|| Scripts

സംവിധായകനെത്തേടി ഒരു കഥാപാത്രം

ഇ ഹരികുമാര്‍

സംവിധായകൻ: (രജിതയോട്) കുട്ടി പറയൂ, എങ്ങിനെയാണ് കുട്ടി ഇതിലൊക്കെ അകപ്പെട്ടത്?

നായിക: സാറിന് വട്ടാണ്. ഇതൊക്കെ എന്നും നടക്കണ കാര്യാണ്. പത്ത് പതിനാറ് വയസ്സ്ള്ള പെൺകുട്ടികളാണ് സാധാരണ ഈ വലേല് വീഴണത്. സ്‌കൂളിലേയ്ക്കും കോളേജിലേയ്ക്കും പോണ വഴീല് കണ്ട പിള്ളാരുമായി ശൃംഗരിയ്ക്കും. അത് പിന്നെ പ്രേമത്തിലവസാനിയ്ക്കും. അവര് വിളിക്കണോടത്തേയ്‌ക്കൊക്കെ ചെല്ലാൻ തയ്യാറാവും ആ പ്രായം കുട്ടികള്.

രജിത: ഞാൻ ആര്യായിട്ടും അടുത്തിട്ടില്ല. പിന്നെ ചെറുപ്പക്കാരൊക്കെ ആ വകുപ്പിലാണെന്നു പറേണതില് വല്യ അർത്ഥൊന്നുംല്യ. ആത്മാവുള്ളവരും ധാരാളംണ്ട്. പെൺകുട്ടികള് അവരവരടെ കാര്യം നോക്കി നടന്നാൽ ഒരു കുഴപ്പവുംണ്ടാവില്ല.

നായിക: അതു ശരിയാണ്. പിന്നെ തനിയ്ക്ക് എന്താ പറ്റിയത്?

സംവിധായകൻ: ജാൻസി, അതാണവൾ പറയാൻ പോണത്. കുറച്ചു ക്ഷമിയ്ക്കു.

രജിത: എന്റെ പ്രശ്‌നം എന്റെ അമ്മയും അച്ഛനും തന്നെയാണ്.

(പൊതുവേ ഒരു ഞെട്ടൽ എല്ലാവരുടെയും മുഖത്ത്, ഒപ്പംതന്നെ ഒരവിശ്വസനീയതയും.)

സംവിധായകൻ: കുട്ടിയുടെ മാതാപിതാക്കളോ?

രജിത: അതെ അവർ തന്നെ. വകയിലുള്ളൊരമ്മായിയ്ക്ക് സീരിയലുകാരായും സിനിമക്കാരായും ബന്ധണ്ട്. ചുരുങ്ങിയത് അവരങ്ങിനെ പറഞ്ഞു നടക്ക്വെങ്കിലും ചെയ്യുന്നുണ്ട്. മകൾക്ക് ഒരു ചാൻസു കൊടുക്കാൻ എന്റെ അമ്മ അവര്‌ടെ പിന്നാല്യായിരുന്നു. എനിയ്ക്കതിന് ഒരു സമ്മതും ഇല്ല്യായിരുന്നു. ഒരു ഗ്രാജുവേറ്റാവണം, കമ്പ്യൂട്ടർ ക്ലാസ്സിൽ ചേരണം, എവിട്യെങ്കിലും ഒരു ജോലിയ്ക്ക് ശ്രമിയ്ക്കണം. ഇതൊക്ക്യായിരുന്നു എന്റെ ആഗ്രഹം. ഒന്നും നടന്നില്ല.... (അവൾ നിശ്ശബ്ദയാവുന്നു.)

സംവിധായകൻ: എന്നിട്ടെന്തുണ്ടായി?

രജിത: ഞാൻ ഓടിപ്പോവാൻ തയ്യാറായി. എങ്ങോട്ടാ പോവ്വാന്നൊന്നും അറിയില്ല. എങ്ങൊട്ടെങ്കിലും പോയേ പറ്റു. കയ്യിൽ പണംല്ല്യ. ആർക്കൊക്ക്യോ പണം കൊടുക്കണം എന്നാലെ എന്റെ കാര്യം ശരിയാവുള്ളുന്ന് പറഞ്ഞ് എന്റെ പണ്ടങ്ങളൊക്കെ അഴിച്ചുവാങ്ങി അമ്മായിയ്ക്ക് കൊടുത്തു. എന്തു വന്നാലും ശരി അവർക്കു പിടികൊടുക്കില്ലെന്നു കരുതി. തല്ക്കാലം എന്റെ സ്‌നേഹിതടെ ഒപ്പം ഹോസ്റ്റലിൽ താമസിയ്ക്കാംന്ന് കരുതി. എല്ലാം ചട്ടംകൂട്ട്വേം ചെയ്തു.... (രജിത വീണ്ടും നിർത്തുന്നു.)

എല്ലാവരും ഒരുമിച്ച്: എന്നിട്ട്?

രജിത: എനിയ്ക്ക് വയ്യ പറയാൻ.........എന്റെ സ്വന്തം അമ്മയും അച്ഛനും എന്നെ പിടിച്ചു കൊടുത്തു. അവരെന്നെ വിറ്റു. (മുഖം പൊത്തി കരയുന്നു.)

സംവിധായകൻ: (എഴുന്നേറ്റ് അടുത്തു ചെല്ലുന്നു. തലയിൽ കൈവച്ച് സാന്ത്വനിപ്പിക്കണമെന്നു കരുതിയെങ്കിലും ഒരു വീണ്ടുവിചാരത്തിൽ അതു വേണ്ടെന്നു വയ്ക്കുന്നു.) കുട്ടി കരയണ്ട.

