ഒരു ചോക്കളേറ്റ് വിപ്ലവം


ഇ ഹരികുമാര്‍

അതൊരു ചോക്കളേറ്റ് വിപ്ലവമായിരുന്നു. എല്ലാവർക്കും അഭിമാനിയ്ക്കാവുന്ന ഒരു കാര്യം. അഞ്ഞൂറു രൂപ വിലയുള്ള ചോക്കളേറ്റ്! ഷോപ്പിങ് മാളിലെ മൂന്നാം നിലയിലാണ് ചോക്കളേറ്റുകളും ബിസ്‌കറ്റും മറ്റും വച്ചിരിക്കുന്നത്. ആദ്യം കരുതിയത് വില ടാഗ് ചെയ്ത ജോൺസന് തെറ്റു പറ്റിയതായിരിയക്കുമെന്നാണ്. പിന്നെ അതു ശരിയായ വിലതന്നെയാണെന്ന് മനസ്സിലായപ്പോൾ ബിന്ദു അന്തം വിട്ടുപോയി. അഞ്ചാം നിലയിൽ ക്രോക്കറി സെക്ഷനിൽ ജോലിയെടുക്കുന്ന സരിത അതിൽ അസ്വഭാവികമായൊന്നും കണ്ടില്ല. അഞ്ഞൂറു രൂപയ്ക്ക് ഒരു ചോക്കളേറ്റുണ്ടെങ്കിൽ അതു വാങ്ങാനും ആൾക്കാരുണ്ടാവും. അത് ശരിയാണെന്ന് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളിൽ ജോലിയെടുക്കുന്ന ബിന്ദുവിന്നറിയാം. പക്ഷെ അവൾക്കത് ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല.

'ഒരു ചോക്കളേറ്റിന് അഞ്ഞൂറു രൂപയാണെടീ. ഒരൊറ്റ ചോക്കളേറ്റിനേയ്.'

'അതിനെന്താ നീയിത്ര വെകിളി പിടിയ്ക്കണത്? അങ്ങിന്യൊരു ചോക്കളേറ്റ്‌ണ്ടെങ്കിൽ അതു വാങ്ങാനുള്ള കഴിവുണ്ടാക്ക്വാണ് വേണ്ടത്.'

അതാണവളുടെ ആദർശം. സ്‌നേഹിതയുടെ അമ്പരപ്പോ അങ്കലാപ്പോ അവൾക്കില്ല. ഒരു സാധനം അവൾക്കിഷ്ടപ്പെട്ടാൽ അതു സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ചെയ്യുന്നു. അതു കയ്യിൽകിട്ടുന്നതുവരെ അവൾ ഒതുങ്ങിയിരിയ്ക്കുകയുമില്ല. ഒരുപക്ഷെ അടുത്തൊരു ദിവസംതന്നെ ബിന്ദുവിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ആ ചോക്കളേറ്റ് വാങ്ങുകയും ചെയ്യും. തനിയ്ക്കാ ചോക്കളേറ്റ് സ്വാദു നോക്കാനുള്ള ഒരേയൊരവസരം സരിത അതു വാങ്ങുമ്പോഴായിരിക്കുമെന്ന് ബിന്ദുവിന്നറിയാം. അല്ലെങ്കിൽ ഒരു വിലപിടിച്ച ചോക്കളേറ്റ് നുണയുന്നതിലൊക്കെ എന്തിരിയ്ക്കുന്നു. എല്ലാം ഒന്നുതന്നെ.

