മാനസാന്തരത്തിനു ശേഷം


ഇ ഹരികുമാര്‍

ഓട്ടോവിൽ വന്നിറങ്ങി ഡ്രൈവർ ബാക്കിതന്ന ഒറ്റയുറുപ്പിക നാണ്യം പാന്റ്‌സിന്റെ കീശയിലിട്ട് പ്ലാറ്റുഫോമിലേയ്ക്ക് ഓടുമ്പോൾ ഗണേശ് വാച്ചുനോക്കി. 12. 25. രാവിലെ ഒമ്പതരയ്ക്ക് എത്തിയതാണ്. 3 മണിക്കൂർ നേരത്തെ ജോലി. ഒരു കമ്പ്യൂട്ടർ, സ്‌കാനർ, പ്രിന്റർ. ഇത്രയും മൂന്നു മണിക്കൂർകൊണ്ട് ഇൻസ്റ്റാൾ ചെയ്തുകൊടുത്തു. കൊള്ളാം. ദിവസഫലം മോശമാണെങ്കിൽ വൈകുന്നേരംവരെയിട്ടു കളിപ്പിക്കാൻ ഇത്രയും ജോലി മതി. ഒന്നുകിൽ ഹാർഡ്‌വെയർ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ സോഫ്ട്‌വെയർ പ്രശ്‌നങ്ങൾ. ഇന്ന് അങ്ങിനെയൊന്നുമുണ്ടായില്ല. എല്ലാം ഘടിപ്പിച്ച് കമ്പ്യൂട്ടർ ഓണാക്കിയപ്പോൾ തെളിഞ്ഞുവന്ന സ്‌ക്രീനിൽ പ്രീ ഇൻസ്റ്റാൾഡ് വിന്റോസ് ആത്മവിശ്വാസത്തോടെ അഭ്യാസങ്ങൾ കാട്ടാൻ തുടങ്ങി. വീട്ടിൽനിന്നിറങ്ങുമ്പോൾ ഗണപതികോവിലിൽ തൊഴുത് കാണിക്കപ്പെട്ടിയിലിട്ട നാണ്യം വെറുതെയായില്ല. വെള്ളിയാഴ്ചതോറും തിരുമുമ്പിൽ എറിഞ്ഞുടക്കുന്ന തേങ്ങയ്ക്കും ഗണപതി നന്ദി കാണിച്ചു.

മതിൽ പൊളിഞ്ഞുണ്ടായ വിടവിലൂടെ പ്ലാറ്റുഫോമിലേയ്ക്കു കടന്ന് അന്വേഷണങ്ങളുടെ ദന്തഗോപുരത്തിനു മുമ്പിൽവച്ച വെള്ള പലകയിൽ ഒരു നിമിഷം കണ്ണോടിച്ചു. നീല മഷിയിൽ, വണ്ടികളുടെ പേരുകളും അവ വന്നുചേരാനിടയുള്ള സമയവിവരവും കുറിച്ചുവച്ചിരുന്നു. ഹെദരബാദ്-കൊച്ചി 12.55. താഴെ പരശുരാം എക്‌സ്പ്രസ്സ് 13.16. 13.15 എന്നല്ല എഴുതിയത്. റെയിൽവേയുടെ കണിശം അയാളെ രസിപ്പിച്ചു. ഹൈദരബാദ് എക്‌സ്പ്രസ്സിൽ കയറിയാൽ തിരക്കുണ്ടാവില്ല. വണ്ടികൾ സ്ഥിരമായി വൈകിയോടുന്നതുകൊണ്ട് എപ്പോൾ സ്റ്റേഷനിൽ ചെന്നാലും വണ്ടിയുണ്ടാവുമെന്നത് ഗണേശ് കഴിഞ്ഞ ഒരു മാസമായി അനുഭവിച്ചറിയുന്ന കാര്യമാണ്. അയാൾ സസ്യഭോജനശാലയിലേയ്ക്കു നടന്നു. വെങ്കിടാചലപതിയുടെ കാരുണ്യകടാക്ഷത്തിനു കീഴിലുള്ള കൗണ്ടറിൽനിന്ന് 16 രൂപയുടെ ടിക്കറ്റെടുക്കുമ്പോൾ അയാൾ ഓർത്തു. ഈ ഭോജനശാലയുമായി താൻ ഒരു ആത്മീയബന്ധത്തിലേർപ്പെട്ടിരിക്കയാണ്. ദിവസത്തിൽ ഒരിക്കലെങ്കിലും ഭക്ഷണം, ഒന്നുകിൽ ഊണ്, അല്ലെങ്കിൽ ദോശയും കാപ്പിയും ഇവിടെനിന്ന് കഴിക്കുന്നു. ഒരമ്മയെപ്പോലെ ആ സ്ഥാപനം അയാളിൽ വാത്സല്യം ചൊരിഞ്ഞു. രാവിലെ ഒമ്പതു മണിക്ക് വണ്ടിയിറങ്ങിയാൽ ഉണ്ടാവുന്ന കടുത്ത വിശപ്പ് ഒരു ഡബിൾ ദോശയും ഒപ്പം 'സൗജന്യമായി' കിട്ടുന്ന വടയും ശാന്തമാക്കുന്നു. അതുപോലെത്തന്നെയാണ് ഉച്ചയ്ക്കുള്ള ഊണും. ഊണു നന്നായിരുന്നു എന്നത് ഒരു ഒഴുക്കൻ പറച്ചിൽ മാത്രമാണ്. പരമാർത്ഥം അതിലുമപ്പുറത്താണ്.

