ഇടവപ്പാതിയിൽ ഒരു രാത്രി മണ്ണിന്റെ മണവുമുയർത്തി പുതുമഴ പെയ്തപ്പോൾ മാധവി തറവാട്ടിലെ മരങ്ങൾ ഓർത്തു. നാലുകെട്ടിന്റെ മുകളിലെ ജനലിൽക്കൂടി നോക്കുമ്പോൾ മഴ തകർത്തു പെയ്യുന്നതും, കാറ്റിൽ മരങ്ങളുടെ ചില്ലകൾ ഉലയുന്നതും തെങ്ങിൻ തലപ്പുകൾ ആടുന്നതും കാണാം. രാത്രി കിടക്കുമ്പോൾ മഴത്തുള്ളികൾ ഓട്ടിൻപുറത്ത് വന്നടിക്കുന്നതിന്റെയും, കാറ്റ് മരങ്ങൾക്കിടയിലൂടെ ചീറിയടിക്കുന്നതിന്റെയും ശബ്ദം. പിന്നെ തവളകളും മണ്ണട്ടയും കൂട്ടമായി ആർക്കുന്നതിന്റെ ശബ്ദം. ഈ ശബ്ദങ്ങളെല്ലാം കൂടിച്ചേർന്ന് ഒരു താളമേളമായി മാറുന്നത് കേൾക്കാം. ഇതിനെല്ലാം മീതെ കടലിന്റെ ഇരമ്പവും. ഇവിടെ എറണാകുളത്ത് അതൊന്നുമില്ല. കടൽ, വളരെ അടുത്താണെങ്കിലും, അത് ഇരമ്പുന്ന ശബ്ദമില്ല; ഒരു തേങ്ങൽ മാത്രം. മഴ ഒരു റേഷൻ കടക്കാരന്റെ മുഖം പോലെ ഗൗരവമാർന്നതും, കാര്യമാത്രപ്രസക്തവുമാണ്. മരങ്ങൾ ഉലയുന്നത് .... മരങ്ങളോ? എവിടെ മരങ്ങൾ?
രവി തിരിഞ്ഞു കിടക്കുകയാണ്. ഉറങ്ങിയിട്ടില്ല. അവൾ പതുക്കെ ചോദിച്ചു;
'നോക്കു, നിങ്ങളുറങ്ങിയോ?'
'ഇല്ല,' അയാൾ പെട്ടെന്നു ഞെട്ടി. 'എന്താ വേണ്ടത്.'
അയാൾ ഒരു മയക്കത്തിലെത്തിയിരുന്നു.
'ഒന്നുംല്ല്യ. ഞാൻ ഈ ശനിയാഴ്ച കോട്ടപ്പടിക്കു പോകട്ടെ?'
രവി എഴുന്നേറ്റ് കട്ടിലിന്റെ തലയ്ക്കൽ തലയിണ വെച്ച് ചാരിയിരുന്നു.
'എന്താ പറഞ്ഞത്?'
'ഞാൻ കോട്ടപ്പടിക്കു പോകട്ടെ, ഈ ശനിയാഴ്ച?'
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മാധവി പറയുന്നത് സാധാരണ രവി ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽതന്നെ വെറുതെ മൂളൂക മാത്രം ചെയ്യും. പക്ഷേ കോട്ടപ്പടിക്കു പോകുക എന്നത് അങ്ങിനെ മൂളിക്കളയേണ്ട കാര്യമല്ല. അവളുടെ ആത്മാവിന്റെ വിളിയാണത്. അവളുടെ തീർത്ഥാടനം. സാധാരണ അവൾ കുറച്ച് അശ്രദ്ധയായി കണ്ടാലോ, കയ്യിൽ നിന്ന് പാത്രങ്ങൾ വീണുടയുന്ന ശബ്ദം കേട്ടാലോ അയാൾതന്നെ പറയാറുണ്ട്.
മാധവി, നിന്റെ തീർത്ഥാടനത്തിനുള്ള സമയമായിരിക്കുന്നു.
ഇപ്രാവശ്യം അതൊന്നുമുണ്ടായില്ല. ഒരു കുപ്പിഗ്ലാസുപോലും പൊട്ടിയിട്ടില്ല. ഒരു പക്ഷേ പെട്ടെന്ന് പെയ്ത ഈ മഴയായിരിക്കും കാരണം. പുറത്ത് ഒരു മിന്നൽ. തുടർന്ന് കനത്ത ഇടിയും. മഴ വീണ്ടും ശക്തിയായി പെയ്യുന്നു. ഉഷ്ണം ശമിപ്പിച്ചുകൊണ്ട് ജനലിലൂടെ ഒരു തണുത്ത കാറ്റ് വീശി. ഇപ്പോൾ പുതച്ച് ചുരുണ്ടുകൂടി കിടക്കാൻ എന്തു സുഖമായിരിക്കും.
'നീ കടുപ്പാണ് ചെയ്യുന്നത്.'
'എന്തേ?'
'എന്നെ വിളിച്ചുണർത്തിയതുതന്നെ.'
'സോറി,' അവൾ പറഞ്ഞു. 'കിടന്നോളു.'
അവളുടെ വാക്കുകളിൽ വ്യസനമുണ്ടായിരുന്നു. അവൾക്കറിയാം മഴയുടെ ഇരമ്പവും ഈ കാറ്റും നനച്ച രാമച്ച വിശറികൊണ്ട് വീശിത്തരുന്ന ഒരമ്മയുടെ താരാട്ടുപോലെ നമ്മെ ഉറക്കത്തിലേക്കു ക്ഷണിക്കുന്നു.
മയക്കത്തിലാണ്ട ഒരാളെ വിളിച്ചുണർത്തിയത് അനീതി തന്നെയാണ്.
അയാൾ കിടന്നു. മാധവിയെ കൈകൊണ്ടു വരിഞ്ഞ്. കവിളിൽ ഉമ്മവെച്ചു.
'നീ പൊയ്‌ക്കൊ. ഈ ശനിയാഴ്ച തന്നെ.'
'നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെ?'
'ഏയ് ഒരു ബുദ്ധിമുട്ടുമില്ല. രാവിലെ തങ്കം ചായയും പലഹാരവും ഉണ്ടാക്കും. പിന്നെ ചോറും കൂട്ടാനും ഉണ്ടാക്കിവെച്ചു പോകും. മറ്റു കാര്യങ്ങളെല്ലാം ഞാനും കുട്ടികളും കൂടി നോക്കാം. അതൊന്നും ഒരു വിഷമമാവില്ല.'
പിറ്റെന്നും ഉച്ചവരെ മഴ പെയ്തു; പിന്നെ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതിലുള്ള ജാള്യത മറച്ചുവെച്ച്, അസ്തമയസൂര്യന് താഴേക്ക് ഒരു നോക്കു കാണാൻ അവസരം കൊടുത്തുകൊണ്ട് പിൻവാങ്ങുകയും ചെയ്തു.
ബസ്സിറങ്ങി ഇടവഴിയിലേക്കു തിരിയുമ്പോൾ നനഞ്ഞ മണ്ണ് മാധവിയെ എതിരേറ്റു. നാലു ദിവസം മുമ്പ് പെയ്ത മഴയുടെ നനവ് ഇനിയും വിട്ടിട്ടില്ല. അവൾ ചെരിപ്പൂരി കയ്യിൽ പിടിച്ചു. നനവ് കാലിന്നടിയിലൂടെ അവളുടെ ഉള്ളിലാകെ പടർന്നു പിടിച്ചു. മുളങ്കാടുകൾക്കപ്പുറത്ത് മാവ് പുത്ത വാസന. ഈ വാസന അവൾക്ക് പരിചിതമായിരുന്നു. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ തൊട്ട് ഇരുപതു കൊല്ലത്തിനു ശേഷവും ഈ ഇടവഴിയുടെ വാസന മാറിയിട്ടില്ല. ഇനി മഴ പടർന്നു പിടിച്ചാൽ ഈ ഇടവഴിയിൽ ചീഞ്ഞ ഇലകളുടെയും, ഇലഞ്ഞിപ്പൂക്കളുടെയും വാസനയുണ്ടാവും.
പടിപ്പുരയുടെ അഴികൾ കവച്ചുവെച്ച് മാധവി മുറ്റത്തേയ്ക്കു കടന്നു.
ശാരദേച്ചി ഉമ്മറത്തുതന്നെയുണ്ടായിരുന്നു. അവർ മുറ്റത്തേക്കിറങ്ങി വന്നു.
