സ്ത്രീഗന്ധമുള്ള മുറി


ഇ ഹരികുമാര്‍

സുനിതയുടെ ഫ്ലാറ്റിന്റെ വാതിൽ സ്വൽപം തുറന്നാണിട്ടിരിക്കുന്നത്. ഒരിഞ്ചു വിടവു മാത്രം. പരിചയമുണ്ടെങ്കിലേ അതു കാണാൻ പറ്റൂ. അതിനർത്ഥം ഇടത്തു വശത്തുള്ള, നേരിയ വലയിട്ട ജനലിലൂടെ അവൾ തന്നെ നോക്കുന്നുണ്ടെന്നാണ്. പുറത്തെ പകൽ വെളിച്ചം കാരണം കമ്പിവലയ്ക്കു പിന്നിൽ ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അറിയില്ല. സുനിത ഓഫീസിൽ നിന്ന് വന്നിരിക്കുന്നുവെന്ന് അയാൾ ആശ്വാസത്തോടെ മനസ്സിലാക്കി.

അയാൾ അകത്തു കടന്ന്, വാതിൽ ശബ്ദമുണ്ടാക്കാതെ അടച്ചു കുറ്റിയിട്ടു. സുനിത അടുത്തുതന്നെ നിന്നിരുന്നു. താൻ കണ്ടിട്ടില്ലാത്ത പുതിയൊരു ഓറഞ്ചു സാരിയാണുടുത്തിരിക്കുന്നത്. ഓറഞ്ച് ബ്ലൗസും. ഓഫീസിൽനിന്നു വന്നശേഷം അവൾ മാറ്റിയതായിരിക്കണം. പുതിയ സാരി അവൾക്കു നന്നായി യോജിക്കുന്നുണ്ടെന്ന് പറയാൻ അയാൾ ഓങ്ങി. പിന്നെ വേണ്ടെന്നു വെച്ചു. ഒരു മാസത്തിനുശേഷം ഇവിടെ വരുന്നത് സംസാരിക്കാനാണ്, സംസാരിക്കാൻ മാത്രം.

അയാൾ പറയാൻ ഉദ്ദേശിച്ചതും പറയാതിരുന്നതും എന്താണെന്നും സുനിതയ്ക്കു മനസ്സിലായിരുന്നു. അവൾ അത് അറിഞ്ഞില്ലെന്നു നടിച്ചത് അയാൾ കണ്ടു. മുമ്പെല്ലാം വാതിൽ അടയ്ക്കാൻ കൂടി താമസമില്ലാതെ അവർ ആലിംഗനത്തിൽ അമരാറുണ്ടായിരുന്നു. അന്നവർ പ്രണയികളായിരുന്നു. ഇന്ന് വെറും സ്നേഹിതർ മാത്രം. ആ അറിവിൽ അയാളുടെ മനസ്സ് ഇടിഞ്ഞു. അയാൾ സോഫയിൽ പോയിരുന്നു. സുനിത അയാൾക്കെതിരെയുള്ള കയ്യുള്ള കസേരയിൽ ഇരുന്നു. അവളുടെ വെളുത്ത വയറും മടക്കുകളില്ലാത്ത മിനുത്ത അരക്കെട്ടും കണ്ടപ്പോൾ, ആ ദേഹം തനിക്ക് എന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്ന ഓർമ്മ അയാളിലുണ്ടായി. അയാൾ ദുഃഖിതനായി.

''മോഹൻ പറയു, എന്താണ് സംസാരിക്കാനുള്ളത്?''

അയാൾ നിവർന്നിരുന്നു.

''ഒരു ഗ്ലാസ് വെള്ളം തന്നാൽ നിനക്ക് എന്നോട് വീണ്ടും പ്രേമം അങ്കുരിക്കുമെന്ന ഭയമില്ലെങ്കിൽ കുറച്ച് വെള്ളം കിട്ടിയാൽ കൊള്ളാമായിരുന്നു.''

''ഓ, സോറി ഞാൻ ആതിഥ്യമര്യാദകളൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു.''

അവൾ എഴുന്നേറ്റു അടുക്കളയിൽ പോയി സ്‌ക്വാഷ് കൂട്ടിക്കൊണ്ടു വന്നു.

ചിത്രപ്പണികളുള്ള നീണ്ട ഗ്ലാസ് അവളുടെ കയ്യിൽ നിന്നു വാങ്ങി അയാൾ പറഞ്ഞു.

''നന്ദി.''

''ഇനി പറയൂ. എന്താണ് സംസാരിക്കാനുള്ളത്?''

