അമ്മേ അവര് നമ്മടെ ആകാശം കട്ടെടുത്തു


ഇ ഹരികുമാര്‍

ഒന്ന്

അരുൺ നോക്കുമ്പോൾ ആകാശം അവിടെത്തന്നെയുണ്ട്. അവന്റെ ആകാശം. ചിലപ്പോൾ നീല, ചിലപ്പോൾ ചാരനിറം. ഒഴിഞ്ഞുകിടക്കുന്ന ആകാശം, അവന്റെ വയർപോലെ. പണിയ്ക്കു പോയ അമ്മ തിരിച്ചുവന്നാലെ അവന്റെ വയർ നിറയു.

അഞ്ചു മിനുറ്റു ദൂരം നടക്കാനുള്ളിടത്തെ ഒരു രണ്ടുനില വീട്ടിൽ അവന്റെ അമ്മ ജോലിയെടുക്കുകയാണ്. സമയം എട്ടായി. ആറു മണിയ്ക്ക് തുടങ്ങിയ ജോലി ഇനിയും കഴിഞ്ഞിട്ടില്ല. നിലം തുടയ്ക്കുന്ന പണി ഇനിയും ബാക്കിയാണ്. കൈകൾ വഴങ്ങുന്നില്ല. കമലമ്മ രണ്ടു പ്രാവശ്യം തുണി തിരുമ്പുന്നിടത്തു വന്നു നോക്കി.

'എന്താ നീയിന്ന് ഒഴപ്പണത്, മാതൂ. അടുക്കളേല് ഒരൊറ്റ പാത്രം ഇല്ല. ഒക്കെ കഴുകാനിട്ടിരിക്ക്യാണ്. തുണി തിരുമ്പീട്ട് നീയിപ്പൊ വരുംച്ചിട്ട് ഞാനവിടെ കാത്തിരിക്ക്യാണ്.'

'ഇപ്പൊ വരാം ചേച്ചീ. ഇതൊക്കെ ഒന്ന് ഒലുമ്പിയെടുക്കട്ടെ.'

മലവെള്ളംപോലെ ടാപ്പിൽക്കൂടി കുത്തിയൊഴുകുന്ന വെള്ളം കണ്ടാൽ അവൾക്ക് ഹരമാണ്. രാത്രി നിരത്തിനു മുമ്പിലുള്ള പൊതുടാപ്പിൽനിന്ന് ഒന്നോ രണ്ടോ കുടം വെള്ളം പിടിയ്ക്കാൻ നിത്യവും ഉറക്കമൊഴിക്കുന്നത് ഓർമ്മ വരും. ഈ വലിയ വീടുകളെല്ലാം ഒരേ നിരത്തിൽത്തന്നെ ഇരുവശത്തുമാണ്. അപ്പോൾ ഇവിടെ വെള്ളമില്ലാത്ത പ്രശ്‌നമൊന്നുമില്ല. എന്നിട്ടും പൊതുടാപ്പിൽ നൂലിഴയിൽ വെള്ളം വരുന്നത്?

മാതു ഒലുമ്പൽ കഴിഞ്ഞു തുണിയെല്ലാം ടെറസ്സിൽ കൊണ്ടുപോയി തോരെയിട്ടു. ഇന്ന് നനഞ്ഞ തുണികളുള്ള ബക്കറ്റുകൾക്ക് കൂടുതൽ കനംവെച്ച പോലെ തോന്നുന്നു. സാധാരണ ഇതിലും ഭാരമുള്ള ബക്കറ്റുകൾ താങ്ങി രണ്ടുനില കയറാറുള്ളതാണ്.

എന്തിനാണ് കമലച്ചേച്ചി പോണ കാര്യം വന്ന ഒടനെ പറഞ്ഞത്?

'നെനക്ക് വേറെ എവിടെങ്കിലും ജോലി നോക്കാലോന്ന് വച്ചിട്ടാ മാതു ഞാൻ ഇപ്പത്തന്നെ പറേണത്. ഞങ്ങള് അട്‌ത്തെവിടെങ്കിലും ആണെങ്കിൽ നെന്നെത്തന്നെ വെയ്ക്കായിരുന്നു. ഇത് എട്ട് കിലോമീറ്ററ് ദൂര്യാണ്. രാവിലെ ആറു മണിയ്‌ക്കൊക്കെ എങ്ങിന്യാ എത്ത്വാ? പോരാത്തതിന് കിട്ടണ ശമ്പളം മുഴുവൻ ബസ്സുകൂലി കൊടുക്കണ്ടിം വരും.'

ഇല്ല, അതൊന്നും പറ്റില്ല. നിരത്തിന്റെ ഒരു വശത്തുള്ള ഇരുപതു കുടിലിലുള്ളവർ നിത്യവൃത്തിക്കായി ആശ്രയിക്കുന്നത് മറുവശത്തുള്ള വീടുകളാണ്. ഏകദേശം ഒരേക്കർ സ്ഥലത്ത് ആ ഇരുനില വീടുകൾ ചിതറിക്കിടക്കുകയാണ്. സ്ത്രീകൾ ആ സമ്പന്ന വീടുകളിൽ മിറ്റമടിക്കാനും തിരുമ്പാനും പാത്രം മോറാനും പോകുമ്പോൾ അവരുടെ ഭർത്താക്കന്മാർ കുറേ ദൂരെ പലതരം പണിയ്ക്കായി പോകും. ചിലർ ആഴ്ചയിലൊരിക്കൽ വരുന്നു. ചിലർ മാസത്തിലൊരിക്കൽ മാത്രം. മാസത്തിലൊരിക്കൽ മാത്രം വരുന്നവരുടെ ഭാര്യമാർ ഭാഗ്യം ചെയ്തവരാണ്, കാരണം ചവിട്ടും തൊഴിയും മാസത്തിലൊരിക്കലല്ലെ ഉണ്ടാവൂ. ഭാര്യയെയും മക്കളെയും സ്‌നേഹിച്ച് കുടുംബം നോക്കി നടക്കുന്നവരുമുണ്ട്. അവർ ക്രമേണ അവരുടെ കുടിലുകൾ നന്നാക്കിയെടുക്കും. ഓടു മേയും അല്ലെങ്കിൽ വാർക്കും. മക്കൾക്കും ഭാര്യയ്ക്കും നല്ല വസ്ത്രങ്ങൾ വാങ്ങും. കടമെടുത്തിട്ടാണെങ്കിലും ടിവി വാങ്ങും. തനിയ്ക്ക് ആ ഭാഗ്യമൊന്നുമില്ല.

തന്റെ കെട്ടിയവൻ വരേണ്ട ദിവസമായിത്തുടങ്ങി. മാതു ആലോചിച്ചു. പാത്രം കഴുകി തലേന്നു ബാക്കിവന്ന ചോറും കറിയും ഒരു പാത്രത്തിലാക്കി അവൾ കുടിലിലേക്കു പോവാൻ പുറപ്പെട്ടു. അത് മോന് കൊണ്ടുപോയി കൊടുത്തിട്ട് വേണം മറ്റു മൂന്നു വീടുകളിൽ പോവാൻ. നേരം വൈകുന്നതിന് എന്നും ശകാരമാണ്.

തന്നെ യാത്രയാക്കി വാതിലടയ്ക്കാൻ വന്ന കമലമ്മ ചോദിച്ചു.
'മാതൂനോട് മറ്റു വീട്ടുകാര് വല്ലതും പറഞ്ഞോ?'
മാതു നിന്നു. എന്തോ ദുഃസൂചന കമലമ്മയുടെ സ്വരത്തിലുണ്ട്. അതവളെ തളർത്തി.
'എന്താണ് ചേച്ചീ?'
'അല്ല, ഈ കോളനീല്ള്ള എല്ലാ വീട്ടുകാരും ഈ നവമ്പറോടെ ഒഴിഞ്ഞുകൊടുക്കണ്ടിവരും. ഇവിടെ കൊറെ വല്യേ കെട്ടിടം വരാൻ പോവ്വാണ്. പതിനഞ്ച് നെലള്ള മൂന്ന് നാല് കെട്ടിടങ്ങള്.ഈ സ്ഥലൊക്കെ അവര് വാങ്ങീരിക്കുണു. ഒടമസ്ഥന്മാർക്കൊക്കെ രണ്ട് ഫ്‌ളാറ്റ് വീതം കിട്ടും, പോരാത്തതിന് പണോം.'
'എല്ലാരും പോവ്വാണോ ചേച്ചീ?'
'അതെ പോവ്വാതെ പറ്റില്ല. ഇതിന്റെ എടേല് ഒരു വീട്ടുകാർക്കു മാത്രായി പിടിച്ചു നിൽക്കാൻ പറ്റ്വോ? അവര് ചുറ്റും പൈലിങ് തൊടങ്ങ്യാത്തന്നെ ഈ വീടൊക്കെ നെലം പൊത്തും. അത്ര പഴേ വീട്കളല്ലേ ഇതൊക്കെ. അപ്പൊ കിട്ടണത് വാങ്ങി സ്ഥലം വിട്വാ. അതിന്റെടയ്ക്ക് രണ്ട് ഫ്‌ളാറ്റ് വീതം കിട്ട്വാച്ചാൽ നല്ലതാന്ന് കര്ത്വാ.'
'എന്നാ ചേച്ചി പോണ്?'
'ഞങ്ങള് മിക്കവാറും ഈ ഒന്നാന്തിതന്നെ പോവും.'
'അപ്പൊ നാലാന്നാളോ?'
'മിക്കവാറും. തീർച്ച്യാക്ക്യ സ്ഥിതിയ്ക്ക് വേഗമാറ്വല്ലെ നല്ലത്? തല്ക്കാലം പാലാരിവട്ടത്ത് ഒരു രണ്ടുമുറി വീട് വാടകയ്‌ക്കെടുത്തിട്ട്ണ്ട്. ഇന്നല്യാ കിട്ടീത്. അതോണ്ടാ നെന്നാട് പെട്ടെന്ന് പറയാണ്ടിര്ന്നത്.'
'എന്റെ ദൈവമേ!'
'എന്താ മാതൂ? നെനക്ക് വേറെ വല്ലിടത്തും ജോലി നോക്കിക്കൂടെ?'
'ഉം. ഞാൻ പോട്ടെ ചേച്ചീ, അരുൺ കാത്ത്‌നിക്ക്ണ്ണ്ടാവും.'

