മലകളുടെ സംഗീതം


ഇ ഹരികുമാര്‍

നിറം മങ്ങിത്തുടങ്ങിയ വെയിലിന്റെ ആർദ്രതയും, കാട്ടിൽ വേട്ടയ്ക്കു തിരിച്ചപ്പോൾ വാനിൽ ഒറ്റ തിരിഞ്ഞലഞ്ഞ മേഘത്തിൽ നിന്നുതിർന്ന ജലകണങ്ങളും, ഗതിമാറി വീശിത്തുടങ്ങിയ കാറ്റും കാരണം, ആസന്നമായ മഴക്കാലത്തെപ്പറ്റി ബോധവാനായ അയാൾ വിറകു ശേഖരിക്കാനായി മലമുകളിലേയ്ക്കു പോയി. ഒരന്തർപ്രേരണയാൽ അയാൾ അമ്പെയ്തു കൊന്ന മാനിന്റെ മാംസവും, അരുവിയിൽനിന്ന് പിടിച്ച മത്സ്യങ്ങളും, നേർത്തെ വെയിൽ സാന്ദ്രമായിരുന്നപ്പോൾത്തന്നെ ഉണക്കി സൂക്ഷിച്ചിരുന്നു. അതുപോലെ കാട്ടിൽനിന്നു കിട്ടിയ കിഴങ്ങുകളും പഴങ്ങളും അയാൾ ഗുഹയിലെ വിവിധ അറകളിൽ ശേഖരിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്തിന്നുശേഷം ഗുഹാമുഖത്തിനു താഴെ താഴ്‌വാരത്തിൽ മുളച്ചുണ്ടായ ധാന്യച്ചെടികളിൽ, പിന്നെ വരണ്ടകാലം വന്നപ്പോൾ ഉണങ്ങിനിന്ന ധാന്യങ്ങളും അയാൾ ശേഖരിച്ചിരുന്നു.

മലമുകളിൽ എത്തിയപ്പോഴാണ് അയാൾ മലയുടെ സംഗീതം കേട്ടത്. അതു മലകളുടെ അസംഖ്യം ഗുഹാമുഖങ്ങളിൽ തട്ടി അലച്ച് അയാളുടെ ചെവിയിൽ എത്തി. അയാൾ കോരിത്തരിച്ചു. ആദ്യമായി ഈ സംഗീതം കേട്ടതു മുമ്പൊരിക്കൽ തേൻ ശേഖരിക്കാനായി മലമുകളിൽ കയറിയപ്പോഴായിരുന്നു. ഉണങ്ങിയ ചുരയ്ക്കത്തൊണ്ടുകളിൽ പകൽ മുഴുവൻ തേൻ ശേഖരിച്ചുകൊണ്ട് അയാൾ നടന്നു. രാത്രി ഇരുട്ടിൽനിന്നും മൃഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ, താഴെ ചപ്പിലകളും വിറകുംകൂട്ടി വലിയ തീയുണ്ടാക്കി, അയാൾ മരത്തിന്റെ കവരങ്ങളിൽ ഉറങ്ങി. പുലർച്ചെ, സൂര്യനുദിക്കുന്നതിനു മുമ്പുതന്നെ കൂട്ടിൽ ഉറങ്ങിയിരുന്ന പക്ഷികളെ പിടിച്ചുകൊന്ന്, താഴെ അപ്പോഴും നിശ്ശേഷം കെട്ടിട്ടില്ലാത്ത കനലിൽ ചുട്ടെടുത്തു തിന്ന് അയാൾ യാത്ര തുടർന്നു. അങ്ങനെ തേൻ ശേഖരത്തിന്നിടയിൽ മൂന്നാംദിവസമാണ് അയാൾ മലകളുടെ സംഗീതം കേട്ടത്. അയാൾ സ്വയം മറന്നു സംഗീതം ശ്രവിച്ചു. തേൻ നിറഞ്ഞുതുളുമ്പുന്ന ചുരയ്ക്കത്തൊണ്ടുകളുടെ ഭാരം അയാൾ അറിഞ്ഞില്ല. അയാൾ മലയുടെ ഏറ്റവും മുകളിലെ പാറക്കൂട്ടങ്ങളിൽ എത്തിയിരുന്നു. അവിടെ നിന്നു നോക്കിയാൽ താഴ്‌വാരത്തിൽ ഒഴുകുന്ന അരുവിയും, അതിൽ വെള്ളം കുടിച്ചു തലയുയർത്തുന്ന മാൻകൂട്ടങ്ങളും ചെറുതായി കാണാം. ഇതിനിടയ്ക്ക് മലകളുടെ സംഗീതം അയാൾക്കു ചുറ്റും അലകളുണ്ടാക്കി ഒഴുകി, പാറക്കൂട്ടങ്ങളിൽ വന്നടിച്ചു ചിതറി.

