ലാവണ്യ


ഇ ഹരികുമാര്‍

താനൊരു കറുത്ത കുട്ടിയാണെന്ന ബോധത്തോടെ ലാവണ്യ വളർന്നു. അമ്മ അവളെ ലാളിച്ചിരുന്നത് 'എന്റെ കറമ്പിമോളെ' എന്ന വിളിയോടെയാണ്. വളരെ കുട്ടിയിൽ അവൾ ആ വിളി കേൾക്കുമ്പോൾ കൈകാലുകൾ കുടഞ്ഞ് തൊണ്ണും കാട്ടി ചിരിച്ചിട്ടുണ്ടാകണം. മഞ്ഞ നിറം കയറിയ ചെറിയൊരു ഫോട്ടോവിൽ അവൾ ആ പോസിലാണ് കിടന്നിരുന്നത്. മിലിട്ടറിയിലുണ്ടായിരുന്ന അമ്മാവൻ ഒരിക്കൽ പൂനയിൽ നിന്നു വന്നപ്പോൾ മൂപ്പരുടെ ബോക്‌സ് ക്യാമറയിലെടുത്ത ആ ഫോട്ടോ ലാവണ്യ മുതിർന്നപ്പോൾ ആൽബത്തിൽനിന്നു അടർത്തിയെടുത്ത് അവളുടെ സ്വകാര്യ ആൽബത്തിലേയ്ക്കു മാറ്റി. ഉടുതുണിയില്ലാത്ത ആ ചിത്രം മറ്റുള്ളവർ കണ്ടിരുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല. ഒരിക്കൽ അമ്മ വിരുന്നുകാർക്ക് ആൽബം കാണിച്ചുകൊടുക്കുമ്പോൾ മകളുടെ ഫോട്ടോ ഉണ്ടായിരുന്നിടത്തെ വിടവ് കണ്ടുപിടിച്ചു. മകൾ എത്ര കൗതുകമുള്ള ശിശുവായിരുന്നു എന്നതിന് തെളിവായി വിരുന്നുകാർക്ക് കാണിച്ചുകൊടുക്കാൻ മറ്റൊരു ഫോട്ടോ ഇല്ലാതെ അമ്മ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. സ്ഥിരമായി വന്നിരുന്ന വിരുന്നുകാർക്ക് അതൊരാശ്വാസമായി. ആവർത്തനംകൊണ്ടു വിരസമായ അമ്മയുടെ നിരവധി വാക്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു, 'ലാവണ്യ എന്തു ഭംഗിയുള്ള കുട്ടിയായിരുന്നൂന്നറിയ്യോ?' എന്നത്. അതു കുറഞ്ഞുകിട്ടിയതോടെ വിരുന്നുകാരുടെ മുഖത്തു പ്രകടമായി വന്ന ആശ്വാസം ലാവണ്യ ശ്രദ്ധിക്കാറുണ്ട്.

പക്ഷെ അവളോടു സംസാരിക്കുമ്പോൾ അമ്മ എപ്പോഴും വിളിച്ചിരുന്നത് 'കറമ്പി മീനാക്ഷി' എന്നായിരുന്നു. അവളുടെ നിറം അത്ര മോശമൊന്നുമായിരുന്നില്ല. അനുജത്തിയുടെ മൂന്നു മക്കളും നല്ല നിറമായതുകൊണ്ടായിരിക്കണം സ്വന്തം മകൾ നിറമില്ലെന്നു അമ്മയ്ക്കു തോന്നാൻ കാരണം. നിറം നന്നാവാൻ അവർ കാലാകാലത്തായി കുളിപ്പിക്കുമ്പോൾ പലതരം എണ്ണകളും അതു കഴുകിക്കളയാൻ പലതരം പൊടികളും ഉപയോഗിച്ചു. ഉരച്ചുകളയാൻ ഈഞ്ച, വാക മുതലായവ പ്രയോഗിച്ചു. അവൾ വേദനിച്ച് ഉറക്കെ കരയുമ്പോൾ അമ്മ വാത്സല്യത്തോടെ പറയും. 'അമ്മെടെ കറമ്പി മീനാക്ഷീടെ നെറം നന്നാവാനല്ലെ?'

ഇങ്ങിനെ വേദന സഹിക്കേണ്ടി വരികയാണെങ്കിൽ തനിയ്ക്ക് ഇപ്പോഴുള്ള നിറം മതിയെന്ന് അവൾ കരച്ചിലിന്നിടയിൽ വിളിച്ചു പറയും. വിരുന്നുകാർ അമ്മയുടെ ചോദ്യത്തിന് മറുപടിയായി 'ങാ സതിച്ചേച്ചി, ഇപ്പ നെറം കൊറച്ച് നന്നായിട്ട്ണ്ട്' എന്നു പറയും. ഒപ്പംതന്നെ, നുണ പറഞ്ഞ് ആത്മാവിനെ വിറ്റതിലുള്ള ഖേദം കളയാനായി പിറ്റേന്ന് അമ്പലത്തിൽ പോകുമ്പോൾ ഒരു രൂപ കൂടുതൽ ഭണ്ഡാരത്തിൽ നിക്ഷേപിയ്ക്കാമെന്ന് നേരുകയും ചെയ്യും.

'എന്റെ കറമ്പിമീനാക്ഷീ.....' ആദ്യരാത്രിയിൽ വരൻ വിളിച്ചപ്പോൾ അവൾ ചിരിച്ചു.

'അമ്മയും എന്നെ ആ പേരാണ് വിളിച്ചിരുന്നത്.'