രജിത: (തേങ്ങലിനൊപ്പം) എന്നിട്ടെന്തായി? രാത്രി എനിയ്ക്കു രക്ഷപ്പെടാൻ കഴീണേന്റെ മുമ്പെ അവര് കാറും ആൾക്കാരും ഒക്ക്യായി വന്നു.

നായിക: എന്നിട്ട്?

രജിത: (പെട്ടെന്ന് മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുന്നു.) എന്നിട്ടോ?...... എന്റെ അമ്മായി മുൻസീറ്റിലുണ്ടായിരുന്നു. അവർ ഒന്നും അറിയാത്തപോലെ ഇരുന്നു. അവരെല്ലാംകൂടി കാറിൽവച്ചുതന്നെ എന്നെ...... (വീണ്ടും വിങ്ങിപ്പൊട്ടുന്നു.)

സംവിധായകൻ: (സാരല്ല്യ. നായികയോട്.) മതി ഇനി ഒന്നും ചോദിക്കണ്ട. എനിയ്ക്ക് ഒരു മുഴുനീളം നാടകമെഴുതാനുള്ള കോപ്പ് ഇതിനകം കിട്ടിക്കഴിഞ്ഞു. ഇനി ഒഴിഞ്ഞ സ്ഥലങ്ങൾ പൂരിപ്പിയ്‌ക്ക്യേ വേണ്ടു. അതിനാണോ പ്രയാസം?

(രജിതയുടെ ഭാവം മാറുന്നു. ഇതുവരെയുള്ള ദയനീയത അവളെ വിട്ടു പിരിഞ്ഞു. അവൾ ദേഷ്യത്തോടെ സംവിധായകനെ നോക്കുന്നു.)

നായിക: നിങ്ങൾക്ക് ഒരു നാടകത്തിനുള്ള കോപ്പ്, അല്ലെ?

(സംവിധായകൻ ഒന്നും മനസ്സിലാവാതെ നായികയെയും രജിതയെയും നോക്കുന്നു.)

നായിക: നിങ്ങൾ ഒരു പുരുഷമേധാവിയാണ്. എ ടിപ്പിക്കൽ മെയിൽ ഷോവിനിസ്റ്റ് മാത്രം. ഇവിടെ ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നത് മുമ്പിൽ കാണ്വാണ്. നിങ്ങൾക്കത് ഒരു നാടകത്തിനുള്ള തീം മാത്രം. ആ പെൺകുട്ടിയെ എങ്ങിനെ രക്ഷിക്കാൻ കഴിയുമെന്നല്ല നിങ്ങൾ നോക്കണത്. എ മെയിൽ ഷോവിനിസ്റ്റ് പിഗ്.

(നായകൻ അവളെ പിടിച്ചു മാറ്റുന്നു. സംവിധായകൻ ഷോക്കിൽനിന്ന് മുഴുവൻ പുറത്തുവന്നിട്ടില്ല.)

നായകൻ: (നായികയോട്) ഈ കുട്ടിയെ എങ്ങിനെ രക്ഷപ്പെടുത്താമെന്നാണ് പറയണത്? അവൾക്കു പിന്നിലുള്ളത് ഒരു വലിയ മാഫിയയാണ്. പോലീസിൽ റിപ്പോർട്ടു ചെയ്യാം. പക്ഷെ സംഭവിയ്ക്കാൻ പോണതെന്താണ്ന്ന് ഞാൻ പറയാം...........

നായിക: എന്താണ്?

നായകൻ: കേട്ടോളൂ. നിങ്ങൾ ഈ പെൺകുട്ടിയേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ചെല്ലണ നിമിഷം തൊട്ട് മാധ്യമങ്ങൾ ആ പെൺകുട്ടിടെ പിന്നാലെയായിരിയ്ക്കും. അവളുടെ ഫോട്ടോ എല്ലാ പത്രങ്ങളിലും ടി.വി. ചാനലുകളിലും അമിതപ്രാധാന്യത്തോടെ വരാൻ തുടങ്ങും. പത്രങ്ങളും ചാനലുകളും ആ പെൺകുട്ടിയുമായി ഇന്റർവ്യൂ നടത്തും. ചതിക്കുഴി അവൾക്കും മനസ്സിലാവില്ല. അവൾ നടന്ന കാര്യങ്ങൾ സത്യസന്ധമായി പറയും. പിന്നീട് ഒന്നോ രണ്ടോ മാസത്തേയ്ക്ക് ചാനലുകാർക്കും പത്രങ്ങൾക്കും ഉത്സവാണ്. വീട്ടിൽ ടി.വി.ക്കു മുമ്പിലിരുന്ന് ഈ കാഴ്ചകൾ കാണണ ആൾക്കാർക്കും. ഈ പാവം പെൺകുട്ടിയ്ക്ക് കിട്ടണ മോശം പരസ്യം എന്തായിരിയ്ക്കും. അതു കഴിയുമ്പോഴേയ്ക്ക് ഇവൾ ഒന്നുകിൽ ആത്മഹത്യ ചെയ്യും, അല്ലെങ്കിൽ പെൺവാണിഭ മാഫിയയുടെ കൈകൊണ്ട് എങ്ങിനെയെങ്കിലും കൊല്ലപ്പെടും. അല്ലെങ്കിൽ പുറത്തു വരാൻ പോണത് വലിയ വലിയ പേരുകളായിരിക്കും. അവർക്കാർക്കെങ്കിലും അതു സ്വീകാര്യാവുംന്ന് തോന്ന്ണ്‌ണ്ടോ? ഇപ്പൊത്തന്നെ മകള് വീട്ടീന്ന് ചാടിപ്പോയീന്ന് പറഞ്ഞ് അവര് പോലീസില് പരാതി കൊട്ത്ത്ട്ട്ണ്ടാവും. ഇപ്പൊ മാഫിയ മാത്രല്ല പോലീസും ഇവൾക്കു വേണ്ടി തെരയ്യ്വായിരിക്കും. രണ്ടായാലും എത്തുന്നത് ഒരു സ്ഥലത്തുതന്നെ.

