പ്രാകൃതനായ തോട്ടക്കാരൻ


ഇ ഹരികുമാര്‍

പ്രഭു തോട്ടക്കാരനോടു പറഞ്ഞു:

ഞാൻ നിങ്ങളെ എന്റെ തോട്ടക്കാരനാക്കിയിട്ട് ഏതാണ്ടു രണ്ടുകൊല്ലമായി. തോട്ടം ഏല്പിച്ചുതന്നപ്പോൾ അതു വെറുമൊരേക്കർ തരിശുനിലമായിരുന്നെന്നു ഞാൻ സമ്മതിക്കുന്നു. അതുകൊണ്ടു തന്നെയാണു ഞാനതു നിങ്ങളെ ഏല്പിച്ചു തന്നതും. അവിടെ എന്റെ പുതിയ മാളികയുടെ ഔദ്ധത്യത്തിനുയോജ്യമായ ഒരുദ്യാനം ഉണ്ടാക്കണമെന്നായിരുന്നു ഞാൻ പറഞ്ഞത്. അതിന് എത്ര പണം വേണമെങ്കിലും ചെലവിടാൻ ഞാൻ തയ്യാറുമായിരുന്നു. നിങ്ങളോടു കിട്ടാവുന്നേടത്തോളം എല്ലാത്തരം പൂച്ചെടികളുടെയും വിത്തുകൾ നെഴ്‌സറിയിൽ നിന്നു വാങ്ങിക്കോളാൻ ഞാൻ പറഞ്ഞിരുന്നില്ലേ? അതുപോലെ ആവശ്യമുള്ള വളങ്ങളും വാങ്ങാൻ ഏല്പിച്ചിരുന്നില്ലേ?

എന്റെ മനസ്സിലുണ്ടായിരുന്ന തോട്ടത്തിൽ റോസാപ്പൂക്കളും സൂര്യകാന്തികളും പാരിജാതവുമാണുള്ളത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നത് തോട്ടത്തെ കള്ളികളായി ഭാഗിച്ചു മൈലാഞ്ചിച്ചെടികൾകൊണ്ട് ഒരേ ഉയരത്തിൽ മതിലിട്ട് ഓരോ കള്ളിയിലും ഓരോ തരം പൂച്ചെടികൾ തടങ്ങളായി വളർത്താനായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് ഞാൻ ആദ്യമായി തോട്ടത്തിൽ ഇറങ്ങി നോക്കിയത്. ആദ്യമെല്ലാം എന്റെ മാളികയുടെ മട്ടുപ്പാവിലിരുന്നു നോക്കിയതല്ലാതെ തോട്ടത്തിനുള്ളിലേക്കു കടന്നിരുന്നില്ല. മട്ടുപ്പാവിലിരുന്നു നോക്കുമ്പോഴാകട്ടെ, തോട്ടത്തിൽ നിറയെ പച്ചപ്പുമുണ്ടായിരുന്നു. അവയെല്ലാം പൂച്ചെടികളായിരിക്കുമെന്നു ഞാൻ ന്യായമായും ഊഹിച്ചു. അവ മൊട്ടിടുവാനും പൂക്കുവാനും ഞാൻ കാത്തിരുന്നു. പക്ഷേ, പച്ചപ്പ്, ഋതുക്കളുടെ മാറ്റത്തിനനുസരിച്ച് നിറം മാറി പഴുക്കുകയും കരിയിലകളാകുകയും, മഴയ്ക്കുശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. വീണ്ടും ഞാൻ ആശയോടെ കാത്തിരുന്നതല്ലാതെ ഒരൊറ്റ പൂവും വിരിഞ്ഞില്ല.

