എപ്പോഴും സ്തുതിയായിരിക്കട്ടെ


ഇ ഹരികുമാര്‍

ഒരു മയക്കത്തിൽ പെട്ടപ്പോഴാണ് വാതിൽക്കൽ മുട്ടു കേട്ടത്. ഷിജോ ഞെട്ടിയെഴുന്നേറ്റു, തിടുക്കത്തിൽ കട്ടിലിന്റെ തലക്കൽഭാഗത്തു മടക്കിവച്ച മുണ്ടെടുത്തുടുത്തു. എല്ലാ ഞായറാഴ്ചയും ഉന്തുവണ്ടിയുമായി വന്ന് ഒരാഴ്ചത്തെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടുതരുന്ന തമിഴൻ നാലു രൂപയാണ് ചാർജ്ജ് ചെയ്യുന്നത്. അതുകൊണ്ട് ഉറങ്ങാൻ കിടക്കുന്നത് വെറും അടിവസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ്. ചുവരിനരികെ ഇട്ട സ്റ്റാന്റിൽ ഹാങ്ങറിൽ തൂക്കിയിട്ട ഷർട്ടെടുത്തിട്ടു. വാതിലിനടുത്ത ചുവരിന്മേലുള്ള സ്വിച്ചിട്ടു മുറിയിലെ ഒരേയൊരു സി.എഫ്.എൽ വിളക്കു കത്തിച്ചു, ഷർട്ടിന്റെ അവസാനത്തെ രണ്ടു ബട്ടനുകൾകൂടി ധൃതിയിലിട്ടുകൊണ്ട് ഷിജോ വാതിൽ തുറന്നു.

മുമ്പിൽ ആനി നിൽക്കുന്നു. ഒരു ഷിമ്മീസ് മാത്രമാണ് വേഷം. ഉറങ്ങാൻ കിടക്കുമ്പോൾ അവൾ നീല ടോപ്പും വെള്ള മിഡിയും നിറമുള്ള കോട്ടൺ യൂണിഫോം അഴിച്ചുവയ്ക്കും. ഒരു സെറ്റ് യുണിഫോം രണ്ടു ദിവസം ഇടണമെന്നാണ് നിയമം.

'എന്താ ആനി, എന്താ വേണ്ടത്?'

ഈ അനാഥാലയത്തിൽ ജോലിയ്ക്കു ചേർന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളു. അതുകൊണ്ട് അന്തേവാസികളുടെ ആവശ്യങ്ങൾ മുഴുവൻ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികൾക്ക് രാത്രി ഉപയോഗിക്കാൻ കുറച്ചുകൂടി അയഞ്ഞ ഏതെങ്കിലും വസ്ത്രം വാങ്ങണം. വെറും ഷിമ്മീസിൽ അവരെ കാണാൻ വിഷമമുണ്ട്. മിക്കവാറും ഒരുമാതിരി എല്ലാ കുട്ടികളും പത്തു വയസ്സിനു മീതെ പ്രായമായിട്ടുള്ളവരാണ്. ആനിയ്ക്ക് പതിനാലു വയസ്സെങ്കിലും ആയിട്ടുണ്ടാകും.

'എന്താ ആനി വേണ്ടത്?'

അവളുടെ മുഖത്ത് കണ്ട അത്ഭുതഭാവം ഷിജോവിനു മനസ്സിലായില്ല.

'എന്തെങ്കിലും ഗുളിക വേണോ?'

പെൺകുട്ടികൾക്ക് ചോദിക്കാൻ മടിയുണ്ടാകും. വീട്ടിൽ ലിജിമോൾ വേദനയുണ്ടാകുമ്പോൾ അമ്മയോടാണ് കുശുകുശുത്തു പറയാറ്. മിക്കവാറും രാത്രിയാണുണ്ടാവുക. ആ സമയത്ത് സൈക്കിളുമെടുത്ത് ടൗണിൽ പോയി ആശുപത്രിയ്ക്കടുത്ത് രാത്രി മുഴുവൻ തുറന്നിരിക്കുന്ന ഒരേയൊരു മരുന്നുകടയിൽനിന്ന് ഗുളിക വാങ്ങിക്കൊണ്ടുകൊടുക്കും.

'വയറുവേദനണ്ടോ?'

ഇല്ലെന്നവൾ തലയാട്ടി.

'പിന്നെ?'

'സാറെ, ഇന്ന് ജിസിടെ ഊഴാണ്. അവൾക്ക് സുഖല്യാത്തോണ്ടാ ഞാൻ വന്നത്.'

'ഊഴോ?'

അവൾ തലയാട്ടി.

'എന്തിന്റെ ഊഴം?'

'ഇന്ന് ചൊവ്വാഴ്ച്യല്ലെ. അവളാണ് ഇന്ന് സാറിന്റെ അട്‌ത്തേയ്ക്ക് രാത്രി വരണ്ടത്. പഴേ സാറ് അങ്ങിന്യാ ചട്ടംകെട്ടീര്ന്നത്. ചൊവ്വാഴ്ച ജിസി, വ്യാഴാഴ്ച ഞാൻ, ശന്യാഴ്ച ദീപ, പിന്നെ എടേല്‌ത്തെ ദിവസങ്ങളില് ആരെങ്കിലും വരണെങ്കില് അപ്പ പറയും.'

'എന്തിന്?'

ചോദിച്ച ഉടനെ അയാൾക്കതിന്റെ അർത്ഥശൂന്യത മനസ്സിലായി. ഒരുപാട് കാര്യങ്ങൾ ഒരു നിമിഷംകൊണ്ട് അയാളുടെ മനസ്സിലേയ്ക്ക് തള്ളിക്കയറുകയാണ്. തകരുന്ന ഒരണക്കെട്ടിന്റെ മുമ്പിൽ നില്ക്കുന്ന ആൾ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന അനുഭവം. അയാൾ തളർന്നു. അയാൾ ആലോചിക്കുകയായിരുന്നു. കാട്ടിൽ മൃഗരാജാവിന്റെ അടുത്തേയ്ക്ക് ഓരോ ദിവസവും ഇരയായി പോകേണ്ടിവരുന്ന നിസ്സഹായരായ മൃഗങ്ങളെപ്പറ്റി. ഇന്ന് ഈ മാൻപേടയുടെ ഊഴമാണ്, അല്ലെങ്കിൽ തന്റെ സഹജീവിയ്ക്കു പകരം ഇവൾ വന്നതാണ്.

'നീ ഇരിയ്ക്ക്.' ചുമരരികിലിട്ട സ്റ്റൂൾ ചൂണ്ടിക്കാട്ടി ഷിജോ പറഞ്ഞു. കട്ടിലിന്റെ കാല്ക്കൽ ഇരിക്കാൻ പോയ അവൾ സ്റ്റൂളിൽ പോയിരുന്നു.

'ഇനി പറേ, എന്തിനാണ് നീ വന്നത്?'

'പോയ സാറ് ഒന്നും പറഞ്ഞില്ലെ സാർ?'

'ഇല്ല, നിങ്ങളൊക്കെ നല്ല കുട്ടികളാണ്ന്ന് മാത്രം. പിന്നെ നിങ്ങടെ ദിനചര്യകള്, പഠിത്തത്തിന്റെ കാര്യം, അങ്ങിനെ ഓരോന്ന്.'

'വേറൊന്നും പറഞ്ഞില്ലെ സാർ?'

'ഇല്ല, പിന്നെ നീ പറഞ്ഞില്ലല്ലൊ, എന്തിനാപ്പൊ വന്നത് ന്ന്. പഴേ വാർഡൻ പോയില്ലേ.'

'പുത്യ ആള് വന്നാലും ഇതൊന്നും മൊടക്കരുത് ന്ന് ഞങ്ങളോട് പറഞ്ഞിരിക്ക്യാ സാറ്.'

അതു പറയലും വിതുമ്പലും ഒന്നിച്ചു കഴിഞ്ഞു. ആ കൊച്ചുകുട്ടിയുടെ മാനസിക സമ്മർദ്ദം എത്രത്തോളമുണ്ടാകും? അവൾ തേങ്ങിത്തേങ്ങി കരയുകയാണ്. അടുത്തു പോയി ആശ്വസിപ്പിക്കണോ എന്നയാൾ ഒരു നിമിഷം ആലോചിച്ചു. പിന്നെ അതിനു മിനക്കെടാതെ വെറുതെ നോക്കിയിരിക്കുക മാത്രം ചെയ്തു. കണ്ണീർ അവളുടെ നേരിയ ഷിമ്മീസിൽ പതിയ്ക്കുന്നത്, അത് മാറിൽ അസുഖകരമായൊരു നനവുണ്ടാക്കുന്നതു കണ്ടപ്പോൾ ഷിജോ കൺതിരിച്ചു. അയാൾ പറഞ്ഞു.

'നിർത്തു, കരച്ചിൽ. ഞാൻ അതിനുമാത്രൊന്നും ചോദിച്ചില്ലല്ലൊ. പിന്നെ നിങ്ങൾക്ക് രാത്രി ഇടാൻ നൈറ്റിയൊന്നും ഇല്ലെ?'

'ഊംങും.'

'ഞാൻ നാളെത്തന്നെ തുന്നക്കാരിയോട് വരാൻ പറയാം.'

'മറ്റെ സാറ് തിരിച്ചു വര്വോ സാർ?' ആനി സംശയിച്ചുകൊണ്ട് ചോദിച്ചു.

'ഇല്ല, എന്തേ?'

അവളുടെ മുഖത്ത് ഭയം. അവൾ ആലോചിക്കുകയായിരുന്നു. പുതിയ സാറിനോട് പറയാൻ പറ്റുമോ അവരുടെ പ്രശ്‌നങ്ങൾ? പറയാമെങ്കിൽത്തന്നെ എത്രത്തോളം പറയാം?

'എന്താ മോളെ, എന്താ ആ സാറിനെ അത്രയ്ക്ക് പേടിയാണോ?'

'സാറിത് ആരോടെങ്കിലും പറയോ? പറഞ്ഞാൽ ഞങ്ങടെ കഥ കഴിയ്ക്കും.'

'ഇല്ല, ഞാനാരോടും പറയ്ണില്ല. മാത്രല്ല. നിങ്ങക്ക് എന്തെങ്കിലും പ്രശ്‌നണ്ടെങ്കില് എന്നോട് പറയണം. നിങ്ങടെ കാര്യങ്ങള് നോക്കാനാണ് എന്നെ ഇവിടെ ജോലിക്ക് വെച്ചിരിക്കണത്. ആട്ടെ എന്താ നിങ്ങക്കൊക്കെ പഴേ സാറിനെ ഇത്രയ്ക്ക് പേടി?'

'അങ്ങേര് ഞങ്ങളെ വല്ലാതെ ഉപദ്രവിച്ചിരുന്നു സാർ. എന്തെങ്കിലും എതിര് പറഞ്ഞാൽ ഇവിട്ന്ന് പൊറത്താക്കുംന്നാ പറഞ്ഞിര്ന്നത്.'

അവൾ വീണ്ടും കരയാനുള്ള ഭാവമാണ്.

'കരയും ഒന്നും വേണ്ട ആനി, വെഷമാണെങ്കില് പറയണ്ട. മോളിപ്പൊ പൊയ്‌ക്കൊ. സമാധാനായി കെടന്നൊറങ്ങിക്കൊ.'

ആനി കണ്ണു തുടച്ചുകൊണ്ട് പോയി. അടുത്ത മുറി ഊണുകഴിക്കുന്ന മുറിയാണ്. അത് ദിവസത്തിൽ മൂന്നു നേരം മാത്രമേ തുറന്നിരിയ്ക്കയുള്ളു. രാവിലെ ഏഴുമുതൽ എട്ടുമണിവരെ, ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ടുവരെ, രാത്രി എഴര മുതൽ എട്ടര വരെ. ബാക്കി സമയങ്ങളിൽ കുട്ടികൾക്ക് എന്തെങ്കിലും തിന്നണമെന്നു തോന്നിയാൽ, ചായ കുടിക്കണമെന്നു തോന്നിയാൽ ഒരു നിവൃത്തിയുമില്ല. വളർത്തു നായ്ക്കൾക്ക് സമയം നോക്കി തിന്നാനിട്ടുകൊടുക്കുന്ന പോലെ. അടുക്കളയിലേയ്ക്ക് ഒരു ഇടനാഴികയിലൂടെ പോകണം. അവിടേയ്ക്കുള്ള വാതിൽ രാത്രി അടച്ചിടുകയാണ് പതിവ്. അവിടെനിന്ന് പതിനാറ് കുട്ടികൾക്കുള്ള ഭക്ഷണം തിട്ടപ്പെടുത്തി പ്ലെയ്റ്റുകളിലാക്കി ട്രോളിയിൽ കൊണ്ടുവരും. ഷിജോവിനുള്ള ഭക്ഷണം മുറിയിൽ കൊണ്ടുവന്നുതരും. ഊൺമുറിയ്ക്കുമപ്പുറത്തുള്ള വലിയ മുറിയിലാണ് എട്ട് ചെറിയ കട്ടിലുകളിട്ടിട്ടുള്ളത്. കട്ടിലുകളെന്ന് കഷ്ടിച്ച് പറയാമെന്നേയുള്ളു. നാലു മരക്കാലുകൾക്കുമീതെയുണ്ടാക്കിയ ഫ്രെയിമിന്മേൽ പാഴ്മരപ്പലകകൾ അടിച്ചിരിക്കയാണ്. ആ കട്ടിലുകളിലാണ് ആ പതിനാറു കുട്ടികളും കിടന്നുറങ്ങുന്നത്. കട്ടിലിട്ടാൽ കഷ്ടിച്ചു നീങ്ങാനുള്ള സ്ഥലമുണ്ട്. ആ മുറിയിലാണ് അവർ വളരുന്നത്. അവർക്കതിൽ പരാതിയൊന്നുമില്ല. അവരിൽ പലർക്കും വീടില്ല, കുടുംബമില്ല. വീടുള്ളവർക്കാണെങ്കിലോ തിരിച്ചു പോകാൻ ഒട്ടും താല്പര്യമില്ല. വീട്ടിലേയ്ക്കു തിരിച്ചു പോകുന്നതിലും ഭേദം തെരുവിലുറങ്ങുന്നതാണ്.

അയാൾക്ക് കുട്ടികളോട് സഹതാപം തോന്നി. ഇങ്ങിനെയൊക്കെയാണോ വളർന്നുവരുന്ന കുട്ടികളോട് പെരുമാറേണ്ടത്? സ്‌നേഹമുള്ള ഒരു വീട്ടിലാണെങ്കിൽ ഇങ്ങിനെയാണോ? ഒരനാഥാലയമെന്നാൽ ഇങ്ങിനെയൊക്കയാണ് വേണ്ടത് എന്നുണ്ടോ. സ്‌നേഹം നിറഞ്ഞ ഒരു വീട്ടിൽ സ്‌നേഹമുള്ള അച്ഛനമ്മമാർക്കൊപ്പം, സ്‌നേഹമുള്ള ഒരു അനുജത്തിയുമായി വളർന്നുവന്ന ഷിജോവിന് ഇത് അസഹ്യമായി തോന്നി. ഇതൊക്കെ പോരാത്തതിന് രാത്രിയുള്ള അവഹേളനങ്ങളും പീഡനങ്ങളും. അതെത്രത്തോളമുണ്ടായിരുന്നുവെന്ന് ആലോചിക്കാൻ കൂടി അയാൾ ഇഷ്ടപ്പെട്ടില്ല.

എന്താണ് ഇവർ ചെയ്ത അപരാധം?

അയാൾ കുട്ടികളുടെ രജിസ്റ്ററെടുത്തു നോക്കി. എട്ടു വയസ്സു തൊട്ട് പതിനഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികൾ. ആനിയുടെ വയസ്സ് പതിമൂന്നാണ്. പതിമൂന്ന്! അവളേക്കാൾ പ്രായമുള്ളവർ രണ്ടു പേർ മാത്രം. പതിനഞ്ചു വയസ്സായ ജിസിയും പതിനാലു തികയാത്ത ദീപയും. അയാൾ പുസ്തകമടച്ചുവെച്ചു.

കിടക്കുമ്പോൾ ഷിജോ ഓർത്തു, രണ്ടു ദിവസം മുമ്പു വരെ ആ കട്ടിലിൽ കിടന്നിരുന്ന മനുഷ്യനെ. വൃത്തികെട്ട മനുഷ്യൻ! അയാൾക്ക് പാപപങ്കിലമായ ആ കട്ടിലിൽനിന്നു താഴെയിറങ്ങി വെറും നിലത്ത് കിടക്കാൻ തോന്നി.

പുറത്തേയ്ക്കുള്ള വാതിൽ കഴിഞ്ഞ ഉടനെയാണ് മാനേജരുടെ മുറി. ഒരിടുങ്ങിയ മുറി. അതിൽ ഒരു പഴഞ്ചൻ മേശയ്ക്കു പിന്നിൽ മേശയേക്കാൾ പഴഞ്ചനായ മാനേജർ ഇരിക്കുന്നു. രാവിലെ എട്ടു മണി മുതൽ ഒരു മണിവരെ. അതു കഴിഞ്ഞ് മൂന്നു മുതൽ അഞ്ചുവരെ. എല്ലാം ഒത്തു വന്നിരിയ്ക്കുന്നു. വരാന്തയിലിട്ട കസേരയിലിരുന്ന് പത്രം വായിക്കുമ്പോൾ ഷിജോ ആലോചിച്ചു. ഈ മനുഷ്യനോട് എങ്ങിനെയാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. വർത്തമാന പത്രത്തിന്റെ കാര്യം ഇന്നലെ സംസാരിച്ചപ്പോൾത്തന്നെ ഷിജോവിനതു മനസ്സിലായിരുന്നു.

'പത്രത്തിന്റ്യൊക്കെ ആവശ്യം എന്താണ്? അതൊന്നും മാനേജ്‌മെന്റ് സമ്മതിക്കില്ല്യാന്നാ തോന്നണത്.'

'ഇതിനൊക്കെ എന്തിനാണ് മാനേജ്‌മെന്റിന്റെ സമ്മതം? മാനേജർക്ക് സ്വന്തം തീരുമാനം എടുത്തുകൂടെ?'

'നല്ല കാര്യായി. എന്റെ ജോലി തെറിപ്പിക്കണംന്ന് നിർബ്ബന്ധള്ള പോലെ?'

'മാഷെ നിങ്ങടെ ജോല്യൊന്നും ഈയൊരു കാര്യംകൊണ്ട് തെറിക്കില്ല.'

അയാൾ ഷിജോവിനെ വല്ലാത്തൊരു ഭാവത്തോടെ നോക്കി.

'നിങ്ങക്കതു പറയാം, നിങ്ങള് ചെറുപ്പാണ്. എനിക്ക് വയസ്സ് എഴുപതായി. വീട്ടിലിരിക്കണേതിന് പകരം ഇവിടെ വന്നിരിക്കുണു. അതിന് മാസം മൂവ്വായിരം കിട്ടുണുംണ്ട്. ഇങ്ങിന്യൊക്കെ അങ്ങട്ട് കഴിഞ്ഞുപോട്ടെ.'

ഈ മനുഷ്യനിൽനിന്ന് ഒരു സഹകരണവും പ്രതീക്ഷിക്കേണ്ട എന്ന് ഷിജോവിനു മനസ്സിലായി. ഇപ്പോൾ പത്രം വായിക്കണമെന്നു തോന്നിയാൽ പുറത്തിറങ്ങി ഏറ്റവും ക്ഷോഭജനകമായ തലേക്കെട്ടുള്ള ഏതെങ്കിലും പത്രം വാങ്ങിക്കൊണ്ടുവരും. അതിന്റെ തമാശ ഇതാണ്. രാവിലത്തെ തിരക്കുള്ള പണികൾ കഴിഞ്ഞാൽ മാനേജർ മുറിയിലേയ്ക്കു വരുന്നു പത്രം കടം വാങ്ങാൻ. നാണമില്ലാത്ത മനുഷ്യൻ. പത്രത്തിന്റ്യൊക്കെ ആവശ്യമെന്താണ് എന്നു ചോദിച്ച ആളാണ് വായിച്ചുവെയ്ക്കാൻ ക്ഷമയില്ലാതെ പത്രമെടുത്തു കൊണ്ടുപോകുന്നത്.

-- 2 --

മാറ്റങ്ങൾക്കുള്ള ശ്രമത്തിൽ സഹകരിക്കുമോ എന്നറിയാൻ ഇനി ഒരാളെ ബാക്കിയുള്ളു. ഭക്ഷണം പാകം ചെയ്യുന്ന ലിസി. ആദ്യനോട്ടത്തിൽത്തന്നെ ഷിജോവിന് അവരെ ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ പ്രായമെന്താണെന്നറിയാനുള്ള ശ്രമം അയാൾ ഉപേക്ഷിച്ചു. മുപ്പതു തൊട്ട് അമ്പതിനിടയ്ക്ക് എന്തുമാകാം. ചുരുണ്ട് ചെമ്പിച്ച തലമുടി കഴുത്തുവരെ. ഇരുനിറമാണെങ്കിലും അതു മനസ്സിലാക്കാൻ കുറച്ചു വിഷമമാണ്. ഒരു ദിവസം കാണുമ്പോഴുള്ള നിറമായിരിക്കില്ല പിറ്റെ ദിവസം. നരച്ച ഒരു നൈറ്റിയാണ് വേഷം. അതിന്റെ നിറത്തെപ്പറ്റിയും അവരുടെ നിറത്തെപ്പറ്റി പറഞ്ഞപോലെ ഊഹങ്ങളാവാം.

രണ്ടു തട്ടിലായി പ്ലെയ്റ്റുകൾ നിരത്തിയ ട്രാളിയും ഉന്തിക്കൊണ്ട് ലിസി വരാന്തയിലൂടെ വന്നു. മാനേജർക്കുള്ള ചായ മുറിയിലേയ്ക്കു കൊണ്ടുപോയി അവർ തിരികെ വന്നു. അടുത്തുതന്നെയുള്ള വീട്ടിൽനിന്നു വരുന്നതുകൊണ്ട് മാനേജർക്ക് രാവിലത്തെ ഭക്ഷണമില്ല. അടുത്തത് തന്റെ ഊഴമാണ്. തനിയ്ക്കുള്ള പ്ലെയ്റ്റും ചായ നിറച്ച ഗ്ലാസ്സും മേശപ്പുറത്തു വച്ച് ലിസി പോയി. ഉപ്പുമാവ് തന്നെ. ഇത് മൂന്നാമത്തെ ദിവസമാണ് തുടർച്ചയായി ഒരേ വിഭവം തന്നെ കഴിക്കാൻ പോകുന്നത്. നന്നായി വെന്തിട്ടില്ലാത്ത ഉപ്പുമാവ്. ഒരു കട്ട ഉതിർത്താൽ നനഞ്ഞിട്ടില്ലാത്ത റവ കാണാം. ഇതു കഴിച്ചാൽ ഒരു മണിക്കൂറിന്നുളളിൽ നെഞ്ചിലെരിച്ചിൽ തുടങ്ങും. ഇന്നലെ വാങ്ങിക്കൊണ്ടുവന്ന അന്റാസിഡ് ഗുളികകൾ ബാക്കിയുണ്ട്. ഇന്നും വേണോ പരീക്ഷണം? അയാൾ ചായ ഒരു കവിൾ കുടിച്ച് ഗ്ലാസ്സ് മേശപ്പുറത്തു വച്ച് എഴുന്നേറ്റു. ഇന്ന് കുട്ടികൾ ഭക്ഷണം കഴിക്കുന്നത് കാണണം.