(സ്റ്റേജ് നിശ്ശബ്ദമാവുന്നു. ഒരു മിനുറ്റു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം നായിക സംസാരിയ്ക്കുന്നു.)

നായിക: സോറി. ഞാനിതൊന്നും ഉദ്ദേശിച്ചില്ല. പക്ഷെ ഇതല്ലാതെ വേറെ എന്താണ് വഴി? ആരെങ്കിലും പരാതി കൊടുത്തില്ലെങ്കിൽ ഇതുതന്നെ വീണ്ടും വീണ്ടും ആവർത്തിയ്ക്കും. കൂടുതൽ പെൺകുട്ടികൾ ഈ വലയിൽ വീഴും, അവരുടെ ജീവിതം നശിക്കും.

നായകൻ: അതൊഴിവാക്കാൻ ഈ പെൺകുട്ടി ഒരു ത്യാഗം ചെയ്യണംന്നാണോ പറയണത്?

നായിക: ഒരു വിധത്തിൽ പറഞ്ഞാൽ അതെ.

നായകൻ: ഇപ്പൊ നിയൊരു ടിപ്പിക്കൽ സ്ത്രീവിമോചനവാദിയാണ്. ഒരു കാര്യം ചെയ്യാം. നമുക്ക് ഈ കഷ്ടപ്പാടുകളെല്ലാം സഹിക്കേണ്ടിവന്ന പെൺകുട്ട്യോട് ചോദിക്കാം, അവളിതിനൊക്കെ തയ്യാറാണോ എന്ന്. (തിരിഞ്ഞ് രജിതയോട്) കുട്ടി ഞാൻ പറഞ്ഞപോലെയൊക്കെ സഹിയ്ക്കാൻ തയ്യാറാണോ. ആണെങ്കിൽ നമുക്ക് ഇപ്പൊത്തന്നെ പോലീസ് സ്റ്റേഷനിൽ പോവാം.

രജിത: (ഉറപ്പിച്ച്) വേണ്ട. എനിക്കീ നശിച്ച നാട്ടിൽനിന്ന് പോണം. വേറെ എവിട്യേങ്കിലും സ്വൈരായി താമസിക്കണം. എന്തെങ്കിലും ജോലിയെട്ക്കണം. കല്യാണം കഴിക്കണം. (പെട്ടെന്ന് ഓർത്തുകൊണ്ട്) എനിക്കതിനു പറ്റ്വോ ഇനി?

നായകൻ: (നായികയോട്) സ്ത്രീവിമോചനക്കാർക്ക് ചെയ്യാൻ പറ്റണ ഒരു കാര്യംണ്ട്. വളരണ തലമുറയെ അറിവുള്ളവരാക്കുക. സമുദായത്തിന്റെ ചളിക്കുണ്ടുകളെപ്പറ്റി ബോധവതികളാക്കുക. അതേ സമയം അവരുടെ അച്ഛനമ്മമാരെയും പഠിപ്പിയ്ക്കുക. അവരുടെ മക്കൾ നടന്നുപോവാനുദ്ദേശിക്കുന്ന വഴികളിലെ അപകടത്തെപ്പറ്റിയെങ്കിലും.

സംവിധായകൻ: ജാൻസി, ബാബു പറയണതില് കാര്യംണ്ട്. അല്ലെങ്കിൽ അതു മാത്രേ കാര്യംള്ളു. ഇതുവരെണ്ടായിട്ട്ള്ള ഏത് പീഡനകേസുകളാണ് തെളിയിച്ചിട്ടുള്ളത്? ആ കുറ്റം ചെയ്ത എത്ര പേർ ജയിലിൽ പോയിട്ട്ണ്ട്? എന്റെ അറിവിൽ ആരുംല്യ. മാത്രല്ല, ഇത്രയൊക്കെ കേസുകളുണ്ടായിട്ടും വീണ്ടും വീണ്ടും പെൺകുട്ടികൾ ഈ വക വലയിൽ പെടുണൂണ്ട്.

നായകൻ: ഇപ്പഴും അതൊക്ക്യന്നല്ലെ നടക്ക്ണത്? അതാ ഞാൻ പറേണത് ബോധവൽകരണം വേണംന്ന്.

ജാൻസി: ശര്യാണ്. ഒരു കാര്യം ഞാൻ പറയാം. പെണ്ണിന്റെ ശത്രു പെണ്ണു തന്ന്യാണ്. അത് അമ്മ്യാവാം സഹോദരിമാരാവാം, ചെറിയമ്മയോ അമ്മായിയോ അമ്മായിയമ്മയോ ആവാം. അതുപോലെ ആൾക്കാർക്ക് പണത്തിന്ള്ള ആർത്തി വല്ലാതെ കൂടീരിക്കുണു. അതാണ് സ്വന്തം മകളെപ്പോലും വിറ്റു കാശാക്കാമെന്ന നില വന്നത്.

