|| Scripts

കളിക്കാലം

ഇ ഹരികുമാര്‍

കഥാപാത്രങ്ങൾ

  1. നാലു വയസ്സുകാരനായ രാജു
  2. അവന്റെ ആയ 14 വയസ്സുകാരി രേണുക
  3. അവളുടെ കൂട്ടുകാരി 14 വയസ്സു തന്നെ
  4. രാജുവിന്റെ അമ്മ
  5. രാജുവിന്റെ അച്ഛൻ
  6. അച്ഛന്റെ കൂട്ടുകാർ - നാലോ അഞ്ചോ

സീൻ 1.

സീൻ 1എ: സമയം വൈകുന്നേരം 5 മണി. ഒരു ബഹുനില കെട്ടിടത്തിന്റെ മുമ്പിലുള്ള കുട്ടികളുടെ പാർക്ക്. രണ്ടൂഞ്ഞാലുകൾ, രണ്ടു സീസോ, പിന്നെ ഉരസിയിറങ്ങാനുള്ള ഉപകരണവും. നാലു വയസ്സുള്ള ഒരാൺകുട്ടി മാത്രം ഊഞ്ഞാലിൽ. ചുറ്റും പൂച്ചെടികൾ. അതിനു മുമ്പിലായി ഒരു വശത്ത് പച്ച ചായമടിച്ച രണ്ടു ചാരുബെഞ്ചുകളിലൊന്നിൽ രണ്ടു മെലിഞ്ഞ പെൺകുട്ടികൾ, ഏകദേശം 14 വയസ്സു പ്രായം, സംസാരിക്കുന്നു. ആ കെട്ടിടത്തിലെ ഫ്‌ളാറ്റുകളിൽ ജോലിയെടുക്കുന്ന കുട്ടികളാണ്. പുറത്ത് തിരക്കേറിയ നിരത്താണ്.

കാമറ ഇപ്പോൾ ഫോക്കസ്സ് ചെയ്യുന്നത് ഊഞ്ഞാലിലെ കുട്ടിയെയാണ്. അവൻ റോഡിലേയ്ക്കു നോക്കുകയാണ്. അവിടെ സാധാരണയില്ലാത്ത തിടുക്കത്തോടെ വീടണയാൻ നടന്നുപോകുന്നവർ. അവൻ ഊഞ്ഞാൽ നിർത്തി പുറത്ത് നിരത്തിൽ രണ്ടു പേരുടെ സംസാരം ശ്രദ്ധിക്കുകയാണ്.

ഒന്നാമത്തെ ആൾ: സമയം എത്ര്യായി?

രണ്ടാമത്തെ ആൾ: (വാച്ചു നോക്കിക്കൊണ്ട്) 5 മണി, എന്തേ?

ഒന്നാമത്തെ ആൾ: വേഗം പൂവ്വാ. ഇപ്പൊ ടോസ് കഴിഞ്ഞിട്ട്ണ്ടാവും. ആരാണാവോ ബാറ്റ് ചെയ്യണത്.

അവർ രണ്ടു പേരും നടന്നു നീങ്ങുമ്പോൾ കുട്ടി ഊഞ്ഞാലിൽ നിന്നിറങ്ങി പെൺകുട്ടികൾ ഇരിക്കുന്നിടത്തേയ്ക്ക് നടക്കുന്നു. അതിൽ ഒരുവളാണ് രേണുക. അവൾ ഈ കുട്ടിയുടെ ആയയാണ്. ഒരു നീളൻ പാവാടയും അയഞ്ഞ ബ്ലൗസുമാണ് വേഷം. മറ്റേ കുട്ടി വില കുറഞ്ഞ ഒരു സൽവാറും കമ്മീസുമാണിട്ടിരിക്കുന്നത്. കുട്ടി രേണുകയുടെ അടുത്തു പോയി അവളെ തോണ്ടി വിളിക്കുന്നു.

കുട്ടി: രേണുച്ചേച്ചി, പൂവ്വാ.

രേണു മറ്റേ കുട്ടിയുമായി സംസാരിക്കുന്നതിനിടയിൽ കുട്ടി പറയുന്നത് കേൾക്കുന്നില്ല, അവനെ ശ്രദ്ധിക്കുന്നുമില്ല.

