|| Scripts

സംവിധായകനെത്തേടി ഒരു കഥാപാത്രം

ഇ ഹരികുമാര്‍

(സ്റ്റേജിന്റെ വാതിൽ കടന്ന് രണ്ടുപേർ ഒരു ശവപ്പെട്ടി താങ്ങിക്കൊണ്ടുവരുന്നു. അത് സ്റ്റേജിന്റെ നടുവിൽ കൊണ്ടുവന്ന് വെച്ച് അതിലൊരാൾ പോക്കറ്റിൽ നിന്ന് ഒരു ബിൽ എടുത്ത് ആർക്കാണ് കൊടുക്കേണ്ടതെന്നറിയാതെ ചുറ്റും നോക്കുന്നു. സംവിധായകൻ കസേലയിൽനിന്ന് അദ്ഭുതപ്പെട്ട് എഴുന്നേൽക്കുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് നടന്നതെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് വായിക്കാം. അഭിനേതാക്കളിൽ ഈ കാഴ്ച പലതരം പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇരിക്കുകയായിരുന്ന രണ്ട് കുട്ടികൾ മുന്നോട്ടുവന്ന് അതെന്താണെന്ന് നോക്കുകയാണ്. നായികയാകട്ടെ അറപ്പും ചെടിപ്പും പ്രകടിപ്പിച്ചുകൊണ്ട് ഭയത്തോടെ (കുറച്ചെല്ലാം അവളുടെ അഭിനയമാണ്) നായകനോട് ചേർന്നുനിൽക്കുന്നു. കിട്ടിയ അവസരം പാഴാക്കാതെ നായകൻ നായികയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിക്കുന്നു. വയസ്സായവർ ഇതെന്തു സാധനമാണെന്ന മട്ടിൽ സംവിധായകനെ നോക്കുന്നു.)

സംവിധായകൻ: ഇതെന്താണ്?

ബില്ലുകാരൻ: ഇതൊരു ശവാണ് സർ. ഇവിടെ ഏല്പിക്കാൻ പറഞ്ഞു. ഇതാ ബില്ല്.

എല്ലാവരും ഒന്നിച്ച്: ശവമോ?

(ചെറിയ പെൺകുട്ടി ഞെട്ടി പിൻമാറുന്നു. മറ്റുള്ളവരുടെ ഭാവത്തിൽ മാറ്റമൊന്നുമില്ല.)

ബില്ലുകാരൻ: അതെ സർ, ശരിക്ക്ള്ള ശവാ. ഇതിവിടെ തരാൻ പറഞ്ഞു.

സംവിധായകൻ: ആരാണിതിവിടെ കൊണ്ടെത്തരാൻ പറഞ്ഞത്? ഞാൻ ആവശ്യപ്പെട്ടിട്ടൊന്നുമില്ലല്ലൊ. വേഗം എടുത്തുകൊണ്ടുപോ മാഷെ. മാരണം! വല്ല പോലീസുകാരും വന്ന് കേസാക്കണതിന്റെ മുമ്പെ എടുത്തുകൊണ്ടുപോകു.

ബില്ലുകാരൻ: കുഴപ്പമൊന്നുമില്ല സർ. ഇത് ബില്ലുള്ളതാണ്.

സംവിധായകൻ: വേഗം എടുത്തുകൊണ്ടുപോണം മാഷെ. ഞാൻ ഓർഡർ ചെയ്യാത്തതാണിത്.

(ബില്ലുകാരന്റെ മൊബൈൽ ഫോൺ അടിക്കുന്നു. അയാൾ പോക്കറ്റിൽ നിന്ന് അതെടുത്ത് നമ്പർ നോക്കിയശേഷം ചെവിയിൽ വയ്ക്കുന്നു.)

ബില്ലുകാരൻ: അതെ സർ...... ഇവിടെ കൊടുത്തപ്പോൾ ഇവര് ഓർഡർ ചെയ്തിട്ടില്ലാന്നാ പറയണത്. എവിടെ സർ?...... ഒരു മിനിറ്റ്..... (തിരിഞ്ഞ് സംവിധായകനോട്) ഈ ഹാളിന്റെ പേരെന്താണ് സർ?

