വെള്ളക്കുതിരയുടെ രാജകുമാരൻ


ഇ ഹരികുമാര്‍

നീലാകാശത്തിൽ രണ്ടുപക്ഷികളും സൂര്യകിരണങ്ങളിൽ നിന്ന് ഓടിയകലുന്ന കാറ്റുമുള്ള സായാഹ്നത്തിൽ ഞാൻ അയാളെ കണ്ടു. വെളുത്ത കുതിരപ്പുറത്തു സവാരി ചെയ്യുന്ന യുവാവ്. അണിഞ്ഞിരിക്കുന്ന തൊപ്പിയുടെ അലുക്കും സ്വർണ്ണക്കസവുള്ള വസ്ത്രങ്ങളുടെ ആഡംബരവും കാരണം, അദ്ദേഹം ഒരു രാജകുമാരനാണെന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം കുതിരപ്പുറത്തു സാവധാനത്തിൽ നീങ്ങുമ്പോൾ പശ്ചാത്തലത്തിൽ നജഫ്ഖാന്റെ ഇടിഞ്ഞു പൊളിഞ്ഞ പുരാതന ശവകുടീരം നിന്നിരുന്നു. പെട്ടെന്ന് എന്റെ മനസ്സിൽ പതിഞ്ഞ വർണ്ണചിത്രത്തിന്റെ സ്വാഭാവികത എന്നെ അത്ഭുതപ്പെടുത്തി.

സൂര്യൻ എന്നത്തെയും പോലെ ശവകുടീരത്തിന്റെ ദുഃഖത്തിലേക്കിറങ്ങി വരികയും ആകാ ശം തുടുക്കുകയും ചെയ്തു. രാജകുമാരന്റെയും കുതിരയുടെയും നിഴൽ നീണ്ടു കിടക്കുന്നതു ഞാൻ കണ്ടു. രാജകുമാരൻ പകൽ മുഴുവൻ യാത്ര ചെയ്യുകയായിരുന്നെന്നു ഞാൻ ഊഹിച്ചു. ഇപ്പോൾ എത്തിച്ചേർന്ന രാജ്യത്തിന്റെ അപരിചിതത്വവും നിഴലുകൾ നീളുമാറു വൈകിയിരിക്കുന്ന സമയത്തിന്റെ അനിശ്ചിതാവസ്ഥയും അദ്ദേഹ ത്തെ തെല്ലൊന്ന് അമ്പരപ്പിക്കുകയും ചഞ്ചലനാക്കുകയും ചെയ്യുന്നുവെന്ന് എനിക്കു തോന്നി. അദ്ദേഹം രാത്രി എവിടെയാണ് താമസിക്കുക എന്നോർത്തു ഞാൻ അസ്വസ്ഥനായി.

പണ്ടു, കഥയിൽ കേട്ടിട്ടുള്ള രാജകുമാരന്റെ ഗതി ഇദ്ദേഹത്തിന്നു വരരുതെന്നു ഞാൻ പ്രാർത്ഥിച്ചു. മുത്തശ്ശി പറഞ്ഞുതന്ന ആ കഥയിലെ രാജകുമാരൻ, നഷ്ടപ്പെട്ട രാജകുമാരിയെ അന്വേഷിച്ച് അപരിചിതമായ ശത്രുരാജ്യത്ത് എത്തിച്ചേർന്നു. സന്ധ്യാസമയത്ത്, രാത്രി കഴിച്ചുകൂട്ടുവാൻ പാർപ്പിടം തേടിയ ആ രാജകുമാരനെ അത്യന്തം സുന്ദരിയായ ഒരു യുവതി ആകർഷിച്ചു കൊണ്ടുപോയി. അവളുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയ രാജകുമാരന്നു തദ്ദേശത്തെ രാജാവിന്റെ ആജ്ഞ പ്രകാരം അവൾ മദ്യത്തിൽ വിഷം ചേർത്തു കൊടുക്കുകയും രാജാവിന്ന് അപമൃത്യു സംഭവിക്കുകയും ചെയ്തു.

