|| Scripts

സംവിധായകനെത്തേടി ഒരു കഥാപാത്രം

ഇ ഹരികുമാര്‍

രവി: (ചായ കൊണ്ടുവരാൻ പോകാതെ കുറച്ചൊരു തമാശയോടെ ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു.) സാറെ ആ പെണ്ണിനെ വേഗം പറഞ്ഞയക്ക്യാണ് നല്ലത്. എന്തു പുലിവാലാണോ ആവോ? എന്താണ് എല്ലാ പണ്ടാരങ്ങളും നമ്മടെ മണ്ടയ്ക്ക് വീഴണത്?

സംവിധായകൻ: (കൈ കൊണ്ട് രവിയെ തടയുന്നു.) എന്തിനാ കുട്ടി അച്ഛന്റീം അമ്മടീം അട്ത്ത്ന്ന് ഓടിപ്പോണത്?

പെൺകുട്ടി: അവരെന്നെ ഒരു സീരിയൽകാർക്ക് പിടിച്ചു കൊടുക്കാൻ പോവ്വായിരുന്നു. (ഇടയ്ക്കിടക്ക് ഭയത്തോടെ വാതിലിനു നേരെ നോക്കുന്നു.) രണ്ടു മാസംകൊണ്ടു മതിയായി. ഇനി അനുഭവിയ്ക്കാത്ത കഷ്ടപ്പാട്കളില്ല. ഇനി വയ്യ.

സംവിധായകൻ: (ബാലനോടു പ്രത്യേകിച്ചും, മറ്റെല്ലാവരോടും പൊതുവായും.) നോക്കു നമുക്കൊരു പുതിയ കഥാപാത്രത്തെ കിട്ടീരിയ്ക്ക്യാണ്. സിക്‌സ് ക്യാരക്‌ടേഴ്‌സ് എന്നതിനു പകരം സെവൻ ക്യാരക്‌ടേഴ്‌സ് ഇൻ സേർച്ചോഫാൻ ആതർ എന്നാക്കാം.

പെൺകുട്ടി: അയ്യോ, അഭിനയിക്കാനൊന്നും ഞാനില്ല. അതീന്നൊക്കെ ഓടിപ്പോന്നതാണ് ഞാൻ. വറവുചട്ടീന്ന് നേരിട്ട് അടുപ്പിലേയ്ക്കായ പോലെണ്ടല്ലൊ ഇത്.

സംവിധായകൻ: കുട്ടീ, ആരു പറഞ്ഞു നീ അഭിനയിക്കണംന്ന്. നിന്റെ, കഥ മാത്രേ എനിയ്ക്കു വേണ്ടു. അഭിനയിയ്ക്കാൻ ഇവിടെ നടികളുണ്ട്.

(പുറമെ നിന്ന് ശബ്ദങ്ങൾ വരുന്നു. സ്ത്രീശബ്ദം:'എവിടെ?' പുരുഷ ശബ്ദം:'ഇതാ ഇങ്ങട്ടാ കയറീത്ന്നാ പറഞ്ഞത്, നമുക്കൊന്ന് പോയി നോക്കാം.')

പെൺകുട്ടി: (ഭയന്ന്, ധൃതിയിൽ) സർ എന്നെ എവിടേങ്കിലും ഒളിപ്പിയ്ക്കണം. അതെന്റെ അച്ഛന്റെ ശബ്ദാണ്.

സംവിധായകൻ: ഞാൻ നിന്നെ ഒളിപ്പിയ്ക്കാം, ഒരു നിബന്ധനേല്.

പെൺകുട്ടി: എന്താണത് സർ?

സംവിധായകൻ: നീ നിന്റെ കഥ പറയണം. എന്റെ പുതിയ നാടകത്തിൽ അതു ചേർക്കാനാണ്.

പെൺകുട്ടി: (പുറത്തേയ്ക്കു നോക്കിക്കൊണ്ട് ഭയത്തോടെ) സമ്മതിച്ചു സർ. ഞാനെവിട്യാണ് ഒളിയ്ക്കണ്ടത്?

സംവിധായകൻ: രവി, ഇവളെ പിന്നിലുള്ള മുറീല് കൊണ്ടുപോയടയ്ക്കു.

പെൺകുട്ടി: (ഞെട്ടിക്കൊണ്ട്) എന്നെ തുറന്നു വിടില്ലേ സർ?

