ആര്ട്ടിസ്റ്റ് ഇ. സുധാകരന്‍

പുത്തില്ലത്തെ വിശേഷങ്ങള്‍

ആര്ട്ടിസ്റ്റ് ഇ. സുധാകരന്‍

ഇടശ്ശേരിയുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഉറൂബിനെയും(പി.സി. കുട്ടികൃഷ്ണൻ) തിരിച്ചും മാറ്റിനിർത്താനാവില്ലെന്നു പറയുന്നതിൽ അതിശയോക്തി ഇല്ല. പക്ഷേ, ശക്തിയുടെ കവിയായ ഇടശ്ശേരിയായിരുന്നു അക്കാലത്തെ സൂര്യൻ. ഇടശ്ശേരിയുടെ മകൻ ഇ. ഹരികുമാറും ഉറൂബിന്റെ മകൻ ഇ. കരുണാകരനും തങ്ങളുടെ സാഹിത്യത്തിൽ പാരമ്പര്യമായി കിട്ടിയ നീതിബോധവും നിർഭയത്വവും പ്രകടിപ്പിക്കുന്നു. കരുണാകരൻ രാഷ്ട്രീയവും സാമൂഹികവുമായ അനീതികളെയാണ് തന്റെ സാഹിത്യത്തിലൂടെ നേരിട്ടതെങ്കിൽ, ഹരികുമാർ സമൂഹം അവിഹിതമെന്ന് കരുതുന്ന പലതും അവിഹിതമല്ലെന്ന് തന്റെ ജീവിതമെന്ന തുറുപ്പുശീട്ടുകൊണ്ട് ബോധിപ്പിക്കുന്നു.

17-ാം വയസ്സിൽ കൊൽക്കത്തയിലും ഒരു വ്യാഴവട്ടം മുംബൈയിലും പിന്നീട് ദൽഹിയിലും 'വിൽപനക്കാര'നായി അലഞ്ഞ ഹരികുമാർ അവിടത്തെ ജീവിതങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് എഴുതുമ്പോഴും വാടിയ അപ്പച്ചെടികളുടെ ഗന്ധം മറന്നില്ല.

കരുണാകരനും ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കൊൽക്കത്തയിലേക്ക് തന്നെയാണ് ചേക്കേറുന്നത്. സെയിൽസ് റപ്രസന്റേറ്റീവ് ആയി ജോലിനോക്കിയ അദ്ദേഹത്തിന് കച്ചവടത്തിലെ എല്ലാ കളികളും നേരിട്ട് കാണാനായി. കള്ളന്മാർ ആരെല്ലാമെന്ന് നന്നായി തിരിച്ചറിഞ്ഞു. കള്ളന്മാരാണ് പലപ്പോഴും കരുണാകരന്റെ കഥാപാത്രങ്ങൾ. 'നമ്മളൊക്കെ മനുഷ്യരല്ലേ' എന്നു പറയുന്ന കള്ളന്മാരുണ്ട്. മറ്റു ചില വകഭേദങ്ങൾ കാണുക.

''രാധാകൃഷ്ണൻ സ്മാർട്ട് എന്നുവെച്ചാൽ പടക്കംപൊട്ടുന്നതുപോലെയിരിക്കും. (പൊതുവെ കൊൽക്കത്തയുടെ കമേഴ്‌സ്യൽ ഡിക്ഷനറിയിൽ സ്മാർട്ടിന്റെ അർത്ഥം മഹാകള്ളൻ. പിടിച്ചാൽ കിട്ടാത്തവൻ എന്നൊക്കെയാണ്.) രാധാകൃഷ്ണനോ മാർവാഡി ശിഷ്യനാണ്. മറ്റാർക്കും തൊടാൻ പറ്റില്ല. തിരിച്ചുചെന്നാൽ മാർവാഡി തലതടവി കഴുത്തിൽ പട്ടയിട്ടാൽ നിശ്ശബ്ദനായി, ദയനീയമായ കണ്ണുകളോടെ പാഡിയാജിയുടെ കാൽക്കൽ വിശ്രമിച്ചുകൊള്ളും'' -(കള്ളന്മാരും ഇന്ത്യക്കാരും).

'കള്ളൻ' എന്ന കഥയിലെ ഓടിളക്കി ഇറങ്ങി, മുറിയിൽവന്ന് 'കള്ളൻ' എന്ന് സ്വയം പരിചയപ്പെടുത്തിയ കള്ളന്റെ, മേശമേൽ എഴുതിവെച്ചുപോയ കത്തിലിങ്ങനെ:

''സുഹൃത്തേ, പെരുമാറ്റം കലയാകുന്നു മനസ്സല്ല. കള്ളന്മാർ മറ്റു പേരു പറയുമ്പോൾ മനുഷ്യൻ നിസ്സഹായനാവുന്നു. ഞാനങ്ങനെ ചെയ്തില്ലല്ലോ. കള്ളന്മാർ അപൂർവമായിരുന്ന കാലത്തെ വേഷവിധാനങ്ങൾ ധരിച്ച കള്ളനെ ഭയപ്പെട്ടിരിക്കുകയായിരുന്നു നിങ്ങൾ. ആ റൊമാന്റിക് യുഗം ഇങ്ങിനി വരാത്തവണ്ണം അസ്തമിച്ചു. നിർത്തട്ടെ.
ആശംസകളോടെ
സ്വന്തം കള്ളൻ

ഹരികുമാറിന്റെ കഥകളിലാകട്ടെ, സാധാരണ ജനങ്ങൾ അസാന്മാർഗികമെന്ന് വിളിക്കുന്ന അനവധി സ്‌നേഹബന്ധങ്ങൾ കാണാം. അത് കഥാകാരന്റെയും വിശ്വാസമാണ്.

