ഒരു നടത്തിപ്പുകാരന്റെ ജീവിതം


ഇ ഹരികുമാര്‍

കലേശൻ ആ വലിയ മാളികയുടെ കാര്യസ്ഥനും നടത്തിപ്പുകാരനുമായത് അയാളുടെ അച്ഛൻ കണ്ണൻ മേസ്ത്രി, മുതലാളിയുടെ അച്ഛന്റെ വിശ്വസ്തനായി സ്വന്തം ജീവിതം ഒടുക്കിയതുകൊണ്ടാണ്. ഒരു ജീവിതത്തിന് വിലയായി കിട്ടിയത് മകന് ഒരു ജോലി. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. കാര്യങ്ങളങ്ങിനെയാണ്. അച്ഛൻ മക്കൾക്ക് വേണ്ടി ഒരു ജീവിതം ഓടിത്തീർക്കുന്നു, മക്കളും അതുതന്നെ ചെയ്യുന്നു. ഇത്രയും വലിയ ഒരു പറമ്പിന്റെയും മാളികയുടെയും കാര്യസ്ഥനാവുക എന്നത് നിസ്സാര കാര്യമല്ല. ഒന്നര ഏക്കറിൽ മരങ്ങൾക്കിടയിൽ ഉയർന്നു നിൽക്കുന്ന ആ മാളിക നഗരത്തിന്റെ ഏതാണ്ട് ഉള്ളിൽത്തന്നെ നിലകൊള്ളുന്നു എന്നത് അദ്ഭുതം തന്നെ.

'ഈ ഏര്യേയ്‌ല് സ്ഥലത്തിനൊക്കെ ഇപ്പൊ എന്താ വെല?'

മല്ലിക തലയാട്ടുന്നു. അടുത്ത കാലത്തായി ഭർത്താവിന് പറയാനുള്ളത് മുതലാളിയുടെ മേന്മകൾ മാത്രമാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു. അല്ലെങ്കിൽ ആ ഒരു വിഷയത്തിലേയ്ക്ക് അയാളുടെ കൊച്ചുമനസ്സ് ചുരുങ്ങിവന്നിരിക്കുന്നു. അഞ്ചു കൊല്ലം മുമ്പ് കല്യാണം കഴിച്ച് കൊണ്ടുവന്ന അന്നുതൊട്ട് കേൾക്കാൻ തുടങ്ങിയതാണിത്. ഗെയ്റ്റിനകത്ത് കാവൽക്കാരന്നുള്ള കൊച്ചുമുറിയിലിരുന്ന് കാലിന്മേൽ കാൽ കയറ്റിയിരുന്ന് പാത്രത്തിൽനിന്ന് ഇഡ്ഡലി കഷ്ണങ്ങളാക്കി ചട്ടിണിയിൽ മുക്കി വായിലിട്ട് ചവച്ചരക്കുന്നതിനിടയിൽ അയാൾ സംസാരിച്ചു. കുറേ നേരം ആരേയും സംസാരിക്കാൻ കിട്ടാത്ത കൊതി മുഴുവൻ തീർക്കുന്നത് അപ്പോഴാണ്. ചായ കുടിച്ചുകഴിഞ്ഞാൽ മല്ലിക പ്ലെയ്റ്റും ഒഴിഞ്ഞ ചായഗ്ലാസ്സും എടുത്ത് തിരിച്ചു പോകുന്നു. പിന്നെ ശരിയ്ക്കുമുള്ള സംസാരം രാവിലെ മുറ്റമടിക്കാൻ വരുന്ന അമ്പതുകാരി കാത്തുവിന്റെ അടുത്താണ്. രാവിലെ എട്ടുമണിയ്ക്ക് അവൾ മുറ്റമടിക്കാൻ വരുന്നു. അവളുടെ ജോലി മേൽനോട്ടത്തിനാണെന്ന മട്ടിൽ ചുറ്റിപ്പറ്റിനിന്ന് അവളോട് സംസാരിക്കുന്നു. ഒരു മണിക്കൂർ അങ്ങിനെ പോകുന്നു. അപ്പോഴേയ്ക്ക് തോട്ടക്കാരൻ വരും. അയാളോട് പത്തു മിനുറ്റ് സംസാരിച്ചശേഷം പിന്നിലുള്ള മുറിയിലേയ്ക്ക് പോയി കിടക്കയിൽ വീഴുന്നു. എഴുന്നേൽക്കുന്നത് രണ്ടു മണിയ്ക്കാണ്. കുളി കഴിച്ച് കൊച്ചു മേശപ്പുറത്ത് അടച്ചുവെച്ച തണുത്ത ചോറും കറികളും സ്വാദറിയാതെത്തന്നെ അകത്താക്കുന്നു. അയാൾക്ക് പരാതികളൊന്നുമില്ല. ശരിയ്ക്കു പറഞ്ഞാൽ അയാൾ ജീവിതത്തിൽ ഒന്നിനെക്കുറിച്ചും പരാതിപ്പെട്ടിരുന്നില്ല. ഒരു ജിവിതം അയാൾക്കായി തന്നിരിക്കയാണ്, ജീവിച്ചു തീർക്കാൻ. അതിന് അതിന്റേതായ പോരായ്മകളുണ്ടായിരിക്കാം. പക്ഷെ അതായളുടെ ജീവിതമാണ്. പരാതിപ്പെട്ടിട്ടെന്തു കാര്യം?

മൂന്നു മണിയ്ക്കു മുമ്പുതന്നെ അയാൾ ക്രീം ഷർട്ടും ബ്രൗൺ നിറം പാന്റ്‌സുമായ യൂണിഫോമണിഞ്ഞ് ഗെയ്റ്റിലെ ക്യാബിനിലെത്തുന്നു. കലേശൻ കാബിനിലെത്താൻ കാത്തിരുന്നപോലെ മുതലാളിയുടെ കാർ ഗെയ്റ്റിനു പുറത്തെത്തുന്നു. അയാൾ ധൃതിയിൽ പോയി ഗെയ്റ്റ് തുറന്നുകൊടുക്കും. ഇനി മുതലാളിയുടെ ഊണും വിശ്രമവും കഴിഞ്ഞു നാലര മണിയ്ക്ക് തിരിച്ചുപോകുന്നതുവരെ അയാൾക്ക് സംസാരിക്കാൻ ഡ്രൈവറുണ്ടാകും. ഡ്രൈവർ ജോജി സംസാരപ്രിയനാണ്. അയാളിലൂടെയാണ് നഗരജീവിതത്തിന്റെ നിരവധി കഥകളയാൾ അറിയുന്നത്. തനിക്കു ചുറ്റും വലിയ ഭാവങ്ങളൊന്നുമില്ലാതെ നിലകൊള്ളുന്ന നഗരം വാസ്തവത്തിൽ വളരെ ചലനാത്മകമാണെന്നും ആഴവും ചുഴികളുള്ളതുമാണെന്നും അയാൾ മനസ്സിലാക്കി.

