|| Novel

ആസക്തിയുടെ അഗ്നിനാളങ്ങള്‍

ഇ ഹരികുമാര്‍

അദ്ധ്യായം 1

ആശ്രമം മലമുകളിലായിരുന്നു. താഴ്‌വരയിൽ അല്ലിക്കോട് ഗ്രാമവും. ഗ്രാമത്തിൽനിന്നു നോക്കിയാൽ, മരങ്ങൾ നിറഞ്ഞ മലമുകളിൽ ആശ്രമത്തിന്റെ പർണശാലകൾ സഹ്യന്റെ മഞ്ഞുമൂടിയ കൊടിമുടികളുടെ പശ്ചാത്തലത്തിൽ കാണാം. ആശ്രമം അദ്ഭുതങ്ങളുടെ കലവറയായിരുന്നു. അതിനെ ചുറ്റിപ്പറ്റി നടന്ന അദ്ഭുതകഥകൾ നിരവധിയാണ്. വ്യാഖ്യാനത്തിനതീതമായ സംഭവങ്ങൾ. രാത്രി ആശ്രമവും മലനിരകളും ഇരുട്ടിലാഴുമ്പോൾ വേലപ്പസ്വാമികളുടെ പർണശാലയ്ക്കു മുമ്പിലുള്ള ഹോമകുണ്ഡത്തിൽ തീ എരിയും. രാത്രിയുടെ ഭീതിദമായ അന്ത്യയാമങ്ങൾവരെ എരിയുന്ന ആ തീ മലയ്ക്ക് ഒരഗ്നിപർവ്വതത്തിന്റെ പരിവേഷം നൽകി. എവിടെനിന്നു നോക്കിയാലും കാണുന്ന ആ കാഴ്ച ഗ്രാമവാസികളിൽ ആദരവും ഭയവുമുണർത്തി.

ആ ഹോമകുണ്ഡമാണു സ്വാമികളുടെ ശക്തി എന്നവർ വിശ്വസിച്ചു. പകൽ ആശ്രമം അത്രതന്നെ പേടിപ്പെടുത്തിയിരുന്നില്ല. വിശേഷദിവസങ്ങളിൽ അവർ പഴങ്ങളും തേങ്ങയും വെളിച്ചെണ്ണയുമായി മലകയറി സ്വാമികളെ കണ്ടു വന്ദിച്ച് അനുഗ്രഹം വാങ്ങി. പിറന്നാൾ ദിവസങ്ങളിൽ അതിരാവിലെ കുട്ടികളെ കുളിപ്പിച്ച്, ഭഗവതീക്ഷേത്രത്തിൽ വിളക്കുവച്ചു തൊഴുത് സ്വാമികളുടെ ദർശനത്തിനായി കൊണ്ടുപോയി. സ്വാമികൾ അരിയും പൂവും ശിരസിലിട്ട് അവരെ അനുഗ്രഹിച്ചു; തേങ്ങാപ്പൂളും ശർക്കരയും മലരും പ്രസാദമായി നൽകി.

ഇരുപതു കൊല്ലം മുമ്പു വേലപ്പസ്വാമികൾ സമാധിയായി. അതിനുശേഷം ആശ്രമം ഏറ്റെടുത്ത ആനന്ദഗുരുവിനു തന്റെ ഗുരുവായ വേലപ്പസ്വാമികളുടെ അത്രതന്നെ ജനവിശ്വാസം ആർജിക്കാൻ കഴിഞ്ഞില്ല. ഒരു ഇതിഹാസപുരുഷനെ സൃഷ്ടിക്കാൻ യുഗങ്ങൾ വേണം. വേലപ്പസ്വാമികളാവട്ടെ ഗ്രാമവാസികൾക്ക് ഓർമ്മവെച്ച കാലംതൊട്ടു മലമുകളിലുണ്ടായിരുന്നു.

ഇപ്പോഴും അവർ വിശേഷദിവസങ്ങളിലും പിറന്നാൾദിനങ്ങളിലും ആശ്രമം സന്ദർശിച്ച് ആനന്ദഗുരുവിന്റെ അനുഗ്രഹം വാങ്ങുന്നു. പക്ഷേ, കാര്യങ്ങൾ ഒന്നു കൂടി ഉറപ്പാക്കാൻ അവർ വേലപ്പസ്വാമികളുടെ സമാധിമണ്ഡപംകൂടി സന്ദർശിച്ചു. അതിനു മുമ്പിൽ എരിയുന്ന ഒറ്റക്കൽവിളക്കിൽ എണ്ണ ഒഴിച്ചു കത്തിച്ചു. അപസ്മാരരോഗികൾ സമാധിയുടെ തണുത്ത തിണ്ണമേൽ നെറ്റി ചേർത്തു പ്രാർത്ഥിച്ചു; കൽവിളക്കിലെ കരി നെറ്റിയിൽ ചാർത്തി. അത് ഒഴിയാബാധകളെ അകറ്റി അവരെ രക്ഷിച്ചു.

