എന്റെ കഥയെക്കുറിച്ച് - പത്മരാജന്‍ അവാര്‍ഡ്

1997-ലെ പത്മരാജന്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗം

1988-ലെ പത്മരാജന്‍ പുരസ്‌കാരത്തിന് അര്‍ഹമായ 'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന എന്റെ കഥയെപ്പറ്റി രണ്ടു വാക്കു പറയാം. അധികം സമ്പന്നമല്ലാത്ത ഒരു വീട്ടിലെ കല്യാണത്തിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ കഥയുടെ ബീജം എനിക്കു ലഭിച്ചത്.

രണ്ടു വശവും കായലിലേക്ക് എത്തിനോക്കുന്ന, മിക്കവാറും തരിശായ ഒരു ചെറിയ പറമ്പില്‍വച്ചാണ് ഞാനെന്റെ കഥാപാത്രത്തെ കണ്ടെത്തിയത്. അവളുടെ മുഖം ഗൗരവപൂര്‍ണമായിരുന്നു. ഒപ്പം നടക്കുന്ന കൂട്ടുകാരികളുടെ മുഖത്തെ സന്തോഷം എന്തുകൊണ്ടോ അവളുടെ മുഖത്തുണ്ടായിരുന്നില്ല. കല്യാണപ്പെണ്ണിന്റെ ബന്ധുവായിരുന്നു അവള്‍. എന്തുകൊണ്ടോ ആ അഞ്ചു വയസ്സുകാരിയും അവളുടെ സ്നേഹിതകളും എന്റെ ശ്രദ്ധയാകര്‍ഷിച്ചു. നാലു കുട്ടികള്‍, അവര്‍ എന്തോ അന്വേഷിച്ച് നിലത്തുനോക്കി നടക്കുകയായിരുന്നു.

പച്ചപ്പയ്യ് എന്റെ മനസ്സിലേയ്ക്ക് വന്നത് എങ്ങിനെയാണെന്നറിയില്ല. മനസ്സിന്റെ അസ്വസ്ഥമായ ഒരു കോണില്‍ ഒരു പെണ്‍കുട്ടിയും അവൾ അന്വേഷിക്കുന്ന പച്ചപ്പയ്യുമുണ്ടായിരിക്കണം. അവളുടെ നിരര്‍ത്ഥകമായ ജീവിതവും വ്യഥകളും. ആ കുട്ടിയുടെ മനസ്സിലൂടെ കല്യാണപ്പെണ്ണിന്റെ ജീവിതത്തി ലേയ്ക്കും എത്തിനോക്കാന്‍ അതെന്നെ പ്രേരിപ്പിച്ചു. ആ ജീവിതം ദുരിത പൂര്‍ണ്ണമായിരുന്നുവെന്ന് ഞാൻ കണ്ടു. എന്റെ ഭാവനയായിരിക്കണം. പക്ഷേ യാഥാര്‍ത്ഥ്യം പലപ്പോഴും ഭാവനയേക്കാൾ കഷ്ടതരമായിരിക്കുമെന്നാണ് എന്റെ അനുഭവം. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തിൽ ഈ പെണ്‍കുട്ടിയുടെ അനുഭവങ്ങൾ എല്ലാ ദരിദ്രകുടുംബങ്ങളിലുമുണ്ട്. താന്‍ അനുഭവിക്കുന്ന വേദനകൾ കടിച്ചമര്‍ത്തി സന്തോഷവതികളാണെന്നുഭാവിച്ചു നടക്കുന്ന കുട്ടികൾ. അവര്‍ക്ക് തീര്‍ച്ചയായും അവരുടെ കുടുംബങ്ങളില്‍നിന്നോ, സമുദായത്തില്‍നിന്നോ കുറച്ചുകൂടി നീതി ലഭിക്കേണ്ടതാണ്. സമുദായമെന്നു ഞാന്‍ ഉദ്ദേശിക്കുന്നത് മനുഷ്യസമുദായമാണ്. ജാതിമതങ്ങളുടെ പേരില്‍ സമുദായത്തെ തരംതിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.

