ഒരു കടംകൂടി


ഇ ഹരികുമാര്‍

വളഞ്ഞ പിടിയുള്ള പ്രാചീനമായ ശീലക്കുട ഒരു ഊന്നുവടിയാക്കി അയാൾ എഴുന്നേറ്റു. തിണ്ണമേൽ വെച്ച തുണി സഞ്ചിയെടുത്ത് തോളിൽ തൂക്കി. തിരിഞ്ഞ്, അതുവരെ ഇരുന്നിരുന്ന സ്റ്റൂളിൽ നോക്കി, വല്ലതും വീണു പോയിട്ടുണ്ടൊ?

ഇനി ഞാൻ ഇറങ്ങട്ടെ.

ഞാൻ കൗണ്ടറിനു പിന്നിൽ നിൽക്കുകയാണ്. മുഖം തീരെ പ്രസന്നമായിരിക്കാൻ വഴിയില്ല. മറിച്ച് കുറച്ച് പരുഷമായിട്ടുണ്ടാവാനും മതി. കഴിഞ്ഞ ഒരു മണിക്കൂറിലധികമായി ആ മനുഷ്യൻ ചങ്ങാത്തത്തിന്റെ പേരും പറഞ്ഞ് എന്റെ മുമ്പിലിരിക്കുന്നു. പറയാനുള്ളത് ദേഹാസുഖങ്ങളെപ്പറ്റി കുറെ പരാതികൾ മാത്രം.

ഞാനിറങ്ങട്ടെ. അയാൾ വീണ്ടും പറഞ്ഞു. ശ്രീമതിയോട് പറയൂ കാപ്പി വളരെ നന്നായിരുന്നൂന്ന്. ഇങ്ങിനെ ഒരു കാപ്പി ഞാൻ അടുത്ത കാലത്തൊന്നും കുടിച്ചിട്ടില്ല.

കാപ്പി കൊണ്ടുവന്നു കൊടുത്തപ്പോൾ അയാളുടെ കണ്ണിലുണ്ടായിരുന്ന തിളക്കം ഇപ്പോഴുമുണ്ട്. കാപ്പി കുടിക്കാനുള്ള ആവേശത്തേക്കാൾ, ഞങ്ങൾ അയാളെ കാപ്പി കൊടുക്കുക വഴി ആദരിച്ചുവല്ലൊ എന്ന സന്തോഷമാണ് മുഖത്ത്.

ശരിയ്ക്കു പറഞ്ഞാൽ കാപ്പി കൊടുത്താലെങ്കിലും അയാൾ ഒഴിഞ്ഞുപോകുമല്ലൊ എന്ന പ്രതീക്ഷയിലാണ് ലതിക കാപ്പി കൊണ്ടുവന്ന് കൊടുത്തത്. അവൾ എന്നെ അകത്തേയ്ക്കു വിളിച്ചിട്ട് പറഞ്ഞു.

സ്വാമിയോട് പോകാൻ പറയൂ. എത്ര നേരമായി അയാൾ നിങ്ങളുടെ സമയം മെനക്കെടുത്തുന്നു?

എങ്ങിനെയാണ് ഒരാളോട് പോകാൻ പറയുക? അയാളാകട്ടെ, എന്റെ സാമീപ്യത്തിൽ അതീവസന്തുഷ്ടനായി ഇരിക്കയാണുതാനും. ലതിക കൊണ്ടുവന്നു കൊടുത്ത കാപ്പി സാവധാനത്തിൽ ആസ്വദിച്ചു കുടിച്ചശേഷം പിന്നെയും അരമണിക്കൂറോളം ഇരുന്ന ശേഷമാണ് അയാൾ എഴുന്നേറ്റത്. അയാൾ വീണ്ടും ഇരുന്നാലോ എന്ന ഭയത്താൽ ഞാൻ ശ്വാസം പിടിച്ചു നിൽക്കുകയായിരുന്നു. അയാൾ ചവിട്ടുപടികൾ ഇറങ്ങി, മുറ്റത്തെത്തി തിരിഞ്ഞു നിന്നു പറഞ്ഞു:

ഒരു കടം.

എന്ത്? ഞാൻ ചോദിച്ചു.

കാപ്പിയുടെ. അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നെങ്കിലും നിങ്ങൾ രണ്ടു പേരും എന്റെ വീട്ടിലേയ്ക്കു വരൂ. അന്നു ഞാൻ ഈ കടം വീട്ടാം.

ഓ, ഇതൊക്കെ അത്ര കാര്യമാക്കാനുണ്ടോ എന്നമട്ടിൽ ഞാൻ ചിരിച്ചു.

അയാൾ റോഡിലെത്തി, രണ്ടു ഭാഗത്തേക്കും നോക്കി, ഒരു നിമിഷം എങ്ങോട്ടു പോവണമെന്നു തീർച്ചയാവാതെ നിന്നു. പിന്നെ റെയിൽവെ സ്റ്റേഷന്റെ ഭാഗത്തേക്കു നടന്നു. ഞാൻ ദീർഘശ്വാസം വിട്ടു. അയാളുടെ സന്ദർശനങ്ങൾ അടുത്തായി കുറെ കൂടിയിട്ടുണ്ട്. എന്തെങ്കിലും ചെയ്‌തേ പറ്റു. ആദ്യമെല്ലാം വല്ലപ്പോഴും, മാസത്തിലൊരിക്കലേ വന്നിരുന്നുള്ളൂ. പിന്നെ മാസത്തിൽ രണ്ടു പ്രാവശ്യമായി, ആഴ്ചയിൽ ഒരിക്കൽ ആയി. ഇപ്പോൾ ഈ ആഴ്ചയിൽതന്നെ രണ്ടാമത്തെ തവണയാണ് വരുന്നത്. അയാൾ വരും, കൗണ്ടറിനു മുമ്പിൽ ഇട്ട സ്റ്റൂളിൽ ഇരിക്കും, കുറെ സംസാരിക്കും. അധികവും പരാതികൾ, അതിനിടയ്ക്ക് എന്റെ കസ്റ്റമേഴ്‌സ് വരും. ഞാൻ കാസറ്റുകൾ കേൾപ്പിച്ചു കൊടുക്കും. ചിലപ്പോൾ ഒന്നോ രണ്ടോ കാസറ്റുകൾ വിറ്റുപോകും. അതിനിടയ്ക്കും ആ മനുഷ്യന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമുണ്ടാകും. ചിലത് ഞങ്ങൾക്ക് വളരെ ഹാനികരമായവയും.

