ആ പാട്ടു നിർത്തൂ


ഇ ഹരികുമാര്‍

ഫ്ലാറ്റിന്റെ വാതിൽക്കൽ സുജി കാത്തുനിന്നു. ഇന്നവളുടെ പിറന്നാളാണ്. പിറന്നാളല്ല, ഹാപ്പി ബർത്ത്‌ഡേ. കുട്ടികൾക്ക് പിറന്നാൾ ഉണ്ടാവില്ല, ഹാപ്പി ബർത്ത്‌ഡേ മാത്രം. അവൾ കൂട്ടുകാരെ പ്രതീക്ഷിച്ചു നിൽക്കുകയാണ്. ആ കെട്ടിടത്തിൽ ഇരുപത്തിനാലു ഫ്ലാറ്റുകളിൽ എട്ടെണ്ണത്തിലൊഴിച്ച് എല്ലാറ്റിലും കുട്ടികളുണ്ട്. സുജിയുടെ കൂട്ടുകാർ, മൂന്നു വയസ്സുതൊട്ട് എട്ടു വയസ്സുവരെയുള്ളവർ. അതുകൊണ്ട് മാസത്തിലൊന്നോ രണ്ടോ പ്രാവശ്യം ആ കെട്ടിടത്തിൽ ഹാപ്പി ബർത്ത്‌ഡേ ആഘോഷിക്കുന്നു. പിറന്നാൾകാരന്റെ അല്ലെങ്കിൽ പിറന്നാൾകാരിയുടെ വീട്ടിൽ എല്ലാ കുട്ടികളും വർണ്ണക്കടലാസിൽ പൊതിഞ്ഞ സമ്മാനങ്ങളുമായി ഹാജരാവുന്നു. വളരെ ചെറിയ കുട്ടികളെ അവരുടെ ചേച്ചിമാരോ അമ്മമാരോ കൊണ്ടുവന്നു വിടുന്നു. ആ കുട്ടികൾ കയ്യിലുള്ള സമ്മാനം വിട്ടുകൊടുക്കാൻ മടിയായി കുറച്ചുനേരം കയ്യിൽത്തന്നെ വയ്ക്കുന്നു. അതിഥിയുടെ കയ്യിൽ നിന്ന് നീളാത്ത സമ്മാനപ്പൊതിയിലേയ്ക്ക് തെല്ലൊരു വിഷമത്തോടെ പിറന്നാൾകുട്ടി നോക്കിനിൽക്കുന്നു. പിന്നെ ടേപ്‌റെക്കോർഡറിൽ കേൾക്കുന്ന നഴ്‌സറി പാട്ടുകളിൽ, മേശപ്പുറത്തു മെഴുകുതിരികൾ കുത്തിനിർത്തിയ കേക്കിന്റെ ഭംഗിയിൽ, അതിന്റെ സ്വാദിന്റെ പ്രതീക്ഷയിൽ എല്ലാം മറക്കുന്നു.

ഫ്ലാറ്റിന്റെ വാതിൽക്കൽ സുജി കാത്തുനിന്നു. അമ്മ സ്വീകരണമുറിയിലെ ടീപോയിമേൽ ഒരുക്കിവച്ച കേക്കിലേയ്ക്ക് അവൾ ഇടക്ക് നോക്കി. ഒരുറപ്പിനെന്ന പോലെ. അവൾ രാത്രിയിൽ കാണാറുള്ള സ്വപ്നം പോലെയല്ലെന്നും ശരിക്കുമുള്ളതാണെന്നും അവൾക്ക് ഉറപ്പ് വരുത്തേണ്ടിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി അവൾ അങ്ങിനെയൊരു ലോകത്തായിരുന്നു. പകൽ പനി, രാത്രിയിൽ സ്വപ്‌നങ്ങൾ.