''എന്നെ വീണ്ടും സ്‌നേഹിക്കു.''

''ഞാൻ സ്‌നേഹിക്കുന്നുണ്ടല്ലൊ മോഹൻ; ഞാൻ എപ്പോഴും പറയാറില്ലെ, എന്നെ ഒരു നല്ല സ്‌നേഹിതയായി കാണു എന്ന്.''

''അത്തരം സ്‌നേഹമല്ല എനിക്കാവശ്യം.'' മോഹനൻ പറഞ്ഞു. ''നാം മുമ്പുണ്ടായിരുന്ന പോലെ തുടർന്നുകൂടെ?''

''ഇതാണോ മോഹനന് സംസാരിക്കാനുണ്ടെന്നു പറഞ്ഞത്?''

''അതെ.''

''എനിക്കതിനു കഴിയില്ല മോഹൻ. ഒന്നു മനസ്സിലാക്കാൻ ശ്രമിക്കു. എനിക്കെന്റെ ഭർത്താവിനെ ഇനിയും വഞ്ചിച്ച് ജീവിക്കാൻ കഴിയില്ല. ഞാനയാളെ അത്രയധികം സ്‌നേഹിക്കുന്നുണ്ട്.''

''നീ നിന്റെ ഭർത്താവിനെ പണ്ടും സ്‌നേഹിച്ചിരുന്നു.''

''അതല്ല. ഞാൻ ചെയ്യുന്നത് തെറ്റാണെന്ന ബോധം എന്നെ ഇപ്പോൾ വല്ലാതെ അലട്ടാൻ തുടങ്ങിയിരിക്കുന്നു. നിതീഷ് എന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. വിശ്വസിക്കുന്നുമുണ്ട്. പകൽ നിന്റെ കരവലയത്തിൽ സംതൃപ്തി നേടി വൈകുന്നേരം ഭർത്താവിന്റെയും മകളുടെയും മുമ്പിൽ ഒരു സ്‌നേഹനിധിയായ ഭാര്യയും അമ്മയുമായി അഭിനയിക്കാൻ എനിയ്ക്കു കഴിയാതായിരിക്കുന്നു. നിനക്കതു മനസ്സിലാവില്ല മോഹൻ. വൈകുന്നേരങ്ങളിൽ നിതീഷ് സംസാരിക്കുമ്പോൾ, നിതീഷും ഞാനും മാത്രമേയുള്ളു ഈ ലോകത്തിൽ എന്ന മട്ടിൽ വല്ലതും പറയുമ്പോൾ, ഞാൻ വേറൊരാളുടേതു കൂടിയാണെന്ന്, പകൽ വേറൊരാളുടെ ആലിംഗനത്തിൽ കിടന്നിട്ടുണ്ടെന്ന് ഓർമ്മ വരുന്നത് വേദനാജനകമാണ്.''

''ഞാൻ നിന്നെ സന്തോഷിപ്പിച്ചിരുന്നില്ലെ?''

''ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലൊ. പക്ഷേ അത് എന്നും തുടരാൻ പറ്റില്ലെന്ന് മോഹൻ മനസ്സിലാക്കണ്ടെ?''

''നിനക്കു തോന്നുന്ന കാലം വരെ അതു തുടർന്നു. അപ്പോൾ എന്റെ ആവശ്യവും നോക്കേണ്ട ധാർമ്മികമായ ബാദ്ധ്യതയെങ്കിലുമില്ലെ നിനക്ക്?''

സുനിത ചിരിച്ചു. മോഹനന്റെ ആവശ്യം എന്താണെന്നവൾ ഓർത്തു. അവൾ പറഞ്ഞു.

''മോഹൻ നീ പോയി കല്യാണം കഴിക്കു.''

''കല്യാണം കഴിക്കാൻ എനിക്കിഷ്ടമല്ലെന്ന് സുനിക്കറിയാം. സ്ത്രീ ഒരു പുരുഷന്റെ പിന്നാലെ ഭവ്യതയോടെ നടക്കുന്നതു കാണുമ്പോൾ എനിയ്ക്ക് വല്ലായ്മയാണുണ്ടാവാറ്. എനിയ്ക്ക് അങ്ങനെ ഒരു സ്ത്രീയുടെ ഒപ്പം കിടക്കാൻ പറ്റുമെന്നു തോന്നുന്നില്ല.''

''ചുരുക്കിപ്പറഞ്ഞാൽ നിനക്ക് വൈകൃതമായൊരു ബന്ധമാണ് ആവശ്യം.''