''സ്‌നേഹമുള്ളിടത്തോളം കാലം ഏത് ലൈംഗിക ബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്‌നേഹമില്ലെങ്കിൽ ഭാര്യയും ഭർത്താവും കൂടിയുള്ളതുകൂടി വ്യഭിചാരമാണ്, ഇതിൽ ഞാൻ വിശ്വസിക്കുന്നു. ഒരു വ്യക്തിക്ക് ഒരേസമയം രണ്ടുപേരോട് സ്‌നേഹമുണ്ടാകുന്നതിൽ അപാകതയൊന്നും ഞാൻ കാണുന്നില്ല. കല്യാണം കഴിച്ചതുകൊണ്ട് രണ്ടുപേരും അവരുടെ വ്യക്തിത്വം അടിയറ വെക്കുന്നില്ല. സ്‌നേഹിക്കപ്പെടാനുള്ള സ്വാതന്ത്ര്യം വെച്ചുകൊണ്ടുതന്നെ അന്യോന്യം ആത്മാർപ്പണം ചെയ്യാൻ കഴിവുള്ളവരാണ് നല്ല ദമ്പതികൾ.'' -(സ്‌നേഹത്തിന്റെ കാവൽക്കാരൻ, ബിന്ദുവുമായുള്ള അഭിമുഖം, കലാകൗമുദി, ഫെബ്രു. 28, 1988)

ഉറൂബിന്റെ വിശ്വാസംകൂടി ഇവിടെയുണ്ട്. സദാചാരങ്ങൾ യുഗധർമങ്ങളാണെന്നും അത് മാറിക്കൊണ്ടിരിക്കണമെന്നും അച്ഛൻ വിശ്വസിച്ചു. അതുകൊണ്ടാണ് അൻപതുകളിൽ എഴുതിയ 'ഉമ്മാച്ചു'വിലെ ഗർഭിണിയായ ചിന്നമ്മുവിനെ കാമുകനായ അബ്ദു വീട്ടിലേക്ക് കൊണ്ടുവന്ന് പാർപ്പിക്കുന്നത് വരച്ചുവെക്കാനായത്. അതുകൊണ്ടാണ് 'സുന്ദരികളും സുന്ദരന്മാരി'ലും ചേച്ചിയും അനിയനുമായി കരുതേണ്ട അവസ്ഥയിലുള്ള രാധയും വിശ്വവും വിവാഹിതരാവാൻ തീരുമാനിക്കുന്നതും. 1972-ൽ പ്രസിദ്ധീകരിച്ച 'അമ്മിണി'യിൽ സദാചാരത്തിന്റെ അളവുകോൽ കുറെക്കൂടി പുരോഗമനപരമായി മാറ്റിയതായി കാണാം.

'അമ്മിണി'യിൽനിന്ന്:

അമ്മിണി: ''പ്രയാസമുണ്ട്, പുണ്യപാപങ്ങളെ തിരിച്ചറിയാൻ, പുണ്യമെന്ന് കരുതുന്നത് ചെയ്തുകൊള്ളു. അത് പുണ്യം തന്നെ.''
നളിനി: ''എളുപ്പമുണ്ടല്ലോ?''
അമ്മിണി: ''എളുപ്പമല്ല, ഈറ്റുനോവനുഭവിക്കുന്നതുപോലെയാണത്.''
നളിനി: ''അവസാനം കുട്ടിയെ കിട്ടുന്നു.''
അമ്മിണി: ''ചിലപ്പോൾ ചാപിള്ളയെ കിട്ടുന്നു. ചിലപ്പോൾ ചാവുകയും ചെയ്യുന്നു. ജീവിതമെന്നത് കോപ്പിവരയിലൂടെ എഴുതിത്തീർക്കാവുന്ന ഒരു പഴമൊഴിയൊന്നുമല്ലെന്ന് ജീവിച്ചുനോക്കുമ്പോഴറിയാം. ചിലർ അതറിഞ്ഞിട്ടും മൂടിവെയ്ക്കും. അവർക്ക് നൊമ്പരമുണ്ടാകും. പാപബോധമുണ്ടാകും. സത്യത്തെ അംഗീകരിക്കാത്തതുകൊണ്ട്. ഈ അമ്മിണിയേടത്തി ജീവിക്കുന്നു. രസമെന്ന് തോന്നുന്നവിധത്തിൽ ജീവിക്കുന്നു.''

അന്യോന്യം സ്‌നേഹിക്കാനാവാത്ത ഭാര്യാഭർതൃബന്ധത്തെക്കാൾ പവിത്രത സ്‌നേഹിക്കാനാവുന്ന കാമുകി കാമുക ബന്ധത്തിനുണ്ട്; കാമുകി മറ്റൊരാളുടെ ഭാര്യയാണെങ്കിൽകൂടി. ഉറൂബിൽനിന്ന് മുന്നോട്ടു പോകാൻ ഹരികുമാറിനായിട്ടുണ്ട്.