വീട്ടിലെത്തി അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ ബിന്ദു പ്രതീക്ഷിച്ചപോലൊന്നും അമ്മ കാണിച്ചില്ല, പറഞ്ഞുമില്ല. അമ്മയിൽനിന്ന് അവൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നു. ആ സ്ത്രീ പക്ഷെ സാധാരണ മട്ടിൽ അതെല്ലാം കേട്ടിരുന്നു. അദ്ഭുതമൊന്നും കാണിയ്ക്കാതെ, വികാരമൊന്നുമില്ലാതെ. സരസ്വതിയെ സംബന്ധിച്ചേടത്തോളം അതൊരു വാർത്തയേയായിരുന്നില്ല. അവൾ ജോലിയെടുക്കുന്ന ബഹുനില മാളികയിൽ താമസിയ്ക്കുന്നവർ അദ്ഭുതപ്പെടാനുള്ള അവളുടെ കഴിവ് വളരെ സാവധാനത്തിൽ നശിപ്പിച്ചിരിയ്ക്കുന്നു, നാലു വീടുകളിൽ അഞ്ചു കൊല്ലത്തോളം ജോലിയെടുത്തപ്പോൾ സരസ്വതി മനസ്സിലാക്കി, തനിയ്ക്കും കുടുംബത്തിനും ഒരു രണ്ടാംതരം പൗരത്വമേയുള്ളു എന്ന്. രണ്ടാംതരം പൗരന്മാർക്ക് ഒന്നാംതരം പൗരന്മാരുടെ ജീവിതം പറ്റില്ലെന്നും അതിനാശിക്കരുതെന്നും. അതുകൊണ്ടവൾ തൃപ്തയാണോ? അറിയില്ല. ഇപ്പോൾ മകൾ ജോലിയെടുക്കുന്ന അഞ്ചുനില ഡിപ്പാർട്ടുമെന്റ് ഷോപ്പിൽ അഞ്ഞൂറു രൂപയുടെ..........

രാത്രി അച്ഛൻ വരുമ്പോൾ ഒമ്പതു മണിയാവും. അച്ഛൻ ജോലിയെടുക്കുന്ന പലചരക്കു കട അടുത്തുതന്നെയാണ്. പക്ഷെ കട അടച്ച് വരാന്തയിൽ നിരത്തിയ ചാക്കുകളും, പച്ചക്കറിയും മറ്റും നിറച്ച കൊട്ടകളും പഴക്കുലകളും അകത്തേയ്‌ക്കെടുത്തുവച്ച് കട അടച്ച്, സ്‌കൂട്ടറിൽ പോകാൻ തയ്യാറായി നിൽക്കുന്ന ജോർജ്ജു മുതലാളിയുടെ കയ്യിൽ താക്കോൽ കൊടുത്ത് സൈക്കിളിൽ വീട്ടിലെത്തുമ്പോൾ ഒമ്പതു മണിയാവും. കുട്ടിക്കാലത്ത് അച്ഛനെ കാത്തിരുന്ന് ഉറങ്ങിപ്പോയിരുന്നത് ബിന്ദുവിനോർമ്മയുണ്ട്. അച്ഛന്റെ വിയർപ്പൊട്ടുന്ന ഷർട്ടിന്റെ പോക്കറ്റിൽ കടയിൽനിന്ന് മുതലാളി കാണ്‌കെ എടുത്ത ചെറിയ മിട്ടായിയുണ്ടാവും. മകളെ ഉറക്കത്തിൽ നിന്നുണർത്തുന്നതിന്നൊരു ദുർബലമായ ന്യായീകരണം. പിന്നെപ്പിന്നെ മകൾ വലുതായതോടെ അതു താനെ നിന്നുപോയി.

'അമ്മയൊന്ന് വന്നുനോക്ക്. കാണേണ്ടതന്യാ. എന്തോരം സാധനങ്ങളാ. അഞ്ച് നെലേല് നെറയെ സാധനങ്ങളാ. ഒരു നെലേല് പലചരക്കും പച്ചക്കറീം, അത് തന്നെ എല്ലാം വൃത്ത്യാക്കി തൂക്കി പാക്കറ്റില് നെറച്ചത്, ഒരു നെലേല് നെറയെ കുട്ട്യോള്ക്ക്ള്ള സാധനങ്ങള്, പിന്ന്യൊരു നെലേല്........'

സരസ്വതിയ്ക്ക് അതൊന്നും കേൾക്കണമെന്നുണ്ടായിരുന്നില്ല. അവൾ ജോലിയെടുക്കുന്ന വീടുകളിലെ ചേച്ചിമാർ അതെല്ലാം പല തവണ പറഞ്ഞതാണ്. പക്ഷെ ബിന്ദുവിന്റെ ഉത്സാഹം നശിപ്പിയ്ക്കാൻ വയ്യാത്തതുകൊണ്ട് അവൾ ശ്രദ്ധിച്ചു കേട്ടു.

