കെ.പി.ശങ്കരൻ

''നാട്ടിൻപുറം നന്മകളാൽ സമൃദ്ധം''

കെ.പി.ശങ്കരൻ

ഹരികുമാറിന്റെ 'ശ്രീപാർവതിയുടെ പാദം' എന്ന കഥ പകരുന്ന അപൂർവമായ അനുഭൂതി

ശ്രീ. ഹരികുമാറിന്റെ കൂറകൾ എന്ന പഴയൊരു ഒന്നാംതരം കഥ ഒരു കൂർത്ത അനുഭവമായി എന്നിൽ തറഞ്ഞുകേറിയത് മറന്നുകൂടാ. അതു നിർമ്മിച്ച പ്രതിച്ഛായ നിമിത്തമോ എന്തോ, പിന്നീടു ചില ഇനങ്ങൾ എന്നെ ലേശം ഹതാശനാക്കി. എന്നതാവാം നേര്. എന്നാൽ ആ ഹതാശയ്ക്കു മീതെ ആർദ്രമായ സാന്ത്വനംപോലെ കിനിയുന്നു 'ശ്രീപാർവതിയുടെ പാദം' എന്ന നിസ്തുലമായ കഥ. ഇന്ന് നമുക്കു ഗൗനിക്കാതെ വയ്യ എന്ന നിലനേടിയ വാക്കാണല്ലോ 'ഗൃഹാതുരത.' ഇതു രൂപപ്പെടുത്തിയതിൽ എനിക്കു നേരിയ പങ്കുണ്ട്. മലയാറ്റൂർ രാമകൃഷ്ണന്റെ ''വേരുകൾ'' മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 'വളരുന്ന സാഹിത്യ'ത്തിൽ വിലയിരുത്തുമ്പോൾ, Home sickness എന്ന ആശയത്തിന്റെ ആവശ്യം നേരിട്ടു. അതിന് 'ഗൃഹകാതരത്വം' എന്ന സമാന്തരമാണ് തൽക്കാലം ഉദിച്ചത്. എൻ.വി. അത് 'ഗൃഹാതുരത്വം' എന്നു കൃത്യമായി തിരുത്തി. (അദ്ദേഹം എന്റെ ലേഖനങ്ങളിൽ നടത്തിയ അപൂർവം തിരുത്തുകളിൽ ഇത് അവിസ്മരണീയം തന്നെ. എത്ര വേഗമാണെന്നോ പിന്നെ മലയാളം അത് ഏറ്റെടുത്തത്.) ഈ ഗൃഹാതുരത്വം എന്ന അരുമഭാവത്തിന്റെ അസ്സലൊരു ശില്പം എന്ന നിലയിലത്രേ 'ശ്രീപാർവതിയുടെ പാദം' സവിശേഷമാവുന്നത്. ഇന്നത്തെ സാഹചര്യത്തിൽ, ഇത്തിരി പ്രായം ചെന്ന പലർക്കും ഇതുമായി സാമ്യം വരിക്കുക ഞെരുക്കമാവില്ല.

ഒരു ഇടവപ്പാതി രാത്രിയിൽ, മാധവി എന്ന മുഖ്യകഥാപാത്രത്തിന്റെ മനസ്സ് നാട്ടിൻപുറത്തെക്കുറിച്ചു ഗൃഹാതുരമാവുന്ന മുഹൂർത്തത്തിലാണ് ആരംഭം. മാധവിയുടെ ഓർ കോട്ടപ്പടി എന്ന ഗ്രാമത്തിൽ പാറിയെത്തുന്നു. ഏറെ അകലെയല്ല അവളുടെ നിത്യപ്പൊറുതി എറണാകുളം നഗരത്തിലത്രേ. അവിടത്തെ അന്തരീക്ഷത്തിനു പക്ഷേ ഇടവപ്പാതിയുടെ പ്രഹർഷങ്ങളൊന്നും അനുഭവപ്പെടുത്താനാവുന്നില്ല. ''കടൽ വളരെ അടുത്താണെങ്കിലും അത് ഇരമ്പുന്ന ശബ്ദമില്ല. ഒരു തേങ്ങൽ മാത്രം. മഴ ഒരു റേഷൻകടക്കാരന്റെ മുഖം പോലെ ഗൗരവമാർന്നതും കാര്യമാത്ര പ്രസക്തവുമാണ്. മരങ്ങൾ ഉലയുന്നത്.... മരങ്ങളോ? എവിടെ മരങ്ങൾ?'' ഭർത്താവിനും ബോധ്യപ്പെടുന്നു, മാധവിക്കു തീർത്ഥാടനത്തിനുള്ള സമയമായിരിക്കുന്നു എന്ന്. അതെ, 'തീർത്ഥാടനം' എന്നുതന്നെയാകുന്നു വാക്ക്.