കേക്കിനു മുകളിൽ ചോക്കളേറ്റിൽ 'ഹാപ്പി ബർത്ത്‌ഡേ ടു സുജാത' എന്നെഴുതിയതിനു ചുറ്റുമായി അഞ്ച് മെഴുകുതിരികൾ കുത്തിവച്ചിട്ടുണ്ട്. ടേപ് റെക്കോർഡറിൽ ഹാപ്പി ബർത്തഡേ എന്ന പാട്ടിന്റെ കാസറ്റ് അവൾതന്നെയാണ് ഇട്ടുവച്ചത്. എല്ലാം തയ്യാറായി. ഇനി കൂട്ടുകാർ വരികയേ വേണ്ടൂ. തലേന്ന് സുഖമില്ലെങ്കിലും അവൾതന്നെ എല്ലാ വീടുകളിലും പോയി കൂട്ടുകാരെ ക്ഷണിച്ചിരുന്നു. മുകളിലെ നിലയിലെ ഷൈനിയെ വിളിക്കണ്ട എന്നു കരുതിയതാണ്. നാലു ദിവസം മുമ്പ് അവളുടെ ബർത്ത്‌ഡേ പാർട്ടിക്ക് സുജിയെ വിളിക്കുകയുണ്ടായില്ല. അവൾ അമ്മയോടു പറഞ്ഞു. 'അമ്മേ ഷൈനിയെ ഞാൻ വിളിക്ക്ണില്യ.'

അമ്മയ്ക്കു കാര്യം മനസ്സിലായി. അവർ പറഞ്ഞു. 'മോളെ വിളിക്കാൻ അവള് മറന്നതായിരിക്കും. മോള് അതുകൊണ്ട് ഷൈനിയെ വിളിക്കാതിരിക്ക്യൊന്നും വേണ്ട. മോള് നല്ല കുട്ടിയല്ലേ, എല്ലാവരേം വിളിക്കണം.'

അവർ മകളുടെ തലമുടി തലോടിക്കൊണ്ടിരുന്നു. ഒരേ കെട്ടിടത്തിൽത്തന്നെയാണെങ്കിലും ഓരോ വീട്ടിലേക്കുമുള്ള യാത്രകൾ ആ കൊച്ചുകുട്ടിയെ തളർത്തുന്നുണ്ടെന്നവർക്കറിയാം. ഓരോ കൂട്ടുകാരെ ക്ഷണിച്ചു കഴിഞ്ഞാലും സുജി തിരിച്ചുവന്ന് കട്ടിലിൽ കിടക്കും. 'എനിക്കു വയ്യ അമ്മേ'. അവൾ പറയും. ദേഹം തൊട്ടുനോക്കുമ്പോൾ അവൾക്ക് പനിക്കുന്നുണ്ടാവും. അമ്മ പറയും. 'ഇനി എന്റെ മോള് എവിടീം പോണ്ട.'

സുജി അർദ്ധസമ്മതത്തോടെയാണ് ഷൈനിയുടെ വീട്ടിൽ പോയി അവളെ ക്ഷണിച്ചത്. ഷൈനിയുടെ പിറന്നാളിന് തന്നെ ക്ഷണിക്കാത്തത് സുജിക്ക് വളരെ മനഃപ്രയാസമുണ്ടാക്കിയിരുന്നു. പിറന്നാളിനു പോകാനുള്ള ഉടുപ്പ് അവൾ അമ്മയെക്കൊണ്ട് ഇസ്തിരിയിട്ടു വച്ചിരുന്നു. കൊടുക്കാനുള്ള സമ്മാനവും അച്ഛനോട് പറഞ്ഞ് വാങ്ങിവച്ചിരുന്നു. ശരിക്കു പറഞ്ഞാൽ പിറന്നാളിന്റെ തലേ ദിവസം ടെറസ്സിൽ കണ്ടിട്ടുപോലും ഷൈനി അവളെ ക്ഷണിക്കുകയുണ്ടായില്ല. ക്ഷണിക്കുമെന്നു കരുതി അവൾ അധികസമയവും ഷൈനിയുടെ അടുത്തുതന്നെ ചുറ്റിപ്പറ്റി നിന്നിരുന്നു. ക്ഷണിക്കാത്ത ഒരിടത്തേക്കു ചെല്ലാൻ അവളുടെ കുഞ്ഞഭിമാനം സമ്മതിച്ചതുമില്ല. എതിർവശത്തുള്ള ഫ്‌ളാറ്റിലെ കൊച്ചുമോൻ പുതിയ ഉടുപ്പിട്ട് കയ്യിൽ ചുവപ്പുകടലാസ്സിന്റെ പൊതിയുമായി ഷൈനിയുടെ വീട്ടിലേയ്ക്ക് കോണി കയറി പോകുന്നതു കണ്ടതോടെ അവളുടെ മനസ്സിടിവ് പൂർണ്ണമായി.

