സാഹിത്യത്തില്‍ എറ്റവുമധികം സന്തോഷം തോന്നിയത്

സാഹിത്യത്തിൽ ഏറ്റവുമധികം സന്തോഷം തോന്നിയതെപ്പോഴാണ് എന്നൊരാൾ ചോദിച്ചു. ഞാൻ കുറച്ചുനേരം ആലോചിച്ചു. ആദ്യത്തെ കഥ അച്ചടിച്ചു വന്നപ്പോഴാണോ? അല്ല, അന്നെനിക്ക് പത്തൊമ്പത് വയസ്സാണ്. ഇല്ല, അത്രയൊന്നും സന്തോഷം തോന്നിയില്ല. ഒരുപക്ഷെ കുറേ എഴുത്തുകാരെ കാണുകയും അവരുടെയെല്ലാം കഥകളും, കവിതകളും മറ്റും വാരികകളിൽ അച്ചടിച്ചു വരുന്നത് കണ്ടു വളർന്നതുകൊണ്ടുമായിരിക്കണം, ഇതെല്ലാം സാധാരണമല്ലെ എന്ന തോന്നലുണ്ടായത്. പിന്നെ എപ്പോഴാണ് ഏറ്റവുമധികം സന്തോഷം തോന്നിയത്?

ഒരു വായനക്കാരൻ എന്റെ കഥ ഇഷ്ടമാണെന്ന് ആത്മാർത്ഥമായി പറയുമ്പോഴാണ് എനിക്ക് സന്തോഷമുണ്ടാവുന്നത്. വെറുതെ പറയുന്നതു മാത്രമല്ല, ആ കഥയെപ്പറ്റി വിശദമായി പറഞ്ഞ്, എന്തുകൊണ്ടാ കഥ അയാൾക്കിഷ്ടമായി എന്നു പറയുമ്പോൾ.

എനിക്കു കിട്ടിയ പുരസ്‌കാരങ്ങളിൽ എനിക്കേറ്റവുമിഷ്ടമായത് പത്മരാജൻ പുരസ്‌കാരമാണ്. കാരണം ആ പുരസ്‌കാരം നിശ്ചയിക്കുന്നത് വായനക്കാരാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ നോക്കിയാണ് അതു തീർച്ചയാക്കുന്നത്. 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥ അത്രയധികം പേർ വായിച്ചു ഇഷ്ടപ്പെട്ടുവെന്നത് എന്നെ വളരെ സന്തോഷിപ്പിച്ചു.

പിന്നെ എനിക്കിഷ്ടപ്പെട്ട പുരസ്‌കാരം ചേർത്തലയിൽനിന്ന് സഹൃദയരുടെ കൂട്ടായ്മയായ കഥാപീഠം നൽകിയ അവാർഡാണ്. അവർ സാഹിത്യത്തോടുള്ള താല്പര്യം കാരണം സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്ത് ഏർപ്പാടാക്കിയതാണ് ഈ പുരസ്‌കാരം. ഡോ. ജെ.കെ.എസ് വിട്ടൂരാണ് പ്രസിഡന്റ് എസ്സാർ ശ്രീകുമാർ കൺവീനറും. എന്റെ 'അനിതയുടെ വീട്' എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. ഡോ. അമ്പലപ്പുഴ ഗോപകുമാർ ജഡ്ജിമാരിൽ ഒരാളായിരുന്നു എന്നാണോർമ്മ.

