വൈകി ഓടുന്ന വണ്ടികൾ എങ്ങിനെ വിപ്ലവമുണ്ടാക്കുന്നു


ഇ ഹരികുമാര്‍

മുതലാളിയുടെ ഭാര്യ ഉച്ചഭക്ഷണവുമായി വരേണ്ട സമയമായിരിക്കുന്നു. അതിനു തൊട്ടുമുമ്പാണ് ആ സംഭവമുണ്ടായത്. ഫാക്ടറിയുടെ നടുവിൽ വെട്ടിയിട്ട റെക്‌സീനിന്റെ കഷ്ണങ്ങൾക്കിടയിൽ മൂന്ന് തൊഴിലാളി പെൺകുട്ടികൾ ചൂളിയിരുന്നു. ഭയംകൊണ്ട് അവരുടെ ഇരുണ്ട മുഖങ്ങൾ വിളറിയിരുന്നു. സംസാരിക്കാനെന്നല്ല അന്യോന്യം നോക്കാൻകൂടി അവർ ഭയപ്പെട്ടു. ഫാക്ടറി ഷെഡ്ഡിന്റെ ഒരു മൂലയിൽ അസ്ബസ്റ്റോസുകൊണ്ട് മറച്ച മുറിയിൽ മുതലാളി മരിച്ചു കിടക്കയാണ്.

പത്തു മിനുറ്റുമുമ്പ് ഈ പെൺകുട്ടികൾ അയാളെ വകവരുത്തുകയാണുണ്ടായത്. വർഷങ്ങളായുള്ള മർദ്ദനത്തിന്റേയും ചൂഷണത്തിന്റെയും ചരിത്രപരവും അനിവാര്യവുമായ ഒരു സ്വാഭാവികാന്ത്യം മാത്രം. ഒരു വിപ്ലവത്തിന്റെ പരിവേഷം കൊടുക്കാൻ പറ്റിയ തരത്തിലുള്ള ആസൂത്രിതവധമൊന്നുമായിരുന്നില്ല അത്. അതിനുള്ള ആത്മധൈര്യമോ ബുദ്ധിവികാസമോ വൈരുദ്ധ്യാത്മകഭൗതികവാദത്തിൽ പാണ്ഡിത്യമോ ഒന്നും ആ പാവപ്പെട്ട പെൺകുട്ടികൾക്ക് ഉണ്ടായിരുന്നില്ല. മൂന്നു പെൺകുട്ടികളുടെ അംഗബലം ഒരു സംഘടനയുണ്ടാക്കാൻ പര്യാപ്തമല്ല എന്നതിനാൽ രാഷ്ട്രീയനേതാക്കളാരും ഇതുവരെ ആ ഷെഡ്ഡിലേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടുമില്ല. മാത്രമല്ല, പതിനഞ്ചടി നീളവും പത്തടി വീതിയും മാത്രമുള്ള ആ ചെറിയ ഷെഡ്ഡിനുള്ളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുമണിവരെ ശ്വാസം വിടാൻകൂടി സമയമില്ലാതെ ജോലിയെടുത്ത്, വൈകുന്നേരത്തെ പാസഞ്ചർ വണ്ടിയിൽ തിക്കിത്തിരക്കി ശുഷ്‌കമായ ദേഹത്തിൽ ഏല്ക്കുന്ന കടന്നുകയറ്റത്തിൽ പ്രതിഷേധിക്കാനുള്ള ധൈര്യം പോലുമില്ലാതെ യാത്രചെയ്ത് വീട്ടിലെത്തി എന്തെങ്കിലും കഴിച്ചെന്നു വരുത്തി പായിലേയ്ക്ക് വീഴുന്ന ആ പെൺകുട്ടികൾക്ക് ഒരു വിപ്ലവത്തെപ്പറ്റി ചിന്തിക്കാൻകൂടി സമയമുണ്ടായിരുന്നില്ല. ഇതിനൊക്കെപുറമെ ചേച്ചിയെന്നു വിളിച്ച് സ്‌നേഹിക്കുന്ന സ്ത്രീയെ വിധവയാക്കാൻ അവർക്കുദ്ദേശവുമുണ്ടായിരുന്നില്ല. മാസങ്ങളായി അവരുടെ ഉള്ളിൽ വളർന്ന വിദ്വേഷവും സ്വന്തം മനസ്സുകൾക്ക് അതാതവസരങ്ങളിൽ ആഴത്തിൽ പറ്റിയ ക്ഷതങ്ങളും അവഹേളനങ്ങളും അവരെ ഒരു നിമിഷത്തിൽ അന്ധരാക്കി എന്നു പറയാം.

