്റില്ലെങ്കിൽ ഭയങ്കരനഷ്ടായിരിക്കും. ഇതാ ഇത് അഞ്ഞൂറ്റി എഴുപത്തഞ്ചുറുപ്പികയുടെ ടിക്കറ്റാ. വിറ്റില്ലെങ്കിൽ അത്രയും നഷ്ടാവും. കേരള നൂറുറുപ്പികയുടെ ടിക്കറ്റേ വരു. ബാക്കിയൊക്കെ മറ്റു സംസ്ഥാനങ്ങളുടേതാണ്.

അപ്പൊ, ഈ ഉത്തരവിനെപ്പറ്റി നിങ്ങൾക്ക് ആദ്യം അറിവൊന്നും കിട്ടിയില്ലേ?

എവിടെ സാർ? ഒരു ദിവസം രാവിലെ അവർ ഉത്തരവ് പാസ്സാക്കി. മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറി കേരളത്തിൽ ചെലവാക്കാൻ പാടില്ല്യാന്ന്. അപ്പോൾ ആ ടിക്കറ്റുകൾ വാങ്ങിവെച്ച പാവങ്ങളുടെ പണം നഷ്ടപ്പെട്ടു. അത്ര തന്നെ. ആയിരക്കണക്കിന് ടിക്കറ്റുകൾ വാങ്ങി വെച്ച കച്ചവടക്കാരുംണ്ടാവില്ലെ സർ. അവർക്കൊക്കെ നഷ്ടം തന്നെ.

ആയിരക്കണക്കിനല്ല. ലക്ഷക്കണക്കിനു തന്നെയായിരിക്കും. അവർക്ക് പക്ഷേ നഷ്ടം താങ്ങാൻ കഴിഞ്ഞേയ്ക്കും. പക്ഷേ അലിയെപ്പോലുള്ളവർക്കോ? അവർ തകർന്നെന്നു വരും.

അവരെന്താണ് ഇങ്ങിനെ ചെയ്യുന്നത്? ഞാൻ ചോദിച്ചു. ആദ്യം തന്നെ മുന്നറിയിപ്പ് നൽകണ്ടേ? അതുപോലെ നിരോധനം ഏർപ്പെടുത്താൻ ഒരു സമയപരിധിയും തരണ്ടേ? എന്നാൽ പിന്നെ അലിയെപ്പോലെയുള്ളവർക്ക് ആ ടിക്കറ്റുകൾ എടുക്കണ്ട എന്നു വെക്കാലൊ. അല്ലെങ്കിൽ കയ്യിലുള്ള ടിക്കറ്റ് വേഗം വിറ്റഴിക്കുകയെങ്കിലും ചെയ്യാമല്ലോ.

അങ്ങിനെയൊക്കെയാണോ സർ കാര്യങ്ങൾ നടക്കണത്.

എനിക്കീപ്രാവശ്യം മറ്റു സംസ്ഥാനങ്ങളുടെ ഏതെങ്കിലും ഒരു ടിക്കറ്റു തന്നാൽ മതി. ഞാൻ പറഞ്ഞു.

കേരള ടിക്കറ്റുകൾ വിൽക്കാൻ അവന് ഇനിയും കഴിഞ്ഞേക്കും.

അവൻ മേഘാലയയുടെ ഒരു ടിക്കറ്റെടുത്തു എനിയ്ക്കു നീട്ടി.

പത്രങ്ങളിൽ ലോട്ടറിടിക്കറ്റുകാരെ പൊതുജനം പീഡിപ്പിക്കുന്നതിനെപ്പറ്റി വാർത്തകളുണ്ടായിരുന്നു. അലിയെ അവർ ഒന്നും ചെയ്യരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. നടക്കാൻകൂടി വയ്യാത്ത ആ സാധുമനുഷ്യനെ ആരും ഉപദ്രവിക്കില്ലായിരിക്കും. മനുഷ്യൻ അത്ര ചീത്തയായിട്ടില്ല എന്ന വിശ്വാസം.

എന്റെ വിശ്വാസം അലിയെ രക്ഷിച്ചില്ല.

പിറ്റേന്നു രാവിലെ അലി വീണ്ടും വന്നു. മതിലിന്നപ്പുറത്തു കണ്ട അവന്റെ തലയിൽ ഒരു വലിയ ബാന്റേജുണ്ടായിരുന്നു. ബാന്റേജ് നെറ്റിയുടെ ഇടതുഭാഗവും മറച്ചിരുന്നു. സ്വതവേ വിളറിയ മുഖം ഒന്നുകൂടി വിളറിയിരുന്നു.