''വൈകൃതമോ? ഇതെത്ര മനോഹരമാണെന്നു നോക്കു. നമ്മൾ അന്യോന്യം സ്‌നേഹിക്കുന്നു. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. അത് എത്ര മനോഹരമാണ്!''

''അടുത്ത കാലത്തായി നമ്മൾ ചെയ്യുന്നത് വളരെ അധാർമ്മികമായ ഒന്നാണെന്ന് എനിക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ശരിക്കു പറഞ്ഞാൽ ഇതൊരുതരം വ്യഭിചാരമല്ലേ എന്ന ബോധം.''

''സ്‌നേഹമില്ലാത്ത ലൈംഗികബന്ധങ്ങൾക്കാണ് വ്യഭിചാരമെന്നു പറയുന്നത്. പണത്തിനുവേണ്ടി ഒരു സ്ത്രീ പുരുഷനു കിടന്നുകൊടുക്കുന്നത്. സ്‌നേഹമുള്ളിടത്തോളം ഏതു ലൈംഗികബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്‌നേഹമില്ലെങ്കിൽ ഏതു ബന്ധവും, ഭാര്യയും ഭർത്താവും കൂടിയുള്ളതുകൂടി, വ്യഭിചാരമാണ്. ഉടനെ നിർത്തേണ്ടതാണ്. നിനക്കെന്നെ ഇപ്പോഴും സ്‌നേഹമുണ്ടെന്നെനിക്കറിയാം. സുനി, കേൾക്കു, നമുക്ക് ഇനിയും സന്തോഷത്തോടെ ജീവിക്കാം.''

സുനിത ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു.

''സുനി, നീയില്ലാതെ എനിക്കു വളരെ ഏകാന്തത തോന്നുന്നു. കഴിഞ്ഞ ഒരു മാസം ഞാൻ എങ്ങിനെ കഴിച്ചുകൂട്ടിയെന്നറിയാമോ?''

''എനിക്കറിയാം. ഓരോ പ്രാവശ്യവും ഫോണിൽ, ഞാൻ നിന്നെ കാണില്ലെന്നു പറഞ്ഞപ്പോഴെല്ലാം നീ വീട്ടിൽപോയി കരഞ്ഞിട്ടുണ്ടാവും.''

''നീ പിന്നെ എന്തിനാണ് എന്നെ കാണാമെന്നു സമ്മതിച്ചത്?''

''നിനക്കറിയാം അത്.''

തന്നെ പിറ്റേന്ന് കാണാൻ സമ്മതിച്ചില്ലെങ്കിൽ, കാണുന്നവരെ ഭക്ഷണമൊന്നും കഴിക്കില്ലെന്ന് അയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

സുനിത അടുത്തുള്ള ടീപോയിമേൽ വെച്ച പാവക്കുട്ടിയെടുത്ത് അതിന്റെ സ്ഥാനം തെറ്റിയ ഉടുപ്പുകൾ ശരിയാക്കുകയായിരുന്നു. അവൾ പെട്ടെന്നെഴുന്നേറ്റ് അകത്തുപോയി സൂചിയും നൂലുമായി വന്ന് പാവക്കുട്ടിയുടെ തുന്നൽ വിട്ട ഉടുപ്പ് തുന്നാൻ തുടങ്ങി.

''നീ എനിയ്ക്കു നഷ്ടപ്പെട്ടുവെന്ന് മനസ്സിലായപ്പോൾ ഞാൻ കരഞ്ഞു. എന്റെ രാത്രികൾ ഉറക്കമില്ലാത്തവയായി. ഞാൻ വെറുതെ തെരുവുകളിൽ അലഞ്ഞുനടന്നു. എനിക്ക് എല്ലാം നഷ്ടപ്പെട്ടപോലെ തോന്നി. നീ എനിയ്ക്കു തന്ന ഓരോ ചുംബനങ്ങളും, നീയുമായി കഴിഞ്ഞ ഓരോ നിമിഷങ്ങളും ഞാൻ ഓർത്തു. നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലായി.''

സുനിത മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ പാവക്കുട്ടിയുടെ ഉടുപ്പ് തുന്നുകയായിരുന്നു.

''നീ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല.''

''ഞാൻ കേൾക്കുന്നുണ്ട്.''

''നീ തുന്നുകയാണ്.''

''ഞാൻ ചെവികൊണ്ടാണ് കേൾക്കുന്നത്.'' സുനിത തലയുയർത്തി പറഞ്ഞു ''കൈ കൊണ്ടല്ല.''