രാജു: ചേച്ചി, നമുക്ക് പൂവ്വാ.

രേണു വഴങ്ങുന്നില്ല. രാജു അവളുടെ വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നു.

രേണു, അവളുടെ വസ്ത്രം പിടിച്ചുകൊണ്ട്: പറ്റില്ല, ഇപ്പൊ പോയാ മമ്മി ചീത്തപറയും.

രാജു: ഞാൻ പൂവ്വാ....

രേണു: (അവളുടെ സ്‌നേഹിതയോട്, രാജുവിന്റെ അമ്മയെ അനുകരിച്ച് പറയുന്നു: എന്തിനാണ് അവനെ ഇത്ര പെട്ടെന്ന് കൊണ്ടന്നത്. ഇനി എന്റെ ജോലി ഒന്നും നടക്കില്ല....... (സ്‌നേഹിത ചിരിക്കുന്നു.)

രാജു: (നടന്നുകൊണ്ട് പറയുന്നു) ടിവീല് ക്രിക്കറ്റ്ണ്ട്.

രേണുക: ശരി, ഒരു വലിയ കളിക്കാരൻ വന്നിരിക്കുണു. (എഴുന്നേറ്റ് അവന്റെ കൈ പിടിച്ച് കെട്ടിടത്തിലേയ്ക്ക് നടക്കുന്നു. ഫോയറിലൂടെ നടന്ന് ലിഫ്റ്റിൽ കയറുന്നു.

സീൻ 2

സീൻ 2എ:

രണ്ടാം നിലയിലെ ലാന്റിങ്ങിൽ. എതിരേയുള്ള ഫ്‌ളാറ്റിന്റെ വാതിൽ മലർക്കെ തുറന്നിരിയ്ക്കയാണ്. അതിലൂടെ ആഢംബര ശൈലിയിലുള്ള ഒരു സ്വീകരണമുറിയുടെ ഭാഗം കാണാം. വലിയ സോഫയിൽ രാജുവിന്റെ അച്ഛന്റെ കൂട്ടുകാർ നാലഞ്ചു പേരിരിക്കുന്നു. എല്ലാവരുടെ കൈയ്യിലും മദ്യം നിറച്ച ഗ്ലാസ്സുകൾ. ചിലരത് മുമ്പിലുള്ള കൊച്ചു മേശമേൽ വച്ചിരിക്കയാണ്. രേണുവും രാജുവും കൂടി ലിഫ്റ്റിൽ നിന്ന് ലാന്റിങ്ങിലേയ്ക്ക് കടക്കുന്നു. അകത്ത് അച്ഛനും കൂട്ടുകാരും ആഘോഷിക്കുന്നത് കാണുന്നു, അവന്റെ മുഖം വികസിക്കുന്നു. അവൻ അകത്തേയ്‌ക്കോടി അച്ഛന്റെ മടിയിൽ ഇരിക്കുന്നു. പശ്ചാത്തലത്തിൽ ക്രിക്കറ്റ് കമന്ററി കേൾക്കാം. രാജു ടിവിയിലേയ്ക്കു നോക്കുന്നില്ല. അവൻ അച്ഛന്റെ മുഖം രണ്ടു കൈകൊണ്ടും പിടിക്കുകയാണ്. 35 വയസ്സുള്ള സുമുഖനായ അച്ഛൻ കുടിച്ചുകൊണ്ടിരിക്കുന്ന ഗ്ലാസ്സ് അടുത്തുള്ള ടീപോയിമേൽ വച്ച് മകനെ കൊഞ്ചിക്കുന്നു.

അച്ഛൻ: മോനെ പോയി കുളിക്കു. മേലാകെ അഴുക്കാണ്.

(രാജു അനങ്ങുന്നില്ല.)

അച്ഛൻ: (അവരെ നോക്കി നിൽക്കുന്ന രേണുകയോട്) രേണുക, ഇവനെ കൊണ്ടുപോയി കുളിപ്പിക്കു.