സംവിധായകൻ: ഈ കുട്ടിടെ കാര്യത്തില് ബോധവൽക്കരണം ഇല്ലാത്ത പ്രശ്‌നല്ല. ഇവിടെ പ്രശ്‌നം വേറ്യാണ്. ജാൻസി പറഞ്ഞപോലെ ആർത്തി. മുതിർന്നവരുടെ ആർത്തി. മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങളെല്ലാം വാങ്ങി ആർഭാടത്തോടെ ജീവിക്കാൻ വേണ്ടി. അതിനായി സ്വന്തം മകളെ വിൽക്കാൻകൂടി തയ്യാറാവുന്നു. അത്രത്തോളം സ്വാർത്ഥതയായിരിക്കുണു നമ്മുടെ നാട്ടില്.

നായകൻ: അതാണിവിടെ സംഭവിച്ചിരിക്കണത്. ഈ കുട്ടിടെ അച്ഛനും അമ്മയ്ക്കും കാറ് വാങ്ങി ആഡംബര ജീവിതം നയിക്കാനായി സ്വന്തം മകളെ ബലികൊടുക്കുണു.

സംവിധായകൻ: ശരി, ഇനിയെന്തു ചെയ്യണം. ഈ കുട്ടിയെക്കൊണ്ട് എന്തു ചെയ്യാനാണ്. നമുക്ക് നമ്മുടെ റിഹേഴ്‌സൽ തൊടങ്ങേം വേണം. തൊടങ്ങാൻ ഞാൻ തെരഞ്ഞെട്ത്ത ദിവസം ശര്യായില്ല.

രജിത: ഞാൻ എറങ്ങിപ്പൊയ്‌ക്കോളാം. സാറിന്റെ നാടകം അലമ്പാവണ്ട.

സംവിധായകൻ: അതായിരിക്കും നല്ലത്. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതില് വ്യസനംണ്ട്. ഞാൻ കൊറച്ച് പണം തരാം. അതുപോലെ ഇവിടെ വേറെ ആർക്കെങ്കിലും കുട്ടിയെ സഹായിക്കാൻ പറ്റിയാൽ ചെയ്യട്ടെ.

(അതുവരെ ഒന്നും സംസാരിക്കാതെ കാണി മാത്രമായി നിന്നിരുന്ന മുതിർന്ന ആൾ, കേശവൻ, എഴുന്നേറ്റ് കുറച്ചു മുന്നിലേയ്ക്കു വരുന്നു)

കേശവൻ: (എല്ലാവരെയും നോക്കുന്നു, പ്രത്യേകിച്ച് രജിതയെ). ഞാനൊരു കാര്യം പറയട്ടെ? (രജിതയെ നോക്കിക്കൊണ്ട്) കുട്ടിയ്‌ക്കെത്ര വയസ്സായി?

രജിത: ഈ മാർച്ചിൽ പതിനെട്ടു കഴിഞ്ഞു സാർ.

കേശവൻ: (സംവിധായകനോട്) ഈ ചെറു പ്രായത്തിൽ നമ്മളൊരു കുട്ടിയെ ഈ ദുഷ്ട ലോകത്തിന്റെ വായിലേയ്ക്ക് എറിഞ്ഞു കൊടുക്കണോ?

സംവിധായകൻ: അല്ലാതെന്താ ചെയ്യാ കേശവേട്ടാ?

(കേശവന്റെ ഒപ്പം വന്ന സ്ത്രീ അസ്വസ്ഥയാണ്.) അവർ പാതി എഴുന്നേൽക്കാൻ ഭാവിച്ച് കേശവനെ തിരികെ വിളിക്കാനോങ്ങുന്നുണ്ട്.

കേശവൻ: നമുക്കിവളെ എവിടെയെങ്കിലും ഒളിപ്പിക്കാം, ഈ ബഹളമൊന്നടങ്ങണവരെ.

ഒപ്പം വന്ന സ്ത്രീ: കേശവേട്ടാ, വേണ്ടാത്തതിലൊന്നും തലയിടണ്ട കെട്ടോ. ഒരനുഭവം കൊണ്ട്തന്നെ മതിയായില്ലെ?

കേശവൻ: നീയെന്താണ് പറേണത്? എനിക്കവളെ രക്ഷിക്കായിരുന്നു, നീയൊന്ന് മൂളിയിരുന്നുവെങ്കിൽ. ഇപ്പൊ എന്തേണ്ടായത്? നമ്മളവളെ നായ്ക്കൾക്കിട്ടു കൊടുത്തു.

സംവിധായകൻ: എനിക്കൊന്നും മനസ്സിലാവ്ണില്യ.

(ഒപ്പം വന്ന സ്ത്രീ തല താഴ്ത്തി നിൽക്കുകയാണ്)

കേശവൻ: പഴയ കഥയാണ്. ഒരു പെൺകുട്ടി. അവൾ അഭയം തേടി വന്നതായിരുന്നു. ഞങ്ങൾക്കവളെ സ്വീകരിക്കായിരുന്നു. മക്കളില്ലാത്ത ഞങ്ങൾക്കതാവശ്യവുമായിരുന്നു. പക്ഷേ......

നായിക: എന്താണ്ടായത്ന്ന് പറയൂ, കേശവേട്ടാ.

