മറ്റൊരു വാതിൽ


ഇ ഹരികുമാര്‍

ആശുപത്രിയിൽ തളർന്നുറങ്ങുന്ന പെൺകുട്ടിയുടെ കിടക്കക്കരികെ അയാൾ കാത്തിരുന്നു. ഒന്നനങ്ങുമ്പോൾ സ്റ്റീൽ കസേരയുടെ കാലുകൾ നിലത്തുരഞ്ഞുണ്ടാകുന്ന ശബ്ദത്തിൽ അവൾ ഉണരുമോ എന്നയാൾ ഭയപ്പെട്ടു. ഉണരുമ്പോൾ അമ്മയെ കണ്ടില്ലെങ്കിൽ ബഹളം വയ്ക്കുമോ എന്നറിയില്ല. അവളുടെ അമ്മയും അച്ഛനും അര മണിക്കൂർമുമ്പ് വീട്ടിൽ പോയിരുന്നു. അമ്മയുള്ളപ്പോൾതന്നെ അവൾ ഭയപ്പെട്ടു കരയുന്നു. പേടിച്ച് ചുറ്റും നോക്കുന്നു. അമ്മയുടെ കൈ മുറുകെ പിടിക്കുന്നു. മോളെ ആരും ഇനി ഉപദ്രവിക്കില്ലെന്നു ഷൈല പറയുന്നതവളെ ആശ്വസിപ്പിക്കുന്നില്ല.

ഈ യാതന സഹിക്കാൻ അവൾക്കാകട്ടെ എന്നയാൾ പ്രാർത്ഥിക്കുന്നു. വാതിലിന്റെ കർട്ടൻ മാറ്റി നഴ്‌സും ഡോക്ടറും അകത്തു കടന്നു. അയാൾ എഴുന്നേറ്റു. ഡോക്ടർ അവളെ പരിശോധിക്കുകയാണ്. അയാൾ ചോദിച്ചു. 'ഡോക്ടർ ഇവൾക്ക്.......'

ഡോക്ടർ പരിശോധന നിർത്തി അയാളെ നോക്കി.

'കുഴപ്പമൊന്നുമില്ല, ജസ്റ്റ് ഏ ട്രാമ. ഷി വിൽ ഓവർകം ദാറ്റ് ഇൻ എ കപ്ൾ ഓഫ് ഡേയ്‌സ്. നിങ്ങൾ?'

'എന്റെ പേര് ഭാസ്‌കരൻ, ഞാൻ അയൽക്കാരനാണ്.'

'ഒരയൽക്കാരൻതന്നെയാണ് ഈ കുട്ടിയെ........' ഡോക്ടർ നിർത്തി.

'അതെ.' ഭാസ്‌കരൻ പറഞ്ഞു. ഒരയൽക്കാരനായതിൽ അയാൾ ലജ്ജിച്ചു.

'അയാളെ അറസ്റ്റു ചെയ്‌തെന്നു കേട്ടല്ലൊ.' ഡോക്ടർ പറഞ്ഞു.

'അതെ.'

'കഷ്ടം! അമ്പതു കഴിഞ്ഞ മനുഷ്യൻ....'

ഡോക്ടർ നഴ്‌സിന് എന്തോ നിർദ്ദേശം കൊടുത്തുകൊണ്ട് പുറത്തേയ്ക്കു പോയി. ഭാസ്‌കരൻ അവിടെ ഒറ്റയ്ക്കായി. ഒറ്റയ്ക്കല്ല. ഉറക്കമരുന്ന് കൊടുത്ത് ബോധമില്ലാതെ ഉറങ്ങുന്ന ഒരു അഞ്ചു വയസ്സുകാരി കുട്ടിയുടെ ഒപ്പം. മനസ്സ് തേങ്ങി. മോളെ നിനക്കിത് സംഭവിച്ചുവല്ലൊ. വര്‍ഷങ്ങളായി എന്നും രാവിലെയും വൈകുന്നേരവും ഈ പെൺകുട്ടി തങ്ങളുടെ വീടിന്റെ പടിവാതിൽ കടന്ന് വന്നു. രാവിലെ സ്‌കൂൾ സഞ്ചിയുമായി വരുന്നു. ശാരദ മേശപ്പുറത്ത് മൂന്നുപേർക്കുമുള്ള പ്രാതൽ തയ്യാറാക്കി വച്ചിട്ടുണ്ടാകും. അങ്കിളിന്റെയും ആന്റിയുടെയും ഒപ്പമിരുന്ന് അവൾ ദോശയോ ഇഡ്ഡലിയോ കഴിക്കുന്നു. അയാൾ ഇടയ്ക്ക് കളിയായി ചോദിക്കുന്നു. 'നിനക്ക് നിന്റെ വീട്ടീന്ന് കഴിച്ചൂടെ?'

