സ്നേഹത്തിന്‍റെ കാവല്‍ക്കാരന്‍

ബിന്ദു കെ. പ്രസാദ്

ഇടശ്ശേരിയുടെ മകനായ ഹരികുമാർ ഒരു തുറന്ന പ്രകൃതക്കാരനാണ്. തുറന്ന ചോദ്യങ്ങളും തുറന്ന ഉത്തരങ്ങളുമാണദ്ദേഹത്തിനിഷ്ടം. പതിനേഴാം വയസ്സിൽ നാടുവിട്ട ഹരികുമാർ, കൽക്കത്ത, ബോംബെ, ദില്ലി തുടങ്ങിയ നഗരങ്ങളിൽ ജോലി നോക്കി. അവസാനം ഉദ്യോഗം രാജിവച്ച് അഞ്ചുവർഷങ്ങൾക്കു മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോൾ അദ്ദേഹം എറണാകുളത്ത്, താമസിക്കുന്നു. ഭാര്യ ലളിത, മകൻ എട്ടാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയായ അജയൻ.

ബിന്ദു: അണിയറയിലെ കലാകാരനെ കാണികൾക്ക് പരിചയപ്പെടുത്തുന്നതിൽ അപാകതയുണ്ടോ?

ഹരികുമാര്‍: ഒരു പരിധിവരെ കലാകാരന്റെ സ്വകാര്യജീവിതം ആസ്വാദകർ മനസ്സിലാക്കുന്നത് നല്ലതാണ്. അവരുടെ സൃഷ്ടികളെ മനസ്സിലാക്കാനും വിലയിരുത്താനും അതുപകരിക്കും. പക്ഷേ, എല്ലാ സാഹിത്യകാരന്മാരും അതിഷ്ടപ്പെട്ടെന്ന് വരില്ല. ഉദാഹരണമായി കുടംബബന്ധങ്ങളിൽ നിന്നെല്ലാം ഓടിപ്പോയി സദാസമയവും കഞ്ചാവും ഹെറോയിനും അടിച്ചു നടക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സാഹിത്യകാരന്മാർ സ്വന്തം ജീവിതത്തിൽ ലഹരിപദാർത്ഥങ്ങൾ തൊടാത്തവനും വളരെ ആദർശപരമായ കുടുംബജീവിതം നയിക്കുന്നവനുമായിരി ക്കും. മറിച്ച് സദാചാരത്തെപ്പറ്റിയും കുടുംബജീവിതത്തിന്റെ നൈർമല്യത്തെപ്പറ്റിയും വാതോരാതെ പറയുന്ന സാഹിത്യകാരന്റെ ജീവിതം മറിച്ചുമാകാം. അപ്പോൾ തങ്ങളെ നഗ്നരാക്കുന്നത് അവർക്കിഷ്ടപ്പെട്ടെന്ന് വരില്ല. താൻ എഴുതുന്നതെന്തും സത്യസന്ധമാണെന്നുറപ്പുള്ളവർക്ക് ഈ ഭയമുണ്ടാവില്ല.

എന്റെ വ്യക്തിജീവിതം നിങ്ങളുടെ മുമ്പിൽ തുറന്നുവയ്ക്കാം. എന്റെ കഥകളിൽ അതിന്റെ പ്രതിഫലനങ്ങൾ ധാരാളമുണ്ട്.

ബിന്ദു: സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം വളരെ നന്നായിട്ടുള്ള കഥകളേതൊക്കെയാണ്?

ഹരികുമാര്‍: ആശ്വാസംതേടി, ദിനോസറിന്റെ കുട്ടി, സർക്കസ്സിലെ കുതിര, കങ്ഫുഫൈറ്റർ തുടങ്ങിയവ.

ബിന്ദു: ഇവയിലൊക്കെ ആത്മാംശം വളരെയുണ്ടെന്നാണോ പറയുന്നത്?

ഹരികുമാര്‍: അതെ, പലകഥകളിലും ആത്മാംശം കാണാം, ചില കഥാപാത്രങ്ങളിൽ, ചില സന്ദർഭങ്ങളിൽ, അത് അനിവാര്യമാണ്. ഞാൻ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്, കഥാപാത്രം എന്റെ മുമ്പിൽ ആകസ്മികമായി പ്രത്യക്ഷപ്പെടുകയാണ്. ആ പാത്രത്തിന് ചുറ്റുമുള്ള പരിവേഷം കൊടുക്കുന്നത് ഞാനാണ്. അതിന്റെ തന്മയത്വം എത്രത്തോളമുണ്ടെന്നത് എന്റെ കഴിവിനേയോ കഴിവുകേടിനേയോ ആശ്രയിച്ചിരിക്കും. കഥകളിലെ എല്ലാ സന്ദർഭങ്ങളും അനുഭവങ്ങളാകണമെന്നില്ല. അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെപ്പറ്റി കഥകളെഴുതിയിട്ടുമുണ്ട്. അല്പസ്വല്പം വ്യത്യാസങ്ങളോടെ നിറഭേദങ്ങളോടെ.

