ഉന്നൈ കാണാത കണ്ണും


ഇ ഹരികുമാര്‍

വീട്ടുജോലിയ്ക്കു സഹായിക്കുന്നത് ഒരു തമിഴത്തിയാണ്. പത്തമ്പതു വയസ്സു പ്രായം. അവൾ തോന്നിയ സമയത്ത് കയറിവരും. പക്ഷെ എല്ലാ ജോലിയും കഴിഞ്ഞിട്ടേ പോകു. അതുകൊണ്ട് മാലതിയ്ക്ക് ആക്ഷേപമില്ല. പക്ഷെ അറിയാതെ കണ്ണുകൾ ചുമരിലേയ്ക്ക് പോകുന്നു. 'നാൻ വരുമ്പോ അക്ക എന്തിനാ സമയം നോക്കണത്, നാനെല്ലാ ജോലീം കഴിഞ്ഞിട്ടല്ലേ പോണ്ള്ളൂ.' തമിഴ് ചുവയുള്ള മലയാളത്തിൽ യെല്ലമ്മ പറയുമ്പോൾ പിന്നെ എന്തു പറയാനാണ്? ഒരു വിധത്തിൽ അവളെ പറഞ്ഞിട്ട് കാര്യല്യ. അവൾ മറ്റൊരു വീട്ടിൽ ആശ്രിതയായി നിൽക്കുകയാണ്. ഫുൾടൈം ജോലിയെന്നാണ് പറയുന്നത്. പക്ഷെ അവരുടെ ജോലി കഴിഞ്ഞ് ഉച്ചക്കുശേഷം ആറു മണിവരെ മറ്റേതെങ്കിലും വീട്ടിൽ ജോലിയെടുത്ത് കുറച്ച് പണമുണ്ടാക്കിക്കോ എന്നു പറഞ്ഞതുകൊണ്ടാണ് അവൾക്ക് വരാൻ പറ്റുന്നതു തന്നെ. കല്യാണം കഴിഞ്ഞ് ഒന്നുരണ്ടു കൊല്ലം ജോലിക്കാരിയൊന്നൂം വേണ്ടെന്ന് കരുതിയതാണ് മാലതി. രണ്ടുപേരല്ലെ, എന്തു ജോലിയാണുണ്ടാവുക എന്നു വിചാരിച്ചു. പക്ഷെ വീട്ടുജോലി മുഴുവൻ ചെയ്ത് കഴിയുമ്പോഴേയ്ക്ക് വല്ലാതെ ക്ഷീണിക്കുന്നു. അപ്പോഴാണ് ഈ തമിഴത്തിയെ കണ്ടുപിടിച്ചത്.

'ശരി, ശരി, സമ്മതിച്ചു. അവള് താമസിക്കുന്നിടത്തെ ആൾക്കാർ വളരെ നല്ലവര്തന്നെ.' രാത്രി മാലതി ഇതെല്ലാം പറഞ്ഞപ്പോൾ രാജന്റെ പ്രതികരണം പെട്ടെന്നായിരുന്നു. 'നമ്ക്ക് രാവിലെ പണിയെടുത്ത് പോണ വേറെ ആരേം കിട്ടാനില്ലേ? എനിക്കിഷ്ടല്ല, ഞാൻ ഓഫീസിൽന്ന് വരുമ്പോൾ ചൂലും പിടിച്ച് ഒരുത്തി എതിരേൽക്കണത്. ഒന്നുകിൽ ഞാൻ ബെല്ലടിക്കുമ്പോൾ അവളോട് മുമ്പില് വരര്ത് ന്ന് പറയണം, അല്ലെങ്കിൽ ഞാനിനി നേരം വൈകി വരാൻ തൊടങ്ങും.'

മാലതി ആലോചിച്ചു. ഒരു നാവുകൊണ്ട് പറയും, ചൂലെന്താ ഒരു പണിയായുധം മാത്രല്ലെ. അതു കണികണ്ടാൽ എന്താ കുഴപ്പം? മറ്റേ നാവുകൊണ്ട് മറിച്ചും. മൂപ്പർക്ക് എന്തോ അവളെ ഇഷ്ടായിട്ടില്ല, അതാണ് കാര്യം. അവൾ ഉറക്കെ സംസാരിക്കുന്നു എന്നാണാക്ഷേപം.

യെല്ലമ്മ വന്നപ്പോൾ മാലതി പറഞ്ഞു.

'ചേച്ചീ, അടിച്ചുവാരല് ആദ്യം കഴിച്ചോളു. സാറ് വരുമ്പോ ചൂലും ആയിട്ട് നിൽക്കണത് ശര്യല്ല.'

ഒരു നിമിഷ നേരത്തേയ്ക്കവളുടെ മുഖം മങ്ങിയോ എന്നു സംശയം. പെട്ടെന്നുതന്നെ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. 'എന്നാ അക്കാ, സാറ് വഴക്ക് പറഞ്ഞോ?' പിന്നെ തുടർന്നു. 'സാറിന് പയമാകുന്നുണ്ടാവും അല്ലേ? പറവയില്ലയ്. സാറ് വരുമ്പൊ നാനൊളിച്ചിരിക്കാം.'

വൈകുന്നേരം രാജൻ വന്നപ്പോൾ ചൂലില്ല, അതേറ്റി നിൽക്കുന്ന സ്ത്രീയുമില്ല. അയാൾ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

'ഇന്നെന്താ നെന്റെ തമിഴത്തി വന്നില്ലെ?'

'അവള് നിങ്ങളെ പേടിച്ച് അടുക്കളേല് ഒളിച്ചിരിക്ക്യാണ്. ഇനി അവളെ ശകുനം കണ്ടിട്ട് നിങ്ങക്ക് അസുഖൊന്നും വരണ്ടാച്ചിട്ട്.'

'അസുഖം വര്വേ? ഞാനങ്ങന്യൊന്നും പറഞ്ഞില്ലല്ലൊ.'

യെല്ലമ്മ അടുക്കളയിൽനിന്ന് വന്നു. 'അക്കാ, നാമ്പറഞ്ഞീലെ സാറ് വന്നാ എന്നെ ചോദിക്കുംന്ന്. ഇപ്പളോ?' തുടർന്നവൾ പൊട്ടിച്ചിരിച്ചു.