'ആൾക്കാര് അമ്മാ ഒരു വണ്ടീം ഉന്തിക്കൊണ്ട് റാക്കിന്റെ ഏടേല്ക്കൂടെ നടക്കും. ആവശ്യള്ളത് എടുത്ത് വണ്ടീല് ഇടും. എന്നിട്ട് ആ വണ്ടീം ഉന്തിക്കൊണ്ട് ഞങ്ങടെ മുമ്പിലെത്തും. അപ്പൊ ഞങ്ങള് കമ്പ്യൂട്ടറില് ബില്ലിട്ട് കാശു വാങ്ങും.........' അവൾ നിർത്തി എന്തോ ആലോചിച്ചു. '.........അമ്മാ എന്തോരം കാശാണ് ആൾക്കാര്‌ടെ കയ്യിലൊക്കെ.'

ബില്ലടയ്ക്കാൻ വേണ്ടി ഹാന്റ്ബാഗ് തുറന്ന് അതിൽ അട്ടിയായി കിടക്കുന്ന നോട്ടുകൾ മുഴുവൻ പുറത്തെടുക്കുന്ന സ്ത്രീകൾ. അതുപോലെ ആയിരത്തോടടുത്തോ അല്ലെങ്കിൽ അതിൽ കൂടുതലായോ വരുന്ന ബിൽ തുകയ്ക്കു വേണ്ടി പാന്റ്‌സിന്റെ പോക്കറ്റിൽനിന്ന് എടുക്കുന്ന പഴ്‌സുകളിൽ നിന്ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അനായാസേന പുറത്തെടുക്കുന്ന പുരുഷന്മാർ. അവളുടെ അച്ഛന്റെ കയ്യിൽ ശംബളം കിട്ടുന്ന ദിവസം മാത്രമേ വലിയ നോട്ടുകൾ കാണു. അതും അഞ്ഞൂറിന്റെ രണ്ടോ മൂന്നോ നോട്ടുകൾ മാത്രം.

സരസ്വതിയേയും അലട്ടിയിരുന്ന ചോദ്യമാണത്. ആൾക്കാര്‌ടെ കയ്യിലൊക്കെ എന്തോരം കാശാണ്. അവൾ പക്ഷെ ആ സ്ഥിതിവിശേഷത്തോട് പൊരുത്തപ്പെട്ടിരുന്നു. പക്ഷെ ബിന്ദുവിനെ സംബന്ധിച്ചേടത്തോളം അതിപ്പോഴും പുകഞ്ഞു കൊണ്ടിരിയ്ക്കുന്ന, ഉത്തരം കിട്ടിയിട്ടില്ലാത്ത സമസ്യയാണ്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളുമായി സമരസപ്പെടാൻ മാത്രം പക്വത വന്നിട്ടില്ലാത്ത ഒരു പതിനാറുകാരിയാണവൾ. അവൾക്ക് കിട്ടുന്നത് ആയിരത്തിഎണ്ണൂറു രൂപയാണ്. ഒരുമാതിരി നല്ല ശമ്പളമാണ്. ഇതേ ജോലി ഇതിലും ആയാസത്തോടെ രാവിലെ എട്ടുമുതൽ രാത്രി എട്ടരവരെ ചെയ്യുന്നതിന് അച്ഛനു കിട്ടുന്നത് കഷ്ടിച്ച് രണ്ടായിരമാണ്, അതും പതിനഞ്ചു കൊല്ലം ജോലിയെടുത്തശേഷം. അതു നോക്കുമ്പോൾ രണ്ടുമാസം മുമ്പ് ആയിരത്തെണ്ണൂറ് രൂപയ്ക്ക് ജോലിയ്ക്ക് ചേർന്ന തന്റെ ശമ്പളം എത്ര കൂടുതലാണ്. പക്ഷെ ഈ ശമ്പളംകൊണ്ട് അവൾക്ക് താൻ ജോലിയെടുക്കുന്ന മാളിലെ പതിവുകാരെപ്പോലെ വാരിവലിച്ച് വാങ്ങാൻ പറ്റുമോ? എന്താണിങ്ങനെ?

വൈകുന്നേരം ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ സരിത അവളെ തോണ്ടി വിളിച്ചു.

'ദേ, നീയൊന്നു നോക്കിയേ.'

'എന്ത്?'

'ദാ അവ്‌ടെ ഒരാണും പെണ്ണും നിക്കുണു. അവര്‌ടെ സംസാരൊന്ന് കേട്ടുനോക്ക്.'

