എന്റെ ആദ്യകഥകളില്‍ ചിത്ര-ശില്പ കലയുടെ സ്വാധീനം

എന്റെ ആദ്യ കഥാസമാഹാരമായ 'കൂറകള്‍' പ്രസിദ്ധപ്പെടുത്തിയത് തൊള്ളായിരത്തി എഴുപത്തിരണ്ടിലാണ്. പത്തു വര്‍ഷങ്ങളിലായി എഴുതിയ പതിനൊന്ന് കഥകള്‍. അവയെ കഥകളെന്നു വിളിക്കാന്‍ പറ്റുമോ എന്നറിയില്ല. കഥകളെപ്പറ്റിയുള്ള സങ്കല്പം, അല്ലെങ്കില്‍ കഥകളെഴുതുന്നതിന്റെ മാനദണ്ഡങ്ങള്‍ അതൊന്നും പാലിക്കാതെ എഴുതിയവയായിരുന്നു അവയിൽ മിക്കതും. അന്നെല്ലാം സാഹിത്യത്തേക്കാള്‍ ഞാൻ ആസ്വദിച്ചിരുന്നത് ചിത്രകലയും ശില്പകലയുമായിരുന്നു. കുറച്ച് പശ്ചാത്തലം വരച്ചു കാണിക്കട്ടെ. ഞാന്‍ കല്‍ക്കത്തയിൽ ജോലി അന്വേഷിച്ച് പോയത് പതിനേഴു വയസ്സിനു മുമ്പാണ്. ശരിക്കു പറഞ്ഞാല്‍ പതിനാറര വയസ്സില്‍. അതൊരുതരം പറിച്ചു നടലായിരുന്നു. വളരെ ക്രൂരമാം വിധം എന്നെ അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന്, നാടിന്റെ സ്വച്ഛാന്തരീക്ഷത്തില്‍നിന്ന് അടര്‍ത്തിയെടുക്കുകയാണുണ്ടായത്. വേരുകള്‍ക്ക് കേടില്ലാത്തവിധം മണ്ണോടുകൂടിയല്ലാതെ വെറുതെ പിഴുതെടുത്ത് പരിചയമില്ലാത്ത മണ്ണില്‍ കുഴിച്ചിടുകയായിരുന്നു. ഇന്ന് ആ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോഴാണ് ഞാന്‍ ഓര്‍ക്കുന്നത് നാടു വിടുമ്പോൾ ഞാനിത്രത്തോളം ചെറുതായിരുന്നു എന്ന്. ചോദിക്കാം, എന്താ ആ പ്രായത്തില്‍ കുട്ടികൾ വീടു വിട്ട് കോളേജ് ഹോസ്റ്റലിലും മറ്റും താമസിക്കുന്നില്ലേ? രണ്ടും രണ്ടാണ്. കോളേജില്‍ പഠിക്കാനായി വീടു വിടുന്നതും ഒരു ജോലി തേടി വലിയവരുടെ ലോകത്തേയ്ക്ക് എടുത്തെറിയുന്നതും. നീന്തലറിയാത്ത ഒരു കുട്ടിയെ കടലിലേയ്ക്ക് എറിയുന്ന പോലാണത്. ആ പ്രായത്തില്‍ ഒരാള്‍ക്ക് നഷ്ടമായതിനു പകരം എന്തെങ്കിലും പ്രതിഷ്ഠിക്കണം.