'നോക്കു രാമേട്ടാ ഇതാരാ വന്നിരിക്കണത്ന്ന്?'
രാമേട്ടൻ പുറത്തേയ്ക്കു വന്നു. മുണ്ടും തോളത്തിട്ട തോർത്തുമുണ്ടും വേഷം.
'ആര് മാധവിയോ? എന്താ പെണ്ണെ രവി നിന്നെ പിടിച്ച് പുറത്താക്കിയോ?'
'മാധവിയെ അത്ര എളുപ്പമൊന്നും രവിയേട്ടൻ പുറത്താക്കില്ല.'
ശാരദേച്ചി പറഞ്ഞു.
മുറ്റത്തെ വലിയ തുളസിത്തറയിൽ പിച്ചകം പൂത്തു നിൽക്കുന്നു. മാധവി ഉമ്മറത്തു കയറാതെ തുളസിത്തറക്കരികെ പിച്ചകത്തിന്റെ വാസന ആസ്വദിച്ചുകൊണ്ട് മുറ്റത്തു തന്നെ നിന്നു.
'ഈ മുത്തശ്ശിപിച്ചകം ഇപ്പോഴും പൂക്കുന്നുണ്ട്. അല്ലെ?'
'ഉം. ഇനി മഴ തൊടങ്ങ്യാല് അത്മ്മല് നെറയെ പൂക്കളാവും.'
അവൾ കുട്ടിയായിരുന്നപ്പോഴും ആ തറയിൽ പിച്ചകമുണ്ടായിരുന്നു.
മുറ്റത്തിന്റെ അതിരിൽ പൂത്ത പെഗോഡച്ചെടികൾ സ്വയംവരത്തിന് അണിഞ്ഞൊരുങ്ങിവന്ന രാജകുമാരന്മാരെപ്പോലെ നിരന്നു നിന്നു. പവിഴമല്ലിയുടെ താഴെ മുറ്റമടിച്ചുവാരുന്നതിനുമുമ്പ് നിറയെ പൂക്കൾ വീണു കിടന്നിട്ടുണ്ടാകുമെന്നു തോന്നുന്നു. ഇപ്പോൾ നാലഞ്ചു പൂക്കൾ മാത്രമേയുള്ളു.
'നീ ഇങ്ങോട്ട് കയറിയിരിക്ക്.' ശാരദേച്ചി പറഞ്ഞു.
'അവളുടെ ഒരു നിൽപ് കണ്ടില്ലെ?' രാമേട്ടൻ പറഞ്ഞു. 'ഒരു കയ്യില് ചെരുപ്പും മറ്റേ കയ്യില് ഒരു സഞ്ചീം. അവള് മുറ്റത്തു തന്നെ താമസിക്കാൻ പോവ്വാ. അവള് പോണവരെ നമുക്ക് മുററത്തൊരു ഓല ഷെഡ്ഡുണ്ടാക്കി കൊടുക്കാം.'
മാധവി ചിരിച്ചു. 'ഇവിടെ ഈ പിച്ചകത്തിനടുത്തു മതി.'
അടുക്കളയുടെ ഓടിൻപുറത്ത് പുകയുടെ നേരിയ പടലങ്ങൾ. പിട്ടുണ്ടാക്കുന്നതിന്റെ വാസന മാധവിക്കനുഭവപ്പെട്ടു. ഉണക്കലരിയുടെ പൊടി വറുത്തത് തേങ്ങയോടൊപ്പം ആവിയിൽ വേവുന്ന വാസന. അവൾ മൂക്കു വിടർത്തി പിടിച്ചു.
'പിട്ട്!' മാധവി പറഞ്ഞു.
കയ്യിലുള്ള ചെരുപ്പ് ഒതുക്കുകല്ലിൽ വെച്ച് സഞ്ചിയുമായി അവൾ ധൃതിയിൽ ഉമ്മറത്തേക്കു കയറി തളത്തിലൂടെ അടുക്കളയിലേക്കു നടന്നു. പിന്നാലെ ഒരു വലിയ ഘോഷയാത്രയും ഒപ്പം കൂടി. രാമേട്ടൻ, ശാരദേച്ചി, ചെറിയമ്മ വന്നെന്നു കേട്ടപ്പോൾ മുകളിൽ നിന്നു ഇറങ്ങിവന്ന സുപ്രിയ, ജോലിക്കാരി പാറുക്കുട്ടി, കറുപ്പും വെളുപ്പും നിറങ്ങളുള്ള, വാലുയർത്തി പിടിച്ച രണ്ടു പൂച്ചകൾ. അവ മാധവിയുടെ കാലുകളിൽ വന്ന് ഉരുമ്മിക്കൊണ്ടിരുന്നു.
ഘോഷയാത്ര അടുക്കളക്കു മുമ്പിലുള്ള ഇടനാഴിയിൽ ഊൺമേശയ്ക്കു മുമ്പിൽ ഔപചാരികമായി സമാപിച്ചു.
എല്ലാം വളരെ സ്വാഭാവികമാണ്. വായുവിലുള്ള പച്ചപ്പുല്ലിന്റെ വാസന, തൊഴുത്തിൽ നിന്ന് പശുവിന്റെ കരച്ചിൽ, പിന്നെ സൂര്യവെളിച്ചത്തിനുള്ള പ്രത്യേക ഉദിപ്പ്. പത്തൊമ്പതാം വയസ്സിൽ കല്യാണം കഴിയുന്നവരെ ഇതെല്ലാം തന്റെതായിരുന്നു. കഴിഞ്ഞ പതിനഞ്ചു കൊല്ലമായി തനിക്കു നഷ്ടപ്പെട്ടവ. ഏതാനും ദിവസത്തേക്കെങ്കിലും അതെല്ലാം വീണ്ടെടുക്കാൻ, അനുഭവിക്കാൻ താൻ എത്തുന്നു. ആറുമാസം കൂടുമ്പോഴോ, ചിലപ്പോൾ കൊല്ലത്തിലൊരിക്കലോ.
രാമേട്ടനും ശാരദേച്ചിയും മേശയ്ക്കു മറുവശത്തിരുന്ന് അവൾ പിട്ടും കടലയും തിന്നുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. അവളുടെ ഇടതുവശത്തെ കസാലയിൽ സുപ്രിയയും ഇരുന്നു.
'രവി ഈ പെണ്ണിന് തിന്നാനൊന്നും കൊട്ക്കിണില്ല്യാന്ന് തോന്ന്ണു.' രാമേട്ടൻ പറഞ്ഞു. 'കണ്ടില്ലെ കോലം.'
'ഇനി അവളെ കളിപ്പിക്കാനൊന്നും നിൽക്കണ്ട,' ശാരദേച്ചി പറഞ്ഞു. 'അവള് സ്വൈരായിരുന്ന് തിന്നോട്ടെ.'
'അല്ല ഞാമ്പറയണതില് എന്താ തെറ്റ്. കണ്ടില്ലെ അവള്‌ടെ ആർത്തി. ഒരു കുറ്റി പിട്ടും അതിനൊത്ത കടലയും അകത്താക്കിക്കഴിഞ്ഞു.'
'ആയ്‌ക്കോട്ടെ രാമേട്ടന് ചേതം ഇല്ലല്ലൊ.'
മാധവി മുഖം വീർപ്പിച്ചു.
'മോളെ ചൂടുള്ള പിട്ട് അടുപ്പത്തുനിന്നു വാങ്ങിയിട്ടുണ്ട്', പാറുക്കുട്ടി പറഞ്ഞു. 'കൊണ്ടുവരട്ടെ?'
മാധവി ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു.
'വേണ്ട. ഇവിടെ ഒരു കഷ്ണം പിട്ട് തിന്നപ്പോൾ തന്നെ ആൾക്കാര് ഓരോന്ന് പറയ്‌ണ്‌ണ്ട്.'
'അയ്യോ ഞാൻ പോവ്വാണ്.' രാമേട്ടൻ തോർത്തുമുണ്ട് തോളത്തിട്ടു പറഞ്ഞു. 'എനിക്ക് പാടത്തു പണിണ്ട്.'
'പൊയ്‌ക്കോളു. അതാ നല്ലത്. മറ്റുള്ളവരെ ദേഷ്യം പിടിപ്പിക്കാതെ? അല്ലെ മോളെ?'
സുപ്രിയയെ നോക്കിയാണവൾ പറഞ്ഞത്. അവളുടെ മുഖം കൗതുകമുള്ളതായിരുന്നു. കൈമുട്ടു കൊണ്ട് മുഖം താങ്ങി അവൾ ചെറിയമ്മയെ നിർന്നിമേഷയായി നോക്കിയിരിക്കുകയായിരുന്നു.
