വെള്ളിത്തിരയിലെന്നപോലെ


ഇ ഹരികുമാര്‍

ഞായറാഴ്ച

രാവിലെ ചെമ്മീൻകെട്ടിൽ നല്ല തിരക്കാണ്. പതിവുകാർ ചെമ്മീനും കരിമീനും വാങ്ങാൻ ഒന്നുകിൽ സഞ്ചിയുമായി നേരിട്ട് വരുന്നു, അല്ലെങ്കിൽ ഡ്രൈവർമാരെ അയയ്ക്കുന്നു. ഒരു പതിനൊന്നു മണിയോടെ കച്ചവടം അവസാനിപ്പിച്ച് ജോസ് വഞ്ചിയിൽ പോകുന്നു. പിന്നെ അയാളും അയാളുടേതു മാത്രമായ സ്വകാര്യലോകവുമാണ്. ഒരു ഒറ്റയാന്റെ ജീവിതം. അവിടെ ആർക്കും പ്രവേശനമില്ല. ആ സമയത്താണയാൾ മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നതും സ്വപ്നം കാണുന്നതും. അങ്ങിനെ സ്വപ്നം കണ്ട് അലയുമ്പോഴാണ് കരയിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കാണുന്നത്. ചൂരിദാറും കമ്മീസും ധരിച്ച പെൺകുട്ടി. അവളുടെ ഷാളും തലമുടിയും കാറ്റിൽ പറക്കുന്നു.

ഒരു പെൺകുട്ടി! തന്നെ അന്വേഷിച്ച് ഒരു പെൺകുട്ടി നിൽക്കുന്നു. മീനിനു വേണ്ടിയല്ലെന്ന് അവളുടെ നിൽപു കണ്ടപ്പോൾ മനസ്സിലായി. പിന്നെ? ആദ്യ പ്രേരണയിൽ അയാൾ മീനുകൾക്ക് ഭക്ഷണം കൊടുക്കുന്നതു നിർത്തി കരയിൽ നിന്ന് വീണ്ടും തുഴഞ്ഞകന്നു. തന്റെ ജീവിതത്തിൽ ആരും വരണ്ട, ഒരു പെൺകുട്ടിപോലും. പെണ്ണുങ്ങൾക്കു വേണ്ടി പോണ്ട സ്ഥലങ്ങൾ അയാൾക്കറിയാം. അയാൾ ആവശ്യമുള്ളപ്പോൾ അങ്ങോട്ടു പോവ്വാണ് പതിവ്. ആരും പക്ഷെ അയാളെ തേടി ഇവിടെ വരേണ്ട.

'ജോസേട്ടാ........'

അവൾ വിളിയ്ക്കുകയാണ്. അയാൾ തുഴച്ചിൽ നിർത്തി. ആ വിളിയിൽ എന്തൊക്കേയോ ഉണ്ട്. ധൃതി, അടുപ്പം, പിന്നെ ശബ്ദത്തിന്റെ അതിപരിചയം. എവിടേയോ മറന്നിട്ട ഒരീണം പോലെ. വീണ്ടും ആ വിളി കാറ്റിൽ ഒഴുകിവന്നപ്പോൾ അയാൾ വഞ്ചി തിരിച്ചു.

കരയോടടുക്കും തോറും അയാൾക്കവളെ തിരിച്ചറിയാൻ കഴിഞ്ഞു. ഇനി അറിയേണ്ടത് ഇത്രേം കൊല്ലം കഴിഞ്ഞിട്ട് അവളെന്തിനാണ് തന്നെ അന്വേഷിച്ചു വന്നത് ന്ന് മാത്രം.

തുഴ വഞ്ചിയിലിട്ട് കരയിലേയ്ക്ക് ചാടിയിറങ്ങി കയർ കുറ്റിമേൽ കൊളുത്തി അയാൾ ഷർളിയുടെ അടുത്തേയ്ക്കു ചെന്നു.

'എന്താ പെണ്ണേ, നിനക്ക് വഴി തെറ്റിയോ, ഇനിയങ്ങോട്ട് റോഡില്ല, കായലാണ്.'

'വഴി തെറ്റീതല്ല ജോസേട്ടാ ഇപ്പഴാണ് ശരിയ്ക്ക്ള്ള വഴി മനസ്സിലായത്.'

'എന്തു പറ്റീ മോളേ?' ഷർളിയുടെ ശബ്ദത്തിലെ കയ്പ്പുരസം അയാൾക്കനുഭവപ്പെട്ടു, അതു മറച്ചുവെയ്ക്കാനവൾക്കുദ്ദേശമുണ്ടായിരുന്നില്ല എന്നതും.

അവൾ ചുറ്റും നോക്കി. കായൽ പരന്നുകിടക്കുന്നതിനിടയിൽ ഒന്നു രണ്ടിടത്ത് വളരെ ചെറിയ തുരുത്തുകൾ. ആ തുരുത്തുകളിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒന്നുരണ്ടു ഗതികിട്ടാത്ത തെങ്ങുകൾ മാത്രം. മറ്റു മരങ്ങളൊന്നുമില്ല. ശരിയാണ് നന്ദിത പറഞ്ഞത്. ഇയ്യാൾക്ക് ഒരേകാന്തവാസം തന്ന്യാണ്. ഉപ്പു വിളഞ്ഞ് വെള്ള നിറമായ കരയുടെ ചുറ്റുവട്ടത്തും ആൾവാസമൊന്നുമില്ല.

