കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ


ഇ ഹരികുമാര്‍

അവർ മാതൃകാദമ്പതികളായിരുന്നു. രാവിലെ അഞ്ചുമണിക്ക് അലാറം വച്ച് എഴുന്നേറ്റ്, അല്പം വിഷമിച്ചാണെങ്കിലും പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചശേഷം അരമണിക്കൂർ നടക്കാനിറങ്ങും. ആളൊഴിഞ്ഞ നടപ്പാതയിലൂടെ പാർക്കുചുറ്റി അപ്പോഴും വണ്ടികളുടെ പുകമലിനീകരണം ഏറ്റിട്ടില്ലാത്ത തണുത്ത വായു ശ്വസിച്ച് ഒരു ദിവസംകൂടി ശരീരം കൊണ്ടുനടക്കാനുള്ള ആരോഗ്യം സമ്പാദിച്ച് തിരിച്ചുവന്നാൽ അവൾ ഭർത്താവിനു കുളിക്കാനുള്ള വെള്ളം ചൂടാക്കാൻ ഗെയ്‌സർ ഓണാക്കിവയ്ക്കും. അയാൾ കഷണ്ടി കയറിയ തലയിലും നിറയെ നരച്ച രോമങ്ങളുള്ള മാറിലും എണ്ണതേച്ച് കസർത്തെടുക്കുമ്പോൾ ഭർത്താവിന്റെ മെലിഞ്ഞ കാലുകളും, അയഞ്ഞ പേശികളും, സ്വല്പം വളഞ്ഞ മുതുകും കാണാതെ കഴിക്കാൻ അവൾ എന്തോ ഗൗരവമായി ആലോചിക്കുന്നപോലെ മുഖം താഴ്ത്തി നടക്കും.

രാവിലെ എട്ടരയ്ക്ക് ഭർത്താവിന് ഓഫീസിൽ പോകേണ്ടതുകൊണ്ട് നേരത്തെത്തന്നെ പ്രാതൽ തയ്യാറാകുന്നു. ദോശയോ ഇഡ്ഡലിയോ ആയിരിക്കും. അല്ലെങ്കിൽ ഉപ്പുമാവ്. ഒപ്പം ഒരു ബുൾസൈയും. മുമ്പെല്ലാം മകൾ സ്കൂളിൽ പോയിരുന്ന കാലത്ത് അവളുടെ ഉച്ചഭക്ഷണംകൂടി എട്ടരക്കുള്ളിൽ തയ്യാറാക്കി കൊടുക്കണമായിരുന്നു. അവൾ മണിപ്പാലിൽ വൈദ്യം പഠിക്കാൻ പോയപ്പോൾ ആ ഭാരം ഒഴിഞ്ഞു.

ഭർത്താവിന് ഉടുക്കാനുള്ള ഡ്രോയറും, പാന്റ്‌സും, ഷർട്ടും പകൽ ഒഴിവുകിട്ടുമ്പോൾ തേച്ചുവച്ചത് കിടക്കമേൽ കൊണ്ടുവന്നു വച്ചു. മേൽ പൂശേണ്ട പെർഫ്യൂം ഏതാണെന്ന് അവൾ തെരഞ്ഞെടുത്തുവച്ചു. വസ്ത്രം ധരിച്ച് പരിമളവും പരത്തി ഭക്ഷണമേശയ്ക്കു മുമ്പിലിരിക്കുന്ന ഭർത്താവിന് അവൾ ചൂടോടെ ദോശയുണ്ടാക്കി കൊടുത്തു. ചട്ടിണിയിൽ എരിവുകൂടിയോ എന്ന് സ്‌നേഹത്തോടെ അന്വേഷിച്ചു. ഇടക്ക് അയാളുടെ ദേഹത്തോട് ചേർന്നുനിന്ന് ദോശ വിളമ്പുമ്പോൾ ഷർട്ടിൽ വീണുകിടന്ന നരച്ച രോമം എടുത്തുമാറ്റുകയും, എന്താണതെന്ന ചോദ്യത്തിന് ഒരു കരട് എന്നുമാത്രം ഉത്തരം നൽകുകയും ചെയ്തു. അവൾ സ്‌നേഹമയിയായ ഒരു ഭാര്യയായിരുന്നു.

