കേളൻ


ഇ ഹരികുമാര്‍

രാത്രി ഒമ്പതു മണി. സ്ഥിരം പതിവുള്ള പൂശൽ കഴിഞ്ഞ് കേളൻ ഷാപ്പിൽ നിന്നിറങ്ങി. ബസ്സ് സ്റ്റോപ്പിലെത്തിയപ്പോഴാണ് രണ്ടു സ്ത്രീകൾ നിൽക്കുന്നത് കണ്ടത്. രാത്രി എട്ടു മണി കഴിഞ്ഞാൽ ബസ്സ് സ്റ്റോപ്പിനടുത്ത് സ്ത്രീകൾ ഒറ്റയ്ക്കും ഇരട്ടയ്ക്കും നിൽക്കുന്നത് കണ്ടു പരിചയമുള്ള കേളൻ അവരെ നന്നായി ഒന്നു നോക്കി. എങ്ങിനെ, കൊള്ളാമോ? ബസ്സ് സ്റ്റോപ്പിനു മുകളിലെ തെരുവു വിളക്ക് എപ്പോഴും കേടായി കിടക്കുകയാണ് പതിവ്. അതിനെന്താണ് കാരണം എന്നയാൾക്കു മനസ്സിലായില്ല. മറ്റു വിളക്കുകൾ കത്തിനിൽക്കുമ്പോൾ ബസ്സ് സ്റ്റോപ്പിലെ വിളക്കിനുമാത്രം ഒരാട്ടം? അങ്ങിനെയിരിയ്ക്കുമ്പോൾ ഒരു ദിവസം അതു കത്തും, പിറ്റേന്നു ഫ്യൂസാവാൻ മാത്രം.

രണ്ടും ചെറുപ്പാണല്ലൊ. അയാൾ ചിന്തിയ്ക്കുകയാണ്. കാര്യമായി ചിന്തിക്കേണ്ട വിഷയമായതുകൊണ്ട് അയാൾ നിഴലിൽ നിൽക്കുന്ന രൂപങ്ങളുടെ ഘടന നോക്കിപ്പഠിയ്ക്കുകയായിരുന്നു. ഒന്ന് അല്പം തടിയുള്ളതാണ്, മറ്റേത് മെലിഞ്ഞിട്ടാണ്, കുറേക്കൂടി ചെറുപ്പവും. അതെന്തായാലും വേണ്ട. മൂത്തത് മതി. അയാൾ അവരുടെ അടുത്തേയ്ക്കു നീങ്ങി. എങ്ങിനെയാണ് തുടങ്ങേണ്ടത്? കാര്യമൊക്കെ ശരിതന്നെ അയാൾ ഈ കാഴ്ച കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. നന്ദിനി അയാളെ ഉപേക്ഷിച്ചു പോയിട്ട് കൊല്ലം ഒന്നു തികഞ്ഞു. അന്നു പറഞ്ഞു, 'ഈ കേളന് ഒരു പെണ്ണ് പോയാൽ ആയിരം പെണ്ണ്ങ്ങളെ കിട്ടുമെടീ.'

'എനിക്ക് ആണുങ്ങളെ ആരേം കിട്ടൂലാ, ന്നാ പോരെ?' നന്ദിനി അഞ്ചു വയസ്സു മാത്രം പ്രായമുള്ള മഞ്ജുവിന്റെ കയ്യും പിടിച്ച് നടന്നു. 'വാടീ.....'

പടിക്കൽ കാത്തുനിൽക്കുന്ന ചെറുപ്പക്കാരന്റെ ഒപ്പം അവൾ നടന്നകന്നപ്പോൾ, അന്തംവിട്ട് തുറന്ന വായ അടച്ചത് കള്ള്ഷാപ്പിലായിരുന്നു. അത് വായുടെ കാര്യം. മനുഷ്യശരീരത്തിൽ മറ്റവയവങ്ങളുമുണ്ട്. അവയുടെ കാര്യങ്ങളുംകൂടി നോക്കണമല്ലൊ. അങ്ങിനെയാണ് കേളൻ ബസ്സ് സ്റ്റോപ്പിനടുത്ത് നിഴലിൽ പരുങ്ങുന്ന രൂപങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആയിരമൊന്നുമായില്ല. നാലോ അഞ്ചോ എണ്ണം മാത്രം. സാരല്ല്യ, ഇനിയും ജീവിതമുണ്ടല്ലോ.

