മഴയുള്ള ഒരു രാത്രിയിൽ


ഇ ഹരികുമാര്‍

അസ്തമനം വളരെ മനോഹരമായിരുന്നു. ഡോക്ക്‌യാർഡിൽ ഇരുന്നു കൊണ്ടു മഴവില്ലിന്റെ നിറമുള്ള പശ്ചിമാകാശം മുഴുവൻ എനിക്കു കാണാമായിരുന്നു. സൂര്യപ്രകാശം മേഘങ്ങൾക്കിടയിലൂടെ ഒരു ചുവന്ന ഗോവണിയായി ഇറങ്ങി വരികയാണ്. ആ രശ്മികൾ ഇളകിക്കളിക്കുന്ന വെള്ളത്തെ ഒരു രക്തസമുദ്രമാക്കി. ഞാൻ, അടുത്തു തന്നെ പ്രകൃതിസൗന്ദര്യത്തിൽ മുഴുകിയിരിക്കുന്ന എന്റെ ആതിഥേയയെ നോക്കി. പോക്കുവെയിൽ അവരുടെ നരച്ച തലമുടിക്ക് ഒരു പരിവേഷം ചാർത്തിയിരുന്നു.

'എന്തൊരു ഭംഗിയാണ് ആകാശത്തിന്, അല്ലേ?'

'അതെയതെ'

ഞെട്ടിയുണർന്നുകൊണ്ട് അവർ പറഞ്ഞു.

'ഇങ്ങനെ അസ്തമനം വളരെ ചുരുക്കമായെ ഞാൻ കണ്ടിട്ടുള്ളു' ഞാൻ പറഞ്ഞു.

അവർ ഒന്നും പറഞ്ഞില്ല. കരയ്ക്കണയുവാൻ പോകുന്ന ഒരു കപ്പലിനെ നോക്കുകയായിരുന്നു അവർ, ഒന്നുരണ്ടു കപ്പലുകൾ ഡോക്കിൽ നിൽക്കുന്നുണ്ടായിരുന്നു. അവയിൽനിന്ന് കൂറ്റൻ ക്രെയിനുകൾ സാധനങ്ങൾ ഇറക്കുകയും കയറ്റുകയുമാണ്.

പെട്ടെന്നവർ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു.

'ഇന്നു നല്ല കാറ്റും മഴയുമുണ്ടാകും. അസ്തമനം ഈ വിധത്തിലാകുമ്പോഴെല്ലാം നമുക്കതു തീർച്ചയാക്കാം. നോക്കൂ'

അവർ കിഴക്കു ഭാഗത്തേക്കു ചൂണ്ടിക്കാണിച്ചു. ശരിയായിരുന്നു. ആകാശത്തിൽ കറുത്ത മേഘങ്ങൾ ഉരുണ്ടു കൂടുകയാണ്.

'എനിക്കു നല്ല ഉറപ്പുണ്ട്.'

അവർ തുടർന്നു.

അവരുടെ ചുളിവുകളുള്ള മുഖം ഭൂതകാലത്തിന്റെ ഒരു കലവറയാണെന്നു തോന്നി.

'കഴിഞ്ഞ പന്ത്രണ്ടുകൊല്ലമായി ഞാൻ ഇതു കാണാറുണ്ട് ഇങ്ങനത്തെ ഒരു നശിച്ച ദിവസമാണ്......'

അതു മുഴുമിപ്പിക്കാതെ അവർ നെടുവീർപ്പിട്ടു. കപ്പലിലേയ്ക്കു സാമാനമിറക്കി വെച്ച് ക്രെയിനുകൾ ഒരു ശബ്ദത്തോടെ ഉയരുകയാണ്.

സൂര്യപ്രകാശം ക്രമേണ മങ്ങുകയാണ്. ഡോക്കിലൂടെ തണുത്ത കാറ്റടിക്കുവാൻ തുടങ്ങി.

ഞങ്ങൾ എഴുന്നേറ്റു വീട്ടിലേയ്ക്കു നടന്നു കാർമേഘങ്ങൾ ആകാശമാകെ പരന്നു കഴിഞ്ഞിരിന്നു. ഭൂമിയാകെ ഒരു പരിമിതമായ വെളിച്ചത്തിൽ തുടിച്ചു നിൽക്കുകയാണ്.

'ഇന്ന് നല്ലപോലെ മഴ പെയ്യും. ഈ ഉഷ്ണമൊന്നവസാനിക്കും.'

ഞാൻ ആകാശത്തേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു.