നാലപ്പാടൻ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. അദ്ദേഹം എന്റെ അച്ഛന്റെ ഗുരുകൂടിയായിരുന്നു. അച്ഛനാണെന്റെ ഗുരു. അപ്പോൾ ഗുരുവിന്റെ ഗുരുവായിരുന്ന അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം, അതിന്റെ ധന്യത ഒന്നു വേറെത്തന്നെ. മറ്റു ചിലതുകൂടി ആ അംഗീകാരത്തിന് മിഴിവു നൽകി. എനിക്കിഷ്ടപ്പെട്ട മൂന്ന് എഴുത്തുകാരികൾ ആ കുടുംബത്തിലുണ്ട്. മാധവിക്കുട്ടി, ഡോ. സുലോചന നാലപ്പാട്ട്, ഡോ. സുവർണ്ണ നാലപ്പാട്ട്. പിന്നെ എനിക്ക് ഈ അവാർഡു ലഭിക്കാനായി പുസ്തകം നൽകിയ സ്‌നേഹിതന്മാരുണ്ട്. പി.കെ.എ. റഹിം, ഡോ. എസ്.പി. രമേശ്, ഡോ. പി.വി. കൃഷ്ണൻ നായർ തുടങ്ങിയവർ. എന്റെ എല്ലാ കഥകളും ഇഷ്ടപ്പെട്ട ഒരു സ്‌നേഹിതനായിരുന്നു രമേശ്. 'സുൽത്താന്റെ മകൾ' എന്ന കഥ കലാകൗമുദിയിൽ വന്ന ഉടനെ അദ്ദേഹം ഫോണിൽ സംസാരിച്ചു. കുറച്ചു നേരം ഉറക്കെ ചിരിച്ചതിനു ശേഷം അതിലെ ഒരു വരി ഉദ്ധരിച്ചു. സുൽത്താൻ യാത്ര കഴിഞ്ഞ് മരുഭൂമിയിൽനിന്ന് തിരിച്ചു വരുമ്പോൾ തന്റെ കൊട്ടാരം കാണുന്നതാണ് സന്ദർഭം. സുൽത്താന്റെ കൊട്ടാരത്തിന്റെ മിനാരങ്ങൾ മേഞ്ഞിരിക്കുന്നത് ചെമ്പുകൊണ്ടാണ്. പക്ഷെ കടുത്ത ചെമ്പു ദാരിദ്ര്യം കാരണം കുറച്ചു ഭാഗത്ത് രാജ്യത്ത് ചെമ്പിനേക്കാൾ സുലഭമായതും വില കുറഞ്ഞതുമായ സ്വർണ്ണം ഉപയോഗിച്ചു. അതു കാണുമ്പോൾ സുൽത്താന് വിഷമം, 'തന്റെ സ്വർണ്ണം പുറത്താവുമോ' എന്ന്. അതു പറഞ്ഞ് രമേശ് കുറേ നേരം ചിരിച്ചു, കഥ ഗംഭീരമായിട്ടുണ്ടെന്നു പറഞ്ഞു. 'കുങ്കുമം വിതറിയ വഴികൾ' എന്ന കഥയെപ്പറ്റിയും അദ്ദേഹം നന്നായി സംസാരിച്ചിരുന്നു. എന്റെ 'മലകളുടെ സംഗീതം' എന്നകഥ അദ്ദേഹം ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

