തോട്ടം രാജശേഖരൻ

കഥാപ്രപഞ്ചം

തോട്ടം രാജശേഖരൻ

'കൂറകൾ' എന്ന കഥാസാമാഹാരത്തിന്റെ നിരൂപണം- പ്രസക്ത ഭാഗങ്ങൾ

നമ്മുടെ കഥാസാഹിത്യം പല കാരണത്താലും ഇന്ന് ഒരു വഴിത്തിരിവിലാണ്. അനുദിനം, അനുനിമിഷം സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹ്യജീവിതത്തിലെ ചലനങ്ങളും, വൈരുദ്ധ്യങ്ങളും, സംഘർഷങ്ങളും ഉൾക്കൊള്ളുവാൻ ഈ ശാഖക്ക് കഴിയുന്നില്ല എന്നതാണ് ഒരു കാരണം. മലയാള കഥാസാഹിത്യത്തെ പുതിയ മേഖലകളിലേക്ക് കൂട്ടിക്കൊണ്ടുപോയ കഴിഞ്ഞ തമുറയിലെ കഥയെഴുത്തുകാർക്ക് പുതിയ വികാരപ്രപഞ്ചത്തിന്റെ ഉൾത്തുടിപ്പുകൾ അറിയുവാനോ ആവിഷ്‌ക്കരിക്കുവാനോ സാധിക്കാതെ വരികയും, അനുഭവതീവ്രമായ ജീവിതവീക്ഷണമോ കലാസൃഷ്ടിയുടെ ഭാവതീക്ഷ്ണതയെപ്പറ്റി ഉൾക്കാഴ്ചയോ ഇല്ലാത്ത പുതിയ തലമുറ ലൈംഗികവും സാമൂഹ്യവുമായ അരാജകത്വം തങ്ങളുടെ വാഗ്ദത്തഭൂമിയായി സങ്കൽപ്പിച്ച് കഥയിലെ ബാഹ്യമോടിയിൽ മാത്രം ഭ്രമിച്ച് എഴുത്ത് തുടങ്ങുകയും ചെയ്തതോടെയാണ് കേരളീയ കഥാസാഹിത്യലോകത്ത് സന്നിഗ്ദ്ധാവസ്ഥ ഉണ്ടായത്. കഥാകുതുകികളായ വായനക്കാർക്ക് ഇതുമൂലം ചെറുകഥകളിൽ താൽപ്പര്യം കുറഞ്ഞുവരാനും തുടങ്ങി.

എങ്കിലും കഥകൾ ധാരാളം ഇവിടെ എഴുതപ്പെടുന്നു. നമ്മുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പംക്തികളിലൂടെ അവ നമ്മുടെ കൈയിലെത്തുന്നു. നാം അത് കുറെയൊക്കെ വായിക്കുകയും ചെയ്യുന്നു. എന്റെ മുന്നിലിരിയ്ക്കുന്ന അഞ്ച് കഥാസമാഹാരങ്ങളിലെ മിക്ക കഥകളും നേരത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രകാശിപ്പിച്ചവയാണ്.

കഴിഞ്ഞ ഏഴു വർഷത്തിനിടക്ക് പലപ്പോഴായി എഴുതപ്പെട്ട പന്ത്രണ്ട് കഥകളടങ്ങിയതാണ് ഹരികുമാറിന്റെ 'കൂറകൾ'. വൈകാരികസംഘർഷം മുറ്റിയ സന്ദർഭങ്ങൾ തെരഞ്ഞെടുത്ത്, കഥാപാത്രങ്ങളുടെ മനസ്സിന്റെ നിഗൂഢമേഖലകളിലെ ചോദനകളുടേയും പ്രതികരണങ്ങളുടേയും വിശകലനത്തിലൂടെ ജീവിതത്തിന്റെ ദുഖങ്ങൾ അനാവരണം ചെയ്യാനാണ് ഹരികുമാറിന്റെ ശ്രമം. അനുവാചകന്റെ മനസ്സിൽ ഗാഢമായ അന്ത:ക്ഷോഭം -ഇല്ലെങ്കിൽ അസ്വാസ്ഥ്യമെങ്കിലും - ജനിപ്പിക്കുവാൻ കഥാകൃത്ത് ആഗ്രഹിക്കുന്നു. പ്രതീകാത്മകമായ ആഖ്യാന ശൈലിയാണ് ഹരികുമാറിന് ഇഷ്ടം. കൂറകൾ, ഉണക്കമരങ്ങൾ, ശിശിരം, കരിയടുപ്പ്, പരുന്തുകൾ വട്ടം ചുറ്റുമ്പോൾ, എന്നീ കഥകളിലെല്ലാം പ്രതീകങ്ങളെ കേന്ദ്രമാക്കി കഥാശിൽപ്പം ഒരുക്കിയിരിക്കുകയാണ്: രണ്ടു മക്കളുടെ അമ്മയും സ്ഥിരം വരുമാനക്കാരനായ ഒരു മറുനാടൻ മലയാളിയുടെ ഭാര്യയും ആയ ഒരു സ്ത്രീയുടെ ഉദരത്തിൽ പുതുതായി വളർന്നുവരുന്ന ജീവനെ നശിപ്പിക്കുവാനുള്ള ഇൻജക്ഷൻ എടുക്കുന്നതിന് ഡോക്റ്ററെ സമീപിക്കാൻ നിശ്ചയിച്ച ദമ്പതികളുടെ മാനസികാസ്വാസ്ഥ്യം, കിരുകിരെ ശബ്ദമുണ്ടാക്കി മേശമേലും ചുവരിന്മേലും അരിച്ചരിച്ചു നടക്കുന്ന കൂറകളിലൂടെ കഥാകൃത്ത് വിവരിക്കുന്നു. കൂറകളുടെ കികുകിരുപ്പ് പെരുകുന്നതോടെ അന്തരംഗത്തിലെ നീറ്റലും വർദ്ധിക്കുന്നു. പുതിയ ജീവന്റെ കണികകൾക്ക് ജീവിക്കുവാനുള്ള അവകാശം ശാസ്ത്രത്തിന്റെ സഹായത്തോടെ നിഷേധിക്കുന്നു. കോക്ക്‌റോച്ച് പൗഡറിന്റെ സമ്പർക്കമേറ്റ കൂറകളും ചത്തുമലച്ച് വീഴുന്നു. കൂറകളുടെ ശല്യവും പുതിയ ജീവന്റെ തുടിപ്പും നിലയ്ക്കുന്നു.