'അത് നല്ല പേരാണ്.' പ്രമോദ് പറഞ്ഞു. 'ലാവണ്യ എന്ന പേരിനേക്കാൾ നല്ലത്. ലാവണ്യ എന്ന പേര് കേക്കുമ്പോ വല്ല കോൾഡ് ക്രീമും ആണ് ഓർമ്മ വര്വാ.'

വരന് നല്ല നിറമായിരുന്നു. നിറം മാത്രമല്ല ഭംഗിയും. ബന്ധുക്കൾ പതുക്കെ അടക്കം പറഞ്ഞു. 'നോക്കു അവൾക്ക് കിട്ടിയ പയ്യൻ. ആരെങ്കിലും വിചാരിച്ചോ ഇത്ര നല്ല വരനെ അവൾക്ക് കിട്ടുംന്ന്?'

ലാവണ്യയ്ക്കുതന്നെ അതൊരദ്ഭുതമായിരുന്നു. പെണ്ണു കാണാൻ വന്നപ്പോൾ പയ്യൻ അവളോട് അര മണിക്കൂർ സംസാരിച്ചിരുന്നു. അവളുടെ ഡിഗ്രി വെറും ബി.എ. ആണെന്നറിഞ്ഞപ്പോൾ അയാൾ പറഞ്ഞു.

'ഈ ഡിഗ്രികൊണ്ട് എന്തു ജോലിയാണ് കിട്ടുക? സാരല്യ. കുക്കിങ് എങ്ങിനെ?'

'അച്ഛനോടു ചോദിച്ചാൽ നല്ല അഭിപ്രായം പറയും. അമ്മ ഒരിക്കലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല.'

'അതെന്താ അങ്ങിനെ?'

'ഞാനുണ്ടാക്കണതെല്ലാം അച്ഛന്റെ രുചിക്കനുസരിച്ചുള്ള ഭക്ഷണാണ്'

'എന്തൊക്ക്യാണ് അച്ഛന്റെ രുചികള്?'

'അച്ഛന് ചോറും ഒരു മെഴുക്കുപുരട്ടിയും മൊളകൂഷ്യൂം മാത്രം മതി.'

'അതൊക്കെ മകള് നന്നായി ഉണ്ടാക്കും അല്ലെ?'

'ഒരു മാതിരി.'

'അമ്മടെ രുചികള്?'

'നേരത്തെ പറഞ്ഞ മൂന്ന് ഐറ്റം ഒഴിച്ച് ലോകത്തുള്ള സകലതും.'

സംഗതികളുടെ ഗൗരവം മനസ്സിലാക്കിയപോലെ അയാൾ മൂളി. അടുത്ത മുറിയിൽ അയാളുടെ അമ്മ ഇരുന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. പയ്യൻ സംസാരിച്ച് എഴുന്നേറ്റപ്പോഴാണ് താൻ അയാളുടെ കാര്യങ്ങളൊന്നും അന്വേഷിച്ചില്ല എന്ന് ലാവണ്യ ഓർത്തത്. ആകെ മനസ്സിലായത് അയാളുടെ പേര് പ്രമോദ് എന്നാണെന്നു മാത്രം. അതു പിന്നെ നേരത്തെ അറിയുകയും ചെയ്യാം. ജോലി ചെയ്യുന്ന കമ്പനിയുടെ പേർ പറഞ്ഞത് അവൾക്ക് മനസ്സിലായില്ല. അതുപോലെ ജോലി എന്താണെന്നും. എന്തോ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ജോലിയാണെന്നു മാത്രം. അതൊക്കെ പിന്നെ അച്ഛനോടു ചോദിച്ചു മനസ്സിലാക്കാം. മറ്റു പല കാര്യങ്ങളും..... ഇനി തിരിച്ചു വിളിച്ച് സംസാരിയ്ക്കാൻ പറ്റുമോ? എന്തായാലും ഇതു നടക്കില്ല എന്നവൾക്കുറപ്പായിരുന്നു. ഒന്നാമത് പയ്യന്റെ നിറം, വല്ല ഹിന്ദി ഫിലിംസ്റ്റാർ പോലുണ്ട്. താൻ ഒപ്പം നിന്നപ്പോൾ രാത്രിയും പകലും പോലെയുണ്ട്. രണ്ടാമത് തന്റെ ഒന്നിനും കൊള്ളാത്ത ബി.എ. ബിരുദം. മൂന്നാമത് പാചകസിദ്ധികൾ. ഇതൊന്നുമല്ല പയ്യന് ആവശ്യമെന്ന് അവൾക്കു മനസ്സിലായി. പോരാത്തതിന് അയാളുടെ അമ്മയുടെ നോട്ടം. അവളെ തീരെ അംഗീകരിയ്ക്കാത്ത ഒരു നോട്ടമായിരുന്നു. നിരാകരിച്ചുകൊണ്ട് എന്നുതന്നെ പറയാം. ഇനി പോയിട്ട് വേണം ഇങ്ങിനത്തെ ഒരാലോചന കൊണ്ടുവന്നതിന് ദല്ലാൾക്കിട്ട് നാലു കൊടുക്കാനെന്ന ഭാവം.

അവർ പോയ ഉടനെ അമ്മ ഓടിവന്ന് ചോദിച്ചു. 'അയാളെന്തു പറഞ്ഞു.'

'ഒന്നും പറഞ്ഞില്ല. നമ്മള് വടയ്ക്കും കേക്കിനും ചെലവാക്കിയ പണം നഷ്ടം. അമ്മയ്ക്ക് ഇനിയും മധുരപലഹാരങ്ങള് വാങ്ങാഞ്ഞിട്ടായിരുന്നു!'

'എന്തേണ്ടായത്?' അച്ഛനാണ് ചോദിച്ചത്.