'ദിനോസറിന്റെ കുട്ടി' എന്ന കഥയിലെ ദിനോസർ ഉദാഹരണമായി എടുക്കാം. മകന് അഞ്ചാറു വയസ്സുള്ളപ്പോൾ അവന്റെ വളർത്തുമൃഗമായിരുന്നു ദിനോസർ. ഒരു ദിനോസർ കുട്ടിയെ വളർത്തുന്നതായി അവൻ ഭാവിക്കും. ആ കാലത്താണ് എന്റെ ജീവിതത്തിൽ വളരെയധികം കോളിളക്കമുണ്ടായിട്ടുള്ളത്. സാമ്പത്തിക പരാജയങ്ങളും വ്യക്തിപരമായ കലാപങ്ങളും. അവ എന്നിൽ മായാത്ത ചില മുറിവുകളുണ്ടാക്കി. ആ കാലത്ത് ഞങ്ങൾക്ക് വളരെയധികം ക്ലേശിച്ചു ജീവിക്കേണ്ടിവന്നു. മകനെ തീരെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട്, രണ്ടു മൂന്നുകൊല്ലങ്ങൾക്കുശേഷം ഈ സംഭവങ്ങൾ പെട്ടെന്നൊരു ദിവസം മനസ്സിൽ തിങ്ങിക്കയറി. ഞാൻ 'ദിനോസറിന്റെ കുട്ടി' യെന്ന കഥയെഴുതുകയും ചെയ്തു.

ബിന്ദു: താങ്കളുടെ കഥകളിൽ പൊതുവെ സമൂഹം 'അവിഹിത'മെന്നു വിളിക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങളെ ന്യായീകരിച്ചു കാണാറുണ്ട്. താങ്കൾ യഥാർത്ഥത്തിൽ ഈ തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നുണ്ടോ?

ഹരികുമാര്‍: എന്റെ പല കഥകളിലും സാധാരണ ജനങ്ങൾ അസാന്മാർഗ്ഗികമെന്ന് വിധിയെഴുതുന്ന സ്‌നേഹബന്ധങ്ങൾ കാണാം. അവയെ ന്യായീകരിച്ച് ചില കഥാപാത്രങ്ങൾ സംസാരിക്കുന്നതും, ഈ ആശയങ്ങളിൽ ഞാൻ തന്നെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടെന്നാണ്. 'സ്ത്രീഗന്ധമുള്ള മുറി' യിൽ മോഹൻ പറയുന്നു. 'സ്‌നേഹമുള്ളിടത്തോളം കാലം ഏത് ലൈംഗിക ബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്‌നേഹമില്ലെങ്കിൽ ഏതു ബന്ധവും ഭാര്യയും ഭർത്താവും കൂടിയുള്ളതു കൂടി, വ്യഭിചാരമാണ്'. ഇതിൽ ഞാൻ വിശ്വസിക്കുന്നു. ഒരു വ്യക്തിക്ക് ഒരേ സമയം രണ്ടു പേരോട് സ്‌നേഹമുണ്ടാകുന്നതിൽ അപാകതയൊന്നും ഞാൻ കാണുന്നില്ല. കല്യാണം കഴിച്ചതുകൊണ്ട് രണ്ടുപേരും അവരുടെ വ്യക്തിത്വം അടിയറവയ്ക്കുന്നില്ല. സ്‌നേഹിക്കപ്പെടാനുള്ള സ്വാതന്ത്ര്യം വച്ചുകൊണ്ടുതന്നെ അന്യോന്യം ആത്മാർപ്പണം ചെയ്യാൻ കഴിവുള്ളവരാണ് നല്ല ദമ്പതിമാർ.

ബിന്ദു: ഈയിടെ എന്റെയൊരു സുഹൃത്ത് താങ്കളുടെ കഥകൾ വായിച്ചിട്ട് മനഃപൂർവ്വം സെക്‌സിലേക്ക് വലിച്ചിഴയ്ക്കുന്നു എന്ന് പറഞ്ഞുകേട്ടു. ഈ അഭിപ്രായ പ്രകടനത്തെക്കുറിച്ച് എന്തു പറയുന്നു?

