|| Novel

തടാകതീരത്ത്

ഇ ഹരികുമാര്‍

അദ്ധ്യായം 1

പശ്ചാത്തലം

തൊള്ളായിരത്തി അറുപതുകളിലെ കൽക്കത്തയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ ജോലിക്കായി എത്തിപ്പെട്ട ഒരു ചെറുപ്പക്കാരന്‍റെ ജീവിതമാണ് നോവലിന്‍റെ പ്രമേയം. കൽക്കത്തയിൽ ബാലിഗഞ്ചിലെ പേരുകേട്ട തടാകത്തിന്‍റെ അടുത്ത് ഒരു വീട്ടിൽ താമസമാക്കിയ അയാളുടെ സ്വയം മനസ്സിലാക്കാൻ പറ്റാത്ത വിചിത്രമായ പ്രേമബന്ധങ്ങൾ, അയാൾക്കു ചുറ്റും അതിലേറെ വിചിത്രമായ ബന്ധങ്ങളുള്ള കുറേ മനുഷ്യർ, തൊഴുത്തിൽക്കുത്തുകളും സ്‌നേഹത്തിന്‍റെ ഊഷ്മളതയും ഇടകലർന്ന ഓഫീസ് അന്തരീക്ഷം ഇവയെല്ലാം ഈ നോവലിന്‍റെ ഊടും പാവും കരയുമാകുന്നു. വൈവിദ്ധ്യങ്ങളുടെ നഗരമായ കൽക്കത്തയാണ് ഇതിലെ പശ്ചാത്തലം.

ഉച്ചയ്ക്ക് രണ്ടു മണി. മുറിക്കുള്ളിൽ ഇത്ര അർത്ഥശൂന്യമായ ഒരന്തരീക്ഷം ഉണ്ടാകുന്നത് ആ സമയത്താണ്. കർട്ടനിടാത്ത ജനലിലൂടെ വരുന്ന സൂര്യവെളിച്ചം ചുമരുകളെ വികാരരഹിതമാക്കി. മുകളിൽ കറങ്ങുന്ന ഫാനിന്‍റെ വേഗം കുറഞ്ഞിരുന്നു. ഒന്നാം നിലയിലെ മുറിയിൽ കട്ടിലിന്മേൽ കിടന്നുകൊണ്ട് രമേശൻ പുറത്തേയ്ക്കു നോക്കി. ആകാശത്തിന്‍റെ ഒരു കീറു മാത്രം. കടും നീല നിറത്തിൽ, മുറിയ്ക്കുള്ളിലെ വെള്ളനിറത്തെ വെല്ലുവിളിച്ചുകൊണ്ട് തൂങ്ങിക്കിടന്നു.

അയാൾ മായയ്ക്കു വേണ്ടി കാത്തിരുന്നു. മായ വരുന്ന നിമിഷങ്ങളിൽ ഇതെല്ലാം മാറിപ്പോകുന്നു. മുറിയിലെ വിരസമായ ശുഭ്രത ഒരായിരം നിറങ്ങൾക്ക് വഴിമാറും. നിശ്ശബ്ദത മനോജ്ഞമായൊരു സംഗീതത്തിന് കളമൊരുക്കുന്നു. സ്വന്തം ഹൃദയത്തുടിപ്പ് ആ സംഗീതത്തിന് പശ്ചാത്തലമാകുന്നു. മായ അകത്തുകടന്ന് വാതിലടയ്ക്കുന്നു. വാതിൽ കുറ്റിയിട്ട ശേഷം രമേശനെ നോക്കി ചിരിക്കും. ഒരു നിമിഷനേരത്തേയ്ക്കു മാത്രം. പിന്നെ അവൾ ഒരു മൂർത്തിയ്ക്കു മുമ്പിൽ ആരാധന ചെയ്യുന്ന പോലെയാണ്. ആദ്യമായി സാരി അഴിച്ചു മാറ്റുന്നു. അഴിച്ചു മാറ്റിയ സാരി ഒരു ധൃതിയുമില്ലാതെ കസേലമേൽ മടക്കിവയ്ക്കുന്നു. പിന്നെ ബ്ലൗസിന്‍റെ കുടുക്കുകൾ ഓരോന്നായി വിടുവിക്കുന്നു. കുടുക്കുകൾ മുഴുവനും വിടുവിച്ചാൽ അതഴിച്ചുമാറ്റി, പൂജയ്ക്കർപ്പിക്കുന്ന പൂക്കൾ പോലെ ശ്രദ്ധയോടെ സാരിയുടെ മീതെ ഭംഗിയായി വയ്ക്കുന്നു. പിന്നീടവൾ പാവാടയുടെ ചരട് വലിക്കുന്നു. രമേശന് സ്വന്തം ഹൃദയത്തിന്‍റെ തുടിപ്പുകൾ ഇപ്പോൾ ഉറക്കെ കേൾക്കാം. നിമിഷങ്ങൾക്കകം അതിനോടൊപ്പം മറ്റൊരു ഹൃദയത്തിന്‍റെ താളംകൂടി ചേരുന്നു. പിന്നെ സംഗീതമാണ്.