അവർ ഒന്നു മൂളി. അപ്പോൾ പിന്നിൽ നിന്ന് ഐസ്‌ക്രീംകാരന്റെ പരുപരുത്ത ശബ്ദംകേട്ടു.

'ഐസ്‌ക്രീം വേണോ?'

അതുകേട്ടപ്പോൾ എന്റെ ആതിഥേയ ഒന്നു ഞെട്ടി. അവർ അയാളെ കാണാതിരിക്കാൻ വേഗം നടന്നു. ഈ ചൂടുള്ള കാലാവസ്ഥയിൽ ഒരു ഐസ്‌ക്രീംകാരനെ വെറുക്കുന്നതെന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. അവർ വളരെ ഗാഢമായി എന്തോ ആലോചിക്കുകയായിരുന്നു.

തുരുമ്പു പിടിച്ചു തുടങ്ങിയ ഗേറ്റു കടന്നു ഞങ്ങൾ വീട്ടിലെത്തി. ചുവന്ന ചായം തേച്ച ആ വീട് പഴയ മട്ടിലുള്ളതായിരുന്നു. ആ ഇരുനില കെട്ടിടത്തിന്റെ മുകളിൽ അതു നിർമ്മിച്ച കൊല്ലം, 1890 എന്നു വെളുത്ത അക്ഷരത്തിൽ എഴുതിവച്ചിരുന്നു. എഴുപതുകൊല്ലത്തെ പഴക്കമുണ്ട് ആ വീടിന്. പട്ടണത്തിൽ നിന്നു വളരെ അകന്നുള്ള ആ സ്ഥലത്ത് അധികം വീടുകളൊന്നുമുണ്ടായിരുന്നില്ല.

ഗോവണി കയറി അവർ വാതിൽ തുറന്നു ലൈറ്റിട്ടപ്പോൾ ആ മുറിയാകെ എനിക്കു കാണുവാൻ കഴിഞ്ഞു. മങ്ങിയ ചുവരിൽ ഒരു കലണ്ടറും ഒരാളുടെ എൻലാർജ്ജ് ചെയ്ത ഫോട്ടോയുമുണ്ടായിരുന്നു. ആ സ്ത്രീയുടെ ഭർത്താവിന്റേതായിരിക്കാം. കലണ്ടറിൽ ഇന്നത്തെ തീയതിയിലുള്ള കള്ളിയിൽ നിറയെ മഷികൊണ്ടുള്ള വരകളിട്ടിരുന്നു. ആ മുറിയിൽ ഒരു പഴയ സോഫാസെറ്റിനു പുറമെ ഒരു പുസ്തക ഷെൽഫു മാത്രമെ ഉണ്ടായിരുന്നുള്ളു.

ജാലകങ്ങൾ തുറന്നിട്ട് ഞാൻ പുറത്തേയ്ക്കു നോക്കി. രണ്ടു വരിയായി നിന്നു കത്തുന്ന തെരുവുവിളക്കുകൾ ഒരു മാല പോലെ നീണ്ടു കിടക്കുകയാണ്. റോഡിനെ മുറിച്ചുകൊണ്ട് റെയിൽ പാളങ്ങൾ പോകുന്നുണ്ട്. റോഡ് മിക്കവാറും വിജനമായിരുന്നു. അകലെ ഡോക്കിൽ നിന്നു കപ്പൽപ്പാമരങ്ങൾ ഉയർന്നു കാണാം. ചുറ്റുമുള്ള കാറ്റാടിമരങ്ങൾ ഇരുട്ടിന്റെ കുപ്പായമണിഞ്ഞിരുന്നു. ഞാൻ എന്റെ ആതിഥേയയുടെ നേരെ നോക്കി. എന്തോ ആലോചിക്കുകയായിരുന്ന അവരുടെ മുഖം മ്ലാനമായിരുന്നു.

'ഈ വീട്ടിൽ വേറെ ആരും താമസമില്ലേ?'

ഞാൻ അന്വേഷിച്ചു.

'ഏ?'

അവർ പെട്ടെന്നുണർന്നുകൊണ്ട് ചോദിച്ചു. ഞാനെന്റെ ചോദ്യമാവർത്തിച്ചു.

'ഇല്ല'

അവർ പതുക്കെപ്പറഞ്ഞു.

'ആ സംഭവത്തിനു ശേഷം ആരും ഈ കെട്ടിടത്തിൽ താമസിക്കാൻ വന്നിട്ടില്ല. ഇവിടെ താമസിച്ചിരുന്ന രണ്ടു കുടുംബക്കാരും പോകുകയും ചെയ്തു പിന്നെ വാടകക്കാരെയുണ്ടാക്കുവാൻ ഞങ്ങൾ ശ്രമിച്ചിട്ടുമില്ല.'