'ജോസേട്ടാ, ഞാൻ സാമുവലിനെ വേണ്ടാന്ന് വെയ്ക്ക്യാണ്. വിടുവിയ്ക്കാൻ കേസു കൊടുത്തിരിയ്ക്ക്യാണ്.'

'എന്തേ?'

'ആ മനുഷ്യൻ എന്നെ ഉപദ്രവിച്ചതിന് കണക്കില്ല. പറേമ്പ ഒരു കൊല്ലായിട്ടേള്ളു കല്യാണം കഴിഞ്ഞിട്ട്. ഒരു പത്തു കൊല്ലത്തെ പീഡനം ഞാനനുഭവിച്ചു കഴിഞ്ഞു..... എന്റെ ആഭരണങ്ങളെല്ലാം അയാള് അഴിച്ചുകൊണ്ടോയി തൂക്കിവിറ്റു. എന്റെ അപ്പൻ കഷ്ടപ്പെട്ടുണ്ടാക്ക്യ രണ്ടുലക്ഷം രൂപേം അയാള് നശിപ്പിച്ചു. സ്ത്രീധനായിട്ട് കൊടുത്തതാ.'

'അങ്ങിന്യൊക്ക്യാണോ സ്ഥിതി?' അയാൾ പറഞ്ഞു. 'ഇതൊന്നും ഞാനറിഞ്ഞില്ല.'

ഷർളി ഒന്നും പറയാതെ നിൽക്കുകയാണ്. അവൾക്ക് കുറേ പറയാനുണ്ടെന്ന് ജോസിനു മനസ്സിലായി. അതു പറയാനുള്ള ഒരവസരത്തിനായി കാത്തുനിൽക്കയാണവൾ.

'ഒരു കാര്യം ചെയ്യാം.' ജോസേട്ടൻ പറഞ്ഞു. നമുക്ക് വഞ്ചീല് പോവാം. ഇവിടെ നിന്നാൽ ശര്യാവില്ല. ഇനീം വല്ലോരും മീൻ വാങ്ങാൻ വന്നൂടാന്നില്ല. നെനക്ക് വെഷമാവും. നെനക്ക് വിശ്വാസംണ്ട്ച്ചാൽ മാത്രം ന്റൊപ്പം വഞ്ചീല് വന്നാ മതി.'

'എനിക്ക് കുട്ടീല് തൊട്ട് പതിനാറാം വയസ്സ്‌വരെണ്ടായിര്ന്ന വിശ്വാസം ജോസേട്ടനില് ഇപ്പഴുംണ്ട്. പോരെ?'

'ന്നാ വാ.'

വഞ്ചി കരയിൽ നിന്നകന്നു. ഷർളി ഭയത്തോടെ വെള്ളത്തിലേയ്ക്കു നോക്കി.

'എന്താ പേടിണ്ടോ?'

'കുറേശ്ശെ.'

'ഇവിട്യൊന്നും മുങ്ങിച്ചാവാന്ള്ള വെള്ളം കൂടില്ല്യ. എന്റെ ചെമ്മീൻ പാടാണ്. കൊറച്ചപ്രത്ത് പോയാൽ കായല് തൊടങ്ങും. അവിട്യക്കെ നല്ല ആഴം കാണും.'

'അങ്ങോട്ടു പോണോ?' അവൾ വെള്ളത്തിലേക്ക് നോക്കി ഭയത്തോടെ ചോദിച്ചു.

'നീ പേടിക്കാണ്ടിരിയ്ക്ക്.' അയാൾ തുഴയുകയാണ്.

'അപ്പൊ എന്തേണ്ടായത്ന്ന് പറേ?'

വഞ്ചി ഒരു ചെറിയ തുരുത്തിന്റെ മറവിലെത്തിയിരുന്നു. അവിടെ നിറയെ കണ്ടൽക്കാടുകളാണ്. തണലുണ്ടെന്നു മാത്രമല്ല പുറത്തുനിന്ന് ആരും കാണുകയുമില്ല.

വഞ്ചി കണ്ടലിന്റെ കട്ടികൂടിയ വേരിൽ കെട്ടിയിട്ടശേഷം അയാൾ അവളുടെ നേരെ തിരിഞ്ഞു.

'ഇനി പറേ.'

'ആ മനുഷ്യൻ എന്നെ വല്ലാതെ ഉപദ്രവിച്ചിട്ട്ണ്ട്.'

'എന്തിനേ അയാള് നെന്നെ ഉപദ്രവിച്ചത് ന്ന് പറേ?'

'എന്തെങ്കിലും കാരണം വേണോ? കുറേ അകത്താക്കിക്കൊണ്ടാണ് രാത്രി വര്വാ. പിന്നെ എന്തെങ്കിലും പറഞ്ഞ് എന്നെ തല്ലാനും ചവിട്ടാനും തൊടങ്ങും. കണ്ടോ?'

