ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥ


ഇ ഹരികുമാര്‍

ഞാൻ ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥയാണിത്. എന്റെ കഥയുടെ ശീർഷകവും ആദ്യവാചകവും കഥയുടെ പരിസമാപ്തിയെ ഒറ്റിക്കൊടുത്തുവെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും. പക്ഷേ നിങ്ങൾക്കു തെറ്റി. ഇത് പരിസമാപ്തിയല്ല, തുടക്കം മാത്രമാണ്. ഒരു മിനുറ്റ്, ഞാനിപ്പോൾ വരാം, വാതിൽക്കൽ ബെല്ലടിക്കുന്നു. ഒരു പക്ഷേ ........

ഊഹം ശരിതന്നെ. ഇന്നും അവൾ വാതിൽക്കൽ ഇരുന്ന് സഞ്ചി അടുത്തുവച്ച് ഒട്ടിയ കവിളും കുണ്ടിൽപ്പോയ കണ്ണുകളുമുള്ള മുഖം അല്പം ചെരിച്ചു പിടിച്ചുകൊണ്ട് ചോദിക്കുന്നു.

'പപ്പടം മേണോ?''

ഞങ്ങൾക്ക് പപ്പടം വേണ്ട. മിനിഞ്ഞാന്ന് കൊണ്ടുവന്നത് അങ്ങിനെ ഇരിക്കുന്നുണ്ട്. അതിനുമുമ്പുള്ളതാണ് ഇപ്പോൾ കാച്ചുന്നത്. വേണ്ടെന്നു പറഞ്ഞാൽ അവരുടെ മുഖം വാടുന്നു. അവർ സഞ്ചിയെടുത്ത് മടിയിൽവച്ച് ഒരു നിമിഷംകൂടി അവിടെ ഇരിക്കുന്നു. ഞാൻ തീരുമാനം മാറ്റുമോ എന്ന് ഉറപ്പാക്കിയശേഷം ഒരിക്കൽക്കൂടി എന്റെ മുഖത്തു നോക്കുന്നു. പിന്നെ, ഭാര്യ ചുറ്റുവട്ടത്തുമില്ലെന്ന് ഉറപ്പാക്കിയാൽ ഭംഗിയായി ചിരിക്കുന്നു. 'ഇനി മറ്റന്നാൾ വരാം.' മറിച്ച് കാഞ്ചനയാണ് വാതിൽ തുറന്നതെങ്കിൽ അവരുടെ നോട്ടം മാറുന്നു. തുറിച്ചുനോക്കിക്കൊണ്ട് ചോദിക്കുന്നു. 'പപ്പടം മേണോ?' വേണ്ടെന്നു പറഞ്ഞാൽ പിറുപിറുക്കാൻ തുടങ്ങുന്നു. ഇടക്കിടക്ക് കാഞ്ചനയെ തുറിച്ചു നോക്കുന്നു.

'ഇന്ന് പപ്പടം വേണ്ട.' ഞാൻ പറഞ്ഞു.

പപ്പടക്കാരിയുടെ മുഖത്ത് നിരാശ. അവർ സഞ്ചി തുറന്ന് ഒരു കെട്ടെടുത്തു. 'മുളക് പപ്പടാ, 25 എണ്ണം തരട്ടെ?''

'എന്താ വില?

'എട്ടുറുപ്പിക''

എങ്ങിനെയെങ്കിലും അവരെ വെറും കൈയ്യോടെ തിരിച്ചയക്കാതെ നോക്കാനായി ഞാൻ പറഞ്ഞു. 'ശരി 25 എണ്ണം തന്നോളൂ.'

അവർ കെട്ടഴിച്ച് എണ്ണാൻ തുടങ്ങി. എനിക്കറിയാമായിരുന്നു അതിൽ മുപ്പതിലധികം ഉണ്ടാവുമെന്ന്. എപ്പോഴും അങ്ങിനെയാണ്. 25 എണ്ണം ചോദിച്ചാൽ മുപ്പതോ മുപ്പത്തഞ്ചോ എടുത്തുതരും. ആദ്യമൊന്നും ഞാൻ സംശയിച്ചില്ല. ഒരിക്കൽ എണ്ണി നോക്കിയപ്പോഴാണ് മനസ്സിലായത്. അടുത്ത തവണ പപ്പടം വാങ്ങുമ്പോൾ ഞാൻ എണ്ണിനോക്കി.