'ബി.എ. ഡിഗ്രികൊണ്ട് എന്തു ജോലി കിട്ടാനാ?' പയ്യനെ അനുകരിച്ചുകൊണ്ട് അവൾ പറഞ്ഞു. 'കുക്കിങ്ങൊക്കെ അറിയ്യോ?' ഞാൻ പറഞ്ഞു ചോറുണ്ടാക്കാം, പിന്നെ മെഴുക്കുപിരട്ടീം മൊളകൂഷ്യൂം. അതോടെ പയ്യൻ ഡൗണായി.'

'ഇങ്ങിന്യൊക്കെ മറുപടി കൊടുത്താലേയ്.........' അമ്മയ്ക്കു ദേഷ്യം പിടിച്ചു.

'അമ്മേ, അയാൾക്ക് വേറെ നല്ല പെൺകുട്ട്യോളെ കിട്ടും. അത്ര നല്ല പയ്യനാണ്. ഇതയാള് ഒരു റിഹേഴ്‌സലിന് വന്നതായിരിയ്ക്കും.'

ഇതൊക്കെയാണ് പശ്ചാത്തലം. അതുകൊണ്ട് പിറ്റേന്ന് വരന്റെ അച്ഛൻ ഫോൺ ചെയ്തപ്പോൾ ശരിയ്ക്കും അദ്ഭുതമായിരുന്നു.

'അവന് ആ കുട്ടിതന്നെ മതീന്നാ പറയണത്?' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. ആ പറച്ചിലിൽ കൂടുതൽ ആന്തരാർത്ഥങ്ങളുണ്ടെന്ന് ലാവണ്യ ഊഹിച്ചെടുത്തു. അമ്മയ്ക്ക്, അവൾ പ്രതീക്ഷിച്ച പോലെത്തന്നെ അവളെ ഇഷ്ടമായിട്ടില്ലെന്നും മകന്റെ നിർബ്ബന്ധം കാരണം അവരും സമ്മതം മൂളിയതാവണമെന്നും. മരുമകളവിടെ വന്നിട്ടുവേണം ഒരു അമ്മായിയമ്മപ്പോര് തുടങ്ങാൻ എന്നായിരിക്കും വിചാരം. എന്തെങ്കിലും ആവട്ടെ.

'കണ്ടില്ലെ അമ്മേ, എന്റെ കുക്കിങ് ടാലന്റ് മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ട്, മനസ്സിലായോ?'

'രണ്ടാള്.' അച്ഛൻ പറഞ്ഞു. 'ഒന്ന് അച്ഛൻ, പിന്നെ ആ പയ്യൻ.'

'അയാള്‌ടെ തലേല് അതായിരിയ്ക്കും എഴുതിവച്ചിരിക്കണത്.' അമ്മ പറഞ്ഞു. തന്നെക്കുറിച്ചുള്ള ദുഃസൂചനകൾ അച്ഛൻ കേട്ടില്ലെന്ന് നടിച്ചു.

'പിന്നെ എന്തൊക്ക്യാണ് മൂപ്പര് പറഞ്ഞത്?'

ഇനി അര മണിക്കൂർ നേരത്തേയ്ക്ക് അച്ഛന് കോളായി. ഫോണിൽ ആകെ അഞ്ചു മിനുറ്റ് നേരമേ സംസാരിച്ചിട്ടുള്ളു. 'ഇഷ്ടായി, ഇനി വേണ്ട കാര്യങ്ങളൊക്കെ തുടങ്ങാം. മകന് ഇനി ഇരുപതു ദിവസം കൂടിയേ ലീവുള്ളു. അതിനുമുമ്പ് വിവാഹം നടത്തണം. അപ്പൊ ഒരു നിശ്ചയത്തിനൊക്കെ സമയണ്ടോ? ഞങ്ങക്ക് നിർബ്ബന്ധൊന്നുംല്ല്യ. നിങ്ങള് ഒരു ദിവസം വന്നാമതി, നമുക്ക് പഴേ മട്ടിലുള്ള ഒരു നിശ്ചയം നടത്താം. കാരണോമ്മാരൊക്കെ കൂടീട്ട്. പോരെ? അതിനുമുമ്പെ നിങ്ങള് ഒരു ദിവസം എന്തായാലും വരണം. വീട് കാണണ്ടെ?......'

ആദ്യത്തെ രാത്രി സ്വന്തം വീട്ടിൽത്തന്നെ വേണമെന്ന ഒരേയൊരു നിർബ്ബന്ധമേ ലാവണ്യയ്ക്കുണ്ടായിരുന്നുള്ളു. അതു നന്നായെന്ന് അവൾക്കു പിന്നീടു തോന്നി. ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് വരന്റെ വീട്ടിൽ കേറേണ്ട സമയം. അവിടെ രണ്ടു മണിക്കൂർ മാത്രം. അവിടുത്തെ പാർട്ടി കഴിഞ്ഞ് തിരിച്ച് പാടുരാശിയ്ക്കു മുമ്പ് വീട്ടിലേയ്ക്ക്. വരന്റെ വീട്ടിൽ ചെലവാക്കിയ സമയം എങ്ങിനെയൊക്കെയോ കഴിഞ്ഞു എന്നല്ലാതെ അവൾക്ക് ഓർമ്മയൊന്നുമില്ല. പലരും വന്നു, അവരെ ആശീർവദിച്ചു. ഒരു കാര്യം മാത്രം ഓർമ്മയിൽ നിന്നു. ഗെയ്റ്റു കടന്ന ഉടനെ അവളുടെ മുമ്പിൽ ഉയർന്നുനിന്ന ആ പഴയ കെട്ടിടം. ഒരു പ്രേതഭവനംപോലെ. പുരാതനമായ ഒരു തറവാടാണ് വരന്റേതെന്ന് അച്ഛനും അമ്മയും കൂടിയുള്ള സംസാരത്തിൽ നിന്ന് മനസ്സിലായെങ്കിലും അവർ താമസിക്കുന്നത് ഇത്ര പഴയ കെട്ടിടത്തിലാണെന്ന് അവൾക്കു രൂപമുണ്ടായിരുന്നില്ല. ഭാഗ്യത്തിന് അവൾ മൂന്നു ദിവസത്തിനുള്ളിൽ ചെന്നൈയ്ക്ക് വണ്ടി കയറും. പ്രമോദിന്റെ ലീവ് ഒരാഴ്ചയ്ക്കുള്ളിൽ തീരും.

