ഒരു സന്തുഷ്ടകുടുംബം


ഇ ഹരികുമാര്‍

ശ്രീധരൻ നായർ പ്രാണായാമം എടുക്കുകയാണ്. മുഴുവനായിട്ടൊന്നുമില്ല, വെറുതെ ശ്വാസകോശങ്ങളിലേയ്ക്ക് മുഴുവൻ വായു എടുക്കുക, അത് മൂക്കിന്റെ ഓരോ ദ്വാരത്തിലൂടെ സാവധാനത്തിൽ വിടുക. മനസ്സിന്റെ പെട്ടെന്നുണ്ടാവുന്ന വികാരത്തള്ളിച്ചയും പിരിമുറുക്കവും കുറയ്ക്കാൻ കുടുംബ ഡോക്ടർ പറഞ്ഞുതന്ന പ്രതിവിധിയാണ്. വളരെ ഫലപ്രദമാണത്. ഒരഞ്ചു മിനുറ്റ് ചെയ്യുമ്പോഴേയ്ക്കും ടെൻഷൻ കുറയാൻ തുടങ്ങുന്നു. വേറൊരു അഞ്ചു മിനുറ്റ്. പരസ്യങ്ങളിൽ കാണുന്നപോലെ. ഗോൺ!

'എന്താ ബി.പി. കൂടിയിട്ടുണ്ടോ?' പെട്ടെന്ന് കിടപ്പറയിലേയ്ക്കു കടന്നുവന്ന ഭാര്യ ചോദിച്ചു.

അബദ്ധമായി. ഈ പരിപാടി കഴിയുന്നതും ഭാര്യയുടെ മുമ്പിൽവച്ച് നടത്താതിരിക്കാനുള്ള വിവേകവും പ്രായോഗിക ബുദ്ധിയും ശ്രീധരൻ നായർക്കുണ്ടായിരുന്നു. പ്രാതൽ കഴിച്ചുകൊണ്ടിരിക്കുന്ന മകളുടെ മുമ്പിൽനിന്ന് അവർ ഇത്ര പെട്ടെന്ന് എഴുന്നേറ്റു വരുമെന്ന് ഓർത്തില്ല. ഡോക്ടറെ കണ്ട വിവരങ്ങൾ പറയുകയായിരുന്നു മകളും മരുമകനും കൂടി. സാധാരണഗതിയിൽ അത്ര പെട്ടെന്നൊന്നും അവരെ വിട്ട് വരാറില്ല. അതുകൊണ്ട് പറ്റിയ അബദ്ധമാണ്. ഇനി ഇന്നു മുഴുവൻ താൻ അതിന്റെ വില കൊടുക്കേണ്ടി വരും. ഉച്ചയ്ക്ക് ഒരു ചട്ടുകം ചോറെ തരൂ, മീൻ വറുത്തത് തരില്ല, തനിയ്ക്കായി വറവിടാത്ത, ഉപ്പില്ലാത്ത കൂട്ടാൻ ഉണ്ടാക്കി വയ്ക്കും.

'മോളടെ ചായകുടി കഴിഞ്ഞോ?'

'ഇല്ല, അതിനെടയ്ക്ക് നിങ്ങളെവിട്യാണ്ന്ന് നോക്കാൻ വന്നതാണ്.'

'ഇല്ല, എന്റെ പൊന്നു സഹധർമ്മിണി. എനിയ്ക്ക് ടെൻഷനും ബി.പി.യും ഒന്നുംല്യ. മൂക്കില് എന്തോ പൊടി പോയപ്പോൾ ഒന്ന് ആഞ്ഞ് തുമ്മാൻ നോക്കിയതാ.'

'എന്നാ അങ്ങട്ട് വരു. മോളും മരുമകനും വല്യ സന്തോഷത്തിലാ.' ഭർത്താവു പറഞ്ഞതു മുഴുവൻ മുഖവിലയ്ക്ക് എടുത്തില്ലെങ്കിലും ഈ സന്തോഷത്തിന്റെ ഇടയിൽ അതൊരു വലിയ വാദവിഷയമാക്കേണ്ട എന്നു കരുതി അവർ പോയി. ദേവകിയമ്മയുടെ അപൂർവ്വം നല്ല പെരുമാറ്റങ്ങളിലൊന്നായിരുന്നു അത്.