പറയാൻ പോകുന്ന അദ്ഭുതം നടന്നതു വളരെ മുമ്പ് വേലപ്പസ്വാമികളുടെ കാലത്തു തന്നെയായിരുന്നു. ആദ്യമെല്ലാം ഗ്രാമവാസികൾ വർഷങ്ങളുടെ കണക്ക് മുറയ്ക്കു വച്ചിരുന്നു. പിന്നെപ്പിന്നെ കണക്കുകൾ വച്ചിരുന്ന തലമുറയുടെ ഓർമയിൽ നരകയറിയപ്പോൾ കണക്കുകൾ ശിഥിലമായി. വെള്ളപ്പൊക്കമുണ്ടായ ഒരു കൊല്ലമാണ് അതു സംഭവിച്ചതെന്നോർമ്മയുണ്ട്, കാരണം സംഭവം നടന്നു രണ്ടു മാസം കഴിഞ്ഞു കാലവർഷത്തിന്റെ കൊടും തണുപ്പിലും മലവെള്ളപ്പാച്ചിലിന്റെ കെടുതിയിലും അതിനെപ്പറ്റിയുള്ള സംസാരം ചൂടായിത്തന്നെ നടക്കുകയായിരുന്നു. പിന്നീട് ഇടയ്ക്കിടയ്ക്കു വെള്ളപ്പൊക്കമുണ്ടായതുകൊണ്ട് അത് അറുപത്തിരണ്ടിലെ വെള്ളപ്പൊക്കമാണോ അതോ അറുപത്തിനാലിലേതാണോ, ഇനി അതിനൊക്കെ മുമ്പ് അമ്പത്താറിലുണ്ടായതാണോ എന്നു സംശയമായി. സംഭവത്തിന്റെ അദ്ഭുതസ്വഭാവം കണക്കിലെടുത്താൽ കാലയളവ് അത്ര പ്രസക്തമല്ലെന്നു തോന്നും.

കൊയ്ത്തു കഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന പാടത്തു പശുക്കളെ മേയ്ക്കുന്ന രണ്ടു കാലിപ്പിള്ളേരാണ് ഈ സംഭവത്തെപ്പറ്റി പറഞ്ഞത്. വൈകുന്നേരം അപ്പോഴും നിറഞ്ഞിട്ടില്ലാത്ത വയറുമായി അലഞ്ഞുനടക്കുന്ന പശുക്കളെ ആട്ടിത്തെളിച്ചുകൊണ്ടു നടക്കുകയായിരുന്ന കുട്ടികൾ ഒരുപറ്റം കടൽകാക്കകൾ മലമുകളിലേക്കു ചേക്കേറാൻ പറക്കുന്നതു കണ്ടു. ഒരു വലിയ കവണയുടെ ആകൃതിയിൽ അവ പറക്കുകയാണ്. അതിൽ എത്ര പക്ഷികളുണ്ടെന്ന് എണ്ണാമോ എന്ന ഒരുത്തന്റെ ചോദ്യത്തിനു മറുപടിയായി മറ്റവൻ എണ്ണാൻ തുടങ്ങി. അഞ്ച് എന്ന് എണ്ണിയപ്പോഴേക്കും പക്ഷികൾ ആശ്രമമുള്ള മലയുടെ നേർമുകളിലെത്തിയിരുന്നു. പെട്ടെന്ന് ആ പക്ഷികൾ ഒന്നടങ്കം അപ്രത്യക്ഷമായി. അങ്ങനെ കുറെ പക്ഷികൾ പറന്നിരുന്നുവെന്നതിന്റെ സൂചനകൂടി തരാതെ അവ ആകാശത്തിന്റെ നീലിമയിൽ മറഞ്ഞു. ആകാശത്തിൽ മേഘങ്ങളൊന്നുമുണ്ടായിരുന്നില്ലതാനും. എണ്ണിക്കൊണ്ടിരുന്ന കുട്ടി കൂട്ടുകാരനെ നോക്കിയപ്പോൾ അവനും വായ്‌പൊളിച്ച് അന്തംവിട്ടു നിൽക്കുകയായിരുന്നു.

അടുത്തുള്ള ഭഗവതീക്ഷേത്രത്തിൽ ദീപാരാധനയ്ക്കു കൊട്ടു കേട്ടു. ആൽചുവട്ടിൽ കതിന പൊട്ടി. അപ്പോഴും അന്തംവിട്ടു നിൽക്കുകയായിരുന്ന കുട്ടികൾ പശുക്കളെ മേയാൻ വിട്ട് അപ്പുണ്ണിയുടെ ചായക്കടയിലേക്ക് ഓടി. അവിടെ ഒരു ചെറിയ ആൾക്കൂട്ടത്തിനു നടുവിൽ ഗ്രാമത്തിലെ പൊട്ടനായ ഗോപാലൻ അംഗവിക്ഷേപങ്ങളോടെ പറന്നു കൊണ്ടിരിക്കുന്ന പക്ഷികൾ എങ്ങനെ ആകാശത്ത് അദ്ഭുതകരമായവിധം അപ്രത്യക്ഷമായി എന്നു വിവരിക്കുകയായിരുന്നു. പതിവുപോലെ അതൊരുതരം തമാശയായി എടുത്ത ജനം അവനെ കളിയാക്കാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് കാലിമേയ്ക്കുന്ന രണ്ടു പിള്ളേർ ഓടിവന്നതും പക്ഷികളുടെ കാര്യം പറഞ്ഞതും.

പെട്ടെന്നവിടം നിശബ്ദമായി.

രണ്ടു ദിവസങ്ങൾക്കുശേഷം ആശ്രമത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പോയ ഒരമ്മയും മകളും അവിടെ കേട്ട അത്യന്തം സംഭ്രമജനകമായ ഒരു സംഭവത്തെപ്പറ്റി പറഞ്ഞു. കേട്ടവർ കേട്ടവർ അദ്ഭുതസ്തബ്ധരായി നിന്നു. വിശ്വസിക്കാൻ പ്രയാസം. പക്ഷികളുടെ കാര്യമൊക്കെ ശരിതന്നെ. പക്ഷേ മനുഷ്യർ!

ഈ നോവലിനെക്കുറിച്ച്


ആകെ അദ്ധ്യായങ്ങള്‍ : 20

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. ഡി സി ബുക്സ്, കോട്ടയം (1998)
    വാല്യം. 2. കറന്റ്ബുക്സ് ത്രിശൂര്‍ (2005)