അതൊരു ചെറിയ ഫാക്ടറിയായിരുന്നു. രണ്ടു, പഴകി തുരുമ്പുപിടിച്ചെങ്കിലും, പ്രവർത്തനക്ഷമമായ തുന്നൽയന്ത്രങ്ങൾ, അവയ്ക്കു മുമ്പിൽ ഇരിക്കാനായി പീഞ്ഞപ്പെട്ടികൾ, മൂന്ന് മേശകൾ. പിന്നെ കെട്ടുകെട്ടായി പല നിറത്തിലുള്ള റെക്‌സിൻ ഷീറ്റുകൾ. അതിന്റെ കുത്തുന്ന നാറ്റം ശ്വാസംമുട്ടുണ്ടാക്കും. ജനലുകളില്ലാത്ത ആ ഷെഡ്ഡിന്റെ വാതിൽ സദാ അടച്ചിട്ടിരിക്കും. അതിനുള്ളിലാണ് മൂന്ന് പെൺകുട്ടികൾ രാവിലെതൊട്ട് കട്ടിയുള്ള റെക്‌സിനുമായി മല്ലിടുന്നത്. വെട്ടുക, തുന്നുക, ബട്ടണുകൾ അമർത്തുക തുടങ്ങിയ പണികൾ. തുന്നുന്ന അവസരങ്ങളിലല്ലാതെ ഒരിടത്ത് ഇരിക്കാൻ അവിടെ ഇരിപ്പിടമില്ല. എല്ലാ ജോലിയും നിന്നുകൊണ്ടുതന്നെ ചെയ്യണം. മുതലാളിയുടെ മുറിയിൽ മാത്രമേ ഫാനുള്ളു. അവർ വിയർത്ത് റെക്‌സീനിന്റെ നാറ്റം സഹിച്ചുകൊണ്ട് ആ ഷെഡ്ഡിൽ ജോലിയെടുത്തു. പതിനഞ്ചു മിനുറ്റ് കൂടുമ്പോൾ മുതലാളി തന്റെ വലിയ ചന്തി കസേരയിൽനിന്ന് പണിപ്പെട്ട് ഇളക്കിയെടുത്ത് വേച്ചുവേച്ച് മുറിയുടെ വാതിൽക്കൽവരെ വരും. തന്റെ സ്ഥൂലശരീരം കൃത്യം ആറടി കൊണ്ടുനടന്നാൽത്തന്നെ അദ്ദേഹം കിതയ്ക്കുന്നുണ്ടാവും. പിന്നെ തന്റെ ജോലിക്കാരികളെ തുറിച്ചുനോക്കിക്കൊണ്ട് ശകാരിക്കും.

'സംസാരം വേണ്ട, സംസാരം വേണ്ടാ. ജോലിയെടുക്ക്. ഒന്നാന്തി കൈ നീട്ടി വര്വോലോ.'

പെൺകുട്ടികൾ ചൂളിക്കൊണ്ട് പണി തുടരും. അവർ ഒരിക്കലും ജോലിക്കിടയിൽ സംസാരിച്ചിരുന്നില്ല. ഒന്നാം തീയതി ശമ്പളം മേടിക്കാനായി നീട്ടുക എന്ന ഒരേയൊരു പാപകൃത്യം ചെയ്യുന്ന സ്വന്തം കൈകളെ അവർ ഒരു നികൃഷ്ടജന്തുവിനെയെന്നപോലെ നോക്കും. മെലിഞ്ഞ് ഉണങ്ങിയ കൈകൾ.

സമയം എത്രയായെന്ന് അറിയാൻ അവർക്ക് യാതൊരു വഴിയുമുണ്ടായിരുന്നില്ല. രാവിലെ ഏഴര മണിക്ക് കഞ്ഞി കുടിച്ച് വീട്ടിൽനിന്നിറങ്ങുന്ന അവർക്ക് വിശക്കുന്നുണ്ടാവും. ഒരുഗ്ലാസ് ചായപോലും അവർക്ക് ഫാക്ടറിയിൽനിന്ന് കിട്ടിയിരുന്നില്ല. ഉച്ചഭക്ഷണത്തിനു സമയമായിയെന്ന് അവർ അറിയുന്നത് മുതലാളിയുടെ ഭക്ഷണവുമായി അദ്ദേഹത്തിന്റെ ഭാര്യ എത്തുമ്പോൾ മാത്രമാണ്.

മെലിഞ്ഞ് സുന്ദരിയായ ആ സ്ത്രീ ചാരിയിട്ട വാതിൽ തുറന്ന് അകത്തേയ്ക്ക് കടക്കുമ്പോൾ പെൺകുട്ടികളുടെ മുഖം വികസിക്കുന്നു. അവർ അന്യോന്യം പറയുന്നു.

'എടീ, ചേച്ചി വന്നു.'

അവർ എഴുന്നേറ്റ് ആ സ്ത്രീയുടെ ചുറ്റും കൂടുന്നു. അവർ പെൺകുട്ടികൾക്കായി സ്വകാര്യമായി കൊണ്ടുവന്ന പാത്രം അവരെ ഏൽപ്പിക്കുന്നു. പിന്നെ ധൃതിയിൽ ഭർത്താവിന്റെ മുറിയിൽപോയി മേശപ്പുറത്ത് പ്ലേയ്റ്റ് വെച്ച് ഭക്ഷണം വിളമ്പുന്നു. മുമ്പിൽ കൂമ്പാരമായി വിളമ്പിയ ഭക്ഷണത്തിനുമുമ്പിൽ മുതലാളി ഇരുന്നാൽ അവർ പുറത്തുകടന്ന് പെൺകുട്ടികൾ അവരുടെ തണുത്തു വെറുങ്ങലിച്ച ഭക്ഷണം വാരിത്തിന്നുന്ന സ്ഥലത്തു വന്ന് നിൽക്കുന്നു.

അവർ പഴകി ഞെളുങ്ങിയ ചെറിയ പാത്രങ്ങളിൽ ചോറും എന്തെങ്കിലും ഒരു മെഴുക്കുപെരട്ടിയും ആയിരിക്കും കൊണ്ടു വരിക. പയർമണിപോലായ ആ ചോറ് പാത്രത്തിൽനിന്ന് വാരിയെടുത്ത് തിന്നുമ്പോൾ അവർ മുതലാളിയുടെ ഭാര്യ കൊണ്ടുവന്നു തന്ന കറികളെ പുകഴ്ത്തും.

'ചേച്ചീടെ മീൻകറി നല്ല സ്വാദുണ്ടല്ലെടീ.'