കലേശന്റെ ജീവിതത്തിന്റെ മറുപുറമാണ് മല്ലികയുടെ ജീവിതം. ആഢംബരത്തിന്റെയും ധാരാളിത്തത്തിന്റെയും നടുവിൽ, പക്ഷെ അതിന്റെയൊന്നും ഭാഗമല്ലാതെയുള്ള, അതിന്റെയൊന്നും ഉടമസ്ഥതയില്ലാത്ത ജീവിതം. ഉച്ചയ്ക്കും രാത്രിയും ഭർത്താവിനുള്ള ഭക്ഷണം ഒരു പാത്രത്തിൽ അടച്ചുവെയ്ക്കുന്നത് അയാൾ കഴിക്കുമ്പോഴേയ്ക്ക് തണുത്തിട്ടുണ്ടാവും. മറിച്ച് അവൾ കഴിക്കുന്നതാകട്ടെ അപ്പപ്പോൾ ഉണ്ടാക്കിയതും. അവൾതന്നെയാണ് ഉണ്ടാക്കുന്നത് എന്നതുകൊണ്ട് വേണ്ടതെടുത്തു കഴിക്കാം. വീട്ടുകാർ കഴിക്കുന്നതും അതേ ഭക്ഷണംതന്നെ. ഉച്ചഭക്ഷണത്തിന്റെ കാര്യവും അതുതന്നെ. രാത്രി കലേശൻ ഡ്യൂട്ടിയിലായതുകൊണ്ട് അവൾ മാളികയിൽത്തന്നെ ഒരു മുറിയിലാണ് കിടക്കാറ്. തരക്കേടില്ലാത്ത മുറി, ഒരു ചെറിയ ഒറ്റക്കട്ടിൽ, ചേച്ചിയുടെ മകൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉപയോഗിച്ച് പഴകിയതാണെങ്കിലും പതുപതുപ്പ് വിട്ടിട്ടില്ലാത്ത കിടയ്ക്ക. ഒരേ വ്യത്യാസം മുറിയിൽ എ.സി.യില്ലെന്നതു മാത്രം. ആ കിടയ്ക്കയിൽ കൊതുവലയ്ക്കുള്ളിൽ മൂടിപ്പുതച്ചു കിടക്കുമ്പോൾ അവൾ ആലോചിക്കും. ഇപ്പോൾ കലേശൻ ഗെയ്റ്റിന്റെ വശത്തുള്ള കാവൽമാടത്തിലെ ബെഞ്ചിൽ കൊതുക്കളോട് യുദ്ധം ചെയ്ത് കിടക്കുകയായിരിക്കും. മൂന്നര മണിവരെ ഉറങ്ങുന്നുണ്ടെന്നാണ് പറഞ്ഞത്. രാത്രിഭക്ഷണത്തിനുമുമ്പ് അല്പം കുടിക്കുന്നതുകൊണ്ടാണ് അത്രയെങ്കിലും പറ്റുന്നത്. ആദ്യമെല്ലാം അവൾക്കത് വിഷമമുണ്ടാക്കിയിരുന്നു. പിന്നീട് അവൾ മറ്റൊരു ഐഡന്റിറ്റി സ്വയം സ്വീകരിക്കുകയും അയാളെ സ്വന്തം ഭർത്താവായി കാണുന്നതിനു പകരം മാളികക്കാരുടെ ജോലിക്കാരനായി കാണുകയും ചെയ്തു.

രാത്രി ഭക്ഷണത്തിനുശേഷം പാത്രങ്ങൾ കഴുകിക്കഴിഞ്ഞ് മേൽ കഴുകി ഉറങ്ങാൻ കിടക്കുമ്പോൾ പതിനൊന്നു മണിയാവും. പിന്നെ രാവിലെ ആറര വരെ നല്ല ഉറക്കം. മുതലാളിയുടെ ഭാര്യ എഴുന്നേറ്റു വരുന്നത് ഏഴു മണിയ്ക്കാണ്. അപ്പോഴേയ്ക്ക് ചായയുണ്ടാക്കി വെയ്ക്കും. അപ്പോഴും എഴുന്നേറ്റില്ലെങ്കിൽ രണ്ടു പേർക്കുള്ള ചായയും ഒരു ക്വാർട്ടർ പ്ലെയ്റ്റിൽ നാലഞ്ചു ബിസ്‌കറ്റുമായി അവൾ അവരുടെ കിടപ്പറയിലേയ്ക്ക് നടക്കും. വാതിൽ മിക്കവാറും തുറന്നിട്ടായിരിക്കും. നേരിയ ശബ്ദത്തിൽ വാതിൽക്കൽ മുട്ടി ശബ്ദമുണ്ടാക്കി അകത്തു ചെന്ന് കട്ടിലിനടുത്തുള്ള ടീപോയ്‌മേൽ ട്രേ കൊണ്ടുപോയി വെയ്ക്കും. അടച്ചിട്ടിരുന്ന ജനൽപാളികൾ തുറന്നിടും. അവർക്കതിൽ പരാതിയൊന്നുമില്ല, മാത്രമല്ല ഇഷ്ടമാണുതാനും. തിരിച്ച് അടുക്കളയിൽ ചെന്ന് പ്രാതലുണ്ടാക്കാൻ തുടങ്ങും. ഒഴിഞ്ഞ കപ്പുകളുമായി ചേച്ചി വന്നാൽ കുറേനേരം സംസാരിക്കാൻ ആളായി. പിട്ടും കടലയുമോ പൂരി മസാലയോ ഉണ്ടാക്കാൻ അവർ സഹായിക്കും. കുറച്ച് സഹായവും കുറേയേറെ സംസാരവും.

'ഞങ്ങള് മിക്കവാറും ഈ മാസംതന്നെ പറക്കുംന്നാ തോന്നണത്.'

'സാറ് അവസാനം തീർച്ച്യാക്ക്യോ ചേച്ചീ?'

'ഇന്നലെ സ്‌കൈപ്പില് സംസാരിച്ചപ്പൊ അതാ പറഞ്ഞത്. വര്വാച്ചാ ഇപ്പൊ വരണം, അത് കഴിഞ്ഞാ ഞങ്ങൾക്ക് രണ്ടുപേർക്കും തെരക്ക്ള്ള സമയാവുംന്നാ മോൻ പറേണത്. കട ഒരു മാസത്തേയ്ക്ക് ആരേങ്കിലും ഏല്പിച്ചിട്ട് വന്നൂടേന്നാ അവന്റെ ചോദ്യം. ഇവ്‌ടെ കടേല് നടക്കണ കള്ളക്കളികള്‌ണ്ടോ അവനറീണു. സാറ് ഒന്ന് മാറിനിക്കാൻ കാത്ത് നിക്ക്വാണ് ജോലിക്കാര്.'

'അതില് വിശ്വസ്തന്മാരായിട്ട് ആരും ഇല്ല്യേ. ഒരു അപ്പൂന്റെ പേര് പറയാറ്ണ്ടല്ലൊ സാറ്.'

'അണ്ട്യോടടുക്കുമ്പോ അറിയാം മാങ്ങടെ പുളിന്റെ മല്ലികേ.'

മല്ലിക ആലോചിക്കുകയാണ്. ശരിക്കും ഒരു കച്ചവടക്കാരന്റെ ഭാര്യതന്നെ ഇവർ. ഇതൊക്കെത്തന്നെയായിരിക്കും തന്നെപ്പറ്റിയും കലേശനെപ്പറ്റിയും ചേച്ചിയും സാറും കരുതണത്.

'അപ്പൊ സാറും ചേച്ചീം പോയാൽ ഞങ്ങളും പോണ്ടിവര്വോ?' ചേച്ചിയുടെ ഉള്ളുകള്ളി അറിഞ്ഞിരിക്കണമല്ലൊ.

'നിങ്ങളെങ്ങോട്ട് പോവ്വാനാ? അപ്പൊപ്പിന്നെ ഈ വീട് ആരാ നോക്ക്വാ? ഈ വീട് ഏല്പിച്ചു പോവ്വാൻ ആരേങ്കിലുംണ്ടെങ്കിലല്ലെ പോവ്വാൻ പറ്റൂ?'

'അണ്ടിയോടടുക്കുമ്പളല്ലെ മാങ്ങടെ പുളി അറിയൂന്ന് ചേച്ചി പറഞ്ഞപ്പൊ വിചാരിച്ചു ഞങ്ങളേം വിശ്വാസണ്ടാവില്ല്യാന്ന്.'

'പോ പെണ്ണെ, കിണുങ്ങാൻ വരണ്ട. നിങ്ങടെ കാര്യാണോ പറഞ്ഞത്? കലേശന്റെ അച്ഛൻതൊട്ട് ഇവ്ട്‌ത്തെ വിശ്വസ്തനായിരുന്നു. സാറ് അങ്ങേര്‌ടെ മടീലൊക്കെ ഇര്ന്ന് കളിച്ചിട്ട്ണ്ട്ന്നാ പറേണത്. രാത്രി നീയ്യ് തൊട്ടപ്പുറത്തെ മുറീലല്ലെ കെടക്കണത്? ഞങ്ങള് വാതില് കുറ്റിട്ണും കൂടില്ല്യ. വിശ്വാസല്ല്യാഞ്ഞാ ഇതാ സ്ഥിതി?'

'ഞാൻ വെറ്‌തെ പറഞ്ഞതാ, ചേച്ചീനെ ദേഷ്യം പിടിപ്പിക്കാൻ.'

'പിന്നെ സാറ് ചെന്നൈയിലും ബാംഗളൂരും അതുപോലെ സിങ്കപ്പൂരിലും തൈവാനിലും ഒക്കെ പോമ്പ നീയല്ലെ എനിക്ക് കൂട്ടു കിടക്കാൻ?'