ഏകമകളുടെ കന്നിഗർഭം ഏതച്ഛനമ്മമാരെയാണ് സന്തോഷിപ്പിക്കാത്തത്.

'അപ്പൊ നമ്‌ക്കൊന്നു കൂടണ്ടെ ദേവൻ?'

അമ്മായിയപ്പൻ മരുമകനോട് ചോദിച്ചു.

'പിന്നേ?'

'ഒന്നും വേണ്ട.' ദേവകിയമ്മ പറഞ്ഞു. 'ഒന്നു പറഞ്ഞ് രണ്ടാമത് കൂടലാണ്. ഉച്ചയ്ക്ക് നമ്മള് നാലു പേരും കൂടി കൂടിയാൽ മതി. ഞാനൊരു പായസംണ്ടാക്കാം. മോൾക്ക് ഇടിച്ചു പിഴിഞ്ഞ പായസം വല്യെ ഇഷ്ടാ, ദേവനും അതെ.'

'എനിക്കും അതെ.' ശ്രീധരൻ നായർ പറഞ്ഞു.

'അതെയതെ, നിങ്ങളിനി ഇടിച്ചു പിഴിഞ്ഞ പായസുംകൂട്യേ കഴിക്കണ്ടു. നാളികേരം ഒട്ടും പാടില്ലാന്ന് ഡോക്ടറ് പ്രത്യേകം പറഞ്ഞിട്ട്ണ്ട്. അതുപോലെ മധുരം അധികം വേണ്ടാന്നും.'

'അച്ഛന് കൊടുക്കണം. ഇല്ലെങ്കില് എനിയ്ക്കും വേണ്ട.' രാജേശ്വരി പറഞ്ഞു.

'എനിയ്ക്കും.' മരുമകൻ അതേറ്റു പാടി.

'ഒരു സ്പൂൺ പായസം കഴിച്ചോട്ടെ.' അമ്മ സമ്മതിച്ചു.

'താങ്ക്‌സ് ഫോർ ദ ടൈമ്‌ലി ഹെൽ പ്, ചിൽഡ്രൻ.' ശ്രീധരൻ നായർ പറഞ്ഞു. അതിനിടയ്ക്ക് രണ്ടുപേരുടെയും ഒത്തുകൂടൽ വൈകുന്നേരമാവാമെന്ന് മരുമകനോട് ആംഗ്യത്തിൽ കാണിക്കുകയും ചെയ്തു.

ഇങ്ങിനെ ചില്ലറ പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കിലും അതൊരു സന്തുഷ്ട കുടുംബമായിരുന്നു.

എന്താണ് പ്രശ്‌നങ്ങൾ? ഏയ്, ഒന്നുമില്ലന്നേയ്. ഉച്ഛയ്ക്ക് ഊണു കഴിക്കുമ്പോൾ ചോറ് വിളമ്പിയത് മകളായിരുന്നു. അവൾ രണ്ടു ചട്ടുകം ചോറെ അച്ഛന് വിളമ്പിയുള്ളു. പക്ഷെ അതിൽ, അമ്മ എന്തിനോ അടുക്കളയിൽ പോയ തക്കം നോക്കി പൂഴ്ത്തിവച്ച രണ്ടു കഷ്ണം വറുത്ത നെയ്മീൻ കിടന്നു പിടച്ചപ്പോൾ അതിനെ ഒതുക്കാൻ വേണ്ടി അരച്ചട്ടുകം കൂടി വിളമ്പി. അതുപോലെ പായസം മകളുടെ ഗ്ലാസ്സിൽനിന്ന് അമ്മ അറിയാതെ അച്ഛന്റെ ഗ്ലാസ്സിലേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു.

ഇതൊന്നും വലിയ പ്രശ്‌നങ്ങളായി ആരും കരുതുന്നില്ലെങ്കിലും ഒരു തുമ്പില്ലാതെ അപ്രത്യക്ഷമാവുന്ന മീൻകഷ്ണങ്ങൾ ഒരു പരിധിവരെ ദേവകിയമ്മയുടെ മനസ്സമാധാനം കളയുന്നുണ്ടായിരുന്നു.

'അപ്പൊ നമുക്ക് നാളെ രാവിലെത്തന്നെ പോവാം, എന്താ?' ശ്രീധരൻ നായർ മരുമകനോട് പറഞ്ഞു. 'രണ്ടു ദിവസം ലീവെടുത്താൽ മതി. നമുക്ക് പോണ വഴിയ്ക്ക് ദേവന്റെ അമ്മയെ കാണാം. ഈ ശുഭവാർത്ത അറിയിക്കുകയും ചെയ്യാം.'

