സുന്ദര്‍

അനുതാപത്തിന്റെയും നന്മയുടെയും കഥകള്‍

സുന്ദര്‍

പതിവിലും നേരത്തെയുണർന്നൊരു പ്രഭാതത്തിൽ അയാൾ മകന് കുങ്ഫുഫൈറ്റർ എന്ന കഥ വായിച്ചുകൊടുത്തു. ആറുവയസ്സുകാരൻ ആ കഥ മൂളിക്കേട്ടു കൊണ്ടേയിരുന്നു.

പിന്നീട്, കുളിമുറിയിൽ ഇളം ചൂടുള്ള വെള്ളം തലയിലൊഴിക്കുമ്പോൾ മകൻ പറഞ്ഞു -

അച്ഛാ, ഞാൻ വലുതാവുല്ലേ?
ഉം. അയാൾ മൂളി.
വലുതാവുമ്പോ കല്യാണം കഴിക്കില്ലേ?
കുട്ടിയുടെ മുഖത്ത് സോപ്പ് തേയ്ക്കുന്നതിനിടയ്ക്ക് അയാൾ ചെറുചിരിയോടെ വീണ്ടും മൂളി.
കല്യാണം കഴിച്ചാ കുട്ടിയുണ്ടാവൂല്ലേ.
മോന്റെ വായിൽ സോപ്പുപത പോകരുതല്ലോ. ഒരു മൊന്ത വെള്ളമൊഴിച്ചിട്ടാണയാൾ മൂളിയത്.
ആ കുട്ടിക്ക് അച്ഛൻ ഈ കഥ വായിച്ച് കൊടുക്കണം. വായിച്ച് കൊടുക്ക്വോ?
അയാൾ സമ്മതിച്ചു.

കുട്ടികളെ അസ്സലറിയാവുന്ന കഥകളാണ് ദിനോസറിന്റെ കുട്ടിയും, കങ്ഫുഫൈറ്ററും.

അണുകുടുംബത്തിന്റെ സങ്കീർണ്ണമായ ജൂഗൽബന്ദിയിൽ, കഥ പറയും മുത്തശ്ശിയുടേം, വാത്സല്യം കാട്ടുന്ന മുത്തശ്ശന്റേം, ആദരിക്കപ്പെടേണ്ട കാരണവരുടേം വേഷം കെട്ടേണ്ടിവരുന്നത് അച്ഛനുമ്മയ്ക്കുമാണ്. എത്ര വിദഗ്ദ്ധമായി റോളുകൾ കൈകാര്യം ചെയ്താലും, ചിലപ്പോൾ വേഷം മാറുന്നു, റോളുകൾ ഓവർലാപ്പ് ചെയ്യുന്നു.

അതി സെൻസിറ്റീവായ അച്ഛനും അമ്മയും കുട്ടിയും - ദിനോസറിന്റെ കുട്ടിയിലും, കങ്ഫു ഫൈറ്ററിലുമതേ.

ദിനോസറിന്റെ കുട്ടിയെന്ന കഥയാവട്ടെ സാന്ദ്രവും, സങ്കീർണ്ണവുമാണ്. ജീവിക്കാനുള്ള പങ്കപ്പാടിൽ, കേതുദശയിൽ തളർന്നൊരു നിമിഷം, അവനവന്റെ ഭാരവും, നിസ്സഹായതയും ഒരു പൊട്ടിത്തെറിയിലൂടെ ഉണ്ണിമകനോട് തീർക്കാൻ അച്ഛൻ മുതിരുന്നു. അവന്റെ ഓമന ദിനോസറിന്റെ മുഖം ബീഭത്സമാണെന്നലറുന്നു.

പിന്നീട്, രാത്രി, മകന്റെ തലയണയ്ക്കരികെ അവൻ വരച്ച ദിനോസറിന്റെ ചിത്രം. അതിന്റെ മുഖം ചായം തേച്ച് ഭംഗിയാക്കാൻ ശ്രമിച്ചിരിക്കുന്നു. അയാൾ കുനിഞ്ഞ് കുട്ടിയുടെ കൗതുകമുള്ള മുഖത്ത് ഉമ്മ വച്ചു. പിന്നെ ആ മൃദുവായ കവിളിൽ ഒന്നു നക്കി.