നാരായണസ്വാമി ആദ്യം വന്നത് കാസറ്റുകൾ അന്വേഷിച്ചുകൊണ്ടായിരുന്നു. പടികൾ കയറിവന്ന്, വളരെ താഴ്ന്ന സ്വരത്തിൽ, അരുതാത്തതെന്തോ പോലെ ചോദിച്ചു.

ഇവിടെ ചെമ്പെയുടെ കച്ചേരിയുണ്ടൊ?

ഉണ്ട്.

ഞാൻ കാസറ്റെടുത്ത് കൗണ്ടറിൽ സ്വാമിയുടെ മുമ്പിൽ വെച്ചു. അയാൾ അത് സൂക്ഷ്മതയോടെ എടുത്ത് തിരിച്ചും മറിച്ചും നോക്കി. അയാൾ അതീവ സന്തുഷ്ടനായി തോന്നി. ഇത്രയും കാലം അന്വേഷിച്ചു നടന്നിരുന്ന ഒരു കാസറ്റ് ഇവിടെ ഇതാ ഇത്രയും എളുപ്പത്തിൽ തന്റെ കയ്യിൽ എത്തിച്ചേർന്നിരിക്കുന്നു. അയാൾ ആ കാസറ്റ് എന്റെ നേരെ നീട്ടി.

ഇതൊന്ന് പാടിക്കാമോ?

പണ്ട് ഞാൻ ചെമ്പെയുടെ കച്ചേരി കേട്ടിട്ടുണ്ട്. സ്വാമി പറഞ്ഞു.

ഞാൻ ഡെക്ക് ഓണാക്കി. ചെമ്പെയുടെ ഘനഗംഭീരമായ ശബ്ദം വലിയ സ്പീക്കറുകളിൽക്കൂടി വന്നു.

വരനാരദാ....

സ്വാമി ഒരു ഇരുപ്പിടത്തിനുവേണ്ടി തിരിഞ്ഞു നോക്കി. കയ്യിലിരുന്ന കുട ഒരു മൂലയിൽ ചാരിവെച്ചു. തോളിൽനിന്ന് ചിത്രപ്പണിയുള്ള നരച്ച തുണിസഞ്ചി എടുത്ത് തിണ്ണമേൽ വെച്ചു. അടുത്തു കണ്ട സ്റ്റൂളിൽ കയറി ഇരിപ്പായി. ടി. വി. ഗോപാലകൃഷ്ണന്റെ മൃംദഗത്തോടൊപ്പം അയാൾ തലയാട്ടി, കൈകൊണ്ട് തുടമേൽ താളം പിടിച്ചു.

ഞാൻ കാസറ്റ് നിർത്തി. സാധാരണ അങ്ങിനെയാണ്. ഒരു മിനിറ്റ് കേൾപ്പിച്ചു കൊടുക്കും. അത് മിക്കവാറും റിക്കാർഡിങ്ങിന്റെ ഗുണം മനസ്സിലാക്കിക്കാനും, കാസറ്റ് നല്ലതാണെന്ന് ബോദ്ധ്യപ്പെടുത്താനുമാണ്.

സ്വാമി താളം പിടിക്കുന്നതു നിർത്തി ചോദിച്ചു.

ആ പാട്ട് ഒന്നു മുഴുവൻ കേൾക്കാമോ?

ഞാൻ വീണ്ടും കാസറ്റ് പാടിച്ചു, കുറച്ചൊരു വൈമനസ്യത്തോടെ. അയാൾ പാട്ടു കഴിയുംവരെ തലയാട്ടുകയും കൈകൊണ്ട് താളം പിടിക്കുകയും ചെയ്തു. പാട്ടു കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.

ഇനി വേറെ വല്ലതും?

അയാൾ നിവർന്നിരുന്നു.

അയ്യോ എനിയ്ക്ക് കാസറ്റ് വേണ്ട കേട്ടോ.

ഞാൻ വാങ്ങാൻ ഉദ്ദേശിച്ച് വന്നതല്ല. ഇതിലെ പോയപ്പോൾ ഒന്നു കയറി, എന്റെ കയ്യിൽ ടേപ്പ് റിക്കാർഡർ ഇല്ല. ഈ കാസറ്റുകൊണ്ട് ഞാൻ എന്തുചെയ്യാനാ?

ഞാൻ ഉള്ളിൽ പുകയുകയായിരുന്നു. എന്റെ സമയം. അത് തീരെ വിലയില്ലാത്തതാണെന്നാണോ ഇയാൾ കരുതിയത്? എന്റെ മുഖത്തെ നീരസം പക്ഷെ അയാൾക്ക് മനസ്സിലായില്ലെന്നു തോന്നുന്നു. അയാൾ വീണ്ടും ചോദിച്ചു.

നിങ്ങളുടെ അടുത്ത് എമ്മെസ്സും, ശെമ്മങ്കുടിയും ഒക്കെ ഇല്ലെ?

ഉണ്ട്. കാസറ്റ് റാക്കിലേയ്ക്കു തിരിച്ചു വെച്ചു കൊണ്ട് ഞാൻ ഒട്ടും രസിക്കാത്ത മട്ടിൽ പറഞ്ഞു.

അതായിരുന്നു സ്വാമിയുമായുള്ള പരിചയത്തിന്റെ തുടക്കം. പിന്നീട് ഓരോ പ്രാവശ്യം അയാൾ വന്നാലും ഞങ്ങളുടെ മനസ്സ് കേടു വരുത്തിയേ തിരിച്ചു പോകാറുള്ളൂ.

