|| Novel

പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍

ഇ ഹരികുമാര്‍

- 1 -

ആമുഖം

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ എഴുതുമ്പോൾ എന്റെ മറ്റെല്ലാ രചനകളെയുംപോലെ വായനക്കാരായിരുന്നു മുമ്പിൽ. ഞാനൊരു പുതിയ കഥയാണ് എഴുതുന്നത്. അതിന് അനുവാചകർ ആവശ്യമാണ്. അനുവാചകരില്ലാത്ത കഥ പ്രേക്ഷകരില്ലാത്ത ദൃശ്യാവിഷ്‌കരണം പോലെയോ ശ്രോതാക്കളില്ലാത്ത ഗാനാലാപനം പോലെയോ ഉപയോഗശൂന്യമാണ്. ആത്മസംതൃപ്തിയ്ക്കു വേണ്ടിയാണ് എഴുതുന്നതെങ്കിൽ അതു പ്രസിദ്ധപ്പെടുത്താൻ മെനക്കെടരുത്. ആത്മസംതൃപ്തിയ്ക്കു വേണ്ടി മാത്രമല്ല എഴുതുന്നതെന്ന് വ്യക്തം. അപ്പോൾ വായനക്കാരനെ മുഷിപ്പിയ്ക്കാതെ ഒരു കഥയെഴുതുകയാണ് നല്ലത്. പല തരത്തിലുള്ള വായനക്കാരുണ്ട്. ബൗദ്ധികമായി പല തട്ടിലുമുള്ളവർ. അവരെ തരംതാഴ്ത്തി കാണുക എന്നതായിരിയ്ക്കും ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ അബദ്ധം. അവരെ സംബന്ധിച്ചേടത്തോളം മൗലികമായ നല്ല രചനകൾ വേണം. അതിന്റെ പിന്നിലുള്ള അദ്ധ്വാനമൊന്നും അവരറിയേണ്ടതില്ല. എഴുത്തിൽ കള്ളം കാണിച്ചാൽ പക്ഷെ അവർക്കതു പെട്ടെന്നു മനസ്സിലാവും. ഞാനെഴുതുന്നത് സഹൃദയരായ വായനക്കാർക്കുവേണ്ടിയാണ്.

ഇത് എഴുത്തുകാരന് വലിയ ഉത്തരവാദിത്വം നൽകുന്നു. എന്തെങ്കിലും സൂത്രപ്പണികൊണ്ടോ സ്റ്റണ്ടുകൊണ്ടോ ഒരനുവാചകനെ പിടിച്ചു നിർത്താൻ കഴിയില്ല. എനിക്കതറിയാവുന്നതുകൊണ്ട് ഞാൻ എന്റെ രചനയിൽ ആത്മാർത്ഥത കാണിക്കാറുണ്ട്. ബാംഗളൂരിലെ വിവരസാങ്കേതിക ലോകമാണ് ഈ നോവലിന്റെ പശ്ചാത്തലം. ആ ലോകത്തെപ്പറ്റി പൊതുവായി ചില തെറ്റിദ്ധാരണകളുണ്ട്. അതൊരു നിർദ്ദയവും കഠിനവും വികാരശൂന്യവുമായ ഒന്നാണെന്ന്. പൊതുജനാഭിപ്രായം രൂപവൽക്കരിക്കുന്നത് പലപ്പോഴും യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കിയിട്ടല്ല എന്നത് എനിയ്ക്കു ബോധ്യപ്പെട്ടത് ഈ ഒരു കാര്യത്തിലാണ്. ആ ചെറുപ്പക്കാർ മൃദുല വികാരങ്ങൾക്ക് മുൻഗണന കൊടുക്കുന്നില്ലെന്നത് ശരിതന്നെ. അവർ കൂടുതൽ പ്രായോഗികമതികളാണ്. പക്ഷെ ഇതിനെല്ലാം ഉള്ളിൽ അവർ ഒരു നല്ല ഹൃദയം സൂക്ഷിക്കുന്നുണ്ടെന്ന് ആ ലോകത്തിൽ ഇടപഴകേണ്ടി വന്ന എനിയ്ക്കു മനസ്സിലായിട്ടുണ്ട്.