ജനലിനപ്പുറത്ത് അവനെ ഉറ്റുനോക്കി നിൽക്കയും സ്‌നേഹം മൂക്കുമ്പോൾ കവിളിൽ നക്കുകയും ചെയ്യുന്ന കുട്ടി ദിനോസറിനോട് അയാൾക്ക് അസൂയയാവുന്നു. രാത്രി മുഴുവൻ അങ്ങനെ കാവൽ നിൽക്കുന്ന ഒരു ദിനോസറായെങ്കിലെന്ന് അയാൾ വേദനയോടെ ആശിക്കുന്നു.

ഈ ഭാഷയിലെ ഏറ്റവും സാന്ദ്രമായ കഥകളിലൊന്നിവിടെയവസാനിക്കുന്നു

എത്ര പ്രതലങ്ങളുള്ള കഥയാണിത്. സെയിൽസ്മാന്റെ കുപ്പായമിട്ട ചെറുപ്പക്കാരൻ, മനസ്സിലാക്കാൻ കഴിവുള്ള ഭാര്യ, ഒത്തിരി ചോദ്യങ്ങളും, സ്വപ്നങ്ങളുടെ കഥകളുമുള്ള മകൻ.

അയാൾ കുളിമുറിയിൽ മൂത്രമൊഴിക്കുമ്പോൾ അറിയാതെ കടന്നുവന്ന ഭാര്യ വേഗം പുറത്തുകടക്കുന്നത് മകൻ കാണുന്നു. അവൻ കട്ടിലിൽ തലകുത്തി മറിഞ്ഞ് ചിരിക്കുന്നു. 'പിന്നെ സ്വകാര്യമായി അച്ഛനോടവൻ ചോദിച്ചു

മമ്മി കണ്ടുവോ?'
അയാളും സ്വകാര്യമായി പറഞ്ഞു, ഇല്ല.
ഭാഗ്യമായി അല്ലേ? കണ്ടിരുന്നെങ്കിൽ മോശമായിരുന്നു അല്ലേ?
ആൺകുട്ടികൾ കണ്ടാൽ കുഴപ്പമില്ല. പെൺകുട്ടികൾ കാണുന്നത് എന്ത് മോശമാണല്ലേ?'

കുങ്ഫു ഫൈറ്ററെന്ന കഥയിൽ, തന്റെ, രണ്ടർത്ഥത്തിലും ക്ലാസ്സിലെ കുട്ടികളെക്കുറിച്ച് വാതോരാതോരോന്നും പറയുന്ന മിഡിൽക്ലാസ് പാരമ്പര്യമുള്ള രാജു തന്റെ അഞ്ചു ചപ്പാത്തിയുള്ള ലഞ്ച്‌ബോക്‌സിൽ നിന്നെന്നും ഉച്ചയ്ക്ക് നാലെണ്ണം പ്യൂണിന്റെ മകനായ മെലിഞ്ഞിരുണ്ട കുട്ടിക്ക് നൽകുന്നു.

ഒരു നാൾ വൈകിട്ട് അത് കണ്ടുപിടിച്ച്, ദേഷ്യം വന്ന് അച്ഛൻ അടുത്തുകണ്ട ഒരു സ്‌കെയിലെടുത്ത് അവനെ അടിക്കാൻ തുടങ്ങി.

'എന്തിനാണ് നാലെണ്ണം കൊടുത്തത്?' അച്ഛൻ ക്രുദ്ധനായി ചോദിച്ചു.

'ഡാഡി അടിക്ക്വോ?'

ഇല്ലെന്നുറപ്പ് കിട്ടിയതിനുശേഷം മകൻ പറയുന്നു.