രണ്ട്

വീട്ടിന്റെ ഉമ്മറച്ചായ്പിൽ അരുൺ കാത്തുനിന്നിരുന്നു.
അവൻ അമ്മയുടെ കയ്യിൽനിന്ന് പൊതി വാങ്ങിത്തുറന്നു, എന്നത്തേയുംപോലെ ചോദിച്ചു.
'അമ്മ തിന്നാ?'
അവൾ എന്നത്തെയും പോലെ നുണ പറഞ്ഞു.
'അമ്മ തിന്നു, ഇത് മോന്ള്ളതാ.' അവൾ മനസ്സിൽ കരുതി, ഇനി ഇതെത്രനാൾകൂടി ഉണ്ടാവും?
'അമ്മാ, നമ്മടെ മുമ്പിലെ പറമ്പില് ഒരു വണ്ടി വന്നിരിക്ക്ണ്.'
'വണ്ടിയോ?'
'അതെയമ്മാ, വല്യേ വണ്ടി. ഇപ്പൊ രണ്ടെണ്ണംണ്ട്. അമ്മ കണ്ടില്ലെ?'

മാതു മുറ്റത്തേയ്ക്കിറങ്ങി നോക്കി. ശരിയാണ്. രണ്ടു വലിയ യന്ത്രങ്ങൾ. ഉരുക്കിന്റെ നീണ്ട കൈകളും അതിന്റെ അറ്റത്ത് വലിയ ഉരുക്കു കോരികകളുമുള്ള കൂറ്റൻ യന്ത്രങ്ങൾ. അവ വലിയ ചക്രങ്ങളിന്മേൽ നിൽക്കുകയാണ്. രണ്ടു വലിയ രാക്ഷസന്മാരെപ്പോലെ.

'അമ്മ പോട്ടെ, മോൻ മിറ്റത്തേയ്ക്കിറങ്ങര്ത് കെട്ടോ?'
'ഇല്ലമ്മാ...'

മൂന്നു വയസ്സിനുള്ളിൽ അവന് ആ ചര്യ പരിചയമായിരിക്കുന്നു. അവൻ ഉമ്മറത്തെ ഒതുക്കുകല്ലിൽ ഇരുന്ന് മുമ്പിലുള്ള ഇരുനില വീടുകൾക്കിടയിൽ അമ്മ നഷ്ടപ്പെട്ടു പോകുന്നതും അതിനും മുകളിൽ ആകാശം അവനെ ക്ഷണിക്കുന്നതും നോക്കും.

ഇന്ന് സരസുച്ചേച്ചിയുടെ ചീത്ത കേൾക്കും. അവൾ ജോലിയെടുക്കുന്ന രണ്ടാമത്തെ വീട്ടിൽ ബെല്ലടിച്ചു കാത്തുനിൽക്കുമ്പോൾ മാതു കരുതി. അതുപോലെത്തന്നെയായി. വാതിൽ തുറന്നതും ശകാരത്തിന്റെ മലവെള്ളപ്പാച്ചിലും ഒപ്പമാണുണ്ടായത്. അവൾ ഒന്നും പറഞ്ഞില്ല. ശരിയാണ്. ഇന്ന് പതിനഞ്ചു മിനിറ്റു നേരം വൈകി. തന്റെ കൈകാലുകൾ വിചാരിച്ചിടത്തേയ്ക്കു പോകുന്നില്ല. ആകെ തളർച്ചയാണ്. സിങ്കിലിട്ട എച്ചിൽ പാത്രങ്ങൾ വല്ലാതെ നാറാൻ തുടങ്ങിയിരുന്നു. രാത്രി ഊണു കഴിഞ്ഞാൽ പാത്രങ്ങൾ വെറുതെ എച്ചിൽ കളഞ്ഞു വെച്ചാൽ ഇത്ര നാറ്റമുണ്ടാവില്ല. ഒരിക്കൽ അതു പറഞ്ഞതിന് വേറെയും കേൾക്കേണ്ടി വന്നു. 'എല്ലാം എനിക്കന്നെ അങ്ങട്ട് ചെയ്യാച്ചാ പിന്നെ നെന്റെ ആവശ്യല്യല്ലോ........'

ഇപ്പോൾ അവൾ ഒന്നും പറയാറില്ല. പക്ഷെ ഒരു കാര്യം അവൾക്കറിയണമെന്നുണ്ടായിരുന്നു.

'നിങ്ങളൊക്കെ ഇവ്ട്ന്ന് പോവ്വാണ്ന്ന് കേട്ടല്ലൊ.'
'ആരു പറഞ്ഞു.''
'കമലച്ചേച്ചി.''
'അവർക്കാണ് എന്നെക്കാൾ കൂടുതൽ അറിയ്യാച്ചാ അവരോട്തന്നെ ചോദിക്കായിര്ന്നില്ലേ?''
മാതു ഒന്നും പറഞ്ഞില്ല.'
'പോവാണ്ടെ പറ്റ്വോ? പുത്യേ കെട്ടിടത്തിന്റെ പണി കഴിയാൻ മൂന്ന് നാല് കൊല്ലം എടുക്കും. അതുവരെ ഞങ്ങള് ഇടപ്പിള്ളീലാ താമസിക്ക്യാ.''
'അവ്‌ടേയക്കൊന്നും എനിക്ക് വരാൻ പറ്റില്ല ചേച്ചി.''
'ആരാ വരണംന്ന് പറയണത്? ഒക്കെ സൗകര്യംപോലെ ചെയ്യാ.''
'ചേച്ചിക്കിതു നേരത്തെ പറയായിരുന്നു. ന്നാ എനിക്ക് വേറെ വല്ല ജോലീം നോക്കായിരുന്നു.''
'അതിപ്പഴും ആയിക്കൂടെ?''
'ഈ നാലു ദെവസം കൊണ്ടോ?''

മാതു ഓടുകയായിരുന്നു. ഒരു വീട്ടിൽനിന്ന് വേറൊരു വീട്ടിലേയ്ക്ക്. സമയം അവളുടെ വരുതിയിൽ നിൽക്കുന്നില്ല. അതിനിടയ്ക്ക് മൂന്നാമത്തേയും നാലാമത്തേയും വീടുകളിൽനിന്ന് ഭക്ഷണം കിട്ടും. ഉച്ചത്തെ ഭക്ഷണം അവൾ മൂന്നാമത്തെ വീട്ടിൽനിന്നു കഴിക്കും. മറ്റെ വീട്ടിൽ നിന്ന് കിട്ടുന്നത് കുടിയിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്യും. അതാണവളുടെ രാത്രിഭക്ഷണം. ഒട്ടും സമയമില്ലെങ്കിൽ അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കലുമുണ്ടാവില്ല. വൈകുന്നേരം നാലു മണിയോടുകൂടി വീട്ടിലെത്തിയാൽ മോന് വല്ലതും ഉണ്ടാക്കിക്കൊടുക്കും. ഒന്നാം തിയ്യതിയോടുകൂടി എല്ലാം അവസാനിക്കാൻ പോകുന്നുവെന്ന അറിവ് അവളെ തളർത്തി. അടുത്തുതന്നെ പത്തിരുപതു വീടുകളുള്ള വേറൊരു കോളനിയുണ്ട്. പക്ഷെ അവിടേയ്ക്കടുക്കാൻ പറ്റില്ല. ഒരിക്കൽ അടുത്ത വീട്ടിലെ തങ്കമ്മച്ചേച്ചി അവിടെ ജോലി കിട്ടുമോ എന്നു നോക്കാൻ പോയതായിരുന്നു. എങ്ങിനെയാണ് രക്ഷപ്പെട്ടു പോന്നതെന്നറിയില്ല. അവിടെ ജോലിക്കാർ ഒറ്റക്കെട്ടാണ്. പുറത്തു നിന്ന് ഒരാളെ അവിടെ ജോലി ചെയ്യാൻ സമ്മതിയ്ക്കില്ല. എന്തെങ്കിലും വഴിണ്ടാവും. കെട്ടിയോൻ മറ്റന്നാൾ വരുംന്ന് തോന്ന്ണ്ണ്ട്. അയാള് ഉണ്ടായിട്ട് എന്താ കാര്യം?

'അമ്മാ നിക്ക് പനിക്കുണു.'