അവർ നിർത്തുകയല്ല, തുടരുക തന്നെയാണ്. മല്ലികയ്ക്ക് ചിരി വന്നു. ആദ്യമെല്ലാം അവളുടെ കിടക്ക എടുത്തുകൊണ്ടുവന്ന് ചേച്ചിയുടെ കട്ടിലിനു താഴത്തിട്ട് കിടക്കുകയാണ് പതിവ്. പിന്നെ സംസാരം തന്നെ. സംസാരം ചേച്ചി നടത്തിക്കൊള്ളും, താൻ മൂളുക മാത്രമേ വേണ്ടു. പിന്നെപ്പിന്നെ അവൾ താഴത്തും ചേച്ചി മുകളിലുമായുള്ള സംസാരം മുഴുവൻ തൃപ്തിയാവുന്നില്ലെന്ന് കണ്ടപ്പോൾ ചേച്ചി പറഞ്ഞു. 'നീയിങ്ങട്ട് കേറി കിടക്ക്. ഞാൻ പറേണതൊന്നും നെണക്ക് കേക്കാൻല്യ. അന്നു തൊട്ട് ചേച്ചിയുടെ ഒപ്പംതന്നെയായി കിടത്തവും. ചേച്ചിയുടെ കൈയ്യിന്റെ, വാസനയുള്ള ദേഹത്തിന്റെ ചൂടറിഞ്ഞ് കിടക്കുമ്പോൾ മല്ലിക ആലോചിക്കും, ഇവർക്ക് രണ്ടു മുഖമുണ്ട്. പകലെല്ലാം ഒരു യജമാനത്തിയുടെ മുഖമാണ്, എപ്പോഴും എന്തെങ്കിലും ചെയ്യാൻ തന്നോടോ അടിച്ചു തുടയ്ക്കാൻ വരുന്ന ഷീലയോടോ പറഞ്ഞു കൊണ്ടിരിക്കും. ആജ്ഞയുടെ ശബ്ദമാണത്. മറിച്ച് രാത്രി കിടക്കുമ്പോൾ അവരുടെ സ്‌നേഹമുള്ള മുഖം കാണുന്നു.

അടുക്കളയിൽ ജോലിയെടുത്തുകൊണ്ടിരിക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.

'ശരിയ്ക്കും എന്നാ പോണ്ന്ന് തീർച്ച്യാക്ക്യോ?'

'ഏയ്, പോണംന്ന്ണ്ട്‌ന്ന് മാത്രം.....' സിങ്കിൽ പാത്രം കഴുകിക്കൊണ്ടിരുന്ന ജോലിക്കാരി പാത്രം കഴുകൽ കഴിഞ്ഞ് മുറികൾ അടിച്ചുവാരാനും തുടയ്ക്കാനും പോയപ്പോൾ അവർ പറഞ്ഞു.

'മല്ലികേ, ദിവസം തീർച്ച്യാക്കീട്ടില്ല്യാന്ന് ഞാൻ വെറ്‌തെ പറഞ്ഞതാ. എന്തിനാ നാട്ട്കാരെ മുഴുവൻ അറീക്കണത്? ഷീല പാത്രം മോറ്കായിര്ന്നില്ലെ. അവളെങ്ങാനറിഞ്ഞാൽ മതി. നാട്ടില് മുഴുവൻ പാട്ടാവും. ആകാശവാണി. ശരിയ്ക്ക് പറഞ്ഞാൽ ടിക്കറ്റു വരെ ബുക്ക് ചെയ്തു കഴിഞ്ഞു, ഇരുപത്തെട്ടാന്തിയ്ക്ക്.'

'അപ്പൊ ചേച്ചീ അതിന് മുമ്പ് വിസേം ഒക്കെ വേണ്ടേ?'

'ഒക്കെ എട്ത്തു മല്ലികേ. കഴിഞ്ഞ മാസം ഞങ്ങള് ചെന്നൈയില് പോയത് എന്തിനാന്നാ വിചാരം. ഞാൻ നെന്നോട് പറഞ്ഞിട്ടില്ലേ?'

'ചേച്ചി എന്നോട് എല്ലാം പറേണ് ണ്ട്ന്നാ വിചാരം? ന്നോട് പറഞ്ഞത് സാറ് കച്ചോടത്തിന്റെ കാര്യത്തിന് പോവ്വാണ് അപ്പ ചേച്ചീം ഒപ്പം പോവ്വാന്നാ. ചേച്ചീടെ അനിയത്തിടട്‌ത്തേയ്ക്ക്.'

'ഞാൻ പറഞ്ഞൂന്നാ വിചാരിച്ചത്.' തന്റെ കള്ളം തൊണ്ടിയോടെ പിടിച്ചതിലുള്ള ജാള്യത അവർ മറച്ചു പിടിച്ചു.

'ങും, ങും........' മല്ലിക ചിരിച്ചുകൊണ്ട് മൂളി.

'നീയിത് കലേശനോടും ഇപ്പ പറേണ്ട. വല്ല്യേ സംസാരപ്രിയനല്ലെ. ആരേം കിട്ടീല്ല്യെങ്കില് പറക്കണ കാക്കേ പിടിച്ച് നിർത്തി സംസാരിക്കും.'

'അതു ശര്യാ ചേച്ചീ.'

ഭർത്താവിനോട് ഈ കാര്യമല്ല ഈ വീട്ടിലെ ഒരു കാര്യവും പറയാൻ അവൾ തീർച്ചയാക്കിയിട്ടില്ല. വളരെ കുറച്ചു സമയം മാത്രമാണ് അവർ കാണുന്നത് തന്നെ. ആ സമയങ്ങളിലൊന്നും അവൾ സംസാരിക്കാൻ നിൽക്കാറില്ല. അയാൾ പറയുന്നത് ക്ഷമയോടെ കേട്ടുനിൽക്കുക മാത്രം. കുറച്ചു നേരം കേട്ടുനിന്നാൽ 'ചേച്ചി വേഗം ചെല്ലാൻ പറഞ്ഞിട്ട്ണ്ട്' എന്നു പറഞ്ഞ് നടക്കും. ചായ കുടി കഴിഞ്ഞെങ്കിൽ പ്ലെയ്റ്റും ഗ്ലാസ്സും എടുക്കും. ഇല്ലെങ്കിൽ അതു പിന്നെ എടുക്കാമെന്നു കരുതും.

ഭാര്യ പോയതു കണക്കാക്കാതെ അയാൾ തുടങ്ങിവെച്ച കാര്യം കഴിയുന്നതുവരെ പറഞ്ഞുകൊണ്ടിരിക്കും. അവൾ തിരിഞ്ഞു നോക്കാറില്ല. ചിലപ്പോൾ അയാൾ സ്വന്തം നിലയെപ്പറ്റി ആലോചിക്കാറുണ്ട്. ഈ നാലതിരുകൾക്കുള്ളിൽ എല്ലാവർക്കും അവനവന്റേതായ നിലനിൽപ്പുണ്ട്. തനിയ്ക്കും അങ്ങിനെയൊന്നുണ്ട് എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ഇന്നലെ ആ സംഭവമുണ്ടായത്. മുതലാളി ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിച്ച ശേഷം പോകാനായി പുറപ്പെട്ടു വന്നപ്പോഴാണ് ഗെയ്റ്റിൽ രണ്ടു ചെറിയ നായ്ക്കുട്ടികളുമായി ഒരാൾ വന്നത്. കൗതുകമുള്ള മുഴുവൻ കറുത്ത രണ്ടെണ്ണം. അതിന്റെ രോമങ്ങൾ മിനുമിനുത്തിരുന്നു. അയാൾ അവയെ മാറിലമർത്തിപ്പിടിച്ചിരിക്കയാണ്. മുതലാളിയ്ക്കു പോകാൻ ഗെയ്റ്റു തുറക്കുമ്പോൾ അയാൾ അകത്തു കടന്നു. കാറിൽ കയറാൻ പോയ സാർ കയറാതെ ഗെയ്റ്റിലേയ്ക്ക് നടന്നുവന്നു.

'എന്താ വേണ്ടത്?'

അയാൾ നായ്ക്കുട്ടികളെ ഉയർത്തിക്കാട്ടി.

'നല്ല ജാതിയാ സാറെ, ശൗര്യള്ള വർഗ്ഗാ. ലാബ്രഡോറാണ്. നല്ലോം വെല കൊറച്ച് തരാം.'

സാറ് ആ നായ്ക്കുട്ടികളെ നല്ലവണ്ണം നോക്കി. ഒരെണ്ണമെങ്കിലും ചെലവാകുമെന്ന ആശ ആ പാവം മനുഷ്യന്റെ മുഖത്തുണ്ടായിരുന്നു.

'എന്തു വെലയ്ക്കാണ് കൊട്ക്കണത്?'

'വെല്യൊക്കെ കൊറവാ സാറെ, ആറായിരേ വരൂ.'