എന്താണ് അവർ പറഞ്ഞ ആ സംഭവമെന്ന് എനിക്കു മനസ്സിലായില്ല. അവർ ജാലകത്തിനടുത്തു വന്ന് പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു. ആകാശത്തിൽ കാറ്റു കാരണം മേഘങ്ങൾ കുതിച്ചു മറിയുകയാണ്. അവർ വളരെ അസ്വസ്ഥയായിക്കണ്ടു. ഒരു നിമിഷം കഴിഞ്ഞപ്പോൾ അവർ പറഞ്ഞു.

'ഞാനിപ്പോൾ വരാം, അടുക്കളയിൽ കുറച്ചു പണിയുണ്ട്.

അടുക്കളയിലേക്കു പോകുന്ന ആ സ്ത്രീയെ ഒരത്ഭുതത്തോടെ ഞാൻ നോക്കി. അമ്മ എനിക്കയച്ച കത്തിൽ ഈ സ്ത്രീയെക്കുറിച്ച് അധികമൊന്നുമെഴുതിയിരുന്നില്ല. അവർ ഭർത്താവൊന്നിച്ചു താമസിക്കുകയാണ്, ഒന്നു പോയി കാണണമെന്നു മാത്രം. ആ സ്ത്രീ അമ്മയുടെ സ്‌നേഹിതയായിരുന്നുവത്രേ. അങ്ങനെ അവരെ ചെന്നു കണ്ടപ്പോഴാണ് അടുത്ത ആഴ്ച ഒരു ദിവസം അവരുടെ കൂടെ താമസിക്കുവാൻ ക്ഷണിച്ചത്. അമ്മയുടെ പേരു പറഞ്ഞപ്പോൾ അവർ പറഞ്ഞു.

'നോക്ക്, നിങ്ങളുടെ അമ്മ എന്റെ ഡിയറെസ്റ്റ് ഫ്രണ്ടായിരുന്നു. എന്നെയൊക്കെ മറന്നിട്ടുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്.'

അപ്പോൾ സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ തിളങ്ങിയിരുന്നു. ആദ്യത്തെ പ്രാവശ്യം പോയപ്പോൾ അവരുടെ ഭർത്താവിനെ കാണുവാൻ സാധിച്ചില്ല. അദ്ദേഹം ഏതോ കമ്പനിയുടെ മാനേജരാണ്.

അവർ അടുക്കളയിൽ നിന്നു തിരിച്ചുവന്ന് സോഫയിൽ ഇരുന്നു. ഞാൻ ചോദിച്ചു.

'അദ്ദേഹം വരാൻ എത്ര മണിയാകും?'

'എട്ടോ ഒമ്പതൊ മണിയാകും. ഓഫീസിൽനിന്നു മടങ്ങാൻ.'

അവർ പറഞ്ഞു.

ആ സമയം വരെ ഈ സ്ത്രീ ഏകയായി ഈ വലിയ കെട്ടിടത്തിൽ ഇരിക്കുകയാണെന്നോർത്തപ്പോൾ എനിക്കൊരുൾക്കിടിലമുണ്ടായി.

അവർ ഒന്നും സംസാരിക്കാതെ ഇരിക്കയാണ്. ഞാൻ വീണ്ടും ജാലകത്തിലൂടെ പുറത്തേക്കു നോക്കി. പുറത്ത് ഇരുട്ടു കട്ട പിടിച്ചു വരികയാണ്. തെരുവുവിളക്കുകൾക്കു ചുറ്റും പ്രാണികൾ പറക്കുന്നുണ്ട്. കാറ്റ് കുറേശ്ശെ ശക്തിയായി വീശുവാൻ തുടങ്ങി. ആ കെട്ടിടത്തിൽ എവിടെയോ ഒരു ജനൽ ശക്തിയോടെ കൊട്ടിയടഞ്ഞു. എന്റെ ആതിഥേയ ഒന്നു ഞെട്ടി. അവർ എന്തോ ചെവിയോർക്കുകയാണ്. പുറത്തു ശക്തിയായി വീശിയിരുന്ന കാറ്റ് ടെലഫോൺ കമ്പികളിൽ തട്ടി ഒരു ഫിഡിലിന്റെ ശബ്ദം ഉണ്ടാക്കി. മഴയുടെ ഇരമ്പൽ ദൂരെനിന്ന് അടുത്തടുത്തു വരികയാണ്.