''മുഖത്തു നോക്കാതെ ഒരാളോട് സംസാരിക്കുക വിഷമം തന്നെയാണ്. ഞാൻ പറയുന്നതിന്ന് എന്ത് പ്രതികരണമാണുണ്ടാവുന്നതെന്നറിയാതെ സംസാരം തുടരുന്നത് ഇരുട്ടിൽ അറിയാത്ത വഴിയിൽക്കൂടി നടക്കുന്നതുപോലെയാണ്. തടഞ്ഞു വീഴുന്നതെനിക്കിഷ്ടമല്ല.''

സുനിത തുന്നൽ കഴിഞ്ഞു, നൂലും സൂചിയും മാറ്റി വെച്ചു.

''മോഹൻ, ഞാൻ പറയുന്നതു കേൾക്കു. എനിക്ക് നീയുമായി ഈ വിധത്തിൽ ഒരു ബന്ധം തുടങ്ങണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ വളരെ സാവധാനത്തിൽ നിന്നിലേയ്ക്ക് ആകർഷിക്കപ്പെടുകയാണുണ്ടായത്. നീ വളരെ സുമുഖനാണ്. പക്ഷേ അതിനേക്കാൾ കൂടുതൽ ഞാൻ ആകർഷിക്കപ്പെട്ടത് നിന്റെ സംസാരം കൊണ്ടായിരുന്നു. നിന്നോട് സംസാരിക്കുക ഒരനുഭവമായിരുന്നു. എന്തു വിഷയമായാലും നിനക്ക് അതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടാവും. മിക്കവാറും എല്ലാം വളരെ ആധികാരികമായിത്തന്നെ. അത് ദൈവവിശ്വാസത്തെപ്പറ്റിയായാലും, അമേരിക്കൻ സ്‌പേസ് പ്രോഗ്രാമിനെപ്പറ്റിയായാലും, റോക്ക് മ്യൂസിക്കിനെപ്പറ്റിയായാലും നിനക്ക് എന്തെങ്കിലും പറയാനുണ്ടാവും. ഞാൻ നിന്റെ അടുത്തു നിന്ന് വളരെയധികം പഠിച്ചിട്ടുണ്ട്. നിന്നോട് സംസാരിക്കുക വളരെ എളുപ്പമായിരുന്നു. ക്രമേണ എന്റെ ഭർത്താവിനോട് പറയാൻ വിഷമമായ കാര്യങ്ങൾകൂടി നിന്നോട് പറയാൻ മാത്രം വിശ്വാസം എനിയ്ക്കു വന്നു. അതൊരു വളരെ വിശുദ്ധമായ സ്‌നേഹബന്ധമായിരുന്നു. എനിക്കു വളരെ ഇഷ്ടമായിരുന്നു. പക്ഷേ നീ ആ ബന്ധത്തിന് മറ്റൊരു രൂപം നൽകി. ആദ്യത്തെ പ്രാവശ്യം നീ നിർബ്ബന്ധിച്ചപ്പോൾ ഞാൻ വളരെയേറെ ചെറുത്തു. ഓർക്കുന്നുണ്ടോ, അവസാനം നിന്റെ നിർബ്ബന്ധം സഹിക്കവയ്യാതായപ്പോഴാണ് ഞാൻ വഴങ്ങിയത്.''

അയാൾ ഓർത്തു. ഒരു ദിവസം സുനിതയുടെ ഫോണുണ്ടായിരുന്നു. ഒന്ന് ഓഫീസിൽ വരെ വരാമോ? എനിയ്ക്കു വീട്ടിൽ പോകണം സുഖമില്ല. സാരമില്ല ഒരു തലചുറ്റൽ മാത്രം. ഞാൻ നിതീഷിന് ഫോൺ ചെയ്തിരുന്നു. മൂപ്പർ ഓഫീസിലില്ല. ഒറ്റക്ക് പോകാൻ പേടി. വഴിയിലെങ്ങാനും തല ചുറ്റി വീണാലോ.

അയാൾ സുനിതയുടെ ഓഫീസിലേയ്ക്കു പുറപ്പെട്ടു. ഓഫീസ് കെട്ടിടത്തിന്റെ താഴത്തുതന്നെ അവൾ കാത്തു നിന്നിരുന്നു. അവളുടെ മുഖം വിളറിയിരുന്നു. അയാൾ ടാക്‌സി വിളിക്കാൻ ഭാവിച്ചപ്പോൾ അവൾ പറഞ്ഞു.

