|| Scripts

കളിക്കാലം

ഇ ഹരികുമാര്‍

സീൻ 16

സീൻ 16എ:

രാജു, രേണുകയുടെ ഒപ്പം സ്വീകരണമുറിയിലേയ്ക്ക് പാർക്കിൽ നിന്ന് തിരിച്ചു വരുന്നു. രേണുക അവനെ കിടപ്പറയിലേയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന സ്വീകരണ മുറിയിലൂടെ നയിക്കുന്നു.

സീൻ 17

സീൻ 17എ:

രേണുക രാജുവിനെ കുളിപ്പിച്ച്, പൗഡറിട്ട് വസ്ത്രം ധരിപ്പിക്കുന്നു.

രാജു: ചേച്ചീ, ഡാഡി എപ്പഴാ വര്വാ?

രേണുക: അറീല്യ മോനെ.

രാജു: ഇനിയെന്നാണ് ക്രിക്കറ്റ്ണ്ടാവ്വാ?

രേണുക: അതും അറീല്യ മോനെ. മോന് വെശക്ക്ണില്യേ? വേഗം വരു, ചേച്ചി ചോറു തരാം.

സീൻ 18

സീൻ 18എ:

അമ്മയെ തിരഞ്ഞ് അവരുടെ കിടപ്പുമുറിയ്‌ലേയ്ക്കു പോകുന്ന രാജു.

സീൻ 18ബി:

അമ്മയുടെ കിടപ്പറയിൽ, അമ്മ പുറത്തു പോകാൻ വേണ്ടി പുറപ്പെടുകയാണ്. സാരിയാണ് വേഷം.

രാജു പ്രവേശിക്കുന്നു. അവൻ അമ്മയെ ചോദ്യപൂർവ്വം നോക്കുന്നു.

അമ്മ: ഇന്ന് മമ്മിക്കും ഡാഡിക്കും പാർട്ടിണ്ട്. മോൻ നല്ല കുട്ടിയായിട്ട് രേണുച്ചേച്ചീടെ കൂടെ....

രാജു: (ഇടയിൽ കയറി പറയുന്നു) ഞാനുംണ്ട് പാർട്ടിക്ക്.

അമ്മ: അതു പറ്റില്ല മോനെ. ഇത് മുതിർന്നവർക്കു മാത്രംള്ള പാർട്ട്യാണ്. അടുത്ത ആഴ്ചത്തെ പാർട്ടിക്ക് മോനെ കൊണ്ടോവാം. അപ്പൊ മോന്റെ ഫ്രൻസൊക്കെണ്ടാവും.

രാജുവിന്റെ മുഖം മങ്ങുന്നു. ആ സമയത്ത് അച്ഛൻ കുളിമുറിയിൽനിന്ന് പുറത്തു കടക്കുന്നു. രാജു തിരിഞ്ഞ് അദ്ഭുതത്തോടെ നോക്കുന്നു.

രാജു: ഡാഡി എപ്പഴാ വന്നത്?

അച്ഛൻ: ഞാനിപ്പൊ വന്നതേള്ളു മോനെ.

സെൽഫോൺ അടിക്കുന്നു. അയാൾ അതെടുത്ത് സംസാരം തുടങ്ങുന്നു. രാജുവിന് സംസാരിക്കാൻ അവസരം കിട്ടുന്നില്ല. ഫോണിൽ സംസാരിച്ചുകൊണ്ടുതന്നെ അയാൾ വസ്ത്രം ധരിക്കുന്നു.

അമ്മയുടെ വസ്ത്രധാരണം കഴിഞ്ഞു. അവർ ഡ്രെസ്സിങ് ടേബിളിൽനിന്ന് സ്‌പ്രേയുടെ കുപ്പിയെടുത്ത് ദേഹത്തു പൂശുന്നു. അച്ഛൻ പുറപ്പെട്ടു കഴിഞ്ഞ് കണ്ണാടി നോക്കുന്നു. സംതൃപ്തമായ മുഖം.

അച്ഛൻ: അനി വരൂ, നേരം വൈകുന്നു.

അമ്മ: ഞാൻ റെഡി.