ഇപ്പോൾ ഞാനോർത്തുപോകുന്നത് ഹരിയേട്ടനും സതീശേട്ടനും കൊൽക്കത്തയിൽനിന്നുവന്ന ഒരവധിക്കാലത്തെക്കുറിച്ചാണ്. പുത്തില്ലത്തെ (ഇടശ്ശേരിയുടെ വീട്) കോണിമുറിയിൽ വലിയമ്മയും ഞാനും ഉഷയും പിന്നെ ആരൊക്കെയോ ഇരുന്ന് ഹരിയേട്ടന്റെ കൊൽക്കത്താ 'കിസ്സ' കേൾക്കുകയാണ്. ഒറ്റ ജനൽ മാത്രമുള്ള ആ മുറിയിൽ വെളിച്ചം പരിമിതമായിരുന്നു. പടിഞ്ഞാറുഭാഗത്തുനിന്ന് വന്നു വീഴുന്ന വെയിലിന്റെ കേന്ദ്രീകരണം ഹരിയേട്ടന്റെ മേലായിരുന്നു. പെട്ടെന്ന് ചെറിയ കുട്ടിയായിരുന്ന ഉഷ പറഞ്ഞു: ''ഹരിയേട്ടന് ഒരു നാണവും ഇല്ല. ഇരിക്കണ നോക്കൂ.'' ഞങ്ങൾ ശ്രദ്ധിച്ചുനോക്കി. ഹരിയേട്ടൻ ചുമര് ചാരി കാൽനീട്ടിവെച്ചിട്ടാണ് കഥ പറയുന്നത്. കഥ പറയുന്ന ശ്രദ്ധയാലുണ്ടായ അശ്രദ്ധകൊണ്ടോ എന്തോ, ഉടുത്തിരുന്ന മുണ്ട് തെരച്ച് തുടയൊക്കെ കാണിച്ചാണ് ഇരുന്നിരുന്നത്. എല്ലാവരും ചിരിച്ചു. തന്റെ തുട ഉഴിഞ്ഞതല്ലാതെ ഹരിയേട്ടൻ മുണ്ട് താഴ്ത്തിയില്ല. പക്ഷേ, അതോടെ പറഞ്ഞുവന്ന കാര്യങ്ങൾ മുറിഞ്ഞുപോയി. പിന്നെ, ഹരിയേട്ടൻ വലിയമ്മയോട് ചോദിച്ചു: ''അമ്മ എനിക്ക് ഉടനെ കല്യാണം കഴിച്ചു തരില്ലേ?'' ആ ചോദ്യത്തിലെ തമാശഭാഗം ഞങ്ങൾക്കുവേണ്ടിയും ഗൗരവഭാവം വല്ല്യമ്മയ്ക്കു വേണ്ടിയും ആയിരുന്നു. അന്ന് ഞാനാദ്യമായിട്ടാണ് ഒരാൾ സ്വന്തം കല്യാണം ഉടനെ വേണമെന്ന് പറയുന്നത് കേട്ടത്. കല്യാണം ഇനിയൊരാൾ പറഞ്ഞിട്ട് സംഭവിക്കേണ്ടതാണെന്ന് കരുതിയിരുന്നില്ലെങ്കിലും ഉഷ പറഞ്ഞ 'ഹരിയേട്ടന്റെ നാണമില്ലായ്മ' ബോധ്യപ്പെട്ടത് അപ്പോഴാണ്. ''കല്യാണം കഴിക്കൊക്കെ ചെയ്യാം'' എന്നു പറഞ്ഞു തുടങ്ങിയ വല്യമ്മ, തൽക്കാലം പറ്റില്ലെന്നതിന് എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു. ''ന്നാലും അമ്മ വേഗം കഴിച്ചുതരും, ല്ലേ അമ്മേ?'' ഹരിയേട്ടൻ കുട്ടികൾ ചിണുങ്ങുന്നതു പോലെ അഭിനയിച്ചു.

ഹരിയേട്ടൻ ഒരിക്കൽ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ വ്യക്തിപരമായ ഒരു നഷ്ടത്തെക്കുറിച്ച് പറഞ്ഞു. സംഭവം കുറച്ച് കഥകൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞ കാലത്തായിരുന്നു. ഒരു അവധിക്ക് പി.സിമാമ്മയെ കാണാനും തന്റെ 'അയൽക്കാരി' എന്ന കഥയെക്കുറിച്ച് അഭിപ്രായം കിട്ടാനുമാണ് ഹരിയേട്ടൻ അക്കാദമിയിൽ ചെന്നത്. അച്ഛന്റെ അഭിപ്രായത്തെ ഹരിയേട്ടൻ അത്രയേറെ വിലമതിച്ചിരുന്നു. ഹരിയേട്ടൻ പറഞ്ഞു:

''വൈകാതെ ഒരു മീറ്റിങ് കഴിഞ്ഞ് പി.സിമാമ്മയും കുറെ ആളുകളും പുറത്തേയ്ക്ക് വന്നു. എന്നെ കണ്ടതും എന്റെ മനസ്സ് വായിച്ചതുപോലെ പി.സിമാമ്മ പറഞ്ഞു: ''ങാ, ഹരിയുടെ 'അയൽക്കാരി' ഞാൻ വായിച്ചു. അഭിപ്രായം പറയുന്നതിനു മുമ്പേ, പി.സിമാമ്മ ഏതാനും നിമിഷം കണ്ണടച്ചൊന്ന് ധ്യാനിക്കും. ഞാനത് മുമ്പേ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ ഉത്കണ്ഠയോടെ അദ്ദേഹത്തിന്റെ മുഖത്തുനോക്കിനിന്നു. പെട്ടെന്നൊരാൾ പി.സിയെന്ന് വിളിച്ച് എന്തോ കാര്യം ചോദിച്ചു. അദ്ദേഹത്തിനുള്ള ഉത്തരം കൊടുക്കുന്നതിനിടയിൽത്തന്നെ അടുത്തുനിന്നിരുന്ന കടവനാടനോട് പി.സിമാമ്മ എന്തോ ചോദിച്ചു. അതിനിടയ്ക്ക് ആരോ, ''വേറൊരു ഹരികുമാറും ഇപ്പോൾ എഴുതുന്നുണ്ട് അല്ലേ'' എന്ന് എന്നോട് ചോദിച്ചു. വിഷയം വഴിമാറിപ്പോയി. എനിക്കൊരു പഴുതും കിട്ടിയില്ല. കുറച്ചുസമയത്തിനുശേഷം പി.സിമാമ്മയും ചിലരും യാത്ര പറഞ്ഞ് കാറിൽകയറിപോവുകയും ചെയ്തു. ഇതൊരു വലിയ നഷ്ടമായിത്തന്നെ എന്നും ഞാൻ കണക്കാക്കി.''