(രാജു അച്ഛനോട് കൂടുതൽ അള്ളിപ്പിടിച്ചിരിക്കുന്നു, അച്ഛനെ ഉമ്മ വെയ്ക്കുന്നു. അച്ഛൻ ഗ്ലാസ്സെടുത്ത് അവനു നേരെ നീട്ടുന്നു.)

അച്ഛൻ: വേണോ?

(രാജു മുമ്പൊരിക്കലുണ്ടായ തിക്താനുഭവം ഓർത്തുകൊണ്ട് പറയുന്നു.) ബേ.....

പെട്ടെന്ന് എല്ലാവരും ആർത്തു വിളിക്കുന്നു: സിക്‌സർ.

ഒരാൾ: ഞാൻ പറഞ്ഞില്ലേ, അഷ്‌റുദ്ദീൻ ഇന്ന് ഫോമിലാണ്.

രേണുക സാവധാനം അകത്തേയ്ക്ക് നടന്നു പോകുന്നു.

സീൻ 3

സീൻ 3എ:

എല്ലാ സൗകര്യങ്ങളുമുള്ള ഒരാധുനിക അടുക്കള. ഗ്രില്ലുള്ള കുക്കിങ് റേഞ്ചിൽ രാജുവിന്റെ അമ്മ പാചകത്തിലേർപ്പെട്ടിരിക്കയാണ്. അവർ മൈക്രോവേവ് ആവനിൽ ഒരു പാത്രം വെയ്ക്കുകയാണ്. 25 വയസ്സായ സുന്ദരി. ധരിച്ചിരിക്കുന്നത് വില പിടിച്ച സൽവാർ കമ്മീസാണ്. ഹൈ സൊസൈറ്റി ലേഡിയുടെ എല്ലാ ഭാവങ്ങളുമുണ്ട്. രേണുക അടുക്കളയിലേയ്ക്ക് കടക്കുന്നു.

കൊച്ചമ്മ: എന്താ ഇത്ര നേർത്തെ? രാജു എവിടെ?

രേണുക: രാജുവിന് ക്രിക്കറ്റ് കാണണംത്രെ. അച്ഛന്റെ അട്ത്ത്ണ്ട്.

കൊച്ചമ്മ: ഫ്രീസറീന്ന് ചിക്കനെടുത്ത് മുറിക്ക്. ഇന്ന് ആരും പോണ ലക്ഷണംല്ല്യാ. ഇവര് മുഴുവനും ഇന്ന് ഡിന്നറിനുണ്ടാവും.

രേണുക ഫ്രീസറിൽനിന്ന് ചിക്കനെടുത്ത് മുറിക്കാൻ തുടങ്ങി. ചിക്കൻ മുറിക്കുന്നതു കഴിഞ്ഞപ്പോൾ അവൾ മറ്റു ജോലികൾ ചെയ്യാൻ തുടങ്ങി, ഒട്ടും സമയം പാഴാക്കാതെ. അവൾ ശ്രദ്ധയോടെ ജോലികൾ ചെയ്യുന്നതിന്റെ ഏതാനും ഷോട്ടുകൾ. പെട്ടെന്ന് അവൾ തലയുയർത്തി ചുമരിലെ ക്ലോക്ക് നോക്കുന്നു. സമയം എട്ട്, പത്ത്. അവൾ ധൃതിയിൽ കൈ കഴുകി ടവ്വൽകൊണ്ട് തുടച്ച് അടുക്കളയിൽ നിന്നു പോകന്നു.

സീൻ 4

രേണുക സ്വീകരണ മുറിയുടെ വാതിൽക്കൽ വന്ന് നോക്കുന്നു. മുറി ഇപ്പോൾ പുക കൊണ്ട് നിറഞ്ഞിരിക്കുന്നു. രാജു അച്ഛന്റെ മുഖം തിരിച്ച് അവന്റെ നേരേയ്ക്കാക്കുന്നു, ശ്രദ്ധ ആകർഷിക്കാൻ. സ്‌നേഹിതന്മാരുടെ മുഖത്ത് ലഹരിയുടെ ഭാവം. ഇപ്പോൾ എല്ലാവരുടേയും ശ്രദ്ധ രേണുകയുടെ നേരെയാണ്. അവരുടെ നോട്ടത്തിൽ ലഹരിയുണ്ടായിരുന്നു. രേണുവിന് അത് അനുഭവപ്പെടുന്നു. രാജു വരില്ലെന്ന് അറിയാവുന്നതുകൊണ്ട് ആ അസുഖകരമായ നോട്ടങ്ങളിൽനിന്ന് രക്ഷ പ്രാപിക്കാൻ അവൾ പിൻവാങ്ങുന്നു.