ദിവസവും രാവിലെ ഉദയത്തിനു മുമ്പുതന്നെ നിങ്ങൾ കൈക്കോട്ടുമായി തോട്ടത്തിലെത്തി പണി തുടങ്ങുന്നതു ഞാൻ കാണാറുണ്ട്. വളം വാങ്ങാൻ ഞാൻ തന്ന പണം കൊണ്ടു നിങ്ങൾ സത്യസന്ധമായി വളം വാങ്ങി തോട്ടത്തിൽ ഇടുന്നതു ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ, വിത്തുകൾക്കായി തരുന്ന പണംകൊണ്ടു നിങ്ങൾ വിത്തുകൾ വാങ്ങി പാകുന്നതും ഞാൻ കാണുന്നുണ്ട്. നിങ്ങൾ സത്യസന്ധനാണെന്നു കാണുന്നതിൽ എനിക്കു സന്തോഷംതന്നെ. പക്ഷേ, എനിക്ക് സന്തോഷമുണ്ടാക്കാത്ത കാര്യം തോട്ടത്തിന്റെ കിടപ്പാണ്.

ഇന്നലെ വൈകുന്നേരം എന്റെ ക്ഷമയുടെ അവസാനവും കണ്ടപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്നിറങ്ങി. മുറ്റത്തെ മണൽ എന്റെ കാലടികൾ വേദനിപ്പിച്ചുവെങ്കിലും അതു സാരമാക്കാതെ ഞാൻ നടന്നു. കാരണം, ഞാൻ അത്രയധികം അക്ഷമനും ഉൽക്കണ്ഠിതനുമായിരുന്നു.

തോട്ടത്തിലെത്തിയപ്പോൾ കണ്ടതെന്താണെന്നോ? പറയുന്നതിനേക്കാൾ ഭേദം നിങ്ങളെ കൊണ്ടുപോയി കാണിക്കലാണ്. പക്ഷേ ഇനിയും അതിനുവേണ്ടി മണൽ ചവിട്ടി കാലടികൾ വേദനിപ്പിക്കാൻ വയ്യ. പോരാത്തതിന് നിങ്ങൾക്കറിയാത്തതൊന്നുമല്ലല്ലോ തോട്ടത്തിലുള്ളത്!

ഞാൻ കണ്ടതെന്താണെന്നോ? വെറും കളകൾ മാത്രം! രാക്ഷസന്മാരെപ്പോലെ നിവർന്നു നില്ക്കുന്ന കള്ളിച്ചെടികൾ! തൊട്ടാൽ നാറ്റം പുറപ്പെടുവിക്കുന്ന അപ്പച്ചെടികൾ!

എവിടെ എന്റെ റോസാച്ചെടികൾ? എന്റെ സ്വപ്നങ്ങളിലെ സൂര്യകാന്തികൾ? എവിടെ എന്റെ സന്ധ്യകളിൽ ശ്വസിക്കാനുദ്ദേശിച്ച പാരിജാതം? എവിടെ ഞാൻ ആവശ്യപ്പെട്ട തോട്ടം?

ഞാൻ നിരാശനായിരിക്കുന്നു. ഞാനിനി ഏതാനും വർഷങ്ങളേ ജീവിച്ചിരിക്കൂ. അതിനിടയിൽ എന്റെ സ്വപ്നം യാഥാർത്ഥ്യമാക്കണമെന്നുള്ളതുകൊണ്ട് ഞാൻ വേറൊരു തോട്ടക്കാരനെ നിയമിക്കാൻ തീർച്ചപ്പെടുത്തിയിരിക്കയാണ്. നിങ്ങൾക്കു പോകാം.

മട്ടുപ്പാവിനുമീതെ അരിച്ചെത്തിയ വരണ്ട കാറ്റ് ഏതാനും കരിയിലകളേന്തി പ്രതിമപോലെ നിശ്ശബ്ദനായി നില്ക്കുന്ന തോട്ടക്കാരന്റെ അടുത്തെത്തി. തോട്ടക്കാരൻ അനങ്ങിയില്ല. അയാൾക്ക് അനങ്ങാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. പ്രഭു തോട്ടക്കാരനോടു തുടർന്നു പറഞ്ഞു.