(ഇത് തന്റെ ജാതകദോഷത്തിന്റെ ഭാഗമായാണ് ഹരിയേട്ടൻ കണക്കാക്കുക. ശൂലപാണി വാരിയർ തനിക്കെഴുതിയ ജാതകത്തിനപ്പുറം കടക്കാൻ തലകുത്തിമറിഞ്ഞിട്ടും തനിക്കായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുക്തിവാദികൾ എതിർത്തുപറഞ്ഞാൽ തന്റെ അനേകം അനുഭവങ്ങൾകൊണ്ട് താനതിനെ നേരിടുമെന്ന് ഹരിയേട്ടൻ മുൻകൂട്ടി വെല്ലുവിളി സ്വീകരിക്കുന്നുണ്ട്. എന്റെ ജീവിതവും ജാതകമെന്ന തിരക്കഥയും - എന്റെ സ്ത്രീകൾ, സ്ത്രീപക്ഷ കഥകൾ എന്ന സമാഹാരത്തിൽ)

അച്ഛനെക്കുറിച്ചുള്ള മറ്റൊരു അനുഭവത്തെക്കുറിച്ച് ഹരിയേട്ടൻ തുടരുന്നു:

''എനിക്കെല്ലാമറിയാമെന്ന ധാരണയിൽ പി.സിമാമ്മ സംസാരിക്കും. എന്നിലുള്ള മതിപ്പ് കളഞ്ഞുകുളിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ മുന്നിലിരിക്കും. സംസാരിച്ചുകൊണ്ടിരിക്കെ ഒരു വാചകം നടുവിൽ നിർത്തി അദ്ദേഹം കണ്ണടച്ചിരിക്കും. ഉറക്കം തന്നെ. എനിക്കുറക്കം വരുന്നുണ്ടാകും. പക്ഷേ, എങ്ങനെയാണ് ഒരു വാചകം പകുതി വെച്ച് നിർത്തിയത് മുഴുവൻ കേൾക്കാതെ എഴുന്നേറ്റു പോവുക. അതു മുഴുമിക്കാനായി ഞാൻ കാത്തുനിൽക്കും. പെട്ടെന്ന് അദ്ദേഹം കണ്ണുതുറന്ന് വാചകം മുഴുമിപ്പിക്കും. ചിലപ്പോൾ അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടായിരിക്കും ഇത്.''

കൊൽക്കത്തയിൽനിന്ന് ഹരിയേട്ടൻ ധാരാളം പാട്ടുകളുടെ റെക്കോർഡുകൾ പുത്തില്ലത്തേയ്ക്ക് അയച്ചുകൊടുത്തു. ഒരവധിക്ക് ഞാൻ പുത്തില്ലത്തുചെന്നപ്പോൾ അവിടെയുള്ളവരെല്ലാം പാശ്ചാത്യ സംഗീതത്തിൽ സാക്ഷരത നേടിയതായി കണ്ടു. എങ്കൽ ബർട്ടിന്റെ 'യു ഹാവ് എ ഗുഡ് തിങ് ഗോയിങ്ങും' ക്ലിഫ് റിച്ചാർഡിന്റെ 'യു ആർ മൈ തീം ഫോർ എ ഡ്രീമും' പിന്നെ, അനേക വ്യത്യസ്ത ശബ്ദങ്ങളുടെ വ്യത്യസ്ത സംഗീതവും പുത്തില്ലത്തെ ഊണുകഴിക്കാനിരിക്കുന്ന തളത്തിൽ കേട്ടു. എന്നാൽ, ആരും പാട്ട് ഉറക്കെവെക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇഷ്ടപ്പെട്ടിരുന്നാലും ആർക്കും അങ്ങനെ ചെയ്യാനാവില്ലായിരുന്നു. കാരണം, അവരുടെ അമ്മമ്മയെ ശല്യപ്പെടുത്തുന്ന ഒരു കാര്യവും വലിയച്ഛൻ അവിടെ അനുവദിച്ചിരുന്നില്ല എന്നതുതന്നെ. ഞങ്ങൾ കോഴിക്കോട്ടു നിന്നെത്തിയാൽ വലിയച്ഛനും മക്കളും ആദ്യം എന്നെ ഓർമിപ്പിച്ചിരുന്ന കാര്യം നീ ആദ്യം അമ്മമ്മയെ കണ്ട് വാ, അല്ലെങ്കിൽ, അമ്മമ്മയ്ക്ക് അത് ഇഷ്ടപ്പെടില്ല എന്നായിരുന്നു. പിന്നീടത് ആരും പറയാതെതന്നെ റെയിൽവേ സ്‌റ്റേഷൻ കവാടത്തിൽ ടിക്കറ്റ് കലക്ടർക്ക് ടിക്കറ്റ് കൊടുത്ത് പുറത്തേയ്ക്ക് പോകുന്നതുപോലെ പുത്തില്ലത്ത് ചെന്നാൽ അമ്മമ്മയെ അറിയിച്ച് ഞാനകത്ത് കയറി നല്ല കുട്ടിയായി. ആ അമ്മമ്മയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഓർമവരുന്ന ഒന്നാമത്തെ വാക്ക്, അവർ എപ്പോഴും പറയുന്ന 'അഹങ്കരിക്കാതെ' എന്നതാണ്. ഉറക്കെ ചിരിക്കുന്നതൊന്നും അമ്മമ്മ ഇഷ്ടപ്പെട്ടില്ല.

ഹരിയേട്ടൻ പുത്തില്ലത്തേക്കയച്ച മറ്റൊരദ്ഭുതം ഫസ്റ്റ് ഡേ കാർഡുകൾ ആയിരുന്നു. എനിക്കുതന്നെ സ്റ്റാമ്പുശേഖരണം ഉണ്ടായിരുന്നതുകൊണ്ട് സ്റ്റാമ്പുകൾ എനിക്കൊരദ്ഭുതമായിരുന്നില്ല. അദ്ഭുതം പുതിയ സ്റ്റാമ്പിറക്കുമ്പോൾ പോസ്റ്റൽ വകുപ്പ് ഇറക്കുന്ന ഫസ്റ്റ് ഡേ കാർഡുകളായിരുന്നു. അങ്ങനെ ഒരു സംഗതിയുണ്ടെന്നൊക്കെ ഞാനാദ്യമായി മനസ്സിലാക്കുന്നത് ഹരിയേട്ടൻ അയച്ചുകൊടുത്ത ഈ കാർഡുകളിൽനിന്നായിരുന്നു.