'ഇതിൽ മുപ്പത്തി രണ്ടെണ്ണണ്ടല്ലോ.''

'വെച്ചോ.' അവർ എന്നെ നോക്കി ചിരിച്ചു. ഞാൻ അഞ്ചിന്റെ ഒരു നോട്ടുകൂടി എടുത്തു കൊടുത്തു. അവർ വാങ്ങിയില്ല. പിന്നെ ചാഞ്ഞ് ചെരിഞ്ഞ് അകത്തേയ്ക്കു നോക്കിക്കൊണ്ട് ചോദിച്ചു.

'ഇവിടെ ഇല്ല്യേ?'

കാഞ്ചനയുടെ കാര്യമാണ് ചോദിക്കുന്നത്. അവരുടെ മുഖത്ത് ദേഷ്യമുണ്ടായിരുന്നു, വെറുപ്പും. ഞാൻ പറഞ്ഞു.

'കുളിക്ക്യാണ്.'

ശരിക്കു പറഞ്ഞാൽ കാഞ്ചന ഷോപ്പിങ്ങിനിറങ്ങിയിരിക്കയാണ്. കാഞ്ചന വീട്ടിലില്ലെന്നു പറഞ്ഞാൽ പപ്പടക്കാരിയുടെ പ്രതികരണമെന്താവുമെന്നറിയില്ല. എന്തിന് റിസ്‌ക്കെടുക്കണം? സഞ്ചിയെടുത്ത് എഴുന്നേറ്റശേഷം അവർ ഒരിക്കൽക്കൂടി എന്നെ നോക്കി ചിരിച്ചു.

'ഞാനീ പപ്പടക്കെട്ടുകളോണ്ട് എന്തു ചെയ്യാനാ.' കാഞ്ചന പറഞ്ഞു.

ശരിയാണ്, രണ്ടു കെട്ടുകൾ തുറന്നിട്ടേയില്ല. രണ്ടാത്മാക്കൾക്ക് എത്ര പപ്പടം തിന്നുതീർക്കാൻ പറ്റും? തുറന്ന കെട്ടിൽത്തന്നെ ഇനിയും ബാക്കിയുണ്ട്, ഇരുന്ന് ചുവപ്പു നിറം കയറിയ പപ്പടങ്ങൾ. അവ കാച്ചുമ്പോഴേയ്ക്ക് ഇരുണ്ട നിറം പകരുന്നു. നല്ല സ്വാദുള്ള പപ്പടങ്ങൾ കേടുവന്ന് വായിൽ വക്കാൻ കൊള്ളാതെയാവുന്നു.

'ഇനി കുറച്ചു കാലത്തേയ്ക്ക് പപ്പടം വാങ്ങണ്ട.' കാഞ്ചന കല്പിക്കുന്നു. ഞാൻ സമ്മതിക്കുന്നു. പക്ഷേ മെലിഞ്ഞുണങ്ങിയ ദേഹവും ഇരുണ്ട് കവിളൊട്ടിയ മുഖവുമായി പപ്പടക്കാരി വാതിൽക്കൽ മുട്ടുമ്പോൾ ഞാൻ പറയുന്നു. 'ഇരുപത്തഞ്ച് എണ്ണം എടുത്തോളൂ.' പെട്ടെന്ന് കാഞ്ചന ഉമ്മറത്തേയ്ക്ക് വരുമ്പോൾ ഞാൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നു, അവളോട് പോയി പിന്നെ വരാൻ. പപ്പടക്കാരിക്ക് അതു മനസ്സിലാവുന്നില്ല. അവൾ എന്നെ നോക്കി സ്‌നേഹത്തോടെ പുഞ്ചിരിച്ച്, സഞ്ചി തുറന്ന് പപ്പടമെടുത്ത് എണ്ണാൻ തുടങ്ങുന്നു. ആ നിമിഷത്തിൽ കാഞ്ചന വരുന്നു. ഞാനും പപ്പടക്കാരിയുമായുള്ള സ്‌നേഹബന്ധങ്ങൾ അവൾ അറിയുന്നില്ല. അവൾ പറഞ്ഞു.

'നോക്കു ഇന്ന് പപ്പടം വേണ്ടട്ടോ. രണ്ട് കെട്ട് ഇരിക്ക്ണ്‌ണ്ട്.'