ഗണേശ് വാച്ചുനോക്കി. 12.45 കഴിഞ്ഞു. അഞ്ചുമിനുറ്റുകൊണ്ട് പ്ലാറ്റുഫോമിന്റെ തെക്കേ അറ്റത്തെത്താം. മുമ്പിലുള്ള അൺറിസേർവ്ഡ് കമ്പാർട്ട്‌മെന്റിൽ മരപ്പലകവിരിച്ച സീറ്റിലിരുന്ന് യാത്രചെയ്യാം. എറണാകുളം സൗത്തിൽ വണ്ടി നിന്നാൽ ചാടിയിറങ്ങി പാർസലാപ്പീസിലൂടെ പുറത്തുകടന്ന് രാവിലെ പാർക്കുചെയ്ത ഹീറോ ഹോണ്ടയിൽ രണ്ടു മിനിറ്റുകൊണ്ട് വീട്ടിലെത്താം. ശുഭം. താൻ എത്തുമ്പോഴേയ്ക്ക് വണ്ടി പ്ലാറ്റുഫോമിലെത്തിക്കഴിഞ്ഞാലാണ് വിഷമം. മുമ്പിലുള്ള അൺറിസേർവ്ഡ് കമ്പാർട്ടുമെന്റിലേയ്ക്കുള്ള ഓട്ടം ക്ഷീണിപ്പിക്കുന്നതും മാനഹാനിയുണ്ടാക്കുന്നതുമാകുന്നു. ഇടയിലുള്ള പരശതം സ്ലീപ്പർ കമ്പാർട്ടുമെന്റുകൾ പലതും ഒഴിഞ്ഞിട്ടുണ്ടെങ്കിലും കയറാൻ പാടില്ല. അവിടെ വിരട്ടിയോടിക്കാൻ അധികാരത്തിന്റെ മത്തുപിടിച്ച കറുപ്പുകോട്ടുധാരികളുണ്ടാവും. എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ആ വണ്ടിയിൽ ഒരൊററ യാത്രക്കാർപോലുമില്ലാത്ത കമ്പാർട്ടുമെന്റുകളുണ്ടാവും. എന്നാലും നിയമമല്ലേ?

'നിയമം!' മുമ്പിലിരുന്ന വയസ്സായ മനുഷ്യൻ പറഞ്ഞു. 'നിയമം കേരളത്തിൽ മാത്രമേ ഉള്ളൂ. ഞാൻ കൽക്കാമെയിലിൽ ധാരാളം യാത്ര ചെയ്തിട്ടുണ്ട്. ധാൻബാദ് എക്‌സ്പ്രസ്സിൽ യാത്ര ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിൽ ഒരുമാതിരി യാത്രക്കാരൊന്നും ടിക്കറ്റെടുക്കാറില്ല. എക്‌സാമിനർമാർ ടിക്കറ്റ് ചോദിക്കുകയും ഇല്ല. അബദ്ധത്തിൽ ചോദിച്ചാൽ കിട്ടുന്ന ഉത്തരം 'കാഹെ, യെ ഗാഡി തേരാ ബാപ്കാ ഹെ' എന്നായിരിക്കും. ഉള്ളംകയ്യിലിട്ട് പുകയിലയും ചുണ്ണാമ്പും തിരുമ്മി അടിച്ചു പതം വരുത്തിക്കൊണ്ടുള്ള ഈ തന്തയ്ക്കു വിളി കേൾക്കാൻ വയ്യാത്തതുകൊണ്ട് അവിടെയൊന്നും ആരും ടിക്കറ്റ് ചോദിക്കില്ല. ഏതു കമ്പാർട്ടുമെന്റിലും കേറാം. നമുക്ക് കുറച്ചുകൂടി സംസ്‌കാരമുള്ളതുകൊണ്ട് അവർ പറയുമ്പോൾ ഇറങ്ങി മുമ്പിലോ പിന്നിലോ ഉള്ള കമ്പാർട്ടുമെന്റിലേയ്‌ക്കോടുന്നു. അല്ലെങ്കിൽ ഭാരിച്ച പിഴയൊടുക്കുന്നു. ആ പിഴകൊണ്ട് റെയിൽവേ ഉത്തരേന്ത്യയിൽ നല്ല കമ്പാർട്ടുമെന്റുകളിടുന്നു. പഴയ പാട്ടപോലത്തെ കമ്പാർട്ടുമെന്റുകൾ കേരളത്തിലേയ്ക്കയക്കുന്നു.'

സംസ്‌കാരത്തിന് അതിന്റേതായ വിലകൊടുക്കേണ്ടിവരുന്നു. ഗണേശ് ആലോചിച്ചു. ആദ്യത്തെ ദിവസം ഒഴിഞ്ഞ കമ്പാർട്ടുമെന്റിൽ കയറിയതിന് കേൾക്കേണ്ടിവന്ന ചീത്തവിളി ഇപ്പോഴും ഓർമ്മയുണ്ട്. 'ആരോടു ചോദിച്ചാണ് കയറിയത്?'

ഉത്തരം ഇപ്പോൾ തന്റെ മുമ്പിലുണ്ട്. താൻ പറയുമോ എന്നത് വേറെ കാര്യം.

'ഇതാ, കണ്ടോളൂ.' വയസ്സൻ വീണ്ടും പറയുകയാണ്. അയാൾ മുണ്ട് ഉയർത്തിക്കാട്ടി. മുട്ടിൽ നിറയെ ഉണങ്ങിത്തുടങ്ങിയ മുറിവുകൾ. 'കഴിഞ്ഞ ആഴ്ച മോളടെ അടുത്തേയ്ക്ക് പോകുമ്പോൾ പറ്റിയതാണ്. അറിയാതെ ഒരു സ്ലീപ്പറിൽ കയറിപ്പോയി. എക്‌സാമിനർ വന്നു തട്ടിക്കയറി. അയാളുടെ മുത്തച്ഛനാവാൻ പ്രായം കാണും എനിക്ക്. അതൊന്നും കാര്യമല്ല. അടുത്ത സ്റ്റേഷനിൽത്തന്നെ ഇറങ്ങി അൺറിസേർവ്ഡ് കമ്പാർട്ടുമെന്റിൽ കയറണമെന്ന് അയാൾ ശഠിച്ചു. ഏതോ ചെറിയ സ്റ്റേഷനിൽ സിഗ്നൽ കിട്ടാതെ വണ്ടി നിന്നപ്പോൾ എന്നെ ഇറക്കിവിട്ടു. അൺറിസേർവ്ഡ് കമ്പാർട്ടുമെന്റ് ഏറ്റവും മുമ്പിലോ ഏറ്റവും പിന്നിലോ ആണ്. ഞാൻ വണ്ടിയുടെ നടുവിലും. ഓടി, ഈ അറുപത്തെട്ടാം വയസ്സിൽ. ഒന്നാലോചിച്ചുനോക്കു. അവസാനം കമ്പാർട്ടുമെന്റിന്റെ അടുത്തെത്തിയപ്പോഴേയ്ക്ക് വണ്ടി വിട്ടു. പെട്ടെന്ന് കയറാൻ വയ്യ, കാരണം കമ്പാർട്ടുമെന്റിൽ തിരക്കുകാരണം വാതിൽക്കൽവരെ ആൾക്കാർ തിങ്ങിനിൽക്കുകയാണ്. ആരൊക്കെയോകൂടി എന്നെ വലിച്ചു കയറ്റി. അതിനിടയ്ക്ക് വീഴുകയും ചെയ്തു. അങ്ങിനെ കിട്ടിയ സമ്പാദ്യമാണ്.'