ഹരിയേട്ടനെയും സതീശേട്ടനെയും മിക്കപ്പോഴും അക്കാലത്ത് ഞാൻ കണ്ടിരുന്നത് ഒന്നിച്ചായിരുന്നു. കാരണം, കൊൽക്കത്തയിൽനിന്ന് അവർ കേരളത്തിലേക്കും പിന്നീട് ഞങ്ങളുടെ കോഴിക്കോട്ടുള്ള വീട്ടിലേക്കും വരുന്നത് ഒന്നിച്ചായിരുന്നു. അതുകൊണ്ട്, പിൽക്കാലത്ത് ഓരോ കാര്യങ്ങൾ ഇവരിൽ ആർ പറഞ്ഞു എന്നോർക്കുന്നതിൽ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടി. രണ്ടുപേരും കൂടി ഒരു വ്യക്തിയായതുപോലെ. രണ്ടുപേരും എസ്.എസ്.എൽ.സി. പൊന്നാനിയിൽനിന്ന് പാസായശേഷം കൊൽക്കത്തയ്ക്ക് പോയവരാണ്. അവർ യുവാക്കളാണെന്നായിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. പിന്നീട്, എന്റെ മകന് 17 വയസ്സായപ്പോഴായിരുന്നു എത്ര കുട്ടിപ്രായത്തിലാണ്, അവർ ഹിന്ദിപോലും വശമില്ലാതെ കൊൽക്കത്തയ്ക്ക് ജോലിയന്വേഷിച്ച് പോയതെന്ന് അദ്ഭുതപ്പെടുന്നത്! തനി ഗ്രാമീണരായിരുന്ന വല്യച്ഛനും വല്യമ്മക്കും അത് എത്രത്തോളം ഉത്കണ്ഠ ഉണ്ടാക്കിയിരുന്നിരിക്കണം.

ഒരിക്കൽ തിരിച്ചുവന്നപ്പോൾ കൊൽക്കത്ത യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ അന്നേ നിലനിന്നിരുന്ന കള്ളത്തരത്തെക്കുറിച്ചും കത്തി ഡസ്‌കിന്മേൽ കുത്തിനിർത്തി ഓരോരുത്തർ പരീക്ഷ നോക്കിയെഴുതുന്നതിനെപ്പറ്റിയും ഒക്കെ സതീശേട്ടനാണെന്ന് തോന്നുന്നു, പറഞ്ഞത് ഓർക്കുന്നു. അക്കാലത്തെപ്പോഴോ ഉള്ള ഇലക്ഷനിലാണെന്ന് തോന്നുന്നു ഇന്ത്യയിലാദ്യത്തെ (അല്ലെങ്കിൽ എന്റെ ശ്രദ്ധയിൽപെട്ട ആദ്യത്തെ) ബൂത്ത് പിടിച്ചടക്കൽ നടന്നത്. അന്ന് കോൺഗ്രസുകാരായിരുന്നു അത് ചെയ്തത്. തട്ടിക്കൊണ്ടുപോകുന്ന ബാലറ്റുപെട്ടിയുടെ, കാറിനുള്ളിലുള്ള, പടം മനോരമ കൊടുത്തത് ഇന്നും എന്റെ ഓർമയിലുണ്ട്. അന്ന് സതീശേട്ടനും ഹരിയേട്ടനും വസിക്കുന്ന സ്ഥലം മാത്രമാണ് എനിക്ക് കൊൽക്കത്ത. കൊൽക്കത്തയ്ക്ക് പോകുന്നതിനും കുറച്ചുകാലം മുൻപുതന്നെ വേനലവധിക്ക് അവർ കോഴിക്കോട്ട് വരാറുണ്ടായിരുന്നു. അന്ന് പൊന്നാനി നാട്ടിൻപുറമായും കോഴിക്കോട് നഗരവുമായാണ് സാധാരണ കണക്കാക്കാറുണ്ടായിരുന്നത്. മറ്റെല്ലാത്തിനും പുറമെ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന പുസ്തകശേഖരവും അവരെ പ്രത്യേകിച്ച് കോഴിക്കോട്ടേക്കാകർഷിച്ചു എന്ന് ഹരികുമാർ എഴുതിയിട്ടുണ്ട്.

സെപ്റ്റംബർ 2010-ന്റെ കേരള കൗമുദിയിൽ എന്റെ ആദ്യകഥകൾ എന്ന ലേഖനത്തിൽ ഹരികുമാർ പറയുന്നു:

''പി.സിമാമ്മന്റെ വീട്ടിൽ പുസ്തകങ്ങളുടെ നല്ലൊരു ശേഖരമുണ്ടായിരുന്നു. എന്നുവെച്ചാൽ, ഒരു പതിനാലു പതിനഞ്ചു വയസ്സുകാരന് താല്പര്യമുണ്ടാവുന്ന തരത്തിലുള്ള കഥകളും നോവലുകളും. അച്ഛന്റെ അലമാരിയിൽ അധികവും കവിതാ പുസ്തകങ്ങളാണുണ്ടായിരുന്നത്. ഞാനും സതീശേട്ടനും വേനലവധിക്ക് കോഴിക്കോട്ട് പോകുമ്പോൾ ആർത്തിപിടിച്ച വായനയാണ്. അവിടെവെച്ചാണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ 'നാടൻ പ്രേമം' എന്ന നോവൽ വായിച്ചത്. എനിക്കന്ന് പതിമൂന്ന് വയസ്സായിട്ടുണ്ടാകും. ആ നോവലെന്നെ വളരെ ആകർഷിച്ചു. തിരിച്ച് പൊന്നാനിയിൽ എത്തിയപ്പോഴും നോവലിലെ കഥ മനസ്സിൽ സജീവമായിട്ടുണ്ടായിരുന്നു. തിരിച്ചെത്തിയ ഉടനെ ഒരു കഥയെഴുതി സതീശേട്ടനെ കാട്ടി. പൊറ്റെക്കാട്ടിന്റെ കഥ സ്വന്തം ഭാഷയിലെഴുതിയതായിരുന്നു അത്. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് സതീശേട്ടൻ പറഞ്ഞു".