കേളൻ അവരുടെ അടുത്തു ചെന്നു. അടുത്തെത്തിയപ്പോൾ അയാൾ ആകെ ആശയക്കുഴപ്പത്തിലായി. മൂത്തത് നല്ല പെണ്ണാണ്, ശരി. പക്ഷെ മറ്റേത് നന്നെ ചെറുപ്പമാണ്. സുന്ദരിയും. ആരെ വേണം? അയാൾ ഒരു കലക്കിക്കുത്തു നടത്തി. ജയിച്ചത് മൂത്തവൾതന്നെ. അയാൾ അവളോടു പറഞ്ഞു.

'വാ, പോവാം.'

ആ സ്ത്രീ അദ്ഭുതത്തോടെ അയാളെ നോക്കി. അയാൾ അടുത്തു വരുന്നതു കണ്ടപ്പോൾ രാത്രി താമസിക്കാനൊരു സ്ഥലം വേണം ഒപ്പം വരട്ടെയെന്ന് ചോദിയ്ക്കാൻ പോവുകയായിരുന്നു അവൾ. നഗരത്തിന്റെ ചെളിക്കുണ്ടുകളും ചതിക്കുഴികളും അവൾക്കറിയില്ല. എങ്ങിനെയാണ് ഒരു ബസ്സ് സ്റ്റോപ്പിൽ രാത്രി കഴിച്ചുകൂട്ടുക എന്നതുകൊണ്ടാണ് അവൾ ചോദിയ്ക്കാൻ ഒരുമ്പെട്ടതുതന്നെ. അപ്പോഴാണ് അയാൾ ഇങ്ങോട്ടു പറയുന്നത്. 'വാ, പോവാം'

അവർ മകളെ നോക്കി. അവളുടെ കണ്ണിൽ ഭയമുണ്ടായിരുന്നു. ആ മനുഷ്യന്റെ നിശ്വാസത്തിൽ കള്ളിന്റെ മണമുണ്ടായിരുന്നത് അവൾക്കു മനസ്സിലായി. സ്‌കൂളിലേയ്ക്കും തിരിച്ചുമുള്ള ബസ്സ് യാത്രകളിൽ അവൾക്കാ മണം പരിചിതമായിരുന്നു. ഒന്നും പറയാതെ അവൾ അമ്മയുടെ ഒപ്പം നടക്കാൻ തുടങ്ങി.

ബസ്സ് സ്റ്റോപ്പിന്റെ നിഴലുകൾ പിന്നിട്ട് അടുത്ത തെരുവു വിളക്കിനു താഴെയെത്തിയപ്പോൾ ഒപ്പം കൊണ്ടുപോകുന്ന പെണ്ണിനെ ഒന്നു നന്നായി കാണട്ടെ എന്നു കരുതി കേളൻ തിരിഞ്ഞു നോക്കി. ഒന്നിനു പകരം രണ്ടെണ്ണം. രണ്ടു പെണ്ണുങ്ങൾ. അയാൾ കണ്ണു തിരുമ്മി നോക്കി. ഏയ് ഇത് കുടിച്ചേന്റെ കേടൊന്നും അല്ല. രണ്ടെണ്ണം തന്നെണ്ട്. ഞാൻ വിളിച്ചത് വലുതിനെ മാത്രാന്ന് ചെറീതിന് മനസ്സിലായിട്ടില്ല.

എന്റെ തേവരെ! ഞാൻ ഇരട്ടി പണം കൊടുക്കേണ്ടി വരൂലോ. പക്ഷെ രണ്ടു പേരുടെ ഒപ്പം എന്നുള്ളത് രസായിരിക്കും. അതിന്ള്ള താക്കത്തൊക്കെ കേളനുണ്ട്. താക്കത്ത് എന്ന വാക്ക് ഏതോ ഹിന്ദി സിനിമയിൽ നിന്നു കിട്ടിയതാണ്. അതാകട്ടെ അയാൾ തന്റെ ലൈംഗികശേഷിയോടു ബന്ധപ്പെടുത്തിയാണ് എപ്പോഴും പറയാറ്.