സീൻ 5

സീൻ 5എ:

സമയം പത്തു മണി. സ്വീകരണമുറിയിലെ ബഹളം ഇപ്പോൾ ഭക്ഷണമുറിയിലേയ്ക്ക് മാറിയിരിക്കുന്നു. കൊച്ചമ്മ മേശയുടെ ഒരു വശത്ത് കസേലയിലിരിക്കുന്നു. എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്, ഒപ്പം തന്നെ അന്നത്തെ കളിയെക്കുറിച്ചുള്ള സംസാരവും. രാജു അച്ഛന്റെ അടുത്തിരുന്ന് അച്ഛനോട് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നു. രേണുക വിളമ്പുകയാണ്. അവളെ വിശപ്പും ക്ഷീണവും ഉറക്കവും അലട്ടുന്നുണ്ടെന്ന് കാണാം. രാജു അപ്പോഴും അച്ഛന്റെ അടുത്ത കസേലയിലിരുന്ന് അച്ഛന്റെ ശ്രദ്ധയാകർഷിക്കാനായി ഓരോന്ന് പറയുന്നുണ്ട്.

സീൻ 5ബി:

ഡിന്നർ തുടരുന്നു. രേണുക ക്ലോക്കിലേയ്ക്ക് നോക്കുന്നു. സമയം പത്തേമുക്കാൽ. അവൾ ദീർഘശ്വാസം വിടുന്നു. fade out.

സീൻ 6

സീൻ 6എ:

രാവിലെ നാലു മണി. ഫ്‌ളാറ്റിന്റെ ഉൾഭാഗം വിജനമാണ്. മങ്ങിയ വെളിച്ചം മാത്രമുണ്ട്. രേണുക നിലം തുടക്കുന്നു. നിഴലുകൾ നിറഞ്ഞ ചുറ്റുപാടിൽ അവൾ ഏകയായി ജോലി ചെയ്യുന്നു. ക്ഷീണിച്ച രൂപം. അവളുടെ നിസ്സഹായത, പ്രതികൂലമായ പശ്ചാത്തലത്തിൽ എടുത്തു കാണിക്കുന്ന ഷോട്ടുകൾ. കൊച്ചമ്മയും സാറും കിടക്കുന്ന മുറിയുടെ മുമ്പിലെത്തുമ്പോൾ അവൾ തുടക്കുന്നതു നിർത്തി അടഞ്ഞ വാതിലിന്മേൽ ഒരു നിമിഷം നോക്കിയിരിക്കുന്നു. അവളുടെ മുഖത്തെ നിർവികാരത കാമറ ഒപ്പിയെടുക്കണം. അടച്ചിട്ട വാതിലിനപ്പുറത്ത് ശീതീകരിച്ച മുറിയിൽ കൊച്ചമ്മയും സാറും ഉറങ്ങുന്നത് അവൾ മനസ്സിൽ കാണും. അവളുടെ മനസ്സ് ക്രമേണ ആർദ്രമാവുന്നു. നിർത്തിവെച്ച തുടക്കൽ തുടരുന്നു.

fade out.

സീൻ 7

സീൻ 7എ:

രേണുകയുടെ കുളിമുറി. വെറും സാധാരണ, ജോലിക്കാർക്കായുണ്ടാക്കിയ കുളിമുറി. അവൾ കുളി കഴിഞ്ഞ് വസ്ത്രം ധരിച്ച് പുറത്തിറങ്ങുകയാണ്.

സീൻ 8

സീൻ 8എ:

അടുക്കള. രേണുക ചായയുണ്ടാക്കുന്നു. അവൾ സിറാമിക്കിന്റെ ചായപ്പാത്രവും രണ്ടു കപ്പുകളും ഒരു ട്രേയിലെടുത്ത് വരുന്നു.