നാലപ്പാട്ട് തറവാട്ടിൽ പോയപ്പോൾ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് നാലപ്പാട്ടു കാരണവരുടെ പിൻതലമുറക്കാർ എന്നോട് പെരുമാറിയത്. നാലപ്പാട്ടിന്റെ മരുമകളും കവിയുമായ അമ്മിണിയമ്മയാണ് പുരസ്‌കാരം സമ്മാനിച്ചത്. അവരുടെ മകൾ സുവർണ്ണയുമായി സംസാരിക്കുകയായിരുന്നു ഞാൻ. ശാസ്ത്രത്തിലുള്ള അവരുടെ അവഗാഹം കണ്ട് ഞാനതിശയിച്ചു പോയി. ഞാനെന്റെ 'ഷ്രോഡിങ്ങറുടെ പൂച്ച'യെന്ന കഥയെപ്പറ്റി പറഞ്ഞു. അവർക്ക് വളരെ സന്തോഷമായി. അതുവരെ സംസാരിച്ച ആളേയല്ല ഇപ്പോൾ. അവർ പറഞ്ഞു, 'ഞാനീ കഥ വായിച്ച് വളരെ ഇഷ്ടമായി അതിന്റെ കർത്താവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഞാൻ സി. രാധാകൃഷ്ണനോട് ചോദിച്ചു ഇടശ്ശേരിയുടെ മകൻ ഹരികുമാറിന്റേതാണോ ആ കഥ എന്ന്. അപ്പോഴദ്ദേഹം പറഞ്ഞു. അല്ല ഹരി അങ്ങിനത്തെ കഥകളൊന്നുമെഴുതാറില്ല.' ഞാൻ രാധാകൃഷ്ണനെ കുറ്റം പറയില്ല. വളരെ തിരക്കു പിടിച്ച എഴുത്തുകാരനായ അദ്ദേഹം എന്റെ 'വൃഷഭത്തിന്റെ കണ്ണ്', 'ഒരു സമസ്യയുടെ പൊരുൾതേടി' എന്ന കഥകളോ പ്രപഞ്ചത്തെപ്പറ്റി ഞാനെഴുതിയ 'സംഭവാമി യുഗേ യുഗേ...' എന്ന ലേഖനമോ കണ്ടിരിക്കയില്ല. രണ്ടും കലാകൗമുദിയിൽ വന്നവയാണ്. പിന്നെ എന്റെ വളരെ അടുത്ത സ്‌നേഹിതനും കുടുംബസുഹൃത്തുമായ അദ്ദേഹത്തിനറിയാമായിരുന്നു എന്റെ പഠിത്തത്തിന്റെ പശ്ചാത്തലം. എന്തായാലും 'സൂക്ഷിച്ചുവച്ച മയിൽപ്പീലി' എന്ന പുസ്തകത്തിന് കിട്ടിയ നാലപ്പാടൻ അവാർഡിനോടൊപ്പംതന്നെ എനിക്ക് സുവർണ്ണയുടെ അഭിപ്രായവും ഇഷ്ടപ്പെട്ടു. അതു മറ്റൊരവാർഡായി ഞാനിപ്പോഴും മനസ്സിൽ കരുതുന്നു.