ഷർളി അവൾക്കു പറ്റിയ ക്ഷതങ്ങളുടെ പാടുകൾ ഓരോന്നോരോന്നായി കാണിച്ചു. ഓരോ പാടുകൾക്കു പിന്നിലും ഓരോ കഥകളുണ്ട്. അവൾ വ്യക്തമായി ഓർക്കുന്ന കഥകൾ. ഓരോ ആഭരണം ചോദിയ്ക്കുമ്പോഴും കൊടുക്കാൻ മടിച്ചതിന്, അപ്പന്റെ കയ്യിൽനിന്ന് സ്‌കൂട്ടറ് വാങ്ങാനുള്ള പണം ചോദിച്ചു മേടിയ്ക്കാത്തതിന്, അപ്പന്റെ ആകെയുള്ള വീടും അഞ്ചു സെന്റ് സ്ഥലവും അയാളുടെ പേരിൽ എഴുതിക്കൊടുക്കാത്തതിന്, പിന്നെ ഒരു കാര്യവുമില്ലാതെ ഉപദ്രവിയ്ക്കാനുള്ള രസം കൊണ്ട് ചെയ്തതിന്റെ ഓർമ്മക്കുറിപ്പുകൾ. മാറിൽ സിഗററ്റ് കുത്തിക്കെടുത്തിയതിന്റെ പാടുകൾ.......

'ഞാനതൊക്കെ ചോദിക്കണംന്ന് വെച്ചിരിക്ക്യായിരുന്നു. നെന്നെ ഞാൻ മുമ്പ് കണ്ടീര്ന്നപ്പൊ നീ ഇങ്ങിന്യൊന്നും ആയിര്ന്നില്ല്യല്ലൊ. ഇപ്പോൾ നെന്റെ മുഖത്ത് ചിരിയേയില്ലല്ലൊ. പണ്ടിങ്ങന്യായിരുന്നോ?' ഒരു നിമിഷം കണ്ണടച്ചിരുന്ന ശേഷം അയാൾ പറഞ്ഞു. 'എനിക്കിപ്പൊ എന്താ തോന്ന്ണത്ന്നറിയ്യോ?'

ഷർളി ഒരു ചോദ്യത്തോടെ അയാളെ നോക്കി.

'നെന്റെ കഴുത്ത് പിടിച്ച് ഈ കായലിലേയ്ക്ക് തള്ളിയിടാനാണ്. ഇത്രെ്യാക്കെ സംഭവിച്ചിട്ടും നീ അയാളെ ഒരു ചൂലെടുത്തടിച്ച് പൊറത്താക്കിയില്ലല്ലൊ. അവൻ നെന്നെ ഉപദ്രവിച്ചപ്പൊഴൊക്കെ നെന്റെ കയ്യോള് എവ്ട്യായിരുന്നു?' അയാൾ പല്ലിറുമ്മി. 'എന്നോടൊന്നു പറയായിരുന്നില്ലേ?'

എന്താണ് പറയേണ്ടതെന്നറിയാതെ ഷർളി തലയും താഴ്ത്തിയിരുന്നു. ജോസേട്ടനെ കാണാൻ വന്നത് കുഴപ്പമായോ എന്നാണവൾ ആലോചിച്ചിരുന്നത്. കുട്ടിക്കാലത്ത് ഒപ്പം കളിച്ചതാണ്, ഒപ്പം സ്‌കൂളിൽ പോയതാണ്. അയാൾക്കവളെ വളരെ ഇഷ്ടമായിരുന്നു. ആരെങ്കിലും അവളെ ഉപദ്രവിയ്ക്കുകയാണെങ്കിൽ ശിക്ഷ കൊടുക്കുന്നത് ജോസേട്ടനായിരുന്നു. തന്റെ ജീവിതത്തിനു ചുറ്റും ഒരു കവചമായി ഉണ്ടായിരുന്ന ആൾ. പിന്നെ എപ്പോഴോ തമ്മിൽ അകന്നു. ജോസേട്ടൻ പഠിത്തം നിർത്തി ചെമ്മീൻകെട്ടിലേയ്ക്കു തിരിഞ്ഞു. താൻ കഷ്ടി ച്ച് ഒരു ഡിഗ്രിയെടുത്തു, ഒരു കമ്പ്യൂട്ടർ കോഴ്‌സ് തീർത്തു. കല്യാണവും കഴിഞ്ഞു. ഇപ്പോൾ നന്ദിതയാണ് ജോസേട്ടന്റെ കാര്യം ഓർമ്മിപ്പിച്ചത്.

'അപ്പൊ നീയ് പോലീസ് സ്റ്റേഷനില് പരാതി കൊടുത്തില്ലേ?'

'കൊടുത്തപ്പ പറഞ്ഞു കുടുംബക്കോടതീലാണ് കൊടുക്കേണ്ടത്ന്ന്. അവിടെ പോയി പരാതി കൊടുത്തു. അയാളും കൊടുത്തു പരാതി. അവസാനം വാദി പ്രതിയാവണ മട്ടായി. എന്നോട് പരാതിയെല്ലാം പിൻവലിച്ച് അയാള്‌ടെ ഒപ്പം പോയി താമസിക്ക്യാ നല്ലത് ന്നാ അവര്‌ടെ ഉപദേശം.