ദേവൻ തയ്യാറായിരുന്നു. അതുപോലെ രാജേശ്വരിയും. പക്ഷെ സാധാരണപോലെ ദേവകിയമ്മ അതിനെ വീറ്റോ ചെയ്തു.

'ഇപ്പൊ അങ്ങിനെ അലഞ്ഞു തിരിയണ്ട സമയല്ല. ഒരു മൂന്നു മാസം കഴിഞ്ഞിട്ടേ യാത്രയൊക്കെ പാടുള്ളു.'

'അപ്പൊ നമുക്ക് ഇവളെ നമ്മുടെ വീട്ടിലും കൊണ്ടുപോണ്ട അല്ലെ? ഞാൻ വിചാരിച്ചു നെന്റെ അമ്മേം ഒന്ന് കാണിക്കാംന്ന്.'

'അതല്ല ഞാൻ പറഞ്ഞത്. അധികം അലയണ്ടാന്നാണ്.'

'നമ്മളതിന് അലയ്ണില്ലല്ലൊ.' ശ്രീധരൻ നായർ പറഞ്ഞു. 'നമ്മടെ വീട്ടില് കൊണ്ടുപോണം. പോണ വഴിയ്ക്ക് തന്ന്യാണ് ദേവന്റെ വീട്. കാറുംണ്ട്. അവിടെ എറങ്ങീട്ട് ചായ കുടിച്ചിട്ട് പോയാൽ എന്താ?'

നിൽക്കക്കള്ളിയില്ലെന്നു ദേവകിയമ്മയ്ക്കു മനസ്സിലായി. അവർ നിശ്ശബ്ദയായി.

മറ്റന്നാൾ ദേവന്റെ സഹപ്രവർത്തകന്റെ വിവാഹമാണ്. അതിനുവേണ്ടി രാജേശ്വരിയ്ക്ക് പുതിയൊരു ചൂരിദാർ വാങ്ങാനായി വൈകുന്നേരം അമ്മയും മകളും കൂടി ഇറങ്ങി. അങ്ങിനെയുള്ള സന്ദർഭങ്ങളിൽ ഉണ്ടാവാറുള്ള പോലെ അന്നും ദേവന് കടുത്ത തലവേദനയുണ്ടായി. ഇങ്ങിനെയുള്ള അമ്മായിയപ്പന്മാരുണ്ടെങ്കിൽ തലവേദന വന്നില്ലെങ്കിലല്ലെ അദ്ഭുതമുള്ളൂ. അമ്മായിയമ്മയും ഭാര്യയും ഗെയ്റ്റ് കടന്ന ഉടനെ ശ്രീധരൻ നായരും മരുമകനും ചാടിയെഴുന്നേറ്റു. ശ്രീധരൻനായർ അലമാറിയിൽ ഒളിപ്പിച്ചുവെച്ച കുപ്പിയും ദേവൻ ഫ്രിഡ്ജിൽനിന്ന് ഐസ് ട്രേയും രണ്ടു ഗ്ലാസ്സുകളും എടുത്തു. ഇനി ഒന്നര, രണ്ട് മണിക്കൂർ നേരത്തേയ്ക്ക് അവിടെ ഉത്സവമാണ്. തലവേദന വന്നില്ലെങ്കിലല്ലെ അദ്ഭുതമുള്ളൂ.

കാര്യം എന്തുതന്നെയായാലും അതൊരു പെർഫക്ട് മർഡറാക്കാനായി രണ്ടുപേരുംകൂടി കുറേ പെർഫ്യൂമെടുത്ത് അടിച്ചു. അമ്മയും മകളും വരുമ്പോൾ രംഗം വളരെ ശാന്തം. മകൾ അവളുടെ ചൂരിദാർ അച്ഛനെയും ദേവനേയും കാണിക്കുകയായിരുന്നു. അതിനിടയ്ക്ക് അവൾ ശബ്ദം ചുരുക്കി രണ്ടുപേരോടുമായി പറഞ്ഞു.

'കള്ളന്മാര്. ഇതിനായിരുന്നു തലവേദന നടിച്ച് വീട്ടിലിരുന്നത് അല്ലെ?'