'രണ്ടെണ്ണത്തിനോ?'

'അല്ല സാർ,' അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഒരെണ്ണത്തിന്. രണ്ടെണ്ണം കൂടി എട്ത്താൽ പതിനൊന്നിന് തരാം സാർ. ന്ന് വെച്ചാൽ 5500 രൂപ ഒന്നിന്.'

വില കേട്ടപ്പോഴാണ് എന്നു തോന്നുന്നു മുതലാളിയ്ക്ക് നായ്ക്കുട്ടികളിലുള്ള താല്പര്യം നശിച്ചു. അയാൾ പറഞ്ഞു.

'എനിയ്ക്ക് വേണ്ട, ഞാൻ വെറ്‌തെ ചോദിച്ചതാ. എനിയ്ക്ക് കലേശൻ ഇവിടെള്ളേടത്തോളം കാലം ഒരു കാവൽനായടെ ആവശ്യല്ല്യ.'

അപ്പോഴേയ്ക്ക് കാർ അടുത്തു വന്ന് ഡ്രൈവർ പിൻവാതിൽ തുറന്നു പിടിച്ചിരുന്നു. മുതലാളി അതിൽ കയറി യാത്രയായി. ഒരു നിമിഷം തന്റെ മാറിലൊതുങ്ങിക്കിടക്കുന്ന നായക്കുട്ടികളെ മുഖത്തേയ്ക്കടുപ്പിച്ച് ആ ഓമനകൾക്ക് തന്റെ മുഖത്തു നക്കാൻ അവസരം കൊടുത്ത ശേഷം അയാളും യാത്രയായി. കലേശൻ സാവധാനത്തിൽ ഗെയ്റ്റടച്ചു അയാളുടെ കൂട്ടിൽ പോയിരുന്നു.

അപ്പോൾ അതാണ് സംഗതി. കലേശൻ ആലോചിച്ചു. അതാണ് എന്റെ യഥാർത്ഥ സ്ഥിതി. ഈ പറമ്പിനുള്ളിൽ അയാളുടെ നിലയെന്താണെന്ന് ചിന്തിച്ച് ഇനി വിഷമിക്കേണ്ട.

മുതലാളിയും ചേച്ചിയും പോയത് ഇരുപത്തേഴാന്തിയാണ്. പിറ്റേന്ന് രാവിലെ രണ്ടു മണിയ്ക്കാണ് ഫ്‌ളൈറ്റ്. അതും കഴിഞ്ഞിട്ടാണ് ഡ്രൈവർ തിരിച്ചു വന്നത്. അയാൾ കുറച്ചുനേരം ഹോണടിച്ച ശേഷമാണ് കലേശൻ എഴുന്നേറ്റ് ഗെയ്റ്റ് തുറന്നത്. സാറില്ല എന്ന അറിവിൽ അയാൾ സാധാരണത്തേക്കാൾ കുറച്ച് കൂടുതൽ അടിച്ചിരുന്നു.

'താൻ ഗെയ്റ്റടച്ച് ഉറങ്ങിക്കോ,' അയാൾ കലേശനോട് പറഞ്ഞു. 'ഞാൻ ആറു മണിവരെ കാറിനുള്ളിൽ കെടന്നൊറങ്ങാൻ പോവ്വാണ്. ആറരയ്‌ക്കേ എനിക്ക് ബസ്സുള്ളൂ.'

കലേശൻ പാതിയുറക്കത്തിൽ എന്തോ പിറുപിറുത്തു, തിരിച്ച് തന്റെ കൂട്ടിലെ ബഞ്ചിൽ കിടന്നുറക്കമായി. ഡ്രൈവർ കാറ് മുന്നോട്ടെടുത്ത് മാളികയുടെ ഇടതു വശത്തുള്ള കാർ പാർക്കിൽ കൊണ്ടുപോയിട്ടു. കാറിന്റെ പിൻസീറ്റിൽ കിടക്കുന്നതിനു മുമ്പ് കുറച്ച് വെള്ളം കുടിക്കാമെന്നു കരുതി കുപ്പിയെടുത്തു. അതൊഴിഞ്ഞു കിടന്നു. കുപ്പിയും കൊണ്ട് അയാൾ പുറത്തിറങ്ങി. പിന്നിൽ ജനൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ മല്ലിക മാഡം നിൽക്കുന്നു. മല്ലികയെ അയാൾ കളിപ്പിച്ചുകൊണ്ടും കുറച്ചു കാര്യമായും ചെറിയ മാഡമെന്നാണ് വിളിക്കാറ്. ആ വിളി അവൾക്കിഷ്ടപ്പെടുകയും ചെയ്തു.

'അവര്‌ടെ ഫ്‌ളൈറ്റ് പോയോ ജോജീ?'

'പോയി മാഡം, അവര് പോയേന്റെ ശേഷാ ഞാനെറങ്ങീത്. കൃത്യസമയത്തിന് തന്ന്യാ പോയത്. രണ്ട്, അഞ്ചിന്.'

'ജോജി ഇപ്പൊ വീട്ടീ പോവ്വാണോ?'

'ഇപ്പഴോ, ഇപ്പോ പോയാ നടന്ന് പോണ്ടി വരും. അഞ്ച് കിലോമീറ്ററ്. ഞാനീ കാറിൽ കെടന്നൊറങ്ങാൻ പോവ്വാണ്. ഫസ്റ്റ് ബസ്സ് ആറരയ്ക്കാണ്.'

'നാളെ തിരിച്ച് വരില്ലേ? കൊറച്ച് സാധനങ്ങളും പച്ചക്കറീം വാങ്ങാന്ണ്ട്.'

'വരാം മാഡം. പിന്നെ, ഒരു കുപ്പി തണുപ്പിച്ച വെള്ളം തര്വോ? കാറില്‌ത്തെ വെള്ളം മുഴോൻ കഴിഞ്ഞിരിക്കുണു.' ഒഴിഞ്ഞ കുപ്പി ഉയർത്തിക്കാട്ടി അയാൾ പറഞ്ഞു. 'ഞാൻ പൊറത്തെ ടാപ്പീന്ന് വെള്ളം എട്ക്കാൻ പോവ്വായിരുന്നു.'

'തണ്ത്ത വെള്ളം എട്ക്കാൻ അടുക്കള തൊറക്കണം, എനിക്ക് പേട്യാ.'

'എന്തിനാ പേടിക്കണത്?'

'ഒന്നുംല്യ, ന്നാലും എനിക്ക് പേട്യാ.'

'എന്തിനാ പേടിക്കണത്? മുമ്പിൽത്തന്നെ കാവൽക്കാരനില്ലെ?'

'നല്ല ആളാണ്. ഇപ്പൊത്തന്നെ തൊട്ട മുമ്പില് വന്നിട്ട് എത്ര നേരം ഹോണടിക്കണ്ടി വന്നു എണീറ്റ് ഗെയ്റ്റ് തൊറക്കാൻ. ആ ശബ്ദം കേട്ടിട്ടാ മുറീന്റെ ഉള്ളില് കെടക്കണ ഞാനൊണർന്നത്.'

'എന്നാ ഞാൻ വരാം. പിന്നില്‌ത്തെ വാതില് തൊറന്നാ മതി.'

ജനലടച്ച് പിന്നിലുള്ള വാതിൽ തുറക്കാനായി തളത്തിലൂടെ ഊൺമുറിയിലേയ്ക്കും അതിനുപിന്നിലെ മുറിയിലേയ്ക്കും നടക്കുമ്പോൾ അവൾ ആലോചിച്ചു. ആരാണീ കാവൽക്കാരൻ? അയാളും താനുമായുള്ള ബന്ധം? കുറേക്കാലമായി അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ലാ എന്നവൾ മനസ്സിലാക്കി. താൻ മാറിയിരിക്കുന്നു, വളരെയധികം.

വാതിലിനു പുറത്ത് ജോജി കാത്തു നിന്നിരുന്നു. അയാൾ അകത്തു കടന്നപ്പോൾ അവൾ പറഞ്ഞു.

'വാതിലടച്ചോളു. നമ്മള് അടുക്കളേല് പോമ്പ ആരെങ്കിലും അകത്തു കയറിക്കൂടിയാൽ അറീല്യ.'

'ശര്യാ.'

