എന്റെ ആദ്യകാല കഥകള്‍

പി.സി.മ്മാമന്റെ (ഉറൂബ്) വീട്ടില്‍ പുസ്തകങ്ങളുടെ നല്ലൊരു ശേഖരമുണ്ടായിരുന്നു, എന്നുവച്ചാല്‍ ഒരു പതിനാലു പതിനഞ്ചു വയസ്സുകാരന് താല്പര്യമുണ്ടാവുന്ന തരത്തിലുള്ള കഥകളും നോവലുകളും. അച്ഛന്റെ അലമാറിയില്‍ അധികവും കവിതാപുസ്തകങ്ങളാണുണ്ടായിരുന്നത്. ഞാനും സതീശേട്ടനും വേനലവധിയ്ക്ക് കോഴിക്കോട്ടു പോകുമ്പോൾ ആര്‍ത്തി പിടിച്ച വായനയാണ്. അവിടെവച്ചാണ് എസ്.കെ. പൊറ്റെക്കാടിന്റെ 'നാടന്‍പ്രേമം' എന്ന നോവല്‍ വായിച്ചത്. എനിയ്ക്കന്ന് പതിമൂന്ന് വയസ്സായിട്ടുണ്ടാവും. ആ നോവലെന്നെ വളരെ ആകര്‍ഷിച്ചു. തിരിച്ച് പൊന്നാനിയില്‍ എത്തിയപ്പോഴും നോവലിലെ കഥ മനസ്സിൽ സജീവമായിട്ടുണ്ടായിരുന്നു.

ഞാന്‍ കടലാസ്സും പെന്നുമെടുത്ത് എഴുത്തു തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ കഥ തയ്യാറായി. ആദ്യവായനക്കാരന്‍ ഏട്ടനായിരുന്നു. മൂപ്പരത് മുഴുവന്‍ വായിച്ച ശേഷം പറഞ്ഞു. 'നീയിത് പൊറ്റെക്കാടിന്റെ നോവലില്‍നിന്ന് കട്ടതല്ലെ?' ആ പ്രായത്തിൽ സാഹിത്യചോരണമെന്താണെന്ന് എനിയ്ക്കറിയില്ലായിരുന്നു. വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ട ഒരു കഥ എന്റെ ഭാഷയിൽ എഴുതി എന്നു മാത്രം. അങ്ങിനെ ചെയ്യുന്നത് ശരിയല്ല എന്ന് എന്നേക്കാൾ ലോകവിവരവും ധാരാളം വായനയുമുള്ള ജ്യേഷ്ഠൻ പറഞ്ഞുതന്നു. അതിനു ശേഷം ഞാന്‍ സ്വന്തമായ കഥകളെഴുതാൻ തുടങ്ങി. ശരിയ്ക്കും എന്റെ ആദ്യത്തെ കഥ എന്നു പറയാന്‍ അര്‍ഹതയുള്ളത് ഈ രണ്ടാമത്തെ കഥയാണ്. ആയിരം രൂപ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞ് ഒപ്പം കൂടിയ ഒരു സ്നേഹിതന്റെ കഥയാണത്. ഒരു ചായക്കടയില്‍ കൊണ്ടുപോയി സുഭിക്ഷമായി ഭക്ഷണം കഴിച്ചശേഷം അയാള്‍ മുങ്ങുന്നതാണ് കഥ. ഇത് എഴുതിയത് അമ്പത്താറ്, അമ്പത്തേഴില്‍. കഥ അച്ഛനെ കാണിക്കാനുള്ള ധൈര്യമുണ്ടായി. അദ്ദേഹം പ്രോത്സാഹിപ്പിച്ചു, കഥ‍ തിരുത്തിത്തന്നു.

ഈ പതിവ് ഞാന്‍ കല്‍ക്കത്തയിൽ ജോലി അന്വേഷിച്ചു പോയശേഷവും തുടര്‍ന്നു. കഥകളെഴുതും, അച്ഛന്ന് അയച്ചുകൊടുക്കും. അച്ഛനവ തിരുത്തി കഥ എങ്ങിനെ കൂടുതൽ നന്നാക്കാമെന്ന സൂചനകളോടൊപ്പം തിരിച്ചയക്കും. കല്‍ക്കത്തയിൽ ഞാൻ താമസിച്ചിരുന്നത് പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബംഗാളി സിനിമകളുടെ റിവ്യൂ എഴുതിയിരുന്ന ശ്രീ. എം. പ്രഭാകരപ്പണിക്കരുടെ ഒപ്പമായിരുന്നു. ശരിയ്ക്കു പറഞ്ഞാല്‍ എന്നെ കല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോയി ജോലിയാക്കിത്തന്നത് അദ്ദേഹമായിരുന്നു. അവരുടെ അയല്‍ക്കാരായി ഒരു ബ്രാഹ്മണകുടുംബമുണ്ടായിരുന്നു. ഒരു വൈകുന്നേരം ഞാന്‍ ഓഫീസില്‍നിന്നു വന്നപ്പോൾ ആ മാമി വളരെ അസ്വസ്ഥയായി വാതില്‍ക്കൽ നില്‍ക്കുന്നുണ്ടായിരുന്നു. ഒരിരിക്കപ്പൊറുതിയില്ലാതെ അകത്തേയ്ക്കും പുറത്തേയ്ക്കും നടക്കുകയാണ്. സാധാരണ എന്നെ കണ്ടാല്‍ ലോഗ്യം ചോദിക്കാറുള്ളതാണ്. പക്ഷെ അന്ന് അതുണ്ടായില്ല. പ്രഭാകരേട്ടനാണ് അതു പറഞ്ഞത്. അവരുടെ ഇരുപത്തഞ്ചു വയസ്സുള്ള മകന്‍ ആ ദിവസം, രണ്ടുകൊല്ലം മുമ്പ് ഒരു ബസ്സ് അപകടത്തില്‍ മരിച്ചുവത്രെ. ഒരേയൊരു മകന്‍, മിടുക്കൻ.