സീൻ 9

സീൻ 9എ:

രേണുക കൊച്ചമ്മയുടെ കിടപ്പുമുറിയുടെ വാതിലിൽ പതുക്കെ തട്ടുന്നു. രണ്ടു പ്രാവശ്യം മുട്ടിയ ശേഷം അവൾ വാതിൽ തുറന്ന് അകത്തു കടക്കുന്നു. അവർ ഇപ്പോഴും ഉറക്കത്തിലാണ്. രേണുക ട്രേ ടീപോയിമേൽ വെച്ച് വിളിക്കുന്നു.

രേണുക: കൊച്ചമ്മേ, ചായ. (മറുപടിയ്ക്ക് കാത്തുനിൽക്കാതെ അവൾ മുറിക്ക് പുറത്തു കടന്ന് വാതിലടക്കുന്നു.

സീൻ 10

സീൻ 10എ:

രാജുവിന്റെ കിടപ്പറ. രാജു ഉറക്കമാണ്. വലിയ കിടയ്ക്കമേൽ കോമിക് കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള വിരിപ്പ്. കട്ടിലിനടിയിൽ രേണുവിന്റെ കനം കുറഞ്ഞ കിടക്ക ചുരുട്ടി വെച്ചത് കാണാം. രേണുക അകത്തു കടന്ന് രാജുവിന്റെ കിടയ്ക്കക്കരികെ വന്ന് അവനെ ഉണർത്താൻ വേണ്ടി തഴുകുന്നു. രാജു എഴുന്നേറ്റ് കോട്ടുവായിടുന്നു. വീണ്ടും കിടക്കുന്നു.

രേണുക: രാജുമോൻ എഴുന്നേൽക്കു. ചേച്ചി പല്ലു തേപ്പിച്ചു തരാം.

രാജു: (പെട്ടെന്നെഴുന്നേറ്റ് കണ്ണു തിരുമ്മിക്കൊണ്ട്) ഇന്ന് ക്രിക്കറ്റുണ്ടോ ചേച്ചീ?

രേണുക: ഉണ്ടാവും. അറീല്യ ചേച്ചിക്ക്.

രാജു കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നു.

സീൻ 11

സീൻ 11എ:

രേണുക പ്രാതലുണ്ടാക്കാൻ കൊച്ചമ്മയെ സഹായിക്കുകയാണ്.

രേണുക: (പാത്രം കഴുകുന്നതിനിടയ്ക്ക്) രാജുമോൻ ചോദിക്ക്യാണ് ഇന്ന് കളിണ്ടാവ്വോന്ന്.

കൊച്ചമ്മ: (അല്പം അഹങ്കാരത്തോടെ) അതിലെന്താത്ര അദ്ഭുതം? അവന് കളി നല്ല വശാണ്. കളിക്കാര്‌ടെ പേരൊക്കെ അറിയാം, സ്‌കോർ വെക്കാൻകൂടി അറിയാം.

(അവർ രേണുകയെ അവജ്ഞയോടെ നോക്കുന്നു. രേണുക നിശ്ശബ്ദയാവുന്നു. പെട്ടെന്ന് അവൾ കഴുകിക്കൊണ്ടിരിക്കുന്ന പാത്രം അവളുടെ കയ്യിൽനിന്ന് വഴുതി സിങ്കിലേയ്ക്ക് വീഴുന്നു.

കൊച്ചമ്മ: (അവളുടെ നേരെ രൂക്ഷമായി നോക്കുന്നു.) ഉം, പൊട്ടിച്ചോ.

രേണുക ഭയപ്പെടുന്നു. അവൾ പാത്രം എടുത്തു നോക്കുന്നു.

രേണുക: ഇല്ല കൊച്ചമ്മേ.