1988 ൽ എഴുതിയ 'ശ്രീപാർവ്വതിയുടെ പാദം' എന്ന കഥയ്ക്കുള്ള അവാർഡ് കിട്ടിയത് കേരള ചലചിത്ര അക്കാദമിയിൽനിന്നാണ്. രണ്ടായിരത്തി പന്ത്രണ്ടിൽ ദൂരദർശൻ ചെറുഫിലിമാക്കിയപ്പോഴാണ് അതു ലഭിച്ചത്. പക്ഷെ ആ സിനിമ വളരെ മനോഹരമായി സംവിധാനം ചെയ്ത ബൈജു ചന്ദ്രന് അവർഡ് ലഭിച്ചില്ലല്ലൊ എന്നായിരുന്നു എന്റെ വിഷമം. 'ശ്രീപാർവ്വതിയുടെ പാദം' എന്ന കഥാസമാഹാരം കേന്ദ്രസാഹിത്യ അക്കാദമി കണ്ടില്ലെന്നു നടിച്ച പുസ്തകമാണ്. അതുപോലെ കണ്ടില്ലെന്നു നടിച്ച പുസ്തകങ്ങളാണ് 'തടാകതീരത്ത്' 'കൊച്ചമ്പ്രാട്ടി' എന്ന നോവലുകളും 'കറുത്ത തമ്പ്രാട്ടി' എന്ന കഥാസമാഹാരവും. എന്റെ ഏറ്റവും നല്ല കഥാസമാഹാരം എന്ന് ഞാൻ കരുതുന്നത് ഈ പുസ്തകമാണ്. നോവലുകളിൽ ഏറ്റവും മികച്ചതായി ഞാൻ കരുതുന്നത് 'തടാകതീരത്ത്' ആണ്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'ദിനോസറിന്റെ കുട്ടി'യ്ക്ക് ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷെ പിന്നീട് അതിന്റെ അണിയറയിൽ നടന്ന കാര്യങ്ങളെപ്പറ്റി ഒരു സ്‌നേഹിതൻ പറഞ്ഞപ്പോൾ അതു കിട്ടേണ്ടിയിരുന്നില്ലെന്നു തോന്നി. ആ സ്‌നേഹിതൻ ആരാണെന്നു പറയുന്നില്ല. അദ്ദേഹം അന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നു. നേരിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. 'തനിക്ക് ഈ അവാർഡ് രണ്ടു പേരുടെ നിർബ്ബന്ധം കൊണ്ട് കിട്ടിയതാണ്. രണ്ടു പുസ്തകങ്ങളാണ് അവസാന പരിഗണനയ്ക്ക് എത്തിയത്. ഒന്ന് വി.പി. ശിവകുമാറിന്റെ കഥാസമാഹാരം, പിന്നെ എന്റെ പുസ്തകവും. കമ്മിറ്റി ഭൂരിപക്ഷത്തോടെ തീർച്ചയാക്കിയത് ഇടതുപക്ഷക്കാരനായ ശിവകുമാറിന് കൊടുക്കാമെന്നാണ്. എന്നാൽ രണ്ടു പേർ അതിനെ നഖശികാന്തം എതിർത്തു. ബുദ്ധി കൊണ്ടെഴുതുന്നതല്ല കഥയെന്നും, ഹൃദയം കൊണ്ടെഴുതുന്നതാണ് കഥയെന്നും 'ദിനോസറിന്റെ കുട്ടി'യാണ് പുരസ്‌കാരത്തിന് അർഹമായിട്ടുള്ളത് എന്നും അവർ വാദിച്ചു. അപ്പോൾ കമ്മിറ്റിയിലുള്ളവർ പറഞ്ഞു. ഹരികുമാർ (രാഷ്ട്രീയത്തിൽ) നമ്മുടെ ഒപ്പമുള്ള ആളല്ല, പിന്നെയെങ്ങിനെയാണ് അയാൾക്ക് അവാർഡു കൊടുക്കുക എന്ന്. മറ്റു രണ്ടു പേർ വഴങ്ങിയില്ല, മാത്രമല്ല എക്‌സിക്യൂട്ടീവ് അങ്ങിനെ തീരുമാനെമെടുത്താൽ അതിനെ മറികടക്കാനുള്ള അധികാരമുപയോഗിക്കുമെന്നുമവർ പറഞ്ഞു. അതു പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന എം.കെ. സാനുവും, പ്രൊഫ. എം. കൃഷ്ണൻ നായരുമായിരുന്നു. പ്രസിഡന്റിന് കമ്മിറ്റി തീരുമാനത്തെ മറികടക്കാനുള്ള അധികാരമുണ്ട്.