തുറന്ന വാതിൽക്കൽ ആ അഞ്ചുവയസ്സുകാരി കൂട്ടുകാരെ കാത്തുനിന്നു. മുമ്പിൽ മൂന്നാം നിലയുടെ ലാന്റിങ് ഒഴിഞ്ഞു കിടന്നു. താഴേയ്ക്കും മുകളിലേയ്ക്കുമുള്ള കോണിയും ഒഴിഞ്ഞുതന്നെ കിടന്നു. ലിഫ്റ്റ് പുറപ്പെടുന്ന ശബ്ദം കേട്ടാൽ അവൾ ശ്രദ്ധിക്കും. പിന്നെ മൂന്നാം നിലയിൽ നിർത്താതെ ലിഫ്റ്റ് ഉയർന്നു പോകുമ്പോൾ അവൾ നിരാശയോടെ സ്വീകരണമുറിയുടെ ചുമരിൽ വച്ച ക്ലോക്കിൽ നോക്കും. സമയം 5.10. ടീപോയിമേൽ വച്ച കേക്ക് അവളെ കാത്തിരുന്നു.

അമ്മ അടുക്കളയിൽ ഉഴുന്നുവടയുണ്ടാക്കുകയാണ്. ഉഴുന്നുവടയും മിക്‌സ്ചറും ബിസ്‌ക്കറ്റും, പിന്നെ കേക്കും. അതാണ് പാർട്ടിക്ക് വിഭവങ്ങൾ. അത് സുജിയുടെ ആവശ്യപ്രകാരം ഉണ്ടാക്കുന്നതാണ്. ഓരോ പിറന്നാൾ ആഘോഷങ്ങൾക്ക് പോകുമ്പോഴും അവിടെ വിളിമ്പിയ വിഭവങ്ങൾ അവൾ ശ്രദ്ധിച്ചിരുന്നു. അവയിൽ വച്ച് ഇഷ്ടപ്പെട്ട വിഭവങ്ങൾ അവൾ സ്വന്തം പിറന്നാളിന് ഉണ്ടാക്കാൻ അമ്മയോടു പറഞ്ഞതാണ്.

'എന്താ മോളെ ആരും എത്തീലേ?'

മാലതി അടുപ്പിൽനിന്ന് കണ്ണെടുക്കാതെ ചോദിച്ചു.

'ഇല്ലമ്മേ, ആരും വന്നില്ല.' സുജി പറഞ്ഞു. 'അവര് മറന്നുപോയതായിരിക്ക്യോ?'

'ആയിരിക്കില്ല. സുജിമോളടെ ബർത്ത്‌ഡേ ആരെങ്കിലും മറക്ക്വോ? അവര് വന്നോളും. മോള് അതുവരെ കൊറച്ചുനേരം കെടന്നോളൂ. അല്ലെങ്കിൽ കൂട്ടുകാരൊക്കെ വരുമ്പഴക്ക് മോക്ക് ക്ഷീണാവും.'

ഇപ്പോൾതൊട്ട് അവൾക്ക് അങ്ങിനെയാണ്. കുറച്ചുനേരം ഉത്സാഹത്തോടെ ഓടിനടന്നാൽ ക്ഷീണമാണ്. ഉടനെ പനിയും വരുന്നു. അതും കടുത്ത പനി. മരുന്നുകൾ ആ കൊച്ചുദേഹത്തിൽ ഫലിക്കുന്നില്ല. സുജി ചോദിക്കും, 'എന്താ അമ്മേ എന്റെ പനി മാത്രം മാറാത്തത്?' അവളുടെ കൂട്ടുകാർക്കെല്ലാം എപ്പോഴെങ്കിലും പനിച്ചിട്ടുണ്ട്. രണ്ടോ നാലോ ദിവസം കഴിഞ്ഞാൽ അതു മാറുന്നു. അവർ വീണ്ടും ടെറസ്സിൽ കളിക്കാനെത്തുന്നു, കൂടുതൽ ഉത്സാഹത്തോടെ. എന്താണ് അവൾക്കു മാത്രം ഇങ്ങനെ?

ഒരാഴ്ച മുമ്പാണവളുടെ രക്തപരിശോധനയുടെ ഫലമറിഞ്ഞത്. ഈ നൂറ്റാണ്ടിന്റെ ശാപമായ ആ രോഗം തന്നെ വന്നുപെടാൻ എന്താണ് കാരണം? അവളുടെ ഒന്നാം വയസ്സിലാണ് ആ രക്തസംക്രമണമുണ്ടായത്. കടം വാങ്ങിയ ആ രക്തത്തിലൂടെ അവളുടെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു.