രാജന് സന്തോഷം തോന്നി. ഈ പാവം സ്ത്രീ അവളെപ്പറ്റി താൻ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. ഏത് അസ്വീകാര്യമായ അവസ്ഥയും അവളുടെ മനസ്സിന്റെ നന്മകൊണ്ട് അവൾ അനുകൂലമാക്കുകയാണ്.

പാവം, അഭാവത്തിൽ അവൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. അവളുടെ ജീവിതം അത്ര നല്ലതൊന്നുമല്ല എന്ന് പലപ്പോഴായി നടന്ന സംസാരങ്ങളിൽനിന്ന് മാലതിയ്ക്ക് മനസ്സിലായിരുന്നു. പക്ഷെ അതൊന്നും അവളുടെ മുഖത്ത് കാണില്ല. എപ്പോഴും പ്രസാദാത്മകമായ മുഖം. പന്ത്രണ്ടാം വയസ്സിൽ കല്യാണം കഴിഞ്ഞു. കെട്ടിയത് അവളുടെ അമ്മാവൻ തന്നെ, അമ്മയുടെ അനുജൻ.

'ആദ്യത്തെ ദെവസം രാത്രിതന്നെ കുടിച്ച് വന്ന് എന്നെ വല്ലാതെ ഉപദ്രവിച്ചു. വേദന സഹിക്കാതെ നാൻ അമ്മാവ്‌ടെ അട്‌ത്തേയ്ക്ക് ഓടിപ്പോയി, ഇയ്യാള്‌ന്നെ വല്ലാതെ വേദനിപ്പിച്ചുന്ന് പറഞ്ഞ്. അമ്മ സാമസിക്കണത് ആ ചേരീല്ത്തന്നെ രണ്ട് വീട് അപ്പറത്താണ്.'

മാലതി ചിരിച്ചു. 'അയാള് കല്യാണം കഴിച്ചത് അതിനൊക്ക്യല്ലെ? പിന്നെന്താ കൊഴപ്പം.'

'കടവുളേ, വേദനിപ്പിക്കാനോ? അക്കാവിനങ്ങനെ ശൊല്ലാം. എനിക്ക് പന്ത്രണ്ട് വയസ്സാ. അയാളെട്‌ക്കെടക്ക് വരും, മിട്ടായിയൊക്കെ തരും. പക്ഷെ നാൻ പോവൂല. എനിക്ക് തൊടക്കംതൊട്ടേ അയാളെ ഇഷ്ടായിര്ന്നില്ല. അമ്മാവും അപ്പാവും ഒക്കെക്കൂടി ചെയ്തതാ. പിന്നെ അഞ്ച് കൊല്ലം കഴിഞ്ഞപ്പൊ അയാള് നിർബ്ബന്ധായിട്ട് കൂട്ടിക്കൊണ്ടോയി. അപ്പഴും എനിക്കയാളെ തീരെ ഇഷ്ടണ്ടായിര്ന്നില്ല.'

അവൾ സംസാരം നിർത്തും. സ്വന്തം കാര്യങ്ങൾ വളരെ അപൂർവ്വമായേ അവൾ പറയാറുള്ളു. പത്തുപതിനഞ്ചു മുറികളുള്ള ഒരു വലിയ ഇരുനില മാളികയുടെ അടുക്കളയ്ക്കടുത്തുള്ള ചെറിയ മുറിയിലാണവൾ കഴിയുന്നത്. ഒരു ചെറിയ ടേബ്ൾ ഫാനും വീട്ടുകാരുപേക്ഷിച്ച ഒറ്റക്കട്ടിലുമുണ്ട്. അതുതന്നെ വലിയ കാര്യമാണെന്ന മട്ടിലാണവളുടെ സംസാരം. അവൾ പറഞ്ഞിരുന്നത് മുഴുവൻ ആ വീട്ടുകാരുടെ നന്മകളെപ്പറ്റിയായിരുന്നു. അവരുടെ പേരക്കുട്ടിയെപ്പറ്റി, അവളുടെ പരാക്രമങ്ങൾ, കളികൾ. യെല്ലമ്മയാണ് ആ കുട്ടിയുടെ അമ്മയെന്ന മട്ടിലാണ് സംസാരം മുഴുവൻ.

'അക്കാ, സാറിന് രണ്ട് മക്കള്. മുത്തത് ആണ്, രണ്ടാമത്തത് പെണ്ണ്. അവൾക്കന്ന് ഒരു വയസ്സാ. അവളെ വളർത്തീതൊക്കെ നാനാ. ആ മോളടെ കല്യാണം കഴിഞ്ഞത് അഞ്ച് കൊല്ലം മുമ്പെ. അപ്പ അക്കാ, സ്റ്റേജില് അവര്‌ടെ ഒപ്പം എന്റീം ഫോട്ടോ എട്ത്തു. അത് ആൽബത്തില്ണ്ട്.'

'അത്യോ?'

'ആ, അക്കാ എന്നാ നെനച്ചത്? അവര് തന്ന പട്ടുസാരിയെല്ലാമുട്ത്ത് അവള്‌ടെ ഒപ്പംനിന്ന് ഫോട്ടോയെട്ത്തു. നാനവള്‌ടെ അമ്മേപ്പോല്യാ. ന്റട്ത്തായിരുന്നു അവളെപ്പഴും. നാനാണവളെ കുളിപ്പിച്ചു കൊടുക്കാറ്, ചോറ് കൊടുക്കാറ്.....'

'അപ്പൊ ചേച്ചി ആ വീട്ടില് വന്നിട്ട് ഇരുപത്തഞ്ച് കൊല്ലായി? ചേച്ചീടെ മോള്‌ടെ കല്യാണം കഴിഞ്ഞിട്ടെത്ര കാലായി?'

'അവള്‌ടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ....... അഞ്ചുപത്തു കൊല്ലായി അക്കാ. സറിക്ക് ഓർമ്മല്യ.'

'അവളിപ്പൊ എവിട്യാ?'

'അവളിപ്പൊ....... രണ്ടു കൊല്ലം മുമ്പ് അവള് വന്തിര്ന്ന്, അവളും കെട്ട്യോനും രണ്ടു കുട്ട്യോളും കൂടി. അപ്പൊ അവര് കൂനൂരിലായിര്ന്ന്. അയാക്ക് ചായത്തോട്ടത്തിലാ ജോലി.'