'നിങ്ങൾക്ക് സുഖമില്ലെന്നു തോന്നുന്നു.'

ഞാൻ ചോദിച്ചു.

'ഏയ് ഒന്നുമില്ല.'

അവർ പിറുപിറുത്തു.

'ഇന്നാണ്...ഞാൻ നിങ്ങളോടുപറഞ്ഞുവൊ? ഇല്ല. ഉണ്ടാവില്ല. ഇന്നാണ് എന്റെ മകൻ മരിച്ച ദിവസം.'

അവർ ഭ്രാന്തു പറയുകയാണെന്ന് എനിക്കു തോന്നി. സാരിയുടെ തലപ്പിൽ തിരുപ്പിടിച്ചു കൊണ്ട് അവർ പറഞ്ഞു.

'പതിനാലു കൊല്ലം മുമ്പാണ്. എന്റെ മകൻ എന്തൊരു മിടുക്കനായിരുന്നെന്നോ. വെളുത്തു കുറച്ചു തടിയുള്ള ഒരു ഓമനയായിരുന്നു അവൻ. ആറു വയസ്സെ ആയിരുന്നുള്ളു അവന്.'

എന്റെ മുഖത്തു സൂക്ഷിച്ചുനോക്കിക്കൊണ്ട് അവൻ തുടർന്നു.

'അവനിപ്പോൾ ഉണ്ടായിരുന്നെങ്കിൽ നിന്റെ പ്രായമായിരിക്കും.'

പെട്ടെന്ന് ജാലകത്തിലൂടെ വീശിയ കാറ്റു കാരണം ചുവരിലിരുന്ന കലണ്ടർ ഒന്നു വട്ടം തിരിഞ്ഞ് നിലത്തു വീണു. ഞാൻ അതെടുത്ത് മേശമേൽ വെച്ചു.

'ഇതാ, ഇതുപോലുള്ള ഒരു ദിവസമായിരുന്നു അന്നും. അവന്റെ അച്ഛൻ ഓഫീസിലായിരുന്നു. ഞങ്ങൾ വൈകുന്നേരം നടക്കാനിറങ്ങി. ഞങ്ങൾ ഡോക്കിലെല്ലാം പോയി മടങ്ങി വരുമ്പോഴാണ്, എനിക്കാലോചിക്കാൻ കൂടി വയ്യ, എത്ര ചെറിയ കാര്യത്തിനാണ് അവൻ ശാഠ്യം പിടിച്ചതെന്നോ! അവനന്ന് നല്ല സുഖമുണ്ടായിരുന്നില്ല. വീട്ടിലേയ്ക്കു മടങ്ങുമ്പോൾ എന്റെ മോന് കുറേശ്ശെ പനിച്ചിരുന്നു. അപ്പോഴാണ് ആ നശിച്ച ഐസ്‌ക്രീംകാരനെ അവൻ കണ്ടത്. കുട്ടിയെ കണ്ട ഉടനെ അവൻ ഒരു ഐസ്‌ക്രീം കപ്പെടുത്തു നീട്ടി. സാധാരണ ഞാൻ അവന്റെ അടുത്തുനിന്ന് ഐസ്‌ക്രീം വാങ്ങാറുണ്ടായിരുന്നു പക്ഷേ അന്നു ഞാൻ സമ്മതിച്ചില്ല. ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു ഐസ്‌ക്രീം കൊടുക്കരുതെന്ന്. ഞാൻ അതു മേടിക്കുന്നില്ലെന്നു കണ്ടപ്പോൾ എന്റെ മകൻ ശാഠ്യം പിടിച്ചു കരയുവാൻ തുടങ്ങി. അന്ന് ആകാശം മേഘങ്ങൾകൊണ്ട് മൂടിയതിനാൽ നല്ല ചൂടുണ്ടായിരുന്നു. ഞാൻ അവനെ പിടിച്ചു വലിച്ചു വീട്ടിലേയ്ക്കു നടന്നു. നല്ല ഒരു മഴയുടെ ആരംഭമുണ്ടായിരുന്നു.