'ഇതെന്റെ വീടാണ്.' അവൾ ദ്വേഷ്യത്തോടെ പറയുന്നു.

'അല്ലല്ല ഇത് ദിനേശ് ചേട്ടന്റെ വീടാണ്.'

അവൾക്ക് ആദ്യം ദ്വേഷ്യവും പിന്നെ സങ്കടവും വരുന്നു. അവളുടെ കണ്ണുകൾ നിറയും. അവൾ അയാളെ കുഞ്ഞിക്കൈകൊണ്ട് ഇടിച്ചുകൊണ്ട് പറയും.

'ഞാനീ അങ്കിളിനോട് മിണ്ടില്ല.'

കാര്യം ശരിയാണ്. ഒരിക്കൽ തീർപ്പു കല്പിച്ച കാര്യമാണത്. പിന്നെ അങ്ക്ൾ മറിച്ചു പറയേണ്ട കാര്യമൊന്നുമില്ല. ദിനേശൻ വെള്ളിയാഴ്ച രാത്രി ഹോസ്റ്റലിൽ നിന്നെത്തുന്നു. ഒരാഴ്ച മോനെ വിട്ടുനിന്ന സങ്കടം തീർക്കാൻ അമ്മ സ്വാദുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നു. വൈകുന്നേരം സ്‌കൂൾ വിട്ട് വരുന്ന നീനമോൾ കാണുന്നത് ആന്റി അടുക്കളയിൽ വിഭവങ്ങളുണ്ടാക്കുന്നതാണ്. അവൾക്ക് കാര്യം മനസ്സിലാവുന്നു. പിന്നെ ചോദ്യങ്ങളാണ്. എന്തിനാണ് ദിനേശ്‌ചേട്ടൻ എല്ലാ ആഴ്ചയും വരുന്നത്? ഹോസ്റ്റലിലിരുന്ന് വല്ലതും പഠിച്ചുകൂടെ? അങ്ങിനെ ഒരുപാടു ചോദ്യങ്ങൾ. ശാരദ പറയുന്നു.

'ദിനേശ് ചേട്ടൻ ആന്റീടെ മോനല്ലെ. അപ്പോ അമ്മേ കാണണംന്ന്ണ്ടാവില്ലെ?'

അങ്ങിനെയൊക്കെ സാധാരണ പറയാറുള്ളതാണ്. അന്ന് എന്തുകൊണ്ടോ അവൾക്കത് തീരെ ഇഷ്ടപ്പെട്ടില്ല. ഉമ്മറത്തിരുന്ന് വായിച്ചുകൊണ്ടിരുന്ന അയാൾ അടുക്കളയിൽ നടന്ന ഭൂകമ്പങ്ങളൊന്നും അറിഞ്ഞില്ല. അയാൾ എത്ര ശ്രമിച്ചിട്ടും നീനയുടെ സങ്കടം മാറ്റാൻ കഴിഞ്ഞില്ല. അവളുടെ അമ്മയും അച്ഛനും കരച്ചിൽ കേട്ട് അന്വേഷിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച അവളെയും ഏറ്റി നടന്ന് അങ്ക്ൾ സമാധാനിപ്പിക്കുന്നതാണ്.

'കെട്ടിച്ചുകൊടുക്കണ്ട പ്രായായി'. അവളുടെ അച്ഛൻ പറഞ്ഞു. 'കണ്ടില്ലെ അവളുടെ കാല് നെലത്ത് മുട്ടണത്?'

കാര്യം പറഞ്ഞപ്പോൾ അവർ ചിരിച്ചുകൊണ്ട് തിരിച്ചുപോയി. 'അത്രേള്ളൂ....'

അത്രേള്ളൂ എന്ന് അവർക്ക് പറയാം. പക്ഷേ നീനയെ സംബന്ധിച്ചേടത്തോളം അതൊരു ജീവന്മരണ പ്രശ്‌നമാണ്. ദിനേശ് ചേട്ടൻ തോളിൽ സഞ്ചിയുമായി പടി കടന്നു വന്നപ്പോൾ കാണുന്ന കാഴ്ച അങ്ക്‌ളും മോളും കൂടി ഒരു സന്ധിസംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്നതാണ്.

'അച്ഛൻ അവളെ ഇങ്ങിനെ കൊഞ്ചിച്ചു വഷളാക്കിക്കൊള്ളൂ.' അവൻ പറഞ്ഞു. അവൻ ഇല്ലാത്ത സമയങ്ങളിൽ ഈ പിറുങ്ങിപ്പെണ്ണ് അവന്റെ അച്ഛനുമമ്മയുമായി കൊഞ്ചുന്നതൊന്നും അവന് ഇഷ്ടമല്ല. ഇത്ര പ്രായമായിട്ടും അവനും ഒരു അസൂയാലുവാണ്. അവൻ ചോദിച്ചു.

