ശിശിരം


ഇ ഹരികുമാര്‍

ഘടികാരത്തിന്റെ ചെറിയ സൂചി മുന്നിലേക്കു തിരിഞ്ഞപ്പോൾ വിജയൻ എഴുതിക്കൊണ്ടിരുന്ന രജിസ്റ്ററിൽനിന്നു തലയുയർത്തി നോക്കി. ഓഫീസ് സാധാരണ മട്ടു തന്നെ. ചുറ്റും സ്വന്തം പ്രവൃത്തികളിൽ വ്യാപൃതരായിരിക്കുന്ന ജോലിക്കാർ. ആരും ശ്രദ്ധിക്കുന്നില്ല. വിജയൻ പതുക്കെ കസേരയിൽ നിന്നെഴുന്നേറ്റു. രണ്ടു ഫയലുകൾ മേശമേൽ തുറന്നിട്ടു. മേശ കണ്ടാൽ ആരും താൻ ഓഫീസിലില്ലെന്നു പറയില്ല. ചുറ്റുപാടും നോക്കിക്കൊണ്ടു വാതിലിന്നടുത്തേക്കു നടന്നു. വാതിലിന്നടുത്താണ് സ്വീകരണമുറി. കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന ആംഗ്ലോ ഇന്ത്യൻ സുന്ദരി കണ്ടാൽ കുഴപ്പമാണ്. ഡയറക്ടറുടെ അടുത്തുവരെ എത്തും ആക്ഷേപം. അവളെ വളയ്ക്കാൻ ഇതുവരെ തരപ്പെട്ടിട്ടില്ല. ദിവസവും രാവിലെ ചെന്ന് നീ ചന്തക്കാരിയായിട്ടുണ്ടല്ലൊ’ എന്ന ദിവ്യമന്ത്രം ഉരുവിട്ടാൽ മതി. പക്ഷേ, മനസ്സുവരുന്നില്ല. അവൾക്ക് അല്ലെങ്കിലേ തന്നെപ്പറ്റി നല്ല അഭിപ്രായമില്ല. ഒരു സ്വപ്നാടകൻ എന്നാണു വിളിക്കാറ്. പണ്ടൊരിക്കൽ എന്തോ ആവർത്തിച്ചു ചോദിച്ചിട്ടും മറുപടി പറഞ്ഞില്ലെന്നാണ് ആവലാതി. ഏതായാലും സുന്ദരി, സ്വപ്നം കണ്ടിരുന്നെങ്കിൽത്തന്നെ, അതു നിന്നെക്കുറിച്ച് ആയിരിക്കയില്ല തീർച്ച.

അവൾ തിരിഞ്ഞിരുന്ന്, കൈസഞ്ചിയിൽ നിന്നു വട്ടത്തിലുള്ള ചെറിയ കണ്ണാടി എടുത്തു മുഖ സൗന്ദര്യത്തിന്റെ തൽക്കാല നിലവാരം തിട്ടപ്പെടുത്തുകയാണ്. ഇല്ല, ഒന്നും ചോർന്നു പോയിട്ടില്ല. ഇതാണവസരം! സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കുതിക്കലിൽ പിന്നെ എത്തുന്നതു ലിഫ്റ്റിന്റെ അഴികൾക്കു മുമ്പിലാണ്. അഴികൾ മാത്രം. ലിഫ്റ്റ് താഴത്താണ്. മുകളിലേക്കു വരാനുള്ള ബെൽ അമർത്തിക്കൊണ്ടു വിജയൻ ആശ്വസിച്ചു. മുമ്പെല്ലാം ലിഫ്റ്റ് വേറൊരു തടസ്സമായിരുന്നു. ലിഫ്റ്റുകാരൻ പണ്ഡിറ്റ്ജി തരം കിട്ടുമ്പോഴെല്ലാം കുരച്ചു ചാടിയിരുന്നു. ഇക്കഴിഞ്ഞ ദുർഗ്ഗാപൂജയ്ക്ക് രണ്ടു രൂപ ബക്ഷീസ് കൊടുത്തു. ഇപ്പോൾ മുരളുകയേ ഉള്ളു.