അതിനുശേഷമെഴുതിയ കഥയാണ് വാസ്തവത്തിൽ ഹരികുമാറിന്റെ ഒന്നാമത്തെ കഥ. ഹരിയേട്ടൻ അത് വലിയച്ഛനെ കാട്ടി. നന്നെന്നുള്ള അഭിപ്രായവും കിട്ടി. കൊൽക്കത്തയിലെത്തിയപ്പോഴും കഥയെഴുത്ത് തുടർന്നു: 18 വയസ്സ് മാത്രമുള്ളപ്പോഴാണ് 'മഴയുള്ള ഒരു രാത്രിയിൽ' എന്ന കഥയെഴുതിയത്. ഹരിയേട്ടൻ പതിവുപോലെ അത് വല്യച്ഛന് അയച്ചുകൊടുത്തു. കുറെ നിർദേശങ്ങളുമായി വല്യച്ഛൻ അത് മടക്കി അയച്ചു. നിർദേശങ്ങളൊക്കെ പഠിച്ചും ക്ഷമയോടെ മാറ്റിയെഴുതിയും ഹരിയേട്ടൻ വീണ്ടും ആ കഥ വല്യച്ഛന് അയച്ചു. അക്കാലത്തെ ഹരിയേട്ടന്റെ വായനക്കാർ, അമ്മ, അച്ഛൻ, സഹോദരങ്ങൾ എന്നിവർ മാത്രം. ഈ സംഭവം ഹരികുമാർ തന്നെ പറയുന്നു.

''ആ കഥ തരക്കേടില്ല എന്ന് അച്ഛന് തോന്നിയിട്ടുണ്ടാകണം. അദ്ദേഹം അത് പി.സിമാമ്മന് അയച്ചുകൊടുത്തു. അഭിപ്രായമറിയാൻ. അദ്ദേഹമാണല്ലോ കഥയുടെ ആചാര്യൻ. പി.സിമാമ്മയുടെ കത്ത് ഉടനെ വന്നു. ''ഹരിയെ ഗൗരവമായി എടുക്കേണ്ട സമയമായിരിക്കുന്നു. ഞാനീ കഥ വർഗീസ് കളത്തിലിന് അയച്ചുകൊടുക്കുകയാണ്. വർഗീസ് കളത്തിലാണ് അന്ന് മലയാള മനോരമ ആഴ്ചപ്പതിപ്പ് നോക്കിയിരുന്നത്. താമസിയാതെ അദ്ദേഹത്തിന്റെ കത്തുവന്നു. കഥ വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു മകനെ ലഭിച്ചതിൽ ഇടശ്ശേരി ഭാഗ്യവാനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് അച്ഛൻ പി.സിമാമ്മന്റെയും വർഗീസ് കളത്തിൽ സാറിന്റെയും കത്തുകൾ എനിക്ക് അയച്ചുതന്നിരുന്നു. കഥ മലയാള മനോരമ വാരികയിൽ വന്നു. 1962-ലാണ് അത്. അതിനുശേഷം രണ്ട് കഥകൾകൂടി മനോരമയിൽ വന്നതിനുശേഷമാണ് എന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരുന്നത്. ആദ്യം വന്ന കഥ, 'ഉണക്ക മരങ്ങൾ'. എം.ടി. എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ചെറിയ തിരുത്തുകൾ വരുത്തുകയും അങ്ങനെ തിരുത്തിയത് ശ്രദ്ധിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.'' (എന്റെ ആദ്യ കഥകൾ- ഇ. ഹരികുമാർ, കേരള കൗമുദി 1.9.2010)

സ്വപ്നങ്ങളും ചിത്രകലയുടെ സ്വാധീനവും കൂട്ടിച്ചേർത്ത് മെടഞ്ഞെടുത്തൊരു മനോഹര കഥയാണ് 'കൂറകൾ' എന്ന സമാഹാരത്തിലെ 'ഉണക്കമരങ്ങൾ' അത് ഏതൊക്കെയോ സർ റിയലിസ്റ്റിക് ചിത്രങ്ങളെയും സർ സിഡ്‌നി നൊളാൻ എന്ന ആസ്‌ട്രേലിയൻ ചിത്രകാരന്റെ ചിത്രങ്ങളെയും എന്നെ ഓർമിപ്പിച്ചു. 'കൂറകൾ', 'ഇരുട്ടിലൂടെ', 'പരുന്തുകൾ വട്ടം ചുറ്റുമ്പോൾ' തുടങ്ങിയ കഥകളിലൊക്കെ കഥാപാത്രങ്ങൾ പലപ്പോഴും ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിലുള്ള ഒരവസ്ഥയിലാണ്. ആ അവസ്ഥ പല നല്ല ചിത്രങ്ങളെയും പുറത്തെടുക്കുന്നുമുണ്ട്. ചിലത് ഭീതിദമാണെങ്കിൽക്കൂടി. ''കാരണം കണ്ണടച്ചാൽ മുത്തുകളുടെ ഒരു സമുദ്രം താഴെക്കൂടി ഒഴുകിപ്പോകുന്നുണ്ടെന്ന് തോന്നും. അതിനുമുകളിൽ പ്രകാശമുള്ള ചെറിയ വസ്തുക്കൾ വട്ടമിടും. കൊയ്ത്തുകഴിഞ്ഞു കിടക്കുന്ന മഞ്ഞ വയലുകൾക്കുമീതെ ശുഭ്രമേഘങ്ങൾ പാറിക്കളിക്കുന്ന നീലാകാശത്തിൽ പറന്നുചുറ്റുന്ന പരുന്തുകൾപോലെ.'' ''ചുറ്റും അനന്തമായ ശൂന്യാകാശമാണ്. അതിൽ ഭീമാകാരമായ തേജോഗോളങ്ങൾ കറങ്ങുന്നു. ഗോളങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്നതു നേരിയ മിനുസ്സമുള്ള ഒരു പ്രകാശരേഖയാണ്. ഗോളങ്ങൾ നിശ്ചിത പന്ഥാവിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എല്ലാം ഭദ്രം. ആശ്വാസത്തിന്റെ കണികകൾ അടങ്ങിയൊതുങ്ങുമ്പോഴേയ്ക്ക്, പ്രകാശരേഖകൾ വലിഞ്ഞു മുറുകി പൊട്ടിത്തകരുന്നു. ഭീമാകാരഗോളങ്ങൾ ലക്ഷ്യമില്ലാതെ ഭീഷണിയോടെ അലയുന്നു.'' മറ്റൊരു നൊളാൻ കാഴ്ച ''കറുത്ത ബിന്ദു വളർന്നുവന്ന് ഒരു രൂപം പ്രാപിച്ചു. അതൊരശ്വാരൂഢനാണെന്നയാൾക്ക് മനസ്സിലായി. കുതിരയുടെ ചലനത്തിനനുസരിച്ച് അയാളുടെ ആകാരം ഉയരുകയും താഴുകയും ചെയ്തു. ഒരു മരീചികപോലെ, നെടുവീർപ്പിടുന്ന തിരപോലെ'' (മധുവിധു 1971)