'വീട്ടിലെത്തി വാതിലടച്ചു കുറ്റിയിട്ട് ഞാൻ അവനെ സോഫയിലിരുത്തി. അപ്പോഴേയ്ക്ക് മഴ പെയ്തു. അവൻ വീണ്ടും കരയുവാൻ തുടങ്ങി. അതവന്റെ സ്വഭാവമായിരുന്നു. അവൻ വിചാരിച്ച സാധനങ്ങൾ കിട്ടിയില്ലെങ്കിൽ അതു കിട്ടുന്നവരെ അവൻ കരയും. തെറ്റ് എന്റെയടുത്തു തന്നെയായിരുന്നു. ഞാനവനെ പുറത്തു കൊണ്ടു പോകാൻ പാടില്ലായിരുന്നു. എന്നാലും മറ്റുള്ളവരുടെ മനോവേദനയറിയാതെ ഇങ്ങനെ കരയുന്നത് എനിക്കു സഹിച്ചില്ല. ഞാൻ അവന്റെ തുടയിൽ പതുക്കെ ഒരടിവെച്ചുകൊടുത്തു. അപ്പോൾ അവൻ ചുണ്ടു പിളുത്തി കരയുവാൻ തുടങ്ങി. നോക്ക്, അതു വാസ്തവത്തിൽ സങ്കടം കൊണ്ടുള്ള കരച്ചിലായിരുന്നു. അവനു വേദനിക്കാൻ മാത്രമൊന്നും ഞാനടിച്ചിരുന്നില്ല. അവൻ അങ്ങനെ കരയുന്നതു കണ്ടപ്പോൾ എനിക്കു സഹിച്ചില്ല. ഞാൻ അടുക്കളയിൽ പോയി ഹോർലിക്‌സ് കൂട്ടുവാൻ തുടങ്ങി. അതവന് വളരെ ഇഷ്ടമായിരുന്നു.

'അപ്പോൾ പുറത്തെ മുറിയിൽ നിന്ന് എന്റെ മകന്റെ തേങ്ങലിനൊപ്പം മേശയൊ മറ്റോ നിരക്കുന്ന ശബ്ദവും കേട്ടു സാധാരണ ദ്യേഷ്യം പിടിച്ചാൽ അവൻ സെറ്റിയും മറ്റും അവന്റെ കുഞ്ഞിക്കാലുകൊണ്ട് ചവിട്ടി നീക്കാറുണ്ടായിരുന്നു. അതായിരിക്കും ആ ശബ്ദമെന്നു ഞാൻ വിചാരിച്ചു. അല്ലെങ്കിൽ ഞാൻ തീർച്ചയായും പോയി നോക്കുമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ തേങ്ങലും നിന്നു അവൻ വല്ല മുക്കിലും കിടന്നുറങ്ങിയിട്ടുണ്ടാകും. അപ്പോൾ, അവനെ അടിക്കേണ്ടിയിരുന്നില്ലെന്ന് എനിക്കു തോന്നി. ഇനി ഹോർലിക്‌സുമായി ചെന്ന് അവനൊരുമ്മ കൊടുത്താൽ അവൻ ഉണരും. എന്നിട്ടു സന്തോഷത്തോടെ അതു വാങ്ങിക്കുടിച്ച് എന്നെ ഉമ്മകൾ കൊണ്ടുമൂടും. 'പക്ഷേ, ഞാൻ ആ മുറിയിലേക്കു ചെന്നപ്പോൾ എന്റെ ഓമന അവിടെയുണ്ടായിരുന്നില്ല'

സാരിയുടെ തലപ്പുകൊണ്ട് കണ്ണീർ തുടച്ചുകൊണ്ട് അവർ ഒരു നിമിഷനേരം മിണ്ടാതിരുന്നു. പുറത്തു നിന്ന് മഴയുടെ ഇരമ്പൽ കേൾക്കാനുണ്ടായിരുന്നു. ജാലകത്തിലൂടെ തണുത്തകാറ്റ് ഒരു ചൂളം വിളിയോടെ അടിക്കുകയാണ്. ഞാൻ ജനലടച്ചു.

'നോക്കൂ, എന്റെ പൊന്നുമോൻ ആ മുറിയിലുണ്ടായിരുന്നില്ല.'

ഒരു ഇടർച്ചയോടെ അവർ തുടർന്നു.

