പി. കൃഷ്ണവാരിയര്‍

കവിതയോടടുക്കുന്ന നോവല്‍

പി. കൃഷ്ണവാരിയര്‍

'അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ദുരിതങ്ങളിൽ നിന്നുള്ള സവിശേഷമായ പലായനമാണ് നോവൽ' എന്ന് കാഡ്‌വെൽ പറഞ്ഞത് ദശാബ്ദങ്ങൾക്കു മുമ്പാണ്. പിന്നീട് പ്രമേയത്തിലും ആഖ്യാനസ്വഭാവത്തിലും ഒട്ടേറെ മാറ്റങ്ങൾക്ക് നോവൽ വിധേയമായി. പ്രോലിറ്റേറിയറ്റിനെക്കുറിച്ചുള്ള ധാരണയ്ക്കും ഏറെ മാറ്റം സംഭവിച്ചു. ഇടക്കാലത്താകട്ടേ, നോവൽ കൂടുതൽ പ്രാധാന്യം നൽകിയത് അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ദുരിതങ്ങൾക്കു തന്നെയായിരുന്നു നോവൽ ഇന്ന് മനുഷ്യരുടെ കഥയാണ്. വർഗഭിത്തികൾകൊണ്ട് വ്യവച്ഛേദിക്കാൻ പറ്റാത്ത പച്ചമനുഷ്യരുടെ കഥ. സൂക്ഷ്മമായി പറഞ്ഞാൽ മനുഷ്യ മനസ്സിന്റെ കഥ. ഒരൊറ്റ മനസ്സിലല്ലാ ഒരു സാഹിത്യസൃഷ്ടി സമ്പൂർണ്ണമാകുന്നത്. എഴുത്തുകാരന്റെ മനസ്സിൽ അത് ജന്മം കൊള്ളുന്നു. വളർച്ചനേടുന്നത് കഥാപാത്രങ്ങളുടെ മനസ്സിലാണ്. സാത്മ്യം പ്രാപിക്കുന്നത് വായനക്കാരന്റെ മനസ്സിലും. ഈ മൂന്നു മനസ്സുകളുടേയും സമന്വയത്തിലൂടെ മാത്രമേ വായന ആസ്വാദ്യകരമായ ഒരു അനുഭവമാവുകയുള്ളു.

ചെറുകഥ ഇപ്പോൾ കുറുകി വരുന്നു. വ്യംഗ്യോക്തിക്ക് കഥാകൃത്തുകൾ കൂടുതൽ പ്രാധാന്യം നല്കുന്നുമുണ്ട്. അതുകൊണ്ടൊക്കെ ചെറുകഥ ഇപ്പോൾ കവിതയാടടുത്തുവരികയാണ് എന്ന് പറയപ്പെടുന്നുണ്ട്. നോവലിനും ഇങ്ങനെയൊരു മാറ്റം അഭികാമ്യമാവുകയില്ലേ? അതുപോലെ, പരിഗണിക്കേണ്ട ഒരു ചോദ്യമാണ് കാല്പനികത സാഹിത്യസൃഷ്ടികളിൽനിന്ന് തീർത്തും ഒഴിവാക്കേണ്ടതുണ്ടോ എന്നത്. ആധുനികതയുടെ കടന്നുവരവോടെ കാല്പനികതയ്ക്ക് ഏറെ ക്ഷതം പറ്റിയിട്ടുണ്ട്. ആധുനികതയുടെ ആയുധങ്ങളുപേയാഗിച്ച് കാല്പനികതയെ പുന:സൃഷ്ടിക്ക് വിധേയമാക്കുകയാണ് വേണ്ടത് എന്നാണ് വായനക്കാരുടെ പക്ഷത്തുനിന്നു നോക്കുമ്പോൾ തോന്നുന്നത്. ഈ സംശയങ്ങൾക്കൊക്കെ ഉത്തരം നല്കുന്നുണ്ട് ഇ. ഹരികുമാർ തന്റെ 'ആസക്തിയുടെ അഗ്നിനാളങ്ങൾ' എന്ന ലഘു നോവലിലൂടെ.

