തിമാർപ്പൂർ


ഇ ഹരികുമാര്‍

അലക്ഷ്യമായ സായാഹ്നയാത്രകളിലൊന്നിൽ ഇരുണ്ടുനാറുന്ന തെരുവിൽ അയാൾ അവളെ കണ്ടു. അവളുടെ വസ്ത്രങ്ങളുടെ നിറമെന്താണെന്ന് അയാൾക്കു മനസ്സിലായില്ല. അവൾ അടുത്തുവന്നപ്പോൾ അയാൾക്ക് ഓടയുടെ ഗന്ധം അനുഭവപ്പെട്ടു. അവൾ നാറുന്നുണ്ടായിരുന്നു. അവൾ ഇടത്തുകൈയിൽ ഭദ്രമായി പേറിയ ഭാണ്ഡം നാറുന്നുണ്ടായിരുന്നു.

അയാൾ കുറെ ദിവസമായി ഒരു പെണ്ണിന്റെ ഒപ്പം കിടന്നിട്ടുണ്ടായിരുന്നില്ല. അയാൾ ചോദിച്ചു. നിനക്കെത്ര വേണം?

അയാളുടെ വസ്ത്രങ്ങൾ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരുന്നു. അയാൾ സിഗരറ്റ് വലിച്ചിരുന്നു. അവൾ സംശയിച്ചു. അയാൾ വീണ്ടും ചോദിച്ചു. എത്ര വേണം?

തിമാർപൂർ, അവൾ പറഞ്ഞു.

എത്ര?

ബാബുജി, എനിക്ക് തിമാർപൂരിൽ പോണം.

തിമാർപൂർ?

ജി.

തിമാർപൂർ എവിടെയാണെന്ന് അയാൾക്കറിയില്ല. അയാൾ ചോദിച്ചു: തിമാർപൂർ?

അതെ ബാബുജി.

നിനക്ക് പക്ഷേ, തീവണ്ടിയിൽ പോകേണ്ടിവരും. എപ്പോഴാണു തീവണ്ടിയെന്നറിയാമോ?

തിമാർപൂർ ദില്ലിയിൽത്തന്നെയാണ് ബാബുജി.

നിരത്തുവക്കിലെ മടകളിലൊന്നിൽ മണ്ണെണ്ണവിളക്കു കത്തിച്ചു ബീഡിയും സിഗരറ്റും വില്ക്കുന്ന കിഴവിയുടെ ശ്രദ്ധ തന്നിലേക്കായെന്നു മനസ്സിലായപ്പോൾ അയാൾ സ്വരം താഴ്ത്തി ചോദിച്ചു.

നിനക്കെന്റെ ഒപ്പം വരാമോ?

എങ്ങോട്ട്, ബാബുജി?

എന്റെ വീട്ടിലേക്ക്. നീ എവിടെയാണ് ഇന്നു രാത്രി കിടക്കുക?

അവൾ വീതിയുള്ള ഓടയ്ക്കു മുകളിൽ പടർന്നുപിടിച്ച ഇരുട്ടിലേക്കും, അതിനപ്പുറത്തു കിടക്കുന്ന വെളിംപ്രദേശത്തു കാവൽ നില്ക്കുന്ന വഴിവിളക്കുകളിലേക്കും നോക്കി. അവൾ പറഞ്ഞു.

വരാം ബാബുജി.

അയാൾ നടന്നു, പിന്നാലെ അവളും. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക്, വീണ്ടും ഇരുട്ടിലേക്ക്. ഓരോ വഴി വിളക്കിന്റെ ചുവട്ടിലെത്തുമ്പോഴും അയാൾ തിരിഞ്ഞു നോക്കി. വസ്തുവിൽനിന്ന് അകന്നുചരിക്കുന്ന നിഴൽപോലെ അവൾ പിന്നിൽ ഒരു നിശ്ചിത അകലത്തിൽ എപ്പോഴും ഉണ്ടായിരുന്നു.