അച്ഛൻ ചെറിയമ്മയെ കളിപ്പിക്കുന്നതൊന്നും അവൾക്കിഷ്ടപ്പെട്ടില്ല. അവൾക്ക് കുറച്ചൊരു വിഷമമുണ്ടായിരുന്നു. അതുകൊണ്ട് ചെറിയമ്മ അല്ലെ മോളെ എന്നു ചോദിച്ചപ്പോൾ അവൾ വേഗം തലയാട്ടി.
മാധവി സഞ്ചിയിൽനിന്ന് ഒരു കടലാസുപെട്ടിയെടുത്ത് അവളുടെ നേരെ നീട്ടി.
'ഇതെന്താണെന്നു പറയൂ.'
'എനിക്കറിയാം.'
അവൾ കടലാസുപെട്ടി തുറന്ന് അതിനുള്ളിലെ പാവക്കുട്ടിയെ പുറത്തെടുത്തു. അവളുടെ മുഖം വികസിച്ചു. അവൾ പാവയെ മേശമേൽ കിടത്തി നോക്കി; ഉണ്ട്, കണ്ണടയ്ക്കുന്നുണ്ട്.
'അവള് അല്ലെങ്കിലേ നാലു കുട്ടികളെയും വെച്ച് പ്രാരാബ്ധക്കാരിയായി കഴിയ്യാണ്. ഇനി ഒരു കുട്ടീം കൂടി ആയാൽ എങ്ങിന്യാ കൊണ്ടു നടക്ക്വാന്ന് ദൈവത്തിനു മാത്രമറിയാം.'
രാമേട്ടൻ പറഞ്ഞു.
സുപ്രിയ ഓടിപ്പോയി നാലു പാവക്കുട്ടികളുമായി തിരിച്ചുവന്നു. അഞ്ചുപേരേയും അവൾ മേശമേൾ നിരത്തിയിരുത്തി. തുടുത്ത കവിളുമായി എല്ലാം അവളുടെ മക്കളെപ്പോലെ തോന്നിച്ചു.
'സുപ്രിയേ നമുക്ക് മഞ്ചാടിക്കുരു പെറുക്കാൻ പോവ്വാ?'
സുപ്രിയ തലയാട്ടി.
'മാധവീ നിനക്ക് നെയ്മീൻ മതിയോ? മത്സ്യക്കാരി ഉമ്മ കൊണ്ടുവന്നിട്ടുണ്ട്.'
ശാരദേച്ചി ചോദിച്ചു.
'മതി ചേച്ചി. വറുത്താൽ മതി.'
'ആ കുട്ടിക്ക് നെയ്മീൻ വറുത്തതാ എപ്പളും ഇഷ്ടം.' പാറുക്കുട്ടി മോണകാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
'ചെറ്യേമ്മ വരു.' സുപ്രിയ അവളുടെ പുതിയ കുട്ടിയെയും ഒക്കത്തുവെച്ച് വാതിൽക്കൽ കാത്തു നിന്നു.
'ഇതാ വരുന്നു.'
സുപ്രിയ മുമ്പിലും മാധവി പിന്നിലുമായി പറമ്പിലൂടെ നടന്നു. നടക്കുമ്പോൾ പുല്ലിലുള്ള പച്ചപ്പയ്യുകൾ ചാടി.
'ന്നാള് ഒരു പച്ചപ്പയ്യ് വീട്ടിന്റെ ഉള്ളിൽ വന്നു,' സുപ്രിയ പറഞ്ഞു. 'ന്ന്ട്ട് അമ്മ പറഞ്ഞു. പച്ചപ്പയ്യ് വന്നാല് നമുക്ക് ധാരാളം പണംണ്ടാവുംന്ന്.'
'അത്യോ?'
'ങ്ങാ. പക്ഷേ നമ്മള് വീട്ടില് പിടിച്ചിട്ടിട്ട് കാര്യല്ല്യ, അതിന് തോന്നീട്ട് വരണം.'
'അത്യോ?'
'ങ്ങാ.'
സുപ്രിയ തല കുലുക്കിക്കൊണ്ട് നടന്നു. അവളുടെ ചുമലിൽ വെച്ചുവെട്ടിയ മിനുത്ത തലമുടി നടക്കുമ്പോൾ കുലുങ്ങി.
'നമുക്കെന്തിനാ മോളെ ധാരാളം പണം?'
'ധാരാളം പണോ?'
'ങ്ങാ.'
'നമുക്ക് കൊറെ പാവക്കുട്ടികളെ വാങ്ങിക്കൂടെ?'
പാവം കുട്ടി. അവൾക്ക് വേണ്ട കളിസാമാനങ്ങളൊന്നും രാമേട്ടൻ വാങ്ങി കൊടുക്കില്ല. അവളുടെ പാവകുട്ടികളെല്ലാം താൻ ഓരോ സമയത്തായി വാങ്ങിക്കൊടുത്തവയാണ്. എത്ര നന്നായി അവ സൂക്ഷിച്ചിരിക്കുന്നു! ഓരോ കളിപ്പാട്ടം കൊടുക്കുമ്പോഴും രാമേട്ടനും ശാരദേച്ചിയും പറയും. നീ അവളെ കൊഞ്ചിച്ച് കേടുവരുത്തിക്കൊ.
മഞ്ചാടിമരത്തിനുതാഴെ നിറയെ ചുവന്ന കുരുക്കളായിരുന്നു. അതു പെറുക്കാനിരുന്നപ്പോൾ സുപ്രിയ പറഞ്ഞു.
'ചെറിയമ്മേ, നമ്മളൊരു കാര്യം മറന്നു.'
'എന്താ മോളെ?'
'ഒരു പാത്രം എടുക്കായിരുന്നു. ഇത്രധികംണ്ടാവുംന്ന് ഞാൻ വിചാരിച്ചില്ല.'
'സാരല്ല്യ. നമുക്ക് ഒരു വാഴയില ചീന്തി അതിലിടാം.'
തൊടിയിൽ നിറയെ മരങ്ങളായിരുന്നു. മാവ്, പ്ലാവ്, പുളി, ഇലഞ്ഞി, തേക്ക് .... മാധവി മുത്തശ്ശിയെ ഓർത്തു. സുപ്രിയയുടെ പ്രായത്തിൽ എന്നും രാവിലെ അവളും മുത്തശ്ശിയും തൊടിയിൽ നടക്കാനിറങ്ങും, മരങ്ങൾക്കിടയിലൂടെ, ഓരോ മരവും ചെടിയും പരിശോധിക്കും. പച്ചക്കറിത്തോട്ടത്തിലുണ്ടായ ഓരോ കൂമ്പും മൊട്ടും നോക്കും. ആ രണ്ടേക്കർ പറമ്പിലെ ഓരോ പാഴ്‌ച്ചെടിപോലും മുത്തശ്ശിക്ക് മന:പ്പാഠമാണ്.
ഒരിക്കൽ രാവിലത്തെ യാത്ര കഴിഞ്ഞ് തിരിച്ച് വീട്ടുമുറ്റത്തെത്തിയപ്പോൾ കണ്ടത്, കോടാലിയും ഈർച്ചവാളും പിടിച്ച രണ്ടു പേരാണ്. പറമ്പിൽ തെങ്ങുകൾക്കിടയിലുള്ള മരങ്ങൾ, ചിലതെല്ലാം പാഴ്മരങ്ങളാണ്. മുറിപ്പിക്കാൻ അച്ഛൻ ഏർപ്പാടു ചെയ്തവരായിരുന്നു അത്. സംഗതി അറിഞ്ഞപ്പോൾ മുത്തശ്ശി ക്ഷോഭിച്ചു.
'ഈ പറമ്പിൽനിന്ന് ഒരു മരവും മുറിക്കില്ല. മരം നട്ടുപിടിപ്പിച്ചാൽ മാത്രം മതി. മുറിക്കുകയൊന്നും വേണ്ട.'
'പക്ഷേ അമ്മേ ആ മരൊക്കെ മുറിച്ചു കളഞ്ഞാല് ഇപ്പൊ കിട്ടണതിന്റെ എരട്ടി തേങ്ങ കിട്ടും.' അച്ഛൻ അമ്മായി അമ്മയെ പ്രീണിപ്പിക്കാൻ നോക്കി.
'വേണ്ട, വേണ്ട ഇപ്പൊ കിട്ടണ തേങ്ങ്യന്നെ മതി.'