'എന്താടീ നെനക്ക് നെന്റെ വീട്ടീ പോയിരുന്നൂടെ?'

'ഇത് എന്റെ വീടാണ്.' പുതുതായി അങ്കിളിന്റെ അടുത്തുനിന്നു കിട്ടിയ ഉറപ്പിൽ അവൾ തിരിച്ച് പോരാടാൻ തന്നെയാണ് തീർച്ചയാക്കിയിരിക്കുന്നത്. അതുവരെയുണ്ടായിരുന്ന സങ്കടമെല്ലാം അവൾ തല്ക്കാലത്തേയ്ക്ക് മാറ്റിവച്ചു. സങ്കടം പിന്നേയുമാവാലോ.

'ഇത് നെന്റെ വീടോ? പള്ളീ പറഞ്ഞാമതി.'

'പള്ളീല് ദിനേശ് ചേട്ടൻ പറഞ്ഞാമതി.' പിന്നെ അവൾ ഒരു പടികൂടി കയറി. അങ്കിളിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു. 'ഇത് എന്റെ അച്ഛനാണ്.'

കാര്യം കുലുമാലായെന്ന മട്ടിൽ ദിനേശൻ സഞ്ചി നിലത്തുവച്ച് കസേലയിൽ ഇരുന്നു. ഒരൊറ്റ മലക്കം മറിച്ചിലിൽ അവന് നഷ്ടമാകുന്നത് അവന്റെ അച്ഛനാണ്. രണ്ടാലൊന്ന് തീർച്ചയാക്കിയിട്ടു മതി ഇനി കാര്യങ്ങൾ എന്ന മട്ടിൽ പോർവിളിയോടെ അവളും. ദിനേശൻ പറഞ്ഞു.

'അച്ഛാ ഞാനിനി കോളേജിലൊന്നും പോണില്ല. ഇവിടെ വീട്ടിലിരിക്കാൻ പോവ്വാണ്. ഇക്കണക്കിന് പോയാൽ എനിക്ക് അമ്മേംണ്ടാവില്ല, അച്ഛനുംണ്ടാവില്ല, ഈ വീടുംണ്ടാവില്ല. ഒക്കെ ഈ പെണ്ണ് അടിച്ചെടുക്കും.

ദിനേശ് ചേട്ടൻ ഇനി കോളേജിൽ പോകുന്നില്ലെന്നത് അവളെയും ഭയപ്പെടുത്തി. അല്ലെങ്കിൽത്തന്നെ അവനില്ലാത്തപ്പോൾ അവന്റെ കട്ടിലിൽ കയറി കിടക്കുമ്പോൾ, അവൻ പണ്ടേ ഉപേക്ഷിച്ചിട്ട കളിപ്പാട്ടങ്ങൾ എടുക്കുമ്പോൾ, എല്ലാം അവളുടെ മുഖത്ത് ഒരു കള്ളമുണ്ട്. അങ്കിളിനും ആന്റിക്കും പ്രശ്‌നമില്ലെന്നവൾക്കറിയാം. ദിനേശ് ചേട്ടനെങ്ങാൻ അറിഞ്ഞാലോ എന്ന ഭയം. കാര്യങ്ങളുടെ സ്ഥിതി അങ്ങിനെയായിരിക്കുമ്പോൾ ദിനേശ് ചേട്ടൻ സ്ഥിരമായി വീട്ടിലിരിക്കുകയെന്നത് അത്ര സുഖമുള്ള കാര്യമല്ല. അതവളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്തലാവും.

പെട്ടെന്ന് എന്തോ ആലോചിച്ചുറച്ചപോലെ അവൾ നിവർന്നിരുന്നു. പിന്നെ ദിനേശ് ചേട്ടനെ ശരിക്കും വീഴ്ത്തിയ ഒരു പ്രസ്താവന ഇറക്കുകയും ചെയ്തു.

'അങ്ങന്യാണെങ്കില് ഞാൻ ദിനേശ് ചേട്ടനെ കല്യാണം കഴിക്കും.'

'പെണ്ണ് കൊള്ളാമല്ലോ. നീ എന്നെ കല്യാണം കഴിക്കുകയോ?' അവൻ ചോദിച്ചു. 'കാര്യായിട്ടാണോ പറേണത്? അതോ ഭീഷണിപ്പെടുത്താൻ പറയ്യാണോ?'

'അല്ല.' പിന്നെ എന്തോ സംശയം തോന്നി അവൾ അങ്കിളിനോട് ചോദിച്ചു. അങ്ക്ൾ, എന്താ എനിക്ക് ദിനേശ് ചേട്ടനെ കല്യാണം കഴിച്ചൂടെ?'