ഒമ്പതു മണിക്ക് താഴെ കാത്തുനിൽക്കുന്ന കമ്പനിക്കാറിൽ ഭർത്താവ് യാത്രയായാൽ അവൾ കുളിക്കാൻ കയറുന്നു. പറയത്തക്ക സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോകുന്ന പകലിനുശേഷം, വൈകുന്നേരം ഭർത്താവിനെ കാത്തിരിക്കുക എന്ന കർമ്മത്തിനുവേണ്ടി അവൾ വീണ്ടും ഉഷാറാവുന്നു. അവൾക്ക് നമ്മൾ നളിനിയെന്ന പേരു കൊടുക്കുക.

രാത്രി വീണ്ടും കുളിക്കാൻ വെള്ളം ചൂടാക്കികൊടുക്കൽ, ഭക്ഷണം തയ്യാറാക്കി മേശമേൽവച്ച് ഭർത്താവിനെ വിളിക്കൽ. ഏതൊരു ഹിപ്പൊപ്പൊട്ടാമസും വിരസതകൊണ്ട് ചത്തുപോയേക്കാവുന്ന ഈ ദിനചര്യയിൽക്കൂടി നളിനിക്ക് അതൃപ്തിയോ മടുപ്പോ അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല അതിലെല്ലാം സന്തോഷം കണ്ടെത്തുകകൂടി ചെയ്തിരുന്നു എന്നത് അവൾ ഒരു മാതൃകാഭാര്യയായിരുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്.

രാത്രി ഊണുകഴിഞ്ഞാൽ രണ്ടുപേരും തലയിണ കയറ്റിവച്ച് ചാരിയിരുന്ന് തലഭാഗത്തെ വായനവിളക്കു തെളിയിച്ച് വായിക്കും. അയാൾ ഗൗരവമുള്ള പുസ്തകങ്ങൾ വായിക്കുമ്പോൾ നളിനി നോവലുകൾ വായിച്ചു. അയാൾ കമ്പനി എക്‌സിക്യൂട്ടീവും മാന്യനുമായതിനാൽ ഇംഗ്ലീഷു പുസ്തകങ്ങളേ വായിച്ചിരുന്നുള്ളു. അവളാകട്ടെ വെറുമൊരു വീട്ടമ്മയായതുകൊണ്ട് മലയാളം പൈങ്കിളിനോവലുകളം. അതുകൊണ്ട് കഥാപാത്രങ്ങളുടെ വളർച്ചയെപ്പറ്റിയോ, ഗതിവിഹിതങ്ങളെപ്പറ്റിയോ അവർതമ്മിൽ ചർച്ചയോ തൽഫലമായി സാധാരണയുണ്ടാകാൻ സാദ്ധ്യതയുള്ള തർക്കങ്ങളോ ഒരിക്കലുമുണ്ടാവാറില്ല. രണ്ടുപേരും സമാന്തരപാതയിൽ സഞ്ചരിച്ചു, ഒരിക്കലും ഏറ്റുമുട്ടലുണ്ടാകാതെ. അവർ മാതൃകാദമ്പതികളായിരുന്നു.

അയാൾ (നമുക്കയാളെ ശിവദാസെന്നു വിളിക്കാം) ടീ ഷർട്ടും ബർമുഡയും ധരിച്ച്, കാൽ മടക്കിവച്ച് മലർന്നുകിടന്ന് വായിക്കുമ്പോൾ കുഴിനഖങ്ങളുള്ള ആ കാലുകളുടെ ഭംഗികേടും, കിടത്തത്തിലുള്ള അശ്ലീലതയും നളിനി ശ്രദ്ധിച്ചിരുന്നില്ല, കാരണം അവൾ, വായിക്കുന്ന നോവലിൽ അത്രയധികം ആകൃഷ്ടയായിട്ടുണ്ടാവും. നോവലിലെ സംഭവങ്ങൾ എത്ര മനോഹരമാണെന്നും അതിലെ കഥാപാത്രങ്ങൾ എത്ര ഭാഗ്യവാന്മാരാണെന്നും അവൾ ഓർക്കും, ഒപ്പംതന്നെ നെടുവീർപ്പിടുകയും ചെയ്യും.