നാട്ടിൻപുറത്തെ നനഞ്ഞ മണ്ണ് എതിരേറ്റതിലൂടെ മാധവി എന്തെല്ലാമോ വീണ്ടെടുക്കുന്നു. ആ നനവ് ഉള്ളിലാകെ പടരാൻ അവൾ ചെരിപ്പൂരി കൈയിൽ പിടിച്ചു. പിന്നെ ആ മണ്ണിന്റെ ശബളമായ മണം ശ്വസിച്ചു. അവളുടെ പെട്ടെന്നുള്ള വരവ് അവിടെ വീട്ടിൽ വിസ്മയം ചമച്ചു. ഓ, എന്തൊക്കെയാണ് എതിരേല്ക്കാൻ; മുറ്റത്തെ തുളസിത്തറയിലെ പിച്ചകത്തിന്റെ വാസന മുതൽ.... ആ വാസനയിൽ നിന്നു കേറാൻ മാധവിക്കു മനസ്സില്ല. എന്നാലോ, അടുപ്പത്തു പുട്ടു വേവുന്നതിന്റെ വാസന അപ്രതിരോധ്യമായി പിടിച്ചുവലിച്ചു. തുടർന്ന്, ഗന്ധങ്ങൾ മാത്രമല്ല ദൃശ്യങ്ങളും അവളെ നിശ്ശേഷം കീഴടക്കുന്ന അനുഭവമായിരുന്നു. ഇതെല്ലാം നുകരാൻ ഇടയ്ക്കു വരാതെ നിവൃത്തിയില്ല എന്ന് അവൾ അവളെത്തന്നെ ഇപ്പോൾ ശരിക്കും തിരിച്ചറിയുന്നു. രസമുള്ള പ്രതികരണങ്ങളും പരിഭവങ്ങളുമായി രംഗം തെഴുക്കുന്നു. വീട്ടുകാർ പുലർത്തുന്ന പിശുക്കിന്റെ നേർത്ത സൂചനകൾ അങ്ങിങ്ങു നിരക്കായ്കയില്ല. അതൊന്നും മാധവിയെ ബാധിക്കുന്നേയില്ല. അവൾക്ക് അവിടത്തെ അരുമക്കുട്ടിയെയും കൂട്ടി വളപ്പിലെ മഞ്ചാടിക്കുരു പെറുക്കുന്നതിലും മറ്റുമായിരുന്നു ശുഷ്‌കാന്തി.