സംവിധായകൻ: സെന്റിനറി ഹാൾ.

ബില്ലുകാരൻ: (സംവിധായകനോട്) സോറി സർ. ഇത് ഡ്രമാറ്റിക് ഹാളിലേയ്ക്കുള്ളതാണ്. അവിടെ ഇന്ന് നാടകംണ്ട്. (തിരിഞ്ഞ് ഫോണിൽ) ഇപ്പൊ എത്തിയ്ക്കാം സർ....... പത്ത് മിനിറ്റോ? നോക്കട്ടെ. ട്രാഫിക് ഇല്ലെങ്കിൽ അത്രേം സമയം വേണ്ട. (തിരിഞ്ഞ് സംവിധായകനോട്) അവിടെ നാടകം തൊടങ്ങാൻ പതിനഞ്ച് മിനുറ്റേള്ളു. സോറിട്ടോ. സാറൊന്നും വിചാരിക്കര്ത്. പോക്കറ്റിൽനിന്ന് ഒരു കാർഡെടുത്തു കൊടുക്കുന്നു. സാറിന്റെ നാടകത്തിൽ ശവത്തിന്റെ ആവശ്യംണ്ടെങ്കിൽ എന്നെ വിളിച്ചാ മതി. ഞങ്ങടെ റേറ്റ് കൊറവാ സർ. വാടകയ്ക്കും കിട്ടും. (കൂട്ടുകാരനോട്) പിടിക്ക്.

(അവർ രണ്ടുപേരുംകൂടി ശവപ്പെട്ടി എടുത്തുകൊണ്ടുപോകുന്നു. എല്ലാവരും ആശ്വാസത്തോടെ അവരവരുടെ സ്ഥാനത്തേയ്ക്കു നീങ്ങുന്നു.)

സംവിധായകൻ: ഓരോരോ മാരണങ്ങള്! ഈ ഉത്തരാധുനിക നാടകകൃത്തുക്കള് ചെയ്യണ ഓരോ കാര്യങ്ങളേയ്. ഒരു ശവം സ്റ്റേജിലില്ലാതെ അവർക്കൊരു നാടകം അവതരിപ്പിയ്ക്കാൻ കഴിയില്ല. ഞാനൊരു പഴഞ്ചൻ! ആദ്യൊക്കെ ജീവനുള്ളവരാണ് ശവമായി അഭിനയിച്ചിര്ന്നത്. ഇപ്പോൾ അതിനെക്കാൾ ചീപ്പായി ശരിക്കുള്ള ശവംതന്നെ കിട്ടാന്ണ്ട്.

സംവിധായകൻ: (എല്ലാവരേയും നോക്കി, സ്റ്റേജിന്റെ ഒരരുകിലിട്ട മേശമേൽനിന്ന് പുസ്തകമെടുക്കുന്നു. അത് ഉയർത്തിക്കാട്ടി പറയുന്നു) അപ്പോൾ നമുക്ക് തുടങ്ങാം എന്താ?

എല്ലാവരും കൂടി: ശരി സർ.

സംവിധായകൻ: ഞാൻ പറഞ്ഞില്ലെ, പുസ്തകത്തിൽനിന്ന് കുറച്ചു വ്യത്യാസത്തോടെയാണ് ഞാനിതവതരിപ്പിക്കണത്. മറിച്ചാണെങ്കിൽ ഇരട്ടി ആൾക്കാർ വേണ്ടിവരും. നിങ്ങൾ നാടകകൃത്തിനെ അന്വേഷിച്ചു വരുന്ന ആറു കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളെ ഒരു നാടകകൃത്ത് സൃഷ്ടിച്ചതാണ്. പക്ഷേ എന്തോ കാരണംകൊണ്ട് അദ്ദേഹം അവരെ നാടകമാക്കാതെ ഉപേക്ഷിക്ക്യാണ്. ആ കഥാപാത്രങ്ങൾ ഇപ്പോ മറ്റൊരെഴുത്തുകാരനെ അന്വേഷിച്ചു നടക്ക്വാണ്. അത്രയും ഭാവതീവ്രമായ ഒരു ജീവിതകഥയാണ് അവർക്കുള്ളത്. അത് മുഴുവൻ പറയാതെ, എഴുതിക്കാതെ അവർക്ക് മുക്തിയുണ്ടാവില്ല. അവർക്ക് ആ കഥ പറയണം. ആട്ടെ, നിങ്ങൾ ആറു പേരും പ്രവേശിച്ച് സ്റ്റേജിന്റെ പിന്നിൽ നിൽക്കണം. അവ്ട്ന്നാണ് നമ്മുടെ നാടകം ആരംഭിക്കുന്നത്.