രണ്ടുതരം സമുദായമേ ഉള്ളൂ. ഉള്ളവരുടെ സമുദായവും ഇല്ലാത്തവരുടെ സമുദായവും. ഈ രണ്ടു സമുദായക്കാര്‍ തമ്മിലുള്ള അന്തരവും. പൊരുത്തക്കേടുമാണ് എന്നെ ഏറെ ചിന്തിപ്പിക്കയും ദുഃഖിപ്പിക്കയും ചെയ്യുന്ന സമസ്യ, ഞാന്‍ അടുത്ത കാലത്തെഴുതിയ പല കഥകളുടെയും ഉള്ളിൽ ഈ പെരുത്തക്കേടിന്റെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണമാണുള്ളത്. എഴുപത്തൊമ്പതില്‍ എഴുതിയ 'ഒരു ദിവസത്തിന്റെ മരണം' ആയിരിക്കണം ഈ അന്വേഷണത്തിന്റെ തുടക്കം. (ദിനോസറിന്റെ കുട്ടി എന്ന സമാഹാരത്തില്‍). യന്ത്രവല്‍ക്കരണം കാരണം ജോലി നഷ്ടപ്പെടുന്ന ഒരു സ്ത്രീ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണാതിരുന്നപ്പോൾ കുടുംബത്തിലെ പട്ടിണി ഒഴിവാക്കാൻ മുതലാളിയുടെ അഭിലാഷങ്ങള്‍ക്ക് തികച്ചും യാന്ത്രികമായി വഴങ്ങുന്നതാണ് കഥ. ഈ കഥയ്ക്ക് ശേഷം എഴുതിയ പല കഥകളിലും ഈ അന്വേഷണത്തിന്റെ വഴികള്‍ കാണാം. വിഷു, താമസി, ഏറ്റവും മഹത്തായ കാഴ്ച, തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, ദേശാടനക്കിളിപോലെ അവള്‍, അലക്കുയന്ത്രം, അപാരസാദ്ധ്യതകളുള്ള യന്ത്രം തുടങ്ങിയവ. ഇതില്‍ ഒരു പക്ഷേ ഏറ്റവും അവസാനത്തെ കഥകളിലൊന്നാണ് പച്ചപ്പയ്യിനെ പിടിക്കാന്‍. വിഷു എന്ന കഥയില്‍ ഒരു പാവപ്പെട്ട അച്ഛൻ വിഷുവിന് കടം വാങ്ങിയ തുഛമായ സംഖ്യകൊണ്ട് മകന്നായി കുറച്ചുപടക്കം വാങ്ങുന്നു. വില കുറഞ്ഞ ആ പടക്കങ്ങള്‍ പൊട്ടുന്നില്ല. മറിച്ച് അയല്‍പക്കത്തുള്ള ദുബായ്ക്കാരന്റെ വീട്ടിൽ നൂറുകണക്കിന് രൂപയ്ക്ക് വാങ്ങിയ പടക്കങ്ങള്‍ അതിശക്തിയോടെ പൊട്ടുകയും ചെയ്തു. പിറ്റേന്ന് രാവിലെ അതിനെപ്പറ്റി പറയാന്‍ കടയിൽ ചെന്ന അയാള്‍ക്ക് കേള്‍ക്കേണ്ടി വന്നത് ഇതാണ്. 'തനിക്ക് കാല്‍ കാശിന് പടക്കം വേണം. പിന്നെ അതൊക്കെ പൊട്ടുകയും വേണംച്ചാല്‍ വിഷമമാണ്.' കാതലായിട്ടുള്ള സംഗതി അതുതന്നെയാണ്. പണമില്ലെങ്കില്‍ അവന് ജീവിക്കാനുള്ള അര്‍ഹതയില്ല. അവന്റെ മാനം രക്ഷിക്കാന്‍ അര്‍ഹതയില്ല. 'തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം' എന്ന കഥയില്‍ ഒരു സ്ത്രീ നിസ്വതയുടെ പേരില്‍ ആദ്യമായി തെരുവിലിറങ്ങുന്നതും അത്യപൂര്‍വ്വമായി, സഹാനുഭൂതിയുള്ള ഒരാളെ കണ്ടുമുട്ടുന്നതുമാണ് വിഷയം. അയാള്‍ മറ്റൊരു വിധത്തിൽ ഏകാകിയും തുല്യദുഃഖിതനുമാണ്. അവള്‍ ആദ്യമായി ഈ ജോലിക്കിറങ്ങിയിരിക്കയാണെന്ന അറിവ് അവളെ പിന്‍തുടരാനും രക്ഷിക്കാനും അയാളെ പ്രേരിപ്പിക്കുന്നു.