എനിക്ക് വൈകുന്നേരം വന്നാലും ഭക്ഷണം കഴിച്ചുകൂടെ?
ബൻസിക്ക് വീട്ടിൽ നിന്നും ഒന്നും കിട്ടില്ലാത്രെ.
പിന്നെ എല്ലാ കുട്ടികളും അവനെ ഉപദ്രവിക്കുന്നുണ്ട്.
അവൻ പാവമാണ്. രാജു വീണ്ടും കരയാൻ തുടങ്ങി.

കുട്ടിയുടെ അച്ഛന് അവനവനെക്കുറിച്ചോർത്ത് ലജ്ജ തോന്നി. പിന്നെ ആശ്വസിപ്പിക്കാനൊരു കളിസാമാനം വാങ്ങാൻ അച്ഛന്റെ കൈയുംപിടിച്ച് പീടികകൾ കയറിയിറങ്ങുമ്പോൾ മകൻ പറഞ്ഞു. വലുതാവുമ്പോൾ എനിക്കൊരു കുങ്ഫു ഫൈറ്ററാവണം.

എന്തേ അത് പറയുന്നത് എന്നറിയാതെ അച്ഛൻ പറഞ്ഞു - നിന്റെ മനസ്സിൽ നീ ഇപ്പോൾ തന്നെ കുങ്ഫു ഫൈറ്ററാണല്ലോ. വായനക്കാരന്റെ മനസ്സിലും അവൻ ഒരു കുങ്ഫു ഫൈറ്ററാണല്ലോ.

മനുഷ്യബന്ധങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം ഹരികുമാറിന്റെ കഥകളിൽ കാണാം.

വിവാഹിതയായ കാമുകിയോട്, ഒരു നല്ല രതിക്കു ശേഷമുള്ള മുഹൂർത്തങ്ങൾക്കിടയിൽ, അയാൾ ചോദിച്ചു.

നീ എന്നാണ് നിന്റെ ഭർത്താവിന്റെ ഒപ്പം കിടന്നത്?

പന്ത്രണ്ട് ദിവസമായെന്നറിഞ്ഞപ്പോൾ കാമുകൻ പറഞ്ഞു - ഒരു പക്ഷേ, അയാൾക്ക് വേറെ വല്ല അഫയറുമുണ്ടാവും. ഓഫീസിലോ, പുറത്തോ എവിടെയെങ്കിലും. അപ്പോൾ നിന്നോട് താൽപ്പര്യം കുറഞ്ഞതായിരിക്കും.

അവൾ പറഞ്ഞു - ഞാൻ നിന്നെ വെറുക്കുന്നു.

അവൾ എഴുന്നേറ്റിരുന്ന് വസ്ത്രങ്ങൾ ധരിക്കുകയാണ്. ഞാൻ നിന്നെ വെറുക്കുന്നു. നീ എന്റെ ഭർത്താവിനെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ ഭർത്താവിന്റെ സ്‌നേഹത്തെപ്പറ്റി നിനക്കെന്തറിയാം? (മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ)

സ്ത്രീ മനസ്സിന്റെ സ്വരവ്യതിയാനങ്ങൾ മുമ്പേ മാധവിക്കുട്ടിക്കും. പിന്നീട് ഹരികുമാറിനും കാട്ടിത്തരാനാവുന്നു.

സ്ത്രീ ഗന്ധമുള്ള ഒരു മുറി എന്ന കഥയിലാവട്ടെ, വിവാഹത്തിന് ശേഷവും, കാമുകനുമായി ലൈംഗികബന്ധം പുലർത്തിയ സുനിത, അടുത്ത കാലത്തായി വഴങ്ങാത്തപ്പോൾ, കാമുകനായ മോഹൻ, വെറുപ്പോടെ ബലാൽസംഗം ചെയ്യുന്നു.

അവസാനം അവളുടെ ചുണ്ടുകൾ അയാളുടെ ചുണ്ടുകളെ തേടുകയായിരുന്നു.

അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അവൾ തടഞ്ഞു. നീ വളരെ കരുത്തനാണ് മോഹൻ. നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.