'രാം, രാം!'

'രാം, രാം.' ലിഫ്റ്റിന്നുള്ളിൽ കടന്നു. വിജയൻ അത്ഭുതപ്പെട്ടു. രണ്ടു രൂപയ്ക്ക് ഇത്ര വിലയോ?

താഴെ ഇന്ത്യാ എക്‌സ്‌ചേഞ്ച് പ്ലേസ് വിലങ്ങനെ കിടക്കുന്നു. മറുവശത്ത് ഓഹരി വിപണിയിൽ നിന്ന് ഉയരുന്ന അട്ടഹാസങ്ങൾ. വല്ല ഷെയറും നിലം പൊത്തിയിട്ടുണ്ടാകും. വലത്തു വശത്തു റോഡ് ചെന്നവസാനിക്കുന്നതും ഇന്ത്യാ എക്‌സ്ചേഞ്ചിൽത്തന്നെ. വലത്തോട്ടു തിരിഞ്ഞു നടന്നു. ബ്രാബൺ റോഡിലെ ബസ്സ് സ്റ്റോപ്പായിരുന്നു ലക്ഷ്യം. മഹാനഗരം നിരവധി ചക്രങ്ങളുള്ള ഒരു ഭീമയന്ത്രം പോലെ തിരിഞ്ഞുകൊണ്ടിരുന്നു. ഈ നിരന്തരമായ ചലനാത്മകത വിജയൻ ഇഷ്ടപ്പെട്ടു. നടപ്പാതകളിൽ രോമവസ്ത്രങ്ങൾ വില്ക്കുന്ന പതിമൂക്കന്മാരായ നേപ്പാളികൾ. അവർ എല്ലാക്കൊല്ലവും ഇക്കാലത്തു ഹിമാലയ സാനുക്കളിൽ നിന്ന്, തണുപ്പിന്റെ ഭാണ്ഡക്കെട്ടുകളും തോളിലേന്തി വരാറുണ്ട്.

റോഡിൽ വാഹനങ്ങളുടെ അലമുറ. അതിനിടയിൽക്കൂടി ജനങ്ങളുടെ അവിരാമമായ പ്രയാണം. ഇതാണു താൻ സ്‌നേഹിച്ചു തുടങ്ങിയ നഗരം; വിജയൻ ഓർത്തു; തന്റെ കാമുകി.

മുപ്പത്തിരണ്ടാം നമ്പർ ബസ്സിൽ കയറിയിരുന്നപ്പോഴും വിജയൻ അതുതന്നെയായിരുന്നു ആലോചിച്ചിരുന്നത്. താൻ ഈ നഗരത്തെ എത്രമാത്രം സ്‌നേഹിക്കുന്നു! അതിന്റെ തിരക്കും പടയും. പൊടി നിറഞ്ഞ അന്തരീക്ഷം. അതിൽ കാലാവസ്ഥ വരുത്തുന്ന മാറ്റങ്ങൾ. ദുസ്സഹവും ദീർഘവുമായ വേനല്ക്കാലം. ബസ്സുകളിൽ വിയർത്തൊഴുകുന്ന പ്രഭാതങ്ങൾ. പൊടിയണിഞ്ഞ പ്രദോഷങ്ങൾ. നടുവിൽ ഒരു തീച്ചൂളപോലെ തീക്ഷ്ണമായ പകൽ. അതിനിടയ്ക്ക് ഒരു ദിവസം മഴ, ഒരു അപരിചിതനെപ്പോലെ സംശയിച്ചു കടന്നു വരുന്നു. പുറത്തു പേമാരി നിരത്തുകളെ തോടുകളും പുഴകളുമാക്കുമ്പോൾ, വീട്ടിനകത്തു വിയർപ്പ് ദേഹത്തിൽ കൊച്ചരുവികൾ ഉണ്ടാക്കുകയായിരിക്കും. ഓഫീസ് ദിവസങ്ങളിൽ മഴ വൈകുന്നേരമേ ഉണ്ടാകൂ. രാവിലെ ഓഫീസ്സിലേക്കു പുറപ്പെടുമ്പോൾ ആകാശം ഒരു വികൃതിക്കുട്ടിയെപ്പോലെ കള്ളച്ചിരി പാസ്സാക്കുന്നു. പൊതിഞ്ഞു കൈയിലെടുത്ത മഴക്കോട്ടു തിരിച്ച് അലമാരിയിൽത്തന്നെ വെച്ച്, പ്രകൃതിക്കു നന്ദി പറഞ്ഞ് ഓഫീസിലേക്കു തിരിക്കുന്നു.