പരിചയപ്പെട്ട് ഒരു കൊല്ലത്തിലധികമായെങ്കിലും മായ ഇന്നും ഒരു പ്രഹേളികയാണ്. തന്‍റെ കൈകളിൽ സംതൃപ്തിയോടെ കിടക്കുമ്പോഴും അവൾ നിശ്ശബ്ദയായിരുന്നു. അവളുടെ കണ്ണുകൾ തന്‍റെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്ക് ചൂഴ്ന്നു കടക്കും. തന്‍റെ ചോദ്യങ്ങൾ മറുപടിയില്ലാതെ തന്നിലേയ്ക്കുതന്നെ തിരിച്ചുവരും. ഒരു വാക്ക്, ഒരു പൊട്ടിച്ചിരി അവളിൽനിന്നുണ്ടാവാൻ അയാൾ കാത്തിരിക്കും. അവൾ സാവധാനത്തിൽ എഴുന്നേൽക്കും. കൈകളുയർത്തി ബ്രേസിയറിന്‍റെ സ്റ്റ്രാപ്പ് കോർത്ത് പുറം തിരിഞ്ഞിരിക്കും. രമേശൻ പകുതി എഴുന്നേറ്റ് അതിന്‍റെ ഹുക്ക് ഇട്ടുകൊടുക്കും. പിന്നെ അവൾ എഴുന്നേറ്റ് അഴിക്കാനെടുത്ത അത്രതന്നെ സമയമെടുത്ത്, ബ്ലൗസും പാവാടയും സാരിയും ഉടുക്കും. കണ്ണാടിയ്ക്കു മുമ്പിൽ പോയി ഉലഞ്ഞ തലമുടി കെട്ടിവയ്ക്കും. പിന്നെ വീണ്ടും കിടയ്ക്കയിലിരുന്ന് കുനിഞ്ഞ് അയാളുടെ ചുണ്ടിൽ ഉമ്മവയ്ക്കും.

മായ പോയിക്കഴിഞ്ഞാൽ സംഗീതം നിലയ്ക്കുന്നു, വീണ്ടും മുറിയിലെ നിറങ്ങൾ അപ്രത്യക്ഷമാകുന്നു. ചുമരിന്‍റെ ചാരനിറം, മനസ്സിലുയർന്ന മഴവില്ലിനെ സാവധാനത്തിൽ തുടച്ചു മാറ്റുന്നു. മഴക്കാറുകളുടെ ഈർപ്പം മാത്രം. യാഥാർത്ഥ്യത്തിന്‍റെ നിഴലുകൾ തെളിഞ്ഞു വരുന്നു. അവിടെ നാളെയുടെ അനിശ്ചിതത്വം മാത്രം.