'ശ്...ശ്...' ശ്രീധരൻ നായർ മകളോട് പറഞ്ഞു.

'ഡാമേജ് എത്ര്യാ?' ഉടുപ്പിന്റെ സ്‌പോൺസറായ ദേവൻ ചോദിച്ചു.

'രണ്ടായിരത്തി ഇരുനൂറ്.' രാജേശ്വരി പറഞ്ഞു.

'എനിക്ക് ശരിയ്ക്കു പറഞ്ഞാൽ ഇതത്ര ഇഷ്ടായിട്ടില്ല.' ദേവകിയമ്മ പറഞ്ഞു. 'വേറൊന്ന്ണ്ടായിരുന്നു. നീലേല് മഞ്ഞപ്പൂക്കളായിട്ട്.'

'അപ്പൊ അതു വാങ്ങായിരുന്നില്ലെ?' ശ്രീധരൻ നായർ ചോദിച്ചു.

'അതിന് വെല കൊറവാ. ആയിരത്തി മുന്നൂറെ ഉള്ളൂ. നല്ല എടുപ്പ്ണ്ട്. ഒരു രണ്ടായിരത്തഞ്ഞൂറിന്റെ മതിപ്പ് തോന്നിയ്ക്കും. ഇപ്പൊ ഇവള് വാങ്ങിയതിന് അത്ര വെല തോന്നില്ല.'

'അപ്പൊ ഒരു കാര്യം ചെയ്യാം. കല്യാണത്തിന് പോവുമ്പൊ വെല എഴുതിയ പ്രൈസ് ടാഗില്ലെ, അത് മുമ്പില് പിൻ ചെയ്തു വെച്ചോട്ടെ. അപ്പൊ ആൾക്കാർക്ക് മനസ്സിലാവൂലോ നല്ല വെലള്ളതാണ്ന്ന്?'

മകളും മരുമകനും ഉറക്കെ ചിരിച്ചപ്പോൾ ദേവകിയമ്മ ഭർത്താവിനെ ഉഗ്രമായി നോക്കി, പിന്നെ കണ്ടോളാം എന്ന മട്ടിൽ.

പിറ്റേന്ന് രാവിലെ പോവാനുള്ള ഒരുക്കങ്ങൾക്കിടയിൽ ചെറിയ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. അല്ലെങ്കിൽ അവസാനിച്ചപോലെ തോന്നി. ചായ കുടിക്കുമ്പോൾ ശ്രീധരൻ നായർ ഭാര്യയോടു പറഞ്ഞു.

'ദേവന്റെ ചേച്ചീം അനിയത്തീം ഇപ്പോ വീട്ടില്ണ്ട്ന്നല്ലെ പറഞ്ഞത്?'

'അതേ?......' ഇനി ഭർത്താവ് എഴുന്നള്ളിക്കാൻ പോകുന്ന വിഡ്ഢിത്തമെന്തായിരിക്കുമെന്ന സന്ദേഹത്തിൽ അവർ പതുക്കെ പറഞ്ഞു.

'അവര്‌ടെ കുട്ട്യോളും അവിടെണ്ടല്ലെ?' ശ്രീധരൻ നായർ ചോദിച്ചു.

ഭർത്താവ് എന്തോ കുലുമാല് ആലോചിച്ചുണ്ടാക്കുകയാണ് എന്ന് ദേവകിയമ്മയ്ക്കു മനസ്സിലായി. അവർ ചോദിച്ചു.

'ഇന്ന് രാവിലെ ബി.പി.യ്ക്ക്ള്ള ഗുളിക കഴിച്ചില്ലേ?'

'കഴിച്ചു എന്റെ ദേവകി. എന്തേ?'

'ഒന്നുംല്യ. എനിയ്ക്ക് തോന്ന്വോ, ബി.പി. കൂടീട്ട്‌ണ്ടോന്ന്.'

മേശയുടെ മറ്റെ അറ്റത്ത് വളരെ കാര്യമായി സംസാരിച്ചുകൊണ്ടിരുന്ന മകളും മരുമകനും ഈ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

'നീ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ലല്ലൊ ദേവകീ.'

'എന്ത്?'

'ദേവന്റെ മരുമക്കള് അവിടെ ഇല്ലേന്ന്. പോമ്പ നമ്ക്ക് എന്തെങ്കിലും തിന്നാൻ വാങ്ങിക്കൊണ്ടോവണം. പിന്നെ അമ്മേം വയസ്സായിരിക്ക്യല്ലെ.'