'പള്ളീല് പോയി അച്ചനോട് പറഞ്ഞു എനിക്ക് ഈ കല്യാണത്തീന്ന് ഒഴിവാവണംന്ന്. അയാള്‌ടെ ഉപദ്രവൊക്കെ വിവരിച്ച് കൊടുത്തിട്ടും അച്ചൻ പറഞ്ഞത് ദൈവം കൂട്ടിച്ചേർത്തതിനെ നമുക്ക് പിരിയ്ക്കാൻ പാടില്ലാന്നാ. ഞാനൊന്ന് അവനെ ഉപദേശിച്ചുനോക്കട്ടേന്നും. ഒരു ഞായറാഴ്ച കൊറെ നേരം ഉപദേശിയ്ക്കണതൊക്കെ കണ്ടു. അന്ന് രാത്ര്യാണ് ഏറ്റവും അധികം കുടിച്ചതും എന്നെ ഏറ്റവും കൂടുതല് ഉപദ്രവിച്ചതും.

അതു കഴിഞ്ഞപ്പൊ ഞാനൊരു വക്കീലിനെ കണ്ടു. രാജശേഖരന്നാ പേര്. അയാളതൊക്കെ പെട്ടെന്ന് ശര്യാക്കാംന്ന് പറഞ്ഞു. കൊറച്ച് പേപ്പറൊപ്പിടാൻ വൈകീട്ട് വീട്ടില് ചെല്ലാൻ പറഞ്ഞു. അവ്‌ടെ ചെന്നപ്പൊ അയാള് ഒറ്റയ്‌ക്കേള്ളൂ. അകത്തേയ്ക്കു വരാൻ പറഞ്ഞു. ചെന്നപ്പൊ.............'

'ചെന്നപ്പൊ?'

അവൾ ഒന്നും പറയാതെ കരയാൻ തുടങ്ങി.

'എന്തു പറ്റീ മോളെ?'

കരച്ചിൽ ഒരു തേങ്ങലിലൊതുങ്ങിയപ്പോൾ സംസാരിക്കാനുള്ള സാവകാശം അവൾക്കുണ്ടായി.

'ഞാനൊരു വിധത്തിൽ അവ്ടന്ന് ഓടി രക്ഷപ്പെട്ടതാണ്.'

'ആ നാറീനെ എനിക്കൊന്ന് കാണണം. അപ്പൊ നീയും വരണം എന്റെ ഒപ്പം. നീയെന്തിനാണ് ഒറ്റയ്ക്ക് എല്ലായിടത്തും പോണത്? ആരെയെങ്കിലും കൂട്ടിക്കൂടെ?'

'എനിയ്ക്ക് ആരും ഇല്ല ജോസേട്ടാ.'

'അപ്പനോ?'

അവൾ വീണ്ടും കരയാൻ തുടങ്ങി.

'കരയാതെ പെണ്ണേ, നമുക്ക് വഴിണ്ടാക്കാം. നെന്നെ ഉപദ്രവിച്ച ആ നാറികളില്ലെ, അവറ്റ ഓരോന്നോരോന്നായി നെന്റെ കാൽക്കല് വന്ന് വീഴണത് കാണാം. പോരെ?'

തിരിച്ചുള്ള വരവിൽ അവൾ വാതോരാതെ സംസാരിയ്ക്കുകയായിരുന്നു. ഭർത്താവ് അവളെ മറ്റുള്ളവരിൽനിന്നും ഒറ്റപ്പെടുത്തുകയാണുണ്ടായത്. അവളുടെ വീട്ടുകാർക്കെല്ലാം രാത്രി പത്തിമണിയ്ക്കു ശേഷം ഫോൺ ചെയ്ത് അസഭ്യവർഷം നടത്തിയത്, അവളെ വീട്ടിൽ കയറ്റിയാൽ കഥകഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്..........ജോസേട്ടൻ ഒന്നും പറയാതെ തുഴഞ്ഞുകൊണ്ടിരുന്നു. അയാൾ പിന്നീടൊന്നും ചോദിയ്ക്കുകയുണ്ടായില്ല. ഷർളി പറഞ്ഞേടത്തോളം കൊണ്ടുതന്നെ അയാൾക്ക് ഒരു ഭീകരരൂപം വരച്ചുണ്ടാക്കാൻ പറ്റിയിരുന്നു. അതിനു മുമ്പിലൂടെ ഒരു സാധു പെൺകുട്ടി സഹായത്തിനായി ഒറ്റയ്ക്ക് അലഞ്ഞു നടക്കുന്ന ചിത്രവും. അയാൾ പല്ലിറുമ്മി.

തിങ്കളാഴ്ച രാത്രി.

സാമാന്യം വലിയ ടെലിഫോൺ ബൂത്തിലേയ്ക്കു കടന്നുവന്ന നീണ്ടുമെലിഞ്ഞ ചെറുപ്പക്കാരൻ ചോദിച്ചു.

'ഞാൻ ജോസ്. ഇവിടെ ഒരുത്തൻ വരാറില്ലെ ഒരു സാമുവൽ? അവനെവിടെ?'