എനിക്കു നിങ്ങളുടെ കഷ്ടപ്പാടുകൾ അറിയാം. ഈ ജോലി നഷ്ടപ്പെട്ടാൽ നിങ്ങളുടെ കെട്ടിയവളും മൂന്നു കുട്ടികളും പട്ടിണിയാവുമെന്ന് എനിക്കറിയാം. കാരണം, കഴിഞ്ഞ ഏതാനും മാസങ്ങളായി നിങ്ങൾ ജോലി ചെയ്തു കൊണ്ടിരുന്ന നാലു വീടുകളിൽ നിങ്ങളുടെ സേവനം ആവശ്യമില്ലെന്നു പറഞ്ഞ് നിങ്ങളെ പിരിച്ചു വിട്ടതു ഞാനറിയുന്നു. അവിടെയെല്ലാം നിങ്ങൾ പരാജയമായിരുന്നു. അവരെല്ലാം എന്നേക്കാൾ മുമ്പു നിങ്ങളുടെ പരാജയം ഗ്രഹിച്ചിരുന്നു. നിങ്ങളുടെ കെട്ടിയവളേയും കുട്ടികളേയുംപറ്റി എനിക്കനുകമ്പയുണ്ട്. പക്ഷേ, എന്റെ താൽപര്യങ്ങളെ നിലനിർത്തിക്കൊണ്ടു നിങ്ങളെ ഇനിയും ഇവിടെ നിർത്താൻ കഴിയില്ല.

തോട്ടക്കാരൻ നിശ്ചലനായി, നിശ്ശബ്ദനായി നിന്നു. അയാൾ സ്വയം മനസ്സിലാക്കിയിട്ടില്ലാത്ത, പ്രാകൃതനായ ഒരു തോട്ടക്കാരനായിരുന്നു. മോശക്കാരനായ പരാജയപ്പെട്ട ഒരു തോട്ടക്കാരൻ.

പ്രഭുവും മട്ടുപ്പാവിൽ നിന്നു. ഇത്രയും പറയുവാനുള്ള അദ്ധ്വാനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ ക്ഷീണിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ കാലുകൾക്കു നീങ്ങുവാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു.

അവരുടെ തലയ്ക്കുമുകളിലൂടെ സൂര്യന്റെ ഘോഷയാത്ര കടന്നു പോയി. വെയിലിൽ പ്രഭു വാടി. തോട്ടക്കാരൻ വാടി. ഭൂമിയിലുള്ള സകല ജീവജാലങ്ങളും വാടി. പിന്നെ കാറ്റിൽ വാടിയ അപ്പച്ചെടികളുടെ ഗന്ധം അരിച്ചുവന്നപ്പോൾ തോട്ടക്കാരൻ ഉണർന്നു. അയാൾ ഇളകി. അയാൾ തിരിഞ്ഞു നടന്നു. വാടിയ അപ്പച്ചെടികളുടെ ഗന്ധം വന്നിരുന്നത് അയാളുടെ തോട്ടത്തിൽ നിന്നായിരുന്നു. ഒരു നായയെപ്പോലെ മണം പിടിച്ച് അയാൾ നടന്നു തോട്ടത്തിലെത്തി.

അയാൾ പാപഭാരത്തോടെ തോട്ടത്തിലേക്കു കടന്നു. രാവിലെ മുതൽ നനവില്ലാതെ ഉണങ്ങിക്കിടക്കുന്ന തോട്ടം. എന്തൊരക്രമമാണു താൻ കാണിച്ചത്? അയാൾ വാത്സല്യത്തോടെ ചെടികളെ നോക്കി. ക്ഷീണിച്ചു വാടിയ അപ്പച്ചെടികളുടെ കുഴഞ്ഞുതൂങ്ങിയ തലകൾ കൈയിലെടുത്തു. മക്കളെ, ഇത്ര വേഗം വാടിയാലോ? അതിനടുത്തുതന്നെ ഒരാഴ്ചമുമ്പു സൂര്യകാന്തിപ്പൂ വിത്തു പാകിയ തടത്തിൽ തഴച്ചുവളരുന്ന ആര്യോഗ്യമുള്ള പുല്ലുകൾ അയാൾ കൗതുകപൂർവ്വം നോക്കി. പിന്നെ കള്ളിച്ചെടികൾ. അവ തോട്ടത്തിനകത്തും വേലിക്കരുകിലും അചഞ്ചലരായി നിലകൊണ്ടു. വെള്ളമില്ലായ്മ അവർക്ക് ഒരു വിഷമവും ഉണ്ടാക്കുന്നില്ല.