'ചേച്ചി അവര്‌ടെ അട്‌ത്തേയ്ക്ക് പോവാറില്ലെ?'

'ഇല്ലക്കാ, അവരായി അവര്‌ടെ പാടായി...... അക്കാ ഈ ചെറ്യ ഉള്ളി നേര്യാക്കാനെട്ത്ത് വെച്ചതല്ലെ?'

യെല്ലമ്മയ്ക്ക് വിഷയം മാറ്റണമെന്നുണ്ട്.

'വേണം, ഇന്ന് ഉള്ളിസ്സാമ്പാറാണ്. ആ ചേനേം മെഴുക്കുപുരട്ടിടെ പാകത്തിന് നുറുക്കണം.'

'സറി അക്കാ, നെലംതൊടക്കല് കഴിഞ്ഞിട്ട് ചെയ്താപ്പോരെ?'

അവൾ മകളുടെ കാര്യം ഓർമ്മയില്ലെന്നു പറഞ്ഞത് ശരിയായിരിക്കും. മരുമകനുമായി അത്ര രസത്തിലല്ല യെല്ലമ്മ. അയാൾ ഇടയ്ക്കിടക്ക് വന്ന് കാശു ചോദിക്കും, കൊടുക്കാതിരുന്നാൽ തെറി പറയും. ആ വീട്ടുകാരതെല്ലാം കേൾക്കുന്നുണ്ടാവും. ഭാഷയിലില്ലാത്ത ആ പദങ്ങൾ സ്വന്തം കുട്ടികൾ കേൾക്കുന്നതവരിഷ്ടപ്പെട്ടില്ല. അവസാനം അവർ പറഞ്ഞു. ഇനി യെല്ലമ്മേടെ മരുമോനെ ഇവിടെ കടത്തില്ല. അവർ സെക്യൂരിറ്റിയോട് ആ മനുഷ്യനെ ഇനിമുതൽ കടത്തിവിടരുതെന്ന് പറഞ്ഞു. ഒന്നുരണ്ടു വട്ടം അയാൾ വന്നു, അകത്തു കടത്താതിരുന്നപ്പോൾ കുറേ തെറിവിളിച്ചു തിരിച്ചു പോയി. രണ്ടു പ്രാവശ്യം മാത്രം. പിന്നെ വരവുണ്ടായില്ല. കൂനൂരിൽനിന്ന് എറണാകുളം വരെ കാശു ചെലവാക്കി വരുന്നത് നാലു തെറി പറയാൻ മാത്രമായാൽ മുതലാവില്ല. അതു കഴിഞ്ഞ് കുറെയേറെക്കാലമായി.

'ചേച്ചീടെ നാട് എവിട്യാന്നാ പറഞ്ഞത്?'

'സേലത്ത്.'

'അവിടെ ആരുംല്ല്യേ?'

'യാരുമില്ലേ, അക്കാ, യാരുമേയില്ലൈ. അപ്പ മെരിച്ചുപോയി, അമ്മേം മെരിച്ചുപോയി, ഒരനുജൻ ഒണ്ടായിരുന്നത് നേരത്തേ മെരിച്ചുപോയി. ഇപ്പ നാനൊറ്റയ്ക്ക്.'

പെട്ടെന്ന് യെല്ലമ്മ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. 'യാരു ശൊന്നാൻ നാനൊറ്റയ്ക്കാന്ന്? എനിക്ക് അക്കാ ഇല്ലെ, സാറില്ലെ, നാൻ നിക്കണ വീട്ടിലെ കൂട്ടരില്ലെ?'

'ചേച്ച്യന്ന്യല്ലെ ഒറ്റയ്ക്കാണ്ന്ന് പറഞ്ഞത്?'

'അതെല്ലാം ഓരോ തോന്നലുകള് മാത്രം...... അക്കാ ഇന്ന് നെലവെളക്ക്കള് പോളിഷ് ചെയ്യണംന്ന് ചൊല്ലീലെ? പോളിഷ് എങ്കെ?'

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മാലതി അന്നന്ന് യെല്ലമ്മ പറഞ്ഞതെല്ലാം ഭർത്താവുമായി പങ്കുവെയ്ക്കും. അതെല്ലാം യെല്ലമ്മയുടെ കുമ്പസാരമാണെന്നാണ് രാജൻ പറയുന്നത്.

'ഇതെല്ലാം പറഞ്ഞുകഴിഞ്ഞാൽ യെല്ലമ്മയ്ക്ക് നല്ല ആശ്വാസം കിട്ടുന്നുണ്ടാവും. എന്നുവെച്ചാൽ നിന്റെ ആശ്വാസം അവൾ തട്ടിയെടുക്കുന്നുവെന്നു മാത്രം. അതിനുശേഷം നീ ഇവിടെ കിടന്ന് അതോർത്ത് വിഷമിക്കാനും. അവളിപ്പോൾ ആശ്വാസത്തോടെ കിടന്നുറങ്ങ്ണ്ണ്ടാവും.'

'ശര്യാണല്ലെ? അവൾ എന്നും ഒമ്പതു മണിയ്ക്ക് കിടന്നുറങ്ങും. വീട്ടുകാരടെ ഭക്ഷണം കഴിയാൻ പത്തുമണിയാവുംത്രെ. അത്രയൊന്നും അവൾക്ക് പിടിച്ചുനിക്കാൻ കഴീല്ല്യ. ആ വീട്ടിലെ മുഴുവൻ ജോലി ചെയ്യണം. രാവിലെ നാലര മണിയ്‌ക്കെണീറ്റ് മുറ്റമടിക്കാൻ തുടങ്ങും. അതു കഴിഞ്ഞ് വീടു മുഴുവൻ അടിച്ചുവാരി തുടയ്ക്കും. പിന്നെ കുളികഴിഞ്ഞ് അടുക്കളേല് കേറും. അതു കഴിഞ്ഞാൽ ജോലിതന്നെ. ഇവിടെ മൂന്നുമണിയ്ക്ക് വന്നാലും ജോലിതന്നെ. അപ്പൊപ്പിന്നെ വല്ലാതെ ക്ഷീണിക്കും പാവം.'

'ഇതാ ഞാൻ പറഞ്ഞത്, നീ ഇപ്പോൾ അവളെക്കുറിച്ചാലോചിച്ച് വിഷമിക്കുന്നു. വിഷമങ്ങളെല്ലാം നിന്റെ തലയിലിറക്കിവച്ച് അവൾ സുഖായി കിടന്നുറങ്ങുണു.'