കുട്ടികൾ ഊൺമുറിയിൽ വരിയായി നിൽക്കുകയാണ്, പ്രതീക്ഷകളോടെ. ലിസി മേശക്കരികെ പാർക്ക് ചെയ്ത ട്രാളിയിൽനിന്ന് ഓരോരുത്തരായി വന്ന് പ്ലെയ്റ്റുകൾ എടുത്തു കൊണ്ടുപോയി മേശക്കിരുവശത്തുമിട്ട ബെഞ്ചുകളിൽ തിങ്ങിയിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. വലിയ ഉത്സാഹമൊന്നും ആരിലും കാണാൻ കഴിഞ്ഞില്ല.

'സാറ് കഴിക്കിണില്ല്യേ?' ലിസി ചോദിച്ചു.

'ഞാൻ കഴിക്കാം, ഇപ്പൊ മക്കള് കഴിക്കണത് കാണട്ടെ.'

ലിസിയുടെ മുഖത്ത് ഒരു വികാരവുമില്ല. ഭക്ഷണം കഴിക്കുന്ന കുട്ടികൾ അദ്ഭുതത്തോടെ ഷിജോവിനെ നോക്കി. അവരുടെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഒരാൾ അവർ ഭക്ഷണം കഴിക്കുന്നത് താല്പര്യത്തോടെ നോക്കിനിൽക്കുന്നത്.

ലിസി ട്രാളി അവിടെത്തന്നെ ഇട്ട് പുറത്തേയ്ക്കു പോയി. ഷിജോ മേശക്കരികിലേയ്ക്കു നടന്നു. ഏറ്റവും ചെറിയ കുട്ടിയുടെ അടുത്തു ചെന്നു. ഇന്നലെ രജിസ്റ്ററിൽ അവളുടെ പേർ കണ്ടതയാൾ ഓർമ്മിച്ചു. എട്ടു വയസ്സായ നന്ദിത. മെലിഞ്ഞ് ഇരുനിറത്തിലുള്ള ഒരു കുട്ടി. ഒരായുഷ്‌കാലത്തിനുള്ളിൽ അനുഭവിക്കേണ്ടതെല്ലാം എട്ടു വയസ്സിനുള്ളിൽ അനുഭവിച്ചു തീർത്തിട്ടുണ്ടാകും ആ കുട്ടി.

'നന്ദിത മോൾ ഏതു ക്ലാസ്സിലാണ് ഇപ്പൊ?'

അവൾ കുനിഞ്ഞിരുന്ന് എന്തോ പറഞ്ഞു.

'നന്ദിത രണ്ടാം ക്ലാസ്സിലാണ് സാർ.' ആനിയാണ് പറഞ്ഞത്. ഒരു രാത്രിയിലെ പരിചയം കാരണം അവൾക്കയാളുമായി അടുപ്പമുണ്ടായപോലെ.

'മോക്ക് പുസ്തകൊക്കെല്ല്യെ?'

'ന്റെ പെൻസില് കഴിയാറായി.' അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

'അത്യോ? ഇന്ന്തന്നെ വാങ്ങിത്തരാം.'

'എല്ലാർക്കും മത്യാവ്ണ്‌ണ്ടോ ഭക്ഷണം?' അയാൾ എല്ലാവരോടുമായി ചോദിച്ചു. എല്ലാവരും തലയാട്ടി.

'എല്ലാർക്കും ഇഷ്ടാവ്ണ്‌ണ്ടോ ഭക്ഷണം?' അയാൾ വീണ്ടും ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. അയാൾ ഓരോരുത്തരുടേയും മുഖത്തു നോക്കി. ഒരു വികാരവുമില്ലാതെ ഇരിക്കുകയാണവർ. ചോദ്യത്തിന് വലിയ അർത്ഥമില്ലെന്നയാൾക്കു മനസ്സിലായി.

ലിസി വന്നു. 'എന്താ കഴിഞ്ഞില്ലേ പിള്ളാരേ?'

കുട്ടികൾ ഓരോരുത്തരായി പ്ലെയ്റ്റുമെടുത്ത് എഴുന്നേൽക്കാൻ തുടങ്ങി. പലരുടെ പ്ലെയ്റ്റിലും ഉപ്പുമാവ് ബാക്കി കിടപ്പുണ്ട്. ഇതൊരു നിത്യസംഭവമായതിനാലായിരിക്കണം ലിസി ഒന്നും പറഞ്ഞില്ല. കുട്ടികൾ കൊണ്ടുവന്ന് കൊടുക്കുന്ന കഴുകിയ പ്ലെയ്റ്റുകൾ ട്രോളിയിൽ അടുക്കിവച്ച് അതും ഉന്തിക്കൊണ്ട് അവൾ പോയി. കുട്ടികൾ ഓരോരുത്തരായി അവരുടെ മുറിയിലേയ്ക്കു പോയി. ഇനി അവർ പുറപ്പെട്ട് സ്‌കൂളിൽ പോകും, ഉച്ചഭക്ഷണത്തിനായി ഒരു മണിയ്ക്കു വരും.

കുട്ടികൾ വെള്ള സ്‌കർട്ടും നീല ടോപ്പുമുള്ള യൂണിഫോമിട്ട് ഒന്നായി പുറത്തിറങ്ങി. അയാൾ വാതിൽക്കൽ നിന്ന് അവർ പോകുന്നത് നോക്കിനിന്നു. പള്ളി വക സ്‌കൂൾ അടുത്ത പറമ്പിൽത്തന്നെയാണ്. പെട്ടെന്ന് അവരുടെ ഇടയിൽ നിന്ന് നന്ദിത അയാളുടെ നേരെ ഓടിവന്നു.

'എന്താ മോളെ? വല്ലതും മറന്നോ?'

'ഊംങും.'

'പിന്നെ?'

കുനിഞ്ഞിരുന്ന് അവളുടെ രണ്ടു കൈകളും പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു. 'പിന്നെ, എന്താ?'

അവൾ അയാളുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു. 'പെൻസിലിന്റെ അറ്റത്ത് റബ്ബറും വേണം. എനിക്ക് വേറെ റബ്ബറില്ല സാർ.'

'വാങ്ങിത്തരാം, ഉച്ചയ്ക്ക് മോൾ വരുമ്പൊ അറ്റത്ത് റബ്ബറുള്ള പെൻസില്ണ്ടാവും ഇവിടെ.'

അവൾ സന്തോഷത്തോടെ ഓടിപ്പോകുന്നതയാൾ നോക്കി നിന്നു.

'എന്താ ആ കുട്ടി സാറിനോട് സ്വകാര്യം പറഞ്ഞിര്ന്നത്?'

മാനേജരായിരുന്നു. അയാൾ ഗെയ്റ്റു കടന്ന് വരികയായിരുന്നു. എട്ടു മണി മുതലാണ് മാനേജരുടെ ജോലി സമയം.

'അവൾക്കൊരു സാധനം വാങ്ങണംന്ന് പറഞ്ഞതാ.'

'ഇതാ, കണ്ട അതുമിത്വൊന്നും വാങ്ങിക്കൊട്ത്ത് കുട്ട്യോള്‌ടെ സ്വഭാവം കേടുവരുത്തണ്ടാ, പറഞ്ഞേക്കാം.'

'അവൾക്ക് വേണ്ടത് ഒരു പെൻസിലാണ്.'

'പെൻസിലല്ലെ എന്റെ അടുത്തുള്ളത്? ഞാൻ പെട്ടി കണക്കിന് വാങ്ങി വെയ്ക്കും.'

'അത്യോ?' ശരിക്കു പറഞ്ഞാൽ ആരാണ് കുട്ടികൾക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുക എന്നയാൾക്കറിയില്ലായിരുന്നു. മാനേജരായിരിക്കണം. അപ്പോൾ എന്തിനാണാ കുട്ടി തന്നോടതു ചോദിച്ചത്?

'വരു, കാണിച്ചു തരാം. ഇനിതൊട്ട് കുട്ടികളെന്തെങ്കിലും ചോദിച്ചാൽ എന്നോട് ചോദിക്കാൻ പറഞ്ഞാൽ മതി. ഇതിനൊക്കെ ഒരു കണക്ക്ണ്ട്. മാസത്തില് ഒരു പെൻസില്, ഒരു റീഫില്ല്, നാലു കുട്ടികൾക്ക് കൂടി ഒരു സോപ്പ്, അങ്ങിന്യൊക്കെ.'

ഷിജോ മാനേജരുടെ പിന്നാലെ അയാളുടെ മുറിയിലേയ്ക്കു കടന്നു. മാനേജർ കയ്യിലുള്ള സഞ്ചി മേശപ്പുറത്തു വച്ച്, കസേല ഒരു പഴന്തുണിയെടുത്ത് തുടച്ച് അതിന്മേൽ ഉപവിഷ്ടനായി. മേശപ്പുറത്തു വച്ച പൗഷ് സാവധാനത്തിൽ തുറന്ന് ഒരു താക്കോൽക്കൂട്ടമെടുത്ത് എഴുന്നേറ്റു.

'വരൂ.'

ഷിജോ നിൽക്കുകതന്നെയായിരുന്നു. മാനേജർ ചുമരരുകിൽ വച്ച രണ്ട് ഇരുമ്പലമാറകളിലൊന്ന് തുറന്നു. ശരിയാണ്, എല്ലാം പെട്ടികണക്കിന് വാങ്ങി വച്ചിട്ടുണ്ട്. മേൽത്തേയ്ക്കുന്ന സോപ്പുകൾ, തിരുമ്പാനുള്ള ബാർ സോപ്പുകൾ, ടൂത്ത് പേയ്സ്റ്റ്, നോട്ടുപുസ്തകങ്ങൾ പെൻസിലുകൾ........

ഷിജോ, അട്ടിയാക്കിവച്ച പെൻസിൽ പെട്ടികളിലൊന്ന് പുറത്തേയ്‌ക്കെടുത്ത് നോക്കി. ഒറ്റനോട്ടത്തിൽ മനസ്സിലായി അത് മാർക്കറ്റിൽവെച്ച് ഏറ്റവും വില കുറഞ്ഞവയാണെന്ന്. അനാഥക്കുട്ടികൾക്ക് അതൊക്കെ മതിയാവും. എല്ലാം അറ്റത്ത് റബ്ബറില്ലാത്തവയാണ്.

'കുട്ടികൾക്ക് റബ്ബർ കൊടുക്കില്ലെ?'

'പിന്നേ? സ്‌കൂൾ തൊറക്കുമ്പൊ ഒരെണ്ണം കൊടുക്കും, പിന്നെ അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്‌കൂൾ തൊറക്കുമ്പഴും.'

നന്ദിതയുടെ റബ്ബർ നഷ്ടപ്പെട്ടിട്ടുണ്ടാവും, അല്ലെങ്കിൽ തേഞ്ഞുപോയിട്ടുണ്ടാവും. എന്തായാലും വാക്കു കൊടുത്ത സ്ഥിതിക്ക് അത് വാങ്ങിക്കൊടുക്കാം.

ഷിജോ പുറത്തിറങ്ങി. ലിസിയെ കണ്ട് ഭക്ഷണത്തിന്റെ കാര്യം സംസാരിക്കണം. രാവിലത്തെ ഭക്ഷണം കുറച്ചുകൂടി നന്നാക്കാൻ വല്ല വഴിയുംണ്ടോന്ന് നോക്കണം. രാവിലത്തെ മാത്രമല്ല പൊതുവേ ഭക്ഷണം നന്നാക്കാൻ. എങ്ങിനെയെന്നതിനെപ്പറ്റി വലിയ രൂപമൊന്നുമില്ല ഷിജോവിന്. ശ്രമിക്കാമെന്നു മാത്രം.

അടുക്കളയിലേയ്ക്കു കടക്കും മുമ്പു തന്നെ അയാൾക്ക് ബീഡിപ്പുകയുടെ മണം അനുഭവപ്പെട്ടു. വാതിൽ കടന്ന ഉടനെ അതെവിടെനിന്നു വരുന്നുവെന്നും മനസ്സിലായി. വലതുകൈ പിന്നിലേയ്ക്കു പിടിച്ചിരുന്നെങ്കിലും മൂക്കിൽനിന്ന് പുറത്തേയ്ക്കു വരുന്ന പുക നിസ്സഹായയായി നോക്കി നില്ക്കാനേ ലിസിയ്ക്കു പറ്റിയുള്ളൂ.

'ലിസിച്ചേച്ചി ആ ബീഡി നശിപ്പിക്കണ്ട, വലിച്ചോളു.'

'ഇല്ല, അതു കഴിയാറായി.....' ഒരു ചമ്മലോടെ പറഞ്ഞുകൊണ്ട് അവർ ബീഡി അടുക്കളത്തിണ്ണമേൽ കുത്തിക്കെടുത്തി ചവറ്റുകൊട്ടയിലിട്ടു.

'ആരും വരാറില്ലാ, അടുക്കളേക്ക്.......' അവർ തുടർന്നു. 'വേറെ ഒന്നും ചെയ്യാനില്ലല്ലൊ.........'

'സാരല്യ. ഞാൻ വന്നത് ഒരു കാര്യം ചോദിക്കാനാണ്.'

'എന്തേയ്?'

'നമുക്ക് രാവിലെ ഓരോ ദിവസം വെവ്വേറെ പലഹാരം ഉണ്ടാക്കിക്കൂടെ? എന്നും ഈ ഉപ്പുമാവ് തന്ന്യാവുമ്പോ കുട്ടികൾക്ക് മട്ക്കില്ല്യേ.'

'എനിക്ക് വാങ്ങിത്തരണ സാധനം കൊണ്ടല്ലേ ണ്ടാക്കാൻ പറ്റൂ? അരീം ഉഴുന്നും വാങ്ങിത്തന്നാൽ ഇഡ്ഡ്‌ലീം ദോശീം ണ്ടാക്കാം. മാവരക്കാൻ ഇവ്‌ടെ ഗ്രൈന്ററ്ണ്ട്. അരിപ്പൊടീം കടലെം വാങ്ങിത്തന്നാൽ പിട്ടും കടലക്കൂട്ടാനുംണ്ടാക്കാം. ഇവ്‌ടെ ആകെ വാങ്ങണത് റവ്യാണ്. ഇതാ ഞാൻ പറഞ്ഞൂന്നൊന്നും മാനേജരോട് പറയല്ലെ? അന്നം മൊടക്കാൻ നീർക്കോലി മതി.'

'അത്‌പോലെ രാത്രി ഭക്ഷണും കൊറച്ചുകൂടി നന്നാക്കാൻ പറ്റ്വോ?'

'സാറെ ഇവ്‌ടെ ഇങ്ങന്യൊക്കേ നടക്കൂ. ഞാൻ വേണങ്കീ സാറിന് സ്‌പെഷലായിട്ട് എന്തെങ്കിലുംണ്ടാക്കിത്തരാം, മാനേജരറിയാതെ. മറ്റൊന്നും നടക്കുംന്ന് തോന്ന്ണില്ല്യ. സാറിന് മുമ്പ് ഇവിടെണ്ടായിര്ന്ന വാർഡൻ അങ്ങേര്ക്ക് മാത്രായിട്ട് മീനും, മൊട്ടേം എറച്ചീം വാങ്ങിക്കൊണ്ടരാറ്ണ്ട്, ആരും അറിയാതെ.'

'അതു ശരിയല്ല.' ഷിജോവിനത് വളരെ അരോചകമായി തോന്നി. 'കുട്ടികളെന്തു കഴിക്കുണ്വോ അത് തന്നെ മതി എനിക്കും. അത് കൊറച്ചൂടെ നന്നാക്കാനെന്തു ചെയ്യണംന്നാ ഞാൻ ആലോചിക്കണത്.'

ലിസി കൈ മലർത്തി.

'ഇപ്പൊ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ? ഞാൻ പുറത്ത് പോവ്വാണ്.'

'എന്തെങ്കിലും വേണങ്കീ മാനേജരോടെ പറയാവൂന്നാ. വേറെ ആരോടും പറേര്ത്ന്ന് ചട്ടം കെട്ടീട്ട്ണ്ട്.'

'ശരി......'

ഷിജോ പുറത്തു കടന്നു. മാനേജരോട് സംസാരിക്കണം. കാര്യമുണ്ടാവുമോ എന്നൊന്നും അറിയില്ല. മാനേജർ അന്നത്തെ ചൂടുള്ള വർത്തമാനത്തിൽ മുഴുകിയിരിക്കയാണ്. താൻ അകത്തു കടന്നതൊന്നും അറിഞ്ഞിട്ടില്ല. ഷിജോ മുരടനക്കിയപ്പോൾ മാനേജർ പത്രത്തിൽനിന്ന് തലയുയർത്തി നോക്കി. ഷിജോ വന്നതെല്ലാം താൻ അറിഞ്ഞിരിക്കുന്നുവെന്ന മട്ടിൽ ചോദിച്ചു.

'എന്തേയ്?'

'ഒന്നുംല്ല്യ, ഞാൻ ടൗണിലേയ്ക്ക് പോവ്വാണ്, എന്തെങ്കിലും വാങ്ങാന്‌ണ്ടെങ്കിൽ പറഞ്ഞാ മതി.'

'ഏയ്, ഒന്നുംല്ല്യ. എല്ലാം ഞാൻ മൊത്തക്കച്ചവടക്കാര്‌ടെ അട്ത്ത്ന്ന് വാങ്ങിവെയ്ക്ക്യാണ്. ഇപ്പൊ തല്ക്കാലം ഒന്നും ആവശ്യല്ല്യ.'

'പിന്നെ, നമ്ക്ക് രാവിലത്തെ ഭക്ഷണം കൊറച്ചുകൂടി നന്നാക്കിക്കൂടെ?'

'എങ്ങനെ?'

'ഓരോ ദിവസം ഓരോ ഐറ്റംണ്ടാക്കാലോ. ഒരീസം ഉപ്പുമാവാണെങ്കിൽ അടുത്ത ദിവസം പിട്ടും കടലീം, പിന്നെ ഒരു ദിവസം ഇഡ്ഡ്‌ലി, അങ്ങിനെ.'

'മാഷെ, ഇതൊരു അനാഥാലയാണ്. നമ്മള് ഇപ്പ ചെയ്യണതോണ്ടന്നെ അവർക്ക് സന്തോഷാ. മാഷ് അവര്‌ടെ തലേല് അങ്ങിനത്തെ ഐഡ്യൊന്നും കേറ്റണ്ട. മാഷ്‌ക്ക് കഴിക്കാനെന്താ വേണ്ടത്ച്ചാ അത് സ്‌പെഷലായിണ്ടാക്കിത്തരാൻ ഞാൻ ലിസ്യോട് പറയാം.'

'അത് വേണ്ട.'

ഷിജോ പുറത്തു കടന്നു. താൻ അങ്ങിനെ സമ്പന്നതയിൽ വളർന്ന ആളൊന്നുമല്ല. അപ്പനുണ്ടായിരുന്ന കാലം തൊട്ടെ വീട്ടിൽ പണത്തിന് വിഷമമുണ്ടായിരുന്നു. അപ്പൻ നാട്ടുകാർക്ക് വേണ്ടപ്പെട്ടവനായി, പള്ളിക്കാർക്ക് വേണ്ടപ്പെട്ടവനായി. പക്ഷെ വീടു നോക്കുന്ന കാര്യത്തിൽ കുറച്ച് പിന്നോക്കമായിരുന്നു. വേണമെന്നു വച്ചിട്ടല്ല. ജനപ്രീതിയും ആൾക്കാരുടെ ബലഹീനതകളും മുതലെടുത്ത് പണമുണ്ടാക്കുന്ന കാര്യത്തിൽ വിമുഖനായിരുന്നു അദ്ദേഹം. ഫലം പലപ്പോഴും അടുക്കളയിൽ ഒഴിഞ്ഞ പാത്രങ്ങളും, ഉടുക്കാൻ തുന്നിക്കൂട്ടിയതോ ദാനം കിട്ടിയതോ ആയ പഴകിയ വസ്ത്രങ്ങളും മാത്രം.

വസ്ത്രങ്ങളുടെ കാര്യം ഓർത്തപ്പോഴാണ് മറ്റൊരു കാര്യം മനസ്സിൽ വന്നത്. കുട്ടികൾക്ക് നൈറ്റി വാങ്ങണം. പറഞ്ഞിട്ടു കാര്യമില്ല എന്നറിഞ്ഞിട്ടും അയാൾ തിരിച്ചു പോയി ചോദിച്ചു.

'മറ്റൊരു കാര്യം.'

'എന്തേയ്?'

'നമ്മുടെ കുട്ടികൾക്ക് ഈരണ്ടു നൈറ്റി വാങ്ങണം. അവരിപ്പോൾ വെറും ഷിമ്മീസിട്ടാണ് ഒറങ്ങണത്. അത് ശരിയല്ല.'

'അതൊന്നും കമ്മിറ്റി സമ്മതിക്കില്ല മാഷെ. അതുമിത്വൊന്നും ചിന്തിക്കാതെ മാഷ് മാഷടെ പണീം നോക്കിയിരിക്ക്യാ നല്ലത്. ചെറുപ്പല്ലെ, അങ്ങന്യൊക്കെ തോന്നും.'

മാനേജർ തിരിച്ച് പത്രത്തിലേയ്ക്ക് ഊളിയിട്ടു.

ഇനി? തിരിച്ച് സ്വന്തം മുറിയിൽ പോയി മേശക്ക് മുമ്പിലിട്ട കസേലയിലിരിക്കുമ്പോൾ ഷിജോ വല്ലാതെ ക്ഷോഭിച്ചിരുന്നു. ഒരു ചായ കുടിക്കണം. ലിസിയോട് പറഞ്ഞാൽ ഉണ്ടാക്കിത്തരും. ചിലപ്പോൾ അതു കുടിക്കേണ്ടിയിരുന്നില്ല എന്നു തോന്നാം. പിന്നെ നന്ദിതയ്ക്ക് പെൻസിൽ വാങ്ങണം. നന്ദിതയെ കാണുമ്പോൾ ഓർക്കുന്നത് ലിജിയുടെ ബാല്യമാണ്. അവളും നന്ദിതയെപ്പോലെ തലമുടി രണ്ടു ഭാഗത്തേയ്ക്കും പിന്നിയിടുകയാണ് ചെയ്യാറ്. അയാൾ പുറത്തിറങ്ങി.

-- 3 --

വിൻസന്റ് ചേട്ടന്റെ ചായക്കടയിൽനിന്ന് ഒരു ചായ കുടിച്ചപ്പോൾ കാര്യങ്ങളൊന്നും അത്ര മോശമല്ലെന്നും, എല്ലാം തനിക്ക് ശരിയാക്കിയെടുക്കാൻ പറ്റുമെന്നുമുള്ള ബോധമുണ്ടായി. ഒരു കടുപ്പം ചായക്ക് ചെയ്യാൻ പറ്റുന്ന എറ്റവും വലിയ കാര്യമാണത്. അയാൾ അതിനെതിർവശത്തുള്ള കമ്മിറ്റി ഓഫീസിലേയ്ക്കു നടന്നു.