അടുക്കളയിലേയ്ക്കു നടക്കുമ്പോഴാണ് അവൾ തളത്തിലെ ചുമരിലെ ക്ലോക്ക് നോക്കിയത്. വിശ്വാസമാവാതെ അവൾ ഒന്നുകൂടി നോക്കി. അതെ മൂന്ന് മണിതന്നെ! സമയം അഞ്ചെങ്കിലും ആയിട്ടുണ്ടാവുമെന്നായിരുന്നു അവൾ കരുതിയിരുന്നത്. മൂന്നു മണിയേ ആയിട്ടുള്ളുവെന്നറിഞ്ഞപ്പോൾ അവൾക്ക് വിഷമമായി. അർദ്ധരാത്രി, തന്റെ ആരുമല്ലാത്ത ഒരുത്തനുമായി ഈ വലിയ വീട്ടിനുള്ളിൽ! തന്റെ പേടിതന്നെയാണ് കാരണം. മറ്റു മുറികളിലൊന്നും ഈ പേടിയില്ല. അടുക്കളയിൽ മാത്രം. കലേശനാണ് ആ അപകടത്തിന്റെ കഥ അവളോട് പറഞ്ഞത്. വീടു പണിയുടെ കാലത്താണ് ഒരു പണിക്കാരൻ അപകടത്തിൽ പെട്ട് മരിച്ചത്. മുകളിൽനിന്ന് വീണതായിരുന്നു. വീണതോ അതോ എന്തോ വൈരാഗ്യം വെച്ച് ഒരാൾ ഉന്തിയിട്ടതോ, അറിയില്ല. അയാൾ വീണു കിടന്നത് അടുക്കളയുടെ ഒത്ത നടുവിലായിരുന്നു. അയാൾ മരിച്ചത് ആസ്പത്രിയിൽ വെച്ചായിരുന്നു. അവളുടെ കല്യാണം കഴിഞ്ഞ് കൊണ്ടുവന്ന നാളുകളിലാണ് കലേശൻ ആ കഥ പറഞ്ഞത്. അന്നവൾ തീർച്ചയാക്കിയിരുന്നു ഒരു നിവൃത്തിയുണ്ടെങ്കിൽ ആ അടുക്കളയിൽ കയറില്ല. പക്ഷെ വിധി അവൾക്കായി വെച്ചത് ആ അടുക്കളയിലെ ജീവിതമായിരുന്നു. പകലൊന്നും കുഴപ്പം തോന്നിയിരുന്നില്ല, പക്ഷെ രാത്രി ഒറ്റയ്ക്ക് ജോലിയെടുക്കുമ്പോൾ തോന്നും ആരോ പിന്നിൽ വന്ന് നിൽക്കുന്നുണ്ടെന്ന്. വെറും തോന്നലാണെന്നറിഞ്ഞിട്ടും അവൾ ഭയപ്പെട്ടു. ചേച്ചി അടുത്ത മുറിയിലുണ്ടെന്ന ആശ്വാസമുണ്ട്. ഇന്നലെ ചേച്ചി വൈകീട്ട് ഏഴു മണിയ്ക്ക് സാറിന്റെ ഒപ്പം എയർപോർട്ടിലേയ്ക്ക് പോയ ഉടനെ അവൾ വേഗം ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകിയെന്നു വരുത്തി, പുറത്തു കടന്ന് അടുക്കളയുടെ ഓടാമ്പലിട്ടു.

എന്തായാലും തന്റെ ഭയം കാരണം ഇപ്പോൾ ഒരു പരപുരുഷനെ അകത്തു കയറ്റേണ്ടി വന്നു. ഇനി അയാളെ എങ്ങിനെയെങ്കിലും പുറത്താക്കിയാലെ സമാധാനമാകു. അവൾ അടുക്കളയുടെ ഓടാമ്പൽ നീക്കി, ജോജി ഒപ്പമില്ലെ എന്നു നോക്കി, വാതിൽ തുറന്നു. അകത്തു കയറി ചുമരിലെ സ്വിച്ചിടാൻ കൈയ്യോങ്ങിയപ്പോഴാണ് ഒരു ശബ്ദം കേട്ടത്. ഒരു പാത്രത്തിന്റെ ശബ്ദം. അവൾ പെട്ടെന്ന് തിരിഞ്ഞ് ജോജിയുടെ കൈ പിടിച്ചു.

ജോജി ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

'മാഡം പേടിച്ചുവോ? അത് വല്ല എലിയോ മറ്റൊ ആയിരിക്കും. വരു, ഞാൻ ലൈറ്റിട്ടു തരാം.'

അയാൾ അപ്പോഴും അവളെ ചേർത്തു പിടിച്ചിരുന്നു. അയാൾ കൈനീട്ടി ഉള്ളിലെ ചുമരിൽ തപ്പി ലൈറ്റിട്ടു. അവൾ ഭയത്തോടെ ഉള്ളിലേയ്ക്കു നോക്കി. അപ്പോഴാണ് അവൾ അയോളോടൊട്ടി നിൽക്കുകയാണെന്നും അയാൾ അവളെ ചുറ്റിപ്പിടിച്ചിട്ടുണ്ടെന്നും അവൾക്ക് മനസ്സിലായത്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അവൾ അതൊന്നും ശ്രദ്ധിച്ചില്ല.

അവൾ ജോജിയുടെ കൈകൾ വിടർത്തി മാറിനിന്നു.

'ഞാനില്ല അടുക്കളയിലേയ്ക്ക്. ജോജി പോയി ഫ്രിജ്ജിൽ നിന്ന് ഒരു കുപ്പി എട്‌ത്തോളു. ഞാനിവിടെ നിക്കാം.'

'ശരി.' അയാൾ അടുക്കളയിലേയ്ക്കു കടന്നു.

പെട്ടെന്നവൾക്ക് അവിടെ പുറത്ത് ഒറ്റക്കു നിൽക്കാൻ ഭയമായി. അവൾ പറഞ്ഞു.

'എനിക്കിവിടെ ഒറ്റയ്ക്കു നിക്കാൻ പേട്യാണ്.'

'ന്നാ വരു. ന്റെ ഒപ്പം നിന്നാ മതി.'

അവൾ സംശയിച്ചുകൊണ്ട് അകത്തു കടന്നു.

'അടുക്കളയിലെത്തിയ സ്ഥിതിയ്ക്ക് എനിക്ക് ഒരു കട്ടൻ ചായണ്ടാക്കിത്തന്നൂടെ? തൊണ്ട വരണ്ടിരിക്കുണു.'

'എനിക്കും വേണം. എന്റെ തൊണ്ടീം വരണ്ടിരിക്കുന്നു.'

ചായയുണ്ടാക്കുമ്പോൾ അവൾ ആലോചിച്ചിരുന്നത് ജോജി പുറത്തു പോയാൽ താനെങ്ങിനെ ഉറങ്ങുമെന്നാണ്. ഉറങ്ങേണ്ട, ഇരുന്നെങ്കിലും നേരം വെളുപ്പിക്കണമല്ലൊ. കലേശനെ വിളിച്ചാലോ എന്നാലോചിച്ചു. കാര്യമില്ല. ആ മനുഷ്യൻ എഴുന്നേൽക്കില്ല. ഇനി എഴുന്നേറ്റാൽത്തന്നെ മാളികയ്ക്കുള്ളിൽ തനിയ്ക്കു കൂട്ടിനു നിൽക്കില്ല. ഇനി അഥവാ വന്നുവെന്നുതന്നെ വിചാരിക്കു, ബോധംകെട്ട് കിടന്നുറങ്ങുന്ന ഒരാൾ തുണയുണ്ടായിട്ടെന്തു കാര്യം?

ജോജി ഫ്രിജ്ജ് തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം പുറത്തേയ്ക്കു വെച്ചു. ചായ കുടിക്കുമ്പോൾ അവൾ പറഞ്ഞു.

'എനിയ്ക്കിന്ന് ഉറങ്ങാൻ പറ്റ്വോന്നറീല്ല.'

'എന്തേ?'

'നല്ല പേടിണ്ട്. രാത്രി അടുക്കള തൊറന്നില്ലെ?'

'അപ്പൊ, വല്യ മാഡം ഇല്ലാത്ത സമയത്തൊക്കെ എന്താ ചെയ്യാറ്.'

'ഏഴ് മണിയ്ക്ക് തന്നെ ഭക്ഷണം കഴിച്ച് അടുക്കള പൂട്ടും. പിന്നെ നേരം വെളുത്തേന്റെ ശേഷേ തൊറക്കാറ്ള്ളു. അപ്പൊ വല്യ കൊഴപ്പല്ല്യ.'

'ഇന്ന് ഞാനാ കൊഴപ്പണ്ടാക്കീത് അല്ലെ?'