ഒരിക്കൽ അയാൾ ഉള്ളപ്പോഴാണ് ഒരു കസ്റ്റമർ നാദസ്വരം അന്വേഷിച്ചു വന്നത്. എന്റെ കയ്യിൽ ചിന്ന മൗലാനയുടെ നാദസ്വരമുണ്ടായിരുന്നു. ആ കാസറ്റെടുത്ത് കസ്റ്റമർക്ക് കൊടുത്തു.

എന്താണ് വില?

കാസറ്റ് തുറന്ന് കേൾപ്പിച്ചുകൊടുക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. മുപ്പതുറുപ്പിക.

സ്വാമി എഴുന്നേറ്റു. കാസറ്റെടുത്തു പുറംചട്ട നോക്കിക്കൊണ്ട് പറഞ്ഞു.

ഓ ചിന്നമൗലാനയാണല്ലൊ? കാരുക്കുറിച്ചിയുടെ നാദസ്വരം ഇല്ലെ?

ഇല്ലെന്നു ഞാൻ തലയാട്ടി. ഉണ്ടായിരുന്നു. അത് കഴിഞ്ഞുപോയി.

കാരുക്കുറിച്ചിടെ നാദസ്വരം കേൾക്കണം. സ്വാമി കസ്റ്റമറോട് പറഞ്ഞു. നാദസ്വരം എന്നു പറഞ്ഞാൽ കാരുക്കുറിച്ചിതന്നെ. അതു കഴിഞ്ഞിട്ടേ ഉള്ളു മറ്റുള്ളവർ.

ഞാൻ വിയർക്കുകയായിരുന്നു. ഇതിന്റെയൊക്കെ അനന്തരഫലമെന്തെന്ന് എനിക്കറിയാമായി രുന്നു. കസ്റ്റമേഴ്‌സിനെ അനാവശ്യമായി അറിവുള്ളവരാക്കുന്നത് നന്നല്ല. ഇതാകട്ടെ, അറിവുള്ള വരാക്കുകയല്ല, അവരെ വഴി പിഴപ്പിക്കുകയു മാണ്. ഷെയ്ക്ക് ചിന്നമൗലാനയും നാദസ്വര കച്ചേരിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. പിന്നെ, വന്ന കസ്റ്റമർക്ക് ചിന്ന മൗലാനയായാലും, കാരുക്കുറിച്ചിയായാലും, സേതുരാമനായാലും, ഒന്നു തന്നെ. ഓലപ്പീപ്പിയുടെ ശബ്ദം നാദസ്വരമാണെന്നു പറഞ്ഞു കൊടുത്താലും അയാൾ വാങ്ങിക്കൊണ്ടുപോകും. അത്രയേയുള്ളു.

സ്വാമി പറയുകയായിരുന്നു. ഞാനൊരിക്കൽ കാരുക്കുറിച്ചി അരുണാചലത്തിന്റെ കച്ചേരിക്ക് പോയിട്ടുണ്ട്. ആ കല്യാണിരാഗം ആലപിക്കുന്നത് കേട്ടാൽ നമ്മൾ ഇരുന്നു പോകും.

കസ്റ്റമർ എന്റെ നേരെ തിരിഞ്ഞു.

കാർന്നോര് പറയണ ആള്‌ടെ കച്ചേരിയുണ്ടോ?

ഇല്ല. ഞാൻ പറഞ്ഞു. പക്ഷെ ചിന്ന മൗലാനയുടെ കച്ചേരിയും നല്ലതാണല്ലൊ.

അയാൾ എന്നെ ഒന്നുനോക്കി. തീരെ വിശ്വാസമില്ലാതെ. ഞാൻ അയാളെ പറ്റിയ്ക്കാൻ ശ്രമിക്കുകയായിരുന്നെന്ന മട്ടിൽ. പിന്നെ ഒന്നും പറയാതെ പെട്ടെന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

സ്വാമി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ തിരിച്ച് സ്റ്റൂളിൽ പോയിരുന്നു. അപ്പോഴും പറയുകയായിരുന്നു.

അതിമനോഹരം. കേട്ടിട്ടുണ്ടോ കാരുക്കുറിച്ചിയുടെ കച്ചേരി?

കാരുക്കുറിച്ചി! മണ്ണാങ്കട്ടയാണ്. ഞാൻ പൊട്ടിത്തെറിച്ചു. നിങ്ങളുടെ വങ്കത്തം കാരണം എനിയ്ക്ക് ഒരു കസ്റ്റമർ നഷ്ടപ്പെട്ടു.

അയാൾ സ്തബ്ധനായി എന്നെ നോക്കി. എവിടെയാണ് പിഴച്ചതെന്നയാൾക്കു മനസ്സിലായില്ല.

നിങ്ങൾ ഇടപെട്ടിരുന്നില്ലെങ്കിൽ അയാൾ ആ കാസറ്റ് വാങ്ങിയേനെ.

സ്വാമിയ്ക്ക് സംഗതി ഒരു വിധം പിടി കിട്ടിയെന്നു തോന്നുന്നു. അയാൾ മാപ്പു ചോദിക്കുന്ന മട്ടിൽ പറഞ്ഞു.

ഞാൻ ഇതൊന്നും ആലോചിച്ചില്ല.

ഈ കാസറ്റുകളില്ലെ, റാക്കുകളിലേയ്ക്കു ചൂണ്ടിക്കാട്ടി ഞാൻ പറഞ്ഞു. അതെല്ലാം വില്ക്കാൻ വേണ്ടി വെച്ചതാണ്. വന്ന കസ്റ്റമർക്ക് കാരുക്കുറിച്ചി തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല. നിങ്ങളാണ് അയാൾക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. ഇപ്പോൾ ഞാൻ അയാളെ വഞ്ചിക്കാൻ ശ്രമിച്ചു എന്ന വിചാരത്തോടെയാണ് അയാൾ പോയത്.

സ്വാമി നിശ്ശബ്ദനായി അല്പസമയം ഇരുന്നു.

പിന്നെ പോകാൻ വേണ്ടി എഴുന്നേറ്റു.

ക്ഷമിക്കണം. ഞാൻ അത്രയൊന്നും ആലോചിച്ചില്ല.