വാതിൽ തുറന്ന് പുറത്തേക്കു പോകുംമുമ്പേ തിരിഞ്ഞുനിന്ന് അയാൾ പറഞ്ഞു. ഞാൻ നിന്നെ വെറുക്കുന്നു.

തിമാർപൂർ എന്ന കഥയിൽ അവൾ പാവം, തിമാർപ്പൂറിലെ ഭർത്താവിന്റെ അടുത്തേക്ക് പോവുകയായിരുന്നു. രാത്രി താവളം വാഗ്ദാനം ചെയ്ത ബാബുജിയോടൊപ്പം അവൾ നടക്കുന്നു. ആ രാത്രി, അവൾ സമ്പന്നതയുടെ നിറവ് താൽക്കാലികമായിട്ടാണെങ്കിലും അറിയുന്നു. സുരതത്തിനിടയ്ക്ക് അയാൾ ചോദിച്ചു. നീ ആരുടെയെങ്കിലും കൂടെയാണോ ഇന്നലെ കിടന്നത്?

ഉത്തരമില്ല.

പിന്നെ തളർച്ചയ്ക്കു മുമ്പ് അയാളുടെ കഴുത്തിൽ കൈകൾ മുറുക്കി, അയാളെ അത്ഭുതപ്പെടുത്തുമാറ് അവൾ ചെവിയിൽ മന്ത്രിച്ചു.

ബാബുജി നല്ലയാളാണ്.

രാവിലെ അയാൾ പറഞ്ഞു. ഇനി നീ പോകണം.

അവൾ ഒരു രാത്രി ഉടുത്ത ഭംഗിയുള്ള വസ്ത്രങ്ങൾ മാറ്റി, അഴുക്കുപിടിച്ച വസ്ത്രങ്ങൾ ധരിച്ച് വാതിൽ തുറന്നു.

അവൾക്കൊന്നും കൊടുത്തില്ലെന്നോർത്തെങ്കിലും അയാൾ ആശ്വസിച്ചു - അയാൾക്ക് ഒരു വേശ്യയോടൊപ്പം കിടക്കണമെന്നല്ല ഉണ്ടായിരുന്നത്. അവൾ ഒരു വേശ്യയുമായിരുന്നില്ല.

വല്ലാണ്ട് വ്യസനം തോന്നിക്കുന്നൊരു കഥ.

ആട്ടെ. അയാൾ നേരായും എന്തുകൊണ്ടവൾക്ക് കാശ് കൊടുത്തില്ല, കൊടുത്തിരുന്നുവെങ്കിൽ അവൾ വാങ്ങുമായിരുന്നോ?

നമുക്കറിയില്ല.

അതുതന്നെയാണ് ഈ കഥയുടെ കാതലും.

മലയാളത്തിലെ ഏറ്റവും നല്ല പ്രൊലെറ്റേറിയൻ കഥകളിലൊന്നാണ് ഒരു ദിവസത്തിന്റെ മരണം.

സുപാരിയുണ്ടാക്കുന്ന ഫാക്ടറിയിലെ ഓട്ടോമേഷന്റെ ആരംഭത്തിൽ, തുടർന്നും നിനക്ക് തരാമെന്ന വാഗ്ദാനത്തോടെ കാന്തലാൽ സേഠ്, കൗസല്യയെന്ന ജോലിക്കാരിയെ പ്രാപിക്കുന്നു. അവൾ, ചുമച്ചു കൊണ്ടിരിക്കുന്ന, തൊഴിലില്ലാത്ത ഭർത്താവിനെയോർത്തു, മകനെയോർത്തു, കിട്ടുന്ന അഞ്ചുറുപ്പികയും നിന്നാലുള്ള സ്ഥിതിയോർത്തു, പിന്നെ ദേഹത്ത് നടക്കുന്ന കാര്യങ്ങളോടവൾക്ക് നിസ്സംഗത തോന്നി, തന്റെ തിരുമ്മിയാലും വെളുക്കാതായ അടിവസ്ത്രങ്ങൾ മറ്റൊരു പുരുഷൻ കാണുന്നതിൽ അവൾക്ക് കുറച്ചൊരു വിഷമവും തോന്നി.