'അത്വന്ന്യാ ബി.പി. കൂടീട്ട്‌ണ്ടോന്ന് എനിയ്ക്ക് സംശയം തോന്നീത്. പ്രഷറ് കൂടുമ്പഴാ ശ്രീധരേട്ടന് ഈ വക അനാവശ്യ ചിന്തകള് വര്വാ.'

'ഇതൊക്കെ അനാവശ്യചിന്തകളാന്നാ നീ പറേണത്? എഴുപത്തെട്ടു വയസ്സായ ഒരമ്മയും രണ്ടിനും പത്തിനും എടേല് പ്രായള്ള അഞ്ച് കുട്ട്യോളുംള്ള ഒരു വീട്ടിലേയ്ക്ക് പോമ്പ എന്തെങ്കിലും തിന്നാനുള്ളത് വാങ്ങിക്കൊണ്ടു പോവ്വാന്ന് പറേണതോ?'

'അല്ലാ പിന്നെ, ഞാനൊരു ഗുളിക എടുത്തു തരട്ടെ?'

'ഗുളിക കൊണ്ടുവന്നാ അടുത്ത നിമിഷം എന്റെ മുമ്പില്ള്ള പ്ലെയ്റ്റും അതില്ള്ള പിട്ടും കടലേം ഒക്കെ മിറ്റത്തെത്തും.' ശ്രീധരൻ നായർ പല്ലു കടിച്ചുകൊണ്ട്, പക്ഷെ ചുണ്ടിലുള്ള ചിരി നിലനിർത്തിക്കൊണ്ട് പറഞ്ഞു.

'എന്താ പ്രശ്‌നം?' ദേവൻ ചോദിച്ചു. കുറച്ചു നേരമായി അമ്മായിയപ്പനും അമ്മായിയമ്മയും കൂടി ഗൗരവമായ എന്തോ കാര്യം സംസാരിക്കുന്നതയാൾ കണ്ടിരുന്നു.

'ഏയ്, ഒന്നുംല്യ. അമ്മ പറയ്യാണ്, നമ്മള് ഒരു ശുഭവാർത്ത അറിയിക്കാൻ പോവ്വല്ലെ. അപ്പൊ ദേവന്റെ അമ്മയ്ക്ക് എന്തെങ്കിലും കൊണ്ടെക്കൊടുക്കണംന്ന്. ഞാൻ പറഞ്ഞു നമുക്കൊരു കേക്ക് വാങ്ങിക്കൊണ്ടുപോകാംന്ന്. അവിടെ കുട്ടികളും ഉള്ളതല്ലെ?'

'ങാ, അവർക്കൊക്കെ കേക്ക് വല്യ ഇഷ്ടാ.'

കള്ളൻ! നൊണ പറയ്യാണ്. അമ്മയുടെ ചീർത്ത മുഖം നോക്കിക്കൊണ്ട് രാജേശ്വരി മനസ്സിൽ കരുതി. അവൾക്ക് കാര്യം മനസ്സിലായിരുന്നു. അമ്മയുടെ പന്ന സ്വഭാവം പോലെത്തന്നെ മറ്റുള്ളവരുടെ മുമ്പിൽ അമ്മയെ പ്രതിരോധിച്ചുകൊണ്ടുള്ള അച്ഛന്റെ നീക്കങ്ങളും അവൾക്ക് ഒന്നാം ക്ലാസ്സിലെ പാഠപുസ്തകം പോലെ മനപ്പാഠമായിരുന്നു.

'പോണ വഴിക്ക്തന്നെ വല്യേ ഒരു ബേക്കറിണ്ടല്ലൊ. എന്താ അതിന്റെ പേര്?..... നമുക്കവിടന്ന് വാങ്ങാം.' ദേവൻ പറഞ്ഞു.

അങ്ങിനെ പ്രശ്‌നം പരിഹരിക്കപ്പെട്ടു.

പരിഹരിക്കപ്പെട്ടു?

പോകുന്നതിനു മുമ്പ് പ്രഷറിനുള്ള ഗുളിക ഒരെണ്ണം കൂടി ശ്രീധരൻ നായരെ കഴിപ്പിച്ചിട്ടേ ദേവകിയമ്മ കാറിൽ കയറിയുള്ളു.