സ്വാമി പോയപ്പോൾ അയാളോട് കയർത്തതിൽ എനിയ്ക്ക് വിഷമം തോന്നി. ഞാനും അയാളും തമ്മിലുള്ള കാഴ്ചപ്പാടിന്റെ വ്യത്യാസമാണ് ഇതിനൊക്കെ കാരണം. ഒരു സംഗീതപ്രേമിയായ നാരായണസ്വാമിയെ സംബന്ധിച്ചിടത്തോളം സംഗീതം ആസ്വാദനത്തിനുള്ളതാണ്, വില്പനയ്ക്കുള്ളതല്ല. ഒരു കസ്റ്റമർ കാസറ്റു വാങ്ങുമ്പോൾ അയാൾക്ക് ഏറ്റവും മികച്ച സംഗീതം കിട്ടണമെന്നേ സ്വാമിക്കുള്ളു. അതെവിടെ നിന്ന് കിട്ടുന്നു എന്നത് അത്ര പ്രസക്തമല്ല. മറിച്ച് എനിക്കാണെങ്കിൽ കാശുകൊടുത്തു വാങ്ങി സ്റ്റോക്ക് ചെയ്ത കാസറ്റുകൾ വിറ്റുപോണമെന്ന് മാത്രമേയുള്ളു. ഇതിൽ ആരോഗ്യപരമായ കാഴ്ചപ്പാട് സ്വാമിയുടേതു തന്നെയാണ്. പക്ഷെ അതെനിക്ക് വൈഷമ്യമുണ്ടാക്കി.

നാരായണസ്വാമി വീണ്ടും വരില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷെ എന്റെ ശുഭപ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് അയാൾ വീണ്ടും വന്നു, കുടയും സഞ്ചിയും തിണ്ണമേൽ വെച്ച് മുട്ടിന്മേൽ കൈയ്യൂന്നിക്കൊണ്ട് സ്റ്റൂളിന്മേൽ ഇരുന്നു.

വയ്യ. എനിയ്ക്കു വയ്യാതായിരിക്കുന്നു.

ഞാൻ ഒന്നും പറഞ്ഞില്ല.

സന്ധികളിലൊക്കെ വേദന. നെഞ്ചിനകത്തും വേദന. ഒരു ഡോക്ടറെ കാണണം.

ഞാൻ വളരെ സൂക്ഷിച്ചേ സംസാരിക്കുന്നുള്ളൂ. സ്വാമിയുമായുള്ള പരിചയത്തിൽ നിന്ന് ഒരു കാര്യം പഠിച്ചു. ഏതു നിമിഷവും അപകടം ചാടി വീണേക്കാം. ഞാൻ സ്വയം പ്രതിരോധത്തിലായിരുന്നു.

നിങ്ങളുടെ റോഡിലേയ്ക്ക് കടക്കുന്നിടത്ത് ഒരു ഡോക്ടറുണ്ടല്ലൊ. ഒരു എം. ഡി. എന്താണ് പേര്? ഡോക്ടർ രാമചന്ദ്രൻ?

അതെ.

എങ്ങിനെയുണ്ട് ആ ഡോക്ടർ?

തരക്കേടില്ല.

അദ്ദേഹത്തെ കണ്ടാലോ എന്നാലോചിക്കയാണ്.

ഞാൻ ഒന്നും പറഞ്ഞില്ല.

അയാൾ നെഞ്ചിൽ കൈയ്യമർത്തി. വേദന കൂടിയിട്ടുണ്ടെന്നു തോന്നുന്നു.

രാവിലെ വീട്ടിൽനിന്നു പുറപ്പെടുമ്പോൾ ഇത്ര വേദനയുണ്ടായിരുന്നില്ല. നിങ്ങൾക്ക് വിഷമമില്ലെങ്കിൽ ഒന്ന് എന്റെ ഒപ്പം വരാമോ?

എനിക്കു പോകാൻ താല്പര്യമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു.

കട തുറന്നിരിക്കുകയല്ലേ. എനിയ്ക്ക് വരാൻ പറ്റുമെന്നു തോന്നുന്നില്ല. നിങ്ങൾ ഒറ്റയ്ക്കു പോയാൽ തന്നെ മതി യല്ലൊ.

നിങ്ങൾ വന്നാൽ നന്നായിരുന്നു. ശ്രീമതിയോട് പറഞ്ഞാൽ അവർ കുറച്ചു നേരം ഷോപ്പ് നോക്കില്ലെ?

വീട് ഷോപ്പിന്റെ തൊട്ടു പിന്നിലാണ്. ബെല്ലിന്റെ സ്വിച്ചമർത്തിയാൽ മതി, ലതിക വരും. സ്വാമിയുടെ മുഖത്തെ അപേക്ഷാഭാവം തള്ളികളയാൻ പാടില്ലാത്ത വിധം ദയനീയമായിരുന്നു. പിന്നെ എനിയ്ക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലൊ. ഞാൻ ലതികയെ വിളിച്ചു.

ഡോക്ടറുടെ വീട്ടിലേക്കു നടക്കുമ്പോൾ അയാൾ പറഞ്ഞു.

നിങ്ങൾ വളരെ നല്ല കൂട്ടരാണ്. അന്നു ഞാൻ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. നിങ്ങളുടെ ഒരു കസ്റ്റമറെ ആട്ടിയോടിച്ചു. എന്നിട്ടും നിങ്ങൾ എന്നോട് ദയാപൂർവ്വം പെരുമാറുന്നു.

അതിലെന്തിരിക്കുന്നു. ഞാൻ പറഞ്ഞു. ഒരു കസ്റ്റമർ; അതുമാത്രം പോരല്ലൊ. മനുഷ്യനും മനുഷ്യനും തമ്മിൽ.... രണ്ടു കാഴ്ചപ്പാടുകളാണെന്നു മാത്രം....

ഡോക്ടറെ കണ്ട് പുറത്തിറങ്ങിയപ്പോൾ ഞാൻ പറഞ്ഞു.

ശരി പിന്നെ കാണാം.

അയാൾ നിന്നു. എന്റെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

ഒരു കടംകൂടിയായി. ഇതെല്ലാം എങ്ങനെ വീട്ടാമെന്നറിയുന്നില്ല.