ഒരു ഫിലിം ഹീറോവിന്റെ തടിയോ എടുപ്പോ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും അയാളുടെ മുഴങ്ങുന്ന ശബ്ദവും നോട്ടവും അവിടെ കൂടിയിരുന്ന് വെടി പറഞ്ഞിരുന്ന ചെറുപ്പക്കാർക്കിടയിൽ ഭീതി പരത്തി. അവർ മുഖത്തോടു മുഖം നോക്കി.

ആഗതൻ പോക്കറ്റിൽ നിന്ന് ഒരു പാസ്സ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ കയ്യിലെടുത്തു അതിൽ നോക്കിപ്പഠിച്ചശേഷം വീണ്ടും അവരെ ഓരോരുത്തരെയായി നോക്കി. അവർ മറുപടിയൊന്നും പറഞ്ഞില്ല. ഫോട്ടോ തിരിച്ച് പോക്കറ്റിലിട്ടുകൊണ്ട് അയാൾ വീണ്ടും ചോദിച്ചു.

'ആ ചെറുക്കനെവിട്യാണ്?'

കൂടിയിരിയ്ക്കുന്നവർ ഇപ്പോൾ എഴുന്നേറ്റു. അവർ സ്ഥലം വിടാനുള്ള പുറപ്പാടാണ്. വന്ന ആൾ അതിൽ ഏറ്റവും തടിയും പൊക്കവുമുള്ള ചെറുപ്പക്കാരന്റെ അടുത്തു ചെന്ന് അവന്റെ കോളറിൽ പിടിച്ചു.

'പറയെടാ, ആ തെണ്ടി എവിട്യാണ്ന്ന്?'

മറ്റുള്ളവർ വാതിലിന്റെ അടുത്തെത്തി, കൂട്ടുകാരനെ വിട്ടു പോകാൻ വിഷമമായി നിൽക്കുകയാണ്. ചെറുപ്പക്കാരന്റെ കോളർ വിടാതെത്തന്നെ ജോസ്, കൗണ്ടറിൽ വല്ലാത്തൊരു മുഖവുമായി നിൽക്കുന്ന ഉടമസ്ഥനെ നോക്കി.

'എന്താ തന്റെ പേര്?'

'രാജേഷ്ന്നാ...... മാഷ്‌ക്ക് എന്താ വേണ്ടത്?'

'ഇവരൊക്കത്തന്ന്യല്ലെ രാത്രി പത്തു മണി മുതൽ ആ പാവം പെൺകുട്ടീം അവള്‌ടെ ബന്ധുക്കളേം ഫോൺ ചെയ്ത് അസഭ്യം പറേണതും ഭീഷണിപ്പെട്ത്തണതും?'

ബൂത്തുകാരൻ എന്താണ് പറയേണ്ടതെന്നറിയാതെ വാതിൽക്കൽ കാത്തുനിന്നവരെ നോക്കി. അവർ എന്തൊക്കയോ ആംഗ്യം കാണിയ്ക്കുന്നുണ്ടെന്ന് തിരിഞ്ഞുനോക്കാതെത്തന്നെ ജോസിനു മനസ്സിലായി.

'പറയട നായെ.'

'ഇവര് രാത്രി പത്തു മണിയ്ക്ക് ശേഷം ഇവിടെ വന്ന് ഫോൺ ചെയ്യാറ്ണ്ട്. അത് ആർക്കൊക്ക്യാണ്ന്ന് അറീല്ല.'

'നമ്പററീല്ലല്ലെടാ നാറീ?'

'അറിയാം......'

'ആ നാറിയെവിടെ?'

'ആര് സാമുവലോ?'

'അതെ വേഗം പറേ.'

'അറീല്ല്യ. ഇന്ന് വന്നിട്ടില്ല.'

'വരുമ്പൊ പറേ, അവനെ തട്ടാൻ ക്വൊട്ടഷൻ കിട്ടീട്ട് വര്വാണ്ന്ന്. അവനെ മാത്രല്ല ഒപ്പള്ള ഒന്ന് രണ്ട് പേരുംണ്ട്. എന്താടാ നെന്റെ പേര്?' അയാൾ തന്റെ വലത്തെ കയ്യിന്റെ തുമ്പിൽ തൂങ്ങിനിൽക്കുന്ന ചെറുപ്പക്കാരനോട് ചോദിച്ചു.

'മണിയൻ.'

'ങാ, നെന്റെ പേരുംണ്ട് അതില്.' ജോസ് തിരിഞ്ഞു നോക്കിയപ്പോഴേയ്ക്ക് വാതിൽക്കൽ കൂട്ടുകാരനെ കാത്തുനിന്നിരുന്ന മൂന്ന് പയ്യന്മാരും ഓടി രക്ഷപ്പെട്ടിരുന്നു.

'എടാ മണിയാ, നീ പോയി നെന്റെ കൂട്ടുകാരനോട് പറേ അവന്റെ ദിവസം എണ്ണീരിക്കുണൂന്ന്. മനസ്സിലായോ?'