'നിങ്ങക്ക് പ്രഷറ് കൂടാൻ പോണുണ്ട്. അതിന്റെയാണ് ഇക്കാണണ തോന്നലൊക്കെ.'

ഗുളിക കൈവിരലുകൾക്കിടയിലൂടെ ചോർത്തിക്കളഞ്ഞത് മിറ്റത്ത് കിടക്കുന്നത് മൂന്നു രൂപ നഷ്ടപ്പെട്ട ഖേദത്തോടെ ശ്രീധരൻ നായർ നോക്കി. അതിനു ശേഷം കയറിയ ദേവകിയമ്മ പക്ഷെ അതു കാണുകയുണ്ടായില്ല. വയസ്സായില്ലെന്നറിയിക്കാൻ ഭാര്യമാർ കണ്ണടയില്ലാതെ നടക്കുന്നതിന്റെ ഗുണവും ഭർത്താക്കന്മാരുടെ വ്യക്തിപരമായ സുരക്ഷയും എത്രയാണെന്ന് പറയാൻ വയ്യ.

ബേക്കറിയുടെ തൊട്ടടുത്തുതന്നെ ലേഡീസ് സ്റ്റോറുണ്ട്. രാജേശ്വരി പറഞ്ഞു.

'അച്ഛാ മറ്റന്നാളേയ്ക്ക് എന്റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ കൊറച്ച് സാധനങ്ങള് വാങ്ങണം. നിങ്ങള് കേക്ക് വാങ്ങുമ്പഴേയ്ക്ക് ഞങ്ങളതൊക്കെ വാങ്ങാം.'

'ഇത്ര പെട്ടെന്ന് അതൊക്കണ്ടാക്കാൻ പറ്റ്വോ മോളെ?'

'എന്തച്ഛാ?'

'അല്ലാ, സൗന്ദര്യേയ്. ശൂന്യതേന്ന് തൊടങ്ങണ്ടേ?'

'അച്ഛന് എന്റെ കയ്യീന്ന് ഇടി കിട്ടുംന്നാ തോന്നണത്.'

നമ്മൾ ഒരു കേക്കു വാങ്ങാൻ ബേക്കറിയിൽ പോയാലെ അറിയൂ. എന്തൊക്കെത്തരം കേക്കുകളാണ്! ശ്രീധരൻ നായരുടെ കണ്ണുകളാകട്ടെ, കണ്ണടയുടെ പ്രശ്‌നം കാരണമാവണം, എപ്പോഴും പോകുന്നത് വലിയ കേക്കുകളിലേയ്ക്കാണ്. അതാകട്ടെ ദേവകിയമ്മയ്ക്ക് വല്ലാത്ത മനഃപ്രയാസമുണ്ടാക്കുന്നുമുണ്ട്. അവർ അപ്പപ്പോൾ ഭർത്താവിനെ തിരുത്തി നേർവഴിയ്ക്ക് നയിക്കുന്നുണ്ട്.

'ഇതു വാങ്ങാം അല്ലെ?' ഒരു കിലോവിന്റെ കേക്ക് ചൂണ്ടിക്കാട്ടി ശ്രീധരൻ നായർ പറഞ്ഞു.

'ഇതാണ് ഞാൻ പറയണത്, നിങ്ങക്ക് അസുഖം വരാന്ള്ള പൊറപ്പാട്ണ്ട്ന്ന്. അപ്പഴാ ഇങ്ങനെ ഓരോന്ന് തോന്ന്വാ. നോക്കൂ നിങ്ങടെ കയ്യ് ഐസ് പോലെ തണുത്തിട്ട്ണ്ട്. അതാ ഞാൻ പറേണത് പ്രഷറ് കൂടീട്ട്ണ്ട്ന്ന്. എന്തിനാപ്പ ഇത്ര വല്യ കേക്ക്. അതാ അപ്പുറത്ത് ഒരു ചെറ്യേത് ഇരിക്കുണു. അതൊക്കെ മതി. അതെത്ര കിലോവിന്റ്യാ?'

'അത് മാഡം കാൽ കിലോവിന്റ്യാ.' കടക്കാരൻ ഭവ്യതയോടെ പറഞ്ഞു.

'അതൊക്കെ മതി.'