ഞാന്‍ തിരഞ്ഞെടുത്തത് വായനയായിരുന്നു പിന്നെ ചിത്രകലയോടുള്ള ഭ്രമവും, കൂട്ടത്തില്‍ പാട്ടു കേള്‍ക്കലും (ക്രമേണ, ശേഖരണവും). ഇതില്‍ ആദ്യത്തെ രണ്ടും പരസ്പര ബന്ധമുള്ളവയായി. ചിത്രകലയെപ്പറ്റി പഠിച്ചത് നേഷനല്‍ ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെയാണ്. എനിക്ക് അഭയമായിരുന്ന രണ്ട് ലൈബ്രറികളായിരുന്നു ന്യൂ ആലിപ്പൂരിലെ നേഷനല്‍ ലൈബ്രറിയും ചൗറിങ്കിയിലുള്ള അമേരിക്കന്‍ ലൈബ്രറിയും. ധാരാളം പുസ്തകങ്ങള്‍, ഏതു വിഭാഗത്തിൽ പെട്ടവയാണെങ്കിലും ലഭ്യമാണ്. ചിത്രശില്പ കലയെപ്പറ്റിയുള്ള എന്റെ സംശയങ്ങള്‍ കുറെയേറെ തീര്‍ത്തു തന്നിരുന്നത് ഹെര്‍ബര്‍ട്ട് റീഡിന്റെ ഫോംസ് ഓഫ് തിങ്ങ്‌സ് അണ്‍നോണ്‍, ഹെന്റ്രി മൂർ (Henry Moore: A Study of His Life and Work), എന്നീ നിരൂപണ ഗ്രന്ഥങ്ങളും, യുങ്ങിന്റെ കലക്ടീവ് അണ്‍കോണ്‍ഷസ് എന്ന ഗ്രന്ഥവുമായിരുന്നു. ഒരു കല്‍ക്കരി ഖനിതൊഴിലാളിയായ അച്ഛന്റെ ഖനി ജീവിതമാണ് ഹെന്റ്രി മൂറിന്റെ ശില്പങ്ങളില്‍ ഗുഹസമാനമായ (labyrynthine structure) സങ്കല്‍പങ്ങളുണ്ടാകാൻ കാരണമെന്ന് ഹെര്‍ബര്‍ട്ട് റീഡ് സമര്‍ത്ഥിച്ചു. കുട്ടിയായിരിക്കുമ്പോള്‍ ഹെന്റ്രി അച്ഛന്‍ ഖനിയുടെ കവാടത്തിലൂടെ ഇരുട്ടിലേയ്ക്ക് നഷ്ടപ്പെടുന്നത് ഭയത്തോടെ നോക്കിനില്‍ക്കാറുണ്ടത്രെ. കൂടാതെ അക്കാലത്ത് മദിരാശി സ്കൂൾ ഓഫ് ആര്‍ട്ട്‌സിൽ പഠിച്ചിരുന്ന ടി.കെ. പദ്മിനി, കെ. ദാമോദരന്‍, സി.എന്‍. കരുണാകരന്‍, മുത്തുക്കോയ, ജയപാലപ്പണിക്കര്‍ തുടങ്ങിയ കലാകാരന്മാരുമായുള്ള സമ്പര്‍ക്കവും എന്നെ ആ കലകളോടടുപ്പിക്കാൻ ഏറെ സഹായിച്ചു.

പെട്ടെന്നുള്ള പറിച്ചുനടലിന്റെ മറ്റൊരു പ്രശ്നം നാട്ടിൽ മലയാളം മാത്രം സംസാരിച്ചിരുന്ന എനിക്ക് ഒരു സുപ്രഭാതത്തില്‍ ഇംഗ്ലീഷിൽ സംസാരിക്കേണ്ടി വന്നുവെന്നതാണ്. ഇംഗ്ലീഷ് അറിയലും ഇംഗ്ലീഷില്‍ സംസാരിക്കലും രണ്ടും രണ്ടാണ്. സംസാരഭാഷ ഞാന്‍ വളരെ ക്ലേശിച്ച് ഉണ്ടാക്കി. മാതൃഭാഷയോടുള്ള സ്‌നേഹത്തോടൊപ്പം തന്നെ ജോലിയ്ക്ക് അത്യാവശ്യമായ ഇംഗ്ലീഷും എന്റെ മനസ്സില്‍ ഉറച്ചു. ലോകത്തെ വിജ്ഞാനം മുഴുവനും ലഭ്യമാക്കിത്തരുന്ന ഭാഷ എന്നതു മാത്രമല്ല,മറിച്ച് അന്നത്തെ നിസ്സഹായതയില്‍ എന്നെ ഒപ്പം കൊണ്ടുനടന്ന ഭാഷ എന്ന മട്ടിലും എനിക്ക് ഇംഗ്ലീഷ് പ്രിയങ്കരമായി. എന്റെ മലയാളത്തിലുള്ള സംസാരം ഇംഗ്ലീഷ് വാക്കുകള്‍ കടന്നുകൂടി വികലമായത് ഈ പശ്ചാത്തലത്തിലാണ്.