വിവാഹിതയായ ഒരു സ്ത്രീയുടെ ഭോഗാസക്തിയും പരപുരുഷബന്ധങ്ങളുമാണ് ഈ നോവലിലെ മുഖ്യ പ്രമേയമെന്നു തോന്നാമെങ്കിലും ആ സ്ത്രീയെ നിമിത്തമാക്കിക്കൊണ്ട് സങ്കീർണ്ണവും അവ്യാഖ്യോയവുമായ പ്രകൃതിപുരുഷ ബന്ധത്തെയാണ് നോവലിസ്റ്റ് കയ്യാളുന്നത്. മലമുകളിലെ ആശ്രമം നിഗൂഢതകളുടെ കേന്ദ്രമാണ്. ഇവിടെ കാലം ചിലപ്പോൾ നിശ്ചലമാകുന്നു. യമന്റെ ക്ഷേത്രം നിലനിന്നിരുന്ന ഈ മലയിൽ സമയത്തെ കോട്ടുന്ന ഒരു അത്ഭുതശക്തിയുണ്ട്. പോയ ജന്മങ്ങളിലെ പാപപുണ്യങ്ങളുടെ കണക്കുകൾ ഒത്തുനോക്കാൻ ആത്മാക്കൾ ഒത്തുചേരുന്ന പുനർജ്ജനിയുടെ സ്രോതസ്സുകൾ, മലമുകളിൽ എത്തിപ്പെടുന്ന ജീവാത്മാക്കളുടെ പൊയ്‌പോയ ജീവിതാനുഭവങ്ങളിലെ അപൂർവ്വ സാമ്യം, ആദ്ധ്യാത്മികതയുടെ അകംവലിവിലും ഇണചേർന്ന് ജീവിക്കാനുള്ള മാനുഷമിഥുനങ്ങളുടെ ത്വര, എല്ലാം ചേർന്ന് ഒരു അഭൗമമായ അനുഭൂതി മണ്ഡലം സൃഷ്ടിക്കുന്നുണ്ട് ഈ നോവൽ.

സ്നേഹം കോരിക്കൊടുക്കാനുള്ളതുപോലെ ഊറ്റിക്കുടിക്കാനുള്ളതുമാണ്, സരളയ്ക്ക്. അവളുടെ ഭർത്താവാകട്ടേ ആറ്റിൽ തൂവുമ്പോഴും അളന്നേ തൂവു. കുളി, ഊണ്, ഉറക്കം, കൃഷി എന്നതുപോലെ മാത്രമേ അദ്ദേഹത്തെസ്സംബന്ധിച്ചേടത്തോളം ഭാര്യഭർത്ത്യബന്ധവുമുള്ളു. അദ്ദേഹത്തിന്റെ അളന്നു മുറിച്ച സമയച്ചിട്ടകളുമായി പൊരുത്തപ്പെടാൻ സരളയുടെ ഇച്ഛകൾക്കായില്ല. വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും അനപത്യത അനുഭവിക്കുന്ന സരളയ്ക്ക് ജീവിതം പൂർണ്ണമാണെന്നു തോന്നാത്തതിൽ അത്ഭുതമില്ല. വിതയ്‌ക്കേണ്ടതു താനും മുളപ്പിക്കേണ്ടതു ദൈവവുമാണെന്ന തന്റെ ഭർത്താവിന്റെ വിശ്വാസം സരളയ്ക്കു ആശ്വാസമാവുന്നില്ല. അപസ്വരങ്ങളൊന്നുമില്ലെങ്കിലും വലിയ പൊരുത്തമുള്ളതായിരുന്നില്ല ആ ബന്ധം. യാദൃച്ഛികതയാലാവാം ഈ പൊരുത്തക്കേടിനെ ജ്വലിപ്പിക്കുന്നത് കോളേജ് വിദ്യാർത്ഥിയായ തന്റെ ഭർത്തൃസഹോദരനാണ്. അയാളാകട്ടെ ഈ അഗ്നിനാളങ്ങളിൽ സ്വയം കത്തിയമരുകയും ചെയ്യുന്നു. ഈ വ്യഥകൾക്ക് ഒരു അത്താണിതേടിയാണ് സരള മലമുകളിലെ ആശ്രമത്തിലെത്തുന്നത് ആശ്രമമാകട്ടെ, അത്ഭുതങ്ങളുടെ ലോകമാണ്. വരിവരിയായിപ്പോകുന്ന കടൽകാക്കകൾ മലമുകളിലെത്തുമ്പോൾ പെട്ടെന്ന് അപ്രത്യക്ഷമാകുന്നിടത്ത് തുടങ്ങുന്നു ആശ്രമത്തിലെ നിഗൂഢതകൾ. കാലിപ്പിള്ളേർ മാത്രമല്ല, പൊട്ടനായ ഗോപാലനും അംഗവിക്ഷേപത്തോടെ ഈ സംഭവം വിവരിക്കുന്നതു കാണുമ്പോൾത്തന്നെ നാം ഒരത്ഭുതലോകത്തിലേയ്ക്കാണ് പ്രവേശിക്കുന്നത് എന്ന് നമുക്കു തോന്നുന്നു. സംഭീതിയോടെയും സന്ത്രാസത്തോടെയുമാണ് പിന്നെ നാം കഥ വായിച്ചുപോകുന്നത്. സരള ആശ്രമത്തിലെത്തുന്ന രീതിയിലും, തുടർന്ന്, ആ നിഗൂഢത നമ്മെ വിടാതെ പൊതിഞ്ഞുനില്ക്കുന്നു. സരള സഞ്ചരിച്ച ഒറ്റക്കാളവണ്ടിയെപ്പോലെ, അത് തെളിച്ചിരുന്ന വയസ്സൻ വണ്ടിക്കാരൻ, സരളയെ ആശ്രമത്തിലേയ്ക്കു നയിച്ച കാവിയുടുത്ത ദേവിക(?) ഇവെരല്ലാം ദശാബ്ദങ്ങൾക്കു മുമ്പ് ഈ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായവരാണ്.