(അഭിനേതാക്കൾ സ്റ്റേജിനു പിന്നിലേയ്ക്കു പോകാൻ നിൽക്കുന്നു. പെട്ടെന്ന് ഒരു ബഹളം കണ്ട് അവിടെത്തന്നെ നിൽക്കുന്നു. സ്റ്റേജിലേയ്ക്ക് മുന്നുപേർ ഓടിക്കയറുന്നു. നാൽപത്തഞ്ചും നാൽപതും വയസ്സുള്ള രണ്ടു പുരുഷന്മാരും മുപ്പത്, മുപ്പത്തഞ്ച് വയസ്സുള്ള സ്ത്രീയും.

ഓടിവന്നവർ: എവിടെ?...... എവിടെ ശവം?

സംവിധായകൻ: (അവരെ തടഞ്ഞുകൊണ്ട്) നിൽക്കിൻ, നിൽക്കിൻ, നിങ്ങളെങ്ങോട്ടാണ് കയറി വരണതെന്നറിയ്യോ? ഇവിടെ ശവൊന്നുല്ല്യ.

വന്നവരിൽ മൂത്ത ആൾ: ഇങ്ങട്ടു കൊണ്ടന്നൂന്നാണല്ലൊ പറഞ്ഞത്?

സംവിധായകൻ: ആരു പറഞ്ഞാലും ശരി, ഇവിടെ ശവൊന്നുംല്ല്യ.

രണ്ടാമത്തെ ആൾ: നിങ്ങളെന്താണ് പറേണത്. ഇങ്ങട്ട് കൊണ്ടുവരണത് കണ്ടൂന്നാണല്ലോ ആ പെട്ടിക്കടക്കാരൻ പറഞ്ഞത്. നിങ്ങളതിനെ ഒളിപ്പിച്ചു വച്ചിരിക്കയാണ്.

സംവിധായകൻ: എന്തിന്? വെച്ചു പൂജിക്കാനോ? നിങ്ങൾക്കെന്തിനാണ് ഹേ ആ ശവം. വേറെ ഏതെങ്കിലും ശവം ചുളുവു വിലയ്ക്ക് വാങ്ങിക്കൂടെ?

വന്ന സ്ത്രീ: പറ്റില്ല. അത്തന്നെ വേണം. അത് ഞങ്ങടെ അച്ഛനാണ്.

സംവിധായകൻ: ഓ!

മൂത്ത ആൾ: ഞങ്ങൾ മക്കളാണ്. അഞ്ഞൂറു രൂപയ്ക്കാണ് അത് വിറ്റത്.

സംവിധായകൻ: അത് ശരി!

മൂത്ത ആൾ: അയാള് പറഞ്ഞ് പറ്റിക്ക്യായിരുന്നു. ഇപ്പൊ ശവത്തിനൊക്കെ നല്ല വെലണ്ട്. അയാള് ശവുംകൊണ്ട് പോയ ഒടനെ മറ്റൊരു പാർട്ടി വന്നു ആയിരം തരാംന്ന് പറഞ്ഞു.

സംവിധായകൻ: അതെന്തിനാണ്?

രണ്ടാമത്തെ ആൾ: അതൊരു രാഷ്ട്രീയ പാർട്ടിയാണ് സർ. അവര്‌ടെ അട്ത്ത് പണംണ്ട്. അര മണിക്കൂർമുമ്പ് കവലേല് വെടിവെപ്പ്ണ്ടായില്ലേ, അതിന് ഒരു രക്തസാക്ഷി വേണം. അതാണവർക്കു ധൃതി. അവര് ആയിരല്ല രണ്ടായിരം വേണങ്കി തരും.