'കൂറകള്‍' എന്ന പുസ്തകത്തിലെ കഥകളെഴുതിയ കാലത്തെപ്പറ്റിയും പശ്ചാത്തലത്തെപ്പറ്റിയും പറയാനാണ് തുടങ്ങിയത്. ഒരു രാത്രി കണ്ട സ്വപ്നമെന്നു പറയാവുന്ന ദൃശ്യമാണ് 'മധുവിധു' എന്ന കഥയ്ക്ക് ആസ്പദം. നടന്നുകൊണ്ടിരിക്കുന്ന സംഭവമായിട്ടല്ല, ഒരു നിശ്ചലചിത്രമായിട്ട്. വളരെ വലിയ കാന്‍വാസ്സിൽ ആ ചിത്രം എന്റെ മനസ്സിൽ നിന്ന് വിട്ടുപോകാതെ നില്‍ക്കുകയാണ്. വിശാലതയിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഒരിടത്ത് നിറയെ ഇലകളുള്ള ഒരു മരം, അതിനു താഴെ മണ്ണില്‍ ഒരു പുരുഷന്‍ ഇരിക്കയാണ്. മടിയില്‍ അയാളെ നോക്കിക്കൊണ്ട് കിടക്കുന്ന ചെറുപ്പക്കാരിയും. പുരുഷന്‍ നോക്കുന്നത് ദൂരെ മഞ്ഞുമലകൾ അതിരിട്ട ചക്രവാളമാണ്. അര്‍ത്ഥമില്ലാത്ത ആ കാഴ്ച അര്‍ദ്ധരാത്രി എന്റെ ഉറക്കം കളഞ്ഞു. ഞാന്‍ എഴുന്നേറ്റു, കടലാസെടുത്ത് എഴുതി. "അവര്‍ വേനലിൽ മരത്തിനു ചുവട്ടിൽ നീണ്ട ചാലുകൾ കീറി താമസമാക്കിയപ്പോൾ മരത്തിന് യുവത്വത്തിന്റെ അഴകുണ്ടായിരുന്നു, ധാരാളം ഇലകളും തണലുമുണ്ടായിരുന്നു. നമുക്കിവിടെ ജീവിതാവസാനം വരെ താമസിക്കാം. അവള്‍ പറഞ്ഞു. അയാള്‍ ഒന്നും പറയാതെ അവളെ ആലിംഗനം ചെയ്തു കിടന്നു." എന്താണങ്ങിനെ എഴുതാനെന്നറിയില്ല. തുടര്‍ന്ന് കഥയിലെ വാക്യങ്ങൾ ഓരോന്നായി ഉതിര്‍ന്നു വീണു എന്റേതായ ഒരു അദ്ധ്വാനവുമില്ലാതെത്തന്നെ. ഒരു മണിക്കൂറിനുള്ളില്‍ കഥയെഴുതി തീര്‍ത്തു ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. രണ്ടു ദിവസത്തിനുള്ളില്‍ അത്യാവശ്യം തിരുത്തലുകൾ നടത്തി അത് അച്ഛന് അയച്ചുകൊടുത്തു.

ആദ്യം കിട്ടിയ മറുപടി അമ്മയുടേതായിരുന്നു. കഥ വളരെയധികം ഇഷ്ടപ്പെട്ടു, ഒരു കവിത വായിക്കുന്നപോലുള്ള അനുഭവം എന്നെല്ലാം എഴുതി. അമ്മയുടെ കത്തിലെ വാക്യങ്ങള്‍ ശരിക്ക് ഓര്‍മ്മയില്ല. കത്ത് ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. കത്തു കിട്ടിയപ്പോൾ എനിക്കു വളരെ ആഹ്ലാദം തോന്നി, കാരണം എനിക്കുതന്നെ അറിയില്ല അതൊരു കഥയാണോ മറ്റെന്തെങ്കിലുമാണോ എന്ന്.

പിന്നീട് ഹെന്റ്രി മൂറിന്റെയും ഗിയോകോമെറ്റിയുടെയും ബാര്‍ബറ ഹെപ്‌വര്‍ത്തിന്റെയും മറ്റും ശില്പങ്ങളെപ്പറ്റി പഠിച്ചപ്പോഴാണ് മനസ്സിലാവുന്നത് എന്റെ കഥ, കഥയുമല്ല, കവിതയുമല്ല,ഒരു ശില്പമാണെന്ന്. അക്ഷരങ്ങളുടെ കല്ലുകള്‍കൊണ്ട് തീര്‍ത്ത ശില്പം. മറ്റൊരു തലത്തിലും അതിന് നിലനില്പില്ല. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അതിനു വരച്ച ചിത്രവും ഒരു ശില്പംപോലെ മനോഹരമായിരുന്നു. തിരുമേനിയോട് ആ ചിത്രം തന്നെ ഒരു ശില്പമാക്കാന്‍ ആവശ്യപ്പെട്ടാൽ ഒരു ക്ലാസ്സിക് ശില്പം ഉരുത്തിരിഞ്ഞേനെ. പലപ്പോഴും എനിക്കു തോന്നാറുണ്ട് തിരുമേനിയുടെ വരയുടെ മുമ്പില്‍ എന്റെ കഥകളുടെ പ്രഭ നഷ്ടപ്പെട്ടു പോകുന്നുണ്ടോ എന്ന്.