തന്റെ ഉള്ളിൽ ഏതൊക്കെയോ വാതിൽ തുറക്കുന്നതായി ഗണേശിന്ന് തോന്നി. വിന്റോസ് 98നും ഇന്റർനെറ്റ് പ്രോട്ടോക്കോളിനുമപ്പുറത്ത് വികൃതമായ മറ്റൊരു ലോകം. ഈ അനുഭവം തനിക്കുണ്ടായപ്പോൾ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ പത്തെഴുപതു വയസ്സായ ഒരു മനുഷ്യൻ അതു വിവരിക്കുമ്പോൾ ഇങ്ങിനെയൊക്കെയാണോ സംഭവിക്കേണ്ടത് എന്ന തോന്നലുണ്ടാവുന്നു. കലങ്ങിയ മനസ്സോടെ പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോഴാണ് ആ ശബ്ദം കേട്ടത്.

'ഫ്രീയാണ്, വായിക്കു.' നരച്ച താടിയ്ക്കിടയിലെവിടേയോ ഘടിപ്പിച്ച ചെറുചിരിയോടെ ഒരു പാതിരിയച്ചൻ തിരക്കിന്നിടയിൽ നടന്നുകൊണ്ട് ലഘുലേഖ വിതരണം ചെയ്യുകയാണ്.

ഗണേശിന്ന് അദ്ഭുതം തോന്നി. എല്ലാവരും ടിവിയുടെ മയക്കുന്ന രശ്മികളിൽ ആകൃഷ്ടരായി പുസ്തകങ്ങളെ മറന്നിരിക്കയാണ്. വായന ഇല്ലെന്നുതന്നെ പറയാം. ഒരു ഇരുപതു കൊല്ലം കഴിഞ്ഞാൽ പുസ്തകങ്ങൾ ഗ്രാമഫോൺ റെക്കോർഡുപോലെ ഉപയോഗശുന്യമായി പൊടി പിടിച്ചു കിടക്കും. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു പാതിരി സ്വന്തം ചെലവിൽ പുസ്തകങ്ങൾ അച്ചടിച്ച് വായന പ്രോത്സാഹിപ്പിക്കാനായി സൗജന്യവിതരണം നടത്തുന്നത്. ഗണേശിന്ന് ആദരവു തോന്നി.

എട്ടുപേജുള്ള ആ പുസ്തകത്തിന്റെ ചട്ടയിലെ ചിത്രം വളരെ അസ്വാസ്ഥ്യമുളവാക്കുന്നതാണ്. പാപത്തിന്റെ ചുമടുമേന്തി കുനിഞ്ഞുനടക്കുന്ന മനുഷ്യർ രണ്ടു വരിയായി നടന്നു നീങ്ങുന്നു. ഒരു വരി നേരിട്ട് നരകത്തീയിലേയ്ക്കാണ്. ആളിക്കത്തുന്ന തീയിൽ അവർ പതിക്കുന്നു. മറ്റേ വരി നീങ്ങുന്നത് 'അവിശ്വാസം' എന്ന വാതിലിലൂടെയാണ്. ആ വാതിൽ കടന്നാലും എത്തുന്നത് നരകത്തീയിലേയ്ക്കു തന്നെ. ഇനി മറ്റൊരു വാതിൽകൂടിയുണ്ട്. ചുവപ്പുനിറത്തിൽ വാതിലിനു മുകളിൽ 'ക്രിസ്തു' എന്നെഴുതിയിരിക്കുന്നു. ആ വാതിൽ കടന്നുചെല്ലുന്നത് മേഘങ്ങൾക്കിടയിൽ അത്യുന്നതങ്ങളിലുള്ള സ്വർഗ്ഗത്തിലേയ്ക്കു നയിക്കുന്ന മനോഹരമായ പാതയിലേയ്ക്കാണ്. ആ പാതയിൽ ആരുമുണ്ടായിരുന്നില്ലെന്നത് ഗണേശിനെ അദ്ഭുതപ്പെടുത്തി. വാതിലിനു കീഴിൽ രണ്ടു കൈയ്യും നീട്ടി പാപികളെ സ്വീകരിക്കാൻ നിൽക്കുന്ന ക്രിസ്തുവിന്റെ ഏകാന്തത മനസ്സിൽ തട്ടുന്നതായിരുന്നു. ആ വാതിൽക്കലേയ്ക്കു നോക്കാതെ, രക്ഷകനെ ശ്രദ്ധിക്കാതെ പാപത്തിന്റെ ഭാണ്ഡവുമേന്തി മനുഷ്യർ നടന്നു നീങ്ങുകതന്നെയാണ്, അവിശ്വാസത്തിലേയ്ക്ക്, നരകത്തീയിലേയ്ക്ക്.

ആദ്യത്തെ പേജിൽ വലുതായി എഴുതിയിരിക്കുന്നു.

'പാപത്തിന്റെ ശമ്പളം മരണമത്രെ.'