സംവിധായകൻ: എനിയ്ക്ക് നിന്നെപ്പോലത്തെ ഒരു പൊല്ലാപ്പ് വേണ്ട. ഞാൻ തുറന്നു വിടാം. പോണേന്റെ മുമ്പെ നീ നിന്റെ കഥ പറയണം പക്ഷെ.

പെൺകുട്ടി: തീർച്ചയായിട്ടും സർ.

(അവൾ രവിയുടെ പിന്നിലായി ധൃതിയിൽ പോകുന്നു. അവർ വാതിൽ കടന്നതും എതിർ ദിശയിൽനിന്ന് ഒരു മദ്ധ്യവയസ്‌കനും സ്ത്രീയും ഓടിവരുന്നു.)

മദ്ധ്യവയസ്‌കൻ: (മുമ്പിൽ കാണുന്ന സീൻ, അതായത് സ്റ്റേജിൽ നിറയെ ആളുകൾ) എന്താണിവിടെ നടക്കണത് സർ?

സംവിധായകൻ: ഇവിടെ ഒരു നാടകത്തിന്റെ റിഹേഴ്‌സൽ നടക്ക്വാണ്. (ഒന്നു നിർത്തിയ ശേഷം) അല്ലെങ്കിൽ നടത്താൻ ശ്രമിക്ക്യാണ്. എന്താ നിങ്ങക്ക് വേണ്ടത്?

(രവി ആ പെൺകുട്ടിയെ മുറിയിലാക്കി തിരിച്ചുവരുന്നു.)

മദ്ധ്യവയസ്‌കൻ: റിഹേഴ്‌സലാണെങ്കിൽ എന്റെ മോള് ഇവിടെ വരാൻ വഴീല്ല്യ. റിഹേഴ്‌സലുകൾ ഒക്കെ പേടിച്ചിട്ടാണ് അവള് ഓടിപ്പോയത് തന്നെ. ഒരു മിനിറ്റ് സർ ഒരു പതിനെട്ട്....., അല്ല ഇരുപതു ഇരുപത്രണ്ട് വയസ്സായ പെൺകുട്ടി ഇവിട്യെങ്ങാനും കേറിവന്നിട്ടുണ്ടോ?

സംവിധായകൻ: എന്തു പറ്റീ. എന്താ നിങ്ങള് രണ്ടാളും ഇങ്ങനെ പരിഭ്രമിച്ചിരിയ്ക്കണത്?

മദ്ധ്യവയസ്‌കൻ: അവളിവിടെ വന്നിട്ടില്ലെങ്കിൽ പിന്നെ അതൊക്കെ പറയേണ്ട കാര്യംല്ല്യല്ലൊ.

സംവിധായകൻ: അങ്ങിന്യല്ല. അവളെങ്ങാൻ ഈ വഴിയ്ക്ക് വര്വാണെങ്കിൽ സംഗതിടെ ഗൗരവനുസരിച്ച് പെരുമാറാലോ. നിങ്ങളെ അറിയിക്കാം........നിങ്ങള് ഫോൺ നമ്പർ തര്വാണെങ്കിൽ.

മദ്ധ്യവയസ്‌കൻ (അതിൽ വീഴുന്നു.) അവള് ഒരു സീരിയലിന്റെ എടേന്ന് ഓടിപ്പോയിരിയ്ക്ക്യാണ്. നിർമ്മാതാവ് മുപ്പതിനായിരം അഡ്വാൻസ് തന്നിട്ട്ണ്ട്. ഒരു ലക്ഷം തരാന്നാ പറഞ്ഞിട്ട്ള്ളത്. അവള് തിരിച്ച് ചെന്നില്ലെങ്കില് ഞങ്ങക്ക് ഈ മുപ്പതും തിരിച്ചു കൊടുക്കേണ്ടി വരും. ഇതൊക്കെ കണ്ടോണ്ടാണ് ഞങ്ങള് പുതിയ കാറ് ബുക്ക് ചെയ്തത്. അതിന് പതിനായിരം അഡ്വാൻസ് കൊടുക്കണം, ബാക്കി.......

സംവിധായകൻ: അതൊക്കെ പോട്ടെ, എന്താണ് സീരിയലിന്റെ പേര്.

അച്ഛൻ: പേരൊ? (ഉരുണ്ടുകളിക്കയാണ്.) പേര്......