ഈ കഥയെപ്പറ്റി പ്രൊഫ. എം. കൃഷ്ണന്‍ നായർ മലയാളനാടിലെ സാഹിത്യ വാരഫലത്തിൽ എഴുതിയത് എനിക്കനുകൂലമാണോ മറിച്ചാണോ എന്നറിയില്ല. 'അതിഥി വീട്ടിലേയ്ക്കു വന്ന് ഇരിക്കുമ്പോഴേയ്ക്ക് ഗൃഹനായിക വന്ന് ഉള്ളിലേയ്ക്കുള്ള വാതില്‍ ചാരുന്നു, അല്ലെങ്കില്‍ ഒരു വശത്തേയ്ക്കു ചേര്‍ന്നു കിടക്കുന്ന കര്‍ട്ടൻ വലിച്ചടക്കുന്നു. അതിഥി, വീട്ടിലെ പെണ്ണുങ്ങളെ കാണാതിരിക്കാനാണ്.' 'മധുവിധു' എന്ന കഥയില്‍ ഈ വണ്ണം അതിഥിദ്വേഷകര്‍മ്മം ചെയ്യുന്നു ഹരികുമാർ എന്നാണദ്ദേഹം എഴുതിയത്. തുടര്‍ന്ന് ഇങ്ങനെയും എഴുതി. 'സ്ത്രീപുരുഷ ബന്ധത്തിന്റെ പ്രാധാന്യമായിരിക്കാം അദ്ദേഹം പ്രതിപാദനം ചെയ്യുന്നത്. ആ പ്രതിപാദനത്തില്‍ നവീനതയുണ്ടു താനും. പക്ഷെ ആസ്വാദകന്റെ മുമ്പിൽ വലിച്ചിടുന്ന ദുര്‍ഗ്രഹതയെന്ന യവനിക അയാള്‍ക്ക് വൈഷമ്യമുണ്ടാക്കുന്നു. (കൃഷ്ണന്‍ നായർ സാറിന്റെ ഇരുപത്തിനാലു വരികളുള്ള ദീര്‍ഘമായ നിരൂപണം ഞാൻ ചുരുക്കിയതാണ്.)

ഞാന്‍ അദ്ദേഹത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സ്രഷ്ടാവിനു തന്നെ മുഴുവന്‍ മനസ്സിലാവാത്ത ഒരു കാര്യം വായനക്കാരൻ മനസ്സിലാവണമെന്ന് വാശി പിടിക്കരുതല്ലൊ. ഇതിനുള്ള ഉത്തരം കാറള്‍ ഗുസ്താവ് യുങ്ങിന്റെ കലക്ടീവ് അണ്‍കോണ്‍ഷസ് എന്ന തീയറിയിലുണ്ട്.'കൂറകള്‍' എന്ന സമാഹാരത്തിലെ മറ്റു ചില കഥകള്‍കൂടി ചിത്ര-ശില്പ കലയുടെ സ്വാധീനത്തില്‍ എഴുതിയവയാണ്, ഉദാഹരണമായി 'ഉണക്ക മരങ്ങള്‍', 'ഞാന്‍ നിന്നിൽ', 'ശിശിരം', 'വെള്ളക്കുതിരയുടെ രാജകുമാരന്‍', 'ഇരുട്ടിന്റെ മകള്‍', 'മലകളുടെ സംഗീതം' (കുങ്കുമം വിതറിയ വഴികള്‍ എന്ന സമാഹാരത്തില്‍), തുടങ്ങിയവ. ഈ സ്വാധീനത്തില്‍ നിന്ന് കുതറിയോടാൻ ഞാൻ ഏകദേശം പത്തു വര്‍ഷമെടുത്തു. ഈ വഴിത്തിരിവിന് കാരണമായത് കല്‍ക്കത്തയില്‍നിന്ന് ദില്ലിയിലേയ്ക്കുള്ള എന്റെ മാറ്റമായിരിക്കണം.