ചിത്രകാരൻ കഥാപാത്രമായി വരുന്ന 'ഞാൻ നിന്നിൽ' (1970) എന്ന കഥയിൽ സെസാന്റെ നിശ്ചലദൃശ്യത്തിന്റെയും പിക്കാസോയുടെ ഗിറ്റാർ വായിക്കുന്ന വൃദ്ധന്റെയും ശിൽപി റോഡന്റെയും ഒക്കെ പരാമർശമുണ്ട്.

‘...സോഫയിൽ അവളുടെ അടുത്തുകിടന്ന പുസ്തകം ചിത്രകാരൻ കണ്ടു. ചിത്രശലഭങ്ങൾ. അയാൾ നിർത്തി നിർത്തി വായിച്ചു. ഹായ് നിന്റെ ആദ്യത്തെ കുട്ടി. ഒരു ചിത്രകാരന്റെ മുഖച്ഛായയുള്ള അയാളുടെ രക്തം സിരകളിലോടുന്ന കുട്ടി.

1970 കാലത്തൊക്കെ കേരളത്തിൽ ചിത്രകലയെ സംബന്ധിക്കുന്ന എന്തെങ്കിലും പുസ്തകം കിട്ടാൻ വളരെ വളരെ വിഷമമായിരുന്നു. കേരളത്തിനു വെളിയിൽ പോകുന്നവർക്കും അല്ലെങ്കിൽ സംഘടിപ്പിച്ചുകൊടുക്കാൻ ആളുള്ളവർക്കും മാത്രമേ ഈ പുസ്തകങ്ങൾ കിട്ടുമായിരുന്നുള്ളൂ. സംഗീതത്തെപ്പറ്റി നേരത്തെ പറഞ്ഞതുപോലെ ചിത്രകലാ സാക്ഷരതയും പുത്തില്ലത്ത് നേരത്തേ എത്തി. കുറച്ച് പുസ്തകങ്ങൾ ഞാനവിടെനിന്ന് കണ്ടിട്ടുണ്ടായിരുന്നു. പിന്നീട് 'ദ ഗ്രേറ്റ് ആർട്ടിസ്റ്റ് സീരീസ്' അനേകം ഹരിയേട്ടന്റെ കൈയിൽ കണ്ടിട്ടുണ്ട്. അവിടന്ന് കുറെക്കാലംകൂടി കഴിഞ്ഞാണ് ചിത്രകല / ശില്പകലയെ സംബന്ധിക്കുന്ന ഗ്രന്ഥങ്ങൾ കേരളത്തിൽ സാധാരണമായത്. പുത്തില്ലത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ത്യയിലെതന്നെ ഒരു വലിയ ചിത്രകാരിയായ ടി.കെ. പദ്മിനി കുറച്ചുകാലം (സ്‌കൂൾ കാലം) കഴിഞ്ഞത് പുത്തില്ലത്താണ് എന്നതാണത്. പ്രസിദ്ധ ചിത്രകാരൻ കെ. ദാമോദരന്റെ ഒരു പെയിന്റിങ് പിൽക്കാലത്ത് ഞാനവിടെ കണ്ടിട്ടുണ്ട്.

തന്റെ അനുഭവലോകം കൂടുതൽ സമ്പന്നമായപ്പോൾ ജീവിതവീക്ഷണം വികസിച്ചപ്പോൾ ചിത്രകലയോടുള്ള ഈ അഭിനിവേശത്തിൽ കുടുങ്ങിക്കിടന്നാൽ തനിക്ക് പറയാനുള്ളതിന് പരിധി വന്നേക്കും എന്ന് അദ്ദേഹം ഭയന്നിരിക്കണം. തുടർന്ന്, മുംബൈയിലേക്ക് ജീവിതം മാറിയപ്പോൾ ജനജീവിതവുമായുള്ള അടുത്ത ബന്ധത്തിന് അദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. സാഹിത്യ സൃഷ്ടിക്ക് അതാണ് അത്യാവശ്യഘടകമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അക്കാലമാകുമ്പോഴേയ്ക്ക് ഏറക്കുറെ നിലച്ചുപോയിരുന്ന സാഹിതീ സേവനം അദ്ദേഹം അവിടെവെച്ചാണ് പൂർവാധികം ഉത്സാഹത്തോടെ തുടരുന്നത്.

യൂറോപ്യൻ, അമേരിക്കൻ എഴുത്തുകാരുടെ ചിന്തകൾ ഹരികുമാറിന്റെ സൗന്ദര്യദർശനത്തെ പോഷിപ്പിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ സൗന്ദര്യദർശനം തികച്ചും ഭാരതീയം തന്നെയാണ്. ഇടശ്ശേരിയും കുമാരനാശാനും അടക്കമുള്ള കവികൾ അടിത്തറയായി നിൽക്കുമ്പോൾ അങ്ങനെ സംഭവിച്ചത് തികച്ചും സ്വാഭാവികം. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്താഗതിയെ രൂപപ്പെടുത്തുന്നതിൽ 'നേക്കഡ് ഗോഡ്' എഴുതിയ ഹോവാഡ് ഫാസ്റ്റും 'ഡാർക്‌നസ് അറ്റ് നൂൺ' എഴുതിയ കെയ്സ്റ്റലറും ഡോ. ഷിവാഗോയും മറ്റനേകം മനോഹരങ്ങളായ കവിതകളുമെഴുതിയ ബോറിസ് പാസ്റ്റർനാക്കും നല്ല പങ്കുവഹിച്ചു.