ഒരു പുതിയ ലോകം ഗണേശിന്റെ മുമ്പിൽ തുറക്കപ്പെടുകയാണ്. അയാൾ പുസ്തകം ആദ്യംതൊട്ട് വായിക്കാൻ തുടങ്ങി. സ്റ്റേഷനുകൾ പിന്നിടുന്നതറിയാതെ പുസ്തകത്തിൽ ആകൃഷ്ടനായി ഗണേശ് ഇരുന്നു. ഒരു വട്ടമല്ല, രണ്ടു വട്ടം പുസ്തകം വായിച്ചപ്പോഴേയ്ക്ക് ആലുവ എത്തിയിരുന്നു. ഒന്നര മണിക്കൂറിന്റെ വിരസത അയാളെ കബളിപ്പിച്ച് സെക്കന്റുകളായി പൊലിഞ്ഞുപോയിരുന്നു. അയാൾ പുസ്തകത്തിന്റെ ചട്ടയിലെ ചിത്രം നോക്കി കുറേ നേരം ഇരുന്നു. ലോകം തനിക്കിനി ഒരിക്കലും മുമ്പേപ്പോലെയാവില്ല എന്നയാൾ അറിഞ്ഞു. ഓഫീസിൽ തമാശ പറഞ്ഞു കളിച്ചിരുന്നത്, വീട്ടിൽ തന്റെ മോണോക്രോം മോണിറ്ററുള്ള കമ്പ്യൂട്ടറിൽ വാർക്രാഫ്ട് കളിച്ചിരുന്നത്, രാത്രി കിടക്കുമ്പോൾ.... ഇല്ലാ, ഒന്നുംതന്നെ ഇനി പണ്ടത്തെപ്പോലെയാവില്ല. ഇനിയുണ്ടാവാൻ പോകുന്നത് മറ്റൊരു ജന്മമാണ്. പാപത്തിന്റെ കനത്ത ഭാണ്ഡങ്ങളുമായി നടന്നുനീങ്ങുന്ന മനുഷ്യർക്കിടയിൽ അയാൾ തന്റെ സ്ഥാനം കണ്ടെത്തി. തന്റെ തലയിലെ ഭാണ്ഡം വളരെ വലുതാണെന്നയാൾ കണ്ടു. അതെവിടെയെങ്കിലും ഇറക്കിവയ്ക്കണം.

പുസ്തകത്തിന്റെ അവസാനത്തെ പേജിൽ പ്രസാധക സ്ഥാപനത്തിന്റെ പേരും വിലാസവും ഉള്ളത് ഒരാശ്വാസത്തോടെ ഗണേശ് കണ്ടു. മാത്രമല്ല പിന്നിട്ട പാപജീവിതം അവസാനിപ്പിച്ച് മാനസാന്തരപ്പെടുകയും, ശിഷ്ടജീവിതത്തിലെങ്കിലും പാപത്തിൽനിന്ന് മുക്തി നേടുകയും ചെയ്യാൻ ധ്യാനം കൂടുകയെന്ന കുറുക്കുവഴിയുണ്ടെന്ന് അയാൾ മനസ്സിലാക്കി. ദൗത്യം ആ സ്ഥാപനംതന്നെ ഏറ്റെടുക്കുന്നുമുണ്ട്. എറണാകുളം ടൗണിൽ വണ്ടിയിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കി വീട്ടിലേയ്ക്കു പോകുമ്പോൾ ഒരു സംശയം അയാളെ വല്ലാതെ അലട്ടി. വണ്ടിയിൽനിന്ന് ലഭിച്ച പുസ്തകത്തിന്റെ ചട്ടയിലെ ചിത്രത്തെ സംബന്ധിക്കുന്നതായിരുന്നു അത്. ഇടത്തുവശത്തെ കമനീയകവാടത്തിനു മുമ്പിൽ കൈയ്യും ഉയർത്തി പാപികളെ സ്വീകരിച്ച് സ്വർഗ്ഗത്തിലേയ്ക്കുള്ള പാതയിലേയ്ക്കുയർത്താനായി നിൽക്കുന്ന യേശുവിനെ അവഗണിച്ച് എന്തിന് മനുഷ്യർ പാപത്തിന്റെ കെട്ടുകളുമായി അവിശ്വാസത്തിലേയ്ക്കും നരകത്തിലേയ്ക്കും പോകുന്നു? ഗണേശിനെ സംബന്ധിച്ചേടത്തോളം അത് അന്വേഷണത്തിന്റെ ആരംഭമായിരുന്നു.