ഈ വീട്ടിൽ അങ്കിളിന്റെയും ആന്റിയുടെയും മകളായി കൂടാൻ ഒരു കുറുക്കുവഴി തേടുകയാണവൾ. അതിനായി ദിനേശ് ചേട്ടനെന്ന ആജന്മശത്രുവിനെ കല്യാണം കഴിക്കാനുംകൂടി അവൾ തയ്യാറാണ്. ദിനേശ് ചേട്ടൻ പഠിക്കുകയാണെന്നും, അതു കഴിഞ്ഞ് ഒരു ജോലി കിട്ടിയ ശേഷമേ കല്യാണം കഴിക്കുകയുണ്ടാവൂ എന്നെല്ലാം അയാൾ പറഞ്ഞു നോക്കി. സാരമില്ല, കാത്തിരിക്കാൻ അവൾ തയ്യാർ.

'ആട്ടെ, നിനക്കെത്ര വയസ്സായി?' അവൻ ചോദിച്ചു. 'നീ പറയണ്ട. എനിക്കറിയാം. അഞ്ച് തികഞ്ഞിട്ടേ ഉള്ളൂ. എനിക്ക് ഇരുപത്തിഒന്ന്. എന്നുവച്ചാൽ നീ പ്രായപൂർത്തിയായി നിന്നെ കെട്ടുമ്പോഴേയ്ക്ക് എനിക്ക് റിട്ടയർമെന്റാവും. ഞാൻ വേറെ പെൺകുട്ടിയെ കിട്ടുമോ എന്നു നോക്കട്ടെ.'

അവൾക്ക് വീണ്ടും സങ്കടമായി. വാതിലുകൾ ഓരോന്നോരോന്നായി അടയുകയാണ്. അവൾ തേങ്ങിക്കരയാൻ തുടങ്ങി. അതിന്റെ അവസാനത്തിലാണ് ആ ഒത്തുതീർപ്പുണ്ടായത്. ദിനേശ് ചേട്ടൻ അങ്കിളിന്റെ മകനാണ്, നീ മകളും. ഒരു വകയിൽ അവൾക്കും തുല്യാവകാശം കൊടുത്ത ആ ഉറപ്പ് അവൾക്ക് ആശ്വാസം നൽകി. അതിനു ശേഷം ഇപ്പോൾ ഇത് ദിനേശ് ചേട്ടന്റെ വീടാണെന്ന് പറഞ്ഞ് അങ്കിളിനവളെ ദ്വേഷ്യം പിടിപ്പിക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല.

പഴയ കഥകളുടെ ഓർമ്മയിൽ അയാൾ ചിരിച്ചു. പെട്ടെന്നുതന്നെ ആശുപത്രിമുറിയുടെ കറുത്ത യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചുവരികയും ചെയ്തു.

ശാരദ എന്താണ് വരാത്തത്. വൈകുന്നേരത്തെ ഭക്ഷണം പാകം ചെയ്തുകഴിഞ്ഞ ഉടനെ വീട്ടിൽനിന്നിറങ്ങാമെന്ന് പറഞ്ഞതായിരുന്നു. അവൾ രാവിലെ കുറേനേരം കരഞ്ഞു. ഓർമ്മകൾ അവളെ വല്ലാതെ പീഡിപ്പിച്ചു. ഒരു കുട്ടി സ്വന്തം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് മറ്റൊരച്ഛനെയും അമ്മയെയും സ്വീകരിക്കാൻ ശ്രമിക്കുക. അതിന് കഴിയാതിരിക്കുക. അതൊരു വല്ലാത്ത അനുഭവമാണ്. എന്താണ് അതിനു കഴിയാതിരുന്നത്? അവളുടെ അച്ഛനും അമ്മയും ജോലിക്കാരാണ്. വൈകുന്നേരം നീന സ്‌കൂൾ വിട്ടു വരുമ്പോൾ അവരെത്തിയിട്ടുണ്ടാവില്ല. അപ്പോൾ മകൾക്ക് ഒരഭയസ്ഥാനം കിട്ടുന്നത് അവർക്ക് ആശ്വാസമാണ്. പിന്നെ മകൾ അവരുമായി കൂടുതൽ അടുക്കുന്നു എന്നതു മാത്രമാണ്. സ്‌നേഹം കാരണമാണത്, അതിനവരെന്തു പറയാൻ? പല രാത്രികളിലും അവൾ തിരിച്ച് വീട്ടിൽ പോകാൻ മടി കാണിക്കും. അവളുടെ അച്ഛൻ ടോർച്ചുമായി അന്വേഷിച്ചു വരും. അങ്കിളിന്റെയും ആന്റിയുടെയും ഒപ്പം ഭക്ഷണം കഴിച്ച് അവരുടെ ഒപ്പം കിടന്നുറങ്ങാനുള്ള പദ്ധതിയുമായി നടക്കുകയായിരിക്കും നീന. അര മണിക്കൂർ നേരത്തെ വ്യർത്ഥമായ അനുനയശ്രമത്തിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു പോകുമ്പോൾ ആ മനുഷ്യന്റെ മുഖത്ത് ചിരിയായിരിക്കും. ഇങ്ങിനെയുമുണ്ടോ കുട്ടികൾ? അന്നു രാത്രി അവൾ അങ്കിളിന്റെയും ആന്റിയുടെയും നടുവിൽ അവകാശങ്ങൾ ഉറപ്പിക്കാനെന്നപോലെ കിടന്നുറങ്ങുന്നു.