മുത്തശ്ശിയുടെ ദേഷ്യം കണ്ടപ്പോൾ അച്ഛനു ചിരി വന്നു. അച്ഛൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'ശരി അമ്മേ ഒന്നും വെട്ടുന്നില്ല.'
പണിക്കാരെ വിട്ടപ്പോൾ അവരെ തിരിച്ചു വിളിച്ച് പകുതി ദിവസത്തെ കൂലി കൊടുക്കാൻ മുത്തശ്ശി അച്ഛനോടാവശ്യപ്പെട്ടു.
താൻ മരിച്ചാൽ ദഹിപ്പിക്കാൻ മാവൊന്നും വെട്ടരുത് പുറത്തു നിന്ന് വിറകു വാങ്ങിയാൽ മതിയെന്ന് ഏൽപ്പിച്ചിരൂന്നുവത്രെ മുത്തശ്ശി.
'എന്താ ചെറിയമ്മ ആലോചിക്കണത്.'
മാധവി തിരിച്ചു വന്നു.
'ഞാൻ എന്റെ മുത്തശ്ശിയെപ്പറ്റി ഓർക്ക്വായിരുന്നു. നീ കണ്ടിട്ടില്ല്യ. ഉമ്മറത്ത് ഫോട്ടോ വലുതാക്കി വെച്ചിട്ടില്ലെ? ആ മുത്തശ്ശി. ആ മുത്തശ്ശിയുടെ പേരക്കുട്ടികളാണ് നിന്റെ അമ്മയും ഞാനും. മുത്തശ്ശി തൊട്ട് എല്ലാവർക്കും പെൺമക്കളേ ഉണ്ടായിട്ടുള്ളു. മുത്തശ്ശിക്ക് രണ്ടു പെൺമക്കൾ. അവർക്കും ഓരോ പെൺമക്കൾ അതാണ് നിന്റെ അമ്മയും ഞാനും. ഞാനായിട്ടേ അതു തെറ്റിച്ചത്. രണ്ട് കാടൻപൂച്ചകൾ. പക്ഷേ എനിക്കിഷ്ടം പെൺകുട്ടികളെയാണ്.'
'ചെറിയമ്മയ്ക്ക് എന്നെ ഇഷ്ടംണ്ടൊ?'
മാധവി സുപ്രിയയെ നോക്കി. അവളുടെ ഭാവി തന്റെ ഉത്തരം ആശ്രയിച്ചിരിക്കുമെന്ന മട്ടിലാണ് അവളുടെ നിൽപ്പ്. കണ്ണുകളിൽ ആകാംക്ഷ.
'ഇഷ്ടണ്ടോന്നോ?' മാധവി അവളുടെ കവിളിൽ ഉമ്മവെച്ചു. 'നല്ലട്ടംണ്ട്.'
സുപ്രിയയുടെ മുഖം തുടുത്തു.
മഞ്ചാടിക്കുരു പെറുക്കിയശേഷം അവർ വീണ്ടും നടന്നു.
'നീ ശ്രീപാർവ്വതിടെ പാദം കണ്ടിട്ടുണ്ടൊ?'
'ഇല്ല്യാ.'
അതെന്താണ് സാധനമെന്ന മട്ടിൽ അവൾ മാധവിയെ നോക്കി.
കാലമെത്തുന്നതിനു മുമ്പ് പെയ്ത ഒരു മഴയുടെ ദയാവായ്പിൽ മുളച്ചുവന്ന ഒരു തുമ്പച്ചെടി പൂവണിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒരു പൂ അടർത്തിയെടുത്ത് അവൾ ഇടത്തെ കയ്യിന്റെ ഉള്ളം കയ്യിൽ കമിഴ്ത്തി വെച്ചു, സുപ്രിയക്ക് കാണിച്ചു കൊടുത്തു.
'ഇതെന്തുമാതിരിയുണ്ട്?'
'ഒരു കാലുമാതിരിയുണ്ട്.'
'ആ ഇതാണ് ശ്രീപാർവ്വതിയുടെ കാല്. എനിക്കു മുത്തശ്ശി കാണിച്ചുതന്നിട്ടുള്ളതാണ്, അതിനുശേഷം ഞാൻ ഓണത്തിനു പൂവിടുമ്പോൾ നടുവിൽ ഒരു തുമ്പപ്പൂ ഇങ്ങിനെ കമിഴ്ത്തി വെക്കും. അപ്പോൾ ഓണത്തിന്റെ അന്ന് ശ്രീപാർവ്വതി നമ്മുടെ വീട്ടിൽവരും.'
സുപ്രിയയുടെ കണ്ണുകൾ വിടർന്നൂ.
'ഈ ഓണത്തിന് ഞാനും അങ്ങനെ വെയ്ക്കും.'
തിരിച്ച് വീട്ടിലെത്തിയപ്പോൾ സുപ്രിയ മഞ്ചാടിക്കുരുവെല്ലാം ഒരു ചെറിയ മൺകുടുക്കയിൽ ഇട്ടു വെച്ചു.
'ഈ കുഞ്ഞിക്കലം തിരുവാതിരയ്ക്ക് അമ്മ വാങ്ങിത്തന്നതാണ്.'
ആ കുടുക്കയിൽ മുക്കാൽ ഭാഗത്തോളം ചുവന്ന മഞ്ചാടിവിത്തുകൾ ഉണ്ടായിരുന്നു. അവൾ വേറൊരു കുഞ്ഞിക്കലം മാധവിക്കു കാണിച്ചു കൊടുത്തു. അതിൽ നിറയെ കുന്നിക്കുരുക്കളായിരുന്നു.
കുഞ്ഞിക്കലങ്ങളിൽ മഞ്ചാടിക്കുരുവും കുന്നിക്കുരുവും. കിടന്നാൽ കണ്ണടയ്ക്കുന്ന പാവകൾ. സുപ്രിയയുടെ ലോകം വളരെ മനോഹരമായിരുന്നു. ഒരു നിമിഷത്തേക്ക് മാധവിക്കവളോട് അസൂയ തോന്നി,
വൈകുന്നേരം മഴ തിമർത്തു പെയ്തു. ഓട്ടിൻപുറത്ത് ചരൽക്കല്ല് വാരിയെറിയുന്ന പോലെ കനത്ത തുള്ളികൾ പതിച്ചു. കാറ്റിൽ മരങ്ങളുടെ കൊമ്പുകൾ ഉലഞ്ഞു, കവുങ്ങിൻ തലകൾ ആടി. ബിലാത്തി ചേമ്പിന്റെ ഇലകൾ ഒരു പശുവിന്റെ തലപോലെ ആടി. മുകളിലെ മുറിയിലെ ജനാലയ്ക്കരികെ നിലത്ത് സുപ്രിയയേയും കെട്ടിപ്പിടിച്ചിരുന്നുകൊണ്ട് മഴ നോക്കിനിൽക്കെ മാധവി സ്വന്തം കുട്ടിക്കാലത്തേയ്ക്കു പോയി. വാർണീഷിന്റെ വാസനയുള്ള തട്ടിട്ട മുറികൾ, വീട്ടിയിൽ കടഞ്ഞെടുത്ത കാലുകളുള്ള കട്ടിലുകൾ, മേശകൾ. നിറയെ ചിത്രങ്ങളും പ്രതിമകളുമുള്ള പൂജാമുറി, അതിനുമപ്പുറത്ത് മച്ച്. വലിയ മരപ്പെട്ടിയിൽ നിറച്ച അരി. അരിയുടെ വാസനയ്ക്കായി താൻ ഇടയ്ക്ക് അരിപ്പെട്ടിയുടെ അടപ്പ് പൊക്കി തലയിട്ട് നിൽക്കാറുണ്ട്, സുപ്രിയയുടെ പ്രായത്തിൽ. ഇപ്പോൾ അവളും ഇതൊക്കെ ചെയ്യുന്നുണ്ടാവുമെന്ന് മാധവി ഓർത്തു.
'എന്താ ചെറിയമ്മ്യേം മോളും ഇവിടെ ചെയ്യണത്? ഞാൻ ചോട്ടില് മുഴുവൻ തിരഞ്ഞു നിങ്ങളെ.' ശാരദേച്ചി കോണി കയറിക്കൊണ്ട് പറഞ്ഞു.
'ഒന്നൂല്ല്യാമ്മേ, ഞങ്ങള് മഴ കാണ്വാ.'