പ്രമോദിന്റെ അമ്മ വലിയ കുഴപ്പക്കാരിയാണെന്നു തോന്നിയില്ല. ഒരുപക്ഷെ ഒരു കുഴപ്പക്കാരി അമ്മയുടെ ഒപ്പം താൻ ഇരുപത്തിരണ്ടു വർഷം ജീവിച്ചതുകൊണ്ടായിരിക്കണം. പടിക്കൽ വച്ച് അവളെയും പ്രമോദിനെയും അമ്മയും അമ്മായിയും കൂടി താലത്തിൽ വിളക്കുമായി വന്ന് ആരതി ഉഴിഞ്ഞ് തലയിൽ അരിയും പൂവുമിട്ട് സ്വീകരിക്കുമ്പോൾ ഒരു അമ്മായിയമ്മപ്പോരെടുക്കുന്നതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. മാത്രമല്ല പടിക്കൽനിന്ന് ഉമ്മറത്തേയ്ക്കുള്ള നീണ്ട പാതയിൽക്കൂടി നടക്കുമ്പോൾ അവർ തിരിഞ്ഞ് പറയുകയും ചെയ്തു.

'മോളെ സൂക്ഷിക്കണേ, നിറയെ കല്ലുകള്ണ്ട്.'

നിറയെ സ്‌നേഹം, ലാവണ്യ കരുതി, പക്ഷെ എപ്പഴാണ് പോരെടുക്കുക എന്നുപറയാൻ കഴിയില്ലല്ലൊ. നിറയെ കല്ലുകളുണ്ട് എന്നു പറയുന്നത് അവൾ മറ്റൊരർത്ഥത്തിലാണെടുത്തത്. കല്ലുകളുണ്ട്, പുത്തരിയിൽത്തന്നെ കടിയ്ക്കാതെ നോക്കിക്കോ എന്ന്.

'വലതുകാൽ വച്ച് കയറു......' ആരോ പറഞ്ഞു.

അകത്ത് തളത്തിൽ നിറപറയുടെയും നിലവിളക്കിന്റെയും മുമ്പിൽ വിരിച്ച പുൽപ്പായിൽ രണ്ടുപേരെയും ഇരുത്തി. ഇനി പാലും പഴവും കൊടുക്കുന്ന ചടങ്ങ്. വീഡിയോവിന്റെ വിളക്കുകൾ പ്രകാശിച്ചു. ആ വെളിച്ചത്തിൽ ചെറുപ്പക്കാരികൾ തൊട്ട് വയസ്സായവർ വരെയുള്ള ഒന്നര ഡസൻ സ്ത്രീകളും, പോരാത്തതിന് നാലോ അഞ്ചോ ആണുങ്ങളും വീഡിയോ ക്യാമറയിൽ പെടുന്നില്ലെ എന്ന് ഉറപ്പുവരുത്തി വധൂവരന്മാർക്ക് പാലും പഴവും കൊടുത്തു.

'ദൈവമേ, എന്റെ സാരി ഇനി ഒന്നിനും കൊള്ളില്ല.' ലാവണ്യ മനസ്സിൽ കരുതി.

പാലു കൊടുക്കുന്നവരുടെ തിരക്കു കഴിഞ്ഞപ്പോൾ കിട്ടിയ ഒരൊഴിവിൽ പ്രമോദ് ചോദിച്ചു.

'എന്താണ് ഇങ്ങിനെ ടെൻസ് ആയി ഇരിക്കണത്?'

അവൾ വെറുതെ തലയാട്ടി.

'ഒന്ന് ഭംഗിയായി ചിരിച്ചോളു, നമ്മളിപ്പോൾ രണ്ട് അഭിനേതാക്കളാണ്. പിന്നെ വീഡിയോ കാണുമ്പോൾ ആൾക്കാര് വിചാരിക്കും നിനക്കിഷ്ടല്ല്യാത്ത കല്യാണായിരുന്നുന്ന്.'

താൻ ചിരിച്ചിട്ട് കുറേ നേരമായെന്ന് മനസ്സിലായപ്പോൾ അവൾ ചെറുതായി ചിരിച്ചു.

'ഇപ്പൊ നല്ല ഭംഗിണ്ട്.'

'എന്താ വധൂം വരനുംകൂടി ശൃംഗാരം?' ഭംഗിയുള്ളൊരു ചെറുപ്പക്കാരി കുനിഞ്ഞുനിന്ന് അവരോടു ചോദിച്ചു.

'ഇതെന്റെ മുറപ്പെണ്ണാണ്.' അദ്ഭുതത്തോടെ അവളെ നോക്കിയ ലാവണ്യയോട് പ്രമോദ് പറഞ്ഞു, 'പേര് ഗായത്രി. ഞാനവളെ കെട്ടാത്തതിന്റെ കുശുമ്പാണ്.'

'ഓ, എനിയ്ക്ക് നിന്നേക്കാൾ നല്ല പയ്യനെ കിട്ടീലോ. നിന്നെ ആർക്കു വേണം?'