''നമുക്ക് ബസ്സിൽ പോകാം. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല.''

അയാൾ സമ്മതിച്ചില്ല. ടാക്‌സിയിൽത്തന്നെ അവർ പോയി.

''നീ വളരെ വിളറിയിരിക്കുന്നല്ലൊ.'' അയാൾ പറഞ്ഞു.

അവൾ ചിരിച്ചു.''എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല.''

മോഹനൻ അവളുടെ കൈ പിടിച്ചമർത്തി പറഞ്ഞു. ''പാവം.''

അവൾ പെട്ടെന്നു കൈ പിൻവലിച്ചു.

അയാൾ പറഞ്ഞു. ''സോറി.''

പിന്നെ അയാളുടെ മുഖം ഇരുണ്ടപ്പോൾ താൻ ചെയ്തതു തെറ്റായിപ്പോയെന്ന വിചാരത്തിൽ അവൾ പറഞ്ഞു.

''സോറി മോഹൻ.''

അയാൾ ഒന്നും പറഞ്ഞില്ല.

അവളും നിശ്ശബ്ദയായി തല കുനിച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തലയുയർത്തി അയാളെ നോക്കി. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. അവൾ പറഞ്ഞു.

''ഞാനൊരു മഠയിയാണ്. അനാവശ്യമായി മോഹനനെ വേദനിപ്പിച്ചു. എനിക്കു മാപ്പു തരു.''

അവൾ മോഹനന്റെ കൈ പിടിച്ചു. അയാൾ അവളുടെ കൈ അമർത്തി. തല താഴ്ത്തി ഡ്രൈവർ കാണാതെ ചുംബിച്ചു. അതിനു ശേഷം അവൾ വളരെ സന്തോഷവതിയായിരുന്നു.

അവളുടെ വീടിന്റെ മുമ്പിൽ ടാക്‌സി നിർത്തിയപ്പോൾ സുനിത പറഞ്ഞു.

''വരുന്നോ, ചായ കുടിച്ചിട്ടു പോകാം.''

''ചായയുടെ ഒപ്പം എന്തു തരും?''

''സ്‌നേഹം.''

''ശരി, വരാം.'' അയാൾ പറഞ്ഞു.

സുനിത ഒരു തമാശയായി പറഞ്ഞത് അയാൾ കാര്യമായെടുത്തിരുന്നു. അതുകൊണ്ട്, ചായയുമായി അവൾ വന്നപ്പോൾ മോഹനൻ ചോദിച്ചു.

''എവിടെ സ്‌നേഹം?''

അവൾ ചിരിച്ചു. പക്ഷേ അയാൾ നിർബ്ബന്ധിച്ചു. അപ്പോഴാണ് അയാൾ കാര്യമായിട്ടാണ് പറയുന്നതെന്ന് സുനിതക്കു മനസ്സിലായത്. അങ്ങിനെ ഒരു കാര്യം അവൾ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. അവൾ ഒന്നും പറയാതിരുന്നു.

''നീ എനിയ്ക്ക് ആദ്യം വളരെ പ്രതീക്ഷകൾ നൽകി.'' അയാൾ പറഞ്ഞു. ''എന്നെ നിരാശപ്പെടുത്തരുത്.''

അവൾ കുഴങ്ങി. അയാൾ അധികമൊന്നും ആവശ്യപ്പെടരുതെ എന്ന് പ്രാർത്ഥിച്ചു കൊണ്ടവൾ ചോദിച്ചു.

''ഞാനെന്താണ് ചെയ്യേണ്ടത്?''

അയാൾ അവളുടെ അടുത്ത് ചെന്നു. കഴുത്തിലൂടെ കൈകളിട്ട് അടുപ്പിച്ച് ചുണ്ടിൽ ചുംബിച്ചു. സുനിത കൈകൾ കൊണ്ടയാളെ പതുക്കെ മാറ്റിക്കൊണ്ടു പറഞ്ഞു. ''മതി.''

പക്ഷേ മോഹനൻ അവിടംകൊണ്ടു നിർത്താൻ തയ്യാറില്ലായിരുന്നു. അയാളുടെ മുന്നേറ്റം തടയാൻ അവൾ ആവും വിധം ശ്രമിച്ചു. അവൾ കെഞ്ചി നോക്കി. പല ഒഴിവുകഴിവുകൾ പറഞ്ഞു. അവസാനം മനസ്സില്ലാമനസ്സോടെ അവൾക്കു വഴങ്ങേണ്ടി വന്നു.