അയാൾ ചിരിക്കുകയാണ്.

'അത് ശരി,' മാലതി പറഞ്ഞു, 'ഞാനിപ്പോൾ എന്റെ വിഷമങ്ങളെല്ലാം നിങ്ങടെ തലേലിട്ടിട്ട്ണ്ട്. താങ്ങിനിൽക്കു, ഞാനുറങ്ങാൻ പോണു.' പുതുതായി കിട്ടിയ ആശ്വാസത്തിന്റെ കുളിർമ്മയിൽ അവൾ പുതപ്പെടുത്ത് തലവരെ മൂടി കിടന്നു.

അയാൾ ആ പുതപ്പ് വലിച്ചുമാറ്റി.

'അങ്ങനെ ആശ്വാസത്തോടെ ഒറങ്ങാൻ വരട്ടെ.' അയാൾ മാലതിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. 'എന്റെ വിഷമങ്ങള് തീർക്കാനും വഴികള്‌ണ്ടോന്ന് നോക്കാം.'

ഒരു ദിവസം ജോലിയെല്ലാം നേരത്തെ കഴിഞ്ഞ് യെല്ലമ്മ ചായയുണ്ടാക്കി അടുക്കളയിൽ നിൽക്കുകയായിരുന്നു. രാജൻ വൈകിവരുമെന്ന് പറഞ്ഞ ദിവസമാണ്. മാലതി മേൽക്കഴുകി ഉടുപ്പുമിട്ട് അടുക്കളയിലേയ്ക്കു വന്നു.

'ചേച്ചി, എന്റെ പാവാടടെ ചരട് ഉള്ളില് പോയി ഒന്ന് എട്ത്തു തരണം.'

'പാവാട എവിടെ?'

'ഇതാ...' അവൾ ഉടുപ്പു പൊക്കി. 'ഇട്ടപ്പഴാ കണ്ടത് ചരട് ഉള്ളില് പോയീന്ന്.'

'അത് ഊരിത്താ.'

മാലതി പാവാട അഴിച്ച് കൊടുത്തു.

'എന്നാ നെറം അക്കാവിന്റെ കാലൊക്കെ?'

'എന്തു നെറം, അപ്പൊ ചേച്ചി നെറള്ളോരെ കണ്ടാലോ?'

'അല്ല അക്കാവുക്ക് നെറംണ്ട്. കണ്ടില്ലെ എന്റെ നെറം. കറുകറുത്ത്. എങ്ങിനെ അക്കാ നല്ല നെറംണ്ടാക്കും ?'

'നെറൊന്നും വേണ്ട ചേച്ചി. ചേച്ചീനെ കാണാൻ നല്ല ചേല്ണ്ട്. മുഖശ്രീണ്ട്.'

'നെറം വേണം അക്കാ, അല്ലെങ്കീ ആർക്കും പിടിക്കൂല.'

മറ്റൊരു ദിവസം, അവൾ വിളക്കു പോളിഷ് ചെയ്യുകയായിരുന്നു. മാലതിയും ജോലിയിൽ സഹായിക്കാനെന്ന വ്യാജേന ഒപ്പമിരുന്നു. സംസാരംതന്നെ ലക്ഷ്യം. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് രണ്ടുപേരും സംസാരിക്കുകയായിരുന്നില്ല, മറിച്ച് അവനവന്റെ മനസ്സിനുള്ളിലേയ്ക്ക് വലിയുകയായിരുന്നെന്ന്. മാലതി ചോദിച്ചു.

'എന്തു പറ്റീ യെല്ലമ്മച്ചേച്ചീ, എന്താ മിണ്ടാണ്ടിരിക്കണേ?

യെല്ലമ്മ തുടച്ചുകൊണ്ടിരുന്ന നിലവിളക്ക് നിലത്തുവച്ചു, നിവർന്നിരുന്ന് മാലതിയെ നോക്കി. പിന്നെ കുനിഞ്ഞ് അടുത്ത വിളക്കെടുത്ത് പൊളിഷിടാൻ തുടങ്ങി. അങ്ങിനെ ജോലിചെയ്തുകൊണ്ടിരിക്കെ മാലതിയെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പാടാൻ തുടങ്ങി. ആദ്യം ഒരു മൂളിപ്പാട്ടു മാത്രം, പിന്നെ വാക്കുകൾ സ്വരലയത്തോടെ വരാൻ തുടങ്ങി.

'ഉന്നൈ കാണാത കണ്ണും കണ്ണല്ലാ.......'

ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് മാലതി അതു കേട്ടിരുന്നു. ഈ പാട്ട്, അതൊരിക്കൽ ഒരു ടി.വി. പരിപാടിയിൽ ഒരു കൊച്ചുകുട്ടി പാടുന്നതുകേട്ടപ്പോഴേ ഇഷ്ടപ്പെട്ടിരുന്നു. യെല്ലമ്മയ്ക്കു പാട്ടുപാടാനറിയാമെന്നത് ഒരദ്ഭുതമായിരുന്നു. അവളെ എന്തായിട്ടു വേണമെങ്കിലും സങ്കല്പിക്കാം, പക്ഷെ പാട്ടുകാരി! കഴിഞ്ഞ ആറു മാസമായി അവൾ ഒരു മൂളിപ്പാട്ടുകൂടി പാടിയിട്ടില്ല. നല്ല ഈണത്തിൽ, എല്ലാം മറന്ന് അവൾ പാടുകയാണ്. 'ഇങ്ക് നീയൊരു പാതി, നാനൊരു പാതി, ഇതിൽ യാർ പിരിന്താലും വേദനൈ പാതി.......'

പാട്ടിൽ ലയിച്ച് മാലതി ഇരുന്നു. യെല്ലമ്മ ഒരു താളത്തോടെ വിളക്ക് തുടയ്ക്കുകയാണ്. അതു നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് ഒരു തുള്ളി വെള്ളം വിളക്കിനുമേൽ വീണതായി തോന്നി അവൾ മുഖമുയർത്തി നോക്കി. യെല്ലമ്മയുടെ കണ്ണിൽനിന്നൂറിവന്ന് കവിളിലൂടെ ഒഴുകുന്ന കണ്ണീർ. അതു തുടയ്ക്കാൻ മെനക്കെടാതെ അവൾ പാട്ടു തുടർന്നു. '....നീ സൊല്ലാത സൊല്ലും സൊല്ലല്ല, നീ ഇല്ലാമൽ നാനും നാനല്ലാ.'