കൽക്കത്ത പേടിസ്വപ്നങ്ങൾ നിറഞ്ഞതായിരുന്നു. രാഷ്ട്രീയാന്തരീക്ഷം കലുഷമായിരുന്നു. രാവിലെ നഗരം കാണിക്കുന്ന മുഖമല്ല ഉച്ചയ്ക്ക്. പ്രഭാതങ്ങൾ പൊതുവേ ശാന്തമായിരുന്നു. പക്ഷേ ഉച്ചതിരിയുമ്പോഴയ്ക്ക് നഗരത്തിലെ നൂറുകണക്കിന് നിരത്തുകൾ പ്രക്ഷുബ്ധരായ ജനങ്ങളെക്കൊണ്ട് നിറഞ്ഞുകഴിയും. മുദ്രാവാക്യങ്ങൾ ആകാശത്തേയ്‌ക്കെറിഞ്ഞ് അവർ മുന്നോട്ടു നീങ്ങും. പലപ്പോഴും രണ്ടു വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ ജാഥകൾ ഒരു കവലയിൽ കൂട്ടിമുട്ടുന്നത് ദുരന്തത്തിൽ കലാശിക്കുന്നു. വൈകുന്നേരം ആപ്പീസുകൾ വിട്ടിറങ്ങുന്ന സാധാരണക്കാരന്ന് കാണേണ്ടിവരിക വാഹനങ്ങളില്ലാത്ത നിരത്തുകളാണ്. അപ്പോഴും വിട്ടു പോയിട്ടില്ലാത്ത ടിയർഗാസിന്‍റെ അംശങ്ങൾ കണ്ണുകൾ വേദനിപ്പിക്കുന്നു. കവലകളിൽ പോലീസുകാർ റോന്തു ചുറ്റുന്നുണ്ടാവും. കറുത്ത ഇടിവണ്ടികൾ അവിടവിടെ കെട്ടിക്കിടപ്പുണ്ടാകും. വാഹനങ്ങളില്ലാത്ത നിരത്തിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോൾ ഉള്ളിൽ ഭയം തോന്നുന്നു, കാരണം ഏതെങ്കിലും ചെറിയ ഇടനിരത്തിൽനിന്ന് സോഡക്കുപ്പികളുടെ സ്‌ഫോടനങ്ങൾ പ്രതീക്ഷിക്കാം. അതോടെ പോലീസു ജീപ്പിന്‍റെ ശബ്ദവും തുടർന്ന് ചിലപ്പോൾ വെടിവെപ്പിന്‍റെ ശബ്ദവും. കലാപം സ്ഥിരം പരിപാടിയാക്കിയിട്ടുള്ള ഒരു ജനതയായിട്ടേ രമേശന് ബംഗാളികളെ തോന്നിയിട്ടുള്ളൂ. അയാൾ ജോലിയെടുത്തിരുന്ന മാർവാഡി കമ്പനി ഡൽഹൗസി സ്‌ക്വയറിലാണ്. ഡൽഹൗസി സ്‌ക്വയറിൽനിന്നുതന്നെ ബാലിഗഞ്ചിലേയ്ക്കു ട്രാം കിട്ടും. പക്ഷേ അവിടെനിന്ന് ട്രാം കയറാൻ അയാൾ ഇഷ്ടപ്പെട്ടില്ല. വൈകീട്ട് അഞ്ചു മണിയോടെ സജീവമാകുന്ന ഫുട്പാത്ത്കളിലൂടെ തിരക്കിന്നിടയിൽ അയാൾ എസ്പ്ലനേഡുവരെ നടക്കും. എസ്പ്ലനേഡിന്‍റെ വിശാലത അയാൾക്ക് എന്നും ഹൃദ്യമായിരുന്നു. അവിടേയ്‌ക്കെത്തുമ്പോൾ ഡൽഹൗസിസ്‌ക്വയറിലെ ഗുദാം പോലെയുള്ള ഓഫീസിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയുള്ള തടവിൽനിന്ന് രക്ഷപ്പെട്ടപോലെ തോന്നും. വിന്‍ററിൽ അസ്തമനം നേരത്തെയായതു കൊണ്ട് വേഗം ഇരുട്ടുന്നു. തെരുവു വിളക്കുകളും, കടകളുടെയും മെട്രോ തീയേറ്ററിന്‍റെയും നിയോൺ പരസ്യങ്ങളും കൺതുറക്കും. അതെല്ലാം നോക്കിക്കൊണ്ട് രമേശൻ നടക്കും. അയാൾക്കു വീട്ടിൽ പോകാൻ ധൃതിയുണ്ടായിരുന്നില്ല.