അലക്കുയന്ത്രം എന്ന കഥയില്‍ ഉള്ളവരും ഇല്ലാത്തവരും എന്ന പ്രതിഭാസം ഒരു പ്രത്യേക തലത്തിലെത്തുന്നു. സമ്പന്ന വീട്ടിലെ മകളുടെ, അവള്‍ ഏഴെട്ടു വയസ്സുള്ള കുട്ടിയാണ്, നിഷ്‌കളങ്കതയിൽ അവളേക്കാൾ നാലഞ്ചു വയസ്സു മാത്രം മൂപ്പുള്ളവളാണെങ്കിലും ആ വീട്ടിൽ ജോലിക്കു നില്‍ക്കുന്ന പെണ്‍കുട്ടി സ്വന്തം പരാധീനകൾ മറക്കുകയും സ്വയം അമ്മയായി മാറി വാത്സല്യം ചൊരികയും ചെയ്യുന്നു.

ഇതൊന്നും പക്ഷേ എന്റെ അന്വേഷണത്തെ എവിടെയും എത്തിക്കുന്നില്ല. അന്വേഷണം തുടരുന്നു. ഒരു പക്ഷേ തൃപ്തികരമായ ഒരു ഉത്തരം കിട്ടിയില്ലെന്നു വരും.

സംസ്കാരലോപമാണ് അടുത്തകാലത്ത് എന്നെ സ്പര്‍ശിച്ച മറ്റൊരു പ്രശ്നം. ഒരു ദേശത്തിന്റെ അല്ലെങ്കില്‍ ഒരു ഭൂവിഭാഗത്തിന്റെ സംസ്കാരം ഒരിക്കലും ഒരു മതത്തിന്റേതു മാത്രമല്ല. അത് ആ ഭൂവിഭാഗത്തില്‍ ജനിച്ചു വളര്‍ന്നവരുടെയെല്ലാം പൊതുസ്വത്താണ്. മതത്തിന്റെ പേരുപറഞ്ഞ് ആ സംസ്കാരത്തിൽ നിന്ന് മാറി നില്‍ക്കുന്നത് വിഭാഗീയ ചിന്താഗതിയുണ്ടാക്കാനേ ഉതകൂ. ഒരു സംസ്കാരം ഉരുത്തിരിയുവാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങളെടുക്കും. അങ്ങിനെ കെട്ടിപ്പടുത്തുണ്ടാക്കിയ ഒരു സംസ്കാരമാണ് ഭാരതീയ സംസ്കാരം. അതിന്റെ ഒരു കൈവഴിയായി നമുക്ക് സിദ്ധിച്ചിട്ടുള്ളതാണ് കേരളസംസ്കാരം അല്ലെങ്കിൽ കേരളത്തനിമ. മതങ്ങള്‍ ഉദ്ഭവിക്കുന്നതിനുമുമ്പുതന്നെ സംസ്കാരം ഉടലെടുത്തിരുന്നു. പിന്നെ മതങ്ങള്‍ ആവിർ ഭവിച്ചപ്പോൾ അവ ഈ സംസ്കാരത്തെ സ്വായത്തമാക്കുകയും ചെയ്യുകയാണുണ്ടായത്. ഒരു ചെറിയ ഉദാഹരണം നമ്മുടെ നിലവിളക്കാണ്. ഒരു മതത്തിന്റെ ആചാരങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയതല്ല നിലവിളക്ക്. ഓരോ നാട്ടിലും തദ്ദേശ കലകള്‍ക്കനുസൃതമായി നിത്യോപകരണങ്ങളുടെ ആകൃതിയും പ്രകൃതിയും ഉടലെടുക്കുകയാണുണ്ടായത്. നിലവിളക്ക് ദക്ഷിണേന്ത്യന്‍ തനിമയുടെ നല്ലൊരുദാഹരണമാണ്. പിന്നീട് അത് ഹിന്ദുമതത്തിന്റെ ആചാരക്രമങ്ങളില്‍ കടന്നുകൂടിയതുകൊണ്ട് മാത്രം അതിനെ നിഷേധിക്കുന്നത് നമ്മുടെ പൈതൃകത്തെ നിഷേധിക്കലാണ്. നിലവിളക്ക് പൂജാകര്‍മ്മങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമായത് മിക്കവാറും പൂജാകര്‍മ്മങ്ങൾ നടത്തുന്നത് രാത്രിയിലായതിനാൽ വിളക്കിന്റെ ആവശ്യമുണ്ട് എന്നതു കൊണ്ടു മാത്രമായിരിക്കണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും കലകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ആചാരങ്ങള്‍ക്ക് ഇത്രയധികം വര്‍ണ ശബളിമയുണ്ടായത്.