ഹരികുമാര്‍: സെക്‌സ് ആവശ്യമുള്ളിടത്ത് അതിന്റെ മനോഹാരിതയോടെ വരച്ചുകാട്ടാനേ ശ്രമിച്ചിട്ടുള്ളു. സെക്‌സ് നമ്മുടെയൊക്കെ ജീവിതത്തിലുണ്ട്. അതവിടെ ഇല്ല എന്ന് നടിക്കുന്നതിൽ കാര്യമൊന്നുമില്ല. എന്റെ കഥകളിൽ സെക്‌സുണ്ടെന്നു പറയുന്നവർ, ക്രീം ബിസ്‌ക്കറ്റിന്റെ ക്രീം മാത്രം തിന്ന് ബിസ്‌ക്കറ്റ് വലിച്ചെറിയുന്ന കുട്ടികളെപ്പോലെയാണ്. അവർക്ക് പക്വത വന്നിട്ടില്ല. അവർ വളരട്ടെ. പിന്നെ സെക്സിനും വൾഗാരിറ്റിക്കും ഇടയിലുള്ള വരമ്പ് വളരെ നേരിയതാണ്. ആ വരമ്പാകട്ടെ കുറെയൊക്കെ ആസ്വാദകന്റെ മനസ്സിലാണ് താനും.

സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ഹരികുമാറിന് പറയാനുണ്ട്. 'സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീസമത്വവും കുറച്ചൊരു ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയാണ്. ശരിക്ക് പറഞ്ഞാൽ സ്ത്രീകൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതേതുതരം സ്വാതന്ത്ര്യം? എന്തിനുള്ള സ്വാതന്ത്ര്യം? സ്ത്രീപുരുഷ സമത്വത്തെപ്പറ്റി സംസാരിച്ച് നടക്കുന്ന പല സ്ത്രീകളും സ്വന്തം ഭർത്താക്കന്മാർക്ക് ഒരു കപ്പുചായയുണ്ടാക്കാൻ പോലുമറിയില്ല എന്ന് അഭിമാനപൂർവ്വം പറയും. സ്വാതന്ത്ര്യത്തിനുവേണ്ടി സ്ത്രീകൾ ഓഫീസുകളിൽ ജോലിക്ക് പോകണമെന്നില്ല. വീട്ടുഭരണം, കുട്ടികളെ പ്രസവിച്ചു വളർത്തൽ, ഇതെല്ലാം ഒരു ഫുൾടൈം ജോലിയാണ്. അതിനവർക്ക് ഭർത്താവിന് തുല്യമായ വേതനം കിട്ടുകയും വേണം. ഒരാൾക്ക് രണ്ടായിരം ഉറുപ്പിക ശമ്പളം കിട്ടുകയാണെങ്കിൽ അതിൽ പകുതി ഭാര്യയുടെ ശമ്പളമാണ്. അവർ വീട്ടിലിരുന്നുകൊണ്ട് കാര്യങ്ങൾ ഭംഗിയായി നടത്തുന്നതുകൊണ്ട് മാത്രമാണ് ഭർത്താവെന്ന മാന്യന് ഓഫീസിൽ പോയി ജോലിയെടുക്കാൻ പറ്റുന്നത്. അപ്പോൾ അയാളുടെ ശമ്പളം വെറും ആയിരം ഉറുപ്പികയേഉള്ളു. മറ്റെ ആയിരം ഭാര്യയുടെ ശമ്പളമാണ്. അതവർക്ക് കൊടുത്തേതീരു. അതിനുവേണ്ടി ഭാര്യമാർ സംഘടിക്കുന്നത് നന്ന്. അതുപോലെ ഈ കാര്യത്തെക്കുറിച്ച് ഭർത്താക്കന്മാരേയും ബോധവാന്മാരാക്കണം. താനാണ് കുടുംബനാഥൻ, താനാണ് പണം സമ്പാദിച്ചുകൊണ്ടുവരുന്നത് എന്ന ഗർവ്വ് ഇല്ലാതാക്കണം. സമത്വം തുടങ്ങേണ്ടത് ഇവിടെ നിന്നാണ്.

ബിന്ദു: താങ്കളുടെ 'കുങ്കുമം വിതറിയ വഴികൾ' എന്ന കഥാസമാഹാരം അച്ഛന് സമർപ്പിച്ചിരിക്കുന്നതായി കണ്ടു. അതിൽ അച്ഛനെ 'പ്രാകൃതനായ തോട്ടക്കാരൻ' എന്നാണല്ലോ വിശേഷിപ്പിച്ചിട്ടുള്ളത്. ആ പേരിലൊരു കഥയും അതിലുണ്ട്. എന്താണിതിന് കാരണം?