പിന്നീട്, അയാൾ നൽകിയ മുപ്പതുറുപ്പികയിൽ നിന്നും വഴിവക്കിലെ ബനിയൻ വിൽക്കുന്നയാളിൽ നിന്നും പതിന്നാലുറുപ്പികയ്ക്ക് മകനും ഭർത്താവിനും അവൾ ബനിയൻ വാങ്ങുന്നു.

പനിയുള്ള ഭർത്താവിനോടവൾ പറയുന്നു. നമുക്ക് നാളെ രാവിലെ ഡോക്ടറുടെ അടുത്തേക്കു പോകാം.

അവൾ മകന് പുതിയ ബനിയനിടിച്ചു. ഭർത്താവിന്റെ ബനിയൻ അയാളുടെ മെലിഞ്ഞ ശരീരത്തിലൊട്ടിനിന്നു. പാകം നോക്കാൻ കൈയുയർത്തി കാണിച്ചപ്പോൾ രണ്ട് കക്ഷത്തും ഒന്നരയിഞ്ചു നീളത്തിൽ വിടവ്.

അവൾ മകന്റെ കൈകളും പൊന്തിച്ചു നോക്കി. ബനിയന് ഓട്ടയൊന്നുമില്ല ഭാഗ്യം.

പിന്നീട്, അൽപ്പം അരിയുണ്ടായിരുന്നത് കഴുകി അടുപ്പത്തിട്ടപ്പോൾ, അവൾ, തനിക്ക് പശ്ചാത്താപമുണ്ടായില്ലെന്നും, സന്തോഷമായിരുന്നു എന്നുമോർത്ത് വേദനിച്ചു. അവൾ സ്വയം വെറുത്തു. കാന്തലാൽ ചെയ്തതിന് അയാളെ വെറുത്തു. കീറിയ ബനിയൻ തന്നതിന് പീടികക്കാരനെയും, എല്ലാറ്റിനുമുപരി, പണം എവിടെ നിന്നും കിട്ടിയെന്ന് അന്വേഷിക്കുകപോലും ചെയ്യാത്ത ഭർത്താവിനെയും അവൾ വെറുത്തു.

പാവം, നിറഞ്ഞ കണ്ണുകളോടവൾ, സ്വയം പറഞ്ഞു. ഞാൻ ഇതൊന്നുമല്ല പ്രതീക്ഷിച്ചത്.

കാരുണ്യവും അനുതാപവുമുള്ള ഒരുവനേ ഈ കഥയെഴുതാനാവൂ.

ഈ കഥയിൽ മാത്രമല്ല, വളരെ പഴകിയ ഒരു പാവ എന്ന കഥയിലും, നിസ്സഹായതയുടെ ആവരണമണിഞ്ഞ അനുതാപം കാണാം.

ആത്മഹത്യ ചെയ്ത ചെറുമകളുടെ ശവശരീരം കാണാൻ പോവുന്ന പാവം കിഴവനെ, കംപാർട്ട്‌മെന്റിലെ യാത്രക്കാർ വെറുതെ കള്ളനാക്കി, കിഴവന്റെ സാധനങ്ങൾ ഓരോന്നോരോന്നായി പുറത്തേക്കെടുത്തിട്ടു. സാധനങ്ങളുടെ കൂട്ടത്തിൽ വളരെ പഴകിയ, ഒരു കൈ നഷ്ടപ്പെട്ട നിറംമങ്ങിയ പാവക്കുട്ടിയും. കിഴവൻ പാവക്കുട്ടിയും പിടിച്ച് കുറേ നേരമിരുന്ന് കണ്ണീർ ധാരയായി ഒഴുക്കി. പിന്നെ കൊടുങ്കാറ്റുപോലെ പായുന്ന തീവണ്ടിയിൽ നിന്നും കിഴവൻ ചാടി.