വൈകുന്നേരം വരെ ഗുഹപോലെയുള്ള ഓഫീസിൽ ഇരുന്ന് കൃത്രിമ വെളിച്ചത്തിൽ പുറമെ നടക്കുന്നതെന്തെന്നറിയാതെ ജോലി ചെയ്യുന്നു. ഘടികാരത്തിന്റെ കൈകൾ അഞ്ചിലേക്കും പന്ത്രണ്ടിലേക്കും ചൂണ്ടുമ്പോൾ പെൻ താഴെ വെച്ചു പുറത്തിറങ്ങുന്നു. താഴെ നിരത്തിനു പകരം കാണുക ഒരു പുഴയാണ്. അപ്പോൾ മനസ്സിലാകുന്നു, പകൽ മുഴുവൻ മഴ പെയ്യുകയായിരുന്നു. ഗതാഗതം നിലച്ചിരിക്കുന്നു. ആദ്യം നില്ക്കുക ട്രാമുകളാണ്. അവ വരിവരിയായി ഒന്നിനു പുറകെ മറ്റൊന്നായി നിരത്തുകളിൽ അടിഞ്ഞു കൂടുമ്പോൾ ഇടയ്ക്കും തലയ്ക്കുമായി മുമ്പിലൂടെ ഇരച്ചു പോകുന്ന ബസ്സുകളുടെയും ടാക്‌സികളുടെയും പിറകിൽ മനുഷ്യർ ഓടുന്നു. മഴ നിന്ന ആകാശത്തിൽ മേഘങ്ങളെന്ന പോലെ, ബസ്സുകൾ ദുർല്ലഭമായി വന്നു ക്രമേണ നിരത്തുകൾ ശൂന്യമാകുന്നതു കാണുമ്പോൾ വെള്ളത്തിലൂടെ തുഴഞ്ഞു നടക്കുന്ന പുരുഷാരത്തിന്റെ ഒപ്പം കൂടുന്നു. പീടികകളുടെ നിയോൺ സൈൻബോർഡുകളുടെ നിഴൽ വെള്ളത്തിലുണ്ടാക്കുന്ന ചായക്കൂട്ടു ശ്രദ്ധിച്ചു വീട്ടിലേക്കു നടക്കുന്നു.

പിറ്റേദിവസം വീണ്ടും പഴയ മട്ടിൽ പൂർവ്വാധികം ഉഗ്രമായ ചൂടായി. ഇക്കാലത്തു മനുഷ്യനുള്ള ഒരേയൊരു ആശ്വാസം കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ ഇതൊന്നവസാനിച്ചു മനുഷ്യനെയും പ്രകൃതിയെയും ഒരു പോലെ കുളിർപ്പിക്കുന്ന ശിശിരകാലം വരുമെന്നാണ്. അങ്ങനെ കാത്തു കാത്ത് അവർ ജീവിക്കാൻ മറക്കുന്നു. അവസാനം ശീതകാലമെത്തി, തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാകുന്നു, വേനല്ക്കാലം ജീവിക്കാതെ തന്നെ കഴിച്ചുകൂട്ടി. പിന്നെ ഒരു തിരക്കാണ്. ശീതകാലം നവംബർ അവസാനം മുതൽ മാർച്ചു വരെ നീണ്ടു നില്ക്കുന്നു. ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു പുരുഷായുസ്സു മുഴുവൻ ജീവിച്ചു തീർക്കണമെന്നു തോന്നും.