ശാരദേച്ചി വന്ന് ജനലിന്നരികിൽ നിന്നു. അവരും മഴ ആദ്യം കാണുന്നപോലെ പുറത്തേയ്ക്കു നോക്കിനിന്നു.
'ഇപ്രാവശ്യം മഴ നേർത്തെ തൊടങ്ങീന്നാ തോന്നണത്.'
അവരുടെ സ്വരത്തിൽ ഇനി വരാൻ പോകുന്ന ഈർപ്പം നിറഞ്ഞ ദിവസങ്ങളെപ്പറ്റിയുള്ള ദുഃസൂചനയുണ്ടായിരുന്നു. ഈറൻ സന്ധ്യകൾ, ഉണങ്ങാത്ത തുണികൾ തൂക്കിയിട്ട ഈറൻ നാറ്റമുള്ള മുറികൾ, കർക്കിടകപഞ്ഞം.
മാധവി കർക്കിടകസന്ധ്യകളെപ്പറ്റി ഓർത്തു. സംക്രാന്തി ദിവസം പാറുക്കുട്ടി പഴയ മുറത്തിൽ കരിപ്പൊടി കൂട്ടിക്കുഴച്ച ചോറുരുളയും പൊട്ടിയ കലവും മറ്റുമായി വീട്ടിനകത്തും പുറത്തും പൊട്ടിപോ, ശീവോതി വാ, എന്നു പറഞ്ഞുകൊണ്ട് കത്തിച്ച ചൂട്ടും വീശി ഓടുന്നു. താനും ശാരദേച്ചിയും കുട്ടികളായിരുന്നപ്പോൾ പാറുക്കുട്ടിയുടെ പിന്നാലെ ഓടിയിരുന്നു. പിന്നെ മഴയുടെ ഈർപ്പമുള്ള സന്ധ്യകളിൽ പൂജാമുറിയിൽ താലത്തിൽ വെക്കാൻ ദശപുഷ്പങ്ങൾ അന്വേഷിച്ചു നടന്നിരുന്നത്. മാധവിയ്ക്ക് സംക്രാന്തി കഴിഞ്ഞുള്ള സന്ധ്യകൾ ഇഷ്ടമായിരുന്നു. മരങ്ങളുടെ ഇലകൾപോലും ഇളകാതെ നിൽക്കുന്ന പ്രശാന്തത. മഴക്കാറുണ്ടെങ്കിലും മായാതെ നിൽക്കുന്ന നാട്ടുവെളിച്ചം. അകലെ കാവിൽനിന്നു കേൾക്കുന്ന ഉടുക്കിന്റെ ശബ്ദം. ഇവയുടെയെല്ലാം നൈർമ്മല്യം അവളുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നു.
'ചേച്ചി, പാറുക്കുട്ടി ഇപ്പോഴും പൊട്ടിയെ ആട്ടാറില്ലെ?'
'സംക്രാന്തിക്കല്ലെ? ഇനീംണ്ട് ദിവസം.'
പിന്നെ എന്തോ ആലോചിച്ചിട്ടെന്ന പോലെ അവർ പറഞ്ഞു.
'മക്കളുടെ സ്‌കൂൾ എന്നാണ് തുറക്കുന്നത്?'
'ആറാന്തി.'
'ഇതാ ഇവൾടെ സ്‌ക്കൂൾ ഒന്നാന്തി തൊറക്കും. ഇനി ഒരാഴ്ചയില്ല. മോളെ സന്ധ്യായി. പോയി വിളക്കു കൊളുത്തു.'
'അമ്മേ സമയം ആയിട്ടില്ല്യ. മഴ്യോണ്ട് ഇരുട്ടായതാ. ഞാൻ ചെറ്യേമ്മടെ അടുത്ത് നല്ല സുഖത്തില് ഇരിക്ക്യാ.'
അവൾ ചെറിയമ്മയോട് കൂടുതൽ ചേർന്നിരുന്നു.
'ചെറ്യേമ്മടെ കുട്ട്യാ അല്ലെ?' മാധവി അവളെ ചേർത്തു പിടിച്ചു കൊഞ്ചിച്ചു.
'ഓ കേൾക്കണ്ട.'
പുറത്ത് മഴ തകർത്തു പെയ്യുകയാണ്. മൂന്നു പേരും ഒന്നും സംസാരിക്കാതെ പുറത്തേയ്ക്കു നോക്കിയിരുന്നു. മാധവി ഓർത്തു. എറണാകുളത്ത് മഴ എത്ര നിർവ്വികാരമാണ്. ഒരു പിശുക്കന്റെ ദാനം പോലെയാണ്. ഈ സുലഭത ഒരിക്കലും അവിടെ കാണുകയില്ല.
'മോളെ പോയി വിളക്കു കൊളുത്തു.' ശാരദേച്ചി വീണ്ടും പറഞ്ഞു.
സുപ്രിയ എഴുന്നേറ്റു കോണിയിറങ്ങി പോയി.
ശാരദേച്ചി ജനലിന്റെ അഴികളിൽ തലയും ചേർത്ത് പുറത്തേയ്ക്കു നോക്കി, കുറെ നേരത്തേക്ക് രണ്ടു പേരും ഒന്നും സംസാരിച്ചില്ല. പിന്നെ ശാരദേച്ചി ചോദിച്ചു.
'നീയെന്തിനാ രവിയേട്ടനേം കുട്ട്യോളേം അവിടെ, തന്ന്യാക്കീട്ട് ഇങ്ങോട്ടു പോന്നത്?'
എന്തിനാണ് വന്നത്? തനിക്കു തന്നെ അറിയില്ല.
'നമ്മൾ ഇമ്മാതിരി മഴയുള്ള ദിവസങ്ങളില് ഈ ജനലിന്റെ അടുത്തിരുന്ന് കൊത്തങ്കല്ലാടീത് ശാരദേച്ചിക്ക് ഓർമ്മണ്ടൊ?'
'എനിക്കറിയാം നീ എന്തിനാ വന്നതെന്ന്.' ശാരദേച്ചി പറഞ്ഞു.
'ചേച്ചിക്ക് ഓർമ്മണ്ടോ? എന്നിട്ട് വിളക്കു കൊളുത്തേണ്ട സമയത്ത് വല്ല്യമ്മ നമ്മളെ അന്വേഷിച്ചു വന്നപ്പോൾ നമ്മള് കല്ലുകളൊക്കെ ഒളിപ്പിച്ചു വെച്ചത്.'
ശാരദേച്ചി പതിവുപോലെ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇനി ശ്രദ്ധിച്ചാൽത്തന്നെ അവർക്ക് അതൊന്നും ഓർമ്മയുണ്ടാവില്ല. അവർ തന്നെപ്പോലെയല്ല, അവർക്ക് വർത്തമാനകാലത്തിന്റെ വേവലാതിയും ഭാവിയെപ്പറ്റിയുള്ള ആശങ്കകളും മാത്രമേയുള്ളു. തനിയ്ക്കാകട്ടെ അതു കാണുന്നതു രസമാണുതാനും.
ശാരദേച്ചിയെ ശാരദേച്ചിയായി കാണാൻ തന്നെയാണ് തനിക്കിഷ്ടം.
'നിന്റെ അമ്മയ്ക്ക് തൃശൂര് വീടെടുക്കണംന്ന് പറഞ്ഞപ്പൊ പടിഞ്ഞാറ്റിലെ പാടങ്ങൾ വിറ്റിട്ടേ പണംണ്ടാക്കീത്. അന്ന് മുത്തശ്ശി പ്രത്യേകം പറഞ്ഞതാ ഈ വീടും പറമ്പും ഒക്കെ ഭാർഗ്ഗവിക്കാണ്ന്ന്.' ശാരദേച്ചി തുടർന്നു. 'മുത്തശ്ശി ഒന്നും എഴുതി വെയ്ക്കാതെ മരിച്ചുപോയി. പിന്നെ അമ്മയും നേർത്തെ മരിച്ചു. നാൽപത്തിയെട്ടാം വയസ്സിലാ അമ്മ മരിച്ചത്. പിന്നെ അച്ഛനും പെട്ടെന്ന് മരിച്ചു. ഞാൻ ഒറ്റയ്ക്കായി. പാരമ്പര്യം നോക്കിയാൽ എന്റെ കഥേം എപ്പഴാ കഴിയ്യാന്നറിയില്ല്യ. ന്റെ മോളടെ സ്ഥിതി എന്താവും ആവോ?'