പിന്നെ ചേച്ചി മുമ്പ് പല അവസരങ്ങളിൽ കൊണ്ടു വന്നിരുന്ന കറികളെപ്പറ്റിയുള്ള ചർച്ചയായിരിക്കും. ഈ പ്രശംസകൾ വഴി അവർ തങ്ങളെ സ്‌നേഹിച്ചിരുന്ന ആ നാല്പതു വയസ്സുകാരിക്ക് നന്ദി പറഞ്ഞു. ചേച്ചിയാവട്ടെ ആ സാധു പെൺകുട്ടികളുടെ കണ്ണുകളിലെ ആർത്തിയും ഭക്ഷണം കഴിച്ചുകഴിഞ്ഞാലത്തെ സംതൃപ്തിയും തക്കതായ പ്രതിഫലമായെടുത്തു. അവരെ നോക്കിക്കൊണ്ടിരിക്കെ സ്വന്തം സ്ഥിതിയെപ്പറ്റി അവർ ആലോചിക്കും. അവരിൽനിന്നും ഒട്ടും വ്യത്യസ്തമല്ല തന്റെ സ്ഥിതിയും. വലിയ ഒരു വീട്ടിൽ താമസിക്കുന്നു എന്നു മാത്രം. പക്ഷെ ഒരു വലിയ വീട്ടിൽ വേലക്കാരിക്കു തുല്യം താമസിക്കുന്നതിലും മെച്ചം ദാരിദ്ര്യമാണെങ്കിലും ചെറിയൊരു വീട്ടിൽ യജമാനത്തിയായി കഴിയുകതന്നെയാണ്.

രാവിലെ ആറുമണിക്ക് എഴുന്നേൽക്കുന്നു. ചായയുണ്ടാക്കി ഭർത്താവിനെ വിളിക്കുന്നു. അദ്ദേഹം തന്റെ ഭാരിച്ച ദേഹം കിടക്കയിൽനിന്ന് സാവധാനത്തിൽ പൊക്കിയെടുത്ത് അടിവെച്ചടിവെച്ച് കുളിമുറിയിൽ എത്തിയാൽ താൻ അവിടെ ഹാജരായി ബ്രഷും പേസ്റ്റും എടുത്തു കൊടുക്കണം. ഒരു നിമിഷം വൈകിയാൽ ഉച്ചത്തിൽ ചീത്ത കേൾക്കും. പല്ലുതേപ്പുകഴിഞ്ഞ് തന്റെ ദേഹം ഊണുമേശക്കു മുമ്പിലെ കസേലയിൽ പ്രതിഷ്ഠിച്ചാൽ ഉടനെ മേശപ്പുറത്ത് ചൂടുള്ള ചായയെത്തണം. ചായയുടെ ചൂട് അല്പമൊന്നു കുറഞ്ഞാൽ മതി അയാൾ ഗ്ലാസ് വലിച്ചെറിഞ്ഞ് ഉച്ചത്തിൽ ബഹളമുണ്ടാക്കും.

ആ മനുഷ്യൻ എട്ടരയ്ക്ക് കാറിൽ ഫാക്ടറിയിലേയ്ക്ക് പോയിക്കഴിഞ്ഞാൽ മുറുകിവന്ന ഞരമ്പുകൾക്ക് അല്പമൊരു അയവു വരാനായി അവൾ കിടക്കയിൽ പോയി വീഴുന്നു. വീണ്ടും എഴുന്നേറ്റ് ഉച്ചക്കുള്ള ഭക്ഷണത്തിന്റെ കാര്യം നോക്കുന്നു. അതിനിടയ്ക്ക് പ്രാതൽ കഴിക്കാൻ വിട്ടുപോകും. ഉച്ചഭക്ഷണം ഭാര്യതന്നെ കൊണ്ടു വരണം, അതും ബസ്സിൽ യാത്ര ചെയ്തുകൊണ്ട്. ഓട്ടോവിന് വരാൻ സമ്മതിക്കില്ല. അധികച്ചെലവല്ലെ. പൊള്ളുന്ന ഉച്ചവെയിലിൽ അവർ പാത്രവും തൂക്കി ബസ്‌സ്റ്റോപ്പു വരെ നടക്കുന്നു.

ഭർത്താവ് തിരിച്ച് വീട്ടിൽ വന്നാലും ഇതൊക്കെത്തന്നെ സ്ഥിതി. രാത്രി അയാൾ ഉറക്കം വരാനായി ഉത്തരാധുനിക കഥകൾ വായിക്കാനെടുക്കുമ്പോൾ അവർ അയാളുടെ വണ്ണമുള്ള കാലുകൾ തിരുമ്മിക്കൊടുക്കുന്നു. ഉത്തരാധുനിക കഥയ്ക്കു പകരം ലൈംഗികതയുടെ അതിപ്രസരമുള്ള വെറും ആധുനികകഥകളാണ് കൈയ്യിൽ കിട്ടിയതെങ്കിൽ അന്ന് ഭാര്യയുടെ കാര്യം കഷ്ടംതന്നെയാണ്.

ഫാക്ടറിയിൽ ജോലിയെടുക്കുന്ന കുട്ടികൾക്ക് ഇതെല്ലാം അറിയാം. ഒരോ ദിവസവും അവരോടൊപ്പമുള്ള അരമണിക്കൂർ നേരം മുഴുവൻ ഭർത്താവിന്റെ കുറ്റങ്ങളും ക്രൂരതകളും പറയാനാണ് അവർ വിനിയോഗിച്ചത്. ലൈംഗിക വൈകൃതങ്ങളെപ്പറ്റി അവർ സൂചനകൾ നൽകുക മാത്രമേ ചെയ്യാറുള്ളു. 'അങ്ങിനെ വേണം, ഇങ്ങിനെ വേണംന്നൊക്കെ പറയും നടക്കണ കാര്യാണോ അതൊക്കെ? പിന്നെ ബഹളാണ്.' ഒരു ദിവസത്തെ കാര്യങ്ങൾ മുഴുവൻ പറഞ്ഞുകഴിഞ്ഞാൽ ഒരു വലിയ ഭാരം മനസ്സിൽനിന്ന് ഒഴിവാക്കിയപോലെ തോന്നുമായിരുന്നു ആ സ്ത്രീക്ക്.