മാത്യു അച്ചൻ കമ്മിറ്റി ഓഫീസിൽനിന്ന് പുറത്തു വരികയായിരുന്നു.

'പ്രെയ്‌സ് ദ ലോഡ്.'

'പ്രെയ്‌സ് ദ ലോഡ്. എന്താ ഷിജോ വിശേഷം?'

'നമ്മടെ അനാഥാലയത്തിന്റെ കാര്യങ്ങള് ഒന്ന് സംസാരിക്കാൻ അച്ചനെ കാണാൻ വന്നതാണ്.'

'നല്ലത്, വരൂ.'

താല്പര്യത്തോടെ എല്ലാം കേട്ടിരുന്ന മാത്യു അച്ചൻ എഴുന്നേറ്റ് ചുമരരുകിൽ വച്ച സ്റ്റീൽ അലമാറി തുറന്ന് രണ്ടു ഫയലും ഏതാനും രജിസ്റ്ററുകളും പുറത്തെടുത്തു. എല്ലാം മേശപ്പുറത്തു വച്ചശേഷം അദ്ദേഹം ഷിജോവിന്റെ മുഖത്തു നോക്കി.

'നമുക്ക് രാവിലത്തെ കാര്യം തൊട്ട് തുടങ്ങാം. ഇന്ന് പതിനെട്ടാം തിയ്യതിയല്ലെ. ഈ മാസം ഇതിനകം രണ്ടു പ്രാവശ്യം പലചരക്കു വാങ്ങിക്കഴിഞ്ഞു. ഇഡ്ഡ്‌ലിയും ദോശയും ഉണ്ടാക്കാനുള്ള അരിയും ഉഴുന്നു പരിപ്പും വാങ്ങിയിട്ടുണ്ട്. അമ്പത് കിലൊ പൊന്നിയരിയും പതിനഞ്ച് കിലൊ ഉഴുന്നും. പതിനാറ് കുട്ടികൾക്കും വാർഡനും കുക്കിനും പത്ത് പന്ത്രണ്ട് ദിവസം കഴിക്കാന്ള്ള ഇഡ്ഡ്‌ലിണ്ടാക്കാം. അപ്പൊപ്പിന്നെ എന്നും റവ ഉപ്പുമാവ് വെയ്ക്കുന്നു എന്ന പരാതിയെങ്ങിനെ വരുണു?'

'ഇനി, മറ്റുള്ള സാധനങ്ങള് നോക്കാം. ഇതാ.....' ഫയലിൽ നോക്കിക്കൊണ്ട് മാത്യു അച്ചൻ പറഞ്ഞു. 'പതിനഞ്ചു കിലോ അരിപ്പൊടി വാങ്ങിയതായി കാണുന്നുണ്ട്. പത്തു കിലൊ കടല, ഇരുപത്തഞ്ചു കിലൊ ഗോതമ്പു പൊടി, കോഴിമുട്ട അഞ്ചു പ്രാവശ്യം ഒന്നര ഡസൻ വീതം.'

ഫയലടച്ചുവെച്ച് മാത്യു അച്ചൻ ഷിജോവിനെ നോക്കി.

'അച്ചോ ഇതൊന്നും അവിട്‌ത്തെ അടുക്കളേല് എത്തുന്നുണ്ടെന്ന് തോന്ന്ണില്ല്യ. ഉണ്ടെങ്കിൽ ലിസിച്ചേച്ചി പറയുമായിരുന്നു.'

'ഇതെല്ലാം വാങ്ങിക്കൊടുക്കണത് മാനേജരാണ്. അദ്ദേഹം തന്ന കണക്കുകളാണിതൊക്കെ. എല്ലാറ്റിനും രസീതുണ്ട്. ഇത് അന്വേഷിക്കേണ്ട കാര്യാണ്. പാവം കുട്ടികൾ, അവർക്കുവേണ്ടി വാങ്ങണ സാധനങ്ങളൊന്നും അവർക്ക് കിട്ട്ണില്ലെന്നർത്ഥം. ഒരു കാര്യം ചെയ്യ്. ഷിജൊ ഇപ്പൊ പൊയ്‌ക്കൊ, ഞാനിതൊന്ന് അന്വേഷിക്കട്ടെ. എന്നെ കണ്ടൂ, ഇതൊക്കെ സംസാരിച്ചൂന്ന് ആരും അറിയണ്ട. സഭ ഒരുപാട് പണം ഈ അനാഥാലയത്തിന് വേണ്ടി ചെലവാക്കുന്നുണ്ട്. ഒക്കെ നല്ലവര് ദാനം ചെയ്തതും സഭേടെ ഫണ്ടിൽനിന്ന് എടുത്തതും ഒക്ക്യാണ്. അതൊക്കെ ആ സാധുക്കുട്ടികൾക്ക് കിട്ട്ണില്ലെങ്കിൽ കഷ്ടാണ്..... ഒരു വിധത്തിൽ ഞാനും തെറ്റുകാരനാണ്. കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. പോട്ടെ.......'

'കർത്താവിന് സ്തുതി.'

'എപ്പോഴും ഉണ്ടായിരിക്കട്ടെ.'

നന്ദിതയ്ക്കു വേണ്ടി അറ്റത്ത് റബ്ബറുള്ള നല്ലൊരു പെൻസിൽ വാങ്ങുമ്പോൾ അയാൾ മാനേജരുടെ മുറിയിൽ കണ്ട മോശം പെൻസിലുകളും കടയിൽ കണ്ടു. ഏകദേശം പകുതിയിൽ താഴെ മാത്രം വിലയുള്ള ആ പെൻസിലുകൾ എന്തുകൊണ്ടോ അയാളെ വേദനിപ്പിച്ചു. കൂട്ടുകാരിൽ പലർക്കും എച്ച്. ബി. എന്നെഴുതിയ ഭംഗിയുള്ള പെൻസിലുകളുണ്ടായിരുന്നു. അതുപോലുള്ള പെൻസിൽ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞാലും അപ്പൻ വാങ്ങിക്കൊണ്ടുവരിക ഏറ്റവും വില കുറഞ്ഞ തീരെ ഭംഗിയില്ലാത്ത, ചെത്തുമ്പോൾ മുന പൊട്ടിപ്പൊട്ടി പോകുന്ന പെൻസിലുകളായിരിക്കും. അത്രയ്‌ക്കേ അപ്പന് പറ്റിയിരുന്നുള്ളു.

ഉച്ചഭക്ഷണത്തിന് വന്ന ഉടനെ നന്ദിത പെൻസിലിന്റെ കാര്യം ചോദിക്കുമെന്നാണ് ഷിജോ കരുതിയത്. അവൾ പക്ഷെ ചോദിക്കുകയുണ്ടായില്ല. ഇടയ്ക്കിടയ്ക്ക് അയാളുടെ മുറിയുടെ മുമ്പിലൂടെ നടന്നു. വാതിൽക്കലെത്തിയാൽ അവളുടെ നടത്തം പതുക്കെയാവും, തല തിരിച്ച് അയാളെ നോക്കി ചിരിക്കുകയും ചെയ്യും. ചോദിച്ച് കിട്ടാതെ വഷളാവേണ്ടെന്ന് അവൾ കരുതിയിരിക്കും. നാലാമത്തെ തവണ അവൾ വാതിൽക്കലെത്തിയപ്പോൾ ഷിജോ ചോദിച്ചു.

'എന്താ നന്ദിത മോളെ?'

അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ മുഖം പെട്ടെന്ന് ഇരുണ്ടത് അയാൾ ശ്രദ്ധിച്ചു. സാർ പെൻസിലിന്റെ കാര്യം മറന്നുവെന്നവൾക്കു തോന്നി. ഒരു പക്ഷെ ക്ലാസ്സിൽ അവളുടെ കൂട്ടുകാരികളോട് അവൾ പുതിയ പെൻസിൽ കിട്ടുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ടാവണം. അറ്റത്ത് റബ്ബറുള്ള ഭംഗിയുള്ള പെൻസിൽ. ഇനി ക്ലാസ്സിൽ പുതിയ പെൻസിലില്ലാതെ പോകുമ്പോൾ......?

ഇങ്ങിനെ ഒരു കൊച്ചുകുട്ടിയെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല. ഷിജോ അവളെ വിളിച്ചു.

'മോൾ ഇവിടെ വാ.'

'എന്താ സാർ.'

അയാൾ മേശവലിപ്പിൽ നിന്ന് കടും പച്ച നിറമുള്ള, അറ്റത്ത് റബ്ബറുള്ള പെൻസിൽ പുറത്തേയ്‌ക്കെടുത്തു.

'മോൾ ഇതന്വേഷിച്ച് നടക്ക്വായിരുന്നോ?'

അവളുടെ മുഖത്ത് നാണം. അവൾ കൈ നീട്ടിക്കൊണ്ട് ഓടിവന്നു. പെൻസിൽ മൂക്കിനു മുമ്പിൽ കൊണ്ടുപോയി പുതുമയുടെ മണം ആസ്വദിക്കുകയാണ് നന്ദിത.

'നോക്ക്, റബ്ബറിനും നല്ല വാസനണ്ട്.'

അവളതു വാസനിച്ചു നോക്കി തലയാട്ടി.

'മോക്കിത് ഇഷ്ടായോ?'

'ഊം.....?' അവൾ ഓടിപ്പോയി. പുതിയ പെൻസിൽ ചേച്ചിമാരെ കാണിക്കാൻ ധൃതിയായിട്ടുണ്ടാകണം അവൾക്ക്.

-- 4 --

ലിസി തലയാട്ടുകയാണ്.

'ഇല്ലച്ചോ, ഇതൊന്നും ഇവ്‌ടെ എത്തീട്ടില്ല. അരിപ്പൊടീം കടലേം കണ്ട കാലം മറന്നിരിക്കുണു. മൊട്ടടെ കതേം അത് തന്നെ. തന്ന്ട്ട്‌ണ്ടെങ്കില് ഇവിടെ കാണണ്ടെ?'

മാത്യു അച്ചന്റെ ഒപ്പം വന്ന രണ്ടു പേരും കമ്മിറ്റിയിലുള്ളവർ തന്നെ. അവർ അടുക്കളയിലുള്ള സാധനങ്ങളുടെ കണക്കെടുക്കുകയാണ്. അവരുടെ കണ്ണുകളിൽ അമ്പരപ്പുണ്ട്. ഇത്രയും കുറച്ചു സാധനങ്ങൾ കൊണ്ട് എങ്ങിനെയാണ് പതിനാറു കുട്ടികൾക്കുള്ള മെസ്സ് നടത്തുക? കയ്യിലുള്ള രസീതുകളിൽ കാണിച്ച സാധനങ്ങളിൽ പകുതിയും ഇവിടെ എത്തിയിട്ടില്ല.

'മാനേജരെപ്പളാണ് പോയത്?' മാത്യു അച്ചൻ ചോദിച്ചു.

'അങ്ങേര് അഞ്ച് മണ്യായാൽ പോകും.'

'സാധനങ്ങള് കടക്കാര് ഇവിടെ എത്തിക്ക്യാണോ, അതോ.....'

'അല്ല മാനേജരന്നെ പെട്ടി ആട്ടോ പിടിച്ച് കൊണ്ട് വര്വാണ്.'

'അപ്പൊ കണക്കിലൊന്നും തെറ്റു വരാൻ വഴില്ല്യാന്നർത്ഥം.'

ഷിജോവിന്റെ മുറിയിൽ ലിസിയുണ്ടാക്കിക്കൊണ്ടുവന്ന ചായ കുടിച്ചുകൊണ്ടിരിക്കെ മാത്യു അച്ചൻ പറഞ്ഞു.

'ലിസി പറയുന്നത് നമുക്ക് വിശ്വസിക്കാം. കഴിഞ്ഞ പതിനഞ്ചു കൊല്ലായി ഞാനവളെ അറിയും. ഒരനാഥയായി വന്നതാണ് ഇരുപതാം വയസ്സിൽ. അപ്പനും അമ്മയും അടുത്തടുത്തായി മരിച്ചു. ദരിദ്ര കുടുംബത്തിലെ ആയതോണ്ട് ഇവളെ ഏറ്റെടുക്കാൻ ബന്ധുക്കളാരും തയ്യാറായില്ല. കല്യാണം നടത്തിക്കൊടുക്കാംന്ന് സഭ പറഞ്ഞു. അവൾക്ക് കല്യാണത്തിൽ ഒരു താല്പര്യവുമില്ലായിരുന്നു. അന്നിവിടെ ഒരു വയസ്സായ സ്ത്രീയായിരുന്നു ഭക്ഷണം പാകം ചെയ്യാൻ. അവരുടെ കാലം കഴിഞ്ഞപ്പോൾ ഇവൾ സ്വയം ഏറ്റെടുത്ത ജോലിയാണിത്. വേറെ ഒരു താല്പര്യവും ഇല്ല്യ. അപ്പോൾ ഈ സാധനങ്ങളൊക്കെ..........'

ഷിജോ ഒന്നും പറഞ്ഞില്ല. അയാളുടെ മനസ്സിൽ സമ്മിശ്രവികാരങ്ങളായിരുന്നു. മാനേജർ പണം വെട്ടുന്നുണ്ടെന്ന് കമ്മിറ്റി മെമ്പർമാരെപ്പോലെ അയാൾക്കും മനസ്സിലായി. ഗതിയില്ലാത്ത പാവം പെൺകുട്ടികൾക്ക് കിട്ടേണ്ട ഭക്ഷണത്തിൽ തിരുമറി ചെയ്യുന്നത് കൊടിയ അപരാധമാണ്. രാവിലെ പള്ളിയിൽ കമ്മിറ്റി ഓഫീസിന്റെ പടി കയറുമ്പോൾ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ് എന്ന ഊഹം പോലും അയാൾക്കുണ്ടായിരുന്നില്ല. ഇനി, മുമ്പുണ്ടായിരുന്ന വാർഡന് ഇതിലൊക്കെ എത്രത്തോളം കൈയ്യുണ്ടെന്ന കാര്യമാണ്. അയാൾ ഈ പാവം പെൺകുട്ടികളോട് ചെയ്ത കാര്യമാലോചിച്ചാൽ ഇതൊക്കെ നിസ്സാരമാണ്.

'ഷിജോ നാളെ അരമനയിലേയ്ക്കു വരണം. നമുക്ക് കുറച്ച് കാര്യങ്ങള് തിരുമേനിയായിട്ട് സംസാരിക്കാന്ണ്ട്. ഇതൊന്ന് ശരിയാക്കിയെടുക്കണം.'

'എത്ര മണിക്കാണ് വരേണ്ടത്, അച്ചോ?'

'രാവിലെ ഒമ്പതരയ്ക്ക്. അസൗകര്യൊന്നുംല്ല്യല്ലൊ.'

'ഇല്ല. കുട്ടികള് സ്‌കൂളിൽ പോയാൽ കുറച്ച് നേരം ഞാൻ ഫ്രീയാണ്. അപ്പൊ വരാം.'

അവർ പോയശേഷം ലിസി കപ്പുകൾ എടുത്തുകൊണ്ടുപോകാൻ വന്നു. ഷിജോ പറഞ്ഞു.

'ലിസിച്ചേച്ചി കൊറച്ച് നേരം ഇരിക്കു, എനിയ്ക്ക് സംസാരിക്കാന്ണ്ട്.'

'എന്താ?' അവർ ഇരിക്കാതെ മേശക്കരികെ കപ്പുകളും പിടിച്ചുകൊണ്ട് നിൽക്കുകയാണ്.

'ഇരിക്കു.'

ലിസി മേശക്കപ്പുറത്തെ കസേല വലിച്ചിട്ട് വിഷമത്തോടെ ഇരുന്നു. ജീവിതത്തിൽ അങ്ങിനെയുള്ള മര്യാദകളൊന്നും അനുഭവിച്ചിട്ടുണ്ടാവില്ല അവരെന്ന് ഷിജോവിന് തോന്നി.

എങ്ങിനെ തുടങ്ങണമെന്നറിയാതെ അയാൾ മേശമേൽ വിരലുകൾകൊണ്ട് ശബ്ദമുണ്ടാക്കി. പള്ളിയിൽ പിയാനോ വായിച്ച പരിചയമുള്ളതുകൊണ്ട് അതൊരു സുഖകരമായ താളമായി പരിണമിച്ചു. 'ഉണർവ്വിൻ വരം ലഭിപ്പാൻ.....'

'ഞാൻ പറയാൻ പോണത്.........'

അയാൾ നിർത്തി. ലിസി വളരെ അസ്വസ്ഥയായിരുന്നു. അവരെ സംബന്ധിച്ചേടത്തോളം അടുക്കളയിലും ഊൺമുറിയിലും അടുക്കളയ്ക്കു പിന്നിലുള്ള ചെറിയൊരു കിടപ്പുമുറിയിലുമായി ജീവിതം ചിട്ടപ്പെടുത്തിയിരുന്നു. അനാഥാലയത്തിന്റെ പുറത്തു പോയിരുന്നത് നിരത്തിനു കുറുകെയുള്ള പെട്ടിപ്പീടികയിൽ ബീഡി വാങ്ങാൻ മാത്രമാണ്. പള്ളിയിലേയ്ക്ക് വല്ലപ്പോഴും പോയിരുന്നത് മതിൽ പൊളിഞ്ഞിടത്തുകൂടിയായിരുന്നു. അവളുടെ സാന്നിദ്ധ്യവും അഭാവവും ആരും ശ്രദ്ധിച്ചിരുന്നില്ല, ഒരരൂപിയാണെന്നപോലെ.

'എനിക്ക് നമ്മടെ സ്ഥാപനത്തിന്റെ കാര്യം സംസാരിക്കാന്ണ്ട്. അതിന്റെ കെടപ്പ് ശരിയല്ലാന്ന് ഈ രണ്ടുമൂന്നു ദിവസംകൊണ്ട് തന്നെ മനസ്സിലായിരിക്കുണു. അതെങ്ങനെ ശരിയാക്കിയെടുക്കാംന്ന് ലിസിച്ചേച്ചിയോടുംകൂടി സംസാരിക്കാംന്ന് കരുതി.' ലിസിയുടെ പ്രതികരണത്തിനു വേണ്ടി അയാൾ നിർത്തി. പ്രതികരണമൊന്നുമുണ്ടായില്ല.

'എന്താ ചേച്ചിയൊന്നും പറയാതിരിക്കണത്?'

'ഞാനെന്ത് പറയാനാ? ഞാനിവിട്‌ത്തെ ഏറ്റവും വെല കൊറഞ്ഞ ജോലിക്കാര്യാണ്. വല്യ കാര്യങ്ങളൊന്നും അന്വേഷിക്കണ്ടാന്ന് മാനേജരും പറഞ്ഞിട്ട്ണ്ട്, മുമ്പത്തെ വാർഡനും പറഞ്ഞിട്ട്ണ്ട്. ഒതുങ്ങിക്കഴിയാ, അതാ നല്ലത് ന്ന്.'

തന്റെ മുമ്പിലുള്ള പ്രശ്‌നം കുറച്ചൊന്നുമല്ല എന്ന് ഷിജോ മനസ്സിലാക്കി. ലിസിയെ താനുദ്ദേശിച്ച മട്ടിൽ മെരുക്കിക്കൊണ്ടുവരുക എളുപ്പമല്ല. പത്തുപതിനഞ്ചു കൊല്ലം അടിച്ചൊതുക്കിയ ആത്മാഭിമാനം ഉയർത്തിയെടുക്കാൻ ഈ സാധുസ്ത്രീയ്ക്ക് കുറച്ച് സമയം കൊടുക്കണം.

'ഇനി മുതൽ അങ്ങിനെയൊന്നും ഉണ്ടാവാതെ ഞാൻ നോക്കാം, പോരെ? ഞാൻ എത്തിപ്പെട്ട സ്ഥലം ഇതാണ്. എനിയ്ക്ക് വേണ്ടി കർത്താവ് കണ്ടുപിടിച്ച സ്ഥലായിരിക്കണം ഇത്. ഇനി ഞാൻ എന്നെങ്കിലും ഇവിട്ന്ന് പോവ്വാണെങ്കിൽ ഈ സ്ഥലം ഞാൻ വരുമ്പോൾ കണ്ടതിനേക്കാൾ നന്നായിരിക്കണം. നന്നാക്കണം. അതിന് ചേച്ചീടെ സഹായം ആവശ്യാണ്. ഇനി ഒക്കെ കഴിഞ്ഞ് നന്നാക്കാൻ കഴിയില്ല്യാന്ന് തോന്ന്വാണെങ്കിൽ ആ നിമിഷം ഞാൻ സ്ഥലം വിടും.'

ലിസി മുഖം താഴ്ത്തിയിരിക്കുകയാണ്.

'ചേച്ചി പൊയ്‌ക്കോളൂ.'

അവർ വേഗം എഴുന്നേറ്റു, കപ്പുകൾ ട്രേയിലെടുത്തുകൊണ്ട് പുറത്തേയ്ക്കു പോയി. അവർക്ക് ആശ്വാസമായി എന്ന് തോന്നി. ഷിജോ തല കൈകൊണ്ടു താങ്ങി കണ്ണടച്ചിരുന്ന് വിരലുകൾകൊണ്ട് മേശമേൽ പിയാനോ വായിക്കാൻ തുടങ്ങി. ഒരഞ്ചു മിനുറ്റ് കഴിഞ്ഞു കാണും.

'സാർ.'

പെട്ടെന്ന് അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ലിസി വാതിൽക്കൽ വന്നുനിന്നു.

'എന്താ ചേച്ചീ?'

ലിസി മേശക്കരികെ വന്നു നിന്നു.

'നേരത്തെ കമ്മിറ്റിക്കാര് വന്നതെന്തിനായിരുന്നു?'

'അതോ?....... ചേച്ചി ഇരിക്കു.' ലിസി കുറച്ചു വിഷമിച്ചിട്ടെന്ന പോലെ ഇരുന്നു.

'ഈ അനാഥാലയം നടത്താൻ വേണ്ടി ദയള്ള ഒരുപാട് മനുഷ്യര് സംഭാവന തരുന്നുണ്ട്. ആ പണംകൊണ്ട് ഈ സാധു പെൺകുട്ടികൾക്ക് നല്ലൊരു ജീവിതം കിട്ട്വായിരുന്നു. എന്റെ വിചാരം കമ്മിറ്റിക്കാര് വേണ്ടത്ര പണം ചെലവാക്ക്ണില്ല്യാന്നായിരുന്നു. ഞാൻ അന്വേഷിച്ചപ്പഴാണ് മനസ്സിലാവണത് അവരടെ കണക്കില് ധാരാളം സാധനങ്ങള് ഇവിടെ വാങ്ങുന്നുണ്ട്. അതൊക്കെ എവിട്യാണ് പോണത്?'

'അയ്യോ, ഞാനൊന്നും എട്ക്ക്ണില്ല്യ.'