സംവിധായകൻ: രാഷ്ട്രീയക്കാരടെ അട്ത്ത് പണംണ്ടാവും. അതുപോലെ പണം പാവം നാടകക്കാര്‌ടെ അട്ത്ത് ഉണ്ടാവ്വോ?

മൂത്ത ആൾ: ങാ, അപ്പൊ സാറിന് അറിയാം അത് നാടകത്തിനാണ് കൊണ്ടുവന്നത്ന്ന്? എവിട്യാണ് സാർ അത് ഒളിപ്പിച്ചു വച്ചിരിക്കണത്? അവര് കാത്തിരിക്കുന്നുണ്ട്. ഞങ്ങള് പെട്ടി ആട്ടോയുംകൊണ്ടാണ് വന്നിരിക്കണത്.

സംവിധായകൻ: ഇവിടെല്ല്യന്ന് പറഞ്ഞില്ലേ? ഉണ്ടെങ്കിൽ നിങ്ങൾക്ക് കാണാലോ?

രണ്ടാമത്തെ ആൾ: പറഞ്ഞ് തര്വാണ് നല്ലത്. അല്ലെങ്കിൽ ചെയ്യേണ്ടതെന്താണ്ന്ന് ഞങ്ങൾക്കറിയാം.

(രവി, സ്റ്റേജ് അസിസ്റ്റന്റ് - അയാൾ സ്റ്റേജിന്റെ ഒരറ്റത്ത് സ്റ്റൂളിൽ ഇരിക്കുകയായിരുന്നു - പെട്ടെന്ന് എഴുന്നേൽക്കുന്നു.)

രവി: മാഷെ, അത് ഇവിട്യൊന്നുംല്യ. ഒരാള് ഇവിടെ കൊണ്ടന്നിരുന്നു. ഞങ്ങട്യല്ല ആവശ്യംന്ന് പറഞ്ഞപ്പൊ അത് കൊണ്ടുപോയി.

മുത്ത ആൾ: എങ്ങട്ടു കൊണ്ടോയി?

രവി: ഡ്രമാറ്റിക് ഹാളിലേയ്ക്കാ തോന്നുണു.

വന്നവർ: അതങ്ങട്ട് പറഞ്ഞാപ്പോരെ. സംവിധായകനെ നോക്കി കഷ്ടം എന്ന ആംഗ്യം കാണിച്ച് ഇറങ്ങിപ്പോകുന്നു. സംവിധായകൻ ക്ഷീണിച്ച് കസേലയിൽ ഇരിക്കുന്നു.

സംവിധായകൻ: എങ്ങോട്ടാണ് കൊണ്ടു പോയത് എന്ന് പറയേണ്ടിയിരുന്നില്ല.

രവി: എന്തേ സാർ? പറയാതെ അവർ പോകുംന്ന് തോന്നീല.

സംവിധായകൻ: ഇപ്പോൾ അവർ പോയി ദിനേശിന്റെ നാടകം അലമ്പാക്കും. പാവം.

കേശവൻ: പറഞ്ഞുകൊടുത്തില്ലെങ്കിൽ അവർ സാറിനെ രക്തസാക്ഷിയാക്കും.

(എല്ലാവരും ചിരിക്കുന്നു.)

സംവിധായകൻ: രവി, എനിക്കൊരു ചായ വേണം. വേറെ ആർക്കൊക്കെയാണ് വേണ്ടത്ന്ന് നോക്കു.

(നായികയും രണ്ടു കുട്ടികളുമൊഴികെ മറ്റെല്ലാവരും കൈ പൊക്കുന്നു. രവി എണ്ണമെടുത്ത് പുറത്തേയ്ക്കു പോകുന്നു. കുട്ടികൾ ഇതിനകം പിന്നിലുള്ള രണ്ടു കസേലകളിൽ ഇരുന്ന് സംസാരിക്കുകയാണ്, ശബ്ദം ഹാളിലെത്തുന്നില്ല.)

സംവിധായകൻ: ഏതു രാശിയ്ക്കാണാവോ ഞാനീ നാടകം തുടങ്ങിയത്? അഭിനേതാക്കൾക്ക് താല്പര്യല്യ, റിഹേഴ്‌സൽ തുടങ്ങിയപ്പോൾ തൊട്ട് തടസ്സങ്ങളാണ്. നമുക്ക് തൂടങ്ങ്വാ? ചായ വഴിയെ വരട്ടെ.