അരുൺ കഴുത്തിൽ കൈവച്ചുകൊണ്ട് പറഞ്ഞു. അവൻ ആകെ കുഴഞ്ഞപോലെയുണ്ട്. കുറച്ചു ദിവസമായി അവനെ ആസ്പത്രീല് കൊണ്ടുപോകണംന്നു വിചാരിക്കുണു. എവിട്യാ സമയം. ആര്‌ടെ കയ്യിലാ പണംള്ളത്? കെട്ടിയോൻ വന്നാൽ കൊണ്ടുപോവാൻ പറയണം.

'അച്ഛൻ വരട്ടെ, ന്ന്ട്ട് ആസ്പത്രീല് കൊണ്ടുപോവാൻ പറയാം.'
'അമ്മ പോയി കടേന്ന് മര്ന്ന് വാങ്ങ്യാ മതി. നിക്ക് വയ്യമ്മാ.'

മാതു അവന്റെ നെറ്റി തൊട്ടുനോക്കി. നല്ല പനിയുണ്ട്. ഇത്രയുണ്ടാവുമെന്ന് അവൾ കരുതിയില്ല. അവൾ ഒരു വീട്ടിൽനിന്ന് കൊണ്ടുവന്ന ഇഡ്ഡലി പ്ലെയ്റ്റിലാക്കി അവന്റെ മുന്നിൽ വച്ചു.

'മോൻ ഇതു തിന്നോ. അപ്പഴേയ്ക്ക് അമ്മ പോയി മര്ന്ന് വാങ്ങിക്കൊണ്ടരാം.'
'നിക്ക് മര്ന്ന് മതി അമ്മാ, ഇത് വേണ്ടാ.'

മാതു മരുന്നുകടയിൽ പോയി. പനിയാണെന്നു പറഞ്ഞാൽ അവർ ഒരു ഗുളിക എടുത്തു തരാറുണ്ട്. അതു കഴിച്ചാൽ പനി വേഗം മാറും.

മരുന്നുകടയിൽനിന്ന് മടങ്ങുമ്പോൾ അടുത്ത വീട്ടിലെ ജ്യോതിയുണ്ടായിരുന്നു.

'നിന്നോട് വീട്ട്കാര് വല്ലതും പറഞ്ഞോ മാതൂ?'
'പറഞ്ഞു. ഇനി നമ്മള് എന്താ ചെയ്യാ?'

ജ്യോതി അതേ കോളനിയിൽ മൂന്നു വീട്ടിൽ ജോലിയെടുക്കുന്നുണ്ട്. അവൾക്ക് കുട്ടികളില്ലാത്തതുകൊണ്ട് അത്ര വിഷമമില്ലാതെ ജീവിച്ചുപോകുന്നു. ജോലിയില്ലാതായാൽ അവളും പട്ടിണിയിലാണ്. കാരണം അവൾക്കും തന്റെ കെട്ട്യോനെപ്പോലെ ഒരുത്തനാണ് ഭർത്താവായിട്ടുള്ളത്.

'എന്തെങ്കിലും നോക്കണം....'
'എന്തു നോക്കാനാണ്? നമക്കെവിട്യാ ജോലി കിട്ട്വാ? തെക്കെ കോളനിക്കാര് നമ്മളെ അടുപ്പിക്കില്ല. നമ്മടെ പിന്നിലെ തങ്കമ്മച്ചേച്ചി അവ്‌ടെ ജോലിയ്ക്ക് പോയിട്ട് എന്താണ്ടായത് ന്ന് അറീല്ലേ?'
'ശര്യാ. പിന്നെ ഒരു കാര്യണ്ട്. നമ്മടെ മുമ്പില്ള്ള വീടുകളൊക്കെ പൊളിച്ചിട്ട് അവിടെ നാല് കെട്ടിടാ വരണത്. ഓരോന്നും പതിനഞ്ച് നെല്യാത്രെ. എല്ലാംപാടെ മുന്നൂറ് ഫ്‌ളാറ്റാ വരണത്ന്ന്. അതൊക്കെ വന്ന് കഴിഞ്ഞാ പിന്നെ ജോലിയ്‌ക്കൊന്നും വെഷമണ്ടാവില്ല.'
'അതിന് കാലം കൊറെ പിടിയ്ക്കില്ലേ ജ്യോതി?'
'മൂന്നു കൊല്ലംന്നാണ് അവര് പറേണത്. അതോണ്ടൊന്നും പണി തീരൂലാ. ഒരു നാലു കൊല്ലം കൂട്ടിക്കോ.'
'അതുവരെ നമ്മള് എന്താ ചെയ്യാ?' മാതു ചോദിച്ചു.
'ഒരു വഴീണ്ട്. ഇവിടെ കെട്ടിടം പണി തൊടങ്ങ്യാ നമ്‌ക്കൊക്കെ പണി കിട്ടും. നീ കാണാറില്ലെ, ഓരോ കെട്ടിടം പണിയ്ക്ക് സ്ത്രീകള് ജോലിട്ക്കണത്? ഒരു രണ്ടുനെല വീട്ണ്ടാക്കാൻതന്നെ എത്ര പെണ്ണുങ്ങള് വേണം. അപ്പൊപ്പിന്നെ ഇതിന്റെ കത പറയാന്‌ണ്ടോ?'
'നല്ല കൂലി കിട്ട്വായിരിക്കും അല്ലെ?'
'പിന്നേ? നൂറ്റിയിരുപത് നൂറ്റിമുപ്പതൊക്ക്യാ ഇപ്പത്തെ റേറ്റ്. മാസം നമ്ക്ക് ഇപ്പൊണ്ടാക്കണേക്കാ കൂടുതല്ണ്ടാക്കാം. നീ പേടിക്കാണ്ടിരിക്ക്.'
'സമാധാനായി ന്റെ ജ്യോതി.'
'പിന്നെ വേറൊരു കൊഴപ്പണ്ട്.' ജ്യോതി ഒരു താക്കീതോടെ പറഞ്ഞു. 'നമ്മട്യൊക്കെ കെട്ട്യോമ്മാർക്കും ഇവിടെത്തന്നെ ജോലി കിട്ടും. അട്ത്ത്തന്നെ ഒരു രണ്ട് ചാരായഷാപ്പും തൊറക്കും. പിന്നെ നമ്മടെ കഷ്ടകാലാ.'
'അത് ശര്യാ....... ഞാനീ മര്ന്ന് മോന് കൊണ്ടെക്കൊടുക്കട്ടെ.'

എല്ലാം നശിച്ചു എന്നു കരുതിക്കൊണ്ടിരുന്നപ്പോൾ ജ്യോതി മാതുവിന് കുറേ സ്വപ്നങ്ങൾ കൊടുത്തു. എപ്പോഴാണ് പണി തുടങ്ങുക എന്നറിയില്ല. ആ മഞ്ഞ യന്ത്രങ്ങളെക്കൊണ്ട് എന്താണ് ചെയ്യുക എന്നവൾക്കറിയില്ല. പക്ഷെ അത് കെട്ടിടം പണിയ്ക്കുള്ളതാണെന്ന് അവൾക്കു മനസ്സിലായി. അതെല്ലാം കൊണ്ടുവന്നിട്ട സ്ഥിതിയ്ക്ക് പണി വേഗം തുടങ്ങുമായിരിക്കും. ഒരു മാസത്തിനുള്ളിൽ, ചിലപ്പോൾ അതിലും നേർത്തെ. അതുവരെ ഈ നാലു വീട്ടിൽനിന്നു കിട്ടിയ ശമ്പളംകൊണ്ട് കഴിയാനാകും. പോകുമ്പോൾ അവർ വല്ലതും കൂടുതൽ തന്നാൽ നന്നായിരുന്നു. ഒരര മാസത്തെ ശമ്പളമെങ്കിലും. എന്തിനാണവർ തരുന്നതല്ലെ? എന്തോ കഥ. ഇനി ഒരു കാര്യമുള്ളത് കെട്ടിയോന് ഇവിടെ ജോലി കിട്ടി ഒപ്പം താമസിക്കാൻ തോന്നരുതേ എന്നു മാത്രമാണ്. ഓരോ പ്രാവശ്യവും അയാൾ വന്നുപോകുമ്പോൾ അവളുടെ പഴ്‌സ് തപ്പി ഉള്ള പണമെല്ലാം എടുത്തുകൊണ്ടുപോകുന്നു. അയാൾ കാണാതെ പണം ഒളിപ്പിച്ചുവെയ്ക്കുന്നതിലാണ് രക്ഷയെന്ന് മാതു മനസ്സിലാക്കിയിരുന്നു.

രാത്രി മുഴുവൻ അരുണിന് പനിയായിരുന്നു. പുലർച്ചെയായപ്പോഴാണ് അവന്റെ ദേഹം തണുത്തത്. എങ്ങിനെയാണ് അവനെ ഒറ്റയ്ക്കിട്ടു പണിയ്ക്കു പോവുക? പോവാതിരിക്കാനും പറ്റില്ല. ഇനി മൂന്നു ദിവസവും കൂടിയേ ഉള്ളൂ. പോമ്പൊ എന്തെങ്കിലും തരാൻ ഉദ്ദേശണ്ടെങ്കിൽ അതും ഇല്ലാണ്ടാവും.