''ആ ദിവസത്തെ സ്‌നേഹം പകരൽ എനിക്ക് ഒരു ചൂണ്ടൽ മാതിരിയായിരുന്നു.'' സുനിത പറഞ്ഞു. ''അന്നെനിക്ക് സെക്‌സിന്റെ ഒരു പുതിയ മാനം കിട്ടി. നീ ലൌവ് മേക്കിംഗിൽ വളരെ സമർത്ഥനാണ്. ആ ദിവസം ആവർത്തിച്ചു. വീണ്ടും, വീണ്ടും അതെന്റെ ഒരു സ്വഭാവമായി. ജീവിതത്തിന്റെ ഒരു ഭാഗമായി മാറി. പിന്നെ ഓരോ പ്രാവശ്യവും ഞാൻ ചെയ്യുന്നത് തെറ്റാണെന്നു തോന്നി നിന്നിൽ നിന്നു കുതറിയോടാൻ ശ്രമിച്ചപ്പോഴെല്ലാം നിന്റെ വാക്കുകൾ എന്നെ തിരിച്ചു വിളിച്ചു. നിന്റെ വാക്കുകൾ എപ്പോഴും ഒരു മായിക വലയം സൃഷ്ടിച്ചു. എനിക്കൊന്നും വ്യക്തമായി കാണാൻ വയ്യാതായി. ഞാൻ വ്യക്തമായാണ് കാണുന്നതെന്ന മിഥ്യാബോധം സൃഷ്ടിക്കുക മാത്രം ചെയ്തു.

''ഞാൻ നിന്റെ വാക്കുകളെ ഭയപ്പെടുന്നു. നിന്റെ നോട്ടത്തെ, നിന്റെ സ്പർശത്തെ. അവ എന്നെ വീണ്ടും പഴയ പാതയിലേയ്ക്കു നയിക്കും. അതാണ് ഞാൻ നിന്നെ കാണാൻ വിസമ്മതിച്ചത്. മോഹൻ എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കു. നമുക്ക് ഈ ബന്ധം തുടരാൻ പറ്റില്ല. വെറും സ്‌നേഹിതരായി തുടരാമായിരുന്നു. പക്ഷേ നീയുമായി സംസാരിക്കാൻ എനിക്കു ഭയമായിരിക്കുന്നു. നിന്റെ വാക്കുകൾ, അവയെന്നെ ഒരു നീരാളിയുടെ ആയിരം കൈകൾപോലെ പിടിച്ചു താഴ്ത്തുന്നു. ദയവുചെയ്ത് മോഹൻ പോകു.''

''നോക്കു സുനി, നമ്മൾ വളരെ സന്തുഷ്ടരായിരുന്നു. അല്ലെ? അതൊരു നല്ല അറേയ്ഞ്ച്‌മെന്റായിരുന്നു. ആരേയും ഉപദ്രവിക്കാത്ത ഒരു അറേയ്ഞ്ച്‌മെന്റ്. എന്തിനതു നിർത്തുന്നു?''

സുനിത സംസാരിക്കാതെ ഇരിക്കുകയായിരുന്നു.

മോഹനൻ അവളുടെ മുഖഭാവം ശ്രദ്ധിച്ചു. അതിൽ മയപ്പെടുത്തുന്ന എന്തോ ഒന്നുണ്ടായിരുന്നു. അയാളുടെ കൈകളിൽ സംതൃപ്തയായി കിടക്കുമ്പോൾ അയാൾ ശ്രദ്ധിക്കാറുള്ള ഭാവം. പരിപൂർണ്ണമായ വഴങ്ങൽ. അവൾ തീരുമാനം പുനഃപരിശോധിക്കുന്നുണ്ടെന്ന തോന്നൽ. അയാൾ ആശാപൂർവ്വം അവളെ നോക്കി.

''എന്താണ് ഒന്നും മിണ്ടാത്തത്?''

''ഞാൻ തീർച്ചയാക്കി.'' അവൾ പറഞ്ഞു. ''ഞാൻ എന്റെ ഭർത്താവിനെയല്ലാതെ വേറൊരാളെ സ്വീകരിക്കില്ല. എന്നെ നിർബ്ബന്ധിക്കരുത്.''