പാട്ട് അവസാനിച്ചപ്പോൾ യെല്ലമ്മ സാരിത്തുമ്പുകൊണ്ട് കണ്ണു തുടച്ച് മാലതിയെ നോക്കി ചിരിച്ചു. കണ്ണീരിനിടയിലെ ചിരി.

'ഇത് സുശീലാവ് പാടീതാ, ഇദയ കമലത്തില്. അക്കാ ഈ സിനിമ നാൻ കല്യാണം കഴിഞ്ഞ കാലത്ത് എന്റെ പർത്താവിന്റെ ഒപ്പം കണ്ടതാ.... അതൊരു കാലം.' അവൾ നെടുവീർപ്പിട്ടു.

യെല്ലമ്മ ജോലി കഴിഞ്ഞു പോയ ഉടനെ മാലതി രാജനോടു പറഞ്ഞു.

'നമ്മടെ യെല്ലമ്മ ഇല്ലേ, നല്ല പാട്ടുകാരിയാ. ഇന്ന് ഒരു പാട്ടു പാടി, എന്തു നന്നായിട്ടാ പാടീത്‌ന്നോ. എന്താ പാട്ടിന്റെ പേര്........'

'ഇനി ഫീമെയിൽ സിങ്ങേഴ്‌സൊക്കെ കഷ്ടത്തിലാവൂലോ?'

'എന്തേ?'

'അല്ല, അവര്‌ട്യൊക്കെ ചാൻസ് പോവില്ലെ?'

'പാവം, അങ്ങിന്യൊന്നും പറേര്ത്. പാട്ട് കഴിയുമ്പഴയ്ക്ക് അവൾക്ക് സങ്കടം വന്ന് കരയ്യായിരുന്നു. പാവം അവൾക്ക് പാട്ടു പഠിക്കാൻ ചാൻസൊന്നും കിട്ടാത്തതുകൊണ്ട് മറ്റുള്ളവര്‌ടെ വീട്ടുജോലി ചെയ്തു ജീവിക്കുണു.'

യെല്ലമ്മ കരഞ്ഞുവെന്നത് അയാളെ വിഷമിപ്പിച്ചു. അയാളുടെ മനസ്സിൽ എവിടെയോ ഒരു വേദന.

'എന്തിനാണവൾ കരഞ്ഞത്?'

'അറീല്യ. ഒന്നും പറഞ്ഞില്ല. ഈ സിനിമ അവൾ കല്യാണം കഴിഞ്ഞ ഉടനെ ഭർത്താവിന്റൊപ്പം കണ്ട സിനിമ്യാണെന്നു മാത്രം പറഞ്ഞു.'

'പക്ഷെ നീ പറയാറ് അവൾക്കയാളെ ഒട്ടും ഇഷ്ടണ്ടായിര്ന്നില്ലാന്നാണല്ലൊ.'

'ആവോ, അങ്ങിന്യൊക്കെത്തന്ന്യാണ് അവൾ പറയാറ്......'

'എന്തൊക്ക്യോണ്ട് നിന്റെ തമിഴത്തിടെ ഉള്ളില്.'

'ഞാനാ പാട്ട് യുട്യൂബില് കിട്ട്വോന്ന് നോക്കട്ടെ.' മാലതി കമ്പ്യൂട്ടറിനുമുമ്പിലിരുന്നുകൊണ്ട് പറഞ്ഞു.

'ദാ ഇവ്‌ടെണ്ട്‌ട്ടോ, ഞാൻ കേൾപ്പിച്ചു തരാം.'

മുഴുവൻ കേട്ടശേഷം അയാൾ പറഞ്ഞു. 'നല്ല പാട്ട്, എന്തേ നമ്മളിതുവരെ കേക്കാതിരുന്നത് ആവോ.' അയാൾ സ്‌ക്രീനിൽ നോക്കിക്കൊണ്ട് പറഞ്ഞു, 'അറുപത്തഞ്ചിലിറങ്ങിയ സിനിമ്യാണ്. അറുപതുകളില്ള്ള ഒരു മാതിരി നല്ല പാട്ടുകളൊക്കെ ഞാൻ കേട്ടിട്ട്ണ്ട്. ആയിരത്തിലൊരുവൻ, പാവമന്നിപ്പ് ഒക്കെല്യേ. പക്ഷെ ഈ പാട്ട് കേട്ടിട്ടില്ല. അച്ഛന്റെ അട്ത്ത് പഴേ തമിഴ് പാട്ടുകളൊക്കെ കാസറ്റില്ണ്ടായിരുന്നു, പക്ഷെ ഈ പാട്ടില്ല.'

ആ സംഭവത്തിനുശേഷം അയാൾ യെല്ലമ്മയോടുള്ള പെരുമാറ്റം കൂടുതൽ മയമുള്ളതാക്കി. അവളൊരു കലാകാരിയാണ്. മാലതി പറയുന്നതു കേട്ടാൽ മനസ്സിലാകും അവൾ വളരെ ഉയരങ്ങളിലെത്തേണ്ടവളാണെന്ന്. വിധിയുടെ കളികൾ കാരണം പട്ടിണിയിലും, അതുവഴി മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ട ഗതികേടിലും അവളെത്തിപ്പെട്ടു.

പിന്നേയും ഏറെ ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അയാൾക്ക് യെല്ലമ്മയുടെ പാട്ട് കേൾക്കാനായത്. അയാൾ ഓഫീസിൽനിന്ന് വന്ന് കമ്പ്യൂട്ടറിനു മുമ്പിലിരിക്കുകയായിരുന്നു. അടുക്കളയിൽ മാലതിയും യെല്ലമ്മയുംകൂടി എന്തോ ജോലി ചെയ്യുകയാണ്. പച്ചക്കറി നുറുക്കുകയായിരിക്കണം. അപ്പോഴാണയാൾ കേട്ടത് ആരോ മധുരമായി പാടുന്നു. മാലതി ഫോണിൽ പാട്ടു വച്ചതായിരിക്കുമെന്ന് കരുതി. ജോലികൾക്കിടയിൽ പാട്ടു കേൾക്കാനവൾക്കിഷ്ടമാണ്. അപ്പോഴാണ് മാലതി വന്നു സ്വകാര്യമായി പറഞ്ഞത്. 'ഒന്ന് വേഗം വന്ന് അടുക്കളടെ വാതിൽക്കൽ വന്നുനോക്കു. അവൾ കാണണ്ട. യെല്ലമ്മച്ചേച്ചി പാട്ടു പാടുന്നുണ്ട്.'