അന്നെനിയ്ക്ക് പതിനെട്ട് വയസ്സായിരുന്നു. ഈ സംഭവം എന്റെ മനസ്സില്‍ വളരെ വിഷമമുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലാണ് 'മഴയുള്ള ഒരു രാത്രിയില്‍' എന്ന കഥയെഴുതിയത്. കുറേ പണിപ്പെട്ട് അതു നന്നാക്കിയെടുത്തു ഞാന്‍ അച്ഛന്നയച്ചു കൊടുത്തു. സാധാരണ മട്ടില്‍ കുറേ നിര്‍ദ്ദേശങ്ങളുമായി അച്ഛനത് മടക്കിയയച്ചു. ഞാനത് മാറ്റിയെഴുതി വീണ്ടും അച്ഛന്നയച്ചു. അച്ഛനും, അമ്മയും എന്റെ സഹോദരങ്ങളും മാത്രമാണ് വായനക്കാര്‍. അതിനുമപ്പുറത്തേയ്ക്ക് കടക്കണമെന്ന ഉദ്ദേശ്യമൊന്നും എനിക്കുണ്ടായിരുന്നില്ല.

ആ കഥ തരക്കേടില്ല എന്ന് അച്ഛന് തോന്നിയിട്ടുണ്ടാകണം. അദ്ദേഹം അത് പി.സി.മ്മാമന് അയച്ചുകൊടുത്തു, അഭിപ്രായമറിയാന്‍. അദ്ദേഹമാണല്ലൊ കഥയുടെ ആചാര്യന്‍. പി.സി.മ്മാമയുടെ കത്ത് ഉടനെ വന്നു. 'ഹരിയെ ഗൗരവമായി എടുക്കേണ്ട സമയമായിരിയ്ക്കുന്നു. ഞാനീ കഥ വര്‍ഗ്ഗീസ് കളത്തിലിന് അയച്ചു കൊടുക്കുകയാണ്.' ശ്രീ. വര്‍ഗ്ഗീസ് കളത്തിലാണ് അന്ന് 'മലയാള മനോരമ'- ആഴ്ചപ്പതിപ്പ് നോക്കിയിരുന്നത്. താമസിയാതെ അദ്ദേഹത്തിന്റെ കത്തു വന്നു, അച്ഛന്ന്. കഥ വളരെ നന്നായിട്ടുണ്ട്, ഇങ്ങിനെ ഒരു മകനെ ലഭിച്ചതില്‍ ഇടശ്ശേരി ഭാഗ്യവാനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്. അച്ഛന്‍ പിസിമ്മാമന്റെയും വര്‍ഗ്ഗീസ് കളത്തിൽ സാറിന്റെയും കത്തുകൾ എനിക്കയച്ചുതന്നിരുന്നു. കഥ 'മലയാള മനോരമ' വാരികയില്‍ വന്നു. 1962-ലാണ് അത്. അതിനുശേഷം രണ്ടു കഥകള്‍ കൂടി മനോരമയിൽ വന്നതിനു ശേഷമാണ് എന്റെ കഥ 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ല്‍ വരുന്നത്. ആദ്യം വന്ന കഥ, 'ഉണക്കമരങ്ങൾ'. എം.ടി. എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചെറിയ തിരുത്തുകള്‍ വരുത്തുകയും, അങ്ങിനെ തിരുത്തിയത് ശ്രദ്ധിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഈ കഥ അച്ചടിച്ചു വന്നത് 1965-ലാണ്. എം.ടി.യെ ഞാന്‍ ആദ്യമായി കാണുന്നത് 1966-ല്‍ അച്ഛന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് മൂന്നു ദിവസം നടന്ന സെമിനാറിന്റെ അവസരത്തിലായിരുന്നു. വളരെക്കുറച്ച് എഴുതിയാല്‍ മതിയെന്നും, എഴുതുന്നതെന്തും മൗലികവും മികവാര്‍ന്നതുമാവണമെന്നും അദ്ദേഹം പറഞ്ഞുതന്നു.

'കലാകൗമുദി' വാരിക തുടങ്ങിയപ്പോള്‍ ആദ്യലക്കത്തില്‍ത്തന്നെ എന്റെ കഥ വേണമെന്ന് ശ്രീ എം.എസ്. മണിയും, എസ്. ജയചന്ദ്രന്‍ നായരും ആവശ്യപ്പെട്ടു. 1975 ജൂലൈ മാസത്തിലാണ് എന്റെ 'കുങ്കുമം വിതറിയ വഴികള്‍' എന്ന കഥ വന്നത്. കലാകൗമുദിയുടെ തുടക്കത്തില്‍ത്തന്നെ. ആ കഥയെപ്പറ്റി ശ്രീ. എം.എസ്. മണി വളരെ നല്ല അഭിപ്രായം എഴുതിയറിയിച്ചു. ഇത്രയും മനോഹരമായ കഥയോട് നീതി പുലര്‍ത്താൻ സാധാരണ സ്‌കെച്ചുകൾ പോരെന്നും, പകരം ഖജുരാഹോവിലെ കലാമൂല്യമുള്ള ശില്പങ്ങളുടെ ചിത്രങ്ങള്‍ കൊടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇതൊക്കെയാണ് എന്റെ എടുത്തു പറയത്തക്ക 'ആദ്യ കഥകള്‍'

കൗമുദി ആഴ്ചപ്പതിപ്പ് - 2010 സെപ്റ്റമ്പര്‍ 17