ബിന്ദു ശ്രദ്ധിച്ചു.

'..........കിലോമീറ്ററിന് രണ്ടു രൂപ. അതിൽ കൊറയൂല.' സ്ത്രീ പറയുകയാണ്.

'ഒന്നരയാണെങ്കിൽ മതി. അല്ലെങ്കിൽ വേണ്ട.' പുരുഷൻ.

'അര രൂപയ്ക്ക് വേണ്ടി നിങ്ങള് ഇങ്ങനെ പെശകണോ?.....'

ബിന്ദുവിന് ആദ്യം തോന്നിയതും അതുതന്നെയായിരുന്നു. അര രൂപയ്ക്കുവേണ്ടി എന്തിനാണ് പെശകണത്? പക്ഷെ എന്തിനെപ്പറ്റിയാണ് അവർ സംസാരിയ്ക്കുന്നതെന്ന് ബിന്ദുവിന് മനസ്സിലായില്ല. അവൾ സരിതയെ നോക്കി. അവളാകട്ടെ ആ കാഴ്ച കണ്ട് ആസ്വദിയ്ക്കുകയായിരുന്നു.

'സരിതേ അവരെന്തിനെപ്പറ്റിയാണ് സംസാരിയ്ക്കണത്?'

സരിത ചിരിച്ചു. 'അത് ബിസിനസ്സാ മോളെ. നീയതൊന്നും അറിയണ്ട.'

വിലപേശലുകൾക്ക് ശേഷം ക്യൂവിൽ നിൽക്കുന്ന ആട്ടോവിൽ കയറുന്ന ആണും പെണ്ണും എങ്ങോട്ടാണ് പോകുന്നത്? സരിതയോട് ചോദിച്ചപ്പോൾ ആവോ എനിക്കറിയില്ല എന്നു പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി. പതിനാറു വയസ്സുള്ള ഒരു പെൺകുട്ടി അറിയേണ്ട കാര്യങ്ങളാവില്ല അതൊന്നും.

അച്ഛൻ വന്നത് അല്പം വാസനയുമായാണ്. അമ്മ മൂക്കു പിടിച്ചു.

'നിങ്ങള് കുടിച്ചിട്ടാ വന്നിരിക്കണേ?'

'സ്വൽപം കുടിച്ചു. എന്ന്വൊന്നും ഇല്ലല്ലൊ.'

'അതിനർത്ഥം എടയ്ക്ക് കുടിക്കണംന്നാണോ? നോക്ക് ഒരു പെണ്ണിനെ കെട്ടിച്ചയക്കണ്ടതാ. അതോർത്തോ.'

'പേടിയ്ക്കണ്ട. ഇനി കുടിയ്ക്കാന്ള്ള പണൊന്നുംണ്ടാവില്ല.'

'എന്തേ?'

'ജോർജ്ജേട്ടന്റെ കട പൂട്ടാൻ പോവ്വാ. ആ വെഷമത്തില് സ്വല്പം കുടിച്ചതാ.'

'എന്റീശ്വരമ്മാരെ. ശര്യാണോ നിങ്ങള് പറേണത്?'

അച്ഛൻ തലയാട്ടി.

'കച്ചോടം കൊറഞ്ഞിരിയ്ക്കുണു. എല്ലാരും പോണത് രണ്ടും നാലും നെലള്ള വല്യെ ഡിപ്പാർട്ട്‌മെന്റെ സ്റ്റോറിലേയ്ക്കാണ്. അവിടെ നല്ല സാധനങ്ങള് കിട്ടും. കല്ലും മണ്ണും ഒന്നുംല്യാതെ വൃത്ത്യാക്കി പാക്ക് ചെയ്ത് ഒന്നാം ഗ്രേഡ് തന്നെ കൊടുക്കും. ഞങ്ങള്‌ടെ വെലേക്കാളും കൊറഞ്ഞ വെലയ്ക്ക്?'

'അതെങ്ങന്യാ?'