അവൾ വായിച്ചുകൊണ്ടിരുന്നത് ജോസ് കാണാപ്പുറത്തിന്റെ 'പാതിരാവിലും സൂര്യോദയം' എന്ന ഹൃദ്യമായ നോവലായിരുന്നു. ആധുനികജീവിതം ഒരു നാടൻ പെൺകുട്ടിയിൽ ഏല്പിക്കുന്ന ആഘാതം മനോഹരമായി ചിത്രീകരിച്ച നോവൽ എന്ന് പുറംചട്ടയിൽ വിളംബരം ചെയ്ത ആ പുസ്തകം ആദ്യത്തെ പേജുതൊട്ടുതന്നെ ഹൃദ്യമായിരുന്നു. നോവൽ വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്നപ്പോൾ കൊടുത്ത ചിത്രങ്ങളും നോവലിനു മാറ്റുകൂട്ടാനായി ചേർത്തിരുന്നു.

ശിവദാസ് വായിച്ചിരുന്നത് നരവംശ ശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറീസിന്റെ 'നഗ്നനായ വാനരൻ' എന്ന ശാസ്ത്രപുസ്തകമായിരുന്നു. കലക്കൻ പുസ്തകം. അയാൾ ഉറക്കെ പറഞ്ഞു. സ്വന്തം സ്പീഷീസിനെപ്പറ്റി ആ മനുഷ്യന്റെ നിരീക്ഷണം എത്ര സൂക്ഷ്മവും നിശിതവുമാണ്.

ഭാര്യ അതൊന്നും ശ്രദ്ധിക്കുന്നില്ല. അവൾ ഒരദ്ഭുതത്തിന് വിധേയയാവുകയായിരുന്നു. നോവൽ വായിച്ചുകൊണ്ടിരിക്കെ അസാധാരണമായ എന്തോ സംഭവിക്കുന്നതുപോലെ അവൾക്കു തോന്നി. ഖണ്ഡികകൾക്കിടയിൽ കൊടുത്തിട്ടുള്ള ചിത്രങ്ങൾ ഏതോ അദ്ഭുതലോകത്തേയ്ക്കുള്ള വാതിലുകളായും അവൾ അതിലൂടെ കടന്ന് കഥാപാത്രങ്ങൾക്കിടയിലൂടെ നടക്കുന്നതായും അവൾക്കു തോന്നി.

അയാൾ വായനക്കിടയിൽ തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. പുസ്തകം മലർന്നു കിടക്കുന്നു. അവൾ കുളിമുറിയിൽ പോയിരിക്കുമെന്നു കരുതി അയാൾ വീണ്ടും ഡെസ്മണ്ട് മോറീസിന്റെ നേക്കഡ് ഏയ്പ്പിലേക്ക് ഊളിയിട്ടു. ബഹുരസം. പുസ്തകമൊരു കണ്ണാടിയാവുകയും അയാൾ അതിൽനോക്കി സ്വന്തം പഠിക്കുകയും ചെയ്തു.

കഥയിലേയ്ക്കിറങ്ങിച്ചെന്ന ഭാര്യ ഒരു കഥാപാത്രമായി മാറുകയും സ്വയം അദ്ഭുതപ്പെടുത്തിക്കൊണ്ട് കഥയുടെതന്നെ ഭാഗമാവുകയും ചെയ്തു. മറ്റു കഥാപാത്രങ്ങളും സംഭവങ്ങളും എവിടെയോ കണ്ടുമറന്നപോലെ. ഒരുപക്ഷേ താൻ ഈ നോവൽ വർഷങ്ങൾക്കുമുമ്പ് വാരികയിൽ തുടർക്കഥയായി പ്രസിദ്ധപ്പെടുത്തി വന്നപ്പോൾ വായിച്ചിട്ടുണ്ടാകണം. എന്തായാലും കഥയുടെ പോക്കും പരിസമാപ്തിയും ഓർമ്മയില്ലാത്തതുകൊണ്ട് ഇപ്പോഴും വായിക്കാൻ രസംതന്നെ. അവൾ കടന്നുപറ്റിയ ചിത്രത്തിൽ കണ്ടത് ഭർത്താവിനെ സ്‌നേഹപൂർവ്വം യാത്രയാക്കുന്ന ഭാര്യയെയാണ്. ഭർത്താവ് ഗെയ്റ്റിൽനിന്ന് യാത്രപറഞ്ഞുകൊണ്ട് കാറിലേയ്ക്കു കയറുന്നു. ഒരു നിമിഷം നളിനി, തന്റെ യഥാർത്ഥ ജീവിതവും കഥയുമായുള്ള സാമ്യത്തിൽ അതിശയിച്ചു. ജീവിതത്തിൽ കഴിഞ്ഞുപോയ ആയിരക്കണക്കിന് പ്രഭാതങ്ങളിൽ ഞായറാഴ്ച ഒഴികെ ഏതെങ്കിലും ഒന്നെടുത്ത് ഇതുമായി ഒത്തുനോക്കിയാൽ അണുപോലും വ്യത്യാസമുണ്ടാവില്ല. കഥയുടെ പോക്കിൽ അവൾ നിരാശപൂണ്ടു. ഇനിയുണ്ടാവുക കഥാനായിക തിരിച്ചുവന്ന് കുളിമുറിയിൽ കയറുന്നതായിരിക്കും. അല്ലെങ്കിൽ പടിക്കൽ വന്നു വിളിച്ച മീൻകാരിയിൽനിന്ന് വിലപേശി മീൻ വാങ്ങുന്നതായിരിക്കും.