അപ്പോഴാണ് അയാൾ കണ്ടത്, കുറച്ചു താഴെ പാറക്കൂട്ടങ്ങൾക്കു മുകളിൽ നൃത്തം വെച്ചു നീങ്ങുന്ന പെൺകുട്ടി. അവൾ അരക്കെട്ട് ഇലകൾകൊണ്ടു മറച്ചിരുന്നു. മുഴുത്ത മാറിടവും തടിച്ച തുടകളും ഇളക്കി അവൾ നൃത്തം വെച്ചു. പെട്ടെന്ന് ഏകാന്തതയെപ്പറ്റി അയാൾ ബോധവാനായി. വിരസമായ തന്റെ ഗുഹയെപ്പറ്റി അയാൾ ഓർത്തു.

മലകളുടെ സംഗീതത്തിനനുസരിച്ച് അവളുടെ കാലുകൾ ചലിച്ചു. ഇത്ര ഭംഗിയുള്ള ഒരു മൃഗത്തെ അയാൾ മുമ്പു കണ്ടിരുന്നില്ല. കൈകൊട്ടി, വായകൊണ്ടു ശബ്ദം ഉണ്ടാക്കി അവളുടെ ശ്രദ്ധയാകർഷിക്കാൻ അയാൾ ശ്രമിച്ചു. അവൾ തലയുയർത്തി നോക്കി, നൃത്തം തുടരുകയും ചെയ്തു. അയാൾ ചുമലിൽ പുറത്തു തൂക്കിയിട്ടിരുന്ന തേൻ നിറച്ച ചുരയ്ക്കാത്തൊണ്ടെടുത്തു കാണിച്ച് അവളെ പ്രലോഭിപ്പിച്ചു. അവൾ വഴങ്ങാതെ, തലയാട്ടി നൃത്തം ചവിട്ടി നീങ്ങി. അടുത്തുതന്നെ അവൾ ഇരുട്ടുപിടിച്ച കാടുകൾക്കുള്ളിൽ മറയുമെന്നു ബോദ്ധ്യമായപ്പോൾ അയാൾ അവളുടെ നേരെ ഓടി. പക്ഷേ, മരങ്ങൾക്കിടയിലൂടെ ഓടി, പാറക്കൂട്ടങ്ങൾ കണ്ടുപിടിച്ചെത്തുമ്പോഴേക്ക് അവൾ ഇരുണ്ട കാടുകളിൽ മറഞ്ഞിരുന്നു. അയാൾ നിരാശനായി, അസ്വസ്ഥനായി. ഇതിനുമുമ്പ് ഒരു മനുഷ്യജീവിയെ കണ്ടിട്ടില്ലാത്ത അയാൾ, ഈ മൃഗം തന്റെ വംശത്തിൽപ്പെട്ട ഒന്നാണെന്ന് എങ്ങനെയോ മനസ്സിലാക്കി.

അയാൾ പിന്നീട് തേൻ ശേഖരിക്കാൻ നില്ക്കാതെ ഗുഹയിലേക്കു മടങ്ങി. അയാളുടെ തുടകൾക്കിടയിൽ വേദന അനുഭവപ്പെട്ടു. തേൻചുരയ്ക്കകൾ തുളുമ്പി പുറം മുഴുവൻ നനഞ്ഞിരുന്നു. അതിനു ശേഷം കുറേക്കാലം മലമുകളിലേക്കു പോകാൻ അയാൾ ഭയപ്പെട്ടു.