രാജു അമ്മയുടെ അടുത്തുപോയി അവരെ കെട്ടിപ്പിടിക്കുന്നു. അവൻ അവരുടെ സുഗന്ധം ആസ്വദിക്കുന്നു. അവന്റെ മുഖം മ്ലാനമാണ്. അമ്മ കുനിഞ്ഞ് അവനെ ഉമ്മ വെയ്ക്കുന്നു. ആ ഉമ്മകൊണ്ട് അവൻ സംതൃപ്തനാവുന്നില്ല.

അമ്മ ടാറ്റ പറയുന്നു, പക്ഷെ അവൻ പെണങ്ങി നിൽക്കുകയാണ്. അച്ഛനും അമ്മയും മുറിക്കു പുറത്തു പോകുന്നു.

സീൻ 19

സീൻ 19എ:

ബാൽക്കണി. രാജു താഴേയ്ക്ക് നോക്കി നിൽക്കുന്നു. രേണുക അവന്റെ അടുത്തു നിൽക്കുന്നു. അവന്റെ മുഖം ഇപ്പോഴും മ്ലാനമാണ്.

സീൻ 20

സീൻ 20എ:

ബാൽക്കണിയിൽനിന്ന് താഴേയ്ക്ക് ഷോട്ട്. അമ്മയും അച്ഛനും കാറിലേയ്ക്കു കയറുന്നു. കയറുന്നതിനു മുമ്പ് അമ്മ മുകളിലേയ്ക്കു നോക്കി കൈ വീശുന്നു. രാജു തിരിച്ച് കൈ വീശുന്നില്ല.

വീണ്ടും രാജുവിന്റെ അസന്തുഷ്ടമായ മുഖം കാണിക്കണം.

സീൻ 21

സീൻ 21എ:

അടുക്കളയിൽ. രേണു രാജുവിന് അത്താഴം തയ്യാറാക്കുന്നു. ഗ്യാസ് സ്റ്റൗവ്വിൽ മീൻ വറുക്കുന്നു. രണ്ടു കഷ്ണം മാത്രം. അവൾ അതൊരു പ്ലെയറ്റിലാക്കുന്നു. ചിക്കൻ കറി മൈക്രോവേവിൽ ചൂടാക്കുന്നു. അതും ഒരു പ്ലെയ്റ്റിൽ പകർന്ന് എല്ലാം കൂടി ഊൺമേശയിലേക്ക് കൊണ്ടുപോകുന്നു.

സീൻ 21ബി:

രാജു ഊൺമേശയിൽ കാത്തിരിക്കയാണ്. അവന് വിശക്കുന്നുണ്ട്. പ്ലെയ്റ്റുകൾ മുമ്പിൽ വെച്ചപ്പോൾ അവൻ എല്ലാം പരിശോധിക്കുന്നു.

രാജു: ചിക്കൻ?

രേണുക: ഉച്ചക്ക് വെച്ചപ്പൊ മോന് നല്ല ഇഷ്ടായില്യോ. അതോണ്ടാ ചേച്ചി ഇപ്പൊ ചൂടാക്കീത്.

രാജു: ചേച്ചീടെ പ്ലെയ്റ്റ് കൊണ്ടുവരു.

രേണുക: വേണ്ട മോനെ, ചേച്ചി പിന്നെ കഴിച്ചോളാം. മോന് ചേച്ചി വായിൽ തരണോ?

രാജു: ചേച്ചി പ്ലെയ്‌റ്റെടുത്തു കൊണ്ടരൂ.

രേണുക: മോൻ തുടങ്ങിക്കോളു. ചേച്ചി കുടിക്കാന്ള്ള വെള്ളം എടുത്തിട്ട് വരാം. (അടുക്കളയിലേക്കു പോകുന്നു.)

സീൻ 22

സീൻ 22എ:

അടുക്കള. രേണുക ഒരു ഗ്ലാസ്സിൽ വെള്ളമെടുക്കുന്നു. രാജു പിന്നാലെ വരുന്നുണ്ടെന്നതവൾ അറിയുന്നില്ല. രാജു അടുക്കള പ്ലാറ്റ്‌ഫോമിൽ എന്തോ പരതുന്നു. പെട്ടെന്ന് രേണുക അവനെ കാണുന്നു.

രേണുക: രാജുമോൻ എന്താണ് നോക്കണത്?