'ഇതാ ഇവൾക്ക്.' ലാവണ്യയെ ചൂണ്ടിക്കൊണ്ട് പ്രമോദ് പറഞ്ഞു. 'അല്ലെ?'

അവൾ നന്നായൊന്ന് ചിരിച്ചു.

'എണീറ്റോളു.' ആരോ പറഞ്ഞു.

പ്രമോദിന്റെ അമ്മ വന്ന് അവളെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ ഇടനാഴികയിലും മുറികളിലും ഒക്കെയായി നിറയെ സ്ത്രീകളുണ്ടായിരുന്നു. ആരെയൊക്കെയോ പരിചയപ്പെടുത്തി. അതൊരു വെറും ചടങ്ങു മാത്രമാണെന്നും, താൻ ആരുടെയും മുഖമോ പേരോ ഓർമ്മിയ്ക്കാൻ പോകുന്നില്ലെന്നും ലാവണ്യയ്ക്ക് അറിയാമായിരുന്നു.

തിരിച്ച് വീട്ടിലേയ്ക്കുള്ള യാത്ര. രാത്രിയും സദ്യ തന്നെയായിരുന്നു. നിറയെ ആളുകൾ. ഇവരൊക്കെ എപ്പോഴാണ് പോകുന്നത്? എല്ലാവരും പോയി വീടൊഴിഞ്ഞു കിട്ടിയാൽ മതിയെന്നായിരിക്കുന്നു അവൾക്ക്. എത്ര ദിവസായി ഈ തിരക്ക്?

രാത്രി എല്ലാവരും പുറത്തുകടന്നു മുറിയുടെ വാതിലടച്ചപ്പോൾ പ്രമോദ് പറഞ്ഞു.

'ഇതാണ് കല്യാണങ്ങൾക്കൊക്കെള്ള കുഴപ്പം. അതു കഴിയുമ്പഴേയ്ക്ക് മനുഷ്യൻ തളർന്നു പോകുന്നു.'

'ഞാനും അത് തന്ന്യാ വിചാരിച്ചോണ്ടിരുന്നത്.'

'അതെന്താ കാര്യംന്നറിയ്യോ?' പ്രമോദ് ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഒരു പെണ്ണിനെ കിട്ട്യാല് നല്ലോണം നോക്കണംന്നാണ്. ഇനി വേറൊന്നിനെ കിട്ടണംന്ന്‌ണ്ടെങ്കില് ഇത്രേം അദ്ധ്വാനണ്ട്ന്ന് കാണിക്കാനാണത്.'

'അതോണ്ടെങ്കിലും എന്നെ എവിടീം കൊണ്ടെ ഇടില്ല്യാന്ന് വിചാരിക്കുണു.'

'അയ്യോ, ഈ സുന്ദരിയെ എവിടെങ്കിലും കൊണ്ടെ ഇട്വേ? നല്ല കാര്യായി.'

അന്തരീക്ഷം പെട്ടെന്ന് മാറിയതായി ലാവണ്യയ്ക്ക് തോന്നി. മുറിയിലെ മുല്ലപ്പൂവിന്റെ സുഗന്ധം ആദ്യമായി അവൾക്കനുഭവപ്പെട്ടു. തളർച്ച ഉണർവ്വിനു വഴിമാറി.

'ഞാൻ വിളക്ക് ഓഫാക്കട്ടെ.' പ്രമോദ് പറഞ്ഞു.

കിടന്നു കഴിഞ്ഞപ്പോൾ ലാവണ്യയ്ക്ക് പ്രമോദിന്റെ വീട്ടിൽ കണ്ട ചെറുപ്പക്കാരിയെ ഓർമ്മ വന്നു. നല്ല നിറം, നല്ല സുന്ദരി. അവൾ ചോദിച്ചു.

'പ്രമോദിന്റെ മുറപ്പെണ്ണ് എന്നു പറഞ്ഞ ആ കുട്ടിയില്ലെ?'

'ഉം.'

'ആ കുട്ടി നല്ല സുന്ദര്യാണല്ലൊ. എന്തേ അവളെ കല്യാണം കഴിക്കാതിരുന്നത്?'

'അയ്യേ, അവളെന്റെ പെങ്ങളെ പോല്യാണ്. ഞങ്ങളൊപ്പം കളിച്ച് വളർന്നതാ. ഏകദേശം ഒരേ പ്രായാണ്. അവള് ആറു മാസം താഴ്യാണ്ന്ന് മാത്രം. അവളടെ കല്യാണം നാലു കൊല്ലം മുമ്പ് കഴിഞ്ഞിരിക്കുണു. മൂന്നു വയസ്സുള്ള മകളുണ്ട്. നല്ല സുന്ദരി. നീ കണ്ടില്ലാ അല്ലെ?'

'ഊംഉം. അല്ലാ, ഒരു രണ്ടരമുന്നു വയസ്സുള്ള പെൺകുട്ടി അവിട്യൊക്കെ ഓടിക്കളിക്കണ കണ്ടിരുന്നു. നല്ല നെറള്ള കുട്ടി. അവളായിരിക്കും. പിന്നെ ഞാനൊരു കാര്യം ചോദിക്കട്ടെ?'

'പറയൂ.'

'നമുക്കൊരു മോളുണ്ടാവുമ്പൊ അത്ര ഭംഗിണ്ടാവ്വോ? ആ നെറും ഭംഗീം?'

'എന്താ അങ്ങിന്യൊക്കെ തോന്നാൻ കാരണം?'

'എനിയ്ക്കു തോന്ന്വാണ് ഉണ്ടാവില്ലാന്ന്. പ്രമോദിന് നല്ല നെറംണ്ട്. പക്ഷെ എന്റെ നെറം മോശാണ്. അപ്പൊ എന്റെ നെറം കിട്ടിയാലോ?'