ആ കുട്ടിയാണ് ഇവിടെ, ആശുപത്രിയിൽ അവശയായി കിടക്കുന്നത്. അയാൾ നെടുവീർപ്പിട്ടു. വാതിൽ കടന്ന് ശാരദ വന്നു. കയ്യിലെ സഞ്ചിയിൽ തൂക്കുപാത്രവും കുപ്പിയിൽ കുടിക്കാനുള്ള വെള്ളവുമുണ്ട്. സഞ്ചി മേശപ്പുറത്ത് വെച്ച് അവൾ ചോദിച്ചു.

'മോൾക്ക് എങ്ങിനെയുണ്ട്?'

'ഞാൻ വന്നതിന്റെ ശേഷം ബോധം വന്നിട്ടില്ല. അവർ സെഡേറ്റീവ് കൊടുത്തിരിക്ക്യാണ്. രാമചന്ദ്രനും ഷൈലയുമുള്ളപ്പോൾ രണ്ടുവട്ടം ബോധം വന്നൂത്രെ. അവൾ പേടിച്ചു നിലവിളിക്ക്യായിരുന്നൂന്ന്.'

'കഷ്ടം.'

'കുഴപ്പൊന്നുംല്ല്യാന്നാ ഡോക്ടറ് പറേണത്.'

ശാരദ കട്ടിലിലിരുന്ന് നീനയുടെ നെറ്റിയിൽ തലോടി. ഉറക്കം തന്നെയാണ്. ഉറങ്ങട്ടെ.

'എനിക്ക് ഇപ്പോ ഒരു കുറ്റബോധം തോന്ന്വാണ്.' അയാൾ പറഞ്ഞു.

ശാരദ ചോദ്യഭാവത്തിൽ അയാളെ നോക്കി.

'നമ്മള് അവളെ വേണ്ടത്ര ശ്രദ്ധിച്ചില്ലേന്ന്.'

'ഇതിനപ്രം എങ്ങിന്യാ ശ്രദ്ധിക്ക്യാ? നമ്മടെ കൺവെട്ടത്തീന്ന് പുറത്ത് വിടാറില്ല അവളെ.'

ഭാസ്‌കരൻ ഒന്നും പറഞ്ഞില്ല. അയാൾക്ക് പലപ്പോഴും മുൻവിധികളുണ്ടാകാറുണ്ട്, ആളുകളെപ്പറ്റി, സന്ദർഭങ്ങളെപ്പറ്റി. അവ മിക്കവാറും ശരിയാകാറുമുണ്ട്. അയൽക്കാരനെപ്പറ്റി അങ്ങിനെയാണ് മുൻവിധിയുണ്ടായത്. അയൽക്കാരൻ ആ വീട്ടിൽ താമസമാക്കിയിട്ട് ആറു മാസമായെങ്കിലും ആരുമായും അടുപ്പമുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അങ്ങോട്ടു പോയി പരിചയപ്പെടാൻ ഭാസ്‌കരന്നും താൽപര്യമുണ്ടായില്ല. അടുക്കാൻ കൊള്ളില്ലെന്ന ബോധം.

'ആ നിലയ്ക്കല്ല ഞാൻ പറഞ്ഞത്.' അയാൾ പറഞ്ഞു. 'എങ്ങിനെയാണ് അതു പറയ്യാന്ന് എനിക്കറീല്ല്യ. നിനക്കോർമ്മണ്ടോ അവള് എന്നെ അച്ഛാന്ന് വിളിക്കാൻ തൊടങ്ങീത്?'

ശാരദയ്ക്ക് ഓർമ്മയുണ്ട്. രണ്ടുമൂന്നുകൊല്ലം മുമ്പാണ്. ഒരു ദിവസം അവൾ അടുക്കളയിൽ ദോശയുണ്ടാക്കുമ്പോഴാണ് നീന വന്നു പറഞ്ഞത്.

'അമ്മേ, അച്ഛന് ദോശ വേണ്ടാന്ന് പറഞ്ഞു.'

ശാരദക്ക് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടായി. തന്നെ അവൾ അമ്മയെന്ന് ഇടക്കിടക്ക് വിളിക്കാറുണ്ട്. പക്ഷേ അങ്കിളിനെ അങ്കിൾ എന്നുതന്നെയാണ് വിളിക്കാറ്. നീനക്കതു മനസ്സിലായെന്നു തോന്നുന്നു. അവൾ കൂട്ടിച്ചേർത്തു. 'എന്റെ ഇവിടത്തെ അച്ഛൻ!'