'അതിന്ള്ള താക്കത്തൊക്കെണ്ട് എനിയ്ക്ക്.' അയാൾ അവരെ നോക്കി പറഞ്ഞു.

'എന്താ?'

'ഇപ്പൊ അങ്ങനെ മനസ്സിലാക്ക്യാ മതി. കാര്യം വരുമ്പൊ മനസ്സിലാവും. ന്നാ പോരെ?'

അമ്മ തലയാട്ടി. പുലിവാലു പിടിച്ചോ ആവോ? തന്റെ മുമ്പിൽ വളരെയധികം വഴികളൊന്നുംണ്ടായിര്ന്നില്ല്യ. വൈകുന്നേരം തൊട്ട് നിൽക്കണതാണ്. മോളടെ ഇന്റർവ്യൂ കഴിഞ്ഞപ്പോ നാലു മണിയായി. എന്തു തെരക്കായിരുന്നു അവിടെ. അതു കഴിഞ്ഞ് ഒരു ഹോട്ടലിൽ പോയി എന്തൊക്ക്യോ കഴിച്ചൂന്ന് വരുത്തി, നാട്ടിലേയ്ക്കുള്ള ബസ്സ് സ്റ്റോപ്പ് ചോദിച്ചു മനസ്സിലാക്കി. അവസാനത്തെ ബസ്സ് അഞ്ചു മണിയ്ക്കാണ്. അതിൽ പോയി എങ്ങനെങ്കിലും രണ്ടു ബസ്സുകള് മാറിക്കയറി നാട്ടിലെത്തുമ്പൊ രാത്രി പതിനൊന്നെങ്കിലും ആവും. അവിട്യൊന്നും രാത്രി എത്തിപ്പെട്ടാൽ ശര്യാവില്ല. അതോണ്ട് കുടുംബായിട്ട് ആരെയെങ്കിലും കണ്ടാൽ അവര്‌ടെ ഒപ്പം ഇവിട്യന്നെ കൂടാംന്ന് കരുതി നിന്നു. അവസാനത്തെ ബസ്സ് കയറിപ്പറ്റാൻ കഴിയാത്തവിധം തെരക്കായിരുന്നു.

ഇരുട്ടിത്തുടങ്ങ്യപ്പഴാണ് ചെയ്തതിന്റെ അബദ്ധം മനസ്സിലായത്. തെരക്കാണെങ്കില് തെരക്ക്, ആ ബസ്സിൽത്തന്നെ എങ്ങനേങ്കിലും കയറിക്കൂടായിരുന്നു. കുടുംബായിട്ട് ഒരൊറ്റ ആള് സ്റ്റോപ്പിലേയ്ക്ക് വന്നില്ല, ബസ്സീന്ന് എറങ്ങീതുല്ല്യ. മാത്രല്ല പ്രശ്‌നക്കാര് അടുത്തു വരാനും തോണ്ടാനും പിടിയ്ക്കാനും തൊടങ്ങി. അയ്യേ, നാട്ടിൻപുറം എത്ര ഭേദാണ്? അങ്ങനെ ഇരിയ്ക്കുമ്പഴാണ് ഇയ്യാള് വന്ന് പറഞ്ഞത്. 'വാ പോവാം.' ഇനീം അവ്‌ടെ നിന്നാ കൊഴപ്പാണ്ന്ന് തോന്നി. രണ്ടും കല്പിച്ച് ഇയ്യാള്‌ടെ ഒപ്പം എറങ്ങിത്തിരിച്ചു. ഇയ്യാള്‌ടെ വീട്ടില് ഭാര്യേം കുട്ട്യോളുംണ്ടാവൂലോ. വീട്ടില് ആരും കാത്തിരിയ്ക്കാനില്ല. എനിയ്ക്ക് മോളും മോക്ക് ഞാനും മാത്രം. രണ്ടു കൊല്ലം മുമ്പ് ഭർത്താവ് മരിച്ചേപ്പിന്നെ അങ്ങിന്യാ സ്ഥിതി. ഇത്ര കഷ്ടപ്പെട്ട് അർദ്ധരാത്രി നാട്ടിലെത്തീട്ട് കാര്യൊന്നുംല്ല. മോക്ക് ഈ ജോലി കിട്ട്യാല് നാട്ടിലെ നാല് സെന്റ് സ്ഥലൂം കൊച്ചു പെരേം വിറ്റ് ഇവിടെ ഒരു ചെറ്യ വീട് വാങ്ങിക്കായിരുന്നു. അതോടെ നാട്വായിട്ട്ള്ള ബന്ധം തീരെ അറുക്കാം, അത്ര സുഖല്ല്യാത്ത ഓർമ്മകളും.