'നിന്റെ നിറം അത്ര മോശൊന്നും അല്ല. പിന്നെ കുട്ടിയ്ക്ക് അല്പം നെറം മോശാണെങ്കിൽത്തന്നെ എന്താ? നെറത്തിലൊക്കെ എന്തു കിടക്കുന്നു?'

ലാവണ്യ ഒന്നും പറഞ്ഞില്ല. അവൾ സ്വന്തം കുട്ടിക്കാലം ഓർക്കുകയായിരുന്നു. ഇനി എന്റെ മോൾക്കും അങ്ങിനെയൊരു കുട്ടിക്കാലമുണ്ടാവുകയാണെങ്കിലോ?

'എന്താ അങ്ങിന്യൊക്കെ തോന്നണത്?'

'എന്തോ എനിയ്ക്കു തോന്ന്വാണ് പ്രമോദിന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടായിട്ടില്ലാന്ന്.'

'നെറം കാരണോ?'

'ഉം.'

'നീ ഭാവനേല് കാണണതാണ്. അമ്മ പാവാണ്. പിന്നെ അമ്മയ്ക്ക് എന്തു നെറാണ്ള്ളത്. അമ്മമ്മയ്ക്ക് അതിലേറെ കൊറവായിരുന്നു നെറം. എനിയ്ക്ക് കിട്ടീത് അച്ഛന്റെ നെറാണ്. അങ്ങിന്യൊക്കെ വിചാരിച്ച് വെറുതെ മനസ്സ് കേടു വരുത്തണ്ട. എന്റെ അമ്മയ്ക്ക് നെന്നെ നല്ല ഇഷ്ടായിരിക്കുണു.'

'ഞാൻ പറയണത്......' അവളുടെ ചുണ്ടുകൾ മറ്റൊരു ജോടി ചുണ്ടുകൾ കൊണ്ട് അടയ്ക്കപ്പെട്ടു. വാക്കുകൾ മുദ്ര വെയ്ക്കപ്പെട്ടു. അവിടെ മൗനത്തിന്റെ ഭാഷ മാത്രമേയുള്ളു. അതിൽ സംശയമില്ല, സന്ദേഹമില്ല, ഒരു വിധത്തിലുള്ള അവ്യക്തതയുമില്ല. മാന്ത്രികനിമിഷങ്ങൾ മിനുറ്റുകളും മണിക്കൂറുകളുമായപ്പോൾ ലാവണ്യ അതിൽനിന്ന് ഉണർന്നു. അവൾ ചോദിച്ചു.

'എന്നെ ഇഷ്ടായോ?'

'ഇനിയും സംശയംണ്ടോ?'

'ഉറക്കം വര്ണ്‌ണ്ടോ?'

'ഇങ്ങിനെ ഒരു സുന്ദരി അടുത്തു കിടക്കുമ്പോ എങ്ങിന്യാണ് ഉറക്കം വര്വാ?'

'എന്നാ നമ്ക്ക് സംസാരിക്ക്യാ?'

'പറ്റുന്നിടത്തോളം?'

'അതെന്താ?'

'എപ്പഴാണ് ഇനിയും പ്രലോഭനങ്ങള് വന്ന് പെട്വാന്നറിയില്ലല്ലൊ.'

എങ്ങിനെയാണ് തുടങ്ങേണ്ടത് എന്നവൾ ആലോചിച്ചു. ഒരുപാടു കാര്യങ്ങൾ സംസാരിക്കാനുണ്ട്. അതിനൊരു അടുക്കും ചിട്ടയുമുണ്ടാക്കാൻ കഴിയുമോ?

'ആ വീട്ടില് ആരൊക്ക്യാണ് താമസിക്കണത്? ഇന്ന് കൊറേ പേരെ കണ്ടു. അമ്മ എല്ലാവരേം പരിചയപ്പെടുത്തി. എനിയ്ക്കുണ്ടോ ഇനി അവരെയൊക്കെ മനസ്സിലാവുണു?'

'വീട്ടില് എന്റെ അമ്മീം അച്ഛനും അമ്മടെ വല്ല്യമ്മേം മാത്രം. വേറെ ആരുംല്ല്യ. വല്ല്യമ്മയ്ക്ക് നല്ലോണം വയസ്സായിരിക്കുണു. അവര്‌ടെ കാര്യം നോക്കാനുള്ളതോണ്ട് അമ്മയ്ക്ക് എങ്ങട്ടും പോവാൻ പറ്റാറില്ല. ഇന്നലെ നമ്മളവിടെ ഉണ്ടായിരുന്ന സമയത്ത് അവരുറങ്ങ്വായിരുന്നു. അതോണ്ടാണ് നിന്നെ അങ്ങോട്ട് കൊണ്ടുചെന്ന് കാണിക്കാതിര്ന്നത്.'

'അവര്ക്ക് ആരുംല്ല്യേ?'

'അതൊരു സങ്കടായിട്ട്ള്ള കാര്യാണ്. രണ്ടാൺമക്കളായിരുന്നു. ഒരാൾ മുപ്പതാമത്തെ വയസ്സില് മരിച്ചു. മറ്റിയാള് എവിട്യാണ്ന്ന് ആർക്കും അറീല്ല്യ.'

'പാവം.'

'പെൺമക്കളില്ലാത്തതുകൊണ്ട് അവർക്ക് അമ്മയെ വല്ല്യെ കാര്യായിരുന്നു. അവർക്ക് കഷ്ടിച്ച് പരസഹായല്ല്യാതെ സ്വന്തം കാര്യം നോക്കാം എന്നേയുള്ളു. അവരെ ഒറ്റയ്ക്കിട്ട് എങ്ങട്ടും പോവാൻ വയ്യ.'