രാജു: കിട്ടീ. (അവന്റെ പരതൽ അവസാനിച്ചിരിക്കുന്നു, അവന് വേണ്ടത് കിട്ടി. അവൻ മൂടിവെച്ച ഒരു പ്ലെയ്റ്റ് ഊൺമുറിയിലേയ്ക്ക് കൊണ്ടുപോകുന്നു.

രേണുക: (പെട്ടെന്ന് ഭയത്തോടെ അവന്റെ പിന്നാലെ ഓടുന്നു.)

രേണുക: വേണ്ട രാജു, അതിങ്ങട്ടു തരൂ.

(അവൾ ആ പ്ലെയ്റ്റ് അവന്റെ കയ്യിൽനിന്ന് തട്ടിപ്പറിക്കാൻ നോക്കുന്നു. അവൻ കൊടുക്കുന്നില്ല. അവനത് ഊൺമേശപ്പുറത്തേക്ക് കൊണ്ടുപോവുകയാണ്. വളരെ വിഷമിച്ച മുഖത്തോടെ രേണുക അവന്റെ പിന്നാലെ പോകുന്നു.)

സീൻ 23

സീൻ 23എ:

ഊൺമുറി. രാജു ആ പ്ലെയ്റ്റ് മേശമേൽ വെച്ച് പരിശോധിക്കുന്നു. ക്ലോസപ്പിൽ അതിലെ വിഭവങ്ങൾ കാണിക്കണം. ഉച്ചത്തെ ഭക്ഷണത്തിന്റെ ബാക്കിയാണ്. കുറച്ച് ചോറ്, സാമ്പാർ, കുറച്ച് തോരൻ. രാജു മുഖം ചുളിക്കുന്നു. അവനാ വിഭവങ്ങൾ ഇഷ്ടപ്പെട്ടില്ലെന്ന് സ്പഷ്ടം.

രാജു: മീമി ഇല്ല, ചിക്കനില്ല........

രേണുകയുടെ മുഖം നാണംകൊണ്ട് ചുവക്കുന്നു. അവൾ ഓർമ്മിക്കുകയാണ്........

(ഓർമ്മ. അവൾ അടുക്കളയിലെ വർക്ക് ഏരിയയിൽ നിലത്തിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത്. എന്നും ഓരേ മട്ടിലുള്ള മോശം ഭക്ഷണമാണ്. അതിൽ മീനോ, ചിക്കനോ ഉണ്ടാവാറില്ല.)

രേണുക: രാജു, എന്തിനാണത് തുറന്നത്?

രാജു: ചേച്ചി എന്റെ ഒപ്പം ഊണു കഴിക്കാൻ!

രാജു ഇപ്പോൾ മേശമേൽ കയറിയിരിക്കയാണ്. സൗകര്യമുള്ള ആ സ്ഥലത്തിരുന്നു അവൻ ഒരു കഷ്ണം മീനും ചിക്കന്റെ കഷ്ണങ്ങളും രേണുവിന്റെ പ്ലെയിറ്റിലേയ്ക്കിടുന്നു.

രേണുക: (ഇപ്പോൾ ഏകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു) രാജൂ, നീ എന്താണ് ചെയ്യണത്?

രാജു: എന്താ?

രേണുക: എനിക്ക് അതൊന്നും തിന്നാൻ പാടില്ല.

രാജു: എന്താ കാരണം?

രേണുക: മോന് അതൊന്നും മനസ്സിലാവില്ല. (കരയാറായിരിക്കുന്നു, പക്ഷെ നിയന്ത്രിക്കുന്നു.) fade out.

സീൻ 24

സീൻ 24എ:

രാജുവിന്റെ കിടപ്പറ. രാജു കുളിമുറിയിൽനിന്ന് പുറത്തു കടക്കുന്നു, രേണുവിനു വേണ്ടി നോക്കുന്നു.

സീൻ 25

സീൻ 25എ:

അമ്മയുടെ കിടപ്പറ. രാജു അകത്തു കടക്കുമ്പോൾ കാണുന്നത് രേണു കിടക്ക വിരിക്കുന്നതാണ്. അവൾ തിരക്കിട്ട് കിടക്ക വിരിക്കയും, മുറി ആകെ ഒതുക്കുകയും ചെയ്യുന്നു. കിടക്ക വിരിച്ച ശേഷം അവൾ പോയി ഒരു ജഗ്ഗിൽ വെള്ളവും രണ്ടു ഗ്ലാസ്സുകളുമായി വരുന്നു. അവൾ രാജുവിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.