രണ്ടു പെണ്ണുങ്ങൾ എന്നത് കേളന്റെ മനസ്സിനെ കുറേശ്ശെ അലട്ടാൻ തുടങ്ങിയിരുന്നു. ഇതുവരെ അങ്ങിനെയൊന്നുണ്ടായിട്ടില്ല. അതുകൊണ്ട് എങ്ങിനെണ്ടാവും എന്നും അറീല്ല്യ. വയസ്സ് നാല്പത്തഞ്ചായി. മുമ്പൊക്ക്യാണെങ്കില് ധൈര്യായിട്ട് പറയായിരുന്നു. സാരല്ല്യ ഒരു കയ്യ് നോക്കാം. വീട്ടിലേയ്ക്കു നടക്കുമ്പോൾ അയാൾ അവരോട് കുറച്ചു കൂടി അടുത്തു നടന്നു. അവര് ചെയ്യണത് ഇങ്ങനത്തെ ജോല്യാണ്. പക്ഷെ അവരും മനുഷ്യമ്മാരല്ലെ. സാധാരണ മനുഷ്യമ്മാരോട് കാണിക്കണ മര്യാദ്യൊക്കെ ഇവരോടും കാണിയ്ക്കണ്ടെ? ചെലപ്പൊ അതിന് തിരിച്ചടി കിട്ടും ചെയ്യും. 'താൻ എന്നെ കൊണ്ടോണത് എന്തിനാ, വർത്താനം പറഞ്ഞിരിയ്ക്കാനാണോ? കാര്യം നടത്തി പണം തന്ന് ഒഴിവാക്ക് മനുഷ്യാ.......' അങ്ങിനെ വല്ലപ്പോഴും തിരിച്ചടി കിട്ടുന്നുണ്ടെങ്കിലും അയാൾ ആ പതിവ് നിർത്തിയില്ല. പല പെണ്ണുങ്ങൾക്കും അതിഷ്ടമാണ്. അവർ മറുപടി പറയും, നുണയാണെങ്കിലും. ചിലരാകട്ടെ സെൽഫോൺ നമ്പറുകൂടി തരും. 'ചേട്ടന്റെ വല്ല ഫ്രന്റ്‌സുംണ്ടെങ്കില് അവർക്കും ഈ നമ്പറ് കൊടുക്കണംട്ടോ. നല്ലോർക്ക് കൊടുക്കണംട്ടോ. വല്ല അലവലാതികളെ കിട്ട്യാ അന്നത്തെ ദിവസം പോക്കാ ചേട്ടാ.'

അങ്ങിനത്തെ പെണ്ണുങ്ങളുമായി പെരുമാറാൻ എളുപ്പാ, സുഖാ. നമ്മള് കൊടുക്കണ കാശ് മൊതലായീന്ന് തോന്നും. അവരെല്ലാം നേരിട്ട് കച്ചോടം ചെയ്യണോരാണ്. മൂന്നാമതൊരാള് എടപെട്ട് കമ്മീഷൻ വാങ്ങാനില്ല. അങ്ങിനത്തോര്യാണ് സഹായിക്കണ്ടത്.

കേളൻ നടത്തം പതുക്കെയാക്കി പിന്നിൽ നടന്നിരുന്ന സ്ത്രീകളുടെ അടുത്തെത്തി. ഒരു സംഭാഷണം തുടങ്ങാൻ മാത്രം അടുത്തെത്തിയപ്പോൾ അയാൾ മൂത്ത പെണ്ണിനോട് ചോദിച്ചു.

'എന്താ നെന്റെ പേര്?'

'എന്റെ പേര് സുമതീന്നാ. ഇവള്‌ടെ പേര് സുസ്മിതാന്നാ. ഞങ്ങള്.......'