മറിച്ച് ശനിയാഴ്ച അങ്ങിനെയല്ല. അയാൾ ഒരു മണിക്കുതന്നെ പുറത്തിറങ്ങുന്നു. സമയം ഒട്ടും പാഴാക്കാതെ, ടെലിഫോൺ എക്‌സ്‌ചേഞ്ചിനെ വലംവച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രാമിൽ പൊത്തിപ്പിടിച്ചു കയറുന്നു. ലെയ്ക്ക് മാർക്കറ്റ് സ്റ്റോപ്പിൽ ഇറങ്ങി മദ്രാസ് ഹോട്ടലിൽനിന്ന് ധൃതിയിൽ ഊണുകഴിച്ച് വീട്ടിലേയ്ക്കു നടക്കുന്നു. ശനിയാഴ്ചകൾ പ്രതീക്ഷാനിർഭരമാണ്. അതു മായയുടെ ദിവസമാണ്.

മൂന്നു നില കെട്ടിടത്തിൽ മായ മുകളിലെ നിലയിലാണ്. അവിടെയാണ് അവളുടെയും അനുജത്തിയുടെയും മുറി. അമ്മ ഒന്നാം നിലയിൽത്തന്നെയാണ്. അവർ വളരെ ചെറുപ്പത്തിൽ വിധവയായി. മുപ്പതാം വയസ്സിലാണെന്നു തോന്നുന്നു. ഇപ്പോൾ നാൽപ്പതു വയസ്സു പ്രായമുണ്ടാവും. വെളുത്തു തടിച്ച സ്ത്രീ. തലയിലൂടെ സാരിയിട്ട് അവർ അവരുടെ മുറിയിൽ നിന്ന് അടുക്കളയിലേയ്ക്കും തിരിച്ച് അവരുടെ മുറിയിലേയ്ക്കും സഞ്ചരിക്കുന്നതു കാണാം. രാത്രി വൈകുന്നവരെ അവരുടെ അടുപ്പിൽ തീയുണ്ടാവും. അടുക്കളയിൽ ഒരിക്കലും വെളിച്ചമിട്ടിരുന്നില്ല. വരാന്തയിലെ ബൾബിന്‍റെ വെളിച്ചത്തിൽ അവർ റൊട്ടിയുണ്ടാക്കി. എട്ടു മണിയോടെ അവർ പാത്രത്തിൽ റൊട്ടിയും പച്ചക്കറിക്കൂട്ടാനും എടുത്ത് കോണിയുടെ താഴെനിന്ന് മക്കളെ വിളിക്കും. മായയോ അനുജത്തിയോ കോണിയുടെ വാതിൽ തുറന്ന് താഴേയ്ക്കിറങ്ങി വന്ന് അതുമായി മുകളിലേയ്ക്കുതന്നെ കയറും. അപ്പോൾ അടയ്ക്കുന്ന വാതിൽ പിന്നെ പിറ്റേന്ന് രാവിലെ മാത്രമേ തുറക്കൂ. അടുക്കളയിൽ രാത്രി വൈകുംവരെ ഇരുട്ടിൽ കരിയടുപ്പ് മങ്ങിക്കിടക്കുന്നുണ്ടാവും. അപ്പോഴാണ് നിരഞ്ജൻ ബാബുവിന്‍റെ വരവ്. നിരഞ്ജൻ മാമ എന്നാണ് മായ പറയുന്നത്. അവളുടെ അച്ഛന്‍റെ മരുമകനാണ്. നാല്പതു നാല്പത്തഞ്ചു വയസ്സുണ്ടാവും. മുറി വാടകക്കെടുക്കാൻ വന്ന അന്നുതന്നെ രമേശൻ അയാളെ ഇഷ്ടപ്പെട്ടിരുന്നില്ല. അടുക്കളയിൽ മങ്ങിത്തുടങ്ങിയ കരിയടുപ്പ് വീണ്ടും തിളങ്ങും. റൊട്ടി മൊരിയുന്ന മണം ജനലുകടന്ന് രമേശന്‍റെ മുറിയിലെത്തും. രമേശൻ ഉറക്കത്തിലാഴും.