'അവര് അത്ര്യധികം വരുത്തുന്നുണ്ട്. അപ്പൊ അവർക്കും നല്ലോം വെല കൊറച്ച് കിട്ടും. കൊറഞ്ഞ വെലയ്ക്ക് നല്ല സാധനങ്ങള് കിട്ട്വാണെങ്കിപ്പിന്നെ ആരെങ്കിലും ഞങ്ങടെ കടേന്ന് വാങ്ങ്വോ? പോരാത്തതിന് ഉള്ളീത്തന്നെ പോയി തെരഞ്ഞെടുക്കാനും പറ്റും. പച്ചക്കറ്യായാലും വേണ്ടില്ല പലചരക്കായാലും വേണ്ടില്ല. അവിട്ന്ന് വാങ്ങ്യോര് പറേണത് നല്ല സാധനാ കിട്ടണത് ന്ന്ന്നാ. എന്തായാലും ഒന്നോ രണ്ടോ മാസം കൂടിണ്ടാവും ഞങ്ങടെ കട. അത് കഴിഞ്ഞാ നിർത്തും. ഇപ്പത്തന്നെ പുത്യ സ്റ്റോക്കൊന്നും എട്ക്ക് ണില്ല. പാവം ജോർജ്ജേട്ടൻ. അയാള്‌ടെ കഷ്ടകാലം.'

'എന്തു കഷ്ടകാലം?' ബിന്ദു ചോദിച്ചു. 'അയാളൊരു മൊതലാളിയ്‌ല്ലെ. അയാൾക്കതു വേണം.'

'മൊതലാള്യോ? മൊതലാളീന്ന് വിളിക്കുണു, ശര്യന്നെ. പക്ഷെ എന്തു മൊതലാളി മോളെ. ഈ കടള്ളതോണ്ട് അയാളും കുടുംബും കഞ്ഞി കുടിയ്ക്കുണു. ജോർജ്ജേട്ടൻ മൊതലാളീന്ന് പറഞ്ഞാൽ നെന്റെ കടേടെ ഒടമസ്ഥനെ നീയെന്താണ് വിളിക്ക്യാ? നീയ്യന്നെ പറയാറില്ല്യെ മാനേജര്തന്നെ വര്വാ പുത്യാ കാറിലാണ്ന്ന്. ഇവിടെ മേനേജരും ഒടമസ്ഥനും ഒക്കെ ഒരാളന്നെ. ന്ന്ട്ട് അയാൾക്ക് ആകെള്ള വണ്ടി ഒരു പഴേ സ്‌കൂട്ടറാണ്. തറവാട്ടുസ്വത്തായി കിട്ട്യ ഒരോടിട്ട ചെറ്യോ വീട്ടിലാണ് താമസം. അയാളാണോ മൊതലാളി?'

ബിന്ദു നിശ്ശബ്ദയായി. അവൾക്കു മുകളിൽ ഉള്ള മുതലാളിയെ അവൾ കാണുന്നില്ല. അയാൾ ദൂരെയെവിടേയോ ആണ്. ഒരുപക്ഷെ കടലുകൾക്കപ്പുറത്ത്. അയാൾ വില കുറയ്ക്കുന്നത് മത്സരം ഇല്ലാതാക്കാനാണ്. ജോർജ്ജേട്ടനെപ്പോലുള്ള ചെറുകിടക്കാരെ നശിപ്പിയ്ക്കാൻ. അതു കഴിഞ്ഞാൽ അവർ ഉന്നം വെയ്ക്കുക കുറച്ചുകൂടി വലിയവരെയാണ്. അവരെയും നശിപ്പിച്ചുകഴിഞ്ഞാൽ പിന്നെ അടുത്ത നിലയിലുള്ളവർ. അങ്ങിനെ കുത്തകയാവാൻ.