മുപ്പത്തിയൊന്ന് വയസ്സായിട്ടും അവിവാഹിതയായിരുന്ന ഒരുവളുടെ തളിർക്കാത്ത മോഹങ്ങളാണ് 'ഉണക്കമര'ത്തിൽ. ഒ. ഹെന്റിയുടെ 'ദി ലാസ്റ്റ് ലീഫ്' (അവസാനത്തെ ഇല) എന്ന ആത്മതർപ്പണക്ഷമമായ കഥയെ അനുസ്മരിപ്പിക്കുന്നതാണ് ഈ സമാഹാരത്തിലെ 'പരുന്തുകൾ വട്ടം ചുറ്റുമ്പോൾ' എന്ന കഥ. ബോധത്തിനും അബോധത്തിനും ഇടയ്ക്കുള്ള അവസ്ഥയിൽ കിടക്കുന്ന ഒരു ടൈഫോയ്ഡ് രോഗി, അകലെയുള്ള കുളത്തിന്റെ കരയിൽ നരച്ചതാടിയും സ്വർണ്ണഫ്രേയ്മുള്ള കണ്ണടയുമായി കുനിഞ്ഞിരുന്ന് മത്സ്യം പിടിക്കുന്ന കിഴവനെ ജാലകത്തിലൂടെ കാണുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ചൂണ്ടലുമായി കിഴവൻ ചടഞ്ഞിരിക്കുന്നു. രോഗിയുടെ മനസ്സിൽ, വയലുകൾക്ക് മീതെ പറന്നുയരുന്ന പരുന്തുകളുടെ ചിത്രവും നിഴലിക്കുന്നു. പെട്ടെന്ന് രോഗിക്ക് ഒരു തോന്നൽ:' ഞാൻ അടുത്തറിയുന്ന ആരോ മരിക്കാൻ പോകുന്നു'. ആ ചിന്ത ഭയാനകമാം വണ്ണം വരുന്നതോടെ പനി വർദ്ധിക്കുന്നു. മനസ്സിൽ പരുന്തുകൾ ചിറകു വിരിച്ച് പറക്കുന്നു. വീണ്ടും ആശ്വാസത്തിന്റെ പ്രഭാതം വരുന്നു. അപ്പോഴേക്കും അറിയുന്നു, 'ആ താടിക്കാരൻ കെളവൻ ചത്തു.' എന്ന്.

മധുവിധു, നിനക്കുവേണ്ടി എന്നീ കഥകളും ഹൃദയസ്പർശകങ്ങളാണ്. ദൈവഭക്തി, വ്യാപാരാടിസ്ഥാനത്തിലാക്കി പുലരുന്ന കാപട്യത്തിന്റെ മുഖത്തടിക്കുന്നതാണ് 'ദൈവം ജ്ഞാനിയാകുന്നു' എന്ന കഥ. ഹരികുമാർ സ്വീകരിക്കുന്ന ചില സങ്കേതങ്ങളും പ്രതീകങ്ങളും അചുംബിതങ്ങളല്ലെങ്കിലും അവ അദ്ദേഹം ഉചിതമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഭാവശിൽപ്പങ്ങൾ അദ്ദേഹം സൂക്ഷതയോടെ പണിതൊരുക്കുന്നു. അത്യന്താധുനികതയുടെ വൈകൃതങ്ങൾ കണ്ടു മടുത്തവരുടെ മുന്നിലേക്ക് ആധുനികതയുടെ കരുത്തുറ്റ ഭാവാർദ്രമായ മുഖം ഹരികുമാർ തെളിച്ചുകാട്ടുന്നു. തെല്ലും ആശങ്ക കൂടാതെ പറയാം. ഇതാ ശ്രദ്ധേയനായ ഒരു കഥാകൃത്ത്, താൻപോരിമയുള്ള ഒരു വാഗ്ദാനം.

എക്സ്‌പ്രസ്സ്, തൃശ്ശൂർ - 1972 ഒക്ടോബര്‍ 22

തോട്ടം രാജശേഖരൻ

സത്യത്തിന്റെ വഴിയിലെ സഞ്ചാരിയാണ് തോട്ടം രാജശേഖരൻ. മുഖസ്തുതിയോ ആത്മപ്രശംസയോ ഇല്ലാത്ത ജീവിതമാണ് മുൻ പബ്ളിക് റിലേഷൻസ് ഡയറക്ടർകൂടിയായ ഈ എഴുത്തുകാരന്റേത്. നാടകം, നോവലുകള്‍, പഠനം, സര്‍വീസ് സ്റ്റോറി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി കൃതികള്‍. 'സിനിമ സത്യവും മിഥ്യയും' എന്ന പഠനഗ്രന്ഥത്തിന് 1982ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു,

അനുബന്ധ വായനയ്ക്ക്