കേശവൻ: (സാവധാനത്തിൽ തുടങ്ങുന്നു, വാക്കുകൾ നിർത്തി നിർത്തി, പിന്നീടതൊരു കൊടുങ്കാറ്റായി മാറുന്നു.) അവൾ ഒരു രാത്രിയാണ് വന്ന് ഞങ്ങളുടെ വാതിൽക്കൽ മുട്ടിയത്. മഴ നനഞ്ഞ്, തണുത്തു വിറച്ചുകൊണ്ട്. ഞങ്ങളുടെ അടുത്തുതന്നെ താമസിക്കണ ഒരു കുട്ടിയായിരുന്നു. പതിനാറോ പതിനേഴോ പ്രായം വരും. ആകെ ഭയന്ന് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടവൾ നിന്നു. ഞാൻ സംശയിച്ചു. അങ്കിൾ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞുകൊണ്ടവളെന്റെ കാൽക്കൽ വീണു.

(ചുറ്റുമുള്ളവർ ശ്രദ്ധയോടെ പ്രതികരിക്കുന്നുണ്ട്)

ജാൻസി: എന്നിട്ട്?.....

കേശവൻ: എനിക്കവളെ കയ്യൊഴിയേണ്ടി വന്നു. ഞാൻ കമലത്തോട് പറഞ്ഞു. നമുക്കിവളെ രക്ഷിക്കാം. പക്ഷെ കമലം ഒരു തരിക്ക് സമ്മതിച്ചില്ല. എന്നിട്ടും ഞാനവളെ അകത്തു കടത്തി. ഈറൻ മാറ്റാനുള്ള വസ്ത്രം കൊടുത്തു. അവൾ അവളുടെ കഥ പറയാൻ തുടങ്ങി.

കമലം: രക്ഷിക്കണ്ടാന്നല്ല ഞാൻ പറഞ്ഞത്. അവൾ പുലർച്ചെതന്നെ പൊയ്‌ക്കോട്ടെന്നാണ്. അല്ലെങ്കില് അവളടെ ആൾക്കാര് അന്വേഷിച്ചു വരുമ്പോ നമുക്ക് പ്രശ്‌നാവും. ഞാൻ പറഞ്ഞ പോലെത്തന്നെ ആയില്യേ?

കേശവൻ: ഞാൻ പോലീസില് വിവരറിയിക്കാൻ നോക്ക്യപ്പൊ നീയല്ലെ അത് മൊടക്കീത്? അറീച്ചീരുന്നുവെങ്കിൽ എന്തെങ്കിലും രക്ഷ കിട്ടുമായിരുന്നു ആ കുട്ടിയ്ക്ക്.

സംവിധായകൻ: കേശവേട്ടാ, എന്തായിരുന്നു അവളടെ പ്രശ്‌നം?

കേശവൻ: അവളടെ രണ്ടാനച്ഛനായിരുന്നു വില്ലൻ. അവളടെ അമ്മേ കല്യാണം കഴിച്ച് ആറു മാസത്തിനകം ഈ കുട്ട്യോട്ള്ള അയാൾടെ പെരുമാറ്റൊക്കെ മാറി. അവള് കൊറേ പിടിച്ചു നിന്നു, കാര്യണ്ടായില്ല. അമ്മ്യോട് പറഞ്ഞപ്പഴാണ് മനസ്സിലായത്, പണക്കാരനായ ഭർത്താവിനെ പിടിച്ചു നിർത്താൻ ഭാര്യ കണ്ടുപിടിച്ച മാർഗ്ഗാണത് ന്ന്. അമ്മ അതിനൊക്കെ കൂട്ടുനില്ക്ക്വാണ്ന്ന്.

ജാൻസി: എന്നീട്ടാ കുട്ടിയ്ക്ക് എന്തു പറ്റീ?

കേശവൻ: പുലർച്ചയ്ക്കു മുമ്പ്തന്നെ അവരെത്തി കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി. അവര്‌ടൊപ്പം ഗുണ്ടകളുംണ്ടായിരുന്നു. എന്നെയും ഭീഷണിപ്പെടുത്തി, പുറത്തിറങ്ങിയാൽ കാണിച്ചു തരാംന്ന് പറഞ്ഞുകൊണ്ട്.

സംവിധായകൻ: ഓ, ഒരമ്മ!

കേശവൻ: അതെ, ആ കുട്ടിയ്ക്ക് ജന്മം കൊടുത്ത് മുലയൂട്ടി വളർത്തിയ അമ്മതന്നെ.

സംവിധായകൻ: ഇന്നു കണ്ട രണ്ടാമത്തെ അമ്മയാണിത്.

നായകൻ: ഒരു കാര്യം പറയട്ടെ. സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീ തന്നെയാണ്. ഇതു ജാൻസി പറഞ്ഞത് തന്ന്യാണ്. പക്ഷെ ഞാനത് ആദ്യം പറഞ്ഞിരുന്നെങ്കിലവൾ സമ്മതിച്ചൂന്ന് വരില്ല. പക്ഷെ സത്യം സത്യംതന്നെയാണ്. അട്ത്ത് നടന്ന പെൺവാണിഭക്കേസിലൊക്കെ നോക്ക്യാലതു മനസ്സിലാവും.

(ജാൻസി എന്തോ പറയാനോങ്ങുന്നു, പിന്നെ വേണ്ടെന്നു വയ്ക്കുന്നു.)

നായകൻ: പിന്നെ ആ കുട്ടിയെപ്പറ്റി കേശവേട്ടൻ വല്ലും കേട്ടുവോ?

