ഉണക്കമരങ്ങൾ


ഇ ഹരികുമാര്‍

അവൾ മുപ്പത്തിയൊന്നു വയസ്സായിട്ടും അവിവാഹിതയായിത്തന്നെ ഇരുന്നു. അസുഖകരമായ ഈ യാഥാർത്ഥ്യം ഓർക്കാതിരിക്കാൻ അവൾ പകലെല്ലാം കഠിനമായി ജോലി ചെയ്തു. അടുക്കളപ്പണിക്കു പുറമേ ചെറിയമ്മയുടെ കുട്ടികളെ കുളിപ്പിക്കുക, അവരുടെ ഉടുപ്പുകൾ തിരുമ്പുക എന്നീ ജോലികളെല്ലാം ചെയ്തു. എന്നിട്ടും ഉച്ചയ്ക്ക് ഊണു കഴിഞ്ഞാൽ കുറച്ചു സമയം ഒഴിഞ്ഞു തന്നെ കിടന്നു. പകൽ ഉറക്കം വരാത്തതിനാൽ, ഈ സമയങ്ങളിൽ അവൾ കുട്ടികളുടെ ഉടുപ്പുകളുടെ നിറങ്ങളെക്കുറിച്ചും, വൈകുന്നേരം ഉണ്ടാക്കേണ്ട പലഹാരങ്ങളെക്കുറിച്ചും ആലോചിച്ചുകൊണ്ടിരുന്നു. രാത്രി ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോവുകയും ചെയ്യും.

പക്ഷേ, ഉറക്കമാണ് അവളെ സംബന്ധിച്ചിടത്തോളം അസഹനീയമായത്. അവൾ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരുന്നു. അലസിപ്പിരിഞ്ഞ വിവാഹാലോചനകളെപ്പറ്റി, നടക്കാത്ത വിവാഹങ്ങളെപ്പറ്റി, എല്ലാം.

അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അവൾ നാഗസ്വരത്തിന്റേയും തകിലിന്റേയും ശബ്ദം കേട്ടത്. ജനലിലൂടെ നോക്കിയപ്പോൾ കണ്ടതെന്താണ്! മുറ്റത്ത് പന്തലിട്ട് അലങ്കരിച്ചിരിക്കുന്നു. പന്തലിൽ നിറയെ ആളുകൾ.

ഈ ഒരുക്കങ്ങളെല്ലാം എന്തിനാണ്? അവൾ ആലോചിച്ചു. ഓ, ഒരു വിവാഹമാണ്. നിറപറയുടെ പിന്നിൽ വരൻ അണിഞ്ഞൊരുങ്ങി ഇരിക്കുന്നു.

ഇത്രയൊക്കെ ഒരുക്കങ്ങളും തിരക്കുമുണ്ടായിട്ടും താൻ ഇതൊന്നും അറിഞ്ഞില്ലല്ലോ! ആരുടെ വിവാഹമാണിത്? ആരാണ് വധു?

അവൾ ആകെ വിഷമിച്ചിരിക്കുമ്പോഴാണ് ചെറിയമ്മ കടന്നു വന്നത്.

നാണീ, നീയെന്താ അങ്ങോട്ടു ചെല്ലാത്തത്? അവർ നിന്നെ കാത്തിരിക്കയാണ്. ഇന്നു നിന്റെ കല്യാണല്ലേ?'

അവളാകെ അന്തം വിട്ടു നിന്നുപോയി. എന്തോ ചോദിക്കാൻ പുറപ്പെട്ടപ്പോഴേക്കും ചെറിയമ്മ പോവുകയും ചെയ്തു.

തന്റെ കല്യാണമാണ്. അവൾക്കു നാണം തോന്നി. അവൾ വല്ലാതെ പരിഭ്രമിച്ചിരുന്നു. എന്തൊക്കെ ഒരുക്കാനുണ്ട്? എന്തേ അവർ തന്നെ നേരത്തെ അറിയിക്കാതിരുന്നത്?

അവൾ മേലാകെ കണ്ണോടിച്ചു. അയ്യയ്യേ! എങ്ങനെയാണ് ഈ വേഷത്തിൽ കല്യാണമണ്ഡപത്തിലേക്കു പോകുക? ആകെ കരിപുരണ്ടു മുഷിഞ്ഞിരിക്കുന്നു. സാരിയെങ്കിലും മാറ്റാതെ വയ്യ.

പുറത്തു നിന്നു നാഗസ്വരം ഉച്ചത്തിൽ കേട്ടു. വരൻ തന്നെ അക്ഷമനായി കാത്തിരിക്കുന്നുണ്ടാകും, അവൾ ഓർത്തു. പീടികയിൽ പോയി സാരി മേടിച്ചാലോ?