നിരത്തിന്റെ എതിർവശത്ത് ഉയർന്നുവന്ന ഒരു വലിയ പരസ്യപ്പലക അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. സാമാന്യം വലിയ ഒരു വീടിന്റെ നീളവും ഉയരവുമുള്ള പടുകൂറ്റൻ പലക. അതിൽ നാലു വലിയ കെട്ടിടങ്ങളുടെ ചിത്രങ്ങൾ. പതിനഞ്ചു നിലയുണ്ടാവും ഓരോ കെട്ടിടത്തിനും. അവൾക്ക് എണ്ണാൻ പറ്റിയില്ല. ഫ്‌ളാറ്റുകളുടെ ബാൽക്കണികളിൽ ഭംഗിയുള്ള ഗ്രില്ലുകൾ. കെട്ടിടങ്ങളുടെ ചുറ്റും പുൽമേടകൾ, പൂക്കൾ വിരിഞ്ഞുനിൽക്കുന്ന തോട്ടങ്ങൾ, ജലധാരകൾ. കണ്ണഞ്ചിപ്പോയി. നിരത്തു മുറിച്ചുകടക്കാതെ അതുതന്നെ നോക്കിനിൽക്കുന്ന മാതുവിനെ ഉണർത്തിയത് ജ്യോതിയായിരുന്നു.

'എന്താ മാതു നീ ഇതീ ഒരു ഫ്‌ളാറ്റ് വാങ്ങാൻ പോണ്‌ണ്ടോ?'

അവൾ ചിരിച്ചുകൊണ്ട് ധൃതിയിൽ ജ്യോതിയുടെ ഒപ്പം നടന്നു. ഇതിൽ എതു കെട്ടിടത്തിലാണാവോ അവൾ പണിയെടുക്കുന്ന വീടുകളിലെ ചേച്ചിമാർ താമസിക്കുക? നാലുപേരും ഒരേ കെട്ടിടത്തിലായാൽ മതിയായിരുന്നു.

അവൾ എട്ടു മണിയ്ക്ക് ഭക്ഷണവുമായി വീട്ടിലേയ്ക്ക് ഓടുമ്പോൾ നിരത്തിൽ കൂടുതൽ യന്ത്രങ്ങൾ നിരന്നിരുന്നു. പണി അടുത്തുതന്നെ തുടങ്ങുംന്ന് തോന്നുണു.

മൂന്ന്

പിറ്റേന്നും അതിനു പിറ്റേന്നുമായി അവളുടെ നാലു ജോലിയും നഷ്ടപ്പെട്ടു. അവളെപ്പോലെ ജോലി നഷ്ടപ്പെട്ട സ്ത്രീകൾ തെരുവിൽ കൂട്ടമായി നിന്നു കെട്ടിടം പണിയെപ്പറ്റി സംസാരിച്ചു. എന്തു കൂലി കിട്ടുമെന്നാണവർ തർക്കിച്ചിരുന്നത്. ആണുങ്ങൾക്ക് കിട്ടുന്നത്ര പെണ്ണുങ്ങൾക്ക് കിട്ടില്ലെന്നവർക്കറിയാം. ശരിയ്ക്കു പറഞ്ഞാൽ മണ്ണും ഇഷ്ടികയും കരിങ്കല്ലും കോൺക്രീറ്റു കൂട്ടിയതും ചുമക്കുകയെന്ന പണിയേ സ്ത്രീകൾക്ക് കിട്ടാറുള്ളു. ആ പണി, പക്ഷെ ആണുങ്ങളേക്കാൾ ഭംഗിയായി കൂടുതൽ വേഗത്തിൽ പെണ്ണുങ്ങൾ ചെയ്യും. എന്നാലും അവർക്ക് ആണുങ്ങൾക്കു കിട്ടുന്ന കൂലി കിട്ടില്ല. അതങ്ങിനെയാണ്. ആരും ചോദ്യം ചെയ്യാത്ത നിയമം. ഉച്ചയായപ്പോഴേയ്ക്ക് എല്ലാവർക്കും എന്തു കിട്ടുമെന്നതിനെപ്പറ്റി പൊതുവായ ഒരറിവുണ്ടായി. അതാണെങ്കിൽ അത്. അതെന്തായാലും ഇപ്പോൾ കിട്ടുന്നതിനേക്കാൾ മെച്ചമായിരിക്കും.

കെട്ടിടത്തിന്റെ പണി മാതു പ്രതീക്ഷിച്ചതിലും നേരത്തെ തുടങ്ങി. പിറ്റേന്ന് രാവിലെ ഇരുമ്പായുധങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടപ്പോൾ മാതു പുറത്തുവന്നു നോക്കി. അനങ്ങാതെ നിന്നിരുന്ന മഞ്ഞവണ്ടികൾ ഉരുണ്ടു നടക്കുകയാണ്. മരച്ചാപ്പയിൽ തടിയെടുത്ത് മാറ്റിയിടുന്ന ആനകളെപ്പോലെ ആ യന്ത്രങ്ങൾ മുമ്പിലുള്ള നീണ്ട കൈകൊണ്ട് മണ്ണു മാന്തി ഇടനിരത്തിൽ മണ്ണിനു വേണ്ടി കാത്തുനിൽക്കുന്ന ടിപ്പർ ലോറികളിൽ നിറയ്ക്കുന്നു. യന്ത്രങ്ങളുടെ കൈകൾകൊണ്ട് ആറോ എട്ടോ പ്രാവശ്യം കോരിയെടുക്കുമ്പോഴേയ്ക്ക് ഓരോ ലോറി നിറയുകയാണ്. നിറഞ്ഞുകഴിഞ്ഞ ടിപ്പറുകൾ ചീറിപ്പായുകയാണ്, തിരിച്ചുവരാൻ, വീണ്ടും നിറയ്ക്കാൻ, വീണ്ടും........

അനങ്ങാൻ വയ്യാതെ മാതു നിൽക്കുകയാണ്. മാതു മാത്രമല്ല ആ കോളനിയിലെ സ്ത്രീകളെല്ലാം. അവർക്കു കിട്ടുമെന്നു കരുതിയ ജോലിയാണ് ഉരുക്കിന്റെ യന്ത്രങ്ങൾ നിഷ്പ്രയാസം ചെയ്യുന്നത്. അവരെല്ലാവരും, ഏകദേശം അത്രതന്നെ പുരുഷന്മാരും കൂടി എട്ടോ പത്തോ ദിവസം എടുക്കുമായിരുന്ന ജോലിയാണ് രണ്ടു യന്ത്രങ്ങൾ ഉച്ചയാകുമ്പോഴേയ്ക്ക് ചെയ്തുതീർത്തത്. താൻ ജോലിയെടുത്തിരുന്ന നാലു വീടുകളും തീപ്പെട്ടിക്കൂടുപോലെ അടുക്കിവെയ്ക്കാൻ മാത്രം വലുപ്പമുള്ള, ഒരാൾ ആഴത്തിലുള്ള കുഴി.

ഭാവി എന്തായിരിക്കുമെന്നതിന് ഒരു താക്കീതായിരുന്നു മാതുവിന് അത്. അവൾ പോകാനായി തിരിഞ്ഞപ്പോഴാണ് കണ്ടത്. ആ കോളനിയിലെ എല്ലാ സ്ത്രീകളും വാടിയ മുഖത്തോടെ ആ കാഴ്ച നോക്കി നിൽക്കുകയായിരുന്നു. ആരും ഒന്നും പറഞ്ഞില്ല.

വീട്ടിന്റെ മുറ്റത്തെത്തിയപ്പോൾ ജ്യോതി നിന്നു. അവൾ മാതുവിന്റെ ചുമലിൽ കൈവെച്ചു.

'നീ വെഷമിക്കണ്ട. ഇതു മാത്രൊന്നും അല്ല കെട്ടിടം പണീല്ള്ളൂ. പണിയൊന്ന് തൊടങ്ങട്ടെ. നമ്ക്ക് അവിടെ കിട്ടാതിരിക്കില്ല.'

കെട്ടിടംപണി തുടങ്ങിക്കഴിഞ്ഞുവെന്നും അവർക്ക് പത്തു ദിവസത്തെ ജോലി നഷ്ടമായെന്നും രണ്ടുപേർക്കും മനസ്സിലായിരുന്നു.

ഭർത്താവു വന്നപ്പോൾ മാതു പറഞ്ഞു.

'ഞങ്ങട്യൊക്കെ പണി പോയി.'

അയാൾക്കതിൽ താല്പര്യമുണ്ടായിരുന്നില്ല. അയാൾ ലഹരിയിലായിരുന്നു. ഒരു മാസത്തിനു ശേഷം അയാൾ എത്തിയപ്പോൾ ആദ്യം പോയത് ഷാപ്പിലേയ്ക്കായിരുന്നു. ആദ്യത്തെ ലഹരി ഒരു വിധമായപ്പോൾ രണ്ടാമത്തെ ലഹരിക്കായി വീട്ടിലെത്തിയതാണ്. അരുൺ ഉറക്കമായിരുന്നു. അയാൾ സമയം പാഴാക്കിയില്ല.

'നിങ്ങള് ഊണ് കഴിച്ചാ?'
'കഴിച്ചു.'

എവിടെനിന്നെന്ന് അയാൾ പറഞ്ഞില്ല. ഷാപ്പിൽനിന്ന് കിട്ടിയ മീൻ വറുത്തതിന്റെ സ്വാദ് നാവിൽ അപ്പോഴുമുണ്ടായിരുന്നു. മാതു ഒന്നും പറയാതെ അയാളോടൊപ്പം കിടന്നു. ഇനി സംസാരം രാവിലെയെ നടക്കൂ.