ഏകദേശം നൂറ് വാക്കുകള്‍ മാത്രമടങ്ങിയ 'ഇരുട്ടിന്റെ മകള്‍' എന്ന ഹ്രസ്വകഥ ഞാൻ പിന്നീടെഴുതാന്‍ പോകുന്ന മറ്റൊരു കഥയുടെ മുന്നോടിയായിരുന്നു. ജ്വാല എന്ന ലിറ്റില്‍ മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയ 'ഇരുട്ടിന്റെ മകള്‍' എഴുതിയത് തൊള്ളായിരത്തി എഴുപത്തൊന്നിലായിരുന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് 'തിമാര്‍പ്പൂർ' എഴുതിയത്. ഈ കഥയുടെ അമൂര്‍ത്തരൂപമായിരുന്നു 'ഇരുട്ടിന്റെ മകള്‍'. അമൂര്‍ത്ത സങ്കല്‍പത്തില്‍നിന്ന് മൂര്‍ത്തിമ‌ത്‌ഭാവത്തിലേയ്ക്കുള്ള എന്റെ പ്രയാണമായി വേണമെങ്കില്‍ ഈ രണ്ടു കഥകളെ കാണാം. ഒരു തീം അമൂര്‍ത്തമായിട്ടാണ് മനസ്സിൽ ഉദിക്കുന്നത്, എഴുത്തുകാരന്‍ അതിന് പൂര്‍ണ്ണ രൂപം കൊടുക്കുകയാണ് ചെയ്യുന്നത്. രണ്ടായിരത്തി പതിനൊന്നില്‍ സമകാലിക മലയാളത്തിന്റെ രണ്ടു ലക്കങ്ങളിലായി (2011 ഏപ്രില്‍) 'എന്റെ സ്ത്രീകൾ' എന്ന എന്റെ 21 സ്ത്രീപക്ഷകഥകളുടെ സമാഹാരം ഡോ. സി.ആര്‍. സുശീലാദേവി നിരൂപണം ചെയ്തിരുന്നു. ആ ഒമ്പതു പേജ് നിരൂപണത്തില്‍ രണ്ടര പേജു മാത്രമുള്ള 'തിമാര്‍പ്പൂര്‍'എന്ന കഥയ്ക്കായി ഒരു മുഴുവൻ പേജ് വിനിയോഗിച്ചിരിക്കുന്നു! മുപ്പതു കൊല്ലത്തോളം മോക്ഷത്തിനായി തപസ്സു ചെയ്ത ഈ കഥയ്ക്ക് ശാപമോചനം നല്‍കിയ ഡോ. സുശീലാദേവിക്കു നന്ദി. ആ കഥയ്ക്ക് ഈ വര്‍ഷം 44 വയസ്സാകുന്നു.

എന്തായാലും എഴുപതുകളുടെ ആദ്യത്തില്‍ എന്റെ കഥയെഴുത്തിന്റെ ഗതി സാരമായി മാറി. എനിക്ക് വായനക്കാരില്‍നിന്ന് ലഭിച്ച സ്വീകരണമെല്ലാം അതിനു ശേഷമായിരുന്നു. അതില്‍ തെറ്റൊന്നുമില്ല. ഒരു കഥയെഴുതാന്‍ ആവശ്യപ്പെട്ട് കഥയ്ക്കു പകരം ശില്പമോ പെയ്‌ന്റി‌ങ്ങോ കഥയുടെ രൂപത്തില്‍ ഉണ്ടാക്കിക്കൊടുത്താൽ ശരിയാവില്ല. ഒരു ശില്പം അല്ലെങ്കില്‍ ചിത്രം ഒരു മിന്നലിന്റെ വേഗത്തില്‍ നമ്മുടെ മനസ്സിലേയ്ക്കു തള്ളിക്കയറുമ്പോൾ അതേ ഫലം മാത്രമാണ് അര മണിക്കൂർ ചെലവാക്കി ഒരു കഥ വായിക്കുമ്പോഴും കിട്ടുന്നത് എന്നായാല്‍ ശരിയാവില്ല. ഒരു കഥ അല്ലെങ്കില്‍ നോവല്‍ വായിക്കാനിരിക്കുന്ന ആൾ ഒറ്റ ഫ്രെയിമിൽ സന്തുഷ്ടനാവില്ല. അയാള്‍ക്ക് വേണ്ടത് പെയിന്റിങ്ങിന്റെ അല്ലെങ്കില്‍ ശില്പത്തിന്റെ തുടര്‍ചിത്രങ്ങളാണ്. ഒരു ശില്പം അല്ലെങ്കിൽ പെയിന്റിങ്ങ് കഥയെക്കാള്‍ താഴെ നില്‍ക്കുന്നുവെന്ന് ഇതിനര്‍ത്ഥമില്ല. മറിച്ചാണെന്നാണ് എന്റെ വിശ്വാസവും അനുഭവവും. അറുപതുകളില്‍ വായിച്ച കഥകളും നോവലുകളും വളരെ കുറച്ചുമാത്രം മനസ്സിൽ തങ്ങി നില്‍ക്കുമ്പോൾ അന്ന് നേരിട്ടോ, പുസ്തകങ്ങളിലെ കളര്‍ പ്ലെയ്റ്റുകളിലൂടെയോ കണ്ട ചിത്രങ്ങളും ശില്പങ്ങളും ഇന്നും എന്റെ മനസ്സില്‍ സജീവമാണ്.