ഹരികുമാര്‍: 'പ്രാകൃതനായ തോട്ടക്കാരൻ' എന്ന കഥയെഴുതിയപ്പോൾ അച്ഛനായിരുന്നോ മനസ്സിൽ എന്നറിയില്ല. പക്ഷേ, പിന്നീടത് വായിച്ചപ്പോൾ തോന്നിയത് ആ തോട്ടക്കാരൻ അച്ഛൻ തന്നെയാണെന്നാണ്. അച്ഛന്റെ കലോപാസനയാണ് തോട്ടം. കള്ളികളും അപ്പച്ചെടികളും അച്ഛന്റെ കവിതകളും ആ തോട്ടത്തിൽ വാസനയുള്ള പനിനീർപ്പൂക്കൾ കണ്ടെന്നുവരില്ല. അച്ഛന്റെ ജീവിതം വളരെ ക്ലേശകരമായിരുന്നു. പലപ്പോഴും നിത്യവൃത്തിക്കുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കാതെ അദ്ദേഹം നാടകോത്സവങ്ങളും ചർച്ചായോഗങ്ങളും കവി സമ്മേളനങ്ങളും സംഘടിപ്പിക്കാൻ നടന്നിരുന്നത്, കവിതയോ നാടകമോ എഴുതിയിരുന്നത് എനിക്കോർമ്മ യുണ്ട്. അപ്പോഴെല്ലാം അച്ഛന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്റെ കഥാപാത്രം പ്രഭുവിനോട് പറയുന്നത് തന്നെയായിരിക്കണം. ഞാനാഭാഗം വായിക്കാം.

'പ്രഭോ! അവിടന്ന് എന്റെ കുടുംബത്തെപ്പറ്റി പറഞ്ഞത് ശരിയാണ്. എന്റെ കെട്ടിയവളും മക്കളും ഇപ്പോൾ തന്നെ പകുതിപ്പട്ടിണിയിലാണ്. അവിടന്ന് തരുന്ന ശമ്പളവും കിട്ടില്ലെങ്കിൽ അവർ മുഴുപ്പട്ടിണിയുമാകും. സാരമില്ല. അവർ അങ്ങനെ വളരുന്നതിൽ എനിക്ക് വിഷമമില്ല. പക്ഷേ, ഈ തോട്ടം വിട്ടുപോകുന്നതിൽ എനിക്ക് സങ്കടമുണ്ട്. അങ്ങ് എനിക്ക് ശമ്പളം തന്നില്ലെങ്കിലും വേണ്ടില്ല. ഞാനീ തോട്ടത്തിൽ പണി ചെയ്‌തോട്ടെ.'

താനും കുടുംബവും പട്ടിണിയായാലും തന്നെ കലോപാസനയാകുന്ന തോട്ടത്തിൽ നിന്ന് ഒഴിവാക്കരുതേ എന്ന പ്രാർത്ഥനയായിരിക്കണം അച്ഛന്റെ മനസ്സിലുണ്ടായിരുന്നത്.

ഈ കഥയെഴുതിയ കാലത്ത് ഞാൻ അച്ഛന് എഴുതിയിരുന്നു, എന്റെ കഥകളിൽ മലയാളിത്തമില്ല എന്ന പരാതിയുമായി. നന്നേ ചെറുപ്പത്തിൽ തന്നെ നാടുവിടേണ്ടി വന്ന എനിക്ക് ജനിച്ച മണ്ണുമായുള്ള ബന്ധം അടർന്നുപോകയാണോ എന്ന ഭയമുണ്ടായി. ഈ കഥ പ്രസിദ്ധീകരിച്ചുവന്നപ്പോൾ അച്ഛൻ എഴുതി, 'വാടിയ അപ്പച്ചെടികളുടെ ഗന്ധത്തെപ്പറ്റി ദില്ലിയിൽ ഇരുന്ന് എഴുതാൻ കഴിയുന്ന നീ തികച്ചും മലയാളി തന്നെയാണ്. ഭയപ്പെടേണ്ട.

ബിന്ദു: ഇവിടെ താങ്കൾ 'വാസനയുള്ള പനിനീർപ്പൂക്കൾ' എന്നുപറയുമ്പോൾ ഉദ്ദേശിച്ചത്?

ഹരികുമാര്‍: ആ പ്രയോഗം കൊണ്ട് ഞാനുദ്ദേശി ച്ചത് കിക്കിളിപ്പെടുത്തുന്ന മൃദുലവികാരങ്ങളെയാണ്. അദ്ദേഹത്തിന്റെ കവിത, ശ്രീ. എൻ. വി. കൃഷ്ണവാരിയർ പറഞ്ഞതുപോലെ 'ശക്തിയുടെ കവിത'യാണ്. ശക്തിയെയാണ് അച്ഛൻ ഉപാസിച്ചിരുന്നത്.

വേദനകളെ കുഴിവെട്ടിമൂടി, ശക്തിയിലേക്ക് കുതിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നത്.