'ചേച്ചി അങ്ങനെ മരിക്കാനൊന്നും പോണില്ല്യ.' മാധവി പറഞ്ഞു. 'ചേച്ചി മുത്തശ്ശിയുടെ മാതിരി വയസ്സായിട്ടേ മരിക്കു.'
'ദീപം ..... ദീപം.'
ചുവട്ടിൽനിന്നും സുപ്രിയയുടെ ശബ്ദം കേട്ടു. കോണിക്കൂട്ടിലൂടെ വെളിച്ചത്തിന്റെ വലയം ഉയർന്നുവന്നു. വിളക്കിന്റെ നാളത്തിനു പിന്നിൽ സുപ്രിയയുടെ കൗതുകമാർന്ന മുഖം.
'ചെറിയമ്മേ, ദീപം.'
അവൾ ചെറിയമ്മയെ വിളക്കു കാണിക്കാൻവേണ്ടി കോണി കയറി വന്നതാണ്. വെളിച്ചം തുടിച്ചുനിൽക്കുന്ന ആ ഓമന മുഖം കണ്ടപ്പോൾ തന്റെ ജീവിതം ധന്യമായെന്ന് മാധവിയ്ക്കു തോന്നി.
അവൾ എഴുന്നേറ്റ് തൊഴുതു.
'മോളെ ഞാൻ കണ്ടു.'
പിന്നെ മനസ്സിൽ മന്ത്രിക്കുകയും ചെയ്തു. ദീർഘായുസ്സായിരിക്കട്ടെ മോളെ.
'ഇന്നും രാത്രി കറന്റുണ്ടാവില്ലാന്ന് തോന്നുണു.' ശാരദേച്ചി വിളിച്ചു പറഞ്ഞു. 'മോളെ ആ പാനീസും മേശവിളക്കും കത്തിച്ചോളു.'
ചുറ്റും ഇരുട്ടു വന്നു നിറഞ്ഞത് മാധവി അപ്പോഴാണ് ശ്രദ്ധിച്ചത്. പുറത്ത് മഴയുടെ ശക്തി കുറഞ്ഞു.
'രാമേട്ടൻ എപ്പഴാ വര്വാ?'
'രാമേട്ടൻ അമ്പലത്തിലെ കാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ നോക്കി വരുമ്പോൾ എട്ടുമണ്യാവും.'
'ചേച്ചീ നമുക്ക് താഴത്തു പോകാം. അവിടെ പാറുക്കുട്ടിയും മോളും മാത്രല്ലെയുള്ളു.'
കോണിയിറങ്ങുമ്പോൾ സുപ്രിയ ഉച്ചത്തിൽ നാമം ചൊല്ലുന്നതു കേട്ടു.
'നമഃശിവായ
നാരായണായ നമഃ
അച്ചുതായ നമഃ'
സുപ്രിയ നാമമുറിയിൽ ചമ്രം പടിഞ്ഞിരുന്ന് നാമം ചൊല്ലുകയാണ്. നെറ്റിയിൽ ചെറിയ ഭസ്മക്കുറി. മുമ്പിലുള്ള നിലവിളക്ക് അവളുടെ നിഴൽ പിറകിലെ ചുമരിൽ വലുതാക്കിക്കാണിച്ചു. ഭാവിയിലേയ്ക്കുളള ഒരെത്തിനോട്ടം പോലെ. മുമ്പിൽ ഒരു ചെറിയ പീഠത്തിൽ ശ്രീകൃഷ്ണന്റെ നീലനിറമുള്ള വിഗ്രഹത്തിൽ പുതിയ പിച്ചകമാല അണിയിച്ചിരിക്കുന്നു. പിന്നിൽ നിറയെ ഭഗവാന്മാരുടെയും ഭഗവതികളുടെയും ചിത്രങ്ങൾ. ചന്ദനത്തിരിയുടെ വാസന. മാധവി സുപ്രിയയുടെ അടുത്തിരുന്നു.
എറണാകുളത്ത് ഈ അന്തരീക്ഷം ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. കോൺക്രീറ്റിട്ട മുറികൾ തീരെ വികാരസ്പർശമില്ലാത്തവയാണ്. അവിടെ ആത്മീയതക്കു സ്ഥാനമില്ല. ഒരു നാമമുറി ഉണ്ടാക്കാനും, തന്റെ മക്കളെ സന്ധ്യയ്ക്കു പിടിച്ചിരുത്തി നാമം ജപിപ്പിക്കാനും മെനക്കെടാത്തതിന്റെ കാരണം അതാണ്. രണ്ടാമത് ആൺകുട്ടികൾ, അവരെ സന്ധ്യയ്ക്ക് കിട്ടിയെങ്കിലല്ലെ?
മാധവി കുറെനേരം കണ്ണടച്ചിരുന്നു. പളുങ്കുമണികളുടെ നാദംപോലെ സ്ഫുടതയുള്ള ശബ്ദം കാതിൽ വന്നലയ്ക്കുവോളം അവൾ കണ്ണടച്ചുതന്നെ ഇരുന്നു. അവൾ കുട്ടിക്കാലത്ത് മുത്തശ്ശി ജീവിച്ചിരുന്ന കാലത്തേക്ക് ഊളിയിടുകയായിരുന്നു. താനും ശാരദേച്ചിയും കൂടിയിരുന്ന് നാമം ചൊല്ലിയിരുന്നത്, ചുവരിലെ നിഴലുകൾ നിലവിളക്കിന്റെ നാളം ഇളകുന്നതിനോടൊപ്പം നൃത്തം വെയ്ക്കുന്നത്. കർപ്പൂരത്തിന്റെയും എണ്ണയുടെയും ചന്ദനത്തിരിയുടെയും വാസന, പുറത്തെ ഈറനായ കർക്കിടസന്ധ്യകളുടെ അസ്വാസ്ഥ്യം മായ്ച്ചു കളഞ്ഞിരുന്നു.
രാത്രി ഊണുകഴിഞ്ഞശേഷം അവർ ഉമ്മറത്ത് വന്നിരുന്നു. മുമ്പിലിരിക്കുന്ന മേശവിളക്ക് സൃഷ്ടിച്ച വെട്ടത്തിനുമപ്പുറത്ത് ഇരുട്ടിന്റെ കാടായിരുന്നു. അവയിൽ മിന്നാമിനുങ്ങുകൾ മിന്നിമറയുന്നത് അവൾ ശ്രദ്ധിച്ചു. താൻ കുട്ടിയായിരിക്കുമ്പോൾ കണ്ടിരുന്ന മിന്നാമിനുങ്ങുകളുടെ എത്രാമത്തെ തലമുറയായിരിക്കും ഇവ? മിന്നാമിനുങ്ങുകളെ കൂട്ടിലെ ഇരുട്ടിൽ വെട്ടം വീഴ്ത്താനായി പിടിച്ചുകൊണ്ടുപോകുന്ന കൊച്ചു പക്ഷികളെപ്പറ്റിയും അവൾ ഓർത്തു. അവരുടെയും തലമുറകൾ മാറി മാറി വന്നിട്ടുണ്ടാകും. കുട്ടിക്കാലത്ത് താൻ കണ്ടിട്ടുള്ള ഒരു മിന്നാമിനുങ്ങിനെ ഇപ്പോൾ കണ്ടാൽ ചോദിക്കാമായിരുന്നു. ഒരു രാത്രി പിടിച്ച് കയ്യിനുള്ളിൽ പൊത്തിപ്പിടിച്ചു ഇരുട്ടിൽ പരിശോധിച്ച ജിജ്ഞാസുവായ ഒരു പെൺകുട്ടിയെ ഓർമ്മയുണ്ടോ?
ഉറങ്ങാൻ നേരത്ത് രാമേട്ടൻ പറഞ്ഞു.
'ഞാൻ താഴത്ത് തെക്കെ അറേല് കിടക്കാം.'
'വേണ്ട.' മാധവി പറഞ്ഞു. 'രാമേട്ടൻ കട്ടിന്മല് കിടന്നോളു. ഞങ്ങള് മൂന്നുപേരും കൂടി താഴത്ത് വിരിച്ച് കിടക്കാം.'
'വേണ്ട വേണ്ട, ചേച്ചീം അനിയത്തിം കൂടി ചെവി കടിച്ചുതിന്നണ ശബ്ദം കേട്ടാൽ എന്റെ ഒറക്കം അവതാളത്തിലാവും. ഞാൻ സുഖായിട്ട് താഴത്ത് തെക്കെ അറയില് കിടക്കാം.'