സുജി വീണ്ടും വാതിൽക്കലെത്തി. എന്താണ് കൂട്ടുകാർ വരാത്തതെന്ന് അവൾ അദ്ഭുതപ്പെടുകയാണ്. സാധാരണ ബർത്ത്‌ഡേ പാർട്ടികൾക്ക് വളരെ നേരത്തെ തന്നെ എല്ലാവരും എത്താറുണ്ട്. പിന്നെ പാട്ടും ഡാൻസുമൊക്കെയാണ്. എല്ലാ കുട്ടികളും പലപല നിറങ്ങളിലുള്ള തൊപ്പികൾ വെയ്ക്കുന്നു. കുപ്പിഗ്ലാസ്സുകളിൽ കൊക്കക്കോലയും പെപ്‌സിയും കുടിക്കുന്നു. പലപ്പോഴും പിറന്നാളുകാരന്റെ അല്ലെങ്കിൽ പിറന്നാളുകാരിയുടെ അച്ഛൻ ഓഫീസിൽനിന്ന് എത്തുന്നത് ആറു മണിയോടെയായിരിക്കും. അപ്പോഴാണ് കേക്ക് മുറിക്കുക.

സുജി എല്ലാം കരുതിയിരുന്നു. നിറമുള്ള തൊപ്പികൾ, വർണ്ണകടലാസുകൊണ്ടുള്ള തോരണങ്ങൾ, ബലൂണുകൾ, കൊക്കക്കോലയും പെപ്‌സിയും വലിയ കുപ്പികളിൽ; അവ പ്ലാസ്റ്റിക് ഗ്ലാസ്സിൽ തരാതെ കുപ്പിഗ്ലാസ്സിൽത്തന്നെ തരണമെന്ന് അവൾ നിർബ്ബന്ധിച്ചു. കുപ്പിഗ്ലാസ്സിൽ കൊക്കക്കോല കുടിക്കുന്നത് അന്തസ്സുതന്നെയാണ്. അവൾ എല്ലാം ഒരുക്കിയിരുന്നു. ആഘോഷങ്ങൾ കഴിഞ്ഞ് കൂട്ടുകാർ തിരിച്ചുപോകുമ്പോൾ മിട്ടായിയും ബലൂണുകളും മറ്റും കൊടുക്കാൻ ഭംഗിയുള്ള തൂക്കുറകൾ. എല്ലാം അവൾ കരുതിയിരുന്നു. തോരണങ്ങളും വലിയ ബലൂണുകളും തൂക്കിയ മുറിയിൽ അവൾ വീണ്ടും നടന്നുനോക്കി. എല്ലാമുണ്ട്. മറ്റുള്ള ഏതു ബർത്ത്‌ഡേയും പോലെത്തന്നെയാണ് തന്റെയും.

വാതിൽക്കൽ നിന്നുനിന്ന് അവൾക്ക് വയ്യാതെയായി. പനി വരുന്നുണ്ടെന്നു തോന്നുന്നു. അവൾ അടുക്കളയിലേയ്ക്കു പോയി.

'അമ്മേ, എനിക്ക് പനിക്കുന്നുണ്ടെന്നു തോന്നുണു.'

വടയുണ്ടാക്കൽ കഴിഞ്ഞിരുന്നു. മാലതി അവളുടെ അടുത്തു വന്നിരുന്ന് നെറ്റിമേലും നെഞ്ചത്തും കൈവച്ചു നോക്കി. ശരിയാണ് പനിക്കുന്നുണ്ട്. സുജിയുടെ കൂട്ടുകാർ ആരും വന്നില്ലെന്ന് അവർ അപ്പോഴാണ് ശ്രദ്ധിച്ചത്.

'ആരും വന്നില്ലെ മോളെ?'

'ഇല്ലമ്മേ, എന്താ കാരണം?'