അപ്പോൾ യെല്ലമ്മയുടെ ശബ്ദമായിരുന്നു താൻ കേട്ടിരുന്നത്.

'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം കാത്താടി പോലാടുത്.....'

അവൾ പാടുന്നത് കാണുകയും വേണം, അയാൾ അകത്തേയ്ക്കു കടന്നു. തന്നെ കണ്ടാൽ പാട്ടു നിർത്തുമോ എന്ന ഭയമുണ്ടായിരുന്നു. അവൾ നിർത്തിയില്ല. മുഖമുയർത്തി ചിരിച്ചശേഷം പാട്ടു തുടർന്നു.

'കണ്ണുക്കൊരു വണ്ണക്കിളി, കാതുക്കൊരു ഗാനക്കുയിൽ,

നെഞ്ചുക്കൊരു വഞ്ചിക്കൊടി നീതാനമ്മാ.......'

പാട്ടു കഴിഞ്ഞപ്പോൾ അയാൾ കയ്യടിച്ചു. ഒരു ആങ്കോർ പറയേണ്ട സന്ദർഭമാണ്.

'യെല്ലമ്മച്ചേച്ചീ, 'ഉന്നയ് കാണാതെ' സാറിന് കേപ്പിച്ചുകൊടുക്കു.'

യാതൊരു മടിയും കൂടാതെ അവൾ പാട്ടു തുടങ്ങി. പയർ ഒടിച്ച് ചെറിയ കഷ്ണങ്ങളാക്കുന്നതിനോടൊപ്പം അവൾ പാടുന്നത് അയാൾ ആരാധനയോടെ നോക്കിനിന്നു. പാട്ടു കഴിഞ്ഞപ്പോൾ കയ്യടിക്കാൻകൂടി മറന്ന് ആയാൾ നിന്നു. രാജൻ തിരിച്ചുവന്ന് ഇന്നലെ മാലതി ഡൗൺലോഡുചെയ്തുവച്ച പാട്ട് ഉറക്കെ വെച്ചു. രാസാത്തി ഉന്നൈ എന്ന പാട്ടിനു വേണ്ടി യൂട്യൂബിൽ പരതുകയും ചെയ്തു.

പാട്ടു കേട്ട് യെല്ലമ്മ ഓടിവന്നു.

'അപ്പ നീങ്കള്‌ടെ അട്ത്ത് ഈ പാട്ടുണ്ടോ?'

അയാൾ ചിരിച്ചു. ആ പാട്ട് കഴിഞ്ഞ് രാസാത്തി ഉന്നൈ എന്ന പാട്ടും കേൾപ്പിച്ചപ്പോൾ അവൾക്ക് ശരിക്കും അതിശയമായി.

'നീങ്കള് ഭയങ്കര ആൾക്കാരാ. എല്ലാ പാട്ടുംണ്ടല്ലോ.'

പിന്നീട് അവൾ ഓരോ പാട്ടു പാടുമ്പോഴും നിമിഷങ്ങൾക്കകം മാലതി അതു യൂട്യൂബിൽ പാടിച്ചു കേൾപ്പിച്ചു. അവൾക്ക് ശരിക്കും അദ്ഭുതമായി. 'നീങ്കടെ കമ്പൂട്ടറില് എല്ലാ പാട്ടുംണ്ടല്ലൊ!'

രാത്രി കിടക്കുമ്പോൾ അയാൾ പറഞ്ഞു. 'നിന്റെ തമിഴത്തി കാരണം നമ്ക്ക് തമിഴ്പാട്ട്കള്‌ടെ നല്ല കലക്ഷനായി. ഞാനതിന്റ്യെല്ലാം പ്ലേലിസ്റ്റ്ണ്ടാക്കീട്ട്ണ്ട് യുട്യൂബില്.'

സംഗീതം യെല്ലമ്മയെ കൂടുതൽ അടുപ്പിച്ചുവെന്ന് മാലതി കണ്ടു. ഇപ്പോഴവൾ അവളുടെ ഭൂതകാലത്തെപ്പറ്റി കൂടുതൽ പറയാറുണ്ട്. ഓരോ സംഭവങ്ങൾ കേൾക്കുമ്പോഴും തോന്നും അതു കേൾക്കേണ്ടിയിരുന്നില്ല എന്ന്. പക്ഷെ ഒരു മയക്കുമരുന്നിന്നടിമയായ പോലെ പച്ചക്കറി നുറുക്കുമ്പോൾ യെല്ലമ്മയുടെ കഥകൾക്കായി അവൾ കാതോർത്തു. ഭർത്താവിന്റെ പീഡനം വല്ലാതെ വർദ്ധിക്കുമ്പോൾ അവൾ അമ്മയുടെ അടുത്തേയ്‌ക്കോടും. അമ്മയോട് കരഞ്ഞ് പറയും. ഒരാഴ്ച അവിടെ നിന്നാൽ അമ്മ പോകാൻ നിർബ്ബന്ധിക്കും, കാരണം ചെലവ് കൂടുന്നത് മറ്റു വീടുകളിൽ പണിയെടുത്ത് ജീവിക്കുന്ന ആ പാവം സ്ത്രീക്ക് താങ്ങാനാവില്ല. അച്ഛൻ അതിനകം മരിച്ചുപോയിരുന്നു. അതിനെടയക്ക് ഭർത്താവ് വീട് മാറിപ്പോവേം ചെയ്തു. അതു കുറച്ച് ദൂരെയായിര്ന്നു, ബസ്സീല് പോണം. അങ്ങിനെ ഒരിക്കൽ പിണങ്ങിപ്പോയി തിരിച്ചു ചെന്നപ്പോൾ വാതിൽ തുറന്നത് ഒരു ചെറുപ്പക്കാരിയായിരുന്നു. തന്നേക്കാൾ ചെറുപ്പമായ, നിറമുള്ള ഒരുത്തി. ഭർത്താവ് പുറത്തുപോയിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു നാൻ പൊണ്ടാട്ടി. താനാണവിടുത്തെ പൊണ്ടാട്ടിയെന്ന് യെല്ലമ്മ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. ഇങ്കെ നാൻതാൻ പൊണ്ടാട്ടി, നീ പോ, പോ. അവൾ യെല്ലമ്മയേയും മകളേയും അകത്തു കടത്തിയില്ല. ഭർത്താവ് വരാനായി അവൾ വീടിന്റെ വരാന്തയിൽ കാത്തുനിന്നു. ഭർത്താവ് വന്നപ്പോൾ അവളോട് തട്ടിക്കയറി. താൻ വേറെ കല്യാണം കഴിച്ചുവെന്നും ഇനി അങ്ങോട്ട് ചെല്ലേണ്ടെന്നും പറഞ്ഞു.