മണിയൻ തലയാട്ടി. ജോസ് അവന്റെ കോളറിലെ പിടി വിട്ടു. അവൻ ഷർട്ടു നേരെയാക്കി ഒരു ലോക്കൽ ഗുണ്ടയ്ക്ക് ആകാവുന്നത്ര സ്വാഭാവികത മുഖത്തു വരുത്തി ബൂത്തിൽനിന്ന് പുറത്തു കടന്നു. ജോസ് ബൂത്തുകാരന്റെ നേരെ തിരിഞ്ഞു.

'എടാ തനിയ്ക്ക് കിട്ടാൻ പോണത് പോലീസുകാരടെ അട്ത്ത്ന്നാ, മനസ്സിലായോ? തന്റെ ബൂത്തിന്റെ നമ്പറ് ഈ നാറികള് ഡയല് ചെയ്ത ഓരോരുത്തര്‌ടേം ഫോണില്ണ്ട്. ഫോൺ ചെയ്ത സമയും, നമ്പറും. അവര് ഒടനെ ഇവിടെ എത്തും. മറ്റുള്ളോരെ ഞാൻ കൈകാര്യം ചെയ്‌തോളാം. അത് പോലീസുകാർക്ക് വിട്ടുകൊടുത്താൽ ശര്യാവില്ല. ഇന്ന് തിങ്കളാഴ്ച. ഞാൻ കശാപ്പൊന്നും ചെയ്യാറില്ല. മനസ്സിലാവ്ണ്‌ണ്ടോ? രണ്ടീസത്തിനുള്ളില് ഞാൻ വരും. ആ നാറ്യോട് പറഞ്ഞേയ്ക്ക്.'

ജോസിന്റെ കണ്ണുകൾ നോക്കാൻ ഭയമായി രാജേഷ് തല താഴ്ത്തി നിന്നു. ജോസ് ബൂത്തിൽനിന്ന് പുറത്തു കടന്നു. സാമാന്യം നല്ല ബൂത്താണ്. നാലു ടെലഫോണുണ്ട്, പിന്നെ ഒരു ഒറ്റ രൂപ ഫോൺ പുറത്തും. പോരാത്തതിന് ഫോട്ടോസ്റ്റാറ്റ് മെഷിനുമുണ്ട്. ഒരു മാതിരി കഴിഞ്ഞു കൂടാനുള്ള വകയൊക്കെയുണ്ട്. എന്നിട്ടാണിവൻ ആ നാറികളുടെ ഒപ്പം ചേർന്ന് തെമ്മാടിത്തം കാട്ടണത്.

ബുധനാഴ്ച വൈകുന്നേരം.

ഷർളി ബസ്സിറങ്ങി ഇടനിരത്തിലേയ്ക്കു കടന്നു. ഒപ്പമുണ്ടായിരുന്ന ആൾ കുറച്ചു വിട്ടു നടക്കാൻ തുടങ്ങി. അയാൾ പിന്നിൽനിന്ന് വിളിച്ചു പറഞ്ഞു.

'നീ ധൈര്യമായി പൊയ്‌ക്കൊ. ഞാനവിടെണ്ടാവും.'

'ശരി, ജോസേട്ടാ.'

അഡ്വോക്കേറ്റിനു ഫോൺ ചെയ്തപ്പോൾ പറഞ്ഞത് വൈകീട്ട് ആറുമണിയ്ക്കുതന്നെ വീട്ടിലെത്താമെന്നായിരുന്നു. ഇപ്പോൾ സമയം ആറിന് അഞ്ചു മിനിറ്റ്. അവളുടെ ഊഹം ശരിയായിരുന്നു. ബെല്ലടിക്കാതെത്തന്നെ അഡ്വോക്കേറ്റ് വാതിൽ തുറന്നു. അയാളുടെ ചിരി വാതിൽ നിറഞ്ഞുനിന്നു. അതിനിടയിലൂടെ ഷർളി അകത്തേയ്ക്കു കയറി.

'അന്നെന്തിനാണ് ഓടിപ്പോയത്?' അയാൾ ഒരു ചെറിയ ചിരിയോടെ ചോദിച്ചു. 'ഇതൊക്കെ സാധാരണ നടക്കാറ്ള്ളതല്ലെ?'

'അയിരിയ്ക്കാം. പക്ഷെ ഞാനതൊന്നും പതിവില്ല.' ഷർളി പറഞ്ഞു.

'പിന്നെ എന്തിനാണ് കുട്ടി വന്നത്?' അയാൾ നിരാശയോടെ ചോദിച്ചു. 'ഫോൺ ചെയ്തപ്പോ ഞാൻ വിചാരിച്ചു...........'

'ഉത്തരം ഉമ്മറത്തു കാത്തു നില്‍ക്കുന്നുണ്ട്.' അവൾ ഗൗരവം വിടാതെ പറഞ്ഞു.