മാലതിക്ക് കാരണം മനസ്സിലായി തുടങ്ങിയിരുന്നു. അതവളെ വേദനിപ്പിച്ചു. സുജിയുടെ രോഗവിവരങ്ങളും രക്തപരിശോധനയുടെ ഫലവും ആ കെട്ടിടത്തിൽ അവളുടെ ഏറ്റവും അടുത്ത സ്‌നേഹിതയോടു മാത്രമേ പറഞ്ഞിട്ടുള്ളു, ആരോടും പറയരുതെന്ന കരാറിൽ. മനസ്സിൽ നിന്നൊരു വലിയ ആധി ഇറക്കിവക്കാനാണവൾ പറഞ്ഞത്. ഇപ്പോൾ ആ സ്‌നേഹിതയുടെ ആത്മാർത്ഥതയിൽ അവൾക്കുണ്ടായിരുന്ന വിശ്വാസം നശിച്ചു.

'മോളെ അവരൊക്കെ വരും, എവിടെയെങ്കിലും കളിക്കാൻ പോയിട്ടുണ്ടാവും.' സ്വന്തം വാക്കുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിൽ അവൾ വേദനിച്ചു. 'മോള് കുറച്ച് നേരം കിടന്നുറങ്ങിക്കൊള്ളു. അവര് വന്നാൽ മോളെ വിളിക്കാം.'

'വേണ്ടമ്മേ, എന്റെ ഉടുപ്പൊക്കെ കേടുവരും.'

നിറയെ തൊങ്ങലുള്ള ആ ഉടുപ്പ് അവൾ അച്ഛന്റെ ഒപ്പം പോയി എടുത്തതാണ്. കനകാംബരത്തിന്റെ നിറമുള്ള ഉടുപ്പ്. ആദ്യം വാങ്ങിയ ഉടുപ്പ് വീട്ടിൽ കൊണ്ടുവന്നപ്പോൾ ബോധ്യമാകാതെ വീണ്ടും അച്ഛനോടൊപ്പം സ്‌കൂട്ടറിൽ പോയി വാങ്ങിയതാണ്. ആദ്യത്തെ ഉടുപ്പ് നല്ലതുതന്നെയായിരുന്നു, അതുകൊണ്ട് അതു മാറ്റണമെന്നു പറഞ്ഞപ്പോൾ മാലതി വഴക്കിട്ടു. പക്ഷേ എന്നത്തെയും പോലെ അച്ഛൻ അവളുടെ രക്ഷക്കെത്തി. അയാൾ പറഞ്ഞു. 'അവൾക്കിഷ്ടപ്പെട്ട ഉടുപ്പല്ലേ വാങ്ങുക?'' മകൾക്കുവേണ്ടി രണ്ടല്ല രണ്ടായിരം വട്ടം സ്‌കൂട്ടറെടുത്ത് പോകാൻ അയാൾ തയ്യാറായിരുന്നു. ഉടുപ്പ് പാകമാണോ എന്നു നോക്കാൻ ഇട്ടപ്പോൾ അയാൾ പറഞ്ഞു. 'എന്റെ മോളൊരു കനകാംബരമാലപോലെയുണ്ടല്ലോ.' പറഞ്ഞുകഴിഞ്ഞപ്പോൾ ഉയർന്നുവന്ന തേങ്ങലടക്കാൻ അയാൾ പാടുപെട്ടു.

ആ ഉടുപ്പ് കേടുവരുമോ എന്ന ഭയംകൊണ്ട് സുജി ഒരു ഭാഗത്ത് ഇരുന്നതുകൂടിയില്ല. അച്ഛൻ ഫോട്ടോ എടുക്കുമ്പോൾ ഉടുപ്പ് നന്നായി നിൽക്കണം. ആ അഞ്ചു വയസ്സുകാരി പ്രായത്തേക്കാൾ കൂടുതൽ ചിന്തിച്ചിരുന്നു. കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോ ആൽബം എല്ലാ വീടുകളിലും കൊണ്ടുപോയി കണ്ടിരുന്നു. അവനവന്റെ കുട്ടികളുടെ കേമത്തം വീണ്ടും വീണ്ടും നോക്കിക്കാണാനായി കോമാളിത്തം കാട്ടുന്ന കൊച്ചുമുഖങ്ങൾക്കിടയിൽ അവർ അവനവന്റെ കുഞ്ഞിനെ തിരയുന്നു.