അതിനു ശേഷം കുറച്ചു കാലം അവൾ രണ്ടുപേരെയും അച്ഛൻ, അമ്മ എന്നുതന്നെയാണ് വിളിക്കാറ്. ദിനേശ് ചേട്ടനുമായി ഒരു തുല്യാവസ്ഥയുണ്ടായതിൽ അവൾ സന്തോഷിച്ചു. അവളുടെ പാവക്കുട്ടികൾ മിക്കവയും പല ദിവസങ്ങളിലായി ഈ വീട്ടിൽ ചേക്കേറി. ഉടുപ്പുകളും യൂനിഫോമും അലമാറിയിൽ ആന്റിയുടെ സാരികൾക്കിടയിൽ തൂങ്ങിക്കിടന്നു. രാത്രി തങ്ങലിന്റെ ആവർത്തി കൂടിവന്നു. ശനിയാഴ്ച രാത്രി ദിനേശ് ചേട്ടൻ ഉണ്ടെങ്കിലും അവൾ അവിടെ അവരുടെ നടുവിൽ കിടന്നുറങ്ങി. ഒരുതരം കൂസലില്ലായ്മയോടെ. ഉറങ്ങാനായി സ്വന്തം മുറിയിലേയ്ക്കു നടക്കുന്ന അവനെ പ്രകോപിപ്പിക്കാനായി പറയുകയും ചെയ്യും. 'ഇത് എന്റെ അച്ഛനാണ്.'

അവൻ അവളെ കൗതുകത്തോടെ നോക്കിക്കൊണ്ട് പറയും. 'കഷ്ടം, ഇതിന്റെ തലയില് ഒന്നുല്ല്യാന്നാ തോന്നണത്.'

'ഇതാ നെറയെ മുടിണ്ട്.' അവൾ അവളുടെ സമൃദ്ധമായ മുടി ഉയർത്തിക്കാണിച്ചുകൊണ്ട് പറയും.

'ണ്ട്, അതേ സാധനംതന്നെ തലേടെ ഉള്ളിലും ആയതാ കഷ്ടംന്ന് പറഞ്ഞത്.' അവൻ പറയും. പിന്നെ അവിടെ യുദ്ധമാണ്.

അയാൾ അതെല്ലാം ആലോചിച്ചുകൊണ്ട് ചിരിച്ചു. ശാരദയും ആലോചിക്കുകയായിരുന്നു. ഒരുപാട് ആലോചിക്കാനുണ്ട്. അതിന്റെ അന്ത്യമാകട്ടെ ഇവിടെ ആശുപത്രികിടക്കയിൽ അവശയായി കിടക്കുന്ന കുട്ടിയിലെത്തി വഴിമുട്ടി നിൽക്കുന്നു. ഓർമ്മകൾ സാന്ത്വനമാകുന്നില്ല. ഒരു ദീർഘശ്വാസം തേങ്ങലിനോടടുത്തെത്തുന്നു.

അയാൾ ആലോചിച്ചു. നീനയുടെ'അച്ഛൻ' വിളി അധികകാലം നിലനിന്നില്ല. ആദ്യമുണ്ടായ എതിർപ്പ് അവളുടെ അമ്മയുടെ പക്ഷത്തുനിന്നുമായിരുന്നു. അമ്മയെന്നു വിളിക്കുന്നത് കുഴപ്പമില്ല, പക്ഷേ അച്ഛൻ എന്നു മറ്റൊരാളെ വിളിക്കണത് അത്ര ശര്യാണോ? പിന്നീടാണ് മനസ്സിലായത് എതിർപ്പ് അവളുടെ അമ്മയിൽ നിന്നല്ല ഉണ്ടായിട്ടുള്ളത്, മറിച്ച് മറ്റയൽപക്കക്കാരുടെ പക്ഷത്തുനിന്നുമാണെന്ന്. മന്ഥരമാർ. അവർ ഒറ്റക്കൊറ്റക്ക് വന്ന് ഷൈലയുമായി കുശുകുശുത്തു. ഒരപവാദത്തിലേയ്ക്ക് നീങ്ങുമെന്നായപ്പോൾ മാത്രമാണ് ഷൈല പറഞ്ഞത്. 'ഒന്നും തോന്നര്ത്. മോളെക്കൊണ്ട് അങ്കിളെന്നുതന്നെ വിളിപ്പിച്ചാ മതി. അച്ഛനെന്നു വിളിക്കണ്ടാന്ന് പറയണം അവളോട്.'

ഈ തരത്തിലുള്ള സ്‌നേഹബന്ധങ്ങൾ പൊതുജനത്തിന് മനസ്സിലാവില്ല. അവർക്കാവശ്യം വൈകൃതമായ ബന്ധങ്ങളാണ്. അശ്ലീലകഥകൾ നെയ്‌തെടുക്കാൻ കഴിയുന്ന തരം ബന്ധങ്ങൾ.