'ഞാനയാളുടെ ജോലിക്കാരിയാണെന്നാ ഭാവം.'

ജോലിക്കാരി എന്നത് മോശമാണെന്നൊന്നും ഈ വാചകംകൊണ്ട് അവർ ഉദ്ദേശിച്ചിരുന്നില്ല. രണ്ടും രണ്ടാണെന്നുമാത്രമേ ഉദ്ദേശമുള്ളു. പരിപാടി അവസാനിപ്പിക്കുമ്പോഴുള്ള സിഗ്‌നേച്ചർ ട്യൂണായിരുന്നു ഈ വാചകം. അതു പറഞ്ഞു കഴിയുമ്പോഴേയ്ക്ക് മുതലാളിയുടെ മുറിയിൽ നിന്ന് അമറൽ കേൾക്കാം.

'ലഞ്ച്‌ടൈം കഴിഞ്ഞു. ജോലി തുടങ്ങ്. ശവങ്ങള് !'

അവർ ചാടിയെഴുന്നേൽക്കുന്നു. സമയമെത്രയായി എന്നറിയാൻ അവർക്ക് വഴിയൊന്നും ഉണ്ടായിരുന്നില്ല. മുതലാളിയുടെ അട്ടഹാസങ്ങൾ ഒരു ആറ്റമിക് ഘടികാരത്തിന്റെ കണിശതയോടെ ആവർത്തിച്ചു. മുതലാളിയുടെ ഭാര്യക്കും വീടു വിട്ടുകഴിഞ്ഞാൽ സമയബോധം നശിക്കുന്നു. അവർ ഭർത്താവിന്റെ മുറിയിലേയ്ക്ക് ഓടുന്നു. അയാൾ പ്രയാസപ്പെട്ട് എഴുന്നേറ്റ് മുറിയുടെ മൂലയിൽ ഒരു നോക്കുകുത്തിപോലെ സ്ഥാപിച്ചിട്ടുള്ള പൊട്ടിയ വാഷ്‌ബേസിനിൽ പോയി കൈകഴുകുകയായിരിക്കും. ഭാര്യ മേശപ്പുറത്തുള്ള എച്ചിൽപാത്രങ്ങൾ എടുത്ത് പുറത്തുവരുന്നു. ഫാക്ടറി ഷെഡ്ഡിനു പുറത്തുള്ള ടാപ്പിൽ, ചെളികെട്ടിയ സ്ഥലത്ത് പാവാട നനയാതെ ഉയർത്തിപ്പിടിച്ച് കൈ കഴുകുന്ന പെൺകുട്ടികളുടെ ഒപ്പം നിന്ന് അവർ പാത്രങ്ങൾ കഴുകുന്നു.

ഭക്ഷണം കഴിഞ്ഞാൽ മുതലാളി അരമണിക്കൂർ ഉറങ്ങും. സന്ദർശകർക്ക് ഇരിക്കാനായി മുറിയിൽത്തന്നെ സ്ഥാപിച്ചിട്ടുള്ള വീതി കുറഞ്ഞ ബഞ്ചിൽ വളരെ ആപൽക്കരമായി തുലനം ചെയ്ത് മുതലാളി പള്ളിക്കുറുപ്പ് തുടങ്ങുന്നു.

ആ സമയമാണ് പെൺകുട്ടികളെ സംബന്ധിച്ചേടത്തോളവും അവർ ചേച്ചിയെന്നു വിളിക്കുന്ന സ്ത്രീയെ സംബന്ധിച്ചേടത്തോളവും സുവർണകാലം. ചേച്ചി ഒരിക്കൽ പുറത്തുനിന്ന് വരുമ്പോൾ കൊണ്ടുവന്ന് ഇറയത്തു തിരുകിയ ചെമ്പരത്തിയുടെ കോൽ പുറത്തെടുത്ത് വിറപ്പിച്ചുകൊണ്ട് പറയുന്നു.

'ഇനി അരമണിക്കൂർ നിങ്ങൾ എന്റെ നിയന്ത്രണത്തിലാണ്. ഞാൻ പറയുന്നതുപോലെയെല്ലാം ചെയ്യണം. അല്ലെങ്കിൽ...' കൃത്രിമമായി ഭയം നടിച്ച് പെൺകുട്ടികൾ ചിരിക്കുന്നു.

'എല്ലാവരും ഇവിടെ വന്നിരിക്ക്.' ആദ്യത്തെ ആജ്ഞ.

ഒരു റെക്‌സിന്റെ കഷ്ണത്തിൽ ചമ്രം പടിഞ്ഞിരിക്കുന്ന ചേച്ചിയ്ക്കു ചുറ്റും അവർ വന്നിരിക്കുന്നു. ഒരുത്തി ചേച്ചിയുടെ പിന്നിൽ ഇരുന്ന് അവരുടെ മുടി അഴിച്ചിട്ട് കോതാൻ തുടങ്ങും. മറ്റു രണ്ടുപേർ മുമ്പിൽത്തന്നെ ഇരുന്ന് അവരുടെ വിലപിടിച്ച സാരിയിലും സ്വർണ്ണവളകൾ ഇടതൂർന്നു കിടക്കുന്ന മെലിഞ്ഞ കൈയ്യിന്മേലും, അങ്ങിനെയെങ്കിലും അതെല്ലാം തൊടാൻ കഴിയുന്നുണ്ടല്ലോ എന്ന മട്ടിൽ തലോടുന്നു. പിന്നെ ചേച്ചി തമാശകളുടെ കെട്ടഴിക്കുന്നു. കുടുകുടെ ചിരിക്കുന്ന പെൺകുട്ടികൾ അവരുടെ ഗതികേടെല്ലാം കുറച്ചു നേരത്തേയ്ക്ക് മറക്കുന്നു. ചിരിച്ച് ചിരിച്ച് അവരുടെ വയറ്റിൽ വേദനയുണ്ടാവുന്നു.