കൊച്ചമ്മ: കുറച്ചുകൂടി ശ്രദ്ധിക്ക്യാണ് നിനക്ക് നല്ലത്. കഴിഞ്ഞ പ്രാവശ്യം ആ കപ്പ് പൊട്ടിയപ്പോൾ ഞാൻ ശംബളത്തീന്ന് കൊറക്കാത്തത് കാലു പിടിച്ച് പറഞ്ഞിട്ടാ. മുപ്പതാന്തി പണം വാങ്ങാൻ നെന്റെ അമ്മ വരുമ്പോ നൂറ്റമ്പത് രൂപ തെകച്ചും കൊടുക്കണ്ടേ? അല്ലെങ്കിലും ചെലവ് കഴിഞ്ഞിട്ടാണ് ഇത്രേം തരണത്ന്ന്ള്ള വിചാരോംന്നും ഇല്ല്യ നെന്റെ തള്ളയ്ക്ക്.

രേണുകയുടെ മുഖം മങ്ങുന്നു.

സീൻ 12

സീൻ 12എ:

സ്വീകരണ മുറി. സമയം 5 മണി. രാജൂ സോഫയിൽ അവന്റെ അച്ഛനേയും കളി കാണാൻ വരുന്ന സ്‌നേഹിതന്മാരേയും കാത്തിരിക്കുന്നു. കൈയ്യിൽ ഒരു കളിപ്പാട്ടവുമായി അവൻ ടിവിയിൽ ഒരു കാർട്ടൂൺ പരിപാടി കാണുകയാണ്. ഇടയ്ക്കിടയ്ക്ക് തുറന്നിട്ട വാതിലിലേയ്ക്ക് പ്രതീക്ഷയോടെ നോക്കുന്നുണ്ട്.

അകത്തുനിന്ന് രേണുക വരുന്നു.

രേണുക: രാജുമോൻ വരൂ, നമുക്ക് പാർക്കിൽ പോണ്ടെ?

രാജു: ഞാനില്ല.

രേണുക: എന്തു പറ്റീ?

രാജു മറുപടി പറയുന്നില്ല. അവൻ അച്ഛനേയും കൂട്ടുകാരേയും പ്രതീക്ഷിച്ച് വാതിൽക്കലേയ്ക്ക് നോക്കുകയാണ്.

രേണുക: അമ്മ പറഞ്ഞു, മോനെ പാർക്കിലേയ്ക്കു കൊണ്ടുപോകാൻ.

രാജു: ഞാൻ വര്ണില്യ.

പെട്ടെന്ന് എന്തോ സംശയം തോന്നി അവൻ എഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടക്കുന്നു.

സീൻ 13

സീൻ 13എ:

അടുക്കളയിൽ അമ്മ പാചകത്തിലാണ്. രാജു വരുന്നു.

അമ്മ: ങാ, രാജു പാർക്കില് പോയില്യേ?

രാജു: മമ്മീ, ഇന്ന് ക്രിക്കറ്റ് ഇല്ല്യേ?

അമ്മ: ഇല്ല മോനേ, ഇന്നലത്തന്നെ കഴിഞ്ഞില്ലേ കളി? വൺ ഡേ ആയിര്ന്നില്ല്യേ?

രാജു നിരാശനാവുന്നു, തിരിച്ച് സ്വീകരണ മുറിയിലേയ്ക്ക് പോകുന്നു.

സീൻ 14

സീൻ 14എ:

രേണുക രാജുവിനെ കാത്ത് സ്വീകരണ മുറിയിൽ നിൽക്കുകയാണ്. രാജു വരുന്നു, ഒന്നും പറയാതെ അവളുടെ കൂടെ പുറത്തു പോകുന്നു.

സീൻ 15

സീൻ 15എ:

രാജു ഊഞ്ഞാലിലിരിക്കുന്നതിന്റെ ദൃശ്യം - ദൂരക്കാഴ്ച. ക്രമേണ അവന്റെ മുഖത്തേയ്ക്ക് കാമറ സൂം ചെയ്യുന്നു, ചിന്താധീനനായ രാജുവിന്റെ അസന്തുഷ്ടമായ മുഖം.

ഈ തിരക്കഥയെക്കുറിച്ച്


1999ലെ ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കളിക്കാലം എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. ലഘു-ചലചിത്രങ്ങള്‍ക്ക് ഉതകുന്ന വിധമാണ്‌ ഈ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.