|| Novel

പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍

ഇ ഹരികുമാര്‍

- 2 -

അഞ്ജലി, 23 വയസ്സ്, ഉത്രാടം നക്ഷത്രം....... അല്ല, സുഭാഷിന്റെ സ്വപ്നം വിവരിക്കുകയല്ല. അയാൾ നേരത്തെ പറഞ്ഞപോലെ കിടന്ന ഉടനെ ഉറക്കമായിരിക്കുന്നു. ഇവിടെ നോവലിസ്റ്റിന്റെ ഇടപെടൽ ആവശ്യമായി വന്നിരിക്കുന്നു. ഈ നോവലിൽ ഒരു നായകനുണ്ട്, സ്വാഭാവികമായും ഒരു നായികയും. (ആരൊക്കെയെന്ന് നിങ്ങൾ ഇതിനകം ഊഹിച്ചിട്ടുണ്ടാവും.) ഇനി നായികയെ പരിചയപ്പെടുത്താം.

അഞ്ജലിയുടെ ദിവസം തുടങ്ങുന്നത് ആറര മണിയ്ക്ക് ബെല്ലടി കേട്ട് ഞെട്ടിക്കൊണ്ടാണ്. ഉണർന്നാൽ വാതില്ക്കൽ തുടർച്ചയായി മുട്ടു കേൾക്കാം. കമല എന്നും അങ്ങിനെയാണ്. ബെല്ലടിച്ചശേഷം വാതിൽ തുറക്കുന്നതുവരെ മുട്ടിക്കൊണ്ടിരിക്കും. അച്ഛനുമമ്മയുമുണ്ടായിരുന്നപ്പോൾ സുഖമായിരുന്നു. അവർ വാതിൽ തുറന്നു കൊടുക്കും. തനിയ്ക്ക് ഏഴുമണിവരെ ഉറങ്ങാമായിരുന്നു. രാത്രി പതിനൊന്നു മണിവരെ ലാപ്‌ടോപ്പും മടിയിൽവച്ച് ഓഫിസ് ജോലി ഹോംവർക്ക് തന്നത് ചെയ്തശേഷം കിടക്കുന്നതാണ്. അവർക്ക് തിരിച്ച് നാട്ടിലേയ്ക്ക് ഇത്ര ധൃതിപിടിച്ച് ഓടേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. എന്തോ എടുത്തുവച്ചപോലെ. നാട്ടിൽ ഞങ്ങൾ ചെന്നാലെ ശരിയാവൂ. അല്ലെങ്കിൽ വീടും പറമ്പും നാനാവിധമാവും. ഒരു വീടും പറമ്പും! അടയിരുന്നോട്ടെ.

'നാസ്ത ക്യാ ബനാവൂം?' കമല ചോദിക്കുന്നു. അവളുടെ കയ്യിൽ വാതിലിനു പുറത്ത് സെക്യൂരിറ്റിക്കാർ കൊണ്ടുവന്നിട്ട പത്രമുണ്ടാവും. അത് സോഫമേൽ കൊണ്ടുവന്നുവച്ച് തലേന്നത്തെ പത്രം, അത് നിവർത്തിയിട്ടുകൂടിയുണ്ടാവില്ല, എടുത്തുകൊണ്ടുപോയി സ്റ്റോറൂമിലെ റാക്കിൽ വയ്ക്കും. പത്രം വായിക്കാൻ മേംസാബിന് സമയമില്ല എന്നവൾക്കറിയാം. പിന്നെ എന്തിന്നതു വരുത്തുന്നു. വലിയവരുടെ ജീവിതരീതികൾ അവൾക്ക് ഒരിക്കലും മനസ്സിലാവാറില്ല. അവൾ അടുക്കളയിലേയ്ക്കു കടക്കും. പിന്നാലെ വരുന്ന അഞ്ജലിയോടു വീണ്ടും ചോദിക്കും.

'മേംസാബ്, നാസ്ത ക്യാ ബനാവൂം?'

എന്താണുണ്ടാക്കേണ്ടതെന്ന് കമലയ്ക്ക് നിർദ്ദേശം കൊടുത്ത് അവൾ കുളിക്കാൻ പോകും.

എട്ടു മണിയ്ക്ക് കുളിച്ച് സുന്ദരിയായി അവൾ പുറപ്പെടും. ചൂരിദാൾ കമ്മീസിനുമീതെ കഴുത്തിലൂടെ തൂക്കിയിട്ട ഐ.ഡി.കാർഡും ആക്‌സസ് കാർഡും. മറ്റൊരു മാലയിൽ കോർത്തിട്ട സെൽഫോൺ. ലാപ്‌ടോപ്പിന്റെ സഞ്ചി ഇടത്തെ ചുമലിൽ വിലങ്ങനെ വലത്തോട്ട് തൂക്കിയിട്ട്, ഹാന്റ്ബാഗ് വലത്തെ ചുമലിലും തൂക്കി സർവ്വാഭരണഭൂഷയായി അഞ്ജലി പുറത്തിറങ്ങുന്നു. കമ്പനിയുടെ പിക്കപ്പ് ബസ്സ് നിർത്തുന്നിടംവരെ പത്തു മിനുറ്റിന്റെ നടത്തമുണ്ട്. അവസാനത്തെ ബസ്സ് എട്ടരമണിയ്ക്കാണ്.