തൊഴിലാളികൾ ഉഴപ്പി ആഗോള മുതലാളിത്തത്തിന്ന് ഭീഷണിയാവുന്നതൊന്നുമറിയാതെ മുതലാളി സുഖനിദ്രയിലായിരിക്കും. മുതലാളി എഴുന്നേൽക്കുന്ന ബഹളം കേട്ടാൽ പെൺകുട്ടികൾ ജോലിസ്ഥലത്തേയ്ക്ക് മുതലക്കൂപ്പിടുന്നു. ഉടനെ മുക്രയിടുന്നതു കേൾക്കാം.

'സംസാരിക്കാതെ ജോലിയെടുക്കാൻ നോക്ക് പിള്ളാരേ. മാസാവസാനം കയ്യും നീട്ടി വരില്ലേ.'

ചേച്ചി ഭർത്താവിന്റെ മുറിയുടെ വാതിൽക്കൽ മുഖം കാണിച്ച് പോയാൽ അവിടം മൂകമാകുന്നു. പെൺകുട്ടികളുടെ മുഖം വാടുന്നു.

ആ സ്ത്രീയെയാണ് തങ്ങൾ വിധവയാക്കിയിരിക്കുന്നത്. ഒരു കൊലപാതകത്തിന്റെ അനന്തരഫലങ്ങളെപ്പറ്റി, അതായത് പോലീസ്, ജയിൽ, കോടതി, വിധി, തൂക്കുമരം എന്നിവയെപ്പറ്റിയൊന്നുമല്ല അവർ വേവലാതിപ്പെട്ടിരുന്നത്. ചേച്ചിയുടെ ഉച്ചനേരത്തെ വരവ്, ചിരി, കളി എന്നിവക്കെല്ലാം ഒരവസാനമുണ്ടായി എന്നത് അവരെ ദുഃഖിപ്പിച്ചു. ചേച്ചി വരേണ്ട സമയമായിത്തുടങ്ങി. അടഞ്ഞുകിടക്കുന്ന പുറംവാതിലിലേയ്ക്ക് നോക്കിക്കൊണ്ട് അവർ ചൂളിയിരുന്നു.

ഭർത്താവിന്റെ ദാരുണമായ അന്ത്യത്തെപ്പറ്റി ഒരറിവുമില്ലാതിരുന്ന ആ സ്ത്രീ വാതിൽ തുറന്ന് അകത്തു കടന്നു. പെൺകുട്ടികൾ നടുവിൽ പതിവിനു വിപരീതമായി ചൂളിയിരിക്കുന്നതു കണ്ടു. പുറത്തെ വെയിൽ അവരുടെ കാഴ്ച മങ്ങിച്ചതുകാരണം അവരുടെ മുഖഭാവമെന്താണെന്നവർക്കു മനസ്സിലായില്ല. എന്തെങ്കിലും ജോലിയെടുക്കുകയായിരിക്കുമെന്നേ അവർ കരുതിയുള്ളൂ. അവർക്കായി കൊണ്ടുവന്ന പൊതി നീട്ടിയപ്പോഴേ കുട്ടികളുടെ കണ്ണിലെ കൊടുംഭീതി ആ സ്ത്രീ കണ്ടുള്ളൂ.

'എന്തു പറ്റീ പിള്ളാരേ?' അവർ ആകാംക്ഷയോടെ ചോദിച്ചു.

അവർ മൂന്നു പേരും പൊട്ടിക്കരയാൻ തുടങ്ങി. ഒരഞ്ചു മിനുറ്റുനേരത്തെ കരച്ചിൽ അവരെ കുറച്ച് ശാന്തരാക്കി. അവർ പറഞ്ഞു.

'ചേച്ചീ, മൊതലാളി ചത്തു.'

ആ സ്ത്രീ ഞെട്ടി.

'ഞങ്ങള് കൊന്നതാ ചേച്ചീ.' അവർ ഒന്നിച്ച് ഏറ്റു പറഞ്ഞു. ചേച്ചിയിൽനിന്ന് ഒന്നും ഒളിപ്പിച്ചു വയ്ക്കാൻ അവർക്ക് ഉദ്ദേശമുണ്ടായിരുന്നില്ല.

മുതലാളിയുടെ ഭാര്യ ശരിക്കും ഞെട്ടിയിരുന്നു. ഇത്രയും തടിയും വണ്ണവുമുള്ള മനുഷ്യൻ മരിക്കുക. അല്ല കൊല്ലപ്പെടുക! അതും മൂന്നു ചെറിയ മെലിഞ്ഞ പെൺകുട്ടികളാൽ. അസംഭാവ്യമെന്നു തോന്നാവുന്ന ആ സംഭവം അവരിൽ ഉണ്ടാക്കിയ പ്രതികരണം എന്തായിരുന്നുവെന്ന് പറയാൻ പറ്റില്ല. ഞെട്ടൽ തെല്ലു ശമിച്ചപ്പോൾ അവർ ആലോചിച്ചത് ഈ കൊലപാതകം എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതായിരുന്നു. പോലീസ് എത്തും, ഈ പാവപ്പെട്ട കുട്ടികളെ അറസ്റ്റു ചെയ്തു കൊണ്ടുപോകും. തടവിലാക്കും. പിന്നെ വിചാരണ, വിധി. അവരും ആ പാവം പെൺകുട്ടികളുടെ ഒപ്പം ഇരുന്നു. അവരുടെ മുഖവും വിളറിയിരുന്നു. അവർ ചോദിച്ചു.

'ഇനി നമ്മൾ എന്താ ചെയ്യ്വാ?'

കൂന്നിക്കൂടി ഇരിക്കുന്ന നാലു തലകളും ഒന്നിച്ച് ആലോചിക്കുകയാണ്. ഇനി എന്താണ് ചെയ്യുക?