ഞാൻ അയാളുടെ ഒപ്പം ഡോക്ടറുടെ അടുത്ത് പോയതാണ് ഒരു കടപ്പാടായി എടുത്തിരിക്കുന്നത്. സാധു മനുഷ്യൻ.

ഒരാഴ്ചക്കുശേഷം അയാൾ വീണ്ടും വന്നു. സ്റ്റൂളിന്മേൽ കയറിയിരുന്നശേഷം പറഞ്ഞു.

ഇപ്പോൾ നല്ല ഭേദമുണ്ട്. നെഞ്ചുവേദന തീരെ ഇല്ലാന്ന് പറയാം. സന്ധികളിലെ വേദനയ്ക്കും കുറവുണ്ട്. മുഴുവൻ വിട്ടിട്ടില്ല, നെഞ്ചുവേദന വരുമ്പോൾ നാവിന്നടിയിൽ വെക്കാൻ ഒരു ഗുളിക തന്നിട്ടുണ്ട്.

അയാൾ ജുബ്ബയുടെ പോക്കറ്റിൽനിന്ന് പൊടിഡെപ്പിപോലെയുള്ള ഒരു ചെറിയ കുപ്പി കാണിച്ചുതന്നു.

ഇത് എപ്പോഴും ഒപ്പം കൊണ്ടുനടക്കുകയാണ്.

അയാൾക്ക് എത്ര വയസ്സായിട്ടുണ്ടാകും? അറുപത്തഞ്ച് എഴുപത്? പരിചയപ്പെട്ടിട്ട് മൂന്നുമാസമായെങ്കിലും എനിക്ക് അയാളെപ്പറ്റി ഒന്നും അറിയില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരു വിധത്തിൽ കരുതിക്കൂട്ടി ചോദിക്കാതിരുന്നതാണ്. എന്തെങ്കിലും ചോദിച്ചാൽ പിന്നെ അതിന്മേൽ കയറി സംസാരിക്കാൻ തുടങ്ങും. കൂടുതൽനേരം കടയിൽ ഇരിക്കുകയും ചെയ്യും. അത് ഭയന്ന് ഒന്നും ചോദിക്കാറില്ല. അയാൾ വന്നാൽ എന്റെ മുഖം കനക്കുന്നു. എന്റെ മറുപടികൾ പരുഷമാകുന്നു. പക്ഷെ അതൊന്നും അയാളിൽ ഏശുന്നില്ല. പ്രതികൂല കാലാവസ്ഥയിൽ ജീവിക്കാൻ പഠിച്ച ഒരു പക്ഷിയായിരുന്നു അയാൾ. കാറ്റ് ശക്തമാകുമ്പോൾ ചിറകുകൾ ഒതുക്കി തുലനം ചെയ്ത് ചില്ലയിൽ നിന്ന് വീഴാതെ നോക്കുന്നു. എന്റെ ശബ്ദം വല്ലാതെ പരുഷമാകുമ്പോൾ ആ മനുഷ്യൻ സ്തുതിഗീതങ്ങൾ പാടുന്നു. കാസറ്റു കടയെ പുകഴ്ത്തുന്നു.

ശാസ്ത്രീയസംഗീതത്തിൽ നിങ്ങളുടെയത്ര കാസറ്റുകൾ ഒരു കടയിലും കിട്ടില്ല. സ്വകാര്യം പറയുന്ന പോലെ മുന്നോട്ട് ആഞ്ഞിരുന്ന് അയാൾ പറയുന്നു, ആരും ഇപ്പോൾ ശാസ്ത്രീയ സംഗീതമൊന്നും വെക്കുന്നില്ല. ചെലവാവില്ല. ഇപ്പോൾ എല്ലാവർക്കും വേണ്ടത് ഇംഗ്ലീഷ് ടൈപ് പാട്ടുകളല്ലെ.

കഴിഞ്ഞ മൂന്നുമാസമായി നിരന്തരം കാണുന്ന ഈ മനുഷ്യനെപ്പറ്റി ഒന്നും അറിയില്ലെന്ന് ഓർമ്മ വന്നപ്പോൾ ഞാൻ ചോദിക്കുന്നു.

നിങ്ങൾക്ക് ഭാര്യും മക്കളും....?

ഉണ്ട്...... അയാൾ നിർത്തി. പിന്നെ എവിടെ നിന്നൊക്കെയോ പരതി എടുക്കുന്ന മട്ടിൽ തുടർന്നു.

വീട്ടിൽ ഒരു ഗ്രാമഫോണുണ്ട്, ഇതാ ഇത്ര അട്ടി പ്ലെയ്റ്റുകളുണ്ട്, അതിൽ ശെമ്മങ്കുടിയുണ്ട്, എമ്മെസ്സുണ്ട്, സുന്ദരാംബാളുണ്ട്, ഡി.കെ.പിയുണ്ട്. പിന്നെ കുറെ ഹിന്ദി പാട്ടുകളും. റാഫിയുടെ യഹാം ബദലാ എന്ന പാട്ടില്ലെ, അതൊക്കെയുണ്ട്. പക്ഷേ ഒക്കെ മക്കള് കേടുവരുത്തിയിരിക്കുന്നു,

'ഇത്ര അട്ടി പ്ലെയ്റ്റുകൾ ഉണ്ട്' എന്ന് ഒരാൾ പറയുമ്പോൾ ഇപ്പോൾ ഞാൻ അന്തം വിടാറില്ല. മിനിറ്റിൽ 78 തിരിച്ചിൽ തിരിയുന്ന കട്ടിയുള്ള പഴയ സിംഗ്ൾസ് ആണ് അവർ ഉദ്ദേശിക്കുന്നത് ഒരു റെക്കോർഡിൽ രണ്ടു പാട്ടുകളുണ്ടാവും. അവ മിക്കവാറും നിറയെ വരകളും കുത്തുകളും വീണ് ഉപയോഗശൂന്യമായിരിക്കുകയും ചെയ്യും. പോരാത്തതിന് ആ ഡിസ്‌ക്കുകൾ പുതിയ ഒരു റിക്കാർഡ് പ്ലെയറിലും ഉപയോഗിക്കാനും പറ്റില്ല.