ഒരു കഥയോ നോവലോ എഴുതുമ്പോൾ നമുക്ക് അതു നടക്കുന്ന പശ്ചാത്തലത്തെപ്പറ്റി നല്ല അറിവുണ്ടാവണം. ഇല്ലെങ്കിൽ രചന പാളിപ്പോവും. കേട്ടറിവുവെച്ച് ഒരു പരിധിവരെ വായനക്കാരന്റെ കണ്ണിൽ പൊടിയിടാനാകും. ഞാനുദ്ദേശിക്കുന്നത് 'ചില വായനക്കാരുടെ' എന്നാണ്. ബുദ്ധിയും അറിവുമുള്ള വായനക്കാരനതു മനസ്സിലാവും, അവർ എഴുത്തുകാരന്റെ സാഹസമോർത്ത് ഉള്ളിൽ ചിരിക്കും. വിവരസാങ്കേതികവിദ്യയുടെ ലോകം കഴിഞ്ഞ ഏതാനും വർഷങ്ങളായി എനിക്ക് സുപരിചിതമാണ്. മൾട്ടിനാഷനുകളുടെ പ്രവർത്തനശൈലി നേർത്തുവന്ന് അവസാനത്തെ കണ്ണിയായ കമ്പ്യൂട്ടറിന്റെ ഡെസ്‌കടോപ്പിലെത്തുന്നതുവരെയുള്ള കാര്യങ്ങൾ എനിയ്ക്ക് നേരിട്ട് പരിചയമാണ്. അതിന്റെ നേരിയ ഒരംശമേ എനിക്കീ നോവലിൽ ഉപയോഗിക്കേണ്ടി വന്നിട്ടുള്ളു. കമ്പ്യൂട്ടറോ, ഇമെയിലോ, ഇന്റർനെറ്റ് ചാറ്റോ വന്നതുകൊണ്ട് ഈ നോവൽ ഒരു സൈബർ നോവലോ, ഇന്റർനെറ്റ് നോവലോ ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ബുദ്ധിയും അറിവുമുള്ള വായനക്കാരുടെ പരിഹാസച്ചിരി കാണാൻ എനിയ്ക്കു വയ്യ. ഒരു ചാറ്റോ, ഇമെയിലോ, ഡോട്ട് കോം എന്ന പ്രയോഗമോ വരുമ്പോഴേയ്ക്ക് ഏതു നോവലും മലയാളത്തിലെ 'ആദ്യത്തെ സൈബർ നോവലാ'കുന്ന ഈ കാലത്ത് ഇതൊരദ്ഭുതമായിരിക്കും.

ഓരോ ഭാഷ സംസാരിക്കുന്നവർക്കും അവരവരുടേതായ പൊങ്ങച്ചസഞ്ചിയുണ്ടാവും. ഇവിടെ മലയാളിയുടെ ഹൈപോക്രിസി അല്പം നർമ്മബോധത്തോടെ എടുക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. ആർക്കും വിഷമം തോന്നരുത്. ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്പികമാണ്. അവനവന്റെ ജീവിതവുമായി എന്തെങ്കിലും സാമ്യം കാണുന്നുണ്ടെങ്കിൽ കുറ്റം പറയേണ്ടത് നമ്മുടെയൊക്കെ ഉള്ളിലുള്ള അദ്ഭുതകരമായ സമാനതയെയാണ്. വളരെക്കുറച്ച് മാതൃകകളേ ദൈവം തന്റെ സൃഷ്ടികൾക്ക് നല്കിയിട്ടുള്ളു. ആ മാതൃകകളിലുള്ള വൈരുദ്ധ്യങ്ങളുടെ വർണ്ണങ്ങളിലും വൈവിദ്ധ്യത്തിന്റെ തോതിലുമുള്ള വ്യതിയാനവും മാത്രമേയുള്ളു. പരിമിതി ദൈവത്തിന്റേതാണ്, നമ്മുടേതല്ല.

നോവല്‍ തുടങ്ങുന്നു

അയാൾ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. ഇന്റർനെറ്റ് മട്രിമോണിയലിൽ രണ്ടാമത്തെ പേജിൽ ആദ്യത്തേതു തന്നെയാണ്. അഞ്ജലി മാധവൻ, ഉത്രാടം നക്ഷത്രം, 23 വയസ്സ്, അഞ്ചടി നാലിഞ്ചുയരം, വീറ്റിഷ് കോംപ്ലക്ഷൻ, ബി.ടെക്, ബാംഗളൂരിൽ എം.എൻ.സി.യിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. വലതുവശത്ത് ഫോട്ടോ. മുഖം മാത്രം. ഫോട്ടോവിനു മീതെ ക്ലിക് ചെയ്തപ്പോൾ രണ്ടു വലിയ ഫോട്ടോ, ഇടതും വലതുമായി കൊടുത്ത പേജിലെത്തി. ഒന്ന് ഇരിക്കുന്നത്, മുകൾഭാഗം മാത്രം. മറ്റേത് ചൂരിദാർ കമ്മീസ് വേഷത്തിൽ നിൽക്കുന്നത്.

അയാൾ തിരിച്ച് മാസ്റ്റർ പേജിലേയ്ക്കു വന്നു. അവിടെ ഒരു കള്ളിയിൽ അവളുടെ ഡിമാൻഡ്‌സ് എഴുതിയിട്ടുണ്ട്. 'നാട് ഒറ്റപ്പാലം. ബാംഗളൂരിൽത്തന്നെ നല്ല നിലയിൽ ജോലിയുള്ള സൽസ്വഭാവികളായ നായർ യുവാക്കളിൽനിന്ന് പ്രൊപോസലുകൾ ക്ഷണിക്കുന്നു.'