'അപ്പോ എന്തിനേ നിങ്ങള് മൊതലാളീനെ കൊന്നത്?'

എന്തേ നിങ്ങൾ ഇതുവരെ മുതലാളിയെ കൊല്ലാതിരുന്നത് എന്നാണ് ചോദിക്കേണ്ടിയിരുന്നത്.

മൂന്നു പെൺകുട്ടികളും അന്യോന്യം നോക്കി. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന സംഭവങ്ങൾ അവ്യക്തത നിറഞ്ഞ മനസ്സോടെ അപഗ്രഥിക്കാൻ ശ്രമിക്കയായിരുന്നു അവർ. ഒന്നും വ്യക്തമല്ല. എന്താണുണ്ടായത്? തുടക്കം എവിടെവച്ചായിരുന്നു? അല്ലെങ്കിൽ ഇങ്ങിനെ ഒരു സംഭവത്തിന് തുടക്കം വേണോ? തുടക്കമുണ്ടാവാറുണ്ടോ?

രാവിലെ ഒമ്പതു മണിക്കുതന്നെ ജോലി തുടങ്ങണമെന്നാണ് മുതലാളിയുടെ ശാസന. എന്നുവച്ചാൽ ഒമ്പതുമണിക്കു മുമ്പുതന്നെ എത്തണം. കൃത്യം ഒമ്പതു മണിക്ക് ജോലി തുടങ്ങുകയാണ് വേണ്ടത്. പത്തു മിനുറ്റു നേരം വൈകിയാൽ പകുതി ദിവസത്തെ ശമ്പളം പിടിക്കും. അതാണ് കരാറ്. മാസത്തിൽ എങ്ങിനെയായാലും നാലഞ്ചു ദിവസം നേരം വൈകാതിരിക്കില്ല. തീവണ്ടി മിക്കവാറും വൈകിയേ എത്തൂ. വണ്ടി നിൽക്കേണ്ട താമസം അവർ ചാടി ഇറങ്ങി ഓടിക്കൊണ്ടാണ് ഫാക്ടറിയിലേയ്ക്കുള്ള ഒരു കിലോമീറ്റർ ദൂരം താണ്ടുന്നത്. അപ്പോഴേയ്ക്കും സമയം ഒമ്പതേ പത്തു കഴിഞ്ഞിരിക്കും. എന്നുവച്ചാൽ ആ ദിവസം പകുതിയായേ കൂട്ടൂ. ആകെ കിട്ടുന്ന നാനൂറുറുപ്പികയിൽ വണ്ടിയുടെ സീസൺ ടിക്കറ്റും പിന്നെ മുതലാളിയുടെ വക വെട്ടിമുറിക്കലും കഴിഞ്ഞാൽ എന്തു കിട്ടാനാണ്? കഴിഞ്ഞ മാസം തൊട്ട് ആഴ്ചയിൽ രണ്ടു ദിവസം പുതുതായി ഏർപ്പെടുത്തിയ എക്‌സ്പ്രസ്സ് വണ്ടിയുമുണ്ട്. ആ വണ്ടി മിക്കവാറും വൈകിയേ ഓടു. രണ്ടാംതരം പൗരന്മാരായ കുറേ നികൃഷ്ടജീവികളെ ആവിയിൽ വേവാൻപാകത്തിൽ കുത്തിനിറച്ച് ചലനമറ്റ് കിടക്കുന്ന പാസഞ്ചറിനെ തള്ളിമാറ്റി കുതിച്ചുപോകുന്ന ആ എക്‌സ്പ്രസ്സ് അതിന്റെ ലക്ഷ്യത്തിലെത്തി എന്നുറപ്പായാൽ മാത്രമേ തങ്ങൾക്ക് മോക്ഷമുള്ളൂ. മുമ്പിൽക്കൂടെ പൊടിപറപ്പിച്ച് കൊടുങ്കാറ്റിന്റെ വേഗത്തിൽ കടന്നുപോകുന്ന എക്‌സ്പ്രസ്സ് തങ്ങൾക്ക് മാസാവസാനം കിട്ടുന്ന നോട്ടുകളുടെ വലുപ്പം എത്രമാത്രം കുറച്ചുവെന്നത് ശമ്പളം കിട്ടിയ ദിവസമാണ് മനസ്സിലായത്. കിട്ടിയ തുഛമായ നോട്ടുകളും പിടിച്ച് ആ പെൺകുട്ടികൾ കുറച്ചുനേരം മുതലാളിയുടെ മുമ്പിൽ നിന്നു.

'എന്താ നോക്കി നിൽക്കണത്, പോയി ജോലിയെടുക്ക്. ശവങ്ങള്.' മുതലാളി അട്ടഹസിച്ചു.

സാധാരണ ശമ്പളത്തിൽ കുറവു കണ്ടാൽ ഒരിളിഞ്ഞ ചിരിയുമായി വാങ്ങിപ്പോയിരുന്ന കുട്ടികൾക്ക് ഈ മാസത്തെ ശമ്പളം ശരിക്കും ഒരടിയായി. അവർ ധൈര്യം സംഭരിച്ച് ചോദിച്ചു.

'ഇതോണ്ട് എന്താവാനാ മൊതലാളീ?'

'എന്തേ?'

'ശമ്പളത്തിൽ പകുതീം പിടിച്ചിരിക്ക്ണ്.'

'നിങ്ങൾ എത്ര ദിവസം വൈകി വന്നു?'

'ഞങ്ങളെന്താ ചെയ്യ്വാ. തീവണ്ടി സമയത്തിന് വരാത്തതിന്. എട്ടേമുക്കാലിന് വരണ്ട വണ്ടിയാണ് ഒമ്പതു മണിക്കും അതിലും വൈകീട്ടും വരണത്.'