ഞാൻ തലയാട്ടുക മാത്രം ചെയ്തു. അങ്ങിനെ തലയാട്ടിക്കൊണ്ടിരിക്കെ എന്തോ ഒരു പന്തികേട് എനിക്കനുഭവപ്പെട്ടു, വയസ്സന്റെ മക്കൾ? ഗ്രാമഫോണും റെക്കോർഡുകളും കേടു വരുത്തുക? ഏതു കാലത്തെ കാര്യമാണ് പറയുന്നത്? ഇനി പേരക്കുട്ടികളുടെ കാര്യമായിരിക്കുമോ ഉദ്ദേശിക്കുന്നത്? അല്ല മക്കൾ എന്നു തന്നെയാണ് പറഞ്ഞത്.

മക്കൾ എന്തു ചെയ്യുന്നൂ?

മക്കളൊ?.....അവർ മരിച്ചു. അമ്പത്തിരണ്ടിൽ.

അമ്പത്തിരണ്ടിൽ! രണ്ടു മക്കളും! ഞാൻ സ്തബ്ധനായി നിന്നു.

അവർ എല്ലാം കേടുവരുത്തി. അയാൾ തലയാട്ടിക്കൊണ്ട് പറഞ്ഞു. കുറെ പ്ലെയ്റ്റുകൾ. സംഗീതത്തിന്റെ നല്ല ഒരു ശേഖരം ഉണ്ടായിരുന്നു. എല്ലാം നശിപ്പിച്ചു. എല്ലാം.

അയാൾ കരയുകയായിരുന്നു. ജുബ്ബയുടെ ഇടത്തെ പോക്കറ്റിൽ നിന്ന് ഒരു നിറം മങ്ങിയ തൂവാലയെടുത്ത് അയാൾ കണ്ണൊപ്പി.

ശരി, ഞാൻ ഇറങ്ങട്ടെ.

അയാൾ പിന്നെ കുറെക്കാലത്തേക്കു വന്നില്ല. രണ്ടു മാസം അല്ലെങ്കിൽ മൂന്ന്. ഓർമ്മയില്ല. ആദ്യമെല്ലാം ഞാൻ അയാളെ പ്രതീക്ഷിച്ചിരുന്നു. അയാളുടെ അസുഖകരമായ സാന്നിദ്ധ്യം ഒരു കയ്പുള്ള മയക്കു മരുന്നുപോലെ എന്നെ അടിമയാക്കുകയായിരുന്നോ?

കാണാതായപ്പോഴാണ് അയാളെപ്പറ്റി കൂടുതൽ ആലോചിച്ചത്. മുപ്പത്തിയാറു കൊല്ലം മുമ്പാണ് അയാളുടെ മക്കൾ മരിച്ചത്. എങ്ങിനെയെന്നറിയില്ല. ഞാൻ ചോദിച്ചില്ല. ചോദിച്ചാൽത്തന്നെ ഉത്തരം കിട്ടുമായിരുന്നോ? ആ മനുഷ്യൻ ഇപ്പോഴും ജീവിക്കുന്നത് മുപ്പത്തിയാറു കൊല്ലങ്ങൾക്കു മുമ്പുണ്ടായിരുന്ന ജീവിതവസന്തത്തിലാണ്. മക്കളും സംഗീതവും 78 ആർപിയെം റെക്കോർഡുകളും, നായ കോളാമ്പിയിൽ നോക്കിയിരിക്കുന്ന ചിത്രമുള്ള ഗ്രാമഫോണും ഇപ്പോഴും ജീവനുള്ളവയാണ്.

അങ്ങിനെയിരിക്കെ നാരായണസ്വാമിയെ ഞാൻ ഒരു നോക്കു കണ്ടു. ഞാൻ ധൃതിയിൽ ബൈക്കിൽ പോകുകയായിരുന്നു. എന്റെ നിരത്ത് മെയിൻ റോഡിൽ ചേരുന്നിടത്ത് ഫുട്പാത്തിൽ അയാൾ നിൽക്കുന്നു. ഡോക്ടറുടെ ഗെയ്റ്റിനു മുമ്പിൽ. എന്നെ കണ്ടപ്പോൾ അയാൾ കയ്യുയർത്തി കാണിച്ചു. നിൽക്കാൻ വേണ്ടി. ഇടതു കൈ അയാൾ നെഞ്ചിൽ അമർത്തിപ്പിടിച്ചിരുന്നു. ഒരു പക്ഷെ വേദനയുണ്ടാവും. ഇപ്പോൾ അവിടെ നിന്നാൽ കുഴപ്പമാണ്. പുറപ്പെട്ട കാര്യം നടക്കുകയില്ല. മാത്രമല്ല, അയാളുടെ പരാതിപ്പാട്ടുകൾ കേട്ട് മനസ്സിടിയുകയും ചെയ്യും. ഞാൻ അയാളെ കണ്ടില്ലെന്നു നടിച്ച് ബൈക്കിൽ പറന്നു.

എനിയ്ക്ക് കുറ്റബോധമൊന്നും തോന്നിയില്ലെന്നത് എന്നെത്തന്നെ അത്ഭുതപ്പെടുത്തി. പിന്നെ ഒരു മാസത്തോളം സ്വാമിയെ കാണുകയുണ്ടായില്ല. പിന്നെ യാദൃച്ഛികമായി.....

ആശുപത്രിയുടെ മൂന്നാംനിലയിലാണ് എന്റെ ഒരു സ്‌നേഹിതൻ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്നത്. അയാളെ ഒന്നു കാണണം. നിസ്സാര ഓപ്പറേഷനാണ്. മൂക്കിൽ വളർന്ന ദശ എടുത്തുമാറ്റുക. അയാൾക്കാണെങ്കിൽ ഒരു സൈന്യം മുഴുവൻ കാവലുമുണ്ടാകും. പക്ഷേ പോയി കണ്ടില്ലെങ്കിൽ പരിഭവമാകും. ഞാൻ വരാന്തയിലൂടെ റൂം നമ്പർ 310 അന്വേഷിച്ചു നടന്നു. അപ്പോഴാണതുണ്ടായത്. ജനറൽ വാർഡിന്റെ തുറന്നിട്ട വാതിലുകളിലൊന്നിനു മുമ്പിൽ നാരായണസ്വാമി. എനിയ്ക്ക് ഒഴിഞ്ഞുമാറുവാൻ കൂടി സമയം കിട്ടിയില്ല. അയാൾ എന്നെ കണ്ടു കഴിഞ്ഞിരുന്നു.