'ചേച്ചി എട്ത്തിട്ട് എന്തു ചെയ്യാനാ. ചേച്ചിയെ കമ്മിറ്റിക്കാർക്കൊക്കെ നല്ല വിശ്വാസാണ്, ബഹുമാനും ആണ്. വാങ്ങണ സാധനങ്ങളൊക്കെ പോണ വഴീം അവർക്ക് മനസ്സിലായിട്ട്ണ്ട്. അവരെന്താ ചെയ്യ്ണ്ന്ന് നോക്കാം.'

'എന്നെക്കൊണ്ട് ചെയ്യാൻ പറ്റണ സഹായൊക്കെ ചെയ്യാം.'

അവർ പ്രശംസിക്കപ്പെട്ടിരിക്കുന്നു. വിശ്വാസം എന്ന വാക്കിനേക്കാൾ ബഹുമാനം എന്ന വാക്ക് അവർക്കിഷ്ടപ്പെട്ടുവെന്ന് തോന്നി. കാരണം വിശ്വാസം നഷ്ടപ്പെടാനായി അവരൊരു തെറ്റും ചെയ്തിട്ടില്ല. പക്ഷെ ബഹുമാനം, അതവരെ സംബന്ധിച്ചേടത്തോളം വലിയ കാര്യമാണ്. തന്റെ തോന്നലായിരിക്കാം. എന്തായാലും അവർ തന്റെ ഭാഗത്താണ്, സഹായിക്കും എന്ന കാര്യം അയാൾക്ക് ആത്മവിശ്വാസം നൽകി.

-- 5 --

അരമനയിൽ താഴത്തെ നിലയിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന ഒരു വിശാലമായ മുറിയാണ് തിരുമേനിയുടെ ഓഫീസ്. അനാഥാലയത്തിൽ വാർഡനായി ചേരുന്നതിനു മുമ്പ് ഒരിക്കൽ മാത്രമേ ആ മുറി കണ്ടിട്ടുള്ളു. പതുപതുത്ത പരവതാനിയ്ക്കു മീതെയിട്ട ഈട്ടി കൊണ്ടുണ്ടാക്കിയ വിശാലമായ മേശക്കു മുകളിൽ ഗ്ലാസ്സ്‌ടോപ്പ്. പിന്നിലിട്ട റിവോൾവിങ് ചെയറിനു പിന്നിൽ കർട്ടനിട്ടു മറച്ച ജനലിനു മുകളിൽ ചുമരിലായി കുരിശിൽ തറച്ച നിലയിൽ കർത്താവിന്റെ ആൾരൂപം.

വാർഡനായി ജോലി തരാനുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

തിരുമേനി പറഞ്ഞു.

'തന്റെ പേര് ഷിജോ. ഷിജോ ജോസഫ് കുരിയൻ. തന്റെ അപ്പൻ ഒരു നല്ല പേരുണ്ടാക്കിയിട്ടാ പോയത്, അറിയാലോ?'

ഷിജോ തലയാട്ടി.

'ആ സൽപേര് കളഞ്ഞ്കുളിക്കാതെ നല്ല കാര്യങ്ങള് മാത്രം ചെയ്യാ. ഇത്രേ എനിക്ക് പറയാനുള്ളു.'

അയാൾ തലയാട്ടി.

'കൊച്ചു കുട്ടികള്യാണ് തന്നെ ഏൽപ്പിക്കണത്. മാതാപിതാക്കൾ നഷ്ടപ്പെട്ടവരാണ് മിക്കവരും. അവർക്ക് ആ തോന്നല്ണ്ടാവാതെ നോക്കണം. അങ്ങിനെ ചെയ്യും എന്ന് കർത്താവിന്റെ പേരിൽ വാക്കു തരണം.'

'ഞാൻ കർത്താവിന്റെ പേരിൽ വാക്കു തരുന്നു.' കുമ്പിട്ടുകൊണ്ട് ഷിജോ പറഞ്ഞു.

'ഇനി നമുക്ക് പ്രാർത്ഥിക്കാം.' കസേലയിൽ നിന്ന് എഴുന്നേറ്റ് മേശക്കരികിലേയ്ക്ക് നടന്നുകൊണ്ട് തിരുമേനി പറഞ്ഞു.

പ്രാർത്ഥന കഴിഞ്ഞ് ആശീർവാദം സ്വീകരിച്ച് പോയതിനു ശേഷം പതിനഞ്ചു ദിവസങ്ങൾക്കു ശേഷമാണ് വീണ്ടും വരാൻ യോഗമുണ്ടായത്, അതും അനാഥാലയത്തിൽ ചേർന്ന് നാലു ദിവസത്തിനുള്ളിൽ.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഷിജോ എഴുന്നേറ്റു നിന്നു, തിരിഞ്ഞു നോക്കി. മുമ്പിൽ തിരുമേനിയും പിന്നിൽ വാതിൽ തുറന്നു പിടിച്ചുകൊണ്ട് മാത്യു അച്ചനും. ഷിജോ തിരുമേനിയുടെ മുമ്പിൽ കുമ്പിട്ടുനിന്നു.

'പ്രെയ്‌സ് ദ ലോഡ്.'

തിരുമേനി ഷിജോവിന്റെ കൈ പിടിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ഏകദേശം ഒരു മിനുറ്റ് നീണ്ടു നിന്ന പ്രാർത്ഥനയ്ക്കു ശേഷം തിരുമേനി മേശയുടെ ഇടത്തുവശത്തുകൂടെ നടന്ന് കസേലയിൽ ഇരുന്നു.

'ഇരിക്കു.' മാത്യു അച്ചനോടും ഷിജോവിനോടുമായി തിരുമേനി പറഞ്ഞു.

തിരുമേനി രണ്ടു മിനുറ്റുനേരം ഷിജോവിന്റെ മുഖത്ത് നോക്കിയിരുന്നു, തന്റെ മുഖഭാവങ്ങളിലൂടെ മനസ്സിലേയ്ക്ക് കടന്നുചെന്ന് അവിടം മുഴുവൻ പഠിക്കാനെന്ന പോലെ. സംതൃപ്തനായപോലെ അദ്ദേഹം ചാഞ്ഞിരുന്നു, ഇനിയൊന്നും ചോദിക്കാനും ചെയ്യാനുമില്ലെന്ന മട്ടിൽ. പിന്നെ മുന്നോട്ടാഞ്ഞിരുന്ന് മുമ്പിൽവച്ച ഫയൽ തുറന്ന് അതിലൂടെ കണ്ണോടിച്ചു.

'ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടല്ലോ.' ചോദ്യം മാത്യു അച്ചനോടായിരുന്നു.

'ഇല്ല തിരുമേനി, മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടില്ല. സ്ഥാപനത്തിന്റെ നടത്തിപ്പിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. മറ്റേ കാര്യം ഒന്നും സംസാരിച്ചിട്ടില്ല.'

മറ്റേ കാര്യം എന്താണെന്ന് ഷിജോ ഊഹിച്ചെടുത്തു. അപ്പോൾ തനിക്കു മുമ്പ് ഉണ്ടായിരുന്ന വാർഡന്റെ വിക്രിയകൾ ഇവർക്കറിയാമായിരുന്നു.

'അതേപ്പറ്റി ഇപ്പോൾ പറഞ്ഞുകൊടുക്കു.'

തിരുമേനി അതൃപ്തനായപോലെ. തന്റെ സാന്നിദ്ധ്യത്തിൽ അങ്ങിനെയൊരു കാര്യം ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നു തോന്നുന്നു.

'കാര്യം ഇതാണ്.' മാത്യു അച്ചൻ അറച്ചറച്ചുകൊണ്ട് പറഞ്ഞു. ഇതിനു മുമ്പുണ്ടായിരുന്ന വാർഡന്റെ സ്വഭാവം പെൺകുട്ടികൾ മാത്രം അന്തേവാസികളായിട്ടുള്ള ഒരു സ്ഥാപനത്തിന്റെ വാർഡനു ചേർന്നതല്ല. അതുകൊണ്ടാണ് അങ്ങേരെ മാറ്റി ഷിജോവിനെ വെച്ചിട്ടുള്ളത്.'

സംസാരം ശരിയായ വഴിക്കുതന്നെയാണ് നീങ്ങുന്നതെന്ന മട്ടിൽ തിരുമേനി തലയാട്ടി. മനസ്സിലായെന്ന് ഷിജോ പറഞ്ഞു.

'അതെന്തെങ്കിലുമാവട്ടെ.' തിരുമേനി പറഞ്ഞു. 'ഇനി അങ്ങിനെയൊന്നും ഉണ്ടാവരുത്. അതിനാണ് ജോസഫിന്റെ മകനെത്തന്നെ ഈ സ്ഥാപനം മുഴുവൻ ഏല്പിക്കാൻ തീർച്ചയാക്കിയിരിക്കണത്. മുഴുവൻ.....' ഒരു ഇഫക്ടിനു വേണ്ടി ഒന്നു നിർത്തിയ ശേഷം അദ്ദേഹം പറഞ്ഞു. 'മുഴുവൻ ചാർജ്ജും.'

ഷിജോ ഒരു ചോദ്യത്തോടെ ആദ്യം തിരുമേനിയേയും പിന്നെ മാത്യു അച്ചനേയും നോക്കി. മാത്യു അച്ചൻ തലയാട്ടിക്കൊണ്ട് പറഞ്ഞു.

'ഇന്നു മുതൽ മാനേജർ വരില്ല. അങ്ങേരെ ഒഴിവാക്കിയിരിക്കുണു. ആ ജോലിയും കൂടി ഷിജോ ചെയ്യണം.'

'അതിനനുസരിച്ച് ശമ്പളം കൂട്ടിത്തരും.' തിരുമേനി പറഞ്ഞു. 'അതെത്ര്യാണ്ന്ന് കമ്മിറ്റി തീർച്ച്യാക്കും. എന്താ സമ്മതല്ലേ?'

'ഞാൻ ശ്രമിക്കാം.'

'പിന്നെ,' തിരുമേനി തുടർന്നു. 'അവിടെ ഒരു മാസം എന്തു ചെലവ് വരും എന്ന് ഒരു കണക്കുണ്ടാക്കു. അത് ഈ ആഴ്ചത്തെ മീറ്റിങ്ങിൽ വെയ്ക്കാം. കുട്ടികൾക്ക് ഒരുമാതിരി നല്ല നിലയിൽ കഴിയാനുള്ള ഒരു സ്ഥിതിണ്ടാവണം. ഞാനുദ്ദേശിക്കണത് ആഢംബരൊന്ന്വല്ല, പക്ഷെ നല്ല നിലയില് കഴിയാൻ. അതിന് വേണ്ട ചെലവ് എത്ര്യാണ്ന്ന് പറയണം. ലിസിയോട് സംസാരിച്ചാൽ ഒരു ഏകദേശരൂപം കിട്ടും.'

ഷിജോ തലയാട്ടി. തിരുമേനി എഴുന്നേറ്റു.

'നമുക്ക് ആ പാവം കുട്ടികളുടെ നല്ല ഭാവിയ്ക്കു വേണ്ടി പ്രാർത്ഥിക്കാം.'

മൂന്നു പേരും വട്ടമിട്ടുനിന്നു. ബിഷപ്പ് കണ്ണടച്ചുകൊണ്ട് വളരെ സൗമ്യമായ ശബ്ദത്തിൽ പ്രാർത്ഥന ഉരുവിടാൻ തുടങ്ങി. അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകളിൽ കണ്ണും നട്ട് ഷിജോ അതേറ്റു ചൊല്ലി.

പള്ളിയിലേയ്ക്കു നടക്കുമ്പോൾ മാത്യു അച്ചൻ പറഞ്ഞു.

'തനിക്കതു ചെയ്യാൻ കഴിയും. മാനേജരുടെ ജോലി എന്നു പറഞ്ഞാൽ കുറേ ഭാവനയും വേണ്ട ജോലിയാണ്. ആ മനുഷ്യന് കുറുക്കു വഴിയിൽക്കൂടി പണംണ്ടാക്കാന്ള്ള ഭാവന മാത്രേണ്ടായിരുന്നുള്ളു. ആ സ്ഥാപനം എങ്ങിനെയൊക്കെ നന്നാക്കിയെടുക്കാൻ പറ്റും എന്ന് ഷിജോ ആലോചിച്ചുണ്ടാക്കു. പണം ഒരു പ്രശ്‌നല്ല. പിന്നെ വേറൊരു കാര്യം. ഒരു നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ദാനം ചെയ്തിട്ട്ണ്ട് സ്‌കൂളിലോ കമ്മിറ്റി ഓഫീസിലോ വെക്കാംന്ന് പറഞ്ഞു. രണ്ടുകൊല്ലം പഴക്കേള്ളു. അങ്ങേര് പുതിയ സിസ്റ്റം വാങ്ങിയപ്പോൾ ഇത് തന്നതാണ്. സ്‌കൂളില് ഇപ്പോത്തന്നെ പത്തു കമ്പ്യൂട്ടറുണ്ട്, ഓഫീസിലും ആവശ്യത്തിന് ഒരെണ്ണംണ്ട്. ഇത് വേണങ്കീ അവിടെ വെയ്ക്കാം. ബ്രോഡ് ബാന്റ് കണക്ഷനും എടുത്താ മതി. ഡൊനേഷനു വേണ്ടി പലരുമായി കോൺടാക്ട് ചെയ്യണ്ടി വരും. ഇപ്പൊ സിസ്റ്റർ തെരേസ്യാണ് അതൊക്കെ ചെയ്യണത്. ഷിജോവിന് കൊറ്യൊക്കെ സഹായിക്കാൻ പറ്റും.'

'നല്ല കാര്യാണ്. ഓഫീസ് കാര്യങ്ങളും അതിൽ വെയ്ക്കാലോ. പിന്നെ ഞായറാഴ്ചേം മറ്റ് ഒഴിവ് ദിവസങ്ങളിലും കുട്ടികൾക്കും അതിൽ പ്രാക്ടീസ് ചെയ്യാം, കളിക്കാം.'

'എന്നാൽ ശരി ഷിജോ,' വാച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'എനിക്ക് കുർബാനയ്ക്കുള്ള സമയായി. നന്നായി വരട്ടെ.'

മുറിയിലേയ്ക്ക് നടക്കുമ്പോൾ ഷിജോ ആലോചിച്ചു. കുട്ടികളുടെ സ്ഥിതി നന്നാക്കാൻ തനിയ്ക്ക് കുറച്ചുകൂടി അധികാരം കിട്ടിയാൽ എത്ര നന്നായിരുന്നുവെന്ന് ഇന്നലെക്കൂടി ആലോചിച്ചതാണ്. ഇന്നിതാ എല്ലാ അധികാരവും തന്നിലർപ്പിച്ചിരിക്കുന്നു. എത്ര പെട്ടെന്നാണ്? അയാൾ മാനേജരെ ഓർത്തു. അയാൾ പോയതു നന്നായി. വെറുക്കപ്പെടേണ്ട വൃത്തികെട്ട മനുഷ്യൻ.

മുറിയിലേയ്ക്കു നടക്കാതെ അയാൾ അടുക്കളയിലേയ്ക്കു നടന്നു. വാതിൽ തുറന്നിട്ടിട്ടാണെങ്കിലും മുട്ടിയശേഷമേ അകത്തു കടന്നുള്ളു. ഒപ്പംതന്നെ വിളിക്കുകയും ചെയ്തു.

'ലിസിച്ചേച്ചീ....'

അടുക്കളത്തിണ്ണയ്ക്കരികെ ജനലിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന ലിസി എഴുന്നേറ്റു.

'എന്താ സാർ? ചായ വേണോ?'

ചായ കുടിക്കാനുള്ള ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ല ഷിജോവിന്. ലിസിയെ കാണണം, തിരുമേനിയുമായുണ്ടായ കൂടിക്കാഴ്ചയെപ്പറ്റി സംസാരിക്കണം, കാര്യങ്ങളെല്ലാം നേർവഴിക്ക് നടത്താനുള്ള വഴി തെളിഞ്ഞിട്ടുണ്ട് എന്ന് പറയണം, എന്നൊക്കെയേ ഉണ്ടായിരുന്നുള്ളു. പക്ഷെ ലിസിയുടെ ചോദ്യം അയാളിൽ ചായ കുടിക്കാനുള്ള ആഗ്രഹം ജനിപ്പിച്ചു. ശരിയാണ്, രാവിലത്തെ ടെൻഷനു ശേഷം അതൊരാവശ്യമാണ്. അയാൾ പറഞ്ഞു.

'വേണം ചേച്ചി, നല്ലൊരു ചായ.'

'ഞാൻ കൊണ്ടുവരാം, സാറ് പൊയ്‌ക്കോ.'

'സാരല്ല്യ. ഞാനിവിടെ നിന്നുകൊള്ളാം. പിന്നെ ഞാനിപ്പൊ വരണത് ബിഷപ്പ് പാലസീന്നാണ്.'

എന്തിനാണ് തിരുമേനിയെ കണ്ടതെന്ന മട്ടിൽ ലിസി അയാളെ അദ്ഭുതത്തോടെ നോക്കി, പിന്നെ തിരിഞ്ഞുനിന്ന് ചായക്കുള്ള വെള്ളം ഗ്യാസടുപ്പിനു മുകളിൽ വെച്ചു.

'കുട്ടികള്‌ടെ കാര്യം ഒക്കെ ശര്യാക്കാംന്ന് ഏറ്റിട്ട്ണ്ട്. പിന്നെ വേറൊരു കാര്യം, നമ്മടെ മാനേജര് ഇന്ന്‌തൊട്ട് വരില്ല.'

'എന്തേ?'

'അങ്ങേരെ പിരിച്ചു വിട്ടിരിക്കുണു.'

'അത് തന്ന്യാണ്, കക്ഷിയെ ഇതുവരെ കണ്ടിട്ടില്ല. ഇനി വേറെ ആള് വര്വായിരിക്കും അല്ലെ.'

'ഇല്ല. എന്നോട്തന്നെ അങ്ങേര്‌ടെ ജോലീം ചെയ്യാൻ പറഞ്ഞിരിക്ക്യാണ്.'

'അത്യോ?'

ലിസിയുടെ ശബ്ദത്തിൽ ആഹ്ലാദമുണ്ടായിരുന്നു. ആദ്യമായാണ് അവരുടെ മുഖത്ത് സ്ഥായിയായ നിർവികാരതയ്ക്കു പകരം മറ്റൊരു വികാരം കാണുന്നത്.

'എന്താണ്ടായത്ന്ന് ഞാൻ പറയാം........'

'ചായ നന്നായിട്ട്ണ്ട് ചേച്ചി.'

അതു കുടിച്ചുകൊണ്ട് അയാൾ ലിസിയോട് സംസാരിച്ചു.

-- 6 --

ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ ഒപ്പം വേണമെന്ന് ഷിജോ തീർച്ചയാക്കിയിരുന്നു. കുട്ടികൾക്കും അതിഷ്ടപ്പെടുമെന്ന് തോന്നി.

'ഇനി എന്നും സാറ് ഞങ്ങടെ ഒപ്പം ഭക്ഷണം കഴിക്ക്യോ?' രാവിലെ പ്രാതൽ കഴിക്കുമ്പോൾ ജിസി ചോദിച്ചു. അവളാണ് ഏറ്റവും മൂത്തവൾ.

'നിങ്ങൾക്കൊക്കെ ഇഷ്ടാണോ സാറ് നിങ്ങടെ ഒപ്പം ഊണു കഴിക്കണത്?'

'അതേ.......' ഒരു കോറസ്സായി അവർ പറഞ്ഞു.

'അങ്ങന്യാണെങ്കിൽ ഞാനെന്നും നിങ്ങടെ ഒപ്പം ഭക്ഷണം കഴിക്കാം, ചായേം ഊണും ഒക്കെ മക്കള്‌ടെ ഒപ്പം ഇര്ന്നിട്ട്. പോരെ?'

ലിസി ചിരിക്കുകയാണ്. അവളിൽ പെട്ടെന്നു വന്ന വ്യത്യാസം കണ്ട് ഷിജോ അദ്ഭുതപ്പെട്ടു. ഇന്നും റവ ഉപ്പുമാവു തന്നെയാണ്, പക്ഷെ അതിൽ കൂടുതൽ ഉള്ളി വഴറ്റിയിരിക്കുന്നു. മാത്രമല്ല നല്ലവണ്ണം വേവുകയും ചെയ്തിരിക്കുന്നു. എല്ലാം തനിക്ക് ഈ വീട് നന്നാക്കിയെടുക്കാൻ പറ്റുമെന്നതിന്റെ ലക്ഷണങ്ങളാണ്. മാനേജർ പോയി എന്ന അറിവ് ലിസിയുടെ മനസ്സിൽ എന്തോ രാസപ്രക്രിയ നടത്തിയിരിക്കുന്നു. എന്തായാലും ആരും ഇന്ന് ഉപ്പുമാവ് ബാക്കിയിട്ടില്ലെന്നത് ഷിജോ പ്രത്യേകം ശ്രദ്ധിച്ചു.

ഇന്നുതന്നെയിരുന്ന് ഒരു മാസത്തെ ചിലവുകൾ എന്തൊക്കെയാണെന്നു നോക്കി ആകെ എന്തു വരുമെന്നതിന്റെ കണക്കുണ്ടാക്കി മാത്യു അച്ചനെ ഏല്പിക്കണം. മറ്റന്നാൾ രാവിലെയാണ് കമ്മിറ്റി മീറ്റിങ്ങ്. അതു പാസ്സാക്കി പണം കിട്ടിയിട്ടു വേണം താൻ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടത്താൻ. കുട്ടികൾ ഒന്നായി പുറപ്പെട്ടു പോയപ്പോൾ അയാൾ ഒരു പുസ്തകവും പെന്നുമായി അടുക്കളയിലേയ്ക്കു നടന്നു. ലിസിയോട് സംസാരിച്ചപ്പോൾ ഒരു മാസം എന്തൊക്കെ വേണ്ടിവരുമെന്നതിനെപ്പറ്റി ഒരു ഏകദേശരൂപം കിട്ടി. ഇനി അതുമായി മൊത്തപലചരക്കു കടയിൽ പോണം. എസ്റ്റിമേറ്റ് വാങ്ങിക്കാൻ. പള്ളിയുടെ വലതു വശത്തെ റോട്ടിൽ ഒരു ടെയ്‌ലറിങ് കടയുണ്ട്. ഒരു സ്ത്രീ നടത്തുന്നതാണ്. അവരെ കണ്ട് ഒന്ന് ആലയത്തിലേയ്ക്കു വരാൻ പറയണം. കുട്ടികളുടെ അളവെടുത്ത് അവർക്ക് വേണ്ട നൈറ്റി തുന്നിക്കണം. മറ്റു കാര്യങ്ങളെല്ലാം വഴിയെ ചെയ്യാം.

പുറത്തിറങ്ങാൻ വേണ്ടി വാതിൽ കടക്കുമ്പോഴാണ് മാനേജർ വരുന്നത് കണ്ടത്. ഷിജോ ചിരിച്ചു.

'മാഷ് പുറത്തിറങ്ങ്വാണോ?'

'അതെ, ഇവിടെ അട്ത്ത് വരെ ഒന്ന് പോണം.'

'ഒരര മണിക്കൂർ ഇരിക്കാൻ പറ്റ്വോ?'

'ആവാലോ.'