ഹരികുമാറിന് അച്ഛൻ വഴി വളരെ ചെറുപ്പത്തിലെതന്നെ ധാരാളം എഴുത്തുകാരുമായി ബന്ധമുണ്ടായിരുന്നു. അക്കിത്തം, എം.ഗോവിന്ദൻ, കടവനാട് കുട്ടികൃഷ്ണൻ, ഹരികുമാർ 'പി.സി. അമ്മാവൻ' എന്ന് വിളിക്കുന്ന ഉറൂബ് എന്നിവർ അവരിൽ ചിലർ മാത്രമാണ് (ഹരികുമാറിന്റെ ചെറിയമ്മയുടെ ഭർത്താവായിരുന്നു ഉറൂബ്). അച്ഛനായിരുന്നു ഹരികുമാറിന്റെ ആദ്യത്തെ ഗുരുവും അതുകൊണ്ടു തന്നെ ആദ്യത്തെ വായന ക്കാരനും. ഹരികുമാറിന്റെ അമ്മയായ ഇ. ജാനകിയമ്മയും ഒരു സാഹിത്യകാരിയായിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ, അവരുടെ കഥകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നിരുന്നു. അങ്ങനെ സാഹിത്യാഭിരുചി ഹരികുമാറിന് പരമ്പരാഗതമാണെന്ന് പറയാം.

ബിന്ദു: പിന്നെയെന്തേ അമ്മ എഴുത്ത് നിർത്തിയത്?

ഹരികുമാര്‍: എനിക്കുമറിയില്ല. ഞാനുമതു ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ല. ഒരു പക്ഷേ. മഹാനായ ഒരു കവിയെ ഭർത്താവായി കിട്ടിയപ്പോൾ അദ്ദേഹത്തിന്റെ സാഹിത്യസപര്യയിൽ തന്റെ സാഹിത്യരചന തടസ്സമാവരുതെന്ന തോന്നൽ കൊണ്ടായിരിക്കണം. അച്ഛന്റെ സാഹിത്യരചനയിൽ ഏറ്റവുമധികം സഹായകമായിട്ടുള്ളത് അമ്മയുടെ ക്ഷമയും അവബോധവുമാണ്.

ബിന്ദു: ആദ്യത്തെകഥകൾ അച്ഛന്റെ തിരുത്തലിനുശേഷമാണ് പ്രസിദ്ധീകരിച്ചത് എന്നു പറഞ്ഞല്ലോ. അച്ഛൻ തിരുത്തിയ കഥകൾ ഏതൊക്കെയാണ്?

കൂറകൾ, പരുന്തുകൾ വട്ടം ചുറ്റുമ്പോൾ, ശിശിരം തുടങ്ങി മൂന്നുനാലുകഥകൾ.

ബിന്ദു: എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് യാതൊരു പരിമിതിയുമില്ലെന്ന് വിശ്വസിക്കുന്ന ഹരികുമാറിന് ഇപ്പോഴത്തെ നിരൂപകരെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളത്.

ഹരികുമാര്‍: എന്റെ കഥകളെപ്പറ്റി പഠനങ്ങളൊന്നും വന്നിട്ടില്ല എന്ന പരാതിയുണ്ട്. നിരൂപകർ സ്‌ക്കൂൾ കുട്ടികളെപ്പോലെയാണ്. പഠിക്കാൻ എളുപ്പമായത് ആദ്യം എടുത്ത് പഠിക്കും. കുറച്ചു വിഷമമായത് മാറ്റിവയ്ക്കും. എന്റെ കഥകൾക്ക് ഒരു ദ്വന്ദമുഖമുണ്ട്. അതു പലരേയും തെറ്റിദ്ധരിപ്പിച്ചിട്ടുമുണ്ട്. വായിച്ചുകഴിയുമ്പോൾ ഒരു നല്ല കഥ എന്ന അഭിപ്രായവും പറഞ്ഞ് പുസ്തകം മടക്കിവയ്ക്കും. കൂടുതൽ ഉള്ളിലേക്ക് പോകാൻ അവർ ശ്രമിക്കില്ല. കഥയെ അപഗ്രഥിക്കാൻ, കഥയിലേക്ക് ഊളിയിട്ടുതപ്പാൻ അവർ ശ്രമിക്കാറില്ല. അതെന്നെ വളരെ നിരാശ പ്പെടുത്തിയിട്ടുണ്ട്. വളരെ ചുരുക്കം പേർ നേരിട്ടുകാണുമ്പോൾ എന്റെ കഥകളെ അപഗ്രഥിച്ച് സംസാരി ക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. അത്ഭുതമെന്ന് പറയട്ടെ, അവരാരും നിരൂപകരായിരുന്നില്ല. സാധാരണവായനക്കാർ, കലാസ്വാദകർ മാത്രം.