സംവിധായകൻ: അതെ പേര്. സീരിയലിന് ഒരു പേരുണ്ടാവൂലോ. അതുപോലെത്തന്നെ അത് ഏതു ചാനലിലാണ് കാണിക്കണത്? ഇപ്പൊഴൊക്കെ ഒരോ ആഴ്ചയിലേയ്ക്കുള്ള എപിസോഡ് ആ ആഴ്ച്യാന്നാണല്ലോ ഷൂട്ട് ചെയ്യണത്.

അച്ഛൻ: അത്.......അങ്ങിന്യൊന്നും അല്ലാ.......... (വാക്കുകൾക്ക് വേണ്ടി തപ്പുകയാണ്. അപ്പോഴാണ് അതുവരെ അക്ഷമയായി നിന്നിരുന്ന അമ്മ ഇടപെടുന്നത്.)

അമ്മ: മാഷെ, വല്യ വർത്താനൊന്നും പറേണ്ട. അവളിവിടെ ഇല്ല, നിങ്ങക്കൊട്ട് അറിയും ഇല്ല. പിന്നെ ഞങ്ങളെന്തിനാണ് സംസാരിച്ച് നിക്കണത്? അവള് സീരിയലിലും ഒരു മണ്ണാങ്കട്ടയിലും അല്ല അഭിനയിക്കണത്. ഏതെങ്കിലും സീരിയല്കാര് ഒരു പുതുമുഖത്തിന് ഒരു ലക്ഷം രൂപ കൊടുക്ക്വോ? നിങ്ങള് ഇത്ര മണ്ടനാവുംന്ന് കര്തീല്ല. അവള് അഭിനയിക്കാൻ പോണത് വേറെ തരം ഫിലിമിലാണ് മാഷെ.

(സംവിധായകൻ ഞെട്ടുന്നു. അഭിനേതാക്കളും ഞെട്ടി ഒരദ്ഭുത ശബ്ദമുണ്ടാക്കുന്നു. അത് ആ പെൺകുട്ടി അങ്ങിനത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല അവളുടെ അമ്മ അതെല്ലാം ഇങ്ങിനെ കൊട്ടിഘോഷിക്കുന്നു എന്നതുകൊണ്ടു കൂടിയാണ്.)

സംവിധായകൻ: (തളർന്ന്) ശരി.

അവർ പോകുന്നു. പെട്ടെന്ന് അച്ഛൻ തിരിച്ചുവന്ന് ഒരു കാർഡ് കൊടുക്കുന്നു.

അച്ഛൻ: എന്റെ ഫോൺ നമ്പർ ഇതിലുണ്ട്. എന്തെങ്കിലും വിവരം കിട്ട്വാണെങ്കിൽ അറിയിക്കണം. (ധൃതിയിൽ പോകുന്നു.)

സംവിധായകൻ: അമ്മ!

(തളർന്ന് തലയിൽ കയ്യുംവച്ച് ഇരിയ്ക്കുന്നു. രവി പോയി പെൺകുട്ടിയുമായി പ്രവേശിയ്ക്കുന്നു. സംവിധായകൻ തലയുയർത്തി അവളെ സഹതാപത്തോടെ നോക്കുന്നു.)

സംവിധായകൻ: എന്താ കുട്ടീടെ പേര്?

പെൺകുട്ടി: രജിത. എല്ലാരും വിളിക്ക്യാ രജൂന്നാ.

സംവിധായകൻ: നോക്കു രജിത, അവര് നിന്റെ അച്ഛനും അമ്മയും തന്ന്യാണോ? അവര് പറഞ്ഞതൊക്കെ ശര്യാണോ?

രജിത: അവര് എന്റെ അച്ചനമ്മമാര് തന്ന്യാണ്. പിന്നെ അവര് സത്യാണ് പറഞ്ഞതെങ്കിൽ അതൊക്കെ ശര്യാണ്. നിങ്ങടെ മുഖത്ത്‌നിന്നത് മനസ്സിലാവ്‌ണ്‌ണ്ട്, അവര് സത്യം പറഞ്ഞൂന്ന്.

സംവിധായകൻ: ശരിയാണ്. (രവിയോട്) രവീ നീ വേഗം പോയി ചായ കൊണ്ടുവരു. ഈ കുട്ടിയ്ക്കുംകൂടി എടുത്തോളു.

രജിത: എന്തെങ്കിലും തിന്നാനും വേണം സർ, വെശക്കുന്നുണ്ട്.

(സംവിധായകൻ രവിയോട് ആംഗ്യം കാണിയ്ക്കുന്നു. രവി മനസ്സില്ലാമനസ്സോടെ പോകുന്നു.)