പപ്പടക്കാരി എണ്ണൽ നിർത്തി, കാഞ്ചനയെ നോക്കി കോക്രി കാട്ടി, പിന്നെ എന്റെ നേരെ തിരിഞ്ഞ് ഒരു ചിരിയോടെ ചോദിച്ചു. 'മുളക് പപ്പടം എടുക്കട്ടെ.'

'ഇപ്പ വേണ്ട.'

'അയ്യോ ഞാൻ പാലടുപ്പത്ത് വച്ചിട്ടുണ്ട്.' കാഞ്ചന അടുക്കളിയിലേയ്ക്ക് ഓടി.

കാഞ്ചന ഓടുന്നതു നോക്കി അവൾ കൊഞ്ഞനം കാട്ടിക്കൊണ്ട് പറഞ്ഞു.

'ആള് ശര്യല്ല.'

'ആര്?''

കാഞ്ചന പോയ വഴിയെ നോക്കി അവൾ പറഞ്ഞു. 'നിങ്ങടെ ഫാര്യ. അതിനെ ഒഴിവാക്ക്.'

ഭാര്യ ആള് ശരിയല്ലെന്ന് കല്യാണരാത്രിയിൽത്തന്നെ എനിക്കു മനസ്സിലായിരുന്നു.

ഞാൻ പപ്പടം ഒളിപ്പിച്ചു വയ്ക്കാൻ തുടങ്ങിയത് അങ്ങിനെയാണ്. അതും പക്ഷേ അധികകാലം നടന്നില്ല. സാധാരണ ഉപയോഗിക്കാത്ത ഒരു പാത്രത്തിനുള്ളിൽ നിന്ന് നിറം ചുവപ്പായ പപ്പടക്കെട്ടെടുത്ത് കാഞ്ചന പറഞ്ഞു. 'ദൈവമേ ഇത് എന്ന് വാങ്ങി വച്ചതാണ്? ഇപ്പൊത്തൊട്ട് എനിക്ക് ഓർമ്മീം ഇല്ല്യാതായിരിക്കുണു. ഞാനെന്തിനാണ് ഇത് ഇതിനുള്ളില് കൊണ്ടുവച്ചത്? പായസംണ്ടാക്കാൻ പാത്രം എടുത്തപ്പഴാ കണ്ടത്.'

'അതു സാരംല്ല്യ.' ഞാനവളെ സമാശ്വസിപ്പിക്കുന്നു. പിന്നെ അവൾ കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ..... എനിക്കുതന്നെ ഓർമ്മയില്ല, എവിടെയൊക്കെയാണ് ഞാൻ പപ്പടം ഒളിപ്പിച്ചു വച്ചതെന്ന്. രണ്ടു പാക്കറ്റ് കിട്ടിയപ്പോൾ തിരച്ചിൽ നിർത്തി. ഇനി അതെന്തു ചെയ്യും?

ഓഫീസിൽ കാൻവാസു ചെയ്യാൻ തുടങ്ങിയത് അതിനു ശേഷമാണ്. പപ്പടക്കാരി വീട്ടിലുണ്ടാക്കുന്ന പപ്പടമാണെന്നറിഞ്ഞപ്പോൾ എല്ലാവർക്കും വേണം. എനിക്കു സമാധാനമായി. പിന്നെ ബൾക്ക് ഓർഡറുകളുടെ നാളുകൾ.

ആദ്യത്തെ ദിവസംതന്നെ സാധാരണ പപ്പടം ഇരുപത്തഞ്ചിന്റെ മൂന്നു കെട്ടുകളും മുളകുപപ്പടം രണ്ടു കെട്ടും വാങ്ങി. പപ്പടക്കാരി എന്നെ നോക്കി മധുരമായി ചിരിച്ചു. പിന്നെ കാഞ്ചനയെ ദ്വേഷ്യത്തോടെ നോക്കി. കണ്ടു പഠിക്ക് എന്ന മട്ടിൽ. പപ്പടത്തിന്റെ ഒരട്ടിയെടുത്ത് ഒന്നമർത്തി മടക്കി ഈരണ്ടെണ്ണമായി അവർ എണ്ണാൻ തുടങ്ങി. ഓരോ കെട്ടിലും അഞ്ചും എട്ടും പപ്പടം കൂടുതലിടുന്നത് ഞാൻ വിഷമത്തോടെ നോക്കിനിന്നു. കൊടുത്ത അമ്പതിന്റെ നോട്ടിൽ നിന്ന് ശരിക്കുള്ള വില മാത്രമെടുത്ത് ബാക്കി തിരിച്ചുതരികയും ചെയ്തു.