'ശര്യാണല്ലെ?' ശ്രീധരൻ നായർ തലയാട്ടി. 'നമ്മള് വല്യേ കേക്കൊക്കെ കൊണ്ടുപോയി കൊട്ത്ത് ആ കുട്ടികൾക്ക് വയറിന് വല്ല അസുഖോം വന്നാൽ കഷ്ടല്ലെ.' കാൽ കിലോ കേക്കിന് എകദേശം ഒരു ചെറിയ പപ്പടത്തിന്റെ വട്ടവും മൂന്നിഞ്ച് ഉയരവുമുണ്ട്.

'അപ്പൊ ഇതെടുത്തോളു.' ശ്രീധരൻ നായർ കടക്കാരനോട് പറഞ്ഞു.

'ശരി സാർ. വേറെ എന്തെങ്കിലും?'

'നീ ഒരു കാര്യം മറന്നില്ലെ? നിന്റെ വീട്ടില് അമ്മേം ചെറിയമ്മേം ഇല്ലെ? അവർക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ടോവണ്ടെ?'

'ങാ, ശരിയാണ്. ഞാൻ മറന്നതാ. നല്ലൊരു കാര്യം പറയാൻ പോവ്വല്ലേ?'

'അമ്മയ്ക്ക് ചോക്കളേറ്റ് ടോപ്പിങ് ഉള്ള കേക്ക് ഇഷ്ടല്ലെ?'

'പിന്നേ, അമ്മയ്ക്കും ചെറിയമ്മയ്ക്കും അത് നല്ല ഇഷ്ടാണ്.'

'അപ്പൊ നമ്ക്ക് ഒരു കിലോവിന്റെ ആ കേക്കും എടുക്കാം. അവര് രണ്ടു പേരില്ലെ?'

'അതെയതെ. രണ്ടുപേർക്കും അതെ, നല്ല ഇഷ്ടാ.'

'എന്നാൽ ഈ ഒരു കിലോവിന്റെ കേക്കും ഒരെണ്ണം എടുത്തോളു. എന്താ അതിന് വെല?'

'ചോക്കളേറ്റ് ക്രീം ടോപ്പിങ്ള്ള ഒരു കിലോ കേക്കിന് നൂറ്റിയിരുപതു രൂപ. പ്ലം കേക്ക് കാൽ കിലോവിന് പതിനെട്ടു രൂപ.'

'എടുത്തോളൂ. രണ്ടും വെവ്വേറെ സഞ്ചീലാക്കിത്തരണം.'

കാര്യങ്ങൾ എത്ര ഭംഗിയായി നടന്നു! ദേവകിയമ്മയ്ക്ക് സന്തോഷമായി.

കാറിന്റെ ശബ്ദം കേട്ടപ്പോഴേയ്ക്ക് ദേവന്റെ ചേച്ചി കൃഷ്ണയും ഭർത്താവ് ഡോ. രാമകൃഷ്ണനും അനുജത്തി രേഖയും മക്കളും മിറ്റത്തേയ്ക്ക് ഇറങ്ങിവന്നു. അമ്മ ഉമ്മറത്തു വന്ന് ഇരിക്കുകയാണ്. അവർക്ക് അധികം നേരം നിൽക്കാൻ വയ്യ.

ശ്രീധരൻ നായർ കേക്കിന്റെ സഞ്ചിയുമായി പുറത്തിറങ്ങി. ചവിട്ടുപടികൾ ധൃതിയിൽ കയറി ദേവന്റെ അമ്മയുടെ കയ്യിൽ സഞ്ചി ഏൽപ്പിച്ചു.

'ഞങ്ങളൊരു മംഗളവാർത്ത അറിയിക്കാൻ വന്നതാണ്.'

'ഊഹിച്ചു. ന്നാലും നിങ്ങടെ വായിൽനിന്ന്തന്നെ അത് കേൾക്കട്ടെ.'

'നമ്മടെ മക്കള് അച്ഛനമ്മമാരാവാൻ പോണു.'

'ഇവിടെ വാ മോളെ.' ആ അമ്മ വാത്സല്യത്തോടെ മരുമകളെ വിളിച്ച് തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.

'ഇവളടെ പെറന്നാള് മിനിഞ്ഞാന്നായിര്ന്നില്ലേ?'

'അതെ?' അദ്ഭുതത്തോടെ രാജേശ്വരി പറഞ്ഞു. 'അമ്മയ്ക്ക് എങ്ങിന്യാ അതൊക്കെ ഓർമ്മ?'