തന്റെ ഐന്ദ്രിയാഭിലാഷങ്ങളെയും അനുഭൂതികളെയും, പൂർവ്വാശ്രമത്തെത്തന്നെയും മറവിയുടെ തീരത്ത് കൈവിട്ടുകളഞ്ഞല്ലാ സരള ആശ്രമത്തിലെത്തുന്നത്. ആശ്രമത്തിലെ ഏകാന്തതയിൽ അവളെ ഈ ഓർമ്മകൾ നിരന്തരം വേട്ടയാടുകയാണ്. അവിടെ യാദൃച്ഛികതയുടെ നിയോഗം പോലെ അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത് ജ്ഞാനാനന്ദൻ എന്ന യുവസന്യാസിയാണ്. ആ യുവാവിൽ തന്റെ ഭർത്തൃസഹോദരൻ വിനോദിന്റെ ഭാവഹാവാദികൾ സരള കാണുന്നു. ജ്ഞാനാനന്ദന്റെ പൂർവ്വാശ്രമത്തിലെ പേരുപോലും വിനോദുമായി സാദൃശ്യമുള്ളത്. വിനോദിന്ന് പത്തുവയസ്സുള്ളപ്പോഴാണ് അയാളുടെ അച്ഛൻ മരിച്ചത്. ജ്ഞാനാനന്ദന്ന് അതേ പ്രായത്തിൽ തന്റെ അമ്മയാണ് നഷ്ടപ്പെട്ടത് എന്നുമാത്രം. ഈ സാദൃശ്യങ്ങളൊക്കെ ജന്മാന്തരബന്ധങ്ങളുടെ സൃഷ്ടിയാവാം. 'പുനർജ്ജന്മങ്ങളിലൂടെ സായൂജ്യം തേടുന്ന മാംസബദ്ധമായ പ്രണയത്തിന്റെ ഗാഥ' എന്ന് ഈ കൃതിയെ നിർവ്വചിച്ചിരിക്കുന്നത് ഇതിനാലാവാം.

വിനോദിന്റെ ആത്മഹത്യയാണ് നോവലിലെ വഴിത്തിരിവ്. വായനക്കാരന്റെ മനസ്സിനെ അഗാധമായി സ്പർശിക്കുന്ന ഒരു സംഭവവുമാണ് ഇത്. എന്നാൽ, നോവലിൽ അതിനെപ്പറ്റി സൂചന മാത്രമേയുള്ളു. ആ മരണത്തിന്റെ കാരണവും സാഹചര്യവും രീതിയുമെല്ലാം തന്നെ നോവലിസ്റ്റ് മൗനത്തിൽ ഒതുക്കിയിരിക്കയാണ്. പക്ഷെ, ആ മൗനത്തിന്റെ കെട്ടുകൾ വായനക്കാരന്റെ മനസ്സിൽ അലിഞ്ഞില്ലാതെയാകുന്നു.

വളരെക്കുറച്ചേ ഹരികുമാർ പറയുന്നുള്ളു. വായനക്കാരന്റെ മനസ്സിൽ അത് തറച്ചുകയറുന്നു; പിന്നെ അത് പരന്നൊഴുകുന്നു. അതോടെ ഈ ലഘുനോവൽ ഒരു ബൃഹദ്‌നോവലായി മാറുന്നു.

കലാകൗമുദി - ലക്കം 1234 - 1999

പി. കൃഷ്ണവാരിയര്‍