മാനേജർ പൗഷിൽനിന്ന് താക്കോൽക്കൂട്ടമെടുത്ത് വാതിൽ തുറന്നു.

'വരൂ.'

മാനേജർ നേരെ പോയി മുറിയുടെ ജനൽ തുറന്നു, പിന്നെ എവിടെനിന്നാണെന്നറിയില്ല ഒരു മാന്ത്രികന്റെ കൈവിരുതോടെ ഒരു തുണിയെടുത്ത് കസേല തുടച്ചശേഷം ഇരുന്നു. കുറച്ചുനേരം എതിർവശത്തിരിക്കുന്ന ഷിജോയെ നോക്കിയ ശേഷം പറഞ്ഞു.

'കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടാവും അല്ലെ?'

'എന്തു കാര്യം സാർ?'

'ഞാനേയ് റിട്ടയർ ചെയ്യാണ്. വയസ്സ് പത്തെഴുപതായി. വയ്യ, ഇനി ചെറുപ്പക്കാരാരെങ്കിലും നോക്കട്ടെ. പുത്യ ആള് വരണവരെ കാത്ത് നിൽക്ക്ണില്യ. അപ്പൊ മാഷ്‌ടെ അട്ത്ത് എല്ലാം ഏൽപ്പിച്ചാ മതീന്ന് മാത്യു അച്ചൻ പറഞ്ഞിട്ട്ണ്ട്. ഇന്നലെവരെള്ള കണക്ക് കാണിച്ചു തരാം. ഇവിടെ ഇപ്പൊള്ള സ്റ്റോക്ക് എടുത്ത് അതും കയ്യില്ള്ള കാശും മാഷെ ഏൽപ്പിക്കാം. അടുക്കളേല്‌യ്ക്ക് വാങ്ങിയതിന്റെ സ്റ്റോക്ക് എട്ക്കാൻ പറ്റുംന്ന് തോന്ന്ണില്ല്യ, ദിവസോം അതീന്ന് എട്ത്ത് ഉപയോഗ്ക്ക്യാണല്ലോ. പിന്നെ ലിസിയ്ക്ക് കണക്ക് വെക്കാനൊന്നും അറീല്യ.'

'അപ്പൊ സാറെന്താണ് പെട്ടെന്ന് പോണത്?'

'എന്നെങ്കിലും ഒരു ദിവസം എറങ്ങണ്ടെ. അതിന്നാവാംന്ന് വെച്ചു. അത്ര്യന്നെ.'

മാനേജർ താക്കോൽക്കൂട്ടമെടുത്ത് അലമാറികൾ തുറന്ന് അതിലുള്ള ഓരോ സാധനങ്ങളായി പുറത്തെടുത്ത് എണ്ണാൻ തുടങ്ങി.

'ഇതൊക്കെ രജിസ്റ്ററില്ണ്ടാവില്യേ?'

'ണ്ടാവും. അതും ശരിക്ക്ള്ള സ്റ്റോക്കും കൂടി ടാലി ചെയ്യ്ണ്‌ണ്ടോന്ന് നോക്കണ്ടെ? ഹാന്റോവറ് ചെയ്യണേന്റെ മുമ്പെ അത് നോക്ക്വാ നല്ലത്. അല്ലെങ്കിൽ ആ ഐറ്റം ഇല്ല ഈ ഐറ്റം ഇല്ല എന്നൊക്കെ പിന്നെ പറഞ്ഞാൽ വിഷമാവും.'

'ശരി.'

വളരെ കുറച്ച് സാധനങ്ങളേ അലമാറിയിൽ ഉണ്ടായിരുന്നുള്ളു. ഈ മനുഷ്യൻ ഒരു പഠിച്ച കള്ളനാണ്. ഒരു പക്ഷെ വാർഡൻ പോയതോടുകൂടി ഇങ്ങിനെയൊരു പ്രതിസന്ധി പ്രതീക്ഷിച്ച് അതിനുള്ള തയ്യാറെടുപ്പും നേരത്തെ തുടങ്ങിയിട്ടുണ്ടാവണം. സാധനങ്ങളെല്ലാം അലമാറിയിൽ തിരിച്ചു വെയ്ക്കാൻ അയാൾ മാനേജരെ സഹായിച്ചു. തിരിച്ച് കസേലയിൽ വന്നിരുന്ന് രജിസ്റ്ററിന്റെ അടിയിൽ 'എല്ലാം കിട്ടിബോധിച്ചു' എന്നെഴുതി ഷിജോ പെന്ന് മേശപ്പുറത്തു വെച്ചു. മാനേജർ മേശവലിപ്പിൽ നിന്ന് ഒരു പഴയ ബിസ്‌ക്കറ്റ് പെട്ടിയെടുത്തു തുറന്ന് അതിലെ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. അതും ഡേബുക്കുമായി ടാലി ചെയ്യുന്നത് ഷിജോവിന് കാണിച്ചുകൊടുത്തു.

'ഇതാ ഇതിൽ ഏഴായിരത്തി ഒരുനൂറ്റി അറുപതു രൂപ അമ്പത് പൈസ ഉണ്ട്. ഇതും കിട്ടിയെന്ന് എഴുതി ഒപ്പിട്ടുതരൂ.' പെട്ടി ഷിജോവിനെ ഏല്പിച്ച ശേഷം അയാൾ എഴുന്നേറ്റു.

'ഇനി എനിക്കിവിടെ ഒന്നും ചെയ്യാനില്ല. ഞാൻ പോട്ടെ. എന്തെങ്കിലും സംശയണ്ടങ്കില് ഫോണില് വിളിച്ചാ മതി. ഇതാ താക്കോൽക്കൂട്ടവും ഏല്പിക്കുണു.'

കാലൻ കുടയും ഇടത്തെക്കയ്യിൽ പൗഷുമായി വളരെ സാവധാനത്തിൽ പടിയിറങ്ങിപ്പോകുന്ന മനുഷ്യനെ ഷിജോ നോക്കി നിന്നു. ഒരുപക്ഷെ തന്റെ അനുകമ്പയ്ക്കു വേണ്ടിയായിരിക്കണം അയാൾ നടത്തം ക്ഷീണിച്ചപോലാക്കിയത്. സാധാരണ അയാളുടെ നടത്തത്തിൽ യാതൊരു ക്ഷീണവും കാ ണാറില്ല.

'അയാള് പോയി അല്ലെ?' അടുക്കളയിൽനിന്ന് നടന്നുവന്ന ലിസി ചോദിച്ചു.

'പോയി ചേച്ചി.'

'നന്നായി, വല്ലാത്തൊരു മനുഷ്യൻ.'

'എന്താ ചേച്ചീ?'

'ഒന്നുല്യ.'

അവർ എന്തോ മറച്ചുവെയ്ക്കുന്നുണ്ടെന്ന് ഷിജോവിനു തോന്നി. തോന്നലായിരിക്കാം. വഴിയെ മനസ്സിലാകും.

'ഞാനൊന്ന് മാർക്കറ്റിൽ പോയി വരാം. മാസം എന്തു ചെലവു വരും എന്നത് കണക്കാക്കാൻ ഒരെസ്റ്റിമേറ്റ് വാങ്ങണം. എന്തെങ്കിലും അത്യാവശ്യം വാങ്ങേണ്ടതുണ്ടോ?'

'അങ്ങിനെയൊന്നും ഇല്ല്യ. ശരിക്കു പറഞ്ഞാൽ എല്ലാം വാങ്ങേണ്ടതുതന്നെ.'

'മറ്റന്നാളത്തെ കഴിയട്ടെ. മറ്റന്നാളാണ് കമ്മിറ്റി മീറ്റിങ്ങ്. അതു കഴിഞ്ഞാൽ അവർ പണം സാങ്ഷനാക്കും. ഇപ്പൊ തിരിച്ചു വരുമ്പോൾ കുറച്ചു ചിക്കൻ വാങ്ങിക്കൊണ്ടുവരാം. കുട്ടികൾക്ക് ഒരു സദ്യയാവട്ടെ.'

'ചിക്കനോ?' ലിസിയുടെ കണ്ണുകൾ വികസിച്ചു. അവളും ചിക്കനോ ഇറച്ചിയോ മീനോ കഴിച്ചിട്ട് വർഷങ്ങളായിക്കാണും.

'ങാ, അതോ ബീഫാണോ വേണ്ടത്?'

'ചിക്കൻ മതി. മറ്റേത് എല്ലാ കുട്ടികൾക്കും ഇഷ്ടായീന്ന് വരില്ല. കോതമ്പ് മാവ് ഇരിക്കുന്നുണ്ട്. അതോണ്ട് ചപ്പാത്തീംണ്ടാക്കാം.'

ഗെയ്റ്റ് കടക്കുമ്പോൾ ഷിജോവിന്റെ മനസ്സിലുണ്ടായിരുന്ന ചിത്രം പതിനാറു പെൺകുട്ടികൾ മേശക്കു ചുറ്റുമിരുന്ന് ചിരിച്ചു കളിച്ചുകൊണ്ട് ചിക്കൻ കറി കൂട്ടി ചപ്പാത്തി തിന്നുന്നതാണ്.

വളരെ കുട്ടിക്കാലത്താണ്. ഒരിക്കൽ അപ്പൻ എന്തോ ചെറിയ സഹായം ചെയ്തു കൊടുത്ത ഒരാൾ രാവിലെ ഒരു വലിയ ചിക്കൻ കൊണ്ടുവന്നു. തനിക്കും അനിയത്തിയ്ക്കും വളരെ സന്തോഷമായി. ഭക്ഷണത്തിൽ ചിക്കൻ എന്നൊരു വിഭവം കണ്ടിട്ട് കാലം കുറേയായി. തങ്ങൾ അതിനു ചുറ്റിപ്പറ്റി നിന്നു. അപ്പൻ പുറത്തുവന്നു കാര്യം ഇതാണെന്നു മനസ്സിലായപ്പോൾ വല്ലാതെ ക്ഷോഭിച്ചു.

'ഞാൻ തനിക്ക് ചെയ്തു തരേണ്ട ഒരു കാര്യം മാത്രേ ചെയ്തിട്ടുള്ളു. അതിനാണോ താൻ ഇങ്ങനെ ഒരു കൈക്കൂലി കൊണ്ടുവന്നു തന്നത്?'

'അയ്യോ കൈക്കൂലിയോ. എനിക്കു സന്തോഷായപ്പൊ കൊണ്ടുവന്നതാ സാർ. അങ്ങിന്യൊന്നും വിചാരിക്കരുത്.'

എന്തു പറഞ്ഞാലും അപ്പൻ സമ്മതിക്കില്ല. അവസാനം അയാൾക്കതു തിരിച്ചു കൊണ്ടു പോകേണ്ടി വന്നു. അപ്പൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വാടിയ രണ്ടു കൊച്ചു മുഖങ്ങളാണ്. അപ്പൻ വല്ലാതായി. കുറച്ചു നേരം നോക്കി നിന്ന ശേഷം തന്നെ അടുത്തു വിളിച്ചു ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

'മോനെ, അപ്പന്റെ കയ്യിൽ കാശു വരുമ്പൊ വാങ്ങിക്കൊണ്ടുവരാം. ഇങ്ങിനത്തെ കാശും സാധനങ്ങളും നമുക്ക് വേണ്ട.'

അഞ്ചെട്ടു ദിവസങ്ങൾക്കുള്ളിൽ അപ്പൻ പ്രതിജ്ഞ നിറവേറ്റി. പക്ഷെ ഒരാഴ്ച മുമ്പുണ്ടായ ഇഛാഭംഗം കടുത്തതായിരുന്നു. കിട്ടുമെന്ന് പ്രതീക്ഷിച്ച ഇഷ്ടപ്പെട്ട ഒരു സാധനം കൺമുമ്പിൽവച്ച് തട്ടിമാറ്റുകയായിരുന്നു. ഒരുപക്ഷെ അച്ഛന്റെ ധാർമ്മികത തന്നിലേയ്ക്കു പകർന്നുകിട്ടാൻ ആ ഒരു സംഭവം കാരണമായിട്ടുണ്ടാകണം.

-- 7 --

കുട്ടികൾ കുറച്ചൊരാർത്തിയോടെത്തന്നെ ചിക്കനും ചപ്പാത്തിയും കഴിക്കുന്നത് ലിസി നോക്കിനിന്നു. ഷിജോവും അതുതന്നെയായിരുന്നു നോക്കിയിരുന്നത്. അതിനിടയ്ക്ക് സ്വന്തം ഭക്ഷണം കഴിക്കാനയാൾ മറന്നു.

'ഇന്നെന്താ സാറിന്റെ ബർത്ത്‌ഡേയാണോ?' എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന രേവതി ചോദിച്ചു.

ഷിജോ തലയാട്ടി. 'ഇന്നു മാത്രല്ല. ഇനിതൊട്ട് എന്നും എന്റെ ബർത്ത്‌ഡേയാണ്.'

ആ എട്ടു വയസ്സുകാരിയുടെ മുഖത്ത് അദ്ഭുതം, സംശയം.

'അതെങ്ങനാ എന്നും പിറന്നാള്ണ്ടാവണ്?'

'നിങ്ങളൊക്കെ ഒപ്പള്ളപ്പോൾ എങ്ങിന്യാ എന്നും പിറന്നാളാവാതിരിക്കണത്?'

'ഈ ജിസി ഒന്നും കഴിക്ക്ണില്ല്യല്ലോ?' മേശയുടെ അങ്ങേത്തലയ്ക്കൽ ഇരിക്കുന്ന ജിസിയുടെ പിന്നിൽ നിന്നുകൊണ്ട് ലിസിച്ചേച്ചി പറഞ്ഞു. ഷിജോ നോക്കിയപ്പോൾ വിളമ്പിയതൊക്കെ അവളുടെ പ്ലെയ്റ്റിൽ അങ്ങിനെത്തന്നെ കിടക്കുന്നു.

'എന്തു പറ്റി മോളെ?'

അവൾ ഒന്നുമില്ലെന്ന് ചുമൽ കുലുക്കിക്കാട്ടി, പിന്നെ എഴുന്നേറ്റ് വാഷ് ബേസിനിൽ പോയി കൈകഴുകി പുറത്തേയ്ക്കു പോയി. പിന്നാലെ ആനിയും പോകാനൊരുങ്ങി.

'ജിസിയ്ക്ക് എന്തു പറ്റീ, ആനീ?' ഷിജോ ചോദിച്ചു.

'വയറുവേദനണ്ട്ന്ന് പറഞ്ഞിരുന്നു സാർ.' അവളും പുറത്തേയ്ക്കു പോയി. മറ്റുള്ള കുട്ടികൾ ഭക്ഷണം തുടർന്നു.

ഷിജോ അസ്വസ്ഥനായി. തന്റെ പ്രശ്‌നങ്ങൾ തുടങ്ങാൻ പോകുന്നേയുള്ളു എന്ന ഉള്ളറിവ് അയാളെ ഭയപ്പെടുത്തി. അയാൾ ലിസിച്ചേച്ചിയെ നോക്കി. അവരും ആലോചനയിലായിരുന്നു. അയാൾ പറഞ്ഞു.

'ലിസിച്ചേച്ചി ഒന്ന് പോയി നോക്കു. വരണവരെ ഞങ്ങള് സ്വന്തം എട്ത്ത് കഴിച്ചോളാം.'

അവർ പോയി. പഴയ വാർഡനെപ്പറ്റി അവർക്ക് എത്രത്തോളം അറിയുന്നുണ്ടാവുമെന്ന് ഷിജോ ആലോചിച്ചു. രാത്രി എട്ടര മണിയോടെ ഭക്ഷണം കഴിഞ്ഞാൽ പുറത്തേയ്ക്കുള്ള വാതിൽ അടച്ച് കുറ്റിയിടുകയാണ് പതിവ്. പിന്നെ ലിസിയ്ക്ക് ഈ പ്രദേശവുമായി യാതൊരു ബന്ധവുമില്ല. വാതിൽ തുറക്കുന്നത് രാവിലെ ആറു മണിയ്ക്കാണ്. അതുവരെ ഇവിടെ എന്തു നടക്കുന്നു എന്നതിനെപ്പറ്റി അവർ അജ്ഞയായിരിക്കും.

ഉച്ച ഭക്ഷണം ഗംഭീരമായി. ലിസിച്ചേച്ചി നല്ലൊരു പാചക വിദഗ്ദയാണെന്ന് മനസ്സിലായി. അവരുടെ പാചക വൈദഗ്ദ്യം പുറത്തു കാണിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടുണ്ടാവില്ല. അതുപോലെത്തന്നെ അവരിൽ ഒളിഞ്ഞു കിടക്കുന്ന മറ്റനേകം കഴിവുകൾ പുറത്തു കൊണ്ടുവരണം. അടുക്കളയെന്ന മടയിൽ ഒളിച്ചിരിക്കുന്ന അവരുടെ വ്യക്തിത്വം പുറത്തേയ്‌ക്കെടുക്കണം.

അയാൾ കൈകഴുകി പുറത്തേയ്ക്കിറങ്ങി. കുട്ടികളുടെ മുറിയിൽ ജിസി കിടക്കുകയായിരുന്നു, ലിസിച്ചേച്ചി അടുത്തിരുന്ന് അവളുടെ പുറം തലോടുകയും. ഒരമ്മ ചെയ്യുന്നപോലെ തോന്നി ഷിജോവിന്. ലിസിച്ചേച്ചി പെട്ടെന്നെഴുന്നേറ്റു.

'ചേച്ചി അവിടെ ഇരിക്കു. തലോടുമ്പോൾ അവൾക്ക് സുഖമുണ്ടെന്നു തോന്നുണു. ലിസി വീണ്ടും ഇരുന്നു.

'വയ്യെങ്കിൽ ഇന്നിനി ക്ലാസ്സിൽ പോണ്ട.' ഷിജോ പറഞ്ഞു. ജിസി അയാളെ നോക്കി. അവളുടെ കണ്ണു നിറഞ്ഞൊഴുകി. 'ആനിയ്ക്ക് ക്ലാസ്സ് കട്ട് ചെയ്യാൻ വല്യ വെഷമല്ല്യെങ്കില് അവളും നിൽക്കട്ടെ.'

എന്തുകൊണ്ടോ ജിസിയെ ഒറ്റയ്ക്കാക്കി പുറത്തു പോകാൻ ഷിജോ ഭയപ്പെട്ടു.

'വല്ല മരുന്നും വേണോ മോളെ?' അയാൾ ചോദിച്ചു. വേണ്ടെന്ന് അവൾ തലയാട്ടി.

കുട്ടികൾ ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തിയിരുന്നു. അവർ പുസ്തകസഞ്ചിയുമെടുത്ത് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു.

'എന്താ ജിസിച്ചേച്ചിക്ക് വയ്യായ സാർ?' നന്ദിത ചോദിച്ചു.

'വയറ് വേദന്യാണ് മോളെ. മോള് പൊയ്‌ക്കോളു.'

കുട്ടികൾ പോയശേഷം ഷിജോ ഓഫീസ് മുറിയിൽ പോയി കസേലയിൽ ഇരുന്നു. എന്താണിതിന്റെയൊക്കെ അർത്ഥം? എവിടെനിന്നാണ് തുടങ്ങേണ്ടതെന്നറിയാതെ ഷിജോ പകച്ചു നിന്നു. പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്. പഴയ വാർഡനെപ്പോലുള്ള ഒരു ചെന്നായയെ നിരാലംബരായ ഈ പെൺകുട്ടികളുടെ ഒപ്പം ഇത്രകാലം എന്തിന് വിട്ടു? ജിസിയോ ആനിയോ മറ്റ് പെൺകുട്ടികളോ ഇതിനിടയ്ക്ക് എന്നെങ്കിലും കുമ്പസാരിച്ചിട്ടുണ്ടാവില്ലെ? അപ്പോൾ മാത്യു അച്ചൻ ഇതിനകം കാര്യമെല്ലാം അറിഞ്ഞുകാണും. അങ്ങിനെയല്ലാതെ അദ്ദേഹം ഇതൊന്നും അറിയാൻ വഴിയില്ല. അച്ഛനും അമ്മയും ബന്ധുക്കളുമൊന്നുമില്ലാത്ത ശരിയ്ക്കും അനാഥയാണ് ജിസി. ആരും ചോദിക്കാൻ വരാനില്ല. വഴിയിലെവിടേയോ ഉപേക്ഷിക്കപ്പെട്ടു കിടന്ന കുട്ടിയാണവൾ.

വരാന്തയിലൂടെ ലിസിച്ചേച്ചി വരുന്നതു കണ്ടു. അയാൾ വിളിച്ചു. 'ലിസിച്ചേച്ചീ.'

അവർ വന്ന് വാതിലിന്റെ കട്ടിള പിടിച്ചുകൊണ്ട് ചോദിച്ചു. 'എന്താ സാർ?'

'വരൂ, അല്ലെങ്കിൽ ഊൺമുറി വൃത്തിയാക്കിയ ശേഷം വന്നാലും മതി.'

'സാരല്യ, അതു പിന്നെ ചെയ്യാം. കൊറച്ച് കഴിഞ്ഞാ ജിസിയ്ക്ക് എന്തെങ്കിലും കഴിക്കാൻ പറ്റ്വോന്ന് നോക്കണം.'

'എന്നാൽ ഇരിയ്ക്കു.'

'ജിസിയ്ക്ക് എന്താണ് അസുഖംന്ന് മനസ്സിലായോ?'

ലിസി ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു.

'എന്താ ഒന്നും പറയാത്തത്?'

'ഒരു ഡോക്ടറെ കാണിക്ക്യാ, അല്ലാതെ നമ്മളെന്തു പറയാനാ. കൊറച്ച് ദിവസായിട്ട് രാവിലെ എഴുന്നേറ്റാൽ ഛർദ്ദിണ്ടായിരുന്നു. അതിന്റെ കഷ്ടകാലം അല്ലാതെന്തു പറയാനാ?'

'പഴയ വാർഡൻ സാറിനെപ്പറ്റി എന്താണഭിപ്രായം?'

ലിസി ഒന്നും പറയുന്നില്ല.

'ഇനി മുതൽ ഒരു കാര്യം ചെയ്യണം. ചേച്ചിടെ കിടപ്പ് കുട്ടികള്‌ടെ മുറിയിലാക്കണം. അപ്പൊ അവര്‌ടെ പ്രശ്‌നങ്ങളൊക്കെ നേരിട്ട് മനസ്സിലാവും. എന്നോട് പറയാൻ പറ്റാത്ത പലതും ചേച്ച്യോട് പറയും. അതവർക്ക് ഗുണം ചെയ്യും. പിന്നെ, ഈ ഞായറാഴ്ച തുന്നക്കാരി വരും അളവെടുക്കാൻ. കുട്ടികൾക്കൊക്കെ ഈരണ്ടു നൈറ്റി തുന്നിക്കണം. ഒപ്പം ചേച്ചിക്കും രണ്ടെണ്ണം വേണം........ എന്താ ഒന്നും മിണ്ടാത്തത്?'

'ശരി.'

'ഇനി ഈ പ്രശ്‌നം എങ്ങിനെ പരിഹരിക്കാംന്ന് ആലോചിച്ചുണ്ടാക്കട്ടെ. അതിനിടയ്ക്ക് അവളെ ഡോക്ടറെ കാണിക്ക്യാണെങ്കില് ചേച്ചി ഒപ്പം വരണം.'