പിന്നെ മാധവി ആ കുട്ടിയോട് ആരാഞ്ഞു: നീ ശ്രീപാർവതിയുടെ പാദം കണ്ടിട്ടുണ്ടോ! കുട്ടിക്കുവിസ്മയം. മഴ പെയ്തതിന്റെ കുളിരിൽ പൂത്ത തുമ്പയിൽ നിന്ന് ഒരു പൂവിറുത്ത് ഉള്ളംകൈയിൽ കമിഴ്ത്തിവെച്ച് മാധവി ശ്രീപാർവതിയുടെ പാദം കാട്ടിക്കൊടുക്കുന്നു. തനിക്ക് മുത്തശ്ശി പകർന്ന അറിവാണ്: ഓണപ്പൂക്കളത്തിനു നടുവിൽ തുമ്പപ്പൂ കമിഴ്ത്തി വെച്ചാൽ മതിയത്രേ, ശ്രീപാർവതി വീട്ടിൽ വന്നോളും! കുട്ടിയുടെ മിഴി വിടരാൻ വേറെന്തുവേണ്ടൂ! അടുത്ത തവണ മുതൽ താൻ ഓണത്തിന് അതു പരീക്ഷിക്കുമെന്ന് അവൾ വാക്കു കൊടുത്തു. പഴയ വീട്ടിലെ മരപ്പണിത്തരങ്ങളോടൊക്കെ മാധവിക്ക് അഭിനിവേശം. എന്നല്ല, മഞ്ച തുറന്ന് താൻ അരി മണത്തിരുന്നത് അവൾ അയവിറക്കുന്നു. ഇപ്പോൾ ഈ കുട്ടിയും അതൊക്കെ തുടരുന്നു ണ്ടാവുമെന്ന് അനുമാനിക്കുന്നു. കർക്കടസംക്രാന്തിനാൾ നടത്തിപ്പോന്ന 'പൊട്ടിയെ കളയൽ' ആയിരുന്നു പ്രിയപ്പെട്ട വേറൊരു ഓർമ്മ. പിന്നെ ആ മാസം മുഴുവൻ കാവിൽ നിന്നു കേൾക്കുമായിരുന്നു ഉടുക്കിന്റെ നാദം. ഈ എല്ലാ നൈർമല്യങ്ങളും തന്നെ നന്നെ സ്വാധീനിച്ചിരുന്നുവല്ലോ....

മഴ തകർത്തു പെയ്യവേ, മാധവി ആലോചിക്കുന്നു: എറണാകുളത്തു മഴ തനി നിർവികാരം പിശുക്കന്റെ ദാനംപോലെ. ഇവിടെ വീട്ടിലെ ചേച്ചിക്കു തൽക്കാലം ആധി; ഭാവിയെപ്പറ്റി ആശങ്കയും. തനിക്ക് സ്വത്തു സുരക്ഷിതമായി ലഭിച്ചില്ല എന്നു വരുമോ?.... മാധവിക്കോ, അന്തിയിലെ നാമജപംപോലും ആർദ്രസ്മരണ: രാത്രി മഴ നിന്നു. അപ്പോഴും എന്തൊക്കെയുണ്ട് ശ്രദ്ധിക്കാൻ: തവളകളും മണ്ണട്ടകളും ശബ്ദിക്കുന്നു. കാറ്റ് മരച്ചില്ലകളെ കുലുക്കുന്നു. ചേച്ചിക്ക് അപ്പോഴും സ്വത്തുവിഹിതം മാത്രമാണ് ചർച്ചാവിഷയം. മാധവിയെ പഠിപ്പിക്കാനും മറ്റും നല്ല ചെലവു വന്നു എന്ന വശം സ്പർശിക്കാനും മറക്കുന്നില്ല. ശ്രീപാർവതിയുടെ പാദം ഓർത്തു കോരിത്തരിക്കാൻ അവർക്ക് എവിടെ സമയം, സ്വാസ്ഥ്യം!....