ഈ കഥ, ചെറുപ്പകാലങ്ങളിൽ ഞാൻ ഉറങ്ങുന്നതിനു മുമ്പു മുത്തശ്ശിയോടു കൈക്കൂലിയായി ആവശ്യപ്പെട്ടു സമ്പാദിച്ചതും, മുത്തശ്ശി പറയുമ്പോൾ വളരെ യഥാർത്ഥമായി തോന്നിയതുമായ കഥകളിലൊന്നായിരുന്നു. ശത്രുരാജ്യത്തകപ്പെട്ട രാജകുമാരിക്കെന്തു പറ്റിയെന്നു തീവ്രമായ ജിജ്ഞാസയോടെ ഞാൻ ചോദിച്ചപ്പോൾ മുത്തശ്ശി കനപ്പട്ട മൗനം വരിക്കുകയും അഗാധമായ ചിന്തയിലാഴുകയും ചെയ്തിരുന്നു. ഇത് ആ കഥയ്ക്ക് എന്തെന്നില്ലാത്ത ഒരു രഹസ്യാനുഭൂതിയുണ്ടാക്കി.

എന്റെ ഈ രാജകുമാരനും അങ്ങനെ സംഭവിച്ചേക്കാമായിരുന്ന വിപത്തിനെപ്പറ്റിയോർത്തു ഞാൻ അസ്വസ്ഥനായി. അങ്ങനെയിരിക്കുമ്പോൾ കുതിരപ്പുറത്തു സവാരി ചെയ്തുകൊണ്ടിരുന്ന രാജകുമാരൻ ഒരു വളവു കടന്ന് അപ്രത്യക്ഷനായി.

സൂര്യൻ വീണ്ടും താഴുകയും, അസ്തമനമെന്ന ക്രിയയിൽ മുഴുകുകയും ചെയ്തു. കാറ്റു സ്വതന്ത്രനാവുകയും, കിട്ടിയ സ്വാതന്ത്ര്യം സുലഭമായി ആഘോഷിക്കുകയും ചെയ്തു. ഞാൻ അവിടെത്തന്നെ എന്റെ ബാൽക്കണിയിൽ, ചൂരൽക്കസേരയിൽ ഇരുന്നു. എനിക്ക് എഴുന്നേല്ക്കാൻ കഴിയില്ലെന്നു തോന്നി. ഇനി വരാൻ പോകുന്ന ചിത്രങ്ങൾ, അതായത് ഇരുട്ടിന്റെ കുടിയിരുപ്പും അതിനിടയിൽ വഴിവിളക്കുകളുടെ ക്ഷണികമെന്നു തോന്നുന്ന അസ്വസ്ഥമായ നിലനില്പും, അതെത്ര തന്നെ ആകർഷണീയമെങ്കിലും എനിക്കാസ്വദിക്കാൻ കഴിയില്ലെന്നു തോന്നുമാറ് എന്റെ മനസ്സിനെ കഴിഞ്ഞ ഏതാനും നിമിഷങ്ങൾ തടവുകാരനാക്കിയിരുന്നു. ഞാൻ ബാൽക്കണിയിൽത്തന്നെ ഇരുന്നു; ഒരു പ്രതിമയായി, ഫ്രെയിം ചെയ്തു ചുവരിൽ തൂക്കിയ ചിത്രമായി.

പിന്നെ ചന്ദ്രൻ വരുകയും ആകാശത്തിലെവിടേയോ മറഞ്ഞുനിന്ന കാട്ടിൽനിന്ന് ഒരു മുയലിനെ വേട്ടയാടുകയും നക്ഷത്രങ്ങളോടു വീമ്പു പറയുകയും ചെയ്തു.

സൂര്യൻ വീണ്ടും ഒരുപിടി രശ്മികളുമായി പ്രഭാതത്തിൽ വന്നു. ഉറങ്ങിക്കിടന്ന തണുത്ത കാറ്റിനെ ചാട്ടവാറുകൊണ്ട് അടിച്ചുണർത്തി കർമ്മനിരതനാക്കി.