ലിസി എഴുന്നേറ്റു.

ആദ്യമായി കമ്മിറ്റിയ്ക്കു കൊടുക്കാനായി ഒരെസ്റ്റിമേറ്റുണ്ടാക്കണം. കുട്ടികൾക്കുള്ള നൈറ്റികൾക്ക് ഏകദേശം എന്തു ചെലവു വരുമെന്ന് തുന്നക്കാരി പറഞ്ഞുതന്നിരുന്നു. അയാൾ കടലാസുമെടുത്ത് എഴുതാനിരുന്നു. ഇതു കഴിഞ്ഞിട്ടു വേണം മാത്യു അച്ചനെ കാണാൻ. ജിസിയുടെ കാര്യം എത്രയും വേഗം അദ്ദേഹത്തെ അറിയിക്കണം. താൻ ഒറ്റയ്ക്ക് ചെയ്താൽ ശരിയാവില്ല. എസ്റ്റിമേറ്റുണ്ടാക്കിയ കടലാസുമെടുത്ത് ഷിജോ പുറത്തിറങ്ങി വാതിൽ ഓടാമ്പലിട്ടു. താക്കോലിട്ടു പൂട്ടേണ്ട ആവശ്യമൊന്നും ഷിജോ കണ്ടില്ല. അത് വിശ്വാസമില്ലായ്മയെയാണ് കാണിക്കുന്നത്. ആരെയാണ് അവിശ്വസിക്കുന്നത്? ലിസിച്ചേച്ചിയെയോ, അതൊ തന്റെ അനുജത്തിയുടെ വയസ്സില്ലാത്ത കൊച്ചുകുട്ടികളെയോ?

കുട്ടികളുടെ മുറിയിൽ ജിസി കട്ടിലിൽ എഴുന്നേറ്റിരിയ്ക്കയാണ്. ലിസിച്ചേച്ചിയുടെ കയ്യിലുള്ള പ്ലെയ്റ്റ് ഒരുമാതിരി ഒഴിഞ്ഞിരിക്കുന്നു.

'ജിസി വല്ലതും കഴിച്ച്വോ?'

'ങും,' ഒഴിഞ്ഞ പ്ലെയ്റ്റ് കാണിച്ചുകൊണ്ട് ലിസിച്ചേച്ചി പറഞ്ഞു. 'ഇപ്പൊ അവൾക്ക് കൊഴപ്പൊന്നുംല്ല്യ. വേണങ്കീ സ്‌കൂളീപ്പോവാം.'

'വേണ്ട അവള് വിശ്രമിക്കട്ടെ. ആനിയുംണ്ടല്ലൊ. ഞാനൊന്ന് പൊറത്തു പോയിട്ടു വരാം. ചേച്ചി എടക്കൊന്ന് വന്ന് നോക്കണംട്ടോ.'

ലിസി തലയാട്ടി.

-- 8 --

മാത്യു അച്ചൻ പള്ളിയിൽനിന്ന് പുറത്തു കടക്കുകയായിരുന്നു. ഈ അച്ചൻ എപ്പോഴും തിരക്കിലാണ്. ഷിജോ കരുതി.

'കർത്താവിന് സ്തുതി.'

'എപ്പോഴും സ്തുതിയായിരിക്കട്ടെ. എന്താ ഷിജോ വിശേഷം?'

'ഞാനാ എസ്റ്റിമേറ്റ് കൊണ്ടുവന്നിട്ട്ണ്ട്. കമ്മിറ്റി മീറ്റിങ്ങില് വെയ്ക്കാന്ള്ളത്.'

'ഞാനൊരു പത്ത് മിനിറ്റിനുള്ളില് എത്താം. ഓഫീസില് കാത്തുനിൽക്കു.'

'ശരി അച്ചോ.'

ഓഫീസിൽ കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന സിസ്റ്റർ തെരേസയും ഒരോഫീസ് അസിസ്റ്റന്റും മാത്രമേയുള്ളു.

'എന്താ ഷിജോ?'

'ഒന്നുംല്ല്യ സിസ്റ്റർ, മാത്യു അച്ചൻ കാത്തുനിൽക്കാൻ പറഞ്ഞിട്ട്ണ്ട്.'

'അച്ചന്റെ മുറീല് ഇരുന്നോളു. എനിയ്ക്ക് കുറച്ച് അത്യാവശ്യജോലികൾ തീർക്കാന്ണ്ട്. നാള്യാണ് മീറ്റിങ്ങ്.'

ഫാനിന്റെ സ്വിച്ചിട്ടശേഷം ഷിജോ അച്ചനുവേണ്ടി കാത്തിരുന്നു. ജിസിയുടെ കാര്യം എങ്ങിനെയാണ് തുടങ്ങുക? ഒരച്ചനോട് സംസാരിക്കാൻ പറ്റിയ കാര്യമേയല്ല അത്. പിന്നെ അയാൾ സ്വയം ആശ്വസിച്ചു. താനിത്ര ബേജാറാവേണ്ട ആവശ്യമൊന്നുമില്ല. എല്ലാം അതാതിന്റെ പാട്ടിന് സ്വാഭാവികമായി വന്നുകൊള്ളും.

അഞ്ചു മിനിറ്റിനുള്ളിൽ മാത്യു അച്ചൻ എത്തി. ഷിജോവിന്റെ കയ്യിൽനിന്ന് എസ്റ്റിമേറ്റ് വാങ്ങി കസേലയിൽ പോയി ഇരുന്നു.

'മാനേജര് ഹാന്റോവർ ചെയ്യുമ്പൊ ഏഴായിരത്തി അറുനൂറ്റി അമ്പത് രൂപ തന്നിട്ട്ണ്ട്. അത് ഞാൻ മാസാവസാനം കണക്കുണ്ടാക്കുമ്പൊ ഉൾക്കൊള്ളിക്കാം.'

അച്ചൻ എസ്റ്റിമേറ്റ് മേശപ്പുറത്തു വെച്ചു.

'ഇതില് കുട്ടികൾക്കും ലിസിയ്ക്കും നൈറ്റികള് വാങ്ങാൻ ഒരു തുക വെച്ചിട്ട്ണ്ടല്ലൊ. അതിന്റെ ആവശ്യണ്ടോ? നമ്മടെ സംഭാവനാപെട്ടീല് ധാരാളം പഴേ ഉടുപ്പുകള് ആൾക്കാര് കൊണ്ടുവന്നിട്ണ്ണ്ട്. അതില് നോക്ക്യാ കുട്ടികൾക്ക് പാകള്ളതൊക്കെ കിട്ടും. അതു പോരെ?'

ഷിജോ പെട്ടെന്ന് പോയത് മറ്റുള്ള കുട്ടികളുടെ നരച്ചു കീറിത്തുടങ്ങിയ ഉടുപ്പുകളിട്ട് സ്‌കൂളിൽ പോയിരുന്ന സ്വന്തം കുട്ടിക്കാലത്തേയ്ക്കായിരുന്നു. കീറിയ ഉടുപ്പുകൾ അമ്മ പകലിരുന്ന് തുന്നിവെയ്ക്കും. വലുതായപ്പോൾ ചാരിറ്റിയ്ക്കു വേണ്ടി വീടുകളിൽ കൂട്ടുകാർക്കൊപ്പം പോയിരുന്ന ഓർമ്മയുമുണ്ട്. അയാൾ പറഞ്ഞു.

'അതു പോര അച്ചോ. ഒന്നാമത് ഉപയോഗിച്ച് കീറപ്രാഞ്ചിയായ ഉടുപ്പുകളേ ആൾക്കാർ ദാനം ചെയ്യാറുള്ളു. പിന്നെ അനാഥാലയത്തിലാണെങ്കിലും അവര് അനാഥകളാണ്ന്ന ബോധം ഉണ്ടാക്കാതെ നോക്കണംന്ന്ണ്ട് എനിയ്ക്ക്. ഞാനിവിടെ ചേർന്ന് നാലു ദിവസം കൊണ്ടന്നെ അവര്‌ടെ പ്രകൃതൊക്കെ മാറീരിക്കുണു.'

'ശരി, കമ്മിറ്റി മെമ്പർമാർ പറഞ്ഞേക്കാവ്ണ ഒരു കാര്യം പറഞ്ഞൂന്നേള്ളു. ഞാൻ കുട്ടികൾക്കു വേണ്ടി വാദിക്കാം.'

'പിന്നെ വേറൊരു പ്രധാനപ്പെട്ട കാര്യം പറയാന്ണ്ട്. സ്വകാര്യാണ്, ഇവ്ട്ന്ന് പറഞ്ഞാ ശര്യാവ്വോന്നറീല്യ.'

'വേണ്ട നമ്ക്ക് പള്ളിമേടേല്ക്ക് പോവാം. വരൂ.'

നടന്നുകൊണ്ടിരിക്കെ ഷിജോ പറഞ്ഞു തുടങ്ങി. 'ജിസിയ്ക്ക് രാവിലെ സുഖല്യാതായി. വയറ് വേദന്യാന്നാ എന്നോട് പറഞ്ഞത്. പിന്നെ ലിസിച്ചേച്ചിയാണ് പറഞ്ഞത് ആ കുട്ടിയ്ക്ക് കുറച്ചു ദിവസായിട്ട് രാവിലെ എണീറ്റാൽ ഛർദ്ദിയുണ്ടെന്ന്. ഇതൊരു ഗൗരവായ കാര്യാണ്. ഞാനവിടെ ചേർന്ന് രണ്ടാം ദിവസം ഒരു സംഭവംണ്ടായി, പറയാം........'

രാത്രി ആനി വന്ന കാര്യം കേട്ടുകൊണ്ടിരിക്കെ മാത്യു അച്ചൻ ക്ഷോഭിച്ചു.

'ഞാൻ കുത്തിച്ചോദിച്ചപ്പോഴാണ് അവൾ പറേണത്, പുതിയ വാർഡൻ വന്നാലും ഇതൊന്നും മൊടക്കണ്ട, നിങ്ങള്‌ടെ ഊഴം അനുസരിച്ച് വാർഡന്റെ അടുത്തേയ്ക്ക് രാത്രി വന്നോളൂന്ന് ആ കുട്ടികളോട് അങ്ങേര് പറഞ്ഞൂത്രേ.'

'കർത്താവേ! പക്ഷെ ഷിജോ, എന്താണയാള്‌ടെ ഉദ്ദേശ്യം?'

'എനിക്ക് തോന്നണത് പുതിയ വാർഡൻ എങ്ങിനേങ്കിലും ഇത് അറിയും അപ്പോൾ അയാളേം കുറ്റവാള്യാക്ക്യാൽ ഇതൊന്നും പൊറത്ത് വരില്ലാന്നായിരിക്കും.'

'അതു ശര്യായിരിക്കും. അപ്പൊ ഇത്രയ്‌ക്കൊക്കെ പ്രശ്‌നങ്ങളുണ്ടായിരുന്നോ? പഴയ വാർഡന് ഈ കുട്ടികള്‌ടെ അപ്പൂപ്പനാവാന്ള്ള പ്രായണ്ട്.'

'എന്താണയാളെ മാറ്റാന്ള്ള പ്രേരണ? അല്ല, അച്ചനെങ്ങിനെ ഇതേപ്പറ്റി അറിഞ്ഞു?'

'അതോ?........... അത്....... ഞങ്ങൾ പുരോഹിതന്മാർക്ക് കുമ്പസാരക്കൂട്ടിൽ കേട്ട കാര്യം പുറത്തു പറയാൻ പാടില്ലാന്നാ. പാപം ചെയ്തവർ അത് ദൈവത്തിനുമുമ്പിൽ ഏറ്റുപറയുന്നതാണ്. അതായത് ദൈവത്തിന്റെ പ്രതിപുരുഷന്റെ മുമ്പിൽ. പക്ഷെ കുട്ടികളും മുഴുവൻ ഏറ്റുപറഞ്ഞിട്ടില്ലാന്നല്ലെ കാണിക്കണത്.'

'ആ മനുഷ്യൻ ഈ പാവം കുട്ടികളെ ഭീഷണിപ്പെട്ത്തിയിരിക്ക്യായിരുന്നു. അയാളിനി തിരിച്ചുവരില്ലെന്ന ഉറപ്പു കിട്ട്യപ്പോഴാണ് ആനി ഇത്രെ്യങ്കിലും പറഞ്ഞത്.'

'ഇതൊരു വലിയ പ്രശ്‌നായല്ലൊ. ഷിജോവിന് ഉറപ്പാണോ ആ കുട്ടി കുഴപ്പത്തിലായീന്ന്?'

'അങ്ങിന്യാണ് ലിസിച്ചേച്ചി പറഞ്ഞത്. കല്യാണം കഴിച്ചില്ലെങ്കിലും അമ്മയായില്ലെങ്കിലും അവർക്കതിന്റെ പൊരുൾ പെട്ടെന്ന് പിടുത്തം കിട്ടുന്നുണ്ടാവും. അതുറപ്പിക്കാൻ ഒരു വഴിയേയുള്ളു. ഡോക്ടറെ കാണിക്ക്യ. ഉറപ്പാക്കാൻ പറ്റുമല്ലൊ.'

'ഇതുറപ്പാക്കാൻ ഡോക്ടറ്‌ടെ അട്‌ത്തൊന്നും പോണ്ട. മൂത്രം ടെസ്റ്റ് ചെയ്താൽ മതി.' മാത്യു അച്ചൻ പറഞ്ഞു.

'ഉറപ്പായാലോ?'

'ഷിജോ, അതാണ് വല്യേ ചോദ്യം. അതിന്ള്ള ഉത്തരം അത്ര എളുപ്പല്ല. തല്ക്കാലം ആരോടും പറയണ്ട, പ്രത്യേകിച്ച് തിരുമേനിയോട്. പഴയ വാർഡൻ പെൺകുട്ടികളോട് അത്ര നന്നായിട്ടല്ല പെരുമാറ്ണത്ന്ന് മാത്രേ അദ്ദേഹത്തിനറിയു. കാര്യങ്ങൾ അതിരുകടന്നു എന്നറിഞ്ഞാൽ ആ ശുദ്ധാത്മാവ് ക്ഷോഭിക്കും. ഞാനൊരാളെ പറഞ്ഞു വിടാം. അയാള്‌ടെ കയ്യിൽ മൂത്രത്തിന്റെ സാമ്പ്‌ള് കൊടുത്തുവിട്ടാമതി. ഇന്നന്നെ അയാളെ അയക്കാം. അല്ലെങ്കീ വേണ്ട അതിവിടെ കൊണ്ടുവന്ന് സിസ്റ്റർ തെരേസടെ കയ്യില് കൊടുത്താമതി. അയാളും എന്തിനാ അറീണത് എവ്ട്ത്ത്യാന്നൊക്കെ? കുട്ടീടെ പേരൊന്നും കൊടുക്കണ്ട. പ്രസ്സ്‌കാർക്ക് ഒരു ചെറിയ തുമ്പു കിട്ട്യാൽ മതി അവരാ കുട്ടീടെ പേര് നാറ്റിക്കും, സഭേടേം.'

കയ്യിലുള്ള എസ്റ്റിമേറ്റ് നോക്കിക്കൊണ്ട് അച്ചൻ തുടർന്നു.

'ഇത് സാങ്ഷനായീന്ന് തന്നെ വെച്ചൊ. കുട്ടികള് മനുഷ്യരെപ്പോലെ ജീവിക്കട്ടെ.'

'ശരി, അച്ചോ.'

പള്ളിമേടയിലൊന്നും എത്തിയിട്ടില്ലെന്നും മുറ്റത്ത് പടർന്നു നിൽക്കുന്ന മാവിൻ ചുവട്ടിൽ നിന്നുകൊണ്ടാണ് സംസാരിച്ചിരുന്നതെന്നുമുള്ള ബോധം അപ്പോഴാണ് ഷിജോവിനുണ്ടായത്. നേരിയ തണുപ്പുള്ള കാറ്റ് സാന്ത്വനമായി തലോടുന്നു.

'അച്ചോ, ഒരു കാര്യം കൂടി.'

'എന്താ ഷിജോ, പറേ.'

'പഴേ വാർഡൻ ഇപ്പൊ എവിട്യാണ്?'

'അയാളോ? അയാളെ ഇടുക്കീടെ അട്ത്ത്ള്ള ഒരു സ്ഥലത്ത് ആൺകുട്ട്യോള് മാത്രംള്ള അനാഥാലയത്തിലേയ്ക്ക് മാറ്റിയിര്ക്ക്യാണ്.'

ഷിജോ അസ്വസ്ഥനായി. ആ മനുഷ്യന് ആൺകുട്ടി, പെൺകുട്ടി എന്ന വ്യത്യാസമൊന്നുമുണ്ടാവില്ല.

'ശരിയാണ് ഷിജോ പറഞ്ഞത്.'

അച്ചൻ അതു പറഞ്ഞപ്പോഴാണ് താൻ മനസ്സിൽ കണ്ട കാര്യം ഉറക്കെ പറഞ്ഞുവെന്ന് ഷിജോവിന് മനസ്സിലായത്. മാത്യു അച്ചൻ തുടർന്നു. 'അതിനെന്തെങ്കിലും വഴീണ്ടാക്കാം.'

അച്ചൻ തിരിച്ച് ഓഫീസിലേയ്ക്കുതന്നെ നടന്നു.

'ഷിജോ, താൻ സമാധാനായി പൊയ്‌ക്കോ. എനിക്ക് ഓഫീസിൽ കുറച്ചു ജോലിണ്ട്.'

കുറച്ചു പച്ചക്കറികൾ വാങ്ങി പോകാം. പള്ളിവളപ്പിൽനിന്ന് പുറത്തു കടക്കുമ്പോൾ ഷിജോ ആലോചിച്ചു.

-- 9 --

'ജിസിയ്ക്ക് എങ്ങനെണ്ട് ലിസിച്ചേച്ചീ?' പച്ചക്കറികളുള്ള സഞ്ചികൾ ഏല്പിക്കുമ്പോൾ ഷിജോ ചോദിച്ചു.

'ഇപ്പം കൊഴപ്പൊന്നും കാണുന്നില്ല. അവ്‌ട്യൊക്കെ എണീറ്റ് നടക്കുന്നുണ്ട്.'

'ന്നാലും ഒരു കണ്ണ്ണ്ടാവ്വാ നല്ലത് ചേച്ചി. പിന്നെ, നമ്മള്ണ്ടാക്കീട്ട്ള്ള എസ്റ്റിമേറ്റ് സാങ്ഷനാക്കിത്തരാംന്ന് മാത്യു അച്ചൻ പറഞ്ഞിട്ട്ണ്ട്. എന്തൊക്ക്യാണ് വാങ്ങണ്ടത്ന്ന് ഒരു ലിസ്റ്റ്ണ്ടാക്കണം. നാളെ വാങ്ങിക്കൊണ്ടരാം. നാള്യല്ല, മറ്റന്നാള്, തിങ്കളാഴ്ച. പിന്നെ വേറൊരു കാര്യം. ജിസീടെ മൂത്രം ടെസ്റ്റ് ചെയ്യാൻ കൊടുക്കാൻ പറഞ്ഞിട്ട്ണ്ട്. നമ്മളൊന്നും ചെയ്യണ്ട. കുപ്പീലാക്കീട്ട് ഓഫീസില് സിസ്റ്റർ തെരേസടെ കയ്യില് കൊടുത്താ മതീന്ന് പറഞ്ഞിട്ട്ണ്ട്. അവര് ചെയ്തോളും. ഒരു ചെറ്യ കുപ്പി വേണം, ഇവ്‌ടെണ്ടാവ്വോ?'

'മൂത്രം പരിശോധിച്ചാ മനസ്സിലാവ്വോ?'

'ങും. കുപ്പിണ്ടോ?'

'ണ്ടാവും, കഴുകി എട്ക്കണം. ഞാൻ കഴുകിത്തരാം.'

'ചേച്ചി വാങ്ങിവെച്ചാ മതി. ഇപ്പൊത്തന്നെ പറ്റില്ലേ?'

'ചെയ്യാലോ.'

അയാൾ കുട്ടികളുടെ മുറിയിലേയ്ക്കു നടന്നു. ജിസിയും ആനിയും ഓരോ ടെക്സ്റ്റ് ബുക്കും തുറന്നുവെച്ച് സംസാരിക്കുകയായിരുന്നു. എന്തോ കാര്യമായ വിഷയമായതുകൊണ്ട് ഷിജോ മുറിയുടെ വാതിൽക്കൽ നിൽക്കുന്നതവർ കണ്ടില്ല. പെട്ടെന്ന് ആനി ചാടി എഴുന്നേറ്റു.

'സാർ!'

'എങ്ങിനെണ്ട് ജിസിയ്ക്ക്? ജിസി അവിടെത്തന്നെ ഇരുന്നോളു, എഴുന്നേൽക്കണ്ട.'

അവൾ പക്ഷെ ഇരുന്നില്ല.

'ഇപ്പൊ ഭേദായി സാർ.'

'ഗുഡ്.' ഷിജോ വരാന്തയിലേയ്ക്കു കടക്കുമ്പോഴാണ് ലിസിച്ചേച്ചി കുപ്പിയുമായി വരുന്നത്. താൻ അതിനെപ്പറ്റി ജിസിയോട് ഒന്നും പറഞ്ഞില്ലെന്നയാൾ ഓർത്തു. സാരമില്ല. ചില കാര്യങ്ങൾ ലിസിച്ചേച്ചിയ്ക്ക് വിട്ടുകൊടുക്കുകയാണ് നല്ലത്.

സാംപ്ൾ അടങ്ങിയ കുപ്പി കടലാസ്സിൽ പൊതിഞ്ഞ് കമ്മിറ്റി ഓഫീസിലേയ്ക്ക് നടക്കുമ്പോൾ കുട്ടികൾ സ്‌കൂൾ വിട്ടു വരികയായിരുന്നു. കുട്ടികളെല്ലാരുംകൂടി ഒന്നിച്ചാർത്തു വിളിച്ചു.

'ഷിജോ സാർ....'

ആദ്യമായിട്ടായിരിക്കണം വാർഡനെക്കാണുമ്പോൾ അവർ ആർത്തുവിളിക്കുന്നത്. ഡൈനിങ്‌റൂമിൽ അവർക്ക് വേണ്ടി ചായയും എന്തെങ്കിലും പലഹാരവും കാത്തുകിടപ്പുണ്ടാവും. ചായ എന്നും പതിവുള്ളതാണ്. കുട്ടികൾ വൈകുന്നേരം സ്‌കൂൾ വിട്ടു വരുമ്പോൾ എന്തെങ്കിലും പലഹാരം ഉണ്ടാക്കിക്കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

കീശയിൽ വെച്ച ഫോൺ ശബ്ദമുണ്ടാക്കി. വീട്ടിൽ നിന്നാണ്. എന്താണ് വിളിക്കുക കൂടി ചെയ്യാത്തത് എന്ന പരാതി.

'അമ്മേ ഞാൻ വളരെ തിരക്കിലാണ്. ഓടിച്ചാടി നടക്ക്വാണ്. ഇവിടത്തെ മാനേജരെ പറഞ്ഞുവിട്ടു. ഇപ്പൊ അങ്ങേര്‌ടെ ജോലീം ചെയ്യണം. ഞാൻ നാളെ വൈകീട്ട് വരാം. പോരെ.......'