അതേ അതാണു നല്ലത്. അവൾ പിന്നെ സമയം കളഞ്ഞില്ല. അടുക്കള വാതിലിലൂടെ പുറത്തു കടന്ന്, വീട്ടിന്റെ പിന്നിലുള്ള വഴിയിലൂടെ ഓടി. ഒരു നാഴികയിലധികം ദൂരമുണ്ടാകും പീടികയിലേക്ക്. വേഗം പോയി വരണം. ഈ അവസരം പാഴാക്കിക്കൂടാ.

വഴി വീതി കൂടിയതായിരുന്നു. പക്ഷേ, പിന്നെപ്പിന്നെ കല്ലുകളും മുള്ളുകളും നിറഞ്ഞു വീതി ചുരുങ്ങിച്ചുരുങ്ങി വന്നു. കാലിൽ തറച്ചു നില്ക്കുന്ന മുള്ളുകൾ എടുത്തു കളയാൻ മിനക്കെടാതെ അവൾ ഓടി. തീരെ സമയം കളഞ്ഞുകൂടാ.

നാഗസ്വരത്തിന്റെയും തകിലിന്റെയും ശബ്ദം അകന്നകന്നു പോയി. അവൾക്കു സങ്കടം തോന്നി. പക്ഷേ, ഈ വേഷത്തിൽ എന്തായാലും പോകാൻ വയ്യ.

ഓടിക്കൊണ്ടിരിക്കുമ്പോൾ അവൾക്കു സംശയം തോന്നി: വഴി തെറ്റിയോ? നിരത്തിന്റെ രണ്ടു വശത്തും ഉണങ്ങി തൊലിയടർന്നു പോയ മരങ്ങൾ നിന്നിരുന്നു. താൻ മുമ്പു പല പ്രാവശ്യം നടന്നിരുന്ന വഴി തന്നെയാണോ ഇത്? അവൾ ഓരോ ഉണക്കമരത്തേയും പിന്നിട്ടുകൊണ്ട് ഓടി.

സാവധാനത്തിൽ വെളിച്ചം കുറഞ്ഞു വന്നു. സൂര്യൻ അസ്തമിക്കുകയാണ്. ഇരുട്ടു നിറഞ്ഞു തുടങ്ങിയപ്പോൾ അവൾക്ക് ആശ്വാസമായി. വെളുത്തു പ്രേതങ്ങളെപ്പോലെ നില്ക്കുന്ന ഈ ഉണക്ക വൃക്ഷങ്ങൾ ഇനി കാണില്ലല്ലോ.

ഓട്ടത്തിന്റെ ഗതിവേഗം കാരണം കാറ്റു മുഖത്തുവന്നടിച്ച് അവൾക്കു ശ്വാസം മുട്ടിത്തുടങ്ങി. കാറ്റ് അവളുടെ മുലകളിലും കൈകളിലും കിക്കിളിയുണ്ടാക്കി.

അപ്പോഴേക്കും, എന്തിനാണ് ഓടിയിരുന്നതെന്ന് അവൾ മറന്നു കഴിഞ്ഞിരുന്നു. തനിക്ക് ഇനി എന്നും ഓടി ക്കൊണ്ടേ ഇരിക്കേണ്ടി വരുമെന്ന് അവൾ ഭയപ്പെട്ടു. നില്ക്കാൻ കഴിയില്ല. നിന്നാൽ മരണമാണ്. അവൾ ഉണക്ക മരങ്ങളെക്കുറിച്ചോർത്തു. അവ ഓരോന്നും ഓരോ മരണമാണ്. അവൾ മരണം ഇഷ്ടപ്പെട്ടില്ല. അവൾക്കു ജീവിക്കണം. അതുകൊണ്ടു കാലുകൾ കുഴഞ്ഞു തുടങ്ങിയിട്ടും അവൾ ഓടിക്കൊണ്ടേയിരുന്നു.

കാറ്റു കാരണം അവളുടെ വസ്ത്രങ്ങൾ അഴിഞ്ഞു പറക്കാൻ തുടങ്ങി. ഒരു നിമിഷത്തിനുള്ളിൽ താൻ നഗ്നയാണെന്ന് അവൾ കണ്ടു. അയ്യോ! ഇനി എന്താണുചെയ്യുക? തന്നെ ആരും കാണാതിരുന്നെങ്കിൽ! ഇല്ല, ഈ ഇരുട്ടിൽ ആരും കാണില്ല.