അതേ നിലയിലുള്ള മറ്റു രണ്ടു മുറികൾ വാടകയ്ക്കു കൊടുത്ത് അവർ മക്കളെ മുകളിൽ താമസിപ്പിക്കുന്നതിന്‍റെ ഔചിത്യം രമേശന് ഒരിക്കലും മനസ്സിലായിരുന്നില്ല. തൊട്ടടുത്തുള്ള മുറിയിൽ ഒരു വയസ്സനായിരുന്നു. ഒരു റിട്ടയേഡ് പ്രൊഫസ്സർ. അയാൾ നാലഞ്ചു കുട്ടികൾക്ക് ട്യൂഷൻ കൊടുക്കുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ പാളസാരവും ധരിച്ച് തടാകതീരത്ത് നടക്കാൻ പോകും. പുറത്തുവച്ച് കാണുമ്പോൾ അയാളും രമേശനും ചിരിക്കണോ എന്ന് ഒരു നിമിഷം ആലോചിക്കും, പിന്നെ ചിരിക്കാതെത്തന്നെ നടന്നുനീങ്ങുകയും ചെയ്യും. ആ മുറിയ്ക്കുമപ്പുറത്തുള്ള മുറി പൂട്ടിയിട്ടിരിക്കയാണ്. കെട്ടിടത്തിന്‍റെ താഴെ നിലയിൽ രണ്ടു കടകളാണ്. ഒരു പലചരക്കു കടയും ഒരു തുന്നൽ കടയും. രണ്ടിനുമിടയിലൂടെയാണ് മുകളിലേയ്ക്കുള്ള കോണി. രാത്രി കോണി ഇരുട്ടിലാഴ്ന്നിരിക്കും. ലാന്‍റിങ്ങിന്‍റെ തട്ടിൽനിന്ന് തൂങ്ങുന്ന ഹോൾഡറിൽ ഒരിക്കലും ബൾബ് ഇട്ടിരുന്നില്ല.

ഇരുട്ടിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഒരു കുടുംബം. ഒരുപാട് ദുരൂഹതകൾ അവരെ സംബന്ധിച്ചുണ്ടായിരുന്നു. ആ കെട്ടിടത്തിൽ താമസിക്കാൻ വന്ന കാലത്ത് അയാൾ മായയോട് അവയെപ്പറ്റി സംസാരിക്കാൻ ശ്രമിച്ചിരുന്നു. അവൾ ചിരിക്കുക മാത്രം ചെയ്യും. ആ വീട്ടിൽ മുറിയെടുക്കാൻ വന്ന ദിവസം തന്നെ, മനസ്സിലാക്കാൻ കഴിയാത്ത ഒരുപാടു കാര്യങ്ങൾ അവിടെയുണ്ടന്ന് അയാൾക്കു തോന്നിയിരുന്നു. ഒരു ദിവസം രാത്രി ഏഴര മണിക്കാണ് രമേശൻ മുറിയന്വേഷിച്ച് അവിടെ എത്തിയത്. അയാൾ ബെല്ലടിച്ചു കാത്തുനിന്നു. ആരും വരികയുണ്ടായില്ല. കുറച്ചുകൂടി നേരത്തെ വരാമായിരുന്നു എന്നയാൾക്കു തോന്നി. അല്ലെങ്കിൽ പിറ്റേന്ന്. ആ പരിസരത്ത് മുറികൾ പെട്ടെന്ന് വാടകയ്ക്കു പോകും എന്നതുകൊണ്ട് അപ്പോൾത്തന്നെ പോയി അന്വേഷിക്കാൻ സ്‌നേഹിതൻ പറഞ്ഞിരുന്നു. അയാൾ കാത്തുനിന്നു. വീണ്ടും ബെല്ലടിക്കുന്നത് അയാൾ ഇഷ്ടപ്പെട്ടില്ല. വരാന്തയിൽ ഒരു ഇരുപത്തഞ്ചു വാട്ടിന്‍റെ ബൾബു മാത്രം ദയനീയമായി എരിഞ്ഞു. അതുംകുടി ഇല്ലായിരുന്നെങ്കിൽ എന്നയാൾ ആശിച്ചു. വരാന്തയുടെ ഇടത്തു വശത്ത് രണ്ടു മുറികളുണ്ട്. ഒരെണ്ണം പുറത്തുനിന്നു പൂട്ടിയിരുന്നു. ഒരുപക്ഷേ ആ മുറിയായിരിക്കണം വാടകയ്ക്കുള്ളത്. മറ്റേ മുറിയുടെ ജനലിന്‍റെ അടച്ചിട്ട ചില്ലുവാതിലിലൂടെ മങ്ങിയ വെളിച്ചം പുറത്തേയ്ക്കു വന്നു. വരാന്തയുടെ മറുവശത്ത്, കോണിയുടെ അടുത്തായി അടുക്കളയിൽ കരിയടുപ്പ് പുറത്തുനിന്നു വരുന്ന കാറ്റിൽ തിളങ്ങിക്കൊണ്ടിരുന്നു. അതിനും അപ്പുറത്ത് കുളിമുറിയായിരിക്കണം. വരാന്ത വളഞ്ഞുപോകുന്നിടത്ത് ഒരു മുറി. അതിന്‍റെ വാതിൽ അടച്ചിട്ടിരിക്കയാണ്. ഇനിയും ബെല്ലടിക്കണമെങ്കിൽ താഴേക്കിറങ്ങിപ്പോകണം. എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ചിരിക്കെയാണ് കോണിയുടെ ഇരുട്ടിൽ നിന്ന് ഒരു മദ്ധ്യവയസ്‌കൻ കയറി വന്നത്. പാളസാരത്തിന്‍റെ ഒരറ്റം ജുബ്ബയുടെ സൈഡ് പോക്കറ്റിൽ തിരുകിയിരുന്നു. അയാൾ നേരിട്ട് രമേശന്‍റെ അടുത്തുവന്നു ചോദിച്ചു. 'കേ?'