ലിഫ്റ്റിന്റെ ബട്ടനമർത്തി അവൾ കാത്തു നിന്നു. ലിഫ്റ്റ് എട്ടാം നിലയിൽനിന്ന് താഴോട്ടു വരികയാണ്. വാതിൽ തുറന്നപ്പോൾ അതിൽ ഒരു ചെറുപ്പക്കാരിയും മൂന്നു വയസ്സുള്ള മകളുമുണ്ട്. അഞ്ജലി ചിരിച്ചു. അവളും ചിരിച്ചു. അവൾക്കൊരു ഇരുപത്തഞ്ച് ഇരുപത്തെട്ടു വയസ്സായിട്ടുണ്ടാവും. അവളും ലാപ്‌ടോപ്പ് ചുമലിലിട്ടിട്ടുണ്ട്. ഇങ്ങിനെ വല്ലപ്പോഴും ലിഫ്റ്റിലോ താഴെ ലോബിയിലോ കാണുമ്പോൾ അന്യോന്യം പരിചയം കാണിക്കും. കെട്ടിടത്തിലെ അറുപത്തഞ്ചു ഫ്‌ളാറ്റിൽ വളരെക്കുറച്ചു പേരെ മാത്രമേ അഞ്ജലിയ്ക്കു പരിചയമുള്ളു. അതും പുറമെനിന്നു കാണുമ്പോഴുള്ള ചിരിയിൽ ഒതുങ്ങിക്കൂടുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽത്തന്നെ അതു നിലനിർത്താൻ അവൾക്കു സമയമില്ല. അവർക്കുമുണ്ടാവില്ല. ഒരു പഞ്ചാബി സ്ത്രീ മാത്രമുണ്ട് ഇതിനൊരപവാദം. വിധവയായ അവരെ വെള്ള സാരി തലയിലൂടെ ഇട്ട് ഇടയ്ക്കിടയ്ക്കു കാണാറുണ്ട്. കാണുമ്പോഴൊക്കെ ചോദിക്കും.

'തും അകേലി രഹ്തിഹോ നാ?'

ആയിരത്തഞ്ഞൂറു ചതുരശ്ര അടി ഫ്‌ളാറ്റിൽ കല്യാണം കഴിയാത്ത ഒരു പെൺകുട്ടി ഒറ്റയ്ക്കു താമസിക്കുന്നതിൽ ആ വയസ്സിയ്ക്കു വിഷമം. അവൾ മുമ്പിലുള്ള ചെറുപ്പക്കാരിയെ നോക്കി. അവളും തന്നെപ്പോലെ സോഫ്റ്റ്‌വെയർ പ്രൊഫഷണലാണെന്നു തോന്നുന്നു. രാവിലെ മകളെ കെ.ജി.യിൽ കൊണ്ടുപോയാക്കി, കമ്പനിയുടെ പിക്കപ്പ് ബസ്സ് വരുന്ന സ്ഥലം വരെ അഞ്ചു കിലോ ഭാരമുള്ള ലാപ്‌ടോപ്പും താങ്ങി നടക്കുന്നു. പാവം.

പാവം എന്നു മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതുണ്ടായത്. ലിഫ്റ്റിന്റെ വാതിൽ തുറന്നു, ആ സ്ത്രീ കുട്ടിയുമായി ആദ്യം പുറത്തു കടന്നു, പുറത്തു കാത്തു നിന്നിരുന്ന ആയയുടെ കയ്യിൽ മകളെ ഏല്പിച്ച് ലോബിയിൽ കാർ പാർക്കിൽ നാലാമതായി പാർക്കു ചെയ്ത കാറിൽ കയറി അഞ്ജലിയുടെ മുമ്പിലൂടെ ഓടിച്ചുപോയി.

ഓ......

രാവിലെത്തന്നെ ഉണ്ടായ കാര്യങ്ങൾ നോക്കുമ്പോൾ ഇനി എന്തൊക്കെയാണ് തനിക്കു കിട്ടാൻ പോകുന്നതെന്ന് ആലോചിച്ചുകൊണ്ട് അവൾ ബസ്സ് സ്റ്റോപ്പിലേയ്ക്കു നടന്നു.

ഈ നോവലിനെക്കുറിച്ച്


ഈ നോവല്‍ മലയാള മനോരമ വാര്‍ഷികപ്പതിപ്പ് - 2005 ല്‍ പ്രസിദ്ധീകരിച്ചതാണ്.


ആകെ അദ്ധ്യായങ്ങള്‍ : 23

പുസ്തകരൂപത്തിലുള്ള പ്രസാധനം:
വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2006)

അനുബന്ധ ലേഖനങ്ങള്‍/നിരൂപണങ്ങള്‍