'അങ്ങിനെ അക്കാ, നാൻ തിരിച്ച് അമ്മടെ അട്‌ത്തേയ്ക്ക് തന്നെ പോന്നു. ഒരു ജോലി കിട്ട്വോന്ന് നോക്കി. രണ്ട് വയസ്സ്ള്ള ഒരു കൊച്ചിനേംകൊണ്ട് ജോലിയ്ക്ക് ചെല്ലാൻ ആരും സമ്മതിക്കില്ല. അവസാനം നാൻ അവളേം പെറ്ക്കിയെട്ത്ത് സ്റ്റേഷനില് പോയി മലയാളക്കരയിലേയ്ക്ക്ള്ള വണ്ടീല് കേറി ഇരുന്നു. രണ്ട് കക്കൂസ്‌കള്‌ടെ എടേല്ള്ള സ്ഥലല്യേ അക്കാ, അവിടെയിരുന്നു. ടിക്കറ്റില്ലാത്യല്ലെ പോന്നത്, അപ്പ സീറ്റിലൊക്ക കേറി ഇര്ന്നാല് വല്യേ ആപ്പീസർമാര് നോക്കാൻ വരുമ്പോ എറക്കിവിടും. പിന്നെ ഒറങ്ങി എണീറ്റപ്പൊ കണ്ടത് വല്യൊരു സ്റ്റേഷനാ. അവിടെ എറങ്ങി. അത് ഷൊറണൂരായിരുന്നു.'

രാജൻ വാതിൽ ബെല്ലടിച്ചത് കേട്ടപ്പൊ മാലതി പറഞ്ഞു.

'ഇനി നാളെ പറയാം യെല്ലമ്മച്ചേച്ചി, സാറ് വന്നില്ലെ, ഞാൻ ചായണ്ടാക്കിക്കൊട്ക്കട്ടെ.'

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അന്നത്തെ അദ്ധ്യായം മാലതി ഭർത്താവിന് പറഞ്ഞുകൊടുത്തു.

'നീയെനിക്ക് ഉറക്കമില്ലാത്ത രാവുകളാണ് സമ്മാനിക്കണത്.' രാജൻ പറഞ്ഞു. 'ഇനി കഥ എങ്ങിനെ അവസാനിക്കുംന്നറിയാതെ എങ്ങിനെ ഉറക്കം കിട്ടും.'

അയാൾ തമാശയായി പറഞ്ഞതായിരുന്നുവെങ്കിലും മാലതിയ്ക്കതിന്റെ അർത്ഥം മനസ്സിലായി. തനിക്കും മനഃശാന്തി കിട്ടണമെങ്കിൽ കഥയുടെ ബാക്കിഭാഗം അറിയണം. അവൾ പറഞ്ഞു. ഷൊറണൂരിറങ്ങിയ ആ പാവം സ്ത്രീ എങ്ങിനെ എറണാകുളത്തെത്തി?

'ഓരോര്ത്തര്‌ടെ വിധി, അല്ലാതെന്തു പറയാൻ?' അവൾ നെടുവീർപ്പിട്ടു.

പിറ്റേന്ന് യെല്ലമ്മ എത്തിയപ്പോൾ മാലതി പറഞ്ഞു. 'നമുക്കിന്ന് ആദ്യം പച്ചക്കറി നുറുക്കാം, എന്നിട്ട് കൂട്ടാന്റെ പണി നോക്കണം. സാറ് വന്നാല് എവ്‌ട്യോ പോണംന്ന് പറഞ്ഞിട്ട്ണ്ട്.'

'സറി അക്കാ.'

നുണ പറഞ്ഞതിൽ മാലതിയ്ക്ക് വിഷമം തോന്നി. അവൾക്ക് നേരിട്ട് പറയാമായിരുന്നു യെല്ലമ്മയുടെ കഥ കേൾക്കാനെനിക്ക് ധൃതിയായി എന്ന്. അവൾ പറഞ്ഞു.

'പിന്നെ എനിക്ക് യെല്ലമ്മച്ചേച്ചീടെ കഥ കേക്കാനും ധൃത്യായി.'

'അയ്യോ അക്കാ, നിങ്ങള് മലയാളത്ത്ക്കാര് റൊമ്പം നല്ലോര്.'

'സ്റ്റേഷനീന്ന് യെല്ലമ്മ എന്തു ചെയ്തു.'

'എന്തു ചെയ്യാനാ അക്കാ, നാൻ മോളെം ഒക്കത്ത് വച്ച് അങ്ങനെ നിന്നു. വണ്ടി പോയി. ന്റെ കയ്യീ കാശുംല്യ. അങ്ങനെ നിക്കുമ്പഴാണ് ഒരാള് അട്‌ത്തേയ്ക്ക് വന്നത്. നല്ല ഒയരംള്ള ഒരാള്, പത്തു നാല്പത് വയസ്സായിട്ട്ണ്ടാവും. ഒപ്പംതന്നെ അയാള്‌ടെ പാര്യേംണ്ടായിര്ന്നു. അയാള് ചോദിച്ചു.

'ഏയ് തമിളത്തി, നീ എങ്ങോട്ടു പോണു.'

'എനിക്ക് മുഴുവൻ മനസ്സിലായില്ല. അപ്പൊ അങ്ങേര് തമിഴില് പേശി. നാൻ ചൊല്ലി എങ്ങും പോവാനില്ലൈ, നാൻ ജോലിതേടി വന്തതാണ്ന്ന്. അപ്പൊ അങ്ങേര് പറഞ്ഞു. നീ വാങ്കോ.'