കവിതപോലെ കഥകളും പഠന വിഷയമാകേണ്ടതാണ്. കഥകൾ പഠന വിഷയമായിട്ടില്ലെന്നില്ല. വളരെ മോശമായ ചില കഥകൾ പോലും ഇവിടെ പഠനവിഷയമായിട്ടുണ്ട്. യൂറോപ്യൻ അല്ലെങ്കിൽ ലാറ്റിനമേരിക്കൻ സാഹിത്യവുമായി മാറ്റുരച്ച് മേന്മകാണിച്ചിട്ടുമുണ്ട്, വളരെ വ്യഗ്രതയോടെ തന്നെ. ഒരുവിധത്തിൽ പറഞ്ഞാൽ ഇതിൽ പരാതിപ്പെടാനൊന്നുമില്ല. 'പുത്തൻകലവും അരിവാളും' എന്ന കവിത 'ചൈതന്യ'ത്തിൽ പ്രസിദ്ധീകരിച്ച ഉടനെ അതിനെ 'ശക്തിയുടെ കവിത' എന്ന് ശ്രീ എൻ. വി. കൃഷ്ണവാരിയർ വിശേഷിപ്പിച്ചു. ആ കവിതയും മറ്റ് ഇടശ്ശേരിക്കവിതകളും മലയാളത്തിലെ തല മുതിർന്ന ഒരു കവിതാനിരൂപകൻ വായിച്ചത് അച്ഛന്റെ ഷഷ്ടിപൂർത്തിയുടെ അവസരത്തിൽ പ്രസംഗിക്കാൻ വിളിച്ചപ്പോഴാണ്.

എന്റെ കഥകൾ ഞാൻതന്നെ അപഗ്രഥിച്ചു നോക്കാറുണ്ട്. ഒരു രസത്തിനു വേണ്ടി. അപ്പോൾ, മറഞ്ഞു കിടക്കുന്ന പല ആശയങ്ങളും ബിംബങ്ങളും തെളിഞ്ഞുവരുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. അവയൊന്നും വേണമെന്നുവച്ച് കുത്തിതിരുകുന്നതല്ല. കഥാപാത്രങ്ങളെ ഇടപെടലുകളില്ലാതെ അവരവരുടെ സ്വാഭാ വികമായ വളർച്ചയ്ക്ക് വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന അവസ്ഥയിൽ നിന്ന് ഉരുത്തിരിയുന്ന പ്രതിരൂപങ്ങളാണ് അവ.

ഉദാഹരണമായി 'ഒരു ദിവസത്തിന്റെ മരണം' എന്ന കഥ അടുത്തൊരു ദിവസം വായിച്ചപ്പോൾ മനസ്സിൽ വന്ന കാര്യങ്ങൾ പറയാം. കാന്തിലാൽ സ്ഥാപിക്കാൻ പോകുന്ന ഓട്ടോമാറ്റിക് പാക്കിംഗ് മെഷീൻ കാരണം ജോലി നഷ്ടപ്പെടുമെന്ന ഭീഷണിക്ക് കീഴിൽ കൗസല്യ കാന്തിലാലിന് വഴങ്ങുന്നു. ഫാക്ടറിയിൽ നിന്ന് സ്റ്റേഷനിലേക്ക് നടക്കുമ്പോൾ ഫുട്പാത്തിൽ വച്ച് ഭർത്താവിനും മകനും ഓരോ നൈലോൺ ബനിയനുകൾ വാങ്ങുന്നു. വീട്ടിലെത്തിയപ്പോഴാണ് കണ്ടത്, ഭർത്താവിന് വാങ്ങിയ ബനിയന്റെ കക്ഷത്ത് ഒരു ഓട്ട. അതവളെ വിഷമിപ്പിക്കുന്നു. ആ പാരഗ്രാഫ് ഞാൻ വായിക്കാം.

'അവൾ അടുക്കളയിൽ പോയി സ്റ്റൗ കൊളുത്തി, വെള്ളംവച്ചു. സഞ്ചിയിൽ വളരെകുറച്ച് അരിയേ ബാക്കിയുണ്ടായിരുന്നുള്ളു. അത് കഴുകി അടുപ്പത്തിട്ടു. സ്റ്റൗവിന്റെ മുമ്പിൽ നീലനാളവും നോക്കിയിരിക്കെ ഫാക്ടറിയിൽ നിന്ന് സ്റ്റേഷനിലേക്ക് നടന്നത് അവളുടെ മനസ്സിൽ വന്നു. തനിക്ക് ആ സമയത്ത് പശ്ചാത്താപമുണ്ടായിരുന്നില്ലെന്നുമാത്രമല്ല, സന്തോഷമായിരുന്നുവെന്ന കാര്യം അവളെ വേദനിപ്പിച്ചു. അവൾ സ്വയം വെറുത്തു. കാന്തിലാൽ ചെയ്തതിന് അയാളെ വെറുത്തു. കീറിയ ബനിയൻ തന്നതിന് പീടികക്കാരനേയും. എല്ലാത്തിനുമുപരി പണം എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കുക പോലും ചെയ്യാത്ത ഭർത്താവിനേയും അവൾ വെറുത്തു.