വീട്ടിന്റെ വാതില്ക്കലെത്തിയപ്പോൾ അയാൾ അവളോടു നില്ക്കാൻ ആംഗ്യം കാണിച്ചു. അയാൾ വാതിൽ തുറന്നു വിളക്കു കൊളുത്തി. പുറത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ അവളോട് അകത്തു കയറാൻ ആംഗ്യം കാണിച്ചു. അവൾ അകത്തുകയറി. അവൾ അന്ധാളിച്ചു. ഇത്ര നല്ല ഒരു മുറി അവൾ പ്രതീക്ഷിച്ചില്ല. അവൾ പെട്ടെന്നു പുറത്തുകടന്നു.

ബാബുജി, ഞാൻ ഇവിടെ പുറത്തു കോണിച്ചുവട്ടിൽ കിടന്നോളാം.

പറ്റില്ല, അകത്തു വാ. അയാൾ അവളുടെ കൈപിടിച്ച് അകത്തേക്കു വലിച്ചു വാതിലടച്ചു. വൈദ്യുത വിളക്കിന്റെ തെളിഞ്ഞവെളിച്ചത്തിൽ അയാൾ അവളെ പരിശോധിച്ചു. ചളിപിടിച്ച ദേഹത്തിന്റെ ശരിക്കുള്ള നിറം നല്ലതാണെന്ന് അയാൾ കണ്ടു. കീറവസ്ത്രങ്ങളുടെ ഇടയിലൂടെ പ്രത്യക്ഷപ്പെട്ട അവയവങ്ങളുടെ മുഴുപ്പും അയാൾ ദർശിച്ചു. അയാൾ പറഞ്ഞു:

നിന്റെ ഭാണ്ഡം അവിടെവെച്ച് കുളിച്ചുവാ.

അയാൾ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് അവൾ പോയി. കുളിമുറി, വെളുത്ത മാർബിളിന്റെ നിലം, മാർബിൾ ചുമരുകൾ. കിടന്നു കുളിക്കുന്ന ടബ്ബ്. അവൾ വീണ്ടും സംശയിച്ചു. പക്ഷേ, അയാൾ പിന്നിൽത്തന്നെ ഉണ്ടായിരുന്നു.

കുളിക്ക്.

പിന്നെ ഒരു നിമിഷം ആലോചിച്ച് അയാൾ പറഞ്ഞു: കുളികഴിഞ്ഞാൽ നീ ഈ നാറവസ്ത്രങ്ങളാണ് ഉടുക്കാൻ പോകുന്നത്? നില്ക്ക്, ഞാൻ നിനക്കു പാകമായതു വല്ലതും കിട്ടുമോ എന്നു നോക്കട്ടെ.

അയാൾ പോയി ഒരു കുർത്തയും പൈജാമയും എടുത്തു കൊണ്ടുവന്നു. കുളികഴിഞ്ഞ് നീ നിന്റെ നാറ ഉടുപ്പുകൾ ഇടേണ്ട.

അവൾ തലയാട്ടി. കുളിമുറിയുടെ വാതിൽ അടഞ്ഞു. വെള്ളം വീഴുന്ന ശബ്ദം ശ്രദ്ധിച്ച് അയാൾ സോഫയി ലിരുന്നു. പിന്നെ കുളിമുറിയുടെ വാതിൽ തുറന്നു പുറത്തുവന്നത് അയാൾ തീരെ പ്രതീക്ഷിക്കാത്ത ഒരു രൂപമായിരുന്നു. അവളുടെ നിറവും നേരിയ കുർത്തയുടെ അടിയിൽ കണ്ട ദേഹത്തിന്റെ മുഴുമുഴുപ്പും അയാളെ അസ്വസ്ഥനാക്കി. അയാൾ പറഞ്ഞു.

അല്ല, നീ ചന്തക്കാരിയാണല്ലോ!

അവൾ നാണിച്ചു, കൈകൾകൊണ്ടു മാറിടം പൊത്തി. പെട്ടെന്നുയർന്നുവന്ന പ്രാകൃതമായ ഒരു വാസനയിൽ അയാൾ എഴുന്നേറ്റു. പിന്നെ ഓർമ്മിച്ചു.

നീ ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി?

അവൾ സംശയിച്ചു, ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകൾക്കു ചുറ്റും കറുത്ത നിഴൽ വീണിരുന്നു.