വരാത്ത കൂട്ടുകാർക്കുവേണ്ടി സുജി കാത്തുനിന്നു. മുമ്പിലുള്ള ലാന്റിങ് ഒഴിഞ്ഞു കിടന്നു. മുകളിലേയ്ക്കും താഴേയ്ക്കുമുള്ള കോണിപ്പടികളിൽ കൊച്ചുതലകളോ കാലുകളോ കാണാൻ, അല്ലെങ്കിൽ ലിഫ്റ്റ് ആ ലാന്റിങ്ങി‍ൽ നിർത്തി അതിൽനിന്ന് പൂത്തിരി പൊട്ടിവിരിയുംപോലെ കൂട്ടുകാർ തന്റെയടുത്തേയ്ക്ക് ഓടിവരുന്നതു കാണാൻ അവൾ കാത്തിരുന്നു. ലിഫ്റ്റ് മുകളിലേയ്ക്കും താഴേയ്ക്കും ചലിച്ചുകൊണ്ടിരുന്നു. അവളുടെ ലാന്റിങ്ങിൽ പക്ഷേ നിർത്തിയില്ല. താഴേയ്ക്കും മുകളിലേയ്ക്കുമുള്ള കോണി ഒരു ചെകുത്താന്റെ തുറന്ന വായ പോലെയും പടികൾ അതിന്റെ പല്ലുകൾ പോലെയും തോന്നിച്ചു.

പനി വീണ്ടും കൂടി. അവൾക്കു നേരെ നിൽക്കാൻ വയ്യെന്നായി. അവൾ പോയി സോഫയിൽ ഇരിക്കുന്ന അമ്മയുടെ മടിയിൽ വീണു. ഉടുപ്പു ചുളിയുന്നതിനെപ്പറ്റി അവൾ ആലോചിച്ചില്ല. അവൾക്ക് തീരെ വയ്യായിരുന്നു. അവൾക്ക് അമ്മയുടെ കൈകൊണ്ടുള്ള തലോടൽ വേണം.

'നന്നായി പനിക്കുന്നുണ്ട്.' മാലതി പറഞ്ഞു. 'മോളേ അമ്മ പോയി മരുന്നു കൊണ്ടുവരട്ടെ.'

മരുന്നുകൾ ഫലിക്കുന്നില്ലെന്നറിഞ്ഞുകൊണ്ടുതന്നെ അവർ മകൾക്ക് മരുന്നു കൊടുത്തു. നനഞ്ഞ തോർത്തെടുത്ത് അവളുടെ മുഖവും കൈയ്യും കാലും തുടച്ചു. അവൾ ഒരു മയക്കത്തിലേയ്ക്കു വഴുതിവീഴുകയായിരുന്നു. മാലതി മോളെ അകത്ത് കിടക്കയിൽ കൊണ്ടുപോയി കിടത്തി, പുതപ്പിച്ചു.

തിരിച്ചു സ്വീകരണമുറിയിൽ വന്നപ്പോൾ അവൾ ടീപോയ്‌മേൽ വച്ച അലങ്കരിച്ച കേക്കും, തട്ടിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വർണ്ണക്കടലാസിന്റെ തോരണങ്ങളും ബലൂണുകളും കുറച്ചുനേരം നോക്കിനിന്നു. പിന്നെ ഒഴിഞ്ഞുകിടക്കുന്ന ലാന്റിങ്ങിനുനേരെ, അതിഥികളാരും വരാനിടയില്ലാത്ത വാതിൽ അടച്ചു.

ആറുമണിക്ക് മാധവൻ വന്നപ്പോൾ വാതിലടച്ചിട്ടു കണ്ടത് അദ്ഭുതമായി. തുറന്നിട്ട വാതിലും അകത്ത് സംഗീതവും കുട്ടികളുടെ ബഹളവുമാണയാൾ പ്രതീക്ഷിച്ചിരുന്നത്.

'എന്താ കുട്ടികളാരും വന്നില്ലെ?' വാതിൽ തുറന്നുപിടിച്ചുകൊണ്ടു നിന്ന മാലതിയോടയാൾ ചോദിച്ചു.

'ആരും വന്നില്ല.' അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. 'അവരെല്ലാം മോളുടെ അസുഖത്തെപ്പറ്റി അറിഞ്ഞു കാണും.'

'മോളെവിടെ?'

'ഒറങ്ങ്വാണ്. നല്ല പനി. ഇത്രേം നേരം വാതിൽക്കൽതന്നെയായിരുന്നു.'