രാവിലെ വിവരങ്ങളറിഞ്ഞപ്പോൾ അയാൾക്ക് വിശേഷിച്ച് അദ്ഭുതമൊന്നുമുണ്ടായില്ല.

'വേറെ പണി കിട്ടില്ലെ?'

'ഇനി വീട്ടുജോലി കിട്ടുംന്ന് തോന്ന്ണില്യ. തെക്കെ കോളനീല് എല്ലാ വീട്ടിലും പണിക്ക് ആള്ണ്ട്. അവര് വേറെ ആരേം അങ്ങട്ട് കേറ്റൂല. പോരാത്തതിന് നമ്മടെ കോളനീലെ എല്ലാ പെണ്ണുങ്ങടേം ജോലി പോയിരിക്ക്യാണ്.'

മാതു കാര്യങ്ങളുടെ ഗൗരവം വിവരിച്ചു കൊടുത്തു. ഇത്ര വലിയ കെട്ടിടങ്ങളാണ് അവിടെയുണ്ടാക്കാൻ പോകുന്നതെന്ന് അയാൾക്കറിയില്ലായിരുന്നു. എന്തോ വരാൻ പോകുന്നുണ്ട് എന്ന് ഒരു മാസമായി കേൾക്കുന്നതാണ്.

'വീട്ടുപണി കിട്ടില്ലെങ്കീ കെട്ടിടം പണിയ്ക്ക് പൊയ്‌ക്കൊ. ഇത്ര വല്യേ കെട്ടിടങ്ങള്ണ്ടാക്കുമ്പോ ധാരാളം പെണ്ണുങ്ങളെ വേണ്ടിവരും.'

മാതു ഒന്നും പറഞ്ഞില്ല. ഒന്നും പറയാൻ തോന്നിയില്ല എന്നു പറയുകയാവും ഭംഗി. അയാൾ പണിയെടുക്കുന്നിടത്ത് ധാരാളം പെണ്ണുങ്ങളും പണിയ്ക്കുണ്ട്. അതെല്ലാം ചെറിയ ചെറിയ വീടുകളാണ്. അതുപോലെയല്ല ഇത്.

'മോന് നാല് ദെവസായിട്ട് നല്ല പന്യാ. ഒന്ന് ആസ്പത്രീല് കൊണ്ടോണം'
'ചായ കുടിച്ചിട്ട് പോവാം. നെന്റെ കയ്യില് പണംണ്ടോ? ണ്ടാവൂലോ ഈ നാല് സ്ഥലത്ത്ന്ന് ശമ്പളം കിട്ടീലെ. പിന്നെ അവര് പിരിച്ച് വിടുമ്പൊ എക്സ്റ്റ്രാ ഒന്നും തന്നില്ലെ?'
'ഇല്ല.' മാതു നുണ പറഞ്ഞു. ഒരു വീട്ടുകാര് മുഴുവൻ മാസത്തെ ശമ്പളം കൂടുതൽ തന്നു. മറ്റുള്ള മൂന്നു പേരും പകുതി മാസം വീതവും. അവൾ അത് ഒളിപ്പിച്ചു വെച്ചിരിക്കയാണ്.
'നീ ചോയ്ച്ച് വാങ്ങണ്ടതായിരുന്നു.'
'നിക്കറിയില്ലായിരുന്നു.'
'നെനക്കൊന്നും അറീല്യ!'

സാധാരണ അയാൾ തിങ്കളാഴ്ച രാവിലെയാണ് പോകാറ്. ഇന്ന് രാത്രി ഊണു കഴിച്ച് മോൻ ഉറങ്ങിയെന്നുറപ്പായപ്പോൾ ആ ആഴ്ചത്തെ ലഹരിയുടെ അവസാന ഗഡുകൂടി മേടിച്ച ശേഷം അയാൾ പുറപ്പെട്ടു. മാതു ചോദിച്ചു.

'പോവ്വാണോ?'
'അതെ, ഇവിടെ നിന്നിട്ട് എന്താ കാര്യം?'
മാതു ഒന്നും പറഞ്ഞില്ല.
'എനിക്കൊരു ഇരുന്നൂറു രൂപ വേണം.'
'ന്റെ അട്ത്ത് എവിട്ന്നാ പണം?' മാതുവിന് കലി വരുന്നുണ്ടായിരുന്നു. 'ന്റെ പണീം പോയിരിക്ക്യാണ്. എപ്പഴാ പണി കിട്ട്വാന്നറിയില്ല. അത്‌വരെ പട്ടിണി കെടക്കാൻ പറ്റ്വോ?'
'അതൊന്നും നിക്കറീല്യ. എനിക്കിപ്പൊ പണത്തിന് ആവശ്യണ്ട്. അടുത്ത ആഴ്ച വരാം. അപ്പൊ കൊണ്ടന്ന് തരാം.'

അതുണ്ടാവില്ലെന്ന് മാതുവിന്നറിയാം. അങ്ങിനെ കുറേ ആഴ്ചകൾ അയാളുടെ നാവിൻതുമ്പത്തുകൂടെ പോയിട്ടുണ്ട്. അവൾ ഒന്നും പറയാതെ പഴ്‌സ് തുറന്ന് നൂറിന്റെ രണ്ടു നോട്ടുകൾ അയാളുടെ മുമ്പിലേയ്ക്കു വലിച്ചെറിഞ്ഞു. അതു പെറുക്കിയെടുത്ത് അയാൾ സ്ഥലം വിട്ടു.

ഈ ഭർത്താവിനെ ഒപ്പം താമസിക്കാൻ തരാത്തതിന് മാതു ദൈവത്തോട് നന്ദി പറഞ്ഞു.

നാല്

യന്ത്രങ്ങൾ മുന്നേറുകയായിരുന്നു. ഇപ്പോൾ ആ പറമ്പിലുണ്ടായിരുന്ന വീടുകൾ പൊളിച്ചു മാറ്റുകയാണ്. നീണ്ട ഉരുക്കുകയറിന്റെ അറ്റത്തുള്ള കനത്ത ഇരുമ്പു ഗോളങ്ങൾ ശക്തിയിൽ വന്നടിയ്ക്കുമ്പോൾ ഒരു കുട്ടി മുറ്റത്തുണ്ടാക്കിയ കളിവീടുപോലെ ആ വീടുകൾ നിലം പൊത്തി. മണ്ണുമാന്തികൾ ആ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നിഷ്പ്രയാസം കോരി കാത്തുനിൽക്കുന്ന ടിപ്പർ ലോറികളിൽ നിറച്ചു. തങ്ങളുടെ ജോലി ഓരോന്നോരോന്നായി യന്ത്രങ്ങൾ ഏറ്റെടുക്കുന്നത് ആ കോളനിയിലെ സ്ത്രീകൾ ഇടിഞ്ഞ മനസ്സോടെ നോക്കിനിന്നു. അവിടെ പൊളിക്കുന്ന വീടുകൾ നല്ല ബലമുള്ള കെട്ടിടങ്ങളായിരുന്നു. സ്വന്തം വീട് എത്ര മോശാണ്ന്ന് മാതുവിന് ഓർക്കാതിരിക്കാൻ പറ്റിയില്ല. മുമ്പിലുള്ള കെട്ടിടങ്ങളല്ല അവരുടെ ഭാവിയാണ് അവിടെ ഇടിച്ചു പൊളിക്കപ്പെടുന്നത്.

'നോക്ക്, എത്ര നല്ല വീടുകളാണ് പൊളിക്കണത്?' തന്റെ അടുത്ത് ഈ കാഴ്ച കണ്ടുനിന്ന ജ്യോതിയോട് മാതു പറഞ്ഞു. 'ആ വീടുകളൊക്കെ നമ്മടെ പറമ്പിലേയ്ക്ക് കൊണ്ടരാൻ പറ്റിയാൽ എത്ര നന്നായിരുന്നു അല്ലെ?'

'അതാണ് ഞാനും ആലോചിച്ചോണ്ടിരുന്നത്.'

'ഒരു കാര്യം മനസ്സിലാക്ക്യോ?' മാതു പറഞ്ഞു. 'ഇക്കണക്കിന് പോയാൽ നമ്ക്ക് ഇവിടെ പണിയൊന്നും കിട്ടുംന്ന് തോന്ന്ണ്‌ല്യ.'

'സാരല്യ.' ജ്യോതി അവളെ ആശ്വസിപ്പിച്ചു. 'പണി തൊടങ്ങീട്ടല്ലെള്ളൂ. ഇനി തറ പണ്യൊക്കെ തൊടങ്ങുമ്പളാണ് നമ്മട്യൊക്കെ ആവശ്യം വര്വാ.'

തറപ്പണി, ജ്യോതിയും അവളെപ്പോലുള്ള മറ്റു സ്ത്രീകളും വിചാരിച്ച പോലെ, അത്ര എളുപ്പമായിരുന്നില്ല. വലിയ ഡ്രില്ലിംഗ് മെഷിനുകളും പഞ്ചിംഗ് ഹാമറുകളും പ്രവർത്തനം തുടങ്ങി. അവ ഭൂമിയിൽ അഗാധമായ ദ്വാരങ്ങളുണ്ടാക്കുമ്പോൾ ചുറ്റുവട്ടത്തുമുള്ള വീടുകൾ വിറച്ചു. അവയുടെ ചുമരുകളിൽ വിള്ളലുണ്ടായി. ആ യന്ത്രങ്ങൾ രാത്രിപകലില്ലാതെ കുഴിക്കൽ തുടർന്നു. ഒരു രാവിലെ മാതു നോക്കി നിൽക്കെ ഒരു ട്രക്കിൽനിന്ന് സ്ത്രീകൾ ചാടിയിറങ്ങി. ഒപ്പംതന്നെ തുമ്പകളും സിമന്റ് കൂട്ടിയത് എടുക്കാനുള്ള ഇരുമ്പുചട്ടികളും കൊണ്ട് ആണുങ്ങളും. നിമിഷങ്ങൾക്കകം കോൺക്രീറ്റ് മിക്‌സ്ചറുകൾ പ്രവർത്തനമാരംഭിച്ചു.