സംവിധായകൻ: രജിത ഇനി പറയൂ എന്താണ് ശരിയ്ക്ക് സംഭവിച്ചതെന്ന്. (പെട്ടെന്ന് എന്തോ ആലോചിച്ചുകൊണ്ട്)

സംവിധായകൻ: (ഒരു മിനുറ്റ് രജിത. തിരിഞ്ഞ് പിന്നിൽ രജിതയെ നോക്കി കസേലയിലിരിക്കുന്ന കുട്ടികളെ വിളിക്കുന്നു. മക്കളിവിടെ വരൂ.)

(കുട്ടികൾ എഴുന്നേറ്റ് സംവിധായകന്റെ അടുത്തു വരുന്നു.)

സംവിധായകൻ: (രണ്ടു പേരുടെയും തോളിൽ കൈയ്യിട്ടു കൊണ്ട് പറയുന്നു) മക്കളിപ്പോൾ പൊയ്‌ക്കോളു. ഇന്നിവിടെ കാര്യായിട്ട്ള്ള റിഹേഴ്‌സലൊന്നും നടക്കില്ല. പിന്നെ, നിങ്ങള് വരണത് മൂന്നാമത്തെ രംഗത്തിലേള്ളു. ഇനി എന്നാ റിഹേഴ്‌സ്‌ല്ന്ന് ഞാൻ വിളിച്ചു പറയാം.

കുട്ടികൾ: (തലയാട്ടുന്നു.) ശരി അങ്കിൾ. (പോകാൻ തിരിയുന്നു.)

സംവിധായകൻ: ഒറ്റയ്ക്ക് പോകാമോ?

ആൺകുട്ടി: ഞാൻ രെശ്മിയെ വീട്ടില് കൊണ്ടാക്കീട്ടേ പോവു, അങ്കിൾ.

സംവിധായകൻ: ശരി.

കുട്ടികൾ: (കേശവന്റെയും ഭാര്യയുടെയും അടുത്തു ചെന്ന് വിട പറഞ്ഞ് പോകുന്നു.)

സംവിധായകൻ: ഇനി പറയു, രജിത, എന്താണുണ്ടായത്?

രജിത: ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ തുടങ്ങിയ ഓട്ടാണ് സർ.

സംവിധായകൻ: എവിടുന്ന്?

രജിത: അവര്‌ടെ അട്ത്ത്ന്ന് രക്ഷപ്പെടാൻ. ഞാനെവിട്യാണ്‌ന്നോ ആര്‌ടെ ഒക്കെ ഒപ്പാണ്‌ന്നോ മനസ്സിലായിര്ന്നില്ല. പകലൊക്കെ അവര് ഫോട്ടോ എട്ത്തു, സിനിമണ്ടാക്കി.

സംവിധായകൻ: എന്തു സിനിമ?.............. അല്ലെങ്കിൽ എന്റെ ചോദ്യത്തിനെന്തർത്ഥം അല്ലെ?

രജിത: (സംവിധായകന്റെ ചോദ്യം കേട്ടുവെന്നു തോന്നുന്നില്ല) അവർ പറയണത് ചെയ്തില്ലെങ്കിൽ അവരുടെ ഗുണ്ടകള്‌ടെ തല്ലു കൊള്ളണം. കൊല്ലുംന്ന് ഭീഷണിപ്പെട്ത്തും. ഒരാഴ്‌ച്യോളം ഒരു സ്ഥലത്ത് താമസിയ്ക്കും. അതു കഴിഞ്ഞാൽ അവര് എന്നേം കൊണ്ട് വേറൊരു സ്ഥലത്ത് പോവും. യാത്രയൊക്കെ രാത്രീലായതോണ്ട് എങ്ങോട്ടാണ് പോണത്ന്ന് മനസ്സിലായിര്ന്നില്ല. അവിടെ എത്ത്യാല് വീണ്ടും തൊടങ്ങും. വെവ്വേറെ ആളുകളായിരിയ്ക്കുംന്ന് മാത്രം. ഓരോര്ത്തരും എന്നെ മറിച്ച് വിൽക്ക്വേ വാടകയ്ക്ക് കൊടുക്ക്വേ ആയിരുന്നൂന്ന് തോന്നുന്നു.

സംവിധായകൻ: അതെങ്ങിനെ മനസ്സിലായി?