എന്തു പറ്റി അലി.

അവൻ ഒന്നും പറയാതെ കുറച്ചുനേരം എന്നെ നോക്കി നിന്നു. കണ്ണീർ ധാരയായി ഒഴുകി.

അവർ എന്നെ തല്ലി സർ. ഏങ്ങലിന്നടിയിൽ അവൻ പറഞ്ഞു. എന്നെ തല്ലി. ഒരു കാലില്ലാത്ത എന്നെ. ഓടാനും കൂടി വയ്യാത്ത എന്നെ.

ഇതാദ്യമായാണ് അവൻ തന്റെ അംഗഭംഗത്തെ ഒരു അവശതയായി എന്നോട് പറയുന്നത്. അപകടത്തിൽ പെട്ട് കാലുപോയി എന്നു പറഞ്ഞപ്പോഴും ഒരുതരം നിർവ്വികാരതയായിരുന്നു അവന്റെ മുഖത്ത്. ഇന്ന് പക്ഷേ അവന്റെ മനസ്സ് അത്രയധികം വേദനിച്ചിരിക്കുന്നു.

കള്ളടിക്കറ്റുകൾ കൊണ്ടു നടക്കുകയാണെന്ന് പറഞ്ഞ് അവർ തല്ലി. എന്റെ കയ്യിൽ കള്ളടിക്കറ്റുകളൊന്നുമുണ്ടായിരുന്നില്ല. സംസ്ഥാനഗവർമ്മെണ്ടുകൾ നടത്തുന്ന ടിക്കറ്റുകൾ മാത്രം. എന്നിട്ടും അവർ തല്ലി. എന്റെ ടിക്കറ്റുകൾ ചീന്തിക്കളഞ്ഞു സർ. അഞ്ഞൂറുറുപ്പികയുടെ ടിക്കറ്റുകൾ അവർ ചീന്തിക്കളഞ്ഞു.

പാവം അലി. അവൻ ഒന്ന് പച്ചപിടിച്ചു വരികയായിരുന്നു. ഞാൻ പരിചയപ്പെട്ട കാലത്ത് അവന്റെ കയ്യിൽ നൂറുറുപ്പികക്കു താഴെയുള്ള ടിക്കറ്റുകളാണുണ്ടായിരുന്നത്. ക്രമേണ അവൻ കിട്ടുന്ന പണം വീണ്ടും മുതലിറക്കി കച്ചവടം നന്നാക്കിക്കൊണ്ടുവരികയായിരുന്നു. ഒരു മുച്ചക്രസൈക്കിൾ വാങ്ങണം, പിന്നെ ഒരു പെട്ടി പീടിക ഇടണം, അങ്ങിനെയൊക്കെയായിരുന്നു അവന്റെ ആഗ്രഹം. കടയ്ക്ക് അലി ലക്കി സെന്റർ എന്ന് പേരിടണമെന്നൊക്കെയാണ് അവൻ പറഞ്ഞിരുന്നത്.

നെറ്റിമ്മലും, തലേലും സ്റ്റിച്ചുണ്ട് സർ.

അവൻ തൊട്ടുകാണിച്ചു ബാന്റേജിനു മുകളിൽ ഒരു സ്ഥലത്ത് ചോര കിനിഞ്ഞ പാടുണ്ട്.

സാറിനെപ്പോലെ ദയയുള്ള ഒരാൾ കാറിൽ വന്ന് എന്നെ രക്ഷിച്ചതാ. അല്ലെങ്കിൽ അവൻ എന്റെ പണി കഴിച്ചേനെ. ആ സാറിന്റെ കാറിന്റെ ചില്ല് അവർ എറിഞ്ഞൊടിച്ചു.

എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതെല്ലാം മനുഷ്യന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണോ! സഹജീവിയോടുള്ള ഈ ക്രൂരത? അതും അംഗവൈകല്യമുള്ള ഒരു സഹജീവിയോട്?

ഇനി നീ എന്താണ് ചെയ്യാൻ പോകുന്നത്? ഞാൻ അന്വേഷിച്ചു.

എന്തെങ്കിലും ചെയ്യും സാർ. അവൻ മുകളിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു. അള്ളാ ഉണ്ട് സർ. എന്തെങ്കിലും വഴി കാട്ടിത്തരും.

അവൻ പോകാൻ തിരിഞ്ഞു.

അലി നിൽക്കു, ഞാൻ കുറച്ച് പണം തരാം. ഞാൻ പറഞ്ഞു.