കോളനിയിലെ സ്ത്രീകൾ മുഖത്തോടുമുഖം നോക്കി. അവരുടെ അവസാനത്തെ പ്രതീക്ഷയും ആ യന്ത്രങ്ങളുടെ ശബ്ദത്തിൽ നഷ്ടപ്പെട്ടു.

'നമുക്കൊന്ന് പോയി നോക്കാം.' ജ്യോതി പറഞ്ഞു. മാതുവിന് ഒരഭിപ്രായവുമുണ്ടായിരുന്നില്ല. തലേന്നു രാത്രിയും അവൾ കയ്യിൽ ബാക്കിയുള്ള പണം എണ്ണിനോക്കിയിരുന്നു. മോന്റെ ചികിത്സക്കായി പണം നല്ലവണ്ണം ചെലവാകുന്നുണ്ട്. അവനെന്താണ് അസുഖമെന്ന് ഡോക്ടർമാർ പറഞ്ഞില്ല. ഓരോ ആഴ്ചയും അവൾ അരുണിനെയും കൂട്ടി ആസ്പത്രയിൽ പോകും. ഡോക്ടർ മരുന്നെഴുതിത്തരും.

'ഇതൊരു പുതിയ മരുന്നാണ്. ഇതോണ്ട് ഭേദാവും. പേടിക്കാനൊന്നുംല്യ.'

മരുന്നുകൾക്ക് ഭയങ്കര വിലയാണ്. ഒരാഴ്ചത്തെ മരുന്നിന് അറുപത്തഞ്ചു രൂപ ചുരുങ്ങിയത് വരും. കഴിഞ്ഞ ആഴ്ചത്തെ മരുന്നിന് എൺപതിൽ ചില്വാനം വന്നു. ഇതൊക്കെ പോരാത്തതിനാണ് കെട്ട്യോന്റെ കൊള്ളയും. ഇനി ഒരാഴ്ചത്തെ മരുന്നും അരീം വാങ്ങാൻ കഷ്ടിച്ചു പണം കാണും. ജോലി നഷ്ടപ്പെട്ടിട്ട് ഒന്നര മാസമായി. അന്ന് വന്ന ശേഷം കെട്ട്യോൻ തിരിഞ്ഞു നോക്കിയിട്ടില്ല. അതു നന്നായി എന്ന് ജ്യോതി പറയുന്നു. അല്ലെങ്കിൽ അയാൾക്ക് തിന്നാൻ കൊടുക്കാൻ കടം വാങ്ങേണ്ടി വരും. ആരുടെ കയ്യിൽനിന്നാണ് കടം വാങ്ങുക? എല്ലാവർക്കും അവരുടെ സ്ഥിതിതന്നെയാണ്. ആഴ്ചയിലൊരിക്കൽ വരുന്ന ജ്യോതിയുടെ ഭർത്താവും ഒരിക്കൽ വന്നു പോയതാണ്. അവർക്കെല്ലാം പണിയുണ്ട്. വല്ലപ്പോഴും ഭാര്യയുടെ അടുത്തുനിന്നു കിട്ടുന്നത് അവർക്ക് അവിടെത്തന്നെ കിട്ടും. പിന്നെ എന്തിനാണ് കഷ്ടപ്പെട്ടു വരുന്നത്. മാതുവിന്റെ ഭർത്താവിനും വിവരങ്ങൾ കിട്ടുന്നുണ്ടാവും. ഇനി വന്നിട്ട് കാര്യമില്ലെന്ന് അയാൾക്കും മനസ്സിലായിട്ടുണ്ടാവും.

പറഞ്ഞു വരുമ്പോൾ ആ കോളനിയിലെ പല സ്ത്രീകളുടെയും ഭർത്താക്കന്മാർ വരവു കുറക്കുകയോ പാടെ നിർത്തുകയോ ചെയ്തിരിക്കുന്നു.

വൈകുന്നേരം മാതു ജ്യോതിയുടെ ഒപ്പം ധൈര്യം സംഭരിച്ച് പോയപ്പോൾ അന്നത്തെ പണി കഴിഞ്ഞ് പെണ്ണുങ്ങൾ ട്രക്കിൽ കയറുകയായിരുന്നു. അവരുടെ സംസാരത്തിൽനിന്ന് അവർ തമിഴത്തികളാണെന്നു മനസ്സിലായി. അവർക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്ന ഒരാളോട് ജ്യോതി ചോദിച്ചു.

'നാളെ പണിണ്ടോ?'

'ണ്ടല്ലോ.' അയാൾ രണ്ടു പേരുടെയും ദേഹത്തിൽ ഉഴിഞ്ഞു നോക്കി. ഇരുണ്ട നിറമുള്ള മെലിഞ്ഞ തമിഴത്തിപ്പെണ്ണുങ്ങൾക്കിടയിൽ അവരുടെ ദേഹം ഉദിച്ചു കണ്ടു. ആ ഉരുണ്ട ദേഹങ്ങൾ അയാൾ കൊതിയോടെ നോക്കുകയാണ്.

'നാളെ ഞങ്ങളും വരട്ടെ പണിയ്ക്ക്.'

'ദാ, അവ്‌ടെ ചോദിയ്ക്ക്. അയാളാണ് കണ്ട്രാക്.' അടുത്തുതന്നെ കെട്ടിയുണ്ടാക്കിയ ടെന്റിനു മുമ്പിൽ ആരോടോ സംസാരിച്ചുകൊണ്ട് നിന്ന ഒരു തടിയനെ ചൂണ്ടിക്കാട്ടി അയാൾ ട്രക്കിന്റെ മുൻസീറ്റിൽ കയറിയിരുന്നു. വണ്ടി പുറപ്പെട്ടു പോവുകയും ചെയ്തു.

കോൺട്രാക്ടറോട് സംസാരിച്ചുനിന്ന ആൾ പോവാനായി ആ രണ്ടു സ്ത്രീകൾ കാത്തുനിന്നു. ഇത്ര എളുപ്പമാണെന്നവർ കരുതിയിരുന്നില്ല. കുറച്ചു നേരത്തെത്തന്നെ ഇവിടെ വന്ന് അന്വേഷിക്കാമായിരുന്നു. സംസാരിച്ചുനിന്ന ആളെ പറഞ്ഞയച്ചശേഷം അയാൾ ടെന്റിന്റെ ഉള്ളിലേയ്ക്കു പോയി. ടെന്റിന്റെ വാതിൽ ഒരു തുണികൊണ്ട് മറച്ചിരുന്നു. അവർ വാതിൽക്കൽ ചെന്നു തുണി മാറ്റി നോക്കി. അയാൾ ഒരു മേശയക്കു മുമ്പിലിരുന്ന് എന്തോ കടലാസുകൾ നോക്കുകയാണ്.

'എന്തേ?'
'ഞങ്ങള് മുമ്പില്‌ത്തെ കോളനീലാ താമസിക്കണത്.' മാതു പറഞ്ഞു.
'എനിക്കറിയാം.'
അറിയാം? അതവരെ അദ്ഭുതപ്പെടുത്തി. അയാൾ വീണ്ടും ചോദിച്ചു. 'എന്താ വേണ്ടത്?'
'നാളെ ഞങ്ങള് പണിയ്ക്ക് വരട്ടെ?' രണ്ടു സ്ത്രീകളും ഒന്നിച്ചാണ് പറഞ്ഞത്.
'പണീ..........' അയാൾ നിർത്തി, അവരെ അടിമുതൽ മുടിവരെ നോക്കുകയാണ്.
'നിങ്ങക്ക് എന്തു പണ്യാണ് അറിയ്യാ?'
'സിമന്റിന്റെ പണ്യൊക്കെ പടിപ്പിച്ചു തന്നാമതി. തല്ക്കാലം കൂലിപ്പണി ചെയ്യാം. ഇപ്പൊപ്പോയ പെണ്ണുങ്ങള് ചെയ്ത പോലത്തെ പണി.'