രേണുക: മോന്റെ മമ്മി വരുമ്പഴയ്ക്ക് മുറി എല്ലാം ശരിയായി, തണുക്കണ്ടെ. (അവൾ ചുമരരുക്കിൽ പോയി എ.സി.യുടെ സ്വിച്ചിടുന്നു). അപ്പഴയ്ക്കും മോൻ നല്ല ഉറക്കായിട്ടുണ്ടാവും. ചേച്ചീടെ ജോലി ഇപ്പ കഴിയും കേട്ടോ. എന്നിട്ട് ചേച്ചി മോന്റെ ഒപ്പം വരാം. ഒരു മിനുറ്റ്. അല്ലെങ്കിൽ മോൻ പോയി കിടന്നോ. ചേച്ചിക്ക് അടുക്കളേല് കൊറച്ച് പണീംകൂടിണ്ട്. അതും കഴിച്ച് മോന്റെ അട്ത്ത് വരാം.

രാജു നിശ്ശബ്ദനായി അവൾ പറയുന്നത് ശ്രദ്ധിക്കുന്നു. നിലത്ത് നിന്നുകൊണ്ട് അവൻ കിടക്കയിൽ മുഖം വെച്ചമർത്തുന്നു. അവന്റെ മുഖം മ്ലാനമാണ്.

രാജു: ഈ മുറീല് മമ്മിടെ വാസനണ്ട്.

അവന്റെ വാക്കുകൾ കേട്ടപ്പോൾ രേണുകയ്ക്ക് വിഷമമാകുന്നു. അവൾ അവന്റെ അടുത്ത് വന്ന് മുട്ടുകുത്തി നിൽക്കുന്നു. അവൻ അവന്റെ കൈകൾ രേണുകയുടെ ചുമലിൽ വെയ്ക്കുന്നു. അവൻ വളരെയധികം അസന്തുഷ്ടനാണ്, ആലോചനയിലും. രേണുകയുടെ മുഖം അനുതാപത്താൽ നിറയുന്നു.

രാജു: ചേച്ചീ.............. (വിക്കിക്കൊണ്ട്)

രേണുക: എന്താ മോനെ?

രാജു: ചേച്ചീ........ ഇനി എപ്പഴാ ക്രിക്കറ്റ്ണ്ടാവ്വാ?

രേണുക: അറീല്ല, മോനെ.

സീൻ 26

സീൻ 26എ:

രാജുവിന്റെ കിടപ്പറ. രേണു രാജുവിന്റെ കിടക്ക തട്ടിക്കുടയുന്നു.

രാജു: ഞാനിന്ന് ചേച്ചീടെ കൂട്യാണ് കെടക്കണത്.

(രേണുക അവളുടെ കട്ടി കുറഞ്ഞ കിടക്ക രാജുവിന്റെ കട്ടിലിന്നടിയിൽ നിന്നെടുത്ത് നിലത്തു വിരിക്കുന്നു. ബെഡ് ഷീറ്റ് പഴകിക്കീറിയതാണ്. രാജു രേണുക അവളുടെ കിടക്ക വിരിക്കുന്നതു നോക്കിനിൽക്കുന്നു.)

രേണുക: വേണ്ട രാജു. മോന് ചേച്ചീടെ കെടക്കേല് സുഖംണ്ടാവില്ല.

രാജു: എന്താ?

രേണുക: കാരണം അത് കട്ടി കുറഞ്ഞതാണ്. പോരാത്തതിന് മമ്മിക്കത് ഇഷ്ടാവൂംല്യ.

രാജു: എന്നാ ചേച്ചി എന്റെ കെടക്കേല് എന്റൊപ്പം കെടക്കണം.

രേണുക: വേണ്ട മോനെ, മോനൊറ്റയ്ക്ക് കെടന്നാ മതി.

(രേണുക ഒരു പഴയ സംഭവം ഓർക്കുന്നു. ഫ്‌ളാഷ്ബാക്ക്.............

രേണുക രാജുവിന്റെ ഒപ്പം അവന്റെ കിടക്കയിൽ കിടക്കുന്ന രംഗം. പെട്ടെന്ന് കൊച്ചമ്മ വാതിൽ തുറന്നു വരികയും മാപ്പർഹിക്കാത്ത കുറ്റം കണ്ടുപിടിക്കയും ചെയ്യുന്നു. അവർ രേണുകയെ കുലുക്കി വിളിക്കുന്നു. അലറുന്നു.