എന്നാൽ അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നോവൽ തുടർന്നു. കഥാനായിക ഓടി കിടപ്പറയിൽ കണ്ണാടിക്കുമുമ്പിൽ നിന്ന് ധൃതിയിൽ പുറപ്പെടാൻ തുടങ്ങി. നളിനിയുടെ ജിജ്ഞാസ കൂടിവന്നു. കഥാനായിക ഒരു സാരിയെടുത്ത് ധൃതിയിൽ ചുറ്റി, കണ്ണാടിമേൽ ഒട്ടിച്ചുവച്ച പൊട്ടെടുത്ത് നെറ്റിയിൽ പതിച്ച് തലമുടി ഒരുവിധത്തിൽ ഒതുക്കി പുറത്തേയ്ക്കു കടന്നു. താക്കോൽ എടുത്തിട്ടില്ലെന്ന് ഓർമ്മ വന്നപ്പോൾ വീണ്ടും അകത്തു കടന്ന് താക്കോലും കൈസഞ്ചിയും എടുത്ത് വീടുപൂട്ടി നിരത്തിലേയ്ക്കിറങ്ങി. മുമ്പിൽത്തന്നെ വന്നുപെട്ട ഓട്ടോവിൽ കയറിയ നായികയെ നളിനി പിൻതുടർന്നു. കഥ യഥാർത്ഥ ജീവിതത്തെ അതിശയിച്ച ഒരപൂർവ്വതയായിരുന്നു അത്.

അയാൾ 'നഗ്നനായ വാനര'നിൽ ആകൃഷ്ടനായി എല്ലാം മറന്ന് വായിക്കുകയാണ്. സ്വാനുകരണത്തിന്റെ ഭാഗമാണയാൾ വായിച്ചിരുന്നത്. മനുഷ്യവർഗ്ഗത്തിൽ സ്വാനുകരണത്തിന്റെ ഉദാഹരണമാണ് മുലകൾ. കുട്ടിക്ക് പാൽ കൊടുക്കുവാൻ ഇത്ര വലിയ മുലകൾ ആവശ്യമില്ല. മനുഷ്യസ്ത്രീയെക്കാൾ കൂടുതൽ പാൽ ചുരത്തുന്ന ചിമ്പാൻസിയുടെ അവയവം ഇത്ര വലുതല്ല. പിന്നെ മനുഷ്യസ്ത്രീക്കു മാത്രം ആ അവയവം ഇത്ര വലുതായതെങ്ങിനെ? അവിടെയാണ് സ്വാനുകരണം വരുന്നത്. കോടി വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ രണ്ടു കാലിലേയ്ക്കു നിവരുന്നതിനുമുമ്പ് പുരുഷന്റെ ലൈംഗികശ്രദ്ധ പിടിച്ചുപറ്റിയിരുന്നത് സ്ത്രീയുടെ പൃഷ്ടഭാഗമായിരുന്നു. പിന്നീട് പരിണാമത്തിൽ മനുഷ്യൻ രണ്ടുകാലിൽ നിവർന്നു തുടങ്ങിയപ്പോൾ ലൈംഗികപ്രക്രിയയുടെ ദിശ പിന്നിൽനിന്നു മുന്നിലേയ്ക്കു മാറി. അപ്പോൾ സ്വാഭാവികമായും ശ്രദ്ധ ചെലുത്തുന്നത്, സമ്പർക്കസമയത്ത് കൂടുതൽ അടുത്തു വരുന്ന മുൻഭാഗത്തായിരുന്നു. അതുകൊണ്ട് കാലക്രമത്തിൽ ചന്തിയുടെ ഒരു പ്രോട്ടോടൈപ് മുമ്പിലും ഉണ്ടായി. അതാണ് വലിയ മുലകൾ. അയാൾ തന്റെ സെക്രട്ടറി ശ്യാമളയെ ഓർത്തു. പരിണാമം അതിന്റെ പൂർണാവസ്ഥയിലെത്തിയ ദേഹമാണവളുടേത്. സ്വാനുകരണം പരിധിവിട്ട് നിർവ്വഹിച്ചിട്ടുണ്ടോ എന്നുമാത്രമേ സംശയമുള്ളൂ. നാളെത്തന്നെ ഇതവളോടു പറയണമെന്നോർത്തപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു.