എല്ലാവരും: ശരി സേർ.

സംവിധായകൻ: ബാലൻ എഴുതാൻ തുടങ്ങിക്കൊള്ളു.

ബാലൻ: ശരി സേർ.

സംവിധായകൻ: ആദ്യം മാനേജർ ഒരു കസേലയിലിരുന്ന് ഒരു കത്തു വായിക്കുന്നതാണ് രംഗം. മാനേജർ പറയുന്നു - ഒന്നും കാണാനില്ല. കുറച്ച് വെളിച്ചം.....

സംവിധായകൻ: എഴുതിയോ?

ബാലൻ: (തലയാട്ടുന്നു.)

സംവിധായകൻ: ഇവിടെ നാടകത്തിൽ ഞാൻ തന്നെയാണ് മാനേജരായി അഭിനയിക്കുന്നത്. പിരന്തെല്ലൊ മാനേജർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സംവിധായകൻ തന്നെയാണ്.

(പെട്ടെന്ന് പതിനെട്ടു പത്തൊമ്പതു വയസ്സായ ഒരു പെൺകുട്ടി സ്റ്റേജിന്റെ ഒരു വശത്തുനിന്ന് ഓടിവരുന്നു. സ്റ്റേജിൽ കടന്ന ഉടനെ ഓട്ടം നിർത്തി അരിച്ചരിച്ചുവന്ന് ഏകദേശം നടുവിലായി വന്നു നിൽക്കുന്നു. സൽവാർ കമ്മീസാണ് ഇട്ടിരിയ്ക്കുന്നത്. തലമുടിയെല്ലാം ഉലഞ്ഞിരിയ്ക്കുന്നു. കിതയ്ക്കുന്നുണ്ട്, അതുവരെ ഓടിവരികയായിരുന്നെന്ന് സ്പഷ്ടം.)

സംവിധായകൻ: ഇതാ പുതിയൊരു മാരണം! (അവളോട്) എന്തേ?

പെൺകുട്ടി: ഞാൻ ഓടിവര്വാണ്.

സംവിധായകൻ: എന്താ നടക്കാനറിയില്ലേ?

പെൺകുട്ടി: അവർ പിന്നില്ണ്ട്. എന്നെ പിടിച്ചു കൊണ്ടോവാൻ?

സംവിധായകൻ: അപ്പോൾ കയറിവരേണ്ട സ്ഥലാണോ ഇത്? ഇവിടെ ഒരു റിഹേഴ്‌സൽ നടക്ക്വാണ്, കാണാനില്ലെ?

(റിഹേഴ്‌സൽ എന്നു കേൾക്കുമ്പോൾ ചെറുതായൊന്നു ഞെട്ടുന്നു.)

പെൺകുട്ടി: എന്തു റിഹേഴ്‌സൽ സർ?

സംവിധായകൻ: ഒരു നാടകത്തിന്റെ. ആട്ടെ ആരാണ് പിന്നിൽ, നിന്നെ പിടിച്ചു കൊണ്ടോവാൻ വരണത്?

പെൺകുട്ടി: (പുറത്തേയ്ക്ക് ഭയത്തോടെ നോക്കിക്കൊണ്ട്) എന്റെ അച്ഛനും അമ്മയുമാണ് സർ.

(സംവിധായകൻ ശരിയ്ക്കും അദ്ഭുതപ്പെടുന്നു.)

സംവിധായകൻ: അച്ഛന്റേം അമ്മടേം അടുത്തുനിന്ന് ഓടിരക്ഷപ്പെടുക? ഇതെന്തു ഭ്രാന്താണ്?

ഈ തിരക്കഥയെക്കുറിച്ച്


കഥാകൃത്ത്, നോവലിസ്റ്റ് എന്നീരീതികളില്‍ പ്രശസ്തനായ ഇ ഹരികുമാറിന്റെ ഏക നാടകമാണിത്. ആധുനിക നാടകശൈലിയില്‍ രംഗാവതരണം മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഹരികുമാര്‍ ഈ നാടകം എഴുതിയിരിയ്ക്കുന്നത്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com