'അത് നിങ്ങള് റെയിൽവേല് പോയി പറഞ്ഞാമതി.'

കുട്ടികൾക്ക് കൂടുതൽ ധൈര്യം കിട്ടുകയായിരുന്നു. അവർ ചോദിച്ചു.

'ഒരു പത്തു മിനുറ്റു വൈകിയാൽ പത്തു മിനുറ്റിന്റെ, അല്ലെങ്കിൽ അര മണിക്കൂറിന്റെ ശമ്പളം കൊറക്ക്യല്ലാതെ പകുതി ദിവസത്തെ കൊറക്കണതിന് എന്താ അർഥം? ബാക്കി സമയൊക്കെ ഞങ്ങള് ജോലിയെടുക്ക്ണില്ലേ? അതിന് ശമ്പളൊന്നും വേണ്ടെ?'

'എന്റെ കമ്പനീല്‌ത്തെ നിയമം അതാണ്.'

'ഞങ്ങള് സമ്മതിക്കില്ല.'

'സമ്മതിക്കില്ലെ?'

'ഇല്ല' എല്ലാവരും ഒപ്പം പറഞ്ഞു.

'എന്നാ നാളെത്തൊട്ട് നിങ്ങള് വരണ്ട. ഞാൻ വേറെ കുട്ടികളെ വെച്ചോളാം.'

എല്ലാം പറഞ്ഞു കഴിഞ്ഞതോടെ മുതലാളി ചാരിയിരുന്നു. ഇന്ന് ഒന്നാം തീയതിയാണ്. എല്ലാ കണക്കുകളും തീർത്തിരിക്കുന്നു. സമയം പന്ത്രണ്ടരയായിരിക്കുന്നു. പതിവിനു വിപരീതമായി ഉച്ചയ്ക്കു തന്നെ ശമ്പളം കൊടുത്തത് ഉച്ചക്കുശേഷം ഒരിടത്തു പോകാനുള്ളതുകൊണ്ടായിരുന്നു. ഇപ്പോൾ ഇവരെ വിട്ടാൽ തനിക്കു ലാഭമാണ്. മൂന്നു പേരുടെ ഓരോ നേരത്തെ ജോലി? അതായത് ഒന്നര ദിവസത്തെ ജോലി തനിക്കു ലാഭം. നാളെ പുതിയ പെൺകുട്ടികളെ എടുക്കുകയും ചെയ്യാം; ഇപ്പോൾ ഇവർക്കു കൊടുക്കുന്നതിന്റെ പകുതി ശമ്പളമേ കൊടുക്കേണ്ടു പുതുതായി എടുക്കുമ്പോൾ.

'ഞങ്ങക്ക് ഞങ്ങടെ മുഴുവൻ ശമ്പളും കിട്ടണം.' പെൺകുട്ടികൾ ഒന്നായി പറഞ്ഞു.

'ഇല്ലെങ്കിൽ?'

പെട്ടെന്നാണതു സംഭവിച്ചത്. എവിടെ നിന്നാണവർക്കു ഇത്ര ധൈര്യം കിട്ടിയതെന്ന് അറിയില്ല. അതുപോലെ ആരാണാദ്യം തുടങ്ങിവെച്ചതെന്നും. ശരിക്കു പറഞ്ഞാൽ അവർ മൂന്നു പേരും ഒരേ സമയത്ത് ആക്രമണത്തിന്ന് മുതിരുകയാണുണ്ടായത്. അവർ തങ്ങളുടെ ശുഷ്‌കമായ കൈകൾകൊണ്ട് മുതലാളിയെ അടിക്കാൻ തുടങ്ങി. പെട്ടെന്നുണ്ടായ ആക്രമണത്തിന്റെ ആഘാതത്തിൽ മുതലാളി പതറി. ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ അയാളുടെ സ്ഥൂലശരീരം കസേരയിൽനിന്ന് ഊർന്നിറങ്ങി നിലത്ത് വെട്ടിയിട്ട ആൽമരം കണക്കേ കിടന്നു. പെൺകുട്ടികൾ വർഗ്ഗശത്രുവിന്റെ മേൽ കയറി ഇരുന്നുകൊണ്ട് തൊഴിക്കുകയാണ്. ഒരു ചത്ത പോത്തിന്റെ മേൽ ഇരുന്ന് കൊത്തിക്കീറുന്ന കാക്കകളെപ്പോലെ അവർ തോന്നിച്ചു.

സാവധാനത്തിൽ മുതലാളി കണ്ണുകളടച്ചു അന്ത്യശ്വാസം വലിച്ചു. കുട്ടികൾ ഭയപ്പെട്ട് ഓടി ഫാക്ടറിയുടെ നടുവിൽ കൂനിക്കൂടിയിരുന്നു. അങ്ങിനെയാണതുണ്ടായത്. വിപ്ലവമെന്നൊന്നും പറയാൻ പറ്റില്ല.

'നമുക്ക് ഇവിടന്ന് ഓടിപ്പോവാം.' ചേച്ചി പറഞ്ഞു. 'എന്നിട്ട് വേറെ എവിടെയെങ്കിലും താമസിക്കാം.'

'അത് പറ്റൂല ചേച്ചീ, പോലീസ് പിന്നാലെ വന്ന് പിടിക്കൂലെ?'

അവർ ആലോചിച്ചു. ശരിയാണ്. കുറ്റകൃത്യം നടന്നിടത്തുനിന്ന് ഓടിപ്പോവുക എന്നതിനർഥം കുറ്റം സമ്മതിക്കുക എന്നാണ്.

'എങ്കിൽപിന്നെ ഇങ്ങിനെ ചെയ്യാം.' ചേച്ചി പറഞ്ഞു. 'മുതലാളി ഹാർട്ടറ്റാക്കായി മരിച്ചു എന്നു പറയാം. പോരെ?'