രജിത: അവര്‌ടെ സംസാരം കേട്ടപ്പൊ അങ്ങിന്യാണ് തോന്നീത്. രാത്രി എന്നെ കേടുവര്ത്തിയിരുന്നോരൊക്കെ വല്യേ കാറുകളിലാണ് വന്നിരുന്നത്. അവരോടും സംസാരിയ്ക്കണതീന്ന് വെലക്കീരുന്നു. സംസാരിച്ചാ കൊന്ന് കുഴിച്ചുമൂടുംന്ന് പറയും.

സംവിധായകൻ: കഷ്ടം!

(രവി ചായയും പെൺകുട്ടിയ്ക്ക് കഴിയ്ക്കാൻ പലഹാരവുമായി വരുന്നു.)

സംവിധായകൻ: രജിത ഭക്ഷണം കഴിയ്ക്കു.

(രവി ഓരോരുത്തർക്കും ചായയും, പെൺകുട്ടിയ്ക്ക് ചായയോടൊപ്പം പലഹാരവും കൊടുക്കുന്നു. എന്താണ് സംഭവിച്ചത് എന്നറിയാൻ അവന് ആഗ്രഹമുണ്ട്. അവൻ ബാലനുമായി കുശുകുശുക്കുന്നു. (ബാലൻ രവിയ്ക്ക് എന്താണുണ്ടായതെന്ന് പറഞ്ഞു കൊടുക്കുന്നത് നേരിയ ശബ്ദത്തിൽ മൈക്കിൽക്കൂടി കേൾക്കണം. പറയുന്നത് പെൺകുട്ടിയുടെ കാര്യമാണെന്നല്ലാതെ ഒന്നും വ്യക്തമാവണമെന്നില്ല. രവി പെൺകുട്ടിയെ സഹതാപത്തോടെ നോക്കുന്നു.)

സംവിധായകൻ: അപ്പോൾ അതാണ് രജിതടെ കഥ അല്ലെ? രണ്ടു ചോദ്യങ്ങൾകൂടി. കുട്ടി എങ്ങിനെ ഈ വലയിൽ വീണു? എങ്ങിനെ അതിൽനിന്ന് രക്ഷപ്പെട്ടു?

(പെൺകുട്ടി ഒരു കസേലയിലിരുന്ന് ചായ കുടിയ്ക്കുന്നു. വിശന്നിരിയ്ക്കയാണെങ്കിലും ആർത്തി പുറത്തു കാണിക്കാതിരിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട്.)

നായകനായി വന്ന ആളും നായികയും ഒരേ സമയത്ത് പറയുന്നു: സാറെ ഇങ്ങിന്യാണെങ്കിൽ റിഹേഴ്‌സൽ നടക്കുംന്ന് തോന്ന്ണ്‌ല്യ. ഞങ്ങള് പോട്ടെ. ഞങ്ങക്ക് വേറൊരു സ്ഥലത്ത് റിഹേഴ്‌സല്ണ്ട്.

സംവിധായകൻ (എഴുന്നേറ്റുകൊണ്ട്): നിൽക്കു. നമുക്ക് പിരന്തലോവിന്റെ നാടകംതന്നെ മാറ്റി കുറച്ചുകൂടി സമകാലിക പ്രശ്‌നങ്ങളുള്ള ഒരു നാടകം അരങ്ങേറാം.

നായകൻ: ഇനി അതിന് വേറെ സ്‌ക്രിപ്റ്റും മറ്റും എഴുതിണ്ടാക്കണ്ടെ?

സംവിധായകൻ: സ്‌ക്രിപ്റ്റിന്റെ കാര്യം ഞാനും ബാലനും കൂടി പെട്ടെന്നു ചെയ്യാം. ഒരു രംഗമെങ്കിലും ഇന്നു തീർക്കണം. കുറച്ചു ക്ഷമിയ്ക്കു.

(നായകനും നായികയും ഒന്നും പറയുന്നില്ലെങ്കിലും അവരുടെ മുഖത്ത് അതൃപ്തി പ്രകടമായി കാണുന്നുണ്ട്. അവർ തമ്മിൽ ഏന്തോ കുശുകുശുക്കുന്നുണ്ട്)

ഈ തിരക്കഥയെക്കുറിച്ച്


കഥാകൃത്ത്, നോവലിസ്റ്റ് എന്നീരീതികളില്‍ പ്രശസ്തനായ ഇ ഹരികുമാറിന്റെ ഏക നാടകമാണിത്. ആധുനിക നാടകശൈലിയില്‍ രംഗാവതരണം മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഹരികുമാര്‍ ഈ നാടകം എഴുതിയിരിയ്ക്കുന്നത്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com