ഓടിത്തളർന്ന് അവസാനം അവൾ നിരത്തു വക്കിൽ കുഴഞ്ഞു വീണു. അപ്പോഴേക്കും അവളെ ഒരാൾ വാരിയെടുത്തു. അവൾ സന്തോഷത്തോടെ കണ്ണുമടച്ചു പറഞ്ഞു:

ഞാൻ ഇതിനായിരുന്നു ഇത്ര ദൂരവും ഓടിവന്നത്. ഇതിന്നു വേണ്ടി മാത്രം.'

അയാൾ ഒന്നും പറഞ്ഞില്ല. അവൾ അയാളെ ചുംബിച്ചുകൊണ്ടു പറഞ്ഞു:

ഇതിനു വേണ്ടി മാത്രം!'

പക്ഷേ, കണ്ണു തുറന്നപ്പോൾ അവൾ നടുങ്ങിപ്പോയി. താൻ ആലിംഗനം ചെയ്തിരുന്നത് ഒരു ഉണക്കമരമായിരുന്നു. വെളുത്തു പ്രേതത്തെപ്പോലെ നില്ക്കുന്ന മരം.

അവൾ ഞെട്ടിയുണർന്നു. ഓ, സ്വപ്നമായിരുന്നു. അവൾ മേലെല്ലാം തപ്പിനോക്കി. വസ്ത്രങ്ങളെല്ലാമുണ്ട്. സ്വപ്നം തന്നെയായിരുന്നു. എന്തൊരു സ്വപ്നം! അവൾ പുതപ്പുകൊണ്ടു നന്നായി പുതച്ചു. മറുപുറം തിരിഞ്ഞു കിടന്നു.

ആ ചോരപ്പൈതലിനെ അവൾ മാറോടണച്ച് ഉമ്മവെച്ചു കൊണ്ടിരുന്നു. കുറച്ചു നിമിഷങ്ങൾക്കു മുമ്പ് അതിനെ കൊണ്ടു വന്നു തന്ന ചെറുപ്പക്കാരന്റെ മുഖം അവൾ മറന്നു കഴിഞ്ഞിരുന്നു.

അതു സാരമില്ല. അവൾ സമാധാനിച്ചു. എനിക്ക് ഈ കുട്ടിയെ കിട്ടിയല്ലോ. അതു മതി. എന്തു ഭംഗിയുള്ള കുട്ടി!

അവൾ അതിനെ വീണ്ടും വീണ്ടും ഉമ്മവെച്ചു.

പെട്ടെന്നു കുട്ടി കരയാൻ തുടങ്ങി. വിശന്നിട്ടായിരിക്കും, അവൾ വിചാരിച്ചു. ബ്ലൗസിന്റെ കുടുക്കുകളഴിച്ച് അവൾ കുട്ടിക്കു മുല കൊടുത്തു. നേരിയ കിക്കിളി തോന്നി. അവൾ കണ്ണടച്ചിരുന്നു.

അപ്പോഴാണ്, കുട്ടി ആണോ, പെണ്ണോ എന്നു നോക്കിയില്ലെന്ന് അവൾക്ക് ഓർമ്മ വന്നത്. എന്തൊരു വിഡ്ഢിയാണു താൻ. പക്ഷേ, കുട്ടിയെ നോക്കിയപ്പോൾ അവൾ ഞെട്ടിപ്പോയി. അത് ഒരു നായ്ക്കുട്ടിയായിരുന്നു. കണ്ണുകളിൽ പീളയടിഞ്ഞ വൃത്തികെട്ട നായ്ക്കുട്ടി. അവൾ, നിരാശയിൽ നിന്നുളവായ വെറുപ്പോടെ അതിനെ നിലത്തേക്കു വലിച്ചെറിഞ്ഞു. നായ്ക്കുട്ടി ദേഷ്യത്തോടെ അവളുടെ നേരെ കുരച്ചു ചാടിക്കൊണ്ടിരുന്നു. അവൾക്കു ഭയമായി. അതു ചാടി തന്നെ കടിച്ചു എന്നായപ്പോഴേക്കും അവൾ വീണ്ടും ഞെട്ടിയുണർന്നു.

സ്വപ്നം. അവൾ വിചാരിച്ചു. ഒരു നിമിഷം അവൾ കിടപ്പുമുറിയുടെ നിശ്ശബ്ദമായ, ശൂന്യമായ സംഗീതം ശ്രദ്ധിച്ചു കൊണ്ടിരുന്നു. പിന്നെ വീണ്ടും സാവധാനത്തിൽ ഇരുട്ടിന്റെ തണുത്ത അഗാധതലങ്ങളിലേക്ക് ഊർന്നിറങ്ങി.

മാതൃഭൂമി ആഴ്ചപ്പതിപ്പ് - മെയ് 30, 1965