ഞാൻ ഓഫീസ് സ്‌നേഹിതന്മാരെ പരീക്ഷിക്കുകയായിരുന്നു. ആദ്യത്തെ പ്രാവശ്യം കെട്ടുകളിൽ കൂടുതൽ എണ്ണമുള്ളതിനെപ്പറ്റി അവരാരും പറഞ്ഞില്ല. അവരുടെ ഭാര്യമാർ തീർച്ചയായും അതെണ്ണിനോക്കിയിട്ടുണ്ടാവണം. കൂടുതൽ കണ്ടപ്പോൾ ഭർത്താവിനോട് പറഞ്ഞിട്ടുണ്ടാവും. 'നോക്കു, നഷ്ടൊന്നുംല്ല്യ. കുറുപ്പിന്റെ കടേല് ആറുറുപ്പികയാ വില. ഇത് അഞ്ചേയുള്ളൂ, പോരാത്തേന് എണ്ണോം കൂടുതലുണ്ട്.'

ആരെങ്കിലും ഒരാൾ അതിനെപ്പറ്റി എന്നോടു പറഞ്ഞിരുന്നെങ്കിൽ എനിക്കു സമാധാനമായേനെ. അങ്ങിനെ വിട്ടാൽ പറ്റില്ലല്ലൊ. അടുത്ത പ്രാവശ്യം ഞാൻ എല്ലാം അഴിച്ച് ഓരോ കെട്ടിലും കൃത്യം ഇരുപത്തഞ്ചു വീതം വെച്ച് വീണ്ടും കെട്ടി. നോക്കുമ്പോൾ അഞ്ചുകെട്ടിനു പകരം ആറു കെട്ട്. എന്നുവച്ചാൽ എനിക്ക് ഇരുപതു ശതമാനം ലാഭം എന്നർത്ഥം. പക്ഷേ അതെന്നെ സന്തോഷിപ്പിച്ചില്ല, മറിച്ച് വേദനിപ്പിക്കുകയും ചെയ്തു. എന്നോടുള്ള സ്‌നേഹം കാരണമാണ് അവൾ എണ്ണം കൂടുതൽ വയ്ക്കുന്നത്. കാഞ്ചനയാണ് വാങ്ങുന്നതെങ്കിൽ കൃത്യം ഇരുപത്തഞ്ചെണ്ണം മാത്രമേ കാണൂ. എണ്ണത്തിൽ തെറ്റുകയല്ല ചെയ്യുന്നതെന്നർത്ഥം. സാധു സ്ത്രീ. അവരുടെ സാരി കീറി ഉപേക്ഷിക്കേണ്ട പരുവത്തിലായിരിക്കുന്നു. ദാരിദ്ര്യം അവരുടെ ഓരോ അവയവങ്ങളിലും ഓരോ ചലനങ്ങളിലും ഉടക്കിനിന്നു. ഒരു ദിവസം അവർ പറഞ്ഞു.

'ഫാര്യടെ പഴേ സാരിണ്ടെങ്കിൽ ഒരെണ്ണം താ. അതിനോട് പറേണ്ട.'