പിന്നെ നോക്കിക്കൊണ്ടിരിക്കെ ഒരു ജലപ്രവാഹത്തിൽ തീനാളവും സ്റ്റൗവും, പാത്രങ്ങളും അപ്രത്യക്ഷ മായപ്പോൾ കണ്ണു തുടയ്ക്കാൻ കൂടി മിനക്കെടാതെ അവൾ സ്വയം പറഞ്ഞു. ഞാൻ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്.'

ഇപ്പോൾ ആലോചിക്കുമ്പോഴാണ് മനസ്സിലാവുന്നത്, ആ ഓട്ടയായ ബനിയൻ അവളുടെ ഓട്ടയായ ചാരിത്ര്യത്തിന്റെ പ്രതിരൂപമാണ്. മകന് വാങ്ങിയ ബനിയനിൽ ഓട്ടയില്ല. ഭർത്താവിന് വാങ്ങിയതിൽ മാത്രം. ചാരിത്ര്യം ഭർത്താവുമായുള്ളതല്ലേ? അതാണ് അവളെ ഇത്ര വിഷമിപ്പിക്കാൻ കാരണം. ആ ബനിയൻ വാങ്ങിയതാവട്ടെ തന്റെ ചാരിത്ര്യത്തിന് വിലയായി കാന്തിലാൽ നല്കിയ രൂപ കൊണ്ടാണെന്നത് അവളുടെ വിഷമത്തിന്റെ തീക്ഷണത വർദ്ധിപ്പിക്കുന്നു. പോരാത്തതിന് ഭർത്താവ് അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു 'സാരമില്ല ചെറിയ കീറലല്ലേ, നമുക്ക് തുന്നാം'. അബോധ മനസ്സിൽ കൗസല്യ മനസ്സിലാക്കുന്നത് ഭർത്താവുദ്ദേശിക്കുന്നത് ചാരിത്ര്യത്തിൽ വന്ന കീറൽ തന്നെയാണെന്നാണ്. അത് സാരമില്ലെന്ന് പറയുന്ന ഭർത്താവിന്റെ അലംഭാവം അവളെ കരയിക്കുന്നു. എഴുതുന്ന സമയത്ത് ഇതൊന്നും ഇങ്ങനെയാവണമെന്നുദ്ദേശിച്ച് ചെയ്തതല്ല. കഥാപാത്രങ്ങളെ അവരുടെ സ്വാഭാവികമായ വളർച്ചയ്ക്കും വികാസത്തിനും വിട്ടുകൊടുക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളു'. എഴുത്തുകാരൻ നിരൂപകനേക്കാൾ വളരെ ഉയരത്തിൽ നില്ക്കുന്നു എന്നഭിപ്രായമുള്ള ഹരികുമാർ നല്ല നിരൂപണം ആസ്വാദകന് സഹായകമാണ് എന്ന് സമ്മതിക്കുന്നു.

രാഷ്ട്രീയത്തെക്കുറിച്ച് ഹരികുമാറിനോട് ചോദിച്ചപ്പോൾ 'എനിക്കൊരു കാലത്തും രാഷ്ട്രീയം മനസ്സിലായിട്ടില്ല. എനിക്കൊരു പാർട്ടിയോടും ചായ്‌വുമില്ല' എന്നാണ് പറഞ്ഞത്.

ഹൈസ്‌ക്കൂൾ ക്ലാസ്സുമുതൽ എഴുതിത്തുടങ്ങിയ ഹരികുമാർ തുടക്കത്തിൽ കഥയുംകവിതയുമെഴുതി യിരുന്നു. മുപ്പതുവയസ്സുവരെ ധാരാളം വായിച്ചിരുന്ന ഹരികുമാർ (ഇരുപത്തെട്ടാം വയസ്സിലായിരുന്നു വിവാഹം) ശാസ്ത്രപുസ്തകങ്ങളും ചിത്രകല, ശില്പകല തുടങ്ങിയവയെക്കുറിച്ചുള്ള പുസ്തകങ്ങളുമാണ് കൂടുതൽ വായിച്ചിരുന്നത്. വായനയുടെ കാര്യത്തിൽ സെലക്ടീവ് ആയ അദ്ദേഹം, ക്വാളിറ്റി കൺട്രോൾ ഉണ്ടാക്കാൻ എഴുത്തുകാർ ധാരാളം നല്ല പുസ്തകങ്ങൾ വായിക്കണമെന്ന അഭിപ്രായക്കാരനാണ്.