'അമ്മയ്ക്ക് എല്ലാ മക്കള്‌ടേം മരുമക്കള്‌ടേം പേരക്കുട്ടികള്‌ടേം നാള് ഓർമ്മണ്ട്. അന്നൊക്കെ ശിവന്റെ അമ്പലത്തില് പുഷ്പാഞ്ജലി കഴിക്കും.' കൃഷ്ണ പറഞ്ഞു.

'അതൊക്ക്യല്ലാതെ എനിക്കിനി എന്തോർമ്മിച്ചു വെയ്ക്കാനാണ്?' അമ്മ പറഞ്ഞു.

'അതെയതെ.' ശ്രീധരൻ നായർ പറഞ്ഞു. 'പക്ഷെ എനിയ്ക്ക് എന്റെ പെറന്നാളും കൂടി ഓർമ്മണ്ടാവില്ല. ഡോക്ടറെ കൺസൾട്ട് ചെയ്യാംന്ന് കരുതി വന്നതാണ്. വല്ല ഡിമെൻഷ്യയോ മറ്റൊ ആണോ?'

'നോ ഹോം കൺസൾട്ടൻസി.' രാമകൃഷ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 'കാണാൻ ക്ലിനിക്കിൽത്തന്നെ വരണം.'

'ഇപ്പവൾക്ക് ഇരുപത്തിനാലായി അല്ലെ?' ചേച്ചി ചോദിച്ചു.

'അല്ലന്നേയ്.' ദേവകിയമ്മ പെട്ടെന്നു തിരുത്തി. 'അവൾക്ക് ഇരുപത്തിമൂന്നരയായിട്ടേള്ളൂ.'

'അപ്പൊ മിനിഞ്ഞാന്ന് നീയൊരുക്കീത് അവള്‌ടെ ഇരുപത്തിമൂന്നര തെകഞ്ഞ പെറന്നാളാണല്ലെ?' ശ്രീധരൻ നായർ കാര്യമായി ചോദിച്ചു. പിന്നെയുണ്ടായ പൊട്ടിച്ചിരിയിൽ മുതിർന്നവരെല്ലാം പങ്കെടുത്തപ്പോൾ കുട്ടികൾ അമ്മമ്മയുടെ അടുത്ത് വെച്ച സഞ്ചിയിൽ എന്തായിരിക്കുമെന്നതിനെപ്പറ്റി ചിന്തിയ്ക്കുകയായിരുന്നു.

'ഇതെന്താണ്?' അമ്മ ചോദിച്ചു.

'ഒരു ചെറിയ കേക്കാണ്.' നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനുള്ള വ്യഗ്രതയിൽ ദേവകിയമ്മ പറഞ്ഞു. ദേവന്റമ്മയ്ക്ക് പ്ലംകേക്കിഷ്ടാണല്ലൊ.'

'നീയിത് മുറിച്ച് കുട്ടികൾക്കൊക്കെ കൊട്ക്ക് കൃഷ്‌ണേ.' അമ്മ മൂത്ത മകളോട് പറഞ്ഞു.

കൃഷ്ണ കുനിഞ്ഞ് ആ സഞ്ചി നിലത്തുനിന്ന് എടുത്തപ്പോഴാണ് സഞ്ചിയ്ക്കുള്ളിലെ പെട്ടിയുടെ വലുപ്പം ദേവകിയമ്മ കാണുന്നത്. അവർ എന്തോ പറയാൻ വേണ്ടി ഭർത്താവിനെയും, സഞ്ചി എടുത്തു കൊണ്ടുപോകുന്ന കൃഷ്ണയേയും നോക്കി പാതി എഴുന്നേറ്റു.

'എന്തേ?' ശ്രീധരൻ നായർ ചോദിച്ചു.

'അല്ല, ആ സഞ്ചി......' അവർക്കൊന്നും പറയാൻ കിട്ടിയില്ല. ഇനി പറഞ്ഞാൽത്തന്നെ കാര്യമില്ലെന്ന അറിവിൽ അവർ സ്തബ്ധയായി ഇരുന്നു.

ഞാനിത്രയേ പറഞ്ഞുള്ളൂ. പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും അതൊരു സന്തുഷ്ട കുടുംബമാണ്.

കേസരി വാര്‍ഷികപ്പതിപ്പ് - 2006