ഞാൻ ധർമ്മസങ്കടത്തിലായി. എനിക്ക് ശരിക്കു പറഞ്ഞാൽ ഭാര്യയുടെ സാരികളുടെ എണ്ണം അറിയില്ല. പഴയതേത് പുതിയതേത് എന്നറിയില്ല. അവളുടെ വസ്ത്രധാരണത്തെപ്പറ്റിയുള്ള എന്റെ ആസ്വാദനശേഷി കാഞ്ചനയെ എന്നും നിരാശപ്പെടുത്തിയിട്ടേയുള്ളൂ. അതുകൊണ്ട് ഇപ്പോൾ പുതിയ സാരി വാങ്ങുമ്പോൾ എന്നെ വിളിക്കാറില്ല. അതുപോലെ പുതിയ സാരി ഉടുത്താൽ അയൽവീട്ടിൽ പോയി അഭിപ്രായം ചോദിക്കുകയേ ഉള്ളൂ. സാരിക്കച്ചവടത്തിൽ അവളെന്നെ തഴഞ്ഞിരിക്കയാണ്. ഞാനിപ്പോൾ എന്താണ് ചെയ്യുക? പപ്പടക്കാരിയെ എങ്ങിനെയെങ്കിലും സഹായിക്കണമെന്നുണ്ട്. ഭാര്യയുടെ സാരി മോഷ്ടിക്കാൻ തീരുമാനിച്ചത് അങ്ങിനെയാണ്. അലമാറി തുറന്ന് ആദ്യം കണ്ട സാരി എടുത്തു മാറ്റി ഒരു സഞ്ചിയിലാക്കി ഒളിപ്പിച്ചുവച്ചു.

വൈകുന്നേരം ഞാൻ ഓഫീസിൽനിന്ന് എത്തിയപ്പോൾ വീട്ടിലാകെ ഭൂകമ്പമായിരുന്നു. കാഞ്ചന അലമാറിയിലെ സാരികളെല്ലാം വാരി വലിച്ച് പുറത്തിട്ടിരിക്കയാണ്. എന്നെ കണ്ടപ്പോളവൾ ചോദിച്ചു.

'എന്റെ പച്ച സാരി കണ്ടോ?'

'ഏത് പച്ച?' അവളുടെ സാരികളുടെ മുഴുവൻ കണക്കും വിവരങ്ങളും എന്റെ കയ്യിലുണ്ടെന്ന പോലെ ഞാൻ ചോദിച്ചു.

'ആ ചാണകപ്പച്ചയില്ലേ? കഴിഞ്ഞ ഓണത്തിനെടുത്തത്. ആയിരത്തഞ്ഞൂറിന് വാങ്ങ്യേത്. ഞാനത് ട്രീസാന്റിടെ കിറ്റി പാർട്ടിക്ക് ഉടുക്കാൻ ഇസ്തിരിയിട്ടു വച്ചതായിരുന്നു.'

എനിക്ക് ബുദ്ധി സാവധാനത്തിലേ വരൂ. സാരി മോഷ്ടിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് അതിന്റെ വില. വില പിടിച്ചതാണെങ്കിൽ ഉടമസ്ഥയ്ക്ക് അതിന്റെ കണക്കുണ്ടാവും. അന്വേഷിക്കും. രണ്ടാമത് അഥവാ കണക്കില്ലാതെ, ഓർമ്മയില്ലാതെ പോയാൽത്തന്നെ അത് ഉടുത്തു വരുമ്പോൾ പിടിക്കപ്പെടും. കാഞ്ചന ചായയുണ്ടാക്കാൻ പോയ തക്കം നോക്കി, ഒളിപ്പിച്ചുവച്ച സാരി എടുത്ത് വളരെ വിദഗ്ദമായി അവളുടെ സാരിക്കൂമ്പാരത്തിനിടയിൽ തിരുകി. പിന്നെ അവൾ വന്നപ്പോൾ, തിരയാൻ സഹായിക്കുകയാണെന്ന മട്ടിൽ അതിൽനിന്ന് എടുത്തുകൊടുക്കുകയും ചെയ്തു.

'അപ്പൊ എന്തേ ഞാനതു കാണാഞ്ഞത്?' എന്ന കാഞ്ചനയുടെ അദ്ഭുതം, 'നോക്കാനറിയണേയ്' എന്ന പരിഹാസത്തിൽ ഒതുക്കി. കാഞ്ചനയുടെ സാരികളിൽ എനിക്കു പരിചയമുള്ള ഒരേ ഒരു സാരി അതായിരുന്നു. ഒരു രാത്രിയുടെയും ഒരു പകലിന്റെയും പരിചയം. ആ പരിചയം വച്ച് ആ സാരി എന്നെ നോക്കി ചിരിച്ചു.