വീട്ടിൽ ചെന്ന് ഒരിക്കൽക്കൂടി ആ ലഘുലേഖ വായിച്ചു. യേശുവിന്റെ മഹത്തായ ത്യാഗത്തെപ്പറ്റി ഉൾക്കാഴ്ച അങ്ങിനെയാണ് അയാൾക്കുണ്ടായത്. പുസ്തകത്തിന്റെ ചട്ടയിലെ ചിത്രത്തിന്റെ പ്രസക്തി ഒരു വെളിപാടുപോലെ അയാളിൽ പതഞ്ഞുപൊങ്ങി. പാപികളെ സ്വർഗ്ഗത്തിലേയ്ക്കുയർത്താൻ മിശിഹാ സ്വയം ബലിയർപ്പിക്കുകയാണുണ്ടായതെന്ന് അയാൾ വേദനയോടെ മനസ്സിലാക്കി. പുസ്തകത്തിൽ കൊടുത്ത ചിത്രം യേശുവിന്റെ മുഴുവൻ പ്രാധാന്യവും വെളിപ്പെടുത്തുന്നതിൽ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ലോകം ഇന്ന് പുതിയൊരു ഉണർവ്വോടെയാണ് അയാൾ നോക്കിക്കാണുന്നത്. പാലാരിവട്ടത്ത് നിന്ന് ഒരു സർവീസ് കാൾ അയാളുടെ പേജറിൽ വന്നിരുന്നു. രാവിലെ പാലാരിവട്ടത്തേയ്ക്കു കുതിക്കുമ്പോൾ വഴിയിൽ ഇരുവശത്തും വച്ച പോസ്റ്ററുകളിൽ അയാളുടെ ശ്രദ്ധ തിരിഞ്ഞു. ഇതൊന്നും ഇതുവരെ തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നത് അദ്ഭുതകരമായി അയാൾക്കു തോന്നി. പുതുതായി കിട്ടിയ വീറോടെ അയാൾ പോസ്റ്ററുകളുടെ എണ്ണം വച്ചു. യേശുവിനേയോ കൃസ്തുമതത്തേയോ പറ്റിയുള്ള പോസ്റ്ററുകളുടെ എണ്ണം 46, ഇസ്ലാമിനെ പറ്റിയുള്ളത് രണ്ടെണ്ണം, ഹിന്ദുമതത്തെപ്പറ്റിയുള്ള പോസ്റ്റർ ഒന്ന്. ഈ മൂന്നു പോസ്റ്ററുകളും താരതമ്യേന ചെറുതും കണ്ണിൽ പെടാൻ വിഷമമുള്ളതുമായിരുന്നു. മറിച്ച് 46 പോസ്റ്ററുകളിൽ രണ്ടടി വീതിയും ഒന്നര അടി ഉയരവും തൊട്ട് പതിനഞ്ചടി ഉയരമുള്ള കട്ടൗട്ട് വരെയുണ്ട്. അയാൾ ഓടിച്ചിരുന്ന ബൈക്കിന്റെ വേഗമാണോ, പുതുതായി ലഭിച്ച മാനസാന്തരമാണോ എന്നറിയില്ല, അയാളുടെ മനസ്സിൽ ഒരു മിന്നൽപോലെ കടന്നു വന്നത് യേശു അപകടത്തിലാണെന്ന സന്ദേശമായിരുന്നു. ഓരോ പോസ്റ്ററും യേശു അപകടത്തിലാണ്, രക്ഷിക്കുവിൻ എന്നു പറയുന്നപോലെ ഗണേശിനു തോന്നി. രണ്ടു കൈകളും ഉയർത്തി നിൽക്കുന്ന കട്ടൗട്ടുപോലും 'എന്നെ രക്ഷിക്കു' എന്ന് ഏതോ നരകക്കുഴിയിൽനിന്നുകൊണ്ട് പറയുകയാണ്. ഒരു അടിയന്തിരാവസ്ഥ സംജാതമായിരിക്കയാണ്. രക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന ബോധം അവഗണിക്കാൻ വയ്യാത്ത ഒരുൾവിളിയായി ഉയർന്നപ്പോൾ അയാൾ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാൻ പോയി.

രണ്ടായിരം പേർക്കിരിക്കാവുന്ന ഹാളിൽ ചുരുങ്ങിയത് മൂവ്വായിരം പേരെങ്കിലും ഉണ്ടാവുമെന്നയാൾ ഊഹിച്ചു. അൾത്താരയിൽ ക്രൂശിതനായ യേശുവിന്നു താഴെ അച്ചൻ പ്രസംഗിക്കുകയാണ്. ഓരോ വാക്കുകളും നിർത്തിനിർത്തി, ഇരുമ്പാണികൾ അടിച്ചുതാഴ്ത്തുന്നപോലെ അച്ചൻ പ്രസംഗിച്ചു. സ്വന്തം ജീവിതത്തെപ്പറ്റിയായിരുന്നു പ്രസംഗം. ജീവിതത്തിൽ പാപങ്ങൾ ചെയ്തും ഈശ്വരവിചാരമില്ലാതെയും നടന്ന കോളേജ് ദിനങ്ങൾ. പെട്ടെന്ന് ഒരു സന്ധ്യക്ക് ഒരുൾവിളിതോന്നി. യേശു വിളിക്കുകയായിരുന്നു. നിന്റെ ജീവിതം ഇങ്ങിനെ പാഴാക്കാനുള്ളതല്ല. എന്താണ് ഉൾവിളി? അച്ചൻ നിർത്തിനിർത്തിക്കൊണ്ട് ചോദിച്ചു. നിന്റെ - ജീവിതം - ഇങ്ങിനെ – പാഴാക്കാനുള്ളതല്ലാ…. അതോടെ മാനസാന്തരത്തിന്റെ നാളുകൾ. ജീവിതം പെട്ടെന്ന് ധന്യമാകുന്നു.

'ഹാലേലൂയാ.' അച്ചൻ ഒരു പ്രകോപനവുമില്ലാതെ വിളിച്ചു പറഞ്ഞു. മൂവ്വായിരം കണ്ഠങ്ങൾ അതേറ്റു പാടി. വീണ്ടും ഹാലേലൂയ വിളികൾ. ഹാൾ പ്രകമ്പനം കൊള്ളുന്നത് ഗണേശനറിഞ്ഞു. അപകടമുദ്രകൾ, വിപൽസന്ദേശങ്ങൾ, ഒരലയായി തന്നെ തേടിയെത്തുന്നു. യേശു അപകടത്തിലാണ്. രക്ഷിക്കൂ.

സ്തുതിയുടെ അലകൾ കെട്ടടങ്ങി. അച്ചൻ വീണ്ടും സംസാരിക്കുകയാണ്. യേശു ചെയ്ത അദ്ഭുതങ്ങളെപ്പറ്റിയായിരുന്നു പ്രസംഗം. അപസ്മാരരോഗിയായ ബാലനെ സുഖപ്പെടുത്തുന്നതുതൊട്ട്, അന്ധന്മാർക്കു കാഴ്ച കൊടുക്കുന്നത്, അത്തിവൃക്ഷത്തെ ശപിക്കുന്നത്, അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് അയ്യായിരം പുരുഷന്മാർക്കു വിളമ്പുന്നത്, വെള്ളത്തിനുമീതെ നടക്കുന്നത്, കടലിനെ ശാന്തമാക്കുന്നത്, രോഗശാന്തി നടത്തുന്നത്, മരിച്ച ലാസറെ പുനർജീവിപ്പിക്കുന്നത്, എല്ലാറ്റിനുമുപരി സ്വന്തം മരണത്തെ അതിജീവിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുന്നത്. ഓരോ അദ്ഭുതങ്ങളെപ്പറ്റി പറഞ്ഞാലും അച്ചൻ ഉച്ചത്തിൽ ഹാലേലൂയ പറയുകയും ഹാൾ അതേറ്റുപറയുകയും ചെയ്തു.