അഡ്വോക്കേറ്റ് എഴുന്നേറ്റ് ഉമ്മറത്തേയ്ക്കു കടക്കുംമുമ്പ് അയാളെ എതിരേറ്റത് മുഷ്ടി ചുരുട്ടിയ ഒരു കൈയ്യായിരുന്നു. അയാൾ തെറിച്ചു നിലത്തു വീണു. ആ ഇടിയുടെ ആഘാതം തന്റെ മൂക്കിലാണ് വന്നതെന്ന പോലെ ഷർളി മൂക്കു പിടിച്ചു. ഇതെല്ലാം സിനിമയിലും സീരിയലിലുമല്ലാതെ ശരിയ്ക്കുള്ള ജീവിതത്തിൽ അവൾ കണ്ടിട്ടില്ല. കാണുമെന്ന പ്രതീക്ഷയുമില്ലായിരുന്നു.

അഡ്വോക്കേറ്റ് ചാടി എഴുന്നേറ്റു. മൂക്കു തപ്പിയപ്പോൾ തടഞ്ഞ ചോര മുണ്ടിൽ തുടച്ച് അയാൾ ചോദിച്ചു.

'എന്താ നിങ്ങള് ചെയ്യണത്?'

'നിങ്ങൾ ഷർളിയോടു ചോദിച്ച ചോദ്യത്തിനുള്ള മറുപടി. എങ്ങിനെണ്ട്?'

'ഞാൻ കേസു കൊടുക്കും.'

'കൊടുക്കെട നായെ, വാദിക്കാൻ നീതന്നെ കോടതീല് പോണ്ടിവരും. ഒരു കേസിനുവേണ്ടി വന്ന ചെറുപ്പക്കാരിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പ്രതിയാണ് നീ. ഞാൻ സാക്ഷിയായിട്ടുണ്ടാവും.'

'നിങ്ങളാരാണ്?'

'ഞാനവളുടെ തന്ത, എന്താ പോരെ?'

'ശരി, ശരി. നിങ്ങൾ രണ്ടു പേരും ഇവിടെനിന്ന് പോകുമോ?' അയാൾ ആകെ ഉലഞ്ഞിരുന്നു.

'അങ്ങിന്യങ്ങട്ട് പോവ്വാൻ പറ്റ്വോ? ഷർളി ആദ്യത്തെ ദിവസം കോടതീന്ന് കണ്ടപ്പൊ തന്ന ഫീസില്ലെ ഇരുനൂറു രൂപ? അത് തിരിച്ചു കൊടുക്ക്.'

അയാൾ അകത്തു പോയി നൂറിന്റെ രണ്ടു നോട്ടുകളുമായി വന്ന് അത് ജോസിനുനേരെ നീട്ടി.

'താൻ എനിക്കല്ല തരണ്ടത്. ഞാനല്ലല്ലൊ പണം തന്നത്?'

അഡ്വോക്കേറ്റ് പണം ഷർളിയുടെ നേരെ നീട്ടി.

'ശരി. ഇനി താൻ ഇവൾക്കും എനിയ്ക്കും കഷ്ടപ്പാടുണ്ടാക്കിയതിന്റെ ഫീസ്. ഞാൻ ഒരു മണിക്കൂറിൽ ഉണ്ടാക്കണത് ചുരുങ്ങിയത് ആയിരത്തഞ്ഞൂറ് രൂപ്യാണ്. ഒരു ആയിരത്തിൽ സെറ്റിൽ ചെയ്യാം. രൂപ വേഗം കൊണ്ടുവാ.'

'ഇത് പിടിച്ചുപറിയാണ്.'

'ബലാൽസംഗത്തിന്റെ അത്ര രസല്ല്യല്ലെ?'

അയാൾ ഒന്നും പറയാതെ അകത്തുപോയി രണ്ട് അഞ്ഞൂറിന്റെ നോട്ടെടുത്തു കൊണ്ടുവന്ന് ഷർളിയുടെ നേരെ നീട്ടി. അവൾ ജോസിനെ നോക്കി.

'അത് വാങ്ങ് മോളെ.'

'ഇനി ഒന്ന് പറയട്ടെ.' ജോസ് പറഞ്ഞു. 'എന്തെങ്കിലും ഇതിനെപ്പറ്റി പുറത്ത് മിണ്ടിയാൽ തന്റെ ചവായിരിയ്ക്കും ഈ ഗട്ടറില് കെടക്ക്വാ. മനസ്സിലായോ?'

അഡ്വോക്കേറ്റ് തലയാട്ടി.

ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ ഷർളി ചിരിച്ചുകൊണ്ട് പറഞ്ഞു.

'ജോസേട്ടാ, ഈ വക്യൊക്കെ ഞാൻ സിനിമേല് മാത്രേ കണ്ടിട്ടുള്ളു.'

'ഇപ്പ മനസ്സിലായില്ലെ, നമ്മള് ജീവിയ്ക്കണ ലോകം സിനിമേലാണ് കൂടുതൽ സത്യസന്ധായിട്ട് കാണിക്കണത്ന്ന്? നമ്മളൊക്കെ കള്ളത്തരം കാണിച്ച് ജീവിക്ക്യാണ്. നമ്മളല്ലാത്ത എന്തോ ആണ് നമ്മളെന്ന് നടിച്ചിട്ട്.'

ഷർളിയ്ക്ക് അയാൾ പറയുന്നതു മുഴുവൻ മനസ്സിലായില്ല. അവൾ അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ ജോസേട്ടനു നേരെ നീട്ടി. അയാൾ പറഞ്ഞു.