തോട്ടക്കാരൻ തൊട്ടിയെടുത്ത് കിണറ്റുകരയിലേക്കു നടന്നു. വെള്ളം മുക്കി തോട്ടത്തിൽ നന തുടങ്ങി. ചൂടുള്ള മണ്ണിൽ വെള്ളം വീണപ്പോൾ മാദകമായ മണം പൊങ്ങി. സാവധാനത്തിൽ അപ്പച്ചെടികൾ തലയുയർത്തി, ചിരിച്ച്, കാറ്റിലാടി വാസന പുറത്തുവിട്ടു.

അയാൾ ചിരിച്ചു. അയാൾ ചുറ്റും മറന്നു. സ്വയം മറന്നു. തോട്ടത്തിലെ കാടന്മാരായ മക്കളെ അയാൾ പുണർന്നു. അവരെ ഉമ്മ വെച്ചു.

പിന്നെ സൂര്യൻ അസ്തമിക്കാൻ തയ്യാറായപ്പോൾ ആ തോട്ടക്കാരൻ വീണ്ടും പരിസരബോധമുള്ളവനായി ചുറ്റും നോക്കി. മാളികയുടെ മട്ടുപ്പാവിൽ പ്രഭു അനക്കമില്ലാതെ നില്ക്കുന്നു. സൂര്യപ്രകാശം പിന്നിൽനിന്നു വരുന്നതിനാൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമല്ല. തോട്ടക്കാരൻ ഞെട്ടി. അയാൾ ഓർമ്മിച്ചു. അയാളുടെ ആഹ്ലാദം പറന്നു. ദുഃഖവും പേറി അയാൾ തോട്ടത്തിന്നു പുറത്തു കടന്ന്, മാളികയുടെനേർക്കു നടന്നു. മാളികയുടെ ഔന്നത്യം നിഴൽവിരിച്ച മുറ്റത്ത് അയാൾ നിന്നു; തലയുയർത്തി നോക്കി. പ്രഭുവിന്റെ മുഖം അപ്പോഴും സ്പഷ്ടമല്ല. തലകുനിച്ചുകൊണ്ടു തോട്ടക്കാരൻ പറഞ്ഞു.

പ്രഭോ! അവിടുന്ന് എന്റെ കുടുംബത്തെപ്പറ്റി പറഞ്ഞതു ശരിയാണ്. എന്റെ കെട്ടിയവളും മക്കളും ഇപ്പോൾത്തന്നെ പകുതിപ്പട്ടിണിയാണ്. അവിടുന്നു തരുന്ന ശമ്പളവും കിട്ടിയില്ലെങ്കിൽ അവർ മുഴുപ്പട്ടിണിയുമാകും. സാരമില്ല. അവർ അങ്ങനെ വളരുന്നതിൽ എനിക്കു വിഷമമില്ല. പക്ഷേ, ഈ തോട്ടം വിട്ടുപോകുന്നതിൽ എനിക്കു സങ്കടമുണ്ട്. അങ്ങ് എനിക്കു ശമ്പളം തന്നില്ലെങ്കിലും വേണ്ടില്ല, ഞാൻ ഈ തോട്ടത്തിൽ പണി ചെയ്‌തോട്ടെ?

അയാൾ സ്വയം മനസ്സിലാക്കിയിട്ടില്ലാത്ത പ്രാകൃതനായ ഒരു തോട്ടക്കാരനായിരുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് - ഏപ്രില്‍ 9, 1972