മാധവൻ നിശ്ശബ്ദനായി. അയാൾ ആലോചിക്കുകയായിരുന്നു. മകളുടെ മനസ്സിനുളളിലെ മോഹങ്ങളെപ്പറ്റി, ആധികളെപ്പറ്റിയെല്ലാം മാലതിയേക്കാൾ അയാൾക്കാണറിയുക. സുജി തന്റെ ഏറ്റവും നിഗൂഢമായ രഹസ്യങ്ങൾകൂടി പറഞ്ഞിരുന്നത് അച്ഛനോടായിരുന്നു. അയാളുടെ മടിയിലിരുന്ന് കഴുത്തിലൂടെ കയ്യിട്ടുകൊണ്ട്, അല്ലെങ്കിൽ അയാൾക്കു ചുറ്റംനടന്നുകൊണ്ട് അവൾ അതെല്ലാം പറഞ്ഞു. ഒരുപക്ഷേ കുറച്ചുകൂടി പ്രായമാകുമ്പോൾ അവൾ അമ്മയോടായിരിക്കും കൂടുതൽ അടുക്കുക.

'നമുക്കവളെ വിളിച്ച് കേക്കു മുറിക്കാം' മാലതി പറഞ്ഞു.

അയാൾ ഒന്നും പറയാതെ എഴുന്നേറ്റു. അകത്തു നല്ല ഉറക്കത്തിലായിരുന്ന സുജിയുടെ നെറ്റിമേൽ കൈവച്ചുനോക്കി. പനി കുറഞ്ഞിരിക്കുന്നു. അച്ഛന്റെ സ്പർശം അറിഞ്ഞുവെന്നുതോന്നുന്നു, അവൾ കണ്ണുമിഴിച്ചു.

അയാൾ കട്ടിലിലിരുന്ന് അവളെ വാരിയെടുത്ത് ഉമ്മവച്ചു. 'അച്ഛന്റെ കുഞ്ഞിമോൾ അച്ഛന്റെ മടിയിലിരുന്ന് ബർത്ത്‌ഡേ കേക്കു മുറിക്കാൻ പോണു.'

സ്വീകരണമുറിയിൽ കൊണ്ടുവന്നപ്പോൾ അവൾ അടഞ്ഞുകിടക്കുന്ന വാതിൽ ഒരിക്കൽ നോക്കി. അവളുടെ മുഖം മ്ലാനവും അതേ സമയം നിർവ്വികാരവുമായിരുന്നു. കൂട്ടുകാർക്കണിയാനായി അവൾ വാങ്ങിവച്ച കൂമ്പൻ തൊപ്പികൾ ആവശ്യക്കാരില്ലാതെ ഒരു മേശപ്പുറത്ത് കൂട്ടിയിട്ടിരുന്നു. പാർട്ടികഴിഞ്ഞ് പോകുമ്പോൾ അതിഥികൾക്കു കൊടുക്കാനുള്ള തൂക്കുറകളിൽ മിട്ടായികളും ബലൂണുകളും മയങ്ങിക്കിടന്നു. അയാൾ ഒരു കസേല വലിച്ചിട്ട് കേക്കുവച്ച ടീപോയ്ക്കു മുമ്പിലിരുന്നു. കേക്കിനു തൊട്ടടുത്തുതന്നെ പിടിമേൽ ചുവപ്പു റിബ്ബൺ കെട്ടിയ കത്തി വച്ചിരുന്നു. അയാൾ കത്തിയെടുത്ത് സുജിയുടെ കയ്യിൽ വച്ചുകൊടുത്തു. മാലതി ടേപ്പ്‌റെക്കോർഡർ ഓണാക്കി, കാമറയുമായി മറുവശത്തു കുനിഞ്ഞു നിന്നു. ടേപ്പ്‌റെക്കോർഡറിൽനിന്ന് ഹാപ്പി ബർത്ത്‌ഡേ എന്ന പാട്ട് ഉറക്കെ കേട്ടു. ഏതോ അപരിചിതലോകത്തു നിന്ന് വരുന്ന കാലഹരണപ്പെട്ട സന്ദേശം പോലെ ആ ഗാനം അർത്ഥശൂന്യമായി ഒഴുകിവന്നു. സുജി മുഖമുയർത്തി അമ്മയോടു പറഞ്ഞു.

'അമ്മേ.......ആ പാട്ടു നിർത്തു.'

മാധ്യമം വിശേഷാല്‍പ്പതിപ്പ് - 2000