അയാൾ വാതിലിന്മേൽ പിടിച്ചു നിൽക്കുകയാണ്. വളരെ അവശനായിരിക്കുന്നു. ഒപ്പം വയസ്സായ ഒരു സ്ത്രീ, സ്വാമിയുടെ ഭാര്യയായിരിക്കണം, അയാളുടെ കൈ പിടിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ ആ ചുളിഞ്ഞ മുഖം വികസിച്ചു. കണ്ണുകളിൽ തിളക്കം. തിരിച്ചു വന്നു. അയാൾ വാർഡിന്റെ മറുവശത്ത് ജനാലയ്ക്കരികിൽ ഇട്ട കട്ടിൽ ചൂണ്ടിക്കാട്ടി.

വരൂ.

അയാൾ കട്ടിന്മേലിരുന്നു. ഞാൻ സ്റ്റൂളിലും.

ഇതാ കാസറ്റുകടയെപ്പറ്റി ഞാൻ പറയാറില്ലെ, ഇദ്ദേഹമാണത്. രണ്ടുപേരും വളരെ നല്ല കൂട്ടരാണ്. ഞാൻ പോയാൽ കാപ്പി കുടിക്കാതെ വിടില്ല.

പിന്നെ എന്റെ നേരെ നോക്കി അയാൾ ചോദിച്ചു.

എങ്ങിനെ മനസ്സിലാക്കി ഞാൻ ഇവിടെയുണ്ടെന്ന്?

ഞാൻ സ്വാമിയുടെ ഭാര്യയുടെ നന്ദി നിറഞ്ഞ നോട്ടത്തെ നേരിടാൻ കഴിയാതെ വിഷമിക്കുകയായിരുന്നു.

എന്തു പറ്റി? ഞാൻ അന്വേഷിച്ചു.

ഒരു ചെറിയ ഹാർട്ടറ്റാക്ക്, ഒരു മാസായി. ഞാൻ നിങ്ങളെ കാണാൻ വരികയായിരുന്നു. വഴിക്കു വെച്ച് നെഞ്ചു വേദന തുടങ്ങി. അവിടെ എത്തുമ്പോഴേക്കു കലശലായി. നമ്മുടെ ആ ഡോക്ടറില്ലെ, ഡോക്ടർ രാമചന്ദ്രൻ. അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. മൂപ്പര് ആസ്പത്രിയിലായിരുന്നു. അപ്പോൾ നിങ്ങളീം കൂട്ടീ ആശുപത്രിയിലേക്ക് പോകാം എന്ന് വിചാരിക്കുമ്പോഴാണ് നിങ്ങൾ ബൈക്കിൽ പോണത് കണ്ടത്. ഞാൻ കൈ കാട്ടി. നിങ്ങള് കണ്ടില്ല, അപ്പൊ ഒരു ഓട്ടോവിൽ ഇവിടെ വന്നു.

സ്വാമി നെഞ്ചിൽ കൈയ്യമർത്തി നിന്നിരുന്നത് ഓർമ്മയുണ്ട്. അത് ഇങ്ങനെ ഒരു സന്നിഗ്ദ്ധാവസ്ഥയിലായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ...... അറിഞ്ഞിരുന്നുവെങ്കിൽ താൻ ബൈക്ക് നിർത്തുമായിരുന്നുവോ, അറിയില്ല.

ഇവിടെ വന്നതിനുശേഷം കുറച്ചു കോംപ്ലിക്കേഷനൊക്കെയുണ്ടായി. ന്യൂമോണിയ പിടിച്ചു. ഇപ്പോൾ എല്ലാം ഭേദമായെന്നു പറയാം. ഒരാഴ്ചക്കുള്ളിൽ ഡിസ്ചാർജ്ജ് ചെയ്യും.

കട്ടിലിന്റെ തലയ്ക്കൽ നിൽക്കുന്ന സ്ത്രീയെ അപ്പോഴാണ് ഞാൻ കാര്യമായി ശ്രദ്ധിച്ചത്. സ്വല്പം തടിച്ച പ്രകൃതം. ചേലയാണ് വേഷം. അവർ എന്നെ നോക്കി ചിരിച്ചു.

എപ്പോഴും നിങ്ങടെ കാര്യം തന്നെ പറയും. ഞാൻ ചോദിക്കാറുണ്ട് ഇങ്ങിനെ എപ്പോഴും അവരുടെ കടയില് പോയിരുന്നാല് അവർക്ക് വിഷമമാവില്ല്യെ എന്ന്.

ഞങ്ങൾക്കെന്താ വിഷമം?

സംഗീതത്തിന് അത്ര കമ്പായിരുന്നു. ഒരു ദിവസം നിങ്ങടെ കടയിൽനിന്ന് വന്ന ഉടനെ വീട്ടിൽ ഒരു പഴയ ഗ്രാമഫോണുണ്ട്. അത് തട്ടിൻപുറത്തു നിന്നെടുത്ത് തൊടച്ച് വൃത്തിയാക്കി.

ഇനി അവർ പറയണമെന്നില്ല. എനിക്കെല്ലാം മനസ്സിലാവുന്നു. വയസ്സൻ തട്ടിൻ പുറത്തു നിന്ന് ഗ്രാമഫോൺ എടുത്ത് താഴെകൊണ്ടു വരുന്നു. ഒരു നനഞ്ഞ ശീലയെടുത്ത് തുടയ്ക്കുന്നു. ഗ്രാമഫോണിന്റെ കറുത്ത റെക്‌സിൻ കവർ തെളിഞ്ഞു വരുന്നു. കുറച്ചു നേരത്തേക്കു മാത്രം പിന്നെ കാറ്റിൽ ഈർപ്പം പോകുമ്പോൾ നരച്ചനിറം വീണ്ടും വരുന്നു. കോറലുകൾ തെളിഞ്ഞു വരുന്നു. സ്വന്തം ആത്മാവിനു സംഭവിച്ചതു പോലെ. മൂടിയുടെ വിജാഗിരികൾ തുരുമ്പു പിടിച്ച് തുറക്കാൻ വിഷമമാവുന്നു.