ഇപ്പോഴും മലകളുടെ സംഗീതം കേട്ടപ്പോൾ അയാൾ പ്രതീക്ഷയോടെ ചുറ്റും നോക്കി. കുറച്ചകലെ മരങ്ങൾക്കിടയിൽ ഉയർന്നുനിന്ന പാറകൾക്കു മീതെ ചുവടൊപ്പിച്ച് കാലുകൾ ചലിപ്പിക്കുന്ന പെൺകുട്ടിയെ അയാൾ അവസാനം കണ്ടു. മലകൾ സംഗീതമുണ്ടാക്കുമ്പോഴെല്ലാം പ്രത്യക്ഷപ്പെടുന്ന പെൺകുട്ടിയെ അയാൾ കൗതുകപൂർവ്വം നോക്കി. അവളെ ഇണയായി കിട്ടാനുള്ള ആഗ്രഹമുണ്ടായി. പ്രലോഭനങ്ങളാൽ അവളെ കീഴടക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അയാൾ, അവളെ കൊന്ന് സ്വന്തമാക്കാൻ തീർച്ചയാക്കി. ഒരു ഉരുണ്ട പാറക്കല്ലു തിരഞ്ഞെടുത്ത് എറിയാൻ അയാൾ തയ്യാറായി.

എറിയാൻവേണ്ടി ഓങ്ങിയപ്പോഴാണതുണ്ടായത്. പെട്ടെന്നു മലകളുടെ സംഗീതം നിലച്ചു. പിന്നീടുണ്ടായ ശൂന്യതയിൽ, പെൺകുട്ടി നൃത്തം മതിയാക്കി അയാളെ നിർന്നിമേഷയായി നോക്കിനില്ക്കുന്നത് അയാൾ കണ്ടു. അയാളുടെ കൈ ചലിച്ചില്ല. കൈയിൽനിന്ന് ഉരുളൻ കല്ലു താഴെ പാറകൾക്കു മുകളിൽ വീണു പൊട്ടിച്ചിതറി. മുകളിൽ മരത്തിന്റെ കൊമ്പിൽ നീണ്ട വാലുള്ള ഒരു മഞ്ഞക്കിളി ആക്ഷേപസ്വരമുണ്ടാക്കി. കാറ്റിൽ മുളങ്കൂട്ടങ്ങൾ കരഞ്ഞു. അയാൾ അവളുടെനേർക്ക് ഓടി. പെൺകുട്ടി അനങ്ങാതെ അയാളെ നോക്കി നിന്നു. കാറ്റിൽ അവളുടെ അരക്കെട്ടിൽ തൂങ്ങിക്കിടന്ന ഇലകൾ ആടി. അവളുടെ സമൃദ്ധിയായ തുടകൾ അയാൾ കണ്ടു. നൃത്തം ചെയ്യുമ്പോൾ ഇളകിത്തുടിച്ച മുലകൾ അവളുടെ നിശ്വാസത്തിൽ ഉയർന്നമരുന്നത് അയാൾ കണ്ടു. അടുത്തെത്തിയപ്പോഴാണ് അവളുടെ ആർദ്രമായ കണ്ണുകൾ അയാൾ കണ്ടത്. അയാൾ പെട്ടെന്നു നിന്നു. ആ കണ്ണുകളിൽ വ്യസനമുണ്ടായിരുന്നു, പരിഭവമുണ്ടായിരുന്നു. പിന്നെ അയാൾ ആവേശത്തോടെ കെട്ടിപ്പിടിച്ചപ്പോൾ അവൾ വഴങ്ങി. താടിരോമങ്ങൾ കൊണ്ട് അവളുടെ മുഖത്ത് അയാൾ ഉരച്ചു. അവളുടെ തിങ്ങിയ മുലകൾ അയാളുടെ നെഞ്ചിൽ അമർന്നു. അവൾ കണ്ണടച്ചു. തുടകൾക്കിടയിലെ വേദന അയാൾ അറിഞ്ഞു. അവൾ അയാളോടു ചേർന്നു കിടന്നു. സുരതത്തിന്റെ ആനന്ദം അയാൾ കണ്ടെത്തി. അവർ അനങ്ങാതെ കിടന്നു.