ഭാസ്‌കരന് വിഷമം തോന്നി. ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹമാണ്. അതിലെന്തിനാണ് മുതിർന്നവരുടെ വിഷലിപ്തമായ മനസ്സ് ഇടപെടുന്നത്. അതിനു ശേഷം നീന അയാളെ മറ്റുള്ളവരുടെ മുമ്പിൽവച്ച് അച്ഛാ എന്നു വിളിച്ചില്ല. ഒറ്റയ്ക്ക് കിട്ടുമ്പോൾ അവൾ ചെവിയിൽ മന്ത്രിക്കും. 'അച്ഛാ....'.

ഒരിക്കൽ അയൽക്കാരന്റെ വീട്ടിൽ നിന്ന് നീന വരുന്നതു കണ്ടു. എന്തുകൊണ്ടോ അയാൾക്കതിഷ്ടമായില്ല. അയാൾ ചോദിച്ചു. 'മോൾ എന്തിനാണ് അവിടെ പോയത്?'

അവൾ കൈ തുറന്നു കാണിച്ചു. മിട്ടായികൾ.

'ആ അങ്കിൾ തന്നതാണോ?'

അവൾ തലയാട്ടി. അന്നു തൊട്ടാണയാൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. നീന അയൽക്കാരനുമായി വളരെ ലോഗ്യത്തിലായിരുന്നു. ഇടക്കിടക്ക് അങ്ങോട്ടോടി പോകുന്നതു കാണാം.

ശാരദയുടെ മുഖത്ത് ചിരിയുണ്ടായിരുന്നു. അവളും നീനയെപ്പറ്റി ഓർക്കുകയായിരിക്കണം. നീനയെപ്പറ്റി ചിരിയോടെയല്ലാതെ ഓർക്കാൻ പറ്റുന്നില്ല. മധുരമുളളതല്ലാതെ കൈപ്പുള്ള ഒരനുഭവവും അവളിൽനിന്നുണ്ടായിട്ടില്ല. എന്നിട്ടെന്തേ അവൾക്ക് ഇങ്ങിനെ പറ്റാൻ?

'ഇവളെ ഉപദ്രവിച്ച അയൽക്കാരനില്ലേ?' അയാൾ ശാരദയോടു പറഞ്ഞു. 'അയാളെ ഇവൾ എന്താണ് വിളിച്ചിരുന്നതെന്നറിയ്യോ?'

'ഉം?'

'അച്ഛനെന്ന്.'

'അത്യോ?' ശാരദ അദ്ഭുതത്തോടെ ചോദിച്ചു.

'ഒരു വാതിലടഞ്ഞപ്പോൾ അവൾ മറ്റൊരു വാതിൽ തുറന്നുനോക്കിയതാണ്. എന്നെ അച്ഛനെന്നു വിളിക്കണ്ടാന്ന് പറഞ്ഞപ്പോ അവൾ മറ്റൊരാളെ അവിടെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചു.'

അര മണിക്കൂർ അനുനയത്തിൽ ചോദ്യം ചെയ്തപ്പോഴാണ് നീന ആ രഹസ്യം പുറത്തുവിട്ടത്. അച്ഛനെന്നു വിളിക്കട്ടെ എന്നു ചോദിച്ചപ്പോൾ അയാൾ ഉടനെ സമ്മതിച്ചത്രെ. ആ മനുഷ്യനാണ് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആ പത്തു വയസ്സുകാരി അച്ഛാ എന്നു വിളിച്ചു ചെന്നപ്പോൾ ഉപദ്രവിച്ചത്. മനുഷ്യന് ഇത്രയും നീചനാകാമോ? ഭാഗ്യത്തിന് അവൾക്ക് ഓടി അവരുടെ അടുത്തേയ്ക്ക് വരാൻ പറ്റി. അങ്ങിനെ രക്ഷപ്പെടാൻ പറ്റിയിരുന്നില്ലെങ്കിൽ അയാൾ അവളുടെ കഥ കഴിച്ചേനെ. സാധാരണ അങ്ങിനെയാണ് പതിവ്. പേര് പുറത്തുവരുമോ എന്ന് സംശയം തോന്നിയാൽ കുറ്റവാളികൾ ഇരയെത്തന്നെ ഇല്ലാതാക്കാൻ ശ്രമിക്കും.

ശാരദ തരിച്ചിരിക്കയാണ്. ഒരു തേങ്ങൽ അവളുടെ നെഞ്ചിൽ കൂടുകൂട്ടി. അത് പുറത്തേയ്ക്കു വരാൻ വെമ്പുകയാണ്. അടുത്ത നിമിഷം അവൾ മുഖം പൊത്തി തേങ്ങിതേങ്ങി കരയാൻ തുടങ്ങി.