തന്റെ വിഹിതം വിട്ടുകൊടുക്കാൻ മാധവി തയ്യാറാണ്. അവൾ, പോയവരെക്കുറിച്ച് ഓർത്തു. അവരാണല്ലോ സ്‌നേഹം എന്താണെന്ന് തന്നെ പഠിപ്പിച്ചത്. ഇന്നും ഇടനാഴികളിലൂടെ നടക്കുമ്പോൾ അവരുടെ അലിവ് തന്നെ വന്നു തടവുന്നു വിശേഷിച്ച് മുത്തശ്ശിയുടേത്. രാവിലെ കിളിയൊച്ച മാധവിയെ ഉണർത്തി. ആ ഒച്ചയിലെ അതാതു വിവക്ഷകൾ ഇഴവിടർത്താൻ വ്യഗ്രയാവുന്നു പക്ഷേ പറ്റുന്നില്ലല്ലോ. പ്രാതലിന് ഇഡ്ഡലി കഴിക്കുമ്പോൾ മാധവിക്കു പരിഭവം: പൊടിയരിക്കഞ്ഞിയും ചമ്മന്തിയും ആണ് വേണ്ടിയിരുന്നത്. ചേച്ചിക്കു പുച്ഛം. പണ്ട് പ്ലാവില കുത്തി നിലത്തിരുന്ന് കഞ്ഞി കുടിച്ചിരുന്ന കാലത്ത്, അവൾ ഓർക്കുന്നു: ചേച്ചി വെള്ളം ഊറ്റിക്കളഞ്ഞ്, വറ്റിൽ ചമ്മന്തി ചേർത്ത് ചോറാക്കി ഉണ്ണുകയായിരുന്നുവല്ലോ പതിവ്. ഇപ്രകാരം, ശീലങ്ങളിൽ വിപരീതമായ ചേച്ചിയുടെ പരാമർശം, മാധവിയുടെ വ്യക്തിത്വത്തിന് ഏറെ തെളിമ പകരുമാറു വിന്യസിച്ചത്, കഥാകൃത്തിന്റെ ശില്പസൂക്ഷ്മതയ്ക്കു സാക്ഷ്യമാവുന്നു.

ഏതായാലും, രാവിലെ മാധവിയെ യാത്രയാക്കുന്നത് എന്നത്തേയുംപോലെ, ഏറെ വിഭവങ്ങൾ പാക്കു ചെയ്തുകൊണ്ടത്രേ, അനിയത്തിക്കുകൂടി അവകാശപ്പെട്ടവ താൻ തനിച്ച് അനുഭവിക്കുന്നു എന്ന അപരാധബോധമാവാം അതിനു നിദാനം എന്ന് മാധവി അനുകമ്പയോടെ ആലോചിച്ചുപോവുന്നു. ചേച്ചിയുടെ മോൾ എന്ന അരുമയെ മാധവി കൂടെ കൂട്ടുകയാണ്. അവൾ ഇടയ്ക്കു കിട്ടുന്ന ആ മാറ്റത്തിൽ ഏറെ ഉത്സാഹംകൊള്ളുന്നു. അവളെ സ്റ്റൂളിലിരുത്തി പാദസരം അണിയിക്കുമ്പോൾ അന്വേഷിക്കുന്നു: ശ്രീപാർവതിയുടെ പാദം നീ കണ്ടിട്ടുണ്ടോ? 'തുമ്പപ്പൂവല്ലേ' എന്ന് കുട്ടിയുടെ കുതുകം തുളുമ്പി. അപ്പോൾ മാധവി നനുക്കെ തിരുത്തുന്നു: അല്ല, ഈ കാലുകളാണ് ശ്രീപാർവതിയുടെ പാദങ്ങൾ! എന്നിട്ട്, കുനിഞ്ഞ് ആ കാലുകളിൽ ഉമ്മ വെയ്ക്കുമ്പോൾ, മാധവി എന്ന നഗരത്തിന്റെ ഇര, ഈ നാട്ടിൻപുറയാത്രകൊണ്ടു നേടാവുന്നതെല്ലാം നേടി എന്നു ചരിതാർത്ഥയാവുന്നു.

കലാപൂർണ്ണ മാസിക - 2020 ഏപ്രിൽ - മേയ്‌

കെ.പി.ശങ്കരൻ

ഒരു മലയാള സാഹിത്യവിമർശകനും, അദ്ധ്യാപകനുമാണ്‌ പ്രൊഫ. കെ.പി. ശങ്കരൻ . അദ്ധ്യാപകൻ, സാഹിത്യനിരൂപകൻ, എന്നീ നിലകളിൽ പ്രസിദ്ധൻ. നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2003)m കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

അനുബന്ധ വായനയ്ക്ക്