ദക്ഷിണേശ്വരത്തു ബസ്സു നിന്നപ്പോൾ വിജയൻ പുറത്തിറങ്ങി, ചുറ്റും നോക്കി. ശാന്തമായ ഭൂപ്രകൃതി. ബസ്സിൽ നിന്നിറങ്ങിയ ആൾക്കാർ മുഴുവൻ ചുറ്റിലും നിന്നു ശബ്ദമുണ്ടാക്കിയിരുന്നുവെങ്കിലും ഒരു ഗാംഭീര്യമുള്ള നിശ്ശബ്ദത അവിടം മുഴുവൻ നിറഞ്ഞു നിന്നിരുന്നു. ഈ ശാന്തതയാണോ തന്നെ ഇടയ്ക്കിടയ്ക്കു തിരക്കു പിടിച്ച നഗര ഹൃദയത്തിൽ നിന്ന് ഓടിവരാൻ പ്രേരിപ്പിക്കുന്നത്? ആയിരിക്കാം.

ബസ്സിൽനിന്ന് ഇറങ്ങിയവർ മുഴുവൻ അമ്പലത്തിലേക്കുള്ള റോഡിലേക്കു തിരിഞ്ഞു. വിജയൻ സംശയിച്ചില്ല. തനിക്കുള്ള വഴി ഇടത്തു വശത്താണ്. വിവേകാനന്ദപ്പാലത്തിലേക്ക് ഓടിക്കയറുന്ന റോഡിലൂടെ നടക്കുമ്പോൾ വിജയൻ ഓർത്തു: തുടർച്ചയായി മൂന്നാമത്തെ ദിവസമാണു താൻ ഇവിടേക്കു വരുന്നത്. എല്ലാ കൊല്ലവും താൻ ഇവിടേക്കു വരാറുണ്ട്, നവമ്പർ മദ്ധ്യത്തിൽ. അവൾ ഇന്ന് എന്തായാലും വരാതിരിക്കില്ല.

പാലം, തീവണ്ടിക്കും ബസ്സുകൾക്കും ഒരേ സമയം പോകാൻ തക്കവണ്ണം ഉണ്ടാക്കിയതാണ്. നടുവിൽ റെയിലുകൾ, രണ്ടു വശത്തും വാഹനങ്ങൾക്കു പോകാനുള്ള നിരത്തുകൾ, അതിനും പുറത്തു രണ്ടു വശത്തും നടപ്പാതകൾ, വിജയൻ നടപ്പാതയ്ക്ക് ഓരം ചേർന്നു നടന്നു, പാലത്തിന്റെ നടുവിൽ എത്തും വരെ. അവൾ ഇന്നു വരാതിരിക്കില്ല. പക്ഷേ, മുകളിൽ ആകാശം ഒരു ലാഞ്ഛനയും തരാതെ തന്നെ നിന്നു. ചുവട്ടിൽ കലങ്ങി മദിച്ചൊഴുകുന്ന ഭാഗീരഥിയാണ്. അയാൾ ഹുഗ്ലിയെന്ന പേർ വിളിക്കാൻ ഇഷ്ടപ്പെട്ടില്ല. ആ പേർ കേൾക്കുമ്പോൾ ഓർമ്മ വരിക, നഗരത്തിന്റെ വൃത്തികേടുകൾ മുഴുവൻ പേറുന്ന ഒരു ദാസിയെയാണ്. പക്ഷേ, ഭാഗീരഥി പരിപാവനയാണ്. ദക്ഷിണേശ്വര ക്ഷേത്രത്തിന്റെ പടവുകളെ കഴുകുന്ന ഭാഗീരഥി, മറുവശത്ത് വിവേകാനന്ദ മഠത്തിന്റെ പരിപാവന തീരത്തെ മണ്ണ് തൊട്ടു നെറുകയിൽ വെയ്ക്കുന്ന ഭാഗീരഥി.

ഹൗറപ്പാലത്തിനു മുകളിൽ നിന്നു നോക്കുമ്പോൾ വിജയന്ന് ഒരിക്കലും ഭാഗീരഥിയെന്ന പേർ ഓർമ്മ വരില്ല. ഒരേ നദിക്കുതന്നെ നാലു നാഴികദൂരം ഒഴുകുമ്പോൾ വരുന്ന പരിണാമം അത്ഭുതകരമായിരിക്കുന്നു.