'അവൻ സെറ്റിയുടെ പിന്നിൽ ഒളിച്ചു നിൽക്കുന്നുണ്ടോ എന്നു ഞാൻ നോക്കി. സാധാരണ എന്നെ കളിയാക്കുവാൻ അവൻ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. എന്തു സാമർത്ഥ്യത്തോടെയാണെന്നൊ അവൻ ഒളിക്കുക. പക്ഷേ, അപ്പോഴാണു ഞാൻ കണ്ടത്. പുറത്തേക്കുള്ള വാതിൽ തുറന്നു കിടന്നിരുന്നു തുറന്നിട്ട വാതിലിനടുത്തായി മഴകൊണ്ടു നനഞ്ഞ മേശ കിടന്നിരുന്നു. അവൻ വാതിൽ തുറന്നു പുറത്തു പോയിരുന്നു. നിലവിളിച്ചുകൊണ്ടു ഞാൻ പുറത്തേക്കോടി മഴ വളരെ ശക്തിയായി പെയ്തിരുന്നു. കാറ്റു കാരണം എവിടെയൊ ഒരു മരക്കൊമ്പ് ഒടിഞ്ഞു വീണു, ഞാൻ ഞെട്ടി വിറച്ചു. എന്റെ മകൻ എവിടെയാണ്. ഞാൻ അവന്റെ പേരു വിളിച്ചുകൊണ്ട് ഓടി പെട്ടെന്ന് എന്റെ ഓമന ഒരു തെരുവുവിളക്കിന്റെ ചുവട്ടിലൂടെ ഓടുന്നതു ഞാൻ കണ്ടു. അവൻ നനഞ്ഞൊലിച്ചിരുന്നു. അവന്റെ ഒപ്പമെത്താൻ ഞാൻ ഒരു കുതിരയെപ്പോലെ പാഞ്ഞു.

'പെട്ടെന്ന് അടുത്തുനിന്ന് തീവണ്ടിയുടെ കൂക്കു കേട്ടു. ഞാൻ ഞെട്ടി എന്റെ ഹൃദയം പിടഞ്ഞു അവിടെ അടുത്തുതന്നെയായിരുന്നു റെയിൽപ്പാളങ്ങൾ. എന്റെ മകൻ അതിലെ പോകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷേ അതു വെറുതെയായി ഞാനവന്റെ നിലവിളി കേട്ടു. ഞാനെന്റെ ഓമനയുടെ നിലവിളി കേട്ടു. ഞാനെന്റെ മകനെ കൊന്നു!

അവർ പൊട്ടിപ്പൊട്ടിക്കരയുവാൻ തുടങ്ങി അവരുടെ തലമുടിയെല്ലാം ചിന്നിച്ചിതറിയിരുന്നു. കണ്ണീരൊഴുകി സാരിയുടെ മുൻവശം മുഴുവൻ നനഞ്ഞിരുന്നു.

ആ നിലവിളി സാവധാനത്തിൽ നിന്ന് തേങ്ങലുകൾ മാത്രമായി. അവർ നെറ്റിമേൽ കൈവെച്ച് ഇരിക്കുകയാണ്. ഓരോ തേങ്ങലിനും അവരുടെ മാറിടം ഉയർന്നും താണുമിരുന്നു.

പുറത്തു കാറ്റിന്റെ ഇരമ്പൽ കൂടിക്കൂടി വരികയാണ്. മഴത്തുള്ളികൾ ജനൽപ്പാളിമേൽ വന്നടിക്കുന്നത് നല്ലതു പോലെ കേൾക്കാനുണ്ട്.

ഇലക്ട്രിക്ക് ബൾബിന്റെ പ്രകാശം മഞ്ഞ നിറം കേറിയ ചുവരിൽത്തട്ടി മങ്ങിയിരുന്നു. തട്ടിന്മേൽ ചിലന്തിവലകൾ കെട്ടിയിരുന്ന ആ മുറിയിലാകെ ഒരു നിഗൂഢത പതുങ്ങിയിരുന്നിരുന്നു. ആ വലിയ കെട്ടിടത്തിൽ ഞാനും എന്റെ ആതിഥേയയും മാത്രമെയുള്ളുവെന്നോർത്തപ്പോൾ ഭയം കൊണ്ട് ഞാൻ നടുങ്ങിപ്പോയി. അവർ ആ കഥയിപ്പോൾ പറയേണ്ടിയിരുന്നില്ലെന്ന് എനിക്കു തോന്നി. ഇതു നടന്ന ഒരു സംഭവം തന്നെയാണോ? എങ്കിൽ, അവരുടെ നരച്ച തലമുടിയും നിഴലുകൾ വീണുകിടക്കുന്ന മുഖത്തെ ചുളിവുകളും ആ ശോകകഥയുടെ ഓർമ്മക്കുറിപ്പുകളല്ലേ?