'നിങ്ങടെ വീട് വളരെ പഴേതാണ്ന്ന് തോന്നുണു? കണ്ടാൽ പേടി തോന്നും. വല്ല പ്രേതഭവനം പോലെണ്ട്.'

'ശര്യാണ്. വളരെ പഴേ വീടാണ്. വളരെ വല്യ വീടായിരുന്നു. ഏകദേശം മുപ്പത്തഞ്ച് നാൽപ്പത് കൊല്ലം മുമ്പ് കൊറെയൊക്കെ പൊളിച്ചുകളഞ്ഞു. ഞാനെപ്പഴും പറയാറ്ണ്ട് അച്ഛനോട് അതു മുഴുവൻ പൊളിച്ചുകളഞ്ഞ് വേറെ വീട് പണിയാൻ. അതൊക്കെ ഇനി അമ്മടെ വല്ല്യമ്മടെ കാലത്തിന് ശേഷെ പറ്റു.'

'എന്തേ?'

'അവർക്കതിനോട് സെന്റിമെന്റൽ അറ്റാച്ച്‌മെന്റുണ്ട്. എന്തായാലും നാളെ കാണാം അവരെ.'

അവൾ മൂളി. ഉറക്കം പാതി മൂളലിനെ അപഹരിച്ചു. രാവിലെ അഞ്ചു മണിയ്ക്ക് എഴുന്നേറ്റ് തുടങ്ങിയതാണ് കുളിച്ച് പുറപ്പെട്ട് അമ്പലത്തിൽ പോക്കുതൊട്ടുള്ള ശ്രമങ്ങൾ.

രാവിലെ എഴുന്നേറ്റപ്പോൾ പ്രമോദ് പറഞ്ഞു. 'നല്ല കക്ഷിയാണ്. നമുക്ക് സംസാരിക്കാംന്ന് പറഞ്ഞിട്ട്, എവിടെ ആള്?'

'നല്ല ക്ഷീണണ്ടായിരുന്നു. ഞാനൊറങ്ങിപ്പോയി.' അവൾ ക്ഷമാപണത്തോടെ പറഞ്ഞു.

'സാരല്യ,' പ്രമോദ് ചിരിച്ചുകൊണ്ട് പറഞ്ഞു. 'നമുക്കാ കോട്ടം ഇപ്പോൾ തീർക്കാം.......'

വരന്റെ വീട്ടിലേയ്ക്കുള്ള യാത്ര രസകരമായിരുന്നു. ഒരേ വഴിയ്ക്കാണ് പോകുന്നതെങ്കിലും പുതിയൊരു വഴിയിലൂടെ പോകുന്ന പ്രതീതി. ഇങ്ങിനെയായാൽ മതിയായിരുന്നു പ്രമോദിന്റെ ഒപ്പമുള്ള ജീവിതം മുഴുവൻ. ഓരോ ദിവസവും പുതിയൊരു പാതയിലൂടെ സഞ്ചരിക്കുന്ന മട്ടിൽ.

വീട്ടിൽ തിരക്ക് കുറവായിരുന്നു. നാലോ അഞ്ചോ സ്ത്രീകളും രണ്ടോ മൂന്നോ പുരുഷന്മാരും മാത്രം. അവരാകട്ടെ ഓടിനടന്ന് ജോലിയെടുക്കുകയാണ്. പ്രമോദിന്റെ അച്ഛൻ ഒന്നും പറയാതെ വെറുതെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.

'ഇന്ന് വൈകുന്നേരം കുറച്ചു തിരക്കുണ്ടാവും പാർട്ടിയ്ക്ക്. അതും കഴിഞ്ഞാൽ തിരക്കൊഴിയും.' അമ്മ പറഞ്ഞു. 'നമുക്ക് ആദ്യം ചെയ്യേണ്ട ഒരു കാര്യണ്ട്. എന്റെ വല്ല്യമ്മണ്ട്. അവര് അധികം നടക്കാനൊന്നും വയ്യാണ്ടെയിരിക്ക്യാണ്. അവരെ കണ്ടിട്ട് അനുഗ്രഹം വാങ്ങണം. പക്ഷെ ഇപ്പൊ അവരെ കാണാൻ പറ്റില്ല. രാവിലത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് കുളിക്കാൻ പത്തര, പതിനൊന്നാവും. അതു കഴിഞ്ഞിട്ട് പോവാം നമുക്ക്. എനിക്ക് അമ്മേപോലത്തെ ഒരാളാണ്. ഇപ്പൊ കല്യാണം കാരണം കഴിഞ്ഞ രണ്ടുമൂന്നു ദിവസായിട്ട് രാവിലത്തെ കാര്യങ്ങൾക്ക് വേറൊരു സ്ത്രീയെ ആക്കിയിട്ട്ണ്ട്. മുഴുവൻ തൃപ്ത്യായിട്ടില്ല. ആ സ്ത്രീയെ ചീത്ത പറഞ്ഞോണ്ട് ഇരിക്കുന്നുണ്ട്.'

'മോള് ഒരു ഭാഗത്ത് പോയി വിശ്രമിയ്ക്ക്.' അച്ഛൻ പറഞ്ഞു. 'ഇനി വൈകുന്നേരം വീണ്ടും തിരക്കായിരിക്കും. പ്രമോദേ നീ ഈ കുട്ടിയ്ക്ക് വീടും പറമ്പും ഒക്കെ കാണിച്ചുകൊടുക്ക്.'

ലോകത്തിലെ എല്ലാവരിൽനിന്നും രക്ഷപ്പെട്ട് പ്രമോദിന്റെ ഒപ്പം ഒറ്റയ്ക്ക്. പതിനൊന്ന് മണിയാവരുതേ എന്നവൾക്കു തോന്നി. പക്ഷെ പതിനൊന്നേകാലിന് അമ്മയുടെ വിളി കേട്ടു. 'പ്രമോദേ.....'