'കൂറകള്‍' എന്റെ ആദ്യസമാഹാരമാണ്. അതു പ്രസിദ്ധപ്പെടുത്തിയതിനു പിന്നില്‍ ഒരു രസകരമായ കഥയുണ്ട്. ഞാന്‍ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ടെങ്കിലും അതു വായിച്ചിട്ടില്ലാത്തവര്‍ക്കു വേണ്ടി വീണ്ടും എഴുതുകയാണ്. ഏകദേശം 10 - 12 കഥകളായപ്പോൾ അച്ഛൻ എനിക്കെഴുതി. ഒരു പുസ്തകത്തിനു വേണ്ട കഥകളായില്ലേ, പ്രസിദ്ധപ്പെടുത്തിക്കൂടെ? ശരിക്കു പറഞ്ഞാല്‍ ഞാനതിനെപ്പറ്റി ആലോചിച്ചിട്ടു ണ്ടായിരുന്നില്ല. ഞാന്‍ വീമ്പു പറയുകയാണെന്നു കരുതരുത്. ഇതെന്റെ സ്വഭാവത്തിന്റെ ഒരു ചീത്ത വശമാണ്, എനിക്ക് ഏറെ നഷ്ടങ്ങളുണ്ടാക്കിയ സ്വഭാവം. കുതിച്ചു കയറേണ്ടിടത്ത് നി‌സ്‌പൃ‌ഹനായി തിരിഞ്ഞു നടക്കുക.