സംഗീതത്തിന്റെ കാര്യവും മറിച്ചല്ല. ക്ലാസിക്കല്‍ സംഗീതം ഈശ്വരാരാധനയോടു ബന്ധപ്പെട്ടാണിരിക്കുന്നത്. ആ കാരണവും പറഞ്ഞ് ഒരു മതത്തിലെ സംഗീതജ്ഞനും അതിനെ നിഷേധിച്ചതായി അറിവില്ല. അങ്ങിനെ ഓരോന്നായി നിഷേധിക്കാന്‍ തുടങ്ങിയാൽ അത് ഒരു പ്രത്യേകതരത്തിലുള്ള സംസ്കാരലോപത്തിന് ഇടയാക്കും. വിളക്കിനെ നിഷേധിക്കുന്നത് വെളിച്ചത്തെ നിഷേധിക്കലാണ്. സംസ്കാരത്തെയും അതിന്റെ പ്രായോഗിക തലത്തിലുള്ള ആചാരങ്ങളേയും, സംഗീതത്തേയും മതങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുകയും പൊതുസ്വത്താക്കി മാറ്റുകയും ചെയ്യുകയാണ് ആവശ്യം. ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം തികച്ചും മതപരമാണ്. പക്ഷേ ഇന്ന് ഓണത്തെ ഒരു ദേശീയോത്സവമാക്കി മാറ്റിയിരിക്കുന്നു. അതു പോലെ സംസ്കാരസമ്പത്ത് ഒരു പ്രത്യേക മതത്തില്‍നിന്ന് വേര്‍പെടുത്തി എല്ലാ മതസ്ഥരും കയ്യാളുകയും അവരവരുടേതുകൂടിയാക്കുകയും ചെയ്യുകയാണ് സാംസ്കാരികൈക്യത്തിന് പറ്റിയ വഴി. അതുകൊണ്ട് അവരുടെ സ്വത്വത്തിന് കോട്ടം സംഭവിക്കുമെന്ന വാദത്തില്‍ കഴമ്പില്ല. ദൃഢതയല്ല അയവാണ് ആവശ്യം. മൗലികവാദം അപകടം പിടിച്ചതാണ്. ഒരു മൗലികവാദം അതിലും വലിയതും കൂടുതൽ നിന്ദ്യവുമായ മറ്റൊരു മൗലികവാദത്തിന് ജന്മം നല്‍കുകയാണ് ചെയ്യുക. അങ്ങിനെ നമുക്ക് മൗലികവാദങ്ങളുടെ ഒരു ചങ്ങലതന്നെയുണ്ടാവുകയും അതില്‍ മനുഷ്യനും മനുഷ്യപുരോഗതിയും കെട്ടിയിടപ്പെടുകയും ചെയ്യും. എന്റെ ഏറ്റവും പുതിയ കഥയായ 'ഷ്‌ട്രോഡിങ്ങറുടെ പൂച്ച' ഇതിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്.

പത്മരാജനും ഞാനും സമപ്രായക്കാരാണ്. ഏകദേശം ഒരേസമയത്താണ് എഴുതാന്‍ തുടങ്ങിയതും. അറുപതുകളില്‍ ആധുനികതയുടെ പേരിൽ പല കള്ളനാണയങ്ങളും ഇറങ്ങിയ അവസരത്തിൽ കൃത്രിമമായി ചമയ്ക്കപ്പെട്ട ദുരൂഹതകളില്‍നിന്നും മാറിനിന്ന് തികച്ചും ആധുനികമായി കഥകളെഴുതിയിരുന്ന പത്മരാജനെ എനിക്കിഷ്ടമായിരുന്നു. കഥയില്‍ കാമ്പില്ലാതെ വരുമ്പോഴാണ് ദുരൂഹതയുടെ മറവില്‍ സൃഷ്ടി നടത്തേണ്ടി വരിക. പത്മരാജന് അതിന്റെ ആവശ്യമില്ലായിരുന്നു. ജീവിതമെന്ന സമസ്യയും അതിനെക്കുറിച്ചുള്ള ദുരൂഹതയും ചിത്രീകരിക്കാൻ അദ്ദേഹം കൃത്രിമമായ ഭാഷയോ ചട്ടക്കൂടോ ഉപയോഗിച്ചില്ലെന്നത് വളരെ ശ്രദ്ധേയമാണ്. പത്മരാജനെ അനശ്വരമാക്കിയതും ഈ സവിശേഷതതന്നെയാണ്. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം എനിക്കു ലഭിച്ചപ്പോൾ വളരെ സന്തോഷം തോന്നി.

ഇ ഹരികുമാര്‍ - 2016 ജുലൈ 2