പെട്ടെന്ന്, താൻ ചിരിച്ചത് ഭാര്യ കേട്ടോ എന്നു നോക്കാനായി തിരിഞ്ഞു. നളിനി അപ്പോഴും തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. അവൾ വായിച്ചിരുന്ന പുസ്തകം തുറന്നുകിടന്നിരുന്നു. നളിനി പക്ഷേ ആ പുസ്തകത്തിന്റെ അദ്ഭുതലോകത്ത് ഒരു കഥാപാത്രത്തിന്റെ പിന്നാലെ യാത്രയാണെന്ന കാര്യം അയാൾ അറിഞ്ഞില്ല. കുറച്ചുകൂടി വായിച്ചുകഴിഞ്ഞാൽ അയാൾ തലയ്ക്കു മുകളിലെ വിളക്കുകെടുത്തി ഉറക്കമാവും. ഭാര്യ സ്വീകരണമുറിയിൽ ടിവിക്കു മുമ്പിലായിരിക്കുമെന്ന് അയാൾ ഊഹിക്കും. അങ്ങിനെ പതിവുണ്ട്. കിടക്കുന്നതിനു മുമ്പ് ടിവിക്കു മുമ്പിൽ പോയി എല്ലാ ചാനലുകളും ഓടിച്ചുനോക്കും. രസമുള്ള സിനിമകൾ വല്ലതുമുണ്ടെങ്കിൽ അതിനുമുമ്പിലിരിക്കും. പിന്നെ ഒരു മണിയെങ്കിലുമാവും കിടക്കാൻ. രാത്രി ഉറക്കമൊഴിച്ചുള്ള പരിപാടിക്കൊന്നും ശിവദാസനെ കിട്ടില്ല.

കഥാപാത്രത്തിന്റെ പിന്നാലെ പോയ നളിനി എത്തിച്ചേർന്നത് ഒരാപ്പീസിന്റെ മുമ്പിലായിരുന്നു. താൻ പിൻതുടർന്ന കഥാപാത്രം ആപ്പീസിലേയ്ക്ക് ധൃതിയിൽ കയറുന്നതാണ് അവൾ കണ്ടത്. എന്തിനായിരിക്കും അവൾ ഭർത്താവിന്റെ പിന്നിൽ ഇത്ര ധൃതിപിടിച്ച് പോയതെന്ന് ആലോചിക്കുകയായിരുന്നു നളിനി. ഊഹങ്ങളുടെ ലോകത്തിൽ അവൾ സ്വയം നഷ്ടപ്പെടുമ്പോഴാണ് കഥാനായിക ആപ്പീസിൽനിന്ന് തിരിച്ച് വരുന്നതു കണ്ടത്. ഇരുവശത്തും തുറന്നിട്ട വാതിലുകളുള്ള ഇടനാഴികയിലൂടെ അവൾ ഓടുകതന്നെയായിരുന്നു. ഭർത്താവിനെ ആപ്പീസിൽ കണ്ടില്ലെന്നു വ്യക്തം. അവൾ പുറത്തുകടന്ന് മറ്റൊരു ഓട്ടോവിൽ കയറി യാത്രയായി. നളിനി പിൻതുടരാൻ നിർബ്ബന്ധിതയായി, കാരണം ഊഹങ്ങളുടെ സന്ദിഗ്ദതയിൽ സ്വയം തളച്ചിടാൻ അവൾ ഒരുക്കമായിരുന്നില്ല. അവൾ എത്തിച്ചേർന്നത് ഒരു ഹോട്ടലിന്റെ മുമ്പിലായിരുന്നു. ഓട്ടോക്കാരനോട് കാത്തുനിൽക്കാൻ പറഞ്ഞശേഷം അവൾ ധൃതിയിൽ ഓടുകയാണ്. റിസപ്ഷൻ കൗണ്ടറിൽ പോയി ഒരു നിമിഷം എന്തോ സംസാരിച്ച് അവൾ ഫോയറിന്റെ മറുവശത്തുള്ള കോണിപ്പടികൾ കയറാൻ തുടങ്ങി. അവളുടെ ഒപ്പമെത്താൻ നളിനിയും ഓടുകതന്നെയായിരുന്നു.