പിന്നെ മലകളുടെ സംഗീതം എപ്പോഴാണു തുടങ്ങിയതെന്ന് അയാൾ അറിഞ്ഞില്ല. ഉണർന്നപ്പോൾ സംഗീതമുണ്ടായിരുന്നു. കാറ്റുമുണ്ടായിരുന്നു. മരങ്ങൾക്കു മുകളിൽ മഞ്ഞവെളിച്ചമുണ്ടായിരുന്നു. തളർന്നുറങ്ങുന്ന ഇണയെ അയാൾ എടുത്തു. അമ്പെയ്തു കൊന്ന മാനിനെ ഏറ്റുന്ന പോലെ അയാൾ അവളെ തോളിലിട്ടു ഗുഹയിലേക്കുനടന്നു.

കൂർത്ത പാറക്കല്ലുകളിലൂടെയുള്ള ഇറക്കം അയാളെ ക്ഷീണിപ്പിച്ചില്ല. ഇരുവശത്തും വളർന്നു നിന്ന മുൾച്ചെടികളുടെ ശത്രുത അയാൾ അറിഞ്ഞില്ല. മലകളുടെ സംഗീതം മാത്രം അയാൾ ശ്രദ്ധിച്ചു. താഴ്‌വാരത്തിലെത്തുമ്പോഴേക്കും സംഗീതം നേർത്തുവരുന്നത് അയാൾ വേദനയോടെ അറിഞ്ഞു.

ഗുഹയിലെത്തിയപ്പോൾ അവൾ ഉണർന്ന് അത്ഭുതത്തോടെ ചുറ്റും നോക്കി. ഗുഹയുടെ ഭിത്തികളിൽ അയാൾ പലപ്പോഴായി വരച്ചുവെച്ച ചിത്രങ്ങൾ! പ്രകാശം മങ്ങിയ ഒരു കോണിൽ അയാൾ ചൂണ്ടി. അവിടെ കൂർത്ത കരിങ്കല്ലു കൊണ്ടു ദേഹത്തിൽ പോറലുണ്ടാക്കി, ചിന്നിയ ചോരകൊണ്ട് അയാൾ അവളുടെ ചിത്രം വരച്ചിരുന്നു. ആദ്യം അവളെ കണ്ട ദിവസം വരച്ച ചിത്രം.

അവളെ ഗുഹയിലാക്കി അയാൾ അമ്പും വില്ലുമെടുത്തു പുറത്തിറങ്ങി. അരുവിയിൽ തടിച്ച മത്സ്യങ്ങളുണ്ടായിരുന്നു. വലിയ മത്സ്യങ്ങളെ എയ്തുപിടിച്ച് അയാൾ ഗുഹയിൽ തിരിച്ചെത്തി കരിങ്കല്ലുകൾ ഉരച്ചു പഞ്ഞിയിൽ പിടിപ്പിച്ച് അയാൾ തീയുണ്ടാക്കി. അവൾ മത്സ്യം തീയിലിട്ട് വേവിച്ച് അയാൾക്കു കൊടുത്തു. അയാൾ മത്സ്യം കടിച്ചുവലിച്ചു തിന്നുന്നത് അവൾ സംതൃപ്തിയോടെ നോക്കിനിന്നു.

അപ്പോൾ പുറത്ത് ഇടിവെട്ടുന്ന ശബ്ദം അവർ കേട്ടു. അവൾ ഞെട്ടി അയാളോടു ചേർന്നുനിന്നു. അയാൾ പുറത്തിറങ്ങി നോക്കി. ആകാശത്തിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ അയാൾ കണ്ടു. അവയിൽനിന്ന് ഇറ്റുവീണ ഒരു ജലകണം ചുമലിൽ തട്ടിത്തെറിച്ചപ്പോൾ അയാൾ ഗുഹയിലേക്കു മടങ്ങി. ഒരു വലിയ കരിങ്കല്ലെടുത്തു ഗുഹാമുഖമടച്ചുകൊണ്ട് അയാൾ അവളുടെ അടുത്തു വന്നു. ഒരു ദീർഘമായ ആലിംഗനത്തിൽ മുഴുകുമ്പോൾ, മഴക്കാലത്തേക്കാവശ്യമായ വിറകുശേഖരിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു. അയാൾ അസ്വസ്ഥനായി.

സമീക്ഷ - മെയ് 1972