'അങ്ങിന്യല്ലാ........ നമ്മള് വാതില് തൊറന്നപ്പൊ എന്താ ഒരു ശബ്ദം കേട്ടത്? ഒരു പാത്രം നെരക്കണമാതിരി?'

'വല്ല എലികളും ആയിരിക്കും. ഇത്ര പേടിണ്ടെങ്കില് ഞാനിവിടെ കിടക്കാം. എനിക്ക് ഒരു ബെഡ്ഷീറ്റ് തന്നാമതി. ഈ തളത്തിലെ കാർപ്പെറ്റിൽ കിടക്കാൻ സുഖായിരിക്കും.'

'ബുദ്ധിമുട്ടല്ലെ?' അല്പം ആശ്വാസത്തോടെ അവൾ പറഞ്ഞു.

'എന്തു ബുദ്ധിമുട്ട്? കാറിന്റെ പിൻസീറ്റിൽ ചുരുണ്ടു മടങ്ങിക്കെടക്കണേക്കാൾ നല്ലതല്ലെ? പക്ഷെ കലേശനറിഞ്ഞാൽ പ്രശ്‌നല്ലെ?'

'അങ്ങേര് അറിയ്വൊന്നുംല്ല്യ. മൂപ്പര് വേറെ ഏതോ ലോകത്താണ്.'

'ഞാൻ ന്നാൽ കാറ് പൂട്ടിയിട്ട് വരാം.'

ജോജി പോയപ്പോൾ മല്ലിക ആലോചിച്ചു. താൻ ചെയ്യുന്നത് ശരിയാണോ? വേറൊരാളെ കൂട്ടിനു വിളിക്കാൻ മാത്രം ഭയമുണ്ടോ തനിയ്ക്കിപ്പോൾ. അയാൾ എന്തായാലും പുറത്ത് കാറിലുണ്ടാവും, പിന്നെ പടിക്കൽത്തന്നെ കലേശനുമുണ്ട്. തനിക്കിപ്പോൾ എന്താണ് വേണ്ടത്? അവൾ സ്വയം വഞ്ചിക്കുകയാണെന്ന ബോധം വന്നപ്പോഴേയ്ക്കും ജോജി പിന്നിലുള്ള വാതിലിലൂടെ അകത്തു കടന്ന് വാതിൽ കുറ്റിയിട്ടു കഴിഞ്ഞിരുന്നു.

രാവിലത്തെ ഭക്ഷണവുംകൊണ്ട് മല്ലിക വന്നപ്പോഴേയ്ക്ക് കലേശൻ മാളിക ഒരു വട്ടം ചുറ്റി നടന്നു നോക്കിയിരുന്നു. എന്നുമുള്ള പതിവാണത്. കാർ പാർക്കിൽ സാറിന്റെ കാർ ഇട്ടിട്ടുണ്ട്. ഡ്രൈവർ നേരത്തെ എഴുന്നേറ്റ് പോയിട്ടുണ്ടാവും. മുതലാളിയ്ക്ക് നേരത്തെ എങ്ങോട്ടെങ്കിലും പോകേണ്ടി വന്നാൽ ജോജി തലേന്നു രാത്രിതന്നെ വന്ന് ഒന്നുകിൽ കാറിലോ അല്ലെങ്കിൽ ഡ്രൈവർക്ക് തല ചായ്ക്കാനായി മാളികയുടെ ഇടതുവശത്ത് കാർ പാർക്കിന്റെ അടുത്ത് കൊടുത്തിട്ടുള്ള മുറിയിലോ ഉറങ്ങുക പതിവാണ്. ഇന്നലെ രാത്രി കാറിൽത്തന്നെയായിരിക്കും ഉറങ്ങിയിട്ടുണ്ടാവുക, കാരണം മുറിയുടെ താക്കോൽ മാഡത്തിന്റെ കയ്യിലാണ്. അത് വാങ്ങിവെച്ചിട്ടുണ്ടാവില്ല. തൊട്ടടുത്തുള്ള കുളിമുറി ഉപയോഗിച്ചപോലെ തോന്നിയില്ല. പാവം വളരെ നേരത്തെ എണീറ്റ് പോയീന്ന് തോന്നുണു. ഒരു ഡ്രൈവറുടേത് വല്ലാത്തൊരു ജീവിതാണ്.

ചട്ടിണി കൂട്ടി ദോശ തിന്നുമ്പോൾ അയാൾ പറഞ്ഞു.

'ജോജി രാത്രി എപ്പോഴോ വന്നിരുന്നു. ഞാൻ ഗെയ്റ്റ് തൊറന്ന്‌കൊട്ത്ത് പിന്നീം ഒറങ്ങാൻ പോയി.'

'അയാള് ഇവിടെണ്ട്. അവനോട് ഇന്ന് പത്ത് മണിയ്ക്ക് വന്നിട്ട് പച്ചക്കറീം കൊറച്ച് സാധനങ്ങള് വാങ്ങാന്ണ്ട് അതും വാങ്ങിക്കൊണ്ടരാൻ ചേച്ചി പറഞ്ഞൂത്രെ. അപ്പൊ അതും കഴിഞ്ഞിട്ട് പോവാംന്ന് വെച്ചൂന്ന്.'

'അയാക്ക് ചായേം ദോശേം കൊടുത്ത്വോ?'

'ദാ, കൊട്ത്തിട്ട്ണ്ട്.'

'പാവം, രാത്രി കാറില് കെടന്നൊറങ്ങീട്ട്ണ്ടാവും.'

'ണ്ടാവും, അയാള്‌ടെ മുറിടെ താക്കോല് അകത്താള്ളത്. നേരത്തെ പറഞ്ഞിരുന്നെങ്കില് അത് തൊറന്ന് വെക്കായിരുന്നു. സാരല്യ.'

'സാരല്യ, കൊറച്ച് നേരത്തേക്കല്ലെ? അയാള് വന്നപ്പൊത്തന്നെ നാലുമണി കഴിഞ്ഞിരിക്കുണു. പിന്നെന്തുറക്കം?'

മല്ലിക ഒന്നും പറഞ്ഞില്ല. അയാൾ വന്ന് അകത്തു കടന്നപ്പോൾ മൂന്നു മണിയാവുന്നേയുള്ളു എന്ന കാര്യം അവൾ കലേശനിൽനിന്ന് ഒളിപ്പിച്ചു. ഒന്നാമതായി ജോജി വന്നതുതന്നെ അവൾ അറിഞ്ഞിട്ടില്ലല്ലൊ.

'സാറും ചേച്ചീം എന്നാ വര്വാന്നോ മറ്റോ പറഞ്ഞിരുന്നോ?'

'ഒന്നും അറീല്ല്യ. അവിടെ ചെന്ന് തരംപോലെ ചെയ്യാംന്നാ പറഞ്ഞത്.'

ഒന്നര മാസം കഴിഞ്ഞേ തിരിച്ചു വരൂ എന്ന് അവളോട് പറഞ്ഞിട്ടുള്ളത് അവൾ രഹസ്യമാക്കി വച്ചു. തീയ്യതിയും അവൾക്കറിയാം. അതവൾ മറന്നു പോകാതിരിക്കാൻ കലണ്ടറിന്മേൽ കുറിച്ചുവച്ചിട്ടുണ്ട്. അവൾ കലേശൻ കഴിച്ച പാത്രങ്ങളുമായി തിരിച്ചു പോയി.

അയാൾ എഴുന്നേറ്റ് കാബിന്റെ പിന്നിലുള്ള ടാപ്പിൽ കൈകഴുകി തിരിച്ചുവന്ന് ഒരു ടവ്വൽകൊണ്ട് മുഖം തുടക്കുമ്പോഴാണ് ഡ്രൈവർ വീട്ടിന്റെ പിന്നിൽനിന്ന് വരുന്നത്.

'എത്ര മണിയ്ക്കാ താൻ വന്നത്? ഞാൻ സമയൊന്നും നോക്കീല, നല്ല ഒറക്കായിരുന്നു.'

'നാല് നാലര മണ്യായി മാഷെ. വേഗം കാറിന്റെ ഉള്ളിൽത്തന്നെ കെടന്നൊറങ്ങി. മുറീടെ താക്കോല് വേണങ്കീ ചെറ്യ മാഡത്തിനെ വിളിച്ചൊണർത്തണം. എന്തിനാ ബുദ്ധിമുട്ടിക്ക്ണ്ന്ന് വിചാരിച്ചു.'

'അതൊക്ക്യൊരു ബുദ്ധിമുട്ടാണോ ജോജീ, സുഖായിട്ട് ഒറങ്ങായിര്ന്നില്ല്യേ?'