'ഞാൻ സത്യം പറയട്ടെ?' മുമ്പിലുള്ള പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് ഒരു കവിൾ വെള്ളം കുടിച്ച് അയാൾ പറഞ്ഞു. 'ഈ തമിഴ് പെണ്ണുങ്ങള് ഇല്ലേ, അവര്യൊക്കെ തമിഴ്‌നാട്ടീന്ന് ആട്ടിത്തെളിച്ചു കൊണ്ടരണതാണ്. ഒരാൾക്ക് ഞാൻ കൊടുക്കണത് അറുപതു രൂപ്യാണ്. എൺപത്‌ന്നൊക്കെ ആദ്യം പറയും. ഒരിക്കല് നാടു വിട്ടാൽ പിന്നെ അവര് ഒന്നും പറയില്ല. ഇവിടത്തെ പെണ്ണുങ്ങൾക്ക് ചുരുങ്ങിയത് നൂറ്റിയിരുപത് കൊടുക്കണം. ഈ തമിഴത്തികളില്ലേ, അവറ്റ പൊരിഞ്ഞ് ജോലിയെടുത്തോളും. ഇവിടുത്തോര് അങ്ങന്യാണോ? സമയം നോക്കും. വാർക്കപ്പണീലൊന്നും സമയം നോക്കാൻ പറ്റൂല. അഞ്ചുമണി കഴിഞ്ഞാൽ ഡബ്‌ള് കൂലി വേണംന്ന് പറയും. അതൊക്കെ മൊതലാവ്വോ? അങ്ങിന്യൊന്നും കൊടുത്തില്ലെങ്കില് രാഷ്ട്രീയക്കാര് വന്ന് ബഹളംണ്ടാക്കും. പിന്നെ അവർക്കും കൊടുക്കണ്ടി വരും കാശ്. എന്തിനീ പൊല്ലാപ്പിനൊക്കെ പോണത്.'

മാതുവും ജ്യോതിയും മുഖത്തോടുമുഖം നോക്കി.

'ഒരു പണീം കിട്ടില്ലേ?' മാതു ചോദിച്ചു. 'ഞങ്ങക്കൊക്കെ ഈ പറമ്പില് വീട്ടുപണിണ്ടായിര്ന്നതാ. ആ വീട്ടുകാരൊക്കെ പോയപ്പൊ പണില്യാതായതാ.'

'ഞാനെന്താ ചെയ്യാ. ശരിയ്ക്ക് പറഞ്ഞാ, ആ ട്രക്കില് പോയ ആളില്ലെ, അയാളാണ് ലേബർ കൺട്രാക്ടറ്. അയാളാണ് ഇവറ്റ്യൊക്കെ സൂക്ഷിക്കണത്. ന്ന് വെച്ചാല് വല്ല ഒഴിഞ്ഞ പറമ്പിലും ടെന്റ്‌കെട്ടി അവിടെത്തന്നെ ഭക്ഷണംണ്ടാക്കിക്കഴിച്ച് കൂടിക്കോളും. ഞാനിപ്പൊ ഒന്നോ രണ്ടോ പെണ്ണുങ്ങളെ വേറെ എടുത്താ അയാള് ഒടക്കും.'

'ഞങ്ങ പോട്ടെ?......'

'നിങ്ങട്യൊക്കെ കെട്ട്യോന്മാര് ഇല്ലെ? ആണ്ങ്ങളെ ഒന്നും കാണാറില്ലല്ലൊ ഇവ്‌ടെ?'

'അവർക്കൊക്കെ ദൂരെ ജോല്യാണ്. വല്ലപ്പഴും വരും. രണ്ടാഴ്ച കൂടുമ്പഴോ മാസത്തിലൊരിക്കലോ.....'

'അപ്പൊ ഒരു കാര്യം ചെയ്യാമോ?' വാതിൽക്കലെത്തിയ സ്ത്രീകൾ നിന്നു. അയാൾ തുടർന്നു. 'ഒരു എട്ടു മണി കഴിഞ്ഞാ ഒന്ന് വരാമോ? ന്നെ സഹായിക്കാനാ. ഇവ്ട്ന്ന് തന്നെ നിങ്ങക്കും ഭക്ഷണം കഴിക്കാം. പറ്റ്വെങ്കീ രാത്രി ഇവ്‌ടെ കെട്ക്കും ചെയ്യാം. അല്ലാ, നിങ്ങക്ക് ഇഷ്ടണ്ടെങ്കീ മതി.'

'അതു വേണ്ട.' രണ്ടു പേരും ഒന്നിച്ചു പറഞ്ഞു. അയാളെ ചീത്ത പറഞ്ഞ് ഓടിപ്പോവാനാണ് ആദ്യം തോന്നിയത്. പിന്നെ, ഭാവി പുറത്തെ ഇരുട്ടുപോലെ അവർക്കു മുമ്പിൽ വിടർന്നു നിന്നപ്പോൾ അവർ നിശ്ശബ്ദരായി പുറത്തേയ്ക്കു കടന്നു.

'അങ്ങനെ പറ്റ്വെങ്കില് വാ.' അയാൾ പിന്നിൽനിന്ന് വിളിച്ചുപറഞ്ഞു.

അവർ വേഗത്തിൽ നടന്നു. അയാളുടെ സംസാരത്തിൽ അവ്യക്തതയൊന്നുമില്ല. അയാളുദ്ദേശിക്കുന്നത്, പ്രതീക്ഷിക്കുന്നത് വളരെ വ്യക്തമാണ്. അതിന് തയ്യാറാണെങ്കിൽ വാ, അല്ലെങ്കിൽ നിർബ്ബന്ധിക്ക്ണ്‌ല്യ. ന്യായമാണത്.

അഞ്ച്

വീട്ടിലെത്തിയ മാതു കുറേ നേരം ഓരോന്ന് ആലോചിച്ചു. അരുൺ തളർന്ന് ഉറങ്ങുകയാണ്. അവൻ മെലിഞ്ഞ് എല്ലും കോലുമായിരിക്കുന്നു. എന്തിനാണ് ഇങ്ങിനെ ഒരു ജീവിതം? നാലു വീടുകളിൽ ജോലിയെടുത്തു കൊണ്ടിരിക്കുമ്പോൾ അവൾ എന്നും ആലോചിക്കുന്നതാണ്. എന്താണ് അവരുടെയും തങ്ങളുടെയും ജീവിതം രണ്ടു വിധത്തിലാവുന്നത്? എന്താണ് രണ്ടും തമ്മിൽ ഇത്ര അന്തരം? അവൾക്ക് കെട്ട്യോനോട് കലശലായ ദേഷ്യം വന്നു. അയാൾ സഹായിച്ചാൽ ജീവിതം കുറേക്കൂടി നന്നാക്കാമായിരുന്നു. അതിനു പകരം അവളെ ദ്രോഹിക്കുകയാണ് അയാൾ ചെയ്യുന്നത്. ഇനി രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കയ്യിലുള്ള പണം മുഴുവൻ തീരും. അതു കഴിഞ്ഞാലോ?

അവളുടെ പണം കഴിയുകതന്നെ ചെയ്തു, പ്രതീക്ഷിച്ചതിലും വേഗം. വീട്ടുജോലിയുണ്ടായിരുന്ന കാലത്ത് ഭക്ഷണത്തിനുവേണ്ടി അധികം പണം ചെലവാക്കേണ്ടി വന്നിരുന്നില്ല. ഇപ്പോൾ അരിമുതൽ ഉപ്പുവരെയുള്ള സാധനങ്ങൾ കാശുകൊടുത്തു വാങ്ങണം. പോരാത്തതിന് മോന്റെ മരുന്നുകളും. നാളെ അവനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോണ്ട ദിവസമാണ്. ചുരുങ്ങിയത് നൂറു രൂപയെങ്കിലും വേണ്ടിവരും. അവൾ എഴുന്നേറ്റു. പ്രതീക്ഷിക്കാത്ത ചെലവ് വല്ലതും വന്നാൽ എടുക്കാനായി അവൾ ആയിരത്തിച്ചില്ല്വാനം രൂപ ഒരു സ്ഥലത്ത് ഒളിപ്പിച്ചു വെച്ചിരുന്നു. മൂന്നു നാലു കൊല്ലത്തെ ആ സമ്പാദ്യം കെട്ട്യോനിൽനിന്ന് രക്ഷപ്പെടുത്തി ഒളിപ്പിച്ചു വെയ്ക്കാൻ അവൾ പാടുപെട്ടിരുന്നു. അതെടുക്കാൻ വരട്ടെ. അവൾ പിന്നിലെ വേലിക്കൽ ചെന്ന് വിളിച്ചു. 'ജ്യോതീ.....'

ജ്യോതി പുറത്തുകടന്നു വേലിക്കലേയ്ക്കു വന്നു.

'ജ്യോതി, ഒരു നൂറു രൂപ എട്ക്കാണ്ടാവ്വോ? നാളെ രാവിലെ മോനെ ഡോക്ടറ്‌ടെ അട്ത്ത് കൊണ്ടുപോണം.'

ജ്യോതി ഒരു മിനുറ്റ് ഒന്നും പറഞ്ഞില്ല. പിന്നെ സാവധാനത്തിൽ പറയാൻ തുടങ്ങി.

'ഞാനെങ്ങന്യാ നെന്നോട് അങ്ങട്ട് ചോദിക്ക്യാന്ന് വിചാരിച്ചിരിക്ക്യായിരുന്നു. ന്റട്ത്ത് ഇരുപത് രൂപണ്ട്, ചില്ലറ്യൊക്കെ ആയിട്ട്. അത് വേണങ്കീ തരാം. നമ്മള് എന്താ ചെയ്യാൻ കണ്ടിരിക്കണത്?'

'നിക്കറീല്യ. പോട്ടെ. എന്തെങ്കിലും വഴിണ്ടാവും.'

മാതു തിരിഞ്ഞു നടന്നു. അവൾ ഒളിപ്പിച്ചുവച്ച സമ്പാദ്യത്തെക്കുറിച്ച് ആലോചിച്ചു. ഇപ്പോൾ അതെടുക്കേണ്ട സമയമായിരിക്കുന്നു. ഒരു നൂറു രൂപയെങ്കിലും ജ്യോതിയ്ക്കും കൊടുക്കാം. അവൾ കട്ടിലിന്റെ അടിയിൽനിന്ന് പെട്ടി വലിച്ചെടുത്ത് അടിയിൽ തപ്പി.