അതെല്ലാം തുരുമ്പു പിടിച്ച് നാശായിരിക്കുന്നു. പത്തുമുപ്പതുകൊല്ലായില്ലെ. ആ സ്ത്രീ പറയുകയാണ്. സ്പ്രിംഗൊക്കെ പൊട്ടി....

അമ്മേ പറയാതിരിക്കൂ. പറയാതെ തന്നെ എനിയ്ക്കു മനസ്സിലാവുന്നുണ്ട്. വയസ്സൻ വട്ടത്തിലുള്ള പ്ലാറ്റർ തിരിച്ചു നോക്കുന്നു. പിന്നെ വൈൻഡ് ചെയ്യാനുള്ള ലിവർ എടുത്ത് പുറത്തെ ദ്വാരത്തിൽ തിരുകുന്നു. വൈന്റ് ചെയ്യുന്നു. മുറുകുന്നില്ല. അകത്തു നിന്നു തുരുമ്പുപിടിച്ചു പൊട്ടിയ സ്പ്രിംഗിന്റെ ശബ്ദം മാത്രം.

അയാൾ സ്തബ്ധനായി ഇരിക്കുന്നു.

തുരുമ്പുപിടിച്ച സൂചികൾ ഒരു പ്ലാസ്റ്റിക് ഡപ്പിയിൽ കട്ട പിടിച്ചു കിടക്കുന്നു. ഗ്രാമഫോണിന്റെ വാസനമാത്രം മാറിയിട്ടില്ല. തേക്കിന്റെയും റെക്‌സിന്റെയും എണ്ണയുടെയും കൂടികലർന്ന വാസന, മൂക്കുവിടർത്തി ആ വാസന ശ്വസിച്ചുകൊണ്ട് ആ മനുഷ്യൻ ഇരിക്കുന്നു. വിശ്വാസമാവാത്ത പോലെ.

ആ സ്ത്രീ സംസാരിക്കുകയായിരുന്നു. ഞാൻ ശ്രദ്ധിക്കുന്നില്ല. സ്വാമി ഗ്രാമഫോൺ പെട്ടിയുമായി ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്, അതൊന്ന് റിപ്പേയർ ചെയ്തുകിട്ടാൻ. അവസാനം നിരാശനായി....

ആ അലച്ചിലില് വന്ന് പറ്റീതാണ് ഈ അസുഖം. അവർ പറഞ്ഞു.

ആ ഗ്രാമഫോൺ ബോംബെയിൽ അയച്ചാൽ ഒരു പക്ഷേ നന്നാക്കികിട്ടും. നാരായണ സ്വാമി പറഞ്ഞു. നിങ്ങൾ എടുത്തു കൊള്ളൂ. അതു പോലെ എന്റെ കയ്യിലുള്ള പത്തമ്പതു പ്ലെയ്റ്റുകളും എനിക്കിനി ആവശ്യമുണ്ടാവില്ല. എപ്പോഴെങ്കിലും സൗകര്യമുള്ളപ്പോൾ വന്ന് എടുത്തു കൊണ്ടു പോയാൽ മതി.

ഞാൻ ഒന്നും പറയാതെ നിൽക്കുന്നതു കണ്ടപ്പോൾ അയാൾ ചോദിച്ചു.

എന്താ കൊണ്ടു പോവില്ലെ?

ഞാൻ വരാം.

എനിയ്ക്കു ശരിക്കു പറഞ്ഞാൽ ആ റെക്കോർഡുകൾകൊണ്ട് യാതൊരുപകാരവും ഉണ്ടാവില്ല. അതുപോലെ ആ ഗ്രാമഫോൺ ശരിയാക്കാനും പറ്റില്ല. ആരും ആ മാതിരി ഗ്രാമഫോൺ ഇപ്പോൾ ഉപയോഗിക്കുന്നില്ല. പക്ഷേ എനിക്കതു കൊണ്ട് ആവശ്യമുണ്ടോ എന്നതല്ല പ്രധാനം.

നിങ്ങൾ വന്നതു നന്നായി, സ്വാമി പറഞ്ഞു. എനിക്കിനി അങ്ങോട്ടൊക്കെ എന്നാണ് വരാൻ പറ്റുകയെന്നറിയില്ല. ഇനി വരാൻ പറ്റുമോ എന്നു കണ്ടറിയണം. എന്റെ ആരോഗ്യം ഒക്കെ നശിച്ചു.

എന്നോട് കട്ടിലിൽ വന്നിരിക്കാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ കിടക്കയിൽ ഇരിക്കാതെ സ്റ്റൂൾ കുറച്ചു കൂടി കട്ടിലിന്നടുത്തേക്ക് നീക്കിയിട്ട് ഇരുന്നു.

എനിക്ക് നിങ്ങളുടെ കാസറ്റുകട വളരെ ഇഷ്ടമാണ്. അയാൾ പറഞ്ഞു. എനിക്ക് ഒരു കാലത്ത് നഷ്ടപ്പെട്ട പലതും അവിടെണ്ട്. സംഗീതം. പിന്നെ...

വയസ്സന് തുടരാൻ കഴിഞ്ഞില്ല. കണ്ണിൽ നിന്ന് വെള്ളം ചാലുകളായി ഒഴുകി.

എനിക്കവിടെ ഇരിക്കാൻ കഴിഞ്ഞില്ല. ഞാൻ എഴുന്നേറ്റു പറഞ്ഞു.

എനിക്കു പോകണം.

സ്വാമി കണ്ണടച്ചു കിടക്കുകയായിരുന്നു. കണ്ണു തുറക്കാതെ തന്നെ അയാൾ ചൂണ്ടാണി വിരൽ ഉയർത്തി പറഞ്ഞു.

ഒരു കടം കൂടി.

ജയകേരളം - 1988