'ഞാൻ അവര്‌ടെ പിന്നാലെ പോയി. വല്യൊരു കാറില് പിന്നില് ഇരിക്കാൻ പറഞ്ഞു. അവരെന്നെ വീട്ടീക്ക് കൊണ്ടുപോയി.'

'യെല്ലമ്മച്ചേച്ചി ആ വീട്ടില് തന്ന്യാണോ ഇപ്പഴും.'

'അതെ അക്ക, വളരെ നല്ലവര്. നിങ്ങള് മലയാളത്ത്ക്കാര് റൊമ്പം നല്ലോര്.'

അങ്ങിനെയിരിക്കെ ഒരു ദിവസം യെല്ലമ്മ വന്നത് ആകെ പാറിപ്പറഞ്ഞ തലമുടിയും ഒതുക്കാതെയുടുത്ത സാരിയുമായിട്ടാണ്. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.

'എന്തു പറ്റീ യെല്ലമ്മാ?'

'ഒന്നുമില്ലെ അക്കാ.' പിന്നെ ഒന്നുംതന്നെ പറയാതെ ചൂലും പ്ലാസ്റ്റിക് കോരികയുമെടുത്ത് അടിച്ചുവാരാൻ തുടങ്ങി.

അടിച്ചുവാരി നിലം തുടച്ചശേഷം പച്ചക്കറി നുറുക്കാനിരിക്കെ അവൾ സാവധാനത്തിൽ പറഞ്ഞുതുടങ്ങി.

'ഇന്നലെ അമൻ വന്തിരിന്ത്.'

'ആര്?'

'അമൻ, ന്റെ മകള്‌ടെ കെട്ട്യോൻ. വല്ലാതെ ബഹളം വെച്ചു. ബാബുസാറ് പൊറത്ത് വന്ന് അമനെ കൊറെ ചീത്ത പറഞ്ഞു. ഇനി ഇവിടെ വന്നാൽ കാല് തച്ചൊടിക്കുംന്നൊക്കെ പറഞ്ഞ്. അമൻ പോയ ശേഷം സാറ് ന്നെ കൊറേ വഴക്ക് ചൊല്ലി. നാളെത്തന്നെ ഇവ്ട്ന്ന് പോണംന്നും പറഞ്ഞു. അത്രയ്ക്ക് ചീത്ത ഭാഷേലാണ് ന്റെ മര്വോൻ സംസാരിച്ചത്. നാൻ സാറിന്റെ കാല് കെട്ടിപ്പിടിച്ച് കരഞ്ഞ് പറഞ്ഞ് ന്നെ ബ്ട്ന്ന് പറഞ്ഞയക്കല്ലേന്ന്. അവസാനം ചേച്ചീം എടപെട്ട് സാറിനെക്കൊണ്ട് സമ്മതിപ്പിച്ചു.'

മാലതി ഒന്നും പറയാനാവാതെ അവളെ നോക്കിനിന്നു.

'ചേച്ചീ, എടയ്ക്ക് നാനാലോചിക്കാറ്ണ്ട്. എനിക്കാരുംല്യ, എങ്ങട്ടും പോവാനുംല്യ. സാറ് ആ വല്യ വീട് വിക്കാമ്പോവ്വാണ്. മോന്റെ ഒപ്പം ഒരു ഫ്‌ളാറ്റിലേയ്ക്ക് മാറാൻ. അപ്പൊ എനിക്കെന്തായാലും ആ വീട്ടീന്ന് പോണ്ടി വരുംന്ന് ചേച്ചി പറയുന്നുണ്ട്. ഫ്‌ളാറ്റ്കളില് അത്ര സ്ഥലൊന്നുംണ്ടാവില്ല. നാനെവിടെ പോവും? ചെല ദിവസം അവരെല്ലാംകൂടി ടൂറിന് പോമ്പ ആ വെല്യേ വീട്ടില് നാനൊറ്റക്കാവും. അന്ന് രാത്രി കെടക്കുമ്പൊ അതൊക്കെ ആലോചിക്കും, വല്ലാതെ സങ്കടം വന്ന് കരയും. ഉന്നൈ കാണാതെന്ന പാട്ടില്ലെ, അതൊറക്കെ പാടിക്കൊണ്ട് നാൻ കൊറേ നേരം കരയും. അപ്പൊ കൊറച്ച് സമാതാനാവും.......'

രാത്രി ഇതൊക്കെ രാജനോട് പറഞ്ഞുകഴിഞ്ഞപ്പോഴാണ് മാലതിയ്ക്ക് കുറച്ചാശ്വാസം കിട്ടിയത്. അയാൾ കുറേ നേരം ഒന്നും പറയാതെ കിടന്നു. മാലതി ഉറക്കമായിരുന്നു. വിധിയുടെ, മനസ്സിലാക്കാൻ പ്രയാസമായ വിരോധാഭാസങ്ങളുടെ സങ്കീർണ്ണമായ വഴികളെപ്പറ്റി അയാൾ കുറേനേരം ചിന്തിച്ചു. ഒരു വിത്ത്, അതു വീണത് തരിശുനിലത്തായിപ്പോയി. പുതുമഴയിൽ അത് കിളർത്തെങ്കിലും പശിമകിട്ടാതെ മുരടിച്ചു. ആ വിത്തുതന്നെ കുറച്ചുമാറി ഉർവ്വരയിലാണ് പതിച്ചിരുന്നതെങ്കിൽ അതൊരു വൻവൃക്ഷമായി പടർന്നു പന്തലിച്ചേനെ. അവൾ ഒരു വലിയ കലാകാരിയാവേണ്ടവളാണ്. ഇപ്പോഴോ മറ്റുള്ളവരുടെ വീട്ടുജോലി ചെയ്ത് അവരുടെ ഔദാര്യത്തിൽ ഭാവിയെപ്പറ്റിയുള്ള ഉൽക്കണ്ഠയിലും ഭയത്തിലും ജീവിക്കുന്നു, അവളുടെ സർഗ്ഗവാസനയും വളർത്താൻ കഴിയാതെ മുരടിക്കുന്നു. എന്തൊരു ജീവിതം!

യെല്ലമ്മയെക്കുറിച്ചോർത്ത് അയാൾ ഏറെ ദുഃഖിതനായി.

കലാകൗമുദി വാരിക - സെപ്റ്റമ്പര്‍ 28, 2014