'എടുത്തു വയ്ക്ക്, നെനക്കാവശ്യാവും.'

അന്നു വൈകുന്നേരം തന്നെ.......

വീട്ടിൽ കാലെടുത്തുവച്ച ഷർളിയ്ക്ക് കൂടുതൽ തമാശകൾ കാണാനുള്ള ഭാഗ്യമുണ്ടായി. അതുവരെ കസേലയിലിരുന്ന ഒരാൾ എഴുന്നേറ്റ് അവളുടെ കാൽക്കൽ വീണു.

'ഞാൻ നീ പറേണപോലെ എന്തും ചെയ്യാം ഷർളി. എനിയ്ക്ക് മാപ്പു തരണം.' അയാൾ എഴുന്നേറ്റ് അവളുടെ മുമ്പിൽ മുട്ടുകുത്തിയിരുന്നു. 'നാളെത്തന്നെ കുടുംബക്കോടതീല് പോവാം. നാളെ പറ്റ്വേങ്കില് പള്ളീല് പോയി അച്ചനോട് സംസാരിച്ച് കാര്യങ്ങളൊക്കെ ശരിയാക്കാം. നീ അയാളോട് ഒന്ന് ഇപ്പത്തന്നെ പറേ എന്നെ........'

കാഴ്ച തമാശയുണ്ടാക്കുന്നതായിരുന്നു. ഇതിനു മാത്രം എന്തേണ്ടായത്? ഷർളി ആലോചിയ്ക്കുകയായിരുന്നു. അപ്പൻ കയ്യിൽ ഒരു കെട്ട് നോട്ടുകളുമായി ഇരിയ്ക്കുകയാണ്.

'ഞാനൊരു ഇരുപത്തയ്യായിരം കൊണ്ടന്ന്ട്ട്ണ്ട്. എന്റെ കയ്യില് ഇത്രേ്യള്ളു. ബാക്കി തരാൻ ഒരു കൊല്ലത്തെ സമയം വേണം. പണ്ടങ്ങളും ഞാൻ കഴീണതും വേഗംണ്ടാക്കിത്തരാം. നീ ഇപ്പത്തന്നെ അയാൾക്ക് ഫോൺ ചെയ്ത് പറേ എന്നെ ഒന്നും ചെയ്യല്ലേന്ന്. പൊറത്തെറങ്ങാൻ പേട്യാവുണു.'

വീണ്ടും ഞായറാഴ്ച.

രാവിലെ മീൻ വാങ്ങാൻ വന്ന പതിവുകാർ പോയി ഒഴിഞ്ഞു കിടക്കുന്ന കരയിൽ അകലെനിന്ന് അടുക്കുന്ന വഞ്ചിയും നോക്കി ഷർളി കാത്തുനിന്നു. ഒരു പൊട്ടു മാത്രമായ വഞ്ചിയും തുഴക്കാരനും സാവധാനത്തിൽ വലുതായി അടുത്തെത്തി.

വഞ്ചി കരയിലടുപ്പിയ്ക്കാതെ അയാൾ ചോദിച്ചു.

'എന്തിനാ പെണ്ണേ ഫോൺ ചെയ്ത് കാണണംന്ന് പറഞ്ഞത്? പ്രശ്‌നൊക്കെ തീർന്നില്ലേ?'

'ജോസേട്ടന് നന്ദി പറയാനാ.'

'പോടി കഴ്‌തേ. പോമ്പ ദാ ആ കല്ലിന്റെ അപ്രത്ത് വച്ച സഞ്ചീല് കൊറച്ച് മീന്ണ്ട്. അത് കൊണ്ടോയി നെനക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റാതിര്ന്ന അപ്പന് കറി വച്ചു കൊടുക്ക്.'

അയാൾ തുഴഞ്ഞു. അവൾ വീണ്ടും വിളിച്ചു.

'ജോസേട്ടാ.......'

അയാൾ തിരിഞ്ഞുനോക്കാതെ കൈവീശുക മാത്രം ചെയ്തു. അവൾ സഞ്ചിയെടുത്തുനോക്കി. അതിൽ നിറയെ കൊഞ്ചും കരിമീനും. ഒരാഴ്ച തിന്നാൽ തീരില്ല.

ഷർളി, അകന്നുപോകുന്ന വഞ്ചിക്കാരനെ നോക്കി. അയാൾ ചെമ്മീൻ കെട്ടിൽനിന്ന് കായലിലേയ്ക്കും, പിന്നെ അകലെ കടലിലേയ്ക്കും തുഴഞ്ഞു പോകുകയാണ്. വഞ്ചി സാവധാനത്തിൽ ഒരു പൊട്ടു മാത്രമായി തിരമാലകൾക്കപ്പുറത്തെവിടേയോ മറയുന്നതുവരെ അവൾ നോക്കിനിന്നു. പിന്നെ കണ്ണിൽ പൊടിഞ്ഞ ജലം ഷാളിന്റെ തലപ്പുകൊണ്ട് തുടച്ച് തിരിഞ്ഞു നടന്നു.

ജനശക്തി - ആഗസ്റ്റ് 2007

ഈ കഥയെക്കുറിച്ച്

ഈ കഥയെക്കുറിച്ച്