ഇക്കാലത്ത് സൽസ്വഭാവികളായ ചെറുപ്പക്കാരെ എവിടുന്നു കിട്ടാനാണ്. തനിക്കുവേണ്ടി എഴുതിവച്ചപോലെയുണ്ട്. അയാൾ ഫോട്ടോ ഒന്നുകൂടി ക്രിട്ടിക്കലായി നോക്കി. തരക്കേടില്ല. നാലു വയസ്സിന്റെ വ്യത്യാസം. ഉം, സാരമില്ല. നല്ല പരിചയമുള്ള മുഖം. പെട്ടെന്നാണ് അയാളിൽ ഭൂതോദയമുണ്ടായത്. പേര് അഞ്ജലി. ഇത് തന്റെ കമ്പനിയിൽ അതേ ഫ്‌ളോറിൽത്തന്നെ അഞ്ച് ക്യൂബിക്ക്ൾ അപ്പുറത്ത് ജോലിയെടുക്കുന്ന കുട്ടിയാണല്ലോ. എന്നും കാണാറുള്ളതാണ്. എന്നിട്ടും ഫോട്ടോവിന്റെ രൂപത്തിൽ ഇന്റർനെറ്റിൽ വന്നപ്പോൾ തിരിച്ചറിഞ്ഞില്ല.

അമ്മയുടെ കത്താണ് അന്വേഷണത്തിന്റെ ആരംഭം. ഇരുപത്തേഴു വയസ്സല്ലേ ആയിട്ടുള്ളു എന്നു പറഞ്ഞാലൊന്നും അമ്മ കേൾക്കില്ല. അമ്മ എഴുതിയിരിക്കയാണ്. 'വല്ല്യ പണക്കാരൊന്നും വേണ്ട. വല്ല്യ സൗന്ദര്യൊന്നും വേണംന്ന്‌ല്യ, നല്ല സ്വഭാവം ആയിരിക്കണംന്ന് മാത്രം.' സൗന്ദര്യം വേണ്ടെ? നല്ല കാര്യായി. അമ്മയാണല്ലൊ അത് തീർച്ചയാക്കേണ്ടത്. 'നീ കല്യാണം കഴിച്ചാൽ എനിക്കവിടെ വന്ന് ഒപ്പം താമസിക്കാലോ.' ഉം. ഉം.... നടക്കണ കാര്യം വല്ലതുംണ്ടെങ്കിൽ പറയൂ. അമ്മയുടെ ജീവിതരീതിയും തന്റെ ജീവിതരീതിയുമായി ഒരിക്കലും യോജിക്കില്ല. സീരിയലുകൾ കാണലും, അമ്പലത്തിൽ പോക്കും, മത്തങ്ങ കൊണ്ടുള്ള പുളിങ്കറി കൂട്ടി ഊണും. നടക്കണ കാര്യല്ല അമ്മേ, അവിടെത്തന്നെ ഇരുന്നാൽ മതി. തന്റെ പരിപാടികളൊന്നും അമ്മയുണ്ടെങ്കിൽ നടക്കില്ല. ഇത്ര മണിയ്ക്ക് കുളിക്കണം, ഇന്ന സമയത്ത് ഭക്ഷണം കഴിക്കണം എന്നൊക്കെ പറയാൻ തൽക്കാലം ഇവിടെ ആരുമില്ല. സ്‌നേഹിതൻ ജോസഫ് ഒരു കാര്യത്തിലും ഇടപെടില്ല. അഞ്ചുകൊല്ലം മുമ്പ് അച്ഛൻ മരിച്ചശേഷം പാവം അമ്മ ഒറ്റയ്ക്കാണ്. അതൊക്കെ ശരിതന്നെ. പക്ഷേ അമ്മ വന്ന് ഒപ്പം താമസിക്കലൊന്നും നടക്കില്ല.

സുഭാഷ് കമ്പ്യൂട്ടർ ഓഫാക്കി. സമയം പന്ത്രണ്ടു മണി. ജോസഫ് നിലത്തു വിരിച്ച കിടക്കയിൽ കിടന്നുറക്കമായിരിക്കുന്നു. തലയ്ക്കൽ ഭാഗത്തുവെച്ച അവന്റെ കമ്പ്യൂട്ടർ ഓഫാക്കിയിട്ടില്ല. സുഭാഷ് കമ്പ്യൂട്ടർ ഓഫാക്കി. പാന്റ്‌സും ടിഷർട്ടും ധരിച്ചു കിടക്കുന്ന ജോസഫിനെ അയാൾ കുറച്ചുനേരം നോക്കിനിന്നു. അതയാളുടെ സ്ഥിരം വേഷമാണ്. കുളിക്കുമ്പോൾ മാത്രമേ അതഴിച്ചുവയ്ക്കൂ. അയാൾ ലൈറ്റ് ഓഫാക്കി അപ്പുറത്തു വിരിച്ചിട്ട കിടയ്ക്കയിൽ കിടന്നു, ഒരു മിനുറ്റിനുള്ളിൽ ഉറക്കമാവുകയും ചെയ്തു.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പ് - 2005 ല്‍ പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 23

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