'എയർപോർട്ടിലെത്ത്യപ്പഴാ മാഡം പറേണത്, പത്ത് മണിയ്ക്ക് വന്നിട്ട് ചെറ്യ മാഡത്തിന് കൊറച്ച് സാധനങ്ങള് വാങ്ങിക്കൊടുക്കണംന്ന്. ഒരു മൂന്നു ദിവസം കൂടുമ്പൊ വന്നിട്ട് അന്വേഷിക്കണംന്നും പറഞ്ഞിരിക്ക്യാ. കാറിന് ഒരോട്ടവും ആവൂലോ. അല്ലെങ്കില് ബാറ്ററി പോയിക്കിട്ടും. സമയം എട്ടര്യായി, ഇനി വീട്ടീ പോയിട്ട് തിരിച്ച് വരേണ്ടേ. അപ്പൊ അതും കഴിഞ്ഞിട്ട് പോവ്വാ നല്ലത് ന്ന് വിചാരിച്ചു.'

'അത് ശര്യാ.'

ഗെയ്റ്റു കടന്ന് വന്ന കാത്തു ജോജിയെ കണ്ടപ്പോൾ ചോദിച്ചു.

'സാറും മാഡൂം എത്ര മണിക്കാ പോയത്?'

'മൂന്നര, നാലു മണ്യായി.'

കാത്തു മുറ്റമടിക്കാൻ തുടങ്ങി. ഇന്ന് കലേശൻ അവളുടെ പിന്നാലെ സംസാരിക്കാൻ പോയില്ല. പകരം ഡ്രൈവറുണ്ടല്ലൊ. കാത്തു മുറ്റമടി കഴിഞ്ഞ് പോകുമ്പോഴും അവർ സംസാരിക്കുകയായിരുന്നു. അതിനിടയ്ക്ക് തോട്ടക്കാരൻ വന്നു. ഇതെല്ലാം ഒരു ഘടികാരത്തിന്റെ കണിശത്തോടെ എന്നും നടക്കുന്നതാണ്. തോട്ടക്കാരൻ ഹോസെടുത്ത് ചെടികൾക്ക് നനയ്ക്കുന്നത് കലേശൻ നോക്കിനിന്നു. അയാൾക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു. ഇന്നലെ രാത്രി കുറച്ചധികം അകത്താക്കിയതിന്റേതാണ് ഉറക്കം.

'ഞാനേയ് എന്റെ ഒറക്കത്തിന് പോവ്വാണ്. താൻണ്ടാവില്ലെ ഇവിടെ?'

'ഞാൻ ഒരു പതിനഞ്ചു മിനുറ്റു കഴിഞ്ഞാൽ സാധനങ്ങള് വാങ്ങാൻ പോവും. ഗെയ്റ്റടച്ചിട്ട് പോവാം.'

കലേശൻ എഴുന്നേറ്റു. ഇനി രണ്ടു മണിവരെ കലേശന്റെ ഉറക്കസമയമാണ്. ഈ സമയത്ത് ഗെയ്റ്റിൽ ആരുമില്ലെങ്കിലും കുഴപ്പമില്ല.

പത്തുമിനുറ്റു കഴിഞ്ഞപ്പോൾ ജോജി എഴുന്നേറ്റ് മാളികയ്ക്കു പിന്നിലേയ്ക്കു നടന്നു. പിന്നിലുള്ള തുറന്നിട്ട വാതിലിലൂടെ അകത്തേയ്ക്കു കടന്നു. അടുക്കളയിൽ മല്ലിക പച്ചക്കറി നുറുക്കുകയായിരുന്നു. ജോജിയെ കണ്ടപ്പോൾ അവൾ ഞെട്ടി.

'ഞാൻ പേടിച്ചു പോയി.'

'ഇന്നലത്തെ പേടി മാറിയില്ലെ?'

'ആ പേടിയല്ല, പെട്ടെന്ന് ഒരാള് വാതിൽക്കൽ നിക്ക്വാന്ന് പറേണത് പേടിണ്ടാക്കില്ലേ?'

'ഞാൻ വരട്ടെ?'

'കലേശൻ ഒറങ്ങ്യോ?'

'ഒറങ്ങീട്ട്ണ്ടാവും, സംസാരിക്കുമ്പോ ഒറക്കം തൂങ്ങ്വായിരുന്നു. ഇന്നെന്താ ഷീല വന്നിട്ടില്ലേ?'

'ഇല്ല, അവളിനി സാറും ചേച്ചീം തിരിച്ചുവന്നിട്ടേ വരു. തല്ക്കാലം വരേണ്ടാന്ന് പറഞ്ഞു ചേച്ചി. ഞാനൊറ്റയ്ക്കല്ലെ, എത്ര പാത്രംണ്ടാവും. അതൊക്ക ഞാന്തന്നെ കഴുകാം. പിന്നെ അടിച്ചുവാരി തുടയ്ക്കലാണ്. ആഴ്‌ചേല് രണ്ടു ദിവസം ചെയ്താൽ മതി. എനിക്കെന്താ വേറെ ജോലി?'

'അതു നന്നായി. എനിക്കതിനെ കണ്ടുകൂടാ. അതിന്റ്യൊരു നോട്ടും ഭാവും.......'

'ജോജി വേഗം പോയിവരു. ഞാനൊരു ലിസ്റ്റ്ണ്ടാക്കീട്ട്ണ്ട്. സ്റ്റോറ്കളൊക്കെ ഒമ്പത് മണിക്കേ തൊറന്നിട്ട്ണ്ടാവും.'

'കൊറച്ച് കഴിഞ്ഞിട്ട് പോവ്വാം, ഇപ്പൊ ഞാൻ പിന്നില്‌ത്തെ വാതിലടക്കട്ടെ?'

'അയ്യേ, എന്തിനാ? പോയി വരു. കലേശൻ തൊട്ടപ്രത്ത്ണ്ട്.'

'അങ്ങേര് നല്ല ഒറക്കായിട്ട്ണ്ടാവും.'

'ഏയ്, ഒന്നും പറയാൻ പറ്റില്ല.'

അവൾ ലിസ്റ്റും പണവും കൊടുത്തു, അയാളുടെ മുന്നേറ്റം ആവുംവിധം തടുത്ത് അയാളെ പുറത്താക്കി.

ഒറ്റയ്ക്കായപ്പോൾ അവൾ സ്വയം പ്രതിക്കൂട്ടിലിറങ്ങി നിന്നു വിചാരണ തുടങ്ങി. ഇന്നലെ രാത്രി. ശരിയാണ് ഒറ്റയ്ക്ക് പോയി അടുക്കള തുറന്ന് വെള്ളമെടുക്കുക എന്നത് ചിന്തിക്കാൻ കൂടി കഴിയാത്തതാണ്. ജോജിയെ വിളിച്ചു അടുക്കള തുറന്നു, കട്ടൻ ചായ വേണമെന്നു പറഞ്ഞപ്പോഴതുണ്ടാക്കിക്കൊടുത്തു. കഴിഞ്ഞില്ലെ. പിന്നീടുണ്ടായതെല്ലാം ന്യായീകരിക്കാൻ പറ്റുന്നതാണോ? അടുക്കള അടച്ചു കഴിഞ്ഞാൽ തന്റെ മുറിയിൽ പോയി മൂടിപ്പുതച്ചു കിടന്നാലെന്തു പേടിയാണ് തോന്നുക. താൻ അവിടെ കുറച്ച് അഭിനയിച്ചു കാണിക്കുകയായിരുന്നില്ലെ? എന്തിനായി?

ജോജി തളത്തിൽ കാർപ്പെറ്റിൽ കിടന്നുറങ്ങുമ്പോൾ തന്റെ മുറിയിൽ ഒറ്റയ്ക്കു കിടക്കാൻ പേടി തോന്നുന്നുവെന്ന് പറഞ്ഞ് തളത്തിൽ പോയി കാർപ്പെറ്റിന്റെ മറുവശത്ത് ഷീറ്റു വിരിച്ചു കിടന്നത് അയാളെ പ്രലോഭിപ്പിച്ചിട്ടുണ്ടാവില്ലെ? ഇതെല്ലാം താൻ മനസ്സിൽ കൊണ്ടുനടന്നിരുന്ന മോഹങ്ങളാണോ? ഇന്നലെ രാത്രി സംഭവിച്ചത് വീണ്ടും വീണ്ടുമുണ്ടാവാൻ താൻ ആഗ്രഹിക്കുന്നില്ലേ? ഞാൻ ചെയ്യുന്നത് പക്ഷെ ശരിയാണോ?