'അതൊക്കെ ശര്യാണ്. പക്ഷെ നിങ്ങടെ കടേന്ന് ഒരു സാധനം വാങ്ങ്യാല് ഒരു നയാപൈസ കൊറയ്ക്കില്ല. ന്നാള് സരിത അവിട്ന്ന് ഒരു സോപ്പു വാങ്ങി. എട്ടുരൂപ അറുപതുപൈസ്യാണ് വെല. ന്ന്ട്ട് ജോർജ്ജേട്ടൻ ഇല്ലാത്ത ചില്ലറ്യൊക്കെ തപ്പി ഒരുരൂപ നാല്പത് പൈസ്യന്നെ എണ്ണിക്കൊടുത്തു. ഒന്നര രൂപ തിരിച്ചുകൊടുത്താ മതി. അങ്ങേര്‌ടെ കയ്യില് എന്തോരം അമ്പതു പൈസണ്ടായിരുന്നു. ആ സോപ്പില് ആകെ പത്തു പൈസ്യാണോ ലാഭം കിട്ടണത്? അതേ സോപ്പ് തന്നെ ഞങ്ങള് വിൽക്കണത് ഏഴര രൂപയ്ക്കാണ്. അവള് ചോദിച്ചൂത്രെ മാക്‌സിമം റീട്ടെയ്ൽ പ്രൈസ്‌പോലെ ഒരു മിനിമം റീട്ടെയ്ൽ പ്രൈസും ഇല്ലേന്ന്. അയാള് ഒന്ന് ചിരിച്ചൂന്ന് മാത്രം.'

'അതൊക്കെ ശര്യാണ്. നയാപൈസ കൊറക്കില്ല ജോർജ്ജേട്ടൻ.'

'അതൊക്കത്തന്ന്യാ ആൾക്കാര് വല്യവല്ല്യേ മാളുകളും ഒക്കെ വെക്കണതും ആവശ്യക്കാര് സാധനങ്ങള് വാങ്ങാൻ അവടേയ്ക്ക് ഓടണതും. കല്ല് കടിയ്ക്കാത്ത അരീം പയറും പരിപ്പും മറ്റിടത്ത് കിട്ടണേക്കാൾ കൊറഞ്ഞ വെലയ്ക്ക് കിട്ടുമ്പൊ ആരായലും പോവും. പിന്നെ ഇത്രീം കാലായിട്ട് അയാൾക്ക് ആ കട കൊറച്ചുകൂടി ഒന്ന് നന്നാക്കായിര്ന്നില്ല്യേ? സ്ഥലല്യാഞ്ഞിട്ടാണോ? സാധനങ്ങളൊക്കെ വൃത്ത്യാക്കീട്ട് പാക്കറ്റിലാക്കി വെയ്ക്ക്യാ. പിന്നെ എല്ലാ സാധനങ്ങളും രണ്ടോ മൂന്നോ തരം വരുന്നുണ്ട്. അതിൽ ഞങ്ങടെ കട വാങ്ങണത് ഒന്നാം തരാണ്. നിങ്ങള് വാങ്ങണത് രണ്ടോ, മൂന്നോ ഗ്രേഡാണ്. ഇടണ വെല ഒന്നാം തരത്തിന്റീം.. അല്ലെ?'

'ഇതൊക്കെ ആരാ നിന്നോട് പറഞ്ഞത്?' തന്റെ മകൾക്ക് ഇത്രയൊന്നും അറിവുണ്ടായിരുന്നില്ലെന്ന് അയാൾക്കറിയാം. ആരോ മകളെ അറിവുള്ളവളാക്കുന്നുണ്ട്. നല്ലതുതന്നെ.

'ഇതൊക്കെ സരിത പറേണതാ. അവള്‌ടെ ചേട്ടന് നല്ല അറിവ്ണ്ട്. അയാള് പറ്യാണ് നമ്മടെ കൊള്ളരുതായ്‌മ്യോണ്ടാണ് കുത്തകകള് വര്ണ്ന്ന്.'

ശരിയായിരിയ്ക്കാം. അയാൾക്കു തോന്നി, അവൾ പറഞ്ഞതൊക്കെ ശരിയാണ്.

തിങ്കളാഴ്ച വൈകുന്നേരം ബസ്സ്‌സ്റ്റോപ്പിലെത്തിയപ്പോൾ സരിത കൈ സഞ്ചി തുറന്ന് ആ ചോക്കളേറ്റ് പെട്ടിയെടുത്തു. അതേ ചോക്കളേറ്റ്. അഞ്ഞൂറു രൂപയുടെ, പണക്കാർ മാത്രം തിന്നുന്ന, അവർക്കു മാത്രം വാങ്ങാൻ കഴിയുന്ന ആ ചോക്കളേറ്റ്. അന്തം വിട്ട് നോക്കി നിൽക്കുന്ന സ്‌നേഹിതയ്ക്ക്, പെട്ടിയുടെ സെല്ലോഫേയ്ൻ റാപ്പർ തുറന്ന് ഒരു കഷ്ണം കൊടുത്ത്, ഒരു കഷ്ണം തനിയ്ക്കുമെടുത്ത് സരിത ആ പെട്ടിയടച്ചു.