ആശകൾ പെട്ടെന്ന് നിലത്തുവീണുടയുന്നത് അയാൾ കണ്ടു. ഇരുണ്ട ഒരു ലോകത്തിലേയ്ക്ക് തള്ളപ്പെട്ടപോലെ അയാൾക്കു തോന്നി. അതിൽ ഏതോ ഒരു കോണിൽ അയാൾക്ക് ഒരു സ്ത്രീയുടെ ഗന്ധം അനുഭവപ്പെട്ടു. സുനിതയെ അവളുടെ ഗന്ധംകൊണ്ട് അയാൾക്ക് തിരിച്ചറിയാമായിരുന്നു. അയാൾ കണ്ണടച്ച് ആ ഗന്ധം ഉൾക്കൊള്ളാൻ ശ്രമിച്ചു. ആ മാദകഗന്ധവും ശ്വസിച്ച് അയാൾ അവളെ തഴുകിക്കിടക്കാറുണ്ട്. പിന്നെ മണിക്കൂറുകൾക്കുശേഷം കിടപ്പുമുറിയുടെ ജനലിലൂടെ സൂര്യരശ്മികൾ നീണ്ടുവരുമ്പോൾ അയാൾക്ക് പോകേണ്ട സമയമായാൽ അവൾ പറയും.

''നമുക്കെത്ര കുറച്ചു സമയമാണ് ഒന്നിച്ചു കിട്ടുന്നത്?'' മോഹനൻ കണ്ണടച്ചുകൊണ്ട് ആലോചിച്ചു. എവിടെയാണ് കുഴപ്പം പറ്റിയത്? താനെന്തു തെറ്റാണ് ചെയ്തത്? അയാൾ ആശ തീരെ കൈവിട്ടിരുന്നില്ല. അയാൾ പറഞ്ഞു.

''ഞാൻ പറയുന്നതൊന്നു മനസ്സിലാക്കാൻ ശ്രമിക്കു.''

''പ്ലീസ് എന്നെ നിർബ്ബന്ധിക്കാതിരിക്കൂ.''

''നീ ഞാൻ പറയുന്നത് മനസ്സിലാക്കാൻ ശ്രമിക്കുന്നതു കൂടിയില്ല.''

''ഞാനൊരു കുട്ടിയൊന്നുമല്ല മോഹൻ. എന്തിനാണ് എന്നെ നിർബ്ബന്ധിക്കുന്നത്? എന്റെ ഭർത്താവ് എന്നെ ഒരു കാര്യത്തിലും നിർബ്ബന്ധിക്കാറില്ല. അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.''

താൻ തീരെ പരാജയപ്പെട്ടുവെന്നയാൾക്ക് ബോദ്ധ്യപ്പെട്ടു. സുനിത തനിയ്ക്ക് തീരെ നഷ്ടപ്പെട്ടുവെന്ന് അയാൾക്ക് മനസ്സിലായി. അവളുടെ മിനുത്ത ദേഹവും, അവളുടെ മാദകഗന്ധവും തനിക്കിനി കിട്ടില്ലെന്നയാൾക്കു ഉറപ്പായി. നിരാശ പെട്ടെന്ന് രോഷമായി മാറി. അയാൾ പറഞ്ഞു.

''നിന്റെ സ്‌നേഹം ഇത്രയും വറ്റി വരണ്ടുവെന്ന് ഞാൻ അറിഞ്ഞില്ല.''

അയാൾക്ക് ഒരു തീരുമാനമെടുക്കേണ്ടതുണ്ടായിരുന്നു. തന്റെ ജീവിതം തുലയ്ക്കാൻ ആരേയും അനുവദിക്കാൻ അയാൾ തയ്യാറില്ലായിരുന്നു.

അയാൾ പറഞ്ഞു. ''ഞാൻ നിന്നെ ഇപ്പോൾ ബലാൽസംഗം ചെയ്താൽ നിനക്ക് എന്തു ചെയ്യാൻ പറ്റും?''

അവൾ അത്ഭുതത്തോടെ അയാളെ നോക്കി.

''നീ അതു ചെയ്യില്ലെന്ന വിശ്വാസമുണ്ട് എനിക്ക്.''

''ആ വിശ്വാസമെല്ലാം സ്‌നേഹം നിലനിൽക്കുന്നിടത്തോളമേ വേണ്ടു. സ്‌നേഹമില്ലാത്തിടത്ത് വിശ്വാസമെവിടെ? ഞാൻ നിനക്ക് എന്റെ സ്‌നേഹം മുഴുവൻ തന്നു. നീ തിരിച്ച് നിന്റെ സ്‌നേഹം തരുമെന്ന വിശ്വാസത്തിൽ. പക്ഷേ എന്റെ സ്‌നേഹം നീ ഒരു പുഴുവെപ്പോലെ ചവിട്ടിയരച്ചു.''