അയാൾ ചോദിച്ചു.

ഇന്നു നീ വല്ലതും കഴിച്ചോ?

ഇല്ലെന്ന് അവൾ തലയാട്ടി.

ഇന്നലെ?

ഇന്നലെ വൈകുന്നരം റൊട്ടി തിന്നു ബാബുജി.

ഇരുപത്തിനാലുമണിക്കൂർ! അതിനകം തിന്നുതീർത്ത ഭക്ഷണത്തെപ്പറ്റിയും കുടിച്ചുതീർത്ത മദ്യത്തെപ്പറ്റിയും അയാൾ ആലോചിച്ചു. അയാൾ പറഞ്ഞു.

നമുക്കു വല്ലതും തിന്നാനുണ്ടാക്കാൻ ശ്രമിക്കാം. അവളുടെ കണ്ണുകൾ വിടർന്നു.

ശരി, ബാബുജി.

അവൾ അടുക്കളയിലേക്കു നടന്നു.

തന്റെ പൈജാമ അവൾക്കു വളരെ കുടുസ്സാണെന്ന് അയാൾ മനസ്സിലാക്കി. അവൾ അടുക്കളയിൽ കടന്നു. അത്ഭുതപ്പെട്ടുപോയി. ഇത്ര വൃത്തിയുള്ള വിശാലമായ അടുക്കള അവൾ കണ്ടിട്ടില്ല. അവൾ അന്ധാളിച്ചു നില്‌ക്കെ അയാൾ വന്നു. അവൾക്ക് ഈ അടുക്കളയിൽ ഭക്ഷണം പാകംചെയ്യാൻ വിഷമമുണ്ടാകുമെന്ന് അയാൾ മണത്തറിഞ്ഞു. അയാൾ ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച മാംസം എടുത്തുകൊടുത്തു. ഗ്യാസടുപ്പ് കൊളുത്തിക്കൊടുത്തു.

അവൾ പാകംചെയ്തുകൊണ്ടിരിക്കെ അയാൾ സിറ്റിംഗ്‌റൂമിലിരുന്നു പൈപ്പു നിറച്ചു വലിച്ചു. ഫ്രിജ്ജ് തുറന്നു തണുത്ത ബീയർകുപ്പിയെടുത്ത് മഗ്ഗിൽ ഒഴിച്ച് മൊത്തിക്കുടിച്ചു. അയാൾ യാതൊരു ധൃതിയും കാണിച്ചില്ല. ഇര കൈയിലായിരിക്കുന്നു. ഇനി അതിനെ പിടിച്ചു കുറച്ചു കളിക്കാം. ഒരു രാത്രി മുഴുവൻ സമയമുണ്ട്.

പിന്നെ, ഭക്ഷണം തയ്യാറായപ്പോൾ അവൾ പറഞ്ഞു. ബാബുജി, ഭക്ഷണം തയ്യാറായി.

അയാൾ മുറിയുടെ ഒരു മൂലയിലുള്ള മേശ ചൂണ്ടിക്കാണിച്ചു.

അവിടെ കൊണ്ടുപോയി വയ്ക്കു.

ബീയർ അപ്പോഴേക്കും കഴിഞ്ഞിരുന്നു. അയാൾ ഭക്ഷണം മേശപ്പുറത്തു കൊണ്ടുപോയി വയ്ക്കാൻ അവളെ സഹായിച്ചു. അയാൾ കസേരയിലിരിക്കാൻ ആജ്ഞാപിച്ചു. അവൾ ശങ്കിച്ചു.

ഞാൻ പിന്നെ കഴിച്ചോളാം ബാബുജി.

അയാൾ അവളെ കൈപിടിച്ചു കസേരയിലിരുത്തി.

അവൾ ആർത്തിയോടെ ഭക്ഷണം വാരിത്തിന്നുന്നതു നോക്കുന്നതിനിടയിൽ അയാൾ ഭക്ഷണം കഴിക്കാൻ മറന്നു. വിശപ്പു കുറച്ചു മാറിയപ്പോൾ അവൾ തലയുയർത്തി. അയാൾ ശ്രദ്ധിക്കുകയായിരുന്നെന്നു മനസ്സിലായപ്പോൾ അവളുടെ മുഖം തുടുത്തു. അയാൾ ചോദിച്ചു.