മഴ നിന്നിരുന്നു. മഴ കനത്തു പെയ്‌തെങ്കിലെന്നവൾ ആശിച്ചു. തവളകളും മണ്ണട്ടകളും ചേർന്നുള്ള സദിരും, കാറ്റ് മരങ്ങളുടെ ചില്ലകളിൽക്കൂടി ആഞ്ഞടിക്കുന്ന ശബ്ദവും കേട്ട്. മഴയുടെ ആരവം ശ്രദ്ധിച്ചുകൊണ്ട് കിടന്നുറങ്ങാൻ സുഖമായിരിക്കും. കടലിന്റെ ഇരമ്പം തുടങ്ങിയിട്ടില്ല. മഴ ശക്തിയായി പിടിച്ചാലേ ആ ശബ്ദം ഇങ്ങോട്ടെത്തു.
സുപ്രിയ ഉറക്കമായി.
ശാരദേച്ചി സംസാരിക്കുകയാണ്.
'നിങ്ങടെ തൃശൂരുള്ള വീടും ഇരുപത്തഞ്ച് സെന്റ് പറമ്പുംകൂടി ചുരുങ്ങിയത് അഞ്ചു ലക്ഷം ഉറുപ്പികയെങ്കിലും വരുംന്നാ രാമേട്ടൻ പറയണത്.'
'ശാരദേച്ചീ, മുത്തശ്ശി നമുക്ക് ശ്രീപാർവ്വതിടെ പാദം കാണിച്ചുതന്നതോർമ്മണ്ടൊ?'
'ഉം ഉം; പിന്നെ ഇവിടെ ഈ പറമ്പും നെലോം ഒക്കെ കൂടിയാൽ രണ്ടു ലക്ഷം കിട്ടുമെന്നു തോന്ന്ണില്ല.'
'തുമ്പപ്പൂ കമഴ്ത്തിവെച്ച് കാണിച്ചു തന്നത് ഓർമ്മല്ല്യെ? നമ്മള് ഓണത്തിനു പൂവിടുമ്പോൾ നടുവില് വെക്കാറുണ്ട്.'
'നീ എന്തൊക്കെയാണ് പറയണത്?' ശാരദേച്ചി ചോദിച്ചു. 'പിന്നെ നെന്നെ കോൺവെന്റില് ചേർത്ത് പഠിപ്പിക്കാനും നല്ലോണം കാശായിട്ടുണ്ട്. അതൊക്കെ തറവാട്ടില് നെല്ല് വിറ്റതിന്റെ പണായിരുന്നു. ഞാൻ പിന്നെ പത്തില് തോറ്റപ്പോ പഠിത്തം നിർത്തി. കല്യാണോം ഉണ്ടാവില്ല്യാന്നു കരുതീതാ. എങ്ങിന്യോ ഇരുപത്തെട്ടാം വയസ്സില് അതും കഴിഞ്ഞു.'
'പഠിത്തം നിർത്തിയത് ചേച്ചിയുടെ ഭാഗ്യം. ഞാൻ മൊട്ടച്ചികളുടെ ശിക്ഷയും സഹിച്ചാണ് ഡിഗ്രിയെടുത്തത്, എന്നിട്ട് എന്തു കാര്യണ്ടായി?'
'ഞാൻ കാര്യം പറയുമ്പോൾ നെനക്ക് കളിയാണ്.'
'ഞാൻ ഇതൊക്കെ പറഞ്ഞപ്പൊ രാമേട്ടൻ പറയ്യാണ്, ഞാനിതിലൊന്നും എടപെടില്ല്യാന്ന്. ഞാൻ പിന്നെ ആരോടാണ് പറേണ്ടത്.'
ശാരദേച്ചിയുടെ സ്വരം ഇടറിയെന്ന് മാധവിയ്ക്കു തോന്നി. അവൾ അവരുടെ അരക്കെട്ടിലൂടെ കയ്യിട്ടു.
'ശാരദേച്ചി ഒരു മണ്ടിയാണ്. എനിക്കെന്തിനാ ചേച്ചി ഇനിയൊരു വീട്? തൃശൂരിലെ വീട് എനിക്കാണ്. പിന്നെ എനിക്ക് രണ്ട് ആൺമക്കളല്ലെ? കൂടുതൽ വീടുകൾ വേണമെങ്കിൽ അവരുണ്ടാക്കിക്കോട്ടെ. ഈ വീടും പറമ്പും നെലോം ഒക്കെ ശാരദേച്ചീടെ തന്ന്യാണ്. അതെല്ലാം സുപ്രിയയ്ക്കുള്ളതാണ്. സുപ്രിയ എന്റെ മോള് തന്നല്ല്യെ?'
'മോളെപ്പറ്റി പറഞ്ഞപ്പോഴാണ്, നാളെ ഞാനവളെ എറണാകുളത്ത് കൊണ്ടു പോവ്വ്വാണ്. സ്‌ക്കൂൾ തൊറക്കണേന്റെ മുമ്പെ രവിയേട്ടൻ കൊണ്ടുവന്നാക്കും.'
'എന്നാപ്പിന്നെ അത് അങ്ങട് എഴുതി രജിസ്റ്റർ ചെയ്താൽ എന്താ തരക്കേട്?'
മാധവി ആലോചിച്ചു. ശരിക്കു പറഞ്ഞാൽ അതാണ് ഏറ്റവും നല്ലത്. ഇനി വരാൻ പോകുന്ന തലമുറ എങ്ങിന്യാവുമെന്നൊന്നും പറയാൻ വയ്യ. അപ്പോൾ സ്‌നേഹത്തിലിരിക്കുന്നവർ ജീവിച്ചിരിക്കെത്തന്നെ കാര്യങ്ങളെല്ലാം തീർത്തുവെയ്ക്കുകയാണ് നല്ലത്. പക്ഷേ, അങ്ങിനെ ചെയ്താൽ പിന്നെ ഒന്നും പഴയ മട്ടിലാവില്ലെന്ന തോന്നൽ. തനിയ്ക്കിവിടെ വന്ന് സ്വാതന്ത്ര്യത്തോടെ പെരുമാറാനാവില്ലെന്നും, ശാരദേച്ചിയുടെയും മറ്റും സ്‌നേഹം നഷ്ടമാവുമെന്നും ഉള്ള ഭയവും. ആ പഴയ വീട്ടിൽ ജീവിച്ചു മൺമറഞ്ഞ തന്റെ കാരണവന്മാരും മുത്തശ്ശിയും തന്നെ ഉപേക്ഷിക്കുമോ എന്ന സംശയം. വീടിന്റെ പൗരാണികത അവൾ ഇഷ്ടപ്പെട്ടിരുന്നു.
'ശാരദേച്ചി കരയണ്ട.' മാധവി അവരെ അടുപ്പിച്ചുകൊണ്ട് പറഞ്ഞു. 'ഞാൻ നാളെ പോണ വഴിക്ക് വീട്ടിൽ പോയി അമ്മേം അച്ഛനേം കാണാം അച്ഛനോട് കഴിയണ വേഗത്തില് ഇതെല്ലാം ചേച്ചീടെ പേരില് ആക്കാൻ പറയാം.'
'നീ ഒന്നും പറയാൻ പോണ്ട.' അവർ പറഞ്ഞു. 'അച്ഛൻ മരിച്ചേനുശേഷം ചെറിയച്ഛനാ എന്റെ കാര്യങ്ങളൊക്കെ നോക്കീരുന്നത്. നന്ദികേട് എന്നു വിചാരിക്കും.'
'ഇല്ല ചേച്ചി പറഞ്ഞതായി പറയിണില്ല്യ പോരെ? ഞാൻ എന്റെ ഇഷ്ടത്തിന് പറയ്യാണ്ന്ന് പറയാം. ഇതൊക്കെ മുമ്പെത്തന്നെ ശരിയാക്കായിരുന്നു. പക്ഷേ അങ്ങിനെ ചെയ്താൽ ഒന്നും പഴയ മട്ടിലാവില്ല്യാന്നു തോന്ന്വാ. അല്ലെങ്കിൽ, ചേച്ചിക്കതൊന്നും മനസ്സിലാവില്ല്യ.'
ശാരദേച്ചി ഒന്നും പറഞ്ഞില്ല. കുറച്ചു നേരം അവർ സംസാരിക്കാതെ കിടന്നു. പിന്നെ ശാരദേച്ചി ഉറങ്ങിയെന്ന് മാധവിക്ക് മനസ്സിലായി. അവൾ കുറെ നേരം മരിച്ചു പോയവരെപ്പറ്റിയെല്ലാം ഓർത്തു. സ്‌നേഹമെന്തെന്ന് അവളെ പഠിപ്പിച്ചത് അവരായിരുന്നു. ഇന്നും ആ വീടിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോൾ അവരുടെ കാരുണ്യമുള്ള നോട്ടങ്ങൾ തന്നിൽ പതിയുന്നതായി അവൾക്കു തോന്നാറുണ്ട്, പ്രത്യേകിച്ചും മുത്തശ്ശിയുടെ.