അതവിടെനിന്ന് പോയിരിക്കുന്നു! ആയിരത്തിച്ചില്ല്വാനം രൂപ. അവളുടെ നാലു കൊല്ലത്തെ സമ്പാദ്യം. ഭക്ഷണത്തിൽ മിച്ചം വെച്ച് ആവശ്യങ്ങൾ കുറച്ച് അവളുണ്ടാക്കിയ പണം! അവൾ തരിച്ചിരുന്നു. അവളറിയാതെ കെട്ട്യോൻ അതു മോട്ടിച്ചിരിക്കുന്നു.

ആ ഇരുപ്പിൽ സമയം ഏഴായിട്ടുണ്ടാകണം. അവൾ എഴുന്നേറ്റു. വീടിനു പിന്നിലെ ചായ്പിൽ കെട്ടിയുണ്ടാക്കിയ കുളിമുറിയിലെ മൺകുടത്തിൽ മുക്കാൽ ഭാഗം വെള്ളമുണ്ടായിരുന്നു. അതെടുത്തു നന്നായി മേൽക്കഴുകി, അകത്തുവന്ന് പെട്ടിയിൽനിന്ന് അവളുടെ ഏറ്റവും നല്ല സാരിയും ബ്ലൗസും പുറത്തെടുത്തു. വസ്ത്രങ്ങൾക്ക് വാസനയുണ്ടാവാൻ അവൾ രണ്ടു വാസനസോപ്പുകളിട്ടിരുന്നു. അവൾ തലമുടി കോതി മിനുസപ്പെടുത്തി, കണ്ണെഴുതി. മുഖത്തും ദേഹത്തും പൗഡറിട്ടു. പഴകിയ കാരണം അതിന്റെ വാസന കുറെ നഷ്ടപ്പെട്ടിരുന്നു. സാവധാനത്തിൽ അടിവസ്ത്രങ്ങളും സാരിയും ബ്ലൗസും ധരിച്ചു. ചെറിയ പഴ്‌സ് എടുത്തു അതിൽ രണ്ടു രൂപയും കുറച്ചു നാണ്യങ്ങളും ഇട്ടു. മോൻ അപ്പോഴും ഉറങ്ങുകയാണ്. അവൾ വാതിൽ പൂട്ടി പുറത്തിറങ്ങി. ദേവിയുടെ അമ്പലം അടുത്തുതന്നെയാണ്. അവിടെ പോയി ദേവിയെ തൊഴുത് പ്രാർത്ഥിച്ചു.

'ദേവി എന്നോട് പൊറുക്കണേ.'

രണ്ടു രൂപ കാണിക്കപ്പെട്ടിയിലിട്ടു. പ്രസാദവും വാങ്ങി കുറി തൊട്ട് അവൾ പുറത്തിറങ്ങി.

അവൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.

കോൺട്രാക്ടർ മേശപ്പുറത്ത് ഒരു കുപ്പിയും പകുതി ഒഴിഞ്ഞ ഗ്ലാസ്സുമായി ഇരിക്കുകയാണ്. അവളെ കണ്ടപ്പോൾ അയാൾ എഴുന്നേറ്റു. അയാൾ അവളെ പ്രതീക്ഷിച്ചിരുന്നില്ല.

'വാ.'

അവൾ സങ്കോചമില്ലാതെ അകത്തു കടന്നു. അയാൾ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് അടുപ്പിച്ചു, രണ്ടു ബെഞ്ചുകൾ കൂട്ടിയിട്ട് മേലെ കട്ടികുറഞ്ഞ കിടക്ക വിരിച്ചുണ്ടാക്കിയ കട്ടിൽ ചൂണ്ടിക്കാട്ടി പറഞ്ഞു.

'നന്നായി നീ വന്നത്, ഇരിയ്ക്ക്.'

അവൾ കട്ടിലിലിരുന്നു. അയാൾ അകത്ത് ചാരിവച്ച അസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് വാതിലടച്ചു.

സമയമെത്രയായിട്ടുണ്ടാകുമെന്നവൾക്കു മനസ്സിലായില്ല. എല്ലാം കഴിഞ്ഞ് പോകുമ്പോൾ അയാൾ തന്ന നോട്ടുകൾ എത്രയുണ്ടെന്ന് നോക്കുകകൂടി ചെയ്യാതെ അവൾ പഴ്‌സിലിട്ടു. തലമുടി കെട്ടിവച്ച് പോകാൻ നോക്കുമ്പോൾ അയാൾ വീണ്ടും അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് പറഞ്ഞു.

'നാളെ രാവിലെ വാ, എന്തെങ്കിലും പണീല് നെന്നെ ഇടാൻ പറ്റ്വോന്ന് നോക്കാം. നീ പേടിക്കണ്ട. ഈ കെട്ടിടം പണി കഴീണവരെ നെനക്ക് ജോലിണ്ട്.'

അയാൾ എടുത്തു മാറ്റിയ അസ് ബസ്റ്റേസ് ഷീറ്റിന്റെ വിടവിലൂടെ അവൾ പുറത്തു കടന്നു, തിങ്ങിക്കൂടിയ ഇരുട്ടിലുടെ മെയിൻ റോട്ടിലെ തെരുവു വിളക്കുകളടെ വെളിച്ചത്തിലേയ്ക്ക് അവൾ നടന്നു.

ആറ്

'അരുൺ ഇപ്പൊ മിടുക്കനായിരിക്കുണു അല്ലെ?' ജ്യോതി ചോദിച്ചു.
'ഉം, ഇപ്പൊ കൊറച്ച് മാസായിട്ട് പ്രശ്‌നൊന്നുംല്യ. അങ്ങനെ നിന്നാ മത്യായ്‌ര്ന്നു.'
അരുണിന്റെ മുഖത്തെ വിളർച്ച മാറിത്തുടങ്ങിയിരുന്നു. പുതിയ ഡോക്ടറുടെ ചികിത്സ ഫലിക്കുന്നുണ്ട്. ഇപ്പോൾ അവന് ധാരാളം പഴങ്ങളും ഹോർലിക്‌സിട്ട പാലും കൊടുക്കുന്നുണ്ട്. കൂടാതെ മീനും മുട്ടയും. ഡോക്ടർ പറഞ്ഞിരുന്നു.
'നീ ഇങ്ങിനെ വേണ്ടാതെ മരുന്നൊന്നും കൊടുത്ത് അവനെ നശിപ്പിക്കല്ലെ. നല്ല ഭക്ഷണം, കളിക്കാനുള്ള അവസരം അതൊക്കെ മതി അവന്റെ അസുഖം മാറാൻ.'
ആദ്യം ചികിത്സിച്ച ഡോക്ടർ ഇത്ര മോശമായിരുന്നു എന്ന് മനസ്സിലാക്കാൻ തനിയ്ക്ക് എത്ര കാലമെടുത്തു.
അരുൺ കേൾക്കില്ലെന്നുറപ്പായപ്പോൾ ജ്യോതി ചോദിച്ചു.
'നെന്റെ കെട്ട്യാൻ ഇപ്പൊ വരാറേയില്ല അല്ലെ?'
'ഉം, ഉം.' അവൾ ആശ്വാസത്തോടെ പറഞ്ഞു. 'ഇനി വരാഞ്ഞാ മത്യായിരുന്നു. നെന്റെ കെട്ട്യോനോ?'
'രണ്ടു മാസം മുമ്പെ വന്നതാ. നിക്ക് പണ്യൊന്നും ഇല്ല, കാശ് വേണംന്ന് പറഞ്ഞപ്പൊ വേഗം തിരിച്ചു പോയി. അയിന്റെ ശേഷം വന്നിട്ടില്ല. കെട്ടിടം പണീല്ണ്ട്ന്ന് ഞാൻ പറയാൻ പോയില്ല.'

ഒരു ദിവസം മാതു ജോലി കഴിഞ്ഞ് വരുമ്പോൾ അരുൺ ഉമ്മറത്തിരിയ്ക്കയായിരുന്നു. അവന്റെ മുഖം മങ്ങിയിരുന്നു.

'എന്താ മോനെ, സുഖംല്യേ?'
'ഉം, ഉം.' അവൻ തലയാട്ടി.
'വെശക്ക്ണ്‌ണ്ടോ?'
'ഇല്ലമ്മാ.'
അവൻ വീണ്ടും മുമ്പിലേയ്ക്കു നോക്കി. അവന്റേതു മാത്രമായ ആകാശം നിന്നിരുന്ന സ്ഥലത്ത് ഒരു വലിയ ഇരുമ്പുകൂട് ഉയർന്നുവന്നത് അവൻ കുറച്ചു മുമ്പാണ് ശ്രദ്ധിച്ചത്. തലങ്ങനെയും വിലങ്ങനെയും ഓടുന്ന ഉരുക്കു കമ്പികളുടെ കൂടാരം. അതു ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു.
'അമ്മേ, അവര് നമ്മടെ ആകാശം കട്ടെടുത്തു.'

കേരളകൗമുദി ഓണപ്പതിപ്പ് - 2006

ഈ കഥയെക്കുറിച്ച്

ഈ കഥയെക്കുറിച്ച്