ദൂരെ, നദിയിൽ കൂട്ടിക്കെട്ടിയ മൂന്നു വഞ്ചികൾ ഒഴുകി വരുന്നു. നടുവിലുള്ള വലിയ വഞ്ചിയാണ് മറ്റു രണ്ടു ചെറിയ വഞ്ചികൾക്കു കൂടി ജീവൻ നല്കുന്നത്. അതിന്റെ തടിച്ചു കറുത്ത പുകക്കുഴലിൽ നിന്നു വരുന്ന പുക നിമിഷം കൊണ്ട് ആകാശത്തിൽ അലിഞ്ഞു നീലയാകുന്നു. ചെറിയ കൊതുമ്പു വള്ളങ്ങളിൽ മുക്കുവർ മത്സ്യം പിടിക്കുന്നു. താഴെ ഒരു വലിയ റൂയി മത്സ്യം ചാടി. നദിയുടെ ഇടത്തെ കരയിൽ പുക തുപ്പുന്ന വമ്പിച്ച കുഴലുകളുള്ള തൊഴിൽശാലകളാണ്.

ശിശിരത്തിനു വഴി കൊടുക്കാനായി സൂര്യൻ തന്റെ പന്ഥാവിൽ നിന്നു മാറി, ദക്ഷിണായനം ആരംഭിച്ചു. പ്രചണ്ഡനായിരുന്ന അദ്ദേഹം ഇപ്പോൾ പശ്ചാത്താപത്തിന്റെ ശീതള മേഖലയിലേക്കു മാറുകയാണ്.

പക്ഷേ, അവൾ ഇതുവരെ വന്നില്ല. വിജയൻ നെടുവീർപ്പിട്ടു. തന്റെ ദേഹത്തിലെ ഓരോ സെല്ലുകളും ഈഷൽക്കമ്പിതങ്ങളായി അവളെ എതിരേല്ക്കാൻ മുമ്പോട്ടായുന്നപോലെ തോന്നി. ഇന്നും നിരാശനായി മടങ്ങേണ്ടി വരും. അതു മനസ്സിടിവുണ്ടാക്കുന്നതായിരുന്നു. അയാൾ പാലത്തിന്റെ റെയിലിംഗ് പിടിച്ച് ആകാശത്തിലേയ്ക്കു നോക്കി. മേഘങ്ങളില്ല. കുറച്ചകലെ ദക്ഷിണേശ്വരത്തിലെ ശിവക്ഷേത്രങ്ങൾ. അവയ്ക്കു നടുവിലാണ് കാളിക്ഷേത്രം.

പെട്ടെന്നാണ്! വിജയൻ കോരിത്തരിച്ചു പോയി. കണ്ണടച്ചിരിക്കുമ്പോൾ അറിയാതെ വന്ന് ആശ്ലേഷിക്കുന്ന ഒരു കാമിനിയെപ്പോലെ കുളിർ തെന്നൽ വിജയനെ തലോടി. ഹിമാലയത്തിന്റെ മഞ്ഞണിഞ്ഞ ശൃംഗങ്ങളെ ചുംബിക്കുക കാരണം ശീതളമായ ചുണ്ടോടു കൂടി മനോജ്ഞയായ കാറ്റ്; ശൈശവകാല സ്മരണകൾ ഒരു പൂമൊട്ടിന്റെ ദളങ്ങളെപ്പോലെ വിടർത്തുന്ന കാറ്റ്; വേനലിന്റെ തപ്തനിശ്വാസങ്ങളെ തണുപ്പിച്ചാശ്വസിപ്പിക്കുന്ന കുളുർകാറ്റ്. അവസാനം അവൾ വന്നു. വിജയൻ മുഖമുയർത്തി, മൂക്കു വിടർത്തി, കൈകൾ ഉയർത്തി നിന്നു, ആലിംഗനം ചെയ്യാൻ; വടക്കൻ കാറ്റ് ഒരു ലാവണ്യ വിഗ്രഹമാണെന്ന പോലെ.