ഞാൻ അപ്പോഴും ബാൽക്കണിയിൽ കല്ലായി, പ്രതിമയായി, ശാപമോക്ഷത്തിനു വേണ്ടി കാത്തിരുന്നു. എന്റെ തപസ്സിലൂടെ സമയം ഒരു സ്വപ്‌നമായി കടന്നു പോയി. അവസാനം മുമ്പിൽ, ശവകുടീരത്തിനു മുകളിൽ, പരിചിതൻ വിവർണ്ണനായി പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ കണ്ടു, തെരുവീഥിയുടെ വളവു കടന്നു വെള്ളക്കുതിരയുടെ പുറത്ത് രാജകുമാരൻ!

ഞാൻ സന്തോഷിക്കുന്നു. രാജകുമാരനെ ജീവനോടെ വീണ്ടും കണ്ടതിൽ ശരിക്കും സന്തോഷിക്കുന്നു. അദ്ദേഹത്തിന്ന് രാജകുമാരിയെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ഞാൻ മനസ്സിലാക്കുകയും അതിൽ നിസ്സീമമായി വ്യസനിക്കുകയും ചെയ്യുന്നു. ഈ യാത്ര തുടരുക തന്നെയാണ്. ക്ഷീണിച്ച ഉൽക്കണ്ഠാകുലമായ യാത്ര. ഏതെല്ലാം അറിയപ്പെടാത്ത വഴികളിലൂടെ! ഞാൻ എത്ര നിസ്സഹായനാണ്! എനിക്കു നൂറ്റാണ്ടുകളുടെ ആകാശത്തിൽ പുറകോട്ടു പറന്നെത്താൻ കഴിയുന്നില്ല. എന്റെ ചിറകുകൾ ഹ്രസ്വങ്ങളാണ്, ശേഷി കുറഞ്ഞവയാണ്.

രാജകുമാരൻ ശവകുടീരത്തിന്നു മുമ്പിൽ എത്തിയപ്പോൾ കുതിരയുടെ കടിഞ്ഞാൺ വലിച്ചു. കുതിര കുഞ്ചിരോമങ്ങൾ ഇറുത്തുപിടിച്ചു നിന്നു. രാജകുമാരൻ സംശയിക്കുകയാണ്. ശവകുടീരത്തിലേക്കു കടക്കുന്ന കൂറ്റൻ വാതായനത്തിലെ ചിത്രപ്പണികളുള്ള മതിലുകൾ പൊളിഞ്ഞിരിക്കുന്നു. പിന്നെ, കുതിരയെ സംശയിച്ചുകൊണ്ട് സാവധാനത്തിൽ നടത്തി രാജകുമാരൻ ശവകുടീരത്തിന്റെ ഗേറ്റിലൂടെ പുൽത്തകിടിയിലേക്കു കടക്കുന്നു. ശവകുടീരത്തിന്റെ വാതിലിനു പുറത്തു കുതിരയെ മേയാൻവിട്ട് രാജകുമാരൻ പാദുകങ്ങൾ അഴിച്ചുവെച്ച് ഉള്ളിൽ കയറുന്നു.

കുതിരയുടെ അക്ഷമമായ ചലനങ്ങൾ. ഒപ്പം ഞാനും അക്ഷമനാകുന്നു. എന്താണ് രാജകുമാരൻ പുറത്തു വരാത്തത്? നിഗൂഢതകൾ നിറഞ്ഞ ആ ശവകുടീരത്തിന്റെ നിശ്ശബ്ദതയിൽ രാജകുമാരൻ ഇല്ലാതായോ? അല്ലെങ്കിൽ പ്രയാണത്തിൽ പിന്നിൽ നിന്നുകേട്ട ശബ്ദങ്ങളാൽ പ്രേരിതനായി തിരിഞ്ഞുനോക്കിയപ്പോൾ കല്ലായിപ്പോയോ?

രാജകുമാരൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു. കുതിരപ്പുറത്തു കയറുന്നു. ക്ഷീണിച്ച മുഖം. പൊടിപുരണ്ട വസ്ത്രങ്ങൾ. വീണ്ടും കുതിരയുടെ മന്ദഗതി. പിന്നെ സൂര്യന്റെ ഒപ്പം തെരുവീഥിയുടെ വളവിൽ അപ്രത്യക്ഷനാകുന്നു.

രാജകുമാരാ, അങ്ങാരാണ്? എന്താണങ്ങയുടെ പേർ? എവിടെയാണങ്ങയുടെ രാജ്യം? ഏതാകസ്മികതയുടെ ഞാണിൽ തൊടുത്താണ് അങ്ങ് ഈ അപരിചിതലോകത്തെത്തിയിരിക്കുന്നത്?

പിറ്റെദിവസം വൈകുന്നേരം ഞാൻ ഒരു വിവാഹത്തിന്റെ ആരവാരങ്ങൾ കേൾക്കുന്നു. ബാല്ക്കണിയിൽ വന്നു നോക്കുമ്പോൾ ബാന്റ്‌മേളം, രണ്ടുനിരയായി നീങ്ങുന്ന ഗ്യാസുവിളക്കുകൾ, വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ സ്ത്രീകൾ, പുരുഷന്മാർ. ബാന്റുവാദ്യം മുഴക്കുന്നവർക്കും, അതിന്റെ താളത്തിനൊത്തു ചുവടുവെച്ചു നൃത്തംചെയ്യുന്ന സുന്ദരികൾക്കും പിന്നിൽ ഞാൻ വെള്ളക്കുതിരയെ കാണുന്നു. അതിന്റെ പുറത്തു കുനിഞ്ഞിരിക്കുന്ന വരനെ കാണുന്നു. വരന്റെ തലയിൽനിന്നു തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ.

പിന്നെ അത്ഭുതമെന്നു പറയട്ടെ, കടിഞ്ഞാൺ കൈയിലേന്തി കുതിരയുടെ അരികിലൂടെ പതറിയ കാലുകളോടെ നീങ്ങുന്ന ക്ഷീണിതനായ മനുഷ്യനെ ഞാൻ തിരിച്ചറിയുന്നു. പെട്ടെന്ന് എനിക്കെല്ലാം മനസ്സിലാവുന്നു.

പരിസരബോധം കടഞ്ഞിട്ട കണ്ണുകൾ ഞാൻ ചുറ്റും പായിക്കുന്നു. പുരാതന ശവകുടീരത്തിനുമപ്പുറത്തു വെളുപ്പും നീലയും വെളിച്ചം മുത്തുമണികളെപ്പോലെ ചിതറിക്കിടക്കുന്ന റൺവേയിൽനിന്നു പരിശീലനവിമാനം ഉഗ്രമായ ശബ്ദത്തോടെ ഉയരുന്നു. ഇടത്തുവശത്ത് റെയിൽപ്പാളത്തിൽക്കൂടി ശബ്ദത്തോടെ വിസിലുമടിച്ച് ഓടിയടുക്കുന്ന കരിവണ്ടിയുടെ ചെകുത്താന്റെ വായപോലുള്ള ഹെഡ്‌ലൈറ്റ് ഞാൻ കാണുന്നു. താഴെ നിരത്തിൽ ഘോഷയാത്രയുടെ ഇടയിൽക്കൂടി മന്ദം നീങ്ങുന്ന വാഹനങ്ങൾ. അവ ലവൽക്രോസിന്റെ തീരത്തു പായൽപോലെ വന്നടിയുന്നു.

ഇവയെല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി എവിടെ മറഞ്ഞിരുന്നുവെന്നു ഞാൻ അത്ഭുതപ്പെടുന്നു.

മലയാളനാട് വാരിക - 1971