തിങ്കളാഴ്ചയാണ് ഡ്യൂട്ടി മാറുക. ഇന്നുമുതൽ സരിതയ്ക്ക് മൂന്നാം നിലയിലും ബിന്ദുവിന് അഞ്ചാം നിലയിലുമാണ് ഡ്യൂട്ടി. അവൾ സ്‌നേഹിതയോട് സ്വരം താഴ്ത്തി ചോദിച്ചു.

'നീയിത് അടിച്ചുമാറ്റിയതാണോടി?'

'ഊംഹും.' സരിത ചിരിച്ചുകൊണ്ട് പറഞ്ഞു. 'നമ്മുടെ ഷാപ്പിൽ നിന്ന് ഒരു മൊട്ടുസൂചി അടിച്ചുമാറ്റാൻ പറ്റുംന്ന് തോന്ന്ണ്‌ണ്ടോ?'

'അത് ശര്യാണ്, എന്നാലും.....'

'ഏയ്, ഞാൻ ശരിയ്ക്കും കാശുകൊട്ത്ത് വാങ്ങീതാ. ദാ ബില്ല്. ഈ ബില്ല് ഞാനുംകൂടിയല്ല അടിച്ചത്. ഷെർലിയാ.'

ബില്ലു ശരിയ്ക്കുള്ളതുതന്നെ. ആ പങ്കപ്പാടിൽ വായിൽ അലിഞ്ഞുപോകുന്ന ചോക്കളേറ്റിന്റെ സ്വാദുകൂടി ശരിയ്ക്ക് ആസ്വദിയ്ക്കാൻ ബിന്ദുവിന് കഴിഞ്ഞില്ല.

'അപ്പൊ നെനക്ക് എവിടന്ന് കിട്ടി ഇത്രേം പണം?'

'തനിയ്ക്ക് ഒരു കഷ്ണം കൂടി വേണോ?'

ബിന്ദു വേണ്ടെന്ന് തലയാട്ടി.

'ബാക്കിള്ള ചോക്കളേറ്റ് ഞാനിതിന്റെ പ്രായോജകരുമായി പങ്കുവയ്ക്കാൻ പോവ്വാണ്.'

'പ്രായോജകരോ?'

'നീ ടീവീല് കേട്ടിട്ടില്ലേ, ഈ പരിപാടിയുടെ പ്രായോജകർ ഇന്നയിന്ന കമ്പനികളാണെന്ന്? എന്നുവച്ചാൽ സ്‌പോൺസേഴ്‌സ്.'

'അപ്പൊ ആരാണ് ഇതിന്റെ സ്‌പോൺസറ്?'

'അതൊന്നും നിയറിയണ്ട. നീ കൊച്ചുകുട്ടിയല്ലെ?'

ബസ്സു വന്നു. സരിത പറഞ്ഞു.

'നീ പൊയ്‌ക്കോ, ഇന്ന് എനിയ്ക്ക് ഒരു ഫ്രണ്ടിനെ കാണണം.'

പുറപ്പെടാൻ തുടങ്ങിയ ബസ്സിൽ ബിന്ദു ചാടിക്കയറി. സന്ദർഭത്തിന്റെ അപകടാവസ്ഥ മുതലെടുത്തുകൊണ്ട് കിളി അവളെ തൂക്കി ബസ്സിലേയ്ക്കിട്ടു.

അഞ്ഞൂറു രൂപയുടെ ചോക്കളേറ്റ് സ്വാദു നോക്കിയ കാര്യം പറഞ്ഞപ്പോൾ സരസ്വതിയ്ക്കതിന്റെ മുഴുവൻ ചരിത്രവുമറിയണം. മുഴുവൻ പറയാൻ കഴിയാത്തതുകൊണ്ട് അവൾ എങ്ങും തൊടാത്ത വിധത്തിൽ കാര്യങ്ങൾ പറഞ്ഞൊഴിഞ്ഞു. ചിലപ്പോൾ പൊട്ടിയ പാക്കറ്റുകൾ വില്പനയ്ക്കു വെയ്ക്കാതെ ജോലിക്കാർക്ക് വളരെ വിലക്കുറവിൽ കൊടുക്കാറുണ്ട്. അങ്ങിനെ വല്ലതുമാവും. സരസ്വതിയുടെ പ്രശ്‌നം ഒരു ചോക്കളേറ്റ് സ്വാദു നോക്കുന്നതല്ല. അവൾ പറഞ്ഞു.