പപ്പടക്കാരിക്ക് ഞാൻ പുതിയൊരു സാരി വാങ്ങിക്കൊടുത്തു. പച്ചനിറത്തിൽ ചുവപ്പു പൂക്കളുള്ള വിലകുറഞ്ഞ സിൽക്ക് സാരി. ഭാഗ്യത്തിന് കാഞ്ചന ഷോപ്പിങ്ങിനു പോയിരിക്കയായിരുന്നു. സാരിയടങ്ങിയ സഞ്ചി കൊടുത്തപ്പോൾ പപ്പടക്കാരി അതു തുറന്നുനോക്കി. സാരി പുറത്തെടുത്ത് നോക്കി. ഒരു പുതിയ സാരി അവർ പ്രതീക്ഷിച്ചിരിക്കയില്ല. അവർ എന്നെ നോക്കി.

'എന്തിനാ പുതീത് വാങ്ങ്യേ? ഫാര്യടെ പഴേ സാരി മത്യായിര്ന്നു.' അവൾ സാരിമേൽ തലോടി അതിന്റെ മിനുസം ആസ്വദിച്ചുകൊണ്ട് പറഞ്ഞു. 'നല്ല പട്ടുചേല. കല്യാണപൊടവപോലെ.' പിന്നെ സഞ്ചി ഭദ്രമായി എടുത്തുവച്ചുകൊണ്ട് പറഞ്ഞു.

'നീ ഒഴിവാക്ക്.'

എനിക്കു മനസ്സിലായില്ല. ഞാൻ ചോദിച്ചു. 'എന്ത്?'

'ആ പെമ്പ്രന്നോരില്ലേ, നിങ്ങടെ ഫാര്യ. അതിനെ ഒഴിവാക്ക്. അത് ആളത്ര ശര്യല്ല.'

എനിക്കൊരു കുസൃതി തോന്നി. ഞാൻ ചോദിച്ചു.

'അപ്പൊ ഞാനെന്താ ചെയ്യ്വാ?'

അവർ എന്നെ ഒന്ന് നോക്കി. എന്താണിത്ര ചോദിക്കാനെന്ന മട്ടി ൽ. പിന്നെ കുറച്ചൊരു ലജ്ജയോടെ പറഞ്ഞു. 'ഞാൻ വരാം. അല്ലെങ്കീ നമ്ക്ക് രണ്ടുപേർക്കുംകൂടി ഒളിച്ചു പോകാം. വേറെ എവിടേക്കെങ്കിലും.'

ഞാൻ ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അവൾ ധൈര്യപ്പെടുത്താനായി പറഞ്ഞു.

'പപ്പടംണ്ടാക്കാനറിയ്യോ? ഇല്ലെങ്കീ പഠിപ്പിച്ചുതരാം. ഞാൻ കൊണ്ടോയി വിൽക്കാം. വേറെ വല്ല സ്ഥലത്തും. ഇവിടെ വേണ്ട. ഈ സ്ഥലം കൊള്ളൂലാ.''

'അപ്പോ നിങ്ങടെ ഭർത്താവില്ലേ, അയാളോ?'

'അയാളും അത്ര ശര്യല്ല. ഞാനയാളെ ഒഴിവാക്ക്വാണ്.'

അവൾ പറയുന്നതിൽ കാര്യമുണ്ട്. അവളുടെ ഭർത്താവ് ആള് ശരിയല്ല, എന്റെ ഭാര്യയും ആള് ശരിയല്ല. അപ്പോൾ ശരിയായിട്ടുള്ള രണ്ടുപേർ ഒന്നിക്കുക. ഇവിടെ ജീവിക്കാൻ പറ്റില്ലെങ്കിൽ ഒളിച്ചോടിപ്പോകുക. ഞാൻ വീട്ടിലിരുന്ന് പപ്പടമുണ്ടാക്കും, അവൾ കൊണ്ടുനടന്ന് വിൽക്കും. വളരെ റൊമാന്റിക്കായിട്ടുള്ള കാര്യം.

രാത്രി കിടക്കുമ്പോൾ ഞാൻ കാഞ്ചനയോടു പറഞ്ഞു.

'എനിക്ക് ഒളിച്ചോടിപ്പോകാൻ ഒരു നല്ല ഓഫർ കിട്ടിയിട്ടുണ്ട്.'

'നിങ്ങള് കാര്യായിട്ടാണോ പറയണത്?' അവൾ ആശ്വാസത്തോടെ ചോദിച്ചു.

'അതെ.'

'ആരുടെ ഒപ്പാണ് പോണത്?' അവളുടെ സ്വരത്തിലെ പ്രത്യാശ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

'പപ്പടക്കാരിയുടെ ഒപ്പം.'