യേശുവിന്റെ ത്യാഗത്തെപ്പറ്റിയായിരുന്നു പിന്നീടുള്ള പ്രസംഗം മുഴുവൻ. 'നമ്മൾ ചെയ്ത പാപത്തിനു പരിഹാരമായി യേശു പീഡനം സഹിച്ചു കുരിശിൽ നമുക്കു വേണ്ടി മരിച്ചു.' യേശുവിന്റെ ആത്മബലിയുടെ കഥകൾ അച്ചന്റെ വായിൽ നിന്ന് ഉതിർന്നുകൊണ്ടിരുന്നു. അച്ചന്റെ ശബ്ദത്തിന്ന് ഒരു താരാട്ടു പാട്ടിന്റെ ഈണമുണ്ടായിരുന്നു. അത് ഗണേശനെ ഒരു മയക്കത്തിലേയ്ക്കു നയിക്കുകയാണ്. ശരീരം മയക്കത്തിലായപ്പോൾ മനസ്സുണർന്നു പ്രവർത്തിക്കാൻ തുടങ്ങി. യുക്തി മനസ്സിന്റെ നിയന്ത്രണമേറ്റെടുത്ത് ഗണേശന് പ്രശ്‌നങ്ങളുണ്ടാക്കി. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം വിശുദ്ധഗ്രന്ഥത്തിലുണ്ടാവാമെന്ന പ്രതീക്ഷയിൽ കാസറ്റുകളും പുസ്തകങ്ങളും വിൽക്കുന്ന കൗണ്ടറിൽ ക്യൂ നിന്ന് അയാൾ ഒരു ബൈബിൾ വാങ്ങി. എൺപതു രൂപ. തന്റെ ചോദ്യങ്ങൾക്കുള്ള മറുപടി അതിലുണ്ടെങ്കിൽ ഈ തുക നിസ്സാരമാണ്.

കൗണ്ടറിലിരുന്ന സാരിയുടുത്ത സ്ത്രീ പറഞ്ഞു.

'ഇന്നലെ ഒരദ്ഭുതം നടന്നിട്ടുണ്ട്.'

'എന്തദ്ഭുതം?' ഗണേശിനു മനസ്സിലായില്ല.

ഇപ്പോൾ ആ സ്ത്രീയാണ് അദ്ഭുതപ്പെട്ടത്.

'അദ്ഭുതം തന്നെ. ഇവിടെ ഒട്ടുമിക്കവാറും ദിവസങ്ങളിൽ അദ്ഭുതങ്ങൾ സംഭവിക്കാറുണ്ട്. രോഗശാന്തിക്കാണ് ധ്യാനം കൂടാൻ വരുന്നത്. ഇന്നലെയുണ്ടായത് ജന്മനാൽ മുടന്തനായ ഒരാൾക്കാണ്.'

'എന്നുവച്ചാൽ?'

'ധ്യാനം പകുതിയായപ്പോൾ അയാൾ എഴുന്നേറ്റു നടക്കാൻ തുടങ്ങി.'

ഗണേശ് ഒന്നും പറഞ്ഞില്ല.

'എന്താ അത് അദ്ഭുതമല്ലേ?'

ഗണേശ് തലയാട്ടി. അദ്ഭുതം തന്നെയാണ്. പക്ഷേ എങ്ങിനെയാണ് അതു സംഭവിക്കുന്നത്?

'യേശു ചെയ്യുന്നതാണ്. ധ്യാനത്തിന്റെ നിമിഷങ്ങളിൽ അച്ചനെ യേശു ആവേശിക്കുന്നു. അങ്ങിനെ അച്ചൻവഴി യേശുതന്നെയാണ് രോഗശാന്തി നടത്തുന്നത്. കർത്താവിൽ വിശ്വസിക്കുന്നവർക്കു മാത്രമേ രോഗശാന്തിയുണ്ടാവൂ.'

രാത്രി അച്ഛനും അമ്മയും കാണാതെ ഗണേശ് ബൈബിൾ തുറന്നു വായിച്ചു. മേശപ്പുറത്ത് ഇരുന്നിരുന്ന ഗണപതിയുടെ വിഗ്രഹം അയാളെ അത്രതന്നെ കരുണയില്ലാതെ നോക്കി. ഗണപതിയെ തല്ക്കാലം മേശവലിപ്പിലേയ്ക്കു വച്ച് അയാൾ ബൈബിളിൽ മുഴുകി. അഞ്ചു രാത്രികളിൽ ഗണപതി മേശവലിപ്പിലുറങ്ങവേ അയാൾ ബൈബിൾ മുഴുവൻ വായിച്ചു തീർത്തു.

ഗണേശിന്റെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞിരുന്നു. സംശയങ്ങൾ തീർത്തുതരുമെന്ന് കരുതിയ ഗ്രന്ഥം തനിക്ക് കൂടുതൽ സംശയങ്ങളുണ്ടാക്കുകയാണ് ചെയ്തത്.

കമ്പ്യൂട്ടറുകൾ അയാൾക്ക് പ്രശ്‌നങ്ങളുണ്ടാക്കിയ ആഴ്ചയായിരുന്നു അത്. റെയിൽവേ കാന്റീനിലെ ഭക്ഷണവും അയാളിൽ അതൃപ്തി നിറച്ചു. അവിയലിൽ വേവാത്ത കഷ്ണങ്ങൾ, സാമ്പാറിൽ മൂത്ത വെണ്ടക്ക, വല്ലാതെ പുളിച്ച തൈര്. സ്വാമിയുമായുള്ള ആത്മീയബന്ധത്തിന് ഇളക്കം തട്ടിയെന്നയാൾ കണ്ടു.

അയാൾ വീണ്ടും ധ്യാനകേന്ദ്രത്തിലെത്തിയത് സംശയത്തിന്റെ ഭാണ്ഡവുമേന്തിയാണ്. പ്രസംഗത്തിന്റെ ഇടവേളകളിൽ ധ്യാനം കൂടുന്നവർക്ക് അച്ചനോട് നേരിട്ട് സംസാരിക്കാമായിരുന്നു. ഒരിടവേളയിൽ ഗണേശ് തന്റെ സംശയങ്ങൾ അച്ചന്റെ മുമ്പിൽ കാഴ്ചവച്ചു.

'അച്ചന്റെ പ്രസംഗത്തിൽ പറയുന്നതും ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ളതുമായ അദ്ഭുതകൃത്യങ്ങൾ യേശു ശരിക്കും ചെയ്തവയാണോ?'