'ഞാൻ ചോയ്‌ച്ചേന്ള്ള മറുപടി മാത്രം പറഞ്ഞാ മതി.' ഇവറ്റകൾക്കൊക്കെ മേൽക്കയ്യ് കൊടുത്താൽ ശരിയാവില്ല. തലേല് കേറും.

'ശരി......'

'ന്റെ വീട് ദാ ആ കാണണതാ.' ഒരോടിട്ട വീട് ചൂണ്ടിക്കാട്ടി കേളൻ പറഞ്ഞു.

കുറേ ചോദ്യങ്ങൾ മുക്തി കിട്ടാതെ സുമതിയുടെ ചുണ്ടിൽ കെട്ടടങ്ങി. വീട്ടിൽ ആരൊക്കെണ്ട്. എന്ത് ജോല്യാണ് ചെയ്യണത്......

അവർ തമ്മിലുള്ള അകലം കൂടി. പടിവാതിൽ തുറന്ന് കേളൻ അകത്തു കടന്നു, സ്ത്രീകളും അകത്തു കടന്നപ്പോൾ അടച്ച് വീട്ടിലേയ്ക്കു നടന്നു. ഉമ്മറത്തെ വിളക്കിന്റെ സ്വിച്ചിട്ട് അയാൾ ഷർട്ടിന്റെ പോക്കറ്റ് തപ്പി താക്കോൽ പുറത്തെടുത്തു. വാതിലിന്റെ പുറം ദ്വാരത്തിൽ താക്കോലിടാൻ ശ്രമിയ്ക്കുമ്പോഴാണ് സുമതി ചോദിച്ചത്.

'വീട്ടില് ഭാര്യേം കുട്ട്യോളും ഒന്നുംല്ല്യേ?'

താക്കോൽ തിരിയാൻ മടിച്ചു നിന്നു. അയാൾ കുനിഞ്ഞ നിൽപ്പിൽ ഉറച്ചുപോയി. ആ ചോദ്യം പൊള്ളിയ്ക്കുന്നതാണ്. അത് കുഴിച്ചുമൂടാൻ വെച്ച ഓർമ്മകളെ അനവസരത്തിൽ പുറത്തെടുത്തു. അയാൾ ആലോചിക്കുകയാണ്. ഇവളെന്തിനാണ് എന്റെ ഭാര്യടെ കാര്യം അന്വേഷിക്കണത്? അതിനെപ്പറ്റി ആലാചിച്ചപ്പോഴാണ് മനസ്സിലായത് കാര്യങ്ങളൊന്നും താൻ കരുതുന്ന പോലല്ലെന്നും താൻ കബളിപ്പിയ്ക്കപ്പെട്ടുവെന്നും. വാതിൽ തുറന്ന് ചുമരിലെ സ്വിച്ച് തപ്പി മുറിയിലെ വിളക്കു കത്തിച്ച് അയാൾ പറഞ്ഞു.

'അകത്തു വാ.'

അമ്മയും മോളും അകത്തു കടന്നു. സാമാന്യം നല്ല മുറി. അവരുടെ വീടുപോലെത്തന്നെയാണ്. ആ മുറിയിൽ നിന്ന് രണ്ടു വാതിലുകൾ. ഒന്ന് അടുക്കളയാണെന്നു മനസ്സിലായി. മറ്റേത് കെടക്കണ മുറിയായിരിയ്ക്കണം. അയാൾ തെളിഞ്ഞ വെളിച്ചത്തിൽ അവരെ പഠിയ്ക്കുകയായിരുന്നു. ഉദ്ദേശം രണ്ടു മിനുറ്റു നേരത്തെ പഠനത്തിനു ശേഷം അയാൾ ചോദിച്ചു.

'നിങ്ങള് അമ്മേം മോളും ആണല്ലെ?'

സുമതി തലയാട്ടി. അവൾ അയാളെയും പഠിക്കുകയായിരുന്നു. അധികം തട്യൊന്നുല്ല്യ. തലമുടി നരച്ചുതുടങ്ങിയിരിയ്ക്കുണു. നേരിയ മീശ. ക്ഷീണിച്ച് കവിളൊട്ടീരിയ്ക്കുണു. ഭക്ഷണൊന്നും സമയത്തിന് കഴിക്കുന്നുണ്ടാവില്ല. ഭാര്യ പോയിട്ട് ദിവസെത്ര്യായി ആവോ. നാട്ടില് പോയതായിരിയ്ക്കും.