നിനക്കു തിമാർപൂരിൽ ആരുടെ അടുത്താണു പോകേണ്ടത്?

അവൾ തലതാഴ്ത്തി പതുക്കെ പറഞ്ഞു.

ഭർത്താവിന്റെ അടുത്തേക്ക്.

അയാൾ നിശ്ശബ്ദനായി. ഭക്ഷണം കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഉറക്കം കനത്തുവരുന്നത് അയാൾ കണ്ടു. അയാൾ പറഞ്ഞു.

നമുക്കുറങ്ങാം.

അവളുടെ അമ്പരപ്പു മാറിയിരുന്നു. ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ അയാളോടു ചേർന്നു കിടന്നു. അവളുടെ വഴക്കം അയാളിൽ കാമം നിറച്ചു. അവളുടെ പ്രതികരണം അയാളെ ഉത്സാഹിതനാക്കി.

നീ എപ്പോഴാണ് ദില്ലിയിലെത്തിയത്? അയാൾ ചോദിച്ചു.

ഇന്നലെ വൈകുന്നേരം, ബാബുജി.

ഇന്നലെ വൈകുന്നേരം?

അതെ. ബാബുജി. വണ്ടി വന്നപ്പോൾ രാത്രിയായിരുന്നു. പുറത്തുകടന്നു ചോദിച്ചു, തിമാർപൂർ എവിടെയാണെന്ന്. കുറെ ദൂരമുണ്ട്, ബസ്സിനു പോകണമെന്നു പറഞ്ഞു. എന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. പണമില്ലാത്തതുകൊണ്ടാണു ഞാൻ ഭർത്താവിന്റെ അടുത്തേക്കു പുറപ്പെട്ടതുതന്നെ. ഞങ്ങളുടെ കൃഷിയെല്ലാം ഉണങ്ങിപ്പോയി. വെള്ളം കിട്ടാതെ പശുക്കളെല്ലാം ചത്തു.

ഇന്നലെ നീ എവിടെയാണു കിടന്നത്?

അവൾ ഒന്നും പറഞ്ഞില്ല. തന്റെ താലോലിക്കലിനനുസരിച്ച് അവൾ വഴങ്ങിയിരുന്നത് അയാൾ ശ്രദ്ധിച്ചു. അയാൾ വീണ്ടും ചോദിച്ചു.

ഇന്നലെ നീ എവിടെയാണു കിടന്നത്?

ഉത്തരമില്ല.

നീ ആരുടെയെങ്കിലും കൂടെയാണോ ഇന്നലെ കിടന്നത്?

ഉത്തരമില്ല. അവളുടെ കൈകൾമാത്രം അവിരാമമായി ചലിച്ചു. ഉത്തരം കിട്ടില്ലെന്ന് അയാൾക്കു തോന്നി.

പക്ഷേ, വല്ല പീടികത്തിണ്ണയിലോ, കോണിച്ചുവട്ടിലോ ആവാം. വല്ലവരും അവളുടെ ഒപ്പം കിടന്നിട്ടുണ്ടാകാം. അയാൾ അസൂയാലുവായി. താൻ അവളെ സ്‌നേഹിച്ചുതുടങ്ങിയെന്ന് അയാൾക്കു മനസ്സിലായി. ഒപ്പം അവൾ വേറൊരാളുടെതാണെന്ന ബോധവും, ഒരു രാത്രിയിലെ അഭയത്തിനുവേണ്ടി അവൾ അയാൾക്കു വഴങ്ങിയതാണെന്ന യാഥാർത്ഥ്യവും. താൻ എത്ര ചെറുതാണ്?

പിന്നെ തളർച്ചയ്ക്കുമുമ്പ് അയാളുടെ കഴുത്തിൽ കൈകൾമുറുക്കി അയാളെ അത്ഭുതപ്പെടുത്തുമാറ് അവൾ ചെവിയിൽ മന്ത്രിച്ചു:

ബാബുജി എത്ര നല്ല ആളാണ്!