വീട്ടിലെന്നും സാഹിത്യത്തിന്റെ അന്തരീക്ഷമായിരുന്നു. ഹരികുമാറിന് നാലഞ്ചു വയസ്സുള്ളപ്പോൾ അച്ഛൻ കസാലയിലിരുന്ന് കൊച്ചുഹരിയെ മടിയിൽവച്ച്, ചുണ്ടത്തു ബീഡിയുമായി, കാലു വിറപ്പിച്ചുകൊണ്ടു കവിതയെഴുതുന്നത് ഹരികുമാർ ഇപ്പോഴുമോർക്കുന്നു.

പത്തുപതിന്നാലുവയസ്സുള്ളപ്പോൾ ഹരികുമാറും ഏട്ടൻ സതീശനും ചേർന്ന് ഒരു ഹോം മാഗസിൻ നടത്തിയിരുന്നു. അതിലാണ് ആദ്യത്തെ കഥയെഴുതിയത്. ലോട്ടറിയടിച്ചുവെന്നുപറഞ്ഞ് ചായ കുടിക്കാൻ വിളിച്ചുകൊണ്ടുപോയ സുഹൃത്തിനെ ചായകുടികഴിഞ്ഞ്, കടക്കാരന് കാശുകൊടുക്കാനായി അന്വേഷിക് മ്പോൾ കാണുന്നില്ല എന്നതായിരുന്നു കഥയുടെ ചുരുക്കം.

ഹരികുമാറിന്റെ ദാമ്പത്യജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഏറെപ്പറയാനുണ്ട്. അദ്ദേഹത്തെ ഒരു സാഹിത്യകാരനാക്കാൻ ഏറ്റവുമധികം സഹായിച്ച ഘടകം അദ്ദേഹത്തിന്റെ ഭാര്യയാണ്. ഭർത്താവിന്റെ ജീവിതവീക്ഷണത്തോടു മിക്കവാറും യോജിപ്പുള്ള ലളിത ഒരു സാഹിത്യകുതുകികൂടിയാണ്. ഹരികുമാർ പലപ്പോഴും ഒരു കഥയെഴുതുന്നതിനുമുമ്പ് ഭാര്യയുമായി അതിന്റെ തീം ചർച്ചചെയ്യാറുണ്ട്. ഹരികുമാർ എന്ന വ്യക്തിയെക്കുറിച്ചും സാഹിത്യകാരനെക്കുറിച്ചും അതീവസന്തോഷവും അഭിമാനവുമുള്ള ലളിത പലപ്പോഴും 'ഹരി കഥയെഴുതിയാൽ മാത്രം മതി, മറ്റൊന്നും ചെയ്യേണ്ട, വീട്ടുജോലിയും റെക്കോർഡിങ്ങും എല്ലാം ഞാൻ ചെയ്‌തോളാം' എന്ന് അദ്ദേഹത്തോടു പറയുന്നത് കേട്ടിട്ടുണ്ട്. ഹരികുമാറിനും ലളിതയെക്കുറിച്ച് നിറഞ്ഞ സംതൃപ്തിയാണുള്ളത്.

'ഞാൻ ജീവിതത്തിൽ അടിച്ച ലോട്ടറിയാണ് ലളിത' എന്നാണദ്ദേഹം പറഞ്ഞത്. ഹരികുമാർ ലളിതയെ വിവാഹം കഴിക്കുമ്പോൾ അവർക്ക് പത്തൊമ്പതു വയസ്സേ ഉണ്ടായിരുന്നുള്ളു. ആ കാലം മുതൽ തന്നെ ഭർത്താവിന്റെ സാഹിത്യസപര്യയ്ക്ക് താൻ ഒരു തടസ്സമാകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തികച്ചും ഒരു അറേയ്ഞ്ച്ഡ് മാരേജ് ആയിരുന്നു ഇവരുടേത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഒട്ടും അതിശയോക്തി കലർത്താതെ പറഞ്ഞാൽ, അത്ഭുതകരമായ ഒരു ബന്ധമാണ് ഇവർ തമ്മിലുള്ളത്.

ഇവരുടെ ഏകമകൻ അജയൻ നന്നായി പടം വരയ്ക്കുകയും ഇംഗ്ലീഷിൽ കഥയെഴുതുകയും ചെയ്യും.

കലാകൗമുദി വാരിക - 1988 ഫെബ്രുവരി 28