അപ്പോഴും മറ്റ് യാത്രക്കാർ ട്രെയിനിന്റെ പുറത്തുതൂങ്ങി കിഴവൻ രണ്ട് കംപാർട്ട്‌മെന്റിന്റെ അറ്റത്തെത്തിക്കാണുമെന്ന് പറഞ്ഞു. മുതല് പോയില്ലല്ലോ എന്നാശ്വസിച്ചു.

കഥ പറയുന്ന ആൾ മാത്രം, രണ്ട് സ്യൂട്ട്‌കേസുകളുടെ ഇടയിൽ കിഴവന്റെ കണ്ണട കണ്ടു. നിലത്ത് വീണ് വാർന്ന രണ്ട് കണ്ണുനീർത്തുള്ളികൾപോലെ.

സ്‌നേഹവും പ്രേമവും കാമവും വിചിത്രമെന്നു തോന്നിക്കുമെങ്കിലും യഥാർത്ഥമായൊരു പാറ്റേണിൽ, നിറഞ്ഞ എംപതിയോടെ, ഹരികുമാറിന്റെ കഥകളിൽ, മാറി മാറി, മാറി മറിഞ്ഞ് പ്രത്യക്ഷപ്പെടുന്നു.

'അമ്മക്കുട്ടി'യായ ദിനേശിനോട് അവൾക്ക് ഭയങ്കര സ്‌നേഹമുണ്ടെങ്കിലും, വിവാഹിതനായ രോഹിതിന് വഴങ്ങുന്ന നീത. പ്രസവിക്കാൻ നാട്ടിൽ പോകുന്നതിന്റെ തലേന്നാൾ വീർത്തവയറും, വിളറിയ മുഖവുമായി എന്നോട് സ്‌നേഹമുണ്ടോ എന്നു ചോദിച്ച ഭാര്യയോട് എന്താണ് മറുപടി പറഞ്ഞത് എന്നോർക്കാൻ കഴിയാത്ത രോഹിത് - ആശ്വാസം തേടി.

ചുമരിൽ ചിത്രമായി മാറിയ അച്ഛൻ എന്ന കഥയിൽ ലതിക, ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ വന്ന ഭർത്താവിനോട്, ഒരു തൃപ്തികരമായ സംഭോഗത്തിനു ശേഷം പറയുന്നു.

രവിക്ക് വേറെ വല്ല പെണ്ണുങ്ങളുടെയും ഒപ്പം കിടക്കാമായിരുന്നില്ലേ. നമ്മുടെ കെട്ടിടത്തിൽ തന്നെ. ഞാൻ മൂന്നുപേരെ കാട്ടിത്തരാം.

പിന്നെ ലിസ്റ്റ്,

മോഡലായ പഞ്ചാബിപ്പെണ്ണ്, വിധവയായ മിസ്സിസ് ചാറ്റർജി, അവരുടെ മകൾ.

അയാളുടെ പ്രതികരണങ്ങൾ.

എനിക്ക് വേറെയാരും വേണ്ട. നീ തന്നെ മതി. ഒടുവിൽ വളരെ സൂക്ഷിച്ച്, സാവധാനത്തിൽ രവി തുടർന്നു.

നമുക്ക് അവിടെ പോയാൽ ദിവസവും ചെയ്യാം.

(നോക്കൂ, എത്ര വൃത്തിയായിട്ടാണിയാൾ വൈവാഹിക ലൈംഗിക ബന്ധത്തെക്കുറിച്ചെഴുതുന്നത്.)

ഫ്‌ളാറ്റിൽ പേടിപ്പെടുത്തുന്ന എന്തോ ഒന്നുള്ളതിനാൽ ഞാൻ വരുന്നില്ലെവൾ പറഞ്ഞതിനാൽ ടിക്കറ്റ് ക്യാൻസൽ ചെയ്തതിനു ശേഷം, വൈകിട്ട് പെട്ടിയുമായി ലതിക വരാനൊരുങ്ങുമ്പോൾ, നിസ്സഹായതയിൽ നിന്നുണ്ടാവുന്ന അയാളുടെ ദേഷ്യം.