അവർ ആലിംഗനബദ്ധരായി ഉറങ്ങി. പ്രഭാതത്തിനുമുമ്പ് അവർ വീണ്ടും അന്യോന്യം അറിഞ്ഞു. ക്ഷീണിച്ച് അയാളുടെ കൈകളിൽ വീണുറങ്ങാൻ പോയപ്പോൾ അയാൾ അവളെ വിളിച്ചുണർത്തി. അയാൾ പറഞ്ഞു:

ഇനി നീ പോകണം.

ജാലകത്തിനു പുറത്തു വെളിച്ചം വന്നിരുന്നു.

അവൾ ആലസ്യത്തോടെ എഴുന്നേറ്റു. ജാലകത്തിലൂടെ തെളിഞ്ഞുവരുന്ന ലോകം തന്റെതല്ലെന്ന് അവൾ കണ്ടു. അവൾ ഭയന്നു. പുറത്തു കടക്കാനായി അവൾ വാതിൽ തുറന്നു. അപ്പോഴാണ് തന്റെ ഭാണ്ഡക്കെട്ട് അവൾ കണ്ടത്. ഉടുത്തിരിക്കുന്ന ഭംഗിയുള്ള, വൃത്തിയുള്ള വസ്ത്രങ്ങൾ അവൾക്ക് ഓർമ്മവന്നു. അവൾ തിരിച്ചു കുളി മുറിയിൽപോയി. തലേന്നു രാത്രി മാറ്റിയിട്ട അഴുക്കു പിടിച്ച വസ്ത്രങ്ങൾ വീണ്ടും ധരിച്ചു. അയാൾ അപ്പോഴും കിടക്കുകയായിരുന്നു. കുളിമുറിയിൽനിന്നു പുറത്തുകടന്നത് അയാൾ ഇന്നലെ തെരുവിൽനിന്ന് പിടിച്ചുകൊണ്ടുവന്ന നാറുന്ന പെണ്ണായിരുന്നു. അയാൾ എന്തോ പറയാൻ ഓങ്ങി. അവൾ വാതിൽവരെ ചെന്ന് അവളുടെ ഭാണ്ഡമെടുത്തു വാതിൽ തുറന്നു.

ബാബുജി, ഞാൻ പോകുന്നു.

അയാൾ ഒന്നും പറഞ്ഞില്ല. അവൾ പുറത്തു കടന്നു വാതിൽ ചാരി.

പെട്ടെന്ന്, അവൾക്കൊന്നും കൊടുത്തിട്ടില്ലെന്ന് അയാൾ ഓർമ്മിച്ചു. അയാൾ പിടഞ്ഞെഴുന്നേറ്റു. അവൾക്ക് തിമാർപൂരിലെത്തേണ്ടതാണ്. പണം ആവശ്യമുണ്ടാകും. അയാൾ വാതിൽ തുറന്നുനോക്കി. അവൾ താഴെ നിലയിൽ എത്തിയിരുന്നു.

അയാൾ ആശ്വസിച്ചു, അയാൾക്ക് ഒരു വേശ്യയുടെ ഒപ്പം കിടക്കണമെന്നല്ല ഉണ്ടായിരുന്നത്. അവൾ ഒരു വേശ്യയുമായിരുന്നില്ല. അതൊരു വെറും പൊള്ളയായ ആശ്വസിക്കലായിരുന്നു.അയാൾ ജാലകത്തിലൂടെ നോക്കി. കീറവസ്ത്രങ്ങളുമുടുത്ത് ഭാണ്ഡവും താങ്ങി നടന്നകലുന്ന ആ പെണ്ണിനെ അയാൾ നോക്കി.

ഒരു രാത്രി തന്റേതായിരുന്ന പെണ്ണ്. അവൾക്ക് തിമാർപൂരിൽ അവളുടെ ഭർത്താവിന്റെയടുത്ത് എത്തണം.

അക്ഷരം മാസിക - ഡിസംബര്‍ 1972

ഈ കഥയെക്കുറിച്ച്