കേശവൻ: ആവശ്യം കഴിഞ്ഞപ്പൊ അയാളവളെ വിറ്റു. ആ കുട്ടി ഇപ്പൊ എവിട്യാണ്ന്ന് ആർക്കും അറീല്യ. ചെറുപ്രായം തൊട്ട് കണ്ടിരുന്ന കുട്ടിയാണ്. അങ്കിൾ എന്നു വിളിച്ച് അടുത്തു വന്നിരുന്ന കുട്ടിയാണ്, ഞങ്ങളുടെ മോളെപ്പോലെ. (കണ്ണീർ തുടക്കുന്നു.) എന്റെ മോൾ പത്താം വയസ്സിൽ നഷ്ടപ്പെട്ടപ്പോൾ തൊട്ട് ഒരാശ്വാസമായി വീട്ടിൽ എപ്പോഴും വന്നിരുന്ന കുട്ടിയായിരുന്നു അത്.

(കമലം തല താഴ്ത്തി നിൽക്കുകയാണ്)

സംവിധായകൻ തളർന്ന് കസേലയിലിരിക്കുന്നു.

കേശവൻ: ഇത് രണ്ടാമത്തെ സംഭവാണ്, എന്റെ കൺമുമ്പില് വെച്ച് നടക്കണത്. ഞാനിനി നോക്കി നിൽക്കില്ല.

(കമലം എന്തോ ഹിതമല്ലാത്തതു കേട്ടപോലെ തലയുയർത്തി നോക്കുന്നു, ധൃതിയിൽ ചോദിക്കുന്നു.)

കമലം: നിങ്ങളെന്തു ചെയ്യാനാണ് പോണത്?

കേശവൻ: ഞാനിവളെ വീട്ടിലേയ്ക്ക് കൊണ്ടു പോവ്വാണ്.

കമലം: നിങ്ങടെ ഇഷ്ടം. പക്ഷെ എന്നെ അതിനു കാക്കണ്ട.

കേശവൻ: എന്നുവച്ചാൽ?

കമലം: ഞാനെന്റെ പാട്ടിനു പോകും, അതന്നെ.

കേശവൻ: കമലത്തെ നോക്കിക്കൊണ്ട്. എനിക്കു വയസ്സ് അറുപത്തഞ്ചായി. ഈ ജീവിതം, നീയും കൂടിള്ള ഈ ജീവിതം എനിക്കെന്താണ് തന്നത്? കുറേ വേദനകള് മാത്രം. എനിക്കിനി നഷ്ടപ്പെടാൻ ഒന്നുംല്യ.

(ഇതുവരെ ഒന്നും പറയാതെ താൽപര്യത്തോടെ നിന്നിരുന്ന രജിത രണ്ടടി മുന്നോട്ടു വരുന്നു)

രജിത: അങ്കിൾ എന്റെ കാര്യമോർത്ത് വിഷമിക്കണ്ട. എന്റെ തലവിധിയാണിത്. ഓടാനാണ് വിധിക്കപ്പെട്ടിട്ടുള്ളത്. അതിനിടക്ക് പിടിച്ചൂന്ന് വരും, വീണ്ടും കഴിഞ്ഞ രണ്ടു മാസം അനുഭവിച്ചതൊക്കെ അനുഭവിക്കേണ്ടി വരും. അങ്കിൾ അങ്കിളിന്റെ വീട് നശിപ്പിക്കണ്ട.

കേശവൻ: വീട് നശിപ്പിക്കണത് ഞാനല്ല. എനിക്ക് നാൽപതു വയസ്സുള്ളപ്പഴാണ് എന്റെ മോളെ നഷ്ടപ്പെട്ടത്. രണ്ടു ദിവസത്തെ പനി മാത്രം. പിന്നെ ഞാൻ ജീവിച്ചിട്ടില്ലാന്നന്നെ പറയാം. ഇപ്പോൾ മറ്റൊരു മോളെ രക്ഷിക്കാൻ എന്റെ ജീവൻ പോയാലും തരക്കേടില്ല.

(പെട്ടെന്ന് അവിടെ നിശ്ശബ്ദത. അതിന്റെ അവസാനത്തിൽ സംവിധായകൻ പറയുന്നു.)

സംവിധായകൻ: കേശവേട്ടാ, നല്ലോണം ആലോചിച്ചിട്ട് ഒരു തീരുമാനം എടുത്താ മതി. കമലച്ചേച്ചിടെ ടെൻഷൻ എനിക്കു മനസ്സിലാവുന്നുണ്ട്. സാറീ വയസ്സു കാലത്ത് ഇതിലൊന്നും എടപെടേണ്ടാന്നാ എന്റെ അഭിപ്രായം. നല്ലൊരു കലാകാരനാണ് കേശവേട്ടൻ. അതു കൊണ്ടുനടന്നാ മതി.

(കേശവൻ ഒന്നും പറയുന്നില്ല, പക്ഷെ വളരെ അസ്വസ്ഥനാണെന്ന് മനസ്സിലാക്കാം.)

(നായകന്റെ മൊബൈൽ ഫോണടിക്കുന്നു. അയാൾ സംസാരിക്കുന്നത് ചെറിയ ശബ്ദത്തിൽ കേൾക്കാം. എല്ലാവരും അയാളെ ശ്രദ്ധിക്കുന്നു.)