'എനിക്കിപ്പോൾ കുറ്റബോധം തോന്ന്വാണ്.' അയാൾ പറഞ്ഞു. 'മറ്റുള്ളോര് എന്തു വേണങ്കിലും പറഞ്ഞോട്ടെ; അവളെ തടയണ്ടായിരുന്നു. ഒരു കൊച്ചുകുട്ടി അച്ഛാന്ന് വിളിച്ചാൽ ആകാശം ഇടിഞ്ഞു പൊളിഞ്ഞു പോക്വൊന്നുംല്ല്യ.'

'നമുക്കിനി അങ്ങിനെ വിളിപ്പിക്കാം.' ശാരദ തേങ്ങലിനിടയിൽ പറഞ്ഞു.

നീന ഒന്നനങ്ങി. അവൾ ഉണരാനുള്ള ശ്രമമാണ്. ശാരദ കണ്ണുതുടച്ചു കഴിയുന്നത്ര പ്രസന്നയാവാൻ ശ്രമിച്ചു. അവൾ നീനയുടെ തലയിൽ പതുക്കെ തലോടി. അവൾ കണ്ണുമിഴിച്ചു. ശാരദയെ കണ്ടപ്പോൾ സമാധാനമായി എന്നു തോന്നുന്നു. അവൾ വിളിച്ചു. 'അമ്മേ.....'

'എന്താ മോളെ?'

'അമ്മ എന്റെ ഒപ്പം കിടക്കൂ.'

ഭാസ്‌കരൻ എഴുന്നേറ്റു നിന്നു. നീന അയാളെ ഒന്നു നോക്കി, എന്തുകൊണ്ടോ വലിയ പ്രതികരണമൊന്നുമുണ്ടായില്ല. ശാരദ അവളുടെ ഒപ്പം കിടന്ന് അവളെ കെട്ടിപ്പിടിച്ചു. നീന അവളുടെ കൊച്ചുകൈകൾ ശാരദയുടെ കഴുത്തിലിട്ടു. അവൾ വീണ്ടും ഉറങ്ങാനുള്ള ഭാവമാണ്. ശാരദ പറഞ്ഞു. 'മോള് ഇനി ഒറങ്ങണ്ട.'

അവൾ കണ്ണുമിഴിച്ചു. ഭാസ്‌കരൻ കട്ടിലിൽ ഇരുന്ന് നീനയുടെ തലയിൽ തലോടി. ആ സ്പർശം അസഹ്യമാണെന്ന മട്ടിൽ അവൾ തല ചെരിച്ചു. ഏതോ ഭീകരജീവി നെറ്റിമേൽ അരിക്കുന്നപോലെ അവൾ ഭയത്തോടെ അയാളുടെ വിരലുകൾ നോക്കി. സ്വന്തം കൈ ഒരു കൂറ്റൻ എട്ടുകാലിയെപ്പോലെയും വിരലുകൾ അതിന്റെ ഇഴയുന്ന കാലുകൾ പോലെയും അയാൾക്കു തോന്നി. അയാൾ ഞെട്ടി കൈ പിൻവലിച്ചു. അയാൾ പതുക്കെ വിളിച്ചു. 'മോൾ...'

അവൾ 'അച്ഛാ' എന്നു വിളിക്കുമെന്നയാൾ ആശിച്ചു. അവൾ ഒന്നുംതന്നെ വിളിക്കുകയുണ്ടായില്ല. ശാരദ അവളുടെ നെറ്റിമേൽ തലോടിക്കൊണ്ട് പറഞ്ഞു.

'മോളിനി അങ്കിളിനെ അച്ഛനെന്നുതന്നെ വിളിച്ചാ മതീട്ടോ. മോളടെ മാത്രം അച്ഛനാണ്‌ട്ടോ.'

നീന അയാളെ തണുത്ത കണ്ണുകളോടെ നോക്കി, പിന്നെ തലതിരിച്ചുകൊണ്ട് പറഞ്ഞു.

'വേണ്ട.'

ഭാസ്‌കരൻ എഴുന്നേറ്റു മുറിക്കു പുറത്തു കടന്നു. അയാൾക്ക് ഉറക്കെ കരയണമെന്നുണ്ട്. നെഞ്ചിൽ തേങ്ങൽ വന്ന് ശ്വാസം മുട്ടിക്കുകയാണ്. മുറിക്കു പുറത്ത് ഇടനാഴികയിൽ നിരത്തിയിട്ട കസേരകളിലൊന്നിൽ അയാൾ പോയി വീണു, പിന്നെ ആരെങ്കിലും ശ്രദ്ധിക്കുമെന്ന വിചാരമില്ലാതെ ഉറക്കെ കരയാൻ തുടങ്ങി.

മലയാളം വാരിക ഓണപ്പതിപ്പ് - സെപ്റ്റംബർ 8, 2000