'ഓ....' അവൾ നിരാശയോടെ പറഞ്ഞു. 'ഞാൻ വിചാരിച്ചു വല്ല മിസ് കേരളയോ മറ്റൊ ആയിരിക്കുംന്ന്.'

'പപ്പടക്കാരിക്കെന്താ മോശം?'

'ഞാൻ ഒരു കാര്യം പറഞ്ഞേക്കാം. അതിനെ പാവം വട്ടാക്കണ്ട. പാവം രണ്ടുകൊല്ലം ഭ്രാന്താശുപത്രീല് കെടന്നതാ. അതിന്റെ ഭർത്താവിനും ഭ്രാന്താ. ഓരോരുത്തര്‌ടെ യോഗം.'

പപ്പടക്കാരിക്ക് ഭ്രാന്താണെന്ന വിവരം എനിക്കറിയില്ലായിരുന്നു. അല്പസ്വല്പം കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നു. പക്ഷേ ആശുപത്രിയിൽ കിടക്കാൻ മാത്രം പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ല. ഭർത്താവിനും അതേ അസുഖം. പാവം. എനിക്ക് പക്ഷേ കുറ്റബോധമൊന്നും തോന്നിയില്ല. അവളെ സഹായിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആവശ്യമില്ലാതിരുന്നിട്ടും അവളുടെ പപ്പടം വാങ്ങി കൂട്ടിയിട്ടുണ്ട്. ഓഫീസിൽ കൊണ്ടുപോയി വിറ്റിട്ടുണ്ട്. ഒരു പഴയ സാരി വേണമെന്നു പറഞ്ഞപ്പോൾ പുതിയതൊരെണ്ണം വാങ്ങിക്കൊടുത്തിട്ടുമുണ്ട്. എങ്കിലും മെലിഞ്ഞുണങ്ങിയ ആ മുഖം ഓർമ്മ വന്നപ്പോൾ എനിക്ക് വിഷമമായി.

എന്തുകൊണ്ടോ പിന്നെ കുറേ ദിവസത്തേയ്ക്ക് പപ്പടക്കാരി വരികയുണ്ടായില്ല. ഒരു ഞായറാഴ്ച രാവിലെ എഴുന്നേൽക്കാൻ മടിച്ച്, ആലസ്യത്തിന്റെ സ്വപ്‌നങ്ങളുമായി കിടക്കയിൽത്തന്നെയായിരുന്നു ഞാൻ. പെട്ടെന്ന് കാഞ്ചന വർത്തമാനപത്രവുമായി ഞാൻ കിടക്കുന്നിടത്തേയ്ക്ക് ഓടി വന്നു.

'നോക്കു, നമ്മുടെ പപ്പടക്കാരിയില്ലേ......'

ഞാൻ ഉദ്വേഗത്തോടെ ഞെട്ടിയെഴുന്നേറ്റു. 'എന്തു പറ്റീ?'

'അവള് തൂങ്ങിമരിച്ചിരിക്കുന്നു. കഴുക്കോ‌ല്‌മ്മ്‌ല് സാരി കെട്ടിയിട്ട്.'

ഞാൻ സ്തബ്ധനായി ഇരുന്നു. പത്രം കാഞ്ചനയുടെ കൈയ്യിൽനിന്ന് വാങ്ങി വായിക്കാൻ എനിക്കായില്ല. സാരി വിട്ടത്തിൽ കെട്ടി, പാവം സ്ത്രീ.... എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. സാരിയുടെ നിറം പച്ചയാണോ, പച്ചയിൽ ചുവന്ന പൂക്കളുള്ള പുതുമണം വിടാത്ത സിൽക്കുസാരി? വിലകുറഞ്ഞതെങ്കിലും കല്യാണപുടവപോലെയുള്ള, മിനുസമുള്ള സാരി? ആ വിവരങ്ങളൊന്നും പക്ഷേ പത്രക്കാർ കൊടുക്കുകയുണ്ടാവില്ല. അതൊന്നും അവർക്ക് അറിയേണ്ട കാര്യമില്ലല്ലോ.

കലാകൗമുദി ഓണപ്പതിപ്പ് - 2000

ഈ കഥയെക്കുറിച്ച്

ഈ കഥയെക്കുറിച്ച്