നായകൻ: (ഫോണിൽ) എല്ലാരും എത്തീന്നോ? ഇവിടെ ഒന്നും ആയിട്ടില്ല, തൊടങ്ങീട്ടന്നെല്യ.......... അതെങ്ങിന്യാ ചെയ്യാ. മറ്റുള്ളവരൊക്കെ എത്തീട്ട്ണ്ട്. ഒരു ചെറിയ പ്രശ്‌നായിട്ട് നിൽക്ക്വാണ്........... ശരി ഞാനൊന്ന് പറഞ്ഞു നോക്കട്ടെ....... ശരി.

(സംവിധായകൻ ഫോൺ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.)

സംവിധായകൻ: ബാബു, എന്താ വിളി വരുന്നുണ്ടല്ലെ?. ഇവിടെ ഇന്ന് ഒന്നും നടക്കുംന്ന് തോന്ന്ണില്യ.

ബാബു: എന്നാൽ ഞങ്ങള് പോട്ടെ, മറ്റന്നാളാവാം ഇനി റിഹേഴ്‌സൽ. അപ്പഴേയ്ക്ക് സാറും ബാലേട്ടനും കൂടി സ്‌ക്രിപ്റ്റ് ശരിയാക്കു.

സംവിധായകൻ: ശരി, ഇന്ന് ദിവസം ശര്യല്ല.

(ബാബുവും ജാൻസിയും പോകുന്നു. വാതിൽക്കലെത്തിയപ്പോൾ എന്തോ ഓർത്തപോലെ ബാബു തിരിച്ചു വരുന്നു).

ബാബു: ഞാൻ രജിതടെ കാര്യം മറന്നു. (രജിതയോട്) എന്റെ കയ്യിൽ കുറച്ചു പണമുണ്ട്. കുട്ടിക്കത് ആവശ്യാവും. (പോക്കറ്റിൽ നിന്ന് ഏതാനും നോട്ടുകൾ എടുത്ത് നീട്ടുന്നു. രജിത മടിച്ചു നിൽക്കുന്നു.)

സംവിധായകൻ: രജിത അതു വാങ്ങു. ഞാനും കുറച്ചു പണം തരാം. പോക്കറ്റിൽ കയ്യിടുന്നു.

കേശവൻ: വേണ്ട, അവളുടെ കാര്യം ഞാൻ നോക്കിക്കോളാം.

(രജിതയുടെ മുഖം പ്രതീക്ഷയോടെ വികസിക്കുന്നു. കമലത്തിന് കേശവൻ പറഞ്ഞത് തീരെ ഇഷ്ടമാകുന്നില്ല, പക്ഷെ ഒരു സീൻ ഉണ്ടാക്കേണ്ടെന്നു കരുതിയായിരിക്കണം മിണ്ടാതിരിക്കുന്നു.)

രജിത: (നായകനോട്) വേണ്ട ചേട്ടാ.

(ബാബു തിരിച്ചു പോകുന്നു. വാതിൽ കടക്കുന്നതിനു മുമ്പ് ഒരിക്കൽ തിരിഞ്ഞു നോക്കുന്നു. അയാളുടെ മുഖം ആശങ്കാകുലമാണ്.)

സംവിധായകൻ: (പണം തിരിച്ച് പോക്കറ്റിലിട്ടുകൊണ്ട്) ഇനി?

കമലം: ഞാൻ പോണു.

കേശവൻ: ഞങ്ങളുംണ്ട്. നമുക്കൊരുമിച്ചു പോയാൽ പോരെ?

കമലം: പോരാ, ഞാനെന്റെ വീട്ടിലേയ്ക്കാണ് പോണത്.

(അതുവരെ പ്രതീക്ഷാനിർഭരമായ മുഖത്തോടെ നിന്നിരുന്ന രജിത തളരുന്നു.)

രജിത: ആന്റി, അങ്കിളിന്റെ ഒപ്പംതന്നെ പോയാമതി. ഞാൻ പോവ്വാണ്. എവിടേങ്കിലും എത്താതിരിക്കില്ല. സാരല്യ.

കേശവൻ: നിൽക്കു കുട്ടീ.

(രജിത ഒന്നും പറയാതെ, യാത്ര ചോദിക്കാതെ പെട്ടെന്ന് പോകുന്നു. സംവിധായകൻ എഴുന്നേറ്റ് നിൽക്കുന്നു. രവി അസ്വസ്ഥനാണ്. അവൻ കുറച്ചു നേരം അവൾ പോയ ദിശയിൽ നോക്കി നിൽക്കുന്നു. പിന്നെ അതേ വാതിൽ കടന്ന് ധൃതിയിൽ പോകുന്നു.

സംവിധായകൻ കസേലയിൽ തലയ്ക്ക് കയ്യും വെച്ച് ഇരിക്കുന്നു.

കമലം: നമുക്ക് പോവാം. ഇനി എന്നാണ് റിഹേഴ്‌സൽന്ന് തീർച്ച്യാക്ക്യാൽ വരാം.

കേശവൻ: (ആകെ ഉലഞ്ഞിരിക്കുന്നു. എങ്കിലും ഭാര്യയോടൊപ്പം പോകാൻ തയ്യാറാവുന്നു. സംവിധായകനോട്) സാർ ഫോൺ ചെയ്യുമ്പോ വരാം. ഏതായാലും സ്‌ക്രിപ്റ്റ് തയ്യാറാക്കാൻ സമയെടുക്കില്ലെ?