ഇവരിൽ സാനു മാസ്റ്ററെ മാത്രമേ ഞാൻ മുമ്പ് പരിചയപ്പെട്ടിട്ടുള്ളു. അദ്ദേഹത്തെ വി.കെ. ശശിധരൻ ആലപിച്ച് ഞാനിറക്കിയ 'പൂതപ്പാട്ടി'ന്റെ കാസ്സറ്റ് പ്രകാശനം ചെയ്യാൻ ക്ഷണിച്ചിരുന്നു. അദ്ദേഹവും എം. ഗോവിന്ദനുമാണ് അതു നിർവ്വഹിച്ചത്. കൃഷ്ണൻ നായർ സാറിനെ ഞാൻ പരിചയപ്പെടുന്നത് പിന്നീടൊരിക്കൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽവച്ചാണ്. അക്കാദമിയിൽ ഒരു മീറ്റിങ് കഴിഞ്ഞ് അദ്ദേഹവും സാനുമാസ്റ്ററും തീവണ്ടി കാത്തുനിൽക്കുകയായിരുന്നു. ഞാൻ അമ്മയെ കണ്ട് എറണാകുളത്തേയ്ക്കു തിരിച്ചു പോവുകയായിരുന്നു. രണ്ടു മിനുറ്റു നേരത്തെ കുശലം ചോദിക്കാനുള്ള സമയം മാത്രം കിട്ടി. സാനുമാസ്റ്റർ എന്നെ കൃഷ്ണൻ നായർ സാറിനു പരിചയപ്പെടുത്തി. അദ്ദേഹത്തിന് സന്തോഷമായി. എന്റെ കുറേയധികം കഥകൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു സാഹിത്യവാരഫലത്തിൽ എഴുതിയിരുന്നു. അപ്പോഴേയ്ക്ക് ട്രെയിൻ വരുകയും അവരെ ഫസ്റ്റ് ക്ലാസ്സിൽ യാത്രയാവാൻ വിട്ട് ഞാൻ മുമ്പിലുള്ള അൺറിസർവ്ഡ് കമ്പാർട്ടുമെന്റിലെത്താനോടുകയും ചെയ്തു.

പിന്നീട് ശിവകുമാർ അകാലത്തു മരിച്ചുവെന്നറിഞ്ഞപ്പോൾ എനിക്ക് വിഷമമായി. അദ്ദേഹത്തിനു കിട്ടിയാൽ മതിയായിരുന്നു ഈ അവാർഡ്.

അടുത്തൊരു ദിവസം ഒരു വായനക്കാരൻ ചോദിച്ചു. നിങ്ങൾക്കെന്താണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഇതുവരെ കിട്ടാതിരുന്നത്? ഞാനെന്തു പറയാനാണ്. എന്റെ കൃതികൾ അവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഉയർന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ അതു നിശ്ചയിക്കുന്ന വ്യക്തികൾക്ക് എന്റെ കൃതികൾ ഇഷ്ടമായിട്ടുണ്ടാവില്ല. അയാൾ വീണ്ടും ചോദിച്ചു. അതു കിട്ടണമെന്നില്ലെ? തീർച്ചയായും, കാരണം അവാർഡ് തുക വളരെ വലിയതാണ്. ആ പണം കൊണ്ട് മരുന്നു വാങ്ങാൻ കഴിവില്ലാതെ മരിക്കുന്ന ഏതാനും കുട്ടികളെ സഹായിക്കാനാവും. അല്ലെങ്കിൽ മാരകരോഗങ്ങൾ വന്ന് മരണം കാത്തുകിടക്കുന്നവരുടെ സാന്ത്വനത്തിന് അതുപകരിക്കും. ഇത്രയും കാലം കഴിഞ്ഞ് എനിക്ക് ഒരു അംഗീകാരത്തിന്റെ ആവശ്യമില്ല. എന്റെ വായനക്കാർ തന്ന അംഗീകാരം തന്നെ ധാരാളമാണ്.

സന്ദർഭവശാൽ ഒരു കാര്യംകൂടി എഴുതാം. അക്കാദമികളുടെ കാര്യം പറഞ്ഞപ്പോഴാണതോർമ്മ വന്നത്. എന്റെ 'ക്രൂരത്വത്താലുയർത്തപ്പെടുക ഹൃദയമേ....' (ജനശക്തി 2012 ആഗസ്റ്റ് 25-31) എന്ന കഥയിൽ നിന്നുദ്ധരിക്കുകയാണ്. (അതു കഥ മാത്രമല്ല കാര്യവുമായിരുന്നു. അച്ഛനെയും മെഹ്ദി ഹസ്സന്റെയും അവസാനകാലത്തെപ്പറ്റിയാണാ കഥ).