'അപ്പൊ എന്തിനേ നിങ്ങളാ ബസ്സ് സ്റ്റോപ്പില് നിന്നിര്ന്നത്?'

'ഭാര്യ എന്നാ വരണത്?'

അയാൾക്ക് ഭാര്യയുണ്ടാകുമെന്ന ഊഹത്തിലാണവൾ അതു ചോദിച്ചത്. വീടിന്റെ കിടപ്പിലും അയാളുടെ പെരുമാറ്റത്തിലും ഒരു സ്ത്രീയ്ക്കു മാത്രം നേടാൻ പറ്റുന്ന എന്തോ ഉണ്ടായിരുന്നു. ഒരു പെണ്ണിന്റെ കൈപെരുമാറ്റത്തിന്റെ .......

'ഓള് ഇനി വരില്ല.'

'ഏ....?'

'ഓള് അടികൂടിപ്പോയതാ. ഓള്ക്ക് ഞാൻ ചെയ്യണതൊന്നും പോര. എനിയ്ക്ക് കഴീണതല്ലെ ചെയ്യാൻ പറ്റൂ. ഓള്ക്ക് അതൊന്നും പോര. പിന്നെ ദെവസൂം വഴക്കാ.'

'നിങ്ങള് കുടിക്കണതോണ്ടാണോ?'

'ഏയ് തൊട്ല്ല്യായിരുന്നു. ഓള് പോയ ശേഷാ ഞാൻ ഷാപ്പില് കേറാൻ തൊടങ്ങീതന്നെ. ഓളെന്റെ മോളേം പിടിച്ചോണ്ട് പോയി. അതൊക്കെ പോട്ടെ. നിങ്ങള് എന്തിനാ ആ സ്റ്റോപ്പില് നിന്നീര്ന്നത്?'

അവർ തന്റെ ദിവസം ഭംഗിയായി നശിപ്പിച്ചുവെന്നയാൾ പറഞ്ഞില്ല.

'മോള്‌ടെ ഇന്റർവ്യു കഴിഞ്ഞപ്പൊ നേരം വൈകി. ബസ്സ് പിടിച്ച് നാട്ടിലെത്തുമ്പൊ പന്ത്രണ്ടെങ്കിലും ആവും. അപ്പൊ എന്താ ചെയ്യണ്ടത്ന്ന് ആലോചിച്ചിരിക്കുമ്പളാ നിങ്ങള് വന്ന്ട്ട് പോവ്വാന്ന് പറഞ്ഞത്. ആൾക്കാര് ശല്യം ചെയ്യാൻ തൊടങ്ങീരുന്നു. അപ്പൊ മാന്യനായിട്ട്ള്ള ഒരാള് വന്ന് വിളിച്ചപ്പോ രാത്രി താമസിയ്ക്കാൻ ഒരിടായല്ലൊന്ന് സമാധാനിച്ചു. ഞങ്ങള് രാവിലെ നേരത്തെത്തന്നെ പൊയ്‌ക്കോളാം.'

'ആരാ നിങ്ങളോട് പോവാൻ പറഞ്ഞത്?'

സുമതിയുടെ സംസാരം എവിടെയോ ഒക്കെ കൊള്ളുകയാണ്. ഞാനും ഒരു മാന്യനായിരുന്നു, ഒരു കാലത്ത്. അല്ലെങ്കിൽ ഇപ്പോഴുമല്ലെ? എന്താ മാന്യന്മാർക്ക് രാത്രി വെളിച്ചല്ല്യാത്ത ബസ്സ് സ്റ്റോപ്പില് കാത്തുനിക്കണ പെണ്ണുങ്ങളെ വിളിച്ചു കൊണ്ടു പൊയ്ക്കൂടെ വീട്ടിലേയ്ക്ക്? ആരും കാത്തുനിൽക്കാനില്ലാത്ത ഒഴിഞ്ഞ വീട്ടിലേയ്ക്ക്? ഒറ്റയ്ക്ക് ഞാൻ മാത്രള്ള വീട്ടിലേയ്ക്ക്? ആരാണവരോട് പോവാൻ പറയണത്. പക്ഷെ ഒരൊറ്റ പെണ്ണും താമസിച്ചില്ല. അവർ കാശ് എണ്ണിവാങ്ങി, സ്വപ്നങ്ങളൊന്നും തരാതെ സ്ഥലം വിട്ടു. ഇപ്പോൾ ഇതാ ഒരു സ്ത്രീ പറയുന്നു അവര് ഒരു രാത്രി താമസിക്കാൻ വന്നതാണ്ന്ന്. അവര് അമ്മീം മോള്വോണ്. ഞാനിപ്പഴും മാന്യൻതന്ന്യാണ്. മാന്യനല്ലെങ്കില് ഇതാണോ അവസ്ഥ? ആരോട് എങ്ങിന്യാ പെരുമാറേണ്ടത്ന്ന് എനിയ്ക്ക് നല്ലോണം അറിയാം.