'അതൊക്കെ നേരിട്ട് കാണുമ്പോ പറയാം. ലിജി എന്തു പറയുണു?........ ശരി, ശരി.'

ഭാഗ്യത്തിന് സിസ്റ്റർ തെരേസ ഓഫീസിൽ ഒറ്റയ്ക്കായിരുന്നു. കുപ്പി കൊടുത്തപ്പോൾ അവർ പറഞ്ഞു. 'ബാബുച്ചേട്ടൻ ഇപ്പൊ വരാംന്ന് പറഞ്ഞിട്ട്ണ്ട് ഇത് കൊണ്ടോവാൻ. അയാള് ഷിജോവിനെ കാണണ്ട. ആള് കൊറച്ച് ചെകഞ്ഞ് നോക്കണ ടൈപ്പാണ്. സ്വകാര്യൊക്കെ മനസ്സിൽ വെയ്ക്കും, പക്ഷെ അയാള് എന്തിനാണ് അറീണത്?'

'ഇതിന്റെ റിസൾട്ട് എപ്പഴാണ് കിട്ട്വാ?'

'വേഗം കിട്ടുംന്നാ തോന്നണത്. കിട്ട്യാൽ ഫോൺ ചെയ്ത് പറഞ്ഞാപ്പോരെ?'

'ശരി.'

തിരിച്ച് സ്ഥാപനത്തിലേയ്ക്ക് നടക്കുമ്പോൾ അയാൾ ആലോചിച്ചു. ഇതൊരു വെറും ഉറപ്പാക്കൽ മാത്രാണ്. ഇനി? അയാളുടെ മുമ്പിൽ ആ പതിനഞ്ചുകാരിയുടെ ഭാവി മാത്രമായിരുന്നു അപ്പോൾ. മാത്യു അച്ചൻ എന്താണ് പറയുക എന്നറിയില്ല. കളയാൻ അദ്ദേഹം സമ്മതിക്കുമോ എന്നും അറിയില്ല. നമ്മുടെ മതം അതിനൊക്കെ എതിരാണ് എന്നൊക്കെ പറയുമോ ആവോ? പിന്നെ പതിനഞ്ചു വയസ്സ് പ്രായം മാത്രം. ഈ പ്രായത്തിൽ ഒരമ്മയാവുന്നതിന്റെ റിസ്‌ക് എന്തായിരിക്കും. പോട്ടെ അതൊക്കെ കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ആ കുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസികസമ്മർദ്ദവും നാണക്കേടും. ഒക്കെക്കഴിഞ്ഞ് ഈ കുറ്റകൃത്യം ചെയ്ത, ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ച ആൾക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു. ഈ ലോകത്തിന് എന്തോ തകരാറുണ്ട്. ഒന്നുകിൽ തനിയ്ക്ക് ഇതിൽ നിന്നൊക്കെ ഒഴിവായിപ്പോകാം. അല്ലെങ്കിൽ ഇതിനൊക്കെ എതിരായി പൊരുതാം. ഒഴിവായിപ്പോകുന്നത് ഭീരുത്വമാണ്.

മുറിയിലെത്തിയ ഉടനെ ആനി വന്നു.

'സാർ, ഒരു കാര്യം പറയാന്ണ്ടായിരുന്നു.'

'പറേ മോളെ.'

'എനിക്ക് ജിസിടെ കാര്യത്തില് പേട്യായിരിക്കുണു.'

'എന്തേ?'

'അവളിന്ന് പറയ്യാണ്...' ഭയത്തോടെ പിന്നിലേയ്ക്കു നോക്കിക്കൊണ്ട് അവൾ തുടർന്നു. 'നിനക്കെന്റെ ഒപ്പം ചാവാൻ പറ്റ്വോന്ന്. അവൾക്ക് ഒറ്റയ്ക്ക് ചാവാൻ വയ്യ, അപ്പൊ രണ്ടുപേരും കൂടി മരിക്കാംന്ന്.'

'നീ എന്തു പറഞ്ഞു?'

'എനിക്ക് പറ്റില്ലാന്ന്. അവളും ചാവണ്ട, സാറ് എന്തെങ്കിലും വഴി കണ്ടുപിടിക്കുന്നുണ്ടാവും ന്ന് പറഞ്ഞു.'

'ഞാൻ അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്ക്യാണ്. ആത്മഹത്യ ഒരു പരിഹാരല്ല, പ്രശ്‌നങ്ങള് പരിഹരിക്ക്യാണ് വേണ്ടത്. നിങ്ങളിത് മറ്റു കുട്ടികളോടൊന്നും പറഞ്ഞിട്ടില്ലല്ലൊ?'

'ഇല്ല സാർ.'

'ഇപ്പൊ ഞാനും ലിസിച്ചേച്ചീം മാത്യു അച്ചനും മാത്രെ അറിഞ്ഞിട്ടുള്ളു. എന്തെങ്കിലും ചെയ്യാമെന്നു പറയു. പിന്നെ, അവളെ ഒന്ന് ശ്രദ്ധിക്കണം, ഒറ്റയ്ക്ക് എങ്ങട്ടും വിടര്ത്.'

'ശരി സാർ, ഞാൻ പോട്ടെ. ജിസി ബാത്ത്‌റൂമില് പോയ തക്കം നോക്കി വന്നതാ ഞാൻ.'

രാത്രി എട്ടു മണിയോടെ സിസ്റ്റർ തെരേസ വിളിച്ചു. പരിശോധനാഫലം പോസിറ്റീവാണ്.

'മാത്യു അച്ചൻ ഇപ്പൊ ഫ്രീയാണോ?' ഷിജോ ചോദിച്ചു.

'പള്ളിമേടയില്ണ്ട്. ഒന്ന് ഫോൺ ചെയ്തിട്ട് പോയാൽ മതി.'

ഫോൺ ചെയ്തു.

'തന്നെ വിളിക്കാൻ നിക്ക്വായിരുന്നു ഞാൻ, റിസൾട്ട് അറിഞ്ഞില്ലെ? ഇവിടെ വരു, സംസാരിക്കാം.'

ഷിജോ അടുക്കളയിൽ പോയി.

'ലിസിച്ചേച്ചി, ഞാൻ മാത്യു അച്ചനെ കാണാൻ പോവ്വാണ്. കുട്ടികൾക്ക് ഭക്ഷണം ആയാൽ അവർ കഴിച്ചോട്ടെ. എന്നെ കാത്ത്‌നിൽക്കണ്ട. പിന്നെ ജിസീടെ കാര്യം. റിസൾട്ട് കിട്ടി, നമ്മള് ഭയന്നത് തന്ന്യാണ്. അവളെ ഒന്ന് നല്ലോണം ശ്രദ്ധിക്കണം. ആനി ഇപ്പൊ പറയ്യാണ് അവളോടും ജിസീടെ ഒപ്പം മരിക്കാൻ പറ്റ്വോന്ന് ചോദിച്ചൂന്ന്. കുഴപ്പൊന്നുംണ്ടാക്കാതെ നോക്കണേ.'

മാത്യു അച്ചൻ മുമ്പിലുള്ള കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി എന്തോ ബ്രൗസ് ചെയ്യുകയായിരുന്നു. ഷിജോവിനോട് ഇരിക്കാൻ ആംഗ്യം കാണിച്ച് അദ്ദേഹം മോണിറ്ററിലേയ്ക്ക് തിരിഞ്ഞു. ഒരഞ്ചു മിനുറ്റിന്റെ വിടവിനു ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

'ഷിജോ, നമ്മടെ മുമ്പില് രണ്ട് വഴികളാണ്ള്ളത്. ആദ്യത്തേത് പോലീസിലറിയിക്കലാണ്. രണ്ടാമത്തേത്, എനിക്ക് ഒരു പുരോഹിതൻ എന്ന നിലയിൽ പറയാൻ വിഷമണ്ട് അതായത് ഒരു പുതിയ ജീവൻ അവസാനിപ്പിച്ച് ആ പെൺകുട്ടിയെ രക്ഷിക്ക്യാന്ന്ള്ളതാണ്. കർത്താവിന് നിരക്കാത്ത ഒരു കാര്യം ചെയ്ത മനുഷ്യനെ ഇനി ഒരിക്കലും പാപം ചെയ്യാനാവാത്ത വിധം ഒരു നിലയിലാക്കും ചെയ്യാ. ഇതിൽ ആദ്യത്തേതാണ് നമുക്ക് സേയ്ഫായിട്ടുള്ളത്. പോലീസ് കാര്യങ്ങൾ നടത്തിക്കൊള്ളും.'

'അതു വേണ്ട അച്ചോ. അതാ കുട്ടിയ്ക്ക് വെഷമാവും.'

'അതാണ് ഞാൻ പറയാൻ പോണത്. അവർ ആ കുട്ടിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും പോലീസ് സ്റ്റേഷനിലേയ്ക്കും ഇടുക്കിയിലേയ്ക്കും കോടതിയിലേയ്ക്കും കൊണ്ടോവും. മാധ്യമങ്ങളൊക്കെ അങ്ങിനെയൊരു കാര്യം കിട്ടാൻ കാത്ത്‌നിൽക്കാണ്. അവരിതിന്റെ പിന്നാലെയായിരിക്കും. പിന്നെ കൊറേ ദിവസം ഈ കുട്ട്യായിരിക്കും സ്‌ക്രീനിലും പത്രങ്ങള്‌ടെ പേജ്കളിലും നെറഞ്ഞ് നില്ക്വാ. അതോടെ ആ കുട്ടീടെ ജീവിതം നശിച്ചു. കുറ്റവാളി വല്ല രാഷ്ട്രീയ സ്വാധീനത്തിൽ രക്ഷപ്പെട്ടൂന്നും വരും.'

'ശര്യാണ്. നമുക്ക് വേണ്ടത് ആ കുട്ട്യേ എങ്ങിനേങ്കിലും രക്ഷിക്കലാണ്.'

'നാളെത്തന്നെ തെരേസ്യോട് അവ്‌ടെ വന്നിട്ട് ആ കുട്ടീനെ കൂട്ടി നഴ്‌സിങ്‌ഹോമിലേയ്ക്ക് കൊണ്ടുപോവാൻ പറയാം. അതിനെടയ്ക്ക് ലിസ്യോട് അവളെ പറഞ്ഞ് മനസ്സിലാക്കാൻ പറയണം, അവളടെ സമ്മതം വേണ്ടിവരും. പ്രായപൂർത്തിയാവാത്തതോണ്ട് രക്ഷാകർത്താവിന്റെ സമ്മതം മത്യായിരിക്കും.'

'ശരി, അച്ചോ.'

'ഷിജോ പരിഭ്രമിക്ക്യൊന്നും വേണ്ട. എല്ലാം തെരേസ ചെയ്‌തോളും. പിന്നെ അവൾക്ക് രാവിലെ കാര്യായിട്ട് ഭക്ഷണൊന്നും കൊടുക്കണ്ട. ഓപ്പറേഷൻന്നൊന്നും പറയാനില്യ, വെറും ഒരു ഡി. ഏന്റ് സി യാണ്. ടെസ്റ്റ് റിസൾട്ട് അറിഞ്ഞപ്പോൾ തുടങ്ങിയതാണ് ഞാൻ നെറ്റിലിരിക്കാൻ. എന്താണ് പ്രതിവിധി എന്ന് അറിയാൻ വേണ്ടി. പിന്നെ പഴയ വാർഡന്റെ കാര്യത്തിലും വേണ്ടത് ചെയ്യുന്നുണ്ട്. വേറെ ആളെ ചാർജ്ജെട്ക്കാൻ പറഞ്ഞയച്ചിട്ട്ണ്ട്. നാളെ പുതിയ ആള് പോയി ചാർജ്ജെടുക്കും. പിന്നെ പഴയ വാർഡൻ കാരണം ഒരു കുട്ടീം നശിക്കില്ല.'

'നന്ദി, അച്ചോ.'

'നന്ദി എനിക്കല്ല ഷിജോ, കർത്താവിന് പറേ. കർത്താവല്ലെ വഴി കാണിച്ചു തന്നത്?' തലയ്ക്കു മുകളിൽ ചുമരിൽ തൂങ്ങുന്ന ചിത്രത്തിലേയ്ക്ക് ചൂണ്ടിക്കൊണ്ട് മാത്യു അച്ചൻ പറഞ്ഞു. ഡാവിഞ്ചിയുടെ 'അവസാന അത്താഴം' എന്ന ചിത്രത്തിൽ യേശുവിന്റെ ഇടത്തുവശത്തിരിക്കുന്ന ശിഷ്യൻ മുകളിലേയ്ക്കു ചൂണ്ടിക്കാട്ടുന്നതുപോലെ തോന്നി ഷിജോവിന്. 'പിന്നെ, വേറൊരു കാര്യം ഇതൊന്നും ആരും അറിയണ്ട, പ്രത്യേകിച്ച് ഒപ്പംള്ള കുട്ട്യോള്. ജിസിടെ ഭാവിയ്ക്ക് അത് ദോഷം ചെയ്യും.'

'ശരി, അച്ചോ.'

ഒരു പുരോഹിതന് നൽകാവുന്നത്ര സാന്ത്വനം മാത്യു അച്ചൻ തന്നിരിക്കുന്നു. തിരിച്ചു നടക്കുമ്പോൾ ഷിജോവിന്റെ മനസ്സ് ശാന്തമായിരുന്നു. കാര്യങ്ങളൊന്നും വിചാരിക്കുന്നത്ര പ്രശ്‌നങ്ങളുള്ളതല്ലെന്നും ഏതാനും ദിവസത്തിനുള്ളിൽ കലങ്ങിത്തെളിയാവുന്നതു മാത്രമാണെന്നും മനസ്സിലായി. നാളെ എന്തായാലും അമ്മയെ കാണണം. അമ്മയെ ഓർത്തപ്പോഴാണ് ലിജിയ്ക്ക് മിട്ടായി വാങ്ങിക്കൊടുക്കാറുള്ളത് ഓർമ്മ വന്നത്. ഇന്ന് കുട്ടികൾക്ക് ഓരോ മിട്ടായി വാങ്ങാം. അയാൾ കടയിൽ കയറി.

ഗെയ്റ്റിലെത്തിയപ്പോഴാണ് അവിടെ ആകെ ഭൂകമ്പമായി എന്നു കണ്ടത്. ആനി കരഞ്ഞുകൊണ്ട് ഓടിവന്നു.

'സാർ ജിസ്യെ കാണാല്യ.

'കാണാൻല്യെ? എന്തായീ പറേണത്?'

-- 10 --

ഒരു നിമിഷം മുമ്പുവരെ അനുഭവപ്പെട്ട ശാന്തത ഈ അശാന്തിയുടെ മുന്നോടിയായിരുന്നോ? ആനിയ്ക്ക് സംസാരിക്കാൻ വയ്യെന്നായിരിക്കുന്നു. അയാൾ ചോദ്യം ആവർത്തിച്ചു.

'അതെ സാർ. കുളിക്കണം, അപ്പൊ ലിസിച്ചേച്ചിടടുത്തുപോയി തലേത്തേയ്ക്കാൻ കൊറച്ച് എണ്ണ വാങ്ങട്ടെന്ന് പറഞ്ഞതായിരുന്നു. അവിടെ സംസാരിച്ച് നിൽക്ക്വായിരിക്കുംന്ന് വിചാരിച്ചു. കൊറച്ച് കഴിഞ്ഞിട്ടും കാണാൻല്യാന്ന് കണ്ടപ്പൊ ഞാൻ അടുക്കളേല് പോയിനോക്കി. അവിടെ ചെന്നിട്ടില്ല്യാന്ന് ചേച്ചി പറഞ്ഞു. ഞങ്ങളിവിട്യൊക്കെ നോക്കി.' അവൾ തേങ്ങിത്തേങ്ങിക്കരയുകയാണ്.

ഷിജോ തളർന്നു. എല്ലാം ശരിയായി വരുന്നുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഇങ്ങിനെ ഒരടി കിട്ടുന്നത്. എവിടെയാണ് അന്വേഷിക്കുക? ആരോടാണ് ചോദിക്കുക?

'നിങ്ങളിവിട്യൊക്കെ നല്ലോണം നോക്ക്യോ?'

'നോക്കി സാർ.' ലിസിച്ചേച്ചിയാണ് പറഞ്ഞത്. 'എവിടീംല്ല്യ.'

ഷിജോ ഗെയ്റ്റിലേയ്ക്ക് ഓടി, പുറത്തേയ്ക്കിറങ്ങാൻ മടിച്ച് പകച്ചു നിന്നു. എങ്ങോട്ടാണ് പോകുക? എല്ലാം കഴിഞ്ഞ് അവസാനം പോലീസിലറിയിക്കുകതന്നെ വേണ്ടിവരുമോ?

പെട്ടെന്നാണ് ഒരു ഓട്ടോ മുമ്പിൽ വന്നുനിന്നത്. അതിൽ ജിസിയുണ്ടായിരുന്നു. അവൾ കരയുകയായിരുന്നു.

'എന്തു പറ്റീ മോളെ?'

'എന്തു പറ്റീന്നോ?' ഓട്ടോവിൽ നിന്ന് ചാടിയിറങ്ങിയ ഡ്രൈവർ പറഞ്ഞു. 'ഈ കുട്ടി കാരണം ഞാനും പെടേണ്ടതായിരുന്നു തീവണ്ടിടെ അടിയില്.'

'മോളെ നീ അകത്തേയ്ക്കു പോയി ഉടുപ്പൊക്കെ മാറ്റ്.' അവളുടെ വസ്ത്രങ്ങളിൽ നിലത്തു കിടന്നുരുണ്ട പോലെ ചെളി പിടിച്ചിരുന്നു. 'ലിസിച്ചേച്ചി ഇവള്‌ടെ കാര്യം ഒന്ന് നോക്കു.'

'അകത്തേയ്ക്കു വരു.' ഷിജോ ഡ്രൈവറോട് പറഞ്ഞു. 'ഇവിടന്ന് സംസാരിക്കണ്ട.'

'ഓട്ടോ അകത്തു കയറ്റി ഇട്ടുകൂടെ?'

'പിന്നെന്താ?'

'നിങ്ങടെ ഷർട്ടിലും പാന്റിലും ഒക്കെ ചെളിയായിട്ട്ണ്ടല്ലൊ.' ഓഫീസ് മുറിയിലേയ്ക്ക് അയാളേയും കൂട്ടി നടക്കുമ്പോൾ ഷിജോ പറഞ്ഞു.'

'ചെളിയാവ്വ മാത്രല്ല. അത്യാവശ്യം ദേഹത്തെ തോലൊക്കെ പോയിട്ടുംണ്ട്.' അയാൾ കൈയ്യിന്റെ മുട്ടും പുറംകൈയ്യും കാണിച്ചു. സാമാന്യം നല്ല വീഴ്ചയാണുണ്ടായിട്ടുള്ളത്.

ഓഫീസ് മുറിയിൽ അയാളെ കസേലയിലിരുത്തി ഒരു ചായയുണ്ടാക്കാൻ ലിസിച്ചേച്ചിയെ ഏൽപ്പിച്ച് ഷിജോ തിരിച്ചു വന്നു.

'അപ്പൊ എന്തേണ്ടായത്?'

'നമ്മടെ റെയിൽവേ ഗെയ്റ്റില്ലെ, അവിടെ ഗെയ്റ്റട കിട്ടി. വണ്ടി പോവാൻ കാത്തു നിൽക്ക്വായിരുന്നു ഞാൻ. അപ്പഴാണ് ഈ കുട്ടി റെയിലിന്മേൽക്കൂടി നടന്നുവരണത് കണ്ടത്. കണ്ടതും എനിക്കു തോന്നി എന്തോ പ്രശ്‌നണ്ട്ന്ന്. കുട്ടി ഈ ലോകത്തൊന്നും ആയിര്ന്നില്ല. ട്രെയിൻ വരണ ശബ്ദം കേട്ടു ഞാൻ വേഗം ഓടിച്ചെന്നു. മൂപ്പത്യാർക്ക് മാറാന്ള്ള ഉദ്ദേശ്യൊന്നുംണ്ടായിര്ന്നില്ല. മുട്ടിമുട്ടീല്ല എന്നായപ്പോഴേയ്ക്ക് എനിക്കവിടെ ഓടിയെത്തി അവളേം കൊണ്ട് മറുഭാഗത്തേയ്ക്ക് ചാടാൻ പറ്റി. ആ വീഴ്‌ചേല് പറ്റീതാ ഇതൊക്കെ.' അയാൾ വീണ്ടും കൈമുട്ടും പുറം കൈയ്യും ചെരിപ്പൂരി കാൽപടവും കാണിച്ചുതന്നു.

'കർത്താവേ.'

'അപ്പഴയ്ക്ക് ആൾക്കാരൊക്കെ കൂടി. ഞാനവളെ എട്ത്ത് ഓട്ടോവിൽ കയറ്റി. എന്റെ പേരക്കുട്ട്യാണ്, വീട്ടീന്ന് വാശിപിടിച്ച് ഇറങ്ങിവന്നതാണ്‌ന്നൊക്കെ പറഞ്ഞു. അല്ലെങ്കില് അവരൊക്കെക്കൂടി ഇവളെ നാറ്റിക്കും.'

'അതു നന്നായി.' ഷിജോ പറഞ്ഞു. 'വളരെ നന്ദിണ്ട്. നിങ്ങളവിടെണ്ടായില്ലെങ്കിലത്തെ കാര്യം ആലോചിക്കാൻ വയ്യ.'

'എന്താ കുട്ടീടെ പ്രശ്‌നം?'

'ഈ പ്രായത്തിലെ പെൺകുട്ടികള്‌ടെ കാര്യം പറയാന്‌ണ്ടോ?'

മനസ്സിലായെന്ന മട്ടിൽ അയാൾ തലയാട്ടി.

ലിസിച്ചേച്ചി കൊണ്ടുവന്ന ചായ ഒറ്റ വലിയ്ക്ക് അയാൾ അകത്താക്കി. പാവം ശരിയ്ക്കും അയാൾക്ക് ചായ വേണ്ടിയിരുന്നു.

'കൈയ്യും കാലും കഴുകിക്കോളു, ഞാൻ ഡെറ്റോളിട്ടു തരാം.'

'വേണ്ട വീട്ടീ പോയി കുളിക്കണം, മേലാകെ ചെള്യാണ്.'

'ഞാൻ കുറച്ചു പണം തരാം, അത് വാങ്ങണം.' കീശയിൽനിന്ന് നൂറിന്റെ രണ്ടു നോട്ടുകളെടുത്ത് ഷിജോ ഡ്രൈവരുടെ നേരെ നീട്ടി.