'വിശുദ്ധപുസ്തകത്തെ സംശയിക്കേണ്ടതില്ല.'

അച്ചന്റെ മറുപടി ഗണേശനെ അസ്വസ്ഥനാക്കി. കഴിഞ്ഞ ആഴ്ച അച്ചന്റെ പ്രസംഗം കേൾക്കുമ്പോഴും, പിന്നീട് വീട്ടിൽനിന്ന് ബൈബിൾ വായിക്കുമ്പോഴും അയാളുടെ മനസ്സിൽ ഇരച്ചു കയറിയത് കോളേജിൽ ഒരിക്കൽ നടന്ന ജാലവിദ്യാപ്രകടനമായിരുന്നു. മാന്ത്രികൻ ഓരോ അഭ്യാസങ്ങൾ കാട്ടുമ്പോഴും വിദ്യാർത്ഥികൾ കൈകൊട്ടി അഭിനന്ദിച്ചു. അതെല്ലാം വെറും ട്രിക്കുകൾ മാത്രമാണെന്നറിയുമ്പോഴും അയാൾക്ക് ആ ജാലവിദ്യയുടെ മാന്ത്രികവലയത്തിൽനിന്നു പുറത്തുകടക്കാൻ കഴിഞ്ഞിരുന്നില്ല. ഇവിടെ യേശുവിന്റെ അദ്ഭുതകൃത്യങ്ങൾ വിവരിക്കുമ്പോൾ കൈയ്യടികൾക്കു പകരം ഹാലേലൂയ വിളികളുയരുന്നുവെന്നു മാത്രം. യേശുവിനെ വെറുമൊരു മാന്ത്രികനായി കണക്കാക്കാൻ അയാളുടെ മനസ്സ് വിസമ്മതിക്കുകയും ചെയ്തു. യേശു ചെയ്ത കാര്യങ്ങളിൽ, അത്തിവൃക്ഷത്തെ ശപിച്ചതൊഴികെ എല്ലാം നല്ലതിനായിരുന്നുവെന്നും അയാൾക്കറിയാം. അത്തിവൃക്ഷം വന്ധ്യയായത് അതിന്റെ തെറ്റല്ല. ആ കാരണംകൊണ്ട് അതിനെ ശപിച്ച് ഉണക്കിയത് ന്യായീകരിക്കാൻ ഗണേശിനു പറ്റിയില്ല. അതെന്തുമാകട്ടെ, അയാളെ അലട്ടിയിരുന്ന സംശയം ത്യാഗത്തിന്റേതായിരുന്നു. അദ്ഭുതകൃത്യങ്ങളും ത്യാഗവും തമ്മിൽ പൊരുത്തപ്പെട്ടു പോകുന്നില്ല. യേശു ഒരു വെറും മനുഷ്യൻ മാത്രമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ത്യാഗം വിലയേറിയതാകുമായിരുന്നു. അദ്ദേഹം ഏറ്റുവാങ്ങിയ പീഡനങ്ങളും, കുരിശിൽ തറയ്ക്കുമ്പോൾ സഹിച്ച വേദനയുമെല്ലാം ഒരു സാധാരണ മനുഷ്യന്നാണ് സംഭവിച്ചിരുന്നതെങ്കിൽ അത് പാപത്തിന്റെ കറവീണ സഹജീവിയെ രക്ഷിക്കാനുള്ള മഹത്തായ ത്യാഗമാകുമായിരുന്നു. ഇപ്പോഴതല്ല സ്ഥിതി. മരിച്ച ലാസർക്ക് ഉയിരു കൊടുത്ത, കുഷ്ഠരോഗിയുടെ രോഗം ഭേദമാക്കിയ, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ സുഭിക്ഷമായി തീറ്റിച്ച, പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കി മാറ്റിയ, വെള്ളത്തിനുമീതെ നടന്ന, മരിച്ചശേഷം സ്വയം ഉയർത്തെഴുന്നേറ്റ ദൈവപുത്രന്ന് പീഡനങ്ങളേറ്റു വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല, കുരിശിൽ തറച്ചാൽ വേദനയുണ്ടാവാൻ വഴിയില്ല. അങ്ങിനെയാകുമ്പോൾ ഇതിലെല്ലാം ത്യാഗമെവിടെ? വേദനയുള്ളിടത്തേ ത്യാഗവുമുള്ളൂ. യേശു ചെയ്ത അദ്ഭുതങ്ങൾ യേശുവിനുതന്നെ വിനയാവുകയാണ്.