പെട്ടെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിട്ടില്ലാത്തതുകൊണ്ട് രമേശൻ പതറി. വീണ്ടും ചോദ്യമുയർന്നു.

'കാകെ ചായ്?' ആരെയാണ് വേണ്ടത്? വളരെ പരുഷമായ സ്വരം.

ഒരു മുറി വാടകയ്ക്കുണ്ടെന്നു കേട്ടു.....' രമേശൻ പറഞ്ഞു.

'നിൽക്ക്.....' അയാൾ തിരിഞ്ഞ് അടുക്കളയുടെ മുമ്പിലൂടെ നടന്ന് വരാന്തയുടെ മറ്റേ അറ്റത്തുള്ള മുറിയിൽ അപ്രത്യക്ഷനായി. ആ മുറിയിൽ വെളിച്ചമുണ്ടായിരുന്നില്ല.

രമേശൻ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറായിട്ടുണ്ടാകണം. കാത്തുനിൽപ്പിന്‍റെ വ്യർത്ഥത അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ സ്ഥലം വിട്ടാലോ എന്നയാൾ ആലോചിച്ചു. മദ്ധ്യവയസ്‌കൻ പോയ മുറിയിൽനിന്ന് അനക്കമൊന്നുമില്ല. ഈ തുറന്ന വരാന്തയിൽ ഇരുപത്തഞ്ചു വാട്ടിന്‍റെ മങ്ങിയ വെളിച്ചത്തിൽ, അനിശ്ചിതത്വത്തിൽ എത്ര നേരം കാത്തു നിൽക്കും? അയാൾ പോകാനായി തിരിഞ്ഞു. താഴേയ്ക്കുള്ള കോണിക്കു നേരെ നടക്കുമ്പോൾ പെട്ടെന്ന് പിന്നിൽനിന്ന് വിളി കേട്ടു.

'നിൽക്കൂ.' രമേശൻ തിരിഞ്ഞു നിന്നു.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ ദീപിക വാരാന്ത്യപ്പതിപ്പില്‍ (2004) തുടർച്ചയായി പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 26

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. മാതൃഭൂമി ബുക്സ്, കോഴിക്കോട് (2005)