അച്ഛൻ ചുമരിലൊരു ചിത്രമായെന്ന് ഗിരീശൻ എന്ന മകൻ മനസ്സിലാക്കുന്നു.

അയാൾ, അവൾ, കുട്ടി - പല നിറക്കൂട്ടുകളിൽ, പല കോമ്പോസിഷനുകളിൽ ഹരികുമാറിന്റെ കഥകളിൽ പ്രത്യക്ഷപ്പെടുന്നു.

നാടിന്റെ ഓർമ്മകൾ, നഗരത്തിന്റെ തിരക്കും തിക്കും, കോമാളികളാവാൻ വിധിക്കപ്പെട്ടവരുടെ മിന്നിമായുന്ന ബന്ധങ്ങൾ. സുന്ദരിയെ വിവാഹം കഴിക്കാൻ കൊതിക്കുന്നവർ, പണിയേറെ എടുക്കുന്ന സർക്കസ്സിലെ കുതിരകൾ - ഹരികുമാറിന് നന്നായറിയുന്ന ലോകമാവണം അദ്ദേഹത്തിന്റെ കഥകളിൽ അതിന്റെയാവണം നിറവും. നന്മ നഷ്ടപ്പെട്ട ഒരു ലോകത്ത്, അദൃശ്യമായൊരു റിമോട്ട് കൺട്രോളിന്റെ നിയന്ത്രണങ്ങളിൽപ്പെട്ട നഗരസംസ്‌കാരത്തിന്റെ ഇടയിൽ നിന്നും, നന്മതേടുന്ന കഥകളുമായി ഹരികുമാർ എന്ന കഥാകൃത്ത്.

എന്നിട്ടും കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളിലൂടെ, ഏറെ നല്ല കഥകളെഴുതിയ, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണലോകം കാട്ടി, വായനക്കാരന്റെ ചങ്കിൽ തൊടാനൊത്ത ഹരികുമാറിനെ നമ്മുടെ നിരൂപകർ കാണാൻ തയ്യാറല്ല.

എന്തിന്, പിതൃ തർപ്പണത്തിന്റെ ശിവരാത്രിയുടെ തലേ സന്ധ്യയ്ക്ക്, കഴിഞ്ഞ ഇടശ്ശേരി അവാർഡ് അഷിതയ്ക്കു നല്കിയപ്പോൾപോലും ആ ചെറു സദസ്സിൽ ഉണ്ടായിരുന്ന ഹരികുമാറിനെ കണ്ടില്ല - മനഃപൂർവ്വമാവില്ല.

ഇതിലൊന്നും വലിയ കഥയുണ്ടായിട്ടല്ല. എങ്കിലും ഈ അനുതാപത്തിന്റെയും, നന്മയുടെയും കാഥികനെ കാണാൻ ഇവിടാരും തയ്യാറാവുന്നില്ലല്ലോ.

കലാകൗമുദി - 1988  ജൂലൈ 17

സുന്ദര്‍

അക്ഷരങ്ങളുടെയും വാക്കുകളുടെയും ആരാധകനായിരുന്ന എഴുത്തുകാരനും കാര്‍ട്ടുണിസ്റ്റുമായ സുന്ദര്‍ (സുന്ദര്‍ രാമനാഥ അയ്യര്‍ ), കഥാകൃത്ത്, നിരൂപകൻ, കാർട്ടൂണിസ്റ്റ് എന്നിവയ്ക്ക് പുറമെ ചരിത്രകാരൻ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ട്രാജിക് ഇഡിയം, സോഷ്യല്‍ ഡിവലപ്‌മെന്റ് ഇന്‍ കേരള; ഇല്യൂഷന്‍ ഓര്‍ റിയാലിറ്റി?, ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കില്‍, ഹൃദയത്തിനുള്ളിലെ ഇടം എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.