അതുവരെ എഴുതിയ 12 കഥകൾ ഞാനയച്ചുകൊടുത്തു. അന്ന് ശ്രീ സി.പി. ശ്രീധരനായിരുന്നു എസ്.പി.സി.എസ്സിന്റെ പ്രസിഡന്റ്. അച്ഛന്‍ ഡയറക്ടർ ബോര്‍ഡ് അംഗമായിരുന്നു. അച്ഛൻ എന്റെ പുസ്തകം മീറ്റിങ്ങില്‍ വെയ്ക്കാനായി സെക്രറ്റരി ശ്രീ എം.കെ. മാധവന്‍ നായര്‍ക്ക് കൊടുത്തു. പ്രസിദ്ധീകരണത്തിനുള്ള പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഓരോ പുസ്തകത്തിന്റെയും ഗ്രന്ഥകര്‍ത്താവിന്റെയും പേരുകൾ വിളിച്ചു പറയും. കമ്മിറ്റി ഓരോന്നും 'എടുക്കാം' അല്ലെങ്കില്‍ 'തള്ളാം' എന്നു പറയും. എന്റെ പുസ്തകത്തിന്റെ ഊഴമെത്തി. മാധവന്‍ നായര്‍ വിളിച്ചു പറഞ്ഞു. ഇ. ഹരികുമാറിന്റെ 'കൂറകള്‍' കഥാസമാഹാരം. 'കഥാസമാഹാരമാണോ, വേണ്ട.' എന്ന് എല്ലാവരും പറഞ്ഞു. മീറ്റിങ്ങ് കഴിഞ്ഞു അച്ഛന്‍ സെക്രറ്റരിയുടെ മുറിയിൽ ചെന്നു മാധവൻ നായരോട് പറഞ്ഞു. 'ഹരീടെ പുസ്തകം തരൂ, ഞാന്‍ പോവുകയായി.' അപ്പോഴാണ് മാധവന്‍ നായർ മനസ്സിലാക്കിയത് എന്റെ പുസ്തകം തള്ളിക്കളഞ്ഞുവെന്ന്. അദ്ദേഹത്തിന് വിഷമമായി. 'അപ്പൊ എന്നെ ഒന്ന് ഓര്‍മിപ്പിക്കായിര്ന്നില്ലെ ഇടശ്ശേരിയ്ക്ക്. സാരല്യ,ഞാനത് കമ്മിറ്റി മെമ്പര്‍മാരോട് പറഞ്ഞ് പാസ്സാക്കിക്കാം, അല്ലെങ്കില്‍ അടുത്ത മീറ്റിങ്ങിന് വെയ്ക്കാം.' വേണ്ട, പുസ്തകം വേറെ ഏതെങ്കിലും പ്രസാധകര്‍ക്ക് കൊടുക്കാം എന്ന് അച്ഛന്‍ പറഞ്ഞു. ഒരിക്കല്‍ കമ്മിറ്റി തള്ളിക്കളഞ്ഞ പുസ്തകം വീണ്ടും അവരുടെ മുമ്പിൽ വെയ്ക്കുന്നത് ശരിയല്ലല്ലൊ. അപ്പോഴാണ് ശ്രീ സി.പി. ശ്രീധരന്‍ മുറിയിലേയ്ക്ക് വന്നത്. എന്താ കാര്യം എന്നു അന്വേഷിച്ചു. ഒരു കാര്യവും തീര്‍പ്പിലെത്താതെ വിടില്ലെന്ന വാശിയുള്ള അദ്ദേഹം ആ പുസ്തകം അച്ഛന്റെ പൂര്‍ണ്ണ സമ്മതമില്ലാതെത്തന്നെ മറ്റു മെമ്പര്‍മാരോട് പറഞ്ഞുകൊണ്ട് അന്നു പാസാക്കിയ ലിസ്റ്റിൽ ചേര്‍ത്തു. 'ഇടശ്ശേരിടെ മകന്റെ പുസ്തകാണോ, എന്നിട്ടാണ് അത് തള്ളിയെന്നു പറഞ്ഞപ്പോള്‍ മിണ്ടാതിരുന്നത്?' എല്ലാവരുടെയും ചോദ്യമതായിരുന്നു. അച്ഛന്റെ ഈ സ്വഭാവം ആര്‍ക്കും മനസ്സിലായെന്നു വരില്ല. ഈ സംഭവം വളരെക്കാലത്തിനു ശേഷം സി.പി. ശ്രീധരന്‍ സാറ് പറഞ്ഞിട്ടാണ് ഞാനറിയുന്നത്. ഇതാണ് ആദ്യത്തെ പുസ്തകം വെളിച്ചം കണ്ടതിന്റെ കഥ. ആദ്യ പുസ്തകം അച്ചടിച്ച് കയ്യില്‍ കിട്ടിയപ്പോൾ എന്താണ് തോന്നിയത്? ഓര്‍മ്മയിൽ വലിയ ഉത്സാഹത്തള്ളിച്ചയൊന്നും കാണുന്നില്ല. ഞാന്‍ നേരത്തെ സൂചിപ്പിച്ച നിസ്സംഗമനോഭാവമായിരിക്കണം കാരണം. അതിജീവനത്തിനുള്ള സമരങ്ങള്‍ക്കിടയിൽ ഈ വക അസുലഭ നിമിഷങ്ങൾ, സൗഭാഗ്യങ്ങൾ ഏശാത്ത വിധം മനസ്സ് അസ്വസ്ഥമായിരുന്നു.

ഈ പുസ്തകത്തിന് എക്‌സ്പ്രസ്സിൽ (1972 ഒക്ടോബർ 22)ശ്രീ തോട്ടം രാജശേഖരന്‍ മൂന്നു കോളത്തിൽ വളരെ നല്ല അഭിപ്രായവും തന്നു. അതു വായിച്ചപ്പോള്‍ സന്തോഷം തോന്നി, കാരണം മറ്റൊരാള്‍ എന്റെ കഥ എങ്ങിനെ വായിക്കുന്നു, എങ്ങിനെ ഇഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനയാണല്ലൊ, പ്രത്യേകിച്ചും കലാമര്‍മ്മജ്ഞനായ ഒരു നിരൂപകന്റെ അഭിപ്രായത്തിലൂടെ എനിക്കു കിട്ടുന്നത്. പ്രൊഫ. കെ.പി. ശങ്കരനും 'കൂറകള്‍' എന്ന കഥയെപ്പറ്റി പ്രത്യേകിച്ച് എടുത്തു പറയാറുണ്ട്. ശ്രീ എം. ഗോവിന്ദൻ അദ്ദേഹത്തിന്റെ സമീക്ഷയിൽ കൂറകളെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. (ഈ അഭിപ്രായം, ലേഖനം കലാപൂർണ്ണക്ക് അയച്ചുകൊടുത്തപ്പോൾ ചേർക്കാൻ വിട്ടുപോയി)