മുറിയിലെ വെളിച്ചം വീണ്ടും മങ്ങുകയാണെന്ന് എനിക്കു തോന്നി, എന്റെ ആതിഥേയ അനങ്ങാതെ സോഫയിലിരിക്കുകയാണ്. പെട്ടെന്നു പുറത്തുനിന്ന് ഒരു തേങ്ങലിന്റെ ശബ്ദം കേട്ടു. ഇപ്രാവശ്യം ആ സ്ത്രീയുടെ ഒപ്പം ഞാനും ഞെട്ടി. ഞാനെന്റെ ആതിഥേയയുടെ മുഖത്തു നോക്കി. ഭയം കൊണ്ട് അവരുടെ മുഖം വിളറി വെളുത്തിരുന്നു. വീണ്ടും ആ തേങ്ങൽ! ഒരു കുട്ടിയുടേതു പോലെ!

'നിങ്ങൾ കേട്ടുവൊ അത്?'

അവർ ശ്വാസമടക്കിക്കൊണ്ടു ചോദിച്ചു.

'എന്ത്?'

ഞാൻ ചോദിച്ചു.

ആ ശബ്ദം ജാലകത്തിന്റെ വിള്ളലിലൂടെ വരുന്ന ഈർപ്പമുള്ള കാറ്റിന്റെതാണെന്ന് മനസ്സിലായെങ്കിൽക്കൂടി, അതു വിശ്വസിക്കുവാൻ കഴിഞ്ഞില്ല.

'ഒരു തേങ്ങൽ!'

അവർ തുടർന്നു.

'നിങ്ങൾ കേൾക്കുന്നില്ലെ? അത് എന്റെ കുട്ടിയുടെതാണ്. ഇങ്ങനത്തെ രാത്രികളിലെല്ലാം അവൻ അവന്റെ അമ്മയുടെ അടുത്തേയ്ക്കു വരാറുണ്ട്.'

അവർ വളരെ അസ്വസ്ഥയായിരുന്നു. മുഖത്തെല്ലാം വിയർപ്പു പൊടിഞ്ഞിരുന്നു.

മഴ അപ്പോഴും ശക്തിയായി പെയ്യുകയാണ്. കതകിൽ ഒരു ബലഹീനമായ മുട്ടിന്റെ ശബ്ദം! അത് ഒരിക്കൽക്കൂടി! ഒരു കുട്ടി കതകിൽ മുട്ടുകയാണോ? എന്റെ ആതിഥേയ മുഖത്തെ വിയർപ്പു തുടച്ചു. പരിഭ്രമിച്ചുകൊണ്ട് ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുവാൻ തുടങ്ങി. ഒരിക്കൽക്കൂടി ആ മുട്ടൽ! അവർ വാതിക്കൽവരെ പോയി സംശയിച്ചു നിന്നു, തുറക്കണോ, വേണ്ടെ? അവരുടെ കൈ വാതിലിന്റെ കൊളുത്തുവരെ പോകുന്നതു ഒരുൾക്കിടിലത്തോടെ ഞാൻ നോക്കി നിന്നു. പക്ഷേ അവർ പെട്ടെന്നു കൈ വലിച്ച് വീണ്ടും പഴയ മട്ടിൽ ചെന്നിരുന്നു.

ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞിരുന്നു. പക്ഷേ കാറ്റ് അതിന്റെ സകല ശക്തിയുമുപയോഗിച്ച് ചീറിയടിക്കുകയാണ്. വാതിലിന്റെ പാളികൾ ഒന്നനങ്ങി. വീണ്ടും അതേ തേങ്ങൽ! ഇപ്രാവശ്യം അതു കൂടുതൽ സ്പഷ്ടമായിരുന്നു. അവർ ഞെട്ടിയെഴുന്നേറ്റു. പുറത്ത് ഒരു കാലൊച്ച കേട്ടുവോ? അതകന്നകന്നു പോകുകയാണോ? അവർ ഓടിപ്പോയി ജാലകത്തിന്റെ വാതിലുകൾ ഉറക്കെ തള്ളിത്തുറന്നു, പുറത്തേയ്ക്കു തലയിട്ടുകൊണ്ട് ഉറക്കെ നിലവിളിച്ചു 'എന്റെ മോനെ, നീ അമ്മയുടെ അടുത്തേയ്ക്കു വരൂ എന്റെ പൊന്നുമോനല്ലേ? നീ വരില്ലേ?'