കുഞ്ഞിക്കിളികളുടെ ശബ്ദം കേട്ടാണ് മാധവി ഉണർന്നത്. ആ ശബ്ദം ജനലിനു തൊട്ടു പുറത്താണെന്നു തോന്നി. മുറ്റത്തെ മാവിൻമേലായിരിക്കും. ആ ശബ്ദത്തിൽ ആക്ഷേപമുണ്ട്, ആകാംക്ഷയുണ്ട്, അഭിനന്ദനങ്ങളുണ്ട്, സ്‌നേഹമുണ്ട്, വെറുപ്പുണ്ട്. ഈ ശബ്ദങ്ങളെല്ലാം വേർതിരിച്ചെടുക്കാൻ അവൾ കുട്ടിക്കാലത്ത് ശ്രമിക്കാറുണ്ട്. പക്ഷേ ഒരിക്കലും കഴിഞ്ഞില്ല. ഒരു ശബ്ദം മറ്റൊരു ശബ്ദത്തിന്റെ അനുബന്ധമായി, ഒരു സംഗീതമായി കാതിൽ വന്നലയ്ക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മറ്റു പല പക്ഷികളുടെയും ശബ്ദങ്ങൾ ഈ സംഗീതത്തിനു മാറ്റുകൂട്ടി. ഈ സംഗീതവും ശ്രദ്ധിച്ചുകൊണ്ട് അവൾ വീണ്ടും ഉറക്കത്തിലേയ്ക്കു വഴുതിവീണു. പിന്നെ എഴുന്നേറ്റപ്പോൾ കാക്കകളുടെ കരച്ചിലാണ് കേൾക്കുന്നത്. അവസാനം എത്തുന്നവർ അവരാണെന്നു തോന്നുന്നു.
എറണാകുളത്തേക്ക് പോകുന്നതിനെപ്പറ്റി ശാരദേച്ചി സുപ്രിയയോട് പറഞ്ഞെന്നു തോന്നുന്നു. രാവിലെ മാധവി താഴത്തിറങ്ങി വന്നപ്പോഴേയ്ക്കും അവളുടെ കുളി കഴിഞ്ഞിരുന്നു. അവൾ ചുവന്ന പൂക്കളുള്ള പട്ടിന്റെ ഉടുപ്പ് ഇട്ടിരുന്നു.
'മോളെ ചെറിയമ്മ പൊറപ്പെടീച്ചു തരാം. ചായകുടി കഴിയട്ടെ.'
ഇഡ്ഡലി കഴിക്കുമ്പോൾ മാധവി പറഞ്ഞു.
'ഞാനിന്നലെ ഒരു കാര്യം പറയാൻ വിട്ടുപോയി.'
'എന്താണത്?' ശാരദേച്ചി ചോദിച്ചു.
'എനിയ്ക്ക് രാവിലെ പൊടിയരിക്കഞ്ഞിയും ചമ്മന്തിയും വേണംന്ന്.'
'ഓ! രാവിലെ കഴിക്കാൻ കണ്ട ഒരു സാധനം.'
'ചേച്ചിക്ക് ഓർമ്മണ്ടോ നമ്മള് രാവിലെ നിലത്തിരുന്നോണ്ട് പൊടിയരിക്കഞ്ഞി കുടിച്ചിരുന്നത്. പ്ലാവില കോട്ടി കോരികയാക്കിയിട്ട്. അന്ന് ഈ മേശയൊന്നുംണ്ടായിരുന്നില്ല്യ. ചേച്ചിയ്ക്ക് അന്നും ഇഷ്ടല്ല കഞ്ഞി. ആദ്യം വെള്ളം കുടിച്ച് വറ്റിക്കും എന്നിട്ട് ചമ്മന്തികൂട്ടി ചോറാക്കി ഉണ്ണും.'
'ഒരു ഇരുപത് തേങ്ങ പൊളിച്ച് കെട്ടി വെച്ചിട്ടുണ്ട്.' ചുമരരുക്കിൽ വെച്ച സാമാന്യം വലിയ സഞ്ചി ചുണ്ടിക്കാട്ടി ശാരദേച്ചി പറഞ്ഞു. പിന്നെ രണ്ട് കടച്ചക്കണ്ട്. കുറച്ച് മുരിങ്ങക്കായ, നാലഞ്ച് വണ്ണൻകായ, ഒരു കുപ്പി കടുമാങ്ങ, രവിയേട്ടനും കുട്ട്യോൾക്കും നല്ല ഇഷ്ടാണ്.'
'രാവിലെ ഭാര്യയും ഭർത്താവും കൂടി കെട്ട് നിറയ്ക്കലായിരുന്നു അല്ലെ. എന്നെക്കൊണ്ട് വയ്യ ഇതൊക്കെ ഏറ്റി നടക്കാൻ.'
'തൃശൂര് വരെ ഞാനിതൊക്കെ എത്തിച്ചുതരാം.' രാമേട്ടൻ പറഞ്ഞു.
'ഒരു കുപ്പി പശും നെയ്യ് ഇരിക്കണ്‌ണ്ട്. അതും എടുത്തു വെക്കട്ടെ.' ശാരദേച്ചി ചോദിച്ചു.
മാധവി ചിരിച്ചു. താൻ വന്നുപോകുമ്പോൾ എപ്പഴും ഇങ്ങിനെയാണ്. എത്ര സാധനങ്ങൾ എടുത്തുവെച്ചാലും ശാരദേച്ചിക്ക് മതിയാവില്ല. അതുപോലെ അവർ എറണാകുളത്തു വരുമ്പോഴും എന്തൊക്കെ സാധനങ്ങൾ ഏറ്റിയിട്ടാണ് വരുക. അനിയത്തിക്കുകൂടി വിധിച്ചിട്ടുള്ള സാധനങ്ങളാണ് ഇതൊക്കെയെന്നും അവ താൻ ഒറ്റയ്ക്കനുഭവിക്കുന്നത് ശരിയല്ലെന്നും ഉള്ള തോന്നലാണ് ഇതിനുപിന്നിൽ. പാവം സ്ത്രീ!
'പശൂം നെയ്യൊന്നും വേണ്ട. അവിടെ രവിയേട്ടന് അല്ലെങ്കിലേ പ്രഷറൊക്കെണ്ട്. കൊണ്ടോയാൽ ഒക്കെ വാരിത്തിന്നും ചെയ്യും.'
ചായകുടി കഴിഞ്ഞശേഷം മാധവി സുപ്രിയയെ അണിയിച്ചൊരുക്കി. തലമുടി രണ്ടു ഭാഗത്തായി റിബൺ കൊണ്ട് കെട്ടിക്കൊടുത്തു. മുഖത്തു പൗഡറിട്ടു. കണ്ണെഴുതി. ഒരു കുഞ്ഞിപ്പൊട്ടും തൊട്ടു കൊടുത്തു.
'എന്റെ മോള് ഒരു രാജകുമാരിയായിട്ടുണ്ടല്ലൊ.' രാമേട്ടൻ പറഞ്ഞു.
പാദസരം ഇടാൻവേണ്ടി സുപ്രിയയെ ഒരു സ്റ്റൂളിൽ ഇരുത്തി. മാധവി നിലത്തിരുന്ന് പാദസരം ഓരോന്നായി കെട്ടിക്കൊടുത്തു. ചന്തമുള്ള വെളുത്തു തുടുത്ത കാലുകൾ. ഭംഗിയുള്ള വിരലുകൾ.
ശ്രീ പാർവ്വതിടെ പാദം നീ കണ്ടിട്ടുണ്ടൊ?' മാധവി ചോദിച്ചു.
തുമ്പപ്പൂവല്ലെ?'
അല്ല ഇതാ.'
പാദസരങ്ങളിട്ട ഒരു ജോടി കാലുകൾ തൊട്ടുകൊണ്ട് മാധവി പറഞ്ഞു. 'ഇതാണ് ശ്രീപാർവ്വതിയുടെ പാദങ്ങൾ.'
അവൾ കുനിഞ്ഞ് ആ കൊച്ചു കാലുകളിൽ ചുംബിച്ചു.