'നിങ്ങള് ഭക്ഷണം കഴിച്ച്വോ?' അമ്മ ചോദിച്ചു.

ഭക്ഷണം? അയാൾ ആലോചിയ്ക്കുകയാണ്. അയാളുടെ രാത്രിഭക്ഷണമെന്താണ്? അങ്ങനെയൊന്നുണ്ടോ?

'ഞാനിപ്പണ്ടാക്കാം. ഒറങ്ങാറായിട്ടില്ലല്ലൊ?'

ഒറക്കം? അതും ഭക്ഷണത്തിന്റെ മാതിര്യാണ്. ചെലെ ദിവസങ്ങളിൽ മാത്രം. ഇന്നു മാത്രായിട്ട് എന്തിനതൊരുത്സവാക്കുണു? അയാൾ പറഞ്ഞു.

'നിക്കൊന്നും വേണ്ട.'

അടുക്കളയിലേയ്ക്കു പോകാൻ തിരിഞ്ഞ അമ്മയും പിന്നാലെ നടന്ന മകളും തിരിഞ്ഞുനിന്നു. അയാൾ ഓർത്തു. ഈ സാധു പെണ്ണുങ്ങള് ഒന്നും കഴിച്ചിട്ട്ണ്ടാവില്ല. പാവങ്ങള്. അവറ്റെ എന്തിന് പട്ടിണിയ്ക്കിടണം?

'ഉണ്ടാക്കിക്കോ, മൂന്നു പേർക്കും. പച്ചക്കറി കാര്യായിട്ടൊന്നുംണ്ടാവില്ല.'

'അതു സാരല്ല്യ.'

അയാൾ കയ്യുള്ള കസേലയിൽ ഇരുന്ന് ഓരോന്നോർത്ത് ഒന്ന് മയങ്ങി. സ്വപ്നങ്ങളില്ലാത്ത, കുട്ടിക്കാലത്ത് ഉറക്കത്തിൽ എപ്പോഴും കണ്ടിരുന്ന പൂക്കളും മഴവില്ലും ഇല്ലാതെ വെറും ഇരുട്ടു മാത്രം നിറഞ്ഞ ഉറക്കം.

'മാമാ....'

ആ പെൺകുട്ടിയുടെ വിളി കേട്ടാണ് കേളൻ ഉണർന്നത്. അവൾ തൊട്ടടുത്തു നിന്ന് അയാളെ കുലുക്കി വിളിയ്ക്കുകയായിരുന്നു. എന്തുറക്കാമാണിതപ്പാ! ചോറും കൂട്ടാനും മേശപ്പുറത്തു നിരത്തിയിട്ടുണ്ട്. കുറേക്കാലത്തിനു ശേഷം വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ മണം അയാളെ തേടി വന്നു. മൂക്കു വിടർത്തി ആ മണം ആസ്വദിച്ചുകൊണ്ട് അയാൾ എഴുന്നേറ്റു.