അച്ചൻ ഗണേശിനെ ദേഷ്യത്തോടെ നോക്കി. മറുപടി പറയാനുള്ള കഴിവില്ലായ്മയിൽ അദ്ദേഹത്തിന് സ്വയം അമർഷം തോന്നിയിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് അദ്ദേഹം റോമിൽ ഒരു പേപൽ കൺവെൻഷനു പോയിരുന്നു. തൊട്ടു മുമ്പാണ് ജെസ്യൂട്ടുകൾ പ്രപഞ്ചോൽപ്പത്തിയെപ്പറ്റി ശാസ്ത്രജ്ഞന്മാരുടെ ഒരു കൺവെൻഷൻ വിളിച്ചുകൂട്ടിയത്. ഭൗതികശാസ്ത്രത്തിന്റെ ഇരച്ചുകയറ്റം ആത്മീയമായ പല അടിത്തറകളേയും വിശ്വാസങ്ങളേയും ശക്തമായി ഇളക്കിമറിച്ച പശ്ചാത്തലത്തിലായിരുന്നു അത്. സൃഷ്ടിയെപ്പറ്റിയും, പ്രപഞ്ചത്തിന്റെ പ്രായത്തെപ്പറ്റിയും. ശാസ്ത്രവും ബൈബിളും തമ്മിലുള്ള പൊരുത്തക്കേട് എങ്ങിനെ കുറയ്ക്കാമെന്നായിരുന്നു അവരുടെ നോട്ടം. കുറയ്ക്കാൻ പറ്റിയില്ലെന്നു മാത്രമല്ല തങ്ങളുടെ കണ്ടുപിടുത്തങ്ങളിൽ ശസ്ത്രജ്ഞന്മാർ തെളിവുസഹിതം ഉറച്ചുനിൽക്കുകതന്നെ ചെയ്തു. ഇന്നു കാണുന്ന ദൃശ്യപ്രപഞ്ചത്തിന്റെ തുടക്കം ഒരു വലിയ പൊട്ടിത്തെറിയിലാണെന്നും, ആ പൊട്ടിത്തെറിക്ക് പതിനായിരം കോടി വർഷത്തിലധികം പഴക്കമുണ്ടെന്നും അവർ തെളിവുസഹിതം വാദിച്ചപ്പോൾ പിടിച്ചു നിൽക്കാനാവില്ലെന്ന് പോപ്പിനു മനസ്സിലായി. അതിന്റെ അന്ത്യത്തിൽ ശാസ്ത്രജ്ഞന്മാരുമായി അനുവദിച്ചിരുന്ന ഒരു കൂടിക്കാഴ്ചയിൽ പോപ്പ് പറഞ്ഞു. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെപ്പറ്റി നിങ്ങൾ പറയുന്നതൊക്കെ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. ബിഗ്ബാങ്ങിലാണ് തുടക്കമെന്ന് സമ്മതിക്കുന്നു. പക്ഷേ എനിക്ക് ഒരഭ്യർത്ഥനയുണ്ട്. ബിഗ്ബാങ് സൃഷ്ടിയുടെ നിമിഷമാണ്. അതിനുള്ളിലേയ്ക്ക്, അതായത് ദൈവത്തിന്റെ സൃഷ്ടിയുടെ ഉള്ളറകളിലേയ്ക്ക് നിങ്ങൾ എത്തിനോക്കരുത്. അത് ദൈവനിന്ദയാവും.

അച്ചൻ നെടുവീർപ്പിട്ടു. അദ്ദേഹത്തിന്ന് ഇന്നറിയാം പ്രപഞ്ചം സ്ഥലകാലപരിധിയില്ലാത്തതാണെന്നും, അതുകൊണ്ടുതന്നെ ആദ്യന്തവിഹീനമാണെന്നും. സൃഷ്ടിയുടെ മുഹൂർത്തം എന്നൊന്നില്ല. ബൈബിൾ എടുത്ത് ധ്യാനം നയിക്കുന്നത്, ആയിരാമാണ്ടിലെഴുതിയ സയൻസ് ബുക്കെടുത്ത് രണ്ടായിരാമാണ്ടിലെ കുട്ടികളെ പഠിപ്പിക്കുന്നതുപോലെയാണ്.

'ഒന്നുകിൽ യേശുവിൽ ആരോപിക്കപ്പെടുന്ന അദ്ഭുതങ്ങൾ കെട്ടുകഥകളായിരിക്കണം' ഗണേശ് പറഞ്ഞു. 'അല്ലെങ്കിൽ യേശു നമുക്കുവേണ്ടി കുരിശിലെ ത്യാഗമനുഷ്ഠിച്ചു എന്നത് മാറ്റിയെഴുതണം. രണ്ടും തമ്മിൽ ചേർന്നുപോവില്ല.'

ഒരു കന്യാസ്ത്രീ വന്ന് അച്ചനെ രക്ഷിച്ചു.

'നമുക്ക് ഇതിനെപ്പറ്റി കൂടുതൽ സംസാരിക്കാം.' അച്ചൻ പറഞ്ഞു. 'ഇപ്പോൾ പ്രാർത്ഥനക്കുള്ള സമയമായിരിക്കുന്നു.'

ധ്യാനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഗണേശ് ബൈബിൾ പുറത്തെടുത്തു പിടിച്ചിരുന്നു. ഒരനൈച്ഛികചേഷ്ടമാത്രമായിരുന്നു അത്. സഞ്ചിയിൽ സ്ഥലമുണ്ടായിരുന്നിട്ടും അതെടുത്ത് പുറത്തു പിടിച്ചതിന്റെ കാരണം അയാൾക്കു മനസ്സിലായില്ല. പുറത്തു കടന്ന് ബസ്‌സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോഴാണ് എതിർവശത്തു നിന്ന് വന്നിരുന്ന ചെറുപ്പക്കാരനെ കാണുന്നത്. പിറ്റേന്നു തുടങ്ങുന്ന ധ്യാനത്തിനു പേർ ചേർക്കാൻ വരുന്ന ആരെങ്കിലുമായിരിക്കുമെന്നയാൾ ഓർത്തു. ഗണേശ് അയാളെ തടഞ്ഞു നിർത്തി. കയ്യിലുള്ള ബൈബിൾ നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

'അകത്ത് എൺപതു രൂപയാണ് വില. പകുതി വില തന്നാൽ മതി എടുത്തുകൊള്ളൂ.'

അയാൾ ബൈബിൾ വാങ്ങി, വർഷാരംഭത്തിൽ സ്‌കൂളിൽ പോകുന്ന ഒരു വിദ്യാർത്ഥി ടെക്സ്റ്റ്ബുക് നോക്കുന്നപോലെ പരിശോധിച്ചശേഷം അയാൾ വിശ്വാസമാവാതെ ഗണേശിനെ നോക്കി.

'അതെ, പുതിയതുതന്നെയാണ്.'

വീട്ടിൽ ചെന്നശേഷം കുളിച്ച് അമ്മ വിളമ്പിത്തന്ന ഊണുകഴിച്ച്, കിടപ്പറയിലെ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്ന് വാർക്രാഫ്റ്റ് കളിക്കാൻ തുടങ്ങുമ്പോൾ അയാളെ അലട്ടിയിരുന്നത് താൻ വഴിയിൽവച്ചു കണ്ട ചെറുപ്പക്കാരന്റെ നെറ്റിയിലെ ചന്ദനക്കുറിയായിരുന്നു. അയാളുടെ പേർ ഗണേശ് ആവരുതേ എന്നയാൾ പ്രാർത്ഥിച്ചു.

സമകാലിക മലയാളം വാര്‍ഷികപ്പതിപ്പ് - ആഗസ്റ്റ് 20, 1999