വേണ്ട സർ. സാറിന്റെ ദയ തന്നെ ധാരാളമാണ്. എന്നെ ഒരു മനുഷ്യനായി കണക്കാക്കുന്നുണ്ടല്ലോ. അതുമതി.

അലി നിൽക്കൂ.

ഞാൻ പണം എടുക്കാനായി അകത്തേക്കു പോയി. നൂറുറുപ്പികയുടെ ഒരു നോട്ടെടുത്ത് പുറത്തേക്കു വന്നപ്പോഴേക്കും അലി പോയ്ക്കഴിഞ്ഞിരുന്നു. ഗെയ്റ്റിനുമപ്പുറത്ത് അവന്റെ ഊന്നുവടിയുടെ അറ്റം അപ്രത്യക്ഷമായി.

ഞാനവനെ പിന്നീട് കണ്ടില്ല, മാത്രമല്ല ജോലിത്തിരക്കിൽ മറക്കുകയും ചെയ്തു. ബിസിനസ്സ് നന്നായി വരുന്നുണ്ടായിരുന്നു. മാനേജ്‌മെന്റ് അവരുടെ വാഗ്ദാനങ്ങൾ നിറവേറ്റി. ഒരു വീട് എടുത്തു തന്നു. ശമ്പളം കൂട്ടി. എനിക്കിനി ഒരു കല്ല്യാണം കഴിക്കാം വലിയ കുഴപ്പമില്ലാതെ ജീവിക്കാം. അതിനിടയ്ക്ക് എനിക്ക് ഭാഗ്യം കൊണ്ടു വന്നു തന്ന അലിയെ ഓർക്കാൻ കാരണം അവനെപ്പോലെ ഒരാളെ ഞാൻ കണ്ടതുകൊണ്ടാണ്. ഒരു കാലില്ല. ഊന്നുവടികളിൽ താങ്ങി നിൽക്കുകയായിരുന്നു. പുറം തിരിഞ്ഞാണ് നിന്നിരുന്നത്. ഞാൻ സ്‌കൂട്ടർ ഓടിച്ചു പോവുകയായിരുന്നു.

അത് അലിതന്നെയായിരുന്നു. ഞാൻ അവനെ വീണ്ടും കണ്ടു. ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ പുറപ്പെടാറായ ബസ്സിൽ ഒരരുകിൽ ഞാൻ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ബസ്സിന്റെ പുറത്തു നിന്ന് ആ ശബ്ദം കേട്ടത്.

സാറമ്മാരെ കാലില്ലാത്തവനാണേ. എന്തെങ്കിലും സഹായിക്കണേ.

എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അല്ല, അത് അലിയാവാൻ വയ്യ. ഞാൻ തിരിഞ്ഞുനോക്കാൻ ഭയപ്പെട്ടു. അതേ ശബ്ദം തന്നെ. എനിക്ക് തിരിഞ്ഞുനോക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവൻ ബസ്സിനു പുറത്ത് ഓരോരുത്തരുടേയും മുമ്പിൽ കൈ നീട്ടുന്നത് മനസ്സിൽ കണ്ടു. വയ്യ. അതിനെപ്പറ്റി ആലോചിക്കാൻ വയ്യ. ഞാൻ കണ്ണടച്ചിരുന്നു. അലി അടുത്തക്കു വരുന്നുണ്ടായിരുന്നു. ഞാൻ ഇരിക്കുന്ന വരിയിലെത്തി അവൻ പറഞ്ഞു കൊണ്ടിരുന്നു.

സാറെ കാലില്ലാത്തവനാണേ.....

ഞാൻ കീശയിൽ തപ്പി ഒരു നോട്ടെടുത്തു. പത്തുറുപ്പികയാണ് കിട്ടിയത്. അത് അവന്റെ നേരെ നീട്ടി.

അപ്പോഴാണ് അവൻ എന്റെ മുഖം കണ്ടത്. ഞാൻ അവന്റെയും. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. അവൻ തരിച്ചുനിന്നു. ഒരു നിമിഷം മാത്രം. അവന്റെ കണ്ണുകളിൽ കണ്ണീർ ഉറഞ്ഞുകൂടി. ഞാൻ നീട്ടിയ നോട്ട് വാങ്ങാതെ, ഒരക്ഷരം പറയാതെ അവൻ തിരിഞ്ഞു നടന്നു. ഊന്നുവടി അമർത്തിവെച്ച് വേഗത്തിൽ അവൻ നടന്നു. ഞാൻ വിളിച്ചു.

അലി..........

അവൻ തിരിഞ്ഞു നോക്കിയില്ല.

കേരളകൗമുദി ഓണം വിശേഷാല്‍പ്രതി - 1990