രേണുക പേടിച്ച് ചാടിയെഴുന്നേൽക്കുന്നു............

കൊച്ചമ്മ: ഞാൻ പറഞ്ഞിട്ടില്ലെ മോന്റെ കട്ടിലില് കെടക്കര്ത്ന്ന്. എന്താ പറഞ്ഞാൽ കേൾക്കാതായിരിക്കുന്നോ? (അവളെ തുറിച്ചു നോക്കുന്നു, ഭീഷണിയോടെ.

fades out to reality........)

രേണുക: (ഒരു ദീർഘനിശ്വാസത്തോടെ) മോൻ ഒറങ്ങിക്കോ.

രാജു: പ്ലീസ്, ചേച്ചി.

രേണുക അർദ്ധസമ്മതത്തോടെ അവന്റെ ഒപ്പം കിടക്കുന്നു. രാജു അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നു.

രാജു പെട്ടെന്ന് പറയുന്നു: ചേച്ചിയ്ക്ക് അമ്മേടെ വാസനല്യ.

രേണുക അവളുടെ വസ്ത്രം വാസനിക്കുന്നു, മുഖം ചുളിക്കുന്നു.

രേണുക: അത് ചേച്ചി തിരുമ്പാനുപയോഗിക്കണ സോപ്പിന്റെ മണാ മോനെ.

രാജു: ചേച്ചി ഒരു കഥ പറഞ്ഞുതരൂ.

രേണുക: ശരി. (ഒരു നിമിഷം ആലോചിക്കുന്നു, പിന്നെ പറയുന്നു.) ചേച്ചി ഇപ്പൊ വരാം.

രാജു: വേഗം വരണം.

സീൻ 27

സീൻ 27എ:

രേണുക രാജുവിന്റെ കുളിമുറിയിൽ. അവൾ അപ്പോൾ ധൃതിയിൽ കുളിച്ച പോലെയുണ്ട്. അവൾ പക്ഷെ അതേ വസ്ത്രങ്ങൾ തന്നെയാണിട്ടിരിക്കുന്നത്. ഇട്ട ശേഷം അതവൾ വാസനിച്ചു നോക്കുന്നുണ്ട്. മുഖം ചുളിക്കുന്നു. അവൾ രാജുവിന്റെ സോപ്പെടുത്ത് അവളുടെ വസ്ത്രങ്ങളിൽ ഉരക്കുന്നു, പിന്നെ വാസനിച്ചു നോക്കുന്നു. അവൾക്കിപ്പോൾ കുറച്ചുകൂടി ആത്മവിശ്വാസം വന്നിരിക്കുന്നു. അവൾ കുളിമുറിയിൽനിന്ന് പുറത്തു കടക്കുന്നു.

സീൻ 27ബി:

രേണുക കട്ടിലിനരികിൽ പോയി നോക്കുമ്പോൾ കാണുന്നത് രാജു ഉറങ്ങുന്നതാണ്. കിടക്കയിൽ ഇരുന്നുകൊണ്ട് അവന്റെ കവിളിൽ ഒരുമ്മ കൊടുക്കാൻ നോക്കുന്നു, പിന്നെ വേണ്ടെന്നു വെയ്ക്കുന്നു. അവനുണർന്നാലോ എന്ന ഭയം കാരണം.

അവൾ എഴുന്നേറ്റ് വിളക്കിന്റെ സ്വിച്ച് ഓഫാക്കി ബെഡ്‌റൂം ലാംബ് ഓണാക്കുന്നു.

നേരിയ വെളിച്ചം മാത്രം. അവൾ താഴെ അവളുടെ കിടക്കയിൽ കാൽനീട്ടി ഇരിക്കുന്നു. ആ മങ്ങിയ വെളിച്ചത്തിൽ അതൊരു പരിതാപകരമായ ദൃശ്യമാണ്. അവൾ ആലോചിക്കുകയാണ്. അവളുടെ മുഖം നിർവ്വികാരമാണ്. ഒരു മുഴുവൻ ദിവസത്തിന്റെ കഠിനാധ്വാനം മുഴുവൻ അവളുടെ ക്ഷീണിച്ച മുഖത്ത് പ്രതിഫലിക്കുന്നു. സാവധാനത്തിൽ അവൾ ചെരിഞ്ഞു കിടക്കുന്നു, ഒരു മയക്കത്തിലേയ്ക്ക് ഉരസി വീഴുന്നു.