(സംവിധായകൻ വെറുതെ തലയാട്ടുക മാത്രം ചെയ്യുന്നു. അവർ പോയശേഷം അയാൾ കുറച്ചു നേരത്തേയ്ക്ക് ഒരു ദിശാബോധമില്ലാത്ത മട്ടിലിരിക്കുന്നു. രംഗത്ത് അവശേഷിക്കുന്നത് സംവിധായകനും ബാലനും മാത്രം. ബാലൻ സംവിധായകനെ നോക്കുകയാണ്. എന്താണ് പറയേണ്ടതെന്ന് കുറച്ചുനേരം ആലോചിക്കുന്നു.)

ബാലൻ: സാറ് വെഷമിക്ക്യൊന്നും വേണ്ട. ഇതൊക്കെ നമ്മടെ ചുറ്റുവട്ടത്ത് എന്നും നടക്കണതാണ്.

(സംവിധായകൻ ഒന്നും പറയാതെ ദയനീയമായി ബാലനെ നോക്കുന്നു.)

ബാലൻ: ഇന്നിനി എഴുതാന്ള്ള മൂഡൊന്നുംല്യ. നമുക്ക് നാളെ രാവിലെ ഇരിക്കാം. ഞാൻ സാറിന്റെ വീട്ടിലേക്ക് വരാം.

(സംവിധായകൻ തലയാട്ടുന്നു.)

ബാലൻ: എന്നാ ഞാൻ പോട്ടെ സാർ.

സംവിധായകൻ: ശരി.

സംവിധായകന്റെ മുഖം ദുഃഖമയമാണ്. ബാലൻ പോയപ്പോൾ അയാളെഴുന്നേറ്റ് വിളക്കുകളുടെ സ്വിച്ചുകൾ ഓരോന്നോരോന്നായി ഓഫാക്കുന്നു. ഇപ്പോൾ സ്റ്റേജിൽ വെളിച്ചമില്ല, ഹാളിലും. അയാൾ ഒരു സ്വിച്ചുകൂടി ഇടുമ്പോൾ ഹാളിൽ വെളിച്ചം വരുന്നു. ഹാളിലേയ്ക്കു നോക്കി അതും കെടുത്താനുള്ള ശ്രമം നടത്തുന്നു, വിജയിക്കുന്നില്ല. അയാൾ തിരിച്ച് കസേരയിലിരുന്ന് എന്തോ ആലോചിക്കുകയാണ്. ഹാളിൽ നിന്നുള്ള വെളിച്ചത്തിൽ അയാളുടെ മുഖം മ്ലാനമാണെന്നു കാണാം. ഏതാണ്ട് ഒരു മിനുറ്റ് എടുത്തിട്ടുണ്ടാവും വശത്തെ വാതിലിൽ രജിത നിൽക്കുന്നതു കാണാം.

രജിത: (അവിടെ നിന്നുകൊണ്ടുതന്നെ) സാർ? (സ്‌പോട്ട് ലൈറ്റ് അപ്പോഴെ അവളുടെ മേൽ വീഴുന്നുള്ളു.)

(സംവിധായകൻ ഞെട്ടിയെഴുന്നേൽക്കുന്നതോടെ സ്റ്റേജിൽ വെളിച്ചം നിറയുന്നു, സംവിധായകന്റെ മനസ്സിലെന്ന പോലെ. അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞിരിക്കുന്നു.)

സംവിധായകൻ: രജിത!

രജിത: അതേ സാർ, ഞാൻ തിരിച്ചു വന്നു.

സംവിധായകൻ: നന്നായി, ഞാൻ വിഷമിച്ചിരിക്ക്യായിരുന്നു.

രജിത: സാറ് ഒരു കാര്യം ചെയ്യോ?

സംവിധായകൻ: പറയൂ.

രജിത: സാറ് എന്നെപ്പറ്റി ഒരു നാടകം എഴുതു, എന്റെ ജീവിതത്തെപ്പറ്റി. ഞാൻ തന്നെ അതിൽ നായികയായി അഭിനയിക്കാം.

(അവൾ സ്റ്റേജിന്റെ നടുവിലേയ്ക്ക് വരുന്നു. പിന്നാലെ രവിയുമുണ്ട്.)

രജിത: എന്താ എഴുതിക്കൂടെ സാർ? ഞാൻ സഹായിക്കാം. എനിക്കിപ്പോ പേടിയൊന്നുല്യ. (രവിയെ നോക്കിക്കൊണ്ട്) ഈ ചേട്ടനാ എനിക്ക് ധൈര്യം തന്നത്.

(സംവിധായകൻ കസേരയിലേയ്ക്കു താഴുന്നു. അദ്ദേഹം സന്തോഷവാനാണ്.)

സ്റ്റേജിൽ വെളിച്ചം കുറഞ്ഞുവരുന്നതോടൊപ്പം കർട്ടനും താഴുന്നു

ഈ തിരക്കഥയെക്കുറിച്ച്


കഥാകൃത്ത്, നോവലിസ്റ്റ് എന്നീരീതികളില്‍ പ്രശസ്തനായ ഇ ഹരികുമാറിന്റെ ഏക നാടകമാണിത്. ആധുനിക നാടകശൈലിയില്‍ രംഗാവതരണം മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഹരികുമാര്‍ ഈ നാടകം എഴുതിയിരിയ്ക്കുന്നത്.

ഈ തിരക്കഥ സിനിമയോ, ടെലിവിഷന്‍ സീരിയലോ, ടെലിഫിലിമോ ആക്കുന്നതിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക......
e.harikumar.novelist@gmail.com