ശിവദാസ് പുസ്തകമടച്ചുവച്ചു. പതിനൊന്നു മണിക്കു ശേഷം ഡെസ്മണ്ട് മോറീസിനുപോലും അയാളെ പിടിച്ചു നിർത്താൻ കഴിയില്ല. ഭാര്യ തിരിച്ചെത്തിയിട്ടില്ല. അയാൾ ഒരു ചരടുവലിച്ച് തലക്കുമുകളിലെ വിളക്കു കെടുത്തി, തലയിണ താഴ്ത്തിവച്ച് കിടന്നു. അയാൾ ശ്യാമളയെ ഓർത്തു. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുക്കാമെന്നവൾ സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്ക് ഇനിയെത്ര ദിവസമുണ്ട്? ശനിയും ഞായറും ടൂറായിരിക്കുമെന്ന് അയാൾ ആപ്പീസിൽനിന്നു വന്ന ഉടനെ നളിനിയോട് പറഞ്ഞിരുന്നു. അയാൾ ഒരു ദീർഘശ്വാസം വിട്ടു, പിന്നെ അടുത്ത നിമിഷം കൂർക്കംവലി തുടങ്ങുകയും ചെയ്തു.

ഹോട്ടലിന്റെ രണ്ടാം നിലയിൽ കഥാനായിക ഇടനാഴികയിലൂടെ ഓടുകയാണ്. ഓരോ മുറിയുടെയും നമ്പർ നോക്കി അവസാനം ഒരു വാതിലിന്റെ മുമ്പിൽ നിന്നു. ഒരു നിമിഷം താൻ ചെയ്യുന്നത് ശരിയാണോ എന്നു സംശയിച്ചു നിന്നശേഷം അവൾ പെട്ടെന്ന് വാതിൽ തുറന്നു. നളിനിക്ക് അവളുടെ മുഖഭാവമെന്താണെന്ന് മുഴുവൻ വ്യക്തമായില്ല. അതിൽ അദ്ഭുതമുണ്ട്, സങ്കടമുണ്ട്, പകയുണ്ട്. മുറിയിൽ കഥാനായിക കണ്ട കാഴ്ചയെന്താണെന്ന് നോക്കാനായി നളിനി കുതിക്കുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു.

നളിനി ദ്വേഷ്യത്തോടെ ടിവി ഓഫാക്കി കിടപ്പുമുറിയിൽ തിരിച്ചെത്തി. അവൾക്ക് അരിശം കയറിയിരുന്നു. ഈ സീരിയലുകളെല്ലാം ഒരുപോലെയാണ്. ഇരുപതു മിനുറ്റ് പരസ്യങ്ങൾ, അതിനിടയിൽ പത്തു മിനുറ്റ് കഥയും. അതുകൊണ്ടെന്താവാനാണ്? അവൾ കട്ടിലിൽ മലർന്നുകിടന്ന് മുകളിലേയ്ക്കു കൈനീട്ടി ചരടുവലിച്ച് വിളക്കു കത്തിച്ചു. നിവർത്തിക്കിടക്കുന്ന പുസ്തകം വീണ്ടുമെടുത്ത് വായന തുടർന്നു. കഥയെന്തായിയെന്നറിഞ്ഞില്ലെങ്കിൽ ഇന്ന് ഉറക്കമുണ്ടാവില്ല.

ഗുണപാഠം: നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞുകൊള്ളൂ, ടെലിവിഷൻ ഒരിക്കലും പുസ്തകത്തിന്ന് പകരം വരില്ല.

ദേശാഭിമാനി ഓണം വിശേഷാല്‍പ്രതി - 1999