ചേച്ചിയുടെ കൂടെ കിടക്കുമ്പോൾ മനസ്സിൽ കുറ്റബോധമുണ്ടാകാറില്ല. അവരുടെ നീണ്ടുവരുന്ന കൈകളെ സ്വാഗതം ചെയ്യുമ്പോഴുണ്ടാകുന്ന സംതൃപ്തി തനിക്കവകാശപ്പെട്ടതല്ലെ? രണ്ടും എനിയ്ക്ക് അളവറ്റ സന്തോഷം തരുന്നു. എനിക്ക് ഇരുപത്തെട്ടു വയസ്സായി. ഈ വയസ്സിൽ ഇത്രയും സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുന്നതിലെന്താണ് തെറ്റ്?

അവൾ സ്വന്തം മനസ്സിനെ ആദ്യം നഗ്നമാക്കുകയും പിന്നെ അതിനെ ന്യായത്തിന്റെ കട്ടികുറഞ്ഞ, വീതി കുറഞ്ഞ പുതപ്പുകൊണ്ട് മറയ്ക്കുകയും ചെയ്തു.

ഗെയ്റ്റിൽ കാറിന്റെ ശബ്ദം, ഗെയ്റ്റ് തുറക്കുന്ന ശബ്ദം, പിന്നെ കാർ ഉള്ളിലേയ്‌ക്കെടുക്കുന്നതിന്റെ ശബ്ദവും. അവൾ പിന്നിലെ വാതിലിലൂടെ പുറത്തു കടന്ന് ക്വാർട്ടേഴ്‌സിലേയ്ക്ക് പോയി, ജനലിലൂടെ നോക്കി. കലേശൻ നല്ല ഉറക്കത്തിലാണ്. അവൾ തിരിച്ചു വന്നപ്പോഴേയ്ക്ക് ജോജി രണ്ടു സഞ്ചി നിറയെ സാധനങ്ങളുമായി പിന്നിലെ വാതിൽക്കലെത്തിയിരുന്നു. അവർ അകത്തു കടന്നു. സഞ്ചി നിലത്തു വെച്ച ശേഷം അയാൾ ചോദിച്ചു.

'ഇപ്പോ വാതിലടക്കട്ടെ?'

അവൾ ഒന്നും പറയാതെ ഒരു സഞ്ചിയെടുത്ത് അടുക്കളയിലേയ്ക്ക് നടന്നു. പിന്നിൽ വാതിലടച്ച് കുറ്റിയിടുന്ന ശബ്ദം കേട്ടില്ലെന്ന് നടിച്ചു.

കലേശൻ ഉണർന്ന് തലയിണയുടെ അടിയിൽ വെച്ച വാച്ചെടുത്ത് നോക്കി. സമയം പന്ത്രണ്ടായിട്ടേ ഉള്ളു. സാധാരണ എണീക്കുമ്പോൾ രണ്ടു മണിയാവാറുണ്ട്. ഇന്നലത്തെ കുടി കുറച്ച് അധികമായി. തൊണ്ട വരണ്ടിരിക്കുന്നു. മുതലാളി കുറച്ചു ദിവസത്തേയ്ക്ക് പോകുകയാണെന്നോർത്തപ്പോഴുണ്ടായ സ്വതന്ത്രതാബോധം, ആഹ്ലാദം, വീണ്ടും വീണ്ടും കുടിക്കാൻ പ്രേരിപ്പിച്ചു. ഇപ്പോൾ അതിന്റെ ഹാങ്ങോവറാണ്. കുപ്പിയിൽനിന്ന് വെള്ളം കുടിച്ച് വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഇല്ല. ഉറക്കം വരുന്നില്ല. കുറച്ച് ചായ കിട്ടിയാൽ നന്നായിരുന്നു. പെട്ടെന്നാണ് അടുക്കളയിൽ മാഡം ഉണ്ടാവില്ലെന്ന കാര്യം ഓർമ്മ വന്നത്. അപ്പോൾ മല്ലികയോട് ഒരു ചായയുണ്ടാക്കാൻ പറയാം. അയാൾ എഴുന്നേറ്റു.

പിന്നിലെ വാതിൽ അടച്ചിട്ടിരിക്കയാണ്. സാധാരണ പതിവില്ലാത്തതാണത്. അവൾ കുളിമുറിയിലോ മറ്റൊ ആയിരിക്കും. സാരല്യ. അയാൾ ഗെയ്റ്റിലേയ്ക്ക് നടന്നു, കാബിനിൽ പോയി ഇരുന്നു. കാർ പാർക്കിലിട്ടിരിക്കയാണ്. ജോജി സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്ന് കൊട്ത്ത് പോയിട്ടുണ്ടാവും. അര മണിക്കൂർ കഴിഞ്ഞ ശേഷവും തൊണ്ട വരണ്ടുതന്നെയിരിക്കുന്നു. വെള്ളം കുടിച്ചതുകൊണ്ട് മാത്രം ശമനം കിട്ടുന്നില്ല. മല്ലിക കുളിമുറിയിൽനിന്ന് വന്നിട്ടുണ്ടൊ എന്ന് നോക്കണം. ഒരു ചുടുചായ കിട്ടിയാൽ നന്നായിരുന്നു.

അയാൾ പിന്നിലേയ്ക്കു നടന്നു. ഡ്രൈവറുടെ മുറി പൂട്ടിയിരിക്കയാണ്. നാളെ കാത്തു വരുമ്പോൾ അവിടെയൊക്കെ മാറാല തട്ടി തുടയ്ക്കാൻ പറയണം. അത്രയധികം പൊടിയുണ്ട് അവിടെ മുഴുവൻ. മുതലാളി അവിടെയൊന്നും പോകാത്തതുകൊണ്ട് രക്ഷപ്പെട്ടു. കാത്തുവിന്റെ ജോലിയൊക്കെ ഒരു വഴിപാടായിരിക്കുന്നു.

പിന്നിലെ വാതിൽ അപ്പോഴും അടഞ്ഞു കിടന്നു. അയാൾ നേരിയതായി മുട്ടി. അകത്ത് എവിടെനിന്നോ ചലനങ്ങൾ. പിന്നെ അതും നിന്നു. കാതടപ്പിക്കുന്ന അസഹ്യമായ നിശ്ശബ്ദത മാത്രം. കുറച്ചുനേരം കാത്ത ശേഷം അയാൾ കാബിനിലേയ്ക്കു തിരിച്ചുപോയി. മനസ്സ് ക്രമേണ അസ്വസ്ഥമാവുകയാണ്. സ്വന്തം ജീവിതത്തിന്റെ താളപ്പിഴകൾ അയാളോർത്തു. എന്താണീ ജീവിതത്തിന് അർത്ഥം. അല്ലെങ്കിൽ എന്തിനാണ് അർത്ഥമുള്ളത്? മനസ്സിലുയരുന്ന ചിത്രങ്ങൾ അയാളിഷ്ടപ്പെട്ടില്ല. അവയെ ഒരു പെൻസിലിന്റെ അറ്റത്തുള്ള റബ്ബർ കൊണ്ട് മായ്ക്കാൻ കഴിഞ്ഞെങ്കിലെന്നയാൾ ആശിച്ചു.

മാളികയുടെ പിന്നിൽനിന്ന് ജോജി വരികയാണ്. അയാൾ ചിരിച്ചുകൊണ്ട് കാബിനടുത്തേയ്ക്കു വന്നു.

'ങാ, ചേട്ടൻ ഒറക്കം കഴിഞ്ഞ് എഴുന്നേറ്റോ? ഇന്നെന്താ നേർത്തെ? ഞാൻ കടേല് പോവാൻ വൈകി. ചേട്ടൻ ഒറങ്ങ്വല്ലെ, ഗെയ്റ്റിൽ ആരും ഇല്യാതിരിക്കണ്ടാന്ന് കരുതി. പോമ്പ പതിനൊന്നര്യായി. ഇതാ ഇപ്പൊ തിരിച്ചു വന്നിട്ടേള്ളു, ഒരഞ്ചു മിനുറ്റായി കാണില്ല. ഞാൻ പോട്ടെ, അമ്മ അന്വേഷിക്കുന്നുണ്ടാവും.'

കലേശൻ തലയാട്ടി. മനസ്സിലെ അമാവാസി തൂത്തുകളയാനായി അയാൾ ചിരിക്കാൻ ശ്രമിച്ചു.

ജനശക്തി - ഒക്ടോബര്‍ 29 - നവമ്പര്‍ 11, 2011