“വലിയ ഒച്ചപ്പാടുകൾക്കൊന്നും മെനക്കെടാതെ ഒഴിഞ്ഞിരുന്ന് ഒതുക്കത്തിൽ ചെറുകഥയെഴുതുന്ന ഒരാളാണ് ഇ. ഹരികുമാർ. പെരുത്തു കഥകളൊന്നും എഴുതാത്തതിനാൽ, പലപ്പോഴും ഹരികുമാറിന്റെ കഥകൾ ശ്രദ്ധിക്കപ്പെടാറില്ലെന്നു തോന്നുന്നു. ആധുനികത്വത്തിന്റെ പേരിൽ കഥയിലതുമിതും കുത്തിച്ചെലുത്തുന്ന സ്വഭാവം ഹരികുമാറിന്നില്ല. നമ്മുടെ കഥാകൃത്തുക്കൾക്കിടയിലെ ചിത്രകാരനാണ് അദ്ദേഹം. കടുത്ത വർണ്ണങ്ങളല്ല ഉപയോഗപ്പെടുത്തുന്നത്. കഥാരീതിയിൽ അണ്ടർ ടോൺ’ഉപയോഗപ്പെടുത്തുന്നു. വാക്കുകൾകൊണ്ട് അവശ്യം വേണ്ട നിറപ്പൊലിമയും ഊറിയും നീറിയും നില്ക്കുന്ന അന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിനു പ്രത്യേക പാടവമുണ്ട്. ഹരികുമാറിന്റെ കടിഞ്ഞൂൽ പ്രസിദ്ധീകരണമായ 'കൂറകൾ' വായിച്ച വേളയിൽ പെട്ടെന്നു മനസ്സിലുളവായ തോന്നലുകൾ മാത്രമാണിവിടെ പകർത്തു ന്നത്. പുതിയ തലമുറയിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാഥികനാണ് ഹരികുമാർ എന്നും തോന്നി.” (എം. ഗോവിന്ദൻ - പത്രാധിപലേഖനം - സമീക്ഷ - 1972)

ഒരിക്കല്‍ എറണാകുളത്ത് കലാപീഠത്തിൽ കഥകൾ വായിക്കുമ്പോൾ ഈ സമാഹാരത്തിലെ രണ്ടു കഥകള്‍ വായിക്കാൻ സദസ്സിലുണ്ടായിരുന്ന ശ്രീ ബാബു കുഴിമറ്റം ആവശ്യപ്പെട്ടിരുന്നു. 'ഉണക്കമരങ്ങള്‍' പിന്നെ 'പരുന്തുകള്‍ വട്ടം ചുറ്റുമ്പോൾ'. അറുപത്തഞ്ചിലും അറുപത്തെട്ടിലും എഴുതിയ ഈ കഥകള്‍ ഒരാൾ, അതും വളരെ പ്രശസ്തനായ ഒരെഴുത്തുകാരന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍മ്മിക്കുന്നുവെന്നത് വളരെ പ്രശംസനീയമാണ്. 'കൂറകള്‍' എന്ന കഥ തിരുവനന്തപുരം ദൂരദര്‍ശൻ ടെലിഫിലിമാക്കിയിട്ടുണ്ട്. ശ്രീ. കെ. ജ്യോതിഷ്‌കുമാറാണ് സംവിധാനം ചെയ്തിട്ടുള്ളത്. ശ്രീ എം.ടി. വാസുദേവൻ നായരാണ് ഈ കഥ വേണമെന്ന് ദൂരദര്‍ശന് നിര്‍ദ്ദേശം കൊടുത്തത്. ഇത് എനിക്ക് അളവറ്റ സന്തോഷമുണ്ടാക്കി. ഇതൊക്കെയാണ് കന്നി സന്തതിയുടെ പിറവിയ്ക്കു പിന്നില്‍, മുമ്പിലും.

കലാപൂര്‍ണ്ണ - സെപ്റ്റമ്പര്‍ 2016