''അക്കാദമികൾ കൂടി വളരെ മടിച്ചുമടിച്ചാണ് അച്ഛനെ അംഗീകരിക്കാനുള്ള പുരസ്‌കാരങ്ങൾ നൽകിയത്. കവിതയ്ക്കുള്ള പുരസ്‌കാരം അറുപത്തൊമ്പതിൽ നൽകിയത് തന്നേക്കാൾ ചെറുപ്പമായിരുന്ന കവികൾക്കുകൂടി കൊടുത്തതിനു ശേഷമാണ്. 'കാവിലെ പാട്ട്' പ്രസിദ്ധീകരിച്ചത് അറുപത്താറിലാണ്. വേണമെങ്കിൽ അവർക്ക് അവസാനകാലങ്ങളിൽ അദ്ദേഹത്തിന് വിശിഷ്ടാംഗത്വം കൊടുക്കാമായിരുന്നു. അതദ്ദേഹത്തിന് വലിയ ഉപകാരമാകുമായിരുന്നു. പകരം അവർ ചെയ്തത് തൊള്ളായിരത്തി എഴുപത്തിരണ്ടിൽ അതിനർഹതപ്പെട്ടവർ ആരുമില്ലെന്ന് വിധി കല്പ്പിക്കുകയായിരുന്നു. പൂതപ്പാട്ടും, കാവിലെ പാട്ടും, പുത്തൻകലവും അരിവാളും, കുറ്റിപ്പുറം പാലവും എഴുതിയ കവി അക്കാദമി വിശിഷ്ടാംഗമാകാൻ അർഹനാണോ? പിന്നെ അതിനടുത്ത വർഷം വേറെ രണ്ടുപേർക്കു കൊടുത്തു. അഞ്ചുപേർക്കുവരെ ആ പദവി ഒറ്റയടിക്കു നൽകിയ വർഷങ്ങളുണ്ടായിട്ടുണ്ട്, എൺപത്തൊന്നിൽ.

എഴുപത്തിനാലിൽ അച്ഛൻ മരിച്ചു. അവസാനകാലങ്ങളിൽ ഒരു വിശിഷ്ടാംഗത്വത്തിന്റെ പരിവേഷം ആവശ്യമില്ലെങ്കിലും അതിനോടൊപ്പം ലഭിക്കുമായിരുന്ന തുക അദ്ദേഹത്തിന് കുറച്ചെങ്കിലും ആശ്വാസമായേനേ; ചുരുങ്ങിയത് കോഴിക്കോട്ടു പോയി അത്യാവശ്യം വേണ്ടിയിരുന്ന ഒരു ചെക്കപ്പ് നടത്താനെങ്കിലും.''

1971 മുതൽ 1974 വരെ അക്കാദമി പ്രസിഡന്റ് പൊൻകുന്നം വർക്കിയായിരുന്നു. 1966 തൊട്ട് 1975 വരെ വി.എ.എ. അസീസ് ആയിരുന്നു അസിസ്റ്റന്റ് സെക്രട്ടരി (ജവഹർലാലിന്റെ ജീവിതകഥ എഴുതിയ എഴുത്തുകാരനാണെന്നു തോന്നുന്നു ഇദ്ദേഹം). സെക്രട്ടരി ആരായിരുന്നുവെന്ന് അറിയില്ല. (വല്ല സർക്കാർ തല സെക്രട്ടരിമാരുമായിരിക്കണം).

അതൊക്കെ നോക്കുമ്പോൾ എന്റെ സ്ഥിതി എത്ര ഭേദം. ഏറ്റവും സന്തോഷം തോന്നിയതെപ്പോഴാണെന്ന സ്‌നേഹിതന്റെ ചോദ്യത്തിന് മറുപടി പറയാൻ ശ്രമിച്ച ഞാനിപ്പോൾ അച്ഛന്റെ അവസാനകാലമോർത്ത് ഏറെ ദുഃഖിതനാണ്.

കലാപൂർണ്ണ ഓണം 2014