ഇതിനുപുറമെ ഹംഗറിയിലെ തൊഴിലാളി സമരം അടിച്ചമർത്താൻ റഷ്യൻ ടാങ്കുകൾ അയച്ചത്, പോളണ്ട്, ചെക്കോസ്ലാവാക്യ, ഹംഗറി തുടങ്ങിയ രാഷ്ട്രങ്ങൾ റഷ്യയുടെ കോളനിയായി മാറിയത്, ചൈന ഇന്ത്യയെ കടന്നാക്രമിച്ചത്, ആ കാലത്ത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രാജ്യദ്രോഹപരമായ നിലപാട് എല്ലാം എന്നിൽ ആഴമുള്ള ആഘാതമുണ്ടാക്കി. ബർലിൻ മതിൽ പൊളിക്കാനിടയാക്കിയ സംഭവ വികാസങ്ങളും കിഴക്കും പടിഞ്ഞാറും ജർമനികൾ തമ്മിലുണ്ടായിരുന്ന അവിശ്വസനീയമായ സാമ്പത്തിക അസമാനതയും പാവപ്പെട്ടവരുടെ ഉന്നതിക്ക് കമ്യൂണിസമല്ല വേണ്ടതെന്നും നിസ്വനെ നിസ്വനായിത്തന്നെ നിലനിർത്താനുള്ള ഒരു പ്രത്യയശാസ്ത്രമാണെന്നും തെളിയിച്ചു. ഞാൻ അൻപത്തൊൻപതു മുതൽ വിശ്വസിച്ചു പോന്നതെല്ലാം ശരിയാണെന്ന് പിന്നീട് ആഗോളതലത്തിൽ കമ്യൂണിസത്തിനുണ്ടായ തകർച്ച തെളിയിക്കുകയും ചെയ്തു. (എന്റെ പ്രവാസ ജീവിതവും സാഹിത്യവും 2005) ഇതും ഹരികുമാറിന്റെ ചിന്താഗതിയെയും സൗന്ദര്യ ദർശനത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഹരികുമാർ പല കഥകളും എഴുതിയിട്ടുള്ളത്. ആത്മാംശമുള്ള ധാരാളം കഥകളുണ്ട്. നൂറ്ററുപതിലധികം കഥകൾ ഹരികുമാർ എഴുതിയിട്ടുണ്ട്. എണ്ണത്തിൽ മാത്രമല്ല, പുതിയൊരു ഭാവുകത്വം കൊണ്ടുവരുന്നതിലും ഹരികുമാർ വിജയിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് നിരൂപകരും മാധ്യമങ്ങളും ഹരികുമാറിനെ മലയാളത്തിലെ ഒരു മേജർ കഥാകൃത്തായി പരിഗണിക്കാത്തത് എന്നറിയില്ല. 'ദിനോസറിന്റെ കുട്ടി', 'സൂര്യകാന്തിപ്പൂക്കൾ', 'ഒരു കങ്ഫൂഫൈറ്റർ', 'ഒരു വിശ്വാസി' തുടങ്ങിയവയൊക്കെയാണ് ഹരികുമാർ ചൂണ്ടിക്കാട്ടുന്ന ആത്മാംശമുള്ള കഥകൾ. ഒരുപക്ഷേ, ഇതുമാത്രമായിരിക്കില്ല. 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ', 'സൈബർ നിഴൽയുദ്ധം', 'വാഷിങ്‌മെഷീൻ', 'തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം', 'കോമാളി', 'കള്ളിച്ചെടി', 'സ്ത്രീഗന്ധമുള്ള മുറി', 'ആശ്വാസം തേടി', 'നഷ്ടക്കാരി', 'മേഘങ്ങൾ പഞ്ഞിക്കെട്ടുകൾപോലെ', 'അവൾ പറഞ്ഞു ഇരുളും വരെ കാക്കൂ' തുടങ്ങിയവയിലൊക്കെ ആത്മാംശമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

ഹരികുമാറിന്റെ കഥകളിലെ പുതിയ സ്ത്രീ സ്വത്വാവിഷ്‌കാരങ്ങൾ അപഗ്രഥനത്തിന് വിഷയമാക്കേണ്ടതാണ്. സ്ത്രീയുടെ ഭാഗത്തുനിന്നുകൊണ്ടുള്ള സ്ത്രീപക്ഷ കഥകൾ രചിച്ച പുരുഷന്മാർ അധികമില്ല. കേരളത്തിലെ സ്ത്രീകൾപോലും സ്ത്രീപക്ഷ കഥകൾ രചിക്കുമ്പോൾ സ്വന്തം അനുഭവങ്ങളെയല്ല ആശ്രയിക്കുന്നതെന്ന ദയനീയ അവസ്ഥയുള്ളപ്പോഴാണ് ഒരു പുരുഷൻ അതിനുള്ള ധീരത കാണിക്കുന്നത്. സ്വന്തം അനുഭവങ്ങളെ ആശ്രയിച്ച് ആത്മാർത്ഥമായി സ്ത്രീപക്ഷ കഥകൾ രചിക്കാൻ ധൈര്യപ്പെട്ടത് മാധവിക്കുട്ടി, സാറാ ജോസഫ് അങ്ങനെ ചിലർ മാത്രം. ബാക്കി അധികം പേരും തിയറിക്കൊത്ത കഥ മെനയുക മാത്രമായിരുന്നില്ലേ എന്ന് സ്വയം പരിശോധിക്കണം.


* ഇടശ്ശേരിയുടെ പൊന്നാനിയിലെ ഗൃഹമാണ് പുത്തില്ലം
* *ഉറൂബിന്റെ പുത്രനാണ്‌ ലേഖകന്‍

മാധ്യമം ആഴ്ചപ്പതിപ്പ് - 2011 ഡിസംബർ 27

ആര്ട്ടിസ്റ്റ് ഇ. സുധാകരന്‍

അനുബന്ധ വായനയ്ക്ക്