'മോളെ, നെനക്ക് ജോലി കിട്ട്യപ്പ ചേർന്ന കുറി എങ്ങിന്യാ നെകത്താൻ പോണത്?'

'എന്താമ്മാ പ്രശ്‌നം?'

'അച്ഛന്റെ ജോലി ഈ മാസംകൂട്യേണ്ടാവുള്ളുന്നാ പറേണത്. ജോർജ്ജേട്ടൻ സാധനങ്ങളൊക്കെ ഒന്നായിട്ട് ആർക്കോ കൊട്ക്ക്വാത്രെ. അച്ഛന്റെ ശമ്പളം കൊണ്ടാണ് വീട്ടുചെലവ് കഴിഞ്ഞീര്ന്നത്. എന്റെ ശമ്പളം മുഴുവൻ ഓരോ കുറീലേയ്ക്കായി പോവും. ഇപ്പൊ നെന്റെ ശമ്പളൂം. അപ്പൊ കഞ്ഞികുടിയ്ക്കാൻ നമ്മളെന്താ ചെയ്യാ?'

'നമ്ക്ക് എന്റെ കുറി നിർത്ത്യാലോ അമ്മാ. അതിപ്പൊ തൊടങ്ങീട്ടല്ലെള്ളൂ.'

'നിർത്താനൊക്കെ എളുപ്പാണ്. ഒരു രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില് നെന്റെ കല്യാണംണ്ടാവും. അപ്പഴോ?'

'എന്താ ചെയ്യാ?'

'ഞാനിപ്പൊത്തന്നെ നാലു വീട്ടില് ജോലിയെടുക്കുന്നുണ്ട്. ഇനി അഞ്ചാമതൊരു വീട്ടില് ജോലി തൊടങ്ങാൻ വയ്യ. ഒന്നാമത് സമയല്ല്യ, പിന്നെ അഞ്ച് മണിയാമ്പളേയ്ക്കന്നെ തീരെ വയ്യാതാവുന്നുണ്ട്. നടു നിവർത്താൻ വയ്യ. ഇവരൊക്കെ വാഷിങ് മെഷിന്‌ണ്ടെങ്കിലും ടെറസ്സില് പൊരിവെയിലത്ത് കല്ലുമ്മല് തിരുമ്പിയ്ക്കും.'

ഉയർന്നു വരുന്ന ഷോപ്പിങ് മാളുകൾക്കു മുമ്പിൽ തന്റെ കുടുംബം ഒരു കാഷ്വൽട്ടിയാവുകയാണെന്ന് ബിന്ദുവിനു മനസ്സിലായി.

ഊണു കഴിച്ച് കിടക്കുമ്പോൾ അവൾ ആലോചിക്കുകതന്നെയായിരുന്നു. അച്ഛൻ കട്ടിലിന്മേൽ കിടന്ന് ഉറക്കമായിരുന്നു. താഴെ പായയിൽ നിവർത്തിയ കട്ടി കുറഞ്ഞ കിടക്കയിൽ അമ്മയും ക്ഷീണിച്ച് ഉറക്കത്തിലേയ്ക്കു വീഴുകയാണ്. അവൾ അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

'എന്താമ്മാ നമ്ക്ക് അവര്ടെ അത്രയൊന്നും പണംണ്ടാവാത്തത്?'

സരസ്വതി മറുപടി പറഞ്ഞില്ല.

'ന്നാലും ഒരു ചോക്കളേറ്റിന് അഞ്ഞൂറു രൂപ. അതാ റാക്കിമ്മല് നെറയെ നെരത്തിവെച്ചിരിയ്ക്ക്യാണ്. അതു വാങ്ങാൻമാത്രം പണംള്ളോര് അമ്മാ........'

സരസ്വതി ക്ഷീണിച്ച് ഉറക്കമായിരുന്നു.

മലയാള മനോരമ വാര്‍ഷികപ്പതിപ്പ് - 2007