'ഏയ് അതൊന്നും വേണ്ട. എനിയ്ക്ക് ഈ പ്രായത്തില്ള്ള രണ്ട് പേരക്കുട്ടികള്ണ്ട്.' അയാൾ എഴുന്നേറ്റു ചെരിപ്പിട്ടു തിരിഞ്ഞു നടന്നു, പിന്നെ ഒരു വീണ്ടു വിചാരത്തിൽ തിരിച്ചു വന്നു. 'അല്ലെങ്കിൽ അതു തന്നോളു. നാളേയ്ക്ക് മേല് വേദനീം ഒക്ക്യായി ഓട്ടം പോവ്വാൻ പറ്റുംന്ന് തോന്ന്ണില്യ. എന്റെ കുടുംബം നോക്കണ്ടെ. പോമ്പ എന്റെ പേരക്കുട്ട്യോൾക്ക് വല്ല മിട്ടായീം വാങ്ങും ചെയ്യാം. ഇങ്ങിനെ ഒരു സൽക്കർമ്മം ചെയ്തതിന് പ്രായശ്ചിത്തം ചെയ്യേണ്ടെ?'

ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ പോയി. അല്പം തടിച്ച് കഷണ്ടി കയറിയ ആ ഇരുണ്ട മനുഷ്യൻ ഓട്ടോവിനടുത്തേയ്ക്കു നടക്കുമ്പോൾ ഷിജോ ആലോചിച്ചു. നല്ല മനുഷ്യൻ. അയാൾ കൈവീശി ഓട്ടോ സ്റ്റാർട്ടാക്കി പോയി. അപ്പോഴാണ് അയാളുടെ പേരും വിലാസവൂം ഒന്നും ചോദിച്ചില്ലെന്ന് ഷിജോ ഓർത്തത്. ക്ഷോഭത്തിനിടയിൽ അതു മറന്നതാണ്.

ഷിജോ കുട്ടികളുടെ മുറിയിലേയ്ക്കു പോയി. ജിസി കട്ടിലിൽ കിടക്കുകയാണ്. ഉടുപ്പു മാറിയിരിക്കുന്നു. കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നുണ്ട്. അവൾ മാറിയ ചെളിപിടിച്ച ഉടുപ്പുമായി ലിസിച്ചേച്ചി കട്ടിലിനടുത്തു നിൽക്കുകയാണ്. ഷിജോ കട്ടിലിലിരുന്ന് ജിസിയുടെ കൈപിടിച്ച് മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു.

'ആ നല്ല മനുഷ്യൻ സമയത്തിന് വന്നില്ലായിരുന്നൂച്ചാൽ ഞങ്ങളൊക്കെ എത്രത്തോളം വേദനിക്ക്വായിരുന്നു. നിന്റെ പ്രശ്‌നങ്ങൾ തീർക്കാൻ ഷിജോ സാറില്ലെ. ഞാനത് ഓരോന്നോരോന്നായി തീർത്തുകൊണ്ടിരിക്ക്യാണ്. മോള് ഇനി ഇങ്ങിന്യൊന്നും ചെയ്യര്ത്. സമാധാനായി ഇരിയ്ക്ക്.'

ജിസി ഒന്നും പറയാതെ കരയുകയാണ്. കണ്ണീർ ഇരുവശത്തുകൂടി ഒഴുകി തലയിണ നനയ്ക്കുന്നുണ്ട്.

'സാരല്യ മോളെ.'

കുട്ടികൾക്കുവേണ്ടി വാങ്ങിയ മിട്ടായി ഓർമ്മ വന്നു. ആ തിരക്കിൽ അതെവിടെയാണ് വെച്ചതെന്നോർമ്മയില്ല.

'ലിസിച്ചേച്ചീ ഞാനീ കുട്ട്യോൾക്ക് കൊറച്ച് മിട്ടായി കൊണ്ടന്നിട്ട്ണ്ടായിരുന്നു. ആ തിരക്കിൽ എവിട്യാണ് വെച്ചത്ന്ന് ഓർമ്മല്യ.'

'എന്റെ കയ്യിൽത്തര്വേ ചെയ്തത്. ഞാൻ കൊണ്ടരാം.' അവർ പോയി മിട്ടായിപ്പൊതി കൊണ്ടുവന്നു.

'അത് നന്ദിതേടെ കയ്യിൽ കൊടുക്കു. അവളത് എല്ലാർക്കും വിതരണം ചെയ്യട്ടെ.'

നന്ദിതയ്ക്ക് സന്തോഷമായി. എല്ലാവർക്കും കൊടുത്തശേഷം അവൾ പറഞ്ഞു.

'സാർ ഇതില് നാലു മിട്ടായി ബാക്കിണ്ട്.'

'ലിസിച്ചേച്ചിയ്ക്ക് കൊടുത്വോ?'

'ങും, എനിക്കു തന്നു.' ഉള്ളംകൈ തുറന്ന് മിട്ടായി പ്രദർശിപ്പിച്ചുകൊണ്ട് ലിസി പറഞ്ഞു.

'നീയെടുത്തുവോ?'

'ഇല്യാ......' അതിൽനിന്ന് ഒരെണ്ണം പെറുക്കിയെടുത്ത് അവൾ പറഞ്ഞു. 'അപ്പൊ മൂന്നെണ്ണം ബാക്കിണ്ട്.'

'അത് നീയും രേവതീം ആലീസും കൂടി ഭാഗിച്ചെടുത്തോ. നിങ്ങളല്ലേ ഏറ്റവും ചെറിയ കുട്ട്യോള്.'

എഴുന്നേൽക്കുമ്പോൾ ഷിജോ കയ്യിലുള്ള മിട്ടായി ജിസിയ്ക്കു കൊടുത്തു.

'നീയല്ലെ വീണത്. ഇത് പ്രായശ്ചിത്തം ചെയ്യാണ്.' അയാൾ ഉറക്കെ ചിരിച്ചു. ഓട്ടോക്കാരന്റെ 'പ്രായശ്ചിത്തം' എന്ന വാക്കിൽ ചിരിക്കാനുള്ള എന്തോ ഉണ്ടെന്നു തോന്നുന്നു. ജിസിയുടെ ചുണ്ടിലും ചിരിയുടെ നേരിയ ചലനങ്ങൾ.

ഷിജോ ഓഫീസ് മുറിയിൽ പോയി ഇരുന്നു. വല്ലാത്തൊരു ദിവസം, കർത്താവേ ഇങ്ങിനത്തെ ദിവസങ്ങൾക്കു വേണ്ടിയാണോ എന്നെ ഇവിടേയ്ക്ക് വലിച്ചിഴച്ചത്? ലിസിച്ചേച്ചി വാതിൽക്കൽ വന്നുനിന്നു.

'അകത്തു വരൂ ചേച്ചീ.......... ഇരിക്കൂ.'

അവർ കസേലയിലിരുന്ന് അയാളെ നോക്കുകയാണ്, എന്തായീ എന്ന മട്ടിൽ.

'നാളെ രാവിലെ എട്ടു മണിയ്ക്ക് മുമ്പ് തെരേസ സിസ്റ്റർ വരും, ജിസിയെ നഴ്‌സിങ്‌ഹോമിലേയ്ക്കു കൊണ്ടുപോകാൻ. രാവിലെ കാര്യായിട്ട് ഭക്ഷണൊന്നും കൊടുക്കണ്ട. ഒരു മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞ് തിരിച്ചെത്തും. അതിനിടയ്ക്ക് ചേച്ചി ഒറ്റയ്ക്കിര്ന്ന് അവളോട് ഇതേപ്പറ്റി പറഞ്ഞ് മനസ്സിലാക്കണം. ആനി ഒഴികെ മറ്റു കുട്ടികളാരും അറിയണ്ട. അവള് എന്തെങ്കിലും പ്രശ്‌നംണ്ടാക്കാണെങ്കില് എന്നെ വിളിച്ചോളു.'

'എന്റീശോയേ!'

'പിന്നെ, രാവിലെ തുന്നക്കാരി വന്നാൽ പറഞ്ഞാമതി ജിസിയ്ക്കും ദീപേടെ അളവില് തുന്ന്യാ മതീന്ന്. രണ്ടുപേരും ഏകദേശം ഒരേ വലുപ്പല്ലെ?'

'അതെ.'

'തുന്നക്കാരിതന്നെ തുണികള്‌ടെ സാംബിളും കൊണ്ടുവരും. കുട്ടികൾക്ക് ഇഷ്ടപ്പെട്ട തുണിതന്നെ എടുത്തോട്ടെ. ഒരേ തുണിതന്നെ കളർ ചേഞ്ചോ അല്ലെങ്കിൽ ഓരോരുത്തർക്കും വെവ്വേറെ തുണികളോ. വെല്യൊക്കെ ഏകദേശം ഒരേപോല്യായിരിക്കും. ചേച്ചിയും ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോളു.'

'ശരി.'

'കുട്ടികള് ഭക്ഷണം കഴിച്ചുവോ?'

'ഇല്ല. അതിനെടയ്ക്കല്ലെ ഇതൊക്കെണ്ടായത്.'

'ന്നാൽ നമുക്ക് ഊണു കഴിക്കാം. കുട്ട്യോൾക്ക് വെശക്കുന്നുണ്ടാവും. അതു കഴിഞ്ഞാൽ ചേച്ചീടെ കട്ടില് പിടിച്ച് കുട്ട്യോള്‌ടെ മുറീല് ഇടണം. ഇന്നുതൊട്ട്തന്നെ ചേച്ചി അവിടെ കിടക്കൂ.'

ലിസി ഒന്നും പറഞ്ഞില്ല. അവർക്കിഷ്ടമായില്ലേ ആവോ. സാരമില്ല. അവരേയും ഒറ്റയ്ക്ക് പുറത്തൊരു മടയിൽ മാറ്റിയിടുന്നത് ശരിയല്ല.

-- 11 --

ഒരാഴ്ച കഴിഞ്ഞു. ജീവിതം ഒരിക്കൽക്കൂടി സാധാരണ മട്ടായി............ എന്നു തോന്നിച്ചു. ഭക്ഷണക്രമം മാറ്റി, കുട്ടികളുടെ മുഖത്ത് രക്തപ്രസാദമുണ്ടായി. പുതിയ ഉടുപ്പുകളിൽ അവർ ഓടിച്ചാടി നടന്നു. പകലും നൈറ്റിതന്നെയാണ് ഇടുന്നത്. വരട്ടെ അടുത്ത മാസം മാത്യു അച്ചനെക്കൊണ്ട് അവർക്കുള്ള പുതിയ ഉടുപ്പുകൾക്ക് സാങ്ഷൻ വാങ്ങിക്കണം. മുടക്കു ദിവസങ്ങളിൽ പകൽ നൈറ്റിയിടുന്നത് സുഖമില്ല. അതുപോലെത്തന്നെ ഒരു ടി.വി. സെറ്റും വേണം. അതാണ് കുട്ടികളുടെ പുതിയ ഡിമാന്റ്. കുട്ടികളുമായി കൂടുതൽ അടുത്തപ്പോൾ ലിസിച്ചേച്ചി ആകെ മാറിയിരിക്കുന്നു. അവർ ബീഡിവലി നിർത്തി. ഒരമ്മയെപ്പോലെ കുട്ടികളെ ശാസിക്കാനും അവർക്കുവേണ്ടി നല്ല ഭക്ഷണം പാകം ചെയ്തു കൊടുക്കാനും തുടങ്ങി. ഒരു പത്തു ദിവസം കൊണ്ട് ഇത്രമാത്രം മാറ്റം ആ വീടിനുണ്ടായി. അദ്ഭുതം തന്നെ.

ഞായറാഴ്ചത്തെ ബഹളം ഒന്നടങ്ങിയത് ഉച്ചയുറക്കം കഴിഞ്ഞ് എല്ലാവരും ഒന്നിച്ചിരുന്ന് ലിസിച്ചേച്ചിയുണ്ടാക്കിയ ഉള്ളിവടയും ചായയും കഴിച്ചപ്പോഴാണ്. ചായകുടി കഴിഞ്ഞപ്പോൾ ഷിജോ പറഞ്ഞു.

'ഇന്ന് ഞാനൊരു പുതിയ കളി പഠിപ്പിച്ചുതരാം.'

'എന്തു കളി?' എല്ലാവരും ഒന്നിച്ച് ചോദിച്ചു. ഓടിച്ചാടിയുള്ള കളികൾക്ക് അവർക്കീ സമയത്ത് താല്പര്യമുണ്ടായിരുന്നില്ല.

'ഒരു ജിഗ്‌സോ പസിലാണ്. എന്നുവെച്ചാൽ പല കഷ്ണങ്ങളാക്കിയ ഒരു ചിത്രം വീണ്ടും അതാതിന്റെ സ്ഥാനത്ത് അടുക്കിവെച്ച് അതേ ചിത്രം ഉണ്ടാക്കുക.'

കുട്ടികൾക്ക് താല്പര്യം വന്നു. ഷിജോ ഓഫീസ് മുറിയിൽ പോയി ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നോട്ടീസ് ബോർഡും ചിത്രത്തിന്റെ മുറിച്ചുവെച്ച കുറേ കടലാസ് കഷ്ണങ്ങളുമായി തിരിച്ചുവന്നു. ഒപ്പംതന്നെ ചുരുട്ടിവെച്ച ഒരു ചിത്രവും.

'ഈ കടലാസു കഷ്ണങ്ങൾ ഒരു വീടിന്റെ ചിത്രാണ്. അത് മുറിച്ച് കഷ്ണങ്ങളാക്കിയിരിക്ക്യാണ്. പതിനെട്ടു കഷ്ണങ്ങളാണുള്ളത്. ആദ്യത്തെ കഷ്ണം ഞാൻതന്നെ അതിന്റെ സ്ഥാനത്ത് വെയ്ക്കും. പിന്നെ നിങ്ങളോരോരുത്തരായി ഓരോ കഷ്ണം എട്ത്ത് അതാതിന്റെ സ്ഥാനത്ത് വെയ്ക്കണം. സംശയണ്ടെങ്കിൽ ഇതേ ചിത്രം മേശപ്പുറത്ത് ഇതാ നിവർത്തി വെക്കുന്നുണ്ട്, അതു നോക്ക്യാ മതി. ആദ്യം ലിസിച്ചേച്ചി വെയ്ക്കട്ടെ. പിന്നെ എറ്റവും വയസ്സു കുറഞ്ഞവര് തൊട്ട് ചെയ്യണം.'

'ശരി സാാാർ........' നീട്ടലോടുകൂടിയ സാർ വിളിയോടെ അവർക്കത് ഇഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കി.

ഒരു കസേല ചുവരിനോട് അടുപ്പിച്ചിട്ട് അതിന്മേൽ നോട്ടീസ് ബോർഡ് ചാരിവെച്ചു. ചിത്രത്തിന്റെ കഷ്ണങ്ങൾ തിരഞ്ഞ് ഉമ്മറപ്പടിയുടെ ചിത്രം എടുത്ത് ബോർഡിന്റെ എറ്റവും താഴെ നടുവിലായി വെച്ച് ഒരു പിൻകൊണ്ട് ഉറപ്പിച്ചു. ഇനി ലിസിച്ചേച്ചിയുടെ ഊഴമായിരുന്നു. അല്പം മടിയോടെ, ഇതൊക്കെ കുട്ടികൾക്കുള്ള കളിയല്ലെ ഞാനെന്തിനാ എന്ന ഭാവത്തിൽ അവർ ഒരു കഷ്ണം എടുത്തു. അത് വാതിലിന്റെ താഴത്തെ പകുതിയായിരുന്നു. അതെളുപ്പമായിരുന്നു. ഉമ്മറപ്പടിയ്ക്കു മുകളിലായി അവരതു വെച്ചപ്പോൾ ഷിജോ അതൊരു ഡ്രോയിങ് പിന്നുകൊണ്ട് ഉറപ്പിച്ചു. അടുത്ത ഊഴം നന്ദിതയുടേതാണ്. അവൾക്കു കിട്ടിയ കഷ്ണം കുറച്ചു കുഴക്കുന്നതായിരുന്നു. മേശപ്പുറത്തു വെച്ച ചിത്രം കുറച്ചുനേരം നോക്കിയിട്ടും അവൾക്കത് എവിടെയാണ് വെയ്‌ക്കേണ്ടതെന്ന് മനസ്സിലായില്ല.

'സാരല്യ, മറ്റു ചേച്ചിമാര് വെയ്ക്കട്ടെ. അതിനെടയ്ക്ക് മോൾക്ക് മനസ്സിലാവും എവിട്യാണ് സ്ഥാനംന്ന്. അപ്പൊ വെച്ചാ മതി.'

രേവതിയ്ക്കും കിട്ടിയത് അതേപോലെ കുഴക്കുന്ന ഒന്നായിരുന്നു. മേൽപ്പുരയുടെ ഒരു വശം. അവിടേയ്‌ക്കൊന്നും കെട്ടിടം പണിയായിട്ടില്ല. അവളോടും കാത്തുനിൽക്കാൻ പറഞ്ഞു. പിന്നെ ആലീസിന്റെ ഊഴമായിരുന്നു. അവൾക്ക് കിട്ടിയത് വാതിലിന്റെ മേൽഭാഗം. അതവൾ വേഗം അതിന്റെ സ്ഥാനത്ത് വെച്ചു. പിന്നെപ്പിന്നെ ഓരോരുത്തരായി ചിത്രം പൂർണ്ണമാക്കുമ്പോഴേയ്ക്ക് ആകെ ബഹളമായി. ആദ്യം സ്ഥാനം കിട്ടാതെ പിൻമാറിയവർക്ക് വഴി തെളിഞ്ഞുകണ്ടു. 'ഞാൻ, ഞാൻ.....' എന്നു പറഞ്ഞ് അവർ തിരക്കു കൂട്ടി. ജിസിയുടെ ഊഴം വന്ന് അവൾ അവസാനത്തെ ചിത്രക്കഷ്ണമെടുത്തപ്പോൾ ഷിജോ പറഞ്ഞു.

'മോളെ അതു വെയ്ക്കാൻ വരട്ടെ.'

ജിസി ഒരു ചോദ്യത്തോടെ അയാളെ നോക്കി. അയാൾ ചോദിച്ചു.

'ഇപ്പോൾ ചിത്രം പൂർണ്ണായല്ലോ?'

'ഇല്ലാ.......?' ചിത്രത്തിൽ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. 'മേൽപ്പുരേടെ നടുഭാഗം ഒഴിഞ്ഞ് കിടക്ക്വാണ്.'

'ഇതിൽനിന്ന് എന്താണ് മനസ്സിലാവണത്?' ഷിജോ ചോദിച്ചു.

ആരും ഒന്നും പറയുന്നില്ല. ഷിജോ തുടർന്നു. 'നമ്മളിൽ ഓരോരുത്തരും കൂട്ടിച്ചേർത്താലേ ചിത്രം പൂർണ്ണാവൂ. അതുപോലെ നമ്മളെല്ലാവരും കൂടിച്ചേർന്നാലേ നമ്മുടെ ഈ വീട് പൂർണ്ണമാകൂ. അതിലൊരാൾ ഇല്ലെങ്കിൽ ആ വിടവ് അങ്ങിനെ നിലനിൽക്കും. മനസ്സിലായോ?'

കുട്ടികൾ തലയാട്ടി.

'ഇനി ചിത്രം പൂരിപ്പിയ്ക്കൂ.'

ജിസി അവളുടെ കയ്യിലുള്ള കഷ്ണം അതിന്റെ സ്ഥാനത്ത് വെച്ചു. തിരിഞ്ഞുനോക്കിയപ്പോൾ അവളുടെ കണ്ണുകൾ ഈറനായിരുന്നു. എല്ലാവരും കൈകൊട്ടി.

'നമ്മളെല്ലാരും എന്നും ഈ കളി ഓർമ്മിയ്ക്കില്ലേ?'

'ഓർമ്മിയ്ക്കും സാർ.' എല്ലാവരും ഒന്നിച്ചു പറഞ്ഞു.

-- 12 --

വൈകുന്നേരം മാത്യു അച്ചനെ കാണണമെന്ന് ഫോൺ ചെയ്തിരുന്നു. പള്ളിമേടയിൽ മാത്യു അച്ചൻ സാധാരണപോലെ കമ്പ്യൂട്ടറിനു മുമ്പിലായിരുന്നു. ഷിജോ വാതിൽക്കൽ മുട്ടിയപ്പോൾ അച്ചൻ തിരിഞ്ഞുനോക്കി.

'ങാ ഷിജോ? ങാ, ശരി. ഞാനൊരു കാര്യം കാണിക്കാൻ വേണ്ടി വിളിച്ചതായിരുന്നു.' മേശപ്പുറത്തുനിന്ന് മനോരമ പത്രമെടുത്ത് നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'താനീ വാർത്ത വായിച്ചിരുന്നോ?'

'ഏതു വാർത്ത?'

'നോക്ക്, ഇടുക്കീല് ഇന്നലെ കാറ് മുട്ടി ആസ്പത്രീലായ മനുഷ്യൻ മരിച്ചൂന്ന്.'

ഒരു ചെറിയ വാർത്ത, ഒറ്റ കോളത്തിലായി കൊടുത്തിരിക്കുന്നു.

'ഇന്നലെ കാറിടിച്ച് ബ്ലൂവാലി ആശുപത്രിയിൽ പ്രവേശിപ്പിച്ച അറുപതു വയസ്സുകാരൻ മരിച്ചു. സ്ഥലത്തെ ആൺകുട്ടികളുടെ അനാഥാലയത്തിലെ വാർഡനായിരുന്നു അദ്ദേഹം. റിട്ടയർ ചെയ്ത് ഒരാഴ്ചയായിട്ടെയുള്ളു. മുട്ടിയ കാർ നിർത്താതെ ഓടിച്ചുപോയി. കാറിന്റ നമ്പർ എഴുതിയെടുക്കാൻ കഴിഞ്ഞിട്ടില്ല.'

'ഇങ്ങേര്.......?'

'അതെ, അങ്ങേര് തന്നെ. പക്ഷെ ദൈവം തമ്പുരാൻ ഇത്രവേഗം വിചാരണേം, വിധി പറയലും അതു നടപ്പാക്കലും ചെയ്യുംന്ന് ഞാൻ കരുതിയില്ല.'

ഷിജോ വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നു.

'ശരി ഷിജോ, ഇതു കാണിക്കാൻ വിളിച്ചതാ.' റിവോൾവിങ് ചെയറിൽനിന്ന് എഴുന്നേറ്റുകൊണ്ട് മാത്യു അച്ചൻ പറഞ്ഞു. 'വേറെ വിശേഷൊന്നുംല്ല്യല്ലൊ?'

'ഇല്ലച്ചോ.' ഷിജോ കസേലയിൽനിന്ന് എഴുന്നേറ്റു.

മാത്യു അച്ചൻ ഷിജോവിന്റെ ഒപ്പം പൂമുഖം വരെ വന്നു.

വിട പറയുമ്പോൾ മാത്യു അച്ചൻ പറഞ്ഞു.

'അല്ലാ, ദൈവത്തിന്റെ ഓരോ കളികളേയ്!'

തിരിച്ചു നടക്കുമ്പോഴൊക്കെ ഷിജോ ആലോചിച്ചിരുന്നത് അച്ചൻ അവസാനം ചിരിച്ചുകൊണ്ട് പറഞ്ഞതിനെപ്പറ്റിയായിരുന്നു. അതു കഴിഞ്ഞ് അദ്ദേഹം കണ്ണിറുക്കിയതിന്റെ അർത്ഥമെന്താണ്?

കേരളകൗമുദി ഓണപ്പതിപ്പ് - 2011