ഇനി കുറെക്കാലത്തേക്കു സുഖമാണ്. വിജയൻ ആലോചിച്ചു. തണുത്തുവരണ്ട കാറ്റ്, കൽക്കത്തയിലെ നഗരവീഥികളിലൂടെ, കെട്ടിടങ്ങളുടെ ഇടവഴികളിലൂടെ, മട്ടുപ്പാവുകൾക്കു മുകളിലൂടെ ഒഴുകുമ്പോൾ, രോമവസ്ത്രങ്ങളും ധരിച്ചു മദ്ധ്യാഹ്നത്തിലെ ഇളംചൂടു മാത്രം തരുന്ന വെയിലേറ്റു തടാക തീരത്തും, എസ്പ്ലനേഡ് മൈതാനത്തും നടക്കാം. വിക്ടോറിയ മെമ്മോറിയലിന്റെ പുൽത്തകിടിയിൽ മലർന്നു കിടന്ന്, സ്വച്ഛമായ നീലാകാശത്തിൽ കണ്ണും നട്ടു മനോരാജ്യം വിചാരിക്കാം. ബൊട്ടാണിക്കൽ ഗാർഡനിലെ, നിഴലുകളും വെളിച്ചവും മാറി മാറി പതിക്കുന്ന നടപ്പാതകളിൽ സ്വയം മറന്നു മണിക്കൂറുകൾ ചെലവഴിക്കാം.

പെട്ടെന്നു പാലം കോരിത്തരിച്ചു. പച്ച നിറമുള്ള ഒരു ഇലക്ട്രിക്കുവണ്ടി പാലം കുലുക്കിക്കൊണ്ടു കടന്നുപോയി. അതു വിജയന്റെ സ്വപ്നാവസ്ഥയെ ഒന്നു കുലുക്കി. പക്ഷേ, മനസ്സിൽ ഒരു താളലയം ഉണ്ടാക്കിത്തീർക്കുകയും ചെയ്തു. ഒരു ഉത്തേജനം കിട്ടിയപോലെ അയാൾ തിരക്കിട്ടു നടന്നു. മനസ്സു നിറയെ ശിശിരകാലസംഗീതത്തിന്റെ അലകൾ. അവസാനം അവൾ വന്നു. എന്നെ ആശ്ലേഷിക്കാൻ, ചുംബിച്ച് ശൈശവകാല സ്മരണകളുണർത്താൻ, ഒരു പൂമൊട്ടിന്റെ ദളങ്ങളെയെന്നപോലെ.

യാന്ത്രികമായി ബസ്സിൽ കയറി. ചുറ്റും എന്തൊക്കെയാണു നടക്കുന്നതെന്ന് അയാൾ അറിഞ്ഞില്ല. മനസ്സു നിറയെ സംഗീതമായിരുന്നു. ബസ്സിന്റെ മുരൾച്ച ആ സംഗീതത്തിന്നു പശ്ചാത്തലമിട്ടു. ബസ്സ് നഗരവീഥികളിൽക്കൂടി കുതിച്ചു. നഗരത്തിന്റെ ഓരോ ശബ്ദവും മനസ്സിൽ അനുരണനം സൃഷ്ടിച്ചു. ആ താളലയത്തിൽ വീണ്ടും ബ്രാബൺ റോഡിൽ എത്തിയതറിഞ്ഞില്ല. യാന്ത്രികമായിത്തന്നെ ബസ്സിൽ നിന്നിറങ്ങി നടന്നു. ലിഫ്റ്റ്മാൻ തന്ന അഭിവാദ്യം വിജയൻ കണ്ടില്ല. മുകളിൽ അന്വേഷിക്കുന്ന കണ്ണുകളും ഡയറക്ടറുടെ ദേഷ്യം കൊണ്ടു തുടുത്ത മുഖവും അയാൾ ശ്രദ്ധിച്ചില്ല. ചുറ്റും ശിശിരകാലത്തിന്റെ സംഗീതമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പ് - മാര്‍ച്ച് 2, 1969