അവർ മുകളിൽനിന്ന് ഇറങ്ങിവന്നു. അമ്മയോടൊപ്പം വല്ല്യമ്മയെ കാണാൻ ഇരുണ്ട ഇടനാഴികയിലൂടെ നടക്കുമ്പോൾ ലാവണ്യ ഓർത്തു. പ്രമോദ് ഒപ്പമുണ്ടായിരുന്നെങ്കിൽ. എന്തോ ആ ഇരുണ്ട ഇടനാഴികകൾ അവളുടെ ധൈര്യം കെടുത്തിയിരുന്നു. മുറിയിൽ എന്തൊക്കെയോ മണം കലർന്നുണ്ടാകുന്ന, തീരെ സുഖമില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു.

'വല്ല്യമ്മയ്ക്ക് വെളിച്ചം വയ്യ, അതൊണ്ട് ജനല് തൊറക്കാറില്ല. ഇപ്പൊ മോളെ കാണാൻ വേണ്ടി തൊറന്നിടാൻ പറഞ്ഞതാ.' അവളുടെ മുഖത്തെ രുചിക്കാത്ത ഭാവം മനസ്സിലായിട്ടെന്നപോലെ അമ്മ പറഞ്ഞു.

'വല്ല്യമ്മേ, ഇതാ ലാവണ്യ.'

മെലിഞ്ഞ് നന്നെ വയസ്സായ ഒരു സ്ത്രീ. അവർ കിടയ്ക്കയിൽ അവരുടെ അടുത്തേയ്ക്കവളെ ഇരിയ്ക്കാൻ ക്ഷണിച്ചു.

'നല്ല കുട്ട്യാണ്. ആ ചെക്കനോട് ഇവളെ നന്നായി നോക്കണംന്ന് പറയണം. അവനെവിടെ?'

'അവൻ ഉമ്മറത്ത്ണ്ട്.'

'കണ്ടില്ലെ, അവനല്ലെ ഇവളെ എനിയ്ക്ക് കാണിച്ചുതരണ്ടത്?'

'ഇപ്പഴത്തെ കുട്ട്യൊളല്ലെ വല്ല്യമ്മേ.'

'ശരി മോളെ, നന്നായി വരട്ടെ. എനിക്കൊന്ന് കിടക്കണം. കൊറച്ച് നേരം കെടക്കട്ടെ.'

'വല്ല്യമ്മയ്ക്ക് ഈ സമയത്തൊരു ഉറക്കണ്ട്.' മുറിയ്ക്കു പുറത്തു കടക്കുമ്പോൾ അമ്മായിയമ്മ പറഞ്ഞു.

ഇടനാഴിക നീണ്ടുപോകുന്നത് അടുക്കളയിലേയ്ക്കാണ്. അതിനുമുമ്പ് ഇടത്തോട്ടു തിരിഞ്ഞ് ഇരുട്ടുപിടിച്ച ഒരു മൂലയുണ്ട്. അവിടെയെത്തിയപ്പോൾ അമ്മായിയമ്മ നിന്നു. 'വല്ല്യമ്മടെ മുറിയിൽനിന്ന് ഈ എടനാഴികേലേയ്ക്കും വാതില്ണ്ട്. മുമ്പ് ഈ ഭാഗം അങ്ങിനെ നീണ്ടു പോവ്വായിരുന്നു. നിറയെ മുറികള്. എന്റെ കുട്ടിക്കാലത്താണ് അതൊക്കെ പൊളിച്ചുമാറ്റി വീട് ഈ നെലേലാക്കീത്.'

'ചേച്ചീ....' ആരോ അവരെ അടുക്കളയിൽനിന്നു വിളിച്ചു.

അവർ മുന്നോട്ടു നടക്കുകയായിരുന്നു. ഇടത്തുവശത്തായി അവൾ ആദ്യത്തെ വാതിൽ കണ്ടു. മുറിയുടെ ഇരുട്ടിൽനിന്ന് ഒരു രൂപം നടന്നുവരുകയാണ്. അവൾ അമ്മായിയമ്മയെ നോക്കി. അവരുടെ മുഖം അവ്യക്തമായിരുന്നു. അവർ പറയുന്നതും തീരെ വ്യക്തമല്ല.

'എന്റെ അമ്മയാണ്.....' എന്നാണവർ പറഞ്ഞതെന്ന് ലാവണ്യ ഊഹിച്ചെടുത്തു. വീണ്ടും നടക്കുകയാണ്. വലത്തുവശത്തായി മറ്റൊരു വാതിൽ. അതിൽനിന്ന് വളരെ മെലിഞ്ഞ് ക്ഷീണിച്ച ഒരു രൂപം വാതിൽക്കലേയ്ക്ക് നടന്നു വരുന്നു. 'അച്ഛൻ......' വീണ്ടും മുന്നോട്ടു നടത്തംതന്നെ. വാതിലുകൾ, ഒരോ വാതിലിലും നടന്നുവരുന്ന അവ്യക്തരൂപങ്ങൾ. അവൾ തിരിഞ്ഞു നോക്കി. അമ്മായിയമ്മ എപ്പഴോ അപ്രത്യക്ഷയായിരിക്കുന്നു. അവൾ നടത്തം വേഗത്തിലാക്കി. എങ്ങിനെയാണ് രക്ഷപ്പെടുക എന്നറിയാതെ അവൾ ഓടുകതന്നെയാണ്. നിർത്താതെ, എവിടെയും എത്താതെ.

ഗുഡ് വേ മലയാളം - 2006