സീൻ 27സി:

ഒരു നേരിയ സ്പർശം അവളെ ഉണർത്തുന്നു. രാജു കട്ടിലിൽനിന്നിറങ്ങിവന്ന് അവളെ തൊടുകയാണ്.

രാജു: നല്ല സൂത്രക്കാരി. എനിക്ക് കഥ പറഞ്ഞുതരാംന്ന് പറഞ്ഞിട്ട് ഒറങ്ങ്വാണല്ലെ?

രേണുക എഴുന്നറ്റ് അവനെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെയ്ക്കുന്നു.

രേണുക: ഞാൻ വിചാരിച്ചു മോൻ ഒറങ്ങീന്ന്.

രാജു: ചേച്ചി കഥ പറയൂ. (അവൻ അവളുടെ ഒപ്പം കിടക്കുന്നു.)

രേണുക: (കുറച്ചു നേരം ആലോചിക്കുന്നു) ഒരിക്കൽ ഒരിടത്ത് ഒരു കുട്ടിണ്ടായിരുന്നു. നല്ല ഭംഗിള്ള കുട്ടി. ആ കുട്ടിയ്ക്ക് ഒരച്ഛനും അമ്മീംണ്ടായിരുന്നു. നല്ല ഭംഗിള്ള അച്ഛനും അമ്മീം. അച്ഛനും അമ്മയ്ക്കും ആ കുട്ടിയെ നല്ല ഇഷ്ടായിരുന്നു. അവർ കുട്ടീനെ നോക്കാനായി ഒരു പെൺകുട്ടിയെ ജോലിക്കു വെച്ചു. ഒരു പാവം പെൺകുട്ടി. ആ പെൺകുട്ടിയ്ക്ക് അവനെ നല്ല ഇഷ്ടായിരുന്നു............

രാജു: സൂത്രക്കാരി, ഇത് കഥ്യല്ല.

രേണുക: (വളരെ പരിതാപകരമായ ശബ്ദത്തിൽ കഥ തുടരുന്നു) ആ പാവം പെൺകുട്ടിയ്ക്ക് ആരുമുണ്ടായിരുന്നില്ല. അവളാ കുട്ടിയെ സ്വന്തം കുട്ടിയെപ്പോലെ നോക്കി........

കഥ തുടരുമ്പോൾ ക്യാമറ സാവധാനത്തിൽ പെൺകുട്ടിയുടെ മുഖത്തേയ്ക്ക് സൂംചെയ്തു വരുന്നു. കാണുന്നത് ദുരിതം നിറഞ്ഞ ഒരു മുഖം, അതിൽ രണ്ടു കണ്ണുകളിൽ നിന്നും കവിളിലൂടെ ഒഴുകുന്ന ജലധാര.

രാജുവിന്റെ മുഖത്ത് അദ്ഭുതഭാവം. ക്യാമറ അടുക്കും തോറും അവളുടെ മുഖം കൂടുതൽ ദയനീയമാവുന്നു. അവൾ കൈകൾകൊണ്ട് മുഖം പൊത്തി തേങ്ങിത്തേങ്ങി കരയുന്നു. രാജുവിന്റെ മുഖത്തെ അദ്ഭുതഭാവം ക്രമേണ മാറി ഒരു വിതുമ്പലാവുന്നു. അവൻ കരയുന്നു.

രേണുക അവനെ മാറോടണച്ച് തേങ്ങിക്കരയുന്നു.

fade out .

ഫിലിം ഡിവിഷന്‍, ബെംഗളൂരു നിര്‍മ്മിച്ച ചെറുഫിലിമിന്റെ തിരക്കഥ

ഈ തിരക്കഥയെക്കുറിച്ച്


1999ലെ ഭാഷാപോഷിണി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കളിക്കാലം എന്ന സ്വന്തം ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ തയ്യാറാക്കിയ തിരക്കഥ. ലഘു-ചലചിത്രങ്ങള്‍ക്ക് ഉതകുന്ന വിധമാണ്‌ ഈ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്.