രാത്രി കുറേനേരം ഓരോന്നാലോചിച്ച് കേളൻ കിടന്നു. ഊണിനു മുമ്പുണ്ടായ കൊച്ചുറക്കം കാരണം കുറേ നേരത്തേയ്ക്ക് അയാൾക്കുറക്കം വന്നില്ല. മോള് ഒരു പത്തു കൊല്ലം കഴിഞ്ഞാൽ ഇന്നു വന്ന പെൺകുട്ടിയെപ്പോലെ മുതിർന്നവളാകുമെന്ന് കേളൻ ഓർത്തു. കിടപ്പുമുറിയിൽ അമ്മയും മോളും നല്ല ഉറക്കമായിരിയ്ക്കണം. അവർ വാതിൽ വെറുതെ ചാരിയിട്ടേ ഉള്ളു. അതയാളെ സന്തോഷിപ്പിച്ചു. തന്നിലുള്ള വിശ്വാസമാണതു കാണിക്കുന്നത്. പുറത്തെ മുറിയുടെ അരുകിൽ ഇട്ട വീതി കൂടിയ ബെഞ്ചിലിട്ട കിടയ്ക്കയിൽ കിടന്നുകൊണ്ട് അയാൾ എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ മോള് ചായ കൊണ്ടുവന്നപ്പോഴാണ് കേളൻ എഴുന്നേറ്റത്. അവൾ കുളിച്ച് കുറി തൊട്ട് കൂടുതൽ സുന്ദരിയായിരിയ്ക്കുണു. ഇന്നലെയിട്ടിരുന്ന ചൂരിദാർ മാറ്റി നീണ്ട പാവാടയും ബ്ലൗസുമാക്കിയിരിയ്ക്കുന്നു. ചെറിയ പെണ്ണ്.

'അമ്മയെവിടെ മോളെ?'

'അമ്മ കഞ്ഞീം ചമ്മന്തീംണ്ടാക്ക്വാണ്. എന്താണ്ടാക്കണ്ത് ന്ന് ചോദിക്കാൻ കൊറച്ച് നേരം കാത്തു. മാമൻ നല്ല ഒറക്കായിരുന്നു.'

അയാൾ ചിരിച്ചു. മുന്നുപേരുംകൂടി മേശപ്പുറത്തിരുന്ന് നാളികേരച്ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ചപ്പോൾ കേളൻ നല്ല കാലങ്ങളോർത്തു. പക്ഷെ അതൊന്നും തനിയ്ക്കു വിധിച്ചതല്ല. മറ്റുള്ളവർക്ക്, കൂടുതൽ ഭാഗ്യം ചെയ്തവർക്ക്.

'എങ്ങിന്യാ ചേട്ടന് നന്ദി പറേണ്ടത് ന്നറിയില്ല.'

അതിന് മാത്രം ഒന്നും ഞാൻ ചെയ്തിട്ടില്ലല്ലൊ. അയാൾ മനസ്സിൽ പറഞ്ഞു. നന്ദി എന്ന വാക്ക് കേക്കണ്ടീര്ന്നത് വേറെ ആള്‌ടെ അട്ത്ത്ന്നായിരുന്നു. അത് കേക്ക്വണ്ടായില്ല.

ബസ്സ് എട്ടര മണിയ്ക്കായിരുന്നു. അതിൽ കയറുന്നതിനു മുമ്പ് അമ്മ പറഞ്ഞു.

'ചേട്ടാ മോക്ക് ഇവിടെ ജോലി കിട്ട്വാണെങ്കില് ഞങ്ങള് ഇനീം വരാം. ഇപ്പ പോട്ടെ.'

പുറപ്പെട്ടു നീങ്ങിയ ബസ്സ് പുറത്തുവിട്ട പുകയും സഹിച്ച് കേളൻ കുറച്ചു നേരം അവിടെത്തന്നെ നിന്നു. പിന്നെ മുഖത്തെ രണ്ടു ദിവസം വളർച്ചയുള്ള കുറ്റിരോമങ്ങൾ തടവിക്കൊണ്ട് തിരിഞ്ഞു നടന്നു. പോയവർ കുറേ സ്വപ്നങ്ങൾ തന്റെ ജീവിതത്തിൽ വിതറിയിരിയ്ക്കയാണ്. അവ സ്വപ്നങ്ങളാണോ, കബളിപ്പിയ്ക്കപ്പെട്ട ആത്മാവിന്റെ തേങ്ങലുകളാണോ എന്നയാൾക്കുറപ്പാക്കാൻ കഴിഞ്ഞില്ല.

ജനശക്തി - 16-22 ജൂണ്‍, 2007