അയാൾ കുനിഞ്ഞിരുന്ന് ഷൂസഴിച്ചു മാറ്റി. ഷർട്ടിന്റെ ബട്ടൻ അഴിച്ചു മാറ്റുന്നത് കുറച്ചൊരു പരിഭ്രമത്തോടെ സുനിത നോക്കി. ഷർട്ട് അഴിച്ചു മാറ്റി പാന്റിന്റെ ബെൽട്ടൂരി പാന്റ്‌സ് അഴിച്ചു മാറ്റുമ്പോഴേയ്ക്ക് അവൾ ശരിക്കും ഭയന്നിരുന്നു. അവൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

''ഇല്ല മോഹൻ നീ അതു ചെയ്യില്ല.''

''അത്ര ഉറപ്പിക്കേണ്ട.''

അയാളുടെ കണ്ണുകളിൽ വെറുപ്പ് അലയടിക്കുന്നതവൾ കണ്ടു. അവളുടെ നേരെ നീങ്ങിക്കൊണ്ട് അയാൾ പറഞ്ഞു.

''ഞാൻ നിന്നെ വെറുക്കുന്നു.''

അവൾ ഒഴിഞ്ഞുമാറാൻ വിഫലശ്രമം നടത്തി. അയാൾ അവളെ ചേർത്തു പിടിച്ചു. അവൾ കുതറിയപ്പോൾ അവളുടെ ബ്ലൌസ് അയാൾ വലിച്ചു കീറി. സ്വതന്ത്രമാകപ്പെട്ട അവളുടെ നഗ്നതയിൽ അയാൾ മുഖമമർത്തി. മറ്റുള്ള വസ്ത്രങ്ങളും അഴിച്ചു മാറ്റിയപ്പോൾ അയാൾ അവളെ രണ്ടു കയ്യിലും കോരിയെടുത്തു. സുനിത അപ്പോഴും കുതറുന്നുണ്ടായിരുന്നു.

''നീ എന്താണ് ചെയ്യുന്നത് മോഹൻ? എന്നെ വിടു. ''

അയാൾ അവളെ കിടപ്പറയിലേയ്ക്കു കൊണ്ടുപോയി കിടക്കയിൽ കിടത്തി. അയാളുടെ കരുത്തുറ്റ കൈകളിൽ അവൾ നിസ്സഹായയായി കുതറി. ക്രമേണ അവളുടെ എതിർപ്പ് കുറഞ്ഞു വരുന്നതും, മാറിൽ കൂട്ടിവെച്ച കൈകൾ അയാളുടെ കഴുത്തിലൂടെ വന്ന് അയാളെ അടുപ്പിക്കുന്നതും അയാൾ അറിഞ്ഞു. അവസാനത്തിൽ അവളുടെ ചുണ്ടുകൾ അയാളുടെ ചുണ്ടുകളെ തേടുകയായിരുന്നു.

അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു.

''നീ വളരെ കരുത്തനാണ് മോഹൻ.'' അവൾ പറഞ്ഞു. ''നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. നീയെന്നെ ഒരടിമയാക്കുന്നു.''

ഇതൊരു കളിയാണ്. മോഹൻ ഓർത്തു. എന്റെ ജീവിതം പന്താടികൊണ്ടുള്ള കളി. അയാളിൽ വെറുപ്പ് അപ്പോഴും കെടാതെ നിന്നിരുന്നു. അവളെ തട്ടിമാറ്റി അയാൾ എഴുന്നേറ്റു.

ഷർട്ടും പാന്റസും ഇട്ട് സോഫയിൽ ഇരുന്ന് ഷൂസിടുമ്പോൾ സുനിത എത്തി. അവൾ പാവാട മാത്രമെ ഇട്ടിരുന്നുള്ളു. മാറിടം നഗ്നം. അവൾ അടുത്ത് വന്നിരുന്ന് അയാളുടെ ചുമലിൽ താടിവെച്ചമർത്തി. അവളുടെ മാറിടം അയാളുടെ കയ്യിന്മേൽ അമരുന്നുണ്ടായിരുന്നു. അയാൾ കൈ വലിച്ച് എഴുന്നേറ്റു. പിന്നെ വാതിൽ തുറന്ന് പുറത്തേക്കു പോകുന്നതിനു മുമ്പ് തിരിഞ്ഞുനിന്ന് അയാൾ പറഞ്ഞു.

''ഞാൻ നിന്നെ വെറുക്കുന്നു.''

കലാകൗമുദി വാരിക ലക്കം 215 - 1979