'അതു മതി ചേച്ചീ' മൂന്നു പെൺകുട്ടികളും ഒരുമിച്ചു പറഞ്ഞു. 'അപ്പോ പിന്നെ കേസൊന്നുംണ്ടാവില്ലല്ലോ.'

അവർക്കാശ്വാസം തോന്നി. ചേച്ചിക്കും ഭർത്താവ് മരിച്ചതിൽ വലിയ വിഷമമൊന്നുമില്ല എന്നു കണ്ടപ്പോൾ അവർക്കു സമാധാനമായി.

'ഞാൻ മുറിയിൽ പോയി ഏതെങ്കിലും ഡോക്ടർക്ക് ഫോൺ ചെയ്യാം.' അവർ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. അവർ ധൈര്യം സംഭരിച്ച് മുറിയുടെ വാതിൽ വരെ പോയി. ശരിയാണ് ഭർത്താവ് നിലത്ത് വീണുകിടക്കുന്നു. അനക്കമില്ല. വാതിൽക്കൽ തന്നെയാണ് ശരീരം കിടക്കുന്നത്. പെൺകുട്ടികൾ കൊലചെയ്തശേഷം അയാളുടെ ശരീരത്തിൽ ചവിട്ടിക്കൊണ്ടാണ് പുറത്തേയ്ക്ക് ഓടിയത്. ഉള്ളിൽ പോകാൻ ധൈര്യമില്ലാതെ അവർ മടങ്ങിപ്പോന്നു. അവരുടെ കാൽ മുട്ടുകൾ വിറച്ചിരുന്നു.

'എടീ എനിക്കു ധൈര്യം വരുന്നില്ല അകത്തു കടക്കാൻ.'

അവർ വീണ്ടും നിലത്ത് വട്ടമിട്ടിരുന്ന് ആലോചന തുടങ്ങി. അകത്ത് ഒരു പടുകൂറ്റൻ ശവം വിലങ്ങനെ വീണുകിടക്കുമ്പോൾ മൂന്ന് പെൺകുട്ടികളും നിസ്സഹായയായ ഒരു സ്ത്രീയും രക്ഷക്കായുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞു. ഒരു വഴിയും അവർക്കുമുമ്പിൽ മുഴുവനായി തുറന്നില്ല. സമയം എത്രയായിയെന്നവർക്കറിയില്ല. അവർക്ക് വിശപ്പും ദാഹവും നഷ്ടപ്പെട്ടിരുന്നു. ഭർത്താവു മരിച്ചു എന്നതിനേക്കാൾ വലിയ ദുരന്തം ഈ പാവപ്പെട്ട കുട്ടികളുടെ കരിപിടിച്ച ഭാവിയാണെന്ന് ആ സ്ത്രീ മനസ്സിലാക്കി. അവരിൽ ഒരുത്തിയ്ക്ക് അച്ഛനില്ല. അവൾ കൊണ്ടുചെല്ലുന്നതുകൊണ്ടാണ് അവളും അമ്മയും രണ്ടനുജന്മാരുമുള്ള കുടുംബം പുലരുന്നത്. മറ്റു രണ്ടുപേരുടെ സ്ഥിതിയും അസൂയാർഹമൊന്നുമല്ല.

'നമുക്ക് ഒരു കാര്യം ചെയ്യാം.' ചേച്ചി പറഞ്ഞു. 'ഒരു ഡോക്ടറെ കൊണ്ടുവന്ന് കാണിക്കാം. ഹാർട്ടറ്റാക്കായി മരിച്ചതാന്ന് പറയാം. ന്ന്ട്ട് നമ്ക്ക് നാലുപേർക്കും കൂടി ഈ ഫാക്ടറി നടത്താം. അപ്പോ നിങ്ങക്കു ജോലിണ്ടാവും ചെയ്യും, കൂടുതൽ പണവും കിട്ടും.'

സ്വന്തം ഭർത്താവിന്റെ മൃതശരീരം തണുത്തുകൊണ്ടിരിക്കെ അയാളുടെ ഘാതകരുടെ ഭാവിയെപ്പറ്റി ഉൽക്കണ്ഠാകുലമായ ചിന്തകൾ ഒരസാമാന്യ സ്ത്രീയുടെ മനസ്സിൽനിന്നേ ഉദിക്കു. പെൺകുട്ടികളുടെ കണ്ണിൽ വെള്ളം നിറഞ്ഞു. അവർ കരയാൻ തുടങ്ങി.

ആ നിമിഷത്തിലാണതുണ്ടായത്. മുറിയിൽനിന്ന് എന്തോ ഒരു ശബ്ദം കേട്ടു. ഒരു കസേല വലിച്ചിടുന്നപോലെ. അവർ ശ്വാസം പിടിച്ചു. താമസിയാതെ ഒരു പടുകൂറ്റൻ ശരീരം വാതിലിൽ പ്രത്യക്ഷമായി, ഒപ്പം തന്നെ മുക്രയിടുന്ന ശബ്ദവും.

'ലഞ്ചിന്റെ സമയം കഴിഞ്ഞു. എല്ലാവരും ജോലിയിലേയ്ക്ക്. എന്താ ഒഴപ്പണത്. ഒന്നാന്തി കൈയ്യും നീട്ടി വരില്ലേ, ശവങ്ങള്.'

മുതലാളിയുടെ ഭാര്യ ഭക്ഷണത്തിന്റെ തൂക്കുപാത്രവുമായി അന്തം വിട്ട് നിൽക്കെ, വിപ്ലവവീര്യം തീരെ കെട്ടടങ്ങിയ പെൺകുട്ടികൾ ഒറ്റ കുതിപ്പിന് അവരവരുടെ സ്ഥാനത്തെത്തുകയും ജോലി തുടങ്ങുകയും ചെയ്തു.

ഗ്രന്ഥാലോകം കഥാപ്പതിപ്പ് - 1999