ആ സ്ത്രീ, ജാലകത്തിലൂടെ പുറത്തേയ്ക്ക് കൂടുതൽ ഏന്തിനിന്നു. അവർ ഏതു നിമിഷത്തിലും പുറത്തേയ്ക്കു വീണേക്കുമെന്ന് ഞാൻ ഭയപ്പെട്ടു. മഴ അപ്പോഴും മുഴുവൻ നിന്നിട്ടുണ്ടായിരുന്നില്ല. ഒരു കാറ്റിനോടൊപ്പം കുറെ മഴത്തുള്ളികൾ മുറിയിലേയ്ക്ക് അടിച്ചുകയറി. ആ സ്ത്രീ ആകെ നനയുകയായിരുന്നു. അവരെ പിടിച്ചു സോഫയിലിരുത്തി ജനലടയ്ക്കുവാൻ ഞാൻ എഴുന്നേറ്റു. അപ്പോഴാണ് അതുകേട്ടത്. ഒരു തീവണ്ടിയുടെ ചൂളംവിളി തുടർന്ന് എഞ്ചിന്റെ ശബ്ദവും ആ സ്ത്രീ ഞെട്ടി പിറകോട്ടുമാറി. തീവണ്ടിയുടെ ഹെഡ്‌ലൈറ്റ് അടുത്തടുത്തു വരുന്നത് എനിക്ക് ജാലകത്തിലൂടെ കാണാനുണ്ട്. പെട്ടെന്നു ശക്തിയായ ഒരു കാറ്റിൽ ജനാല ഒരു ശബ്ദത്തോടെ അടഞ്ഞു.

'അയ്യോ, എന്റെ കുട്ടീ'

ഒരു നിലവിളിയോടെ അവർ വാതിൽക്കലേക്കോടി. ഞാൻ അവരെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. അടഞ്ഞു കിടക്കുന്ന വാതിലിൽ തട്ടി ആ സ്ത്രീ നിലത്തുവീണു. ഞാനവരെ താങ്ങി സോഫയിൽ കൊണ്ടുപോയി കിടത്തി. അവർക്കു ബോധമുണ്ടായിരുന്നില്ല. ഞാൻ കുറച്ചു വെള്ളമെടുത്ത് അവരുടെ മുഖത്തു തളിച്ചു. ആ മഴയുള്ള രാത്രിയിൽ ഞാനും വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഞാൻ ഫാനിന്റെ സ്വിച്ച് ഓൺ ചെയ്തു.

അപ്പോൾ വാതിൽക്കൽ കുറച്ചുറക്കെ ഒരു മുട്ടുകേട്ടു. ഞാൻ ഞെട്ടിത്തെറിച്ചു. വീണ്ടും ഒന്നുകൂടെ. അത് ഒരു വലിയ ആളുടേതാണ്. അപ്പോഴാണ് എനിക്ക് എന്റെ ആതിഥേയയുടെ ഭർത്താവിനെ ഓർമ്മ വന്നത്. ഞാൻ വാച്ചു നോക്കി സമയം എട്ടേകാലായിരിക്കുന്നു. ഞാൻ വാതിൽ തുറന്നു. കുറച്ചു വയസ്സായ ഒരാൾ അകത്തേയ്ക്കു കടന്നു. ആ ഫോട്ടോവിലുള്ള ആൾതന്നെയാണ്. തന്റെ നനഞ്ഞ കഷണ്ടിത്തല തുടച്ചുകൊണ്ട് അയാൾ ഭാര്യയെ നോക്കി.

'ഓ! ഇന്ന് ...... ഞാൻ കുറച്ചുകൂടി നേരത്തെ വരണമെന്ന് വിചാരിച്ചു കഴിഞ്ഞില്ല. ഇവൾക്ക് അധികമില്ലല്ലോ?'

പുറത്തു നിന്ന് ഒരിക്കൽക്കൂടി തീവണ്ടിയുടെ ചൂളം വിളി കേട്ടു ഇപ്രാവശ്യം അത് വളരെ അടുത്തു നിന്നായിരുന്നു അയാൾ എന്റെ നേരെ നോക്കി. ഞാൻ ഒരുൾക്കിടിലത്തോടെ ആ ചെറിയ കുട്ടിയുടെ നിലവിളി കേൾക്കുന്നുണ്ടോ എന്നു ചെവിയോർക്കുകയായിരുന്നു. പുറത്തേയ്ക്കു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.

മഴ നിന്നെന്നു തോന്നുന്നു. ആ ജനൽ തുറന്നിടു.

മലയാള മനോരമ ആഴ്ചപ്പതിപ്പ് - ഡിസംബര്‍ 22, 1962

ഈ കഥയെക്കുറിച്ച്

  • എഴുതിയ വര്‍ഷം :    1962
  • പ്രസിദ്ധീകരണം:  
    മലയാള മനോരമ ആഴ്ചപ്പതിപ്പ് - ഡിസംബര്‍ 22, 1962
  • സമാഹാരം:  കൂറകള്‍

ഈ കഥയെക്കുറിച്ച്